ത്യാഗത്തിന്‍റെ പാതയിലൂടെ
കുതിച്ചുപാഞ്ഞ പഥികന്‍
മര്‍ഹൂം മൗലാനാ ഇബ്റാഹീം അല്‍ ഖാസിമി മദ്രാസി
അനുസ്മരണം- ഹാഫിസ് അബ്ദുശ്ശകൂര്‍ അല്‍ ഖാസിമി
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
https://swahabainfo.blogspot.com/2019/10/blog-post.html?spref=tw
ജനനവും പഠനവും;
മഹാ പാപിയും വലിയ അപകടങ്ങള്‍ക്ക് സാധ്യതയുള്ളവനുമായ വിനീതനെ പോലെ, ധാരാളം ആളുകള്‍ക്ക് വലിയ അനുഗ്രഹവും സഹായവുമായി മാറിയ സമുന്നത വ്യക്തിത്വമാണ് പ്രിയപ്പെട്ട ഇബ്റാഹീം മൗലാനാ. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ വിരിഞ്ചിപുരം എന്ന ഗ്രാമത്തിലെ പണ്ഡിത കുടുംബാംഗമാണ് മൗലാനാ. ജേഷ്ഠന്‍ മൗലാനാ അബുസ്സഊദ് അഹ്മദ് ബാഖവി ദക്ഷിണേന്ത്യയിലെ പ്രഗത്ഭ പണ്ഡിതവര്യന്‍, അനുജന്‍ മൗലാനാ ഇസ്മാഈല്‍ സാഹിബ് ദാറുല്‍ ഉലൂം സബീലുര്‍ റഷാദിലെ പ്രധാന ഗുരുവര്യന്‍, സഹോദരിമാരെല്ലാവരും തികഞ്ഞ മത ഭക്തര്‍. മൗലാനാ അവര്‍കള്‍ ആദ്യമായി പരിശുദ്ധ ഖുര്‍ആന്‍ ഹിഫ്സ് ചെയ്തു. ജീവിതാന്ത്യം വരെ ഖുര്‍ആന്‍ പാരായണവും പഠനവും അദ്ധ്യാപനവും മുഖ്യ ജോലിയാക്കി. തുടര്‍ന്ന് ഉമ്മുല്‍ മദാരിസ് വേലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ പഠനം ആരംഭിച്ചു.
അവസാന വര്‍ഷം ദക്ഷിണേന്ത്യയിലെ സമുന്നത പണ്ഡിതവര്യന്‍ അല്ലാമാ അമാനി ഹസ്രത്തിനോടൊപ്പം തഞ്ചാവൂരിലെ പുതുക്കുടി മദ്റസ നൂര്‍ മുഹമ്മദിയ്യയിലേക്ക് വരികയും പഠനം പൂര്‍ത്തീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അസ്ഹറുല്‍ ഹിന്ദ് ദാറുല്‍ ഉലൂം ദേവ്ബന്ദിലേക്ക് പോകുകയും ശൈഖുല്‍ ഇസ്ലാം മൗലാനാ ഹുസൈന്‍ അഹ്മദ് മദനി, അല്ലാമാ ഇദ്രീസ് കാന്ദലവി അടക്കമുള്ള മഹാന്മാരില്‍ നിന്നും പഠിക്കുകയും ചെയ്തു. ശേഷം ഗുജറാത്തിലെ ഠാബേല്‍ ജാമിഅ തഅ്ലീമുദ്ദീനില്‍ വന്ന് അല്ലാമാ അന്‍വര്‍ ഷാഹ് കശ്മീരി, അല്ലാമാ ശബ്ബീര്‍ അഹ്മദ് ഉസ്മാനി എന്നിവരില്‍ നിന്നും പഠിച്ചു. ഒഴിവ് സമയത്ത് ലാഹോറില്‍ പോയി അല്ലാമാ അഹ്മദ് അലി ലാഹോരിയില്‍ നിന്നും വിശിഷ്ടമായ തഫ്സീര്‍ പഠനം നടത്തി. ഹര്‍ദുയില്‍ പോയി മുഹ്യുസ്സുന്ന മൗലാനാ അബ്റാറുല്‍ ഹഖ് സാഹിബില്‍ നിന്നും നൂറാനീ ഖാഇദ പൂര്‍ണ്ണമായും പഠിച്ചു. പഠനത്തോടൊപ്പം സഹാറന്‍പൂരിലെ ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ മുതലായ മഹാന്മാരില്‍ നിന്നും തസ്വവ്വുഫും, നിസാമുദ്ദീനിലെ മദ്റസ കാഷിഫുല്‍ ഉലൂം കേന്ദ്രീകരിച്ച് നടക്കുന്ന തബ്ലീഗ് പ്രവര്‍ത്തനവും പരിശീലിച്ചു.
ത്യാഗപരിശ്രമങ്ങള്‍;
നാട്ടിലെത്തിയ മൗലാനാ അവര്‍കള്‍ രാപകല്‍ വ്യത്യാസമില്ലാതെ ദീനിന്‍റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ജേഷ്ഠന്‍ അല്ലാമാ അബുസ്സഊദിനോടൊപ്പം തബ്ലീഗ് പ്രവര്‍ത്തനവും അമുസ്ലിംകളില്‍ ദഅ്വത്ത് നടത്തി ഇസ്ലാമിലേക്ക് കടന്ന് വരുന്നവര്‍ക്കുള്ള തര്‍ബിയത്തും ആവേശത്തോടെ നിര്‍വ്വഹിച്ചു. കേരളക്കരയില്‍ ദാഇയെ മില്ലത്ത് മൂസാ മൗലാനാ മര്‍ഹൂമിന്‍റെ നേതൃത്വത്തില്‍ തബ്ലീഗ് പ്രവര്‍ത്തനം ആരംഭിച്ച സമയമായിരുന്നു. അമാനി ഹസ്രത്തിന്‍റെ കീഴില്‍ ഒരുമിച്ച് പഠിച്ചതിനാല്‍ ഇബ്റാഹീം മൗലാനാ കേരളത്തിലേക്കും തിരിഞ്ഞു. ഒരു പ്രാവശ്യം നിസാമുദ്ദീനിലും ഒരു പ്രാവശ്യം കേരളത്തിലും എന്ന നിലയില്‍ എല്ലാ വര്‍ഷവും നാല്‍പത് ദിവസം ജമാഅത്തില്‍ പുറപ്പെട്ടിരുന്നു. ഇതിനിടയില്‍ ഓരോ സ്ഥലത്ത് നിന്നും വിദ്യാര്‍ത്ഥികളെ കോരിയെടുക്കുകയും വിവിധ മദ്റസകളില്‍ അവരെ പഠിക്കാന്‍ പ്രവേശിപ്പിക്കുകയും നിരന്തരം അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ പ്രധാന ഉസ്താദായ ഖാരി അബ്ദുല്‍ അസീസ് ഹസ്രത്തിനെ പത്താം വയസ്സില്‍ ജലാലാബാദിലെ മിഫ്താഹുല്‍ ഉലൂമില്‍ കൊണ്ടാക്കി, പത്ത് വര്‍ഷം പഠിപ്പിച്ചത് മൗലാനായാണ്. കാഞ്ഞാറില്‍ ഒരു റമദാനില്‍ ഇഅ്തികാഫ് ഇരുന്ന് ആദരണീയ ഇസ്ഹാഖ് ഉസ്താദിനെ സ്വന്തം നാടായ വിരിഞ്ചിപുരത്ത് ഒരു വര്‍ഷം മകനെ പോലെ വളര്‍ത്തി. പ്രഗത്ഭ പണ്ഡിതന്‍ യഅ്ഖൂബ് ഹസ്രത്തിനെ ഇല്‍മിലേക്ക് തിരിച്ച് വിട്ടത് മൗലാനായാണ്. ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദായ ചന്തിരൂര്‍ ഇബ്റാഹീം മൗലാനാ മര്‍ഹൂം പോകുന്ന സ്ഥലങ്ങളിലെല്ലാം മസ്ജിദുകള്‍ സ്ഥാപിച്ചത് പോലെ, മഹാനായ ഇബ്റാഹീം മൗലാനാ പോകുന്ന സ്ഥലങ്ങളിലെല്ലാം മദ്റസകള്‍ സ്ഥാപിക്കുന്നത് പ്രധാന ജോലിയാക്കി. സ്വന്തം നാട്ടിലെയും പരിസര നാടുകളിലെയും മദ്റസകള്‍ മുതല്‍ മൈസൂറിലെ സിദ്ദീഖിയ്യ വരെ അതിന്‍റെ പരമ്പര നീണ്ട് കിടക്കുന്നു.
ദാറുല്‍ ഉലൂം ദേവ്ബന്ദിനോട് അത്ഭുതകരമായ ബന്ധമായതിനാല്‍ അതിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ ആവേശമായിരുന്നു. ഇതിന് വേണ്ടി വിവിധ സ്ഥലങ്ങളില്‍ ധാരാളം പരിപാടികള്‍ നടത്തി. വാനമ്പാടിയില്‍ അഞ്ചുമന്‍ ഖുദ്ദാമുല്‍ ഖുര്‍ആന്‍ സ്ഥാപിച്ചു. എന്നാല്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടത്തിക്കഴിഞ്ഞ് തിരശ്ശീലക്ക് പിന്നിലേക്ക് മാറുകയും വെറും എളിയ പ്രവര്‍ത്തകനും കണ്ണീര്‍ വാര്‍ക്കുന്ന ശ്രോദ്ധാവുമായി കഴിഞ്ഞ് കൂടുകയും ചെയ്തിരുന്നു.
ജീവിതമേ യാത്ര.!
യാത്ര, ജീവിത ഭാഗമാക്കിയതിനാല്‍ നിരന്തരം യാത്രയായിരുന്നു. ധാരാളം പ്രാവശ്യം ഹറമുകള്‍ സന്ദര്‍ശിച്ചു. മക്കാ മുകര്‍റമയില്‍ ഇബാദത്തും ദഅ്വത്തും ഖിദ്മത്തും പ്രധാന ജോലിയായിരുന്നു. അന്ന് ഇന്നത്തെത് പോലെ താമസ സൗകര്യം ഇല്ലാത്തതിനാല്‍ വഴിയില്‍ കാണുന്ന എല്ലാവരെയും കൂട്ടി മദ്റസാ സൗലത്തിയ്യയില്‍ താമസിപ്പിക്കുകയും ആഹരിപ്പിക്കുകയും ചെയ്തിരുന്നു. മദീനാ മുനവ്വറയില്‍ പ്രവാചക പ്രേമം പാരമ്യം പ്രാപിച്ചിരുന്നു. പത്ത് വര്‍ഷത്തോളം മദീനാ മുനവ്വറയില്‍ വിദ്യാര്‍ത്ഥിയായിരുന്ന മൗലാനാ സജ്ജാദ് നുഅ്മാനി പറയുന്നു: മൗലാനാ ഇബ്റാഹീം സാഹിബിനെ പോലെ മദീനാ മുനവ്വറയില്‍ വല്ലാത്ത അവസ്ഥയില്‍ കഴിയുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല.! ഹിജാസിലെ അമീറായിരുന്ന മര്‍ഹൂം മൗലാനാ സഈദ് ഖാന്‍ സാഹിബുമായി വളരെ അടുപ്പമായിരുന്നു. ഹിജാസിലും ഹിജാസിന്‍റെ വിവിധ പ്രദേശങ്ങളിലും ജോര്‍ഡാന്‍, ഈജിപ്റ്റ് മുതലായ രാജ്യങ്ങളിലും ദഅ്വത്തിന്‍റെ വഴിയില്‍ യാത്ര ചെയ്തു. ബൈത്തുല്‍ മുഖദ്ദസില്‍ ദിവസങ്ങള്‍ ഇഅ്തികാഫ് ഇരുന്നിട്ടുണ്ട്. മിഹ്റാബ് മര്‍യമില്‍ മാത്രം ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയതായി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഹസ്രത്ജി മൗലാനാ ഇന്‍ആമുല്‍ ഹസന്‍ (റഹ്) തബ്ലീഗ് സമ്മേളനത്തിന് വേണ്ടി അമേരിക്കയിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞ്, ഈ സാധുവായ മദ്റാസിയും യാത്ര തിരിച്ചു. വഴിയില്‍ ലണ്ടനില്‍ ഇറങ്ങിയപ്പോള്‍ എയര്‍പോര്‍ട്ട് അധികൃതരോട് പറഞ്ഞു: നിങ്ങള്‍ കുറെ വര്‍ഷങ്ങള്‍ ഞങ്ങളുടെ ഇന്ത്യാ മഹാരാജ്യം ഭരിച്ചിട്ടുണ്ട്. എനിക്ക് നിങ്ങളുടെ രാജ്യം ഒന്ന് കാണാന്‍ ആഗ്രഹമുണ്ട്. ഇത് കേട്ട മേലധികാരി പാസ്പോര്‍ട്ട് എടുത്ത് നാല് മാസത്തേക്കുള്ള സൗജന്യമായി അടിച്ച് കൊടുത്തു. നേരെ ബ്രിട്ടണിലെ മര്‍ക്കസിലേക്ക് പോയ മൗലാനാ അവിടെ പരിശ്രമങ്ങളില്‍ പങ്കെടുക്കുകയും തുടര്‍ന്ന് അമേരിക്കയില്‍ എത്തുകയും ചെയ്തു.
കേരളക്കരയില്‍;
ഇതിനിടയില്‍ കായംകുളം മദ്റസ ഹസനിയ്യയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് വേണ്ടി തര്‍ബിയ്യത്തുല്‍ ബനാത്ത് സ്ഥാപിക്കപ്പെട്ടു. ആദരണീയ മാമ, മര്‍ഹൂം മുഹമ്മദ് ഹാജി കൊല്ലം അതിന്‍റെ പ്രധാന സേവകനായിരുന്നു. മാമയുടെ ദീനിയായ മാറ്റത്തില്‍ ഇബ്റാഹീം മൗലാനാ വലിയ പങ്ക് വഹിച്ച വ്യക്തിയാണ്. ഈ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ മൗലാനായെ കായംകുളത്തേക്ക് ക്ഷണിക്കപ്പെട്ടു. കായംകുളത്തെത്തിയ മൗലാനാ ഞങ്ങള്‍ എല്ലാവരുടെയും മേല്‍ സ്നേഹ-കാരുണ്യങ്ങളുടെ ഒരു മഹാ വര്‍ഷമായി മാറി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളം മസ്ജിദ് നൂറില്‍ മൗലാനാ വന്നപ്പോള്‍ പാവപ്പെട്ട ഉമ്മ, ദുആ കര്‍ എന്ന് പറയാന്‍ പറഞ്ഞ് എന്നെ തള്ളി വിടുകയുണ്ടായി. ആളുകള്‍ക്കിടയില്‍ നില്‍ക്കുന്ന മൗലാനായോട് ഇത് പറഞ്ഞപ്പോള്‍ ഈ പാപിയെ വാരിയെടുത്ത് മേല്‍പ്പോട്ട് പൊക്കി ധാരാളം ദുആ ചെയ്തു. കായംകുളത്ത് എല്ലാ നമസ്കാര സമയത്തും മൗലാനായെ കാണുമായിരുന്നു. പ്രത്യേകിച്ചും അസ്ര്‍ മുതല്‍ ഇഷാഅ് വരെ വലിയ ഖുര്‍ആനും പിടിച്ച് ഓതുക പതിവായിരുന്നു. ഇതിനിടയില്‍ ചെന്നാല്‍ സ്നേഹത്തോടെ അടുത്തിരുത്തുകയും തമിഴില്‍ ഓരോ വിഷയങ്ങള്‍ പറയുകയും ചെയ്തിരുന്നു. അല്ലാഹു നിങ്ങളെ വഴികാട്ടിയാക്കട്ടെ.! എന്ന ദുആ നിരന്തരം മുതഅല്ലിമുകളോട് നടത്തിയിരുന്നു. ഇടയ്ക്ക് മൗലാനാക്കുള്ള ആഹാര-പാനീയങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയിരുന്നു. ബനാത്തിലേക്ക് പോകുമ്പോള്‍ വെറുതെ മുസാഫഹാത്ത് ചെയ്താല്‍ കയ്യില്‍ പിടിച്ചുകൊണ്ട് ബനാത്തിലേക്ക് പോകുകയും പാത്രങ്ങളിലിട്ട് സൂക്ഷിച്ച് വെച്ചിരുന്ന ആഹാരം നല്‍കുകയും ചെയ്തിരുന്നു. ആകാശത്തിന് കീഴിലുള്ള സകല വിഷയങ്ങളും സംസാരിച്ചിരുന്നു. കല്ല്യാണം, സാമ്പത്തികം, ജോലി ഇതെല്ലാം വിഷയമായിരുന്നെങ്കിലും ഹറമൈന്‍-തബ്ലീഗ് യാത്രകളും ഇല്‍മീ കാര്യങ്ങളും ദേവ്ബന്ദീ ഉലമാഉമായിരുന്നു ആവേശകരമായ വിഷയങ്ങള്‍.!
ആരുടെയെങ്കിലും ഹിഫ്സ്, കിതാബ് പൂര്‍ത്തിയാകുമ്പോള്‍ വലിയ താല്‍പര്യത്തോടെ ആളെ കൂട്ടി ദുആ ചെയ്തിരുന്നു. എന്‍റെ ഹിഫ്സിന്‍റെ പഠനം പൂര്‍ത്തിയായത് വളരെ ഞെരുങ്ങിയ നിലയിലാണ്. അത് കൊണ്ട് ഉസ്താദ് ദൗറ കഴിഞ്ഞ് ദുആ ചെയ്യാമെന്ന് പറഞ്ഞു. പക്ഷെ, മൗലാനാ ആളുകളെ കൂട്ടി ഖുര്‍ആന്‍ മഹത്വങ്ങളുടെ അവസാനം ഉദ്ധരിച്ചിട്ടുള്ള ഹിഫ്സിന്‍റെ ദുആ ദീര്‍ഘനേരം ചെയ്തുകൊണ്ടിരുന്നു. തുടര്‍ന്ന് റമദാനില്‍ ഉസ്താദിന്‍റെ പിന്നില്‍ ഓതല്‍ കേള്‍ക്കാന്‍ എന്നെ നിര്‍ബന്ധിച്ച് നിര്‍ത്തി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഉസ്താദിന് രോഗമായി. പകരം ആളെ അന്വേഷിച്ചപ്പോള്‍ മൗലാനാ എന്നെ നിര്‍ത്താന്‍ പറഞ്ഞ് ബഹളമുണ്ടാക്കി. ശ്രദ്ധിച്ച് കേള്‍ക്കുന്ന ഉസ്താദിന്‍റെയും കരുണയുള്ള മൗലാനായുടെയും മുന്നില്‍ തറാവീഹ് നമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം പൂര്‍ത്തീകരിക്കപ്പെട്ടു. ഹിഫ്സ് കഴിഞ്ഞ് സ്കൂളില്‍ പോകണമെന്നായിരുന്നു എന്‍റെയും ജേഷ്ഠന്മാരുടെയും ആഗ്രഹം. ഇമാമായിരുന്നതിനാല്‍ ഞാനത് മറച്ച് വെച്ചെങ്കിലും മൗലാനാ അത് മണത്തറിഞ്ഞു. ഖുര്‍ആന്‍ തീരുന്ന അന്ന്, ബഹുമാനിക്കാന്‍ എന്ന പേരില്‍ എന്നെയും ജേഷ്ഠന്മാരെയും ഹസനിയ്യ മസ്ജിദിന്‍റെ മൂലയില്‍ തറാവീഹ് കഴിഞ്ഞ് എല്ലാവരും പോയ ശേഷം ഒരുമിച്ച് കൂട്ടി. കുറെ മധുര പലഹാരങ്ങള്‍ നല്‍കിയ ശേഷം ഒരൊറ്റ വാക്ക് മാത്രം ജേഷ്ഠന്മാരോട് ആവര്‍ത്തിച്ച് പറഞ്ഞു: ഇവനെ ഇല്‍മിന് വേണ്ടി നിങ്ങള്‍ വിട്ടേക്കുക.! മൗലാനാ ആവര്‍ത്തിക്കുന്നത് കേട്ട് ജേഷ്ഠന്മാര്‍ സമ്മതിച്ചു. പക്ഷെ, എന്‍റെ മനസ്സിന് മാറ്റമുണ്ടായിട്ടില്ലായിരുന്നു. ഇത് മനസ്സിലാക്കിയ മൗലാനാ റമദാന്‍ കഴിഞ്ഞ് ദേവ്ബന്ദിലേക്കും മറ്റും പോകുന്നുണ്ടെന്ന് അറിയിക്കുകയും കൂട്ടത്തില്‍ വരാന്‍ ക്ഷണിക്കുകയും ചെയ്തു. യാത്രയായത് കൊണ്ട് സമ്മതിച്ചു. കൂട്ടത്തില്‍ കൂടി. ഏതാനും ദിവസം മൗലാനായുടെ നാടായ വിരിഞ്ചിപുരത്ത് താമസിച്ചു. അവിടെ ഓരോ വീട്ടിലും കയറി പുതിയ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ദുആ ഇരക്കലും മറ്റുമായിരുന്നു പ്രധാന ജോലി. ഇടയ്ക്ക് ഓരോ പണ്ഡിതരെയും പരിചയപ്പെടുത്തിയിരുന്നു. ഇത് ഞങ്ങളുടെ കുടുംബത്തിലെ തിളങ്ങുന്ന താരമായ മൗലാനാ മുഫ്തി അഷ്റഫ് അലി സാഹിബാണ്, ഞാനാണ് വിവിധ സ്ഥലങ്ങളില്‍ ഓതാന്‍ കൊണ്ടാക്കിയത് ഇതായിരുന്നു പരിചയപ്പെടുത്തുന്ന രീതി. ഇത് കേള്‍ക്കുന്നവരെല്ലാം വളരെ സ്നേഹത്തോടെ മൗലാനായാണ് ഞങ്ങളെ ഈ വഴിയിലേക്ക് തിരിച്ചുവിട്ടതെന്ന് സമ്മതിച്ച് പറയുമായിരുന്നു. കൂടാതെ, മൗലാനാ ഇല്ലാത്തപ്പോള്‍ തന്നെ ധാരാളം പണ്ഡിത മഹത്തുക്കള്‍ ഇക്കാര്യം സമ്മതിച്ച് പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് ബാഖിയാത്തുസ്വാലിഹാത്ത് വേലൂര്‍, മിഫ്താഹുല്‍ ഉലൂം വിശാരം, ആന്ധ്രയിലെ മഅ്ഹദുല്‍ ഉലൂം പലംനയം, മമ്പഉല്‍ ഉലൂം വാനമ്പാടി മുതലായ ധാരാളം മദ്റസകള്‍ കാട്ടിത്തന്നു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇതിനിടയില്‍ മനസ്സിന് മാറ്റം സംഭവിച്ചിരുന്നു. തുടര്‍ന്ന്, നിസാമുദ്ദീനിലേക്ക് യാത്രയായി. ഞങ്ങള്‍ വെളിയില്‍ കറങ്ങി നടന്നിരുന്നുവെങ്കിലും മൗലാനാ മൂന്ന് ദിവസത്തില്‍ കൂടുതല്‍ മസ്ജിദിന്‍റെ നേരെ മുമ്പിലുണ്ടായിരുന്ന ഹൗളിന്‍റെ മുകളില്‍ കഴിച്ചുകൂട്ടി. ഞങ്ങള്‍ ചെല്ലുമ്പോഴെല്ലാം കണ്ണീര്‍ വാര്‍ത്തുകൊണ്ട് മൗലാനാ ഉമര്‍ പാലന്‍പൂരിയുടെയും മറ്റും വാക്കുകള്‍ ഉദ്ധരിക്കുകയും ചെയ്തിരുന്നു. അവിടെ നിന്നും ദാറുല്‍ ഉലൂം ദേവ്ബന്ദിലെത്തി. ഏതാനും പാഠങ്ങള്‍ പങ്കെടുത്ത ശേഷം, ദാറുല്‍ ഉലൂമിന്‍റെ വിവിധ കെട്ടിടങ്ങള്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് മഹാന്മാരെ സിയാറത്ത് ചെയ്തു. ശൈഖുല്‍ ഇസ്ലാം മൗലാനാ മദനിയുടെയും അല്ലാമാ കശ്മീരിയുടെയും ഖബ്റുകള്‍ക്ക് അരികില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പലതും പറഞ്ഞു. ഒന്നും മനസ്സിലായില്ലെങ്കിലും ഇതാണ് ഇല്‍മിന്‍റെ മഹത്വം എന്ന് വ്യക്തമായി. ത്ഥാനാഭവനിലും ജലാലാബാദിലും തിങ്ങിയ ബസ്സില്‍ യാത്ര ചെയ്തു. സഹാറന്‍പൂരില്‍ ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ വീട്ടില്‍ മര്‍ഹൂം മൗലാനാ മുഹമ്മദ് ത്വല്‍ഹയോടൊപ്പം ദിക്ര്‍ ചെയ്തു. അവിടെ നിന്നും ഹര്‍ദുയി വഴി ലക്നൗവില്‍ എത്തി. മൗലാനാ അബ്റാറുല്‍ ഹഖ് സാഹിബിനെയും കണ്ടു. വൃത്തിയുള്ള വിരിപ്പില്‍ ഒരു ഭാഗം മാത്രം എണ്ണ പുരട്ടിയ ചപ്പാത്തി, എണ്ണ പുരളാത്ത നിലയില്‍ വിരിപ്പില്‍ വെച്ച് കൊണ്ട് മൗലാനാ പറഞ്ഞു: നിസ്കാരം മാത്രമല്ല, ആഹാരം മര്യാദക്ക് വെക്കുന്നതും വിളമ്പുന്നതും കഴിക്കുന്നതും ദീനാണ്. ലക്നൗവില്‍ അല്ലാമാ അബുല്‍ ഹസന്‍ അലി നദ്വി ഇല്ലായിരുന്നു. എങ്കിലും നദ്വത്തുല്‍ ഉലമാ സന്ദര്‍ശിച്ചു. താമസവും അവിടെ തന്നെയായിരുന്നു. അവസാനമായി, മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്നിയെ സന്ദര്‍ശിച്ചു. ഇരുവരും കരഞ്ഞ് കൊണ്ട് മിനിറ്റുകളോളം മുആനഖ ചെയ്ത് നിന്നതും, ദീനിന്‍റെ വേദനകള്‍ പങ്ക് വെച്ച് പരസ്പരം കണ്ണീര്‍ വാര്‍ത്തതും മനസ്സില്‍ വലിയ പ്രതിഫലനം സൃഷ്ടിച്ചു.
യാത്ര കഴിഞ്ഞ് ഹസനിയ്യയില്‍ വന്ന് കിതാബിന്‍റെ പഠനം ആരംഭിച്ചെങ്കിലും പല പാഠങ്ങളും നീങ്ങിയതിനാല്‍ ഒന്നും മനസ്സിലായില്ല. മൗലാനാ ഒന്നും മനസ്സിലായില്ലെങ്കിലും പാഠം ശ്രദ്ധിച്ച് കേള്‍ക്കാന്‍ നിരന്തരം നിര്‍ദ്ദേശിക്കുകയും ദുആ ചെയ്തും, പലഹാരങ്ങള്‍ നല്‍കിയും ഉറച്ച് നില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ മനസ്സ് ഉറച്ചു. മൗലാനാ അവര്‍കള്‍ ഇടയ്ക്കിടെ ഹജ്ജിനും ഉംറയ്ക്കും പോയി വന്നുകൊണ്ടിരുന്നു. ഓരോ യാത്രയ്ക്ക് ശേഷവും മദ്റസയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നാണയത്തുട്ടുകളും നഖംവെട്ടി, കത്രിക പോലുള്ളതും വിതരണം ചെയ്തിരുന്നു. രാവും പകലും ഖുര്‍ആന്‍ പാരായണം പ്രധാന ജോലിയായിരുന്നു. ബനാത്തില്‍ ഓതുന്നത് പുറത്ത് നന്നായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. ബനാത്തില്‍ ദര്‍സുല്‍ ഖുര്‍ആനും നടത്തിയിരുന്നു. ലാഹോറിലെ മദ്റസയില്‍ നിന്നും ലഭിച്ച ദര്‍സീ ശൈലിയും മആരിഫുല്‍ ഖുര്‍ആനിന്‍റെയും മറ്റും ഉദ്ധരണികളും ദര്‍സിനെ ഉജ്ജ്വലമാക്കിയിരുന്നു. ഈ പാപിയുടെ എളിയ പ്രവര്‍ത്തനമായ ദര്‍സുല്‍ ഖുര്‍ആനിന്‍റെ ചാലക ശക്തിയും തഫ്സീറുകളിലേക്കുള്ള വഴികാട്ടിയും മൗലാനാ മര്‍ഹൂമാണ്. അല്ലാമാ ഇദ്രീസ് കാന്ദലവിയുടെ മആരിഫുല്‍ ഖുര്‍ആന്‍ അടക്കം ബൃഹത്തായ പല തഫ്സീറുകളും മൗലാനാ ദാനം ചെയ്തിട്ടുണ്ട്. ഹസനിയ്യയില്‍ അസ്ര്‍-ഇഷായുടെ ഇടയില്‍ വരുന്നവര്‍ക്ക് ഖുര്‍ആന്‍ ശരീഫ് ശരിയാക്കി കൊടുക്കുക പ്രധാന ജോലിയായിരുന്നു. നാട്ടുകാരായ കുട്ടികളെ വിളിച്ചിരുത്തി മിഠായി കൊടുത്ത് നൂറാനി ഖാഇദ പഠിപ്പിച്ചിരുന്നു. കേരളത്തില്‍ ഇന്ന് പ്രസിദ്ധമായ നൂറാനീ ഖാഇദ ആദ്യമായി കേരളത്തില്‍ എത്തിച്ചത് മൗലാനായാണെന്ന് എത്ര പേര്‍ക്കറിയാം.!
മദ്റസ ഖുദാ ദാദ്;
ഹസനിയ്യയില്‍ ഞങ്ങളുടെ പഠനം അവസാനിച്ചതിന് ശേഷം മൗലാനായുടെ നാടിനടുത്തുള്ള പത്രപ്പള്ളി എന്ന സ്ഥലത്ത് മൗലാനാ ശൂന്യമായി കിടക്കുന്ന ഒരു മസ്ജിദ് കണ്ടെത്തി, അവിടെ മദ്റസ ആരംഭിച്ചു. തൊട്ടടുത്തുള്ള കൂറ്റന്‍ മലമ്പാതയുടെ അടിവാരത്തിലാണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയ മസ്ജിദാണെങ്കിലും അതിന്‍റെ ഭിത്തികള്‍ രണ്ട്-മൂന്ന് മീറ്റര്‍ വീതിയുള്ളതായിരുന്നു. ടിപ്പുസുല്‍ത്വാന്‍ ശഹീദ് മര്‍ഹൂം നിര്‍മ്മിച്ച ഈ മനോഹര മസ്ജിദും ചുറ്റുഭാഗത്തുള്ള വഖ്ഫ് സ്വത്തുക്കളും അന്യാധീനപ്പെട്ടിരുന്നു. മൗലാനാ നാട്ടുകാരായ അമുസ്ലിം സഹോദരങ്ങള്‍ക്ക് ആഹാരവും കൂലിയും സ്നേഹവും ആദരവും നല്‍കി, അവരെ കൊണ്ട് തന്നെ ചുറ്റുഭാഗത്ത് വലിയ നിര്‍മ്മാണങ്ങള്‍ നടത്തി. കുട്ടികള്‍ക്ക് കുളിക്കാനുള്ള സ്വിമ്മിംഗ്പൂളും മലകയറുന്ന നാല്‍ക്കാലികള്‍ക്ക് വെള്ളം കുടിക്കാനുള്ള റോഡ് സൈഡിലെ ജലാശയവും ഇതിലെ ശ്രദ്ധേയമായ നിര്‍മ്മാണങ്ങളാണ്. അത്ഭുതകരമായ കെട്ടിടങ്ങളുടെ മുകളിലേക്ക് പാതിരാവുകളില്‍ മൗലാനാ ഞങ്ങളെ പിടിച്ചുകൊണ്ട് പോകുകയും ഖുര്‍ആന്‍ കേട്ട് നീണ്ട നമസ്കാരം നിര്‍വ്വഹിക്കുകയും ദിക്റുകള്‍ ചൊല്ലുകയും ചെയ്തിരുന്നു. പത്രപ്പള്ളി എന്ന ഈ സ്ഥലത്തിന് മൗലാനാ മര്‍ഹൂം ബഹാദുര്‍ പള്ളി എന്നും മദ്റസയ്ക്ക് മദ്റസാ ഖുദാദാദ് എന്നും നാമകരണം ചെയ്തു. ടിപ്പു സുല്‍ത്വാന്‍ ശഹീദിന്‍റെ ഭരണകൂടത്തിന് സല്‍ത്തനത്തെ ഖുദാദാദ് എന്നതായിരുന്നു നാമമെന്ന് ഓര്‍ക്കുക. ഇന്ന് -മാഷാഅല്ലാഹ്- അവിടെ ധാരാളം കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹു ഈ സ്ഥാപനത്തെയും മൗലാനാ ബന്ധപ്പെട്ട മുഴുവന്‍ സ്ഥാപനങ്ങളെയും ജാരിയായ സ്വദഖയായി നിലനിര്‍ത്തട്ടെ.!
പാരായണ-പഠനങ്ങള്‍;
നിരന്തരം വായനയും പഠനവും മൗലാനായുടെ മഹത്തായ ഗുണമാണ്. കിതാബുകള്‍ ശ്രദ്ധയോടുകൂടി വായിക്കുക മാത്രമല്ല, അതിന്‍റെ ഉദ്ധരണികള്‍ ഓര്‍ത്ത് വെച്ച് ഞങ്ങള്‍ക്ക് പറഞ്ഞുതരുമായിരുന്നു. മൗലാനാ പറഞ്ഞത് പ്രകാരമാണ് പല കിതാബുകളും വിനീതന്‍ വായിച്ചിട്ടുള്ളത്. അല്‍ ഫുര്‍ഖാന്‍ മാസിക വായിക്കാനും മൗലാനാ നുഅ്മാനിയുടെയും മറ്റും രചനകള്‍ പഠിക്കാനും നിര്‍ദ്ദേശിച്ചത് മൗലാനായാണ്. ഉറുദു ഗ്രന്ഥങ്ങള്‍ മാത്രമല്ല, അറബി ഗ്രന്ഥങ്ങളും നിരന്തരം വായിച്ചിരുന്നു. തര്‍ബിയത്തുല്‍ ഔലാദി ഫില്‍ ഇസ്ലാം, നള്മുദ്ദുറര്‍ ബൈനല്‍ ആയാത്തി വസ്സുവര്‍ ഇതെല്ലാം മൗലാനാ പറഞ്ഞ് മനസ്സിലാക്കി തന്ന് ഞങ്ങളെ കൊണ്ട് വായിപ്പിച്ച ഗ്രന്ഥങ്ങളാണ്.
നന്മകള്‍ക്ക് പ്രേരണ;
മിക്ക യാത്രകള്‍ക്ക് ശേഷവും ഓരോരോ പുതിയ ചിന്തകളും പ്രവര്‍ത്തനങ്ങളും ഞങ്ങളുടെ മനസ്സില്‍ ഇടുകയും വെള്ളവും വളവും നല്‍കി അതിനെ വളര്‍ത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ മൗലാനാ അസ്അദ് മദനിയുടെ ഒരു സദസ്സില്‍ പങ്കെടുത്ത് കഴിഞ്ഞ് ജംഇയ്യത്ത് ഉലമാ എ ഹിന്ദിനെ കുറിച്ച് പരിചയപ്പെടുത്തി അതുമായി ബന്ധപ്പെടാന്‍ പറഞ്ഞു. ഖാദിയാനിസം, ശിയാഇസം മുതലായ അസത്യത്തിന്‍റെ വക്താക്കള്‍ക്കെതിരില്‍ പരിശ്രമിക്കാന്‍ ഞങ്ങളെ പ്രധാനമായും പ്രേരിപ്പിച്ചത് അല്ലാഹുവിന്‍റെ ഈ പാവപ്പെട്ട ദാസനാണ്. ബിദ്അത്തുകളോട് ശക്തമായ എതിര്‍പ്പായിരുന്നു. ആളുകളുടെ അടുപ്പം പോലും നോക്കാതെ അതിനെ കുറിച്ച് ഉണര്‍ത്തിയിരുന്നു. നബിമാരോടും സ്വഹാബത്തിനോടും ഔലിയാഇനോടും വലിയ ആദരവായിരുന്നു. സ്വഹാബത്ത് നിന്ദയുടെ ഗൗരവം ഞങ്ങള്‍ക്ക് പ്രഥമമായി മനസ്സിലാക്കി തന്നത് മൗലാനായാണ്. ഈ പാപി ആദ്യമായി തര്‍ജുമ ചെയ്ത പല രചനകളും നിര്‍ദ്ദേശിക്കുക മാത്രമല്ല, അതിന്‍റെ ആരംഭത്തില്‍ ബിസ്മില്ലാഹ് എഴുതി തന്നതും വിവര്‍ത്തനം വളരെ ലളിതവും സൂക്ഷ്മതയുമുള്ള കാര്യമാണെന്ന് ഉണര്‍ത്തി, അതിലേക്ക് ഇറക്കിയതും മൗലാനായാണ്.
മൗലാനായുടെ പ്രേരണ പ്രകാരം വിനീതന്‍ മൗലാനാ നുഅ്മാനിയുമായി വളരെയധികം അടുത്തു. ഒരിക്കല്‍ ലക്നൗവിലേക്ക് പോകണമെന്ന ആഗ്രഹമുണ്ടായി. മൗലാനാ ആരെയും കൂട്ടാതെ ഒറ്റയ്ക്ക് പോകാന്‍ പറയുകയും സുദീര്‍ഘമായ ഒരു കത്ത് എഴുതി തരികയും എന്നെ ശിഷ്യനായി ബൈഅത്ത് ചെയ്യണമെന്ന് ശുപാര്‍ശ നടത്തുകയും ചെയ്തു. നിസാമുദ്ദീനില്‍ വെച്ച് ആ കത്ത് നല്ല നിലയില്‍ ഒരു കടലാസില്‍ പകര്‍ത്തി എഴുതി അടുത്ത ദിവസം ലക്നൗവിലേക്ക് പുറപ്പെട്ടു. വഴിയൊന്നും അറിയില്ലായിരുന്നു. പാതിരാത്രി സ്റ്റേഷനില്‍ എത്തി, സുബ്ഹി കഴിഞ്ഞ് ഒരു റിക്ഷക്കാരനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം വഴി അറിയാമെന്ന് പറഞ്ഞു. മൗലാനാ നുഅ്മാനിയുടെ വീട്ടിലെത്തി, ദാറുല്‍ ഉലൂം ദേവ്ബന്ദിലേക്കുള്ള മജ്ലുസുശ്ശൂറയുടെ യാത്രയ്ക്കിടയില്‍ കാലിന് പരിക്ക് പറ്റി, മൗലാനാ കിടപ്പിലായിരുന്നു. സേവകന്‍ കത്ത് മേടിച്ച് കൊണ്ടുപോയി മൗലാനാ വായിച്ച ഉടനെ അകത്തേക്ക് വിളിച്ചു. കത്ത് കയ്യില്‍ പിടിച്ച് കൊണ്ട് തന്നെ മുസാഫഹയും മുആനഖയും നിര്‍വ്വഹിച്ചു. എന്നിട്ട് പറഞ്ഞു: ഇത് മൗലാനാ ഇബ്റാഹീം മദ്രാസിയുടെ കത്താണ്. മൗലാനാ അബുസ്സഊദ് സാഹിബിന്‍റെ സഹോദരന്‍ എന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തപ്പെട്ടിരിക്കുന്നു. പക്ഷെ, ഞങ്ങള്‍ക്ക് ഈയൊരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ല. മൗലാനാ ഇബ്റാഹീം മദ്രാസി ദാറുല്‍ ഉലൂം ദേവ്ബന്ദ് സംഘത്തിലെ ആവേശം നിറഞ്ഞ ത്യാഗിയാണ്. ദക്ഷിണേന്ത്യയില്‍ അദ്ദേഹം ദാറുല്‍ ഉലൂമിന്‍റെ ഏറ്റവും വലിയ വക്താവാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട താങ്കള്‍ക്ക് വിനീതനുമായി ഒരു ബന്ധത്തിന്‍റെ യാതൊരു ആവശ്യവുമില്ല. കൂടാതെ എനിക്ക് ഇതിന് യാതൊരു അര്‍ഹതയുമില്ല. ഇനി താങ്കള്‍ക്ക് മറ്റൊരാളെ ബൈഅത്ത് ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ എന്‍റെ ആത്മാര്‍ത്ഥമായ അഭിപ്രായം, നിസാമുദ്ദീനിലെ ഹസ്രത്ജി മൗലാനാ ഇന്‍ആമുല്‍ ഹസന്‍ സാഹിബിനെ ബൈഅത്ത് ചെയ്യണമെന്നതാണ്.! ഓരോ വാക്കുകളും പാപിയുടെ മനസ്സില്‍ ശക്തമായി പതിഞ്ഞു. കരഞ്ഞ് കൊണ്ട് മൗലാനായുടെ ശുപാര്‍ശ സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. ഇസ്തിഖാറ നമസ്കരിച്ച് അടുത്ത ദിവസം വരാന്‍ പറയുകയും ലക്നൗവിലെ തബ്ലീഗ് മര്‍ക്കസില്‍ താമസിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അടുത്ത ദിവസം ചെന്ന് വീണ്ടും ഇതേ വാക്ക് തന്നെ ആവര്‍ത്തിച്ചു. വീണ്ടും അപേക്ഷിച്ചപ്പോള്‍ വളരെ വികാര നിര്‍ഭരമായ നിലയില്‍ തൗബയുടെ വാചകങ്ങള്‍ പറഞ്ഞുതന്നു.
തര്‍ബിയത്തുകള്‍;
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ മൗലാനായോടൊപ്പം ധാരാളം യാത്രകള്‍ക്ക് അവസരമുണ്ടായി. യാത്രയില്‍ മുഴുവന്‍ ചെലവുകളും മൗലാനായാണ് വഹിച്ചിരുന്നത്. വാഹനം പുറപ്പെട്ടാല്‍ മുസാഫഹ ചെയ്യേണ്ടത് കയ്യില്‍ അടിച്ചാല്‍ മാത്രം മതിയാകും, പ്ലാറ്റ്ഫോമിലേക്ക് ആളെ കയറ്റുമ്പോള്‍ കൈപ്പത്തിക്ക് പകരം കയ്യിലാണ് പിടിക്കേണ്ടത്, നിസ്കാരപ്പായ അഴുക്കുള്ള ഭാഗം അകത്താക്കിയാണ് മടക്കേണ്ടത്, ബാത്റൂമില്‍ കുറഞ്ഞ വെള്ളം മാത്രമേ വുളൂഇനും ഉപയോഗിക്കാവൂ... എന്നിങ്ങനെ എത്രയോ കാര്യങ്ങളാണ് മൗലാനാ പഠിപ്പിച്ചത്.! ട്രൈയിനില്‍ കയറുമ്പോള്‍ സംഘങ്ങളുടെ വലിപ്പവും സാധനങ്ങളുടെ ആധിക്യവും കാരണം, അമുസ്ലിം സഹോദരങ്ങളും മുസ്ലിംകളിലെ ഉയര്‍ന്ന വ്യക്തികളും പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കകം അമുസ്ലിംകളുടെ കുഞ്ഞുങ്ങള്‍ മൗലാനായുടെ മടിയിലിരുന്നത് മിഠായി കഴിക്കുന്നത് കാണാന്‍ സാധിക്കും. കമ്പാര്‍ട്ടുമെന്‍റിലുള്ള മുഴുവന്‍ ആളുകള്‍ക്കും ആഹാരം വിളമ്പി അവരുടെ സ്നേഹഭാജനമാകുമായിരുന്നു. വഴിയില്‍ നിന്നും മറ്റും വാരിക്കൂട്ടുന്ന സാധനങ്ങളെല്ലാം ട്രൈയിനില്‍ വെച്ച് തന്നെ വിതരണം ചെയ്യാന്‍ ആരംഭിക്കുമായിരുന്നു. മദ്രാസില്‍ നിന്നും ബോംബൈയിലേക്ക് യാത്ര ചെയ്യാന്‍ ഞങ്ങള്‍ ട്രൈയിനില്‍ കയറി. ഞങ്ങള്‍ ഒരു മൂലയിലും ഹരിജനങ്ങളായ രണ്ട് സഹോദരങ്ങള്‍ മറു മൂലയിലും ഇരിക്കുന്നു. ഇടയില്‍ ബ്രാഹ്മണനായ രണ്ട് ചെറുപ്പക്കാര്‍. ഇരു വിഭാഗത്തോടും അവര്‍ക്കുള്ള വെറുപ്പ് അവര്‍ പ്രകടിപ്പിച്ച് തുടങ്ങി. സൈഡ് സീറ്റിലുണ്ടായിരുന്ന മൗലാനാ അവരോട് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഇവിടെ ഇരിക്കാമെന്ന് അവരോട് പറഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ അവര്‍ ചാടിയെഴുന്നേറ്റ് വന്നിരുന്നു. മൗലാനാ ആദ്യം ഹരിജനങ്ങളെ കെട്ടിപ്പിടിച്ചു. തുടര്‍ന്ന് ആഹാരത്തിന്‍റെ പാത്രം തുറന്ന് ബ്രാഹ്മണരോട്, നിങ്ങള്‍ വലിയ ആളുകളല്ലേ, ആദ്യം നിങ്ങള്‍ തന്നെ ആരംഭിക്കുക എന്ന് പറഞ്ഞു. അവര്‍ പുഛത്തോടെ അവഗണിച്ചു. മൗലാനാ ഹരിജനങ്ങളുടെ കയ്യില്‍ പിടിച്ച് പാത്രത്തിലിടുകയും ഉരുളകള്‍ എടുത്ത് അവരുടെ വായയില്‍ വെച്ച് കൊടുക്കുകയും ചെയ്തു. അവര്‍ അമ്പരപ്പോടെയും ആര്‍ത്തിയോടെയും ഭക്ഷിച്ചു. ഉച്ചയ്ക്ക് അടുത്ത ആഹാരം തുറന്ന് ബ്രാഹ്മണരെ ചെറുതായിട്ടൊന്ന് വിളിച്ചപ്പോള്‍ തന്നെ അവര്‍ വന്നിരുന്ന് ഞങ്ങളോടൊപ്പം ആഗ്രഹത്തോടെ ഭക്ഷിച്ചു.! ട്രൈയിനില്‍ മൗലാനായുടെ വിരിപ്പ് സഹയാത്രികര്‍ക്കാണ് നല്‍കിയിരുന്നത്. പാതിരാത്രിയോടെ എഴുന്നേറ്റ് പതിവ് പോലെ നീണ്ട തഹജ്ജുദ് നമസ്കാരം നിര്‍വ്വഹിച്ചിരുന്നു. പടച്ചവനേ, മുഴക്കവും വേഗതയും വ്യക്തതയും ഉള്ള പാരായണം എത്ര മനോഹരമായിരുന്നു.! ഈരണ്ട് റക്അത്തുകള്‍ക്കിടയില്‍ ഞങ്ങളുടെ കാലില്‍ ചെറുതായിട്ട് പിടിച്ച് ഈ കവിത പാരായണം ചെയ്യുമായിരുന്നു: സിന്ദഗീ ബര്‍ ആമദ് ബറായെ ബന്ദഗി, സിന്ദഗി ബെ ബന്ദഗി ഷര്‍മിന്ദഗി.! തുടര്‍ന്ന് ഞങ്ങള്‍ എഴുന്നേറ്റാല്‍ ബാത്റൂം, വെള്ളം എല്ലാം തയ്യാറാക്കി വെച്ചത് കാണിച്ചുതരുമായിരുന്നു. എവിടെയെങ്കിലും താമസമാണെങ്കില്‍ അതി സുന്ദരമായ ചായയും ചിലപ്പോള്‍ ഒന്നാന്തരം ആഹാരവും ലഭിച്ചിരുന്നു. ബസ്സില്‍ ദീര്‍ഘദൂരം യാത്ര ചെയ്യുമ്പോള്‍ ഡ്രൈവറിന് കുടിക്കാനും കഴിക്കാനും വല്ലതും വായയില്‍ വെച്ച് കൊടുത്ത്, നിങ്ങള്‍ വിട്ട് കൊള്ളുക, ഞാന്‍ ഇവിടെ നിന്ന് നിസ്കരിക്കട്ടെ എന്ന് പറഞ്ഞ് നിസ്കരിച്ചിരുന്നു. ഒരു സ്ഥലത്ത് ഞങ്ങള്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മൊട്ടയടിച്ച വരുന്ന ഹൈന്ദവരെ മൊട്ടത്തലയന്മാര്‍ എന്ന് വിളിച്ചതിന്‍റെ പേരില്‍ മാത്രം ഞങ്ങളെ ശക്തമായി ശകാരിക്കുകയുണ്ടായി.! ഒരിക്കല്‍ എനിക്ക് ദിക്ര്‍-ദുആകളില്‍ അലസതയുണ്ടായി. ഇത് മനസ്സിലാക്കിയ മൗലാനാ, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ഒരു മൂലയില്‍ നിന്ന് നിസ്കരിക്കാന്‍ എന്നെ വിളിച്ചു. ഞാന്‍ മടി കാണിപ്പോള്‍ മൗലാനാ ഒറ്റയ്ക്ക് നിസ്കരിക്കുകയും അത് കണ്ട് ലജ്ജ തോന്നി ഉടനെ തന്നെ നിസ്കരിക്കുകയും ചെയ്തു.
1997-ല്‍ മിനായില്‍ കഠിനമായ തീപിടുത്തമുണ്ടായി. എല്ലാവരും ജംറയുടെ ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടപ്പോള്‍ അല്ലാഹുവിന്‍റെ ഈ അടിമ താമസസ്ഥലത്ത് നിന്നും മാറാതെ കൈകെട്ടി നിസ്കാരം ആരംഭിച്ചു. പരിസരം മുഴുവന്‍ തീ ആളിക്കത്തിയെങ്കിലും മൗലാനാ ശാന്തമായി നിസ്കാരം തുടര്‍ന്ന് കൊണ്ടിരുന്നു.! തിരുനല്‍വേലി സമ്മേളനത്തിനിടയില്‍ ഏതാനും സഹോദരങ്ങള്‍ വലിയൊരു പാത്രത്തില്‍ ആഹാരം ചീത്ത ആയതിനാല്‍ കൊട്ടിക്കളയാന്‍ കൊണ്ടുപോകുകയായിരുന്നു. ദൂരെ നിന്നും വലിയ ശബ്ദത്തില്‍ അവരെ വിളിച്ച് ബിസ്മില്ലാഹ് പറഞ്ഞ് കയ്യിലുണ്ടായിരുന്ന എന്തെല്ലാമോ കിസ്മത്തുകള്‍ അതിലേക്കിട്ട് ആളുകള്‍ക്ക് വായില്‍ വെച്ച് കൊടുക്കാന്‍ തുടങ്ങി. സുബ്ഹാനല്ലാഹ് എന്തൊരു രുചിയായിരുന്നു.!
പരീക്ഷണങ്ങള്‍;
അല്ലാഹുവിന്‍റെ അനുഗ്രഹീത ദാസന്മാരുടെ മേല്‍ ഉണ്ടാകുന്നത് പോലെയുള്ള പല പരീക്ഷണങ്ങളും മൗലാനായുടെ മേലും ഉണ്ടായി. പല മക്കളും രോഗികളായി. ചിലര്‍ വൈവാഹിക പ്രയാസത്തില്‍ അകപ്പെട്ടു. മൗലാനാ സ്വാബിറും മുഹ്തസിബുമായി നില കൊണ്ടു. അവസാനം മൗലാനായില്‍ തന്നെ ചില ബുദ്ധിമുട്ടുകള്‍ കാണപ്പെട്ടു. എന്നാല്‍ അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹം കൊണ്ട് മാത്രം ഒരു കുഴപ്പവും സംഭവിച്ചില്ല. കേരളത്തിലടക്കം നിരന്തരം യാത്ര ചെയ്തിരുന്നു. അതിനേക്കാള്‍ അത്ഭുതം, ഞങ്ങളുടെ വളരെ പ്രധാനപ്പെട്ട പരിപാടികളില്‍ മൗലാനാ അവര്‍കളുടെ അത്ഭുതകരമായ സാന്നിദ്ധ്യമായിരുന്നു. തിരുവനന്തപുരത്ത് അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്വിക്ക് സ്വീകരണം നല്‍കപ്പെട്ട് കൊണ്ട് നടത്തപ്പെട്ട മഹാസമ്മേളനത്തില്‍ ശ്രോദ്ധാക്കളുടെ മുന്‍നിരയില്‍ മൗലാനാ കണ്ണീര്‍ വാര്‍ത്ത് കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. ഓച്ചിറ ദാറുല്‍ ഉലൂമില്‍ നടന്ന അഖിലേന്ത്യാ ഫിഖ്ഹ് സെമിനാറിന്‍റെ രണ്ടാം ദിവസം രാവിലെ മൗലാനാ പ്രത്യക്ഷപ്പെട്ടു. എന്നെ സ്റ്റേജില്‍ കൊണ്ടിരുത്തുക എന്ന് ശബ്ദത്തില്‍ പറഞ്ഞതിനാല്‍ ഞങ്ങള്‍ മൗലാനായെ താങ്ങി അവിടേക്ക് നീങ്ങി. എന്നാല്‍ സ്റ്റേജിനടുത്തെത്തിയപ്പോള്‍ എന്നെ തറയിലിരുത്തുക എന്ന് ബഹളമുണ്ടാക്കി. താഴെയിരുന്ന് പരിപാടികള്‍ ശ്രവിക്കാന്‍ തുടങ്ങി. ഇത് കണ്ട മക്കാ മുകര്‍റമയിലെ മദ്റസ സൗലത്തിയ്യയിലെ മുഹ്തമിം മൗലാനാ ഹഷീം ഉസ്മാനി, ഇത് നമ്മുടെ മൗലാനാ ഇബ്റാഹീം മദ്രാസിയല്ലേ എന്ന് ചോദിച്ചുകൊണ്ട് താഴെ ഇറങ്ങി വന്നുകൊണ്ട് മൗലാനായെ മുആനഖ ചെയ്തു.!
അവസാനം ശാരീരികമായി വലിയ അസ്വസ്ഥത ഉണ്ടായിട്ടും കൂട്ടുകാരുടെ അരികിലേക്ക് വരുന്നതും ഖുര്‍ആന്‍ തിലാവത്തും ഗ്രന്ഥ പാരായണവും തുടര്‍ന്നു. ഇതിനിടയില്‍ പ്രിയ കേന്ദ്രങ്ങളായ ഹറമൈന്‍ ശരീഫൈനിയിലേക്ക് പോകണമെന്നും അവിടെ തന്നെ എവിടെയെങ്കിലും ഒതുങ്ങി കഴിഞ്ഞുകൂടണമെന്നും അങ്ങേയറ്റം ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തെങ്കിലും നടന്നില്ല.
ബൈതുല്ലാഹിയിലേക്ക്...
ജീവിതം മുഴുവന്‍ അതി ഭയങ്കര ത്യാഗത്തോടൊപ്പം അങ്ങേയറ്റത്തെ സുഖ സന്തോഷങ്ങളിലായി കഴിച്ചുകൂട്ടിയ അല്ലാഹുവിന്‍റെ ഈ അത്ഭുത അടിമയുടെ അന്ത്യം അല്ലാഹു എല്ലാ മഖ്ബൂലുകളെയും പോലെ അതി സുന്ദരമാക്കി. ഈ കഴിഞ്ഞ റമദാനിന് മുമ്പ് സഊദി അറേബ്യയിലെ ഏതാനും യുവ പണ്ഡിതന്മാര്‍ ലോകത്ത് ഹദീസിന്‍റെ ഉന്നത സനദുകള്‍ ഉള്ള പണ്ഡിതന്മാരില്‍ നിന്നും അവരെ പരിശുദ്ധ ഹറമുകളില്‍ കൊണ്ട് വന്ന് ഹദീസ് പഠിക്കണമെന്ന ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. ഹദീസിന്‍റെ വിഷയത്തില്‍ ആഗോളതലത്തില്‍ മുന്തി നില്‍ക്കുന്ന ഇന്ത്യാ രാജ്യത്തെ തന്നെയാണ് അവര്‍ അതിന് വേണ്ടി പ്രഥമമായി പരിഗണിച്ചത്. ഖാദിമുല്‍ ഖുര്‍ആന്‍ മൗലാനാ ഗുലാം മുഹമ്മദ് വുസ്താനവി (ജാമിഅ ഇഷാഅത്തുല്‍ ഉലൂം മഹാരാഷ്ട്ര) യുടെ നേത്യത്വത്തില്‍ അവര്‍, ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുകയും ധാരാളം ഗുരുനാഥന്മാരില്‍ നിന്നും പഠിക്കുകയും ഉയര്‍ന്ന സനദുകള്‍ നിലനിര്‍ത്തുകയും ചെയ്യുന്ന ഉലമാക്കളെ കുറിച്ച് അന്വേഷണം നടത്തി. അത് എത്തിച്ചേര്‍ന്നത് ബഹ്ലൂലും മജ്ദൂബുമായി കഴിയുന്ന പ്രിയപ്പെട്ട മൗലാനാ ഇബ്റാഹീം മദ്രാസിയിലായിരുന്നു. അറബികളായ യുവ പണ്ഡിതര്‍ മൗലാനായില്‍ നിന്നും ഹദീസ് പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു വാട്സ്അപ്പ് കൂട്ടായ്മ ആദ്യം ഉണ്ടാക്കി. മജ്മൂഅത്തു ശൈഖ് ഇബ്റാഹീം മദ്രാസി എന്ന വാട്സ്അപ്പ് കൂട്ടായ്മയില്‍ ഹറമൈന്‍ ശരീഫൈനിയിലെയും അറബ് നാടുകളിലെയും യുവ പണ്ഡിതര്‍ അംഗങ്ങളായി. അവരില്‍ ഏതാനും ആളുകള്‍ മൗലാനാ അവര്‍കളെ പരിശുദ്ധ ഹറമിലേക്ക് ക്ഷണിച്ചു. അവരുടെ കൂട്ടത്തില്‍ ഹറമുകളില്‍ കഴിയാനും ജാമിഉ തിര്‍മിദിയുടെ മുഴുവന്‍ ഹദീസുകളും അവര്‍ ഓതുന്നത് കേള്‍ക്കുന്നതിന് മനസ്സുണ്ടാകണമെന്നും അവര്‍ അപേക്ഷിച്ചു. വര്‍ഷങ്ങളായി ഹറമൈന്‍ യാത്രയെ കൊതിച്ച് കഴിഞ്ഞിരുന്ന അല്ലാഹുവിന്‍റെ ദാസന്‍ ഇത് വലിയൊരു സൗഭാഗ്യമായി കണ്ട് പെട്ടെന്ന് തന്നെ അത് സ്വീകരിച്ചു. അവര്‍ മൗലാനായെ അങ്ങേയറ്റം ആദരവോടെ പരിശുദ്ധ ഹറമുകളിലേക്ക് കൊണ്ട് പോയി. അനുഗ്രഹീത ഉംറയും സിയാറത്തും നിര്‍വ്വഹിച്ച മൗലാനാ അവര്‍കളെ അവര്‍ മുറിയിലിരുത്തി ഏതാനും സഹോദരങ്ങള്‍ നിരന്തരം രാവും പകലും ജാമിഉത്തിര്‍മിദി ആദ്യം മുതല്‍ അവസാനം വരെയും പാരായണം ചെയ്തു. മൗലാനാ അവര്‍കളും വളരെ ത്യാഗത്തോടെ, എന്നാല്‍ വളരെയധികം സന്തോഷം പ്രകടിപ്പിച്ച് കൊണ്ട് അവരുടെ പാരായണം ആദ്യന്തം കേട്ടു. ഈ പാരായണങ്ങള്‍ വിവിധ ഭാഗങ്ങളിലുള്ള മറ്റ് വിദ്യാര്‍ത്ഥികളും കേള്‍ക്കുന്നുണ്ടായിരുന്നു. അവസാനം മൗലാനാ അവര്‍കള്‍ അവര്‍ക്കെല്ലാം ഇജാസത്ത് കൊടുത്തു. ശേഷം നാട്ടിലേക്ക് മടങ്ങിവന്നു.
ബൈതിന്‍റെ ഇലാഹിലേക്ക്...
രോഗങ്ങളും പ്രയാസങ്ങളും സത്യാവിശ്വാസിക്ക് നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുകയും അവസാനം, പാപങ്ങളൊന്നും ഇല്ലാത്ത നിലയില്‍ അവന്‍ രക്ഷിതാവിനെ കണ്ടുമുട്ടുകയും ചെയ്യും എന്ന ഹദീസിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് പ്രിയപ്പെട്ട മൗലാനായുടെ ജീവിതം മുഴുവന്‍ രോഗങ്ങളും പ്രയാസങ്ങളും നിരന്തരം ഉണ്ടായിരുന്നെങ്കിലും അവയെല്ലാം തീര്‍ത്തും നിസ്സാരമായി കാണുകയും സാധാരണ മരുന്നുകള്‍ കഴിച്ച് മുന്നോട്ട് നീങ്ങുകയും ചെയ്തു. ഇടയ്ക്ക് മറിഞ്ഞ് വീണ് കൈ-കാലുകള്‍ക്ക് ഒടിവ് ഉണ്ടായപ്പോള്‍ സാധാരണ തുണിയെടുത്ത് കെട്ടി അത് പരിഹൃതമായി. വയറിന് മിക്കവാറും രോഗമായിരുന്നെങ്കിലും വളരെ നിസ്സാരമായ ഗുളികകള്‍ കഴിച്ചുകൊണ്ട് ആ കാര്യങ്ങള്‍ മുറിച്ച് കടക്കുമായിരുന്നു. പക്ഷെ, ആദ്യം എഴുന്നേല്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആളുകളെ അവലംബിച്ചുകൊണ്ടും, പിന്നീട് നടക്കാന്‍ കഴിയാതെ വന്നപ്പോള്‍ കിട്ടിയ വാഹനങ്ങളില്‍ കയറിയും യാത്രകള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. പക്ഷെ, അവസാനത്തെ ഇബാദത്തിന്‍റെയും ഇല്‍മിന്‍റെയും ഉംറ യാത്രയ്ക്ക് ശേഷം അല്ലാഹുവിന്‍റെ അടിമ വളരെ ക്ഷീണിതനായി. എന്നാലും പ്രസന്ന വദനത്തോടെ തന്നെ മുന്നോട്ട് നീങ്ങി. ദുല്‍ ഹജ്ജ് മാസം കഴിഞ്ഞു. 1441 മുഹര്‍റം ആരംഭിച്ചു. മുഹര്‍റം 10 വലിയ സംഭവങ്ങള്‍ക്ക് പ്രസിദ്ധമായ ദിവസമാണ്. അന്നേ ദിവസം വൈകുന്നേരം അല്ലാഹുവിന്‍റെ നിഷ്കളങ്കനായ അടിമ, അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്ര ആരംഭിച്ചു. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍. എന്നും സുമുഖനായിരുന്നെങ്കിലും വിയോഗാനന്തരം, പ്രയാസങ്ങളൊന്നും അറിയാത്ത നിലയില്‍ വളരെ സുന്ദരനായി കാണപ്പെട്ടു. സാധാരണ ധരിക്കുന്ന തൊപ്പി തന്നെ ധരിച്ച് അല്ലാഹുവിന്‍റെ ദാസന്‍ ശാന്തനായി വിശ്രമിച്ചു. അടുത്ത ദിവസം ളുഹ്ര്‍ നമസ്കാരത്തിന് ശേഷം തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ്, കേരള എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്നേഹിതരുടെ മുന്നില്‍ കിടന്ന് ജനാസ നമസ്കാരം നിര്‍വ്വഹിക്കപ്പെടുകയും, മൗലാനാ മര്‍ഹൂം നിരന്തരം ഞങ്ങളെ കൊണ്ട് സന്ദര്‍ശിച്ച വിരിഞ്ചിപുരത്തെ ഖബ്ര്‍സ്ഥാനിന്‍റെ പ്രവേശന കവാടത്തിന്‍റെ ഇടത് ഭാഗത്ത് തന്നെ ഖബ്ര്‍ശരീഫ് ഒരുക്കപ്പെട്ട്, ബര്‍സഖീ ജീവിതം ആരംഭിക്കുകയും ചെയ്തു. അല്ലാഹുമ്മഗ്ഫിര്‍ ലഹൂ വര്‍ഹംഹു...
ബാഖിയാത്തുസ്വാലിഹാത്ത്;
അല്ലാഹു മഹാനവര്‍കള്‍ക്ക് വളരെ സല്‍ഗുണ സമ്പന്നയായ ഇണയെയും ധാരാളം ഉത്തമ സന്താനങ്ങളെയും മരുമക്കളെയും ചെറുമക്കളെയും കനിഞ്ഞരുളി. നാനിമ എന്ന പേരില്‍ ഞങ്ങളെല്ലാം ഓര്‍ത്തിരുന്ന മൗലാനായുടെ സഹധര്‍മ്മിണി ഞങ്ങളോടെല്ലാം വളരെ കരുണ പുലര്‍ത്തിയിരുന്നു. ദീനീ കാര്യങ്ങളില്‍ വലിയ നിഷ്ടയുള്ളവരായിരുന്നു. മൗലാനായുടെ ത്യാഗനിര്‍ഭരമായ ജീവിതത്തില്‍ അങ്ങേയറ്റം സഹനതയും ത്യാഗമനസ്ഥിതിയും നിലനിര്‍ത്തിയിരുന്നു. വളരെ വിനയാന്വിതയും നിരന്തരം ദിക്ര്‍-ദുആകളിലും ഖുര്‍ആന്‍ പാരായണങ്ങളിലും മുഴുകിയവരുമായിരുന്നു. ഏതാനും വര്‍ഷം മുമ്പ് അവര്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. മൗലാനാ അവരുടെ വിയോഗത്തില്‍ വളരെയധികം ദുഃഖിച്ചു. മൗലാനായ്ക്ക് രണ്ട് ആണ്‍ മക്കളാണ് ഉണ്ടായിരുന്നത്. ഒന്ന്, ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലോകത്ത് നിന്നും വിടപറഞ്ഞ ഹാഫിസ് മുഹമ്മദ് ഇസ്ഹാഖ് സാഹിബ്. മറ്റൊന്ന്, പ്രിയപ്പെട്ട കൂട്ടുകാരന്‍ ഹാഫിസ് മുഹമ്മദ് യഅ്ഖൂബ് സാഹിബ്. ഇരുവരും ദീനുമായി വളരെ ബന്ധമുള്ളവരും ദീനീ പരിശ്രമങ്ങളില്‍ മുഴുകി കഴിഞ്ഞവരുമാണ്. മൗലാനായുടെ പെണ്‍മക്കള്‍ എല്ലാവരും നിരന്തരം ദിക്ര്‍ ചൊല്ലുന്നവരും ഇബാദത്തില്‍ കഴിയുന്നവരും സഹനതയോടെ ജീവിത കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നവരുമാണ്. എന്നാല്‍ അതില്‍ ഏറ്റവും പ്രധാനം മൗലാനായുടെ അഭിമാന മരുമകനായ മൗലാനാ ഹാഫിസ് ഫള്ലുല്ലാഹ് സാഹിബിന്‍റെ സഹധര്‍മ്മിണിയാണ്. മൗലാനാ തബ്ലീഗിന്‍റെ യാത്രയിലായിരിക്കവെയാണ് ഇവരുടെ പ്രസവം നടക്കുന്നത്. അത് കൊണ്ട് തന്നെ ഹാജറ എന്ന പേര് മൗലാനാ ഹസ്രത്ജി മുഹമ്മദ് യൂസുഫ് (റഹ്) നിര്‍ദ്ദേശിക്കുകയുണ്ടായി. ഇന്ന് ലോകം മുഴുവന്‍ പ്രചരിച്ചിരിക്കുന്ന തബ്ലീഗിന്‍റെ സ്ത്രീകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മൗലാനായുടെ ഈ മകളും മറ്റ് മക്കളും സഹോദരിമാരും വളരെ മുന്‍പന്തിയിലായിരുന്നു. എന്നല്ല, അതിന്‍റെ തുടക്കക്കാര്‍ എന്ന് തന്നെ ഈ കുടുംബത്തെപ്പറ്റി പറയാന്‍ സാധിക്കും. ഇവരെല്ലാം ഇല്‍മും ദിക്റും ദഅ്വത്തുമായി നിരന്തരം ബന്ധപ്പെട്ടവരായിരുന്നു. ഹാജറ ആപ്പയുടെ വീട്ടിലുള്ള സ്വീകരണമുറിയിലുള്ള അലമാരയില്‍ അവര്‍ നിരന്തരം വായിക്കുന്ന ഗ്രന്ഥങ്ങള്‍ ഒതുക്കി വെച്ചിട്ടുണ്ട്. അതില്‍ ധാരാളം ഗ്രന്ഥങ്ങള്‍ ഞങ്ങള്‍ക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. നിരന്തരം ഹറമുകളിലേക്ക് പോകുകയും ദീനീ യാത്രകള്‍ നടത്തുകയും ചെയ്ത അവര്‍ മഹാന്മാരെ ബൈഅത്ത് ചെയ്യുകയും അവര്‍ നിര്‍ദ്ദേശിക്കുന്ന ദിക്റുകളെല്ലാം കൃത്യമായി അനുഷ്ഠിക്കുകയും ചെയ്തിരുന്നു. മക്കളില്ലാതെ വിഷമിക്കുന്ന സഹോദരീ-സഹോദരന്മാര്‍ അല്ലാഹുവിന്‍റെ ഈ ദാസിയെയും അവരുടെ ഭര്‍ത്താവിനെയും മാതൃകയാക്കിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു. ഇബ്റാഹീം മൗലാനാ അവര്‍കള്‍ നാട്ടിലെ മസ്ജിദിനോട് ചേര്‍ന്ന ചെറിയൊരു മുറിയില്‍ ഒരു മദ്റസ സ്ഥാപിച്ചു. അതില്‍ മരുമകനെ മുദര്‍രിസായി ഇരുത്തി. അവിടെ പഠിച്ചവരാണ്, ഞങ്ങളുടെ ആദരണീയരായ ഹാഫിസ് മുഹമ്മദ് ഹാമിദ് ഹസ്രത്തും, മര്‍ഹൂം അക്ബര്‍ റഷാദി ഹസ്രത്ത് അവര്‍കളും മറ്റും. ഫള്ലുല്ലാഹ് ഹസ്രത്തില്‍ നിന്നും പഠിച്ച മുഴുവന്‍ ഹാഫിസീങ്ങളും ഒന്നാംതരം ഹാഫിസുകള്‍ മാത്രമല്ല, അതിന്‍റെ മുദര്‍രിസുമാരും പരമ്പര പരമ്പരയായി ഖുര്‍ആന്‍ ശരീഫിനെ തലമുറകള്‍ക്ക് പഠിപ്പിച്ചവരും ആണ്. ഏതാനും വര്‍ഷം മുന്‍പ് ഫള്ലുല്ലാഹ് ഹസ്രത്ത് വഫാത്ത് ആയി. വിനീതന്‍റെ ചെറിയൊരു അനുമാനത്തില്‍ ഫള്ലുല്ലാഹ് ഹസ്രത്ത് പഠിപ്പിച്ചവരും അവര്‍ പഠിപ്പിച്ചവരും തുടര്‍ന്നുള്ള പരമ്പരയും പഠിപ്പിച്ചവരായി കുറഞ്ഞത് രണ്ടായിരത്തിലേറെ ഹാഫിസീങ്ങള്‍ ഉണ്ടായിരിക്കും. ഭര്‍ത്താവ് ഇല്‍മിന്‍റെ പരിശ്രമത്തില്‍ ബന്ധപ്പെടുന്നത് കണ്ട് ഭാര്യയും അതേ മാര്‍ഗ്ഗത്തെ തെരഞ്ഞെടുത്തു. മഹാന്മാരോടെല്ലാം രണ്ട് കാര്യത്തിന് വേണ്ടി ദുആ ചെയ്യാന്‍ അവര്‍ അപേക്ഷിച്ചിരുന്നതായി മൗലാനാ മര്‍ഹൂം ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഒന്ന്, കൊച്ചു പെണ്‍കുട്ടികള്‍ക്ക് ഇല്‍മ് പഠിപ്പിക്കാനുള്ള അവസരമുണ്ടാകണം. രണ്ട്, തബ്ലീഗിന്‍റെ തഅ്ലീം നടത്താനുള്ള അവസരമുണ്ടാകണം. മക്കളില്ലാത്ത ആ വീട്ടില്‍ വിശാലമായ ഹാളും ബാത്റൂമിന്‍റെ സൗകര്യമുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം തഅ്ലീമിന്‍റെ മജ്ലിസ് നടക്കാറുണ്ട്. ഒന്നുകില്‍ ഫളാഇലിന്‍റെ കിതാബുകള്‍ പാരായണം ചെയ്യപ്പെടും. അല്ലെങ്കില്‍, ബിഹിഷ്തി സേവര്‍ പോലുള്ള മസ്അലകളുടെയും മര്യാദകളുടെയും തെരഞ്ഞെടുത്ത ഭാഗങ്ങള്‍ വായിക്കപ്പെടും. അവിടെ പഠിച്ച ഒരു പെണ്‍കുട്ടി അവര്‍ മറ്റൊരു സ്ത്രീകളുടെ വലിയൊരു സ്ഥാപനം സ്ഥാപിക്കുകയും അതിലൂടെ ആയിരങ്ങള്‍ക്ക് മാറ്റമുണ്ടാകുകയും ചെയ്തു. വിനീതന്‍ കായംകുളം തര്‍ബിയ്യത്തുല്‍ ബനാത്തില്‍ ദര്‍സുല്‍ ഖുര്‍ആന്‍ നടത്തുന്ന സന്ദര്‍ഭത്തില്‍ അവിടെ പഠിച്ച ഒരു സ്ത്രീ എഴുതിയ പ്രവാചക പ്രകീര്‍ത്തന രചന കാണുകയുണ്ടായി. പത്ത് ദിവസത്തോളം അത് പാരായണം ചെയ്തുകൊണ്ട് ദര്‍സ് നടത്തിയതായി ഓര്‍ക്കുന്നു. അതില്‍ ഏറ്റവും അവസാനത്തെ കവിത, വാപ്പയ്ക്ക് വേണ്ടിയുള്ള ദുആ എന്ന കവിതയാണ്. അതിലെ മനസ്സ് പിടിച്ച് കുലുക്കിയ ഒരു വാചകം ഇപ്രകാരമാണ്; അല്ലാഹുവേ, എന്‍റെ വാപ്പ രോഗിയാണ്. ജീവിതകാലം മുഴുവനും വാപ്പ ദുന്‍യാവിന് വേണ്ടി ധാരാളം അദ്ധ്വാനിക്കുകയും നിരവധി യാത്രകള്‍ നടത്തുകയും ചെയ്തു. നീ ഇദ്ദേഹത്തിന് ദീര്‍ഘായസ്സ് നല്‍കുകയും ദീനിന് വേണ്ടി ത്യാഗപരിശ്രമങ്ങള്‍ ചെയ്യാനും യാത്രകള്‍ നടത്താനും ഉതവി നല്‍കുകയും ചെയ്യേണമേ.! ഇതാണ് അവര്‍ സ്ഥാപിച്ച മദ്റസയുടെ ചെറിയൊരു പ്രതിഫലനം.! കൂടാതെ മരിച്ചുപോയ സഹോദരിയുടെ മക്കളടക്കം ധാരാളം കുട്ടികളെ ഭാര്യയും ഭര്‍ത്താവും കൂടി വളര്‍ത്തി വലുതാക്കി. മക്കളില്ലാത്ത വീട് ശോകമൂകവും ശൂന്യവുമായിരിക്കുമെന്ന വാദത്തെ ഖണ്ഡിക്കുകയും മനസ്സ് വെച്ച് മുന്നിട്ടിറങ്ങിയാല്‍ പടച്ചവന്‍ ധാരാളം വഴികള്‍ തുറന്ന് തരികയും സമ്പല്‍സമൃദ്ധി കനിയുകയും ചെയ്യുമെന്ന് ഇതറിയിക്കുന്നു. അല്ലാഹു ഇവര്‍ എല്ലാവര്‍ക്കും സൗഖ്യവും സന്തോഷവും കനിഞ്ഞരുളട്ടെ.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട് ടെ.!
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
🔹🔹🔹🔹🔹🔹
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന് ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
*അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്,
*സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക്
ബന്ധപ്പെടുക: +919961955826
*എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment