Thursday, December 26, 2019

മുറിവിന് മരുന്ന് തേച്ചാല്‍ മാത്രം മതിയോ? മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


വര്‍ഗ്ഗീയകലാപങ്ങള്‍; 
മുറിവിന് മരുന്ന് തേച്ചാല്‍ മാത്രം മതിയോ? 
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2019/12/blog-post_26.html?spref=tw
വര്‍ഗ്ഗീയകലാപങ്ങള്‍ ഇന്ത്യയുടെ വലിയൊരു ശാപമായി മാറിയിരിക്കുന്നു. അതില്‍ നാശനഷ്ടങ്ങള്‍ അനുഭവിക്കുന്നവരെ എല്ലാതരത്തിലും സഹായിക്കല്‍ ഇസ്ലാമികം മാത്രമല്ല മാനുഷികമായ ഒരു ബാധ്യതകൂടിയാണ്. സ്വയം വിശന്നും മക്കളെ പട്ടിണിക്കിട്ടുകൊണ്ടും കലാപബാധിത മേഖലകളില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ നടത്തുന്ന സേവനസഹായങ്ങള്‍ കര്‍ത്തവ്യനിര്‍വ്വഹണത്തിന്‍റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ്. അതില്‍ ആരും അത്ഭുതപ്പെടേണ്ടതില്ല. നാം ചെയ്തതെല്ലാം കുറവാണ്. അതിനേക്കാള്‍ കൂടുതല്‍ ദീനീരോഷവും ത്യാഗമനസ്ഥിതിയും ആവശ്യമായിരുന്നു. എന്നാല്‍ ഒരു സത്യം അതെത്ര തെറ്റിദ്ധരിക്കപ്പെട്ടാലും ശരി തുറന്നുപറയട്ടെ, കലാപങ്ങളെ തുടര്‍ന്ന് നാം നടത്തിവരുന്ന സേവനങ്ങള്‍ ഒരിക്കലും പ്രശ്നത്തിന്‍റെ പരിഹാരമല്ല. ഇത്തരം സഹായങ്ങള്‍ മുസ്ലിംകളുടെ സകലവിധ ശേഷികളും ചിലവഴിക്കപ്പെടുന്ന വാര്‍ഷികോത്സവം ആയിമാറുന്നോ എന്ന ആശങ്കയുമുണ്ട്. 
ഈ അവസ്ഥ നിലനില്‍ക്കുവാനും ഇതൊരു പതിവാക്കി മാറ്റുവാനും നാം ഒരിക്കലും സമ്മതിക്കരുത്. ഒരു ഭാഗത്ത് മുറിവുകള്‍ ഏല്‍ക്കുകയും മറുഭാഗത്ത് സമുദായത്തിന്‍റെ ശേഷിമുഴുവന്‍ മുറിവുകള്‍ക്ക് മരുന്ന് പുരട്ടാന്‍ ചിലവഴിക്കപ്പെടുകയും ചെയ്യുന്ന സമുദായം തീര്‍ച്ചയായും കാരുണ്യമര്‍ഹിക്കുന്നവരും ഭാഗ്യം കെട്ടവരുമാണ്. ഈ സമുദായം തീര്‍ച്ചയായും നിരന്തരം മുറിവേല്‍ക്കാനും മരുന്ന് പുരട്ടാനും വേണ്ടി സൃഷ്ടിക്കപ്പെട്ടവരല്ല. കലാപങ്ങളുടെ പരമ്പര എക്കാലത്തേക്കുമായി അവസാനിപ്പിക്കാന്‍, സമുദായത്തിന്‍റെ അവസ്ഥയ്ക്ക് ശരിയായ മാറ്റം അത്യാവശ്യമാണ്. വര്‍ഗ്ഗീയ കലാപങ്ങള്‍ സമുദായത്തിന്‍റെ കോട്ടയ്ക്കകത്തു കടക്കുന്ന പഴുതുകളെല്ലാം അടയ്ക്കേണ്ടതാണ്. ഈ പഴുതുകള്‍ ബാഹ്യത്തേക്കാള്‍ കൂടുതല്‍ ആന്തരികമാണ്. ഇസ്ലാമിക ജാഗരണത്തിനും മുസ്ലിം സംരക്ഷണത്തിനും സുചിന്തിതവും നിര്‍മ്മാണാത്മകവും വിപ്ലവകരവും ആയ നിരന്തര പരിശ്രമങ്ങള്‍ ആവശ്യമാണ്. ഈ പരിശ്രമങ്ങള്‍ വളരുകയും കലാപങ്ങളെ തടയാന്‍ ശക്തി കൈവരിക്കുകയും ചെയ്യുന്നത് വരെ ഈ നാശപരമ്പര അവസാനിക്കുന്നതല്ല. 
അടുത്തു നടന്ന സംഭവങ്ങള്‍ ഒരിക്കല്‍ കൂടി, ഈ വിഷയത്തില്‍ നിഷ്പക്ഷവും ആത്മാര്‍ത്ഥവുമായ ഒരു നിരൂപണം നടത്താന്‍ നമുക്ക് അവസരം നല്‍കിയിരിക്കുന്നു. ഇത്തരുണത്തില്‍ ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ സംഭവങ്ങളുടെ യഥാര്‍ത്ഥകാരണം കണ്ടെത്താനും അവ എന്നെന്നേക്കുമായി ദൂരീകരിക്കാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ച് ചിന്തിക്കാനും നാം തയ്യാറാകണം. ഉപരിപ്ലവകരവും താല്‍ക്കാലികവും വൈകാരികവുമായ ശൈലികള്‍ക്കുപകരം കിതാബ്-സുന്നത്തുകളുടെ വെളിച്ചത്തില്‍ ശരിയായ പരിഹാരം തിരഞ്ഞെടുക്കാന്‍ നാം സന്നദ്ധരാകുക. മുസ്ലിംകള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ മറ്റ് സമുദായങ്ങളെപ്പോലെ പ്രകൃതിപരം മാത്രമായിരിക്കില്ല. അവയുടെ പരിഹാരവും പ്രകൃതിപരം മാത്രമല്ല. അവരുടെ പ്രശ്നങ്ങളുടെ കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും രണ്ടും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാണ്. 
ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയും പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിച്ചതല്ലാത്തതും അക്രമവുമായ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് പിന്നില്‍ അടിസ്ഥാനപരമായി മൂന്ന് കാരണങ്ങളുണ്ട്. 
ഒന്ന്, ദുരുദ്ദേശമുള്ളവരുടെ പ്രശ്നം സൃഷ്ടിക്കല്‍, സ്ഥാനത്തിന് വേണ്ടിയോ സമ്പത്തിന് വേണ്ടിയോ ജനങ്ങള്‍ക്കിടയില്‍ ഇവര്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നു. കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കുന്നു. ഇന്ത്യയുടെ മഹത്തായ ചരിത്രം തന്നെ തിരുത്തിയെഴുതുന്നു. പൂര്‍വ്വികരായ മുഴുവന്‍ മുസ്ലിം ഭരണാധികാരികളും അമുസ്ലിംകളോട് വിശിഷ്യാ, ഹൈന്ദവരോട് വലിയ ക്രൂരതയും അക്രമങ്ങളും കാട്ടിയവരാണെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. ധാരാളം ജനങ്ങളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിച്ചുവെന്നും ഹൈന്ദവരുടെ ആരാധനാലയങ്ങള്‍ തകര്‍ത്തുവെന്നും ഇവര്‍ പ്രചണ്ഡമായി പ്രചരിപ്പിക്കുന്നു. കൂടാതെ പൂര്‍വ്വികരായ മുസ്ലിംകളുടെ പ്രധാന പരിപാടി കൊള്ളയും കൊലയുമായിരുന്നുവെന്നും, ഇവര്‍ ധാരാളം അമുസ്ലിംകളെ വധിക്കുകയും അവരുടെ സ്വത്ത് വകകളെ കൊള്ളയടിക്കുകയും ചെയ്തുവെന്നും ഇവര്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ ഈ പ്രചാരണത്തില്‍ രാജ്യത്തെ ഉത്തരവാദിത്വപ്പെട്ട പലരും പങ്കെടുക്കുന്നുണ്ട്. രാജ്യത്തിന്‍റെ തന്നെ അടിസ്ഥാനമായ ഭരണാധികാരികളിലും പത്ര പ്രവര്‍ത്തകരിലും നിയമ പാലകരിലും മത നേതാക്കളിലും പെട്ട പലരും ഈ വ്യാജവും അങ്ങേയറ്റം അധര്‍മ്മവുമായ ഈ കാര്യങ്ങള്‍ താല്‍ക്കാലിക ലക്ഷ്യത്തിന് വേണ്ടി നടത്തിയിട്ടുണ്ട്. പത്രങ്ങളും പ്രസിദ്ധീകരണങ്ങളും കൂടാതെ വിദ്യാഭ്യാസ പാഠ്യപദ്ധതിയിലും പൊതു പ്രഭാഷണങ്ങളിലും ഇത് നടത്തപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത് അങ്ങേയറ്റം ദുഃഖകരമായ ഒരു യാഥാര്‍ത്ഥ്യമാണ്. 
രണ്ട്, അമുസ്ലിം സഹോദരങ്ങളില്‍ പലരും അന്വേഷണങ്ങളൊന്നും കൂടാതെ ഉപരിസൂചിത പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോയിരിക്കുന്നു. മേല്‍ പറയപ്പെട്ട ആരോപണങ്ങളെല്ലാം തെറ്റാണ് എന്നത് ആധികാരിക ചരിത്രങ്ങളുടെയും മതബോധം നിറഞ്ഞ ബന്ധത്തിന്‍റെയും അടിസ്ഥാനത്തില്‍ ദൂരീകരിക്കാന്‍ സാധിക്കുമെങ്കിലും അവരില്‍ പലരും അതിന് മുതിരുന്നില്ല. 

മൂന്ന്, മുസ്ലിം സമുദായത്തിന്‍റെ നിഷ്ക്രിയത്വം. മേല്‍ പറയപ്പെട്ട ഗുരുതരമായ ആരോപണങ്ങള്‍ മുസ്ലിം സമുദായത്തിന് മാത്രമല്ല, രാജ്യത്തിന് തന്നെ വലിയ ഭീഷണി ഉണ്ടാക്കുന്നതായായിട്ടും പൊതുവില്‍ പുതുമുസ്ലിംകളുടെ കാര്യമിരിക്കട്ടെ, പണ്ഡിതരിലും പ്രഭാഷകരിലും എഴുത്തുകാരിലും രാഷ്ട്രീയക്കാരിലും പെട്ട ആളുകള്‍ പോലും ഈ തെറ്റിദ്ധാരണ തിരുത്താന്‍ പരിശ്രമിക്കുന്നില്ല. ചിലരെങ്കിലും ഞങ്ങളെ പറ്റി അങ്ങനെയാണ് ധാരണയെങ്കില്‍ അങ്ങനെ തന്നെയിരിക്കട്ടെ എന്ന നിലയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. തദ്ഫലമായി ഇസ്ലാമിന്‍റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും അമുസ്ലിംകളിലെ സാധാരണക്കാരെന്നല്ല, പ്രധാനികളും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ദിവസവും കേട്ടുകൊണ്ടിരിക്കുന്ന ബാങ്കിനെ പോരാട്ടത്തിന് വേണ്ടിയുള്ള ആഹ്വാനമായിട്ടാണ് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അമുസ്ലിംകളുമായി ബന്ധപ്പെട്ടാല്‍ ഈ വിഷയത്തില്‍ ചിരി മാത്രമല്ല, പലപ്പോഴും കരച്ചില്‍ തന്നെ വരുത്തുന്ന രംഗങ്ങള്‍ സംജാതമാകുന്നതാണ്. ഞാനൊരിക്കല്‍ തബ്ലീഗ് പ്രവര്‍ത്തകരോടൊപ്പം ട്രൈനില്‍ യാത്രയില്‍ ചെയ്ത് കൊണ്ടിരിക്കേ നമസ്കാത്തിന് സമയമായി. ഞങ്ങളെല്ലാവരും ബാങ്ക് കൊടുത്ത് ചുരുങ്ങിയ നിലയില്‍ ജമാഅത്തായി നമസ്കരിച്ചു. ഞങ്ങളുടെ അരികില്‍ പട്ടാള ഓഫീസറായ ഒരാള്‍ ഇരിപ്പുണ്ടായിരുന്നു. അല്‍പസ്വല്‍പം വിവരമുള്ള ആളുകളാണല്ലോ ഇത്തരം ആളുകള്‍. അദ്ദേഹത്തിന്‍റെ ചോദ്യം കേട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. അദ്ദേഹം ചോദിച്ചു: മൗലാനാ പറയീന്‍, നിങ്ങള്‍ക്കെന്താണ് അക്ബര്‍ ചക്രവര്‍ത്തിയുമായിട്ട് ഇത്ര ബന്ധം.? നമസ്കാരത്തിനിടയില്‍ ആദ്യം മുതല്‍ അവസാനം വരെയും അക്ബര്‍ ചക്രവര്‍ത്തിയാണ് അല്ലാഹു എന്ന് ഉരുവിട്ടുകൊണ്ടിരുന്നത് എന്തിനാണ്.? ഇതാണ് അമുസ്ലിം സഹോദരങ്ങളിലെ പ്രധാനികള്‍ക്ക് പോലും ഇസ്ലാമിനെ കുറിച്ചുള്ള സങ്കല്‍പ്പം. തീര്‍ച്ചയായും ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ നാം വൈജ്ഞാനികമായും കാര്‍മ്മികമായും പരിശ്രമിക്കേണ്ടതാണ്. ഇസ്ലാമിനെ കുറിച്ചും മുന്‍ഗാമികളായ മുസ്ലിംകളെ കുറിച്ചും ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തില്‍ അമുസ്ലിംകളായ സഹോദരങ്ങള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ടതുണ്ട്. കൂടാതെ ഇസ്ലാമിക നിയമങ്ങള്‍ പാലിച്ച് കൊണ്ട് അവരോട് തികഞ്ഞ സാഹോദര്യത്തോടെ വര്‍ത്തിക്കുകയും അവരുടെ സന്തോഷവേളകളില്‍ അവര്‍ക്ക് ആശംസ അര്‍പ്പിക്കുകയും ദുഃഖ വേളകളില്‍ അവരെ ആശ്വസിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇതില്‍ കൂടി രണ്ടാമത്തെ വിഭാഗം ആളുകളില്‍ മാറ്റമുണ്ടാകുകയും അവര്‍ വഴിയായി ഒരളവോളം ഒന്നാമത്തെ വിഭാഗത്തിലും മാറ്റമുണ്ടാകുന്നതാണ്. പടച്ചവന്‍ ഉതവി നല്‍കട്ടെ.!

പരിധിവിട്ട ആവേശവും തീപ്പൊരി പ്രസംഗവും 
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2019/12/blog-post_22.html?spref=tw

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...