Monday, April 13, 2020

3. ഇസ് ലാമിക ചരിത്രം: ഉത്ഥാന-പതനങ്ങള്‍.! -മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


ഇസ് ലാമിക ചരിത്രം: ഉത്ഥാന-പതനങ്ങള്‍.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
https://swahabainfo.blogspot.com/2020/04/3.html?spref=tw
ചരിത്രകാരന്‍മാരെ പരിഭ്രമിപ്പിച്ച സമസ്യ: 
വിനാശകരമായ ബലഹീനതയ്ക്കു ശേഷമുണ്ടായ അജയ്യമായ ഈ ശക്തിയും ആശ്ചര്യജനകമായ ആലസ്യത്തിനു ശേഷമുണ്ടായ അസാധാരണമായ ഈ ഊര്‍ജ്ജസ്വലതയും അഗാധനിദ്രയ്ക്കു ശേഷമുണ്ടായ വേഗത നിറഞ്ഞ ഈ ഉണര്‍വ്വും ചരിത്രത്തിലെ ഏറ്റവും കുഴഞ്ഞ ഒരു സമസ്യയാണ്. മനുഷ്യ ചരിത്രത്തില്‍ അരങ്ങേറിയ അത്ഭുത സംഭവങ്ങളില്‍ അത്യത്ഭുതമാണീ സംഭവമെന്ന കാര്യത്തില്‍ ചരിത്രപണ്ഡിതര്‍ ഏകോപിച്ചിരിക്കുന്നു, അവയില്‍ ചിലത് ശ്രദ്ധിക്കുക: 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
ചരിത്ര രചയിതാവായ ഗിബ്ബന്‍ പറയുന്നു: 'റോമിലെ അഗസ്തിന്‍റെയും, പേര്‍ഷ്യയിലെ ഇസ്തഘ്റിന്‍റെയും പിന്‍ഗാമികള്‍ക്കെതിരില്‍ അറബികള്‍ ആഞ്ഞടിച്ചു. പരസ്പരം മത്സരിച്ചുകൊണ്ടിരുന്ന രണ്ട് വന്‍ ശക്തികളും പൊതു ശത്രുവിനെതിരില്‍ ഒന്നായി നേരിട്ടെങ്കിലും ഉമറിന്‍റെ ഭരണകാലത്ത് പത്ത് വര്‍ഷത്തിനുള്ളില്‍ അറബികള്‍ മുപ്പത്തിആറായിരം പട്ടണങ്ങള്‍ പിടിച്ചടക്കി. അമുസ്ലിംകളുടെ നാലായിരം പള്ളികള്‍ തകര്‍ത്തു. പതിനാലായിരം മുസ്ലിം പള്ളികള്‍ സ്ഥാപിച്ചു. ഹിജ്റ ഒന്നാം നൂറ്റാണ്ടിനകം തന്നെ. മുഹമ്മദിന്‍റെ അനുഗാമികളുടെ അധികാര മേഖല ഇന്ത്യ മുതല്‍ അത്ലാന്‍റിക് സമുദ്രം വരെ വ്യാപിച്ചു. പേര്‍ഷ്യ, സിറിയ, ഈജിപ്റ്റ്, ആഫ്രിക്ക, സ്പെയിന്‍ തുടങ്ങിയ വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ ഇസ്ലാമിന്‍റെ വെന്നിക്കൊടി പാറിപ്പറന്നു. (റോമന്‍ അധഃപതനം: 5-474, 475) 
അമേരിക്കക്കാരനായ സ്റ്റുഡര്‍ട്ട് എഴുതുന്നു: 
മാനവ ചരിത്രങ്ങളില്‍ ഏറ്റവും അത്ഭുതം നിറഞ്ഞ ഒറ്റപ്പെട്ട ചരിത്രമാണ് ഇസ്ലാമിക ചരിത്രം. പ്രാദേശികമായി അധഃപതിച്ച ഒരു നാട്ടിലും സാമൂഹ്യമായി തകര്‍ന്ന ഒരു സമൂഹത്തിലുമാണ് ഇസ്ലാം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് പത്ത് ദശാബ്ദങ്ങള്‍ക്കുള്ളില്‍, ലോകത്തിന്‍റെ പകുതി ഭാഗങ്ങളില്‍ പരന്ന് കിടക്കുന്ന പ്രവിശാലവും സുശക്തവുമായ ഭരണകൂടങ്ങളെ അവര്‍ തകിടം മറിച്ചു. സര്‍വ്വ വ്യാപകമായ മതങ്ങളെ തറ പറ്റിച്ചു. സമൂഹങ്ങളുടെ അവസ്ഥകള്‍ മാററിത്തിരുത്തി. വളവുതിരിവുകളില്ലാത്ത ഒരു നവലോകം പടുത്തുയര്‍ത്തി. അതെ, ഇസ്ലാമിക ലോകം". 
ഇസ്ലാമിന്‍റെ മുന്നേറ്റത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള പഠന-നിരൂപണങ്ങള്‍ അധികരിക്കുമ്പോഴെല്ലാം നമ്മുടെ ആശ്ചര്യം അധികരിച്ചുകൊണ്ടിരിക്കും. പതുക്കെ സഞ്ചരിച്ചുകൊണ്ടിരുന്ന ലോക മതങ്ങള്‍ക്ക് വേഗതയും മുന്നേറ്റവും ലഭിച്ചത് ചില പ്രത്യേക ഭരണാധികാരികളിലൂടെയാണ്. ക്രിസ്ത്യാനിയായ കോണ്‍സ്റ്റാന്‍റിനോപ്പാളും, ബുദ്ധമതക്കാരനായ അശോകനും അതിന് ഉത്തമോദാഹരണങ്ങളാണ്. എന്നാല്‍ ഇസ്ലാമിന്‍റെ കാര്യം അങ്ങനെയല്ല. ഒരു മണലാരണ്യത്തിലായിരുന്നു അതിന്‍റെ തുടക്കം. കുറെ ഗോത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആ നാടിന് ചരിത്രത്തില്‍ പ്രത്യേക സ്ഥാനമൊന്നുമില്ലായിരുന്നു. 'എന്നാല്‍ അവിടെ വെച്ച് തുടക്കം കുറിക്കപ്പെട്ട ഇസ്ലാം കടുകടുത്ത കടമ്പകളെ അത്ഭുതാവഹമായ നിലയില്‍ മുറിച്ച് കടന്ന് മുന്നേറി. അങ്ങനെ രണ്ട് നൂററാണ്ടുകള്‍ക്കകം ഏഷ്യാ ഭൂഖണ്ഠത്തിന്‍റെ മദ്ധ്യം മുതല്‍ ആഫിക്കന്‍ ഭൂഖണ്ഡത്തിന്‍റെ മദ്ധ്യം വരെ ഇസ്ലാമിന്‍റെ പതാക ഉയര്‍ന്നു.
(ഹാളിറുല്‍ ആലമില്‍ ഇസ്ലാമി-1) 
സമകാലിക ചരിത്രകാരനായ എച്ച്. എല്‍. ഫിഷര്‍ എഴുതുന്നു: 
അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിന് മുമ്പ് ഏതെങ്കിലും അറേബ്യന്‍ ഭരണകൂടത്തിന്‍റെ ആധിപത്യമോ സുസജ്ജമായ സൈന്യമോ രാഷ്ട്രീയ ശക്തിയോ ഉണ്ടായിരുന്നില്ല. കല്‍പിതകവികളും പരസ്പരം പോരടിക്കുന്നവരും കച്ചവടക്കാരുമായിരുന്നു അറബികള്‍. അവര്‍ രാഷ്ട്രീയക്കാരല്ലായിരുന്നു. അവരുടെ ഐക്യത്തിനും കെട്ടുറപ്പിനും നിമിത്തമാകുന്ന പ്രേരക വസ്തുക്കളൊന്നും ലഭിക്കാതിരുന്ന അവര്‍ ബഹുദൈവാരാധനയില്‍ മുങ്ങിക്കിടന്നിരുന്നു. 
അപ്രശസ്തരും സംസ്കാര ശൂന്യരുമായിരുന്ന ഈ അറബികളാണ് ഒരു നൂറ്റാണ്ടിനുള്ളില്‍ ലോകത്തെ വന്‍ ശക്തിയായി മാറിയത്. അവര്‍ സിറിയയും, ഈജിപ്റ്റും കീഴടക്കി. പേര്‍ഷ്യയെ തറപറ്റിച്ചു. പടിഞ്ഞാറന്‍ തുര്‍ക്കിയിലും പഞ്ചാബിലൊരു ഭാഗത്തും ആധിപത്യം സ്ഥാപിച്ചു. ബെസന്‍റീനിയന്‍-ബര്‍ബര്‍ വംശജരില്‍ നിന്നും ആഫ്രിക്ക പിടിച്ചടക്കി. 
പടിഞ്ഞാറും ഫ്രാന്‍സിനും, കിഴക്ക് കോസ്റ്റിന്‍റനോപ്പോളിനും മുന്നറിയിപ്പു നല്‍കി. അലക്സാന്‍ട്രിയയിലും സിറിയയിലും അവരുടെ കപ്പലുകള്‍ സഞ്ചരിച്ചു. ഗ്രീക്ക് ദ്വീപുകള്‍ അവര്‍ തൂത്തുവാരി. ബൈസന്‍റീനിയന്‍ രാജവംശത്തിന്‍റെ കപ്പല്‍പ്പടയെ അവര്‍ വെല്ലുവിളിച്ചു. പേര്‍ഷ്യക്കാരും അത്ലസ് മലയിടുക്കുകളിലെ ബര്‍ബര്‍ വംശജരും മാത്രമാണ് അവരെ നേരിടാന്‍ സന്നദ്ധരായത്. വഴികള്‍ വളരെ സരളമായി മുറിച്ചുകടന്ന അവര്‍ ക്രിസ്താബ്ദം 8-ാം ശതകത്തിന്‍റെ തുടക്കത്തില്‍ ലോകത്തെ ഏറ്റം വലിയ ശക്തിയായി മാറി. അവരുടെ വിജയമുന്നേറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. (H. L. FISHER: A History of Europe: 137-138)
കമ്യൂണിസ്റ്റ് ചിന്തകനായ എം. എന്‍. റോയ് എഴുതുന്നു:
"മതാവേശം ബാധിച്ച് അറേബ്യന്‍ ഉപഭൂഗണ്ഡത്തില്‍ നിന്നും ഇറങ്ങിത്തിരിച്ച ചെറിയ ചെറിയ ഒട്ടക സംഘക്കാര്‍, പണ്ടുമുതല്‍ക്കേ നിലനില്‍ക്കുന്ന രണ്ട് വന്‍ ശക്തികളെ ജയിച്ചടക്കിയ ആശ്ചര്യജനകമായ വേഗതയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മനുഷ്യന്‍ അന്തം വിട്ടന്ധാളിച്ച് പോകും. മുഹമ്മദിന്‍റെ നിയോഗം കഴിഞ്ഞ് അര നൂറ്റാണ്ട് പിന്നിടുന്നതിന് മുമ്പ് തന്നെ, അദ്ദേഹത്തിന്‍റെ അനുഗാമികള്‍ ഒരുഭാഗത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലും മറുഭാഗത്ത് അത്ലാന്‍റിക് സമുദ്ര തീരത്തും ജയപതാക നാട്ടി. വേഗതയുള്ള ഒട്ടകം അഞ്ച് മാസം സഞ്ചരിച്ചാലും മുറിച്ച് കടക്കാന്‍ സാധിക്കാത്ത ഒരു സാമ്രാജ്യമാണ് ദമാസ്കസിലെ പ്രഥമ ഘലീഫമാര്‍ ഭരിച്ചിരുന്നത്. അങ്ങനെ ഹിജ്റ ഒന്നാം ശതകം കഴിയുന്നതിന് മുമ്പ് തന്നെ മുസ്ലിം ഘലീഫമാര്‍ ലോകത്തെ വന്‍ ശക്തിയായി മാറി. 
ഓരോ പ്രവാചകരും തങ്ങളുടെ സത്യത സമര്‍ത്ഥിക്കാന്‍ എന്തെങ്കിലും അമാനുഷിക കാര്യങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ നബിമാരില്‍ സര്‍വ്വ സമുന്നതന്‍ മുഹമ്മദ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) തന്നെയാണ്. കാരണം അത്ഭുതം നിറഞ്ഞതും അസംഭവ്യവുമായ ഇസ്ലാമിക പ്രചാരണം പ്രവാചകരഖിലത്തിന്‍റെയും അമാനുഷിക കാര്യങ്ങളില്‍ അതി മഹത്തരമാണ്. ഏഴ് നൂറ്റാണ്ട് കാലത്തെ മുന്നേറ്റത്തിന്‍റെ ഫലമാണ് റോമയിലെ അഗസ്തിന്‍ രാജവംശം. എന്നാല്‍ ഒരു നൂറ്റാണ്ട് കൊണ്ട് ഉണ്ടായ അറേബ്യന്‍ രാഷ്ട്രത്തോട് അത് തുല്യത പ്രാപിച്ചിട്ടില്ല. റോമന്‍ രാജവംശത്തോട് ഏതാണ്ട് ആയിരം വര്‍ഷം എതിര്‍ത്തു നിന്ന പേര്‍ഷ്യന്‍ രാജവംശം, പത്തു വര്‍ഷത്തിനുള്ളില്‍ 'സൈഫുല്ലാഹി"യുടെ മുമ്പില്‍ മുട്ടുകുത്തി" (M. N. Roy: HISTORICAL ROLE OF ISLAM- 4-5-6-7) 

സമസ്യ പൂരണം 
ഇസ്ലാമിക മുന്നേറ്റമെന്ന ആശ്ചര്യജനകമായ ഈ സമസ്യ വൈജ്ഞാനികമായി പൂരിപ്പിക്കാനും ഇതിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കാനും ഇനി നമുക്ക് ശ്രമിക്കാം. ഒരു രാഷ്ട്രവും അവിടുത്തെ സൈന്യവും മറ്റൊരു രാഷ്ട്രത്തെ അതിജയിക്കാന്‍ കാരണം സര്‍വ്വ സാധാരണമായി എണ്ണത്തിലും വണ്ണത്തിലും ആയുധ സൈന്യസജ്ജീകരണത്തിലും യുദ്ധപരിജ്ഞാനത്തിലും മികയ്ക്കുക എന്നതാണല്ലോ. ആകയാല്‍ ഇവ ഓരോന്നിനെയും വെവ്വേറെ ഇവിടെ വിവരിക്കുകയാണ്. 
ആള്‍ ബലം: അതിപ്രധാനവും വിധിനിര്‍ണ്ണായകവുമായ പോരാട്ടങ്ങളില്‍ മുസ്ലിംകളുടെയും ശത്രുപക്ഷത്തിന്‍റെയും പടയാളികള്‍ക്കിടയിലുള്ള അന്തരം സുപ്രസിദ്ധമാണ്. റോമന്‍-പേര്‍ഷ്യന്‍ സൈന്യങ്ങള്‍ പല യുദ്ധങ്ങളിലും മുസ്ലിം സൈന്യത്തെക്കാള്‍ പല മടങ്ങ് അധികരിച്ചവരായിരുന്നു. 'യര്‍മൂഖ് യുദ്ധത്തില്‍ അണിനിരന്ന റോമന്‍ സൈന്യത്തിന്‍റെ എണ്ണം വിവരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഏറ്റം കുറഞ്ഞ എണ്ണം കുറിക്കുന്ന റിപ്പോര്‍ട്ടിലുള്ളത് ഒരു ലക്ഷത്തി ഇരുപതിനായിരം എന്നാണ്. മുസ്ലിംകളെക്കുറിച്ച് ഏറ്റം കൂടിയ എണ്ണം വിവരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത് ഇരുപത്തിനാലായിരം മാത്രമാണ്. 
യര്‍മൂഖ് യുദ്ധം പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഇറാഖിലെ ഖാദിസിയ്യാ യുദ്ധത്തിന്‍റെ കാര്യവും ഇത് തന്നെ. മുസ്ലിം സേനാംഗങ്ങളുടെ കുറവും റോമന്‍ പേര്‍ഷ്യന്‍ സേനാംഗങ്ങളുടെ പെരുപ്പവും ചരിത്രകാരന്മാര്‍ സമ്മതിച്ച വസ്തുതയാണ്. അത്ഭുതം നിറഞ്ഞ ഇസ്ലാമിക വിജയത്തിന്‍റെ വിജയകാരണം സേനാംഗങ്ങളുടെ പെരുപ്പമാണെന്ന് ആരും പറഞ്ഞിട്ടില്ല. പാശ്ചാത്യ ചരിത്രകാരന്മാരായ ക്രിസ്റ്റഫര്‍, ബിലാതോനോഫ് എന്നിവര്‍ പറയുന്നു: "അറേബ്യന്‍ ഭൂഖണ്ഡത്തില്‍ നിന്ന് ഇറങ്ങിത്തിരിച്ച് വന്‍നഗരങ്ങള്‍ പിടിച്ചടക്കി മുന്നേറിയ അറബികള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത ജന മഹാസമുദ്രമല്ല. യര്‍മൂഖില്‍ പങ്കെടുത്ത ആദ്യ സേനാംഗങ്ങളുടെ എണ്ണം മൂവായിരമായിരുന്നു. പിന്നീട് ഏഴായിരത്തി അഞ്ഞൂറ് പേരെ കൂടി ഘലീഫ അയച്ചുകൊടുത്തു. അവസാനം വന്നവരെയും കൂടി കൂട്ടിയാല്‍ മുപ്പതിനാലായിരം പേരായിരുന്നു. എന്നാല്‍ റോമന്‍ സൈന്യത്തിന്‍റെ എണ്ണത്തെക്കുറിച്ച് ഒരു ലക്ഷമെന്നും ഒരു ലക്ഷത്തിമുപ്പതിനായിരമെന്നും രണ്ട് ലക്ഷമെന്നും അഭിപ്രായമുണ്ട്. എന്തായാലും അറബികളുടെ ശത്രുപക്ഷത്തിനായിരുന്നു കൂടുതല്‍ പടയാളികള്‍ എന്നതില്‍ ആര്‍ക്കും പക്ഷാന്തരമില്ല. പേര്‍ഷ്യയുമായുള്ള പോരാട്ടങ്ങളിലും സ്ഥിതി ഇത് തന്നെയായിരുന്നു. (ഉദ്ധരണി; ഹാളിറുല്‍ ആലമില്‍ ഇസ്ലാമി: 1-39) 
പ്രവിശാലമായ അറേബ്യന്‍ ഉപഭൂഖണ്ഡം ഭൂരിഭാഗവും ജനവാസ ശൂന്യവും മണല്‍ കാടുകളും വറ്റിവരണ്ട നിലങ്ങളുമാണ്. എന്നാല്‍ മുസ്ലിംകള്‍ പടയോട്ടം നടത്തിയ നാടുകള്‍ ഫലഭൂയിഷ്ടവും സമ്പല്‍സമൃദ്ധവും ജനവാസ കേന്ദ്രങ്ങളുമായിരുന്നു. ലോകത്തിന്‍റെ നാനാ ഭാഗത്ത് നിന്നും തേനരുവികളും പാലാറുകളും ഒഴുകി എത്തിക്കൊണ്ടിരുന്ന ആ നാടുകള്‍ സൈന്യബലത്തില്‍ വളരെ മികച്ചിരുന്നു. സമുദ്രത്തില്‍ മുളച്ചുപൊന്തിയ ഒരു കുമിള പോലെയായിരുന്നു അറബികളുടെ അവസ്ഥ. സഹായികളും സഹകാരികളുമില്ലാത്ത പട്ടിണി പാവങ്ങള്‍.! ചുരുക്കത്തില്‍, പകുതി ലോകം വ്യാപിച്ചു കിടക്കുന്ന റോമന്‍-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ നേരിടാന്‍ അറബികള്‍ ആകമാനം ഇറങ്ങിത്തിരിച്ചാല്‍പ്പോലും വിജയം അസാദ്ധ്യമായിരുന്നു. 
ആയുധ ബലം : ഇനി ആയുധ-സാധന സാമഗ്രികളിലോ.? അറബികള്‍ അതിലും പരമ ദരിദ്രരായിരുന്നു. ഭരണകൂടത്തിന്‍റെ കീഴില്‍ സര്‍വ്വായുധ സജ്ജരായ ഒരു സൈന്യവ്യൂഹം അവര്‍ക്കില്ലായിരുന്നു. അല്ലാഹുവിന്‍റെ പാതയില്‍ പരിശ്രമിക്കാനുള്ള ആവേശവും പ്രതിഫലേച്ഛയും നിമിത്തം ഇറങ്ങിത്തിരിച്ചവരായിരുന്നു അവര്‍. വാഹനം കിട്ടാതെ മടങ്ങിപ്പോവുകയും സങ്കടപ്പെടുകയും ചെയ്തവര്‍ അവരിലുണ്ട്. അവരെക്കുറിച്ചാണ് ഈ സൂക്തം ഇറങ്ങിയത്: 'യുദ്ധത്തിന് പുറപ്പെടാത്തതില്‍ ഒരു കൂട്ടര്‍ക്കും കുറ്റമില്ല. അവരെ താങ്കള്‍ വാഹനത്തില്‍ കയറ്റി വിടുന്നതിനായി അവര്‍ താങ്കളുടെ അടുത്ത് വന്നപ്പോള്‍ താങ്കള്‍ പറഞ്ഞു: നിങ്ങളെ കയറ്റി വിടുന്നതിന് വാഹനമൊന്നും ഞാന്‍ കാണുന്നില്ല. അപ്പോള്‍ അവര്‍ക്ക് ചിലവ് ചെയ്യാന്‍ ഒന്നുമില്ലല്ലോ എന്ന ദുഖഃത്താല്‍ കണ്ണീര്‍ നിറഞ്ഞൊഴുകുന്ന നയനങ്ങളോടെ അവര്‍ തിരിച്ചുപോകുന്നു". (സൂറ: തൗബ: 92) 
മുസ്ലിംകളുടെ അവസ്ഥകണ്ട് റോമന്‍-പേര്‍ഷ്യന്‍ പട്ടാളക്കാര്‍ പലപ്പോഴും പൊട്ടിച്ചിരിച്ചിട്ടുണ്ട്. ഖാദിസിയ്യ യുദ്ധത്തില്‍ പങ്കെടുത്ത അബൂവാഇല്‍ പറയുന്നു: മുസ്ലിംകളെ കണ്ടപ്പോള്‍ പേര്‍ഷ്യന്‍ പട്ടാളക്കാര്‍ വിളി ച്ചുപറഞ്ഞു: "യാതൊരു ശക്തിയും ശേഷിയും ആയുധ സാമഗ്രികളുമില്ലാത്ത നിങ്ങള്‍ എന്തിനാണ് വന്നത്. മടങ്ങിപ്പോവുക. ഞങ്ങള്‍ (മുസ്ലിംകള്‍) പറഞ്ഞു: ഞങ്ങള്‍ മടങ്ങാന്‍ വന്നവരല്ല", ഞങ്ങളുടെ വസ്ത്രങ്ങളെ നോക്കി അവര്‍ ചിരിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. (അല്‍ബിദായ; 7-40) 
ഇബ്നു കസീര്‍ പറയുന്നു: കിസ്റയെ അല്ലാഹുവിലേക്ക് ക്ഷണിക്കാന്‍ സഅദ് (റ) കുറച്ച് പേരെ അയച്ചു. അവര്‍ കൊട്ടാരത്തില്‍ ചെന്ന് അനുവാദം ചോദിച്ചു. അവര്‍ക്ക് അനുവാദം നല്‍കപ്പെട്ടു. അവരുടെ കോലം കാണുവാന്‍ നാട്ടുകാരഖിലം തടിച്ചു കൂടി. തോളുകളിലിട്ട മേല്‍മുണ്ടുകളും കയ്യിലുള്ള ചാട്ടകളും കാലിലണിഞ്ഞ ചെരുപ്പുകളും ബലഹീനമായ കുതിരകളും കണ്ട് അങ്ങേയറ്റം അത്ഭുതത്തോടെ അവര്‍ ചോദിച്ചു. "എണ്ണത്തിലും വണ്ണത്തിലും ഉയര്‍ന്ന ഒരു കൂട്ടരെ ഇത്തരം ആളുകള്‍ എങ്ങിനെ നേരിടാനാണ്.? (അല്‍ബിദായ: 7-41) 
മാക്സ് മായുര്‍ഹോഫ് എഴുതുന്നു: ആവശ്യമായ ആള്‍ബലമോ സാധന സാമഗ്രികളോ ഇല്ലാത്ത ഈ അറബികള്‍ എണ്ണത്തിലും വണ്ണത്തിലും തങ്ങളെക്കാള്‍ പല മടങ്ങ് ഉയര്‍ന്ന സര്‍വ്വായുധ സജ്ജരായ റോമന്‍-പേര്‍ഷ്യന്‍ സൈന്യങ്ങളെ വളരെ കുറഞ്ഞ സമയത്തില്‍ എങ്ങിനെ ജയിച്ചടക്കി എന്നത് മനസ്സിലാക്കാന്‍ വലിയ പ്രയാസമുണ്ട്." (ഉദ്ധരണി; ഹാളിറുല്‍ ആലമില്‍ ഇസ്ലാമി: 1-39) 
യുദ്ധ നൈപുണ്യം. മുസ്ലിം വിജയകാരണമായി ചില യൂറോപ്പ്യര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യമുണ്ട്; അക്കാലഘട്ടത്തില്‍ റോമന്‍-പേര്‍ഷ്യന്‍ പടയാളികളെക്കാള്‍ യുദ്ധ നൈപുണ്യത്തില്‍ ഉന്നതരായിരുന്നു അറബികള്‍. ചിട്ട, പരിശീലനം, സൈനിക സജ്ജീകരണം, നേതൃത്വത്തെ അനുസരിക്കല്‍ എന്നീ വിഷയങ്ങളില്‍ അവര്‍ ശത്രുപക്ഷത്തെക്കാള്‍ വളരെ മികച്ചിരുന്നു. അറബികളുടെ യുദ്ധ വീര്യവും കൊലയും കൊള്ളയും നടത്താനുള്ള ഭ്രമവും ജാഹിലിയ്യാ യുഗത്തിലെ സൈനിക ജീവിതവുമാണ് അവരുടെ വിജയ രഹസ്യം.! മുന്‍കഴിഞ്ഞ കാര്യങ്ങളെക്കാള്‍ സത്യത അനുഭവപ്പെടുന്ന ഒരു ന്യായീകരണമാണിത്. 
എന്നാല്‍ ചരിത്രത്തിന്‍റെ വെളിച്ചത്തില്‍ ഇതേ കുറിച്ച് പഠനം നടത്തിയാല്‍ പ്രസ്തുത യൂറോപ്പ്യന്‍ ചരിത്ര കാരന്‍മാര്‍ക്ക് പറ്റിയ ഒരു മഹാ അബന്ധമാണിതെന്ന് വ്യക്തമാകും. ചിലപ്പോള്‍ കാര്യം ഗ്രഹിക്കുന്നവരും മറ്റു ചിലപ്പോള്‍ കാര്യം ഗ്രഹിക്കാത്തവരുമാണല്ലോ അവര്‍.! 
റോമന്‍-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ യുദ്ധനൈപുണ്യം മദ്ധ്യകാല ചരിത്രകാരന്മാരെല്ലാം അംഗീകരിച്ച കാര്യമാണ്. കൃസ്താബ്ദം ഏഴാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ബെസന്‍റീനിയന്‍ രാജവംശം വിജയത്തിന്‍റെ ഗിരിശൃംഖത്തിലെത്തിയിരുന്നു. റോമക്കാര്‍ പേര്‍ഷ്യക്കാര്‍ക്കെതിരില്‍ ആഞ്ഞടിച്ചത് അന്നാണ്. അങ്ങനെ കുര്‍ദ് മലകളും യൂഫ്രട്ടീസ് നദിയും മുറിച്ച് കടന്ന് ഹിര്‍ഖല്‍ ജൈത്രയാത്ര തുടര്‍ന്നു. സാബാത്ത്, നൈനവാ എന്നീ അതിഭയാനക യുദ്ധങ്ങള്‍ക്ക് ശേഷം മദാഇനിലേക്ക് മുന്നേറി, റോമന്‍ വിജയപതാക പേര്‍ഷ്യയുടെ നെഞ്ചത്ത് നാട്ടി. കൃസ്താബ്ദം 625-ലാണ് ഈ സംഭവങ്ങള്‍ നടന്നത്. അതായത് മുസ്ലിംകള്‍ സിറിയയിലേക്ക് പടയോട്ടം നടത്തുന്നതിന് കേവലം പന്ത്രണ്ട് വര്‍ഷം മുമ്പ്. 
കൃസ്താബ്ദം 603-ന് ആരംഭിച്ച ഘോരമായ ഈ യുദ്ധങ്ങള്‍ ഇരുകൂട്ടര്‍ക്കും (റോം-പേര്‍ഷ്യ) നിരവധി യുദ്ധ പാഠങ്ങള്‍ നല്‍കി. അനവധി നൂതന രീതികള്‍ ഇവയില്‍ നിന്നും ഇരു കൂട്ടരും സമ്പാദിച്ചു. മദ്ധ്യനൂറ്റാണ്ടിലെ കുരിശ് യുദ്ധങ്ങളില്‍ നടന്നതുപോലെ ഓരോരുത്തരും അപരനില്‍ നിന്നും അഭ്യാസങ്ങള്‍ പഠിച്ചു. 
യുദ്ധ നൈപുണ്യത്തില്‍ അറബികളെക്കാള്‍ റോമക്കാര്‍ വളരെ മുന്നിലായിരുന്നുവെന്ന കാര്യം പ്രസിദ്ധ റോമന്‍ ചരിത്രകാരന്‍ ഗിബ്ബന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. (റോമന്‍ ചരിത്രം : 5-478) 
അറബികള്‍ക്കിടയില്‍ നിരന്തരമായി നിലനിന്നിരുന്ന ആഭ്യന്തര-വംശീയ സംഘട്ടനങ്ങളില്‍ കൂടി അവര്‍ക്ക് ലഭിച്ചിരുന്ന പരിശീലനത്തെ നാം നിഷേധിക്കുന്നില്ല. പക്ഷെ രണ്ട് വന്‍ സാമ്രാജ്യങ്ങളെ ജയിച്ചടക്കാന്‍ പറ്റിയ പാഠങ്ങളൊന്നും നല്‍കാന്‍ പര്യാപ്തമായിരുന്നില്ല പ്രസ്തുത ആഭ്യന്തര കലഹങ്ങള്‍. കാര്യമിങ്ങനെയല്ലെങ്കില്‍ പിന്നെന്തുകൊണ്ടാണ് ഇസ്ലാമിന് മുമ്പ് ദക്ഷിണ അറേബ്യയിലെ ജനങ്ങള്‍ എതോപ്യയ്ക്കും പേര്‍ഷ്യയ്ക്കും അടിയറവ് പറഞ്ഞത്.? അബ്റഹത്തിന്‍റെ പട്ടാളത്തിന് മുന്നില്‍ നിശ്ചലരായി നിന്നത്.? തങ്ങളുടെ നാട്ടില്‍ നിന്ന് ഇറങ്ങിത്തിരിച്ച് ഇതര ദേശങ്ങളെ കീഴടക്കാതിരുന്നത്.? മുഹമ്മദീ നിയോഗാനന്തരം ഒട്ടും വൈകാതെ അവര്‍ നടത്തിയതുപോലെ മുന്‍പ് അവര്‍ റോമന്‍-പേര്‍ഷ്യന്‍ സാമ്രാജ്യത്തിനെതിരെ പടയോട്ടം നടത്താതിരുന്നത് എന്തുകൊണ്ടാണ്.? സുപ്രസിദ്ധ താബിഇയായ ഖതാദയുടെ വാക്കുകളില്‍ "പേര്‍ഷ്യന്‍--റോം എന്നീ രണ്ട് സിംഹങ്ങള്‍ക്കിടയില്‍ ബന്ധനസ്ഥരായ നിലയില്‍" നൂററാണ്ടുകളോളം അവര്‍ കഴിഞ്ഞ് കൂടിയതെന്തിനാണ്.? 
എന്നാല്‍ അറബികളുടെ അച്ചടക്കത്തെയും അനുസരണയേയും കുറിച്ചുള്ള അഭിപ്രായം ശരിയാണ്. പക്ഷെ ഇവ രണ്ടും കേവലം സൈനിക ശിക്ഷണം കൊണ്ട് ലഭിക്കുന്ന യാന്ത്രിക കാര്യമല്ല. റോമന്‍-പേര്‍ഷ്യന്‍ സേനാംഗങ്ങള്‍ നിര്‍ണ്ണായക ഘട്ടങ്ങളില്‍ പോലും പിന്തിരിഞ്ഞോടിയിരുന്നതായി ആധികാരിക ചരിത്ര ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്. അവര്‍ യുദ്ധരംഗങ്ങളില്‍ നിന്ന് പിന്തിരിഞ്ഞോടാതിരിക്കാന്‍ വലിയ കിടങ്ങുകള്‍ കുഴിക്കപ്പെട്ടിരുന്നിട്ടും അവയ്ക്ക് അവരെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലത്രേ.! 
ചുരുക്കത്തില്‍, അടിയുറപ്പിന്‍റെയും അച്ചടക്കത്തിന്‍റെയും ആത്മ സമര്‍പ്പണത്തിന്‍റെയും ആത്മാവ്, യുദ്ധത്തിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളിലാണ് നില കൊള്ളുന്നത്. ഇതുതന്നെയാണ് ചരിത്ര രചയിതാക്കള്‍ അന്തംവിട്ട് അന്ധാളിക്കാന്‍ നിമിത്തമായ ശക്തിയുടെ ഉറവിടം.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...