ദേവ്ബന്ദീ ഉലമാഇന്‍റെ മാര്‍ഗ്ഗം.!
ഉസ്താദ് ഇ.എം. സുലൈമാന്‍ കൗസരി
https://swahabainfo.blogspot.com/2019/10/blog-post_22.html?spref=tw
ഇസ്ലാം അല്ലാഹുവിന്‍റെ ദീനാണ്. എല്ലാ കാലത്തും അല്ലാഹു ഈ ദീനിനെ വഹ് യ് മുഖേനയാണ് അടിമകളിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. അതിനായി നബിമാരെ നിയോഗിച്ചു കൊണ്ടിരുന്നു. വഹ്യ് മുഖേന നല്‍കപ്പെടുന്ന വിവരങ്ങള്‍ നബിമാര്‍ (അ) ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുകയും ആവശ്യമാകുമ്പോള്‍ അവര്‍ അത് വിശദീകരിക്കുകയും ചെയ്യുമായിരുന്നു. ജനങ്ങള്‍ വഹ്യിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയോ, കാര്യം മനസ്സിലാക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ അല്ലാഹു നബിമാരെക്കൊണ്ടുതന്നെ അതിനെ നേരായി മനസ്സിലാക്കിക്കൊടുത്ത് നേര്‍വഴിയിലേക്ക് നയിക്കുമായിരുന്നു. ഒരു നബിയുടെ കാലശേഷം ജനങ്ങള്‍ ആ നബിയുടെ അദ്ധ്യാപനങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും തെറ്റായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്താല്‍ അല്ലാഹു അടുത്ത നബിയെ അയച്ച്, അവര്‍ക്ക് നേരായ വഴി വ്യക്തമാക്കിക്കൊടുക്കുകയും ആ നബി ജനങ്ങളെ ഉപദേശിച്ചു നേരെയാക്കാന്‍ ശ്രമിക്കുകയും ചെയ്യുമായിരുന്നു. ആ നബിയെ പിന്‍പറ്റിയവര്‍ വിജയം വരിക്കുകയും നിരാകരിച്ചവര്‍ അല്ലാഹുവിന്‍റെ ശിക്ഷയ്ക്കു വിധേയരാകുകയും പരാജിതരാവുകയും ചെയ്യുമായിരുന്നു.
മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ നുബുവ്വത്തോടു കൂടി അല്ലാഹുവിന്‍റെ ഈ പതിവ് എന്നെന്നേക്കുമായി അവന്‍ അവസാനിപ്പിച്ചു. പിറകെ ഒരു നബിയും വരേണ്ടാത്ത നിലയില്‍ മുഹമ്മദ് മുസ്ത്വഫാ (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ അവസാനത്തെ നബിയായി അല്ലാഹു നിശ്ചയിക്കുകയും ഖിയാമത്ത് നാള്‍ വരെ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ശരീഅത്തിനെ അല്ലാഹു നിലനിര്‍ത്തുകയും സമ്പൂര്‍ണ്ണമാക്കി അല്ലാഹു പൊരുത്തപ്പെട്ട ദീനാക്കി അവന്‍റെ അടിമകള്‍ക്ക് അനുഗ്രഹം പൂര്‍ത്തിയാക്കിക്കൊടുക്കുകയും ചെയ്തു. ഇനി ഒരു നബിയുടെയോ, ശരീഅത്തിന്‍റെയോ ആവശ്യമില്ലാത്ത തരത്തില്‍ ലോകാവസാനം വരെയുണ്ടാകുന്ന മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരം ഈ ദീനില്‍ അല്ലാഹു പൂര്‍ണ്ണമാക്കി വെക്കുകയും ചെയ്തു.
കാലാകാലങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം നിര്‍ദ്ദേശിക്കുകയും ദീനിനെ തനതായ രൂപത്തില്‍ നിലനിര്‍ത്തലും ദീനിനെതിരില്‍ ഉയരുന്ന വെല്ലുവിളികളെയും വിമര്‍ശനങ്ങളെയും അതിജീവിക്കലും ഏതു തരത്തിലുള്ള സംശയങ്ങളും നിവാരണം ചെയ്തു ദീനിനെ കാലോചിതവും ഏറ്റവും അനുയോജ്യമായതുമാണെന്നു ജനമധ്യത്തില്‍ വെളിവാക്കലും ഈ ഉമ്മത്തിലെ ഉലമാക്കളുടെ ബാധ്യതയായി അല്ലാഹു നിശ്ചയിക്കുകയും നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അതു വ്യക്തമാക്കിത്തരുകയും ചെയ്തു.
മുന്‍കാല നബിമാര്‍ നിര്‍വ്വഹിച്ചിരുന്ന ഉത്തരവാദിത്വവും ജോലിയും ഈ ഉമ്മത്തിലെ ഉലമാക്കളുടെ ചുമലില്‍ ഏല്‍പ്പിച്ചു. അവരെ നബിമാരുടെ പകരക്കാരാക്കി. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'എന്‍റെ ഉമ്മത്തിലെ ഉലമാക്കള്‍ ബനൂഇസ്റാഈലിലെ നബിമാരെ പോലെയാണ്.' (അവര്‍ ചെയ്ത ജോലിയും അവരുടെ ഉത്തരവാദിത്വവും നിര്‍വ്വഹിക്കേണ്ടവരാണ്). നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കാലശേഷം ഇന്നോളം സത്യസന്ധന്മാരായ ഉലമാക്കള്‍ ഈ കടമ നിര്‍വ്വഹിച്ചുകൊണ്ടിരുന്നു. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഇത്തരം ഉലമാക്കളുടെ ഒരു സംഘത്തെ എല്ലാ കാലങ്ങളിലും നമുക്കു കാണാന്‍ കഴിയും. ദീനിന്‍റെ ശത്രുക്കള്‍ ഒളിഞ്ഞും തെളിഞ്ഞും അകത്തു നിന്നും പുറത്തു നിന്നും പല തരത്തിലും കൈകടത്തലുകളും മാറ്റിമറിക്കലുകളും വളരെ വിദഗ്ധമായ നിലയില്‍ നടത്താന്‍ ശ്രമിക്കുകയും അതില്‍ അവര്‍ പലപ്പോഴും വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അപ്പോഴെല്ലാം ഒരു സംഘം ഹഖിന്‍റെ ഉലമാക്കള്‍ രംഗത്തു വരുകയും ഇതിനെതിരില്‍ നിലകൊള്ളുകയും ഉമ്മത്തിനെ നേരായ പാതയിലേക്കു മടക്കിക്കൊണ്ടു വരുകയും ചെയ്തിട്ടുണ്ട്.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'എന്‍റെ ഉമ്മത്തിലെ ഒരു സംഘം ഹഖിന്‍റെ മേല്‍ വിജയം വരിച്ചവരായി എല്ലാ കാലത്തും നിലകൊളളും. അവരെ എതിര്‍ക്കുന്നവരോ, വ്യാജമാക്കുന്നവരോ അവര്‍ക്കൊരു ദൂഷ്യവും വരുത്തുകയില്ല. ഖിയാമത്ത് നാള്‍ വരെ ഇത്തരക്കാര്‍ ഈ അവസ്ഥയില്‍ നിലകൊള്ളുന്നതാണ്.' ഈ തിരുവചനത്തെ അന്വര്‍ഥമാക്കുന്നതാണ് ഇസ്ലാമിന്‍റെ ഇന്നോളമുള്ള ചരിത്രം.
ശിയാ, ഖവാരിജ്, മുഅ്തസില ഇവരും ഇവരുടെ ഉപവിഭാഗങ്ങള്‍, മറ്റു നിരീശ്വര-നിര്‍മതവാദികള്‍, പ്രകൃതിവാദികള്‍ എന്നുവേണ്ട പലരും അവരുടെ ബുദ്ധിയും സാമര്‍ത്ഥ്യവും ഉപയോഗിച്ച്, പലതരത്തില്‍ ദീനിനെതിരില്‍ തിരിഞ്ഞപ്പോള്‍ ഹഖിന്‍റെ ഉലമാക്കള്‍ അതിവിദഗ്ധമായി അതേ നാണയത്തില്‍ തന്നെ അവരെ നേരിട്ടു കിഴ്പ്പെടുത്തുകയും അവരുടെ പൊള്ളത്തരങ്ങള്‍ ജനസമക്ഷം വെളിവാക്കുകയും ചെയ്തു.
ഒരു കാലത്ത് അല്ലാഹുവിന്‍റെ കലാമിന്‍റെ യഥാര്‍ഥ വിവരണം തെളിവോടുകൂടി സമര്‍ഥിക്കുകയും തിരുസുന്നത്തുകളെ ബലവത്തായ നിവേദക പരമ്പരകളിലൂടെ സ്ഥിരീകരിച്ച് അതിന്‍റെ ആശയങ്ങള്‍ വ്യക്തമാക്കുകയും ചെയ്താല്‍ എല്ലാവരും അതംഗീകരിക്കുമായിരുന്നു. അതിനെതിരായ ഭാഗം ശരിയല്ലെന്നു ഉമ്മത്തിനു ബോധ്യപ്പെടുമായിരുന്നു. അക്കാലത്ത് മുഫസ്സിറുകളും മുഹദ്ദിസുകളും ഫുഖഹാക്കളും തീവ്രമായ ത്യാഗപരിശ്രമത്തിലൂടെ ഈ ബാധ്യത നിറവേറ്റി. അവരുടെ ചരിത്രങ്ങള്‍ നമുക്ക് മുന്നില്‍ തുറന്ന പുസ്തകമാണ്. ഒരു കാലം ഫല്‍സഫയുടെയും ഭൗതികവാദത്തിന്‍റെയും കാലമായിരുന്നു. അക്കാലത്തെ പണ്ഡിതന്മാര്‍ ഇല്‍മുല്‍ കലാമിലൂടെ അതിനെ നേരിട്ടു. ബുദ്ധിപരമായ തെളിവുകളിലൂടെ ഇസ്ലാമിക ശരീഅത്തിനെയും വിശ്വാസ പ്രമാണങ്ങളെയും അവര്‍ സമര്‍ത്ഥിച്ചു.
കാലം മുന്നോട്ടു ഗമിച്ചപ്പോള്‍ ലോകം സയന്‍സിന്‍റെ മുന്നില്‍ മുട്ടുമടക്കാനും ശറഇന്‍റെ നിയമങ്ങളെ സയന്‍സിന്‍റെ കണ്ടെത്തലുകള്‍ കൊണ്ട് അളക്കുവാനും തുടങ്ങി. ഇവിടെയും ഉലമാക്കള്‍ നിശബ്ദരായില്ല. സയന്‍സിന്‍റെ കണ്ടെത്തലുകളുടെ ശരിയും തെറ്റും വേര്‍തിരിക്കുകയും ശരിയായ സയന്‍സ് ഖുര്‍ആനില്‍ നിന്നും അവര്‍ വിവരിച്ചു കൊടുക്കുകയും ചെയ്തു. സയന്‍സിന്‍റെ കണ്ടെത്തലുകള്‍ കാലാകാലങ്ങളില്‍ തിരുത്തപ്പെട്ടു. പുരോഗമിക്കും തോറും ആദ്യ കണ്ടെത്തലുകളെ അത് നിരാകരിക്കാന്‍ തുടങ്ങി. ഒരിക്കലും മാറ്റമില്ലാതെ തുടരുന്ന ഖുര്‍ആനിന്‍റെ പ്രവചനങ്ങള്‍ അവസാനം സയന്‍സിനു വഴികാട്ടിയായി. ഇക്കാലത്തൊന്നും ഹഖിന്‍റെ ഉലമാക്കള്‍ ഇവരുടെ ആരുടെയും വഴിയില്‍ സഞ്ചരിച്ചില്ല. മറിച്ച് ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അധ്യാപനങ്ങള്‍ക്കു യോജിച്ചതായി പുതിയ കണ്ടെത്തലുകള്‍ വന്നാല്‍ അവയെ അംഗീകരിക്കുകയും എവിടെയെങ്കിലും ഖുര്‍ആന്‍ ഹദീസുകളുടെ വിവരണങ്ങള്‍ക്കു നിരക്കാതെ വന്നാല്‍ അവയെ തള്ളുകയും, ഖുര്‍ആനും ഹദീസും അടിസ്ഥാനമായി കാണുകയും മനുഷ്യബുദ്ധിയും കണ്ടെത്തലുകളും അവിടെ എത്തിയിട്ടില്ല എന്നു മനസ്സിലാക്കി ഖുര്‍ആനിലേക്കും ഹദീസിലേക്കും മടങ്ങുകയും ചെയ്തിരുന്നു. ഹഖിന്‍റെ ഉലമാക്കള്‍ ഒരിക്കലും ബാഹ്യമായ ശക്തിയോ, അംഗീകാരമോ കണ്ട് ഭയന്ന് ഖുര്‍ആന്‍-ഹദീസുകളുടെ വഴിയെ ഉപേക്ഷിച്ച്, മറ്റൊന്നിന്‍റെയും പിന്നാലെ കൂടിയിട്ടില്ല. ബാഹ്യ ശക്തികളെ കണ്ട് അമ്പരന്ന് അതിനു കീഴ്പ്പെട്ടുപോയ ധാരാളം പണ്ഡിത വേഷധാരികള്‍ എതിരിലുണ്ടായിരുന്നിട്ടു പോലും.! ഈ ചരിത്രത്തിന്‍റെ ഒരു പ്രധാന ഭാഗമാണ് ദേവ്ബന്ദീ ഉലമാക്കളും ദാറുല്‍ഉലൂമും.
ലോകത്തുടനീളം വിശിഷ്യാ, ഇന്ത്യ മഹാരാജ്യത്തിന്‍റെ മൂലകളിലെല്ലാം കാണപ്പെടുന്ന മദ്റസകള്‍ പോലെ ദീനിന്‍റെ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനായി മാത്രം സ്ഥാപിതമായ ഒരു മദ്റസയല്ല ദേവ്ബന്ദിലെ ദാറുല്‍ ഉലൂം. മറിച്ച്, ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഒരു വലിയ പ്രസ്ഥാനത്തിന്‍റെ പേരാണത്. പരിശുദ്ധ ദീനിനെ എല്ലാ അര്‍ത്ഥത്തിലും തനതായ രൂപത്തില്‍ കാത്തുസൂക്ഷിക്കുകയും എല്ലാ കൈകടത്തലുകള്‍ക്കും മാറ്റത്തിരുത്തലുകള്‍ക്കും വിമര്‍ശന-നിഷേധങ്ങള്‍ക്കുമതീതമായി ലോകം മുഴുവന്‍ സത്യ ദീന്‍ അതിന്‍റെ സുന്ദരമായ രൂപത്തില്‍ നിലനിര്‍ത്താന്‍ സര്‍വസ്വവും അര്‍പ്പണം ചെയ്ത് വഴികേടുകളുടെയും സത്യനിഷേധത്തിന്‍റെയും അനാചാരങ്ങളുടെയും കൊടുങ്കാറ്റുകള്‍ക്കു നടുവില്‍ പതറാതെ കുലുങ്ങാതെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു വട വൃക്ഷമാണ് ദാറുല്‍ ഉലൂം. ഏതെങ്കിലും ചില സ്ഥാപനങ്ങളെയോ, പ്രത്യേകം ചില ആളുകളെയോ, സംഘടനയെയോ ഉദ്ദേശിച്ചു പറയപ്പെടുന്ന പദമല്ല ദേവ്ബന്ദീ എന്നത്. മേല്‍ വിവരിച്ച സത്യസരണിയുടെ വക്താക്കളായി അതില്‍ ഉറച്ചുനില്‍ക്കുന്ന, ദീനിനെയും ബുദ്ധിയെയും നിരാകരിക്കാത്ത എല്ലാവരും ദേവ്ബന്ദികളാണ്.
മര്‍ഹൂം അല്ലാമാ ഇഖ്ബാല്‍ ഇവ്വിഷയകമായി വളരെ ഉയര്‍ന്ന വിവരണം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു. 'ഈ ദേവ്ബന്ദീ എന്നാല്‍ എന്താണ്.? ഏതെങ്കിലും പാര്‍ട്ടിയോ, പ്രസ്ഥാനമോ ആണോ?' അദ്ദേഹം പറഞ്ഞു: "പാര്‍ട്ടിയുമല്ല, പ്രസ്ഥാനവുമല്ല. ബുദ്ധിപരമായി കാര്യങ്ങളെ ഇഷ്ടപ്പെട്ടു അംഗീകരിക്കുന്ന ശരിയായ ദീനുള്ള എല്ലാവരും ദേവ്ബന്ദികളാണ്. ഇത്ര സരളമായ വിവരണം നല്‍കാന്‍ അദ്ദേഹത്തിനു മാത്രമേ കഴിയുകയുള്ളൂ. ചുരുക്കത്തില്‍ ദേവ്ബന്ദിയെന്നത് ഒരു പ്രത്യേക പാര്‍ട്ടിയോ, സംഘടനയോ പുതിയ പ്രസ്ഥാനമോ ഒന്നുമല്ല. മറിച്ച്, പരിശുദ്ധ ദീനിന്‍റെ സത്യമായ, നേരായ സര്‍വ്വ വിഷയങ്ങളിലും മധ്യമായ നില സ്വീകരിച്ചു നിലകൊള്ളുന്ന ഒരു ചിന്താധാരയും സല്‍സരണിയുമാണ്. ഇതു ചില ആളുകള്‍ കൂടി സ്വയം നിര്‍മ്മിച്ചതല്ല. അടിസ്ഥാനപരമായി ഈ ചിന്താധാര അല്ലാഹുവിങ്കല്‍ നിന്നും അവന്‍റെ ചില ഇഷ്ടദാസന്മാരില്‍ അവന്‍ ഇല്‍ഹാമിയ്യായി തെളിച്ചു കൊടുത്ത വഴിയാണ്. ഈ വഴിയുടെ ഇല്‍ഹാമിയ്യായ ചരിത്രവും കൂടി ഉള്‍പ്പെട്ടാല്‍ മാത്രമേ ഇതിന്‍റെ യഥാര്‍ഥ ചിത്രം വ്യക്തമാകുകയുള്ളൂ.
ഈ വഴിയുടെ ഉറവിടം ഷാഹ് വലിയുല്ലാഹിദ്ദഹ്ലവി (റഹ്) യിലാണ് ചെന്നെത്തുന്നത്. ദാറുല്‍ ഉലൂമിന്‍റെയും ദേവ്ബന്ദിയ്യത്തിന്‍റെയും അടിസ്ഥാന പരമ്പര ഇന്ത്യയിലെ ഷാഹ് വലിയ്യുല്ലാഹ് ദഹ്ലവിയിലൂടെ മുറിയാത്ത പരമ്പരകളിലായി നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലേക്കു ചെന്നെത്തുന്നതാണ്. ശാഹ് വലിയ്യുല്ലാഹിയില്‍ നിന്നും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരായ ശാഹ് അബ്ദുല്‍ അസീസ് (റഹ്), പിന്നീട് ശാഹ് മുഹമ്മദ് ഇസ്ഹാഖ് (റഹ്), ശേഷം ശാഹ് അബ്ദുല്‍ അസീസ് വഴിയായി ദാറുല്‍ ഉലൂമിന്‍റെ സ്ഥാപകരായ ഖാസിം നാനൂത്തവി (റഹ്), റഷീദ് അഹ്മദ് ഗംഗോഹി (റഹ്) എന്നിവരിലേക്ക് എത്തിച്ചേര്‍ന്നു. ദാറുല്‍ ഉലൂം സ്ഥാപിക്കുകയും അതുവഴി ഈ ചിന്താസരണി ലോകം മുഴുവന്‍ പ്രചരിക്കുകയും ആ സരണിയിലൂടെ പരിശുദ്ധ ദീനിന്‍റെ യഥാര്‍ഥ അധ്യാപനങ്ങളെ എല്ലാ ന്യൂനതകളില്‍ നിന്നും സംസ്കരിച്ച് പൂര്‍ണ്ണ ശോഭയോടെ കാത്തു സൂക്ഷിച്ചു നിലനിര്‍ത്തുകയും ലോകം മുഴുവന്‍ ഇതിന്‍റെ വക്താക്കളെ വളര്‍ത്തിയെടുത്ത് അവരില്‍ കൂടി പ്രചരിപ്പിക്കുകയും ഇന്നും അതു തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.
പരിശുദ്ധ ഖുര്‍ആനിന്‍റെയും തിരുസുന്നത്തിന്‍റെയും അദ്ധ്യാപനങ്ങളെ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും വിവരിക്കുകയും ചെയ്യുന്നതില്‍ ശാഹ് വലിയ്യുല്ലാഹിക്ക് ഒരു പ്രത്യേക ശൈലിയും വേറിട്ട രീതിയുമുണ്ട്. ഒന്നാമതായി, ഇതിന്‍റെ തുടക്കവും അടിസ്ഥാനവും അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്യി (ഖുര്‍ആന്‍-ഹദീസ്) ന്‍റെ ഇല്‍മും അതിലുള്ള അഗാധ പാണ്ഡിത്യവും. രണ്ടാമതായി, കാലോചിതമായി ആര്‍ക്കും നിഷേധിക്കാനാവാത്തവിധം സര്‍വ്വരും ബുദ്ധിപരമായി അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകുന്ന തരത്തിലുള്ള ശരീഅത്തിന്‍റെ നിയമങ്ങള്‍ എല്ലാ കാലത്തും ഏവര്‍ക്കും ഏറ്റവും ഉപകാരപ്രദവും പ്രായോഗികവുമാണെന്നുള്ള ബുദ്ധിപരമായ തെളിവുകളെയും നിയമങ്ങളില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളെയും പ്രയോജനങ്ങളെയും വ്യക്തമാക്കിക്കൊണ്ടുള്ള സമര്‍ത്ഥനം.
കാലോചിതവും പ്രായോഗികവുമാണ് ശറഇന്‍റെ എല്ലാ നിയമങ്ങളും എന്നു സമ്മതിക്കാന്‍ ഈ രണ്ട് മാര്‍ഗ്ഗങ്ങളും മനുഷ്യരെ നിര്‍ബന്ധിതരാക്കുന്നു. ഈ മാര്‍ഗ്ഗങ്ങള്‍ സ്വയം ബുദ്ധിയില്‍ തെളിഞ്ഞതോ, ആലോചിച്ചു കണ്ടുപിടിച്ചതോ അല്ല. മറിച്ച്, ഇല്‍ഹാമിയ്യായ വഴിയില്‍ അദ്ദേഹത്തില്‍ വന്നെത്തിയതാണ്. ഇതിനെ സംബന്ധിച്ച് അദ്ദേഹം തന്നെ തന്‍റെ ലോകപ്രശസ്ത ഗ്രന്ഥമായ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയില്‍ എഴുതുന്നു: ഒരു ദിവസം അസ്ര്‍ നമസ്കാരാനന്തരം ഞാന്‍ അല്ലാഹുവിന്‍റെ ധ്യാനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. പൊടുന്നനെ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പരിശുദ്ധ റൂഹ് പ്രത്യക്ഷപ്പെടുകയും എന്‍റെ ഉച്ഛി മുതല്‍ എന്തോ എന്നെ പൊതിയുകയും ചെയ്തു. എന്‍റെ മേല്‍ ഒരു തുണിയിട്ട് എന്നെ പൊതിയപ്പെടുന്നതുപോലെ അപ്പോള്‍ എനിക്ക് അനുഭവപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ ഇതു ദീന്‍ വിശദീകരിക്കുന്നതിനുള്ള ഒരു പ്രത്യേക സരണിയിലേക്കുള്ള സൂചനയാണെന്ന് എന്‍റെ ഹൃദയത്തില്‍ തെളിയുകയുണ്ടായി. അപ്പോള്‍ എന്‍റെ ഹൃദയത്തില്‍ ഒരു പ്രകാശം തെളിയുകയും ആ പ്രകാശം ക്രമേണ വര്‍ദ്ധിച്ചു പരന്നുകൊണ്ടിരിക്കുകയും ചെയ്തു. കുറേ നാളുകള്‍ക്കു ശേഷം എന്‍റെ റബ്ബ് എന്‍റെ മനസ്സില്‍ ഇല്‍ഹാം തന്നു. ഈ പരന്നു കൊണ്ടിരിക്കുന്ന പ്രകാശത്തെ വെളിവാക്കാനായി ഞാനൊരു ദിവസം തയ്യാറാകണമെന്നും ഭൂമി അല്ലാഹുവിന്‍റെ പ്രകാശത്താല്‍ തിളങ്ങുകയും അതിന്‍റെ കിരണങ്ങള്‍ അസ്തമയ സമയത്തു പ്രതിഫലിക്കുകയും (ഹൃദയത്തിന്‍റെ നാനാഭാഗത്തും ആ പ്രകാശം എല്ലാ സമയത്തും വലയം ചെയ്യുന്നതായി) റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) കൊണ്ടുവന്ന ശക്തമായ തെളിവുകളോടെ ആധികാരികതയുടെ പൂര്‍ണ്ണ വസ്ത്രമണിഞ്ഞു പ്രത്യക്ഷപ്പെടേണ്ട ആവശ്യത്തിനായി (ബുദ്ധിപരമായ എല്ലാ ചിന്തകള്‍ക്കും സര്‍വ സമ്മതമായ നിലയില്‍ വിവരിക്കപ്പെടുന്നതിന്) ഞാന്‍ തയ്യാറാകാന്‍ എന്‍റെ മേല്‍ മുമ്പുതന്നെ തീരുമാനിക്കപ്പെട്ടതാണ് എന്നു മനസ്സില്‍ ബോധ്യപ്പെട്ടു.
പിന്നീട് ഒരു ദിവസം മക്കയില്‍ വെച്ച് രണ്ട് ഇമാമുകളായ ഹസന്‍ (റ), ഹുസൈന്‍ (റ) എന്നിവരെ സ്വപ്നത്തില്‍ കാണുകയും അവരെന്നെ ഒരു പേന ഏല്‍പ്പിക്കുകയും ഇത് ഞങ്ങളുടെ ഉപ്പാപ്പ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പേനയാണെന്നു പറയുകയും ചെയ്തതായി കണ്ടു. ദീനീ നിയമങ്ങളുടെയും ശരീഅത്തിന്‍റെ രഹസ്യങ്ങളും പ്രായോഗികതയും പ്രയോജനങ്ങളും വിവരിക്കുന്നതും പ്രാരംഭ പഠിതാക്കള്‍ക്കു മാര്‍ഗദര്‍ശനവും പഠനത്തിന്‍റെ അന്ത്യഘട്ടത്തിലെത്തിയവര്‍ക്കു ഉപദേശവുമാകുന്നതുമായ ഒരു ഗ്രന്ഥമെഴുതണമെന്ന് അന്നുമുതല്‍ ദീര്‍ഘനാള്‍ ആലോചിച്ചു കൊണ്ടിരുന്നു. (അതിന്‍റെ പൂര്‍ത്തീകരണമാണ് ഹുജ്ജത്തുല്ലാഹില്‍ ബാലിഗയുടെ രചന).
ഖുര്‍ആനിന്‍റെ ആയത്തുകളും ഹദീസുകളും ഉദ്ധരിച്ച് ദീനീ നിയമങ്ങള്‍ പറഞ്ഞാല്‍ ഖുര്‍ആനോടും ഹദീസിനോടുമുള്ള ആദരവിന്‍റെ പേരില്‍ സമ്മതിക്കുന്ന കാലം ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്നും സര്‍വ്വ കാര്യങ്ങളും ബുദ്ധിയുടെ ത്രാസില്‍ തുക്കിയേ ജനം അംഗീകരിക്കുകയുള്ളൂവെന്നും അതിനാല്‍ ശറഇന്‍റെ നിയമങ്ങള്‍ക്ക് ബുദ്ധിപരമായ പ്രയോജനങ്ങളും സമര്‍ത്ഥനങ്ങളും ആവശ്യമാണെന്നും മേല്‍ പ്രസ്താവ്യം സൂചിപ്പിക്കുന്നു. ഈ കാര്യങ്ങളും വ്യക്തമാക്കാനാണ് ലോകപ്രശസ്തമായ കിതാബ് ഹുജ്ജത്തുല്ലാഹില്‍ ബാലിഗ രചിച്ചത് എന്നും സൂചിപ്പിക്കുന്നു. എന്നാല്‍, ബുദ്ധിപരമായ ഈ സമര്‍ത്ഥനങ്ങളും തെളിവുകളും ശറഈ നിയമങ്ങളുടെ അടിസ്ഥാനമോ മാനദണ്ഡമോ അല്ല. മറിച്ച്, അതിന്‍റെ അടിസ്ഥാനം പരിശുദ്ധ വഹ്യും ബലവത്തായ ഹദീസുകളും തന്നെയാണ്. മറ്റുള്ളവയെല്ലാം എളുപ്പത്തില്‍ നിയമങ്ങളെ മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള ഒരു ഉപാധി മാത്രമാണ്. അതിനാല്‍, ശറഇന്‍റെ നിയമങ്ങള്‍ അംഗീകരിക്കപ്പെടുന്നതിന് ബൗദ്ധികമായ ഈ തെളിവുകളും പ്രയോജനങ്ങളും വ്യക്തമായി തെളിയണമെന്നു നിബന്ധനയില്ല. ഖുര്‍ആന്‍ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ട കാര്യം ബൗദ്ധിക രേഖകള്‍ക്കും ബാഹ്യപ്രയോജനങ്ങള്‍ക്കും എതിരായി വന്നാല്‍ പോലും ദീനിന്‍റെ രേഖക്കാണ് പ്രാധാന്യവും അംഗീകാരവും. ഈ വിഷയവും വളരെ വ്യക്തമായിത്തന്നെ അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്.
"ആളുകളെല്ലാം സ്വയം അഭിമാനം കൊള്ളുകയും പലവഴിക്കു തിരിയുകയും ചെയ്തപ്പോള്‍ ഒരു വിഭാഗം ഖുര്‍ആന്‍-ഹദീസുകളെ മാത്രം മുറുകെ പിടിക്കുകയും മുന്‍ഗാമികളുടെ വിശ്വാസങ്ങളെ അണപ്പല്ലു കൊണ്ട് കടിച്ചു പിടിക്കുകയും ചെയ്തു. ബൗദ്ധിക നിബന്ധനകളോടു യോജിക്കലോ, വിയോജിക്കലോ അവര്‍ പരിഗണിച്ചതേയില്ല. അങ്ങിനെ എന്തെങ്കിലും പറഞ്ഞാല്‍ തന്നെ അത് എതിരാളിയെ ഉത്തരം മുട്ടിക്കാനും അവര്‍ക്കു മറുപടിയായിട്ടു മനസ്സിനു ഉറപ്പും സമാധാനവും കൂടുതലാകാന്‍ വേണ്ടിയും മാത്രമാണ്. ആ തെളിവുകളില്‍ നിന്ന് അഖീദ സമര്‍ത്ഥിക്കാനായിരുന്നില്ല. ഇവരാണ് യഥാര്‍ഥ അഹ്ലുസ്സുന്നത്ത്. ഇതു വിശ്വാസപരമായ കാര്യങ്ങളില്‍ മാത്രമല്ല. കര്‍മ്മപരമായ കാര്യങ്ങളിലും ഇതുതന്നെയാണു സ്ഥിതി.
വ്യക്തമായ സ്വഹീഹായ ഹദീസുകൊണ്ട് സ്ഥിരപ്പെട്ട കാര്യങ്ങള്‍ അതിന്‍റെ പ്രയോജനങ്ങള്‍ നമ്മുടെ ബുദ്ധിക്കു മനസ്സിലായാലും ഇല്ലെങ്കിലും അതംഗീകരിക്കല്‍ നിര്‍ബന്ധമാണ്. കാരണം, അധികം പ്രയോജനങ്ങളും നമ്മുടെ ബുദ്ധികൊണ്ടു മാത്രം ഗ്രഹിക്കാന്‍ കഴിയുന്നതല്ല. മാത്രമല്ല, നമ്മുടെ ബുദ്ധിയെക്കാള്‍ നമുക്ക് ഉറച്ചു വിശ്വസിക്കാവുന്നതും നാം സമ്മതിച്ച് ഉറപ്പിക്കേണ്ടതും നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെയാണ്." (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ)
ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി ബുദ്ധിപരമായ തെളിവുകളിലൂടെ ശരീഅത്തിനെ സര്‍വ്വ സമ്മതമായി വിവരിക്കാന്‍ തയ്യാറായെങ്കിലും എല്ലാ കാലത്തും ദീനിനെതിരില്‍ വരുന്ന എല്ലാ വെല്ലുവിളികളെയും നേരിടാനും ദീനിനെ തനതായ രൂപത്തില്‍ നിലനിര്‍ത്താനും ആവശ്യമായ മാര്‍ഗ്ഗങ്ങളെല്ലാം സ്വീകരിക്കണമെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ഈ വ്യക്തമായ പാത ശാഹ് വലിയ്യുല്ലാഹിയില്‍ നിന്നും ശിഷ്യന്മാരിലൂടെ പരമ്പരയായി ശാഹ് അബ്ദുല്‍ ഗനിയ്യില്‍ എത്തി. അദ്ദേഹത്തിന്‍റെ കാലത്ത് ഇന്ദ്രിയഗോചരമായ കാര്യങ്ങള്‍ മാത്രമേ വിശ്വസിക്കൂ എന്ന വാദവുമായി ചിലര്‍ രംഗത്തു വന്നു. അപ്പോള്‍ ബുദ്ധിപരമായ തെളിവുകള്‍ക്കുമപ്പുറം ദീനിനെ ഇന്ദ്രിയഗോചര വസ്തുക്കളുടെ തെളിവുകളുടെ വെളിച്ചത്തില്‍ സമര്‍ത്ഥിക്കാന്‍ അദ്ദേഹം വഴികാട്ടി. ഈ വഴികളെല്ലാം അവസാനമായി വന്നുസമ്മേളിച്ചത് അല്ലാമാ ഖാസിം നാനൂത്തവിയിലായിരുന്നു. ശാഹ് വലിയുല്ലാഹിയുടെ വൈജ്ഞാനിക രഹസ്യങ്ങളിലേക്കു കടന്നു ചെല്ലാനുള്ള യഥാര്‍ഥ ഗോവണി ഖാസിം നാനൂത്തവി തന്നെയാണെന്ന് അന്നുതന്നെ പല മഹാന്മാരും പ്രവചിച്ചിട്ടുണ്ട്.
ഖാസിം നാനൂതവിയുടെ കാലം ഇതിനെല്ലാം സാക്ഷ്യം വഹിച്ച കാലമായിരുന്നു. ഫല്‍സഫയും സയന്‍സുമെല്ലാം ചെന്നെത്തിയ ബുദ്ധിപരമായ കാര്യങ്ങളില്‍ നിന്നും ജനം മാറിച്ചിന്തിക്കുകയും ന്യൂട്ടന്‍റെയും മറ്റും കാലം മാറി ആ സ്ഥാനം ലെനിനും സ്റ്റാലിനും കയ്യടക്കുകയും ഭൗതികവാദം ശക്തി പ്രാപിക്കുകയും ചെയ്തു. അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കാനായിത്തന്നെ സംഘടനകളും പ്രസ്ഥാനങ്ങളും ഉടലെടുത്തു. ഇതെല്ലാം സധൈര്യം നേരിടാനും ഇസ്ലാമിക വിശ്വാസപ്രമാണങ്ങളെ ഭൗതികവാദികള്‍ക്കു മുന്നില്‍ അവരുടെ വാദഗതികളെ ഖണ്ഡിച്ചു കൊണ്ട് സമര്‍ത്ഥിക്കാനും ഇവര്‍ക്കു കഴിഞ്ഞു. പോര്‍ച്ചുഗീസുകാരുടെയും ഫ്രഞ്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും കുതന്ത്രങ്ങള്‍ വഴിയായി ജനങ്ങള്‍ ഇസ്ലാമിക വിശ്വാസങ്ങളില്‍ നിന്ന് പുറത്താകുകയും ദീനില്‍ നിന്നും അകലുകയും. ചെയ്തപ്പോള്‍ അവരെ ദീനിലേക്കു മടക്കിക്കൊണ്ടു വാരാനും ഉറപ്പിച്ചു നിര്‍ത്താനും ശ്രമിച്ചു. എക്കാലവും ഇതിനു സമര്‍ത്ഥരായ ഒരു വിഭാഗത്തെ വാര്‍ത്തെടുക്കാനായിട്ടാണ് ദാറുല്‍ ഉലൂം സ്ഥാപിച്ചത്.
ഖുര്‍ആന്‍-ഹദീസില്‍ കൂടി സ്ഥിരീകരിക്കപ്പെട്ട് ദീനിന്‍റെ നിയമങ്ങളെ ശക്തമായി നിലനിര്‍ത്തുകയും അതിനെതിരില്‍ വരുന്ന എല്ലാ വാദഗതികളെയും തുറന്നുകാട്ടുകയും മുസ്ലിംകള്‍ക്കിടയിലുള്ള ഭിന്നിപ്പുകളെ ഇല്ലാതാക്കി, അവര്‍ക്കിടയില്‍ ഐക്യവും സഹകരണവും ഉണ്ടാക്കിത്തീര്‍ക്കുകയും വിശ്വാസ-കര്‍മ്മ-വൈജ്ഞാനിക-സംസ്കരണ പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ ഏകോപിപ്പിക്കലുമായിരുന്നു ഈ സരണിയുടെ അടിസ്ഥാന ലക്ഷ്യം. ഈ ലക്ഷ്യത്തില്‍ അണിചേരുന്ന എല്ലാവരും ദേവ്ബന്ദികള്‍ തന്നെയാണ്. ഈ മഹാന്മാര്‍ ദീനിന്‍റെ ഭിന്നിച്ചു നിന്ന എല്ലാ ശാഖകളെയും യോജിപ്പിച്ച് ഒരേ ചരടില്‍ കോര്‍ത്തിണക്കി. ത്വരീഖത്തില്‍ നിന്നും അകന്നു നിന്നു വെറും ബാഹ്യ ശരീഅത്തിനെയും, ശരീഅത്തിനു യാതൊരു വിലയും കല്‍പ്പിക്കാത്ത തീവ്രമായ ത്വരീഖത്ത് വാദത്തെയും അകറ്റി നിര്‍ത്തി രണ്ടിനെയും ഒരു പക്ഷിയുടെ ഇരു ചിറകുകളാക്കി കൂട്ടിയിണക്കി. രണ്ടും സമ്മേളിപ്പിച്ചുകൊണ്ടു പ്രശോഭിതമായ സത്യസരണി തെളിച്ചു. ത്വരീഖത്തിന്‍റെ തന്നെ വ്യത്യസ്ത ശാഖകളെ തമ്മില്‍ യോജിപ്പിച്ചു. ഒരു കയ്യില്‍ ശരീഅത്തിന്‍റെ പാനപാത്രവും മറുകയ്യില്‍ ത്വരീഖത്തില്‍ അധിഷ്ഠിതമായ പ്രേമത്തിന്‍റെ രേഖകളുമായി സഞ്ചരിച്ചു.
ഇതിനിടയില്‍, പുറത്തു നിന്ന് ക്രൈസ്തവതയും ആര്യസമാജവും ഖാദിയാനിസവും ശീഇസവുമെല്ലാം തലപൊക്കിയപ്പോള്‍ അവകളെയും, അകത്തു നിന്നും ഉയര്‍ന്ന അനാചാരങ്ങളുടെ വിളനിലമായ ബറേലവിസം, ശരീഅത്തിന്‍റെ പിന്തുണയില്ലാത്ത സൂഫിസം, മദ്ഹബ് നിഷേധം തുടങ്ങിയവയെയും അവര്‍ സധൈര്യം നേരിട്ടു. അങ്ങനെ സത്യമായ പാതയില്‍ ഉമ്മത്തിനെ നില നിര്‍ത്താന്‍ അശ്രാന്ത പരിശ്രമം തുടരുകയും അതിനെ വിജയിപ്പിച്ച് മധ്യമായ ശരീഅത്തിന്‍റെ പാതയില്‍ ജനത്തെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തു. "എല്ലാ പിന്‍ഗാമികളിലും നീതിമാന്മാരായ സംഘം ഈ അറിവിനെ ഏറ്റെടുക്കുകയും അതിര്‍ലംഘിക്കുന്നവരുടെ കൈകടത്തലുകളും വിവരദോഷികളുടെ വ്യാഖ്യാനങ്ങളും നാശകാരികളുടെ മാറ്റത്തിരുത്തലുകളും ഇതില്‍ നിന്നും നീക്കം ചെയ്ത് (ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും വൈജ്ഞാനിക മേഖലകളെ) സുരക്ഷിതമായി അവര്‍ നിലനിര്‍ത്തും" എന്ന ഹദീസിന്‍റെ വ്യക്തമായ തെളിവുകളായി ഇന്നും ദേവ്ബന്ദീ ഉലമാക്കള്‍ നിലകൊള്ളുന്നു. ഈ സത്യസുന്ദരമായ പാതയാണ് അവരുടെ വഴി. ഇതാണ് വിശ്വാസ-കര്‍മ്മ-വൈജ്ഞാനിക-സംസ്കരണ പാത. അതെ, അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ വ്യക്തമായ, സുന്ദരമായ, മധ്യമായ സല്‍സരണി. ഇതിനെ ശരിക്കും മനസ്സിലാക്കി അനുധാവനം ചെയ്യാന്‍ അല്ലാഹു നാം ഏവര്‍ക്കും അനുഗ്രഹം പ്രദാനം ചെയ്യട്ടെ. ആമീന്‍.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട് ടെ.!
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
🔹🔹🔹🔹🔹🔹
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന് ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
*അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്,
*സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക്
ബന്ധപ്പെടുക: +919961955826
*എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment