Saturday, February 10, 2018

ഖാദിയാനിസം: പ്രവാചക പരിസമാപ്തിക്ക് നേരെയുള്ള കടന്നുകയറ്റം.! - അല്ലാമാ സയ്യിദ് സുലൈമാന്‍ നദ് വി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ഖാദിയാനിസം: 
പ്രവാചക പരിസമാപ്തിക്ക് നേരെയുള്ള കടന്നുകയറ്റം.! 
- അല്ലാമാ സയ്യിദ് സുലൈമാന്‍ നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/02/blog-post_15.html?spref=tw

അല്ലാഹുവിന്‍റെ ഭാഗത്ത് നിന്ന് അന്ത്യ പ്രവാചകര്‍ മുഹമ്മദ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങള്‍ക്ക് ലഭിച്ച പ്രത്യേക ബഹുമതി, സഹായം, അനുയായികളുടെ വര്‍ദ്ധനവ്, ലോകമാസകലം കാണപ്പെടുന്ന മസ്ജിദുകള്‍, വിശുദ്ധ ഖുര്‍ആനിന്‍റെ അമാനുഷികത, പുണ്യ ഹദീസുകളുടെ അര്‍ത്ഥ വ്യാപ്തി, പ്രബോധനത്തിന്‍റെ വ്യാപ്തി, ദീനിന്‍റെ പരിപൂര്‍ണ്ണത, പ്രവാചകത്വത്തിന്‍റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ എല്ലാമെല്ലാം തിരുദൂതരുടെ ആഗമനത്തോടെ പ്രവാചകത്വത്തിന് പരിസമാപ്തി കുറിക്കപ്പെട്ടു എന്നതിന്‍റെ വ്യക്തവും സ്പഷ്ടവുമായ തെളിവുകളാണ്. ലോകത്ത് പുതിയൊരു പ്രവാചകന്‍റെ ആവശ്യകത അവശേഷിക്കുന്നില്ല എന്നതിന്‍റെ സ്പഷ്ടമായ ദൃഷ്ടാന്തങ്ങളാണിതെല്ലാം.
പ്രവാചക പ്രഭുവിന്‍റെ അനുഗ്രഹീത കാലഘട്ടത്തില്‍ ഒത്തുചേര്‍ന്ന ഏറ്റവും വലിയ സദസ്സില്‍ പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചു:
ഇന്നേ ദിവസം നിങ്ങളുടെ ദീനിനെ നിങ്ങളില്‍ ഞാന്‍ പൂര്‍ത്തീകരിക്കുകയും, എന്‍റെ അനുഗ്രഹത്തെ നിങ്ങളില്‍ ഞാന്‍ പരിപൂര്‍ണ്ണമാക്കുകയും, ഇസ്ലാമിനെ ദീനായി നിങ്ങള്‍ക്ക് ഞാന്‍ ഇഷ്ടപ്പെട്ട് നല്‍കുകയും ചെയ്തിരിക്കുന്നു. (മാഇദ)
ഹിജ്രി 10 ദുല്‍ഹജ്ജ് 9-ന് ഈ ആയത്ത് അവതരിച്ചു. ദീന്‍ എന്ന കെട്ടിടത്തിന്‍റെ ഭിത്തിയില്‍ പുതിയൊരു കല്ല് കൂടി പതിക്കലാണ് നുബുവ്വത്തിന്‍റെ അഥവാ പുതിയൊരു പ്രവാചകന്‍റെ ആഗമന ലക്ഷ്യമെങ്കില്‍, ഇന്നേ ദിവസം അത് പരിപൂര്‍ണ്ണതയിലെത്തിയിരിക്കുന്നു എന്നതാണ് ആയത്തിന്‍റെ സാരം. ഈ ആയത്തിന്‍റെ അവതരണത്തിന് മുന്‍പ് ഹിജ്രി 5-ല്‍ ഇതേ സന്ദേശം താഴെ പറയുന്ന വാക്കുകളില്‍ അവതരിച്ചിരുന്നു.
മുഹമ്മദ് നിങ്ങളിലെ പുരുഷന്മാരില്‍ ഒരാളുടെയും പിതാവല്ല. പക്ഷെ, അല്ലാഹുവിന്‍റെ ദൂതരും അന്ത്യ പ്രവാചകരുമാകുന്നു. (അഹ്സാബ്)
ആയത്തില്‍ പ്രതിപാദിച്ച് ഖതം എന്ന പദത്തിന്‍റെ വിവക്ഷ, ഒരു വസ്തുവിന്‍റെ ഉള്ളിലുള്ളത് വെളിയില്‍ വരാത്ത നിലയിലും, വെളിയില്‍ നിന്ന് ഒന്നും ഉള്ളില്‍ പ്രവേശിക്കാത്ത നിലയിലും അതിനെ അടച്ചുകളയുക (ബന്ദ് ചെയ്യുക) എന്നതാണ്. ഒരു വസ്തുവിനെ അടച്ച് സീല്‍ ചെയ്യുക എന്നത് ഇതില്‍ നിന്നും ഉടലെടുക്കുന്ന മറ്റൊരു അര്‍ത്ഥമാണ്. ഉള്ളില്‍ നിന്ന് വെളിയിലേക്കോ, വെളിയില്‍ നിന്ന് ഉള്ളിലേക്കോ ഒന്നും കടത്താതിരിക്കുക എന്നത് സീലിന്‍റെ ലക്ഷ്യമാണ്. അതിനാലാണ് സീലിന്‍റെ പ്രക്രിയ അവസാനമായി ചെയ്യപ്പെടുന്നത്. അവസാനത്തെ പരിധി, അവസാനിപ്പിക്കുക എന്നീ അര്‍ത്ഥങ്ങളും ഈ പദത്തിനുണ്ട്. ഈ അര്‍ത്ഥങ്ങളെല്ലാം ഖുര്‍ആന്‍ ശരീഫില്‍ ഉപയോഗിക്കപ്പെട്ടിട്ടുമുണ്ട്.
ഇന്നേ ദിവസം അവരുടെ വായകള്‍ക്ക് നാം സീല്‍ ചെയ്യുന്നതാണ്. (യാസീന്‍) അഥവാ വായ നാം അടച്ചുകളയും. അവര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നതല്ല. ഈ ആയത്തില്‍ ഖതം എന്ന പദത്തിന് അടച്ചുകളയുക എന്ന അര്‍ത്ഥം വളരെ വ്യക്തമാണ്.
മറ്റൊരു ആയത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു:
അല്ലാഹു അവരു (അവിശ്വാസികള്‍) ടെ ഹൃദയങ്ങള്‍ക്ക് സീല്‍ ചെയ്തിരിക്കുന്നു. (ബഖറ)
അതായത് അവരുടെ ഹൃദയ വാതിലുകള്‍ അടച്ചിരിക്കുന്നു. വെളിയില്‍ നിന്നും കേള്‍ക്കുന്ന സന്മാര്‍ഗ്ഗ ഉപദേശങ്ങള്‍ ഹൃദയത്തിനുള്ളിലേക്ക് കടക്കുന്നില്ല. പ്രതിഫലനങ്ങള്‍ ഉളവാക്കുന്നുമില്ല.
അല്ലാഹു പറയുന്നു: അവന്‍റെ (അവിശ്വാസി) കാതിനും ഖല്‍ബി (ഹൃദയം) നും അല്ലാഹു സീല്‍ ചെയ്തിരിക്കുന്നു. (ജാസിയ)
അഥവാ അവരുടെ കാതും ഖല്‍ബും അടച്ച് കളഞ്ഞിരിക്കുന്നു. അവരുടെ കാതിനുള്ളിലേക്ക് പ്രവാചകന്‍റെ പ്രബോധനത്തിന്‍റെ ശബ്ദം കടന്നുചെല്ലുകയോ, ഹൃദയാന്തരത്തില്‍ അത് പ്രതിഫലനമുളവാക്കുകയോ ചെയ്യുന്നതല്ല.
ചുരുക്കത്തില്‍, ഈ പ്രയോഗങ്ങളില്‍ നിന്നെല്ലാം സംശയരഹിതമായി മനസ്സിലാകുന്ന കാര്യം ഖതം എന്ന പദത്തിന്‍റെ പൊതുവായ അര്‍ത്ഥം ഒരു വസ്തു (കാര്യം) വെ അടച്ച് കളയുക എന്നുള്ളതാണ്.
ഖാതം എന്ന പദം ഖാതിം എന്നും ഖാതം എന്നും രണ്ട് നിലയില്‍ ഓതപ്പെട്ടിട്ടുണ്ട്. പ്രബലമായ ഖിറാഅത്ത് ഖാതിം എന്നതാണ്. അതിന്‍റെ അര്‍ത്ഥം അവസാനിപ്പിക്കുന്നവന്‍ എന്നാണ്. രണ്ടാമത്തെ ഖിറാഅത്ത് ഖാതം എന്നതാണ്. ഒരു വസ്തു വീണ്ടും തുറക്കപ്പെടാത്ത നിലയില്‍ സീല്‍ ചെയ്യപ്പെടുക എന്നതാണ് അതിന്‍റെ വിവക്ഷ. ചുരുക്കത്തില്‍ രണ്ടവസ്ഥയിലും ആയത്തിന്‍റെ സാരം ഒന്നുതന്നെയാണ്. അഥവാ, പ്രവാചക പ്രഭു (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ ആഗമനം പ്രവാചകത്വ പരമ്പരയെ അവസാനിപ്പിക്കുന്നതും, ആ പരമ്പരക്ക് സീല്‍ ചെയ്യുന്നതുമാണ്. ഇനി ഒരിക്കലും ഒരു വ്യക്തിക്കും പരിശുദ്ധവാന്മാരായ പ്രവാചകരുടെ ഈ ജമാഅത്തില്‍ ഉള്‍പ്പെടുക സാധ്യമല്ല.
ആയത്തിന്‍റെ വിവക്ഷ, നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിങ്ങളുടെ (ഉമ്മത്ത്) ബാഹ്യ പിതാവല്ല. അനന്തരാവകാശത്തിന്‍റെ നിയമങ്ങളും മറ്റും ഈ അടിസ്ഥാനത്തില്‍ ബാധകമല്ല. തങ്ങള്‍ ആത്മീയ പിതാവാണ്. ആത്മീയ പിതാക്കളില്‍ അവസാനത്തവരുമാണ്. പിതാവ് എന്ന നിലയിലുള്ള സ്നേഹദരവും അനുസരണയുടെ ഗുണവും തങ്ങളോട് നമുക്കുണ്ടായിത്തീരണം.
ഖാതിമുന്നബിയ്യീന്‍ എന്ന പദത്തിന്‍റെ വിവക്ഷ, പ്രബലമായ ഹദീസുകളില്‍ വളരെ വ്യക്തമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. മുസ്നദെ അഹ്മദില്‍ സൗബാന്‍ (റ), ഹുദൈഫ (റ) ഇരുവരും, തിര്‍മിദിയില്‍ സൗബാന്‍ (റ) ഒറ്റയ്ക്കും നിവേദനം ചെയ്തിരിക്കുന്നു. തിരുദൂതര്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: എനിക്ക് ശേഷം മുപ്പതോളം പേര്‍ കളവായി പ്രവാചകത്വം വാദിക്കുന്നതാണ്. നിശ്ചയം ഞാന്‍ അന്ത്യപ്രവാചകന്‍ തന്നെയാണ്. എനിക്ക് ശേഷം ഒരു നബി വരുന്നതല്ല. തിരുദൂതര്‍ക്ക് ശേഷം നബിയില്ല എന്ന വസ്തുത ഈ ഹദീസില്‍ നിന്നും വ്യക്തമായി മനസ്സിലാകുന്നതാണ്.
ദീനിന്‍റെ പൂര്‍ത്തീകരണത്തെയും പ്രവാചകത്വ പരിസമാപ്തിയെയും പ്രസിദ്ധമായ ഒരു ഉദാഹരണത്തിലൂടെ തിരുദൂതര്‍ വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: എന്‍റെയും എനിക്ക് മുമ്പ് വന്ന നബിമാരുടെയും ഉപമ, ഒരാള്‍ നിര്‍മ്മിച്ച ഒരു മണിമന്ദിരം പോലെയാണ്. ജനങ്ങള്‍ അത് ചുറ്റിനടന്ന് കാണുന്നു. അതിന്‍റെ ഭംഗിയില്‍ അതിശയിക്കുന്നു. പക്ഷെ, അതിന്‍റെ ഒരു മൂലയില്‍ ഒരു ഇഷ്ടികയുടെ സ്ഥലം കാലിയായി കിടക്കുന്നു. ഈ കാഴ്ച കാണുന്നവര്‍ പറയുന്നു. ഈ ഭാഗം അപൂര്‍ണ്ണമായി കിടക്കുന്നത് നല്ലതല്ലല്ലോ.! ശേഷം വ്യത്യസ്ത നിവേദനങ്ങളില്‍ ഇപ്രകാരം വന്നിരിക്കുന്നു. തിരുദൂതര്‍ അരുളി: ഈ ഇഷ്ടിക ഞാനാണ്. (ബുഖാരി) ഞാന്‍ ആ ഇഷ്ടികയാണ്. ഞാന്‍ പ്രവാചകന്മാരില്‍ അവസാനത്തെ പ്രവാചകനുമാണ്. (മുസ്ലിം) ആ ഇഷ്ടികയുടെ സ്ഥാനം ഞാനാണ്. ഞാന്‍ വന്നതും നബിമാരുടെ പരമ്പര ഞാന്‍ അവസാനിപ്പിച്ചു. (മുസ്ലിം) നബിമാരില്‍ ഞാന്‍ ആ അവസാനത്തെ ഇഷ്ടികയുടെ സ്ഥാനത്താണ്. (തിര്‍മിദി) നബിമാരുടെ പരമ്പര എന്നെക്കൊണ്ട് പര്യവസാനിപ്പിക്കപ്പെട്ടു. (മുസ്ലിം) ഞാന്‍ നബിമാരുടെ പരമ്പരയെ സീല്‍ ചെയ്യുന്നവനാണ്. പക്ഷെ, ഞാന്‍ അഹങ്കരിക്കുന്നില്ല. (ദാരിമി)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അന്ത്യ പ്രവാചകരായത് കേവലം ഒരു യാദൃശ്ചിക സംഭവമായിരുന്നില്ല. അല്ലാഹുവിന്‍റെ അലംഘനീയമായ ആദ്യ തീരുമാനത്തില്‍ തന്നെ തങ്ങള്‍ക്ക് ഈ പ്രത്യേകത നല്‍കപ്പെട്ടിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിശ്ചയം ഞാന്‍ അല്ലാഹുവിന്‍റെ ദാസനും അന്ത്യ പ്രവാചകനും ആയിത്തീര്‍ന്നു. ആദം നബി (അ) കളിമണ്ണില്‍ക്കിടന്നിരുന്ന സന്ദര്‍ഭത്തില്‍. (മുസ്തദ്റക്, ഹാകിം)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തബൂക്കിലേക്ക് പുറപ്പെടുന്ന സന്ദര്‍ഭം.! തങ്ങളുടെ കുടുംബാദികളുടെ മേല്‍നോട്ടത്തിനായി അലി (റ) യെ മദീനയില്‍ നിര്‍ത്താന്‍ തിരുദൂതര്‍ വിചാരിക്കുന്നു. തിരുദൂതരോടൊപ്പം പുറപ്പെടാന്‍ സാധിക്കാത്തതിനാല്‍ അലി (റ) വിഷമം പ്രകടിപ്പിക്കുന്നു. അലി (റ) യെ സമാധാനിപ്പിച്ചുകൊണ്ട് തിരുദൂതര്‍ ചോദിച്ചു: മൂസാ നബി (അ) യുടെ അടുക്കല്‍ ഹാറൂന്‍ നബി (അ) ക്ക് ഉണ്ടായിരുന്ന സ്ഥാനം എന്‍റടുക്കല്‍ നിനക്കുണ്ടാകുന്നതില്‍ നീ സംതൃപ്തനാകുന്നില്ലേ.? പക്ഷെ, എനിക്ക് ശേഷം നബിയില്ല. എനിക്ക് ശേഷം നുബുവ്വത്തുമില്ല. (മുസ്ലിം)
ഒരു സന്ദര്‍ഭത്തില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഇസ്റാഈല്‍ സന്തതികളുടെ മേല്‍നോട്ടവും ഭരണവും അവരിലെ നബിമാര്‍ക്കായിരുന്നു. ഒരു നബി വഫാത്താകുമ്പോള്‍ അടുത്ത നബി ഭൂജാതനാകുമായിരുന്നു. നിശ്ചയം എനിക്ക് ശേഷം നബി വരുന്നതല്ല. (ബുഖാരി)
ഉമര്‍ (റ) നെ പ്രശംസിച്ചുകൊണ്ട് തിരുദൂതര്‍ അരുളി: എനിക്ക് ശേഷം നബി വരുമായിരുന്നെങ്കില്‍ അത് ഉമറുബ്നുല്‍ ഖാത്വാബ് ആകുമായിരുന്നു. (തിര്‍മിദി)
അറബി ഭാഷ അറിയുന്നവര്‍ക്ക് ഇവിടെ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട ലവ്കാന എന്ന പ്രയോഗം, അസാദ്ധ്യമായതിനെ കുറിക്കുന്നു. തിരുദൂതര്‍ക്ക് ശേഷം മറ്റൊരു നബിയുടെ ആഗമനം അസാദ്ധ്യമാണെന്ന് ഇതില്‍ നിന്നും ഗ്രഹിക്കാവുന്നതാണ്.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: എനിക്ക് അഞ്ച് പേരുകളുണ്ട്. ഒന്ന്: മുഹമ്മദ്. രണ്ട്: അഹ്മദ്. മൂന്ന്: മാഹി. അല്ലാഹു ഞാന്‍ മുഖേന കുഫ്ര്‍ ഇല്ലാതെയാക്കും. നാല്: ഹാശിര്‍. അല്ലാഹു എന്‍റെ പിന്നില്‍ എല്ലാവരെയും അണിനിരത്തും. അഞ്ച്: ആഖിബ്. ഞാന്‍ അവസാനം വന്ന ആളാണ്. എനിക്ക് ശേഷം ഒരു നബി വരുന്നതല്ല. (ബുഖാരി)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: സന്തോഷ വാര്‍ത്തകളല്ലാതെ നുബുവ്വത്തിന്‍റെ ഒരു ഭാഗവും ശേഷിക്കുന്നില്ല. സ്വഹാബാക്കള്‍ ചോദിച്ചു. അല്ലാഹുവിന്‍റെ റസൂലെ, സന്തോഷ വാര്‍ത്തകള്‍ എന്താണ്.? തിരുദൂതര്‍ അരുളി: സത്യസന്ധമായി പുലരുന്ന സ്വപ്നങ്ങളാണ്. (ബുഖാരി)
മറ്റൊരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു. മുഅ്മിനിന്‍റെ സത്യസന്ധമായ സ്വപ്നം നുബുവ്വത്തിന്‍റെ നാല്പത്തിആറില്‍ ഒരംശമാകുന്നു. (ബുഖാരി)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന മുന്‍കാല ഉമ്മത്തുകളില്‍ ദിവ്യ വെളിപാടുണ്ടാകുന്നവര്‍ ഉണ്ടാകുമായിരുന്നു. എന്‍റെ ഉമ്മത്തില്‍ ആര്‍ക്കെങ്കിലും ദിവ്യ വെളിപാട് ഉണ്ടാകുമായിരുന്നെങ്കില്‍ അത് ഉമറിനാകുമായിരുന്നു. (ബുഖാരി)
ചുരുക്കത്തില്‍, പ്രവാചക പരിസമാപ്തിക്ക് ശേഷം സത്യവിശ്വാസികളില്‍ ശേഷിക്കുന്ന അനുഗ്രഹം രണ്ട് കാര്യങ്ങളാണ്. ഒന്ന്: സത്യസന്ധമായ സ്വപ്നം. രണ്ട്: ഇല്‍ഹാം (വെളിപാട്). പ്രവാചകരല്ലാത്ത മനുഷ്യരാരും തന്നെ പാപരഹിതരല്ല. പ്രവാചകരല്ലാത്തവരുടെ സത്യസന്ധതയ്ക്ക് വ്യക്തമായ തെളിവുമില്ല. ഈ അടിസ്ഥാനത്തില്‍ ഒരു മുഅ്മിനിന്‍റെ സ്വപ്നവും ഇല്‍ഹാമും മറ്റുള്ളവര്‍ക്കെന്നതിലുപരി അവന് സ്വന്തമായി പോലും സ്വീകാര്യമായ തെളിവല്ല. അവ അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നാണെന്ന് ഉറപ്പിക്കലും, അവയെ പിന്‍പറ്റലും, അവയിലേക്ക് ജനങ്ങളെ ക്ഷണിക്കലും, അവയുടെ സത്യസന്ധതയില്‍ മറ്റുള്ളവരെ വെല്ലുവിളിക്കലും തികച്ചും ദുര്‍മാര്‍ഗ്ഗമാണ്. മുഅ്മിനിന് ഉണ്ടാകുന്ന സ്വപ്നവും ഇല്‍ഹാമും, അത് നിയമമാക്കപ്പെടാവുന്നതല്ല. അവ കേവലം സന്തോഷവാര്‍ത്തകള്‍ മാത്രമാണ്. അഥവാ, അദൃശ്യമായ-വരാനിരിക്കുന്ന ചില കാര്യങ്ങള്‍ സ്വപ്ന-ഇല്‍ഹാമുകള്‍ മുഖാന്തിരം വെളിപ്പെടുത്തപ്പെടുന്നു എന്ന് മാത്രം.!
ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വഫാത്തിന്‍റെ രോഗത്തില്‍ കഴിയുന്ന സന്ദര്‍ഭം: അനുഗ്രഹീത ഭവനത്തിന്‍റെ വാതില്‍വിരി തിരുദൂതര്‍ ഉയര്‍ത്തി നോക്കി. അബൂബക്ര്‍ (റ) ഇമാമായി നില്‍ക്കുന്നു. സ്വഹാബാക്കള്‍ പിന്നില്‍ അണിയണിയായി നില്‍ക്കുന്നു. ഈ സന്ദര്‍ഭത്തില്‍ തിരുദൂതരുടെ അവസാനത്തെ പ്രഖ്യാപനം വന്നു.
ജനങ്ങളെ, നുബുവ്വത്തിന്‍റെ സന്ദേശങ്ങളില്‍ നിന്ന് ശേഷിക്കുന്നത് സത്യസന്ധമായ സ്വപ്നങ്ങള്‍ മാത്രമാണ്. മുസ്ലിം നേരിട്ടത് കാണുന്നു. അല്ലെങ്കില്‍ അവനെ സംബന്ധിച്ച് മറ്റുള്ളവര്‍ക്ക് കാണിച്ച് കൊടുക്കപ്പെടുന്നു. (ബുഖാരി)
വ്യക്തിപരമായ അവസ്ഥകള്‍ വിവരിക്കല്‍ മാത്രമാണ് സ്വപ്നങ്ങളുടെ ലക്ഷ്യമെന്ന് ഇതില്‍ നിന്ന് സ്പഷ്ടമായി മനസ്സിലാകുന്നു.
അനസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) രിസാലത്തിന്‍റെയും നുബുവ്വത്തിന്‍റെയും കണ്ണി അറ്റ് പോയിരിക്കുന്നു. ആയതിനാല്‍ എനിക്ക് ശേഷം റസൂലോ നബിയോ വരുന്നതല്ല. തുടര്‍ന്ന് തിരുദൂതര്‍ അരുളി: പക്ഷെ, മുബശ്ശിറാത്ത് (സന്തോഷ വാര്‍ത്തകള്‍) അവശേഷിക്കുന്നു. സ്വഹാബാക്കള്‍ ചോദിച്ചു. അല്ലാഹുവിന്‍റെ റസൂലെ, സന്തോഷ വാര്‍ത്തകള്‍ എന്താണ്.? തിരുദൂതര്‍ അരുളി: മുഅ്മിന്‍ കാണുന്ന സത്യസന്ധമായ സ്വപ്നം. അത് നുബുവ്വത്തിന്‍റെ അംശങ്ങളില്‍ ഒരംശമാണ്. (തിര്‍മിദി)
യഥാര്‍ത്ഥത്തില്‍ ഈ ഹദീസുകളെല്ലാം താഴെപ്പറയുന്ന ആയത്തിന്‍റെ വ്യാഖ്യാനം മാത്രമാണ്.
അറിയുക.! അല്ലാഹുവിന്‍റെ ഔലിയാക്കള്‍, അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിതരുമല്ല. അവര്‍ ഈമാനും തഖ്വയും ഉള്‍ക്കൊണ്ടവരാണ്. ദുന്‍യവിയായ ജീവിതത്തിലും ആഖിറത്തിലും അവര്‍ക്ക് സന്തോഷ വാര്‍ത്തയുണ്ട്. (യൂനുസ്)
സ്വഹാബാക്കള്‍ ചോദിച്ചു. ദുന്‍യാവില്‍ അവര്‍ക്കുള്ള സന്തോഷ വാര്‍ത്ത എന്താണ്.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: സത്യസന്ധമായ സ്വപ്നം.!
ഈ ആയത്തില്‍ നിന്നും രണ്ട് കാര്യങ്ങള്‍ മനസ്സിലാകുന്നു. ഒന്ന്: സന്തോഷ വാര്‍ത്തകള്‍ ലഭിക്കുന്നതിനുള്ള വഴി, ഈമാന്‍-തഖ്വയുടെ പൂര്‍ത്തീകരണമാണ്. രണ്ട്: ഈ പദവി നേടിയെടുത്തവര്‍ അല്ലാഹുവിന്‍റെ ഔലിയാക്കളാണ്. അവരുടെ പദവിയുടെ പേര് വിലായത്ത് എന്നാണ്. നുബുവ്വത്തിന്‍റെ ഏതെങ്കിലും ശാഖയുമായി അതിനെ ബന്ധിപ്പിക്കല്‍ വ്യക്തമായ വഴികേടാണ്. ക്രിസ്ത്യാനികള്‍ ഈസാ നബി (അ) യെ ദൈവപുത്രനാക്കി.  തൗഹീദിന് നേരെ വ്യക്തമായ കടന്നാക്രമണം നടത്തിയത് പോലെ, അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ആഗമനത്തിന് ശേഷം മുസൈലിമയില്‍ തുടങ്ങി മിര്‍സാ ഗുലാമിലെത്തുന്ന കള്ള പ്രവാചകന്മാരുടെ പ്രവാചകത്വ വാദം പ്രവാചകത്വ പരിസമാപ്തിക്ക് നേരെയുള്ള വ്യക്തമായ കടന്നാക്രമണമാണ്.
പ്രവാചകത്വം അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും പര്യവസാനിച്ചിരിക്കുന്നു. ദീന്‍ സമ്പൂര്‍ണ്ണവും പരിപൂര്‍ണ്ണവുമായിരിക്കുന്നു. ഇലാഹിയായ അന്തിമ സന്ദേശം മുഹമ്മദീ ദഅ്വത്തിലൂടെ ലോകത്തിന് ലഭ്യമായിരിക്കുന്നു. സംരക്ഷകനായ റബ്ബ് തന്‍റെ ദീനീ സൗധത്തിന്‍റെ അവസാനത്തിന്‍റെ ഇഷ്ടികയും മുഹമ്മദീ നിയോഗത്തിലൂടെ സ്ഥാപിച്ചിരിക്കുന്നു. അതിന്‍റെ കൊത്തുപണികളും അലങ്കാരങ്ങളും പര്യവസാനിച്ചിരിക്കുന്നു. അതിന്‍റെ തിളക്കം കുറയുകയുമില്ല. അതിന്‍റെ ശോഭ മങ്ങുകയുമില്ല. അഹ്മദിയാക്കള്‍(ഖാദിയാനികള്‍) അത് വെറുത്താലും ശരി...
കാരുണ്യത്തിന്‍റെ തിരുദൂതര്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ പിന്‍പറ്റി ഇഹപര വിജയികളില്‍ ഉള്‍പ്പെടാന്‍ നമുക്കും, ഈ വഴിത്താരയിലേക്ക് കടന്ന് വരാന്‍ അഹ്മദിയാക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഖാദിയാനികള്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

1 comment:

  1. 📢ഈസാനബിയുടെ മരണത്തിലാണ് ഇസ്‌ലാമിന്റെ ജീവിതം
    ഹദ്റത്ത് മുഹമ്മദ് മുസ്തഫ ﷺ മിഅ്റാജ് രാവിൽ ഹദ്റത്ത് ഈസായെ ഹദ്റത്ത് യഹ്‌യയോടൊപ്പം രണ്ടാനാകാശത്തു കണ്ടു. ഹദ്‌റത്ത് ഈസാ (അ) ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇതിൽ അദ്ദേഹത്തെ മരിച്ചുപോയ ആത്മാക്കളോടൊപ്പം കണ്ടതിന്റെ അർത്ഥം എന്താണ്? ഈ ചോദ്യം അഹ്‌മദികളുടേതല്ല. ഇമാം ഇബ്നു ഹസം അദ്ദേഹമാണ് ചോദിക്കുന്നത്..
    -അദ്ദേഹത്തിന്റെ പ്രശസ്തി വിവരിക്കേണ്ട കാര്യമില്ല. ഹദ്റത്ത് ഈസാ(അ) മരിച്ചുപോയെന്ന് വിശ്വസിക്കുന്ന ആളായിരുന്നു അദ്ദേഹം. മുഹദ്ദിഥും മുഫസ്സിറുമായ ഇബ്നു തീമിയ, അപ്രകാരം തന്നെ റഈസുൽ മുതസ്സ്വവഫ്ഫീൻ ശെയ്ഖ് മുഹ്‌യുദ്ദീൻ ബിൻ അറബി വഫാത്തെ മസീഹ് അംഗീകരിച്ചിരുന്നു.
    ഈസാ നബി ജീവിച്ചിരിക്കുന്നുവെന്ന മുസ്ലീങ്ങളുടെ വിശ്വാസം ക്രൈസ്തവ പാതിരിമാർക്ക് മുസ്ലീങ്ങളെ ആക്രമിക്കാനുള്ള പൂർണമായ അവസരം നൽകി. ക്രൈസ്തവ പാതിരിമാർ മുസ്ലീങ്ങളെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് ചോദിക്കുന്നു : ആരാണ് ശ്രേഷ്ഠൻ എന്നു പറയുക; രണ്ടായിരം വർഷമായി ആകാശത്ത് ജീവിച്ചിരിക്കുകയും അവസാനകാലത്ത് പരിഷ്കരണത്തിന് വീണ്ടും വരികയും ചെയ്യുന്ന ഈസയോ അതോ മരിച്ച മണ്ണിൽ മറക്കപ്പെട്ട മുഹമ്മദോﷺ? മുസ്ലിം ഉലമാക്കളുടെ കൈയിൽ ഇതിന് ഒരു മറുപടിയുമില്ല. ഈ അനിസ്‌ലാമിക വിശ്വാസം ഇസ്ലാമിന് ആഴത്തിലുള്ള മുറിവാണ് ഏൽപ്പിച്ചത്.
    ഹദ്റത്ത് മസീഹ് മൗഊദ് (അ) പറയുന്നു: ഈസാനബി ജീവിച്ചിരിക്കുന്നുവെന്ന് തെറ്റായ വിശ്വാസം ഇസ്ലാമിനെ വിഴുങ്ങാൻ ആഗ്രഹിക്കുന്നു. ഹദ്റത്ത് ഈസാ (അ) ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസം ആദ്യകാലങ്ങളിൽ ഇതിൽ ഒരു തെറ്റിനെ വർണ്ണം മാത്രം ഉൾക്കൊള്ളുന്നതായിരുന്നു. എന്നാൽ, ഇന്ന് ആ തെറ്റ് ഒരു പെരുമ്പാമ്പായി തീർന്നിരിക്കുന്നു. അത് ഇസ്ലാമിനെ വിഴുങ്ങാൻ ആഗ്രഹിക്കുന്നു.
    ക്രൈസ്തവ മതത്തിന്റെ പുറപ്പെടലോടെ അവർ മസീഹിന്റെ ജീവിച്ചിരിക്കുന്നതിനെ അദ്ദേഹത്തിന്റെ ദൈവത്വത്തിനുള്ള ഒരുവൻ തെളിവായി നിശ്ചയിച്ചു. അപ്പോഴാണ് ഇത് ഭയാനകമായ കാര്യം ആയിത്തീർന്നത്.
    വീണ്ടും അവിടുന്ന് പറയുന്നു: പ്രതാപവാനായ അല്ലാഹു തന്റെ പരിശുദ്ധ ഗ്രന്ഥത്തിൽ ഹദ്റത്ത് ഈസാ മസീഹിന്റെ മരണം വെളിപ്പെടുത്തി. ഈ ആളുകൾ അദ്ദേഹം ഇന്നും ജീവനോടെ ഇരിക്കുന്നു എന്ന് മനസ്സിലാക്കുന്നത് എണ്ണമറ്റ കുഴപ്പങ്ങളാണ് ഇസ്ലാമിന് വരുത്തിവെച്ചിട്ടുള്ളത്. ഇത് വിദ്വേഷപരമായ കാര്യമാണ്. ഈസായെ ആകാശത്തിൽ ജീവിച്ചിരിക്കുന്നവനും എല്ലാത്തിനേയും നിലനിർത്തുന്നവനുമാക്കുകയും സയ്യിദുൽ അമ്പിയﷺ യെ ഭൂമിയിൽ മരിച്ചവനായി കരുതുകയും ചെയ്യുന്നു.
    അവിടുന്ന് പറയുന്നു: എന്റെ സ്നേഹിതരേ! എന്റെ ഒരു അവസാന വസ്വിയ്യത്ത് നിങ്ങൾ കേൾക്കുക.
    ഇത് നല്ലവണ്ണം ഓർത്തു കൊള്ളുവിൻ! ക്രിസ്ത്യാനികളുമായി നിങ്ങൾക്ക് നടത്തേണ്ടി വരുന്ന എല്ലാ വാദപ്രതിവാദങ്ങളിലും ദിശ മാറ്റുക. മസീഹിന്റെ മരണം ക്രിസ്ത്യാനികളിൽ സ്ഥാപിക്കുക. ഈ ഒരു സംവാദം മാത്രം ജയിക്കുന്നത് കൊണ്ട് ഭൂമി ലോകത്തുനിന്ന് ക്രൈസ്തവമതം ഉൻമൂലനം ചെയ്യപ്പെടുന്നതായിരിക്കും. മറ്റു വലിയ വലിയ കലഹങ്ങളിൽ നിങ്ങളുടെ പ്രിയപ്പെട്ട സമയം പാഴാക്കാതിരിക്കുക. ഈസബ്നു മറിയമിന്റെ വഫാത്തില്‍ മാത്രം ശക്തി ചെലുത്തുക. ശക്തമായ തെളിവുകൾ കൊണ്ട് ക്രിസ്ത്യാനികളുടെ വായടപ്പിക്കുക. നിശബ്ദരാക്കുക.
    അവരുടെ മതത്തിന് ഒരേ ഒരു തൂണാണ് ഉള്ളത്. അത് ഇന്നും ആകാശത്ത് ഈസാ സ്ഥൂല ശരീരത്തോടെ ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസമാണ്. ഈ തൂണ്‌ തകർത്ത് തരിപ്പണമാക്കുകയാണെങ്കിൽ പിന്നെ ലോകത്ത് എവിടെയാണ് ക്രൈസ്തവ മതം ഉള്ളതെന്ന് നിങ്ങള്‍ തിരഞ്ഞു നോക്കുക.
    ബ്രിട്ടീഷ് ഏജന്റാണ് അഹ്മദികൾ എന്ന് ആക്ഷേപിക്കുന്ന ആളുകൾ കണ്ണുതുറന്ന് ഈ വാക്കുകൾ ശ്രദ്ധിക്കുക. ഈ വാക്കുകൾക്ക് മുമ്പിൽ ക്രിസ്തീയ സമൂഹത്തിന്റെ നിലനിൽപ്പ് തന്നെ അവശേഷിക്കുന്നില്ല.
    യഥാർത്ഥത്തിൽ ക്രൈസ്തവ മതത്തിന്റെ ഏജന്റ് ഇന്നത്തെ പൊതു മുസ്ലിങ്ങളാണ്. ഒരര്‍ഥത്തില്‍ ക്രൈസ്തവരുടെ അതേ വിശ്വാസം തന്നെ പിൻപറ്റുന്നവരാണ് ഇന്നത്തെ മുസ്ലീങ്ങൾ. ബുദ്ധിയുള്ളവർ ഇനിയെങ്കിലും സത്യം തിരിച്ചറിയാൻ ശ്രമിക്കുക.
    കൂടുതലറിയാൻ : www.alislam.org

    ReplyDelete

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...