Tuesday, December 18, 2018

അറബി ഭാഷാ ദിനം : ഡിസംബര്‍ 18 അറബി; ഭാഷാ ചരിത്രത്തിലെ വിസ്മയം



അറബി ഭാഷാ ദിനം : ഡിസംബര്‍ 18 
അറബി; ഭാഷാ ചരിത്രത്തിലെ വിസ്മയം
https://swahabainfo.blogspot.com/2018/12/18_17.html?spref=tw 
ഡിസംബര്‍ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനമായി ആചരിക്കുകയാണ്. അറബ് ലോകത്ത് 422 മില്യണ്‍ ആളുകള്‍ സംസാരിക്കുന്നതും 1.5 ബില്യണ്‍ മുസ്‌ലിംകള്‍ കൈകാര്യം ചെയ്യുന്നതുമായ ഭാഷയാണ് അറബി ഭാഷ. 1948 ല്‍ ലബനാനിലെ ബൈയ്‌റൂത്തില്‍ ചേര്‍ന്ന യുനസ്‌കോയുടെ മുന്നാമത് പൊതുസമ്മേളനത്തില്‍ വെച്ചാണ് അറബി ഭാഷയെ  മൂന്നാമത്തെ ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചത്. അറബി ഭാഷയെക്കുറിച്ച ചര്‍ച്ചകള്‍ ഈ ദിനത്തില്‍ ലോകത്തുടനീളം സജീവമാകേണ്ടതുണ്ട്. 

പരിണാമങ്ങള്‍ക്ക് വിധേയമാകുന്നു എന്നത് ഭാഷകളുടെ പൊതുവായ സ്വഭാവമാണ്. ഇംഗ്ലീഷും മറ്റനവധി ഭാഷകളും ഈ ഗണത്തില്‍ പെടുന്നവയാണ്. അതുകൊണ്ടാണ് ഷേക്‌സ്പീയറുടെ (വാല്യം കൃതികളുടെ വായന ഇക്കാലത്തെ വായനക്കാര്‍ക്ക് പ്രയാസകരമായിത്തീരുന്നത്.  മലയാളത്തിന്റെയും മറ്റിതര ഭാഷകളുടെയും അവസ്ഥയും അതുപോലെത്തന്നെ. 20ാം നൂറ്റാണ്ടില്‍ രചിച്ച കൃതികളിലെ(ഉദാ: കഠോരകുഠാരം)  മലയാളം പോലും ഇന്ന് നമുക്ക് മനസ്സിലാകുന്നില്ല. എന്നാല്‍ അറബി ഭാഷ ഇത്തരം കുറവുകളില്‍ നിന്നെല്ലാം മുക്തമായ അതുല്യ ഭാഷയാണ്. 1400ലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിച്ച വിശുദ്ധ ഖുര്‍ആന്റെ ഭാഷ ഇന്നും ലളിതമായാണ് അനുഭവപ്പെടുന്നത്. ലോകത്തുടനീളമുള്ള കോടിക്കണക്കിനാളുകള്‍ ദിനേന അത് വായിക്കുകയും മനഃപാഠമാക്കുകയും ചെയ്യുന്നു. അറബി ഭാഷ കാലത്തിനനുസരിച്ച് വികസിക്കുകയും വളരുകയും ചെയ്യുന്നുമുണ്ട്.

ലോക ചരിത്രത്തില്‍ വൈജ്ഞാനകമായ കുതിച്ചു ചാട്ടങ്ങള്‍ക്ക് അറബി ഭാഷ നല്‍കിയ സംഭാവന ചെറുതല്ല.  വൈദ്യശാസ്ത്രം, ഗോളശാസ്ത്രം, സാമൂഹികശാസ്ത്രം തുടങ്ങി ലോകം പരിചയിച്ച വൈജ്ഞാനിക ശാഖകളിലധികവും അറബി ഭാഷാ കൃതികളാല്‍ സമ്പന്നമാണ്. ഇബ്‌നു ഖല്‍ദൂന്‍, അല്‍ഗസ്സാലി, ഇബ്‌നു സീന, ഇബ്‌നു റുഷ്ദ് തുടങ്ങിയവര്‍ ചരിത്രം, സാമൂഹികശാസ്ത്രം, തത്വശാസ്ത്രം, ഗോളശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ വൈജ്ഞാനിക മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ച അറബികളുടെ ചില ഉദാഹരണങ്ങള്‍ മാത്രം. ഇന്ന് യൂറോപ്യന്‍ നാഗരികത കൈവരിച്ച വൈജ്ഞാനിക അഭിവൃദ്ധിയുടെ വേരുകള്‍  എത്തി നില്‍ക്കുക അറബി ഭാഷയിലാണ്. ലോക വൈജ്ഞാനിക ചരിത്രത്തിലെ അത്ഭുതമായ മുസ്‌ലിം സ്‌പെയിന്റെ തകര്‍ച്ചയോടെ അവിടെയുണ്ടായിരുന്ന ലൈബ്രറികളിലെ ഗ്രന്ഥങ്ങള്‍ മോഷ്ടിച്ചുകൊണ്ട് അത് തങ്ങളുടെതാക്കി ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയായിരുന്നു യൂറോപ്യന്‍ സമൂഹം ചെയ്തത്. 

ലോകചരിത്രത്തിലെ കരുത്തരായ പലഭരണാധികാരികളെയും ഭയപ്പെടുത്താന്‍ അറബി ഭാഷക്ക് കഴിഞ്ഞിട്ടുണ്ട്. ഇസ്‌ലാമിക ഖിലാഫത്തിന്റെ അന്തകനായ കമാല്‍ അത്താത്തുര്‍ക്ക് ഇതില്‍ പ്രധാനിയാണ്.  അറബി ഭാഷയോട് ചായ്‌വുണ്ട് എന്ന കാരണത്താല്‍ മാത്രം തുര്‍ക്കി ലിപിയെ അദ്ദേഹം ലാറ്റിന്‍ ലിപിയിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു. അള്‍ജീരിയയില്‍ അധിനിവേഷം നടത്തിയ ഫ്രഞ്ചുകാരും ഇത്തരം നടപടികള്‍ക്ക് ശ്രമിച്ചിരുന്നു.

  അറബി ഭാഷ പഠിക്കുന്ന ജൂതരുടേയും കൃസ്ത്യാനികളുടെയുമെല്ലാം എണ്ണം ലോകത്ത് അനുദിനം വര്‍ധിച്ചു വരികയാണ്. അറബി ഭാഷയിലെ പ്രധാന നിഘണ്ടുകൾ എഴുതിയത് മുസ്‌ലിംകളായിരുന്നില്ല എന്നത് ഈ ഭാഷയുടെ ആഗോള സ്വീകാര്യതയുടെ പ്രധാന തെളിവാണ്. 'അല്‍ മുന്‍ജിദ്' എന്ന വിഖ്യാത നിഘണ്ടു എഴുതിയത് രണ്ട് കാത്തലിക് പുരോഹിതന്മാരാണ്. 

അറബി ഭാഷ പഠിക്കല്‍ ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. അല്ലാഹുവിന്റെ ഖലീഫയായ മനുഷ്യനുള്ള മാര്‍ഗദര്‍ശക ഗ്രന്ഥങ്ങളായ വിശുദ്ധഖുര്‍ആനും, നബിചര്യയും അറബി ഭാഷയിലാണെന്നതാണ് മുഖ്യ കാരണം. ഉമര്‍ (റ) പറഞ്ഞു: 'നിങ്ങള്‍ അറബി ഭാഷ പഠിക്കുക. അത് നിങ്ങളുടെ ദീനിന്റെ ഭാഗമാണ്'. അറബി ഭാഷ പഠിക്കല്‍ നിര്‍ബന്ധബാധ്യതയാണെന്നാണ് ഇമാം ഇബ്‌നു തൈമിയ്യ പറഞ്ഞത് സ്വര്‍ഗത്തിലെ ആശയവിനിമയ ഭാഷയും അറബി ഭാഷയാണ്. മുന്‍കാലത്തെ ആളുകള്‍ പരലോക വിജയം കാക്ഷിച്ചു കൊണ്ട് അറബി ഭാഷ പഠിക്കുന്നതിന് മുന്‍ഗണന നല്‍കിയിരുന്നു. 

അറബിഭാഷ: ലോക ഭാഷകളുടെ മാതാവ്

 ഇത്രയധികം പേര്‍ അഗാധമായ ആത്മബന്ധം പുലര്‍ത്തുന്ന ഒരു ഭാഷ അറബിയല്ലാതെ മറ്റൊന്നില്ല. അറബിഭാഷ സെമിറ്റിക് ഭാഷകളില്‍ പെട്ടതാണ്.ഭാഷാ ചരിത്ര ഗവേഷകന്മാരുടെ കാഴ്ചപ്പാടില്‍ ക്രിസ്തുവിന് മുമ്പ് 3000ല്‍ പ്രശസ്തമായിരുന്ന 'കന്‍ആന്‍' പ്രദേശവും അവിടത്തുകാരുടെ ഭാഷയുമായി അറബി ഭാഷ ബന്ധപ്പെട്ടു നില്‍ക്കുന്നു. വടക്ക് ഒറോന്തസ് മുതല്‍ തെക്ക് സിനായ് ദേശം വരെ കിഴക്ക് മധ്യ ധരണ്യാഴിയുമായി ഉരുമ്മിക്കിടന്നിരുന്ന ഒരു പ്രദേശമാണ് കന്‍ആന്‍. BC 3000 ല്‍ മധ്യ അറേബ്യയില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത സെമിറ്റിക് ഗോത്രക്കാരാണ് ഇവിടുത്തെ ആദിവാസികള്‍. പ്രവാചകന്‍ നൂഹ്(അ) ന്റെ പുത്രനായ ശാമിന്റെ സന്താന പരമ്പരക്കാണ് സെമിറ്റിക് ഗോത്രം എന്ന് പറയുന്നത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരണത്തിലിരിക്കുന്ന ലിപിയാണ് അറബി ലിപി. പേര്‍ഷ്യന്‍, ഉറുദു, തുര്‍ക്കി, പുഷ്ടു, സ്വാഹിലി, ജാവി തുടങ്ങിയ ലിപികളും അറബി ലിപിയുടെ രൂപഭേദങ്ങളാണ്. വളരെ വ്യക്തമായും വിശദീകരിച്ചും വാചാലതയോടും സംസാരിക്കപ്പെടുന്ന ഭാഷ എന്ന അര്‍ഥത്തിലാണ് അറബിഭാഷക്ക് ആ പേര് വന്നത്. എട്ടാം നൂറ്റാണ്ടു മുതല്‍ പതിനൊന്നാം നൂറ്റാണ്ടുവരെ ഭൂമുഖത്ത് അറിയപ്പെട്ടിരുന്ന ശാസ്ത്ര-സാങ്കേതിക വൈജ്ഞാനിക ഗ്രന്ഥങ്ങളെല്ലാം അതേ കാലഘട്ടത്തില്‍ തന്നെ ലോകത്തിന് ലഭ്യമാക്കിയ ഏക ഭാഷയാണ് അറബി. ഗ്രീക്ക് ഭാഷയിലും സംസ്‌കൃതത്തിലുമുള്ള പ്രാചീനഗ്രന്ഥങ്ങള്‍ ഭാഷാന്തരം ചെയ്തു ആധുനിക ലോകത്തിനു സമ്മാനിച്ച ഭാഷ. വാസ്‌കോഡഗാമയും കൊളംബസും ലോക സഞ്ചാരത്തിനുപയോഗിച്ച ഭൂപടത്തിന്റെ ഭാഷ.
മറ്റു ഭാഷകള്‍ക്കില്ലാത്ത ധാരാളം സവിശേഷതകള്‍ അറബി ഭാഷക്കുണ്ട്. ഇതിലെ 28 അക്ഷരങ്ങളുടെ ഉച്ചാരണം സ്ഥായിയാണ്. മാറ്റമുണ്ടാകില്ല. ഇംഗ്ലീഷില്‍ ചില അക്ഷരങ്ങള്‍ പല രൂപത്തില്‍ ഉച്ചരിക്കുന്നു. ഉദാഹരണം: സി എന്ന അക്ഷരം. മലയാളത്തില്‍ 'വിചാരം' 'വിജാര' മായി വായിക്കുന്നു. നാവില്‍ കെട്ടിക്കുടുക്കുണ്ടാക്കുന്ന പദങ്ങള്‍ അറബിയിലില്ല. 'ആകുന്നു, ആയിരുന്നു, is, was' എന്നിങ്ങനെ സഹായക ക്രിയകള്‍ വേണ്ട.പദപ്രയോഗങ്ങള്‍ കുറവാണ്. ചുരുങ്ങിയ പദങ്ങള്‍ കൊണ്ട് കൂടുതല്‍ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നു. കേള്‍ക്കാന്‍ ഇമ്പവും മാധുര്യവുമുള്ള മറ്റൊരു ഭാഷ ലോകത്തില്ല.
ഭൂമുഖത്ത് മറ്റേതൊരു ഗ്രന്ഥത്തേക്കാളുമേറെ പാരായണം ചെയ്യപ്പെടുന്ന പരിശുദ്ധ ഖുര്‍ആനിന്റെ ഭാഷയാണിത്. അറബി സാഹിത്യത്തിന്റെ വളര്‍ച്ചയെ ഏറ്റവുമധികം സ്വാധീനിച്ചത് ഖുര്‍ആനാണ്. ഖുര്‍ആന്റെ തണലില്‍ വിവിധ വിജ്ഞാന ശാഖകള്‍ വളര്‍ന്നു വന്നു. ഖുര്‍ആനു ശേഷമാണ് ഗദ്യ സാഹിത്യം അറബിയില്‍ വികസിച്ചത്.
 ആഫ്രിക്കയിലും ഏഷ്യന്‍ വന്‍കരയിലും മാതൃഭാഷ മറന്ന് അറബി ഭാഷ സംസാരിക്കാന്‍ തുടങ്ങിയവരുണ്ട്. ചിലര്‍ സ്വന്തം ഭാഷ നിലനിര്‍ത്തി ലിപി അറബിയാക്കി. കാശ്മീരിയും ഉറുദുവും താജിക്കിസ്ഥാനുമൊക്കെ ഇത്തരം ഭാഷകളാണ്. കേരളക്കരയിലും മാതൃകയുണ്ട്. അറബി-മലയാളം എന്നൊരു ഭാഷതന്നെ ഇവിടെ വളരെയേറെ പ്രചരിച്ചിരുന്നു.
ലോകത്തില്‍ ഏത് ഭാഷയിലും അറബി ഭാഷയുടെ സ്വാധീനമുണ്ട്. ലോകത്തിലെ എല്ലാ വിജ്ഞാനശാഖകളും അറബിയിലൂടെ ലഭിക്കും. ഇന്ത്യയില്‍ അറബി ഭാഷക്ക് വളരെയേറെ സ്വാധീനമുണ്ടായിട്ടുണ്ട്. അതിനുദാഹരണമാണ് ഇന്ത്യയില്‍ ഒന്നര ലക്ഷത്തോളം കയ്യെഴുത്തു പ്രതികള്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ളതില്‍ 40 ശതമാനവും അറബി ഭാഷയിലാണ്. 

അറബി ഭാഷയുടെ പ്രസക്തിയേറുന്നു

          കേരളത്തില്‍ വ്യവസ്ഥാപിത രീതിയിലുള്ള അറബി ഭാഷാ പഠന പരിപാടിക്ക് ഏകദേശം ഒരു നൂറ്റാണ്ട് തികയുകയാണ്. ഇസ്‌ലാമിക പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിനും സാംസ്‌കാരിക പൈതൃകങ്ങള്‍ ഉള്‍കൊള്ളുന്നതിനും വേണ്ടിയായിരുന്നു മുഖ്യമായും കേരളത്തില്‍ അറബി ഭാഷാ പഠനപരിപാടികള്‍ തുടങ്ങിയതെങ്കിലും തൊഴില്‍പരമായും സാമൂഹികമായും വലിയ മാറ്റത്തിന്  തന്നെ അത് വഴിയൊരുക്കിയെന്നത് പില്‍കാല ചരിത്രം. പലപ്പോഴും അറബി കോളെജുകളും പള്ളി ദര്‍സുകളുമൊക്കെ കഷ്ടപ്പെട്ടാണ് വിദ്യാര്‍ഥികളെ പഠിപ്പിച്ചത്. ക്രമേണ ഔദ്യോഗിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍, കോളേജ് തലങ്ങളിലും സര്‍വകലാശാലകളിലുമൊക്കെ അറബി ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ തുടങ്ങിയതോടെ പഠന സൗകര്യങ്ങള്‍ വിപുലമായി. ഗള്‍ഫ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ തുറന്നുകിട്ടിയത് ഭാഷാ പഠനം മറ്റൊരുതലത്തിലും പ്രാധാന്യമുള്ളതാക്കി മാറ്റി.

ഭാഷകള്‍ മനുഷ്യ നാഗരികതയുടെ അടയാളങ്ങളാണ്. സംസ്‌കാരവും സ്വഭാവവും പകര്‍ന്നു നല്‍കുന്ന ഓരോ ഭാഷയും ലോകസംസ്‌കാരത്തിന്റെ പൊതുസ്വത്താണ്. അറബി ഭാഷക്ക് നിഷേധിക്കാനാവാത്ത പ്രാധാന്യം ഇസ്‌ലാമിലുണ്ടെങ്കിലും ഏതെങ്കിലും ഭാഷയെ മതവുമായോ ജാതിയുമായോ മാത്രം ബന്ധപ്പെടുത്തി വിലയിരുത്തുന്നത് തികഞ്ഞ സങ്കുചിതത്വമായിരിക്കും. തുറന്ന മനസോടെ ഓരോ ഭാഷയുടേയും സാംസ്‌കാരിക പാരമ്പര്യവും സംഭാവനകളും ഉള്‍കൊള്ളുവാനാണ് പ്രബുദ്ധ സമൂഹം ശ്രമിക്കേണ്ടത്.
ലോക ഭാഷകളില്‍ പലതുകൊണ്ടും സവിശേഷമാണ് അറബി ഭാഷ. മതപരവും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ നിരവധി മാനങ്ങളുള്ള അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
ലളിതമായും ഒഴുക്കോടെയും അനായാസം സംസാരിക്കുവാന്‍ കഴിയുന്നത് എന്നാണ് അറബി എന്ന പദത്തിന്റെ അര്‍ഥം.
കുറഞ്ഞ വാക്കുകള്‍കൊണ്ട് വിശാലമായ അര്‍ഥ വ്യാപ്തി പ്രതിഫലിപ്പിക്കുവാന്‍ കഴിയുന്ന സജീവമായ ഭാഷകളിലൊന്നാണ് അറബി.
ഭാഷാപഠനം മനസ്സിനെ നിര്‍മലമാക്കുകയും ചിന്തയുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കുകയും ഭാവനകള്‍ക്ക് ചിറക് വിരിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അറബി ഭാഷയെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ത്തും വാസ്തവമാണ്. സുതാര്യമായ അറബി സംസ്‌കാരത്തിന്റേയും ധന്യമായ അറബി പാരമ്പര്യത്തിന്റേയും വിശാലമായ ലോകത്തേക്കുള്ള കവാടം തുറക്കുന്നതോടൊപ്പം ലോകത്തെ ഒരു വലിയ വിഭാഗം ജനങ്ങളുമായും ആശയവിനിമയം നടത്തുന്നതിനും സൗഹൃദം സ്ഥാപിക്കുന്നതിനും അറബി ഭാഷ സഹായിക്കുന്നു.
ലോക ഭാഷകളില്‍ വളരെ ലളിതമായ ഭാഷകളിലൊന്നാണ് അറബി. ജാതി മത ഭേദമന്യേ ആര്‍ക്കും വേഗത്തില്‍ മനസിലാക്കുവാനും പഠിച്ചെടുക്കുവാനും കഴിയുന്ന ഭാഷയാണത്. അറബി ഭാഷയിലെ പ്രസിദ്ധമായ പല നിഘണ്ടുകളും സാഹിത്യ ചരിത്രകൃതികളുമൊക്കെ തയ്യാറാക്കിയത് അമുസ്‌ലിംകളാണ് എന്നത് ചിലര്‍ക്കെങ്കിലും ഒരു പുതിയ അറിവായിരിക്കും. അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും മതപരമായ പരിധിക്കപ്പുറത്തും പ്രസക്തമാണ് എന്ന് സൂചിപ്പിക്കുവാനാണ് ഇത്രയും പറഞ്ഞത്.  ഇരുപത്തഞ്ചോളം രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയായ അറബി ചില രാജ്യങ്ങളുടെ ദേശീയ ഭാഷയുമാണ്.
ലോകത്ത് ഏറ്റവും സ്വാധീനമുള്ള പത്തു ഭാഷകളില്‍ മുന്‍പന്തിയിലുള്ള അറബി ഭാഷ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആറ് ഔദ്യോഗിക ഭാഷകളില്‍പെട്ടതാണ്.
പാശ്ചാത്യ ലോകത്തും പൗരസ്ത്യ ദിക്കുകളിലും അറബി ഭാഷ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള തീവ്രമായ പരിശ്രമങ്ങളാണ് നടക്കുന്നത്. മതപരമായും സാമ്പത്തികമായും നയതന്ത്രതലങ്ങളിലുമൊക്കെയുള്ള താത്പര്യങ്ങള്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കരുത്തേകുന്നതായാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.
അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച്  മലയാളി ഗവേഷക
നായ ഡോ. പി സഈദ് മരക്കാര്‍  അറബി സാഹിത്യ ചരിത്രം എന്ന എന്റെ പുസ്തകത്തിന്റെ അവതാരികയില്‍ കുറിച്ച ചില സംഗതികള്‍ ഇവിടെ കുറിക്കട്ടെ : ലോക ഭാഷകളില്‍ പലതുകൊണ്ടും വ്യതിരിക്തത പുലര്‍ത്തുന്ന അറബി ഭാഷയുടെ സവിശേഷതകള്‍ നിരവധിയാണ്. നാലായിരത്തില്‍ പരം വര്‍ഷങ്ങള്‍ പഴക്കമുണ്ടായിട്ടും നൂറ്റി അമ്പതോളം തലമുറകളായി ലക്ഷോപലക്ഷം ജനവിഭാഗങ്ങള്‍ കൈകാര്യം ചെയ്തിട്ടും ശുദ്ധിക്കോ തനിമക്കോ മൗലികതക്കോ ലവലേശം പോറലേല്‍ക്കാത്ത ഏക ഭാഷ, എട്ട്, ഒന്‍പത്, പത്ത് , പതിനൊന്ന് നൂറ്റാണ്ടുകളില്‍ ഭൂമുഖത്ത് അറിയപ്പെട്ടിരുന്ന ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക ഗ്രന്ഥങ്ങളെല്ലാം അതേ കാലഘട്ടത്തില്‍ തന്നെ ലോകത്തിന് ലഭ്യമാക്കിയ ഏക ഭാഷ, ഗ്രീക്ക് ഭാഷയിലും സംസ്‌കൃതത്തിലുമുള്ള പ്രാചീന ഗ്രന്ഥങ്ങള്‍ ഭാഷാന്തരം ചെയ്ത് ആധുനിക ലോകത്തിന് സമ്മാനിച്ച പ്രായം കുറഞ്ഞ സെമിറ്റിക് ഭാഷ, ഫിലിപ്പ് ഹിറ്റിയുടെ വീക്ഷണത്തില്‍ എട്ടാം നൂറ്റാണ്ടിന്റേയും പതിമൂന്നാം നൂറ്റാണ്ടിന്റേയുമിടയില്‍ ലോക സംസ്‌കാരത്തിന്റേയും നാഗരികതയുടേയും വാഹകരായിരുന്ന അറബികളുടെ മാതൃഭാഷ, വാസ്‌കോഡി ഗാമയും കൊളമ്പസും ലോകസഞ്ചാരത്തിനുപയോഗിച്ച ഭൂപടത്തിന്റെ ഭാഷ, സൈഫറിന്റേയും ആള്‍ജിബ്രയുടേയും മാത്രമല്ല ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന അരിത്‌മെറ്റിക്‌സിന്റേയും അടിസ്ഥാന ഭാഷ, സമഗ്രവും അന്താരാഷ്ട്രീയവുമായ ഒരു സംസ്‌കാരത്തിന് അടിത്തറ പാകി മനുഷ്യകോടികളെ ഒരു ഏകീകൃത ചിന്താധാരയില്‍ പിടിച്ചുനിര്‍ത്തുവാന്‍ കഴിഞ്ഞ ഏക ഭാഷ, ഇന്നു പ്രചാരത്തിലുളള ഭാഷകളില്‍ ഭൂമി ശാസ്ത്രത്തിന്റെ അതിര്‍വരമ്പുകളെ വകവെക്കാതെ ജനകോടികളുടെ ഹൃദയങ്ങളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഭാഷ, ബ്രാഫാള്‍ട്ടിന്റെ ദൃഷ്ടിയില്‍, ‘ഭൂമുഖത്ത് മറ്റേത് ഗ്രന്ഥത്തേക്കാളുമേറെ പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആനിന്റെ ഭാഷ’, ഒരു അന്ധനായ മനുഷ്യന് പോലും ഇതരന്‍  സംസാരിക്കുന്നത് സ്ത്രീയോടോ പുരുഷനോടോ എന്ന് നിഷ്പ്രയാസം മനസ്സിലാക്കുവാന്‍ കഴിയുന്ന ഭാഷ.
ഇപ്പറഞ്ഞതും അതല്ലാത്ത മറ്റു പലതും അറബി ഭാഷയുടെ പ്രത്യേകതകളും സവിശേഷതകളുമാണെങ്കിലം വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ എന്നതാണ് ഈ ഭാഷയുടെ ഏറ്റവും വലിയ സവിശേഷത. അതിനാല്‍ ലോക ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്നോളം വരുന്ന മുസ്‌ലിംകള്‍ക്ക് ഭാഗികമായോ പൂര്‍ണമായോ ഈ ഭാഷയുമായി ബന്ധം സ്ഥാപിക്കേണ്ടി വരുന്നു.  ‘നാം ആണ് ഖുര്‍ആനിനെ അവതരിപ്പിച്ചത്, നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും’ എന്ന ദൈവിക വചനം ഈ ഭാഷക്ക് ലോകാവസാനം വരെ അതിന്റെ പവിത്രത നിലനിര്‍ത്തികൊണ്ടുള്ള അതിന്റെ സംരക്ഷണവും സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുകയാണ്. മറ്റ് വേദ ഗ്രന്ഥങ്ങള്‍ക്കൊന്നിനും ഈ പവിത്രത നിലവിലുള്ളതായി പ്രസ്തുത ഗ്രന്ഥങ്ങളുടെ അനുയായികള്‍ പോലും അവകാശപ്പെടുന്നില്ല. വില്ല്യം മൂറിന്റെ ഭാഷയില്‍ ‘പന്ത്രണ്ട് നൂറ്റാണ്ടിലധികം തനിമയും പവിത്രതയും നിലനിര്‍ത്തുവാന്‍ ഖുര്‍ആനല്ലാതെ ഈ ഭൂമുഖത്ത് മറ്റൊരു ഗ്രന്ഥത്തിനും കഴിഞ്ഞിട്ടില്ല’. (രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് വില്ല്യം മൂര്‍ ഈ പരാമര്‍ശം നടത്തിയത്.)
എന്നാല്‍ മതപരമായ പ്രാധാന്യത്തിനപ്പുറം ഗള്‍ഫ് തൊഴില്‍ മേഖലയുടെ പ്രാധാന്യം വര്‍ധിച്ചതാണ് അറബി ഭാഷയുടെ സ്വീകാര്യത പൊതുജനങ്ങളുടെയിടയില്‍ വര്‍ധിക്കുവാനുള്ള മുഖ്യ കാരണമെന്നാണ് ചില ഗവേഷകരെങ്കിലും കരുതുന്നത്. പാശ്ചാത്യലോകത്തും മൂന്നാം ലോക രാജ്യങ്ങളിലും അറബി പഠിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ധന ഈ നിലപാടുകളെ ഒരു പരിധിവരെ ശരിവെക്കുന്നതാണ്.
ഗള്‍ഫ് നാടുകളിലേക്ക് തൊഴില്‍ തേടിയുള്ള മലയാളികളുടെ യാത്രക്ക് അരനൂറ്റാണ്ടിന്റെ പഴക്കമേയുള്ളൂ. എന്നാല്‍ അറബി നാടുകളുമായി കേരളത്തിന് പതിനാല്  നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നാണ് ചരിത്ര രേഖകള്‍ പറയുന്നത്.  ഈ ബന്ധം അറബി ഭാഷയുമായും സംസ്‌കാരവുമായും അടുത്തിടപഴകുവാനും പരിചയിക്കുവാനും മലയാളികള്‍ക്ക്  സൗകര്യമൊരുക്കുകയായിരുന്നു. നൂറ് കണക്കിന് അറബി പദങ്ങള്‍ മലയാളത്തില്‍ പ്രചാരം നേടിയതും ഉപയോഗിച്ചുവരുന്നതും ഈ ബന്ധത്തിന്റെ സ്വാധീനഫലമാണ്.
അറബി ഭാഷയുമായും സംസ്‌കാരവുമായും നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ ഭാഗ്യം ലഭിച്ച മലയാളിസമൂഹത്തിന്റെ സുപ്രധാനമായ തൊഴില്‍ മേഖലയായി ഗള്‍ഫ് മാറിയതോടെയാണ് കേരളീയ ജീവിതത്തിന്റെ രൂപഭാവങ്ങള്‍ മാറിയത്. ഗള്‍ഫ് മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് വിവിധ രംഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്.
ഗള്‍ഫ് നാടുകളിലെ തൊഴില്‍ രംഗത്ത് കാതലായ മാറ്റങ്ങളാണ്  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംഭവിക്കുന്നത്. സ്വദേശിവല്‍ക്കരണം മിക്കവാറും എല്ലാ രാജ്യങ്ങളും ഊര്‍ജിതമായി നടപ്പാക്കിവരുന്നു. വിദേശി തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറക്കുന്നതിനുള്ള നടപടികളാണ് എങ്ങും സജീവമായി കാണുന്നത്.
ഇതോടെ അറബി ഭാഷയുടെ  തൊഴില്‍പരമായ പ്രാധാന്യം പതിന്മടങ്ങ് വര്‍ധിക്കുകയാണ്. അറബി ഭാഷ അറിയുന്നവരേയും മനസിലാക്കുന്നവരേയും നിയമിക്കുവാനും നിലനിര്‍ത്തുവാനുമാണ് മിക്ക കമ്പനികളും താത്പര്യം കാണിക്കുന്നത്. മലയാളികളുടെ സുപ്രധാനമായ തൊഴില്‍ മേഖല എന്ന നിലക്ക് ഗള്‍ഫിന്റെ പ്രാധാന്യം നിലനില്‍ക്കുന്നേടത്തോളം ഭാഷാ പരിജ്ഞാനം നേടാനുള്ള ശ്രമങ്ങളും സംരംഭങ്ങളും വരും ദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജിതമാകുമെന്ന് വേണം കരുതാന്‍.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 

🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?* 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...