Monday, February 12, 2018

ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ 26-)ം സമ്മേളനം.! (2018 ഫെബ്രുവരി 11 -ഹൈദരാബാദ്) വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ 
26-)ം സമ്മേളനം.! 
(2018 ഫെബ്രുവരി 11 -ഹൈദരാബാദ്)
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
http://swahabainfo.blogspot.com/2018/02/26-2018-11.html?spref=tw

ലോകം മുഴുവനും പൊതുവിലും, ഇന്ത്യാ മഹാരാജ്യം പ്രത്യേകിച്ചും സങ്കീര്‍ണമായ ഒരു  സാഹചര്യത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ വളരെയധികം അക്രമങ്ങള്‍ക്ക് ഇരയാകുന്നു. തല്‍ഫലമായി അരക്ഷിതാവസ്ഥയുടെ അവസ്ഥകള്‍ സംജാതമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ അവസ്ഥകളില്‍ നാം ഒരിക്കലും നിരാശപ്പെടരുത്, മനക്കരുത്ത് നഷ്ടപ്പെടുകയും ചെയ്യരുത്. തന്ത്രജ്ഞതയും മനക്കരുത്തും മുറുകെപ്പിടിച്ച് പടച്ചവനില്‍ പരിപൂര്‍ണ്ണമായി ഭരമേല്‍പ്പിച്ചുകൊണ്ട് മുന്നോട്ടുനീങ്ങിയാല്‍, പടച്ചവന്‍ വഴികള്‍ തുറന്നു തരുന്നതാണ്.
തഖ്വ -പടച്ചവനോടുള്ള ഭയഭക്തി- യും സ്വബ്ര്‍ -പടച്ചവനു  വേണ്ടിയുള്ള സഹനത- യും വിജയത്തിന്‍റെ താക്കോലുകളാണ്. ആ കയാല്‍ പടച്ചവന് പൊരുത്തമായ ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കുക, നിര്‍ബന്ധ ബാധ്യതകള്‍ ശരിയായ നിലയില്‍ നിര്‍വഹിക്കുക, സല്‍സ്വഭാവം പ്രചരിപ്പിക്കുക, ശരീഅത്തിന്‍റെ നിയമങ്ങള്‍ പാലിക്കുക,  ലോകാനുഗ്രഹി  മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ജീവിതത്തെ അനുധാവനം ചെയ്യുക. എന്നാല്‍ അക്രമത്തിന്‍റെ ഇരുളുകള്‍ മാറി നീതിയുടെ സൂര്യോദയം സംഭവിക്കുന്നതാണ്. ഇത്തരുണത്തില്‍ പരസ്പര ഭിന്നതകള്‍ മാറ്റിവെയ്ക്കാനും ഐക്യത്തോടെ നീങ്ങാനും മുസ്ലിം സമുദായം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പരസ്പര ഭിന്നതകള്‍ നാശകരമാണ്.
അതിലൂടെ സമുദായത്തിന്‍റെ ഗാംഭീര്യം നശിക്കും. ശത്രുക്കള്‍ക്ക് വഴികള്‍ എളുപ്പമാകും. നമ്മെ പരസ്പരം ഭിന്നിപ്പിക്കാന്‍ നമ്മെ നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യം ഉണര്‍ത്തേണ്ടതായിട്ടുണ്ട്. എല്ലാ സംഘടനകളുമായി ബന്ധപ്പെട്ടവരും,  പടച്ചവന്‍റെ പാശത്തെ ഒത്തൊരുമിച്ച് മുറുകെപ്പിടിക്കാനും ഭിന്നിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇസ്ലാമിക ശരീഅത്ത് സന്തുലിതവും സമ്പൂര്‍ണ്ണവുമാണ്. ഇതിനെ പഠിക്കാനും പകര്‍ത്താനും ശ്രദ്ധിക്കുക. ശരീഅത്ത് നിയമങ്ങളുടെ തത്വങ്ങള്‍ തിരിച്ചറിയണം. ഇസ്ലാമിക ശരീഅത്തിന്‍റെ ഓരോ നിയമങ്ങളുടെയും പിന്നില്‍ വലിയ തത്വങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിശിഷ്യാ, ഇസ്ലാമിക ശരീഅത്ത് പഠിപ്പിക്കുന്ന വിവാഹ-വിവാഹമോചന നിയമങ്ങളുടെ തത്വങ്ങള്‍ അമുസ്ലിംകള്‍ക്കും മനസ്സിലാക്കിക്കൊടുക്കാന്‍ പരിശ്രമിക്കേണ്ടതാണ്. വിവരമില്ലായ്മ കാരണം ചിലര്‍ ഇസ്ലാമിക ശരീഅത്തിന്‍റെ നിയമങ്ങളെക്കുറിച്ച് സംശയങ്ങളും മറ്റുചിലര്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. ഇവരുടെ തെറ്റിദ്ധാരണകളും സംശയങ്ങളും മാറ്റിക്കൊടുക്കാന്‍ ആത്മാര്‍ത്ഥതയും സ്നേഹവും മുറുകെപ്പിടിച്ച് പരിശ്രമിക്കേണ്ടതാണ്. വെറുപ്പിനു പകരം സ്നേഹവും, ബന്ധം മുറിക്കുന്നവരോട് ബന്ധം ചേര്‍ക്കലുമാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മധ്യമ അവസ്ഥയും മനക്കരുത്തും നിലനിര്‍ത്താന്‍ പരിശ്രമിക്കേണ്ടതാണ്. നമ്മുടെ നാട്ടിലും, ലോകം മുഴുവനും മര്‍ദ്ദനം അനുഭവിക്കുന്ന സാധുക്കളോട് അനുകമ്പ പുലര്‍ത്തുകയും അവരുടെ മോചനത്തിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യുക.
അവസാനമായി പറയട്ടെ, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ലക്ഷ്യം, ഇസ്ലാമിക ശരീഅത്തിന്‍റെ സംരക്ഷ ണവും പ്രചാരണവുമാണ്. ഈ വിഷയത്തില്‍ പേഴ്സണല്‍ ലാ ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ എല്ലാവരും പിന്തുണയ്ക്കുക. നേതൃത്വത്തെ അംഗീകരിക്കുകയും ഐക്യത്തോടെ മുന്നോട്ട് നീങ്ങാന്‍ എല്ലാവരും ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്.
നമ്മുടെ രാജ്യത്തിന്‍റെ പ്രത്യേകത നാം മനസ്സിലാക്കേണ്ടതുണ്ട്. വ്യത്യസ്ത മതസ്ഥര്‍ ഒത്തൊരുമിച്ച് ജീവിക്കുന്നതിനോടൊപ്പം പൊതുകാര്യങ്ങളില്‍ എല്ലാവരും സഹകരിക്കുകയും വ്യക്തിപരമായ വിഷയങ്ങളില്‍ അവരവരുടെ നിയമങ്ങളുമായി ബന്ധപ്പെട്ടു നീങ്ങുന്ന മഹത്തരമായ ഭരണഘടനയാണ് ഈ രാജ്യത്തിനുള്ളത്. ഇക്കാര്യം ശരിയായ നിലയില്‍ ഉള്‍ക്കൊള്ളാന്‍ നാമെല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരുമായി സ്നേഹത്തിന്‍റെയും സഹകരണത്തിന്‍റെയും സരണിയിലൂടെ സഞ്ചരിക്കുമ്പോള്‍ തന്നെ, വ്യക്തിപരമായ കാര്യങ്ങളില്‍ സര്‍വ്വ സമ്പൂര്‍ണ്ണമായി ഇസ്ലാമിക ശരീഅത്ത് മുറുകെപ്പിടിക്കാന്‍ നാം ശ്രദ്ധിക്കണം. ഇസ്ലാമിക ശരീഅത്ത് ജീവിതം മുഴുവനും ബന്ധപ്പെട്ടുനില്‍ക്കുന്ന മഹത്തായ സന്ദേശങ്ങളാണ്. ഇതിനെ പഠിക്കുവാനും പകര്‍ത്തുവാനും പ്രചരിപ്പിക്കുവാനും ഇതിനെതിരിലുണ്ടാകുന്ന വെല്ലുവിളികളെ നേരിടാനും അല്ലാഹു ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് കനിഞ്ഞരുളിയ ഒരു മഹത്തായ വേദിയാണ് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്. പണ്ഡിതന്മാരും നിയമജ്ഞരും നേതാക്കളും പൊതുജനങ്ങളും എല്ലാവരും ഒത്തൊരുമിച്ചുനീങ്ങുന്ന ഈ പ്രവര്‍ത്തനത്തില്‍ നാമെല്ലാം ഭാഗവാക്കാവുകയും അവരവരെ കൊണ്ട് കഴിയുന്ന സേവനങ്ങള്‍ ചെയ്യുകയും ചെയ്യേണ്ടതാണ്. അല്ലാഹു കാര്യങ്ങളെല്ലാം എളുപ്പമാക്കുകയും സ്വീകരിക്കുകയും ചെയ്യുമാറാകട്ടെ.!
സുപ്രധാന പ്രമേയങ്ങള്‍.!
1. ബാബരി മസ്ജിദ് നിര്‍മ്മിച്ച അന്നുമുതല്‍ ലോകാവസാനം വരെയും അത് മസ്ജിദ് തന്നെയായിരിക്കും. മസ്ജിദ് അല്ലാഹുവിന്‍റെ ഭവനമാണ്. മസ്ജിദ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ അനുവാദമില്ല. പ്രത്യേകിച്ചും പടച്ചവന്‍ ഏറ്റവും വെറുക്കുന്ന പാപമായ ബഹുദൈവാരാധനക്കു മസ്ജിദ് ഒരിക്കലും വിട്ടു കൊടുക്കാന്‍ പാടില്ല. ആകയാല്‍ ബാബരി മസ്ജിദിന്‍റെ വിഷയത്തിലുള്ള പോരാട്ടം നിയമത്തിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ മുസ്ലിംകള്‍ തുടരുന്നതാണ്. അല്ലാഹു അതില്‍ വിജയം നല്‍കുമെന്നാണ് ഞങ്ങളുടെ ഉറച്ച പ്രതീക്ഷയും വിശ്വാസവും.!
2. ത്വലാഖ് വിവാഹമോചനത്തിന്‍റെ വിഷയത്തില്‍ പുതിയൊരു ബില്ലുമായി ഇറങ്ങിയിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ സമീപനം ഇന്ത്യന്‍ ഭരണഘടനക്കും ഇസ്ലാമിക ശരീരത്തിനും വിരുദ്ധമാണ്. മുസ്ലിം  സ്ത്രീകളുടെ മോചനം എന്ന് അവകാശപ്പെടുന്ന പ്രസ്തുത ബില്ലിലൂടെ മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങള്‍ രൂക്ഷമാകുകയേയുള്ളൂ. അതുകൊണ്ട് അത് പിന്‍വലിക്കണമെന്ന് ഞങ്ങള്‍ ശക്തിയുക്തം ആ വശ്യപ്പെടുന്നു.
3. ഇസ്ലാഹെ മുആശറ: സമുദായത്തിന്‍റെ സമുദ്ധാരണം ലക്ഷ്യംവെച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും സംസ്ഥാന തലങ്ങളില്‍ അതിന്‍റെ കൂട്ടായ്മകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും ഞങ്ങള്‍ ഉണര്‍ത്തുന്നു. വിശിഷ്യാ, വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കാനും, എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ അത് ദാറുല്‍ ഖദാ -മസ്ലഹത്ത് കമ്മിറ്റികള്‍- മുഖേന പരിഹരിക്കാനും പരിശ്രമിക്കേണ്ടതാണ്.
ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് വനിതാ വിഭാഗം, സ്ത്രീകളുടെ സഹായത്തിനു വേണ്ടി രൂപീകരിച്ച വനിതാ സഹായ കേന്ദ്രവുമായി ബന്ധപ്പെടാന്‍ സഹോദരിമാരോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
4. തഫ്ഹീമെ ശരീഅത്ത്: ഇസ്ലാമിക ശരീരത്തിന്‍റെ നിയമങ്ങളും അതിന്‍റെ തത്വങ്ങളും വിവരിക്കുന്ന സദസ്സുകള്‍ സജീവമാക്കാനും ദാറുല്‍ ഖദാ -പ്രശ്ന പരിഹാര- കേന്ദ്രങ്ങളുമായി സമുദായത്തെ ബന്ധിപ്പിക്കാനും ബന്ധപ്പെട്ടവരോട് ഈ സമ്മേളനം അഭ്യര്‍ത്ഥിക്കുന്നു.
5. ഇന്നത്തെ വലിയൊരു വാര്‍ത്താ മാധ്യമമായ സോഷ്യല്‍ മീഡിയകളെ സൂക്ഷ്മതയോടെ പ്രയോജനപ്പെടുത്താനും അതിലൂടെ ഇസ്ലാമിക സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും അഭ്യര്‍ത്ഥിക്കുന്നു.
6. ഇസ്ലാമിക ശരീഅത്തിന്‍റെ സംരക്ഷണത്തിനുവേണ്ടി പരിശ്രമിക്കുന്ന എല്ലാവര്‍ക്കും ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ ആദരവോടെ വീക്ഷിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. വിശിഷ്യാ, ത്വലാഖ് ബില്ലിനെതിരില്‍ പാര്‍ലമെന്‍റിലും മറ്റും പോരാട്ടം നടത്തിയ പാര്‍ലമെന്‍റ് മെമ്പര്‍മാരെ ഞങ്ങള്‍ പ്രത്യേകം അഭിനന്ദിക്കുന്നു.
7. നമ്മില്‍ നിന്നും വിട പറഞ്ഞ എല്ലാവര്‍ക്കും അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും കാരുണ്യവും അനുഗ്രഹവും ലഭിക്കുന്നതിന് ആത്മാര്‍ത്ഥമായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...