Saturday, January 13, 2018

സ്വഹാബത്തിന്‍റെ മഹത്വങ്ങള്‍ -ശൈഘുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


സ്വഹാബത്തിന്‍റെ മഹത്വങ്ങള്‍ 
-ശൈഘുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്)
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/01/blog-post_28.html?spref=tw

സ്വഹാബാ കിറാമിനെ കുറിച്ചുള്ള അഹ് ലുസ്സുന്നത്തി വല്‍ജമാഅത്തിന്‍റെ വീക്ഷണം അത്യന്തം സൂക്ഷ്മവും അതിസുന്ദരവുമാണ്. ആധികാരിക രചനകളിലെല്ലാം അതു വിവരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത ഭാഗങ്ങള്‍ ശ്രദ്ധയോടെ പഠിക്കലും പ്രചരിപ്പിക്കലും ഇന്നത്തെ വലിയ ഒരാവശ്യമാണ്. ഇവിടെ, അതില്‍ നിന്നുള്ള രണ്ടു പ്രസ്താവനകള്‍ ഉദ്ധരിക്കുന്നു: ഹാഫിസ് ശംസുദ്ദീന്‍ ദഹബി (റഹ്) യുടെയും ഹാഫിസ് ഇബ്നു തൈമിയ്യ (റഹ്) യുടേതുമാണ് ഈ പ്രസ്താവനകള്‍. അഹ് ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ വീക്ഷണം വളരെ കൃത്യമായി തന്നെ ഇതില്‍ വന്നിരിക്കുന്നു.
സമുന്നത ഹദീസ് പണ്ഡിതനായ ഹാഫിസ് ദഹബി 'അല്‍കബാഇര്‍' എന്ന പേരില്‍ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. എഴുപതു വന്‍പാപങ്ങളും അതിനെ കുറിച്ചു വന്നിട്ടുള്ള ഹദീസുകളുമാണ് ഇതിന്‍റെ ഉള്ളടക്കം. സ്വഹാബത്തിനെ അധിക്ഷേപിക്കുന്നത് വന്‍പാപ മാണെന്നു പ്രസ്താവിച്ചു കൊണ്ട് ഹദീസുകളുടെ വെളിച്ചത്തില്‍ അതു സമര്‍ത്ഥിക്കുകയും സ്വഹാബത്തിന്‍റെ സ്ഥാന-സമുന്നതി നന്നായി വിവരിക്കുകയും ചെയ്തിരിക്കുന്നു.
ഇമാം ദഹബി വിവരിക്കുന്നു: സ്വഹാബികളില്‍ ആരെയെങ്കിലും ആക്ഷേപിക്കുന്നത് എഴുപതാമത്തെ മഹാപാപമാണ്.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹു അറിയിക്കുന്നു; എന്‍റെ ആത്മ മിത്രങ്ങളോടു ശത്രുത പുലര്‍ത്തുന്നവനോടു ഞാന്‍ യുദ്ധപ്രഖ്യാപനം നടത്തുന്നതാണ്. (ബുഖാരി, മുസ് ലിം)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: എന്‍റെ സ്വഹാബത്തിനെ നിങ്ങള്‍ ചീത്ത വിളിക്കരുത്. അല്ലാഹുവില്‍ സത്യം.! നിങ്ങള്‍ ഉഹ്ദു മലയോളം ചിലവഴിച്ചാലും അവര്‍ ചിലവഴിച്ച ചെറിയ ഒരു അളവിനോളം അതു മഹത്വം പ്രാപിക്കുന്നതല്ല. (ബുഖാരി)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: എന്‍റെ സ്വഹാബത്തിന്‍റെ വിഷയത്തില്‍ അല്ലാഹുവിനെ ഭയക്കുക. എനിക്കു ശേഷം നിങ്ങള്‍ അവരെ ആക്ഷേപത്തിന്‍റെ സ്ഥാനമാക്കരുത്. അവരെ സ്നേഹിക്കുന്നവന്‍ എന്നോടുള്ള സ്നേഹത്തിന്‍റെ പേരിലാണ് അവരെ സ്നേഹിക്കുന്നത്. അവരോടു കോപിക്കുന്നവന്‍ എന്നോടുള്ള കോപത്തിന്‍റെ പേരിലാണ് അവരോടു കോപിക്കുന്നത്. അവരെ ഉപദ്രവിച്ചവന്‍ എന്നെ ഉപദ്രവിച്ചിരിക്കുന്നു. എന്നെ ഉപദ്രവിച്ചവന്‍ അല്ലാഹുവിനെ ഉപദ്രവിച്ചിരിക്കുന്നു. അല്ലാഹുവിനെ ഉപദ്രവിക്കുന്നവനെ അടുത്തു തന്നെ അല്ലാഹു പിടികൂടുന്നതാണ്. (തിര്‍മിദി)
ഈ ഹദീസുകളും ഇതു പോലുള്ള ധാരാളം ഹദീസുകളും, സ്വഹാബത്തിനെ ആക്ഷേപിക്കുകയും മോശമായി ചിത്രീകരിക്കുകയും അവരെ കുറിച്ചു പരദൂഷണം പറയുകയും അപവാദം പ്രചരിപ്പിക്കുകയും അവര്‍ കാഫിറാണെന്നും മറ്റും പറയാന്‍ ധൈര്യപ്പെടുകയും ചെയ്യുന്നവരുടെ ദുരവസ്ഥ ഉണര്‍ത്തുന്നു. അതെ, സ്വഹാബത്തിനോടുള്ള സ്നേഹം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടുള്ള സ്നേഹവും, അവരോടുള്ള കോപം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടുള്ള കോപവുമാണ്. അവര്‍ വലിയ മഹത്വമുള്ളവരും ആദരണീയരുമാണ്. കാരണം, അവര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് സഹവസിക്കുകയും സ്നേഹിച്ചാദരിക്കുകയും മനസ്സാ-വാചാ-കര്‍മ്മണാ സേവിച്ചു സഹായിക്കുകയും ചെയ്തവരാണ്. അപ്പോള്‍ അവരോടുള്ള സ്നേഹം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടുള്ള സ്നേഹത്തിന്‍റെയും അവരോടുള്ള കോപം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടുള്ള കോപത്തിന്‍റെയും അടയാളമാണ്. ചില ഹദീസുകളില്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമായി വന്നിട്ടുണ്ട്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അന്‍സ്വാറുകളായ സ്വഹാബികളെ സ്നേഹിക്കുന്നത് സത്യവിശ്വാസത്തിലും അവരോടു കോപിക്കുന്നത് കാപട്യത്തിലും പെട്ടതാണ്. (ബുഖാരി)
സ്വഹാബത്തിന്‍റെ മഹത്വം അവരുടെ ചരിത്രത്തില്‍ നിന്നും വ്യക്തമാണ്. അവര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ വിശ്വസിക്കുന്നിലും സഹായിക്കുന്നതിലും മുന്നിട്ടു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് അത്യധികം സ്നേഹാദരവുകളോടെ സഹവസിച്ചും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്കു ശേഷം ഇസ്ലാമിന്‍റെ സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കുകയും ചെയ്തു. അവരില്ലായിരുന്നുവെങ്കില്‍ ദീനിന്‍റെ അടിസ്ഥാനപരവും ശാഖാപരവുമായ ഒരു കാര്യവും ഫര്‍ളും സുന്നത്തുമായ ഒന്നും നമ്മിലെത്തുകയില്ലായിരുന്നു.
ആകയാല്‍, സ്വഹാബത്തിനെ ആക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവന്‍ ദീനില്‍ നിന്നും പുറത്തു പോയവനാണ്. അവന്‍ മുസ്ലിമല്ല. കാരണം, അവരെ ആക്ഷേപിക്കുന്നത് അവരെ ദുഷിച്ചവരായി വിശ്വസിക്കുകയും അവരോടു പക പുലര്‍ത്തുകയും പിരിശുദ്ധ ഖുര്‍ആനിലും ഹദീസിലും അവരെ വാഴ്ത്തിപ്പറഞ്ഞിട്ടുള്ള കാര്യങ്ങളെ നിഷേധിക്കുകയും ചെയ്യുന്നവനാണ്. പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നമ്മിലെത്തിച്ചേര്‍ന്നതിന്‍റെ പ്രഥമവും പ്രധാനവുമായ വഴി സ്വഹാബത്താണ്. വഴിയെ നിന്ദിക്കുന്നത് വഴിയിലൂടെ വന്നെത്തിയ കാര്യങ്ങളെയും നിന്ദിക്കലാണ്. കാപട്യവും വക്രതയും ഇല്ലാത്തവരെല്ലാം അംഗീകരിക്കുന്ന ഒരു കാര്യമാണിത്.
പരിശുദ്ധ ദീനിനെ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും അല്ലാഹു പ്രത്യേകമായി തെരഞ്ഞെടുത്തവരാണ് സ്വഹാബത്ത്. ഇക്കാര്യം ഹദീസുകളില്‍ വന്നിട്ടുമുണ്ട്.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹു എന്നെ തെരഞ്ഞെടുത്തു. എനിക്കു വേണ്ടി സ്വഹാബത്തിനെ തെരഞ്ഞെടുത്തു. അവരില്‍ ചിലര്‍ ഞാനുമായി വളരെ അടുത്തവരും എന്‍റെ ഉത്തരാധികാരികളും വിവാഹ ബന്ധം സ്ഥാപിച്ചവരുമാണ്. അവരെ ആക്ഷേപിക്കുന്നവന്‍റെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും സര്‍വ്വ മനുഷ്യരുടെയും ശാപം വര്‍ഷിക്കട്ടെ.! ഖിയാമത്തു നാളില്‍ അവരുടെ വലുതോ ചെറുതോ ആയ ഒരു നന്മകളും സ്വീകരിക്കപ്പെടുന്നതല്ല.
അനസ് (റ) വിവരിക്കുന്നു: ചില സ്വഹാബികള്‍ ആക്ഷേപിക്കപ്പെടുന്നതായി പരാതി പറഞ്ഞപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: എന്‍റെ സ്വഹാബത്തിനെ ആക്ഷേപിക്കുന്നവന്‍റെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും സര്‍വ്വ മനുഷ്യരുടെയും ശാപം വര്‍ഷിക്കട്ടെ.!
മറ്റൊരു ഹദീസില്‍ വന്നിരിക്കുന്നു: സ്വഹാബത്തിനെ കുറ്റം പറയുകയും ആക്ഷേപി ക്കുകയും ചെയ്യുന്ന ഒരു കൂട്ടം അടുത്തു തന്നെ വരുന്നതാണ്. അവരുമായി ആഹാര-പാനീയ-വിവാഹ ബന്ധങ്ങളൊന്നും നിങ്ങള്‍ നടത്തരുത്.
ഇബ്നുമസ്ഊദ് (റ) പറയുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: എന്‍റെ സ്വഹാബത്തിനെ ആക്ഷേപിക്കപ്പെടുന്നതു കണ്ടാല്‍ നിങ്ങള്‍ പിന്‍മാറുക. അതായത്, സ്വഹാബത്തിനെ നിന്ദിക്കുന്നവന്‍ കപടവിശ്വാസിയാണ്. സത്യവിശ്വാസി ഇത്തരക്കാരില്‍ നിന്നും മാറി നില്‍ക്കണം. അതെ, അല്ലാഹുവിനെയും റസൂലിനെയും ദീനീ സന്ദേശങ്ങളെയും, അതു പഠിച്ചു പകര്‍ത്തി പ്രചരിപ്പിക്കുന്നവരെയും പ്രവാചക കുടുംബത്തെയും ശിഷ്യരെയും സന്താനങ്ങളെയും പ്രവാചകരെയും സ്നേഹിക്കല്‍ മുസ്ലിമിന്‍റെ കടമയാണ്. അവരെ സ്നേഹിക്കുന്നവരെ സ്നേഹിക്കുകയും അവരോടു കോപിക്കുന്നവരോടു കോപിക്കുകയും ചെയ്യേണ്ടതാണ്. അല്ലാഹുവിനു വേണ്ടി സ്നേഹിക്കുകയും കോപിക്കുകയും ചെയ്യുന്നത് ഈമാനിന്‍റെ ഏറ്റവും ശക്തമായ പിടിവള്ളിയാണ്.
അയ്യൂബ് സഖ്തിയാനി (റ) പ്രസ്താവിക്കുന്നു: അബൂബക്ര്‍ (റ) നെ സ്നേഹിക്കുന്നവന്‍ ദീനിന്‍റെ ദീപസ്തംഭം സ്ഥാപിച്ചിരിക്കുന്നു. ഉമര്‍ (റ) നെ സ്നേഹിക്കുന്നവന്‍ വഴി സുഗമമാക്കിയിരിക്കുന്നു. ഉസ്മാന്‍ (റ) നെ സ്നേഹിക്കുന്നവന്‍ അല്ലാഹുവിന്‍റെ പ്രകാശം പരത്തിയിരിക്കുന്നു. അലി (റ) നെ സ്നേഹിക്കുന്നവന്‍ ഉറച്ച പാശം മുറുകെ പിടിച്ചിരിക്കുന്നു. സ്വഹാബത്തിനെ കുറിച്ച് നല്ലതു പറയുന്നവന്‍ കാപട്യത്തില്‍ നിന്നും രക്ഷപെട്ടിരിക്കുന്നു. സ്വഹാബത്തിന്‍റെ മഹിത മഹത്വങ്ങള്‍ എണ്ണിയാല്‍ തീരാത്തതാണ്. ആകയാല്‍, അവരെ അറിയുകയും ആദരിക്കുകയും അനുകരിക്കുകയും ചെയ്യുക. സ്വഹാബത്തില്‍ അതിശ്രേഷ്ഠര്‍ സ്വര്‍ഗ്ഗം കൊണ്ടു സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തു പേരാണ്. അവരില്‍ അത്യുന്നതന്‍ അബൂബക്ര്‍ (റ) ആണ്. ശേഷം ഉമര്‍ (റ), ശേഷം ഉസ്മാന്‍ (റ), ശേഷം അലി (റ) എന്നിവരാണ്.
ഇര്‍ബാളുബ്നു സാരിയ (റ) പറയുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി; എന്‍റെ ചര്യയും എനിക്കു ശേഷമുള്ള സന്‍മാര്‍ഗ്ഗികളെയും സച്ചരിത ഖലീഫമാരെയും നിങ്ങള്‍ പിന്‍പറ്റുക. അണപ്പല്ലു കൊണ്ട് അതു കടിച്ചു പിടിക്കുക. (തിര്‍മിദി)
സച്ചരിതരായ ഖലീഫമാരെ കൊണ്ടുള്ള വിവക്ഷ അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി (റ: അന്‍ഹും) എന്നിവരാണ്. ഇവരുടെ മഹത്വങ്ങളെ കുറിച്ച് അനവധി ഹദീസുകളുണ്ട്. വിശിഷ്യാ, അബൂബക്ര്‍ സിദ്ദീഖ് (റ) നെ സംബന്ധിച്ച് നിരവധി ഹദീസുകളോടൊപ്പം ധാരാളം ആയത്തുകളും വന്നിരിക്കുന്നു. (അല്‍കബാഇര്‍)
ഹാഫിസ് ഇബ്നുതീമിയ്യ, അഖീദ വാസിതിയ്യയില്‍ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്‍റെ വീക്ഷണം വിവരിച്ചു കൊണ്ട് എഴുതുന്നു:
"റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സ്വഹാബത്തിന്‍റെ വിഷയത്തില്‍ മനസ്സുകളും നാവുകളും സൂക്ഷിക്കണമെന്നത് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ അടിസ്ഥാന വീക്ഷണമാണ്"
"അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞു പോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തു തരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു" എന്ന ആയത്തനുസരിച്ച് ജീവിക്കുന്നവരാണ് അഹ്ലുസ്സുന്ന. "എന്‍റെ സ്വഹാബികളെ നിങ്ങള്‍ ആക്ഷേപിക്കരുത്" എന്ന ഹദീസിനെ പാലിക്കുന്നവരാണ് അഹ്ലുസ്സുന്ന.
പരിശുദ്ധ ഖുര്‍ആന്‍, പുണ്യഹദീസ്, ഉമ്മത്തിന്‍റെ സംയുക്ത തീരുമാനം ഇവയില്‍ വന്നിട്ടുള്ള സ്വഹാബത്തിന്‍റെ മഹിത മഹത്വങ്ങള്‍ അഹ്ലുസ്സുന്ന സ്വീകരിക്കുന്നു. മക്കാ വിജയത്തിനു മുമ്പ് വിശ്വസിച്ചവര്‍ ശേഷം വിശ്വസിച്ചവരേക്കാള്‍ ശ്രേഷ്ഠരാണ്. മുഹാജിറുകള്‍ക്ക് അന്‍സ്വാരികളേക്കാള്‍ സ്ഥാനമുണ്ട്. ബദ്റില്‍ പങ്കെടുത്തവരെല്ലാം പൊറുത്തു കൊടുക്കപ്പെട്ടവരാണ്. രിള്വാന്‍ പ്രതിജ്ഞ നടത്തിയവര്‍ തൃപ്തിപ്പെട്ടവരാണ്. സ്വര്‍ഗ്ഗം കൊണ്ടു സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ടവരെല്ലാം സ്വര്‍ഗ്ഗീയരാണ്. ഈ സമുദായത്തിലെ ഒന്നാം സ്ഥാനക്കാരന്‍ അബൂബക്ര്‍ സിദ്ദീഖും രണ്ടാം സ്ഥാനക്കാരന്‍ ഉമറുല്‍ ഫാറൂഖും മൂന്നാം സ്ഥാനക്കാരന്‍ ഉസ്മാനും നാലാം സ്ഥാനക്കാരന്‍ അലിയ്യുമാണ്.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുകുടുംബത്തെ അഹ് ലുസ്സുന്ന സ്നേഹിക്കുന്നു. അവരെ ആദരിക്കണമെന്ന പ്രവാചക ഉപദേശം സ്വീകരിക്കുന്നു. പ്രവാചക പത്നിമാരും വിശ്വാസികളുടെ മാതാക്കളുമായവരെ ആദരിക്കുന്നു. വിശിഷ്യാ, പ്രഥമ വിശ്വാസിനിയും സഹായിയുമായ ഖദീജത്തുല്‍ കുബ്റ (റ) യെയും സ്വിദ്ദീഖിന്‍റെ മകളും സ്വിദ്ദീഖയുമായ ആഇശ (റ) യെയും പ്രത്യേകം ബഹുമാനിക്കുന്നു.
സ്വഹാബത്തിനോടു കോപം പുലര്‍ത്തുന്നവരുടെയും അഹ്ലുബൈത്തിനെ നിന്ദിക്കുന്നവരുടെയും രീതികളുമായി അഹ്ലുസ്സുന്നക്ക് ഒരു ബന്ധവുമില്ല.
സ്വഹാബത്തിനിടയില്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ ഇടപെടാതെ അഹ്ലുസ്സുന്നത്ത് മാറിനില്‍ക്കുന്നു. അതുമായി ബന്ധപ്പെട്ട പല നിവേദനങ്ങളും കളവാണ്. ചിലതില്‍ കൂട്ടിക്കുറക്കലുകള്‍ നടത്തപ്പെട്ടിരിക്കുന്നു. മറ്റുചിലത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതുമാണ്. അവരുടെ ഗവേഷണത്തില്‍ ഒന്നുകില്‍ അവര്‍ ശരിയെത്തിച്ച് ഇരട്ടി പ്രതിഫലം കരസ്ഥമാക്കി. അല്ലെങ്കില്‍ തെറ്റു പറ്റി ഒരു പ്രതിഫലം ലഭിച്ചവരായി. സ്വഹാബികളെല്ലാം സകല പാപങ്ങളില്‍ നിന്നും മുക്തരാണെന്ന വിശ്വാസം അഹ്ലുസ്സുന്നക്ക് ഇല്ല. അവരില്‍ തെറ്റു കുറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, അവര്‍ മുന്‍കടന്ന നന്മകളുടെയും മഹത്വങ്ങളുടെയും പേരില്‍ അവര്‍ക്കു പൊറുത്തു കൊടുക്കപ്പെടുന്നതാണ്. ഇക്കാരണത്താല്‍, അവര്‍ വല്ല പാപവും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ഒന്നുകില്‍ പശ്ചാത്തപിച്ചവരാണ്. അല്ലെങ്കില്‍ അവരുടെ ഉന്നത നന്മകള്‍ കാരണം പൊറുത്തു കൊടുക്കപ്പെടുന്നതാണ്. അല്ലെങ്കില്‍ അവര്‍ക്ക് ഏറ്റവും അര്‍ഹതപ്പെട്ട പ്രവാചക ശഫാഅത്തിനാല്‍ അവര്‍ക്കു മാപ്പാക്കപ്പെടുന്നതാണ്. അല്ലെങ്കില്‍ ഇഹലോകത്തെ പ്രയാസ-പരീക്ഷണങ്ങളാല്‍ മാപ്പരുളപ്പെടുന്നതാണ്. ഉറപ്പായ പാപങ്ങളുടെ കാര്യം ഇതാണെങ്കില്‍ ശരിയെത്തിച്ചാല്‍ രണ്ടു പ്രതിഫലവും തെറ്റു സംഭവിച്ചാല്‍ ഒരു പ്രതിഫലവും ലഭിക്കുന്ന "ഗവേഷണ ഭിന്നതകളെ"കുറിച്ച് എന്തു പറയാനാണ്.? കൂടാതെ, അവരെ കുറിച്ച് ഉദ്ധരിക്കപ്പെട്ടിട്ടുള്ള തെറ്റു കുറ്റങ്ങള്‍ അവരുടെ സ്ഥിരപ്പെട്ട നന്മകള്‍ക്കു മുന്നില്‍ തുലോം കുറവാണ്. അതെ, അവര്‍ അല്ലാഹുവിലും റസൂലിലും പരിപൂര്‍ണ്ണമായി വിശ്വസിച്ചു. ദീനിന്‍റെ മാര്‍ഗ്ഗത്തില്‍ ത്യാഗ പരിശ്രമങ്ങള്‍ നടത്തി. നാടുവിടുകയും നാടു വിട്ടവരെ സഹായിക്കുകയും ചെയ്തു. പ്രയോജനപ്രദമായ വിജ്ഞാനങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. പ്രവാചകന്‍മാര്‍ കഴിഞ്ഞാല്‍ ഏറ്റം മഹത്വമുള്ളവര്‍ സ്വഹാബത്താണെന്ന് അവരുടെ ചരിത്രം ചെറിയ നിലയില്‍ ശ്രദ്ധിക്കുന്നവര്‍ക്കെല്ലാം സുതരാം വ്യക്തമാകും. സ്വഹാബത്തിനെ പോലൊരു കൂട്ടം മുമ്പുണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. ഈ സമുദായത്തിന്‍റെ സത്തയും അല്ലാഹുവിങ്കല്‍ ഏറ്റം ഉത്തമ വിഭാഗവുമാണ് സ്വഹാബത്തുല്‍ കിറാം. (അല്‍അഖീദത്തുല്‍ വാസിത്തിയ്യ)

സ്വഹാബത്തിന്‍റെ ഭിന്നത: മാതൃകാപരം 
ഫദക് തോട്ടത്തിന്‍റെ ഉടമാവകാശത്തെ സംബന്ധിച്ചും മറ്റും ഫാത്വിമത്തുസ്സഹ്റ (റ)ക്കും അബൂബക്ര്‍ സ്വിദ്ദീഖ് (റ)നും ഇടയില്‍ ചില പ്രശ്നങ്ങളുണ്ടായതായി ഏതാനും നിവേദനങ്ങളില്‍ വന്നിട്ടുണ്ട്. എന്നാല്‍, ഇത്തരം സംഭവങ്ങളിലൊന്നിനെ കുറിച്ചും എനിക്ക് ഒരിക്കലും യാതൊരുവിധ തെറ്റിദ്ധാരണയും ഉണ്ടായിട്ടില്ല. അതെ, ജീവിതകാലം മുഴുവനും അല്ലാഹുവിന്‍റെ സ്മരണയില്‍ മുഴുകിക്കൊണ്ട് വീട്ടുജോലികളെല്ലാം ചെയ്ത് ശരീരത്തില്‍ പാടുകള്‍ പതിഞ്ഞ, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കരളിന്‍റെ കഷ്ണമായ മകള്‍ പിതാവിന്‍റെ വിയോഗത്തിനു ശേഷം പണത്തിലേക്കു ചാടിവീഴുകയും സത്യസന്ധനായ ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ് (റ) മായി പിണങ്ങിക്കഴിയുകയും ചെയ്തു എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല. സ്വഹാബത്തിനിടയില്‍ നടന്ന മുഴുവന്‍ പ്രശ്നങ്ങളും അവരുടെ വിശ്വാസത്തിന്‍റെ ശക്തിയുടെ തെളിവുകളാണ്. ആ മഹത്തുക്കള്‍ക്ക് ആര്‍ക്കും പണമോഹത്തിന്‍റെ മണം പോലും അടിച്ചിരുന്നില്ല. അവരുടെ വേലക്കാരുടെ വേലക്കാരായ മഹാന്‍മാരുടെ മനസ്സില്‍ പോലും പണമോഹം അല്‍പവും ഉണ്ടാകാറില്ല. പിന്നെ അവരില്‍ എങ്ങിനെ ഉണ്ടാകാനാണ്.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അനന്തര സ്വത്തിന് വ്യക്തികള്‍ ആരെങ്കിലും അവകാശികളാണോ അല്ലയോ എന്ന വിഷയത്തിലുള്ള വൈജ്ഞാനികവും ഗവേഷണപരവുമായ ഭിന്നതയായിരുന്നു അവരുടേത്. 'നാം ഉപേക്ഷിക്കുന്നതെല്ലാം സ്വദഖയാണ്' എന്ന നബി വചനത്തെ ശൈഖൈനി (അബൂബക്ര്‍ സിദ്ദീഖ് (റ), ഉമറുല്‍ ഫാറൂഖ് (റ)) പൊതുവായി കണ്ടു. ഫാത്വിമ (റ) ചില  കാര്യങ്ങളില്‍ മാത്രം കണ്ടു. ഫാത്വിമ (റ) പിന്നീട് അബൂബക്ര്‍ (റ)നോട് മിണ്ടിയില്ല എന്ന ഒരു നിവേദനത്തെ കുറിച്ച് ഹാഫിസ് ഇബ്നുഹജര്‍ പ്രസ്താവിക്കുന്നു: മിണ്ടിയില്ല എന്നതിനര്‍ത്ഥം പിണങ്ങിയെന്നല്ല, ഈ വിഷയത്തില്‍ സംസാരിച്ചില്ല എന്നാണ്. ഇതിന് ഉപോല്‍ബലകമായി ഫത്ഹുല്‍ ബാരിയില്‍ ഹാഫിസ് (റ) മറ്റു ചില നിവേദനങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. വിനീതന്‍ പറയട്ടെ, ഇതിനു പിണങ്ങി എന്നര്‍ത്ഥം പറഞ്ഞാലും കുഴപ്പമൊന്നുമില്ല. കാരണം, ഈ പ്രശ്നം പണത്തിനോടുള്ള മോഹത്തിന്‍റെ പേരിലായിരുന്നില്ല. ശരീഅത്ത് നിയമം നടപ്പിലാക്കുന്നതിനെ കുറിച്ചായിരുന്നു. നിയമപരമായി എനിക്കതില്‍ അര്‍ഹതയുണ്ടെന്ന് അവര്‍ കണ്ടു. ഈ അടിസ്ഥാനത്തില്‍ അതൃപ്തിയും പിണക്കവും പ്രകടിപ്പിച്ചു. ഇത് കണിശമായ ദീനീ ബോധത്തിന്‍റെ തെളിവാണ്. അതുകൊണ്ടു തന്നെയാണ് അലി (റ), അബ്ബാസ് (റ) ഇരുമഹാന്‍മാരും ഉമര്‍ (റ) ന്‍റെ കാലഘട്ടത്തില്‍ ഈ വിഷയവുമായി വീണ്ടും വന്നത്. തങ്ങളുടെ അഭിപ്രായത്തോട് ഉമര്‍ (റ) യോജിക്കുമെന്ന് അവര്‍ വിചാരിച്ചു. പക്ഷേ, ഉമര്‍ (റ) അബൂബക്ര്‍ സിദ്ദീഖ് (റ) ന്‍റെ നിലപാടു തന്നെ ആവര്‍ത്തിച്ചു.
ഇതുപോലെ തന്നെയാണ് ഇതര സ്വഹാബികള്‍ക്കിടയില്‍ പിന്നീടുണ്ടായ പ്രശ്നങ്ങള്‍. ആദ്യത്തെ മൂന്നു ഖലീഫമാരുടെ കാലഘട്ടത്തില്‍ സുപ്രധാനമായ ദഅ്വത്ത്-ജിഹാദുകള്‍ നടക്കണമായിരുന്നു. അതെല്ലാം പൂര്‍ത്തിയായ ശേഷം പരസ്പരം പ്രശ്നങ്ങളുണ്ടായാല്‍ എന്തു ചെയ്യണമെന്നും ഖലീഫയോട് എതിര്‍പ്പു പ്രകടിപ്പിക്കുന്നവരുമായുള്ള ബന്ധം എങ്ങിനെയായിരിക്കണമെന്നും ഉമ്മത്തിനെ പഠിപ്പിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചു. അതെ, അവര്‍ക്കിടയിലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാനം പണ-പണ്ടങ്ങളോ, സ്ഥാന-മാനങ്ങളോ, കുടുംബ വിഭാഗങ്ങളിലെ വൈര്യങ്ങളോ ആയിരുന്നില്ല. അവരുടെ ഈമാന്‍ അതിശക്തമായിരുന്നു. സത്യമെന്നു മനസ്സിലാക്കിയ കാര്യങ്ങള്‍ സംരക്ഷിക്കാനും സഹായിക്കാനും വഴക്കും യുദ്ധവും നടത്തുന്നു. അവരുടെ പ്രശ്നങ്ങളെ അവരുടെ ന്യൂനതയും പാപവുമായി കാണുന്നവരുടെ ജല്‍പനം ഭ്രാന്തമാണ്. അവയിലേക്ക് ശ്രദ്ധ തിരിക്കാന്‍ പോലും പാടില്ല. പുണ്യ ഹദീസുകളെ ആഴത്തില്‍ പഠിക്കുന്നവര്‍ക്കെല്ലാം ഇക്കാര്യം വ്യക്തമാണ്.
"അല്‍ഇഅ്തിദാല്‍ ഫീ മറാത്തിബിര്‍രിജാല്‍-ഇസ്ലാമി സിയാസത്ത്" എന്ന പേരില്‍ ഈ സാധുവിന് ഒരു രചനയുണ്ട്. പരസ്പര പോരാട്ടത്തിനിടയില്‍ അവര്‍ പുലര്‍ത്തിയ പരസ്പര ആദരവിനെ കുറിക്കുന്ന അനുകരണീയ മാതൃകകള്‍ അതില്‍ ഉദ്ധരിച്ചിട്ടുണ്ട്. അതിലെ ചില ഭാഗങ്ങള്‍ അടുത്ത ലക്കത്തില്‍ കൊടുക്കുന്നതാണ്. ഇവിടെ മറ്റു ചില സംഭവങ്ങള്‍ ഉദ്ധരിക്കുന്നു. ശ്രദ്ധിച്ചു മനസ്സിലാക്കണം.
അലി (റ), മുആവിയ (റ) എന്നീ മഹാന്‍മാരുടെ ഇടയില്‍ നടന്ന സംഘട്ടനമാണ് സ്വിഫ്ഫീന്‍ യുദ്ധം. പകലില്‍ യുദ്ധം ചെയ്യുന്ന ഇരുകൂട്ടരും രാത്രി ജനാസ സംസ്കരണത്തിനും മറ്റും പരസ്പരം സഹകരിക്കുമായിരുന്നു. മതവിഷയങ്ങളില്‍ പരസ്പരം സംശയങ്ങള്‍ ചോദിക്കുകയും മറ്റുള്ളവരുടെ അഭിപ്രായം മാനിക്കുകയും സ്വീകരിക്കുകയും ചെയ്യുമായിരുന്നു. മുസ്ലിംകളുടെ ആഭ്യന്തര കലഹത്തില്‍നിന്നും മുതലെടുക്കാന്‍ റോമന്‍ ചക്രവര്‍ത്തി ലക്ഷ്യമിട്ടു. മുആവിയ (റ) ഇതറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇപ്രകാരം ഒരു കത്തെഴുതി: "നിങ്ങളുടെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ ഇറങ്ങിത്തിരിച്ചാല്‍ ആണയിട്ടു പറയട്ടെ; ഞാന്‍ എന്‍റെ കൂട്ടുകാരന്‍ അലിയ്യുമായി സന്ധിയിലാകുന്നതും നിങ്ങള്‍ക്കെതിരില്‍ അദ്ദേഹം അയക്കുന്ന സൈന്യത്തിന്‍റെ മുന്നണിപ്പോരാളിയാകുന്നതും ഖുസ്തുന്‍തുനിയ്യ കത്തിച്ചു ചാമ്പലാക്കുന്നതും നിങ്ങളുടെ ഭരണകൂടത്തെ പിഴുതെറിയുന്നതുമാണ്. (താജുല്‍ അറൂസ്-7/208) ഇതിനു മുമ്പ് ചക്രവര്‍ത്തി മുആവിയ (റ) ന് ഇപ്രകാരം കത്തെഴുതിയിരുന്നു: "നിങ്ങളുടെ കൂട്ടുകാരന്‍ അലിയ്യ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി അറിയാന്‍ കഴിഞ്ഞു.  നിങ്ങള്‍ക്ക് സഹായത്തിന് സൈന്യത്തെ അയക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു" ഇതിനു മറുപടിയായിട്ടാണ് മേലുദ്ധരിച്ച മറുപടി മുആവിയ (റ) എഴുതിയത്.
മുആവിയ (റ) ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: അല്ലാഹുവില്‍ സത്യം.! അലിയ്യ് എന്നേക്കാള്‍ ഉത്തമനാണ്. ഉസ്മാന്‍ (റ) ന്‍റെ പ്രതിക്രിയയുടെ വിഷയത്തില്‍ മാത്രമാണ് ഞങ്ങള്‍ക്കിടയിലുള്ള ഭിന്നത. അദ്ദേഹം പ്രതിക്രിയ നടത്തിയാല്‍, മുഴുവന്‍ ശാമുകാരോടൊപ്പം മുന്നില്‍ നിന്ന് അലിയ്യ് (റ) നെ ഞാന്‍ ബൈഅത്ത് ചെയ്യുന്നതാണ്. (അല്‍ബിദായ-7/259)
ശാമില്‍, ഇബ്നുഖുബ് രി എന്ന വ്യക്തി തന്‍റെ ഭാര്യയെ ഒരാള്‍ വ്യഭിചരിക്കുന്നതു കണ്ടു. ക്ഷമിക്കാന്‍ കഴിയാതെ ഇബ്നുഖുബ്രി അയാളെ കൊന്നു കളഞ്ഞു. കൊലക്കേസ് മുആവിയ (റ) യുടെ അരികിലെത്തി. എന്താണ് വിധിക്കേണ്ടത് എന്നു മനസ്സിലാക്കാന്‍ കഴിയാതിരുന്ന മുആവിയ (റ), അലിയ്യ് (റ) നോട് വിഷയം ചോദിച്ച് അറിയിക്കാന്‍ അബൂമൂസാ (റ) നോട് നിര്‍ദ്ദേശിച്ചു. (മുവത്വ മാലിക്) ഏതെങ്കിലും രാഷ്ട്രീയ എതിരാളിയുടെ മുന്നില്‍ നാം വിവരമില്ലായ്മ സമ്മതിക്കുമോ.? ഏതെങ്കിലും വിഷയത്തില്‍ എതിരാളിയുമായി ബന്ധപ്പെട്ട് പരിഹാരം കാണുമോ.? അതെ, നമ്മുടെ രാഷ്ട്രീയ പ്രതിയോഗിയുടെ ഒരു വാചകവും നാം പരിഗണിക്കില്ല. ഈ മഹാന്‍മാര്‍ പരസ്പരം ആദരിച്ചതായി ധാരാളം സംഭവങ്ങളുണ്ട്. പ്രിയപ്പെട്ട മകന്‍ മൗലാനാ മുഹമ്മദ് യൂസുഫ് കാന്തലവി (റ) യുടെ ഹയാത്തുസ്വഹാബയില്‍ ഇതിന്‍റെ നിരവധി മാതൃകകള്‍ കാണാവുന്നതാണ്.
സ്വഹാബത്തിന്‍റെ ഭിന്നതയിലെ സുന്ദര ചിത്രങ്ങള്‍.!
ഒരു കാര്യം ശ്രദ്ധിച്ചു മനസ്സിലാക്കുക; ന്യായമായ അഭിപ്രായ വ്യത്യാസങ്ങളില്‍ പോലും എതിരാളികളോടു പരിധിവിട്ട് പെരുമാറുന്നത് ഇസ്ലാമിക അദ്ധ്യാപനങ്ങള്‍ക്കു വിരുദ്ധമാണ്. അല്ലാഹു ഉപദേശിക്കുന്നു; "നിങ്ങളെ മസ്ജിദുല്‍ ഹറാമില്‍ നിന്നും തടഞ്ഞു നിര്‍ത്തിയതിന്‍റെ പേരില്‍ നിങ്ങള്‍ക്ക് ഉണ്ടായ കോപം, അവരോട് അതിക്രമം കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ.!" (മാഇദ: 2) നോക്കൂ, ഇവിടെ നിഷേധികള്‍ കടുത്ത അക്രമം കാട്ടിയവരായിരുന്നു. എന്നിട്ടും അവരോടുള്ള സമീപനത്തില്‍ പരിധി ലംഘിക്കരുതെന്ന് അല്ലാഹു ഉണര്‍ത്തുന്നു.!
പരസ്പരം അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും സംഭവിക്കാനേ പാടില്ലായെന്നു ഞാന്‍ പറയുന്നില്ല. ഇതെല്ലാം പണ്ടു മുതല്‍ക്കേ ഉള്ളതാണ്. ഇനിയും ഉണ്ടാകുകയും ചെയ്യും. എന്നാല്‍, ഇത് രണ്ടു തരമുണ്ട്; സ്തുത്യര്‍ഹമായ ഭിന്നതകളും നിത്യമായ ഭിന്നതകളും. സ്തുത്യര്‍ഹമായ ഭിന്നതകള്‍ എങ്ങിനെയാണെന്നു മനസ്സിലാക്കാന്‍ നമ്മുടെ മുന്‍ഗാമികളായ സ്വഹാബാ കിറാമിലേക്കു നോക്കുക. പരസ്പരം ഭിന്നതയും വഴക്കും ഉണ്ടാകുമ്പോള്‍ എങ്ങിനെ വര്‍ത്തിക്കണമെന്ന് അവര്‍ കാര്‍മ്മികമായി നമുക്കു പഠിപ്പിച്ചു തന്നു. ഈ വിഷയത്തില്‍ ചില മാതൃകാ സംഭവങ്ങള്‍ ഉദ്ധരിക്കുന്നതിനു മുമ്പ്, ആദ്യ ലേഖനത്തില്‍ സൂചനാപരമായി കുറിച്ച അടിസ്ഥാന വിഷയം അല്‍പം വിശദമായി കൊടുക്കുകയാണ്. ശ്രദ്ധിക്കുക;
നമുക്കാവശ്യാമായ സകല കാര്യങ്ങളും നമ്മെ പഠിപ്പിക്കാനാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിയോഗിക്കപ്പെട്ടത്. ഇത് എപ്രകാരമാണ് ചെയ്യേണ്ടതെന്ന് പില്‍ക്കാലത്ത് ചോദിച്ചു ബുദ്ധിമുട്ടാതിരിക്കാന്‍ എല്ലാ കാര്യങ്ങളും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) കാര്‍മ്മികമായി കാണിച്ചു തന്നു. നിയമങ്ങള്‍ രണ്ടു വിഭാഗമുണ്ട്. നുബുവ്വത്തിന്‍റെ സമുന്നത സ്ഥാനത്തിനു എതിരാകാത്ത നിയമങ്ങളാണ് ഒന്ന്. ഇത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) സ്വജീവിതത്തിലൂടെ തന്നെ പഠിപ്പിച്ചു തന്നു. ഒരു പ്രാവശ്യമോ, ചില പണ്ഡിതരുടെ അഭിപ്രായത്തില്‍ മൂന്നു പ്രാവശ്യമോ സുബ്ഹി നമസ്കാരത്തിന് ഉണരാതെ ഉറങ്ങിപ്പോയത് ഇതിന് ഉദാഹരണമാണ്. ഇത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യില്‍ നിന്നും സംഭവിച്ചത്, ഇത്തരം ഘട്ടങ്ങളില്‍ ഉറങ്ങിപ്പോയാല്‍ എന്തു ചെയ്യണം എന്നു പഠിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. കാരണം, മഹാന്‍മാരായ വ്യക്തിത്വങ്ങളെന്നല്ല, അവരുടെ സാധാരണ ശിഷ്യന്‍മാര്‍ പോലും സുബ്ഹി നമസ്കാരത്തിന്‍റെ സമയത്ത് സ്വയം ഉണരാറുണ്ട്. സുബ്ഹിയെന്നല്ല, തഹജ്ജുദ് പോലും അവര്‍ക്ക് നഷ്ടപ്പെടാറില്ല. നമസ്കാരത്തില്‍ പല പ്രാവശ്യവും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് മറവി സംഭവിച്ചതും ഇതില്‍ പെട്ടതാണ്. ഇതിനെ കുറിച്ച് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "ഞാന്‍ ഒരിക്കലും മറക്കാറില്ല. പക്ഷെ, മാര്‍ഗ്ഗം വ്യക്തമാക്കിത്തരുന്നതിന് ഞാന്‍ മറപ്പിക്കപ്പെടുകയാണ്".
പ്രവാചകത്വത്തിന്‍റെ സമുന്നത സ്ഥാനത്തിന് എതിരായ വ്യഭിചാരം, മോഷണം പോലുള്ള കാര്യങ്ങളുടെ നിയമങ്ങള്‍ മനസ്സിലാക്കിത്തരലാണ് മറ്റൊന്ന്. ഭരണകൂടത്തിന് എതിരു പ്രവര്‍ത്തിക്കുന്നത് ഈ വിഭാഗത്തില്‍ പെട്ടതാണ്. ഇതില്‍ വ്യഭിചാരം പോലുള്ള കാര്യങ്ങള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കാലഘട്ടത്തില്‍ തന്നെ സ്വഹാബികളിലൂടെ പഠിപ്പിക്കപ്പെട്ടു. ഭരണകാര്യങ്ങള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുമായി ബന്ധപ്പെട്ടതായതിനാല്‍ അതിന് എതിരു പ്രവര്‍ത്തിക്കാന്‍ ഒരു സാധ്യതയുമില്ലായിരുന്നു. അതുകൊണ്ട്, ഈ കാര്യങ്ങള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്കു ശേഷം സ്വഹാബികളില്‍ സംഭവിപ്പിച്ചു. അതെ, ഇതുമായി ബന്ധപ്പെട്ട നിയമ - മര്യാദകള്‍ ഉമ്മത്തിനെ പഠിപ്പിക്കാന്‍ ഈ മഹത്തുക്കള്‍ ത്യാഗത്തിന് സന്നദ്ധരായി. ഇത്തരുണത്തില്‍ ഇവരുടെ ഭിന്നതകളെ എടുത്തു കാട്ടി അവരെ നിന്ദിക്കാതെ അവരെ ഉപകാരികളായി കാണുകയും അത്തരം അവസ്ഥകള്‍ വല്ലതും സംഭവിച്ചാല്‍ അവരുടെ മാതൃകകള്‍ മുന്നില്‍ വെച്ച് നീങ്ങുകയുമാണ് നാം ചെയ്യേണ്ടത്.
ഇനി ഈ വിഷയത്തിലുള്ള ഏതാനും സംഭവങ്ങള്‍ മാതൃകയ്ക്കായി ഉദ്ധരിക്കുന്നു. പരസ്പരം ഭിന്നതയുടെ സന്ദര്‍ഭത്തില്‍ ഈ മഹാന്‍മാര്‍ എത്ര മഹത്തരമായ മാര്‍ഗ്ഗമാണ് നമുക്കു കാട്ടിത്തന്നത് എന്നു മനസ്സിലാക്കുക. ഇരുപതിനായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ട സംഭവമാണ് ജമല്‍ യുദ്ധം. (താരീഖുല്‍ ഖമീസ്) ഈ പോരാട്ടം രൂക്ഷമാകാന്‍ പോകുന്ന സമയത്ത് അലി (റ) അണിയില്‍ നിന്നും മുന്നോട്ടു നീങ്ങി എതിര്‍ പക്ഷത്തുള്ള സുബൈര്‍ (റ) നെ വിളിച്ചു. അദ്ദേഹവും മുന്നോട്ടു വന്നു. ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. ദീര്‍ഘനേരം കരഞ്ഞു. ശേഷം, അലി (റ) ചോദിച്ചു: നിങ്ങളെ ഇതിലേക്കു കൊണ്ടുവന്ന കാര്യം എന്താണ്.? സുബൈര്‍ (റ) പറഞ്ഞു: ഉസ്മാന്‍ (റ) ക്രൂരമായി കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യണം. തുടര്‍ന്ന്, ഇരുവരും ദീര്‍ഘനേരം സംസാരിച്ചു. (കിതാബുല്‍ ഉമ്മത്തി വസ്സിയാസ) പരസ്പരം വാളുകള്‍ ഊരിപ്പിടിച്ചു നിന്ന രണ്ടു പേരുടെ അവസ്ഥയാണിത്.!
പിന്നീട്, പ്രശ്നക്കാരുടെ കുഴപ്പം കാരണം പോരാട്ടം നടന്നു. സുബൈര്‍ (റ) ന്‍റെ പക്ഷത്തു നിന്നും ധാരാളം ആളുകള്‍ തടവുകാരായി.  അവരെ വധിക്കണമെന്ന് അലി (റ) ന്‍റെ പക്ഷക്കാരായ ചിലര്‍ നിര്‍ബന്ധം പിടിച്ചു. അലി (റ) അതു സ്വീകരിച്ചില്ല. പ്രത്യുത, അവര്‍ക്കു മാപ്പ് കൊടുത്തു. അവരെ വീണ്ടും ബൈഅത്ത് ചെയ്തു. വീണ്ടും കുറേ ആളുകളെ തടവുകാരായി പിടികൂടിയപ്പോള്‍, അലി (റ) അവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടിയെങ്കിലും അവരെ വെറുതെ വിട്ടു. ചിലര്‍ അവരെ തടവില്‍ തന്നെ ഇടണമെന്നു നിര്‍ബന്ധിച്ചപ്പോള്‍ അരുളി; ശരി, നമ്മുടെ ഉമ്മ ആഇഷ (റ) യെയും ഇതുപ്രകാരം തടവുകാരിയായി പിടികൂടി നിങ്ങളുടെ പക്കല്‍ താമസിപ്പിക്കാമോ.? അവര്‍ പറഞ്ഞു: അതു പറ്റില്ല. അലി (റ) പ്രസ്താവിച്ചു: എന്നാല്‍ ആഇഷ (റ)യുടെ പക്ഷക്കാരെയും തടവുകാരാക്കാന്‍ പറ്റില്ല.! ഞാന്‍ അല്ലാഹുവിനോടു പാപമോചനം തേടുന്നു.! നമ്മിലാരെങ്കിലും ഇത്തരം എതിരാളികളെ അല്‍പമെങ്കിലും ആദരിക്കുമോ.? പോരടിക്കുന്ന എതിരാളികളെ വിടുക. സാധാരണ ഭിന്നതയുള്ളവരെ പോലും ഇതുപോലെ ആദരിക്കാന്‍ തയ്യാറാകുമോ.?
കുറച്ചു കഴിഞ്ഞ്, കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ത്വല്‍ഹ (റ) നെ കണ്ട അലി (റ) കരഞ്ഞുകൊണ്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.! താങ്കള്‍ വളരെ നന്മകള്‍ ചെയ്യുന്നവരും രാത്രി ഉറക്കം ഒഴിച്ച് നമസ്കരിക്കുന്നവരും കടുത്ത വേനലില്‍ നോമ്പു പിടിക്കുന്നവരുമായിരുന്നു. (കിതാബുല്‍ ഇമാമ) ഈ യുദ്ധത്തിന്‍റെ അവസാനത്തില്‍ ആഇഷ (റ) യുടെ ഒട്ടകം മുറിവേറ്റു വീണപ്പോള്‍ അലി (റ) ഓടി വരികയും ഉമ്മുല്‍ മുഅ്മിനീന് കുഴപ്പം വല്ലതും സംഭവിച്ചോയെന്നു തിരക്കുകയും ചെയ്തു. (ത്വബ്രി)
അലി (റ) ന്‍റെ പക്ഷക്കാരനായിരുന്ന ആഇഷ (റ) യുടെ സഹോദരന്‍ മുഹമ്മദുബ്നു അബീബകര്‍ മുന്നോട്ടു വന്ന് ആഇഷ (റ) യെ താങ്ങിയെടുത്തു. തദവസരം അലി (റ) പറഞ്ഞു: പ്രിയപ്പെട്ട ഉമ്മാ, ബുദ്ധിമുട്ടു വല്ലതും ഉണ്ടായോ.? അല്ലാഹു നിങ്ങള്‍ക്കു പൊറുത്തു തരട്ടെ.! ആഇഷ (റ) പ്രതിവചിച്ചു: അല്ലാഹു താങ്കള്‍ക്കും പൊറുത്തു തരട്ടെ.! (ത്വബ്രി) ഇതായിരുന്നു എതിരാളികളോടുള്ള അവരുടെ പെരുമാറ്റവും ആദരവും.! നമ്മുടെ എതിരാളികള്‍ക്കെതിരില്‍ വിജയം വരിച്ചാല്‍ നമ്മുടെ സമീപനം എന്തായിരിക്കും.? അവരുടെ ജീവന്‍-സ്വത്ത്-അഭിമാനം ഇതിലെന്തെങ്കിലും ഒന്നിനോടു പോലും നാം കരുണ കാട്ടുമോ.?
ഹസ്റത്ത് അലി (റ) ഖലീഫയായി ജനങ്ങളെ ബൈഅത്ത് ചെയ്തപ്പോള്‍ ഒരു സംഘം വിട്ടു നിന്നു. അലി (റ) അവരെ നിര്‍ബന്ധിച്ചില്ല. ഇതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അലി (റ) അരുളി: അവര്‍ സത്യത്തോട് സഹകരിക്കാതെ മാറിനിന്നു. അസത്യത്തോട് സഹകരിച്ചിട്ടില്ല. (ഖമീസ്) ഇന്ന് ഏതെങ്കിലും അധികാരികളോട് ആരെങ്കിലും ഈ സമീപനം സ്വീകരിച്ചാല്‍ അവരുടെ ഗതി എന്തായിരിക്കും.? പത്രവായന നടത്തുന്ന ഓരോരുത്തര്‍ക്കും ഇതുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ പറയാന്‍ കഴിയും.!
🔚🔚🔚🔚🔚🔚🔚🔚
ദുആ ഇരന്നുകൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...