Monday, October 7, 2019

പാപങ്ങളോടുള്ള താല്‍പര്യം: നാശങ്ങളുടെ അടിസ്ഥാനം.! -മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


പാപങ്ങളോടുള്ള താല്‍പര്യം: 
നാശങ്ങളുടെ അടിസ്ഥാനം.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2019/10/blog-post_7.html?spref=tw
മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. സഹകരണം മനുഷ്യന്‍റെ പ്രധാന പ്രത്യേകതയാണ്. എന്നാല്‍ സഹകരണത്തിന്‍റെ മാനദണ്ഡമാണ് സമൂഹത്തിലെ നന്മ-തിന്മകളുടെ അടിസ്ഥാനം. അത് നന്നാകുന്നതിനനുസരിച്ച് പ്രയോജനപ്രദമായ പരിണിത ഫലങ്ങളും സുന്ദരമായ അവസ്ഥകളും സംജാതമാകുന്നതാണ്. ഇത്തരുണത്തില്‍, സഹകരണത്തിന്‍റെ വളരെ ഉത്തമമായ ഒരു മാനദണ്ഡമാണ് മാനവികത. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വിടവാങ്ങല്‍ ഹജ്ജില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു: "നിങ്ങളെല്ലാവരും ആദമിന്‍റെ സന്തതികളാണ്. വെളുത്തവനും കറുത്തവനും അറബിക്കും അനറബിയ്ക്കും ഇടയില്‍ യാതൊരു അന്തരവുമില്ല." മുഴുവന്‍ മനുഷ്യരെയും ഒരുപോലെ കാണാനും ഒരുപോലെ കണ്ട് അവരോട് വര്‍ത്തിക്കാനും തങ്ങള്‍ ഉപദേശിച്ചു. 
പഴയ കാലഘട്ടത്തില്‍, കുടുംബബന്ധത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സഹകരണം. കാരണം ഒരു കുടുംബാംഗങ്ങള്‍ ഒരിടത്ത് ഒതുങ്ങിയതിനാല്‍, അവരുടെ പ്രശ്നങ്ങളും ഒരുപോലെയായിരുന്നു. അവര്‍ക്കിടയില്‍, വ്യത്യാസങ്ങളില്ലാത്തതിനാല്‍ ഭിന്നതകളും കുറവായിരുന്നു. എന്നാല്‍ പില്‍ക്കാലങ്ങളില്‍ സാംസ്കാരിക-നാഗരികതകള്‍ ആധിപത്യം സ്ഥാപിച്ചു. മനുഷ്യന്‍റെ സാമൂഹ്യഘടനകളില്‍ മാറ്റം സംഭവിച്ചു. ജീവിതാവശ്യങ്ങള്‍ക്കായി മനുഷ്യര്‍ പലയിടങ്ങളില്‍ പരന്നതിനാല്‍, കുടുംബപരമായ സാമൂഹ്യജീവിതം പരിമിതമായ സ്ഥലങ്ങളില്‍ ഒതുങ്ങി. ജോലിയുടെയും മറ്റും നാഗരിക ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തില്‍, പ്രാദേശികമായ സാമൂഹ്യരീതി നിലവില്‍ വന്നു. ഈ സാമൂഹ്യക്രമത്തില്‍, വിവിധ കുടുംബക്കാരും വ്യത്യസ്ത വിഭാഗക്കാരും വിഭിന്നമതക്കാരും ഇട കലര്‍ന്ന് താമസിക്കാന്‍ തുടങ്ങി. വിവിധ ഭിന്നതകളുടെ അടിസ്ഥാനത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും ഉടലെടുക്കാന്‍ സാധ്യത വര്‍ദ്ധിച്ചു. ഇത്തരുണത്തില്‍, വിവിധ മതങ്ങളുടെയും ഗോത്രങ്ങളുടെയും സംസ്കാരങ്ങളുടെയും പേരില്‍ പരസ്പരം ബന്ധം തകരാതെ നോക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ഏറ്റവും പ്രയോജനപ്രദമായ മാര്‍ഗമാണ് മാനവികതയുടെ അടിസ്ഥാനത്തിലുള്ള ബന്ധം. മുഴുവന്‍ മനുഷ്യരും ആദം സന്തതികളാണ്. ഈ അടിസ്ഥാനത്തില്‍ പരസ്പരം സഹോദരങ്ങളാണ്. ഒരുമിച്ച് ഒരു നാട്ടില്‍ താമസിക്കുന്നതിനാല്‍ അയല്‍വാസികളുമാണ്. ഒരാളുടെ മതവും കുടുംബവും ജാതിയും എന്തുമാകട്ടെ അദ്ദേഹം മനുഷ്യനാണെന്ന പരിഗണനയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ നോക്കിക്കാണേണ്ടതാണ്. ഇത്തരം ഒരു സാമൂഹ്യഘടന വളരെ വ്യക്തമായി നിലനില്‍ക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ. ഇവിടെ വിവിധ മതങ്ങളും വിഭാഗങ്ങളുമുണ്ട്. ഇവിടെ ഏറ്റവും ആവശ്യവും പ്രയോജനകരവുമായ ബന്ധം, മാനുഷികബന്ധം തന്നെയാണ്. ഈയൊരു ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന് ഏകാഗ്രതയോടും നിര്‍മ്മാണാത്മക ശൈലിയിലും പുരോഗമിക്കാനും അപകട-നാശങ്ങളില്‍ നിന്നും സുരക്ഷിതമായിരിക്കാനും സാധിക്കുകയുള്ളൂ. ഈയൊരു ബന്ധത്തെ തകര്‍ക്കാതിരുന്നാല്‍ മറ്റ് ബന്ധങ്ങള്‍ തകരാതെ തന്നെ പരസ്പര സഹകരണം സാധ്യമാകുന്നതാണ്. എന്നാല്‍ ഈ ബന്ധം തകര്‍ത്ത് കളഞ്ഞാല്‍, രാജ്യത്ത് മറ്റെന്ത് പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടന്നാലും യാതൊരു ഗുണവുമുണ്ടാകുന്നതല്ല. നാമൊന്ന് സങ്കല്‍പ്പിക്കുക. ഒരു വീട് ചെറ്റക്കുടിലാണ്. സൗകര്യങ്ങള്‍ കുറവാണ്. പക്ഷെ, അംഗങ്ങള്‍ക്കിടയില്‍ സഹകരണമുണ്ട്. മറ്റൊരു വീട് വിശാലമാണ്. സൗകര്യങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു. പക്ഷെ, അംഗങ്ങള്‍ക്കിടയില്‍ സഹകരണമില്ല. ഇതില്‍ ഒന്നാമത്തെ ഭവനം ഇഹലോകത്തെ സ്വര്‍ഗ്ഗവും രണ്ടാമത്തെ ഭവനം നരകവുമാണ്. 
ഇന്ത്യ, ഹിന്ദുവിന്‍റെയും മുസ്ലിമിന്‍റെയും സിഖുകാരുടെയും ക്രൈസ്തവരുടെയും എല്ലാവരുടെയും നാടാണ്. ഇവര്‍ എല്ലാവരുടെയും പരിശ്രമ ഫലമായാണ് ഈ നാട് സ്വതന്ത്രമായത്. ഇന്ത്യക്കാരെല്ലാവരും അവരവരുടെ വിശ്വാസ ദര്‍ശനങ്ങളില്‍ ബന്ധപ്പെട്ടുകൊണ്ട് തന്നെ, മുഴുവന്‍ ഇന്ത്യക്കാരുടെയും സുരക്ഷയ്ക്കും പുരോഗതിക്കും വേണ്ടി പരിശ്രമിക്കല്‍, നമ്മുടെ വലിയ ഒരാവശ്യമായിരുന്നു. മാനുഷിക ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍, സാമൂഹ്യ ജീവിതം സുന്ദരമാക്കാന്‍ നാം മുന്നിട്ടിറങ്ങേണ്ടിയിരുന്നു. ഇന്ത്യയുടെ ഭരണഘടനയും ഈ വിഷയത്തില്‍ വളരെ വ്യക്തവുമാണ്. പക്ഷെ, ഖേദപൂര്‍വ്വം പറയട്ടെ, സ്വാതന്ത്യത്തിന് ശേഷം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കുടുംബ-മത-ജാതി ബന്ധങ്ങളെ കൂടുതലായി പരിഗണിക്കപ്പെട്ടു. ഇക്കാരണത്താല്‍, രാഷ്ട്രത്തിന്‍റെ നന്മയ്ക്ക് കോട്ടം സംഭവിച്ചു. മത വിഭാഗീയതകളുടെ പ്രശ്നങ്ങളും സംഘട്ടനങ്ങളും വര്‍ദ്ധിച്ചു. മാനുഷിക ബന്ധം ബലഹീനമായി. ഏകാഗ്രതയോടെയുള്ള രാഷ്ട്രീയ മുന്നേറ്റത്തിന് ഇത് വലിയ തടസ്സം സൃഷ്ടിച്ചു. നാമെല്ലാവരും തിരുത്തേണ്ട ഒരു ബലഹീനതയും, ന്യൂനതയുമാണിത്. പക്ഷെ, വലിയ വലിയ ബുദ്ധിജീവികള്‍ പോലും ഈ വിഷയത്തെ ഗൗരവമായി കണ്ടല്ല. ഓരോരുത്തരും ഏതെങ്കിലും പരിമിതമായ ചിന്തയില്‍ തങ്ങളെ തളച്ചിട്ടു. 
മൗനാലാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി, അടിസ്ഥാനപരമായ മതത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും വക്താവായിരുന്നു. മത വൈജ്ഞാനിക മേഖലകളില്‍ വളരെ കൂടുതലായി ബന്ധപ്പെട്ട് കഴിഞ്ഞിരുന്നു. പക്ഷെ, അദ്ദേഹത്തിന് ഉപരിസൂചിത വിഷയത്തില്‍ ശക്തമായ ചിന്തയുണ്ടായി. ഓരോരുത്തരും അവനവന്‍ തിരഞ്ഞെടുത്ത മത തത്വങ്ങളില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ, മാനുഷിക ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ സഹകരിക്കേണ്ടത് എല്ലാവരുടെയും നന്മയ്ക്ക് ആവശ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഇസ്ലാമികമായി നോക്കുമ്പോള്‍ ഇത് തിരുനബി മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രധാന അധ്യാപനവുമാണ്. ജാഹിലിയ്യാ കാലഘട്ടത്തില്‍ പരസ്പരം പോരടിച്ച് തളര്‍ന്ന ഖുറൈശികള്‍ ഒരിക്കല്‍, ഖുറൈശീ പ്രമുഖനായ ഇബ്നു ജദ്ആന്‍റെ വീട്ടില്‍ ഒരുമിച്ച് കൂടി ഇപ്രകാരം ഒരു ശപഥം ചെയ്തു: "മക്കയിലുള്ള മക്കക്കാരും അല്ലാത്തവരുമായ എല്ലാ മര്‍ദ്ദിതനും നീതി ലഭിക്കുന്നത് വരെ നാം അദ്ദേഹത്തെ അനുകൂലിച്ച് പോരാടും." റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇതില്‍ സജീവമായി പങ്കെടുത്തു. പ്രവാചകത്വലബ്ദിക്കു ശേഷം തങ്ങള്‍ അരുളി: "ചുവന്ന ഒട്ടകങ്ങള്‍ എനിക്കു ലഭിക്കുന്നതിനെക്കാള്‍ പ്രിയംകരമായ ഒരു ശപഥത്തില്‍ ഇബ്നു ജദ്ആന്‍റെ വീട്ടില്‍ വെച്ച് ഞാന്‍ പങ്കെടുത്തു. അത്തരമൊരു ശപഥത്തിന് ഇപ്പോള്‍ ക്ഷണിക്കപ്പെട്ടാലും ഞാന്‍ ഉത്തരം നല്‍കുന്നതാണ്. ചുരുക്കത്തില്‍, മാനുഷിക സ്നേഹവും സഹാനുഭൂതിയും ഉണ്ടാക്കിയെടുക്കല്‍ ഇന്നത്തെ വലിയൊരു ആവശ്യമാണെന്ന് മഹാനവര്‍കള്‍ക്ക് മനസ്സിലായി. അങ്ങിനെ ഇതിനായി ഒരു പ്രവര്‍ത്തനം ആരംഭിച്ചു. അതിന്‍റെ പേരാണ് "പയാമെ ഇന്‍സാനിയത്ത്" മാനവികതയുടെ സന്ദേശം. 
വിവിധങ്ങളായ മറ്റ് പല തിരക്കുകള്‍ ഉണ്ടായിരുന്നിട്ടും മൗലാനാ മര്‍ഹൂം ഈ വിഷയത്തിനായി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. നേതാക്കന്മാര്‍ക്കും പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ക്കും വിശദമായ കത്തുകളെഴുതി. ഉജ്ജ്വലമായ പ്രഭാഷണങ്ങള്‍ നടത്തി. അവകളിലെല്ലാം വലിയ വേദനയും ആത്മാര്‍ത്ഥതയും നിറഞ്ഞു നിന്നിരുന്നു. അവയിലൂടെ ആയിരങ്ങളുടെ കണ്ണും കാതും മനസ്സും ഉണര്‍ന്നു. അവസാനം ആ മനുഷ്യ സ്നേഹി നാമെല്ലാവരെയും ദുഃഖത്തിലാഴ്ത്തി നമ്മോട് വിടപറഞ്ഞു. പക്ഷെ, മൗലാനയുടെ മഹത്തായ പ്രവര്‍ത്തനം ഇന്നും എന്നും ഈ നാട്ടില്‍ ആവശ്യമാണ്. അതിലൂടെ മാത്രമേ സന്തുലിതവും ശാന്തവുമായ അവസ്ഥ ഇവിടെ നിലനില്‍ക്കുകയുള്ളൂ. എല്ലാവിധ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനപരമായ ഒരു ആവശ്യമാണിത്. 
നിരവധി നന്‍മകള്‍ അവശേഷിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. കേരളത്തിലും ഈ പ്രവര്‍ത്തനം വളരെ ആവശ്യമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പ്രധാന രചനയാണിത്. അല്ലാഹു ഇതിനെ സ്വീകരിക്കുമാറാകട്ടെ! മൗലാനാ മര്‍ഹൂമിന്‍റെ സ്വര്‍ഗ്ഗീയ സ്ഥാനങ്ങള്‍ ഉയര്‍ത്തുമാറാകട്ടെ! വിവര്‍ത്തകനെയും പ്രസാധകരെയും പ്രചാരകരെയും അനുഗ്രഹിക്കട്ടെ.! നമുക്കേവര്‍ക്കും ഉത്തമ ഗുണങ്ങള്‍ കനിഞ്ഞരുളട്ടെ.! ആമീന്‍. 
മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്വി 
(ചെയര്‍മാന്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

പാപങ്ങളോടുള്ള താല്‍പ്പര്യം: 
നാശങ്ങളുടെ അടിസ്ഥാനം.! 
ചരിത്രാവലോകനം
മനുഷ്യന്‍ ഈ ലോകത്ത്, അടുത്ത സമയത്ത് ഉണ്ടായ പുതിയ ജീവിയല്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യന്‍ ഇവിടെ വസിക്കുന്നു. അവന്‍റെ ചരിത്രം നോക്കിയാല്‍ ഒരുകാര്യം മനസ്സിലാകും. മനുഷ്യചരിത്രം ജലത്തിന്‍റെ ഉപരിതലം പോലെ സദാ ഒരു നിലയിലായിരുന്നില്ല. അതില്‍ ധാരാളം കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ടായിട്ടുണ്ട്. ചിലയിടങ്ങളില്‍ മനുഷ്യന്‍ ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ മറ്റ് ചിലയിടങ്ങളില്‍ മനുഷ്യന്‍ താഴ്ന്ന് കിടക്കുന്നു. ചിലവേള, അത് മനുഷ്യന്‍റെ ചരിത്രമല്ല, രക്തദാഹികളുടെയും മൃഗങ്ങളുടെയും ചരിത്രമാണെന്ന് തോന്നിപ്പോകും. അത് വായിക്കുന്നവര്‍, മനുഷ്യരില്‍ ഇത്തരം ആളുകളും ഉണ്ടായിട്ടുണ്ടല്ലോ എന്ന് ഓര്‍ത്ത് ലജ്ജിക്കുന്നതാണ്. നമ്മെക്കുറിച്ചുള്ള വിലയിരുത്തല്‍ അടുത്ത തലമുറയായിരിക്കും നടത്തുക. എന്നാല്‍ കഴിഞ്ഞ് കടന്നവരെക്കുറിച്ച് അവരെങ്ങനെ ഉള്ളവരായിരുന്നു എന്ന് തീരുമാനമെടുക്കുന്നത് ഇന്നുള്ളവരാണ്. കഴിഞ്ഞ കാലത്തെക്കുറിച്ച് പഠിക്കുമ്പോള്‍ ചില ദുരന്തപൂര്‍ണമായ നാളുകള്‍ നമ്മുടെ ദൃഷ്ടിയില്‍പ്പെടും. നമുക്ക് കഴിയുമായിരുന്നെങ്കില്‍ ചരിത്രത്തില്‍ നിന്നും ആ താളുകള്‍ നാം കീറിക്കളയുമായിരുന്നു. മക്കളുടെ കൈയ്യില്‍ അത് കൊടുക്കുമായിരുന്നില്ല. ചുരുക്കത്തില്‍, ചരിത്രത്തില്‍ ദുരന്തപൂര്‍ണമായ ചില ഘട്ടങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. ആ ചരിത്രങ്ങള്‍ വിവരിക്കലല്ല നമ്മുടെ വിഷയം. അവയുടെ അടിവേരുകള്‍ എന്തായിരുന്നു എന്നാണ് നാം നോക്കേണ്ടത്. സമൂഹം തിന്മയിലേക്ക് ചായുന്നത് വരെ സമൂഹത്തെ വഴിതെറ്റിക്കുക സാധ്യമല്ല. 
ഏതെങ്കിലും ചില വ്യക്തികളെയോ ചിലപ്പോള്‍ ഒരു വ്യക്തിയെയോ മാത്രം സമൂഹത്തിന്‍റെ നാശകാരണമായി ചിത്രീകരിക്കലാണ്, സാധാരണ രീതി. ഏതാനും വ്യക്തികള്‍ ഒരു സമൂഹത്തെ മുഴുവന്‍ തിന്മയിലേക്ക് തിരിച്ചുവിട്ടുവെന്ന് പൊതുവില്‍ പറയപ്പെടാറുണ്ട്. ഈ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. ചരിത്ര പഠനത്തിന്‍റെ വെളിച്ചത്തില്‍ പറയട്ടെ, ഒരു മത്സ്യം കുളത്തെ നാശമാക്കിയാലും, ഒരു വ്യക്തിക്ക് സമൂഹത്തെ നാശമാക്കാന്‍ കഴിയുന്നതല്ല. നല്ല സമൂഹത്തില്‍ ഒരു മോശപ്പെട്ടവന് ജീവിക്കുകപോലും സാധ്യമല്ല. വെള്ളമില്ലാത്ത മത്സ്യം പിടഞ്ഞു മരിക്കുന്നതുപോലെ തിന്മയെ സ്വീകരിക്കാനും പിന്തുണ നല്‍കാനും തയ്യാറല്ലാത്ത സമൂഹത്തില്‍ തിന്മ, പിടച്ച് ശ്വാസംമുട്ടി മരിച്ചുപോകുന്നതാണ്. 
എല്ലാ കാലത്തും നല്ലവരും ദുഷിച്ചവരും ഉണ്ടായിട്ടുണ്ട്. എന്നാല്‍, മുഴുവന്‍ തിന്മകളുടെയും ഉത്തരവാദിത്വം ദുഷിച്ചവരുടെ തലയില്‍ മാത്രം വെച്ചു കെട്ടുന്നത് ശരിയല്ല. ദുഷിച്ചവര്‍ക്ക് കുറച്ച് സ്വാധീനം ലഭിച്ചെന്ന് വെച്ച് സമൂഹത്തിന്‍റെ നിയന്ത്രണം പൂര്‍ണമായും അവരുടെ കയ്യിലാണെന്നും അവര്‍ വിചാരിക്കുന്നിടത്തേക്കു വളയം തിരിച്ചുവിടുന്നതാണെന്നും ധരിക്കുന്നത് തെറ്റാണ്. മറിച്ച് ഒരു സമൂഹത്തിന്‍റെ നാശത്തിന്‍റെ അടിസ്ഥാന കാരണം തന്നെ, പൊതുവായ നാശമാണ്. അവരുടെ അകം നാശമായി. അവരില്‍ തിന്മയിലേക്ക് താല്‍പര്യം ജനിച്ചു. അവര്‍ സ്വാര്‍ത്ഥരും സ്വയം പൂജകരുമായി. മനസ്സ് മലിനവും പാപപങ്കിലവുമായവരെ, തടഞ്ഞുനിര്‍ത്തുക സാധ്യമല്ല. അവരെ ചങ്ങലയില്‍ ബന്ധിപ്പിച്ചാലും പാപത്തില്‍ നിന്നും അവര്‍ മാറുന്നതല്ല. 
സ്വാര്‍ത്ഥനായ മനുഷ്യന്‍ 
ഞങ്ങളും ഞങ്ങളുടെ ബന്ധുമിത്രങ്ങളും മാത്രമാണ് മനുഷ്യര്‍. മറ്റെല്ലാവരും ഞങ്ങളുടെ സേവകരാണ് എന്ന് ധരിക്കുന്ന ആളുകള്‍ എക്കാലവും ലോകത്തുണ്ടായിട്ടുണ്ട്. കോടിക്കണക്കിന് ജനങ്ങള്‍ ലോകത്ത് വസിക്കുന്നത് അവര്‍ കാണാറുണ്ടെങ്കിലും തങ്ങളുടെ പരിമിതമായ ആളുകളെ മാത്രമേ അവര്‍ മനുഷ്യരായി കാണുകയുള്ളൂ. ഈ ലോകത്ത് തങ്ങളുടെ കുടുംബത്തില്‍പ്പെട്ട പത്ത്-ഇരുപത് പേര്‍ മാത്രമേ ജീവിക്കാവൂ എന്നാണ് അവരുടെ ധാരണ. തങ്ങളുടെയും കുടുംബത്തിന്‍റെയും പ്രശ്നങ്ങള്‍ കാണാന്‍ അവര്‍ക്ക് സൂക്ഷ്മദര്‍ശിനി ഉണ്ട്. മറ്റുള്ളവരെ കാണാന്‍ അവരുടെ കണ്ണ് പോലും തുറക്കില്ല. ചിലര്‍ക്ക് രണ്ട് കണ്ണടകള്‍ കാണും. ഒന്നിലൂടെ സ്വന്തം കാര്യവും മറ്റൊന്നിലൂടെ മറ്റുള്ളവരുടെ കാര്യങ്ങളും അവര്‍ നോക്കുന്നതാണ്. ഒന്നിലൂടെ അവരുടെ ചെറിയ കാര്യങ്ങളെ പര്‍വ്വതവും, മറ്റുള്ളവരുടെ വലിയ കാര്യങ്ങളെ ധാന്യമണിയുമായി അവര്‍ കാണുന്നതാണ്. 
അവസ്ഥ നന്നാക്കാനുള്ള വിവിധ അഭിപ്രായങ്ങള്‍ 
ലോകത്തുണ്ടാകുന്ന ഇത്തരം നാശകരമായ അവസ്ഥകള്‍ നന്നാക്കാന്‍ മനുഷ്യര്‍ വിവിധ പദ്ധതികള്‍ ചിന്തിച്ചെടുക്കുകയും പ്രായോഗികവല്‍ക്കരിക്കാന്‍ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. ചിലര്‍ പറഞ്ഞു: "മനുഷ്യന് വയര്‍ നിറയെ ആഹാരം ലഭിക്കാത്തതാണ് നാശങ്ങളുടെ അടിസ്ഥാന കാര ണം." അവര്‍ ഇതിനെ മുന്നില്‍ വെച്ചുകൊണ്ട് പരിശ്രമിച്ചു എന്നാല്‍ ഇതിലൂടെ പാപം പെരുകാന്‍ തുടങ്ങി. കാരണം മുമ്പ് മനുഷ്യന്‍ ബലഹീനമായിരുന്നു. പാപവും ബലഹീനമായിരുന്നു. എന്നാല്‍ ജീവഹാരം (ഢശമേഹശ്യേ) നല്‍കപ്പെട്ടപ്പോള്‍ പാപവും ശക്തി പ്രാപിച്ചു. മനസ്സും ചിന്തയും മാറാതെ ശക്തി മാത്രം കൂടിയപ്പോള്‍ പാപത്തിന്‍റെ ശക്തിയും വര്‍ദ്ധിച്ചു. മുന്‍പ് കീറിപ്പറഞ്ഞ വസ്ത്രത്തില്‍ നടന്നിരുന്ന തിന്മകള്‍, മിന്നിത്തിളങ്ങുന്ന തുണിത്തരങ്ങളിലായി. മുന്‍പ് ബലഹീനമായ കാരണങ്ങളിലൂടെ നടന്ന പാപങ്ങള്‍, ഇപ്പോള്‍ ശക്തിമത്തായ കൈകളിലൂടെയായി. 
മറ്റ് ചിലര്‍ പറഞ്ഞു: "അജ്ഞതയാണ് അടിസ്ഥാനം. അത് കൊണ്ട് വിദ്യാഭ്യാസ സൗകര്യം വര്‍ദ്ധിപ്പിക്കണം." അങ്ങനെ വിജ്ഞാനം വര്‍ദ്ധിച്ചു. ജനങ്ങള്‍ നവന്യൂതന അറിവുകളും ഭാഷകളും കരസ്ഥമാക്കി. എന്നാല്‍ മനസ്സ് നാശമാവുകയും ബുദ്ധി വളയുകയും മനം പാപപങ്കിലമാകുകയും ചെയ്ത മനുഷ്യര്‍, അറിവിനെ നാശത്തിനുള്ള മാധ്യമമാക്കി. കള്ളന്‍ ഇരുമ്പ് പണി പഠിച്ചാല്‍ അവന് പൂട്ട് പൊളിക്കാന്‍ എളുപ്പമാകുമല്ലോ.! അതെ, ദൈവ ഭയവും മാനവസ്നേഹവും ഇല്ലാത്ത അക്രമികള്‍ക്ക് അറിവ്, അക്രമ-നാശങ്ങളുടെ ആയുധം മാത്രമാണ്. അത് അവര്‍ക്ക് പാപങ്ങളുടെ പുതിയ ശൈലികള്‍ പഠിപ്പിച്ച് കൊടുക്കുന്നതാണ്. 
മറ്റൊരു കൂട്ടര്‍ പറഞ്ഞു: "സംഘടിത ശക്തിയാണ് പ്രശ്ന പരിഹാരത്തിന്‍റെ വഴി." അവരുടെ ശേഷികള്‍ മുഴുവന്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ അവര്‍ ചിലവഴിച്ചു. തല്‍ഫലമായി, പിഴച്ച വ്യക്തികളുടെ പിഴച്ചകൂട്ടം നിലവില്‍ വന്നു. ഇന്നലെ വരെ, അസംഘടിതമായി നടന്നിരുന്ന പാപങ്ങള്‍ ഇന്ന് സംഘടിതമായി നടക്കാന്‍ തുടങ്ങി. സംഘടിത ഗൂഢാലോചനകളിലൂടെ മോഷണങ്ങളും കൊള്ളയും കൊലയും നടമാടി. ജനങ്ങളുടെ മനസ്സുകള്‍ ശുദ്ധീകരിക്കുകയോ സ്വഭാവം സംസ്കരിക്കുകയോ ചെയ്യാതെ, കണ്ണില്‍ കണ്ടവരെയെല്ലാം പിടിച്ച് സംഘടിപ്പിച്ചപ്പോള്‍, ദുഃസ്വഭാവങ്ങള്‍ക്ക് പുതിയ ശക്തി ലഭിച്ചു. കൊള്ളക്കാര്‍ക്കും കള്ളന്മാര്‍ക്കും ദുഃസ്വഭാവികള്‍ക്കും സംഘടിതശക്തി ലഭിക്കാതിരിക്കണമെന്നാണ് എന്‍റെ അഭിപ്രായം. 
വേറെ ചിലര്‍ പറഞ്ഞു: "ഭാഷകളുടെ വൈവിധ്യവും ആധിക്യവുമാണ് പ്രശ്നങ്ങളുടെ മൂലകാരണം. അത്കൊണ്ട് ഭാഷകളെല്ലാം ഒന്നും സംയുക്തവുമായി തീരണം. ഇതിലാണ് രാജ്യപുരോഗതിയും ജനതയുടെ അഭിവൃദ്ധിയും" എന്നാല്‍ മനുഷ്യരിലും മനുഷ്യ ചിന്തകളിലും മാനസിക താല്പര്യങ്ങളിലും മാറ്റമുണ്ടായിട്ടില്ലെങ്കില്‍ ഭാഷമാത്രം ഒന്നാകുന്നതില്‍ എന്ത് ഗുണമാണുള്ളത്.? ലോകത്തുള്ള കള്ളന്മാരും അക്രമികളും ഒരൊറ്റ ഭാഷ തിരഞ്ഞെടുത്താല്‍ ലോകത്തിന് എന്ത് ഗുണം.? അത് കൊണ്ട് മോഷണവും അക്രമവും ഇല്ലാതാകുമോ.? ഇല്ല, വര്‍ദ്ധിക്കുമെന്നാണ് എന്‍റെ അനുമാനം. 
മറ്റൊരു കൂട്ടര്‍ പറഞ്ഞു: 'ഇന്നത്തെ ഏറ്റവും വലിയ ആവശ്യം സംസ്കാര-നിയമങ്ങള്‍ ഒന്നാകലാണ്.' എന്നാല്‍, ഇവിടുത്തെ പ്രശ്നം സംസ്കാരങ്ങള്‍ക്കിടയിലുള്ള സംഘട്ടനമല്ല സ്വാര്‍ത്ഥതകള്‍ക്കിടയിലുള്ള പിടിവലിയാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. "ഞാനാണ് എല്ലാം, അല്ലാത്തതെല്ലാം ഒന്നുമല്ല." എന്ന നാശകരമായ ചിന്തകള്‍ക്കിടയിലാണ് ഇവിടെ പോരാട്ടം നടക്കുന്നത്. ലോകം മുഴുവന്‍ ഒരൊറ്റ സംസ്കാരമായി തീര്‍ന്നാല്‍ മാനവികതയുടെ നൗക തീരമണിയുമെന്നും, ഒരു രാജ്യത്തിന്‍റെ സംസ്കാരം ഒന്നായി തീര്‍ന്നാല്‍ രാജ്യ നിവാസികളെല്ലാം ഏകോദര സഹോദരങ്ങളാകുമെന്നും നമ്മുടെ നിരവധി നേതാക്കള്‍ ചിന്തയില്ലാതെ പറയാറുണ്ട്. എന്നാല്‍, സംസ്കാര-നിയമങ്ങള്‍ ഒന്നാകലല്ല, മനസ്സുകള്‍ ഒന്നാകലാണ് പ്രയോജനപ്രദം.! ജനങ്ങളുടെ മനസ്സുകള്‍ ഒന്നാകാതെ, ഭാഷയും സംസ്കാരവും നിയമങ്ങളും മാത്രം ഒന്നാകുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല. ഇന്ന് തന്നെ ഒരു ഭാഷയും സംസ്കാരവുമുള്ള ജനങ്ങള്‍ക്കിടയില്‍ ആത്മാര്‍ത്ഥമായ സ്നേഹവും ഐക്യവും കാണപ്പെടുന്നുണ്ടോ.? അവര്‍ പരസ്പരം അക്രമ-വഞ്ചനകള്‍ കാട്ടാതിരിക്കുന്നുണ്ടോ.? അവര്‍ പരസ്പരം പോരടിക്കാറില്ലേ.? 
വേറൊരു കൂട്ടര്‍ പറഞ്ഞു: "വേഷം ഒന്നായി തീര്‍ന്നാല്‍ പ്രശ്നങ്ങള്‍ അവസാനിക്കും. എന്നാല്‍ മറ്റുള്ളവരുടെ കുത്തിന് പിടിത്തവും പോക്കറ്റടിയും പതിവാക്കിയവര്‍ വസ്ത്രത്തെ ആദരിക്കുമോ.? തന്‍റേതുപോലുള്ള വസ്ത്രമാണ് അപരന്‍റെ മേലുള്ളത് എന്ന കാരണത്താല്‍ അവന്‍ ദുരുദ്ദേശത്തില്‍ നിന്നും പിന്‍മാറുമോ.? മാനവികതയെ ആദരിക്കാത്തവന്‍ വസ്ത്രത്തെ എങ്ങനെ ആദരിക്കാനാണ്.? 
മനസ്സിന് മാറ്റമുണ്ടാകാതെ, ജീവിതത്തിന് മാറ്റമുണ്ടാകുന്നതല്ല. 
ചുരുക്കത്തില്‍, മാനവികതയുടെ പ്രശ്നങ്ങളുടെ പരിഹാരം വസ്ത്രത്തിന്‍റെയോ ഭാഷാ-നിയമ- സംസ്കാരങ്ങളുടെയോ രാജ്യത്തിന്‍റെയോ ഏകത്വത്തിലല്ല. വിജ്ഞാനം, സമ്പത്ത്, സംഘടന, ശക്തി, മാധ്യമങ്ങള്‍ ഇവയുടെ ആധിക്യത്തിലുമല്ല. ലോകത്തെ മാറ്റിമറിക്കാന്‍ പറ്റിയ ഒരു ശക്തിയും ഇവ ഒന്നിലുമില്ല. ഹൃദയത്തിന്‍റെ ലോകത്തിന് മാറ്റമുണ്ടാകുന്നത് വരെ, പുറം ലോകത്തിന് മാറ്റമുണ്ടാകുന്നതല്ല. മുഴുവന്‍ ലോകത്തിന്‍റെയും അച്ചുതണ്ട് മനുഷ്യമനസ്സാണ്. ലോകത്തിന്‍റെ മുഴുവന്‍ നാശങ്ങളും മനസ്സിന്‍റെ നാശത്തില്‍ നിന്നുമാണ് ആരംഭിക്കുന്നത്. മത്സ്യം ചീയുന്നത് തലയില്‍ നിന്നുമാണെങ്കില്‍ മനുഷ്യന്‍ ചീഞ്ഞ് തുടങ്ങുന്നത് മനസ്സില്‍ നിന്നുമാണ്. ഇത് എല്ലായിടങ്ങളിലും പടര്‍ന്ന് പിടിക്കുന്നതാണ്. 
പ്രവാചകര്‍ മനസ്സുകളില്‍ മാറ്റമുണ്ടാക്കുന്നു. 
സത്യദൂതന്മാര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് മനസ്സില്‍ നിന്നുമാണ്. പ്രശ്നങ്ങളുടെയെല്ലാം അടിവേര് മനസ്സ് ആണെന്ന് അവര്‍ മനസ്സിലാക്കി. മനസ്സ് നാശമായതിനാല്‍ അതിനുള്ളില്‍ കളവും അക്രമവും വഞ്ചനയും കയറിക്കൂടിയിരിക്കുകയാണെന്നും ദുരാഗ്രഹങ്ങളുടെ പ്രേതം ബാധിച്ചിരി ക്കുകയാണെന്നും മനസ്സിന്‍റെ പ്രേരണകള്‍ക്കനുസരിച്ചാണ് ശരീരം ചലിക്കുന്നതെന്നും അവര്‍ തിരിച്ചറിഞ്ഞു. മാനവ മനസ്സിനെ കഴുകി ശുദ്ധീകരിക്കലാണ് പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യമെന്ന് അവര്‍ ഗ്രഹിച്ചു. 
അവര്‍ ജനങ്ങളുടെ പട്ടിണിയും പരിവട്ടവും കണ്ടിരുന്നു. അത് കാണുമ്പോള്‍ അവരുടെ മനം ദുഃഖിച്ചിരുന്നത് പോലെ ലോകത്ത് ആരുടെയും മനസ്സ് ദുഃഖിക്കുന്നതല്ല. ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ അവര്‍ക്ക് ആഹാരം കഴിക്കല്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷെ, യാഥാര്‍ത്ഥ്യ ബോധമുള്ളവരായ അവര്‍ ദാരിദ്ര്യത്തെ ഒരു പ്രശ്നമാക്കി കാണിച്ച്, അതിന് പിന്നാലെ കൂടിയില്ല. കാരണം ദാരിദ്ര്യം നാശത്തിന്‍റെ അടിസ്ഥാന കാരണമല്ല. നാശത്തിന്‍റെ പരിണിതഫലമാണെന്ന് അവര്‍ മനസ്സിലാക്കിയി രുന്നു. ജനങ്ങള്‍ക്ക് വയര്‍ നിറയ്ക്കാന്‍ ആഹാരം എത്തിച്ചു കൊടുത്താല്‍, പ്രശ്നത്തിന്‍റെ താല്‍ക്കാലിക പരിഹാരം മാത്രമേ ആകുകയുള്ളൂ എന്നും, മറ്റുള്ളവരുടെ ക്ഷാമാവസ്ഥ കണ്ടുകൊണ്ടിരിക്കാന്‍ സാധിക്കാതെ സ്വന്തം ആഹാരം അവര്‍ക്കെടുത്തുകൊടുക്കുന്ന മാനസികാവസ്ഥ ജനങ്ങളില്‍ ഉണ്ടാ ക്കിയെടുക്കലാണ് പ്രശ്നത്തിന്‍റെ ശാശ്വത പരിഹാരമെന്നും അവര്‍ മനസ്സിലാക്കി. 
ഇന്ന് ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് ജനങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം ആഹാരസാധനങ്ങള്‍ സമാഹരിച്ച് വിതരണം ചെയ്യലാണ്. എന്നാല്‍, മനസ്സില്‍ മാറ്റമുണ്ടാവാതെ ആഹാരസാധനങ്ങള്‍ സമാഹരിക്കുകയും വിതരണം നടത്തുകയും ചെയ്താല്‍ പ്രശ്നം തീരുന്നതല്ലെന്ന് ഓര്‍ക്കുക. കാരണം മറ്റുള്ളവരുടെ സഞ്ചിയിലെ ആഹാരം സ്വന്തം സഞ്ചിയിലെത്തിക്കാനും സമ്പത്ത് എല്ലാ സ്ഥലങ്ങളിലും നിന്നും കുത്തിയൊലിച്ച് തന്‍റെ കാല്‍ക്കീഴിലേക്കു വരുത്താനും സാമര്‍ത്ഥ്യമുള്ള ജനങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. കാന്ത സ്വഭാവമുള്ള (ങമഴിലേ) സമ്പന്നരും വ്യാപാരികളും ഇന്നും ധാരാളമുണ്ടല്ലോ.? സമ്പത്തുകളെല്ലാം തങ്ങളുടെ വീട്ടില്‍ ഒരുമിച്ച് കൂടണമെന്നാണ് അവരുടെ മോഹം. ജനങ്ങളുടെ ചില്ലിക്കാശുകള്‍ പോലും അവരുടെ സഞ്ചിയില്‍ കൊണ്ടിടാന്‍ നിര്‍ബന്ധിതരാക്കുന്ന വലകള്‍ അവര്‍ വിരിച്ചു കഴിയുകയാണ്. ഇത്തരം ജനങ്ങള്‍ക്കിടയില്‍ മനസ്സ് മാറ്റാനാണ് പ്രവാചകന്മാര്‍ മുന്‍ഗണന കൊടുക്കുന്നത്. അവര്‍ മനസ്സുകളില്‍ ആത്മത്യാഗത്തിന്‍റെയും സ്നേഹാനുകമ്പയുടെയും സഹാനുഭൂതിയുടെയും ആത്മാവ് പകര്‍ന്നു കൊടുക്കുന്നു. അതിലൂടെ ജനങ്ങള്‍ക്ക് മറ്റുള്ളവരുടെ ജീവിതം സ്വന്തം ജീവിതത്തേക്കാള്‍ പ്രിയങ്കരമാകും. സ്വന്തം ജീവന്‍ ത്യജിച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കും. സ്വന്തം മക്കളെ വിശപ്പോടെ ഉറക്കി മറ്റുള്ളവരുടെ വയര്‍ നിറയ്ക്കും. അപകടങ്ങളിലേക്ക് എടുത്ത് ചാടി മറ്റുള്ളവരെ അതില്‍ നിന്ന് രക്ഷിക്കും. 
രണ്ട് സംഭവങ്ങള്‍ 
എന്‍റെ ഈ വാക്കുകള്‍ കേട്ട് നിങ്ങള്‍ ആശ്ചര്യപ്പെടേണ്ടതില്ല. ചരിത്ര സംഭവങ്ങളിലേക്കുള്ള സൂചനകളാണ് ഈ പറഞ്ഞത്. ചരിത്രത്തില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഫിലിമുകളിലും സീനുകളിലും അഭിനയിച്ചു കാണിക്കപ്പെടുന്ന സാങ്കല്പിക കഥകളെക്കാളെല്ലാം ആശ്ചര്യ ജനകമാണ് പ്രസ്തുത സംഭവങ്ങള്‍. ഉദാഹരണത്തിന് രണ്ട് സംഭവങ്ങള്‍ ശ്രദ്ധിക്കുക: 
മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഈ ലോകത്തുനിന്നും വിടപറഞ്ഞ ശേഷം നടന്ന സംഭവമാണ് ഒന്ന്. ഒരു മുസ്ലിം തന്‍റെ മുറിവേറ്റ സഹോദരനെത്തേടി ദാഹമുണ്ടെങ്കില്‍ ശമിപ്പിക്കാം എന്ന ആഗ്രഹത്തില്‍ കുറച്ച് വെള്ളവുമായി പുറപ്പെട്ടു. പരിക്കേറ്റവരില്‍ വളരെ ദാഹിച്ചു കിടക്കുന്ന തന്‍റെ സഹോദരനെ കണ്ടെത്തിയ അദ്ദേഹം പാനപാത്രം സഹോദരന് നല്‍കി. എന്നാല്‍ മുറിവേറ്റ സഹോദരന്‍ അത് സ്വീകരിക്കുന്നതിന് മുമ്പ് മറ്റൊരാളിലേക്ക് ആംഗ്യം കാണിച്ചു. ആദ്യം അയാളെ കുടിപ്പിക്കാന്‍ പറഞ്ഞു. സംഭവം ഇവിടംകൊണ്ട് അവസാനിച്ചിരുന്നുവെങ്കില്‍ അതുതന്നെ മനുഷ്യത്വത്തിന്‍റെ ഔന്നിത്യം വിളിച്ചറിയിക്കുന്നതിന് മതിയായിരുന്നു. പക്ഷെ, സംഭവം ഇവിടെയും തീര്‍ന്നില്ല. രണ്ടാമന് പാനപാത്രം നല്‍കപ്പെട്ടപ്പോള്‍ അദ്ദേഹം മൂന്നാമനിലേക്ക് ആംഗ്യം കാണിക്കുന്നു. അങ്ങനെ പാത്രം കറങ്ങിത്തിരിഞ്ഞ് ഒന്നാമനിലേക്ക് എത്തിയപ്പോള്‍ അദ്ദേഹം മരിച്ച് കഴിഞ്ഞിരുന്നു. രണ്ടാമനിലേക്കും മൂന്നാമനിലേക്കും എത്തിയപ്പോള്‍ അവരും യാത്ര തിരിച്ചിരുന്നു. അവര്‍ മരിച്ചുപോയെങ്കിലും ചരിത്രത്തില്‍ ഒരു അവിസ്മരണീയ ചിത്രം രേഖപ്പെടുത്തിയാണ് പോയിരിക്കുന്നത്. അതെ, സ്വന്തം സഹോദരന്‍റെ വയര്‍ കുത്തിക്കീറുകയും വായില്‍ നിന്നും റൊട്ടിക്കഷണം പിടിച്ചെടുക്കു കയും ചെയ്യുന്ന ഇന്നത്തെ ലോകത്തിന് ഒരു പ്രകാശഗോപുരം തന്നെയാണ് ഈ സംഭവം. 
ഒരിക്കല്‍, മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അരികില്‍ ഏതാനും അതിഥികള്‍ എത്തി. തങ്ങളുടെ പക്കല്‍ ആഹാരത്തിന് ഒന്നുമില്ലായിരുന്നു. തങ്ങള്‍ ചോദിച്ചു: ഇവരെ ആരാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുക.? ഒരു സ്വഹാബിയായ അബൂത്വല്‍ഹ അന്‍സാരി സന്നദ്ധനായി. അതിഥികളെ കൂട്ടിക്കൊണ്ട് പോയി. വീട്ടില്‍ ആഹാരം കുറവായിരുന്നു. കുഞ്ഞുങ്ങളെ കിടത്തിയുറക്കി. ആഹാരം അതിഥികള്‍ക്കു മുന്നില്‍ വെച്ച്, വിളക്ക് അണച്ച് കളയാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ തന്നെ അവര്‍ ചെയ്തു. അതിഥികള്‍ വയറ് നിറച്ച് കഴിച്ചു. അബൂത്വല്‍ഹ വിശന്ന് കഴിഞ്ഞു. വീട്ടുകാര്‍ ഭക്ഷിക്കാതെ ഇരിക്കുകയാണെന്ന കാര്യം ഇരുട്ടിനിടയില്‍ അതിഥികള്‍ അറിഞ്ഞതുമില്ല. 
മാനവികതയുടെ വൃക്ഷത്തിന്‍റെ വളര്‍ച്ച അകത്തുനിന്നുമാണ്. 
ചുരുക്കത്തില്‍, പ്രവാചകന്മാര്‍ മനുഷ്യരുടെ മനസ്സിലാണ് മാറ്റം ഉണ്ടാക്കുന്നത്. ബാഹ്യഭാഗം നന്നാക്കാനും പരിശ്രമിച്ചിരുന്നു. പക്ഷേ, അതിനെക്കാളും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത് അകത്താണ്. കാരണം, പുറം അകത്തെയാണ് പിന്‍പറ്റുന്നത്. ഒരാളുടെ മനസ്സിന് മാറ്റമുണ്ടായിട്ടില്ലെങ്കില്‍ അയാളുടെ ഒന്നും മാറിയിട്ടില്ല. ലോകം നാശമായി, കാലം മോശമായി എന്ന് ജനങ്ങള്‍ പറയുന്നു. എന്നാല്‍ ഇതു ശരിയല്ല. മോശമായതും നാശമായതും മനുഷ്യരാണ്. ഭൂമിയുടെ അവസ്ഥയിലോ കാറ്റിന്‍റെ ശക്തിയിലോ വല്ല മാറ്റവും വന്നിട്ടുണ്ടോ.? സൂര്യന്‍ ചൂടും പ്രകാശവും നല്‍കുന്നില്ലേ.? ആകാശത്തിന് മാറ്റം വല്ലതും ഉണ്ടായോ.? ഭൂമിയുടെ നെഞ്ചില്‍ നിന്നും ഇന്നും ധാന്യങ്ങളും പഴങ്ങളും സ്വര്‍ണ്ണങ്ങളും നിര്‍ഗളിക്കുന്നില്ലേ.? പിന്നെ മാറ്റം ആര്‍ക്കാണ്.? അത് വിതരണം ചെയ്യുന്ന മനുഷ്യര്‍ക്കാണ് മാറ്റം. അവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ പത്രക്കടലാസുകളും പുസ്തകകെട്ടുകളും നിറഞ്ഞ് കവിയും. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താനിരുന്നാല്‍ മുഴുവന്‍ ഗണിത ശാസ്ത്രത്തിന്‍റെയും (ഇക്കണോമിക്സ്) സാമര്‍ത്ഥ്യം പ്രകടിപ്പിച്ചുകൊണ്ട് അത് ചുരുക്കുന്നു.! ഈ മാനസികാവസ്ഥ നിലനില്‍ക്കുന്ന കാലമെല്ലാം മാനവികത അസ്വസ്ഥമായിക്കൊണ്ടിരിക്കും. പ്രവാചകന്മാര്‍ മനസ്സുകള്‍ക്ക് മരുന്ന് നല്‍കിയെങ്കില്‍, നാം പുറം മോടിപിടിപ്പിക്കാനുള്ള ശ്രമത്തില്‍ മാത്രം മുഴുകിയിരിക്കുകയാണ്. മാനവികതയുടെ വൃക്ഷം അകത്തുനിന്നും ഉണങ്ങുകയും ചിതലരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍, കാലഘട്ടത്തിന്‍റെ ബുദ്ധിരാക്ഷസര്‍, പുറത്ത് വെള്ളം തളിക്കുന്നു. വൃക്ഷത്തിനകത്തെ ശക്തി ക്ഷയിച്ചുകഴിഞ്ഞു. പക്ഷെ, ജനങ്ങള്‍ ഇലകള്‍ ഹരിതാഭമായിരിക്കാന്‍ ഗ്യാസ് അടിക്കുകയാണ്. പ്രവാചകന്മാര്‍ അകത്തെ നാശങ്ങളില്‍ കണ്ണുനട്ടു. മനുഷ്യനെ മനുഷ്യനാക്കാന്‍ വിശ്വാസത്തിന്‍റെ ഇഞ്ചക്ഷന്‍ മനസ്സുകള്‍ക്ക് നല്‍കി. അവര്‍ ഉണര്‍ത്തി; "സ്വയം മറന്ന് പോയ മനുഷ്യാ, നിന്‍റെ സ്രഷ്ടാവിനെ നീ തിരിച്ചറിയുക. അതെ, ഉറക്കമോ മയക്കമോ ഇല്ലാത്ത പരിപാലകനെ സദാ ധ്യാനിക്കുക." 
മാനവികതയുടെ ശരിയായ പ്രതിനിധികള്‍. 
ചുരുക്കത്തില്‍, മനുഷ്യന്‍റെ മനസ്സില്‍ നിന്നും സ്നേഹത്തിന്‍റെയും സഹാനുഭൂതിയുടെയും ആവേശം ഉറവ പൊട്ടിയൊലിക്കുന്നത് വരെ, മാനവികതയുടെ നിര്‍മ്മാണം അസാദ്ധ്യമാണ്. സത്യദൂതന്മാര്‍ ഈ വഴിയിലൂടെ ശിക്ഷണം നല്‍കി. വെറും നിയമങ്ങളുടെ ലോകത്ത് നിന്ന് കറങ്ങുന്നതിന് പകരം, മനുഷ്യമനസ്സുകളില്‍ യഥാര്‍ത്ഥ മനുഷ്യത്വത്തിന്‍റെ അംശങ്ങള്‍ ഉണ്ടാക്കിയെടുത്തു. അങ്ങിനെ ശരിയായ മാനവികതയുടെ പ്രതിനിധികളെ അവര്‍ തയ്യാറാക്കി. ഞങ്ങള്‍ വയറിന്‍റെയോ സ്വാര്‍ത്ഥതയുടെയോ സമ്പത്തിന്‍റെയോ അധികാരികളുടെയോ കുടുംബ മിത്രങ്ങളുടെയോ അടിമകളല്ലെന്ന് ജീവിതത്തിലൂടെ പ്രഖ്യാപിച്ചിരുന്ന ഒരു സമൂഹം നിലവില്‍ വന്നു. 
പ്രവാചകന്മാരുടെ ജീവിതം 
എല്ലാവര്‍ക്കും ഗുണം ചെയ്യുന്നവരും സ്വയം മറന്നവരുമായ ഒരുകൂട്ടം ആളുകള്‍ ഒരു രാജ്യത്ത് ഉണ്ടായാല്‍ മാത്രമേ ആ രാജ്യം രക്ഷപ്പെടുകയുള്ളൂ. ഇത്തരം ആളുകളുടെ തുടക്കം പ്രയാസകരമായിരിക്കുമെങ്കിലും അന്ത്യം സുന്ദരമായിരിക്കുന്നതാണ്. ജയിലുകളില്‍ കിടന്നും മറ്റും കഷ്ടപ്പെട്ടുകൊണ്ട് സാമൂഹ്യ സേവനം നടത്തിയ നിരവധി ആളുകള്‍ അവസാനം, അധികാര പീഠങ്ങളില്‍ ഇരിക്കുന്ന ചിത്രമാണ് പറഞ്ഞ് തരുന്നത്. തീര്‍ച്ചയായും അവര്‍ അതിനു തികച്ചും അര്‍ഹരുമാണ്. എന്നാല്‍ ഈ വിഷയത്തിലും പ്രവാചകവര്യന്മാരുടെ അവസ്ഥ വ്യത്യസ്ഥമാണ്. മറ്റുള്ളവരുടെ സുഖ-സന്തോഷങ്ങള്‍ക്കായി മാത്രം സ്വയം ദുരിതപൂര്‍ണ്ണമായ ജീവിതം നയിച്ച ആ മഹത്തുക്കള്‍, അതിന് പകരം മാലോകരില്‍ നിന്നും ഒന്നും വാങ്ങാതെയാണ് ഇഹലോകവാസം വെടിഞ്ഞത്. അവരുടെ യഥാര്‍ത്ഥ അനുഗാമികളുടെ അവസ്ഥയും ഇതുതന്നെ. അവര്‍ ചെന്നെത്തിയ സ്ഥലങ്ങളിലെല്ലാം അനുഗ്രഹവര്‍ഷമുണ്ടായി. അവര്‍ നട്ടുപിടിപ്പിക്കുകയും രക്തംകൊണ്ട് നനച്ച് വളര്‍ത്തുകയും ചെയ്ത തോട്ടത്തില്‍ നിന്നും, ലോകം ഇന്നും ഭക്ഷിച്ചുകൊണ്ടിരിക്കുന്നു. അവര്‍ മറ്റുള്ളവരുടെ വീടുകളില്‍ വിളക്ക് കത്തിച്ചു. എന്നാല്‍ അവരുടെ അന്ത്യനേരം അവരുടെ വീടുകളില്‍ ഇരുട്ടായിരുന്നു. മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലൂടെയുള്ള പ്രകാശം, കുടിലിലും കൊട്ടാരത്തിലും ഒരുപോലെ പ്രകാശിച്ചു. പക്ഷെ, അന്ത്യനിമിഷങ്ങളില്‍ തിരുഭവനത്തില്‍ ഇരവ് വാങ്ങപ്പെട്ട വിളക്കാണ് കത്തിയി രുന്നത്. തങ്ങള്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഞങ്ങള്‍ നബിമാര്‍, ആരുടെയും അനന്തരാവകാശികളല്ല. ഞങ്ങള്‍ക്കും അനനന്തരാവകാശികള്‍ ആരുമില്ല. നാം വിട്ടിട്ടുപോകുന്നതെല്ലാം ദാനമാണ്. മറ്റൊരിക്കല്‍ അരുളി: ആരെങ്കിലും മരിച്ചാല്‍ അയാളുടെ അനന്തര സ്വത്ത്, അതിന്‍റെ അവകാശികള്‍ക്കുള്ളതാണ്. അവര്‍ അത് എടുത്തുകൊള്ളട്ടെ. നമുക്ക് അതില്‍ നിന്നും ഒരു പൈസ പോലും വേണ്ട. എന്നാല്‍, അയാള്‍ക്ക് കടബാധ്യത വല്ലതുമുണ്ടെങ്കില്‍ അത് ഞാന്‍ ഏറ്റെടുക്കുന്നു. അത് ഞാന്‍ നിര്‍വ്വഹിച്ചുകൊടുത്തുകൊള്ളാം. ലോകത്തുള്ള ഏതെങ്കിലും രാജാവോ മന്ത്രിയോ ഈ മാതൃക കാണിച്ചിട്ടുണ്ടോ.? 
തിരുനബിയുടെ ജീവിതം മനുഷ്യത്വത്തിന്‍റെ മഹത്തായ ദര്‍ശനമാണ്. സ്നേഹ-സഹാനുഭൂതികളും ആത്മ ത്യാഗവുമല്ലാതെ മറ്റൊന്നും ആ ജീവിതത്തില്‍ കാണാന്‍ കഴിയില്ല. അവിടുന്ന് അറേബ്യയിലെ ഏക ചക്രവര്‍ത്തിയായിരുന്നു. അതെ, മനുഷ്യമനസ്സുകളില്‍ സ്വാധീനം ചെലുത്തിയ ചക്രവര്‍ത്തി.! പക്ഷെ, ഭൗതിക മേന്മകളില്‍ നിന്നും തുണിത്തുമ്പ് സംരക്ഷിച്ച് തങ്ങള്‍ കടന്നുപോയി. തങ്ങള്‍ മാത്രമല്ല, തങ്ങളുമായി അടുപ്പമുള്ളവരുടെയും കാര്യം ഇങ്ങനെ തന്നെയായായിരുന്നു. 
സ്നേഹിതരെ, വീണ്ടും പ്രസ്തുത മനസ്സും ജീവിതവും വ്യാപകമാകണം. മാനവികതയെ നിഷ്കളങ്കമായി സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന സ്വഭാവം പരക്കണം. മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി സ്വന്തം നഷ്ടം സഹിക്കുന്ന അവസ്ഥ സംജാതമാകണം. അപകട ഘട്ടങ്ങളില്‍ മുന്നിട്ടിറ ങ്ങുകയും ലാഭമേഖലകളില്‍ നിന്നും അകന്ന് കഴിയുകയും ചെയ്യുന്ന ഒരു സമൂഹം നിലവില്‍ വരണം. ഞങ്ങളുടെ ഏറ്റവും വലിയ ഒരാഗ്രഹമാണിത്. 
ആഗ്രഹപൂര്‍ത്തീകരണം, സമാധാനത്തിന്‍റെ മാര്‍ഗ്ഗമല്ല. 
എല്ലാ സമൂഹങ്ങളെയും വിഭാഗങ്ങളെയും പരിപൂര്‍ണ്ണമായി തൃപ്തിപ്പെടുത്തുകയും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുകയും ചെയ്യുക എന്ന പാശ്ചാത്യവീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ഭരണകൂടങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഒരിക്കലും ഇത് നന്മയുടെയും സമാധാനത്തിന്‍റെയും മാര്‍ഗ്ഗമല്ല. ഒരു വ്യക്തിയുടെ ആഗ്രഹങ്ങള്‍ പോലും ഇവിടെ പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കപ്പെടുന്നതല്ല. കാരണം ആഗ്രഹങ്ങള്‍ക്ക് യാതൊരു അന്ത്യവുമില്ലല്ലോ.? ലോകമാകട്ടെ, തികച്ചും പരിമിതവുമാണ്.! 
മനുഷ്യന്‍റെ ആഗ്രഹങ്ങളെല്ലാം ന്യായവും പ്രകൃതിപരവുമാണെന്നതാണ് ചില വലിയ നേതാക്കളുടെ അഭിപ്രായം.! അതനുസരിച്ചാണ് ലോകം ഇന്ന് നീങ്ങിക്കൊണ്ടിരിക്കുന്നതും. എന്നാല്‍ ഇതാണ് ഇന്നത്തെ നാശങ്ങളുടെ മൂലകാരണം. ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം കൊണ്ട് മനുഷ്യന് ഒരിക്കലും മതിവരുന്നതല്ല. അതിലൂടെ ആഗ്രഹങ്ങള്‍ക്ക് കുറവോ മനസ്സില്‍ സമാധാനമോ ഉണ്ടാകുന്നതുമല്ല. സമുദ്രജലം പോലെയാണ് മനുഷ്യന്‍റെ ആഗ്രഹം. അത് കുടിക്കും തോറും ദാഹം വര്‍ദ്ധിക്കുകയേ ഉള്ളൂ. വ്യക്തികളും സമൂഹങ്ങളും ന്യൂനപക്ഷങ്ങളും ഭൂരിപക്ഷങ്ങളും ആവശ്യപ്പെടുന്ന തെറ്റും ശരിയുമായ സര്‍വ്വ ആവശ്യങ്ങളും ഭരണകൂടങ്ങള്‍ ഇന്ന് പൂര്‍ത്തീകരിച്ച് കൊടുക്കുന്നു. ശാന്തിയും സമാധാനവുമാണ് അവരുടെ ലക്ഷ്യം. പക്ഷേ ഫലം നേരെ മറിച്ചാണ്. ഇന്ന് എല്ലാഭാഗത്തും ആഗ്രഹങ്ങളുടെ അഗ്നിപര്‍വ്വതങ്ങള്‍ ആളിക്കത്തുകയാണ്. അതില്‍ എണ്ണയൊഴിച്ച് അതിനെ ഒന്നുകൂടി ആളിക്കത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്‍റെ ജ്വാലകള്‍ മാനംമുട്ടെ ഉയര്‍ന്ന് കഴിഞ്ഞു. നിരവധി നാടുകളേയും സമൂഹങ്ങളേയും അത് വിഴുങ്ങാന്‍ അടുത്തിരിക്കുന്നു. "നരകാഗ്നിയിലെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്." എന്ന നരകത്തിന്‍റെ ദൂഷ്യങ്ങള്‍ ഇഹലോകത്ത് തന്നെ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇതിനെക്കുറിച്ച് എല്ലാവരും പരാതി പറയുന്നുണ്ട്. ആരാണ്, എന്താണ് എണ്ണയൊഴിച്ച് ഇന്ധനമിട്ട് അത് കത്തിച്ചതെന്ന് ചിന്തിക്കുന്നില്ല. അതെ, ആഗ്രഹപൂര്‍ത്തീകരണത്തിന്‍റെ പരിണിതഫലമാണിതെല്ലാം. 
ഇവിടെ ഒരു തമാശകൂടി നടക്കുന്നുണ്ട്. സമൂഹത്തിന്‍റെ സര്‍വ്വ ആഗ്രഹങ്ങളും ന്യായമായി കാണുന്ന ഇക്കൂട്ടര്‍ സ്വന്തം സന്താനങ്ങളുടെ വിഷയത്തില്‍ ഈ നിലപാട് കൈക്കൊള്ളുന്നില്ല. അവരുടെ നിരവധി തെറ്റായ ആഗ്രഹങ്ങള്‍ക്ക് അവര്‍ മൂക്ക് കയറിടാറുണ്ട്. മക്കള്‍ തീയില്‍ കളിക്കാന്‍ ഉദ്ദേശി ക്കുമ്പോള്‍ അതിന് അനുമതി നല്‍കാത്തവര്‍. പക്ഷെ, സമൂഹങ്ങളുടെ സര്‍വ്വ ആവശ്യങ്ങളും പൂര്‍ത്തീകരിച്ച് കൊടുക്കാന്‍ സന്നദ്ധരാണ്. തങ്ങളുടെ മക്കളോടുള്ള സ്നേഹം ഇവര്‍ക്ക് സമൂഹത്തോടില്ലെന്നാണ് ഇതിന്‍റെ അര്‍ത്ഥം. 
സമൂഹത്തിന്‍റെ ഈ തെറ്റായ നീക്കത്തിനെതിരില്‍ നീങ്ങാന്‍ വ്യക്തികളോ സംഘങ്ങളോ മുന്നോട്ട് വരാത്തതും ദുഃഖകരമാണ്. മനുഷ്യരുടെ പരിധിവിട്ട സുഖ-സന്തോഷങ്ങളെ വിമര്‍ശിക്കാനും നാശകരമായ കളിതമാശകളും ദൃശ്യ-ശ്രാവ്യ തിന്മകളും തിരുത്താനും ആരും തയ്യാറാകുന്നില്ല. ജനങ്ങളുടെ കോപവും അതൃപ്തിയും സമ്പാദിക്കേണ്ടി വരുമെന്നാണ് എല്ലാവരുടെയും ഭയം. 
പ്രവാചകരുടെ പ്രവര്‍ത്തനം 
പടച്ച തമ്പുരാന്‍റെ സന്ദേശവാഹകരായ പ്രവാചകന്മാരുടെ പാത ഇതില്‍ നിന്നും വ്യത്യസ്ഥമാണ്. ന്യായവും അന്യായവുമായ സര്‍വ്വ ആഗ്രഹങ്ങളും പൂര്‍ത്തീകരിച്ച് സമാധാനിപ്പിക്കുന്നതിന് പകരം അവര്‍ ആഗ്രഹങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അവര്‍ മനസ്സുകള്‍ സംസ്കരിച്ചു. അതിലൂടെ ജീവിതത്തില്‍ മിതത്വവും മനസ്സില്‍ സമാധാനവും ഉണ്ടായി. ന്യായമായ ആഗ്രഹങ്ങള്‍ മാത്രം പൂര്‍ത്തീകരിച്ചാല്‍ മതിയെന്ന മാനസികാവസ്ഥ നിലവില്‍ വന്നു. തീര്‍ച്ചയായും ഇന്നത്തെ പാഠശാലകളും ഗവേഷണ കേന്ദ്രങ്ങളും ശാസ്ത്രവിജ്ഞാനങ്ങളും ലോകത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവയിലൂടെ അത്ഭുതാവഹമായ ധാരാളം കണ്ടുപിടുത്തങ്ങള്‍ നടന്നു. പക്ഷെ, അവയൊന്നും മനുഷ്യന്‍റെ മനസ്സ് സംസ്കരിച്ചില്ല. മറിച്ച്, സ്വാതന്ത്ര്യത്തിന്‍റെ കവാടങ്ങള്‍ തുറന്നുകൊടുത്തു. കുട്ടികളുടെ കയ്യില്‍ ആയുധം നല്‍കി. അവരത്, സ്വതന്ത്രമായി പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. 
എന്നാല്‍ പ്രവാചകന്മാര്‍ ആഗ്രഹങ്ങള്‍ സന്തുലിതമാക്കി. സ്വന്തം ആഗ്രഹം പൂര്‍ത്തീകരിക്കണമെന്ന ചിന്തയ്ക്ക് പകരം, പടച്ചവനെ പൊരുത്തപ്പെടുത്തണമെന്ന വിചാരം ശക്തമാക്കി. മനുഷ്യസ്നേഹവും ദീനാനുകമ്പയും പ്രദാനം ചെയ്തു. അവര്‍ നവന്യൂതന വസ്തുക്കളൊന്നും നിര്‍മ്മിച്ചില്ല. പക്ഷെ, നല്ലൊരു മനസ്സും മസ്തിഷ്കവും നല്‍കി. അതിലൂടെ നിര്‍മ്മിത വസ്തുക്കള്‍ ശരിയാംവിധം ഉപയോഗിക്കാനുള്ള യോഗ്യത ഉണ്ടായിത്തീര്‍ന്നു. അവര്‍ മനുഷ്യ മനസ്സുകളില്‍ അടിയുറച്ച ദൈവവിശ്വാസം നല്‍കി. ലോക ഫാക്ടറികളില്‍ നിന്നും എല്ലാം കിട്ടിയാലും അടിയുറച്ച ദൈവ വിശ്വാസവും ഭയവും പ്രവാചകന്മാരുടെ കൈയ്യില്‍ നിന്നേ കിട്ടുകയുള്ളൂ. ഇന്നത്തെ ലോകത്തിന്‍റെ നഷ്ടവും ഇത് തന്നെയാണ്. പടച്ചവനെ ഭയപ്പെടുന്നവര്‍ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അതുള്ളവര്‍ മാത്രമേ, പടച്ചവന്‍റെ കൂട്ടുകുടുംബമായ മാനവരാശിയെ നിഷ്കാമമായി സേവിക്കുകയുള്ളൂ. രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍, ഭരണകൂട താത്പര്യങ്ങള്‍, കുതന്ത്രങ്ങള്‍, ഇവയില്‍ നിന്നെല്ലാം അവര്‍ അകന്ന് നിന്ന് മാനവികതയെ നിഷ്കളങ്കമായി സേവിക്കും. അത്തരം സേവകരെയാണ് ഇന്ന് ലോകത്തിന് ആവശ്യമുള്ളത്. അതെ, കയ്യില്‍ ഭൗതികമായ ഒന്നുമില്ലാതിരുന്നിട്ടും ഒന്നും വാങ്ങാതെ കൊടുക്കുവാന്‍ മാത്രം ആഗ്രഹിക്കുന്നവര്‍, ഇത്തരമൊരു ആവേശം ഉണ്ടാക്കിയെടുക്കലാണ് 'പയാമെ ഇന്‍സാനിയത്ത്' (മാനവികതയുടെ സന്ദേശം) എന്ന ഈ പ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യം. 
ഇന്നത്തെ ലോകത്ത് ഈ ശബ്ദം പുതിയതാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് പുതിയ കാര്യമല്ല. ലോകത്ത് വന്ന സത്യദൂതന്മാരെല്ലാം നിരന്തരം ഉണര്‍ത്തിയ ഒരു സന്ദേശമാണിത്. അവസാനമായി, ഇതേ വിഷയം ഏറ്റവും കൂടുതല്‍ ശക്തവും വ്യക്തവുമായ നിലയില്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ലോകത്തിന് സമര്‍പ്പിച്ചു. ഓരോ കവലകളിലും പ്രചരിപ്പിക്കപ്പെടേണ്ട ഒരു യാഥാര്‍ത്ഥ്യമാണിത്. ജീവിതമെന്നാല്‍ ആഹാര-പാനീയങ്ങളുടെയോ ഭൗതിക-മൃഗീയ താത്പര്യങ്ങളുടെയോ പേരല്ല. ജനങ്ങള്‍ ഇന്ന് വയറിന് ചുറ്റും കറങ്ങുകയാണ്. യഥാര്‍ത്ഥ ജീവിതം ശ്വാസംമുട്ടി മരിച്ച് കൊണ്ടിരിക്കുന്നു. മനുഷ്യത്വത്തിന്‍റെ നിധി നഷ്ടപ്പെട്ടിരിക്കുന്നു. ഇത് ഒരു സത്യസന്ധമായ സന്ദേശമാണ്. ഇന്നത്തെ ലോകത്തിന് ഇത് അപരിചിതമാണെങ്കിലും നമുക്ക് ലോകം അപരിചിതമല്ല. മനുഷ്യരില്‍ ഇന്നും മനസ്സുണ്ട്. അത് മരിച്ചിട്ടില്ല. അതിന് ചുറ്റും പൊടിപടലങ്ങള്‍ കൂടിയിരിക്കുകയാണ്. അത് ശുദ്ധീകരിച്ചാല്‍, സത്യം സ്വീകരിക്കാനുള്ള മാനസികാവസ്ഥ ഇന്നും ഉണ്ടായിത്തീരുന്നതാണ്. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...