Tuesday, October 22, 2019

ദേവ്ബന്ദീ മസ് ലക്ക് എന്നാല്‍ എന്ത്.? -ഹാഫിസ് മുസ്സമ്മില്‍ ഖാസിമി


ദേവ്ബന്ദീ മസ് ലക്ക് എന്നാല്‍ എന്ത്.? 
-ഹാഫിസ് മുസ്സമ്മില്‍ ഖാസിമി 
https://swahabainfo.blogspot.com/2019/10/blog-post_38.html?spref=tw
ദേവ്ബന്ദിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ സ്വാത്രന്ത്യസമരം വിവരിക്കാന്‍ കഴിയാത്തതിനാല്‍ ചുരുക്കം ചില പരാമര്‍ശങ്ങളില്‍ ഒതുക്കി ദേവ്ബന്ദിനെ കേവലം ഒരു പാഠശാല മാത്രമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ദേവ്ബന്ദ് ദാറുല്‍ ഉലൂം ഒരു പാഠശാല മാത്രമായിരുന്നോ.? 
അസ്ഹറുല്‍ ഹിന്ദ് എന്ന് അറബ് ലോകത്ത് പ്രസിദ്ധിയാര്‍ജ്ജിച്ച ദാറുല്‍ ഉലൂമിനെ അറിയാത്തവര്‍ ഇന്ന് വിരളമാണ്. കേവലം ഒരു വിദ്യാഭ്യാസ സ്ഥാപനമായിട്ടല്ല, അതിന്‍റെ അണിയറ ശില്‍പ്പികള്‍ അതിന് തുടക്കം കുറിച്ചത്. ഇന്നേവരെയുള്ള അതിന്‍റെ പ്രവര്‍ത്തന മേഖലകളും അതിന്‍റെ സാരഥികളുടെ ലക്ഷ്യവും മനസ്സിലാക്കുമ്പോള്‍ അതൊരു മഹത്തായ പ്രസ്ഥാനമാണെന്നും വിദ്യ ഒരു ഭാഗം മാത്രമായിരുന്നുവെന്നും ബോധ്യമാകും. 
ഇസ്ലാമിനെതിരില്‍ ഉയരുന്ന സകല വെല്ലുവിളികളെയും അതിജയിക്കുക. അനീതിയിലൂടെ മനുഷ്യരെയും നാടുകളെയും അടക്കിവാഴാന്‍ ലക്ഷ്യമിടുന്ന സാമ്രാജ്യ കോളോണിയല്‍ ശക്തികളെ എല്ലാ നിലയിലും നേരിടുക, ശരീഅത്താകുന്ന വടവൃക്ഷത്തില്‍ പറ്റിപ്പിടിക്കുന്ന ഇത്തിള്‍ക്കണ്ണികളെ വേരോടെ പിഴുത് മാറ്റുക, അതിന്‍റെ വേര് മുതല്‍ നാമ്പ് വരെ ഏത് ഭാഗത്തും കയറിക്കൂടുന്ന പുഴുക്കുത്തുകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക, ആ വൃക്ഷത്തിന്‍റെ വളര്‍ച്ചയ്ക്കാവശ്യമായ വെള്ളവും വെളിച്ചവും വളവും നല്‍കി സംരക്ഷിക്കുക തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങളാണ് ദാറുല്‍ ഉലൂമിന്‍റെ സംസ്ഥാപനത്തിന് പിന്നിലുള്ളത്. 
ആദ്യദിനം മുതല്‍ ഇലാഹീ ഭക്തിയില്‍ അടിത്തറ പാകപ്പെട്ട ഈ സ്ഥാപനത്തിന്‍റെ ഇന്നുകളും ഇന്നലെകളും പഠനവിധേയമാക്കുമ്പോള്‍ ഒരു കൃഷി അത് അതിന്‍റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. പിന്നത് കരുത്താര്‍ജ്ജിച്ചു. അങ്ങനെ കര്‍ഷകരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അതിന്‍റെ തണ്ടിന്മേല്‍ അത് നിവര്‍ന്ന് നിന്നു എന്ന ഖുര്‍ആന്‍ വചനമാണ് ഓര്‍മ്മ വരിക. 
ലോകത്തിന്‍റെ വിവിധ ദിക്കുകളില്‍ നിന്നും അടിച്ചു വീശിയ വിനാശകരവും ദുര്‍ഗന്ധം വമിക്കുന്നതുമായ കാറ്റുകളേറ്റ് മങ്ങികിടന്ന ഇസ്ലാമിന്‍റെ അടിസ്ഥാനവും ശാഖാപരവുമായ മുഴുവന്‍ മണ്ഡലങ്ങളേയും പൊടിതട്ടി വെടിപ്പാക്കി അതിന്‍റെ സൗന്ദര്യവും യശസ്സും ജനമധ്യത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ദാറുല്‍ ഉലൂമിന് സാധിച്ചു. 
വൈജ്ഞാനിക രംഗം : 
തഫ്സീര്‍: ഖുര്‍ആനിന്‍റെ വിവിധ വിജ്ഞാന ശാഖകളില്‍ കാര്യക്ഷമവും ആഴമേറിയതുമായ പഠനങ്ങളും ഗവേഷണങ്ങളും നടന്നു. പൂര്‍വ്വസൂരികളായ മുഫസ്സിറുകളെ ഓര്‍മ്മിക്കുമാറ് തദ്വിഷയത്തില്‍ ഗ്രന്ഥങ്ങള്‍ രചിക്കുകയും ഖുര്‍ആനിക വിഷയത്തില്‍ അവഗാഹം നേടിയ അനേകം പണ്ഡിതന്മാരെ മുസ്ലിം ലോകത്തിന് സമര്‍പ്പിക്കുകയും ചെയ്തു. 
ഹദീസ്: ഹദീസ് രംഗത്തെ സേവനം വിവരണാതീതമാണ്. അടുത്ത നൂറ്റാണ്ടുകളിലൊന്നും നടന്നിട്ടില്ലാത്ത രീതിയില്‍ വിലയേറിയ പഠനങ്ങളും ചര്‍ച്ചകളും നടന്നു എന്ന് മാത്രമല്ല ലോകാടിസ്ഥാനത്തില്‍ ഹദീസ് വിജ്ഞാനരംഗം ദേവ്ബന്ദിനെ ആശ്രയിക്കുന്ന നില തന്നെയുണ്ടായി. 
ഫിഖ്ഹ്: നാല് മദ്ഹബുകളുടെയും അടിസ്ഥാനത്തില്‍ ആധുനിക വിഷയങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധിച്ചു. ഫിഖ്ഹീ ഗ്രന്ഥങ്ങളുടെ അടിത്തറയില്‍ നിന്നു കൊണ്ട് തന്നെ, സകല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന 'ഫതാവയുടെ' നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ നിരവധി ഭാഷകളിലായി രചിക്കപ്പെട്ടു. 
ഇസ്ലാമിനെതിരില്‍ ഉന്നയിക്കപ്പെട്ട എല്ലാ വാദങ്ങള്‍ക്കും യുക്തമായ മറുപടി നല്‍കപ്പെടുന്നതോടൊപ്പം ഇതര ഇസ-മതങ്ങളുടെയും മൂര്‍തദ്ദീ പ്രസ്ഥാനങ്ങളുടെയും വ്യാജമുഖം തുറന്നുകാട്ടുകയും അവരുടെ വാദമുഖങ്ങളെ തകര്‍ക്കുകയും ചെയ്തു. 
ഇന്ന് ഒട്ടുമിക്കവരും ഉപയോഗിക്കുന്ന ഗ്രന്ഥങ്ങളുടെ ഇരു ഭാഗങ്ങളും (അത് ഹദീസോ, തഫ്സീറോ, ഫിഖ്ഹോ, ആലത്തോ, എന്ത് തന്നെയായാലും) ദേവ്ബന്ദീ സന്തതികളുടെ വിവരണങ്ങളും വിശകലനങ്ങളും നിറഞ്ഞുനില്‍ക്കുന്നു എന്നതൊരു പരമാര്‍ത്ഥമാണ്. 
ജിഹാദ്; സാമ്രാജ്യത്വത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ പലതും ഇന്നും തൊട്ടിലില്‍ കിടക്കുകയാണെങ്കില്‍ ദാറുല്‍ ഉലൂം ഒന്നര നൂറ്റാണ്ടിലേറെയായി പ്രസ്തുതരംഗത്ത് എത്തിയിട്ട്. ഉസ്മാനിയ ഖിലാഫത്തിന്‍റെ നിലനില്‍പ്പിന് വേണ്ടിയാണ് ആദ്യം പൊരുതിയത്. ശേഷം ഇന്ത്യന്‍ സ്വാതന്ത്യത്തിലൂടെ കടന്ന് ഇന്ന് ലോക ചട്ടമ്പിയായ സഖ്യ സേനയുടെ കിരാത മുറകള്‍ക്കെതിരിലും പൊരുതിക്കൊണ്ടിരിക്കുന്നു. 
ദഅ്വ രംഗം: തൗഹീദീ രംഗത്തുള്ള അതിന്‍റെ സാരഥികളുടെ ദഅ്വാ രംഗം ഏഴ് വന്‍കരകളേയും മുറിച്ച് കടന്ന് രാജകീയമായി മുന്നേറുന്നു. ആഗോള തലത്തില്‍ ഒട്ടനവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമ്പോഴും തളരാതെയുള്ള മുന്നേറ്റം ഇന്ന് ഇസ്ലാമിന്‍റെ ശത്രുക്കളെ ലോകാടി സ്ഥാനത്തില്‍ ഉറക്കം കെടുത്തുകയാണ്. 
പശ്ചിമേഷ്യയില്‍ മാത്രമല്ല, യൂറോപ്യന്‍, ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലേതുള്‍പ്പെടെ മേല്‍വിവരിച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അന്‍പതിനായിരത്തിലധികം സ്ഥാപനങ്ങള്‍ ദേവ്ബന്ദ് ദാറുല്‍ ഉലൂമിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് പതിനഞ്ച് വര്‍ഷം മുമ്പ് ഒരു പ്രമുഖ ഇംഗ്ലീഷ് വാരിക നടത്തിയ സര്‍വ്വേ വ്യക്തമാക്കിയത്. 
ചുരുക്കത്തില്‍ ദാറുല്‍ ഉലൂം വെറുമൊരു പാഠശാല മാത്രമല്ല, മറിച്ച് അതൊരു മഹത്തായ പ്രസ്ഥാനവും ഒരു 'മസ്ലക്കും' (വീക്ഷണം) കൂടിയാണ്. 
വിശ്വാസപ്രമാണങ്ങളില്‍ ഗണ്യമായ തകരാറ് സംഭവിച്ച 'ബിദഈ' പ്രസ്ഥാനങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇന്ന് ഇസ്ലാമിക ലോകത്തെ പഠിക്കുമ്പോള്‍ പ്രബലമായ മൂന്ന് വീക്ഷണഗതികള്‍ ഉള്ളതായി കാണാന്‍ കഴിയുന്നുണ്ട്. 
ഒന്ന്; വിശ്വാസ-കര്‍മ്മ രംഗങ്ങളില്‍ മദ്ഹബുകളെ അവഗണിച്ചും തഖ്ലീദിനെ നിഷേധിച്ചും തസ്വവ്വുഫിനെ കൈവിട്ടും അംഗീകൃത ത്വരീഖത്തുകളെ വരെയും ആക്ഷേപിച്ചും മുന്നോട്ടുപോകുന്ന രീതി. മുന്‍കാല "ളാഹിരി'കളുടെ ചുവട് പിന്‍പറ്റി മുന്നോട്ടുപോകുന്ന ഈ രീതിയെ സലഫി വീക്ഷണം എന്നറിയപ്പെടുന്നു. ലോകാടിസ്ഥാനത്തില്‍ ഇതിന് വേരുകളുണ്ട്. 
രണ്ട്; പ്രസ്തുത വിഷയങ്ങളില്‍ മദ്ഹബ്-തഖ്ലീദ് അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതോടൊപ്പം മദ്ഹബിന്‍റെ ഫതാവയുടെ ഗ്രന്ഥങ്ങള്‍ വ്യക്തമായി നിരോധിച്ച അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അത്തരം രംഗങ്ങളില്‍ ഫത്വകളെ മാറ്റിനിര്‍ത്തി, സ്വയം ഇജ്തിഹാദ് ചെയ്തും അതിന് വേണ്ടി അപ്രസക്തമായ ഗ്രന്ഥങ്ങളെ ഫത്വകളുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ച്, തസ്വവ്വുഫിന്‍റെ മറവില്‍ വ്യാജ ത്വരീഖതുകളെ പടച്ചുണ്ടാക്കിയും ഖബ്ര്‍ സിയാറതിന്‍റെ മറവില്‍ പൂജയും ചന്ദനക്കുടവും ഉറൂസും സംഘടിപ്പിച്ചും അനാചാരങ്ങള്‍ക്ക് ദീനിന്‍റെ പരിവേഷം കൊടുത്തും മുന്നോട്ട് പോകുന്ന രീതി. സ്വയം വലിയ്യ് ആയി രംഗത്തുവരലും തങ്ങള്‍ക്ക് തോന്നുന്നവരെ "ആരിഫ്ബില്ലാ' എന്നും 'ഖുതുബുസ്സമാന്‍' എന്നും മറ്റും പബ്ലിസിറ്റി ചെയ്യലും ഇവരുടെ സ്ഥിരം പല്ലവി. അഇമ്മത്തുകള്‍ക്കോ മുന്‍കാല മഹാരഥന്മാര്‍ക്കോ പരിചയമില്ലാത്ത ഈ വഴി, ഷിയാഇസത്തിന്‍റെ ചുവടുപിടിച്ച് വളര്‍ന്ന് വന്നതാണ്. ആഗോളതലത്തില്‍ വേരുകളുള്ള ഈ രീതിയെ അറബ് ലോകത്ത് ഖുറാഫികളെന്നും ഖുബൂരികളെന്നും വിളിക്കപ്പെടാറുണ്ട്. ഇതിനെ ബറേലവി മസ്ലക്ക് (വീക്ഷണം) എന്ന് പൊതുവെ അറിയപ്പെടുന്നു. 
മൂന്ന്; കര്‍മ്മരംഗങ്ങളില്‍ നാലാലൊരു മദ്ഹബിനെയും, വിശ്വാസരംഗത്ത് അഷ്അരി, മാതുരീദീ തുടങ്ങിയ മദ്ഹബുകളേയും അനുധാവനം ചെയ്തുകൊണ്ടും, തസ്വവ്വുഫില്‍ ഖാദിരി, ചിഷ്തി, നഖ്ഷബന്തി, സുഹ്റവര്‍ദി തുടങ്ങിയ അംഗീകൃത ത്വരീഖത്തുകളെ സംസ്കരണത്തിനുള്ള വഴിയായി സ്വീകരിച്ച് കൊണ്ടും, ചെറുതും വലുതുമായ എല്ലാത്തിലും സുന്നത്തുകളെ പിന്‍പറ്റുന്നതില്‍ കഴിയുന്നത്ര കൃത്യത പുലര്‍ത്തിയും, ബിദ്അത്തുകളെ (അത് വിശ്വാസ-കര്‍മ്മരംഗങ്ങളില്‍ ഏതിലായാലും) നഖശിഖാന്തം എതിര്‍ത്തും, മഹാന്മാരെ അങ്ങേയറ്റം ആദരിച്ചും, എന്നാല്‍ ആരാധനാ മനോഭാവങ്ങളില്‍ നിന്നും അത്തരം ലാഞ്ചന ഉണ്ടാകുന്ന കാര്യങ്ങളില്‍ നിന്നും സൂക്ഷിച്ചും മുന്നോട്ട് പോകുന്ന മധ്യമ രീതി. ലോകതലത്തില്‍ വളര്‍ന്നുകിടക്കുന്ന ഈ രീതിയെ ദേവ്ബന്ദീ മസ്ലക്ക് (വീക്ഷണം) എന്ന് അറിപ്പെടുന്നു. 
ഇവ മൂന്നുമല്ലാതെ ഒരു കേരള മസ്ലക്കോ, പിന്നൊരു കോയമ്പത്തൂര്‍ മസ്ലക്കോ ഇന്ന് ഇസ്ലാമിക ലോകത്ത് കാണാന്‍ സാധിക്കില്ല. 
സാഹചര്യത്തിന് കീഴ്പ്പെട്ട് പ്രത്യേക വീക്ഷണമൊന്നുമില്ലാതെ ചാഞ്ഞും ചെരിഞ്ഞും നിലകൊള്ളുന്ന പല ഗ്രൂപ്പുകളും ഉണ്ടാകാം. എന്നാല്‍ അതൊരു വീക്ഷണഗതിയായി അംഗീകരിക്കാന്‍ സാധ്യമല്ല. പല ഭാഗത്തേക്കും ഏറിയും കുറഞ്ഞുമൊക്കെ നില്‍ക്കുന്നത് കൊണ്ട് ഒരു പ്രത്യേക അഡ്രസ്സ് എങ്ങനെയാണ് ഉണ്ടാകുക.? ഇസ്ലാമിക ലോകത്ത് പിറന്ന് ഇന്നും ജീവിക്കുന്നതും ജനിച്ചതിനോടൊപ്പം മരിക്കുകയും ചെയ്ത നിരവധി ഗ്രൂപ്പുകളും പ്രസ്ഥാനങ്ങളുമുണ്ട്. അറബ് ലോകത്തും ഇതര നാടുകളിലുമായി പ്രചുരപ്രചാരം നേടിയ ഈ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ പഠന വിധേയമാക്കുമ്പോള്‍ ഉപരിസൂചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഈ മൂന്നില്‍ എവിടെയെങ്കിലും അവകള്‍ സ്ഥലം പിടിച്ചതായി കാണാം. 
കേരളം: സ്വാഹാബാക്കള്‍ കടന്നുവന്ന നാടാണ് കേരളം. അന്ന് മുതല്‍ ഇസ്ലാമിക ചലനങ്ങള്‍ നടന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷെ, അടുത്ത നൂറ്റാണ്ടുകളുടെ ചരിത്രം പഠിപ്പിക്കുന്ന വസ്തുത, പില്‍ക്കാലത്ത് ഇസ്ലാമിക ചലനത്തിന് സാക്ഷ്യം വഹിച്ചത് പൊന്നാനി ആയിരുന്നു എന്നതാണ്. പൊന്നാനിയില്‍ പ്രബലമായ രണ്ട് പണ്ഡിത ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. 1. മഖ്ദൂം തങ്ങളുടെ കുടുംബം. 2. അഹ്മദ് ഷായുടെ കുടുംബം. 
മഖ്ദൂം കുടുംബത്തിന്‍റെ നിലപാട്, ഷാഹ് വലിയുല്ലാഹിദ്ദഹ്ലവിയുടെയും പിന്‍ഗാമികളുടെയും അതേ ചിന്താഗതി തന്നെയായിരുന്നു. മദ്ഹബ്, തസ്വവ്വുഫ് രംഗങ്ങളെ സ്വീകരിച്ചുകൊണ്ട് തന്നെ അനാചാരങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ചില പ്രത്യേക ദിവസങ്ങളില്‍ ജനങ്ങള്‍ ഒരുമിച്ച് കൂടി ചില പ്രത്യേക നമസ്കാരങ്ങളും മറ്റും നടത്തിയപ്പോള്‍ നമസ്കാരമല്ലേ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാതെ അത് മുന്‍കറായ ബിദ്അത്താണെന്ന് പ്രഖ്യാപിച്ചു. ഇത്തരം ആചാരങ്ങള്‍ക്ക് പടച്ചുണ്ടാക്കിയ ഹദീസുകളെ വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തള്ളുകയും കെട്ടിച്ചമച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ഖബര്‍ പൂജ, ഖബര്‍ കെട്ടിപ്പൊക്കല്‍ തുടങ്ങിയ സകല അനാചാരങ്ങളെയും നഖശിഖാന്തം എതിര്‍ത്തു. ചന്ദനക്കുടം, ഉറൂസ് തുടങ്ങിയ കാര്യങ്ങള്‍ ഇസ്ലാമിക വിരുദ്ധ ആചാരങ്ങളാണെന്ന് ജനത്തെ ബോ ധ്യപ്പെടുത്തി. 
അഹ്മദ് ഷാ കുടുംബത്തിന്‍റെ നിലപാട്, ചന്ദനക്കുടം, ഉറൂസ് തുടങ്ങി മഖ്ദൂം തങ്ങന്മാര്‍ നിരോധിച്ച എല്ലാ കാര്യങ്ങളും ദീനിലുള്ള ആചാരങ്ങളാണെന്ന് പ്രചരിപ്പിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവരുടെ ഉറൂസില്‍ "അഹ്മദ് ഷാഹ് വലിയുല്ലാ, മുരീദന്മാര്‍ക്ക് അദാബ് ഇല്ല" എന്ന് പാടുമ്പോള്‍ മഖ്ദൂം കുടുംബക്കാരുടെ മറുപടി, 'അഹ്മദ് ഷാഹ് വലിയ്യ് അല്ല. മുരീദന്മാര്‍ക്ക് അദാബല്ലാ" എന്നായിരുന്നു എന്ന് പഴമക്കാരില്‍ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 
ഇന്നും കെട്ടിപൊക്കാതെയും അനാചാരങ്ങള്‍ക്ക് അവസരം കൊടുക്കാതെയും നിലകൊള്ളുന്ന മഖ്ദൂം തങ്ങളുടെ ഖബറുകള്‍, ഉലമാക്കളും മുഖ്ലിസീങ്ങളും മാത്രം സിയാറത്ത് ചെയ്യുന്ന സ്ഥലമാണ്. 
ചുരുക്കത്തില്‍, കേരളത്തില്‍ ഒരു വീക്ഷണമുണ്ടായിരുന്നുവെന്ന് പറയുന്നെങ്കില്‍ അതിന്‍റെ ഗതി മേല്‍ സൂചിപ്പിച്ചതാണ്. കൂടാതെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റഹ്) യുടെ "ഫത്ഹുല്‍ മുഈന്‍" എന്ന ലോക പ്രശസ്ത ഗ്രന്ഥം നിഷ്പക്ഷമായി വായിച്ചിട്ടുള്ളവര്‍ക്ക് മഹാനവര്‍കളുടെ വീക്ഷണം മനസ്സിലാ ക്കാവുന്നതേയുള്ളൂ. 
അനാചാരങ്ങള്‍ക്കും ഖുറാഫാത്തുകള്‍ക്കും കിതാബിന്‍റെ രേഖകള്‍ കിട്ടിയെന്ന് വരാം. പക്ഷേ മഹാരഥന്മാരായ ഇമാമുകളുടെ കൂട്ടായ്മ അംഗീകരിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം.! പ്രവാചക തിരുമേനി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വൈവാഹിക ജീവിതം ഉള്‍പ്പെടെ ഇസ്ലാമിന്‍റെ പല കാര്യങ്ങളും വികൃതമായി അവതരിപ്പിച്ച് ഇസ്ലാമിനെ അവഹേളിച്ച ഓറിയന്‍റലിസ്റ്റുകള്‍ക്കും സയണിസ്റ്റുകള്‍ക്കും അതിന് തെളിവ് കിട്ടിയത് ചില ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ നിന്ന് തന്നെയാണെന്ന വസ്തുത നാം മറക്കരുത് (സൈനബ് ബിന്‍ത് ജഹ്ഷ് (റ) മായും ജുവൈരിയ (റ) യുമായുള്ള വിവാഹ സംഭവങ്ങള്‍ പോലെ). 
ഈ ദീന്‍ മധ്യമമായ ദീനാണ്. ഇതില്‍ ജൂതന്മാരെ പോലെ താന്തോന്നിത്തരമോ ക്രൈസ്തവരെ പോലെ അതിരുകള്‍ ലംഘിക്കലോ ഇല്ല. കാര്യങ്ങളില്‍ ഉത്തമം മധ്യമായത് എന്ന നബി വചനം വലിയൊരു അടിസ്ഥാനത്തിലേക്കുള്ള സൂചനയാണ്. ദാറുല്‍ ഉലൂം ദേവ്ബന്ദിലേക്ക് തന്നെ മടങ്ങാം. വര്‍ഷാവസാനം ഹദീസിന്‍റെ ക്ലാസ് അവസാനിക്കുമ്പോള്‍ മൗലാനാ മുഫ്തി സഈദ് അഹ് മദ് പാലന്‍പൂരിയും മൗലാനാ അന്‍ളര്‍ഷാഹ് കശ്മീരിയും പഠനം പൂര്‍ത്തിയാക്കി പിരിയുന്ന കുട്ടികളോട് ചെയ്യുന്ന ഉപദേശം സാധാരണ ഇങ്ങനെയാണ് തുടങ്ങുക: ദേവ്ബന്ദിയ്യത്ത് ക്യാ ചീസ് ഹേ.? (ദേവ്ബന്ദീ മസ്ലക്ക് എന്നാല്‍ എന്ത്.?) എന്നിട്ട് പറയും: ചെറുതും വലുതുമായ എല്ലാറ്റിലും സുന്നത്തുകളെ പൂര്‍ണ്ണമായി പിന്‍പറ്റുക. ബിദ്അത്തുകളെ പൂര്‍ണ്ണമായും വര്‍ജ്ജിക്കുക. പിന്നീട് പറയും: ദേവ്ബന്ദില്‍ പഠിച്ചതുകൊണ്ട് ദേവ്ബന്ദി ആകണമെന്നില്ല. പഠിക്കാത്തത് കാരണം ആകാതിരിക്കണമെന്നുമില്ല. മേല്‍ വിവരിച്ച രീതി പിന്‍പറ്റുന്നവര്‍ ദേവ്ബന്ദ് സനദ് കണ്ടിട്ടില്ലെങ്കിലും ദേവ്ബന്ദിയാണ്. പിന്‍പറ്റാത്തവര്‍ നൂറുകൊല്ലം പഠിച്ചാലും ആ പേരിനര്‍ഹനല്ല. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...