നൂറ്റാണ്ടിന്‍റെ വെളിച്ചം:
ഹകീമുല്‍ ഉമ്മത്ത് മൗലാനാ
അഷ്റഫ് അലി ത്ഥാനവി (റഹ്)
- മമ്മൂട്ടി അഞ്ചുകുന്ന്
https://swahabainfo.blogspot.com/2019/02/blog-post_85.html?spref=tw
കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യൻ ഉപഭൂഖണ്ഡം ദർശിച്ച അത്ഭുത പ്രതിഭാസമായിരുന്നു അഷ്റഫ് അലി ത്ഥാനവി (റഹ്), ഹകീമുൽ ഉമ്മ എന്ന് പണ്ഡിത ലോകം വിളിച്ച മഹാമനീഷി. 1000 നടുത്ത് ഗ്രന്ഥങ്ങൾ രചിച്ച തൂലികയുടെ ഉടമ, പതിനായിരങ്ങളെ ആത്മീയ ലോകത്തേക്ക് ഉയർത്തിയ മഅരിഫത്തിന്റെ തേജസ്സ്, വിശുദ്ധ ഖുർആന്റെ ആഴിയിൽ ഊളിയിട്ട മുഫസ്സിർ, വിഖ്യാതരായ ഒരുപാട് പണ്ഡിത മഹത്തുക്കളുടെ മാർഗ്ഗ ദർശി, ഇരുപതാം നൂറ്റാണ്ടിന്റെ മുജദ്ദിദ് ആയി പോലും വിശേഷിപ്പിക്കപ്പെട്ട സൂര്യ തേജസ്സായിരുന്നു അല്ലാമാ അഷറഫ് അലി ത്ഥാനവി അൽ ഫാറൂഖി
മതത്തിന്റെ സൂക്ഷ്മ തലങ്ങളെ പോലും സ്പർശിച്ച സമഗ്രമായ സംഭാവനകൾ സമൂഹത്തിന് സമർപ്പിച്ച ധിഷണാ ശാലിയായിരുന്നു ഹസ്രത്ത് ത്ഥാനവി, പാരമ്പര്യ ഇസ്ലാമിക ചിന്താധാരക്കൊപ്പം നിന്ന ആ മഹാപ്രതിഭ ഒരു വലിയ ജനസഞ്ചയത്തെ ആത്മീയ സരണിയിലൂടെയും തന്റെ അനുഗ്രഹീത തൂലികയുടെയും ഹൃദയങ്ങളിലേക്ക് പ്രസരിക്കുന്ന ഭാഷണങ്ങളിലൂടെയും പരിവർത്തിപ്പിച്ച ചരിത്ര പുരുഷനായിരുന്നു. ആഘോള പണ്ഡിതൻ മുഫ്തി തഖി ഉസ്മാനിയുടെ വാക്കുകളിൽ "മൗലാന ത്ഥാനവിയുടെ സമഗ്ര സംഭാവനകളെ പരിഗണിക്കുമ്പോൾ സമാനമായ ഒരാളെ പോലും ഇസ്ലാമിക ലോകത്ത് നൂറ്റാണ്ടുകളായി കണ്ടെത്താൻ പ്രയാസമാണ്" (ഹകീമുൽ ഉമ്മ 22)
കൃസ്താബ്ദം 1863 ൽ (1280റബീഉൽ ആഖിർ 5 ന്) ത്ഥാന ഭവൻ എന്ന ഗ്രാമത്തിലാണ് മൗലാനാ അഷറഫ് അലി ജനിക്കുന്നത്. രണ്ടാം ഖലീഫ ഹസ്രത്ത് ഉമർ (റ) യുടെ സന്താന പരമ്പരയിലാണ് ഇന്ത്യ കണ്ട മഹാപണ്ഡിതന്റെ ജനനം. ഗ്രാമത്തിലെ പ്രമാണിയും ഭൂവുടമയുമായിരുന്ന അബ്ദുൽ ഗനിയുടെ പുത്രനായി പിറന്ന ആ കുട്ടിക്ക് പ്രസിദ്ധ സൂഫിവര്യനായിരുന്ന ഹസ്രത്ത് ഗുലാം മുർതസ പാനിപ്പത്തിയാണ് അഷറഫ് അലി എന്ന് നാമകരണം ചെയ്തത്. ചെറു പ്രായത്തിൽ തന്നെ മാതാവ് നഷ്ടപ്പെട്ട അഷറഫ് അലിയെ മാതാവിന്റെ അഭാവം അറിയിക്കാതെ പിതാവ് ഏറെ സ്നേഹിച്ചു വളർത്തി. അഷറഫ് അലിയുടെയും സഹോദരന്റെയും പ്രാഥമിക വിദ്യാഭ്യാസത്തിന് ആ പിതാവ് നന്നായി അദ്ധ്വാനിക്കേണ്ടി വന്നു, അവരുടെ സ്വഭാവ രൂപീകരണവും മത പരമായ ശിക്ഷണവും ആ ചുമലിലായിരുന്നു.
കുട്ടിയായ അഷറഫ് അലി തന്റെ വീട്ടിലെയും കളിക്കാൻ വരുന്ന സുഹൃത്തുക്കളുടെയുമെല്ലാം ഷൂസുകൾ നിരത്തി വരിയാക്കി വെക്കുമായിരുന്നുവത്രെ, അതിന്റ ഏറ്റവും മുന്നിലായി ഒരു ഷൂവും.. നമസ്കാരത്തിന്റെ ജമാഅത്തിനെ അതിൽ കണ്ട് ആസ്വദിച്ചിരുന്നു ആ ബാലൻ. ആ അത്ഭുത ബാലൻ ചെറുപ്പത്തിൽ തന്നെ പ്രസംഗ പാടവം പ്രകടിപ്പിക്കാൻ തുടങ്ങി, ആളില്ലാത്ത സമയത്ത് മസ്ജിദിൽ കയറി മിമ്പറിന്റെ അരികിൽ നിന്ന് പ്രസംഗിച്ചു പരിശീലിക്കാൻ തുടങ്ങി, 12 ആം വയസ്സിൽ തന്നെ ഫർള് നമസ്‌കാരങ്ങൾക്ക് പുറമേ തഹജ്ജുദ് നമസ്കാരവും മറ്റു സുന്നത്ത് നമസ്കാരങ്ങളും പതിവാക്കാനും തുടങ്ങി, സദാ ദികറിൽ മുഴുകുക ശീലമായി.
മാതുലനായ വാജിദ് അലി, മൗലാന ഫത്തേഹ് മുഹമ്മദ് സാഹിബ് എന്നിവരായിരുന്നു ആദ്യ ഗുരുനാഥർ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹമാണ് അഷറഫ് അലിയെ ദേവ്ബന്ദിലേക്ക് അയച്ചത്. അവിടെയുള്ള സിലബസ് മുഴുവൻ വളരെ വേഗം സമർഥനായ അഷറഫ് അലി പഠിച്ചെടുത്തു, 6 വർഷത്തെ ദാറുൽ ഉലൂമിലെ പഠനശേഷം 20 വയസ്സിൽ തന്നെ ദേവ്ബന്ദിലെ ബിരുദ ധാരിയായി.
അതുല്യമായ ബുദ്ധിവൈഭവവും ധിഷണയും വിദ്യാർത്ഥി കാലത്ത് തന്നെ അദ്ദേഹം പ്രകടിപ്പിച്ചു. വിനോദങ്ങൾക്കോ അനാവശ്യങ്ങൾക്കോ അദ്ദേഹം സമയം ചെലവിട്ടിരുന്നില്ല. ക്ലാസ്സിൽ പഠിപ്പിക്കപെടാത്ത ചില ഗ്രന്ഥങ്ങൾ തന്റെ ഗുരുനാഥന്മാരിൽ നിന്ന് അവരുടെ സമയം തേടിപ്പിടിച്ചു പഠിച്ചെടുത്തു. അക്കാലത്തെ പ്രഗത്ഭരായ പണ്ഡിത വര്യന്മാരായിരുന്നു പ്രധാന ഗുരുവാര്യന്മാർ . മൗലാന ഖാസിം നാനൂത്തവി, മൗലാന റഷീദ് അഹമ്മദ് ഗംഗോഹി, മൗലാന മുഹമ്മദ് യാഖൂബ് നാനൂത്തവി, മൗലാന മഹ്മൂദുൽ ഹസൻ എന്നിവരായിരുന്നു അതിൽ പ്രമുഖർ . ഹാജി ഇമ്ദാദുല്ല മുഹാജിർ മക്കിയോട് ആത്മീയ ബന്ധം സ്ഥാപിക്കാൻ പ്രേരകമായതും ഇക്കാലത്ത് തന്നെയാണ്.
പഠനത്തിന് ശേഷം അദ്ദേഹം അധ്യാപന ജീവിതം ആരംഭിച്ചു കാൻപൂരിൽ 14 വർഷം ആ യുവ പണ്ഡിതൻ അധ്യാപനം നടത്തി, ആ സാഗരത്തിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ വിജ്ഞാന ദാഹം തീർത്തു, ഇക്കാലത്ത് തന്നെ എഴുത്തും പ്രഭാഷണവും ആരംഭിച്ചിരുന്നു. ചെറു പ്രായത്തിൽ തന്നെ അദ്ദേഹം പ്രശസ്തനായി, കാൻപൂരിലെ ജനങ്ങൾ അദ്ദേഹത്തെ ഏറെ ആദരിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ആളുകളെ ഏറെ ആകർഷിച്ചു, അവ തന്റെ ശിഷ്യർ രേഖപ്പെടുത്തി വെക്കാൻ തുടങ്ങി, ദേവ്ബന്ദിലെ വിദ്യാർത്ഥി കാലത്ത് തന്നെ ആത്മീയ സരണിയിൽ അല്ലാമാ റഷീദ് അഹമ്മദ് ഗംഗോഹിയുടെ കരം ഗ്രഹിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു, എന്നാൽ പഠനത്തെ ബാധിക്കരുത് എന്നതിനാൽ ശൈഖ് ഗംഗോഹി ബൈഅത്ത് ചെയ്യാൻ അനുവദിച്ചിരുന്നില്ല. അതിനാൽ ശൈഖുൽ അറബി വൽ അജം എന്ന് പ്രസിദ്ധിയാർജ്ജിച്ച മഹാനായ ആത്മജ്ഞാനി ഹാജി ഇമ്ദാദുല്ല സാഹിബിന് യുവ പണ്ഡിതൻ അഷറഫ് അലി കത്തെഴുതി, അദ്ദേഹത്തിന്റെ മുരീദായ മൗലാന ഗംഗോഹി യെ തനിക്ക് ബൈഅത്ത് ചെയ്യാൻ ആഗ്രഹമുണ്ട്, അതിനാൽ ശൈഖ് ഗംഗോഹിയെ അതിന് സമ്മതിപ്പിക്കാൻ വേണ്ടിയായിരുന്നു കത്ത്. എന്നാൽ അതിന് പകരം മൗലാന അഷറഫ് അലിക്ക് വിഖ്യാത ഗുരു ഹാജി സാഹിബ് തന്നെ നേരിട്ട് ബൈഅത്ത് കൊടുക്കുകയായിരുന്നു. അടുത്ത വർഷം പിതാവുമൊത്ത് ഹജ്ജിന് പോയപ്പോൾ വിശുദ്ധ മക്കയിൽ വെച്ച് ആ ബൈഅത്ത് ഹാജി ഇമ്ദാദുല്ല അവറുകളുമായി നേരിട്ട് പുതുക്കുകയും അവിടുത്തെ ഉപദേശങ്ങൾ ശ്രവിച്ച് മഹാനരുടെ സുലൂക്കിൽ കൂടുതൽ വ്യാപൃതനാവുകയും ചെയ്തു. ഹാജി ഇമ്ദാദുല്ല യുടെ അവസാന കാലങ്ങളിലായിരുന്നു മൗലാന അഷറഫ് അലി അദ്ദേഹത്തോട് ആത്മീയ പാതയിൽ സമ്പർക്കം പുലർത്തിയത്, ശൈഖിൽ നിന്ന് ആത്മീയമായി ഒട്ടേറെ പ്രയോജനങ്ങൾ അദ്ദേഹം കരഗതമാക്കി.
ഇക്കാലയളവിൽ തന്നെ വിശുദ്ധ ഭൂമിയിൽ വെച്ച് ഖാരി മുഹമ്മദ് അബ്ദുല്ലാഹ് എന്നവരുടെ കീഴിൽ ഖുർആൻ പാരായണ ശാസ്ത്രത്തിൽ വൈദഗ്ധ്യം നേടി, ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ആ യുവ പണ്ഡിതൻ തന്റെ പ്രബോധന ദൗത്യം തുടർന്നു, അദ്ദേഹം ദിവസവും അഞ്ചാറു മണിക്കൂർ ക്ലാസ്സെടുക്കുമായിരുന്നു, ചിലപ്പോൾ വിശ്രമമില്ലാതെ 7 മണിക്കൂർ വരെയാകും,
ഹിജ്‌റ 1315 ൽ തന്റെ ആത്മീയ ഗുരുവായ ഹാജി സാഹിബിന്റെ നിർദേശാനുസരണം അദ്ദേഹം കാൻപൂരിൽ നിന്ന് സ്വദേശമായ ത്ഥാന ഭവനിലേക്ക് തിരിച്ചു. അവിടെ ഹാജി സാഹിബിന്റെ ഖാൻഖാഹ് സജീവമാക്കി, അധ്യാപനത്തിന്റെ വഴിയിൽ നിന്നുള്ള ഒരു വഴിത്തിരിവായിരുന്നു ഈ യാത്ര. രണ്ടാം ഘട്ടത്തിൽ ഹാജി സാഹിബിന്റെ ആത്മീയ വഴിയിലൂടെ യുള്ള പ്രായാണമായിരുന്നു, ദിക്റിലും മുറാഖബയിലുമായി ഏറെ സമയം കഴിച്ചു കൂട്ടി, ഒരു പാട് പേർ അദ്ദേഹത്തിൽ നിന്ന് ആത്മീയ വഴിയിലൂടെയുള്ള പ്രയോജനം കരഗതമാക്കി. താനാ ഭവനിലെ ആ ആത്മീയ കേന്ദ്രം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തന്നെ പ്രകാശ ഗേഹമായതയാണ് ചരിത്രം. ബാർബറ മെറ്റ്ക്കാഫ് എഴുതുന്നു " ഇസ്ലാമിലെ ആത്മ ജ്ഞാനികളുടെ പരമ്പരയിൽ ആധുനിക ഇന്ത്യയിൽ ഏറ്റവുമാദ്യം പരിഗണിക്കപ്പെടുന്ന പേരുകളിൽ ഒന്ന് മൗലാന അഷ്റഫ് അലി താനവി എന്നതായിരിക്കും "
മൗലാന സയ്യിദ് സുലൈമാൻ നദ്‌വി എഴുതുന്നു " മൗലാന ത്ഥാനവി മഹാനായ ഒരു ഖുർആൻ വ്യാഖ്യാതാവായിരുന്നു, ഖുർആന്റെ സാരം അദ്ദേഹം വിശദീകരിച്ചു തരുമായിരുന്നു. അത് സംബന്ധിയായ എല്ലാ സംശയങ്ങളും അദ്ദേഹം തീർത്ത് തന്നു, അദ്ദേഹം ഹദീസിൽ ഏറെ അവഗാഹമുള്ള ജ്ഞാനിയായിരുന്നു, അതിന്റെ നിദാന ശാസ്ത്രവും വിശദീകരണവും അദ്ദേഹം ഞങ്ങൾക്ക് പകർന്നു, അദ്ദേഹം വലിയൊരു കർമ്മ ശാസ്ത്ര പടുവായിരുന്നു, ആയിരക്കണക്കിന് കർമ്മ ശാസ്ത്ര പ്രശ്നങ്ങൾ അദ്ദേഹം കുരുക്കഴിച്ചു, സമകാലീന പ്രശ്നങ്ങളെ കർമ്മശാസ്ത്ര രീതിശാത്രമുപയോഗിച്ചു നിർദ്ധാരണം ചെയ്യുന്നതിൽ ഏറെ വൈദഗ്ധ്യം കാണിച്ചു ആരെയും ആകർഷിക്കുന്ന വാക്ചാതുരിയോടെ അദ്ദേഹം ഹ്രദയങ്ങളോട് സംസാരിച്ചു "
സൂഫി സരണിയുടെ വക്താവ് എന്ന നിലയിൽ ഹസ്രത്ത് ത്ഥാനവി സ്വീകരിച്ചിരുന്നത് ബാഹ്യമായി തന്നെ പൂർണ്ണമായും ശരീഅത്തിനോട് യോജിക്കുന്ന സൂഫി പ്രാക്ടീസുകളെയായിരുന്നു. സൂഫിസത്തിന്റെ പേരിൽ സമൂഹത്തിൽ നടമാടിയിരുന്ന അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ അദ്ദേഹം തൻെറ തൂലിക ചലിപ്പിച്ചു. മഹാന്മാരുടെ ഖബറുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അതിരു കടന്ന പ്രവണതകളെ അദ്ദേഹം നിശിതമായി വിമർശിച്ചു, അതോടൊപ്പം തന്നെ മദ്ഹബ്, തസവുഫ് നിഷേധത്തിനെതിരെയും അദ്ദേഹം രചനകൾ നിർവഹിച്ചു.സൂഫിസത്തിലെ ജുനൈദി ചിന്താധാരയുടെ ശൈലിയായിരുന്നു അദ്ദേഹം സ്വീകരിച്ചു പോന്നത്. ദേവ്ബന്ദി പണ്ഡിതർ സുന്നത്തും ശരീഅത്തും പാലിക്കുന്ന ജീവിത രീതിയോടൊപ്പം സൂഫി ഇസ്ലാമിന്റെയും ശക്തരായ വക്താക്കളായിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ട കാലത്ത് ദേവ്ബന്ദിലെ പണ്ഡിതരിൽ പലരും കൊണ്ഗ്രസ്സിനോട് ചേർന്ന് നിന്നപ്പോൾ മുസ്ലിം ലീഗിനോടായിരുന്നു ഹസ്രത്ത് ത്ഥാനവിയുടെ അനുഭാവം.
വിഖ്യാതനായ ഗ്രന്ഥകാരനായിരുന്നു മൗലാന ത്ഥാനവി അദ്ദേഹത്തിൽ നിന്ന് 1000 ൽ പരം ഗ്രന്ഥങ്ങൾ പിറന്നതായാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇതിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങളും പ്രസംഗങ്ങളും ദര്സുകളും ഉൾപ്പെടും. ഗ്രന്ഥരചനയിൽ അദ്ദേഹം സ്പർഷിക്കാത്ത മേഖലകളില്ല. ഖുർആൻ, ഹദീസ്, കർമ്മശാസ്ത്രം, തസവുഫ്, തജ്‌വീദ് തുടങ്ങി എല്ലാ മേഖലകളിലും ആ വിരൽ സ്പർശമുണ്ടായി, അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും ഹദീസ് പഠന ഗ്രന്ഥങ്ങൾ പിറന്നു, സബഖുൽ ഗായത്, അൻവാർ അൽ വുജൂദ്, ഹാഷിഅ ബയാനുൽ ഖുർആൻ, മിഅതു ദുരൂസ്, ജാമി അൽ അത്താർ, തുടങ്ങി നൂറു കണക്കിന് അറബി ഗ്രന്ഥങ്ങളും അത്ര തന്നെ പേർഷ്യൻ ഗ്രന്ഥങ്ങളും അദ്ദേഹത്തിനുണ്ട്. മസ്‌നവിയുടെ ഏറ്റവും ബ്രഹത്തായ വ്യഖ്യാനങ്ങളിൽ ഒന്നാണ് മുപ്പതോളം വല്യങ്ങളുള്ള ഇദ്ദേഹത്തിന്റെ ഖലീദേ മസ്‌നവി, ഏറ്റവും കൂടുതൽ ഉറുദു ഭാഷയിലാണ് അദ്ദേഹത്തിന്റെ തൂലിക ചലിച്ചത്. ഇസ്ലാമിക ജീവിതത്തിന്റെ സമഗ്രമായ ആവിഷ്കാരമായ "ബഹഷ്തി സേവാർ, ബയാനുൽ ഖുർആൻ, ഹയാത്തുൽ മുസ്ലിമീൻ, മുനാജതെ മഖ്ബൂൽ , തുടങ്ങി നൂറുകണക്കിന് ബ്രഹത്തായ കൃതികൾ പിറന്നിട്ടുണ്ട്.
അദ്ദേഹത്തിന്റെ ബഹിസ്തി സേവാർ, മുനാജാത്തേ മഖ്ബൂൽ എന്നീ കിതാബുകൾ ഉറുദു ഭാഷ സംസാരിക്കുന്ന മിക്ക വീടുകളിലുമുണ്ടാവും. അദ്ദേഹത്തിന്റെ ബയാനുൽ ഖുർആൻ എന്ന വ്യഖ്യാന ഗ്രന്ഥവും ഏറെ പ്രസിദ്ധമാണ്. മൗലാനാ അൻവർ ഷാ കാശ്മീരി (റ) വിവരിക്കുന്നത് ബയാനുൽ ഖുർആൻ പാരായണം ചെയ്ത ശേഷമാണ് തനിക്ക് ഉറുദു ഭാഷയോട് അഭിനിവേശം വർദ്ധിച്ചത് എന്നാണ്.
മൗലാന അബ്ദുൽ ബാരി നദ്‌വി എഴുതുന്നു " മൗലാന അഷറഫ് അലി താനവി ഹനഫീ മദ്ഹബിലെ കർമശാസ്ത്ര വിധികൾ വിശുദ്ധ ഖുർആനിലെ ആയത്തുകളെ ആധാരമാക്കി സാധൂകരിച്ചു വിശദീകരിക്കുമ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടു പോവാറുണ്ടായിരുന്നു, ഇത്രയും സുവ്യക്തമായത് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്ന് ചിന്തിക്കും, അദ്ദേഹത്തിന്റെ വിശദീകരണങ്ങൾ ഞങ്ങളുടെ സംശയങ്ങളെല്ലാം ദൂരീകരിക്കാൻ പ്രാപ്തമായിരുന്നു, ആ ജ്വലിക്കുന്ന ജ്ഞാന കണങ്ങൾ ഞങ്ങളുടെ ഹ്രദയത്തെ പ്രകാശിതമാക്കി, "
ദഅവത്തിനും ഇസ്‍ലാഹിനുമായി അദ്ദേഹം വിവിധ പ്രദേശങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. ആര്യ സമാജം മതപരിവർത്തനം വ്യാപകമാക്കിയപ്പോൾ ഹസ്രത്ത് താനവിയുടെ പരിശ്രമ ഫലമായി അനേകം പേർ ഇസ്‌ലാമിലേക്ക് തിരികെയെത്തി. അത് സംബന്ധമായി അദ്ദേഹം ഗ്രന്ഥ രചന നടത്തുകയുമുണ്ടായി.
യുക്തി വാദം, ഭൗതിക വാദം, ആധുനികത തുടങ്ങിയവയെയെല്ലാം അദ്ദേഹം ബൗദ്ധികമായി നിരൂപണം ചെയ്യുകയും ദൈവാസ്തിത്വവും ഇസ്ലാമിക വിശ്വാസവും ബുദ്ധിപരമായി സമർത്ഥിക്കുകയും ചെയ്ത നിരവധി രചനകൾ അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുണ്ട്.
ആധുനിക ഇന്ത്യയിലെ തലയെടുപ്പുള്ള ഒട്ടു മിക്ക പണ്ഡിതരും മൗലാന താനവിയുടെ ശിഷ്യഗണങ്ങളിൽ പെട്ടവരാണ്. അവരിൽ ലോകത്തിന്റെ വ്യത്യസ്ത കോണുകളിൽ വിശിഷ്യാ ഏഷ്യ വൻകരയിൽ പടർന്ന് കിടക്കുന്ന വലിയൊരു ഇസ്ലാമിക പണ്ഡിത സമൂഹമുണ്ട്. മൗലാന ഖാരി മുഹമ്മദ് ത്വയ്യിബ് (പ്രിൻസിപ്പാൾ ദാറുൽ ഉലൂം ദയൂബന്ദ് ), മുഫ്തി മുഹമ്മദ് ശഫി (ഗ്രാൻഡ് മുഫ്തി പാകിസ്ഥാൻ), മൗലാന സയ്യിദ് സുലൈമാൻ നദ്‌വി, മൗലാന മുഹമ്മദ് ഇല്യാസ് കാന്തലവി (ബാനി തബ്‌ലീഗ്), മൗലാന അബ്ദുൽ മാജിദ് ദരിയാബാദി, മൗലാന ഇദ്രീസ് കാന്തലവി, മൗലാന സഫർ അഹമ്മദ് ഉസ്മാനി, മൗലാന മുഹമ്മദ് യൂസുഫ് ബിന്നൂരി തുടങ്ങിയവർ ശിഷ്യ ഗണങ്ങളിൽ പ്രമുഖരാണ്. വെല്ലൂർ ബാഖിയാത്തിലെ ആദ്യ കാലത്തെ നിരവധി ഹസ്രത്തുമാർ അദ്ദേഹത്തെ ബൈഅത്ത് ചെയ്തിരുന്നതായി ബാഖിയാത്തിന്റെ ചരിത്ര ഗ്രന്ഥത്തിൽ കാണാം.
ഖുർആന്റെയും സുന്നത്തിന്റെയും ജീവിക്കുന്ന മാതൃകയായിരുന്നു അദ്ദേഹം, പ്രവാചക അനുരാഗത്തിന്റെ നിരവധി ഖസീദ കൾ അദ്ദേഹത്തിൽ നിന്ന് പിറന്നു, സുന്നത്തുകൾ അനുധാവനം ചെയ്യുന്നതിൽ കണിശത പുലർത്തിയ അദ്ദേഹം തിരുസുന്നത്തിന്റെ ശക്തനായ പ്രചാരകനായിരുന്നു. മദീന നഗരിയോട് സവിശേഷമായ ഹൃദയ ബന്ധം പുലർത്തിയ അദ്ദേഹം തന്റെ നഷ്ര് ത്വീബ് ഫീ ദിക്രിൽ ഹബീബ് എന്ന പുസ്തകത്തിൽ പ്രവാചകാനുരാഗത്തിന്റെ തലങ്ങളെ മനോഹരമായി ആവിഷ്കരിക്കുന്നുണ്ട്, ബുർദാ ശരീഫിലെ വരികൾ പരാമർശിച്ചു കൊണ്ട് ആത്മാവിനെ സ്പർശിക്കുന്ന സ്നേഹകാവ്യങ്ങൾ കുറിച്ചിട്ടുണ്ട്.
പതിനായിരങ്ങളെ ആത്മീയ വഴിയിൽ വഴി നടത്തിയ, മത-സാമൂഹ്യ രംഗത്ത് വിപ്ലവകരമായ ചലനങ്ങൾക്ക് ചുക്കാൻ പിടിച്ച ആ മഹാമനീഷി 1943 ലാണ് (റജബ് 17 ന് )തന്റെ ഗ്രാമമായ താനാഭവനിൽ നിന്ന് ഇഹലോക വാസം വെടിയുന്നത്. ഇന്നും അദ്ദേഹത്തിന്റെ പേരിൽ ലോകാഅടിസ്ഥാനത്തിൽ നിരവധി സ്ഥാപനങ്ങളും സൂഫീ ധാരകളുമുണ്ട്. മുഫ്തി തഖി ഉസ്മാനി ആശ്രഫിയ്യ സരണിയുടെ സുപ്രധാന പ്രചാരകനാണ്.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment