Wednesday, February 21, 2018

ദുഃഖിതനായ സഹോദരാ, ക്ഷമിക്കുക.!





ദുഃഖിതനായ സഹോദരാ, 
ക്ഷമിക്കുക.!
http://swahabainfo.blogspot.com/2018/02/blog-post_20.html?spref=tw

ഉസാമ ഇബ്നു സൈദ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഒരു മകള്‍ (സൈനബ് (റ) തങ്ങളുടെ പക്കല്‍ ആളെ അയച്ച് ഇപ്രകാരം പറഞ്ഞു: എന്‍റെ കുഞ്ഞിന്‍റെ അന്ത്യസമയമാണിത്. അന്ത്യശ്വാസം വലിക്കുകയാണ്. അതുകൊണ്ട് തങ്ങള്‍ ഉടനടി വരണം. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മറുപടിയായി സലാം അറിയിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു: "മകളേ, അല്ലാഹു ആരില്‍ നിന്നെങ്കിലും വല്ലതും തിരിച്ചെടുത്താല്‍ അത് അവനുള്ളതാണ്. ആര്‍ക്കെങ്കിലും വല്ലതും നല്‍കിയാല്‍ അതും അവനുള്ളതാണ്. ചുരുക്കത്തില്‍ എല്ലാ വസ്തുക്കളും അവന്‍റേതാണ്. (അവന്‍ കൊടുക്കുന്നതും എടുക്കുന്നതും അവന്‍റെ  വസ്തുക്കളാണ്) എല്ലാ വസ്തുക്കള്‍ക്കും അവന്‍റെ പക്കല്‍ ഒരു നിര്‍ണ്ണിത സമയമുണ്ട്. (ആ സമയമായാല്‍ അവന്‍ അതിനെ ലോകത്തു നിന്നും തിരിച്ചെടുക്കുന്നതാണ്.) അതുകൊണ്ട് നീ ക്ഷമിക്കുക. അല്ലാഹുവില്‍ നിന്നും ഈ ദുഃഖത്തിന്‍റെ പ്രതിഫലം തേടുക." മകള്‍ രണ്ടാമതും ദൂതനെ അയച്ചു. തങ്ങള്‍ എഴുന്നേറ്റ് യാത്രയായി. സഅ്ദുബ്നു ഉബാദ, മുആദുബ്നുല്‍ ജബല്‍, ഉബയ്യുബ്നു കഅ്ബ, സൈദുബ്നുസാബിത് മുതലായ ഏതാനും സ്വഹാബികള്‍ കൂട്ടത്തില്‍പോയി. കുഞ്ഞിനെ എടുത്ത് തങ്ങളുടെ മടിയില്‍ വെയ്ക്കപ്പെട്ടു. കുഞ്ഞിന്‍റെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ഈ അവസ്ഥ കണ്ട് തങ്ങളുടെ നയനങ്ങള്‍ നിറഞ്ഞൊഴുകി. സഅ്ദ് (റ) ചോദിച്ചു: തങ്ങളേ, എന്താണിത്? തങ്ങള്‍ അരുളി: അല്ലാഹു അടിമകളുടെ മനസ്സുകളില്‍ നിക്ഷേപിച്ചിട്ടുള്ള കാരുണ്യത്തിന്‍റെ പ്രതിഫലനമാണിത്. കാരുണ്യമുള്ളവരില്‍ മാത്രമേ അല്ലാഹുവിന്‍റെ കരുണ വര്‍ഷിക്കുകയുള്ളൂ. (മനസ്സ് കഠിനമാവുകയും അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിന്നും ശൂന്യമാവുകയും ചെയ്തവരുടെ മേല്‍ അല്ലാഹുവിന്‍റെ കാരുണ്യം ഉണ്ടാകുന്നതല്ല. (ബുഖാരി, മുസ്ലിം).
പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ മനസ്സ് വേദനിക്കലും കണ്ണുനീര്‍ പൊഴിക്കലും ക്ഷമയ്ക്ക് വിരുദ്ധമല്ലെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. നാശ-നഷ്ടങ്ങള്‍ അല്ലാഹുവിന്‍റെ തീരുമാനപ്രകാരം ഉണ്ടായതാണെന്ന് വിശ്വസിച്ചുകൊണ്ട് അടിമത്വത്തിന്‍റെ ശൈലിയില്‍ അത് സഹിക്കുകയും അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിന്ന് നിരാശപ്പെടുകയോ പരിഭവിക്കുകയോ ചെയ്യാതിരിക്കലും അവന്‍റെ നിയമാതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുകയും ചെയ്യലാണ് സ്വബ്റിന്‍റെ വിവക്ഷ. മനസ്സ് പിടയ്ക്കലും കണ്ണുനീര്‍ ഒഴുകലും മനസ്സിന്‍റെ നൈര്‍മല്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും അടയാളങ്ങളാണ്. മനുഷ്യപ്രകൃതിയില്‍ അല്ലാഹു നിക്ഷേപിച്ചിരിക്കുന്ന വലിയൊരു അനുഗ്രഹമാണിത്. ഇതില്ലാത്ത മനസ്സുകള്‍ അല്ലാഹുവിന്‍റെ കാരുണ്യദൃഷ്ടിയില്‍ നിന്നും അകറ്റപ്പെട്ടവരാണ്.
അബൂഉമാമ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹുതആലാ അരുളുന്നു. ആദമിന്‍റെ മകനേ, നീ ദുഃഖത്തിന്‍റെ തുടക്കത്തില്‍ തന്നെ ക്ഷമിക്കുകയും എന്‍റെ പൊരുത്തവും പ്രതിഫലവും ആഗ്രഹിക്കുകയും ചെയ്താല്‍, സ്വര്‍ഗ്ഗത്തിനേക്കാള്‍ കുറഞ്ഞ ഒരു പ്രതിഫലംകൊണ്ട് ഞാന്‍ നിന്നെ തൃപ്തിപ്പെടുത്തുന്നതേയല്ല. (ഇബ്നുമാജ).
ആര്‍ക്കെങ്കിലും വല്ല ദുഃഖങ്ങളും സംഭവിച്ചാല്‍ അതിന്‍റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് അതിന്‍റെ ആരംഭഘട്ടത്തിലാണ്. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പ്രത്യാഘാതം തനിയെ നീങ്ങിപ്പോകുന്നതാണ്. അതുകൊണ്ട് ദുഃഖം സംഭവിക്കുന്ന സമയത്തുതന്നെ അല്ലാഹുവിനെ സ്മരിക്കുകയും അവന്‍റെ പ്രീതിയും പ്രതിഫലവും ആഗ്രഹിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ ക്ഷമ. മഹത്വമുള്ളതും പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടതും ഇതിനാണ്. ഇതുകഴിഞ്ഞ് പ്രകൃതിപരമായി ഉണ്ടാകാവുന്ന ക്ഷമയ്ക്ക് അല്ലാഹുവിങ്കല്‍ യാതൊരു വിലയുമില്ല.
അബൂഉമാമ (റ) യുടെ ഈ ഹദീസില്‍ അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അറിയിക്കുന്നു: ഈമാനുള്ള ഒരു ദാസന്‍ ദുഃഖം വരുന്ന സന്ദര്‍ഭത്തില്‍തന്നെ അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലവും ആഗ്രഹിച്ചുകൊണ്ട് ക്ഷമിച്ചാല്‍ അല്ലാഹു അവന് തീര്‍ച്ചയായും സ്വര്‍ഗ്ഗം കനിഞ്ഞരുളുന്നതാണ്. സ്വര്‍ഗ്ഗത്തേക്കാള്‍ കുറഞ്ഞ ഒരു പ്രതിഫലവും അവന് പ്രതിഫലമായി നല്‍കാന്‍ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. അല്ലാഹു അക്ബര്‍.! എത്ര വലിയ ഔദാര്യപൂര്‍ണമായ ശൈലിയിലാണ് അല്ലാഹു ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് നോക്കൂ. അതെ, ഈ ക്ഷമയിലൂടെ ദാസന് അല്ലാഹുവുമായി പ്രത്യേകമായ ഒരു ബന്ധം തന്നെ ഉണ്ടായിതീരുന്നതാണ്. അതുകൊണ്ട്, അവന് സ്വര്‍ഗ്ഗം കൊടുക്കാതെ മറ്റൊന്നുകൊണ്ടും അല്ലാഹു സന്തോഷിക്കുകയില്ല. ആര്‍ക്കെങ്കിലും വല്ല ദുഃഖങ്ങളും സംഭവിക്കുമ്പോള്‍ ഈ ഹദീസില്‍ അടങ്ങിയിരിക്കുന്ന അല്ലാഹുവിന്‍റെ സ്നേഹനിര്‍ഭരമായ വാഗ്ദാനത്തെ ഓര്‍ത്തുകൊണ്ട് ക്ഷമിച്ചാല്‍, ആ ക്ഷമയില്‍ അവന് ഒരു പ്രത്യേക അഭിരുചിയും അനുഭൂതിയും അനുഭവപ്പെടുന്നതാണ്. ആഖിറത്തില്‍ അല്ലാഹുവിങ്കല്‍ നിന്നും സ്വര്‍ഗ്ഗം പ്രതിഫലമായി ലഭിക്കുകയും ചെയ്യുന്നതാണ്.
സുഹൈബ് (റ) പറയുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "മുഅ്മിനായ ദാസന്‍റെ കാര്യം അത്ഭുതം തന്നെ, അവന്‍റെ എല്ലാ കാര്യങ്ങളും അവസ്ഥകളും അവന് നന്മ മാത്രമാണ്. അവന് സന്തോഷവും സുഖവും ലഭിച്ചാല്‍ അവന്‍ രക്ഷിതാവിന് നന്ദി രേഖപ്പെടുത്തും. അത് അവന് നന്മ തന്നെയാണ്. ഇനി അവന് വല്ല ദുഃഖവും വ്യസനവും ഉണ്ടായാല്‍ അവന്‍ (അതിനെ തന്ത്രജ്ഞനും ഔദാര്യവാനുമായ രക്ഷിതാവിന്‍റെ തീരുമാനമാണെന്ന് വിശ്വസിച്ചുറപ്പിച്ചുകൊണ്ട്) അതില്‍ ക്ഷമിക്കുന്നതാണ്. ക്ഷമയും അവന് അടിമുടി നന്മയും ഐശ്വര്യവുമാണ്. (മുസ്ലിം)
ഈ ലോകത്ത് സന്തോഷവും സന്താപവും എല്ലാ വര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവ രണ്ടും പ്രയോജനപ്പെടുത്തി അല്ലാഹുവിന്‍റെ സാമീപ്യവും പ്രീതിയും കരസ്ഥമാക്കല്‍, അല്ലാഹുവുമായി ശക്തമായ ഈമാനിക ബന്ധം ഉണ്ടാക്കിയെടുത്തവരുടെ മാത്രം ഗുണമാണ്. സുഖ-സന്തോഷങ്ങളുടെ ഓരോ നിമിഷങ്ങളിലും അവന്‍ അല്ലാഹുവിനെ സ്തുതിക്കും. ദുഃഖ-ദുരിതങ്ങള്‍ ഉണ്ടാകുമ്പോള്‍, അടിമത്വത്തിന്‍റെ പൂര്‍ണ്ണതത്വത്തില്‍ ക്ഷമിക്കുകയും ചെയ്യും. സുഖ-ദുഃഖങ്ങളില്‍ നിന്നും മനുഷ്യജീവിതം ഒരിക്കലും ഒഴിവാകുന്നതല്ല. അതുകൊണ്ട് അല്ലാഹുവിന്‍റെ ഈ അടിമകളുടെ മനസ്സുകളില്‍ ക്ഷമയുടെയും നന്ദിയുടെയും അവസ്ഥകള്‍ സദാസമയവും നിറഞ്ഞുനില്‍ക്കുന്നതാണ്.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...