Saturday, April 18, 2020

02 ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ജീവ ചരിത്രം.! -മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി



ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ 
ജീവ ചരിത്രം.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/04/02.html?spref=tw
അദ്ധ്യായം 01 
അനുഗ്രഹീത കുടുംബം: 
ഉത്തര്‍ പ്രദേശിലെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ദുആബ എന്ന പ്രദേശത്ത് പ്രസിദ്ധിയും ആദരവും പിടിച്ച് പറ്റിയ ഒരു സിദ്ദീഖി കുടുംബം ഉണ്ടായിരുന്നു. കാലാകാലങ്ങളില്‍ അറിവും മഹത്വവും നിറഞ്ഞ മഹാന്മാര്‍ക്ക് ജന്മം നല്‍കിയ ഈ കുടുംബം നൂറ്റാണ്ടുകളോളം ഇല്‍മിന്‍റെയും ഫള്ലിന്‍റെയും നീരുറവയായി നിലനിന്ന സമുന്നത കുടുബങ്ങളില്‍ ഒന്നാണ്. ഇവരുടെ യഥാര്‍ത്ഥ നാട് മുസഫ്ഫര്‍ നഗര്‍ ജില്ലയിലെ ജന്‍ജാനയാണ്. രണ്ടാം നാട് കാന്ദലയും. അല്ലാഹു ഖബൂലിയത്ത് നല്‍കി അനുഗ്രഹിച്ച ഈ കുടുംബത്തിന്‍റെ പ്രധാന ഗുണം സത്യസന്ധതയും നിഷ്കളങ്കതയും ആയിരുന്നു. ഈ കുടുംബത്തില്‍ ഒന്നിന് പുറകെ ഒന്നായി ഉലമാ-മശാഇഖുമാര്‍ പിറവികൊണ്ടിരുന്നു. ഉന്നത ശേഷിയും മനക്കരുത്തും  കാരണമായി ഈ കുടുംബക്കാര്‍ വിജ്ഞാനത്തില്‍ വളരെ ഉന്നതരായി. അവരില്‍ ഉന്നതി പ്രാപിച്ച ഫഖീഹ്- മുഫ്തിമാരും മഅ്ഖൂല്‍-മന്‍ഖൂലുകള്‍ (ബൗദ്ധീകവും നിയമ പരവുമായ വിജ്ഞാന ശാഖകള്‍) ഒത്തു കൂടിയവരും കഴിവുറ്റ കവികളും വിദഗ്ധ വൈദ്യരും ഉണ്ടായിരുന്നു. 
                ഹസ്രത്ത് ശാഹ് അബ്ദുല്‍ അസീസ് മുഹദ്ദിസ് ദഹ്ലവി (റ) യുടെയും കുടുംബത്തിന്‍റെയും ശിഷ്യത്വം ഈ കുടുംബത്തില്‍ ഇത്തിബാഅ് സുന്നത്തിന്‍റെയും ഇസ്ലാഹുല്‍ അഖാഇദി-വല്‍ അഅ്മാലി (വിശ്വാസവും കര്‍മ്മങ്ങളും ശരിയാക്കല്‍) ന്‍റെയും വിജ്ഞാനത്തിന്‍റെയും അഭിരുചി ഉണ്ടാക്കിത്തീര്‍ത്തു.  ഹസ്രത്ത് സയ്യിദ് അഹ്മദ് ശഹീദ് (റ) മായുള്ള ബന്ധം അവയ്ക്ക് തിളക്കം കൂട്ടുകയും തൗഹീദ് -സുന്നത്തിനോടൊപ്പം ജിഹാദിന്‍റെ ആവേശം ഉണര്‍ത്തുകയും ചെയ്തു. കുടുംബാംഗം കൂടിയായ മഹാ പണ്ഡിതന്‍ മൗലാനാ മുസഫ്ഫര്‍ ഹുസൈന്‍ കാന്ദലവി (റ) യുടെ തഖ്വ നിറഞ്ഞ ജീവിതവും മനക്കരുത്തും ത്യാഗമനസ്ഥിതിയും പുരുഷന്മാരെ കൂടാതെ സ്ത്രീകളിലും തഖ്വയും ദിക്ര്‍-ഇബാദത്തുകളില്‍ ആഗ്രഹവും ഉണ്ടാക്കിത്തീര്‍ത്തു. 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
കുടുംബപരമായ ഈ സവിശേഷതകള്‍ ഉള്ളതിനോടൊപ്പം അതാത് കാലങ്ങളില്‍ മശാഇഖ്-ഇമാമുകളുടെ സമക്ഷത്തില്‍ ചെന്നു ശിഷ്യത്വം സ്വീകരിക്കാനും മടികാണിച്ചില്ല എന്നതാണ് ഈ കുടുംബത്തിന്‍റെ വലിയ പ്രത്യേകത.! ശാഹ് അബ്ദുല്‍ അസീസ് (റ), സയ്യിദ് അഹ്മദ് ശഹീദ് (റ), എന്നിവര്‍ക്ക് ശേഷം മൗലാനാ റഷീദ് അഹ്മദ് ഗംഗോഹി (റ), മൗലാനാ ഖലീല്‍ അഹ്മദ് സഹാറന്‍പൂരി (റ), ശാഹ് അബ്ദുര്‍റഹീം റായ്പൂരി തുടങ്ങിയ മഹാന്മാരുമായി ഈ കുടുംബക്കാര്‍ എന്നും ബന്ധപ്പെട്ടിട്ടുണ്ട്. ഇന്നും അത് തുടരുന്നു. 
അല്ലാഹു ഈ കുടുംബത്തെ കൊണ്ട് ഈ യുഗത്തിലെ ഏറ്റവും സമുന്നതമായ ദഅ്വത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചുവെന്നത് ഈ കുടുംബത്തിന്‍റെ ഖബൂലിയത്തിനുള്ള സ്പഷ്ടമായ തെളിവാണ്. ഈ യുഗത്തിലെ നവോത്ഥാന സേവനത്തിന് സൗഭാഗ്യം സിദ്ധിച്ച മൗലാനാ മുഹമ്മദ് ഇല്‍യാസ് (റ) പോലുള്ള വ്യക്തിത്വങ്ങള്‍ ഈ കുടുംബത്തിലാണ് പിറന്നത്. മഹാനവര്‍കളുടെ ഇഖ്ലാസും മനക്കരുത്തും ദീര്‍ഘദൃഷ്ടിയും ത്യാഗപരിശ്രമങ്ങളും നിമിത്തം ഇന്ന് അത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരന്ന് കഴിഞ്ഞു. ഇദ്ദേഹത്തിന് ശേഷം മകന്‍ മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബ്, ശേഷം വന്ന അമീര്‍ മൗലാനാ ഇന്‍ആമുല്‍ ഹസന്‍ തുടങ്ങിയവര്‍ ഈ കുടുംബത്തില്‍ പെട്ടവരാണ്. 
മഹാനായ അമീറുല്‍ മുഅ്മിനീന്‍ അബൂബക്ര്‍ സിദ്ദീഖ് (റ) ന്‍റെ പരമ്പരയില്‍പ്പെട്ട ഈ കുടുബത്തിലെ അധിക വിദൂരമല്ലാത്ത തലമുറയില്‍പ്പെട്ട മഹാനാണ് ഹകീം മുഹമ്മദ് അഷ്റഫ് സാഹിബ്. അതുകൊണ്ട് അദ്ദേഹത്തില്‍ നിന്ന് ആരംഭിക്കുകയാണ്. 
ഹകീം മുഹമ്മദ് അഷ്റഫ്: ഷാജഹാന്‍ യുഗത്തിലെ പ്രസിദ്ധനായ ഈ മഹാന്‍ മുസഫ്ഫര്‍ നഗര്‍ ജില്ലയിലെ ജന്‍ജാന നിവാസിയായിരുന്നു. മഹാനവര്‍കളുടെ ഇല്‍മിലും തഖ്വയിലും ഇത്തിബാഅ് സുന്നത്തിലും സമകാലിക പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്. ഹകീം അവര്‍കളുടെ മക്കളില്‍ നിരവധി ഉലമാ-മശാഇഖുകള്‍ ഉണ്ടായിട്ടുണ്ട്. കറാമത്തുള്ള മഹാനായിരുന്നു ഹകീം മുഹമ്മദ് അഷ്റഫ് സാഹിബ്. അദ്ദേഹത്തിന്‍റെ ഭൗതിക അനാശ്രയത്വം വിളിച്ചറിയിക്കുന്ന നിരവധി സംഭവങ്ങളില്‍ ഒന്ന് ശ്രദ്ധിക്കുക: മഹാനവര്‍കളുടെ മഹത്വത്തെ കുറിച്ചറിഞ്ഞ ഷാജഹാന്‍ ചക്രവര്‍ത്തി കാണാന്‍ അഗ്രഹം പ്രകടിപ്പിച്ചു. കൂട്ടികൊണ്ടുവരാന്‍ പല്ലക്കും ചില ആളുകളേയും അയച്ചു. ഹകീം മുഹമ്മദ് അഷ്റഫ് സാഹിബ് സുബ്ഹി നമസ്കാരം കഴിഞ്ഞ് സാധാരണ വേഷത്തില്‍ ഡല്‍ഹിയിലേക്ക് യാത്രയായി. രാജാവ് സ്വീകരിക്കാന്‍ പട്ടണകവാടത്തില്‍ ആളുകളെ നിര്‍ത്തിയിരുന്നു. വരുന്ന വിവരം അറിഞ്ഞ് അവര്‍ മുന്നോട്ട് വന്ന് സ്വീകരിച്ചാനയിച്ചു. മന്ത്രി സഅദുല്ലാ ഖാനോട് ശൈഖിനെ പരിശോധിക്കാന്‍ രാജാവ് നിര്‍ദ്ദേശിച്ചു. പണ്ഡിതനായ മന്ത്രി വിവിധ വിഷയങ്ങളെ കുറിച്ച് വ്യത്യസ്ഥ ചോദ്യങ്ങളുന്നയിച്ചു. എല്ലാത്തിനും സമര്‍ത്ഥമായി മറുപടി കൊടുത്തതു കണ്ട് രാജാവ് അദ്ദേഹത്തെ പ്രശംസിച്ചു. ജന്‍ജാനയിലെ ഫലഭൂയിഷ്ടമായ വലിയ ഒരു പ്രദേശം സമ്മാനമായി സമര്‍പ്പിച്ചു. അതു നിരസിച്ചുകൊണ്ട് ഹകീം സാഹിബ് പറഞ്ഞു: റാസിഖ് അല്ലാഹുവാണ്, രാജാവല്ല. അതിനായിട്ടല്ല ഞാന്‍ വന്നത്.! 
ഹകീം മുഹമ്മദ് അഷ്റഫിന്‍റെ ഒരു മകനാണ് ഹകീം മുഹമ്മദ് ശരീഫ്. ഇല്‍മിലും ഫള്ലിലും പിതാവിന്‍റെ യഥാര്‍ത്ഥ പിന്‍ഗാമിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് രണ്ട് മക്കളുണ്ടായിരുന്നു. ഒന്ന്,  ഹകീം അബ്ദുല്‍ ഖാദിര്‍. നിരവധി മഹാന്മാരുണ്ടായ ഇദ്ദേഹത്തിന്‍റെ പരമ്പരയിലാണ് മുഫ്തി ഇലാഹി ബഖ്ശും, മൗലാനാ മുസഫ്ഫര്‍ ഹുസൈന്‍ കാന്ദലവിയും ജനിച്ചത്. രണ്ട്, മൗലാനാ മുഹമ്മദ് ഫൈള്. ഇദ്ദേഹം ജന്‍ജാനയിലായിരുന്നു താമസിച്ചത്. ഇദ്ദേഹത്തിന്‍റെ പരമ്പരയിലാണ് മൗലാനാ മുഹമ്മദ് ഇസ്മാഈല്‍, മൗലാനാ മുഹമ്മദ് യഹ്യ, അദ്ദേഹത്തിന്‍റെ മകന്‍ ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ എന്നിവര്‍ ജനിച്ചത്. ജന്‍ജാന-കാന്ദ്ല രണ്ടിടങ്ങളിലായി വസിച്ചിരുന്ന ഈ രണ്ട് ശാഖകളും സംഗമിക്കുന്നത് മൗലവി മുഹമ്മദ് ശരീഫ് സാഹിബിലാണ്. 
സുല്‍ത്താന്‍ മുഹമ്മദ് തുഗ്ലക്കിന്‍റെ കാലത്ത് കാന്ദലയിലെ ഖാദിയും ഖത്തീബുമായിരുന്നു ഖാദി ശൈഖ് മുഹമ്മദ്. അദ്ദേഹത്തിന്‍റെ പരമ്പരയില്‍ അദ്ദേഹത്തിന്‍റെ തന്നെ പേരുള്ള ഒരു ഉന്നത മഹാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മകളുമായി ജന്‍ജാനയിലെ ഉപരി സൂചിത കുടുംബത്തിലെ മൗലാനാ ഹകീം അബ്ദുല്‍ ഖാദിര്‍ സാഹിബിന്‍റെ വിവാഹം നടന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ടായി. ഒന്ന്, മൗലാനാ ഹകീം ഖുതുബുദ്ദീന്‍. രണ്ട്, മൗലാനാ ഹകീം ശറഫുദ്ദീന്‍. 
      ജന്‍ജാനയിലെ പ്രമുഖനായിരുന്ന ഹകീം ഖുതുബുദ്ദീന് അല്ലാഹു ദീനീ ഉന്നതിയോടൊപ്പം ദുന്‍യവിയായ മഹത്വവും കനിഞ്ഞ് നല്‍കിയിരുന്നു. തന്‍റെ പിതാവിന്‍റെ കന്ദലയിലെ അതേ കുടുംബത്തില്‍ നിന്നാണ് ഇദ്ദേഹവും വിവാഹം കഴിച്ചത്. അദ്ദേഹത്തിന് മൂന്ന് മക്കള്‍ ഉണ്ടായി. ഒന്ന്, ഹകീം ശൈഖുല്‍ ഇസ്ലാം. രണ്ട്, ശൈഖ് മുഹമ്മദ് മശാഇഖ്. മൂന്ന്, ശൈഖ് സ്വദ്റുദ്ദീന്‍. അവസാനത്തെ രണ്ട് മഹാന്മാരും ജന്‍ജാനയില്‍ തന്നെ താമസിച്ചു. 
         മൗലാനാ ശൈഖുല്‍ ഇസ്ലാം ഇല്‍മിലും മഹത്വത്തിലും മികച്ചവരായിരുന്നു. അദ്ദേഹത്തിന് നാല് മക്കള്‍ ഉണ്ടായി. ഒന്ന്- മുഫ്തി ഇലാഹീ ബഖ്ശ്. രണ്ട്, ശാഹ് കമാലുദ്ദീന്‍. മൂന്ന്, മൗലവി ഇമാമുദ്ദീന്‍. നാല്, മൗലവി മഹ്മൂദ് ബഖ്ശ്. നാലുപേരും മഹത്തുക്കളും മഖ്ബൂലുകളുമായിരുന്നു. 
മീര്‍ സാഹിദ്, ശര്‍ഹു മുല്ലാജലാല്‍, ഹാശിയ ഉമൂറെ ആമ്മ, രിസാല നസബെ അര്‍ബഅ: മുതലായ മന്‍ത്വിഖിന്‍റെ വിവിധ കിത്താബുകള്‍ക്ക് മൗലവി ഇമാമുദ്ദീന്‍  ചെറിയ വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ മകനായ ഹകീം അഷ്റഫ് വിദഗ്ധ വൈദ്യനായിരുന്നു. ശൈഖുല്‍ ഇസ്ലാമിന്‍റെ മറ്റൊരു പോരാളിയായ മൗലാനാ കമാലുദ്ദീനും തഖ്വയും സുഹ്ദും മുറുകെ പിടിച്ച മഹാനായിരുന്നു. സ്വന്തം സഹോദരന്‍ മുഫ്തി ഇലാഹീ ബഖ്ശ് വിവരിക്കുന്നു: കൊടും ശൈത്യത്തിലും അര്‍ദ്ധരാത്രി എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ വുളൂഅ് ചെയ്ത് തഹജ്ജുദ് നമസ്കരിക്കുമായിരുന്നു. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: നിങ്ങള്‍ക്ക് ഇത് എങ്ങനെ സാധിക്കുന്നു.? അദ്ദേഹം പറഞ്ഞു: ദിവസവും വുളൂഅ് എടുത്ത് കഴിഞ്ഞാല്‍ ശൈത്വാനും നഫ്സും ഇങ്ങനെ മന്ത്രിക്കും: നാളെ എഴുന്നേല്‍ക്കണ്ടതില്ല. നഫ്സുകള്‍ക്ക് വേണ്ടി ഇത്ര ത്യാഗം സഹിക്കാന്‍ പ്രയാസമാണ്. അടുത്ത രാത്രി ആകുമ്പോള്‍ ആളുകള്‍ ഗോതമ്പ് പൊടിക്കുന്ന ശബ്ദം കാതില്‍ വന്ന് വീഴും. ഞാന്‍ അസ്വസ്ഥനാകും. സുബ്ഹാനല്ലാഹ്, ഈ കൊടും തണുപ്പിലും അന്നത്തിന് വേണ്ടി അര്‍ദ്ധരാത്രി എഴുന്നേറ്റ് പ്രഭാതം വരെ ഇത്ര ബുദ്ധിമുട്ടി ഇവര്‍ ഗോതമ്പ് പൊടിക്കുന്ന അവസ്ഥ നിലനില്‍ക്കുമ്പേള്‍ ഞാന്‍ സുഖ നിദ്രയില്‍ ലയിക്കുന്നത് എനിക്ക് ആഹാരം കനിയുന്നവനോട് കാണിക്കുന്ന നന്ദികേടും മര്യാദകേടല്ലേ.? ഈ ചിന്തയുണ്ടാകുമ്പോള്‍ സുഖമായി എഴുന്നേറ്റ് നമസ്കരിക്കാന്‍ സാധിക്കുന്നു.! 
ഇദ്ദേഹം ദാനത്തിലും, ത്യാഗത്തിലും, മാന്യതയിലും, മനുഷ്യ സേവനത്തിലും, യാത്രക്കാരെ സഹായിക്കുന്നതിലും മുന്‍പന്തിയിലായിരുന്നു. ജീവിതത്തിലാദ്യന്തം സംഗീത-വിനോദങ്ങളില്‍ നിന്നുമകന്നാണ് കഴിഞ്ഞത്. 
മുഫ്തി ഇലാഹീ ബഖ്ശ്: മൗലാനാ ഹകീം ശൈഖുല്‍ ഇസ്ലാമിന്‍റെ ഈ മകന്‍ വലിയ മഹാനായിരുന്നു. ഹി:1162-ല്‍ ജനിച്ചു. 1242-ല്‍ 83-ാം വയസ്സില്‍ വഫാത്തായി. ഹ: ശാഹ് അബ്ദുല്‍ അസീസ് (റ) ന്‍റെ പ്രധാന ശിഷ്യനായിരുന്നു. മുഫ്തിയും മുദര്‍രിസും ഗ്രന്ഥകാരനും ആയിരുന്നതോടൊപ്പം വിദഗ്ധ വൈദ്യനും അഖ്ലീ-നഖ്ലീ ഇല്‍മുകളില്‍ നിപുണനും അറബി-ഉറുദു-ഫാരിസി കവിയുമായിരുന്നു. അദ്ദേഹത്തിന്‍റെ ശറഹ് ബാനത് സുഅദ: ഇതിനു തെളിവാണ്. കഅ്ബ് (റ) ന്‍റെ ഓരോ കവിതയും അറബി-ഉറുദു-ഫാരിസി ഭാഷകളില്‍ കവിതാ രൂപേണ ഭാഷാന്തരം ചെയ്തിരിട്ടുണ്ട്. ഏതാണ്ട് 60 കിത്താബുകളുടെ കര്‍ത്താവാണ്. അതില്‍ ശിയമുല്‍ ഹബീബും തക്മിലതു മസ്നവി റൂമിയും ഏറെ പ്രസിദ്ധമാണ്. (ഇതില്‍ ശിയമുല്‍ ഹബീബ്, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുഗുണങ്ങള്‍ വളരെ സുന്ദരമായ നിലയില്‍ ക്രോഡീകരിച്ചിട്ടുള്ള രചനയാണ്. ശൈഖുല്‍ ഹദീസ് റമദാനിലെ ഇഅ്തികാഫുകളില്‍ ഇത് വായിക്കുമായിരുന്നു. ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവിയുടെ പ്രവാചക പ്രകീര്‍ത്തന രചനയായ നശ്റുത്തീബിന്‍റെ ....)ം അദ്ധ്യായത്തില്‍ അതേപടി ഉദ്ധരിച്ചിട്ടുണ്ട്. നശ്റുത്തീബ് വിവര്‍ത്തനത്തിന്‍റെ പ്രസിദ്ധീകരണം -സയ്യിദ് ഹസനി അക്കാദമി). മുഫ്തി സാഹിബ് പഠനത്തിന് ശേഷം ഹസ്രത്ത് ദഹ്ലവി (റ) യെ ബൈഅത്ത് ചെയ്തിരുന്നു. എന്നിട്ടും സയ്യിദ് അഹ്മദ് ശഹീദ് (റ) ഹി: 1234-ല്‍ കാന്ദലയില്‍ വന്നപ്പോള്‍ തന്‍റ വാര്‍ദ്ധക്യവും മുഫ്തി സാഹിബിന്‍റെ ചെറുപ്പവും (സയ്യിദ് (റ) നെക്കാള്‍ 38-39 വയസ്സ് മൂത്തതായിരുന്നു) പരിഗണിക്കാതെ ശിഷ്യത്വം സ്വീകരിച്ചു. സയ്യിദ് (റ) മായി നടന്ന വികാരഭരിതമായ ആദ്യ കൂടിക്കാഴ്ചയുടെ പ്രേരകം മുഫ്തി സാഹിബ് തന്നെ വിവരിക്കുന്നു: 
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ മുഹമ്മദ് മുസ്ത്വഫാ (സ) യുടെ യഥാര്‍ത്ഥ അനുയായിയായ സയ്യിദ് അഹ്മദ് ഹസനിയുടെ കമാലാത്തുകളെ കുറിച്ച് പെട്ടെന്നാണ് കേട്ടത്. മഹാനുഭാവന്‍റെ സഹവാസത്തിനായി ആഗ്രഹം മൂര്‍ച്ചിച്ചു. അവസാനം ക്ഷമ കെട്ടു. മനഃസമാധാനം ഇല്ലാതായി.! അവസാനം കണ്ടുമുട്ടുകയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.!! സയ്യിദിനെക്കുറിച്ച് പ്രകീര്‍ത്തിച്ച് നിരവധി കവിത കളും മഹാന്‍ രചിച്ചിട്ടുണ്ട്.  സയ്യിദ് (റ) ന്‍റെ ദിക്ര്‍-ത്വരീഖത്തുകളെ സംബന്ധിച്ച് മുല്‍ഹമാതെ അഹ്മദിയ എന്നൊരു കിത്താബും എഴുതിയിട്ടുണ്ട്. 
മുഫ്തി ഇലാഹി ബഖ്ശിന് രണ്ട് മക്കള്‍ ഉണ്ടായിരുന്നു. മൗലാനാ അബുല്‍ ഹസന്‍, മൗലാനാ അബുല്‍ ഖാസിം. ഇരുവരും സയ്യിദ് (റ) ന്‍റെ വിശ്വസ്ഥ ശിഷ്യരും സയ്യിദ് (റ) നെ വളരെ സ്നേഹിച്ചവരുമായിരുന്നു. 
    മുഫ്തിയുടെ രണ്ട് പേര മക്കളായ മൗലാനാ മുഹമ്മദ് മുസ്തഫയും മൗലാനാ മുഹമ്മദ് സ്വാബിറും സയ്യിദ് (റ) നെ സ്നേഹിക്കുക മാത്രമല്ല, മഹാനവര്‍കളോടൊപ്പം ജിഹാദില്‍ പങ്കെടുക്കുകയും ചെയ്തു. മൗലാനാ മുഹമ്മദ് മുസ്തഫ ശഹാദത്ത് വരിച്ചു. മൗലാനാ സാബിര്‍ ജീവിതകാലമത്രയും ജിഹാദില്‍ കഴിച്ചുകൂട്ടി. അതിന്‍റെ സദ്ഫലമെന്നൊണം കാന്ദല-ജന്‍ജാനയിലെ ഈ കുടുംബം മുഴുവന്‍ സയ്യിദ് (റ) നെ സ്നേഹിക്കുന്നവരായിമാറി. വീട്ടിനകത്തും പുറത്തും വലിയവരും ചെറിയവരും സ്ത്രീ-പുരുഷന്മാരെല്ലാം സയ്യിദ് (റ) നെയും അദ്ദേഹത്തിന്‍റെ ജിഹാദിനെയും സദാ അനുസ്മരിച്ചിരുന്നു. (സയ്യിദ് അഹ്മദ് ശഹീദ് (റ) നെയും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ജിഹാദിനെയും കുറിച്ചറിയാന്‍ ലേഖകന്‍റെ സീറത്ത് സയ്യിദ് അഹ്മദ് ശഹീദ് എന്ന ഗ്രന്ഥം വായിക്കുക.) 
മൗലാനാ ഹകീം മുഹമ്മദ് ശരീഫിന്‍റെ സന്താനങ്ങളില്‍ രണ്ടാം ശാഖ മൗലാനാ മുഹമ്മദ് ഫൈളിലൂടെയാണ് തുടങ്ങുന്നത്. അദ്ദേഹത്തിന്‍റെ മൂത്ത മകനാണ് മൗലാനാ ഹകീം മുഹമ്മദ് സാജിദ്. ഹി:1120-ല്‍ ജനിച്ചു. അഗാധ പണ്ഡിതനും ഉജ്വല ഭിഷഗ്വരനും ആയിരുന്നു. ഹകീം മുഹമ്മദ് സാജിദിന്‍റെ നിരവധി ഫത്വകള്‍ മുഫ്തി ഇലാഹി ബഖ്ശ് സമാഹരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ പിതാമഹന്‍ ഹകീം മുഹമ്മദ് അഷ്റഫ് നിരസിച്ച ഭൂപ്രദേശം രാജാവ് വീണ്ടും ഹകീം മുഹമ്മദ് സാജിദിന് സമര്‍പ്പിച്ചു. 
അജാഇബുല്‍ ഗറാഇബ് എന്ന ഒരു കിതാബ് മൗലാനാ ഹകീം മുഹമ്മദ് സാജിദ് രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ ഒരു മകനായിരുന്നു ഹകീം ഗുലാം മുഹ്യുദ്ദീന്‍. അദ്ദേഹത്തിന്‍റെ ഒരു മകന്‍ ഹകീം കരീം ബഖ്ശ്. അദ്ദേഹത്തിന്‍റ രണ്ട് മക്കള്‍ ശൈഖ് ഗുലാം ഹസന്‍, ശൈഖ് ഗുലാം ഹുസൈന്‍. 
    മുഫ്തി ഇലാഹി ബഖ്ഷ് (റ) യുടെ പുത്രിയുമായിയാണ് ശൈഖ് ഗുലാം ഹസന്‍റെ വിവാഹം നടന്നത്. അവര്‍ക്ക് രണ്ട് മക്കളുണ്ടായി. മൗലാനാ മുഹമ്മദ് സ്വാബിര്‍, മൗലാനാ മുഹമ്മദ് മുസ്തഫാ ശഹീദ്. 
     മൗലാനാ മുഹമ്മദ് സ്വാബിര്‍ സാഹിദും സൂഫീയുമായിരുന്നു. സയ്യിദ് അഹ്മദ് ശഹീദ് (റ) നോടൊപ്പം അദ്ദേഹം ജിഹാദില്‍ പങ്കെടുത്തിരുന്നു. ജീവിതം മുഴുവന്‍ ജിഹാദീ രംഗത്ത് തന്നെയാണ് ചെലവഴിച്ചത്. ഒരു മകനുണ്ടായിരുന്നു. ഹാഫിള് മുഹമ്മദ് അബ്ദുല്ലാഹ്. സുഹ്ദിലും തഖ്വയിലും പിതാവിന്‍റെ ഉത്തമ പിന്‍ഗാമിയായിരുന്നു. ജിഹാദിന്‍റെ ആവേശം എന്നും അദ്ദേഹത്തില്‍ ജ്വലിച്ചുനിന്നിരുന്നു.
     അദ്ദേഹത്തിന് രണ്ട് മക്കള്‍: ഹാഫിള് മുഹമ്മദ് യുസുഫ്. ഹാഫിള് മുഹമ്മദ് യൂനുസ്. ഈ രണ്ട് മഹാന്മാരും ആദ്യകാലം തൊഴിലാവശ്യാര്‍ത്ഥം വിദേശത്തായിരുന്നു. അവസാനം കാന്ദലയില്‍ വന്നു. മുന്‍ഗാമികളായ മഹാന്മാരുടെ മാതൃക, പ്രകാശം ചൊരിക്കുന്ന രൂപം, ഈമാന്‍ തുടിക്കുന്ന വാക്കുകള്‍, ഇസ്ലാമിക ചിട്ടകള്‍, ഉത്തമ ശീലങ്ങള്‍, മാന്യത, സുഹൃത്ത് സ്നേഹം, അനുകമ്പ, ഗുണകാംക്ഷ എന്നിവയായിരുന്നു രണ്ട് സഹോദരന്മാരുടെയും പ്രത്യേക ഗുണങ്ങള്‍. 
     ഹാഫിള് മുഹമ്മദ് മുഹമ്മദ് യൂസുഫിന് ആദ്യ ഭാര്യയില്‍ മൂന്ന് പെണ്‍മക്കള്‍ ഉണ്ടായി. ഇവരില്‍ രണ്ട് പേരെ (ഒരാളുടെ മരണത്തിന് ശേഷം അടുത്തയാളെ) മൗലാനാ മുഹമ്മദ് യഹ്യാ കാന്ദലവി വിവാഹം ചെയ്തു. രണ്ടാം ഭാര്യയിലാണ് മൗലാനാ മുഹമ്മദ് സകരിയ്യ ജനിച്ചത്. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 
ആധുനിക യുഗത്തിലെ സമുന്നത പണ്ഡിതനും മുഹദ്ദിസും മുറബ്ബിയും ആത്മീയ നായകനുമായ ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ കാന്ദലവി മുഹാജിര്‍ മദനിയുടെ മഹത്തായ ജീവചരിത്രം. വൈജ്ഞാനിക-കാര്‍മ്മിക മഹത്വങ്ങള്‍, ദീനീ-ഇസ്ലാഹീ-തര്‍ബിയത്തീ സേവനങ്ങള്‍ ഇവയെ കുറിച്ചുള്ള വിശദമായ പരിചയപ്പെടുത്തലും സമ്പൂര്‍ണ്ണ അനുസ്മരണവും. ഇത് ഒരു മഹാപുരുഷന്‍റെ മാത്രം ചരിത്രമല്ല, അല്‍ മദ്റസതുസ്സൗലതിയ മക്കത്തുല്‍ മുകര്‍റമ, അല്‍ മദ്റസത്തുശ്ശറഇയ്യ മദീനാ ത്വയ്യിബ, ദാറുല്‍ ഉലൂം ദേവ്ബന്ദ്, മളാഹിര്‍ ഉലൂം സഹാറന്‍പൂര്‍, മദ്റസ കാഷിഫുല്‍ ഉലൂം ബസ്തി നിസാമുദ്ദീന്‍, ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമാ ലക്നൗ, ദാറുല്‍ ഉലൂം ബ്രിട്ടണ്‍ തുടങ്ങി മഹത്തായ വിജ്ഞാന കേന്ദ്രങ്ങളുടെയും മൗലാനാ മുഹമ്മദ് യഹ് യ, മൗലാനാ മുഹമ്മദ് യൂസുഫ്, മൗലാനാ ഇന്‍ആമുല്‍ ഹസന്‍ മുതലായ മഹാത്മാക്കളുടെയും ദഅ് വത്ത്-തബ് ലീഗ്-തസ്കിയത്ത്-തദ് രീസ്-തഅ്ലീഫ് പോലുള്ള ദീനിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള മഹത്തായ സ്മരണയും ഉത്തമ മാര്‍ഗ്ഗ ദര്‍ശനവും കൂടിയാണ്. 
പഠിക്കുക, പകര്‍ത്തുക, പ്രചരിപ്പിക്കുക.! 
ആമുഖം : 
ٱلْحَمْدُ لِلَّهِ وَسَلَٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصْطَفَىٰٓ أما بعد

മഹാനായ ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ മഹത്തായ ജീവ ചരിത്രവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഈ എളിയ പരിശ്രമം അനുവാചക സമക്ഷം സമര്‍പ്പിക്കുമ്പോള്‍ മനസ്സിലും മസ്തിഷ്കത്തിലും പരസ്പര വിരുദ്ധമായ രണ്ട് വികാര-വിചാരങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. 
ഒന്നാമത്തെ വിചാരം, അതിയായ സന്തോഷവും അവാച്യമായ നന്ദിയുമാണ്. അല്ലാഹുവിന്‍റെ നിഷ്കളങ്കനും സ്വീകാര്യനുമായ ഒരു ദാസന്‍റെ ജീവിതാവസ്ഥകളെയും മത വൈജ്ഞാനിക സേവനങ്ങളെയും ബാഹ്യ-ആന്തരിക സമ്പൂര്‍ണ്ണതകളെയും കുറിച്ച് ചില കാര്യങ്ങള്‍ എഴുതാന്‍ അല്ലാഹു ഉതവി നല്‍കി. ഒരു പക്ഷെ, ഇത് എന്‍റെ ഇരുലോകത്തെയും വിജയത്തിന് കാരണമായേക്കാം.! രണ്ടാമത്തെ വിചാരം ഇത്ര വലിയൊരു മഹാപുരുഷനെ കുറിച്ചുള്ള അനുസ്മരണം വേണ്ടത് പോലെ കുറിക്കാന്‍ കഴിഞ്ഞോ എന്ന ചിന്തയും ഭയവുമാണ്. 
ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മാത്രമല്ല, മുഴുവന്‍ ഇസ്ലാമിക ലോകത്തും നൂറ്റാണ്ടുകളായി ദീനീ വിദ്യാഭ്യാസത്തിന്‍റെയും സംസ്കരണത്തിന്‍റെയും ഒരു മഹത്തായ പദ്ധതി സജീവമായി നിലനിന്നിരുന്നു. വീടുകളുടെ നാല് ഭിത്തികള്‍ മുതല്‍ മദ്റസ-ജാമിഉകളിലും, ദര്‍സീ ഹല്‍ഖകളിലും, രചനാ കേന്ദ്രങ്ങളിലും, ഖാന്‍ഖാഹുകളുടെ (ആത്മീയ ശിക്ഷണ ശാലകള്‍) ശാന്തമായ അന്തരീക്ഷങ്ങളിലും ത്യാഗപരിശ്രമങ്ങളുടെ സജീവമായ മൈതാനങ്ങളിലും വരെ അതിന്‍റെ അതിര്‍ത്തികള്‍ പ്രവിശാലമായിരുന്നു. ഇഖ്ലാസ്, ലില്ലാഹിയത്ത്, ഈമാന്‍, ഇഹ്തിസാബ്, അസാതിദ-ശുയൂഖുമാരോടുള്ള സമ്പൂര്‍ണ്ണ ആദരവ്-അനുസരണ, ഉപകാരികളോടുള്ള നന്ദി, ജീവിത വിഷയങ്ങളില്‍ ശക്തമായ തവക്കുല്‍, ആത്മ സംതൃപ്തി, അല്ലാഹുവിലുള്ള പരിപൂര്‍ണ്ണമായ അവലംബം, മറ്റുള്ളവര്‍ക്ക് മുന്‍ഗണന, ത്യാഗമനസ്ഥിതി, പഠനത്തിലും പാരായണത്തിലുമുള്ള അത്ഭുതകരമായ പരിശ്രമം, ലക്ഷ്യം നേടിയെടുക്കുന്നതില്‍ സ്വന്തത്തെ മറന്നുകൊണ്ടുള്ള ഏകാഗ്രത, സമകാലികരോട് വിനയം, അവരോടുള്ള ആദരവ്, വ്യത്യസ്ത വ്യക്തികളെയും വിഭാഗങ്ങളെയും കുറിച്ചുള്ള സദ്ഭാവന, മറ്റുള്ളവരുടെ തെറ്റുകളില്‍ ന്യായീകരണം, പരസ്പര വിരുദ്ധമായ കാര്യങ്ങളെ സംയോജിപ്പിക്കല്‍, വൈജ്ഞാനിക ശേഷിയും ആന്തരിക സമുന്നതിയും കരസ്ഥമാക്കാനുള്ള അതി ഭയങ്കര മനക്കരുത്ത്, കൂട്ടുകാരോടും ജീവിത പങ്കാളികളോടുമുള്ള കര്‍ത്തവ്യ നിര്‍വ്വഹണം, സ്വന്തം അവകാശങ്ങള്‍ ആവശ്യപ്പെടുന്നതിലുള്ള നിശബ്ദത എന്നിവയായിരുന്നു സമുന്നതമായ പ്രസ്തുത പദ്ധതിയുടെ അടിസ്ഥാന തത്വങ്ങള്‍. വിനീതന്‍റെ പരിമിതമായ അറിവും തെറ്റുണ്ടായേക്കാവുന്ന കാഴ്ചപ്പാടുകളും വെച്ച് നോക്കുമ്പോള്‍ ഈ മേഖലയിലെ സമ്പൂര്‍ണ്ണത നിറഞ്ഞ അവസാനത്തെ വ്യക്തിത്വമായിരുന്നു ശൈഖുല്‍ ഹദീസ് മൗലാനാ സകരിയ്യ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ ജീവിതത്തെ കുറിച്ച് ചെറിയൊരു ചിത്രമെങ്കിലും സമര്‍പ്പിക്കുന്നത് മഹത്തായ ഗതകാലത്തെയും  അന്നത്തെ തഅ്ലീമീ-തര്‍ബിയത്തീ ഘടകങ്ങളെയും അതിന്‍റെ ഉള്‍കൃഷ്ട പരിണിത ഫലങ്ങളെയും കുറിച്ചുള്ള ചിത്രീകരണം കൂടിയാണ്. അതെ, ശൈഖുല്‍ ഹദീസിന്‍റെ ജീവചരിത്രം ഒരു സമ്പൂര്‍ണ്ണ വ്യക്തിയുടെ മാത്രം ജീവചരിത്രമല്ല, ജീവസ്സുറ്റ കാലഘട്ടത്തിന്‍റെയും സമൂഹത്തിന്‍റെയും വിദ്യാഭ്യാസ സംസ്കരണ പദ്ധതിയുടെയും വസന്തം വിരിഞ്ഞ് നില്‍ക്കുന്ന പൂന്തോട്ടത്തിന്‍റെയും ഒരു ചരിത്രം കൂടിയാണ്. അത് കൊണ്ട് തന്നെ ഇതെഴുതുന്ന വ്യക്തി മഹാപുരുഷനെ കുറിച്ച് മാത്രം പഠിച്ചാല്‍ മതിയാകുന്നതല്ല. ഇതിന് വലിയ ആഴവും പരപ്പുമുള്ള പഠനങ്ങള്‍ തന്നെ ആവശ്യമാണ്. അത് കൊണ്ട് ഇത് സമര്‍പ്പിക്കുന്ന സമയത്ത് ബലഹീനനായ ഗ്രന്ഥകര്‍ത്താവ് തന്‍റെ കടമ നിര്‍വ്വഹിച്ചോ ഇല്ലയോ എന്ന ചിന്തയില്‍ വലിയ അസ്വസ്ഥനാണ്. 
കൂടാതെ ഈ രചനയ്ക്ക് അര്‍ഹതയും സാധ്യതയുമുള്ള വലിയൊരു വ്യക്തിത്വം എന്‍റെ പ്രിയപ്പെട്ട സഹോദരീ പുത്രന്‍ മൗലവി സയ്യിദ് മുഹമ്മദ് ഥാനി ഹസനി നദ്വി മര്‍ഹൂമായിരുന്നു. ശൈഖുല്‍ ഹദീസിന്‍റെ പ്രധാന ശിഷ്യനായിരുന്ന അദ്ദേഹം ശൈഖിന്‍റെ തന്നെ കല്‍പ്പന പ്രകാരം മഹാനായ ദാഈ മൗലാനാ മുഹമ്മദ് യൂസുഫ് കാന്ദലവിയെ കുറിച്ച് എണ്ണൂറില്‍ പരം താളുകളുള്ള ഉജ്ജ്വല ഗ്രന്ഥം രചിച്ചിരുന്നു. പിന്നീട് ശൈഖിന്‍റെ തന്നെ നിര്‍ദ്ദേശപ്രകാരം ആദരണീയ ഗുരുനാഥനും ശൈഖുമായ അല്ലാമാ ഖലീല്‍ അഹ്മദ് സഹാറന്‍പൂരിയെ കുറിച്ച് ഹയാത്തെ ഖലീല്‍ എന്ന പേരില്‍ ഒരു ഗ്രന്ഥവും, മൗലാനാ യൂസുഫ് സാഹിബിന്‍റെ പ്രിയപ്പെട്ട മകനും ശൈഖുല്‍ ഹദീസിന്‍റെ ചെറുമകനുമായ മൗലവി മുഹമ്മദ് ഹാറൂനിനെ കുറിച്ച് ഒരു രചനയും തയ്യാറാക്കി. ശൈഖ് അവര്‍കളുടെ നിര്‍ദ്ദേശപ്രകാരവും മേല്‍നോട്ടത്തിലും ഈ സേവനങ്ങളെ കൂടാതെ ശൈഖിന്‍റെ ശിഷ്യത്വവും ധാരാളം യാത്രകളിലും മറ്റുമുള്ള സഹവാസവും വെച്ച് നോക്കുമ്പോള്‍ മൗലവി സയ്യിദ് മുഹമ്മദ് ഥാനി തന്നെയായിരുന്നു ഇതിന് അര്‍ഹനായ വ്യക്തിത്വം. മാത്രമല്ല പ്രിയപ്പെട്ടവനേ, എന്‍റെ ചരിത്രവും നീ തന്നെ എഴുതണമെന്ന് ഒരിക്കല്‍ ശൈഖ് അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. പക്ഷെ, അല്ലാഹുവിന്‍റെ തീരുമാനം മറ്റൊന്നായിരുന്നു. ശൈഖിന്‍റെ വിയോഗത്തിന് മൂന്ന് മാസം മുന്‍പ് പ്രിയപ്പെട്ട ശിഷ്യന്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ, ഇപ്പോള്‍ തയ്യാറായിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ മൗലവി മുഹമ്മദ് ഥാനി ഹസനി മര്‍ഹൂമിന് വലിയൊരു പങ്കുണ്ട്. അതിന്‍റെ വിശദീകരണം രസകരവും ചിന്തനീയവുമായതിനാല്‍ ഇവിടെ ഉദ്ധരിക്കുകയാണ്. 
റഈസുല്‍ മുബല്ലിഗീന്‍ മൗലാനാ മുഹമ്മദ് യൂസുഫ് കാന്ദലവിയുടെ മഹത്തായ ജീവചരിത്രം മൗലവി ഹസനി മര്‍ഹൂം ക്രോഡീകരിച്ചപ്പോള്‍ മൗലാനായുടെ പ്രധാന ഗുരുവര്യനും, ശൈഖും, ഭാര്യാപിതാവും, പിതാവിന്‍റെ സഹോദരപുത്രനുമായ ശൈഖുല്‍ ഹദീസിനെ കുറിച്ചും വിവരിക്കേണ്ടതായി വന്നു. എന്നാല്‍ ശൈഖ് ജീവിച്ചിരിക്കുന്ന കാലമായത് കൊണ്ട് അത് എഴുതാന്‍ വിനയം കാരണം മര്‍ഹൂം ലജ്ജിക്കുകയും ആ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഈ ബുദ്ധിമുട്ട് കണ്ട് ആ ജോലി വിനീതന്‍ ഏറ്റെടുത്തു. ഇത് പ്രസ്തുത ഗ്രന്ഥത്തിലെ ഒരു അദ്ധ്യായമായി കൊടുക്കുകയും ചെയ്തു. ഈ സമയത്ത് പ്രസ്തുത ഗ്രന്ഥത്തിന്‍റെ അവതാരികയില്‍ ഇതിനെക്കുറിച്ച്, കുറിച്ച ഏതാനും വരികള്‍ ഇവിടെയും ഉദ്ധരിക്കുകയാണ്: 
എന്‍റെ ആദരണീയ വ്യക്തിത്വങ്ങളോട് എന്ത് സംശയങ്ങളും ചോദ്യങ്ങളും തുറന്ന് ചോദിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് എന്‍റെയൊരു ഭാഗ്യമായി കാണുന്നു. അവയ്ക്ക് സ്നേഹത്തോടെ മറുപടി നല്‍കാനും അവര്‍ കരുണ കാട്ടിയിട്ടുണ്ട്. ഇത് പല രചനകള്‍ക്കും വളരെയധികം പ്രയോജനപ്പെടുകയുണ്ടായി. മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്) ന്‍റെ ജീവിതം അടിമുടി കര്‍മ്മവും ദഅ്വത്തും മാത്രമായിരുന്നു. എന്നാലും മൗലാനായുമായിട്ടുള്ള ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ അദ്ദേഹത്തിന്‍റെ ധാരാളം ജീവിത കാര്യങ്ങള്‍ ചോദിക്കാനും കുറിച്ചെടുക്കാനും എനിക്ക് സാധിച്ചു. യാഥാര്‍ത്ഥത്തില്‍ മൗലാനയെ കുറിച്ചുള്ള ജീവചരിത്രത്തിന്‍റെ അടിസ്ഥാന അവലംബം അത് തന്നെയാണ്. ഈ ഗ്രന്ഥത്തിലും മഹാനായ ശൈഖുല്‍ ഹദീസിനെ കുറിച്ചുള്ള അദ്ധ്യായം എഴുതാന്‍ സഹോദരീ പുത്രന്‍ എന്നെ ഏല്‍പ്പിച്ചപ്പോള്‍ വിനീതന്‍ ശൈഖുമായി നിരന്തരം ബന്ധപ്പെടുകയും വിവിധ വിഷയങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. ഇതില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുക എന്നത് അദ്ദേഹത്തിന്‍റെ പ്രകൃതിയ്ക്ക് വലിയ ത്യാഗമായിരുന്നെങ്കിലും -എന്‍റെ ഭാഗ്യമെന്നോ മിടുക്കെന്നോ ശൈഖിന്‍റെ ഔദാര്യമെന്നോ എന്തും പറയാം- എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്‍കി. അത് മുന്നില്‍ വെച്ചുകൊണ്ടാണ് ഈ അദ്ധ്യായം വിനീതന്‍ തയ്യാറാക്കിയത്. (അവതാരിക -സവാനിഹ് മൗലാനാ മുഹമ്മദ് യൂസുഫ്) 
സത്യം പറയട്ടെ, അല്ലാഹുവിന്‍റെ തീരുമാന പ്രകാരം അന്ന് ഈ ജോലി നടന്നില്ലായിരുന്നുവെങ്കില്‍ ഇന്ന് എനിക്ക് ഈയൊരു ഗ്രന്ഥം തയ്യാറാക്കാന്‍ വളരെ പ്രയാസപ്പെടേണ്ടി വരുമായിരുന്നു. അതുകൊണ്ട് തന്നെ ഈ ഗ്രന്ഥത്തിന്‍റെ അടിസ്ഥാന ഭാഗം സുദീര്‍ഘമായ പ്രസ്തുത ലേഖനമാണ്. ഈ ലേഖനം പ്രസിദ്ധീകരിച്ച ശേഷം ഇതിലടങ്ങിയിരിക്കുന്ന യാഥാര്‍ത്ഥ്യം തന്നെയായ പ്രശംസാ വാചകങ്ങളില്‍ അസ്വസ്ഥനായി ശൈഖ് അവര്‍കള്‍ ഏഴ് ഭാഗങ്ങളുള്ള സ്വന്തം ആത്മകഥ തയ്യാറാക്കുകയും അതില്‍ മഹാന്മാരെ വാഴ്ത്തി പറയുകയും ചെയ്യുകയുണ്ടായി. അതില്‍ ഇടയ്ക്കിടെ വിനീതന്‍റെ ലേഖനത്തെ സ്നേഹത്തോടെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ, പ്രസ്തുത വിമര്‍ശനങ്ങള്‍ ശൈഖ് അവര്‍കളുടെ വല്ലാത്ത വിനയവും സ്വന്തം കാര്യങ്ങള്‍ പാടിപ്പറയുന്നതിന് പകരം ആലിമുകള്‍ക്കും മുതഅല്ലിമുകള്‍ക്കും പ്രധാനികള്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണമുള്ള കാര്യങ്ങള്‍ പറയണമെന്ന് വീക്ഷണവുമാണ്. വിനീതന്‍ ഈ രചന തയ്യാറാക്കിയപ്പോള്‍ ശൈഖിന്‍റെ ആത്മകഥയും പൂര്‍ണ്ണമായി മുന്നില്‍ വെച്ചിട്ടുണ്ട്. ശൈഖിന്‍റെ വിവിധ യാത്രകളെ കുറിച്ചുള്ള അവലംബം സഹയാത്രികരുടെ യാത്രാ വിവരണങ്ങളും കുറിപ്പുകളുമാണ്. രോഗത്തെയും വിയോഗത്തെയും കുറിച്ചുള്ള അദ്ധ്യായത്തിന്‍റെ അടിസ്ഥാനം സേവകന്മാരുടെ വിവരണങ്ങളാണ്. കുടുംബ കാര്യങ്ങള്‍ വിവരിക്കുന്നതിന് മൗലാനാ മുഹമ്മദ് ഇല്‍യാസ് കാന്ദലവി (റഹ്) യുടെ ജീവചരിത്രവും ഇതര ചരിത്ര രചനകളും പ്രയോജനപ്പെടുത്തി. 
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ വിനീതന് ശൈഖുല്‍ ഹദീസുമായി നാല്‍പ്പത് വര്‍ഷത്തിലേറെ സുദീര്‍ഘ ബന്ധമുണ്ട്. ഇതിനിടയില്‍ പലപ്രാവശ്യം ശൈഖുമായി സഹവസിക്കുകയും നിരവധി കത്തുകള്‍ എഴുതുകയും ചെയ്തു. മുന്നൂറ്റി അമ്പതിലേറെ വരുന്ന പ്രസ്തുത കത്തുകള്‍ വിനീതന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ശൈഖിന്‍റെ മാനസികാവസ്ഥകള്‍ നന്നായി പ്രകടമാകുന്ന പ്രസ്തുത കത്തുകളും സ്വന്തം അനുഭവങ്ങളുമാണ് പടച്ചവന്‍ കനിഞ്ഞരുളിയ മഹത്ഗുണങ്ങള്‍ എന്ന ഒമ്പതാം അദ്ധ്യായത്തിന്‍റെ അടിസ്ഥാനം. 
ഇവിടെ ഒരു കാര്യം പ്രത്യേകം സൂചിപ്പിക്കുന്നു. അല്ലാഹുവിങ്കല്‍ വലിയ സ്വീകാര്യത നേടുകയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുമായി വളരെയധികം അടുക്കുകയും ആത്മീയ സമുന്നതി നേടുകയും ചെയ്ത മഹത്തുക്കളെ കുറിച്ച് സ്മരിക്കപ്പെടുമ്പോള്‍ അവരുടെ കറാമാത്ത്-മുബശ്ശറാത്ത്-മനാമാത്ത് (അത്ഭുത സംഭവങ്ങളും, സുന്ദര സ്വപ്നദര്‍ശനങ്ങളും) വളരെ വിശദമായി വിവരിക്കുന്ന ഒരു പതിവ് മുന്‍ഗാമികളായ ചരിത്രകാരന്മാര്‍ സ്വീകരിച്ചിട്ടുണ്ട്. അതിന് അവരെ കുറ്റപ്പെടുത്തുന്നില്ലെങ്കിലും പലപ്പോഴും അതിന് കീഴില്‍ അവരുടെ മാനവിക മഹല്‍ഗുണങ്ങളും വൈജ്ഞാനിക മഹത്വങ്ങളും അദ്ധ്യാപന-രചനാ സേവനങ്ങളും സമകാലികരുമായിട്ടുള്ള ബന്ധങ്ങളും അനുഗ്രഹീത ദിനചര്യകളും വിശാല വീക്ഷണവും യാഥാര്‍ത്ഥ്യ ബോധവും നന്മയുടെ വിഷയത്തിലുള്ള ചിന്താ-വേദനകളും മറഞ്ഞ് പോകുകയോ അമര്‍ന്ന് അവഗണിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പില്‍ക്കാല ഘട്ടത്തില്‍ വൈജ്ഞാനിക കാര്‍മ്മിക അഭിരുചിയുള്ളവര്‍ അവരുടെ കാര്‍മ്മിക-വൈജ്ഞാനിക മാതൃകകളെ തേടുമ്പോള്‍ നിരാശപ്പെട്ട് പോകാറുണ്ട്. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളെ ആഗ്രഹിച്ചുകൊണ്ട് ഇത് പാരായണം ചെയ്യുന്നവര്‍ക്ക് അവരുടെ ആഗ്രഹം ഇതിലൂടെ പൂര്‍ത്തീകരിക്കപ്പെടുകയില്ല എന്ന് ആശങ്കയുണ്ട്. ചിലരെങ്കിലും ഇത്തരം കാര്യങ്ങള്‍ ഇതില്‍ ഇല്ലാത്തതിനെ ഈ രചനയുടെ കുറവായി കാണാനും സാധ്യതയുണ്ട്. ഇത്തരം ആഗ്രഹമുള്ളവരുടെ നിഷ്കളങ്കമായ താല്പര്യത്തെയും ബന്ധത്തെയും വിനീതന്‍ നിസ്സാരമായി കാണുന്നില്ല. പക്ഷെ, അവരോട് ഈ വിഷയത്തില്‍ പ്രത്യേകം രചിക്കപ്പെട്ട രചനകള്‍ വായിക്കണമെന്ന് അഭിപ്രായപ്പെടുന്നു. വിശിഷ്യാ, സൂഫി ഇഖ്ബാല്‍ തയ്യാറാക്കിയ മഹ്ബൂബുല്‍ അരിഫീന്‍ പോലുള്ള രചനകള്‍ അതിന് ഉപയുക്തമാണ്. ശൈഖുല്‍ ഹദീസിന്‍റെ സമ്പൂര്‍ണ്ണ ഗുണങ്ങള്‍, വൈജ്ഞാനിക-രചനാ മഹത്വങ്ങള്‍, സ്വഭാവ സമുന്നതി, ഇല്‍മിന് വേണ്ടിയുള്ള സമര്‍പ്പണം, ദീനീ പരിശ്രമങ്ങളോടും വിജ്ഞാന കേന്ദ്രങ്ങളോടുമുള്ള ആഴമേറിയ ബന്ധം, ദീനിനെ കുറിച്ചുള്ള ദുഃഖ-വേദനകള്‍, ശരിയായ വിശ്വസ-കര്‍മ്മങ്ങളും വിജ്ഞാന ശിക്ഷണങ്ങളും പ്രചരിപ്പിക്കാനുള്ള മാനസിക ആവേശം, സമുദായത്തിന്‍റെ വര്‍ത്തമാന ഭാവി കാലങ്ങളെ കുറിച്ചുള്ള ചിന്ത, അല്ലാഹുവിലേക്കുള്ള മടക്കം, ശരീഅത്തും സുന്നത്തും പിന്‍പറ്റാനുളള പ്രബോധനം മുതലായ കാര്യങ്ങള്‍ മനസ്സിലാക്കാനും കഴിയുന്നത്ര പകര്‍ത്താനും ആഗ്രഹിക്കുന്ന വൈജ്ഞാനിക ചിന്താ മേഖലകളുമായി ബന്ധപ്പെട്ട സഹോദരങ്ങളെയാണ് ഈ ഗ്രന്ഥം കൊണ്ട് ലക്ഷ്യം വെച്ചിട്ടുള്ളത്. ഇത് വായിക്കുമ്പോള്‍ നമ്മുടെ കര്‍മ്മ വീര്യം ഉണര്‍ന്ന് എഴുന്നേല്‍ക്കുമെന്നും നാം നമ്മുടെ തെറ്റുകള്‍ അംഗീകരിക്കുമെന്നും നമ്മുടെ മനക്കരുത്ത് ഉയരുമെന്നും മനസ്സിലും കാഴ്ച്ചപ്പാടിലും വിശാലത ഉണ്ടായിത്തീരുമെന്നും സമയത്തിന്‍റെ വില മനസ്സിലാക്കുമെന്നും, ജീവിതത്തിലെ പാളിച്ചകള്‍ തിരുത്തുമെന്നും എന്നുമെന്നും അവശേഷിക്കുന്ന സുകൃതങ്ങള്‍ സമ്പാദിക്കാനുള്ള ആഗ്രഹാവേശങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുമെന്നും പ്രതീക്ഷിക്കുന്നു. അല്ലാഹു ഉതവി നല്‍കട്ടെ.! 
ഈ ഗ്രന്ഥം പാരായണം ചെയ്ത് കഴിയുമ്പോള്‍ ചരിത്ര പുരുഷനും ചരിത്ര രചയിതാവിനുമിടയിലുള്ള ഭയങ്കരമായ അന്തരം അനുവാചകര്‍ക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതിലൂടെ ഒരു സമ്പത്തുമില്ലാത്ത ഗ്രന്ഥകര്‍ത്താവിനെ ഇതിന് വേണ്ടി തെരഞ്ഞെടുക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത ശൈഖിന്‍റെ പ്രിയപ്പെട്ട മകന്‍, മൗലാനാ മുഹമ്മദ് ത്വല്‍ഹ സാഹിബിനെയും അതുപോലുള്ളവരെയും തെറ്റിദ്ധരിക്കുകയും ചെയ്തേക്കാം. അവര്‍ക്ക് മറുപടിയായി പ്രസിദ്ധ കവി ഉര്‍ഫിയുടെ ഒരു വരി കവിത മാത്രമേ പറയാനുള്ളൂ: നമ്മള്‍ തമ്മിലുള്ള സ്നേഹ-സൗഹൃദത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ ഉര്‍ഫിയുടെ അറിവില്ലായ്മയെ അറിവായി ഗണിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.! 
അബുല്‍ ഹസന്‍ അലി 
ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമാ ലക്നൗ. 
1403 മുഹര്‍റമുല്‍ ഹറാം 26 
1982 നവംബര്‍ 13 

ബഹുമാന്യരെ, ലോകം മുഴുവന്‍ ഭീഷണി ഉയര്‍ത്തിയ കോവിഡ് 19-ന്‍റെ പേരിലുള്ള ലോക്ക്ഡൗണില്‍ നമുക്ക് ധാരാളം സമയം കൈവന്നിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ അല്ലാഹുവിന്‍റെ ഇഷ്ട ദാസന്മാരെ കുറിച്ചുള്ള അനുസ്മരണം വെറും സമയം ചിലവഴിക്കുക മാത്രമല്ല, സമയം ധന്യമാക്കാനും പടച്ചവന്‍റെ കാരുണ്യം വര്‍ഷിക്കാനുമുള്ള ഒരു മഹത്തായ മാധ്യമമാണ്. കൂടാതെ അനുഗ്രഹീത റമദാന്‍ മാസത്തിന്‍റെ കാരുണ്യമേഘങ്ങള്‍ അടുത്തുകൊണ്ടിരിക്കുന്നു. നാളെ മുതല്‍ പുതിയൊരു പരമ്പര ആരംഭിക്കുകയാണ്: ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ജീവ ചരിത്രം.! 
ഈ രചനയില്‍ മഹാന്മാരുടെ റമദാനുകളെ കുറിച്ച് ധാരാളം പരാമര്‍ശങ്ങളുണ്ട്. പ്രത്യേകിച്ചും ഒരു അദ്ധ്യായം അതിനെ കുറിച്ച് മാത്രമുള്ളതാണ്. അത് കൊണ്ട് കൂടിയാണ് സ്വഹാബാ ഫൗണ്ടേഷന്‍ ഈ രചന ഇവിടെ പ്രസിദ്ധീകരിക്കുന്നത്. മാന്യ അനുവാചകര്‍ ഇതിനെ സന്തോഷത്തോടെ സ്വീകരിക്കുമെന്നും പ്രയോജനപ്പെടുത്തുമെന്നും പ്രചരിപ്പിക്കുമെന്നും ഞങ്ങള്‍ക്ക് വേണ്ടി ദുആ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. രചനയില്‍ എന്തെങ്കിലും തിരുത്തലുകളോ നിര്‍മ്മാണാത്മക അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.!

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...