Monday, February 5, 2018

ത്വലാഖ് (വിവാഹമോചനം): എപ്പോള്‍.? എങ്ങിനെ.? -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ത്വലാഖ് (വിവാഹമോചനം): 
എപ്പോള്‍.? എങ്ങിനെ.? 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
http://swahabainfo.blogspot.com/2018/02/blog-post_48.html?spref=tw

ഇസ് ലാമിക അദ്ധ്യാപനങ്ങളിലെ സുപ്രധാനമായ ഒരു അദ്ധ്യായമാണ് വൈവാഹിക ജീവിതം. വിവാഹമെന്നത് വെറും വികാരത്തിന്‍റെ പൂര്‍ത്തീകരണം മാത്രമല്ല. പ്രത്യുത പാതിവൃത്യത്തിന്‍റെ സംരക്ഷണത്തിനും മനുഷ്യവംശത്തിന്‍റെ ശരിയായ തുടര്‍ച്ചയ്ക്കും കുടുംബത്തിന്‍റെയും വീടിന്‍റെയും നാടിന്‍റെയും ഭദ്രതയ്ക്കു വേണ്ടിയുള്ള സരളവും സുന്ദരവും സമ്പൂര്‍ണ്ണവുമായ ഒരു അദ്ധ്യായമാണത്. അതുകൊണ്ട് തന്നെ പരിശുദ്ധഖുര്‍ആനിലും പുണ്യഹദീസുകളിലും ഇതിനെ വളരെ വിശദമായ നിലയില്‍ വിവരിച്ചിരിക്കുന്നു. വിവാഹ ബന്ധം നല്ലനിലയില്‍ നീങ്ങുന്നതിലൂടെ ഇത്തരം ധാരാളം നന്മകള്‍ ഉണ്ടാകുക മാത്രമല്ല, വളരുകയും പരക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ വിവാഹബന്ധം ഇല്ലാതാകുകയോ മോശമാകുകയോ ചെയ്യുന്നതിലൂടെ ധാരാളം തിന്മകള്‍ വര്‍ദ്ധിക്കുന്നതാണ്. അതിലൂടെ വിവാഹബന്ധം വെറും ചടങ്ങും ആചാരവുമായി മാറും. വെറും വികാര പൂര്‍ത്തീകരണം മാത്രം ലക്ഷ്യമായിത്തീരും. വിവാഹബന്ധങ്ങള്‍ തകരുകയും മോചനങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും.
ഇത്തരുണത്തില്‍, ഇസ് ലാം വിവാഹബന്ധം നന്നാകുന്നതിന് നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി. അതിന്‍റെ രത്ന ചുരുക്കം ഇവിടെ വിവരിക്കുന്നു.
1. വിവാഹത്തിന് മുമ്പ് മാനസികമായി തയ്യാറെടുപ്പുകള്‍ നടത്തുകയും നന്മയ്ക്ക് വേണ്ടി പടച്ചവനോട് ധാരാളമായി പ്രാര്‍ത്ഥിക്കുകയും നല്ല ബന്ധങ്ങളെ അന്വേഷിക്കുകയും ചെയ്യുക. മറുഭാഗത്ത് കുടുംബമിത്രങ്ങള്‍ പ്രത്യേകിച്ചും, സമുദായം പൊതുവിലും വിവാഹപ്രായമായവരെ ശ്രദ്ധിക്കുകയും നന്മകളിലേക്ക് പ്രേരിപ്പിക്കുകയും തിന്മകളില്‍ നിന്നും തടയുകയും ചെയ്യുക. ആരെയെങ്കിലും കുറിച്ച് വിവാഹാലോചന നടത്തപ്പെട്ടാല്‍ അപ്പോള്‍ അവരിലുള്ള തിന്മകള്‍ കൂട്ടിക്കുറക്കലുകള്‍ ഒന്നുമില്ലാതെ പറയേണ്ടതാണ്. നല്ല ബന്ധങ്ങളാണെങ്കില്‍ പ്രേരിപ്പിക്കേണ്ടതുമാണ്. വിവാഹത്തിന് മുമ്പ് ആലോചന നടത്തപ്പെടുന്ന പെണ്‍കുട്ടിയെ കാണുന്നത് സുന്നത്താണ്. കണ്ട് ഇഷ്ടപ്പെടുന്നതിലൂടെ അടുപ്പം വര്‍ദ്ധിക്കുന്നതും വിവാഹം പരിപൂര്‍ണ്ണ ഉള്‍ക്കാഴ്ചയോടെ ആകുന്നതുമാണ്. എന്നാല്‍ നോട്ടം വെറും സൗന്ദര്യത്തിലേക്ക് മാത്രം ആകാതെ നന്മകളിലേക്ക് ആകണമെന്നും പ്രത്യേകം ഉണര്‍ത്തി.
2. വിവാഹത്തിന്‍റെ ഇടപാടിന്‍റെ സമയത്ത് പ്രത്യേകമായി വധൂവരന്മാരെയും ബന്ധുമിത്രങ്ങളെയും ഉപദേശിക്കുന്നത് റസൂലുല്ലാഹി (സ) യുടെ പതിവായിരുന്നു. സൂറത്തുആലിഇംറാന്‍ 102,  സൂറത്തുനിസാഅ് 1, സൂറത്ത്അഹ്സാബ് 70, 71, എന്നീ വചനങ്ങള്‍ ഈ വിഷയത്തില്‍ പ്രത്യേകം ഉദ്ധരിച്ചിരുന്നു. ഈ വചനങ്ങള്‍ വധൂവരന്മാര്‍ക്കും കുടുംബമിത്രങ്ങള്‍ക്കും വളരെ ശക്തവും വ്യക്തവുമായ ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്.
3. തുടര്‍ന്ന് വൈവാഹിക ജീവിതത്തിലുടനീളം ഇക്കാര്യം വധൂവരന്മാര്‍ നിരന്തരം അനുസ്മരിക്കണമെന്നും ഇത് അനുസരിച്ച് ജീവിതം നയിക്കണമെന്നും വധൂവരന്മാരെ ഇസ്ലാം ഉപദേശിക്കുന്നു. വൈവാഹിക ജീവിതം മരണംവരെ മാത്രമല്ല, കാലാകാലം നിലനില്‍ക്കേണ്ട ഒരു ബന്ധമാണ്, ഇത് ഒരു നന്മയല്ല, പലനന്മകളുടെ കൂട്ടമാണ്. കുറഞ്ഞ സമയത്തേക്കുള്ള നന്മയല്ല, മരണംവരെയും രാവും പകലും തുടര്‍ച്ചയായിട്ടുള്ള നന്മയാണ്. പരസ്പരം വല്ല കുറ്റങ്ങളും കുറവുകളും കണ്ടാല്‍ അതില്‍ അല്ലാഹു ധാരാളം നന്മകള്‍ വെച്ചിരിക്കാമെന്ന് മനസ്സിലാക്കുകയും നന്മകളിലേക്ക് നോക്കുകയും ചെയ്യുക. ഒരിക്കലും പരിപൂര്‍ണ്ണമായി വെറുക്കരുത്. കുറവുകളോടൊപ്പം നന്മയും തീര്‍ച്ചയായും കാണും. ഈ വിഷയത്തില്‍ പ്രവാചകന്മാരുടെയും മഹാത്മാക്കളുടെയും മഹനീയ മാതൃകകള്‍ പഠിച്ചുകൊണ്ടിരിക്കുക...
4. ഒരു നിലയ്ക്കും സഹിക്കാന്‍ പറ്റാത്ത അവസ്ഥ വന്നാല്‍ വിവാഹമോചനത്തിലേക്ക് തിരക്ക് കൂട്ടരുത്. ബന്ധം നന്നാക്കാന്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കണം. പരസ്പരം ആത്മാര്‍ത്ഥമായ ഉപദേശങ്ങള്‍ നല്‍കുക. എന്നിട്ടും ശരിയായില്ലെങ്കില്‍ മുറിയുടെ ഉള്ളില്‍ പിണക്കം പ്രകടിപ്പിക്കുക. എന്നിട്ടും ശരിയായില്ലെങ്കില്‍ വളരെ ചെറിയ പ്രഹരം നല്‍കുക. ഇതില്‍ ഏതെങ്കിലും ഒന്നിലൂടെ നന്നായാല്‍ പഴയതെല്ലാം മറന്ന് പൊതുജീവിതം ആരംഭിക്കുക.
5. ഇനിയും പ്രശ്നം രൂക്ഷമാവുകയാണെങ്കില്‍ ബന്ധുമിത്രങ്ങളും സമുദായ അംഗങ്ങളും ബന്ധം ശരിയാക്കാന്‍ പരിശ്രമിക്കുക. ഇത് അതിമഹത്തായ നന്മയാണ്. ബന്ധം മോശമാക്കുന്നത് മഹാപാപമാണ്. ബന്ധം നന്നാക്കാനുള്ള ലളിതവും ശക്തവുമായ മാര്‍ഗ്ഗം ഇരുകുടുംബത്തിലെയും വിവരവും വിവേകവും ദീനീ ബോധവുമുള്ള രണ്ടുപേരെ ഏല്‍പ്പിച്ച് നന്മയ്ക്ക് വേണ്ടി പരിശ്രമിക്കുക. ഇവകളിലൂടെ ബഹുഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
6. ഇതിലൂടെയും പരിഹരിക്കപ്പെടാത്ത നിലയില്‍ ഭിന്നത കൂടിയാല്‍ അല്ലാഹു അനുവദിച്ച കാര്യങ്ങളില്‍ ഏറ്റവും വെറുപ്പുള്ള കാര്യം ത്വലാഖ് ആകുന്നു. (അബൂദാവൂദ്) എന്ന് അറിയിച്ചുകൊണ്ട് വിവാഹ മോചനത്തിന് അനുവാദം നല്‍കി.
7. എന്നാല്‍ ഹൈള് (ആര്‍ത്തവ) ഘട്ടത്തില്‍ ത്വലാഖ് ചൊല്ലാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം, സാന്ദര്‍ഭികമായ ബുദ്ധിമുട്ട് ത്വലാഖിന് പ്രേരകമാകാന്‍ പാടില്ല. (ഹുജ്ജത്തുല്ലാഹി ബാലിഗ)
8. ത്വലാഖ് ഒരു പ്രാവശ്യം മാത്രം നടത്തുക. തുടര്‍ന്ന് ഇദ്ദയുടെ കാലത്ത് തിരിച്ച് എടുക്കുകയോ ഇദ്ദ കഴിഞ്ഞാല്‍ വേറെ വിവാഹം കഴിക്കുകയോ ചെയ്യാവുന്നതാണ്.
9. ഇനി ഒരിക്കലും ബന്ധമില്ലാത്ത നിലയില്‍ വിവാഹമോചനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അടുത്ത ശുദ്ധിയില്‍ ഒരു ത്വലാഖും ശേഷമുള്ള ശുദ്ധിയില്‍ അടുത്ത ത്വലാഖും ചൊല്ലുക. മൂന്നു ത്വലാഖുകള്‍ ഒറ്റയടിക്ക് ചൊല്ലരുത്.
10. ത്വലാഖിന്‍റെ അവകാശം പുരുഷന്മാര്‍ക്ക് നല്‍കിയതും സ്ത്രീകള്‍ക്ക് നല്‍കാതിരുന്നതും പുരുഷന്മാര്‍ക്ക് തോന്നിയവാസം ചെയ്യാനും സ്ത്രീകളെ നിന്ദിക്കാനുമല്ല. പുരുഷന്മാര്‍ മേല്‍പ്പറഞ്ഞ രീതിയിലും വിവരവും വിവേകവും ഉള്ളവരുമായി കൂടിയാലോചിച്ചും മാത്രമേ നടത്താന്‍  പാടുള്ളൂ. അക്രമപരമായി ത്വലാഖ് ചൊല്ലുന്നവരെ ശിക്ഷിക്കാന്‍ ശരീഅത്ത് നിര്‍ദ്ദേശിക്കുന്നു. സ്ത്രീകളുടെ സൗന്ദര്യം കൂടിയായ മാനസിക ദൗര്‍ബല്യം പരിഗണിച്ചുകൊണ്ടാണ് അവര്‍ക്ക് ത്വലാഖിന് അധികാരം നല്‍കാതിരുന്നത്. എന്നാല്‍, നിര്‍ബന്ധിത സാഹചര്യത്തില്‍ അവര്‍ക്ക് വിവാഹമോചനത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ തുറന്നുകൊടുക്കപ്പെട്ടിട്ടുണ്ട്. ത്വലാഖിന്‍റെ അധികാരം അവരെ ഏല്‍പ്പിച്ചുകൊടുക്കുക. (തഫ്വീള്). വല്ലതും നല്‍കി വിവാഹമോചനം നേടുക. (ഖുല്‍അ്). ഖാസിയുമായി ബന്ധപ്പെട്ട് ബന്ധം വേര്‍പ്പെടുത്തുക. (ഫസ്ഖ്) എന്നീ അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് ഉണ്ട്.
യാതൊരു സൂക്ഷ്മതയും ഇല്ലാതെ വിവാഹത്തിലേക്ക് പ്രവേശിക്കലും, കോമാളിത്തരങ്ങള്‍ കാട്ടി വിവാഹം നടത്തലും, പാപങ്ങള്‍ നിറഞ്ഞ വിവാഹജീവിതം നയിക്കലും, വൈവാഹിക ബന്ധങ്ങള്‍ക്കിടയില്‍ നാശങ്ങള്‍ ഉണ്ടാക്കലും, എന്തിനും എടുത്തുചാടി വിവാഹമോചനം നടത്തലും, അല്ലെങ്കില്‍ എന്ത് പ്രശ്നം ഉണ്ടായാലും വിവാഹമോചനത്തിന് അനുവദിക്കാതെയും പ്രശ്നങ്ങള്‍ നീട്ടിക്കൊണ്ടും പാപങ്ങള്‍ അധികരിപ്പിക്കലും ആണോ, ഉപര്യുക്ത ഇസ് ലാമിക നിയമങ്ങളാണോ ഉത്തമം.?
വിവാഹ മോചനത്തിന് ശേഷം ഇരുകൂട്ടരും ഭയങ്കര നാശനഷ്ടങ്ങളിലും പരസ്പര പാപങ്ങളിലും കഴിയണം എന്നതാണ് ആധുനിക ശൈലി. എന്നാല്‍ ഖുര്‍ആന്‍ പറയുന്നു; നിര്‍ബന്ധിത സാഹചര്യത്തില്‍ ഇരുവരും വിട്ടുപിരിഞ്ഞാല്‍ പടച്ചവന്‍ അവര്‍ക്ക് സമ്പന്നതയും സമൃദ്ധിയും നല്‍കുന്നതാണ്. അതെ, വലിയ വിവരവും സ്ഥാനമാനങ്ങളും എല്ലാമുണ്ടെങ്കിലും സ്വന്തം ഭാര്യമാരെ മര്യാദയ്ക്ക് നോക്കാതെ പ്രസംഗിച്ച് കൊണ്ട് നടക്കുന്ന പകല്‍മാന്യന്‍മാരാണോ വിവാഹ മോചനത്തിന് ശേഷം രണ്ടുവഴികള്‍ തെരഞ്ഞടുത്ത് സന്തുഷ്ട ജീവിതം നയിക്കുന്ന സാധുക്കളാണോ ഉത്തമം.?
ഇസ്ലാമില്‍ വിവാഹ മോചനം ഉണ്ടെങ്കിലും അത് വളരെ കുറവാണെന്നാണ് ഗവണ്‍മെന്‍റിന്‍റെ കണക്കുകള്‍ തന്നെ അറിയിക്കുന്നത്. എന്നിട്ടും ത്വലാഖിലൂടെ മുസ്ലിം സ്ത്രീകള്‍ പീഠിപ്പിക്കപ്പെടുന്നു എന്ന് പ്രചണ്ഡപ്രചാരണങ്ങള്‍ നടത്തുന്നവരോട് മുസ്ലിംകള്‍ക്ക് ചോദിക്കാനുള്ളത് ഇതാണ്: ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പ്രശ്നങ്ങള്‍  ഉണ്ടാക്കുന്നവരെ, മുസ്ലിം സ്ത്രീകളെ ക്രൂരമായി വധിച്ചും വിധവകളാക്കിയും ഭര്‍ത്താക്കന്മാരെ ജയിലുകളില്‍ അടച്ച് വിധവകളെപ്പോലെ ആക്കിയും വീടുകളില്‍ നിന്നും പുറത്താക്കിയും മറ്റും മഹാ അക്രമങ്ങള്‍ കാണിച്ച നിങ്ങള്‍ ഞങ്ങളോട് നീതി കാണിക്കുക. അക്രമങ്ങള്‍ നിര്‍ത്തുക. ഇസ്ലാമിക ശരീഅത്തിന്‍റെ എല്ലാ നിയമങ്ങളും നീതിയുക്തവും സര്‍വ്വസമുന്നതവുമാണ്. സമുദായത്തില്‍ വല്ല തെറ്റുകളും ഉണ്ടെങ്കില്‍ അതിന് ശരീഅത്തിനെ അല്ല തിരുത്തേണ്ടത്. സമുദായത്തെയാണ് തിരുത്തേണ്ടത്. തിരുത്തുന്നുമുണ്ട്. ഇസ് ലാമിക ശരീഅത്തിന്‍റെ സംരക്ഷണത്തിനും പ്രചാരണത്തിനും പരിശ്രമിക്കുന്ന എല്ലാവര്‍ക്കും വിശിഷ്യാ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന് ഞങ്ങള്‍ എല്ലാ പിന്തുണയും നല്‍കുന്നു.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...