Saturday, April 11, 2020

ദഅ് വത്തിന്‍റെയും തബ് ലീഗിന്‍റെയും ഉദാത്ത മാതൃകകള്‍.! -അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


ദഅ് വത്തിന്‍റെയും 
തബ് ലീഗിന്‍റെയും 
ഉദാത്ത മാതൃകകള്‍.! 
-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
https://swahabainfo.blogspot.com/2020/04/blog-post_80.html?spref=tw 

അദ്ധ്യായം 02 
യൂസുഫുസ്സിദ്ദീഖ് (അലൈഹിസ്സലാം) 
ദഅ് വത്തിന്‍റെ വിശയത്തില്‍ ഖുര്‍ആന്‍ വിവരിക്കുന്ന അതി മനോഹരമായ ഒരു ശൈലിയാണ് യൂസുഫ് നബി (അ) യുടെ സംഭവം. പരിശുദ്ധ ഖുര്‍ആനില്‍ യൂസുഫ് നബി (അ) ന്‍റെ സംഭവം സുന്ദര കഥാ കഥനം എന്ന പേരില്‍ ഒരു അദ്ധ്യായത്തില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രബോധനവുമായി ബന്ധപ്പെട്ട സംഭവം വിവരിക്കുന്ന ആയത്തുകള്‍ ആദ്യം പാരായണം ചെയ്യുക: അദ്ദേഹത്തോടൊപ്പം രണ്ട് യുവാക്കളും ജയിലിൽ പ്രവേശിച്ചു. അവരിലൊരാൾ പറഞ്ഞു: ഞാൻ മദ്യം പിഴിഞ്ഞെടുക്കുന്നതായി എന്നെ സ്വപ്നത്തിൽ കണ്ടു. അപരൻ പറഞ്ഞു: എന്റെ തലയ്ക്കുമുകളിൽ റൊട്ടി ചുമക്കുന്നതായി ഞാൻ കണ്ടു. അതിൽ നിന്നും പറവ കഴിച്ചുകൊണ്ടിരിക്കുന്നു. താങ്കൾ ഇതിന്റെ വ്യാഖ്യാനം ഞങ്ങൾക്ക് പറഞ്ഞുതരിക. തീർച്ചയായും ഞങ്ങൾ താങ്കളെ നന്മനിറഞ്ഞ വ്യക്തിയായി കാണുന്നു.(36) യൂസുഫ് നബി പറഞ്ഞു: നിങ്ങൾക്ക് ലഭിക്കുന്ന ആഹാരം നിങ്ങളുടെ അരികിൽ വരുന്നതിന് മുമ്പ് തന്നെ ഞാൻ ഇതിന്റെ വ്യാഖ്യാനം നിങ്ങൾക്ക് തീർച്ചയായും പറഞ്ഞുതരുന്നതാണ്. അത് രണ്ടിന്റെയും വ്യാഖ്യാനങ്ങൾ എന്റെ രക്ഷിതാവ് എനിക്ക് പഠിപ്പിച്ച് തന്നിരിക്കുന്നു. അല്ലാഹുവിൽ വിശ്വസിക്കാതിരിക്കുകയും പരലോകത്തെ നിഷേധിക്കുകയും ചെയ്യുന്ന ജനതയുടെ മാർഗ്ഗം ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.(37) എന്റെ പൂർവ്വപിതാക്കന്മാരായ ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നീ നബിമാരുടെ മാർഗ്ഗം ഞാൻ പിൻപറ്റുന്നു. അല്ലാഹുവിനോട് ഒരു വസ്തുവിനെയും പങ്കുചേർക്കാൻ നമുക്ക് അവകാശമില്ല. ഇത് നമ്മുടെയും മുഴുവൻ മനുഷ്യരുടെയും മേലുള്ള അല്ലാഹുവിന്റെ ഔദാര്യമാണ്. പക്ഷേ, ജനങ്ങളിലധികം പേരും നന്ദി പുലർത്തുന്നില്ല.(38) ജയിലിലെ എന്റെ രണ്ട് കൂട്ടുകാരെ, പലതരത്തിലുള്ള വ്യത്യസ്ത ദൈവങ്ങളാണോ അതോ ഏകനും അടക്കിവാഴുന്നവനുമായ അല്ലാഹുവാണോ ഉത്തമം?(39) അല്ലാഹുവിനെവിട്ട് നിങ്ങൾ ആരാധിക്കുന്നത് നിങ്ങളും നിങ്ങളുടെ പൂർവ്വികരും പേരുവെച്ച ചില നാമങ്ങളെ മാത്രമാണ്. അതിന്റെ വിഷയത്തിൽ അല്ലാഹു യാതൊരു രേഖയും ഇറക്കിയിട്ടില്ല. എല്ലാ തീരുമാനാധികാരങ്ങളും അല്ലാഹുവിന് മാത്രമാണ്. അവനെയല്ലാതെ ആരെയും ആരാധിക്കരുതെന്ന് അല്ലാഹു കല്പിച്ചിരിക്കുന്നു. ഇതാണ് നേരായ മാർഗ്ഗം. പക്ഷേ, ജനങ്ങളിൽ അധികം പേരും അറിയുന്നില്ല.(40) ജയിലിലെ എന്റെ കൂട്ടുകാരേ, നിങ്ങളിൽ ഒന്നാമൻ തന്റെ യജമാനന് മദ്യം കുടിപ്പിക്കുന്നതാണ്. അപരൻ ക്രൂശിക്കപ്പെടുന്നതും അവന്റെ തലയിൽ നിന്നും പറവ ഭക്ഷിക്കുന്നതുമാണ്. നിങ്ങൾ രണ്ടു പേരും ചോദിച്ചിരുന്ന കാര്യം തീരുമാനിക്കപ്പെട്ടിരിക്കുന്നു.(41) 
 (സൂറത്തു യൂസുഫ് 36-41) 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
1️⃣ https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
2️⃣ https://chat.whatsapp.com/359zl3SYCWcEKgdCwqWUO0 
3️⃣ https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK 
4️⃣ https://chat.whatsapp.com/F11F6oe1A44AFwGbAONL1B 
5️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
6️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826 
യൂസുഫ് നബി (അ) യുടെ പ്രബോധന പരിസരം.! 
ഈ ആയത്തുകള്‍ വിവരിക്കുന്നതിന് മുമ്പ് ഇതിന്‍റെ പശ്ചാത്തല ചിത്രങ്ങള്‍ ഓര്‍ത്തെടുക്കുന്നത് നന്നായിരിക്കും. യൂസുഫ് നബി (അ), യഅ്ഖൂബ് നബി (അ) യുടെ പുത്രനും ഇബ്റാഹീം നബിയുടെ മകനായ ഇസ്ഹാഖ് നബി (അ) യുടെ പൗത്രനുമായിരുന്നു. യൂസുഫ് നബി (അ) യെ കുറിച്ചാണ് റസൂലുല്ലാഹി (സ്വ) അരുളിയത്: യൂസുഫ് നബി (അ) മാന്യന്‍റെ മകനായ, മാന്യന്‍റെ മകനായ, മാന്യന്‍റെ മകനായ മാന്യനാകുന്നു.! അതെ, കുടുംബ മഹിമ നോക്കുമ്പോള്‍ വളരെ ഉന്നതന്‍. പ്രവാചകത്വ പരമ്പര നോക്കുമ്പോള്‍ തലമുറകളായി പ്രവാചകത്വ പാരമ്പര്യം. സൗന്ദര്യത്തില്‍ അതുല്യനായിരുന്നു. സൗന്ദര്യത്തോടൊപ്പം അല്ലാഹു സൂക്ഷ്മതയുള്ള ജീവിതവും നല്‍കി. കൂട്ടത്തില്‍ ഉന്നത വിജ്ഞാനവും ഉത്തമ ബോധവും സമൃദ്ധമായി കൊടുത്തു. പക്ഷെ, ജീവിത യാത്ര പ്രയാസകരമായിരുന്നു. 
ആദ്യം സഹോദരങ്ങള്‍ ശത്രുത കാണിച്ച് കിണറ്റിലെറിഞ്ഞു. ഒരു വാഹക സംഘം വന്ന് എടുക്കുകയും ഈജിപ്റ്റില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്തു. യൂസുഫ് നബി (അ) യെ വാങ്ങിയ മന്ത്രി സ്നേഹാദരങ്ങളോടെ കൊട്ടാരത്തില്‍ താമസിപ്പിച്ചു. യൂസുഫ് നബി (അ) സൂക്ഷ്മതയോടെ അവിടെ ജീവിച്ചപ്പോള്‍ അല്ലാഹു സമുന്നത വിജ്ഞാനങ്ങള്‍ കനിഞ്ഞരുളി. പക്ഷെ, അവിടെ കടുത്ത പരീക്ഷണം നടന്നു. മന്ത്രിയുടെ ഭാര്യ അനുരക്തയാകുകയും തിന്മയ്ക്ക് നിര്‍ബന്ധിക്കുകയും ചെയ്തു. യൂസുഫ് നബി (അ) അതില്‍ നിന്നും ഓടി മാറി. ഭര്‍ത്താവ് പിടികൂടിയപ്പോള്‍ അപരാധം പറഞ്ഞു. അത്ഭുത സാക്ഷ്യത്തിലൂടെ യൂസുഫ് നബി (അ) യുടെ നിരപരാധിത്വം വ്യക്തമായി. എന്നിട്ടും അവര്‍ ഒരു കുറ്റവും കൂടാതെ അദ്ദേഹത്തെ ജയിലില്‍ പ്രവേശിപ്പിച്ചു. 
ജയിലിലെ ഉദ്ദ്വോഗസ്ഥര്‍ വെറും ജോലിക്കാര്‍ മാത്രമാണ്. സത്യാസത്യങ്ങളുമായി അവര്‍ക്ക് ഒരു ബന്ധവുമില്ല. ജയിലിലേക്ക് തള്ളപ്പെടുന്ന ആളുകളെ യാതൊരു മടിയുമില്ലാതെ ജയിലിലേക്ക് കയറ്റലും വാതിലുകള്‍ അടയ്ക്കലുമാണ് അവരുടെ ജോലി. അവരെ സംബന്ധിച്ചിടത്തോളം ജയില്‍ വാസികള്‍ എല്ലാവരും ഒരു പോലെ തന്നെയാണ്. ഇപ്രകാരം അവര്‍ യൂസുഫ് നബി (അ) യെ ഏറ്റെടുത്തു. ഇദ്ദേഹം വലിയ കുടുംബക്കാരനാണ്. സമുന്നത സ്വഭാവിയാണ്. എന്നൊന്നും അവര്‍ നോക്കിയില്ല. മുകളില്‍ നിന്നും  കല്പന വന്നു. അവര്‍ അദ്ദേഹത്തെ ജയിലിലാക്കി. ജയില്‍ ലോകത്തെ അത്ഭുതകരമായ ഒരു സ്ഥലമാണ്. നാടിന്‍റെ നടുക്കാണെങ്കിലും നാടുമായിട്ടെന്നല്ല, അടുത്തുള്ള വഴിയുമായി പോലും ജയിലിനോ ജയില്‍ പുള്ളികള്‍ക്കോ യാതൊരു ബന്ധവും കാണുകയില്ല. ജയില്‍ ഒരു ലോകവും ജയില്‍ പുള്ളികള്‍ അവിടുത്തെ മാലോകരുമാണ്. പുറം ലോകത്ത് ആര്‍ക്കും ഒന്നിനും സമയമില്ലെങ്കിലും ജയില്‍ വാസികള്‍ക്ക് ധാരാളം സമയമുണ്ട്. സംസാരങ്ങളും സൊറ പറച്ചിലും അവരുടെ പ്രധാന ജോലിയാണ്. 
ആദരവിന്‍റെയും വിശ്വാസത്തിന്‍റെയും കേന്ദ്രം.! 
എല്ലാ ജയില്‍ പുള്ളികളും ഒരുപോലെയായിരുന്നെങ്കില്‍ യൂസുഫ് നബി (അ) ഏതാനും ദിവസങ്ങള്‍ക്കകം ജയിലിലുള്ള മുഴുവന്‍ ആളുകളുടെയും ശ്രദ്ധാകേന്ദ്രമായി. യൂസുഫ് നബി (അ) യുടെ സല്‍സ്വഭാവവും മാന്യതയും ഭയഭക്തിയും അവര്‍ക്കിടയില്‍ ചര്‍ച്ചയായി. യൂസുഫ് നബി (അ) യുടെ വിശ്വാസ-കര്‍മ്മ സ്വഭാവങ്ങളുടെ പ്രകാശം അവരെ മൂടിയിരുന്ന ഇരുളുകളെ വകഞ്ഞ് മാറ്റി. യൂസുഫ് നബി (അ) യുടെ മാന്യത, ഗാംഭീര്യം, സ്വഭാവ സമുന്നതി, ജീവിത വിശുദ്ധി, ആരാധനാ താല്പര്യം, പ്രസന്നവദനം, വിനയ രീതി മുതലായ ഗുണങ്ങള്‍ മറ്റുള്ളവരിലും പ്രതിഫലനം സൃഷ്ടിച്ചു. തടവുകാരുടെ മനസ്സുകള്‍ അവര്‍ അറിയാതെ തന്നെ യൂസുഫ് നബി (അ) യിലേക്ക് തിരിഞ്ഞു. അവരെല്ലാവരും യൂസുഫ് നബി (അ) യെ ആദരിക്കാന്‍ നിര്‍ബന്ധിതരായി. ഇതെല്ലാം അല്ലാഹുവിന്‍റെ തന്ത്രജ്ഞതയുടെ പ്രകടനങ്ങളാണ്. 
ഇതിനിടയില്‍ രണ്ട് പ്രധാനപ്പെട്ട തടവുകാര്‍ വ്യത്യസ്ഥമായ രണ്ട് സ്വപ്നങ്ങള്‍ കണ്ടു. മുന്തിരിച്ചാര്‍ പിഴിഞ്ഞെടുക്കുന്നതായി ഒരാളും, തലയില്‍ റൊട്ടി ചുമക്കുന്നതായി മറ്റെയാളും സ്വപ്നം കണ്ടു. അത്ഭുതകരമായ ഈ സ്വപ്നങ്ങളുടെ വ്യാഖ്യാനമൊന്നും അവര്‍ക്ക് മനസ്സിലായില്ല. എന്നാല്‍ ഈ സ്വപ്നത്തെ കുറിച്ചുള്ള ചിന്ത അവരുടെ മനസ്സില്‍ ശക്തമാകുകയും ചെയ്തു. ഇതിനെ കുറിച്ച് യൂസുഫ് നബി (അ) യോട് ചോദിക്കാന്‍ അവര്‍ തീരുമാനിച്ചു. കാരണം, യൂസുഫ് നബി (അ) ന്‍റെ മഹത് ഗുണങ്ങള്‍ അവരും കണ്ട് മനസ്സിലാക്കിയിരുന്നു.
അവര്‍ സമീപിച്ചുകൊണ്ട് സ്വപ്നം വിവരിക്കുകയും വ്യാഖ്യാനം ചോദിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു: ഞങ്ങള്‍ താങ്കളെ നന്മ നിറഞ്ഞവരില്‍ പെട്ടവരായി കാണുന്നു. 
ഇഹ്സാനിന്‍റെ ആശയം.!  
ഇവിടെ ഇവര്‍ യൂസുഫ് നബി (അ) യെ കുറിച്ച് മുഹ്സിനുകളില്‍ പെട്ടവരായി കാണുന്നു എന്ന് പറഞ്ഞത് ശ്രദ്ധേയമാണ്. മുഹ്സിന്‍-ഇഹ്സാന്‍ എന്നിവയ്ക്ക് പരോപകാരി, ധര്‍മ്മിഷ്ഠത എന്നാണ് നാം സാധാരണ അര്‍ത്ഥം പറയാറുള്ളത്. ഇവിടെ യൂസുഫ് നബി (അ) യുടെ പക്കല്‍ അവര്‍ക്ക് കൊടുക്കാന്‍ വല്ല സമ്പത്തുമുണ്ടായിരുന്നോ.? ഒരിക്കലുമില്ല. ആകയാല്‍ ഇഹ്സാനിന്‍റെ ആശയം നന്നായി മനസ്സിലാക്കുക. കാര്യങ്ങള്‍ കഴിവിന്‍റെ പരമാവധി മെച്ചമായ നിലയില്‍ നിര്‍വ്വഹിക്കുന്നതിനാണ് ഇഹ്സാന്‍ എന്ന് പറയുന്നത്. മെച്ചമാക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അല്ലാഹു കാണുന്നുണ്ട് എന്ന ബോധ്യത്തോടെ പടച്ചവന് വേണ്ടിയും പടച്ചവന്‍റെ പൊരുത്തത്തെ കരുതിയും കാര്യങ്ങള്‍ നിര്‍വ്വഹിക്കലാണ്. അത് കൊണ്ടാണ് റസൂലുല്ലാഹി (സ്വ) അരുളിയത്: ഇഹ്സാന്‍ എന്നാല്‍ അല്ലാഹുവിനെ നീ കാണുന്നത് പോലെ നന്മകള്‍ പ്രവര്‍ത്തിക്കലാണ്. കാരണം, നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നിന്നെ കാണുന്നുണ്ട്. (മുസ്ലിം). 
ഇത്തരുണത്തില്‍ ഇവിടെ ഇഹ്സാനിന്‍റെ ആശയം ഇപ്രകാരമാണ്: ആരാധന, ബന്ധം, സ്വഭാവം, ഇടപാടുകള്‍, സംസാരം എന്നിങ്ങനെ സര്‍വ്വ കാര്യങ്ങളും താങ്കള്‍ വളരെ മെച്ചപ്പെട്ട നിലയില്‍ നിര്‍വ്വഹിക്കുന്നതായി ഞങ്ങള്‍ കാണുന്നു. ഇത് പടച്ചവന്‍റെ ഭാഗത്ത് നിന്നുള്ള ഒരു സമ്മാനം കൂടിയാണ്. യൂസുഫ് നബി (അ) യെ ജയിലില്‍ ഇട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ നിഷ്കളങ്കമായ വദനം കാണുന്ന എല്ലാവര്‍ക്കും നിരപരാധിത്വം വ്യക്തമായെങ്കിലും ഇദ്ദേഹം രഹസ്യമായി വല്ല പാപങ്ങളും ചെയ്തിരിക്കാമെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ച് കാണും. പക്ഷെ, അതെല്ലാം മാറുകയും ജയില്‍വാസികള്‍ മുഴുവന്‍ മഹാനരുടെ നന്മ സമ്മതിച്ച് പറയുകയും ചെയ്തു. 
ഭയാനക സ്വപ്നത്തെക്കാളും ചിന്തനീയമായ കാര്യം മറ്റൊന്നാണ്.! 
അവര്‍ രണ്ട് പേരും രണ്ട് സ്വപ്നങ്ങള്‍ കണ്ട് അമ്പരന്ന് യൂസുഫ് നബി (അ) യുടെ അരികിലെത്തി. ഈ സ്വപ്നമാണ് എല്ലാമെല്ലാമെന്ന് അവര്‍ വിചാരിച്ചിരുന്നു. പക്ഷെ, യൂസുഫ് നബി (അ) അനുഗ്രഹീതമായ പ്രവാചകത്വം നല്‍കപ്പെടുകയും വിശുദ്ധ ചിന്തയുടെയും അറിവിന്‍റെയും വക്താവായി മാറുകയും ചെയ്തിരുന്നു. യൂസുഫ് നബി (അ) ചിന്തിച്ചു: ജയിലിലെ ഈ രണ്ട് കൂട്ടുകാര്‍ അവഗണിച്ച് നടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഈ സ്വപ്നങ്ങളെക്കാളും വലിയ ഗൗരവമുള്ളതാണ്. സര്‍വ്വ ലോകങ്ങളുടെയും സ്രഷ്ടാവായ അല്ലാഹുവിലുള്ള വിശ്വാസവും പങ്കുകാരാരുമില്ലാതെ അല്ലാഹുവിനെ ഏകനായി കാണലും ഇഹലോക ജീവിതത്തെയും ഇവിടുത്തെ സ്വപ്നങ്ങളെയും കാള്‍ വളരെ ഗൗരവമുള്ളതാണ്. എന്നാല്‍ സ്വപ്നം കണ്ടവര്‍ സ്വപ്നത്തെ വലിയ കാര്യമായി കാണുകയും ചെയ്തിരുന്നു. ഇവിടെ യൂസുഫ് നബി (അ) അവരുടെ ആവശ്യമായ സ്വപ്നത്തെ കുറിച്ച് പറയുന്നതിന്‍റെയും അവരുടെ ഏറ്റവും വലിയ പ്രശ്നമായ അല്ലാഹുവിനെ കുറിച്ച് ഉണര്‍ത്തുന്നതിന്‍റെയും ഇടയിലായി. കൂട്ടത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനുള്ള നല്ലൊരു സമയവും വിത്ത് വിതയ്ക്കാനുള്ള വിശുദ്ധ മനസ്സും മുന്നില്‍ വന്ന് നില്‍ക്കുകയാണ്. ഇവിടെ യൂസുഫ് നബി (അ) സ്വപ്നത്തിന്‍റെ വ്യാഖ്യാനം ഒരു വഴിയാക്കിക്കൊണ്ട് പടച്ചവനിലേക്ക് ക്ഷണിക്കാനും പടച്ചവന്‍റെ ഏകത്വത്തെ വ്യക്തമാക്കാനും തീരുമാനിച്ചു. 
സംസാരത്തിന്‍റെ സുന്ദരമായ തുടക്കം.! 
യൂസുഫ് നബി (അ) വളരെ സൂക്ഷ്മവും സുന്ദരവുമായ ശൈലിയിലാണ് സംസാരം ആരംഭിച്ചത്. ഇത് നാം നന്നായി മനസ്സിലാക്കേണ്ട ഒരു വിഷയം കൂടിയാണ്. ഉന്നതമായ ഒരു കാര്യം പറയുന്നതിനും ഉന്നതമായ ശൈലി തന്നെ സ്വീകരിക്കണം. സംഭാഷണത്തിന്‍റെ മര്യാദകളില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. ഇപ്രകാരം ചെയ്തില്ലെങ്കില്‍ സംഭാഷണത്തിന്‍റെ സൗന്ദര്യം നഷ്ടപ്പെടുന്നതാണ്. അതി സുന്ദരമായ ഒരു കെട്ടിടത്തിലേക്കുള്ള കവാടവും സുന്ദരമായിരിക്കണമല്ലോ. അത് കാണുമ്പോള്‍ തന്നെ കെട്ടിടത്തിന്‍റെ സൗന്ദര്യവും സൗരഭ്യവും മനസ്സിലാകുന്നതാണ്. 
യൂസുഫ് നബി (അ) സംസാരം ആരംഭിക്കുന്നത് നോക്കൂ, അവര്‍ വന്നതിന്‍റെ ലക്ഷ്യമായ സ്വപ്ന വ്യാഖ്യാനം പറഞ്ഞു തരുന്നതാണെന്നും ഇതിന് അവര്‍ തെരഞ്ഞെടുത്തത് അര്‍ഹതയുള്ള വ്യക്തിയെ തന്നെയാണെന്നും പറഞ്ഞുകൊണ്ട് ആദ്യം അവരെ സമാധാനിപ്പിച്ചു. കാരണം ഒരു ആവശ്യത്തിന് ഒരാള്‍ വരുമ്പോള്‍ പ്രസ്തുത ആവശ്യത്തെ പരിഗണിക്കുകയും നിര്‍വ്വഹിച്ചുകൊടുക്കുകയും ചെയ്യേണ്ടതാണ്. ഒരു രോഗി വൈദ്യനെ കാണാന്‍ ചെന്നപ്പോള്‍ രോഗം കണ്ടെത്തി ചികിത്സിക്കുന്നതിന് പകരം കുറച്ച് ദിവസം കഴിഞ്ഞ് ചികിത്സ നടത്താമെന്നോ ഇന്ന ഡോക്ടറോട് ചോദിച്ചിട്ട് പറയാമെന്നോ, രോഗമെല്ലാം അവിടെയിരിക്കട്ടെ എന്‍റെ കാര്യം കേള്‍ക്കുക എന്ന് പറയുകയോ ചെയ്താല്‍ രോഗി നിരാശപ്പെട്ട് മടങ്ങുന്നതും ഒരിക്കലും ആ വൈദ്യനെ സമീപിക്കാതിരിക്കുന്നതുമാണ്. അത് കൊണ്ട് ആരെങ്കിലും വല്ല ആവശ്യത്തിനും വന്നാല്‍ അവരുടെ മനസ്സില്‍ വിശ്വാസവും പ്രതീക്ഷയും ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ യൂസുഫ് നബി (അ) പറഞ്ഞു: നിങ്ങള്‍ക്ക് ലഭിക്കുന്ന ആഹാരം വരുന്നതിന് മുമ്പായി ഞാന്‍ ഇതിന്‍റെ വ്യാഖ്യാനം പറഞ്ഞുതരുന്നതാണ്.! അവര്‍ രണ്ട് പേരും ജയില്‍പുള്ളികളായിരുന്നു. ജയിലിലെ ആഹാരത്തിന് സമയം നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്. അതിന്‍റെ സമയമായാല്‍ പിന്നീട് അവിടെ ഇരിക്കാന്‍ സാധിക്കുകയില്ല. അവര്‍ ഇരിക്കുകയുമില്ല. എന്നാല്‍ അതിന് കുറച്ച് സമയം ശേഷിക്കുന്നുമുണ്ട്. ഇതിനിടയില്‍ തന്നെ കാര്യം പറഞ്ഞുതരുന്നതാണെന്ന് യൂസുഫ് നബി (അ) അവരെ ആശ്വസിപ്പിച്ചു. 
നിങ്ങള്‍ക്ക് നല്‍കപ്പെടുന്ന ആഹാരം എന്നതിന് പണ്ഡിതര്‍ രണ്ട് വ്യാഖ്യാനം പറഞ്ഞിരിക്കുന്നു. ഒന്ന്, നിങ്ങള്‍ക്ക് ഇന്ന് എന്ത് ആഹാരമാണ് നല്‍കപ്പെടുന്നത് എന്ന് പോലും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരുന്നതാണ്. അതായത് പടച്ചവന്‍റെ അനുഗ്രഹത്താല്‍ ചില അദൃശ്യ വൃത്താന്തങ്ങള്‍ പറഞ്ഞു തരാന്‍ എനിക്ക് ശേഷിയുണ്ട്. ആഹാരത്തിന്‍റെ കാര്യം പറഞ്ഞു തരാന്‍ ശേഷിയുണ്ടെങ്കില്‍ അതിനെക്കാള്‍ പ്രധാനപ്പെട്ട സ്വപ്നവ്യാഖ്യാനം ഉറപ്പായും പറഞ്ഞുതരുന്നതാണ്. രണ്ട്, നിങ്ങള്‍ക്ക് നല്‍കപ്പെടുന്ന ആഹാരത്തിന്‍റെ സമയം ആകുന്നതിന് മുമ്പ് തന്നെ ഞാന്‍ നിങ്ങള്‍ക്ക് വ്യാഖ്യാനം പറഞ്ഞു തരുന്നതാണ്.! 
വിനീതന്‍റെ അഭിപ്രായത്തില്‍ രണ്ടാമത്തെ വിവരണമാണ് കൂടുതല്‍ പ്രബലം. ഒന്നാമത്തെ അഭിപ്രായം വളരെ പ്രബലമല്ല. കാരണം, ജയില്‍ വാസികള്‍ക്ക് പലതരം ആഹാരം നല്‍കപ്പെടുന്നതല്ല. ഒരേ തരം ആഹാരം തന്നെയായിരിക്കും അവര്‍ക്ക് തിരിച്ചും മറിച്ചും നല്‍കപ്പെടുന്നത്. അത് കൊണ്ട് തടവുകാര്‍ക്ക് പോലും ഇന്ന് എന്താണ് ലഭിക്കുന്നതെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ബൈബിളിന്‍റെ വിവരണമനുസരിച്ച് യൂസുഫ് നബി (അ) ക്ക് ജയിലിലെ ആഹാരത്തിന്‍റെ ജോലി ഏല്‍പ്പിക്കപ്പെട്ടിരുന്നു. ഇത് ശരിയാണെങ്കില്‍ കാര്യം കൂടുതല്‍ ലളിതമാണ്. നിങ്ങള്‍ക്ക് ഇന്ന ആഹാരമാണ് നല്‍കപ്പെടാന്‍ പോകുന്നത് എന്ന് പണ്ഡാരി പറയുന്നതില്‍ വലിയ അത്ഭുതമൊന്നുമില്ലല്ലോ. എന്നാല്‍ രണ്ടാമത്തെ അഭിപ്രായമനുസരിച്ച് ഇത് അവരെ സമാധാനിപ്പിക്കാന്‍ വേണ്ടിയാണ്. ആഹാരം കഴിക്കാന്‍ പോകുക എന്ന് ജയിലധികാരികള്‍ പറയുന്നതിന് മുമ്പായി ഞാന്‍ നിങ്ങള്‍ക്ക് ഇത് അറിയിച്ച് തരുന്നതാണ്. ഈജിപ്റ്റ് അന്നും പുരോഗതി നേടിയ രാജ്യമായിരുന്നു. അവിടെ ജയിലിലെ ആഹാര കാര്യങ്ങളിലെല്ലാം വലിയ കൃത്യനിഷ്ഠ പുലര്‍ത്തപ്പെട്ടിരുന്നു. 
താല്പര്യമുള്ള കാര്യം കേള്‍ക്കുമ്പോള്‍ മനസ്സിന് ആവേശമുണ്ടാകും. ഇവിടെ മറ്റൊരു കാര്യം കൂടി മനസ്സിലാക്കുക: തടവുകാര്‍ക്ക് വലിയ ആഗ്രഹമുള്ള കാര്യമാണ് ആഹാരം. അത് കൊണ്ട് യൂസുഫ് നബി (അ) അതിനെ കുറിച്ച് പറഞ്ഞ് അവരുടെ മനസ്സിന് ഉന്മേഷവും ആവേശവും പകര്‍ന്നു. ആഹാരം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണെങ്കിലും തടവുകാരുടെ പ്രധാന ആശ്വാസം ആഹാരമാണ്. യൂസുഫ് നബി (അ) അത് പറഞ്ഞപ്പോള്‍ അവരുടെ മനസ്സിന്‍റെ കാതുകള്‍ തുറക്കുകയും കൂടുതല്‍ കാര്യങ്ങള്‍ കേള്‍ക്കാന്‍ അവര്‍ താല്പര്യപ്പെടുകയും ചെയ്തു. 
ഉടനെ യൂസുഫ് നബി (അ) ഉണര്‍ത്തി: ഇത് എന്‍റെ സ്വന്തം കഴിവോ യോഗ്യതയോ അല്ല. പടച്ചവന്‍റെ ഔദാര്യം കൊണ്ട് എന്നെ പഠിപ്പിച്ച കാര്യമാണ്. ഇവിടെ അനുഗ്രഹീതമായ പ്രവാചകത്വത്തിന്‍റെ പ്രകൃതി വീണ്ടും പ്രകടമായിരിക്കുന്നു. വളരെ തന്ത്രപരമായ ഈ ഒഴിഞ്ഞുമാറ്റത്തിന് ചരിത്രത്തില്‍ തന്നെ വേറെ ഉദാഹരണം ലഭിക്കുകയില്ല. പക്ഷെ, ഇത് വിനയാന്വിതമായ ഒഴിഞ്ഞുമാറ്റത്തോടൊപ്പം അടുത്ത് പറയാന്‍ തുടങ്ങുന്ന ഗൗരവമായ വിഷയങ്ങള്‍ക്കുള്ള ഉജ്ജ്വല തുടക്കം കൂടിയായിരുന്നു. 
ഇവിടെ നാം ചിന്തിക്കുക: യൂസുഫ് നബി (അ) ഇതൊന്നും പറയാതെ ഒറ്റയടിക്ക് പ്രബോധന വിഷയങ്ങള്‍ വളരെ നല്ല നിലയില്‍ പറഞ്ഞാല്‍ തന്നെ അവര്‍ അത് കേള്‍ക്കാന്‍ തയ്യാറാകുകയില്ലായിരുന്നു. കാരണം അവര്‍ ഒരു വല്ലാത്ത സ്വപ്നം കണ്ടതിന്‍റെ പേരില്‍ അസ്വസ്ഥരാണ്. അതിന്‍റെ വ്യാഖ്യാനം കേട്ട് മനസ്സ് സമാധാനിക്കുന്നതിന് മുമ്പ് നീട്ടിപ്പരത്തിക്കൊണ്ടുള്ള മറ്റ് കാര്യങ്ങളൊന്നും അവര്‍ കേള്‍ക്കാന്‍ സന്നദ്ധരല്ലായിരുന്നു. പക്ഷെ, യൂസുഫ് നബി (അ) ഉടനെ തന്നെ അതിന്‍റെ വ്യാഖ്യാനം പറഞ്ഞു തരാമെന്ന് പറഞ്ഞു കൊണ്ട് അവരെ ഉണര്‍ത്തി. ഈ സ്വപ്ന വ്യാഖ്യാനം പറഞ്ഞുതരുന്നതില്‍ എന്‍റെ സ്വന്തം ബുദ്ധിക്കോ യുക്തിക്കോ യാതൊരു പങ്കുമില്ല. ഇതെല്ലാം അല്ലാഹുവിന്‍റെ ഔദാര്യമാണ്. അല്ലാഹു എനിക്ക് ഇതിന് യോഗ്യത നല്‍കി. ഇവിടെ നിന്നും യൂസുഫ് നബി (അ) ദഅ്വത്ത് ആരംഭിച്ചു. മനോഹരവും സൂക്ഷ്മവുമായ ഈ ശൈലിയെ ആരും എതിര്‍ക്കുന്നതല്ല. എല്ലാവരും സ്വീകരിക്കുന്നതാണ്. യൂസുഫ് നബി (അ) ഇപ്രകാരം പറയുന്നതിന് പകരം, നിങ്ങളുടെ ഈ സ്വപ്നത്തെക്കാളും വലിയ കാര്യം പടച്ചവനെ കുറിച്ചുള്ള അറിവാണ്, അത് നിങ്ങള്‍ കേള്‍ക്കുക എന്ന് പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ ഒരിക്കലും ഇത് കേള്‍ക്കാന്‍ തയ്യാറാകുകയില്ലായിരുന്നു. പക്ഷെ, യൂസുഫ് നബി (അ) അവരെ ആശ്വസിപ്പിച്ചുകൊണ്ട് അതേ ശ്വാസത്തില്‍ തന്നെ പറഞ്ഞു: ഈ രണ്ട് സ്വപ്നങ്ങളുടെ വ്യാഖ്യാനം എന്‍റെ രക്ഷിതാവ് എനിക്ക് പഠിപ്പിച്ച് തന്നിട്ടുള്ള കാര്യമാണ്.! 
ഹൃദ്യമായ ശൈലിയില്‍ വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കുക.! 
യൂസുഫ് നബി (അ) സ്വീകരിച്ച ഈ ശൈലി ഹൃദ്യ മനോഹരമാണ്. എന്‍റെ രക്ഷിതാവ് എന്നെ പഠിപ്പിച്ചു എന്ന് പറഞ്ഞു കൊണ്ട് അല്ലാഹുവിനെ പറ്റി സംസാരിക്കാനുള്ള വിശാലമായ കവാടം തന്നെ തുറക്കുകയുണ്ടായി. ഇത് വളരെ ചെറിയ വാചകമാണെങ്കിലും ആശയങ്ങളുടെ ഒരു കലവറ തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനെ ഇപ്രകാരം സംഗ്രഹിക്കാം: എന്‍റെ ആദരണീയ കൂട്ടുകാരെ, നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വ്യാഖ്യാനം പറയാന്‍ എനിക്ക് അര്‍ഹതയില്ല. ഞാന്‍ ഒരു സാധുവും ഒതുക്കപ്പെട്ടവനുമാണ്. ജനങ്ങള്‍ എന്നെ ജയിലിലേക്ക് തള്ളിയപ്പോള്‍ അതിനെ നേരിടാന്‍ പോലും എനിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ എന്‍റെ മേല്‍ പടച്ചവന്‍റെ വലയ ഔദാര്യമുണ്ടായി. അല്ലാഹു എനിക്ക് വിശുദ്ധ വിജ്ഞാനം കനിഞ്ഞരുളി. 
നൂറ് വര്‍ഷത്തെ വഴിദൂരം ഒരു നിമിഷം കൊണ്ട്.! 
തുടര്‍ന്ന്, എന്‍റെ രക്ഷിതാവ് എനിക്ക് ഈ വിജ്ഞാനം എന്തിന് തന്നുവെന്ന് യൂസുഫ് നബി (അ) സ്വയം ഒരു ചോദ്യം ഉയര്‍ത്തി. ഇതിലൂടെ അവരുടെ ചിന്ത അല്ലാഹുവിലേക്ക് തിരിച്ചുവിടാനുള്ള വഴി കണ്ടെത്തി. യഥാര്‍ത്ഥത്തില്‍ ഇത് വളരെ ദൂരം കൂടിയ ഒരു പാതയായിരുന്നു. പക്ഷെ, യൂസുഫ് നബി (അ) തന്ത്രജ്ഞത, ഉള്‍ക്കാഴ്ച, ആത്മീയ ശേഷി, മാനസിക പ്രകാശം, ചിന്താവിശുദ്ധി എന്നിവയിലൂടെ ഒരു നിമിഷം കൊണ്ട് മുറിച്ചുകടന്നു. അതെ, ബുദ്ധിരാക്ഷസന്മാര്‍ നൂറ് വര്‍ഷം കൊണ്ട് മുറിച്ചു കടക്കുന്ന വഴിദൂരം നബിമാര്‍ ഒരു നിമിഷം കൊണ്ട് മുന്നേറുന്നതാണ്. അങ്ങനെ മഹാനവര്‍കള്‍ അവരോട് പറഞ്ഞു: എന്റെ പൂർവ്വപിതാക്കന്മാരായ ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നീ നബിമാരുടെ മാർഗ്ഗം ഞാൻ പിൻപറ്റുന്നു. അല്ലാഹുവിനോട് ഒരു വസ്തുവിനെയും പങ്കുചേർക്കാൻ നമുക്ക് അവകാശമില്ല. ഇത് നമ്മുടെയും മുഴുവൻ മനുഷ്യരുടെയും മേലുള്ള അല്ലാഹുവിന്റെ ഔദാര്യമാണ്. പക്ഷേ, ജനങ്ങളിലധികം പേരും നന്ദി പുലർത്തുന്നില്ല. (സൂറത്ത് യൂസുഫ് 38) 
ഇത്രയും പറഞ്ഞപ്പോള്‍ അദ്ദേഹം സുരക്ഷിതവും സമുന്നതവുമായ ഒരു സ്ഥാനത്ത് നില്‍ക്കുകയാണെന്ന് മനസ്സിലായി. അവിടെ നിന്ന് കൊണ്ട് യൂസുഫ് നബി (അ) അവരോട് പറഞ്ഞു: ജയിലിലെ എന്റെ രണ്ട് കൂട്ടുകാരെ, പലതരത്തിലുള്ള വ്യത്യസ്ത ദൈവങ്ങളാണോ അതോ ഏകനും അടക്കിവാഴുന്നവനുമായ അല്ലാഹുവാണോ ഉത്തമം? (സൂറത്ത് യൂസുഫ് 39) 
ഇതാണ് ദഅ്വത്തിന്‍റെ പാരമ്യം. ഇതേ കാര്യം യൂസുഫ് നബി (അ) ആദ്യം തന്നെ അവരോട് പറഞ്ഞിരുന്നെങ്കില്‍ അവരുടെ മനസ്സും മസ്തിഷ്കവും ഇവരെ സ്വീകരിക്കുകയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനുള്ള സമയമായി. അത് കൊണ്ട് യാതൊരു മടിയും കൂടാതെ ചോദിച്ചു: എന്‍റെ ജയിലിനുള്ളിലെ കൂട്ടാളികളേ, പലതരം രക്ഷിതാക്കളാണോ ഉത്തമം, ഏകനും അടക്കി വാഴുന്നവനുമായ അല്ലാഹുവാണോ ഉത്തമം.? ഈ വചനത്തിന്‍റെ ക്രമീകരണം ശ്രദ്ധേയമാണ്. കഴിഞ്ഞ വചനങ്ങളുടെ അതേ ശൈലിയില്‍ തന്നെ പറഞ്ഞിരുന്നുവെങ്കില്‍ വാചകം ഉണങ്ങിയതും ജീവനില്ലാത്തതുമാകുമായിരുന്നു. പക്ഷെ, യൂസുഫ് നബി (അ) തന്‍റെ ഉള്‍ക്കാഴ്ച കൊണ്ട് അവരെ അളന്നു. അവര്‍ പടച്ചവന്‍റെ വിളി കേള്‍ക്കാന്‍ ചെവി തുറന്നിരിക്കുകയാണെന്ന് മനസ്സിലാക്കി. ഉടനെ ശക്തവും വ്യക്തവുമായ ശൈലിയില്‍ അവരോട് ഈ ചോദ്യം ഉയര്‍ത്തി. 
ഒരു ഖുര്‍ആനിക അമാനുഷികത.! 
തുടര്‍ന്ന് യൂസുഫ് നബി (അ) പറഞ്ഞു: നിങ്ങള്‍ പടച്ചവനെ വിട്ട് ആരാധിക്കുന്നത് കുറെ നാമങ്ങള്‍ മാത്രമാണ്...(യൂസുഫ് 40). അതായത്, സര്‍വ്വ ലോക പരിപാലകനായ പടച്ചവനല്ലാത്ത മുഴുവന്‍ ആരാധ്യ വസ്തുക്കളും വ്യാജ ദൈവങ്ങളും വെറും പേരുകള്‍ മാത്രമാണ്. ആ പേരുകളുടെ പിന്നില്‍ യാതൊരു യാഥാര്‍ത്ഥ്യവുമില്ല. ചില നാമങ്ങള്‍ ഗ്രീക്കുകാരും മറ്റ് ചിലത് ഇതര വിഗ്രഹാരാധകരും പടച്ചുണ്ടാക്കി. അതുമായി ബന്ധപ്പെട്ട ഒരു വസ്തുവും ഇല്ലാതെ തന്നെ വെറും ഊഹങ്ങളുടെ പേരിലാണ് ഇപ്രകാരം പേരുകള്‍ വെച്ചത്. അങ്ങിനെ ഓരോ സമുദായത്തിനും ഓരോ വിഗ്രഹ വിജ്ഞാനം (മെത്തോളജി)(ങ്യവേീഹീഴ്യ) തയ്യാറായി. ഇത് പരിശുദ്ധ ഖുര്‍ആനിന്‍റെ ഒരു അമാനുഷികതയാണ്. യാതൊരു അടിസ്ഥാനവും യാഥാര്‍ത്ഥ്യവുമില്ലാതെ ഊഹത്തിന്‍റെ അടിസ്ഥാനത്തില്‍ പടച്ചുണ്ടാക്കിയ വസ്തുക്കള്‍ക്ക് അസ്മാഅ് (നാമങ്ങള്‍) എന്ന വചനം ഉപയോഗിച്ചു. ലോക മതങ്ങളുടെ ചരിത്രം പഠിച്ചവര്‍ക്ക് ഈ വചനത്തിന്‍റെ അമാനുഷികത വ്യക്തമാകും. അതെ, അവകളെല്ലാം വെറും നാമങ്ങള്‍ മാത്രമാണ്. അവരാരായിരുന്നു, എങ്ങനെയുള്ളവരായിരുന്നു, എവിടെയുള്ളവരായിരുന്നു, എപ്പോഴുള്ളവരായിരുന്നു എന്നൊന്നും യാതൊരു അറിവുമില്ല. ചിലതിനെ അവര്‍ മഴയുടെയും ചിലതിനെ യുദ്ധത്തിന്‍റെയും മറ്റ് ചിലതിനെ പലതിന്‍റെയും ദൈവങ്ങളാക്കി. ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവിനെവിട്ട് നിങ്ങൾ ആരാധിക്കുന്നത് നിങ്ങളും നിങ്ങളുടെ പൂർവ്വികരും പേരുവെച്ച ചില നാമങ്ങളെ മാത്രമാണ്. അതിന്റെ വിഷയത്തിൽ അല്ലാഹു യാതൊരു രേഖയും ഇറക്കിയിട്ടില്ല. എല്ലാ തീരുമാനാധികാരങ്ങളും അല്ലാഹുവിന് മാത്രമാണ്. അവനെയല്ലാതെ ആരെയും ആരാധിക്കരുതെന്ന് അല്ലാഹു കല്പിച്ചിരിക്കുന്നു. ഇതാണ് നേരായ മാർഗ്ഗം. പക്ഷേ, ജനങ്ങളിൽ അധികം പേരും അറിയുന്നില്ല. (യൂസുഫ് -40). ഇത്രയും പറഞ്ഞ ശേഷം യൂസുഫ് നബി (അ) അവരുടെ സ്വപ്നത്തിന്‍റെ വ്യാഖ്യാനത്തിലേക്ക് കടന്നു. 
പ്രബോധകന്‍ അനാവശ്യമായി സംസാരം നീട്ടുന്നതല്ല.! 
അതെ, യൂസുഫ് നബി (അ) അവരുടെ മനസ്സിന്‍റെയും മസ്തിഷ്കത്തിന്‍റെയും ശൂന്യത മാറിയെന്ന് മനസ്സിലാക്കി. ഇനി കാര്യം വലിച്ച് നീട്ടാതിരിക്കുന്നതാണ് നല്ലത്, തൗഹീദിന്‍റെ സമുന്നത വിഷയമാണെങ്കിലും ആവശ്യം കഴിഞ്ഞാല്‍ പ്രബോധകന്‍ സംസാരം നീട്ടുന്നതല്ല. സമര്‍ത്ഥനായ വൈദ്യന്‍ രോഗിക്ക് എത്ര മരുന്നാണ് നല്‍കേണ്ടതെന്ന് അളന്ന് മുറിച്ച് നല്‍കുന്നത് പോലെ പടച്ചവന്‍ ഉല്‍കൃഷ്ട വിജ്ഞാനം നല്‍കി അനുഗ്രഹിക്കുകയും ദഅ്വത്തിന്‍റെ യോഗ്യതയും ഗുണങ്ങളും കനിഞ്ഞരുളുകയും ചെയ്ത വ്യക്തി അനാവശ്യമായും പരിധി വിട്ടും ഒന്നും സംസാരിക്കുന്നതല്ല. 
ദഅ് വത്തിന്‍റെയും തബ് ലീഗിന്‍റെയും നിയമ-മര്യാദകള്‍ മനസ്സിലാക്കിയവര്‍ ആത്മനിയന്ത്രണം പാലിക്കുന്നതും സ്ഥലവും സമയവും നന്നായി ശ്രദ്ധിക്കുന്നതുമാണ്. ദഅ്വത്ത് ഫലിക്കുന്നതിന് ഇരു കൂട്ടരും ഉന്മേഷത്തിലും ആവേശത്തിലുമായിരിക്കല്‍ അത്യാവശ്യമാണ്. നിയമ-മര്യാദകള്‍ പാലിക്കാതിരിക്കുന്നത് ഇരുകൂട്ടരോടും ചെയ്യുന്ന അക്രമമാണ്. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...