Saturday, December 14, 2019

തഫ്സീറുല്‍ ഹസനി: ഒരു പരിചയം.!


തഫ്സീറുല്‍ ഹസനി പ്രകാശന കര്‍മ്മം 
മുഖ്യാതിഥി: 
മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി
2019 ഡിസംബര്‍ 18 ബുധന്‍ 
ദാറുല്‍ ഉലൂം 
ഓച്ചിറ, കൊല്ലം, കേരള. 
ഏവര്‍ക്കും സ്വാഗതം.! 
https://swahabainfo.blogspot.com/2019/12/blog-post_81.html?spref=tw
വില: 650/- 
മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 550 രൂപയ്ക്ക് ലഭിക്കുന്നു. 
6 കോപ്പി ഒരുമിച്ചെടുക്കുന്നവര്‍ക്ക് ഒരു കോപ്പി സൗജന്യം.! 

മദ്റസകള്‍ക്കും ബുക്സ്റ്റാളുകള്‍ക്കും പ്രത്യേക ഇളവ്.! 
ഈ അവസരം പ്രയോജനപ്പെടുത്തുക. 

ഈ അമൂല്യ ഗ്രന്ഥം ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 

തഫ്സീറുല്‍ ഹസനി: 
ഒരു പരിചയം.! 
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹു അടിമകളുടെ മേല്‍ ധാരാളം അനുഗ്രഹങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും വലിയ അനുഗ്രഹമാണ് അല്ലാഹുവിന്‍റെ അനുഗ്രഹീത സന്ദേശങ്ങള്‍.! ഓരോ കാലഘട്ടത്തിലും പാപ സുരക്ഷിതരായ പ്രവാചകന്മാരെ നിയോഗിക്കുകയും അവരിലേക്ക് വഹ്യ് (ദിവ്യബോധനം) അവതരിപ്പിക്കുകയും അവരിലൂടെ സന്ദേശങ്ങളെ വിവരിക്കുകയും ചെയ്തു. അവസാനം ലോകം അന്തിമ ഘട്ടത്തിലേക്ക് പ്രവേശിക്കുകയും പരസ്പരം ബന്ധപ്പെടാന്‍ സൗകര്യങ്ങള്‍ സംജാതമാകുകയും ചെയ്തപ്പോള്‍ മുഴുവന്‍ നബിമാരുടെയും നായകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അല്ലാഹു അന്ത്യ പ്രവാചകനായി നിയോഗിച്ചു. സര്‍വ്വ ഗ്രന്ഥങ്ങളുടെയും മേല്‍ മുഹയ്മിന്‍ (സാക്ഷി) കൂടിയായ അന്തിമ ഗ്രന്ഥം ഖുര്‍ആന്‍ അവതരിപ്പിക്കുകയും ചെയ്തു. പരിശുദ്ധ ഖുര്‍ആന്‍ പടച്ചവനിലേക്കുള്ള മാര്‍ഗ്ഗം വരച്ചുകാട്ടുന്നു. സര്‍വ്വ മാനവര്‍ക്കും മാര്‍ഗ്ഗ ദര്‍ശനമാണ്. ഭയഭക്തര്‍ ഇതിലൂടെ സന്മാര്‍ഗ്ഗത്തിന്‍റെ ഉന്നതങ്ങളിലേക്ക് ഉയരുന്നു. ഇതിന്‍റെ വചനങ്ങള്‍ ബലിഷ്ഠവും തത്വജ്ഞാന പൂര്‍ണ്ണവുമാണ്. ഇതിന്‍റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിരിക്കുന്നു. 
ആദരവായ റസൂലുല്ലാഹി (സ്വ) പടച്ചവന്‍റെ ഭാഗത്ത് നിന്നും പരിശുദ്ധ ഖുര്‍ആന്‍ സ്വീകരിക്കുകയും ശരിയായ നിലയില്‍ നിരന്തരം പാരായണം ചെയ്യുകയും പരിപൂര്‍ണ്ണമായി പ്രാവര്‍ത്തികമാക്കുകയും സമുദായത്തെ സൂക്ഷ്മതയോടെ പഠിപ്പിക്കുകയും ചെയ്തു. മഹാന്മാരായ സ്വഹാബത്തും ഇതേ മാര്‍ഗ്ഗം തന്നെ സ്വീകരിച്ചു. മുന്‍ഗാമികളും അവരുടെ വഴിയിലൂടെ സഞ്ചരിച്ചു. പരിശുദ്ധ ഖുര്‍ആനിനെ ഏറ്റവും വലിയ സമ്പത്തും ആയുധവുമായി അവര്‍ കണ്ടു. ഖുര്‍ആന്‍ പാരായണം ചെയ്തും പഠിച്ചും പകര്‍ത്തിയും പ്രചരിപ്പിച്ചും അവര്‍ വലിയ പോരാട്ടം തന്നെ നടത്തി. അതെ, ഹിജാസിന്‍റെ വിവിധ ഭാഗങ്ങളിലും ഇറാഖിന്‍റെ സമതലങ്ങളിലും ആഫ്രിക്കയുടെ വനാന്തരങ്ങളിലും ഭാരതത്തിന്‍റെ സുന്ദര ഭൂമിയിലും കടന്നുവന്ന ഇസ്ലാമിന്‍റെ യഥാര്‍ത്ഥ വാഹക സംഘങ്ങളുടെ പക്കല്‍ പണത്തിന്‍റെ ചാക്കുകെട്ടുകളോ ആയുധക്കൂമ്പാരമോ പ്രഭാഷണ-രചന ശക്തികളോ ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ, പരിശുദ്ധ ഖുര്‍ആനുണ്ടായിരുന്നു. ഇതിലൂടെ അവര്‍ സ്വയം ഉയരുകയും ജനങ്ങളെ ഉയര്‍ത്തുകയും ചെയ്തു. പക്ഷെ, പിന്‍ഗാമികള്‍ പലപ്പോഴും ഈ യാഥാര്‍ത്ഥ്യം വിസ്മരിക്കുകയും അവഗണിക്കുകയും ചെയ്തു. തദ്ഫലമായി വലിയ പരാജയങ്ങളും നാശ-നഷ്ടങ്ങളും സംഭവിക്കുകയും ചെയ്തു. ഇന്നത്തെ അവസ്ഥയും ഇങ്ങിനെ തന്നെയല്ലേയെന്ന് ആത്മാര്‍ത്ഥമായി ആലോചിക്കുക. ഭൗതിക കലാലയത്തില്‍ പഠിച്ചെങ്കിലും ഖുര്‍ആനിനെ നെഞ്ചോടണച്ച് പിടിച്ച ഡോ. ഇഖ്ബാല്‍ പറയുന്നു: മുന്‍ഗാമികള്‍ ഖുര്‍ആന്‍ വക്താക്കളായി കൊണ്ട് ഇരുലോകത്തും ഉയര്‍ന്നു. പിന്‍ഗാമികള്‍ ഖുര്‍ആന്‍ ഉപേക്ഷിച്ച് തകര്‍ന്നുകൊണ്ടിരിക്കുന്നു.! 
ഇത് പറയപ്പെടുമ്പോള്‍ ഞങ്ങളും പരിശുദ്ധ ഖുര്‍ആന്‍ വക്താക്കള്‍ തന്നെയാണെന്ന് പലരും തിരിച്ച് പറയാറുണ്ട്. പക്ഷെ, മുന്‍ഗാമികള്‍ അതിന്‍റെ വക്താക്കളായത് പോലെ ആകുമ്പോള്‍ മാത്രമാണ് ഇത് ശരിയാകുന്നത് എന്നറിയുക. അതെ, മുന്‍ഗാമികള്‍ പരിശുദ്ധ ഖുര്‍ആനിനെ പടച്ചവന്‍റെ അന്തിമ ഗ്രന്ഥമായി വിശ്വസിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഖുര്‍ആന്‍ പാരായണം ശരിയാക്കുകയും മനനം ചെയ്യുകയും നിരന്തരം ഓതുകയും ശ്രവിക്കുകയും ചെയ്തിരുന്നു. ഖുര്‍ആനിക സന്ദേശങ്ങള്‍ മനസ്സിലാക്കാനും ജീവിതത്തില്‍ പകര്‍ത്താനും ശ്രദ്ധിച്ചിരുന്നു. കുടുംബത്തിലും നാട്ടുകാര്‍ക്കും മുഴുവന്‍ ലോകത്തിനും അവര്‍ നല്‍കിയ ഏറ്റവും വലിയ ഉപഹാരം പരിശുദ്ധ ഖുര്‍ആന്‍ ആയിരുന്നു. എന്നാല്‍ നാം ഈ കാര്യങ്ങള്‍ എത്രമാത്രം പാലിക്കുന്നുണ്ടെന്ന് ആത്മാര്‍ത്ഥമായി ചിന്തിക്കുക. ഖുര്‍ആനിനോടുള്ള ആദരവ് വളരെ കുറഞ്ഞിരിക്കുന്നു. ഫാതിഹ, യാസീന്‍ പോലുള്ള സൂറത്തുകള്‍ പോലും വലിയ തെറ്റുകളോടുകൂടിയാണ് പാരായണം ചെയ്യുന്നത്. പത്ര-മാസികകള്‍ വായിക്കുകയും ആവശ്യവും അനാവശ്യവുമായ രചനകള്‍ പഠിക്കുകയും ചെയ്യുന്ന നാം, ഖുര്‍ആന്‍ എത്ര മനസ്സിലാക്കിയിട്ടുണ്ട്.? സൂറത്ത് നിസാഅ് പോലുള്ള അദ്ധ്യായങ്ങള്‍ സമുദായത്തിലെ പെണ്‍കുട്ടികള്‍ പോലും പഠിച്ചിരിക്കണമെന്ന് ഉമറുല്‍ ഫാറൂഖ് (റ) മുസ്ലിം ലോകത്തിന് വിജ്ഞാപനം നല്‍കുകയുണ്ടായി. പെണ്‍കുട്ടികളുടെയും പൊതു സ്ത്രീകളുടെയും പുരുഷന്മാരുടെയും കാര്യമിരിക്കട്ടെ, സമുദായത്തിലെ പ്രധാനികള്‍ക്കും നേതാക്കള്‍ക്കും ഇവ അറിയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമല്ലേ.? പരിശുദ്ധ ഖുര്‍ആന്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിലും നാം വളരെ പിന്നിലാണ്. നിസാഅ്, മാഇദ, നൂര്‍, ഹുജുറാത്ത് പോലുള്ള സൂറത്തുകള്‍ പാലിച്ചിരുന്നുവെങ്കില്‍ വൈവാഹിക-സാമൂഹിക നാശനഷ്ടങ്ങള്‍ വളരെയധികം കുറയുമായിരുന്നു. കുടുംബത്തിലും നാട്ടുകാര്‍ക്കും നാം ഖുര്‍ആന്‍ എത്തിച്ചുകൊടുക്കാത്തത് കൊണ്ട് അവരില്‍ പലരും ഖുര്‍ആന്‍ അറിയില്ലെന്ന് മാത്രമല്ല, പലരും അത്ഭുതകരവും അപകടകരവുമായ തെറ്റിദ്ധാരണകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ചുരുക്കത്തില്‍, പരിശുദ്ധ ഖുര്‍ആനിലേക്ക് മടങ്ങുക എന്നത് മാത്രമാണ് നിലവിലുള്ള നാശങ്ങളുടെ പ്രധാന പരിഹാരം. 
തന്ത്രജ്ഞനും നീതിമാനുമായ അല്ലാഹു അവസാന കാലത്ത് ലോകത്തിന്‍റെ കേന്ദ്രമായി തെരഞ്ഞെടുത്ത രാജ്യമാണ് ഭാരതം. ഇവിടുത്തെ ഇസ്ലാമിക മുന്നേറ്റത്തിന്‍റെ അടിസ്ഥാന കാരണം ഖുര്‍ആന്‍ തന്നെയായിരുന്നു. എന്നാല്‍ മുഹ്യുദ്ദീന്‍ ഔറംഗസീബിന്‍റെ കാലത്തിന് ശേഷം വലിയ അധഃപതനങ്ങള്‍ ആരംഭിച്ചു. ഇതിന്‍റെ മൂല കാരണങ്ങളിലൊന്ന് പരിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള അകല്‍ച്ചയാണെന്ന് മനസ്സിലാക്കിയ പന്ത്രണ്ടാം ശതകത്തിലെ പരിഷ്കര്‍ത്താവ് ഇമാം ശാഹ് വലിയുല്ലാഹ് ദഹ്ലവി (റഹ്) ഫക്കു കുല്ലി നിസാം എന്ന പേരില്‍ നിര്‍ദ്ദേശിച്ച പരിഹാര മാര്‍ഗ്ഗങ്ങളിലൊന്ന് ഖുര്‍ആനിലേക്കുള്ള മടക്കമാണ്. പരിശുദ്ധ ഖുര്‍ആനിന്‍റെ ഉപര്യുക്ത കടമകള്‍ മഹാനവര്‍കള്‍ ശക്തമായി ഉദ്ബോധിപ്പിച്ചു. പിന്‍ഗാമികള്‍ അത് ഏറ്റെടുത്ത് നടപ്പില്‍ വരുത്തി. വിശിഷ്യാ, ദഹ്ലവി മദ്റസയുടെ പ്രധാന തുടര്‍ച്ചയായ ദാറുല്‍ ഉലൂം ദേവ്ബന്ദ് ഈ വിഷയത്തില്‍ വളരെയധികം മുന്നേറി. പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന് പ്രഥമ സ്ഥാനം നല്‍കുന്ന ദാറുല്‍ ഉലൂം സന്താനങ്ങള്‍ ഇത് വരെ രചിച്ച ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ മാത്രം നൂറിലേറെയാണ്. ഇതില്‍ വളരെ മുന്നോട്ട് നീങ്ങിയ മറ്റൊരു സ്ഥാപനമാണ് ദഹ്ലവി പരമ്പരയുടെ വേറൊരു ശാഖയായ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമ. വിശിഷ്യാ, നദ്വത്തുല്‍ ഉലമയുടെ ഐശ്വര്യമായ ഹസനീ കുടുംബത്തിലെ പുരുഷന്മാരും സ്ത്രീകളും ഈ സന്ദേശത്തെ വളരെ നല്ല നിലയില്‍ ഉള്‍ക്കൊണ്ടു. സയ്യിദ് ശാഹ് അലമുല്ലാഹ്, സയ്യിദ് അഹ്മദ് ശഹീദ്, സയ്യിദ ഖൈറുന്നിസാഅ് ബഹ്തര്‍, അല്ലാമാ അബ്ദുല്‍ ഹയ്യ്, മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി, സയ്യിദ് അമതുല്ലാഹ് തസ്നീം, മൗലാനാ മുഹമ്മദുല്‍ ഹസനി, മൗലാനാ സയ്യിദ് അബ്ദുല്ലാഹില്‍ ഹസനി, അല്ലാമാ സയ്യിദ് വാദിഹ് റഷീദ് നദ്വി തുടങ്ങി ഈ കുടുംബത്തിലെ ഏതാണ്ട് എല്ലാവരും തന്നെ പരിശുദ്ധ ഖുര്‍ആനുമായി വലിയ ബന്ധം പുലര്‍ത്തിയവരാണ്. ഈ പരമ്പരയിലെ ഒരു സുവര്‍ണ്ണ സംഭാവനയാണ് മൗലാനാ സയ്യിദ് മുഹമ്മദുല്‍ ഹസനിയുടെ മകന്‍ മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്വി തയ്യാറാക്കിയ തഫ്സീറുല്‍ ഹസനി. 
ഈ ഗ്രന്ഥം ഒരു തഫ്സീര്‍ മാത്രമല്ല, പരിശുദ്ധ ഖുര്‍ആനിന്‍റെ സ്നേഹ നിര്‍ഭരമായ പ്രബോധനം കൂടിയാണ്. ഖുര്‍ആനിനോടുള്ള ആദരവിന്‍റെ പേരില്‍ ആമുഖവും അവതാരികയും അവസാന ഭാഗത്ത് നല്‍കുകയും ഖുര്‍ആന്‍ ശരീഫ് ശരിയായ നിലയില്‍ വെക്കുന്നതിന് വലത്ത് നിന്നും ഇടത്തോട്ട് പേജുകള്‍ ക്രമീകരിക്കുകയും ചെയ്തു. പാരായണം വര്‍ദ്ധിപ്പിക്കുന്നതിന് ഓരോ പേജുകളും പൂര്‍ണ്ണമായ നിലയില്‍ കൊടുത്തു. ആശയങ്ങളും വിവരണങ്ങളും കഴിവതും അതാത് പേജുകളില്‍ തന്നെ ഒതുക്കി. വ്യാഖ്യാനത്തില്‍ ആയത്തുകള്‍ക്കിടയിലുള്ള ബന്ധങ്ങളും അവതരണ പശ്ചാത്തലങ്ങളും സംശയ-തെറ്റിദ്ധാരണകള്‍ക്കുള്ള ലളിതമായ മറുപടികളും നല്‍കുന്നു. ഇടയ്ക്കിടെ സദുപദേശങ്ങളും പ്രാര്‍ത്ഥനാ വചനങ്ങളും നടത്തി പ്രാവര്‍ത്തികമാക്കാന്‍ പ്രേരിപ്പിച്ചു. മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ചില ഖുര്‍ആനിക രചനകളില്‍ ആശയം മാത്രമേയുള്ളൂ. മറ്റ് ചിലതില്‍ വളരെ കുറഞ്ഞ വിവരണങ്ങള്‍ മാത്രമാണുള്ളത്. വേറെ ചിലതാകട്ടെ, വളരെ നീണ്ട വിശദീകരണങ്ങളുള്ളതാണ്. ഇവയ്ക്കെല്ലാം അതിന്‍റെതായ പ്രയോജനങ്ങളുണ്ടെങ്കിലും മധ്യമ നിലയിലുള്ള തഫ്സീറുല്‍ ഹസനിയുടെ പ്രത്യേകതയും പ്രയോജനവും കൂടുതല്‍ ഉയര്‍ന്നിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഇത് മുസ്ലിംകളായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മാത്രമല്ല, അമുസ്ലിം സഹോദരങ്ങള്‍ക്കും പ്രയോജനപ്രദമാണ്. 
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ വിവര്‍ത്തനത്തിന്‍റെയും പ്രസിദ്ധീകരണത്തിന്‍റെയും വലിയ കടമ്പകള്‍ കടന്ന് ഇപ്പോള്‍ ഇത് നമ്മുടെ കരങ്ങളിലെത്തിയിരിക്കുന്നു. എന്നാല്‍ ഇത് കൂടുതല്‍ പ്രയോജനകരമാകുന്നതിനും ലോകാവസാനം വരെ നിലനില്‍ക്കുന്നതിനും ജനങ്ങള്‍ക്കെല്ലാം എത്തുന്നതിനും നാമോരോരുത്തരും പടച്ചവനോട് പ്രാര്‍ത്ഥിക്കുകയും കഴിയുന്നത്ര പരിശ്രമിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പാരായണത്തിനിടയില്‍ എന്തെങ്കിലും തെറ്റുകള്‍ കണ്ടാല്‍ ബന്ധപ്പെട്ടവരെ ഉണര്‍ത്തുക. മുസ്ലിം സഹോദരങ്ങള്‍ക്ക് ഇതിനെ പരിചയപ്പെടുത്തുക. ഇതിന്‍റെ വിതരണം കച്ചവടത്തോടൊപ്പം പ്രബോധനം കൂടിയാണ് എന്ന് കച്ചവടക്കാരായ സഹോദരങ്ങളെ ഉണര്‍ത്തുക. വിവാഹ പരിപാടികള്‍ക്കും രോഗ സന്ദര്‍ശനങ്ങള്‍ക്കും പരിപാടികളിലെ അതിഥികള്‍ക്കുള്ള ഉപഹാരമായും പാഠശാലകളിലെ മല്‍സരങ്ങള്‍ക്കുള്ള സമ്മാനമായും ഇതിനെ പ്രത്യേകം പരിഗണിക്കുക. അതെ, പാവപ്പെട്ട അക്കാദമിയുടെ പിന്നില്‍ സംഘടനകളുടെ ബലമൊന്നുമില്ല. എന്നാല്‍ എല്ലാവര്‍ക്കും ഈ സേവനങ്ങളില്‍ ബന്ധപ്പെടാന്‍ കഴിയുമല്ലോ എന്ന നിലയില്‍ ഇതിനെ ഒരു അനുഗ്രഹമായും അവസരമായും ഞങ്ങള്‍ കാണുന്നു. പരിശുദ്ധ ഖുര്‍ആനിനെ ആദരിക്കുന്നതിലേക്കും ഓതുന്നതിലേക്കും പഠിക്കുന്നതിലേക്കും പകര്‍ത്തുന്നതിലേക്കും പ്രചരിപ്പിക്കുന്നതിലേക്കും എല്ലാവരെയും സവിനയം സസ്നേഹം സ്വാഗതം ചെയ്യുന്നു. അല്ലാഹു പരിശുദ്ധ ഖുര്‍ആനിനെ നമ്മുടെ മനസ്സിന്‍റെ വസന്തവും ദുഃഖത്തിന്‍റെ ദൂരീകരണവും രോഗങ്ങള്‍ക്കുള്ള ശമനവും പ്രശ്നങ്ങളുടെ പരിഹാരവും സ്വര്‍ഗ്ഗത്തിലേക്കുള്ള വഴികാട്ടിയുമാക്കട്ടെ.! നബിമാരുടെയും മഹാന്മാരുടെയും ഗുണങ്ങള്‍ ഉള്‍ക്കൊള്ളാനും ഇരുലോക വിജയം വരിക്കാനും ഉതവി നല്‍കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...