റമദാനുല്‍ മുബാറക്
സമ്പന്നമാക്കാം.!
ഒന്ന് മുതല്‍ അമ്പത് വരെയുള്ള സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക:
http://swahabainfo.blogspot.com/2018/05/blog-post_53.html?spref=tw
1. റമദാനുല്‍ മുബാറകിനെ സ്വീകരിക്കാന്‍ ശഅ്ബാന്‍ മുതല്‍ മാനസികമായി ഒരുങ്ങുകയും സമയങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുക:
ആഇശ (റ) പ്രസ്താവിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശഅ്ബാനില്‍ മറ്റ് മാസങ്ങളെക്കാള്‍ കൂടുതല്‍ നോമ്പ് അനുഷ്ടിച്ചിരുന്നു. (തിര്‍മിദി)
2. പരിപൂര്‍ണ്ണ ശ്രദ്ധയോടെയും ആഗ്രഹത്തോടെയും റമദാന്‍ പിറ നോക്കുക. കണ്ടാല്‍ ദുആ ഇരക്കുക:
الله أكبر اللهم أهله علينا بالأمن و الإيمان و السلامة و الإسلام و التوفيق لما تحب و ترضى ربنا و ربك الله
അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍. അല്ലാഹുവേ, നീ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന വിധത്തില്‍ ഇതിനെ സമാധാനത്തോടെയും ശാന്തിയോടെയും നിര്‍ഭയത്തോടും നീ ഉദിപ്പിക്കേണമേ. (ചന്ദ്രികേ) ഞങ്ങളുടെയും നിന്‍റെയും റബ്ബ് അല്ലാഹുവാകുന്നു. (തിര്‍മിദി)3. ഇബാദത്തുകളില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കുക, ഫര്‍ള് നമസ്കാരങ്ങള്‍ കൂടാതെ സുന്നത്തുകളിലും ശ്രദ്ധ പതിപ്പിക്കുക. കൂടുതലായി നന്മകള്‍ സമ്പാദിക്കുക. മഹത്വവും ഐശ്വര്യവും നിറഞ്ഞ ഈ മാസം അല്ലാഹുവിന്‍റെ വലിയ അനുഗ്രഹമാണ്. ഒരിക്കല്‍ ശഅ്ബാനിന്‍െറ അവസാനദിനം റസൂലുല്ലാഹി ﷺ അരുളി: "അല്ലയോ ജനങ്ങളേ! നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി മഹത്തായ ഒരു മാസം ഇതാ ആഗതമായിരിക്കുന്നു. അത് അനുഗ്രഹീതമായ ഒരു മാസമാണ്. ആ മാസത്തില്‍ ലൈലത്തുല്‍ ഖദ്ര്‍ എന്നൊരു രാത്രിയുണ്ട്. അത് ആയിരം മാസത്തെക്കാള്‍ ശ്രേഷ്ഠമായതാണ്. ആ മാസത്തിലെ നോമ്പിനെ അല്ലാഹു ഫര്‍ളാക്കിയിരിക്കുന്നു. അതിന്‍റെ രാത്രിയിലുളള നിറുത്തത്തെ (തറാവീഹ് നമസ്കാരത്തെ) അധികമായ നന്മക്കുളളതുമാക്കിയിരിക്കുന്നു. ആ മാസത്തില്‍ ഒരാള്‍ എന്തെങ്കിലും നന്മ ചെയ്തു അല്ലാഹുവുമായി അടുത്താല്‍ അവന്‍ മറ്റ് മാസങ്ങളില്‍ ഫര്‍ള് നിര്‍വ്വഹിച്ചവനെപ്പോലെയാണ്. ഒരാള്‍ ആ മാസത്തില്‍ ഒരു ഫര്‍ള് നിര്‍വ്വഹിച്ചാല്‍ അവന്‍ റമദാനല്ലാത്ത മാസത്തില്‍ 70 ഫര്‍ള് നിര്‍വ്വഹിച്ചവനെപ്പേലെയാണ്. അത് ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗ്ഗമാണ്. അത് സാധുക്കളെ സഹായിക്കേണ്ട മാസമാണ്. ആ മാസത്തില്‍ മുഅ്മിനിന്‍റെ രിസ്ഖ് അധികരിപ്പിക്കപ്പെടുന്നതാണ്.
4. റസൂലുല്ലാഹി ﷺ അരുളി: വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ആരൊരുവന്‍ റമദാനില്‍ നോമ്പനുഷ്ഠിക്കുന്നുവോ, അവന്‍റെ മുന്‍ കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്. (ബുഖാരി)
5. മാസം മുഴുവന്‍ അത്യന്തം ആഗ്രഹത്തോടെയും ശ്രദ്ധയോടെയും നോമ്പ് അനുഷ്ഠി ക്കുക. കഠിനരോഗ കാരണമായോ ശരീഅത്ത് അനുവദിച്ച മറ്റ് കാരണങ്ങളാലോ നോമ്പ് അനുഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും റമദാന്‍ മാസത്തെ ആദരിക്കുക. പരസ്യമായി ആഹാര-പാനീയങ്ങള്‍ ഉപയോഗിക്കരുത്. നോമ്പുകാരനെപ്പോലെ കഴിയുക.
6. അബൂ ഹുറയ്റ رضي الله عنه വിവരിക്കുന്നു.
റസൂലുല്ലാഹി ﷺ അരുളി:
മൂന്ന് വിഭാഗം ആളുകളുടെ പ്രാര്‍ത്ഥന തടയപ്പെടുന്നതല്ല.
1. നോമ്പുകാരന്‍ നോമ്പ് തുറക്കുന്നത് വരെ ചെയ്യുന്ന പ്രാര്‍ത്ഥന.
2. നീതിമാനായ ഭരണാധികാരിയുടെ പ്രാര്‍ത്ഥന.
3. മര്‍ദ്ദിതന്‍റെ പ്രാര്‍ത്ഥന.
അല്ലാഹു അതിനെ ഒരു മേഘത്തിന്‍റെ മുകളില്‍ ഉയര്‍ത്തിവെയ്ക്കുകയും ആകാശവാതിലുകള്‍ അതിന് വേണ്ടി തുറക്കപ്പെടുകയും ചെയ്യുന്നതാണ്. എന്‍റെ അന്തസ്സില്‍ സത്യമായി നിന്നെ ഞാന്‍ സഹായിക്കുക തന്നെ ചെയ്യും. (എന്തെങ്കിലും നന്മയുടെ പേരില്‍) അല്പം താമസം നേരിട്ടാലും ശരി എന്ന് പടച്ചവന്‍ പറയുകയും ചെയ്യുന്നതാണ്. (തിര്‍മുദി, ഇബ്നു മാജ:)
7. അബൂ ഹുറയ്റ رضي الله عنه വിവരിക്കുന്നു.
റസൂലുല്ലാഹി ﷺ അരുളി:
റമദാന്‍ സമാഗതമായാല്‍ സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടയ്ക്കപ്പെടുകയും പിശാചുക്കളെയെല്ലാം ചങ്ങലകള്‍ ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ്. (ബുഖാരി)
8. റസൂലുല്ലാഹി ﷺ അരുളി:
വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ആരൊരുവന്‍ റമദാനില്‍ രാത്രി നമസ്കാരം നിര്‍വ്വഹിക്കുന്നുവോ, അവന്‍റെ മുന്‍ കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്. (ബുഖാരി, മുസ് ലിം)
9. ഖുര്‍ആന്‍ പാരായണത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. ഈ മാസത്തിന് ഖുര്‍ആന്‍ ശരീഫുമായി പ്രത്യേക ബന്ധമുണ്ട്. ഖുര്‍ആനും ഇതര വേദങ്ങളും ഈ മാസത്തിലാണ് അവതരിച്ചത്. അതിനാല്‍ ഈ മാസത്തില്‍, അധികമായി ഖുര്‍ആന്‍ ശരീഫ് ഓതുക. ജിബ് രീല്‍ (അ) എല്ലാ വര്‍ഷവും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുകയും കേള്‍ക്കുകയും ചെയ്യുമായിരുന്നു. വഫാത്തിന്‍റെ വര്‍ഷം രണ്ട് പ്രാവശ്യം ഇത് ആവര്‍ത്തിച്ചു. (ബുഖാരി)
10. അനസ് رضي الله عنه വിവരിക്കുന്നു.
റസൂലുല്ലാഹി ﷺ അരുളി:
നിങ്ങള്‍ അത്താഴം കഴിക്കുവീന്‍. നിശ്ചയം അത്താഴത്തില്‍
ബര്‍കത്തുണ്ട്. (ബുഖാരി)
11. സൈദ് ബിന്‍ സാബിത് رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടൊപ്പം ഞങ്ങള്‍ അത്താഴം കഴിച്ചു. ശേഷം നമസ്കാരത്തിന് ഒരുങ്ങി. അനസ് (റ) ചോദിച്ചു: അത്താഴത്തിനും ബാങ്കിനുമിടയില്‍ എത്ര സമയമുണ്ടായിരുന്നു.? സൈദ് (റ) പറഞ്ഞു: അമ്പത് ആയത്ത് ഓതുന്ന സമയം. (ബുഖാരി)
12. സല്‍മാന്‍ رضي الله عنه വിവരിക്കുന്നു:
(ശഅ്ബാനിലെ അവസാന ദിവസം)
റസൂലുല്ലാഹി ﷺ അരുളി:
ജനങ്ങളേ, നിങ്ങള്‍ക്ക് ആശ്വാസം നല്‍കാനായി മഹത്തായ ഒരു മാസം ഇതാ ആസന്നമായിരിക്കുന്നു. അനുഗ്രഹീതമായ ഒരു മാസമാണത്. ആ മാസത്തില്‍ ലൈലത്തുല്‍ ഖദ്ര്‍ എന്നൊരു രാത്രിയുണ്ട്. ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമാണത്. ആ മാസത്തെ നോമ്പിനെ അല്ലാഹു നിര്‍ബന്ധ ബാധ്യതയാക്കിയിരിക്കുന്നു. അതിന്‍റെ രാത്രിയിലുള്ള നിറുത്തത്തെ (തറാവീഹ് നമസ്കാരത്തെ) അധികമായ നന്മയ്ക്കുള്ളതുമാക്കിയിരിക്കുന്നു.
13. റസൂലുല്ലാഹി ﷺ അരുളി:
റമദാനില്‍ ഒരാള്‍ എന്തെങ്കിലും നന്മ ചെയ്ത് അല്ലാഹുവുമായി അടുക്കുകയാണെങ്കില്‍ അവന്‍ മറ്റു മാസങ്ങളില്‍ ഫര്‍ല് നിര്‍വ്വഹിച്ചവനെ പോലെയാണ്. ഒരാള്‍ റമദാനില്‍ ഏതെങ്കിലും ഫര്‍ല് നിര്‍വ്വഹിക്കുകയാണെങ്കില്‍ അവന്‍ റമദാനല്ലാത്ത മാസങ്ങളില്‍ എഴുപത് ഫര്‍ല് നിര്‍വ്വഹിച്ചവനെ പോലെയാണ്. റമദാന്‍ ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗ്ഗമാണ്. റമദാന്‍ സാധുക്കളെ സഹായിക്കേണ്ട മാസമാണ്. റമദാനില്‍ മുഅ്മിനിന്‍റെ രിസ്ഖിനെ അധികരിപ്പിക്കപ്പെടുന്നതാണ്.
14. റസൂലുല്ലാഹി ﷺ അരുളി:
റമദാനില്‍ നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാല്‍ അതവന്‍റെ പാപങ്ങള്‍ക്ക് മാപ്പായിത്തീരുകയും നരകത്തില്‍ നിന്നും അവന് മോചനത്തിന് കാരണമായിത്തീരുകയും നോമ്പുകാരന് കിട്ടുന്നതിന് തുല്യമായ പ്രതിഫലം അവന് ലഭിക്കുകയും ചെയ്യും. നോമ്പുകാരന്‍റെ പ്രതിഫലത്തില്‍ ഒരു കുറവും വരുന്നതുമല്ല. അപ്പോള്‍ സ്വഹാബാക്കള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ, നോമ്പുകാരന് നോമ്പ് തുറപ്പിക്കാനുള്ള വസ്തുക്കള്‍ ഞങ്ങളെല്ലാവരുടെയും കൈവശമില്ലല്ലോ.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: (ഈ നന്മ ലഭിക്കുന്നതിന് വയര്‍ നിറയെ ആഹരിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല) ഒരു ഈത്തപ്പഴം കൊണ്ടോ, ഒരിറക്ക് വെള്ളമോ പാലോ കൊണ്ടോ നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാലും അല്ലാഹു അവന് ഈ പ്രതിഫലം നല്‍കുന്നതാണ്.
15. സല്‍മാന്‍ رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ അരുളി:
റമദാനിന്‍റെ ആദ്യ ഭാഗം റഹ്മത്തും (അല്ലാഹുവിന്‍റെ അനുഗ്രഹം) മദ്ധ്യ ഭാഗം മഗ്ഫിറത്തും (പാപമോചനം) അവസാന ഭാഗം നരകത്തില്‍ നിന്നുള്ള മോചനവുമാണ്. റമദാനില്‍ ആരെങ്കിലും തന്‍റെ കീഴിലുള്ള ജോലിക്കാര്‍ക്ക് ഭാരം കുറച്ചുകൊടുത്താല്‍ അല്ലാഹു അവന്‍റെ പാപങ്ങളെ പൊറുത്തുകൊടുക്കുന്നതും നരകത്തില്‍ നിന്നും സ്വതന്ത്രനാക്കുകയും ചെയ്യുന്നതാണ്.
16. റസൂലുല്ലാഹി ﷺ അരുളി:
ആരെങ്കിലും റമദാനില്‍ നോമ്പുകാരന് വെള്ളം കുടിപ്പിച്ചാല്‍ ഖിയാമത്ത് നാളില്‍ അല്ലാഹു എന്‍റെ ഹൗളില്‍ നിന്നും അവനെ കുടിപ്പിക്കുന്നതാണ്. അതില്‍ നിന്നും ഒരിറക്ക് ആരെങ്കിലും കുടിക്കുകയാണെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത് വരെയും അവന് ദാഹമുണ്ടാകുന്നതല്ല.
17. ഖുര്‍ആന്‍ പാരായണത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. റമദാന്‍ മാസത്തിന് ഖുര്‍ആന്‍ ശരീഫുമായി പ്രത്യേക ബന്ധമുണ്ട്. ഖുര്‍ആനും ഇതര വേദങ്ങളും ഈ മാസത്തിലാണ് അവതരിച്ചത്. അതിനാല്‍ ഈ മാസത്തില്‍ അധികമായി ഖുര്‍ആന്‍ ശരീഫ് ഓതുക.
ജിബ് രീല്‍(അ) എല്ലാ വര്‍ഷവും റസൂലുല്ലാഹി ﷺ ക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുകയും കേള്‍ക്കുകയും ചെയ്യുമായിരുന്നു. വഫാത്തിന്‍റെ വര്‍ഷം രണ്ട് പ്രാവശ്യം ഇത് ആവര്‍ത്തിച്ചു. (ബുഖാരി)
18. അബൂഹുറയ്റ رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ അരുളി:
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: ഓരോ നന്മയും പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടി വരെ പ്രതിഫലമുള്ളതാണ്. നോമ്പ് എനിക്കുള്ളതാണ്. ഞാനാണതിന് പ്രതിഫലം നല്‍കുന്നത്. നോമ്പ് നരകത്തില്‍ നിന്നുള്ള പരിചയാണ്. നോമ്പുകാരന്‍റെ വായയുടെ വാസന അല്ലാഹുവിന്‍റെയടുക്കല്‍ കസ്തൂരിയെക്കാള്‍ വാസനയുള്ളതാണ്. (മുസ് ലിം)
19. അബൂഹുറയ്റ رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ അരുളി:
വല്ലവനും കളവ് പറയലും അത് പ്രവര്‍ത്തിക്കലും
ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്‍റെ ഭക്ഷണവും
പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി)
20. അബൂ സഈദില്‍ ഖുദ്രി رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ അരുളി:
പരിശുദ്ധ റമദാന്‍ മാസത്തിലെ രാവും പകലും അല്ലാഹുവിന്‍റെ സന്നിധിയില്‍ നരകത്തില്‍ നിന്നും മോചിപ്പിക്കപ്പെടുന്നവരുണ്ട്. എല്ലാ ഓരോ മുസ്ലിമിനും ഓരോ ദിന-രാത്രങ്ങളിലും സ്വീകരിക്കപ്പെടുന്ന ഒരു ദുആ ഉണ്ടായിരിക്കുന്നതാണ്. (ബസ്സാര്‍)
21. നോമ്പ് മുറിച്ച ഉടനെ ചൊല്ലേണ്ട പ്രാര്‍ത്ഥന :
ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله
നോമ്പുകാരനെ മറ്റൊരാള്‍ പ്രകോപിതനാക്കിയാല്‍ ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞാന്‍ നോമ്പുകാരനാണ്.
തീര്‍ച്ചയായും ഞാന്‍ നോമ്പുകാരനാണ്. (ബുഖാരി)
22. അബൂഹുറയ്റ رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ അരുളി:
ഒരാള്‍ കാരണമില്ലാതെ റമദാനിലെ ഒരു നോമ്പെങ്കിലും ഉപേക്ഷിച്ചാല്‍ പിന്നീട് ജീവിതകാലം മുഴുവന്‍ നോമ്പനുഷ്ഠിച്ചാലും അതിന് പകരമാകുകയില്ല. (തിര്‍മിദി)
23. ഉബാദ: رضي الله عنه വിവരിക്കുന്നു:
അനുഗ്രഹീത റമദാനിലൊരു ദിവസം
റസൂലുല്ലാഹി ﷺ അരുളി:
അനുഗ്രത്തിന്‍റെ മാസമായ റമദാന്‍ മാസം നിങ്ങള്‍ക്കിതാ വന്നിരിക്കുന്നു. അല്ലാഹു ആ മാസത്തില്‍ അവന്‍റെ റഹ് മത്ത് കൊണ്ട് നിങ്ങളെ പൊതിയുകയും അവന്‍റെ പ്രത്യേകമായ അനുഗ്രഹമിറക്കുകയും ചെയ്യുന്നു. ആ മാസത്തില്‍ അല്ലാഹു പാപങ്ങളെ പൊറുക്കുകയും ദുആകളെ സ്വീകരിക്കുകയും ചെയ്യുന്നു. ആ മാസത്തില്‍ നിങ്ങളുടെ ഇബാദത്തുകളിലുള്ള മല്‍സരത്തെ അല്ലാഹു നോക്കുകയും നിങ്ങളെ കുറിച്ച് മലക്കുകളോട് അഭിമാനമായി പറയുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങളില്‍ നിന്നും അല്ലാഹുവിന് നന്മയെ കാണിച്ചുകൊടുക്കുക. നിശ്ചയം ഭാഗ്യം കെട്ടവന്‍ ആ മാസത്തില്‍ അല്ലാഹുവിന്‍റെ അനുഗ്രഹം തടയപ്പെട്ടവനാണ്. (ത്വബ്റാനി)
24. സകാത്ത് നിര്‍ബന്ധമാകുന്ന സ്വത്തുക്കള്‍:
സ്വര്‍ണ്ണത്തിന്‍റെ നിസാബ് (സകാത്ത് നിര്‍ബന്ധമാകാനുളള ചുരുങ്ങിയ അളവ്) ഇരുപത് മിസ്ഖാല്‍ (ഏതാണ്ട് 87.479 ഗ്രാം) ആണ്. വെളളിയുടെ നിസാബ് 200 ദിര്‍ഹമാണ്. (ഏകദേശം 612 ഗ്രാം വെളളി) ഇത്രയുമോ അതില്‍ കൂടുതലോ സ്വര്‍ണ്ണമോ വെളളിയോ ഉണ്ടായിരുന്നാല്‍ അതിന്‍റെ രണ്ടര ശതമാനം സകാത്ത് കൊടുക്കണം. എന്നാല്‍ ഇക്കാലത്ത് സ്വര്‍ണ്ണനാണയവും വെളളിനാണയവും ഉപയോഗത്തിലില്ല. അതിനാല്‍ സ്വര്‍ണ്ണം വെളളി എന്നിവയുടെ നിസാബില്‍ കുറഞ്ഞ വില വരുന്നതിനെയാണ് പരിഗണിക്കുന്നത്. ഗ്രാമിന്: 2900 രൂപ എന്ന ഇന്നത്തെ (റമദാന്‍-1439) വിലയനുസരിച്ച് 87.479 ഗ്രാം സ്വര്‍ണ്ണത്തിന് 2,53,690 രൂപ വില വരുന്നുണ്ട്. എന്നാല്‍ ഗ്രാമിന്: 43.60 രൂപ എന്ന ഇന്നത്തെ വിലയനുസരിച്ച് 612 ഗ്രാം വെളളിയുടെ വില 26,699 രൂപയാണ്. അതിനാല്‍ സ്വര്‍ണ്ണത്തിന് 87.479 ഗ്രാം എത്തിയാല്‍ സകാത്ത് കൊടുത്താല്‍ മതിയെങ്കിലും, പണത്തിന്‍റെ സകാത്ത് വെളളിയുടെ നിസാബ് അനുസരിച്ച് കണക്കാക്കുകയും കൊടുക്കുന്ന ദിവസത്തെ 612 ഗ്രാം വെളളിയുടെ വിലയേക്കാള്‍ കൂടുതല്‍ പണം (നിലവിലെ വിലയനുസരിച്ച് 26,699 രൂപ) കൈവശമുണ്ടെങ്കില്‍ അതിന്‍റെ രണ്ടര ശതമാനം സകാത്തായി കൊടുക്കേണ്ടതാണ്. ഇതനുസരിച്ച് സൂക്ഷിച്ച് വെച്ചിരിക്കുന്ന പണം, ഷെയര്‍, ബോണ്ട് നിക്ഷേപങ്ങള്‍, തിരിച്ച് കിട്ടുമെന്നുറപ്പുളള കടങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ ക്കുമ്പോള്‍ ലഭിക്കുന്ന തുക 26,699 രൂപയോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥനായിത്തീരും. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കേണ്ടതാണ്.
25. കച്ചവടത്തിന്‍റെ സകാത്ത്:
കച്ചവടം, വ്യവസായം എന്നിവ ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ണ്ണമാകുന്ന ദിവസം, സ്റ്റോക്കുളള ചരക്കുകളുടെ വില്പന വില, കൈവശമുളള പണം, കിട്ടാനുളള പണം എന്നിവ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക 612 ഗ്രാം വെളളിയുടെ തുക (ഏകദേശം 26699 രൂപ) ക്ക് സമാനമാണെങ്കില്‍ സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥനായിത്തീരും. അതില്‍ നിന്നും രണ്ടര ശതമാനം സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാകുന്നു.
വില്‍പനക്കുള്ളതല്ലാത്ത ഉപകരണങ്ങള്‍, കെട്ടിടം എന്നിവക്ക് സകാത്ത് കൊടുക്കേണ്ടതില്ല. ശാഫിഈ മദ്ഹബ് അനുസരിച്ച് ഉപയോഗിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് സകാത്ത് ബാധകമല്ല. മടക്കിക്കിട്ടുമെന്ന് ഉറപ്പില്ലാത്ത കടങ്ങള്‍ കിട്ടിയതിന് ശേഷം കഴിഞ്ഞ വര്‍ഷങ്ങളിലേതും കൂട്ടിച്ചേര്‍ത്ത് സകാത്ത് കൊടുത്താല്‍ മതി. ഹിജ് രി വര്‍ഷമാണ് സകാത്തില്‍ പരിഗണിക്കേണ്ടത്.
26. റസൂലുല്ലാഹി ﷺ റമദാനിലെ അവസാന പത്തില്‍ മുണ്ട് മുറുക്കിക്കെട്ടുകയും രാത്രി മുഴുവനും സജീവമാക്കുകയും വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു.
(ബുഖാരി, മുസ് ലിം)
27. ആഇശ (റ) വിവരിക്കുന്നു.
റമദാനിലെ അവസാനത്തെ പത്ത് ആരംഭിച്ചാല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മുണ്ട് മുറുക്കി ഉടുക്കുകയും രാത്രി ഉറക്കമൊഴിക്കുകയും (ഇബാദത്ത്-ദിക്ര്‍-ദുആകളില്‍ മുഴുകുകയും) ചെയ്തിരുന്നു. വീട്ടിലുള്ളവരെ (പരിശുദ്ധ പത്നിമാരെയും ഇതര ബന്ധുക്കളെയും) ഉണര്‍ത്തുകയും ഇബാദത്തില്‍ മുഴുകാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
(ബുഖാരി, മുസ് ലിം)
29. സഹ് ലുബ്നു സഅദ് رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ അരുളി:
നിശ്ചയം സ്വര്‍ഗ്ഗ കവാടങ്ങളില്‍ റയ്യാന്‍ എന്ന് പേരുള്ള ഒരു പ്രത്യേക കവാടമുണ്ട്. അന്ത്യ ദിനത്തില്‍ നോമ്പുകാര്‍ മാത്രം അതിലൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. (വിശപ്പും ദാഹവും സഹിച്ച്) നോമ്പനുഷ്ഠിച്ചവരെവിടെ യെന്ന് വിളിച്ചുചോദിക്കപ്പെടും. അതിനെ തുടര്‍ന്ന് അവ ര്‍ എഴുന്നേറ്റ് അതിലൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ കവാടം അടയ്ക്കപ്പെടും. പിന്നീട് മറ്റാരും അതിലൂടെ പ്രവേശിക്കുന്നതല്ല. (ബുഖാരി, മുസ് ലിം)
30. ആഇശ رضي الله عنه വിവരിക്കുന്നു :
റസൂലുല്ലാഹി ﷺ മരണം വരെയും റമദാനിലെ അവസാന പത്തില്‍ അ്തികാഫ് അനുഷ്ഠിച്ചിരുന്നു. (ബുഖാരി)
31. റസൂലുല്ലാഹി ﷺ അരുളി:
ഇഅ്തികാഫ് അനുഷ്ഠിക്കുന്നവന്‍ പാപങ്ങളില്‍ നിന്നും സുരക്ഷിതനായിരിക്കും. ഇഅ്തികാഫ് കാരണമായി അവന് ചെയ്യുവാന്‍ സാധിക്കാത്ത നന്മകളുടെ പ്രതിഫലം അവ പ്രവര്‍ത്തിച്ചവര്‍ക്ക് ലഭിക്കുന്നത് പോലെ അവനും ലഭിക്കുന്നതാണ്. (ഇബ്നുമാജ)
32. റസൂലുല്ലാഹി ﷺ അരുളി:
ഏതെങ്കിലുമൊരു വ്യക്തി, അല്ലാഹു വിന്‍റെ തൃപ്തി കാംക്ഷിച്ച് കൊണ്ട് ഒരു ദിവസം ഇഅ്തികാഫ് അനുഷ്ഠിച്ചാല്‍ അവനും നരകത്തിനുമിടയില്‍ അല്ലാഹു മൂന്ന് കിടങ്ങുകളെ മറയാക്കുന്നതാണ്. അവയുടെ ദൂരം ആകാശ-ഭൂമികളുടെ ദൂരത്തിന് തുല്യമാണ്. (ത്വബ്റാനി)
33. റസൂലുല്ലാഹി ﷺ അരുളി:
ഒരുവന്‍ റമദാനിലെ പത്ത് ദിവസം ഇഅ്തികാഫ് അനുഷ്ഠിക്കുകയാണെങ്കില്‍ അവന് രണ്ട് ഹജ്ജും രണ്ട് ഉംറയും നിര്‍വ്വഹിച്ച പ്രതിഫലം ലഭിക്കുന്നതാണ്.
ഒരുവന്‍ ജുമുഅ മസ്ജിദില്‍ മഗ്രിബ് മുതല്‍ ഇഷാഅ് വരെ നമസ്കാരവും ഖുര്‍ആന്‍ ഓതലുമല്ലാതെ മറ്റൊരു ജോലിയിലും ഏര്‍പ്പെടാതെ ഇഅ്തികാഫ് അനുഷ്ഠിക്കുകയാണെങ്കില്‍ അല്ലാഹു അവനുവേണ്ടി സ്വര്‍ഗ്ഗത്തില്‍ ഒരു വീട് നിര്‍മ്മിക്കുന്നതാണ്.
34. അബൂ സഈദില്‍ ഖുദ് രി رضي الله عنه വിവരിക്കുന്നു:
ഈദുല്‍ ഫിത്വ്ര്‍, ബലി പെരുന്നാള്‍ ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കുന്നത് റസൂലുല്ലാഹി ﷺ തടഞ്ഞിരിക്കുന്നു. (ബുഖാരി, മുസ് ലിം)
35. അബ്ദുല്ലാഹിബ്നു അംറ് رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ അരുളി:
നോമ്പും ഖുര്‍ആനും അടിമകള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുന്നതാണ്.
നോമ്പ് പറയും: എന്‍റെ രക്ഷിതാവെ, പകലില്‍ ഞാന്‍ ഇവനെ പകലില്‍ ആഹാര-പാനീയങ്ങളില്‍ നിന്നും ശാരീരികാഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നു. ആയതിനാല്‍ ഇവന് വേണ്ടി എന്‍റെ ശുപാര്‍ശ നീ സ്വീകരിക്കേണമേ.!
ഖുര്‍ആന്‍ പറയും: രാത്രിയില്‍ ഇവന്‍റെ ഉറക്കം ഞാന്‍ തടഞ്ഞിരുന്നു. ആയതിനാല്‍ ഇവന് വേണ്ടി എന്‍റെ ശുപാര്‍ശ നീ സ്വീകരിക്കേണമേ.! അങ്ങിനെ അവയുടെ ശുപാര്‍ശ സ്വീകരിക്കപ്പെടുന്നതാണ്. (ബൈഹഖി)
36. ആഇശ رضي الله عنه വിവരിക്കുന്നു :
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ മറ്റ് ദിവസങ്ങളേക്കാളധികം ഇബാദത്തുകളില്‍ പരിശ്രമിച്ചിരുന്നു. (മുസ് ലിം)
37. ആഇശ رضي الله عنه വിവരിക്കുന്നു :
റസൂലുല്ലാഹി ﷺ അരുളി:
റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലത്തുല്‍ ഖദ്റിനെ നിങ്ങള്‍ തേടിക്കൊള്ളുക. (ബുഖാരി)
38. അനസ് رضي الله عنه വിവരിക്കുന്നു :
ലൈലത്തുല്‍ ഖദ്ര്‍ സമാഗതമായാല്‍ ജിബ്രീല്‍ (അ) മലക്കുകളുടെ ഒരു സംഘത്തോടൊപ്പം ഇറങ്ങിവരുന്നതും നിന്നും ഇരുന്നുമെല്ലാം അല്ലാഹുവിനെ സ്മരിക്കുന്ന ദാസന്മാര്‍ക്ക് റഹ് മത്തിന് വേണ്ടി ദുആ ചെയ്യുന്നതുമാണ്. (ബൈഹഖി)
39. ആഇശ رضي الله عنه വിവരിക്കുന്നു :
റസൂലുല്ലാഹി ﷺ യോട് ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ, ലൈലത്തുല്‍ ഖദ്ര്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അതില്‍ ഞാന്‍ ഏത് ദുആയാണ് ചെയ്യേണ്ടത്. റസൂലുല്ലാഹി ﷺ അരുളി:
اللَّهُمَّ إِنَّكَ عُفُوٌّ كَرِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي
നീ ഇപ്രകാരം പറയുക:
അല്ലാഹുവേ, നീ വളരെയധികം മാപ്പ് നല്‍കുന്നവനും മാന്യനുമാണ്. നീ മാപ്പ് ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നു. അതിനാല്‍ എന്‍റെ പാപങ്ങള്‍ നീ മാപ്പാക്കിത്തരേണമേ.! (തിര്‍മിദി, ഇബ്നുമാജ)
40. അനസ് رضي الله عنه വിവരിക്കുന്നു : റസൂലുല്ലാഹി ﷺ
റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നു.
റസൂലുല്ലാഹി ﷺ ക്ക് ഒരു വര്‍ഷം അത് സാധിക്കാതെ വന്നപ്പോള്‍ അടുത്ത വര്‍ഷം ഇരുപത് ദിവസങ്ങള്‍ ഇഅ്തികാഫ് അനുഷ്ഠിക്കുകയുണ്ടായി. (തിര്‍മിദി)
41. അബൂഹുറയ്റ رضي الله عنه വിവരിക്കുന്നു : റസൂലുല്ലാഹി ﷺ യുടെ വിയോഗം നടന്ന വര്‍ഷം റമദാനില്‍ അവിടുന്ന് ഇരുപത് ദിവസം ഇഅ്തികാഫ് അനുഷ്ഠിച്ചു. (ബുഖാരി)
42. ആഇശ (റ) പറയുന്നു : രോഗിയെ സന്ദര്‍ശിക്കാതിരിക്കുക, ജനാസ നമസ്കാരത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി പുറത്ത് പോകാതിരിക്കുക, സ്ത്രീയെ സ്പര്‍ശിക്കുകയോ, അവളുമായി സഹവസിക്കുകയോ ചെയ്യാതിരിക്കുക, ഒഴിവാക്കാനാവാത്ത (മല-മൂത്ര വിസര്‍ജ്ജനം പോലെയുള്ള) കാര്യങ്ങള്‍ക്കൊഴികെ മസ്ജിദില്‍ നിന്നും പുറത്ത് പോകാതിരിക്കുക എന്നിവ ഇഅ്തികാഫ് അനുഷ്ഠിക്കുന്നവനുള്ള ശരീഅത്ത് നിയമങ്ങളാണ്. നോമ്പോടു കൂടിയല്ലാതെ ഇഅ്തികാഫ് ഇല്ല. ജാമിഅ് മസ്ജിദിലല്ലാതെ ഇഅ്തികാഫില്ല. (അബൂദാവൂദ്)
43. അബൂ സഈദ് رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ അരുളി:
മൂന്ന് കാര്യങ്ങള്‍ കൊണ്ട് നോമ്പ് മുറിയുന്നതല്ല.
1. കൊമ്പ് വെയ്ക്കല്‍
2. മനപ്പൂര്‍വ്വമല്ലാത്ത ഛര്‍ദ്ദി
3, സ്വപ്ന സ്ഖലനം
(തിര്‍മിദി)
44. അബൂ ഹുറയ്റ رضي الله عنه വിവരിക്കുന്നു:
ഒരു വ്യക്തി നോമ്പ് അനുഷ്ഠിച്ചിരിക്കെ, മറന്നുകൊണ്ട് ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താല്‍ (നോമ്പ് മുറിഞ്ഞിട്ടില്ല. അതിനാല്‍) തന്‍റെ നോമ്പിനെ പൂര്‍ത്തിയാക്കിക്കൊള്ളട്ടെ.! കാരണം അവനെ ഭക്ഷിപ്പിച്ചതും കുടിപ്പിച്ചതും ചെയ്തത് അല്ലാഹുവാണ്. (മനപ്പൂര്‍വ്വമല്ലാത്തതിനാല്‍ നോമ്പ് അവശേഷിക്കുന്നതാണ്.) (ബുഖാരി, മുസ് ലിം)
45. മുആദുബ്നു സഹ്റ (റ)വിവരിക്കുന്നു: നോമ്പ് തുറക്കുന്ന സമയത്ത് റസൂലുല്ലാഹി ﷺ ഇപ്രകാരം പറഞ്ഞിരുന്നുവെന്ന് എനിക്ക് വിവരം ലഭിച്ചു:
اللهُمّ لكَ صُمت وعَلى رِزقك أفطرت
അല്ലാഹുവേ, നിനക്ക് വേണ്ടി ഞാന്‍ നോമ്പ് അനുഷ്ഠിച്ചു. നീ നല്‍കിയ വിഭവങ്ങള്‍ കൊണ്ടുതന്നെ ഞാന്‍ നോമ്പ് മുറിക്കുകയും ചെയ്തു. (അബൂദാവൂദ്)
46. അബൂഹുറയ്റ رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ അരുളി:
അല്ലാഹു പറയുന്നു: എന്‍റെ അടിമകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ നോമ്പ് തുറക്കുന്നതില്‍ വേഗത കാണിക്കുന്നവരാണ്. (സൂര്യന്‍ അസ്തമിച്ച ശേഷം അല്പവും താമസിക്കാതെ നോമ്പ് തുറക്കുന്നവരാണ്.) (തിര്‍മിദി)
47. സഹ് ലുബ്നു സഅദ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ അരുളി:
എന്‍റെ ഉമ്മത്തിലെ ജനങ്ങള്‍ നോമ്പ് തുറക്കുന്നതില്‍ വേഗത കാണിക്കുന്ന കാലത്തോളം നന്മയിലായിരിക്കും. (ബുഖാരി, മുസ് ലിം)
48. അംറുബ്നുല്‍ ആസ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ അരുളി:
നമ്മുടെയും വേദക്കാരുടെയും നോമ്പുകള്‍ക്കിടയിലുള്ള വ്യത്യാസം അത്താഴം കഴിക്കലാണ്. (മുസ് ലിം)
49. സല്‍മാനുബ്നു ആമിര്‍ رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ അരുളി:
നിങ്ങളില്‍ ആരെങ്കിലും നോമ്പ് അനുഷ്ഠിച്ചാല്‍ കാരക്ക കൊണ്ട് നോമ്പ് തുറന്നുകൊള്ളട്ടെ.! കാരക്ക ലഭിച്ചില്ലെങ്കില്‍ വെള്ളം കൊണ്ട് നോമ്പ് തുറക്കട്ടെ.! കാരണം, വെള്ളം വളരെ പരിശുദ്ധമാണ്. (അബൂദാവൂദ്, തിര്‍മിദി, ഇബ്നുമാജ)
50. അബൂ അയ്യൂബുല്‍ അന്‍സ്വാരി رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ അരുളി:
ആരെങ്കിലും റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കുകയും തുടര്‍ന്ന്, ശവ്വാല്‍ മാസത്തില്‍ ആറ് സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവന്‍ ജീവിത കാലമത്രയും നോമ്പ് പിടിക്കുന്നതിന് തുല്യമാണ്. (മുസ് ലിം)
51. അബ്ദുല്ലാഹിബ്നു അബ്ബാസ് رضي الله عنه വിവരിക്കുന്നു:
അനാവശ്യ സംസാരങ്ങളുടെയും മ്ലേഛമായ പ്രവര്‍ത്തനങ്ങളുടെയും കറകളില്‍ നിന്നും മനസ്സിനെ ശുദ്ധിയാക്കുവാനും അഗതികള്‍ക്ക് ആഹാരത്തിനുള്ള ക്രമീകരണത്തിനുമാണ് റസൂലുല്ലാഹി ﷺ ഫിത്ര്‍ സകാത്ത് നിശ്ചയിച്ചത്. (അബൂദാവൂദ്)
52. അബ്ദുല്ലാഹിബ്നു ഉമര്‍ رضي الله عنه വിവരിക്കുന്നു:
മുസ് ലിംകളിലെ എല്ലാ അടിമകള്‍ക്കും സ്വതന്ത്രര്‍ക്കും സ്ത്രീ-പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റസൂലുല്ലാഹി ﷺ സ്വദഖത്തുല്‍ ഫിത്ര്‍ നിര്‍ബന്ധമാക്കി.
ഒരു സ്വാഅ് കാരക്ക, അല്ലെങ്കില്‍ ബാര്‍ലി എന്നതാണ് അതിന്‍റെ അളവ്.
ജനങ്ങള്‍ പെരുന്നാള്‍ നമസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് അത് നല്‍കണമെന്നും റസൂലുല്ലാഹി ﷺ കല്പിച്ചു. (ബുഖാരി, മുസ് ലിം)
53. ബുറൈദ رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ ഈദുല്‍ ഫിത്വ്റില്‍ ആഹാരം കഴിച്ചതിനുശേഷം നമസ്കാരത്തിന് പുറപ്പെടലായിരുന്നു പതിവ്.
ഈദുല്‍ അദ്ഹയില്‍ നമസ്കാരത്തിന് ശേഷമല്ലാതെ ഒന്നും ഭക്ഷിച്ചിരുന്നില്ല. (തിര്‍മിദി, ഇബ്നുമാജ)
54. അനസ് رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ ഈദുല്‍ ഫിത്ര്‍ നമസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് ഒറ്റയായ എണ്ണത്തില്‍ അല്‍പം കാരക്കകള്‍ ഭക്ഷിച്ചിരുന്നു. (ബുഖാരി)
55. ജാബിര്‍ رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി ﷺ പെരുന്നാള്‍ ദിവസം വ്യത്യസ്ഥ വഴികളില്‍ സഞ്ചരിച്ചിരുന്നു.
56. തസ്ബീഹ് നമസ്കാരം
ഇബ്നു അബ്ബാസ് رضي الله عنه വിവരിക്കുന്നു.
അബ്ബാസുബ്നു അബ്ദില്‍ മുത്വലിബിനോട് റസൂലുല്ലാഹി ﷺ ചോദിച്ചു: എന്‍റെ പ്രിയപ്പെട്ട പിതൃവ്യനായ അബ്ബാസേ, ഞാന്‍ താങ്കള്‍ക്ക് ഒരു ഉയര്‍ന്ന ഉപഹാരം നല്‍കട്ടെ.? ഞാന്‍ താങ്കളോട് ഒരു പ്രത്യേക കാര്യം പറയട്ടെ.? ഞാന്‍ താങ്കള്‍ക്ക് പത്ത് കാര്യങ്ങള്‍ ലഭ്യമാക്കട്ടെ.? (അതായത് പത്ത് പ്രയോജനങ്ങള്‍ ലഭിക്കുന്ന ഒരു ഉയര്‍ന്ന കാര്യം അറിയിച്ച് തരട്ടെ.?) അത് താങ്കള്‍ പ്രവര്‍ത്തിച്ചാല്‍ അല്ലാഹു താങ്കളുടെ ആദ്യത്തെയും അവസാനത്തെയും, പഴയതും പുതിയതും, മനപ്പൂര്‍വ്വം ചെയ്തതും അവിചാരിതമായി ചെയ്തതും, ചെറുതും വലുതും, രഹസ്യമായതും പരസ്യമായതും തുടങ്ങിയ എല്ലാ പാപങ്ങളെയും മാപ്പാക്കുന്നതാണ്. (അത് തസ്ബീഹ് നമസ്കാരമാണ്. അതിന്‍റെ രീതി ഇപ്രകാരമാണ്.) താങ്കള്‍ നാല് റക്അത്തുകള്‍ നമസ്കരിക്കുക. ഓരോ റക്അത്തിലും സൂറത്തുല്‍ ഫാതിഹയും മറ്റൊരു സൂറത്തും പാരായണം ചെയ്യുക. ആദ്യ റക്അത്തില്‍ ഖുര്‍ആന്‍ പാരായണം കഴിഞ്ഞാല്‍ നിന്നുകൊണ്ട് തന്നെ സുബ്ഹാനല്ലാഹി വല്‍ഹംദുല്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ എന്ന് പതിനഞ്ച് പ്രാവശ്യം പറയുക. പിന്നീട് റുകൂഇലും അത് പത്ത് പ്രാവശ്യം പറയുക. ശേഷം റുകൂഇല്‍ നിന്നും എഴുന്നേറ്റ് നിന്ന് കൊണ്ട് പത്ത് പ്രാവശ്യം പറയുക. പിന്നീട് സുജൂദ് നിര്‍വ്വഹിക്കുമ്പോഴും അത് പത്ത് പ്രാവശ്യം പറയുക. സുജൂദില്‍ നിന്നും എഴുന്നേറ്റ് ഇരുന്ന് കൊണ്ടും പത്ത് പ്രാവശ്യം പറയുക. രണ്ടാം സുജൂദിലും പത്ത് പ്രാവശ്യം പറയുക. രണ്ടാം സുജൂദിന് ശേഷവും (നില്‍ക്കുന്നതിന് മുമ്പ്) പത്ത് പ്രാവശ്യം പറയുക. ഇപ്പോള്‍ ഒരു റക്അത്തില്‍ ആകെ എഴുപത്തിയഞ്ച് തസ്ബീഹുകള്‍ ആയി. ഇപ്രകാരം നാല് റക്അത്തുകളിലും ആവര്‍ത്തിക്കുക. താങ്കള്‍ക്ക് സാധിക്കുമെങ്കില്‍ ദിനേന ഒരു പ്രാവശ്യം ഇപ്രകാരം നമസ്കരിക്കണം. അതിന് സാധിക്കുന്നില്ലെങ്കില്‍ എല്ലാ വെള്ളിയാഴ്ചകളിലും നമസ്കരിക്കണം. അതിനും സാധിക്കുന്നില്ലെങ്കില്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യം നമസ്കരിക്കണം. ഏറ്റവും കുറഞ്ഞത് ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും താങ്കള്‍ അപ്രകാരം നമസ്കരിക്കണം. (അബൂദാവൂദ്, ഇബ്നുമാജ, ബൈഹഖി, തിര്‍മിദി)
57. അബ്ദുല്ലാഹിബ്നു അംറ് رضي الله عنه നോട് റസൂലുല്ലാഹി ﷺ ഇപ്രകാരം അരുളി: നീ ഭൂമിയിലെ ഏറ്റവും വലിയ പാപിയാണെങ്കിലും തസ്ബീഹ് നമസ്കാരം മുഖേന നിനക്ക് അവ മാപ്പാക്കപ്പെടുന്നതാണ്. (അബൂദാവൂദ്)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment