ഹദീസിന്‍റെ പ്രാമാണികത.!
-അല്ലാമാ മുഹദ്ദിസ് ഹബീബുര്‍റഹ് മാന്‍ അഅ്സമി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/02/blog-post.html?spref=tw
ഇസ് ലാമിക ശരീഅത്തിന്‍റെ അടിസ്ഥാനം പരിശുദ്ധ ഖുര്‍ആനാണ്. ശരീഅത്തിന്‍റെ നിയമസ്രോതസ്സുകളില്‍ പ്രഥമവും പ്രധാനവും അതുതന്നെ.! എങ്കിലും നിയമങ്ങളുടെ അടിസ്ഥാന കാര്യങ്ങള്‍ ചുരുക്കി വിവരിക്കുക മാത്രമാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അവയുടെ വിശദീകരണങ്ങള്‍ നല്‍കുന്നത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഹദീസുകളും സുന്നത്തുകളുമാണ്.
നിങ്ങള്‍ സ്വന്തമായോ മറ്റു സാധാരണക്കാരുടെ സഹായത്തോടെയോ പാരായണം ചെയ്ത് മനസ്സിലാക്കുക എന്ന് പറഞ്ഞുകൊണ്ട് ഉമ്മത്തിന് നേരിട്ട് നല്‍കപ്പെട്ടതല്ല ഖുര്‍ആന്‍ എന്ന് എല്ലാവര്‍ക്കുമറിയാം. മറിച്ച്, അല്ലാഹു ഒരു റസൂലിനെ നിയോഗിക്കുകയും അദ്ദേഹത്തിന് ഖുര്‍ആന്‍ അവതരിപ്പിക്കുകയും ചെയ്തു. ജനങ്ങള്‍ സ്വന്തം ഗ്രാഹ്യശേഷിയെ ആസ്പദിക്കാതെ റസൂലിന്‍റെ വിശദീകരണങ്ങളുടെ വെളിച്ചത്തില്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തെ മനസ്സിലാക്കുവാനാണ് ഈ രീതി സ്വീകരിക്കപ്പെട്ടത്. അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: നിനക്കു നാം ഉല്‍ബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു, ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ച് കൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും. (സൂറത്തുന്നഹ്ല്‍).
ശേഷം റസൂലിന്‍റെ സ്ഥാന മഹിമയെക്കുറിച്ചും കര്‍ത്തവ്യങ്ങളെക്കുറിച്ചും ഖുര്‍ആനിലൂടെ ജനങ്ങളെ അറിയിച്ചു: "റസൂല്‍ നിങ്ങള്‍ക്ക് പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത് കേള്‍പ്പിക്കുകയും അതിന്‍റെ അര്‍ത്ഥങ്ങളെയും അതിലടങ്ങിയിരിക്കുന്ന ആശയങ്ങളെയും പഠിപ്പിക്കുകയും ചെയ്യും. ഈ കാര്യം പരിശുദ്ധ ഖുര്‍ആനില്‍ മറ്റ് പല സ്ഥലങ്ങളിലും വിശദീകരിക്കുന്നത് കാണാം.
ഒരു സ്ഥലത്ത് അല്ലാഹു അറിയിക്കുന്നു: നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പ്പിച്ചു തരികയും, നിങ്ങളെ സംസ്കരിക്കുകയും, നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും, നിങ്ങള്‍ക്കറിവില്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്ന ഒരു ദൂതനെ നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം )പോലെ തന്നെയാകുന്നു ഇതും.(സൂറത്തുല്‍ ബഖറ:151)
മറ്റൊരു സ്ഥലത്ത് അരുളി: തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്‍റെ വചനങ്ങള്‍ അവര്‍ക്കു ഓതിക്കേള്‍പ്പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ) അല്ലാഹു അവരിലേക്കയച്ചു. അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു. (സൂറത്തു ആലിഇംറാന്‍: 164)
മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: "അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ വചനങ്ങള്‍ അവര്‍ക്ക് ഓതി കേള്‍പ്പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു." (സൂറത്തുല്‍ ജുമുഅ: 2)
ഈ മൂന്ന് ആയത്തുകളിലും രണ്ട് കാര്യങ്ങള്‍ വേര്‍തിരിച്ച് പറയപ്പെട്ടിട്ടുണ്ട്.
1. പരിശുദ്ധ ഖുര്‍ആന്‍ പാരായണം
2. പരിശുദ്ധ ഖുര്‍ആനിന്‍റെ അദ്ധ്യാപനം
ഇവയില്‍ ഒന്നാമത്തെ കാര്യം വളരെ വ്യക്തമാണ്. എന്നാല്‍ രണ്ടാമത്തേതിന്‍റെ ഉദ്ദേശ്യം വളരെ ആലോചനാപൂര്‍വ്വം മനസ്സിലാക്കേണ്ടതുണ്ട്. അതായത് ഖുര്‍ആനിക വചനങ്ങളുടെ അര്‍ത്ഥങ്ങളും ആശയങ്ങളും അവയുടെ വിശദീകരണങ്ങളും പഠിക്കലാണ് ഇതില്‍ ഉദ്ദേശിക്കപ്പെടുന്നത്. പാരായണ പരിശീലനമാണ് ഉദ്ദേശമെങ്കില്‍ വീണ്ടുമത് എടുത്ത് പറയേണ്ടതില്ലല്ലോ?
ഖുര്‍ആനിക വചനങ്ങളെ പഠിപ്പിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുന്നതോടൊപ്പം അവയുടെ അര്‍ത്ഥ-ലക്ഷ്യങ്ങളെ വിശദീകരിക്കലും റസൂലിന്‍റെ കര്‍ത്തവ്യമാണെന്ന് ഖുര്‍ആനിലൂടെ ബോധ്യപ്പെടുമ്പോള്‍ സ്വാഭാവികമായും ഖുര്‍ആനോടൊപ്പം നബവീ വിശദീകരണങ്ങളും നിര്‍ബന്ധമായും അവലംബിക്കേണ്ട പ്രമാണമാണെന്ന് നാം അംഗീകരിക്കേണ്ടിവരുന്നു. മറിച്ചായിരുന്നെങ്കില്‍ റസൂലിനെ ഈ ചുമതലകളേല്‍പ്പിക്കുന്നത് അര്‍ത്ഥശൂന്യമാണ്. ചുരുക്കത്തില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അല്ലാഹുവിന്‍റെ സന്ദേശവാഹകനാണെന്നതിന് പുറമേ അവയുടെ വ്യാഖ്യാതാവുമാണെന്ന് വ്യക്തമാകുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തന്‍റെ കര്‍ത്തവ്യങ്ങള്‍ പൂര്‍ണ്ണമായി നിര്‍വ്വഹിച്ചുവെന്ന് അംഗീകരിക്കലും നിര്‍ബന്ധമാണ്.
പരിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്‍റെ അന്തിമ ഗ്രന്ഥവും മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അന്ത്യപ്രവാചകനുമാണ്. ഇനിയൊരു ഗ്രന്ഥവും നബിയും വരാനില്ല. അതിനാല്‍ പരിശുദ്ധ ഖുര്‍ആന്‍ അന്ത്യനാള്‍ വരെ നിലനില്‍ക്കേണ്ടത് പോലെ അതിനെ മനസ്സിലാക്കുന്നതിനുള്ള മാര്‍ഗ്ഗമായ മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വാചക-കര്‍മ്മങ്ങളിലൂടെയുള്ള വിശദീകരണങ്ങളും നിലനില്‍ക്കേണ്ടത് അനിവാര്യമാണ്.
ഇതുവരെ വിശദീകരിച്ചതിന്‍റെ ചുരുക്കമിതാണ്.
1. ഖുര്‍ആനില്‍ വ്യക്തമാക്കപ്പെട്ടതനുസരിച്ച് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പരിശുദ്ധ ഖുര്‍ആനിന്‍റെ അധ്യാപകനും വ്യാഖ്യാതാവുമാണ്.
2. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഖുര്‍ആനിക വചനങ്ങളെ പഠിപ്പിച്ചതിനോടൊപ്പം അതിന്‍റെ വിശദീകരണങ്ങളും നല്‍കി.
3. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വിശദീകരണങ്ങള്‍ ഖുര്‍ആനോടൊപ്പം നിലനില്‍ക്കേണ്ടത് അനിവാര്യമാണ്.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഖുര്‍ആനെ രണ്ട് നിലയില്‍ പഠിപ്പിച്ചു:
1. സ്വന്തമായ നിലയില്‍ പ്രാവര്‍ത്തിക രൂപം കാണിച്ചു.
2. വാക്കുകള്‍ കൊണ്ട് ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കി. ഖുര്‍ആനില്‍ ഓരോ കല്‍പ്പനകള്‍ അവതരിക്കപ്പെടുമ്പോഴും ജനങ്ങള്‍ക്ക് മുമ്പില്‍ അത് പ്രവര്‍ത്തിച്ച് കാണിച്ചിരുന്നു. അതുമുഖേന ഖുര്‍ആനിക വചനങ്ങളുടെ ആശയങ്ങള്‍ വ്യക്തമാകുകയും അവയുടെ പ്രവര്‍ത്തി രൂപം ജനങ്ങള്‍ക്ക് മനസ്സിലാവുകയും ചെയ്തു. ഉദാഹരണമായി നമസ്കാരം നിര്‍ബന്ധമാണെന്ന് ഖുര്‍ആനില്‍ കല്‍പ്പന നല്‍കപ്പെട്ടു. അതിന്‍റെ ചില ഭാഗങ്ങളായ നിറുത്തം, റുകൂഅ്, സുജൂദ്, ഖിറാഅത്ത് തുടങ്ങിയവയെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിരുന്നുവെങ്കിലും അവയുടെ ക്രമമെന്താണെന്ന് എവിടെയും വ്യക്തമാക്കപ്പെട്ടിരുന്നില്ല. എന്നാല്‍ നമസ്കാരത്തിന്‍റെ ഓരോ ഘടകങ്ങളെയും കോര്‍ത്തിണക്കി സവിശേഷമായ രൂപം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പ്രവര്‍ത്തിച്ച് കാണിച്ചു. 'നമസ്കാരം നിലനിര്‍ത്തുക' എന്ന ഖുര്‍ആനിക നിര്‍ദ്ദേശത്തിന് മുമ്പില്‍ സ്വാഭാവികമായും ഉയരുന്ന 'എങ്ങനെ നമസ്കരിക്കണം' എന്ന ചോദ്യത്തിനുള്ള മറുപടിയാണ് 'ഞാന്‍ നമസ്കരിച്ചതുപോലെ നിങ്ങളും നമസ്കരിക്കുക' എന്ന നബിവചനം.
ഹജ്ജ് നിര്‍ബന്ധമായിരിക്കുന്നു എന്ന് ഖുര്‍ആനിക വചനം അവതരിക്കപ്പെട്ടുവെങ്കിലും അതിന്‍റെ രൂപ-രീതികളുടെ വിശദീകരണം വന്നില്ല. തുടര്‍ന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഹജ്ജ് നിര്‍വഹിച്ചു. ഹജ്ജിന്‍റെ വിദാഇല്‍ അറഫയില്‍ വെച്ച് അവിടുന്ന് ജനങ്ങളോട് പറഞ്ഞു: "ഹജ്ജിന്‍റെ കര്‍മ്മങ്ങള്‍ നിങ്ങള്‍ എന്നില്‍ നിന്നും പഠിച്ചുകൊള്ളുക. ഒരുപക്ഷെ അടുത്തവര്‍ഷം ഞാന്‍ നിങ്ങളോടൊപ്പമില്ലാതെ വന്നേക്കാം." അതോടെ ആവശ്യമായ എല്ലാ വിശദീകരണങ്ങളും ജനങ്ങള്‍ക്ക് ലഭിച്ചു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വാചകരൂപേണയുള്ള വിശദീകരണങ്ങള്‍ രണ്ട് രീതിയില്‍ വന്നിട്ടുണ്ട്.
1. ഖുര്‍ആനിക വചനത്തെ ഉദ്ധരിച്ച്കൊണ്ട് അതിന്‍റെ വിശദീകരണവും അതില്‍ നിന്നും ഉരുത്തിരിയുന്ന നിയമങ്ങളും പറയുക.
2. നബവീ ഉള്‍ക്കാഴ്ചയിലൂടെ ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കുന്ന കാര്യങ്ങള്‍ ഏതെങ്കിലും ആയത്തുമായി ബന്ധിപ്പിക്കാതെ പറയുക.
ആദ്യ രീതിയുമായി ബന്ധപ്പെട്ട അനേകം ഉദാഹരണങ്ങളില്‍ നിന്നും മൂന്നെണ്ണം മാത്രം ഇവിടെ എഴുതുന്നു.
1. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അന്ത്യദിനത്തില്‍ അല്ലാഹു നൂഹ് (അ) നെ വിളിച്ചുകൊണ്ട് ചോദിക്കും. "എന്‍റെ സന്ദേശം നീ ജനങ്ങള്‍ക്ക് എത്തിച്ചുവോ? അദ്ദേഹം പറയും: "അതെ, ഞാന്‍ എത്തിച്ചു." ശേഷം നൂഹ് (അ) ന്‍റെ സമൂഹത്തോട് ചോദിക്കും. നൂഹ് നിങ്ങള്‍ക്ക് എന്‍റെ സന്ദേശം എത്തിച്ച് തന്നോ? അവര്‍ പറയും: "ഇല്ല, ഞങ്ങളുടെ അടുക്കല്‍ താക്കീത് നല്‍കുന്നതിനായി ആരും വന്നില്ല." അല്ലാഹു വീണ്ടും നൂഹ് (അ) നോട് ചോദിക്കും: "നിനക്കു വേണ്ടി സാക്ഷിയാകുവാന്‍ ആരാണുള്ളത്" നൂഹ് നബി (അ) പറയും: മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യും അദ്ദേഹത്തിന്‍റെ സമുദായവും. തുടര്‍ന്ന് നൂഹ് (അ) സ്വസമൂഹത്തിന് സന്ദേശം എത്തിച്ചുവെന്ന് മുഹമ്മദീ ഉമ്മത്ത് സാക്ഷ്യം വഹിക്കുന്നതും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവരുടെ സാക്ഷ്യത്തെ സത്യപ്പെടുത്തുന്നതുമാണ്. തുടര്‍ന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞു: അല്ലാഹു ഖുര്‍ആനില്‍ അവതരിപ്പിച്ച "അല്ലാഹു നിങ്ങളെ മധ്യമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി സാക്ഷികളാകുവാനും റസൂല്‍ നിങ്ങള്‍ക്ക് വേണ്ടി സാക്ഷിയാകുവാനും" എന്ന ആയത്തില്‍ ഇതാണ് വിശദീകരിക്കപ്പെട്ടിരിക്കുന്നത്. (കിതാബുത്തഫ്സീര്‍, സ്വഹീഹ് ബുഖാരി).
2. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് അദിയ്യുബ്നു ഹാതം ചോദിച്ചു. ഖുര്‍ആനിലെ ഖൈത്തുല്‍ അബ്യള് (കറുത്ത നൂല്‍), ഖൈത്തുല്‍ അസ്വദ് (വെളുത്ത നൂല്‍) എന്നിവ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് രണ്ട് നൂലുകളാണോ? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മറുപടി പറഞ്ഞു: "അല്ല, രാത്രിയുടെ കറുപ്പും പകലിന്‍റെ വെളുപ്പുമാണ് ഉദ്ദേശ്യം" (കിത്താബുത്തഫ്സീര്‍, ബുഖാരി).
3. ഹുദൈബിയ്യയിലേക്കുള്ള യാത്രയില്‍ കഅ്ബ് ഇബ്നു ഉജ്റ (റ) യുടെ തലയില്‍ പേന്‍ നിറഞ്ഞിരുന്നു. ഇത് കണ്ടപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അദ്ദേഹത്തോട് പറഞ്ഞു: "നിങ്ങള്‍ ഇത്ര പ്രയാസത്തിലാണെന്ന് ഞാനറിഞ്ഞിരുന്നില്ല. നിങ്ങള്‍ക്ക് ഒരു ആടിനെ ലഭ്യമാക്കുവാന്‍ കഴിയുമോ?" അദ്ദേഹം പറഞ്ഞു: ഇല്ല. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞു: "നിങ്ങള്‍ തല മുണ്ഡനം ചെയ്യുക, അതോടൊപ്പം മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കുകയോ ആറ് മിസ്കീനുകള്‍ക്ക് ഓരോ സാഅ് ധാന്യം വീതം സ്വദഖ നല്‍കുകയോ ചെയ്യുക.ڈ (കിത്താബുത്തഫ്സീര്‍, ബുഖാരി). പ്രത്യക്ഷത്തില്‍ ഈ സംഭവത്തിലെവിടെയും ഖുര്‍ആനിക ആയത്തോ സൂചനയോ കാണുന്നില്ലെങ്കിലും "നിങ്ങളിലൊരാള്‍ രോഗിയോ തലയില്‍ വ്യാധിയുള്ളവനോ ആണെങ്കില്‍ വ്രതമോ ദാനധര്‍മ്മമോ ബലിയോ കൊണ്ട് പ്രായശ്ചിത്തം ചെയ്യണം എന്ന അര്‍ത്ഥത്തിലുള്ള ആയത്ത് ഈ സംഭവവുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ടതാണെന്നതിനാലാണ് നാം ഇതിനെയും ഉദാഹരണമായി ഉദ്ധരിച്ചത്.
പരിശുദ്ധ ഖുര്‍ആനിന്‍റെ രണ്ടാമത്തെ രൂപത്തിലുള്ള വിശദീകരണത്തിന് ഉദാഹരണങ്ങളായി ധാരാളം ഹദീസുകളുണ്ട്. നമുടെ പരിമിതമായ ഗ്രാഹ്യശേഷികൊണ്ട് അവയില്‍ പലതിന്‍റെയും ഖുര്‍ആനിക ബന്ധം പെട്ടെന്ന് മനസ്സിലാകാതെ വന്നേക്കാമെങ്കിലും ചെറിയ ചിന്താ-പഠനങ്ങളിലൂടെ അത് മനസ്സിലാക്കാവുന്നതാണ്. അവയില്‍ നിന്നും രണ്ടെണ്ണം മാത്രം ഇവിടെ ഉദാഹരിക്കുന്നു.
1. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "സ്വന്തം മനോച്ഛകള്‍ എന്‍റെ അധ്യാപനങ്ങളെയും ചര്യകളെയും പിന്തുടരുന്നത് ആകുന്നത് വരെ നിങ്ങളിലാരും വിശ്വാസികളാകുകയില്ല." (ബുഖാരി)
ചെറിയ ഒരു ചിന്തയിലൂടെ താഴെ പറയുന്ന ആയത്തുകളുടെ വിശദീകരണമാണിതെന്ന് വ്യക്തമാകും.
"ഇല്ല, നിന്‍റെ രക്ഷിതാവിനെ തന്നെയാണെ സത്യം.! അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധി കല്‍പ്പിച്ചതിനെ പറ്റി പിന്നീട് അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല." (നിസാഅ്:65)
അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനും സ്ത്രീയ്ക്കും തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. (അഹ്സാബ്:36).
2. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഒരുവന് അല്ലാഹുവിന്‍റെ ഭവനത്തില്‍ എത്തുന്നതിനുള്ള വാഹനവും സാമഗ്രികളും ലഭ്യമാവുകയും അവന്‍ ഹജ്ജ് നിര്‍വ്വഹിക്കാതിരിക്കുകയും ചെയ്താല്‍ യഹൂദിയായോ നസ്റാനിയായോ അവന്‍ മരിച്ച് കൊള്ളട്ടെ! (തിര്‍മിദി) "കഅ്ബയില്‍ ഹജ്ജ് ചെയ്യല്‍ ജനങ്ങളുടെ ബാധ്യതയാകുന്നു" എന്ന അര്‍ത്ഥത്തിലുള്ള ആയത്തിന്‍റെ ആശയമാണിതെന്ന് തിര്‍മിദിയുടെ നിവേദനത്തില്‍ തന്നെ സൂചനയുണ്ട്. ഉപരിസൂചിത ആയത്തിന്‍റെ പൂര്‍ണ്ണ അര്‍ത്ഥം മനസ്സിലാകുമ്പോള്‍ മാത്രമേ ഈ ഹദീസില്‍ പറയപ്പെട്ടിരിക്കുന്ന താക്കീത് വ്യക്തമാവുകയുള്ളൂ.
"ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരുടെ ആശ്രയം ഇല്ലാത്തവനാകുന്നു." (ആലുഇംറാന്‍:97)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment