Wednesday, April 22, 2020

07. ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ജീവ ചരിത്രം.! -മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ 
ജീവ ചരിത്രം.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/04/07_11.html?spref=tw 
അദ്ധ്യായം 02 
ജനനം മുതല്‍ പഠനപൂര്‍ത്തീകരണം വരെ: 
ജനനവും ബാല്യവും.! 
മുമ്പ് സൂചിപ്പിച്ചത് പോലെ  മൗലാനാ മുഹമ്മദ് യഹ് യ (റ) യുടെ വിവാഹം ഹാഫിസ് യൂസുഫ് സാഹിബിന്‍റെ മകളുമായാണ് നടന്നത്. ഹസ്രത്ത് ശൈഖുല്‍ ഹദീസ് അവരുടെ പുത്രനായി ഹി: 1315 റമദാന്‍ പതിനൊന്നിനാണ് ജനിച്ചത്.  ജനന സമയത്ത് കുഞ്ഞിന്‍റെ പിതാമഹന്‍ മൗലാനാ മുഹമ്മദ് ഇസ്മാഈല്‍ നിസാമുദ്ദീനിലായിരുന്നു. പൗത്രന്‍റെ ജനനവാര്‍ത്ത കേട്ട ഉടനെ നമ്മുടെ പകരക്കാരന്‍ വന്നു കഴിഞ്ഞു എന്നു മൊഴിഞ്ഞ മഹാനവര്‍കള്‍ ആ റമദാനില്‍ തന്നെ ദുന്‍യാവിനോട് വിട പറഞ്ഞു.
പിതാവ് മൗലാനാ മുഹമ്മദ് യഹ്യയുടെ മേല്‍നോട്ടത്തില്‍ ഏഴാം ദിവസം കുട്ടിക്കുവേണ്ടി അഖീഖ അറുക്കുകയും പേരുവിളിക്കുകയും ചെയ്തു. മുഹമ്മദ് മൂസാ, മുഹമ്മദ് സകരിയ്യ എന്നിങ്ങനെ രണ്ട് പേരുകള്‍ വിളിച്ചിരുന്നെങ്കിലും രണ്ടാമത്തെ പേരാണ് നിലനിന്നതും പ്രസിദ്ധിയാര്‍ജ്ജിച്ചതും. 
അക്കാലത്ത് മൗലാനാ മുഹമ്മദ് യഹ് യ, ഹസ്രത്ത് മൗലാനാ റഷീദ് അഹ് മദ് ഗന്‍ഗോഹി (റ) യുടെ സമക്ഷത്തില്‍ സ്ഥിരതാമസക്കാരനായിരുന്നു. കാന്ദലയിലും ഡല്‍ഹിയിലും ആവശ്യത്തിന് മാത്രമേ വന്നുപോയിരുന്നുള്ളൂ. 
രണ്ടര വയസ്സ് പ്രായമായപ്പോള്‍ മുഹമ്മദ് സകരിയ്യ മാതാവോടൊപ്പം ഗന്‍ഗോഹിയിലേക്ക് പോയി. മൗലാനാ മുഹമ്മദ് യഹ്യയുമായി ഉന്നത ഗുരുത്വ ബന്ധമെന്നതിലുപരി പിതൃബന്ധമായിരുന്നു ഹസ്രത്ത് ഗന്‍ഗോഹിക്കുണ്ടായിരുന്നത്. ഇക്കാരണത്താല്‍ സൗഭാഗ്യവാനായ ഈ കുഞ്ഞിന് ഹസ്റത്തിന്‍റെ പ്രത്യേക സ്നേഹ - വാത്സല്യവും സ്വീകാര്യമായ പ്രാര്‍ത്ഥനകളും ലഭിച്ചുകാണുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
സദ്വ്യത്തരുടെയും പണ്ഡിതവര്യരുടെയും സംഗമസ്ഥാനമായിരുന്നു അന്ന് ഗന്‍ഗോഹ്. ഹസ്രത്തിന്‍റെ സമുന്നതമായ ആത്മീയ പരിചരണവും പ്രചുരപ്രചാരം നേടിയ പത്ത് ഹദീസ് ഗ്രന്ഥങ്ങള്‍ പൂര്‍ണ്ണമായി പഠിപ്പിക്കപ്പെടുന്ന ദര്‍സുല്‍ ഹദീസും സത്യസന്ധരായ വിജ്ഞാന ദാഹികളുടെയും അഗാധ പണ്ഡിതരെയും ദൂരവിദൂരങ്ങളില്‍ നിന്നുപോലും ഈ സ്ഥലത്തേക്കടുപ്പിച്ചിരുന്നു. ഈ അനുഗ്രഹീത അന്തരീക്ഷത്തിലായിരുന്നു ശൈഖവര്‍കളുടെ ബാല്യകാലം. 
പന്ത്രണ്ട് വയസ്സ് വരെ ഗന്‍ഗോഹിലായിരുന്നു താമസം. എന്തെങ്കിലും ചടങ്ങുകളില്‍ സംബന്ധിക്കാനോ അല്ലെങ്കില്‍ വല്ല ആവശ്യാര്‍ത്ഥമോ മാതാവിന് താല്‍ക്കാലികമായി കാന്ദലയില്‍ പോകേണ്ടിവന്നാല്‍ അദ്ദേഹവും കൂട്ടത്തില്‍ പോകുമെന്ന് മാത്രം. 
സ്വദേശമായ കാന്ദലയും മതവിജ്ഞാനത്തിന്‍റെ കേന്ദ്രമായിരുന്നു. ഇബാദത്തുകളുടെയും ആത്മീയ ശിക്ഷണങ്ങളുടെയും അന്തരീക്ഷം നിറഞ്ഞ് നിന്നിരുന്നു. അത് ആ കുട്ടിയിലും പ്രതിഫലനങ്ങള്‍ സ്യഷ്ടിച്ചു. ഗന്‍ഗോഹില്‍ നിന്നും കാന്ദലയിലേക്ക് പോകുന്ന വഴിയില്‍ കുടുംബ ബന്ധുക്കളുടെയും  മൗലാനാ മുഹമ്മദ് യഹ്യയുടെ ചില ആത്മാര്‍ഥ സ്നേഹിതരുടെയും വീടുകളില്‍ തങ്ങുമായിരുന്നു. ഓര്‍മ്മ മരിക്കാത്ത വൈജ്ഞാനിക സൗഹൃദ സദസ്സുകള്‍ അന്നാളുകളില്‍ അവിടെ നടക്കുമായിരുന്നു. 
അക്കാലത്തെ മഹാത്മാക്കള്‍ മക്കളുടെ സ്വഭാവ-സംസ്കരണത്തിനും വിവേക വളര്‍ച്ചയ്ക്കും ചില പ്രത്യേക ശൈലികള്‍ സ്വീകരിച്ചിരുന്നു. കുട്ടികളുടെ സര്‍വ്വ വിധ ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും അവര്‍ക്ക് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കണമെന്നും വാദിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ വിചക്ഷകര്‍ അവ കേള്‍ക്കുമ്പോള്‍ മുഖം ചുളിച്ചേക്കാം. മൗലാനാ മുഹമ്മദ് യഹ്യക്ക് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. ശൈഖ് സകരിയ്യ പറയുന്നു: ഒരിക്കല്‍ കാന്ദലയിലേക്ക് കൊണ്ടുപോകാമെന്നു  പിതാവ് വാക്ക് തന്നു. എനിക്ക് സന്തോഷമടക്കാനായില്ല. ദിവസങ്ങളെണ്ണാനും പെരുന്നാള്‍ പിറപോലെ അത് പ്രതീക്ഷിച്ചിരിക്കാനും തുടങ്ങി. കുറച്ചുദിവസങ്ങള്‍ക്കുശേഷം പിതാവ്  പെട്ടെന്നു വാക്ക് പിന്‍വലിച്ചു.  എന്നെ അത് കഠിന വ്യസനത്തിലാക്കി. കുറച്ചുനാള്‍ കഴിഞ്ഞ് പിതാവ്  ഇതിന് പറഞ്ഞ കാരണമിതാണ്. കാന്ദലയില്‍ പോകുന്നതില്‍ വളരെയധികം സന്തോഷവും അതിയായ ആഹ്രഹവും നിന്നില്‍ കണ്ടതിനാല്‍ മാത്രമാണ് ഞാന്‍ യാത്ര മാറ്റിവെച്ചത്. കാരണം ഇത്രയധികം സന്തോഷിക്കുന്നതും അഭിനിവേശമുണ്ടാവുന്നതും ശരിയല്ല. 
ശൈഖിന് എട്ട് വയസ്സുള്ളപ്പോള്‍ ഹി: 1323 ജമാദുല്‍ ഊലാ 23 ന് ഹസ്രത്ത് ഗന്‍ഗോഹി ദിവംഗതരാകുന്നത്. അവിടെ സമ്മേളിച്ചിരുന്ന ഉലമാക്കള്‍ അദ്ദേഹത്തിന്‍റെ വിയോഗത്തെ തുടര്‍ന്ന് വിവിധയിടങ്ങളിലേക്ക് മടങ്ങി. പക്ഷേ, ഹസ്രത്തിന് തന്‍റെ മാതാപിതാക്കളെക്കാളും, ഗന്‍ഗോഹിന് സ്വദേശത്തേക്കാളും മുന്‍ഗണന നല്‍കിയിരുന്ന മൗലാനാ മുഹമ്മദ് യഹ്യ അവിടെ തന്നെ താമസം  തുടര്‍ന്നു. 
വിദ്യാഭ്യാസത്തിന്‍റെ തുടക്കം: 
കുട്ടികള്‍ക്ക് നാലോ അഞ്ചോ വയസ്സാകുമ്പോള്‍ അവരെ മക്തബയിലിരുത്തി ബിസ്മി ചൊല്ലിക്കൊടുക്കലായിരുന്നു അന്ന് അധികം വീടുകളിലുമുണ്ടായിരുന്ന പതിവ്. മൗലാനാ മുഹമ്മദ് യഹ്യയുടെ കാര്യം ഈ വിഷയത്തിലും പ്രത്യേകമായിരുന്നു. മുലകുടി മാറിയപ്പോള്‍ തന്നെ കാല്‍ ജുസുഅ് മന:പാഠമുണ്ടായിരുന്ന അദ്ദേഹം ഏഴാം വയസില്‍ പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായും മനഃപാഠമാക്കി. പക്ഷെ, മുഹമ്മദ് സകരിയ്യക്ക് ഏഴ് വയസ്സായിട്ടും ബിസ്മി പോലും ചൊല്ലികൊടുത്തില്ല. കുട്ടിയുടെ വളര്‍ച്ചയാകട്ടെ ആശാവഹവുമായിരുന്നു. ഇത്ര വയസ്സായിട്ടും തഅ്ലിം ആരംഭിക്കാത്തതില്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് ആശ്ചര്യവും ആശങ്കയുമുണ്ടായിരുന്നു. ഖുര്‍ആന്‍  ഹാഫിസ് കൂടിയായ പിതാമഹി ഒരിക്കല്‍ മകനോട് പറഞ്ഞു. യഹ്യാ, കുട്ടികളോടുള്ള സ്നേഹാധിക്യത്താല്‍ അന്ധത ബാധിച്ചവനാകരുത്. നീ ഏഴാം വയസ്സില്‍ തന്നെ ഹിഫ്സ് പൂര്‍ത്തിയാക്കിയിരുന്നു, എന്നാല്‍ കാളയെപോലെ വളര്‍ന്നു കൊണ്ടിരിക്കുന്ന ഇവനെ കൊണ്ടുപോയി ചെരുപ്പ് നന്നാക്കിക്കാനോ അതോ മറ്റുവല്ലതും ചെയ്യിപ്പിക്കാനാണോ ഉദ്ദേശം.? മൗലാനാ ഇതിന് മറുപടിയായി പറഞ്ഞു: എന്നുവരെ കളിക്കുമോ അന്നുവരെ കളിക്കാനനുവദിക്കുക. ഇവന്‍റെ പഠനം ആരംഭിച്ചാല്‍ പിന്നീട് ഖബറില്‍ ചെന്നാല്‍ മാത്രമേ അവസാനിക്കുകയുള്ളൂ.! 
അവസാനം ബിസ്മി ചൊല്ലിക്കൊടുക്കുന്ന ദിവസമായി. ഗന്‍ഗോഹില്‍ താമസിക്കവെയായിരുന്നു അത്. അന്നവിടെ മുസഫ്ഫര്‍നഗറുകാരനായ ഹകീം അബ്ദുര്‍റഹ്മാന്‍ എന്ന മഹാന്‍ താമസിച്ചിരുന്നു. മൗലാനാ യഹ്യക്ക് അദ്ദേഹവുമായി വലിയ അടുപ്പമുണ്ടായിരുന്നു. ഹസ്രത്ത്  ഗന്‍ഗോഹിയുടെ സേവന- പരിചരണം തന്നെയായിരുന്നു ഡോക്ടര്‍ അവര്‍കളുടെയും ഗന്‍ഗോഹിയിലെ താമസലക്ഷ്യം. മൗലാനാ മുഹമ്മദ് യഹ്യ മകന്‍ സകരിയ്യയെ അദ്ദേഹത്തിനടുത്ത് ഓതാനിരുത്തി. അങ്ങനെ ശൈഖ് സകരിയ്യ ബഗ്ദാദീ ഖാഇദ അദ്ദേഹത്തിനടുത്തുനിന്ന് പൂര്‍ത്തിയാക്കി. 
മൗലാനാ മുഹമ്മദ് യഹ്യ (റ) യുടെ അദ്ധ്യാപന- സംസ്കരണ രീതി വ്യത്യസ്തമായിരുന്നു. ഒരു പേജ് പാഠമെടുത്ത് കൊടുത്തിട്ട് പറയും: നൂറുപ്രാവശ്യം പാരായണം ചെയ്യുക. പിന്നെ  ദിവസം  മുഴുവന്‍ അവധി തരാം.! സഹാറന്‍പൂരില്‍ വന്ന് അറബി വിദ്യാഭ്യാസം തുടങ്ങിയ ശേഷവും ഇങ്ങനെ ഓതാന്‍ പറഞ്ഞിരുന്നു. മഗ്രിബിന് ശേഷം ആരെങ്കിലും അതു കേള്‍ക്കും. ധാരാളം തെറ്റുകളുണ്ടായിരിക്കും. സഹാറന്‍പൂരിലെ പ്രശസ്ത വക്കീല്‍ മൗലവി അബ്ദുല്ലാജാന്‍ ഒരിക്കല്‍ മൗലാനാ മുഹമ്മദ് യഹ്യയോടു പരാതിപ്പെട്ടു. സകരിയ്യക്ക് ഖുര്‍ആന്‍ തീരെ പാഠമില്ല. മൗലാനാ പറഞ്ഞു. ശരിയാണ് ഒട്ടുമില്ല. അദ്ദേഹം : കാരണമെന്താണ്.? മൗലാനാ അവന് ആയുഷ്കാലം മുഴുവന്‍ ഖുര്‍ആന്‍ ഓതലല്ലാതെ വേറെയെന്താണ് ചെയ്യാനുള്ളത്. സാരമില്ല പാഠമായിക്കൊള്ളും. 
പന്ത്രണ്ട്-പതിമൂന്ന് വയസ്സുവരെ ഗന്‍ഗോഹില്‍ താമസിച്ചു. ഈ കാലയളവില്‍ ഉറുദുവിലുള്ള മതഗ്രന്ഥങ്ങളും ബിഹിശ്തീ സേവറും ഫാരിസിയിലെ പ്രാരംഭ കിതാബുകളും പഠിച്ചു. പിത്യവ്യനായ മൗലാനാ മുഹമ്മദ് ഇല്‍യാസാണ് ഇതധികവും ഓതിച്ചത്. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...