Wednesday, December 4, 2019

ബാബരി മസ്ജിദ്: ചരിത്രവും പാഠങ്ങളും.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ബാബരി മസ്ജിദ്: 
ചരിത്രവും പാഠങ്ങളും.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
https://swahabainfo.blogspot.com/2019/12/blog-post_4.html?spref=tw
രണ്ട് വ്യക്തികള്‍, കുടുംബങ്ങള്‍ ഇവയ്ക്കിടയില്‍ ഭിന്നതകള്‍ സ്വാഭാവികമായത് പോലെ, രണ്ട് മതവിഭാഗങ്ങള്‍ക്കിടയിലും പ്രശ്നങ്ങള്‍ ഉടലെടുക്കുക സ്വാഭാവികമാണ്. ഇരു വിഭാഗത്തിലും ബുദ്ധിയും ബോധവുമുള്ള വ്യക്തികള്‍ രംഗത്തിറങ്ങി, സദുദ്ദേശത്തോടെ ശരിയായ മാര്‍ഗ്ഗത്തില്‍ പ്രശ്നം തീര്‍ക്കാന്‍ പരിശ്രമിക്കലാണ് ഇതിനുള്ള പരിഹാരമാര്‍ഗ്ഗം. ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പ്രശ്നമുണ്ടായാല്‍ ഇരു വിഭാഗത്തില്‍ നിന്നും ബുദ്ധിയും ബോധവുമുള്ള രണ്ട് പേരെ കാര്യം ഏല്‍പ്പിക്കണമെന്നും അവര്‍ സദുദ്ദേശത്തോടെ ശരിയായ മാര്‍ഗ്ഗത്തില്‍ പരിശ്രമിക്കുന്ന പക്ഷം, പ്രശ്നം പരിഹൃതമാകുമെന്നും പരിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. (നിസാഅ് 35) പരസ്പര പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ലളിതവും ശക്തവുമായ ഒരു മാര്‍ഗ്ഗമാണ് പരിശുദ്ധ ഖുര്‍ആന്‍ ഇവിടെ പഠിപ്പിച്ചിരിക്കുന്നത്. 
ഇന്ത്യാ മഹാരാജ്യത്തെ രണ്ട് പ്രധാന വിഭാഗങ്ങളാണ് ഹൈന്ദവരും മുസ്ലിംകളും. ഇരു കൂട്ടര്‍ക്കും ഇടയില്‍ സ്വാഭാവികമായും പല പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്. ഉപര്യക്ത ഉപദേശം പാലിക്കപ്പെട്ട സന്ദര്‍ഭങ്ങളിലെല്ലാം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്ന് മാത്രമല്ല, സുന്ദരവും സുമോഹനവുമായ അവസ്ഥകള്‍ സംജാതമായി. എന്നാല്‍ ഇത് പാലിക്കാതിരുന്ന ഘട്ടങ്ങളില്‍ പ്രശ്നങ്ങള്‍ പരിഹൃതമായില്ലെന്ന് മാത്രമല്ല, വളരെ നിന്ദ്യമായ അവസ്ഥകള്‍ നിലവില്‍ വരികയും ചെയ്തു. ബാബരി മസ്ജിദ്-ശ്രീരാമ ജന്മഭൂമി പ്രശ്നത്തില്‍ ഇന്ത്യന്‍ ജനത ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇത്തരം ഒരു അവസ്ഥയാണ്. ഇതിന് അടിസ്ഥാനപരമായ മാറ്റമുണ്ടാകാതെ പ്രശ്നങ്ങള്‍ ഒരിക്കലും പരിപൂര്‍ണ്ണമായി പരിഹരിക്കപ്പെടുന്നതല്ല. 
ഇന്ത്യന്‍ ജനതയുടെ ധാരാളം ജീവനും സമ്പത്തും ആരോഗ്യവും സമയവും നഷ്ടപ്പെടാന്‍ കാരണമായ ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്നങ്ങളുടെ കേന്ദ്രസ്ഥാനമായ അയോദ്ധ്യക്കടുത്ത് ബാരാബങ്കി എന്ന ഒരു സ്ഥലമുണ്ട്. ഇവിടെ ജഹാംഗീറാബാദ് എന്ന ഒരു ഗ്രാമമുണ്ട്. ഈ ഗ്രാമത്തില്‍ അല്ലാഹുവിന്‍റെ ഒരു ദാസന്‍ ധാരാളം സ്ഥലങ്ങള്‍ പടച്ചവന്‍റെ നാമത്തില്‍ വഖ്ഫ് ചെയ്യുകയും വിശാലമായ ഒരു മസ്ജിദ് നിര്‍മ്മിക്കുകയും ചെയ്തു. വിഭജനത്തെ തുടര്‍ന്ന് മുസ്ലിംകള്‍ അവിടെ നിന്നും പലായനം ചെയ്തു. സ്വാഭാവികമായും അമുസ്ലിംകള്‍ ആ സ്ഥലങ്ങള്‍ കയ്യേറി. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പുറപ്പെട്ട ഒരു വാഹക സംഘം ഇത് കണ്ടെത്തുകയും മൗലാനാ സജ്ജാദ് നുഅ്മാനിയെ കണ്ട് വിവരം ധരിപ്പിക്കുകയും ചെയ്തു. അദ്ദേഹം സ്ഥലത്തെത്തി ജനങ്ങളുമായി സ്നേഹത്തില്‍ സംസാരിക്കുകയും അവര്‍ സ്വാഗതം ചെയ്ത് ഇദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ഇന്ന് അവിടെ ഇരുന്നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ പഠിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പ്രധാന സേവകര്‍ പരിസരത്തുള്ള അമുസ്ലിംകളാണ്. മസ്ജിദിന്‍റെ പറമ്പും മറ്റും അവര്‍ യഥേഷ്ടം ഉപയോഗിക്കുകയും ആഴ്ച തോറും അവിടെ നടക്കുന്ന ചികിത്സാ ക്യാമ്പുകളും മറ്റും സസന്തോഷം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. വിനീതന്‍ ഒരു വലിയ പെരുന്നാള്‍ നമസ്കാരം മൗലാനാ സജ്ജാദ് സാഹിബിന്‍റെ നേതൃത്വത്തില്‍ വികാര നിര്‍ഭരമായ നിലയില്‍ അവിടെ വെച്ച് നിര്‍വ്വഹിച്ചിട്ടുണ്ട്. ഇത്തരം ധാരാളം മാതൃകകള്‍ ഇന്ത്യ മുഴുവനും കാണാന്‍ കഴിയും. കുറഞ്ഞ പക്ഷം, ഈ മാര്‍ഗ്ഗം നാം സ്വീകരിച്ചുനോക്കിയാല്‍ ഇന്നും ഈ അനുഭവം നമുക്ക് നേരിട്ട് ഉണ്ടാകുന്നതാണ്. 
ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു നാടാണ് അയോദ്ധ്യ. മുസ്ലിംകളും ഹൈന്ദവരും നൂറ്റാണ്ടുകളായി ഇവിടെ താമസിച്ചുവരുന്നു. ഇരു കൂട്ടരുടെയും ധാരാളം മസ്ജിദുകളും മന്ദിറുകളും അവിടെ നിറഞ്ഞുനില്‍ക്കുന്നു.  ഹൈന്ദവരുടെ വികാരങ്ങള്‍ വളരെയധികം പരിഗണിച്ചിരുന്ന മുഗള്‍ ഭരണകൂടത്തിലെ പ്രഥമ വ്യക്തിത്വം, സഹീറുദ്ധീന്‍ ബാബര്‍ ഇവിടത്തെ ആവശ്യകത മനസ്സിലാക്കി പ്രാദേശിക ഗവര്‍ണ്ണറായ മീര്‍ബാഖി വഴിയായി 1528-ല്‍ ഒരു മസ്ജിദും, വിശാലമായ ഖബര്‍സ്ഥാനും ഇവിടെ സ്ഥാപിക്കുകയുണ്ടായി. സ്വന്തം കാര്യത്തിനാകട്ടെ, മതപരമായ വിഷയങ്ങള്‍ക്കാകട്ടെ ആരുടെയും സ്ഥലം പോകട്ടെ സമ്പത്ത് പോലും അന്യാധീനപ്പെടുത്താന്‍ ഇസ്ലാം അനുവദിക്കുന്നില്ല. (സൂറത്തുന്നിസാഅ്). ഇവിടെ അദ്ദേഹം അത് പാലിച്ചിരിക്കും എന്ന കാര്യം വ്യക്തമാണ്. തുടര്‍ന്ന് അവിടെ ജുമുഅ-ജമാഅത്തുകള്‍ ആരംഭിക്കുകയും അതിന്‍റെ ചിലവ് ഭരണകൂടത്തില്‍ നിന്ന് നല്‍കപ്പെടുകയും ചെയ്ത് കൊണ്ടിരുന്നു. നിരവധി മഹാത്മാക്കളുടെ നാടും ഗ്രാമീണ അന്തരീക്ഷവുമുള്ള ഈ പ്രദേശത്ത് ഇരു വിഭാഗവും വളരെ സാഹോദര്യത്തിലും സഹകരണത്തിലുമാണ് കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ ബ്രിട്ടീഷുകാര്‍ കടന്നുവന്നു. അവരുടെ അധികാരം ഉറപ്പിക്കാന്‍ അവര്‍ പ്രയോഗിച്ച ഏറ്റവും പ്രധാനപ്പെട്ട ആയുധം ഭിന്നിപ്പിച്ച് ഭരിക്കുക എന്നതായിരുന്നു. 
ഇന്ത്യയില്‍ പാദങ്ങള്‍ ഉറപ്പിച്ച ബ്രിട്ടീഷുകാര്‍ അവരുടെ നിന്ദ്യമായ പദ്ധതി പ്രധാനമായും പരീക്ഷിച്ചത് അനുഗ്രഹീതമായ ഈ നാട്ടിലാണ്. അതില്‍ അവരും അവരുടെ പിന്‍ഗാമികളും ഇന്ന് വരെയും ബാഹ്യമായി വിജയിച്ച് നില്‍ക്കുന്നു. ഹൈന്ദവരുടെ ഒരു ആരാധ്യ പുരുഷനാണ് ശ്രീരാമചന്ദ്രന്‍. അദ്ദേഹം ദൈവമാണെന്ന വിശ്വാസം മുസ്ലിംകള്‍ക്ക് ഇല്ലെങ്കിലും ഒരു കൂട്ടം പണ്ഡിതര്‍ അദ്ദേഹം പ്രവാചകനായിരുന്നുവെന്നും മറ്റുള്ളവര്‍ മഹാപുരുഷനാണെന്നും അഭിപ്രായപ്പെടുന്നു. എന്താണെങ്കിലും അമുസ്ലിംകളുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുതെന്ന നിയമം ശക്തവും വ്യക്തവുമാണ്. ഹുജ്ജത്തുല്‍ ഇസ്ലാം മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി (ദാറുല്‍ ഉലൂം ദയൂബന്ദ് സ്ഥാപകന്‍) കടുത്ത ഇസ്ലാം വിമര്‍ശകനായ ആര്യസമാജം സ്ഥാപകന്‍ സ്വാമി ദയാനന്ദ സരസ്വതിയുമായി നടത്തിയ സംവാദങ്ങളില്‍ പോലും ശ്രീരാമചന്ദ്രര്‍ജി എന്നാണ് സ്മര്യപുരുഷനെ ആവര്‍ത്തിച്ച് സ്മരിച്ചിരിക്കുന്നത്. സ്മര്യപുരുഷന്‍റെ ജന്മസ്ഥലം അയോദ്ധ്യയിലാണെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു. ജന്മസ്ഥാന്‍ എന്ന പേരില്‍ ഒരു സ്ഥലവും ക്ഷേത്രവും ബാബരി മസ്ജിദില്‍ നിന്നും അല്‍പം ദൂരെയായി അന്നും ഇന്നും  സ്ഥിതിചെയ്യുന്നുണ്ട്. എന്നാല്‍ ശ്രീരാമന്‍റെ ജന്മസ്ഥാനവും, സീതയുടെ അടുക്കളയും എന്ന പേരില്‍ ഒരു കെട്ടുകഥ ബ്രിട്ടീഷുകാര്‍ പടച്ചുണ്ടാക്കുകയും അത് ബാബരി മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിയുടെ അരികിലാണെന്ന് പ്രചരിപ്പിക്കുകയും, അത് നേടിയെടുക്കാന്‍ ഹൈന്ദവരെ ഇളക്കിവിടുകയും ചെയ്തു. തത്ഫലമായി 1855-ല്‍ അയോദ്ധ്യയില്‍ അതിഭയങ്കരമായ കലാപവും രക്തച്ചൊരിച്ചിലും അരങ്ങേറി. അതെ, മതമൈത്രിയുടെ പൂവനമായ ഇന്ത്യാമഹാരാജ്യത്തെ പ്രഥമ വര്‍ഗീയ കലാപമാണിത്. 
ശേഷം ഭരണവുമായി ബന്ധമുണ്ടായിരുന്ന നഖി അലി എന്ന നേതാവിനെ വശീകരിച്ച് അദ്ദേഹം വഴിയായി ചുറ്റുകെട്ടിന്‍റെ ഉള്ളില്‍ തന്നെ, മസ്ജിദിന്‍റെ അരികിലായി സീതയുടെ അടുക്കളയും, രാമന്‍റെ ജന്മസ്ഥലവും സ്ഥാപിച്ചെടുത്തു. തുടര്‍ന്ന് മുസ്ലിംകള്‍ക്കും ഹൈന്ദവര്‍ക്കുമിടയില്‍ നിരന്തരം പ്രശ്നങ്ങള്‍ ആരംഭിച്ചു. എന്നാല്‍ 1857-ല്‍ നടന്ന പ്രഥമ സ്വാതന്ത്ര്യ സമരത്തില്‍ ഹൈന്ദവരും, മുസ്ലിംകളും ഒത്തൊരുമിച്ച് പൊരാടിയപ്പോള്‍ പരസ്പര സാഹോദര്യവും സമാധാനവും വീണ്ടും സംജാതമായി. പ്രശ്നം തണുത്ത ഈ സന്ദര്‍ഭം നോക്കി സ്ഥലത്തെ പ്രധാന നേതാക്കളായ അമീര്‍ അലിയും, ബാബാ ചരന്ദാസും ഇരുകൂട്ടരെയും ഒരുമിച്ചിരുത്തി ഐതിഹാസികമായ ഒരു കരാര്‍ നടത്തി. ബാബരി മസ്ജിദ് ഭൂമിക്കടുത്തുള്ള ഒരു സ്ഥലം കൊണ്ട് ഹൈന്ദവ സഹോദരങ്ങള്‍ തൃപ്തിപ്പെടുമെന്നും മുസ്ലിംകള്‍ അതില്‍ സഹകരിക്കും എന്നും അതില്‍ കരാര്‍ ചെയ്തു. എന്നാല്‍ ഈ ഐക്യം അനിഷ്ടപ്പെടുകയും ഭയപ്പെടുകയും ചെയ്ത ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ഇരുവരുടെയും മേല്‍ കള്ളക്കേസ് എടുക്കുകയും ഒരു മരത്തില്‍ തന്നെ ഇരുവരെയും തൂക്കിലേറ്റി കൊല്ലുകയും ചെയ്തു. തുടര്‍ന്ന് മസ്ജിദിനോട് ചേര്‍ന്ന് തന്നെ രാമജന്മ സ്ഥാനവും, സീതയുടെ അടുക്കളയും തീരുമാനിച്ച് കൊടുക്കുകയും രണ്ടിനുമിടയില്‍ മതില്‍ കെട്ടുകയും പ്രത്യേകം പ്രവേശന കവാടങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. കൂട്ടത്തില്‍, ഈ വിഭജനം സ്വീകരിക്കരുതെന്ന് പറഞ്ഞ് മുസ്ലിംകളില്‍ കടുപ്പമുള്ളവരെ ഇളക്കി. വിഭജനം സ്വീകരിക്കാതെ, മുസ്ലിംകളുടെ വഴിയിലൂടെ പ്രവേശിക്കാന്‍ ഹൈന്ദവതീവ്രവാദികളെ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ വിണ്ടും പ്രശ്നങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. 
പക്ഷെ, ഹിന്ദു-മുസ്ലിം മൈത്രിയിലൂടെ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങി. എന്നാല്‍ ബ്രിട്ടീഷുകാരുടെ അനന്തര സ്വത്തായ വര്‍ഗ്ഗീയത ഇന്ത്യയില്‍ നിലനിന്നു. 1949 ഡിസംബര്‍ 23 പാതിരാത്രിയില്‍ മഹന്ദ് രാംദാസിന്‍റെ നേതൃത്വത്തില്‍ ചിലര്‍ മസ്ജിദിലേക്ക് അതിക്രമിച്ച് കയറുകയും, മസ്ജിദിന്‍റെ മിഹ്റാബിനകത്ത് ഒരു വിഗ്രഹം സ്ഥാപിക്കുകയും ചെയ്തു. ഒരു ഭാഗത്ത് മുസ്ലിംകള്‍ ഇതിനെതിരെ കേസ് കൊടുത്തു. മറുഭാഗത്ത് മൗലാനാ സയ്യിദ് ഹുസൈന്‍ അഹ്മദ് മദനിയും, മൗലാനാ അബുല്‍ കലാം ആസാദും, പ്രധാനമന്ത്രി നെഹ്റുവിനെ കണ്ട് വിഷയത്തിന്‍റെ ഗൗരവം ധരിപ്പിച്ചു. നെഹ്റു യു.പി മുഖ്യമന്ത്രി കെ.പി. പന്തിന് കത്തെഴുതി. പക്ഷേ, ഉത്തരവാദിത്വപ്പെട്ടവര്‍ ഒന്നും ചെയ്തില്ല. മത സ്വാതന്ത്ര്യത്തിന് വേണ്ടി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത മുസ്ലിംകള്‍ക്കുള്ള ആദ്യ സമ്മാനമെന്ന നിലയില്‍ വിഗ്രഹം എടുത്തു മാറ്റാതിരിക്കുകയും, നൂറ്റാണ്ടുകളായി സുജൂദ് നടന്ന മസ്ജിദില്‍ മുസ്ലിംകള്‍ക്ക് പ്രവേശനം നിഷേധിക്കുകയും, മസ്ജിദ് അടച്ച് പൂട്ടുകയും ചെയ്തു. 1950 മാര്‍ച്ച് 13-ല്‍ പൂജാരിക്ക് അകത്ത് കടക്കാന്‍ അനുമതി നല്‍കപ്പെട്ടു. പക്ഷേ ഏകനായ പടച്ചവനെ ആരാധിക്കാന്‍ സ്ഥാപിക്കപ്പെട്ട മസ്ജിദില്‍ സുജൂദ് ചെയ്യാന്‍ മുസ്ലിംകള്‍ക്ക് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് കേസുകള്‍ നടക്കുകയും മസ്ജിദില്‍ രഹസ്യമായി പല മാറ്റങ്ങള്‍ നടത്തപ്പെടുകയും ചെയ്തു കൊണ്ടിരുന്നു. 
1980-കളില്‍ നശ്വരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി രാമജന്മഭൂമി വിഷയം ആളിക്കത്തിച്ചു. പ്രദേശത്ത് മാത്രം ഒതുങ്ങിയിരുന്ന വിഷയം ഇന്ത്യന്‍ മുഴുവനും സജീവമാക്കി. ഇന്ന് ശക്തമായി നിന്ദിക്കപ്പെട്ട് മൂലയില്‍ ഒതുങ്ങിയ അദ്വാനിയും ജോഷിയും രാജ്യം മുഴുവന്‍ ഓടി നടന്ന് പ്രശ്നം രൂക്ഷമാക്കി. ഭാരതം മുഴുവന്‍ വര്‍ഗ്ഗീയത ശക്തിപ്പെടുകയും, കൊലയും, കൊള്ളയും ആരംഭിക്കുകയും ചെയ്തു. പ്രശ്നത്തിന്‍റെ സങ്കീര്‍ണ്ണത മനസ്സിലാക്കിയ ചില സുമനസ്സുകള്‍ ഈ പ്രശ്നത്തിന്‍റെ പരിഹാരത്തിന് രണ്ട് മഹത്തുക്കളെ ചുമതലപ്പെടുത്തി. അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിതനായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വിയെയും ദക്ഷിണേന്ത്യയിലെ ഹൈന്ദവ നേതാവായ കാഞ്ചിപുരം മഠാധിപതി സ്വാമി സരസ്വതിയെയും. വിഷയത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് മൗലാനാ നദ്വി വാര്‍ദ്ധക്യ ബുദ്ധിമുട്ടുകള്‍ അവഗണിച്ച് നീണ്ട യാത്ര ചെയ്ത് കാഞ്ചിപുരത്തെത്തി. മഠത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അടുത്ത മസ്ജിദില്‍ നിന്നും അസ്ര്‍ ബാങ്കിന്‍റെ ശബ്ദം ഉയര്‍ന്നു. മൗലാനാ, സ്വാമിയുടെ അടുത്ത് ഇരുന്നപ്പോള്‍ അദ്ദേഹം സംസാരം ആരംഭിച്ചത് ഇപ്രകാരമാണ്: നോക്കൂ, ഞങ്ങളുടെ അടുത്ത് തന്നെ മസ്ജിദ് സ്ഥിതി ചെയ്യുന്നു. ഞങ്ങള്‍ക്ക് ഇത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല. മാത്രമല്ല, സുപ്രഭാതം, സൂര്യാസ്തമനം എന്നീ സമയങ്ങളെ അറിയിക്കുന്ന കാരണത്താല്‍ ഞങ്ങള്‍ ഇവിടുത്തെ പല കാര്യങ്ങളും ബാങ്കുകളുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.! മൗലാനാ പറഞ്ഞു: സ്വാമിജീ, ബാബരി മസ്ജിദിന്‍റെ തൊട്ടടുത്ത് തന്നെ ശ്രീരാമ ചന്ദര്‍ജിയുടെ ജീവിതവും സന്ദേശവും പഠിപ്പിക്കുന്ന ഒരു വലിയ കേന്ദ്രം നിങ്ങള്‍ സ്ഥാപിച്ചാല്‍ എത്ര നന്നായിരിക്കും. ഞങ്ങളും അതുമായി സഹകരിക്കുന്നതാണ്. മറ്റൊരു കാര്യം, ബാബരി മസ്ജിദ് ബാബറിന്‍റെയോ മുസ്ലിംകളുടെയോ സ്വത്തല്ല. പടച്ചവന്‍ ഞങ്ങള്‍ക്ക് നല്‍കിയ ഭൂമിയുടെ ഒരു ഭാഗം മസ്ജിദ് എന്ന പേരില്‍ ഞങ്ങള്‍ പടച്ചവന്‍റെ നാമത്തില്‍ ദാനം ചെയ്തതാണ്. അതിന്‍റെ സേവനം നമ്മെ ഏല്‍പ്പിച്ചിരിക്കുന്നു. മസ്ജിദ് എല്ലാവര്‍ക്കുമുള്ള സന്മാര്‍ഗ്ഗത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും കേന്ദ്രമാണ്. ഇത് മുസ്ലിംകള്‍ പ്രയോജനപ്പെടുത്തുന്നത് പോലെ ഹൈന്ദവര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്. ആകയാല്‍ ഹൈന്ദവ സഹോദരങ്ങള്‍ ബാബരി മസ്ജിദിനെയും പ്രയോജനപ്പെടുത്തണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. പ്രത്യേകിച്ചും ഇന്നത്തെ വലിയൊരാവശ്യം പരസ്പരം സാഹോദര്യത്തില്‍ വര്‍ത്തിക്കലാണ്. അതിന് ഇരു വിഭാഗത്തിന്‍റെയും ആത്മീയ നായകര്‍ മുന്നിട്ടിറങ്ങി, പരിശ്രമിക്കേണ്ടതാണ്. സ്വാമി പറഞ്ഞു: ഇത് വളരെ നല്ല കാര്യം. ഞാന്‍ കൂട്ടുകാരോട് ഇക്കാര്യം അറിയിക്കാം. തുടര്‍ന്ന് മൗലാനാ അവിടെ വെച്ച് അസ്ര്‍ നമസ്കരിക്കുകയും മടങ്ങുകയും ചെയ്തു. എന്നാല്‍ ഇരു ഭാഗത്തുമുള്ള ലക്ഷ്യവും മാര്‍ഗ്ഗവും മോശമായവര്‍ വലിയ പ്രശ്നമുണ്ടാക്കി. ഈ രണ്ട് മഹത്തുക്കളും സ്വന്തം സമുദായത്തെ വഞ്ചിച്ചുവെന്നും സ്വന്തം ലാഭം മാത്രം കരസ്ഥമാക്കി എന്നും പറഞ്ഞ് വലിയ ആരോപണങ്ങളും അപരാധങ്ങളും സ്വഭാവ ഹത്യയും പ്രചരിപ്പിച്ചു. അവസാനം ഇരുവരും രംഗത്ത് നിന്നും പിന്മാറി. നേതൃത്വത്തെ തെറ്റിദ്ധരിക്കുകയം നിന്ദിക്കുകയും പരദൂഷണം മാത്രമല്ല, അപരാധങ്ങള്‍ പോലും പറഞ്ഞ് പരത്തുകയും ചെയ്യുന്ന പ്രവണത ഇന്നും സജീവമാണ്. നാം അടിയന്തിരമായി തിരുത്തേണ്ട ഗുരുതരമായ ഒരു പാപമാണിത്. നേതൃത്വത്തെ കുറിച്ച് വല്ലതും അറിഞ്ഞാല്‍ ശരിക്കും അന്വേഷിക്കുകയും തെറ്റ് ഉറപ്പായാല്‍ നേതൃത്വവുമായി ബന്ധപ്പെട്ട് തിരുത്താന്‍ പരിശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. 
പിന്നെന്താണ് നടന്നത്.? ഇന്ത്യ മുഴുവനും വര്‍ഗ്ഗീയത ആളിക്കത്തിക്കപ്പെട്ടു. കര്‍സേവയ്ക്ക് വേണ്ടി ജനങ്ങളോട് അയോദ്ധ്യയിലേക്ക് വരാന്‍ അഹ്വാനം ചെയ്യപ്പെട്ടു. ലക്ഷങ്ങള്‍ അവിടെ തടിച്ച് കൂടി. സംസ്ഥാന ഭരണകൂടത്തിന്‍റെ പിന്തുണയും കേന്ദ്രത്തിന്‍റെ മൗനവും നിയമപാലകരുടെ നിഷ്ക്രിയത്വവും മുതലെടുത്ത് അക്രമികള്‍ മസ്ജിദിന്‍റെ മുകളിലേക്ക് ഇരച്ച് കയറി. 1992 ഡിസംബര്‍ 2-ന് ബാബരി മസ്ജിദ് തകര്‍ത്ത് തരിപ്പണമാക്കപ്പെട്ടു. ഭാരതം മുഴുവന്‍ നിലവിളിക്കുകയും ലോകം മുഴുവന്‍ ഇന്ത്യയിലേക്ക് തിരിയുകയും ചെയ്തു. അക്രമികള്‍ക്ക് പോലും മാപ്പ് കൊടുക്കുകയും ഉപകാരം പുലര്‍ത്തുകയും ചെയ്ത ശ്രീരാമചന്ദ്രര്‍ജിയുടെ പേര് പറഞ്ഞ്, കര്‍സേവകര്‍ വഴിനീളെ കൊലയും കൊള്ളയും നടത്തി. ഉത്തരേന്ത്യ മുഴുവനും ധാരാളം നിരപരാധികള്‍ കൊല്ലപ്പെട്ടു. കൊള്ളയും കൊള്ളിവെയ്പ്പും വ്യാപകമായി. ഇന്ത്യയുടെ കേന്ദ്രസ്ഥാനമായ മുംബൈയില്‍ അതി ഭീകരവും നിന്ദ്യവുമായ അക്രമങ്ങള്‍ അരങ്ങേറി. രാഷ്ട്രനിര്‍മ്മാണത്തിന് ചെലവഴിക്കപ്പെടേണ്ട ജനങ്ങളുടെ അമൂല്യമായ സമ്പത്തും ആരോഗ്യവും സമയവും സ്വന്തം സഹോദരങ്ങളെയും അയല്‍വാസികളെയും തകര്‍ക്കാനും ഉന്മൂലനാശം വരുത്താനും വിനിയോഗിക്കപ്പെട്ടു. ഗുജറാത്തില്‍ ലോകം ഇന്ന് വരെയും കണ്ടിട്ടില്ലാത്ത കലാപങ്ങളും അക്രമങ്ങളും അഴിഞ്ഞാടി. തുടര്‍ന്ന് ഇന്ന് വരെ നിരപരാധികളെ ജയിലിലടച്ചും മറ്റ് പലതരം അക്രമങ്ങളും ഇന്നും നടന്നുകൊണ്ടിരിക്കുന്നു. അതെ, ബാബരി മസ്ജിദ് ദുരന്തം ഒരു സമുദായത്തിന്‍റെ മാത്രം ദുരന്തമല്ല. സുന്ദരസുമോഹനമായ രാജ്യത്തിന്‍റെയും മഹത്തായ സംസ്കൃതിയുടെയും പതനം കൂടിയാണ്. 
നീതി തേടി കൊണ്ട് സമുദായം നീതിപീഠത്തെ സമീപിച്ചു. ആദ്യം ഈ കേസ് അലഹബാദ് ഹൈക്കോടതി കൈകാര്യം ചെയ്തു. വിധി അസ്വീകാര്യമായത് കൊണ്ട് ഇരുവിഭാഗവും സുപ്രീംകോടതിയെ സമീപിച്ചു. രാജ്യ ചരിത്രത്തില്‍ അത്ഭുതകരമായ പല വിധികള്‍ നടത്തി ചരിത്രം സൃഷ്ടിച്ച സുപ്രീം കോടതിയെ എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കി. ലക്ഷക്കണക്കിന് സമ്പത്ത് മുടക്കി കേസ് നടത്തുകയും പല കേസുകളും കേള്‍ക്കാന്‍ സമയം പോലുമില്ലാത്ത കോടതി, നാല്‍പത് ദിവസങ്ങളിലായി  ഈ കേസ് കേള്‍ക്കുകയും ചെയ്തു.  ഇവിടെ ഒരു കാര്യം പ്രത്യേകം നന്ദിയോടെ അനുസ്മരിക്കേണ്ടതാണ്. ആദരണീയ വക്കീലന്മാര്‍ക്ക് നേതൃത്വം നല്‍കിയ ശ്രീ രാജീവ് ധവാന്‍ ഒന്നാന്തരം ഹൈന്ദവനാണ്. ഓരോ കേസിന്‍റെയും ഓരോ വാദത്തിനും 15-25 ലക്ഷങ്ങള്‍ വരെ ഫീസ് വാങ്ങാറുള്ള അദ്ദേഹം ഒരു പൈസ പോലും വാങ്ങിക്കാതെയാണ് ബാബരി മസ്ജിദിന് വേണ്ടി വാദം നടത്തിയത്. രോഗവും, പ്രായാധിക്യവും വകവെയ്ക്കാതെ പാതിരാത്രി വരെ ഉണര്‍ന്നിരുന്ന് പഠനം നടത്തുകയും, കോടതിയില്‍ അതിസുന്ദരമായി വാദം നടത്തുകയും ചെയ്തു. അവസാനം 2019 നവംബര്‍ 9-ന് അത്ഭുതകരമായ വിധി വന്നു. ആയിരത്തില്‍പരം പേജുകളുള്ള വിധിയില്‍ ആദരണീയ സുപ്രീം കോടതി പ്രധാനമായും നാല് കാര്യങ്ങളാണ് വിധിച്ചത്. 
ഒന്നാമതായി, രാമജന്മഭൂമിയിലെ ക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് പണിതത് എന്ന ചര്‍ച്ചയുടെ അടിസ്ഥാന വിഷയത്തെ കുറിച്ച് സുപ്രീം കോടതി പ്രഖ്യാപിച്ചു: ക്ഷേത്രം തകര്‍ത്തല്ല ബാബരി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടത്.! വളരെയധികം പ്രതീക്ഷ പകരുന്ന ഒരു വിധിയാണിത്. ബാബരി മസ്ജിദ് ഹൈന്ദവ ക്ഷേത്രം തകര്‍ത്താണ് സ്ഥാപിച്ചതെന്ന പ്രചണ്ഠ പ്രചാരണത്തിലൂടെ ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും നെറ്റിയില്‍ അതിശക്തിയായി പതിക്കപ്പെട്ട ആരോപണത്തെയാണ് ഇതിലൂടെ സുപ്രീംകോടതി കഴുകിക്കളഞ്ഞത്. അതെ, ഇസ്ലാമിനും മുസ്ലിംകള്‍ക്കും അക്രമങ്ങള്‍ പ്രവര്‍ത്തിച്ച്, ഇസ്ലാമിനെയും മുസ്ലുംകളെയും വളര്‍ത്തേണ്ട യാതൊരു ഗതികേടുമില്ല. 
രണ്ടാമതായി കോടതി പ്രഖ്യാപിച്ചു: 1949-ല്‍ ഇരുട്ടിന്‍റെ മറവില്‍ മസ്ജിദില്‍ രാമവിഗ്രഹം കൊണ്ടുവെച്ചത് തെറ്റാണ്. ഒരുഭാഗത്ത് ഈ വിഗ്രഹം അവിടെ സ്വയം വന്ന് ചേര്‍ന്നതാണ് എന്ന് പ്രചരിപ്പിച്ച് കൊണ്ട് സാധുക്കളായ ഹൈന്ദവരെ തെറ്റിദ്ധരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്തത് കള്ളത്തരമാണെന്ന് ഇത് വിളിച്ചറിയിക്കുന്നു. മറുഭാഗത്ത് അവിടെ വിഗ്രഹം കൊണ്ട് വെച്ച ആളുകള്‍ ചെയ്തത് നിയമവിരുദ്ധമാണെന്നും തെറ്റായ പ്രവണതയാണെന്നും കോടതി നിരീക്ഷിച്ചു. 
മൂന്നാമതായി, 1992-ല്‍ മസ്ജിദ് തകര്‍ത്തത് നിയമ വിരുദ്ധമാണെന്ന് കോടതി ഉണര്‍ത്തി. അതായത് ബാബരി മസ്ജിദ് ധ്വംസനവും അതിന് മുമ്പും ശേഷവും നടത്തപ്പെട്ട ആക്രമങ്ങളും കുറ്റമാണ്. അതില്‍ പങ്കെടുത്തവരും അതിനെ പ്രേരിപ്പിച്ചവരും കുറ്റവാളികളാണ്. കൂട്ടത്തില്‍ 1991-ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമായ 1947-ല്‍ ഉണ്ടായിരുന്ന ആരാധനാലയങ്ങള്‍ തല്‍സ്ഥിതി തുടരേണ്ടതാണ് എന്ന കാര്യം, കോടതി പ്രത്യേകം അനുസ്മരിക്കുന്നു. അതെ യഥാര്‍ത്ഥ ചരിത്രങ്ങള്‍ തന്നെ കുഴപ്പങ്ങള്‍ക്ക് വേണ്ടിയല്ല പ്രചരിപ്പിക്കപ്പെടേണ്ടത്. പിന്തിരിഞ്ഞ് നോക്കി പഴയ കാര്യങ്ങള്‍ നാം ഓര്‍ത്തെടുത്ത് കണക്ക് പറയേണ്ടവരല്ല. മുമ്പോട്ട് നോക്കി സഹകരിച്ച് നീങ്ങേണ്ടവരാണ് നാം. അതിന് ഈ നിയമം വളരെ പ്രയോജനകരമാണ്. 
നാലാമതായി, അതി നിര്‍ണ്ണായകമായ ഈ നിരീക്ഷണങ്ങള്‍ക്ക് ശേഷം, തര്‍ക്കസ്ഥലം അക്രമം കാട്ടിയവര്‍ക്ക് തന്നെ വിട്ടുകൊടുക്കണമെന്നും മുസ്ലിംകള്‍ക്ക് മറ്റൊരു സ്ഥലത്ത് കുറെ സ്ഥലം നല്‍കണമെന്നും കോടതി, വിധി പ്രഖ്യാപിച്ചു.! ഇത് വല്ലാത്തൊരു വിധിയായി പോയി. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഇന്ത്യയിലെ മുസ്ലിം സമുദായം മാത്രമല്ല, രാജ്യത്തിന്‍റെ നട്ടെല്ലായ നീതിന്യായ വ്യവസ്ഥിതി നല്ല നിലയില്‍ നീങ്ങണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ രാജ്യനിവാസികളും വല്ലാത്ത അത്ഭുതത്തിലും അസ്വസ്ഥതയിലുമാണ്. ഇത്തരുണത്തില്‍, ഞങ്ങളെന്താണ് ചെയ്യേണ്ടത്.? എന്ന ചോദ്യം നാല് ഭാഗത്ത് നിന്നും ശക്തമായിക്കൊണ്ടിരിക്കുന്നു. 
അതെ, ഈ പ്രശ്നത്തിന്‍റെ പരിഹാരത്തിന് രണ്ട് കാര്യങ്ങളാണ് നാം ചെയ്യേണ്ടത്. ഒന്ന്, ബാബരി മസ്ജിദിന്‍റെ വിഷയം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡാണ്. മറ്റ് പല വിഷയങ്ങളുമുണ്ടായിട്ടും ഇതിന്‍റെ പരിഹാരത്തിന് ധാരാളം സമയവും സമ്പത്തും ചെലവഴിച്ചുകൊണ്ട് ബോര്‍ഡ് കഠിനാധ്വാനം നടത്തുന്നു. ഇപ്പോള്‍ ഈ വിധിയെ പുനര്‍വിചാരണ ചെയ്യാന്‍ വേണ്ടി റിവ്യൂ ഹരജി നല്‍കാന്‍  ബോര്‍ഡ് തീരുമാനിച്ചു. സമുദായം ബോര്‍ഡിന് പിന്തുണ നല്‍കുകയും, വിജയത്തിന് വേണ്ടി പടച്ചവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
രണ്ടാമതായി നാം ചെയ്യേണ്ട കാര്യം, മസ്ജിദിന്‍റെ കര്‍മ്മവും ധര്‍മ്മവും മനസ്സിലാക്കുകയും നാം ഓരോരുത്തരും ബന്ധപ്പെട്ടിട്ടുള്ള മസ്ജിദുകളില്‍ അത് നടപ്പില്‍ വരുത്തുകയും ചെയ്യുക. മസ്ജിദ് മുഴുവന്‍ മനുഷ്യര്‍ക്കും സമാധാനത്തിന്‍റെയും ശാന്തിയുടെയും ഗേഹമാണ്. (ബഖറ 125) മുഴുവന്‍ മാലോകര്‍ക്കും സന്മാര്‍ഗ്ഗവും ഐശ്വര്യവുമാണ്. (ആലുഇംറാന്‍ 96) മസ്ജിദ് വിശ്വാസത്തിന്‍റെയും ആരാധനയുടെയും ഉത്തമ ബന്ധങ്ങളുടെയും മാന്യ ഇടപാടുകളുടെയും സമുന്നത സ്വഭാവങ്ങളുടെയും കേന്ദ്രമാണ്. നമ്മുടെ മസ്ജിദും പരിസരവും ബാഹ്യമായും ആന്തരികമായും നന്നാക്കാന്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കുക. ശബ്ദ മലിനീകരണവും ദുര്‍വ്യയങ്ങളും കൊണ്ട് ജനങ്ങളെ ഉപദ്രവിക്കാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമാധാനവും സന്തോഷവും പകരുക. പ്രവാചകന്മാര്‍ മസ്ജിദുകള്‍ സ്ഥാപിക്കുകയും അതിലേക്ക് മുഴുവന്‍ ജനങ്ങളെയും ക്ഷണിക്കുകയും ചെയ്തു. (ഹജ്ജ് 27) മസ്ജിദിലേക്ക് വരുന്ന ജനങ്ങളെ സ്നേഹത്തോടെ സ്വീകരിക്കുകയും സല്‍ക്കരിക്കുകയും സംസ്കരണവും വിശുദ്ധ വിജ്ഞാനവും പകര്‍ന്ന് കൊടുക്കുകയും ചെയ്തു. മസ്ജിദും പരിസരവും ശുദ്ധീകരിക്കുന്നത് പ്രവാചകന്മാരുടെ പ്രധാന പ്രവര്‍ത്തനമത്രെ.! (ബഖറ 129) മസ്ജിദ് വിജ്ഞാന ശാലയാണ്. മാനസിക-ശാരീരിക രോഗങ്ങള്‍ക്കുള്ള ശമനമാണ്. സ്നേഹത്തിന്‍റെയും ആദരവിന്‍റെയും കുളിര്‍ക്കാറ്റാണ്. എന്നാല്‍ നമ്മുടെ മസ്ജിദുകള്‍ ഇപ്രകാരമാണോ.? തീര്‍ച്ചയായും ആകേണ്ടതുണ്ട്. മസ്ജിദിന്‍റെ ചുറ്റുഭാഗത്തും ഷോപ്പിംഗ് കോപ്ലക്സും മറ്റും കൊണ്ട് നിറച്ച് മസ്ജിദിലേക്ക് കയറാനും ഇറങ്ങാനും പോലും സൗകര്യമില്ലാതെ ജനങ്ങള്‍ ഞെരുങ്ങുന്നത് ലജ്ജാവഹമാണ്. വാഹനങ്ങള്‍ ഒതുക്കി വെയ്ക്കാന്‍ സൗകര്യമില്ലാതെ വഴിയില്‍ ചിതറിക്കിടന്ന് വഴിയാത്രക്കാര്‍ക്കെല്ലാം ശല്യമാകുന്നത് എത്ര മോശമാണ്.? മിഹ്റാബിനും മിനാരത്തിനും ലക്ഷങ്ങള്‍ മുടക്കപ്പെടുമ്പോള്‍ വിസര്‍ജ്ജനത്തിനും ശുചീകരണത്തിനും യാതൊരു സൗകര്യവുമില്ലാതിരിക്കുന്നതും നമസ്കാര സ്ഥലത്തേക്ക് പോലും ദുര്‍ഗന്ധം കടന്നുവരുന്നതും എത്ര കഷ്ടമാണ്.? 
മസ്ജിദിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ഒരു കമ്മിറ്റി ആവശ്യമാണ്. പക്ഷെ, കമ്മിറ്റി ഭരണാധികാരികളല്ല. അവര്‍ സേവകരാണ് എന്ന കാര്യം മനസ്സിലാക്കുക. അറിവും ഭക്തിയുമുള്ള പണ്ഡിത മഹത്തുക്കളുടെ കീഴില്‍ പരസ്പരം കൂടിയാലോചിച്ച് കാര്യങ്ങള്‍ തീരുമാനിച്ച് മുന്നോട്ട് നീങ്ങിയാല്‍ മസ്ജിദ് ഒരു മഹാ ശക്തിയാകും. എന്നാല്‍ ഇത്തരം പണ്ഡിതന്മാരുടെ അഭാവവും ബാങ്കിനും ഇമാമത്തിനും അന്യസംസ്ഥാനത്ത് നിന്നുമുള്ള സഹോദരങ്ങള്‍ സുലഭമാകുന്നതും നല്ല ലക്ഷണമല്ല. ശമ്പളത്തിന്‍റെ കുറവ് പറഞ്ഞ് പണ്ഡിത മഹത്തുക്കള്‍ മസ്ജിദ് സേവനങ്ങള്‍ ഉപേക്ഷിക്കുന്നതും കുറഞ്ഞ കൂലിക്ക് അന്യസംസ്ഥാനക്കാരെ കിട്ടുമല്ലോ എന്ന് കമ്മിറ്റിക്കാര്‍ ആശ്വസിക്കുന്നതും അപകടത്തിന്‍റെ അടയാളമാണ്. പണ്ഡിതര്‍ക്ക് അവരുടെ കുടുംബകാര്യങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്യേണ്ടത് സമുദായത്തിന്‍റെ ബാധ്യതയും ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് പടച്ചവനില്‍ ഭരമേല്‍പ്പിച്ച് വിജ്ഞാനത്തിന്‍റെ ദൗത്യം നിര്‍വ്വഹിക്കേണ്ടത് പണ്ഡിതരുടെ ദൗത്യവുമാണെന്ന് ഇരുകൂട്ടരും ഉണരുക. അന്യ സംസ്ഥാനക്കാരായ സഹോദരങ്ങളുടെയും കേന്ദ്രം മസ്ജിദ് തന്നെയാകട്ടെ.! അവരുടെയും സംസ്കരണത്തിനും വിജ്ഞാനത്തിനും മസ്ജിദുകളില്‍ തന്നെ സൗകര്യം ഒരുക്കേണ്ടതാണ്. ഇമാമത്തിന് അവരെ പരിശീലിപ്പിക്കുകയും സജ്ജമാക്കുകയും ചെയ്യുന്നത് വരെ അവരെക്കാള്‍ മുന്‍ഗണന നാട്ടുകാരായ പണ്ഡിതര്‍ക്ക് തന്നെ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. ചുരുക്കത്തില്‍, നമ്മുടെ മസ്ജിദുകള്‍ നന്നാക്കുകയും സജീവമാക്കുകയും ചെയ്യുക. ഇതിലൂടെ നാട്ടിലും പരിസരത്തും ഒരുപക്ഷെ, തെറ്റിദ്ധാരണകള്‍ നിറഞ്ഞ സ്ഥലങ്ങളിലും ആളുകളിലും പരിവര്‍ത്തനം ഉണ്ടാകുന്നതാണ്. 
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ നാലാമത്തെ പ്ലാറ്റ്ഫോമില്‍ ഒരു ചെറിയ മസ്ജിദുണ്ട്. അവിടെ യാത്രികരായ മുഴുവന്‍ സഹോദരങ്ങളെയും സേവകര്‍ സ്വാഗതം ചെയ്യുന്നു. എല്ലാവരെയും പാനീയം കുടിപ്പിക്കുകയും ശൗച്യത്തിനും വിശ്രമത്തിനും സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്യുന്നു. അമുസ്ലിംകള്‍ വളരെയധികം മസ്ജിദിനെ ആദരിക്കുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. റമദാന്‍ മാസത്തില്‍ കഞ്ഞിയുടെ ചെറിയ ഒരു ഭാഗം റെയില്‍വേ സ്റ്റേഷനില്‍ വിതരണം ചെയ്യുകയും വെള്ളിയാഴ്ചകളില്‍ ജാതി-മത വ്യത്യാസമില്ലാതെ നൂറ് കണക്കിന് പേര്‍ക്ക് ചായയും ബിസ്കറ്റും നല്‍കുകയും ചെയ്തപ്പോള്‍ സഹോദരങ്ങള്‍ എത്ര സ്നേഹവും ആദരവുമാണ് പുലര്‍ത്തിയത്. ഇഖ്ബാല്‍ പറയുന്നു: അടിയുറച്ച വിശ്വാസം, നിരന്തരം സല്‍കര്‍മം, ആത്മാര്‍ത്ഥമായ സ്നേഹം ഇവയാണ് ലോകത്തെ ജയിച്ചെടുക്കുന്ന മഹത് ഗുണങ്ങള്‍. ജീവിതത്തിന്‍റെ പൊരാട്ട ഗോധയില്‍ ആണത്വം ഉള്ളവരുടെ വജ്രായുധങ്ങള്‍ ഇവ തന്നെയാണ്.! 

പ്രയോജനപ്രദമായ ഏതാനും രചനകള്‍: 

തഫ്സീറുല്‍ ഹസനി 

https://swahabainfo.blogspot.com/2020/11/blog-post_21.html

കാരുണ്യത്തിന്‍റെ തിരുദൂതര്‍

https://swahabainfo.blogspot.com/2020/11/blog-post.html

 പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ 

(ഫളാഇലെ ദറൂദ് ശരീഫ്) 

https://swahabainfo.blogspot.com/2020/11/blog-post_23.html

മുനാജാത്തെ മഖ്ബൂല്‍ 

(സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) 

https://swahabainfo.blogspot.com/2020/11/blog-post_24.html 

ഇസ് ലാം എന്നാല്‍ എന്ത്.? 


സ്ത്രീകളും 
ഇസ് ലാമിക ശരീഅത്തും. 

മായം കലരാത്ത ശുദ്ധമായ തേന്‍ 
(swahaba honey) 
ആവശ്യമുള്ളവര്‍ ബന്ധപ്പെടുക: 
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും ഇപ്പോള്‍ തന്നെ വിളിക്കൂ... 
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Google Pay : 
+91 9037905428 




















⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...