Sunday, February 4, 2018

ഇല്‍മും ഉലമാഉം; മഹത്വങ്ങളും കടമകളും -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ഇല്‍മും ഉലമാഉം; 
മഹത്വങ്ങളും കടമകളും
 -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/02/blog-post_4.html?spref=tw

അല്ലാഹു തആലാ നാമെല്ലാവരുടേയും ഇഹപരവിജയം വച്ചിരിക്കുന്നത് ദീനിലാണ്. അല്ലാഹുവിന് ഇഷ്ടപ്പെട്ട മഹല്‍ ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനാണ് ദീന്‍ എന്ന് പറയപ്പെടുന്നത്. ഈ മഹല്‍ ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കുവാനും നിലനിര്‍ത്തുവാനും വളര്‍ത്താനുമുള്ള പ്രധാന മാര്‍ഗമാണ് ദീനി വിജ്ഞാനം പഠിക്കലും പഠിപ്പിക്കലും. പരിശുദ്ധ ഖുര്‍ആനും പുണ്യ ഹദീസും ഇതിന്‍റെ മഹത്വങ്ങള്‍ ധാരാളമായി വിവരിക്കുന്നുണ്ട്. എല്ലാ ഹദീസ് ഗ്രന്ഥങ്ങളിലേയും പ്രഥമ സ്ഥാനത്തുള്ള അധ്യായം ഇല്‍മാണ്.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ദീനി അറിവ് കരസ്ഥമാക്കല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാണ്. (ഇബ്നുമാജ, ബൈഹഖി)
ദീന്‍ പഠിക്കുന്നതിനായി സ്വഭവനത്തില്‍ നിന്നും പുറപ്പെട്ട വ്യക്തി തിരിച്ച് വരുന്നത് വരെ അല്ലാഹുവിന്‍റെ മാര്‍ഗത്തിലാണ്. (തിര്‍മിദി)
ഒരു വ്യക്തി ദീനിന്‍റെ അറിവിനെ തേടി ഒരു വഴിയിലൂടെ സഞ്ചരിച്ചാല്‍ അല്ലാഹു സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി അദ്ദേഹത്തിന് എളുപ്പമാക്കുന്നതാണ്. (മുസ്ലിം)
ചുരുക്കത്തില്‍ വിജ്ഞാന സമ്പാദനവും അദ്ധ്യാപനവും ഒരു പ്രധാന കര്‍ത്തവ്യവും വളരെ പ്രതിഫലാര്‍ഹമായ പുണ്യവുമാണ്. അതുകൊണ്ട് തന്നെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇതിലേക്ക് സഹാബത്തിനെ പ്രത്യേകമായി പ്രേരിപ്പിച്ചിരുന്നു. സഹാബത്തെല്ലാവരും വിദ്യാര്‍ഥികളും അദ്ധ്യാപകരുമായിരുന്നു. അബൂബക്ര്‍ സിദ്ദീഖ് (റ) ഒരു ഭാഗത്ത് മുഹമ്മദി മദ്റസയിലെ ഒന്നാം തരം വിദ്യാര്‍ഥിയാണെങ്കില്‍ മറുഭാഗത്ത് സിദ്ദീഖീ മദ്റസയിലെ പ്രധാന അദ്ധ്യാപകനുമായിരുന്നു. സഹാബത്ത് ഊഴം ഊഴമായി പഠിക്കുകയും തൊഴിലെടുക്കുകയും ചെയ്ത സംഭവം ഉമര്‍ (റ) വിവരിക്കുന്നത് ബുഖാരി ശരീഫില്‍ വന്നിട്ടുണ്ട്. ആകയാല്‍ ഇല്‍മ് പഠിക്കുവാനും പഠിപ്പിക്കുവാനും നാമെല്ലാവരും സന്നദ്ധരാകണം.
വിജ്ഞാന സമ്പാദന - പ്രചാരണങ്ങള്‍ രണ്ട് വിഭാഗമാണ്.
ഒന്ന്, ഇതിന് വേണ്ടി ജീവിതം സമര്‍പ്പിച്ച് ഉലമാഉസ്സഹാബത്തിന്‍റെയും മുഫസ്സിരീന്‍- മുഹദ്ദിസീങ്ങളുടേയും സുവര്‍ണ പരമ്പരയില്‍ പ്രവേശിക്കുക. ഇത് എല്ലാവരെയും കൊണ്ട് നടക്കുന്ന കാര്യമല്ല. എല്ലാവരും ചെയ്യേണ്ടതുമില്ല. എന്നാല്‍ ഓരോ പ്രദേശങ്ങളിലും ഹഖ്ഖിന്‍റെ വക്താക്കളായ ഉലമാ മഹത്തുക്കള്‍ ആവശ്യത്തിന്‍റെ അളവില്‍ ഉണ്ടായിരിക്കല്‍ സമുദായത്തിന്‍റെ ബാധ്യതയാണ്. അതെ, ഇതിന് വേണ്ടി നബവി സ്ഥാപനങ്ങളായ മദ്റസകള്‍ സ്ഥാപിച്ച് അവിടെ സമര്‍ത്ഥന്‍മാരായ ഉസ്താദുമാരെ ക്ഷണിച്ചുകൊണ്ട് വരേണ്ടതാണ്. കൂട്ടത്തില്‍ ഇതിന് യോഗ്യന്‍മാരും മിടുക്കന്‍മാരുമായ വിദ്യാര്‍ഥികളെയും അവര്‍ക്ക് മുന്നിലെത്തിക്കണം. തുടര്‍ന്ന് ഇരു കൂട്ടരും അദ്ധ്യാപന - പഠനങ്ങളില്‍ ഏകാഗ്രതയോടെ മുഴുകുവാന്‍ മനസ്സാ വാചാ കര്‍മണാ എല്ലാവിധ ഖിദ്മത്തുകളും ചെയ്യണം. ചുരുങ്ങിയ പക്ഷം അവരെ പീഢിപ്പിച്ച് മാനസികമായി തളര്‍ത്തി പിന്നോട്ട് വലിക്കാതിരിക്കുകയെങ്കിലും ചെയ്യണം.
ഹകീമുല്‍ ഉമ്മത്ത് മൗലാനാ അശ്റഫ് അലി ഥാനവി (റഹ്) കുറിക്കുന്നു: ഉലമാ മഹത്തുക്കള്‍ ആദരണീയ നബിമാരുടെ അനന്തരാവകാശികളും ഉത്തരാധികാരികളും ആയതിനാല്‍ അവരെ സ്നേഹിച്ച് ആദരിക്കാനും സേവിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സുപ്രസിദ്ധ തഫ്സീറായ മആരിഫുല്‍ ഖുര്‍ആനില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടുള്ള വിവിധ മര്യാദകള്‍ വിവരിക്കുന്ന സ്ഥലങ്ങളില്‍ ഈ മര്യാദകള്‍ പണ്ഡിത മഹത്തുക്കളോടും പാലിക്കേണ്ടതാണെന്ന് അല്ലാമാ മുഫ്തി മുഹമ്മദ് ഷഫീഅ് ഉസ്മാനീ (റഹ്) സൂചിപ്പിക്കുന്നുണ്ട്. (ഉദാഹരണത്തിന് സൂറത്തുല്‍ ഹുജ്റാത്ത് നോക്കുക)
ഹാ! കഷ്ടം, ഇന്ന് ഈ കാര്യങ്ങള്‍ പാലിക്കുന്നത് പോകട്ടെ, ഇങ്ങനെ കുറേ കടമകള്‍ ഉണ്ട് എന്ന ചിന്തപോലും ഉമ്മത്തില്‍ പൊതുവായി കുറഞ്ഞ് കൊണ്ടിരിക്കുന്നു. ഉലമാഇനും മുത്തഅല്ലിംകള്‍ക്കും ഇല്‍മീ മേഖലയില്‍ ഉറച്ചുനില്‍ക്കാന്‍ ആവശ്യമായ സഹായ-സഹകരണങ്ങള്‍ ചെയ്യുന്നതിനാണോ അതല്ല, അവരെ പിന്നോട്ട് വലിക്കാനും നിരാശപ്പെടുത്താനുമാണോ നാം ശ്രദ്ധിക്കുന്നത് എന്ന് ശാന്തമായി ചിന്തിക്കുക! തികഞ്ഞ ആഗ്രഹത്തോടെ ഇല്‍മ് പഠിക്കാനും പഠിപ്പിക്കാനും ഇറങ്ങിത്തിരിക്കുകയും ശുഭകരമായ തുടക്കങ്ങള്‍ കുറിക്കുകയും ചെയ്ത എത്രയോ മിടുക്കന്മാരാണ് സമുദായത്തിന്‍റെ നിന്ദ സഹിക്കവയ്യാതെ രംഗം വിട്ടത്! എത്രയോ സ്ഥലങ്ങളിലാണ് നിരപരാധികളായ ഉലമാ മഹത്തുക്കളുടെ ദുഃഖത്തിന്‍റെ കണ്ണീര്‍ ഒഴുകിയത്!
ആകയാല്‍ ഈ ഒന്നാം വിഭാഗത്തില്‍ പെടുകയോ അവരെ സ്നേഹിച്ച് ആദരിച്ച് സേവിക്കുകയോ ചെയ്യുക.
വിജ്ഞാന-പഠന-പ്രചരണങ്ങളുടെ രണ്ടാം ഭാഗം: നമ്മുടെ ഇതര ജോലികള്‍ ചെയ്യുന്നതിനോടൊപ്പം തന്നെ ആവശ്യാനുസരണം ഇല്‍മ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യലാണ്. ഇത് എല്ലാവര്‍ക്കും സാധിക്കുന്നതും നിര്‍ബന്ധവുമാണ്. അതെ, വിശ്വാസകാര്യങ്ങള്‍, ആരാധനാരൂപങ്ങള്‍, ബന്ധങ്ങള്‍, ഇടപാടുകള്‍ മുതലായ കാര്യങ്ങളെ കുറിച്ച് അടിസ്ഥാനപരമായി ഓരോരുത്തരും അറിഞ്ഞിരിക്കണം. എന്നാല്‍, തൗഹീദിന്‍റെ ആശയം അജ്ഞരായവരും മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ കുറിച്ച് പറയപ്പെടുമ്പോള്‍ തിരിച്ചറിയാത്തവരും വിവാഹം, വിവാഹ മോചനം പോലുള്ള ഗുരുതരമായ വിഷയങ്ങളില്‍ ദീനിന്‍റെ ഹലാല്‍ - ഹറാമുകളെ പോലും സൂക്ഷിക്കാത്തവരും നമുക്കിടയിലെ നിത്യ കാഴ്ചയല്ലെ.? നമസ്കാരം, സകാത്ത് പോലുള്ള ആരാധനകളും പ്രഭാഷണ-പ്രബോധനങ്ങളെ പോലെ ഇരുതല മൂര്‍ച്ചയുള്ള ബാധ്യത നിര്‍വ്വഹിക്കുന്നവരും മസ്ജിദ്- മദ്രസകളുടെ പ്രസിഡന്‍റ്, സെക്രട്ടറി മുതലായ സ്ഥാനങ്ങള്‍ വഹിക്കുന്നവരുമായ ധാരാളം സഹോദരങ്ങള്‍ക്ക് ഖുര്‍ആന്‍ - ഹദീസുകളുടെ അടിസ്ഥാന സന്ദേശങ്ങള്‍ പോലും അറിയുകയില്ലെന്നത് നഗ്നസത്യമല്ലെ.? തല്‍ഫലമായി സമുദായത്തില്‍ മുഴുവന്‍ അജ്ഞത പരക്കുക മാത്രമല്ല, വിശ്വസ-ആരാധനാ-കര്‍മ്മങ്ങളിലെ നാശങ്ങളും കള്ളക്കഥകളും പാപങ്ങളും പെരുകിക്കൊണ്ടിരിക്കുകയാണ്. ഇതിനൊരു മാറ്റം അത്യാവശ്യമാണ്. അത് വളരെ ലളിതവുമാണ്.
മൗലാനാ അഷ്റഫ് അലി ഥാനവി (റഹ്) കുറിക്കുന്നു: നിരവധി ആയത്തുകളും ഹദീസുകളും ദീനീ വിജ്ഞാനം പഠിക്കുന്നതിന്‍റെ പ്രാധാന്യവും മഹത്വവും വ്യക്തമാക്കുന്നുണ്ട്. യഥാര്‍ത്ഥ പഠന ലക്ഷ്യം പണ്ഡിതനാകുക എന്നതാണെങ്കിലും എല്ലാവര്‍ക്കും അതിന് മനക്കരുത്തോ സൗകര്യമോ ഇല്ല, ആകയാല്‍ ദീനീ വിജ്ഞാനം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്കുകൂടി സാധിക്കുന്ന ലളിതമായ ഏതാനും മാര്‍ഗ്ഗങ്ങള്‍ ഇവിടെ കുറിക്കുകയാണ്.
1.  മാതൃഭാഷ അറിയുന്നവര്‍ ആധികാരികമായ ദീനീ ഗ്രന്ഥങ്ങള്‍ കഴിയുന്നത്ര വാങ്ങി നല്ലൊരു പണ്ഡിതന്‍റെ അരികില്‍ പോയി പാഠം പാഠമായി പഠിക്കുക. പണ്ഡിതരെ കിട്ടിയില്ലെങ്കില്‍ സ്വയം വായിക്കുകയും സംശയമുണ്ടാകുന്ന സ്ഥലങ്ങളില്‍ അടയാളപ്പെടുത്തുകയും ചെയ്യുക. പണ്ഡിതരെ കണ്ടുമുട്ടുമ്പോള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്യുക. ഇപ്രകാരം പഠിക്കുന്ന അറിവുകള്‍ ഓര്‍മ്മവയ്ക്കുകയും മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യുക. പ്രത്യേകിച്ചും വീട്ടുകാര്‍ക്ക് പറഞ്ഞുകൊടുക്കുക.
2. വായിക്കുവാന്‍ അറിയാത്തവര്‍ അറിയുന്നവരെ വിളിച്ചുണര്‍ത്തി വായിച്ച് കേള്‍ക്കുക. അതിന് അവര്‍ക്ക് കൂലി കൊടുക്കേണ്ടി വന്നാല്‍ കൂലി കൊടുക്കുക.
3. നന്മയോ തിന്മയോ എന്ന് ക്ലിപ്തമാകാത്ത കാര്യങ്ങള്‍ ഭക്തരായ പണ്ഡിതരോട് വിശകലനം നടത്തി പ്രവര്‍ത്തിക്കുക.
4. ഇടയ്ക്കിടെ ഉത്തമരായ പണ്ഡിതരുടെ സഹവാസം തേടുക. അതിനുവേണ്ടി യാത്ര ചെയ്യുന്നത് വളരെ നല്ലകാര്യമാണ്.  അവരുടെ അരികിലിരിക്കുമ്പോള്‍ വല്ല കാര്യവും ഓര്‍മ്മ വന്നാല്‍ ചോദിക്കുക.
5. മാസത്തിലോ രണ്ട് മാസത്തിലൊരിക്കലോ ഒരു ഉപദേശകനെ ക്ഷണിച്ചുവരുത്തി നസ്വീഹത്തുകള്‍ കേള്‍ക്കുക. അതിലൂടെ അല്ലാഹുവിനോടുള്ള സ്നേഹവും ഭയവും ഉണ്ടായിത്തീരുന്നതാണ്. ദീനനുസരിച്ച് ജീവിക്കല്‍ എളുപ്പമാകുന്നതുമാണ്. അതിനാവശ്യമായ ചിലവുകള്‍ എല്ലാവരും സഹകരിച്ച് വഹിക്കുക. അനാവശ്യമായ കാര്യങ്ങള്‍ക്ക് ആയിരക്കണക്കിന് രൂപ ചിലവഴിക്കുന്നുണ്ടല്ലോ? ദീനീ അറിവ് പഠിക്കുന്നതിന് കുറച്ച് പണം ചിലവഴിക്കുന്നത് ഒരു വലിയ കാര്യമല്ല. എന്നാല്‍ പണ്ഡിതരെ സ്വന്തം ബുദ്ധിക്കനുസരിച്ച് തെരഞ്ഞെടുക്കരുത്. തഖ്വയുള്ള പണ്ഡിതരുമായി ആലോചിക്കുക. ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ വലിയ ത്യാഗങ്ങള്‍ കൂടാതെ അറിവുകള്‍ കരസ്ഥാമാക്കാന്‍ സാധിക്കുന്നതാണ്. ഇതോടൊപ്പം രണ്ട് കാര്യങ്ങള്‍ പഥ്യമെന്നോണം പ്രത്യേകം സൂക്ഷിക്കുക.
ഒന്ന്, നിഷേധികളുടെയും വഴി കെട്ടവരുടെയും സദസ്സുകളില്‍ പങ്കെടുക്കരുത്. ആദ്യമായി അവരുടെ വാക്കുകളിലൂടെ മനസ്സില്‍ ഇരുട്ട് പകരുന്നതാണ്. രണ്ടാമതായി ഈമാനിക ആവേശം കാരണം കോപം വരും. കോപം പ്രകടമാക്കിയാല്‍ ചിലപ്പോള്‍ വഴക്കും കേസുകളും ഉണ്ടാകും അതിലൂടെ സമയവും സമ്പത്തും നഷ്ടമാകും. ഇനി കോപം പ്രകടമാക്കിയില്ലെങ്കില്‍ പിരിമുറുക്കം അനുഭവപ്പെടും. അസ്വസ്ഥതയുണ്ടാകും. വെറുതെ മനസ്സ് അസ്വസ്ഥമാക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല.
രണ്ട്: തര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കുക. വഴികെട്ടവരുടെ സദസ്സുകളില്‍ പങ്കെടുക്കുന്നത് മുഖേന വഴികേടുകള്‍ മനസ്സില്‍ പതിയുകയും സംശയത്തിലകപ്പെടുകയുംചെയ്യുന്നതാണ്. ആകയാല്‍ വല്ലവരും അനാവശ്യമായി തര്‍ക്കിക്കാന്‍ വന്നാല്‍ അവരെ പണ്ഡിതരുമായി ബന്ധപ്പെടുത്തുക. ഇത്തരം തര്‍ക്കങ്ങള്‍ക്ക് ഞാനില്ലെന്ന് ശക്തമായി പറയുക. ഈ വക കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദീനില്‍ എന്നും ആരോഗ്യവാനായിരിക്കും. ഒരിക്കലും രോഗമുണ്ടാകുന്നതല്ല. അല്ലാഹു തൗഫീഖ് നല്‍കട്ടെ!.
ആകെ ചുരുക്കത്തില്‍ :
1. ദീനീ വിജ്ഞാനം പഠിക്കലും പഠിപ്പിക്കലും വളരെ മഹത്തരമായ ഇബാദത്താണ്.
2. ഇതിന് വേണ്ടി പരിപൂര്‍ണമായി ഉഴിഞ്ഞ് വെച്ച ഒരു കൂട്ടം എന്നും ഉണ്ടാകണം. അതിനായി മദ്റസകള്‍ തയ്യാറാക്കുക. ഉസ്താദുമാരെയും മുത്തഅല്ലിംകളെയും ആദരിക്കുക.
3. ഓരോരുത്തരും അടിസ്ഥാനപരമായ ഇല്‍മ് പഠിക്കുവാന്‍ കുറഞ്ഞ സമയം കണ്ടെത്തുക. ഇത്തരം ആഗ്രഹങ്ങളുള്ളവര്‍ക്ക് ഉലമാഅ് മാര്‍ഗങ്ങള്‍ പറഞ്ഞ് കൊടുക്കുക.
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനിയുടെ വിലയേറിയ ഒരു വാചകം കൂടി ഉദ്ധരിക്കട്ടെ; "ഇല്‍മുമായി പരിപൂര്‍ണമായ നിലയില്‍ ബന്ധപ്പെട്ടവര്‍ക്ക് മാത്രമാണ് ഈ മഹത്വങ്ങള്‍ എന്ന ധാരണ പൊതുവിലുണ്ട്. എന്നാല്‍ ഇതര ജോലിത്തിരക്കുകളോടൊപ്പം കുറഞ്ഞ സമയമെടുത്ത് ഇല്‍മ് പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ഈ ഗണത്തില്‍ പെടുമെന്ന് തന്നെയാണ് കാരുണ്യവാനായ അല്ലാഹുവിന്‍റെ വിശാലമായ കാരുണ്യം വിളിച്ചറിയിക്കുന്നത്".
അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ. ആമീന്‍
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...