അസ്വസ്ഥതകള്‍ക്കിടയില്‍
സമാധാനം നിറഞ്ഞ ഒരു തബ് ലീഗ് സമ്മേളനം.!
-മൗലാനാ സജ്ജാദ് നുഅ്മാനി നദ് വി
(ചീഫ് എഡിറ്റര്‍, അല്‍ ഫുര്‍ഖാന്‍ മാസിക ലക്നൗ.
എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/04/blog-post_56.html?spref=tw ക്രി: 1986 ഫെബ്രുവരിയില്‍ നടന്ന ഒരു സംഭവമാണിത്. ഞങ്ങള്‍ ലഖ്നോവില്‍ ഒരു ദീനീസമ്മേളനത്തിന്‍റെ തയ്യാറെടുപ്പില്‍ മുഴുകിയിരിക്കുകയായിരുന്നു. അന്തരീക്ഷം പൊടുന്നനേ കലങ്ങിമറിഞ്ഞു. അന്ന് ചിലയാളുകള്‍ ബാബരീ മസ്ജിദ് പ്രശ്നത്തിന്‍റെ പേരില്‍ നടത്തിയ ഒരു ഗൂഢാലോചനയുടെ ഫലമായി ഉത്തര്‍പ്രദേശ് സംസ്ഥാനം ആകെ പിരിമുറുക്കത്തിന്‍റെ പിടിയിലായി. ഇരുഭാഗത്തും വികാരാവേശങ്ങള്‍ ആളിക്കത്തി. ഞങ്ങളുടെ സമ്മേളനം നടക്കാനിരുന്ന ശനിയാഴ്ച ദിവസം തന്നെ മുസ്ലിംകളുടെ ഭാഗത്തുനിന്നും പ്രതിഷേധദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്യപ്പെട്ടു. മുഴുവന്‍ സംസ്ഥാനത്തുനിന്നും പ്രതിഷേധ പ്രകടനങ്ങള്‍ സംഘങ്ങളായി പ്രസ്തുത ദിവസം ലഖ്നോവില്‍ എത്തിച്ചേരാനും അറസ്റ്റ് വരിക്കാനുമായിരുന്നു പരിപാടി. അതേ ദിവസം ഇതേ രീതിയില്‍തന്നെ ആചരിക്കുവാന്‍ എതിര്‍ വിഭാഗവും ആഹ്വാനം നടത്തി. നിയമപാലകര്‍ വളരെ ശക്തമായ നിലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സര്‍വ്വവിധ സമ്മേളന സദസുകളും പ്രകടന-പൊതു യോഗങ്ങളും നിരോധിച്ചു. ദുര്‍ബ്ബലരായ ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ ഞങ്ങളുടെ പള്ളിയില്‍ മശൂറ (കൂടിയാലോചന) യ്ക്കായി ഇരുന്നു. അമീറിന്‍റെ നിര്‍ദ്ദേശപ്രകാരം ഞാന്‍ തന്നെ എല്ലാവര്‍ക്കും മുമ്പാകെ അവസ്ഥാ വിശേഷങ്ങള്‍ വിവരിയ്ക്കുകയും ശരിക്കും ചിന്തിച്ച് ഉത്തരവാദിത്വത്തോടുകൂടി അല്ലാഹുവിന്‍റെ ഭാഗത്തേക്ക് ശ്രദ്ധ തിരിച്ചുകൊണ്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ അപേക്ഷിക്കുകയും ചെയ്തു. കുറച്ചുനേരത്തെ മശൂറയ്ക്കുശേഷം അമീര്‍ അവര്‍കള്‍ സമ്മേളനം മുന്‍ തീരുമാനമനുസരിച്ചുതന്നെ നടക്കുമെന്ന വിവരം അറിയിച്ചു. കൂട്ടത്തില്‍ ഉസൂലുകള്‍ (നിയമരീതികള്‍) പൂര്‍ണ്ണമായി പാലിക്കാനും ദിക്ര്‍-ദുആകളില്‍ കഴിവിന്‍റെ പരമാവധി നിരതരാകാനും നിര്‍ദ്ദേശിച്ചു. ഞങ്ങള്‍ ഏവരും കഴിവിന്‍റെ പരമാവധി സമ്മേളനത്തിന്‍റെ തയ്യാറെടുപ്പുകളിലും, ദിക്ര്‍-ദുആകളിലും മുഴുകിത്തുടങ്ങി. സമ്മേളനത്തീയതി അടുത്തു വരുംതോറും അവസ്ഥാന്തരീക്ഷങ്ങള്‍ ആകെ കുഴഞ്ഞ് മറിയുന്നതായും ഇരുഭാഗത്തും വികാര-വിക്ഷോഭങ്ങള്‍ കൂടിക്കൂടി വരുന്നതായും അറിയാന്‍ കഴിഞ്ഞു. കൂട്ടത്തില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ കഴിവില്ലായ്മയെക്കുറിച്ചുള്ള ബോധവും അല്ലാഹുവിലേക്ക് പരിപൂര്‍ണ്ണമായി ശ്രദ്ധതിരിച്ച് യാചിയ്ക്കാനുള്ള ചിന്തയും അധികരിക്കുകയും ചെയ്തു. സമ്മേളനത്തിന് രണ്ട് ദിവസം മുമ്പ് ലഖ്നോവിലേക്ക് വരുന്നതായ ട്രെയിനുകളും ബസ്സുകളും ഇതര വാഹനങ്ങളും തടഞ്ഞുനിര്‍ത്തി പോലീസുകാര്‍ മുസ്ലിംകളെന്ന് സംശയിക്കുന്ന ആളുകളെയെല്ലാം ഇറക്കിക്കൊണ്ടിരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. സ്വാഭാവികമായും ഇത്തരം വാര്‍ത്തകള്‍ കേട്ടപ്പോള്‍ പരിഭ്രമം ഉണ്ടായെങ്കിലും അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ എല്ലാ സുഹൃത്തുക്കള്‍ക്കും ഉസൂലുകള്‍ മുറുകെ പിടിയ്ക്കാന്‍ സാധിച്ചു. പ്രശ്നങ്ങളേയും അപകടങ്ങളേയും കുറിച്ച് അനാവശ്യമായ ചര്‍ച്ചിത-ചര്‍വ്വണങ്ങള്‍ നടത്തുന്നതിന് പകരം ഞങ്ങളുടെ നാവുകളില്‍ അല്ലാഹുവിന്‍റെ അജയ്യമായ ശക്തി വൈഭവങ്ങളേയും നടപടിക്രമങ്ങളേയും കുറിച്ചുള്ള അനുസ്മരണം മാത്രം നിലനിന്നു.
ശനിയാഴ്ച സമ്മേളനം നടത്തേണ്ടതായിരുന്നുവെങ്കിലും പട്ടണത്തില്‍ വ്യാഴാഴ്ച തോറും നടക്കാറുള്ള വാരാന്ത്യ സമ്മേളനവും പ്രസ്തുത സമ്മേളന സ്ഥലത്തുവച്ച് നടത്താന്‍ തീരുമാനിക്കപ്പെട്ടു. അങ്ങനെ രണ്ട് ദിവസംമുമ്പ് മുതല്‍ തന്നെ സമ്മേളന നഗരിയില്‍ സമ്മേളനത്തിന്‍റെ അന്തരീക്ഷം കാണപ്പെട്ടുതുടങ്ങി. വിവിധ നാടുകളില്‍നിന്നും സമ്മേളനം ലക്ഷ്യമാക്കിവരുന്ന ജമാഅത്തുകള്‍ സസുഖം ലഖ്നൗവില്‍ എത്തിച്ചേരുന്നതും അവരെ സ്വീകരിച്ച് സമ്മേളന സ്ഥലത്ത് കൊണ്ടെത്തിക്കുന്നതുമായിരുന്നു ഏറ്റവും പ്രധാന പ്രശ്നം. മിക്ക ജമാഅത്തുകളും വെള്ളിയാഴ്ച പ്രഭാതം മുതല്‍ ശനിയാഴ്ച പ്രഭാതത്തിനകം വന്നെത്തുമെന്നായിരുന്നു പ്രതീക്ഷ. പട്ടണത്തിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാന്‍റുകളിലും അതിഥികളെ സ്വീകരിക്കാനും വഴികാണിക്കാനും ഏല്പിക്കപ്പെട്ടിരുന്ന സഹോദരന്‍മാര്‍ വെള്ളിയാഴ്ച രാവിലെ ഞങ്ങളോടു വന്നുപറഞ്ഞു; എല്ലാ സ്ഥലത്തും കനത്തതോതില്‍ പോലീസുണ്ട്. മുസ്ലിംകളായ യാത്രക്കാരെയെല്ലാം കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പ്രതിഷേധ പ്രകടനം നടത്താന്‍ വന്നവരാണെന്ന് സംശയം തോന്നുന്ന എല്ലാവരേയും ഒന്നുകില്‍ അറസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ മടക്കിവിടുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ബാഹ്യമായ പദ്ധതികളുടെ സകല കവാടങ്ങളും കൊട്ടിയടയ്ക്കപ്പെട്ട ഒരവസ രമായിരുന്നു അത്. അല്ലാഹുവിനോട് താണുകേണപേക്ഷിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. ഈ അവസ്ഥാവിശേഷങ്ങള്‍ മനസ്സിലാക്കിയ കൂട്ടുകാരെല്ലാം അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ മറ്റു കാര്യങ്ങളെല്ലാം ചെയ്യുന്നതിനോടൊപ്പം തന്നെ ദിക്ര്‍-ദുആകളില്‍ മുഴുകിക്കഴിഞ്ഞു. പരിഭ്രമവും പരിഭ്രാന്തിയും, ഒരു വല്ലാത്ത അവസ്ഥ തന്നെ സംജാതമാക്കിത്തീര്‍ത്തു.
വെള്ളിയാഴ്ച രാവിലെ മുതല്‍ ജമാഅത്തുകള്‍ സംഘംസംഘമായി എത്തിത്തുടങ്ങി. ഓരോ മിനിട്ട് കഴിയും തോറും ജമാഅത്തുകള്‍ എത്തുന്ന വിവരം അറിഞ്ഞു കൊണ്ടേയിരുന്നു. ഓരോ ജമാഅത്തിന്‍റെയും ഉത്തരവാദപ്പെട്ടവരെ കണ്ട് അവരുടെ ക്ഷേമാന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ ഞങ്ങളുടെ ബലഹീനമായ ഈമാനിന് ശക്തി പകരുന്നതായ വാര്‍ത്തകളാണ് ഓരോരുത്തരില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞത്. മിക്ക പ്രവര്‍ത്തകരും പറഞ്ഞത് ഇങ്ങനെയാണ്; ലഖ്നൗവിന് മുമ്പുള്ള ചില സ്റ്റേഷനുകളില്‍വച്ച് പോലീസുകാര്‍ ഞങ്ങളുടെ ബോഗിയില്‍ കയറി. ഞങ്ങളുടെ രൂപം കണ്ട അവര്‍ ഞങ്ങളുടെ അരികിലേക്ക് വന്നു. ഞങ്ങള്‍ ഞങ്ങളുടെ തഅ്ലീമുകളില്‍ (പഠിക്കല്‍, പഠിപ്പിക്കല്‍) മുഴുകിയിരിക്കുകയായിരുന്നു. ഞങ്ങളുടെ വായന അല്പം ശ്രദ്ധിച്ചമാത്രയില്‍ ഒന്നും മിണ്ടാതെ അവര്‍ തിരികെ പോയി. ലഖ്നൗ സ്റ്റേഷനിലും ഞങ്ങളെ ആരും തടഞ്ഞില്ല. ചിലര്‍ പറഞ്ഞു: അവര്‍ ഞങ്ങളുടെ അരികിലേക്ക് വരികയും പെട്ടെന്ന് അവരുടെ ശ്രദ്ധ ഞങ്ങളുടെ ഭാഗത്തുനിന്നും തിരിയുകയും അവര്‍ അവരുടെ വാഹനത്തില്‍ മടങ്ങിപ്പോകുകയും ചെയ്തു. വെള്ളിയാഴ്ച മഗ്രിബ് നമസ്കാരാനന്തരം ഞാന്‍ സമ്മേളന സ്ഥലത്ത് ഒരു ജോലിയില്‍ വ്യാപൃതനായിരുന്നു. ഉടനെ ബഹു: അമീര്‍ അവറുകളുടെ അരുകില്‍നിന്നും ഒരാള്‍വന്ന് അറിയിച്ചു. "ജില്ലയിലെ ക്രമസമാധാന പാലനത്തിന് ചുമതലപ്പെട്ട ചില ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. താങ്കള്‍ പെട്ടെന്നുതന്നെ വരിക". ഇത്തരം എന്തെങ്കിലും ആവശ്യം നേരിട്ടാല്‍ സംസാരിക്കുന്നതിന് ഞങ്ങളെ അമീര്‍ ചുമതലപ്പെടുത്തിയിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്നു വിനീതനായ ഞാന്‍. അവിടെ ചെന്നപ്പോള്‍ ഇന്‍റലിജന്‍സ് പോലീസ് വിഭാഗത്തിലെ ചില പ്രധാന ഓഫീസര്‍മാരാണ് വന്നിട്ടുള്ളതെന്ന് മനസ്സിലായി. ആദ്യം ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. തുടര്‍ന്ന് സംഭാഷണം ആരംഭിച്ചു. അമീര്‍ സാഹിബിന്‍റെ നിര്‍ദ്ദേശപ്രകാരം ഞാന്‍ തന്നെയാണ് സംസാരം തുടങ്ങിയത്. പ്രസ്തുത സംസാരം വളരെ നീണ്ടതായിരുന്നു. അവ പൂര്‍ണ്ണമായും ഇവിടെ ഉദ്ധരിക്കുന്നില്ല. എങ്കിലും അതിന്‍റെ രത്നച്ചുരുക്കം അനുവാചക സമക്ഷം സമര്‍പ്പിക്കല്‍ ഉചിതമായി തോന്നുന്നു. ഏറ്റവും ആദ്യം ഞാന്‍ അവരോട് പറഞ്ഞു:
"നിങ്ങളെ ഇങ്ങോട്ട് പറഞ്ഞുവിട്ടത് നിങ്ങളുടെ മേലുദ്യോഗസ്ഥന്‍മാരല്ല. അല്ലാഹുവിന്‍റെ തീരുമാനമാണ് നിങ്ങളെ ഇവിടെയെത്തിച്ചതെന്ന് ഞങ്ങള്‍ കരുതുന്നു. ജില്ലയിലെ ക്രമസമാധാന പാലനത്തിന് ഉത്തരവാദപ്പെട്ടവരുമായി നേരിട്ട് സംഭാഷണം നടത്തുവാന്‍ ഞങ്ങള്‍ അതിയായി ആഗ്രഹിച്ചു കഴിയുകയായിരുന്നു. ഇന്നത്തെ കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷത്തില്‍ ഇത്ര വലിയ ഒരു സമ്മേളനം നടത്തുന്നത് നിങ്ങളെ ചിന്താക്കുഴപ്പത്തിലാക്കും എന്ന് ഞങ്ങള്‍ അനുമാനിച്ചിരുന്നു. നമ്മള്‍ തമ്മില്‍ നേരിട്ട് സംഭാഷണം നടത്തല്‍ മാത്രമാണ് തെറ്റിദ്ധാരണകള്‍ മാറ്റാനുള്ള ഏക വഴി. ആയതിനാല്‍ നിങ്ങള്‍ നേരിട്ട് ഇവിടെ വന്നതില്‍ ഞങ്ങള്‍ നിഷ്കളങ്കമായ നന്ദി രേഖപ്പെടുത്തുന്നു. ഇത്തരുണത്തില്‍ ഈ സമ്മേളനത്തിന്‍റെ ഉദ്ദേശ-ലക്ഷ്യങ്ങളെ സ്പഷ്ടമായ രീതിയില്‍ സത്യ സന്ധതയോടുകൂടി നിങ്ങളോട് വിവരിക്കല്‍ ഞങ്ങളുടെ കടമയാണ്. അവ മുഴുവനും സശ്രദ്ധം ശ്രവിച്ചതിനുശേഷം ഈ സമ്മേളനം പ്രസക്തമാണോ, അപ്രസക്തമാണോ എന്ന കാര്യം നിങ്ങള്‍ തന്നെ പറയുക".
തുടര്‍ന്ന് ഞാന്‍ അവരോട് പറഞ്ഞു: ഏതെങ്കിലും വിഭാഗത്തിന് എതിരായി ജനവികാരത്തെ ഇളക്കി വിടാന്‍ വേണ്ടിയാണ് ഇന്ന് പൊതുവായി സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെടാറുള്ളത്. എന്നാല്‍ ലോകത്തുള്ള മുഴുവന്‍ മാനവരാശിയും വിജയിക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമാണ് ഇങ്ങിനെ ഒരു സമ്മേളനത്തിന് ഞങ്ങളെ പ്രേരിപ്പിച്ചത്. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ വെറുപ്പും വിദ്വേഷവും നിറഞ്ഞുനില്‍ക്കുന്ന വികാരങ്ങളില്‍ നിന്ന് ഞങ്ങളുടെ മനസ്സുകള്‍ മുക്തമാണ്. മുഴുവന്‍ മാനവ കുലത്തോടുമുള്ള അലിവും സഹാനുഭൂതിയും മനുഷ്യത്വത്തോടുള്ള സ്നേഹവും അതിനുവേണ്ടിയുള്ള സത്യസന്ധമായ ആഗ്രഹവും കൊണ്ട് ഞങ്ങളുടെ മനസ്സുനിറഞ്ഞ് കവിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ലോകത്തുള്ള അഖില വസ്തുക്കളും പുരോഗതിയിലേക്ക് മുന്നേറുന്നുണ്ടെങ്കിലും മനുഷ്യത്വം നിരന്തരമായി അധഃപതനത്തിന് ഇരയാകുന്നു എന്ന കാഴ്ച നാം ദിനവും കാണുന്നുണ്ട്. നമ്മുടെ സാമൂഹ്യ മേഖലയിലും രാജ്യത്ത് പൊതുവിലും ലോകം ആകമാനവും ഉണ്ടായിത്തീര്‍ന്നിട്ടുള്ള സകല നാശ-നഷ്ടങ്ങള്‍ക്കും പ്രയാസ-പ്രശ്നങ്ങള്‍ക്കും കാരണം, ഞങ്ങളുടെയടുക്കല്‍ ഒന്നുമാത്രമേ ഉള്ളൂ. അതായത് മനുഷ്യന്‍ മോശമായി കഴിഞ്ഞു. കൂടുതല്‍ മോശമായിക്കൊണ്ടേയിരിക്കുന്നു. മനുഷ്യനെ നേരേയാക്കാന്‍ പരിശ്രമങ്ങളൊന്നും വേണ്ട വിധത്തില്‍ നടക്കുന്നില്ല. ഭൂരിപക്ഷം പറയുന്നു; ന്യൂനപക്ഷം മോശമായി. ന്യൂനപക്ഷം പറയുന്നു; നാശനഷ്ടങ്ങള്‍ക്ക് കാരണം ഭൂരിപക്ഷമാണ്. ഭരണാധികാരികള്‍ പറയുന്നു; ഭരണീയര്‍ മോശമായി. സര്‍വ്വ പ്രശ്നങ്ങളുടെയും ഉറവിടം ഭരണാധികാരികള്‍ മാത്രമാണെന്ന് ഭരണീയര്‍ ആരോപിക്കുന്നു. പണക്കാര്‍ പറയുന്നു: പാവപ്പെട്ടവര്‍ വഴിതെറ്റി. പാവപ്പെട്ടവര്‍ പറയുന്നു; മുഴുവന്‍ വഴികേടിനും കാരണം പണക്കാര്‍ തന്നെയാണ്.... ചുരുക്കത്തില്‍ ഓരോ വിഭാഗവും മറ്റൊരു വിഭാഗത്തെ ആരോപണ വിധേയരാക്കുന്നു. സ്വയം ആരോപണമുക്തരായി നടിക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ മാനവകുലം മൊത്തത്തില്‍ മോശമായിരിക്കുകയാണ്. മൊത്തത്തിലുള്ള അവസ്ഥാന്തരീക്ഷം നേരെയാകുന്നതുവരെ ആ അന്തരീക്ഷത്തില്‍ കഴിയുന്ന ഒരു വിഭാഗത്തിനും നിരപരാധി ചമയാനാവില്ല. ഇക്കാരണത്താല്‍ ചെറുതും യാദൃശ്ചികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി പരിശ്രമിക്കു ന്നതിനുപകരം, നബിമാരെ മാത്രം അനുകരിച്ചുകൊണ്ട് വലുതും നിത്യനിരന്തരവും അടിസ്ഥാനപരവും ആഗോളതലത്തില്‍ നാശങ്ങള്‍ ഉണ്ടാക്കാന്‍ നിമിത്തവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി പരിശ്രമിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളെയാണ് നിരവധി ചിന്താ-വിചിന്തനങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വഴികാട്ടികളായി സ്വീകരിച്ചിരിക്കുന്നത്. അവരെക്കുറിച്ച് ഞങ്ങള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വെച്ചുകൊണ്ട് ഞങ്ങള്‍ പറയട്ടെ: മുഴുവന്‍ മാനവരാശിയേയും കുറിച്ചുള്ള സഹാനുഭൂതിയും വേദനയും കൊണ്ട് അവരുടെ മനസ്സുകള്‍ നിറഞ്ഞിരിക്കുകയാണ്. മനുഷ്യത്വത്തിനുവേണ്ടി സത്യസന്ധമായ ആഗ്രഹം പുലര്‍ത്തുന്നവരാണവര്‍. ദുന്‍യാവ് മുതല്‍ ആഖിറം വരെയുള്ള മുഴുവന്‍ മേഖലകളിലും സര്‍വ്വമനുഷ്യരും വിജയിച്ച് മുന്നേറണമെന്നത് അവരുടെ ഏറ്റവും വലിയ ആഗ്രഹമാണ്. അതിനു വേണ്ടിയുള്ള ഈ പരിശ്രമം ഒരു പ്രത്യേക ശൈലിയിലും രീതിയിലുമാണ് ഞങ്ങള്‍ നടത്തിക്കൊണ്ടിരി ക്കുന്നത്. മഹാനായ മുഹമ്മദ് നബി (സ്വ) യുടെ നിയോഗം മാനവകുലത്തിന് ആകമാനമാണ് എന്നതാണ് ഞങ്ങളുടെ വിശ്വാസം. പക്ഷെ ഇക്കാര്യം ഇന്ന് ഗ്രന്ഥങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയി. ഈ വസ്തുതയെ ശരിയാംവിധം മനസ്സിലാക്കി അല്ലാഹുവിന്‍റെ ഈ ഉന്നത ഉപഹാരത്തെ ലോകത്തുള്ള ഓരോ മനുഷ്യര്‍ക്കും എത്തിച്ചുകൊടുക്കല്‍ ഞങ്ങളുടെ കടമയാണെന്ന് മനസ്സിലാക്കിയ മുസ്ലിംകള്‍ ഇന്ന് വളരെ കുറഞ്ഞുപോയിരിക്കുന്നു. മുസ്ലിംകളില്‍ ബഹുഭൂരിഭാഗവും ഇക്കാര്യത്തെ മറന്നുകഴിയുന്നു എന്നതാണ് ഏറ്റവും വേദനാജനകമായ അവസ്ഥ. ഞങ്ങളും ലോകത്തുള്ള ഇതര സമൂഹങ്ങളെപ്പോലെ ഒരു സമൂഹം മാത്രമായി തീര്‍ന്നിരിക്കുന്നു. മറ്റുള്ളവര്‍ കാണിക്കുന്നത് കണ്ട് ഞങ്ങളുടെ കേവല ഭൗതിക അവകാശങ്ങള്‍ക്കായി കുഴപ്പമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഞങ്ങളുടെ ത്യാഗ-പരിശ്രമങ്ങളുടെ പ്രധാനമണ്ഡലം മുസ്ലിംകളാണ്. കാരണം മുസ്ലിംകളുടെ മാനസികാവസ്ഥയില്‍ അടിസ്ഥാനപരമായി മാറ്റം ഉണ്ടാകുന്നതുവരെ ഇതര മനുഷ്യരില്‍ അത്തരം മാറ്റം ഉണ്ടാക്കാനുള്ള പരിശ്രമം പരാജയപൂര്‍ണ്ണമായിരിക്കുകയാണെന്നാണ് ഞങ്ങളുടെ വിശ്വാസം. എങ്കിലും ലോകത്ത് അധിവസിക്കുന്ന സംശുദ്ധ പ്രകൃതിക്കാരായ മുഴുവന്‍ മനുഷ്യരും തങ്ങളുടെ മനുഷ്യത്വത്തിന്‍റെ വില മനസ്സിലാക്കുകയും അതിനെ ആദരിക്കുകയും അതിന്‍റെ ഔന്നിത്വത്തിലേക്ക് എത്തിച്ചേരുകയും ചെയ്യണമെന്നതാണ് ഞങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം. ഞാന്‍ അവരോട് ഇതും പറഞ്ഞു; "സര്‍വ്വഭാഗങ്ങളിലും പരാതികളും പരിഭവങ്ങളും പ്രതിഷേധങ്ങളും പ്രകടനങ്ങളും നിറഞ്ഞുനില്‍ക്കുകയും മനുഷ്യമനസ്സുകള്‍ ഇടുങ്ങിപ്പോകുകയും ചെയ്ത ഈ കാലഘട്ടത്തില്‍ ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളെ പോലുള്ളവര്‍ക്ക് വിശ്വസിക്കുക വളരെ പ്രയാസമായിരിക്കും. എന്നാല്‍ ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തികച്ചും സത്യമാണ്. ലോകമഖിലവുമുള്ള മനുഷ്യരെല്ലാം സന്തോഷ ഭരിതരായും വിജയ ശ്രീലാളിതരായും കാണാന്‍ ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ട്. എന്തിനേറെ അജ്ഞത നിമിത്തം ഞങ്ങളുടെ മേല്‍ മര്‍ദ്ദന-പീഢനങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നവരെ കുറിച്ചുപോലും അവര്‍ സത്യം ഗ്രഹിക്കണമെന്നും വിജയമോക്ഷത്തിന് അര്‍ഹരാകണമെന്നുമാണ് ഞങ്ങളുടെ അഭിലാഷം. ഞങ്ങള്‍ക്ക് ഞങ്ങളുടെ കഴിവില്ലായ്മയേയും അര്‍ഹതയില്ലായ്മയേയും കുറിച്ച് ബോധമുണ്ടെങ്കിലും ഞങ്ങള്‍ക്ക് കഴിയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ട്. മുഴുവന്‍ മാനവരാശിയേയും നന്‍മയുടെ പാതയിലേക്ക് ആനയിക്കേണ്ടവരായ മുസ്ലിംകളില്‍ ഓരോരുത്തരുടെയും മനസ്സില്‍ പ്രധാനമായി ഈ ചിന്ത ഉണ്ടായിത്തീരണമെന്ന് ഞങ്ങള്‍ അഭിലഷിക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍ വളഞ്ഞവഴി വിജയിക്കുകയില്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. അന്തിമവിജയം സത്യത്തിനും നീതിക്കുമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ലോകത്ത് നിലവിലുള്ള ഒരു പ്രബല സമുദായത്തിന്‍റെ മനസ്സില്‍ ഇതരരെ കുറിച്ചുള്ള സത്യസന്ധമായ സത്വിചാരങ്ങള്‍ ഉണ്ടായിത്തീര്‍ന്നാല്‍ മുഴുവന്‍ മാനവ മനസ്സുകളും അവരേയും അവരുടെ ജീവിത രീതികളേയും സ്നേഹിച്ച് ആദരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ഇന്നുള്ളവര്‍ക്ക് അപരിചിതത്വം നിറഞ്ഞതാണെന്ന് ഞങ്ങള്‍ക്കറിയാം. മുസ്ലികളില്‍ തന്നെ ബഹുഭൂരിഭാഗവും ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേവലം സാങ്കല്‍പികമായിട്ടാണ് ഗണിച്ചുവരുന്നത്. ഇത്തരുണത്തില്‍ നിങ്ങള്‍ ഞങ്ങളുടെ ഈ ലക്ഷ്യങ്ങളെക്കുറിച്ച് "സന്യാസ ഉപദേശങ്ങള്‍" എന്നു ധരിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്കതില്‍ യാതൊരു പരിഭവവും ഇല്ല. എന്തായാലും ഒരു കാര്യം ഞങ്ങള്‍ ഉറപ്പിച്ചു പറയുകയാണ്: ഞങ്ങളുടെ ഈ സമ്മേളനം ഏതെങ്കിലും യാദൃശ്ചിക, കാലിക സമ്മേളനമല്ല. ലോകത്താകമാനം പടര്‍ന്നുപന്തലിച്ചുകഴിഞ്ഞ തിന്‍മകള്‍ ഇല്ലാതാക്കാനുള്ള ഉന്നതവും വിശുദ്ധവുമായ ഒരു ലക്ഷ്യത്തിന് ഞങ്ങളുടെ സഹോദരന്‍മാരെ കര്‍മ്മസജ്ജരും നിഷ്കളങ്ക, നിഷ്കാമ സേവകരുമാക്കി മാറ്റുവാന്‍ വേണ്ടി നടത്തപ്പെടുന്ന പരിശ്രമത്തിന്‍റെ ഭാഗമാണ്. ജില്ലയില്‍ സമാധാനവും സ്വസ്ഥതയും നിലനിര്‍ത്തേണ്ട ഉത്തരവാദികളായ നിങ്ങള്‍ സാമൂഹ്യ മേഖലയില്‍ ഇന്ന് കടന്നുകൂടിയ തിന്‍മകളെ ഇല്ലാതാക്കേണ്ട ആവശ്യകതയെക്കുറിച്ച് ഞങ്ങളെക്കാള്‍ കൂടുതല്‍ ബോധമുള്ളവരായിരിക്കും. ആയതിനാല്‍ നിങ്ങള്‍ നേരിട്ട് ഈ സമ്മേളനത്തില്‍ പറയപ്പെടുന്ന കാര്യങ്ങള്‍ സശ്രദ്ധം ശ്രവിക്കണമെന്നും നിങ്ങളുടെ മേഖലയിലുള്ള കൂട്ടുകാരെ പങ്കെടുപ്പിക്കുവാന്‍ പരിശ്രമിക്കണമെന്നും ഞങ്ങള്‍ അപേക്ഷിക്കുകയാണ്. ഞങ്ങളുടെ സംസാരങ്ങളെ നിങ്ങള്‍ റിക്കാര്‍ഡ് ആക്കിയതിനുശേഷം ഇവിടെ പറയപ്പെടുന്ന കാര്യങ്ങളിലൂടെ സമാധാനത്തിന് ഭംഗം വരുമോ, അതല്ല അതിന് കൂടുതല്‍ സഹായകമാകുമോ എന്ന് നിങ്ങള്‍ തന്നെ പറയുക".
ഞാന്‍ അവര്‍ക്കു മുമ്പാകെ പറഞ്ഞ കാര്യങ്ങളുടെ രത്നച്ചുരുക്കമാണിത്. എന്‍റെ സംഭാഷണം അതീവ ശ്രദ്ധയോടെ അവര്‍ ശ്രവിച്ചു. ഞാന്‍ അവരുമായി സംസാരിക്കാന്‍ പോകുന്നതിനുമുമ്പ് പള്ളിയില്‍ അഞ്ച് ദിവസത്തേക്ക് 'ഇഅ്തികാഫ്' ഇരിക്കുന്ന സഹോദരന്‍മാരെ ചെന്നു കണ്ടിരുന്നു. സമ്മേളന വിജയത്തിനായി ദിക്റിലും ദുആയിലും കഴിയുകയായിരുന്നു ആ പാവങ്ങള്‍. ഞാന്‍ അവരോട് പ്രത്യേകം ദുആ ഇരക്കാന്‍ പറഞ്ഞപ്പോള്‍ അവരില്‍ എന്തോ കഴിച്ചുകൊണ്ടിരുന്ന ഒരു സഹോദരന്‍ ഉടന്‍തന്നെ സുജൂദിലേക്ക് മറിഞ്ഞ് വീണരംഗം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ഞങ്ങളുടെ സംഭാഷണം വിജയകരമായി എന്ന വാര്‍ത്ത അവര്‍ക്ക് കിട്ടുന്നതുവരെ ആ പാവങ്ങള്‍ അല്ലാഹുവിനോട് ഞങ്ങള്‍ക്കു വേണ്ടി യാചിച്ചുകൊണ്ടേയിരുന്നു. ഞാന്‍ എന്‍റെ സംസാരം നിര്‍ത്തിയപ്പോള്‍ അവരില്‍ ഉന്നത സ്ഥാനം വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍റെ രണ്ട് കണ്ണുകളും ഈറനണിഞ്ഞിരിക്കുന്നതായി എനിക്ക് കാണാന്‍ കഴിഞ്ഞു. അദ്ദേഹം പറഞ്ഞു: മൗലാനാ, ഇനി ഞങ്ങളുടെ കാര്യങ്ങള്‍ കേള്‍ക്കുക. സര്‍ക്കാര്‍ അയച്ചിട്ടാണ് ഞങ്ങള്‍ വന്നത്. ഞങ്ങള്‍ക്കെല്ലാ കാര്യങ്ങളും മനസ്സിലായി. ഞങ്ങള്‍ ഈ സമ്മേളനത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ആകാശത്തുനിന്നും ഒരു വെളുത്തപ്രഭ ഇങ്ങോട്ട് ചൊരിയുന്നതായി കാണാന്‍ കഴിഞ്ഞു. തദവസരം തന്നെ ഇവിടെ എന്തോ അദ്ഭുത കാര്യമാണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അദ്ദേഹം തുടര്‍ന്നുപറഞ്ഞു; മൗലാനാ, നിങ്ങളെപ്പോലെയുളളവര്‍ ജീവിച്ചിരിക്കുന്നതിനാലാണ് നമ്മുടെ ഈ സമൂഹം ഇന്നും നിലനില്‍ക്കുന്നത്. അല്ലെങ്കില്‍ നാം നശിച്ച് നാമാവശേഷമായിപ്പോകുമായിരുന്നു. ഇനി ഞങ്ങള്‍ക്ക് നിങ്ങളോടൊന്നും ചോദിക്കാനില്ല. നിങ്ങള്‍ സ്വസ്ഥമായി നിങ്ങളുടെ കാര്യങ്ങള്‍ ചെയ്തുകൊള്ളുക. കൂട്ടത്തില്‍ എനിക്ക് നിങ്ങളോട് രണ്ട് അപേക്ഷകളാണ് ഉള്ളത്. ഒന്ന്, നിങ്ങള്‍ ഞങ്ങളില്‍ നിന്നും വല്ല സേവനവും സ്വീകരിക്കണം. രണ്ട്; എനിക്ക് ഒരേയൊരു മകനേയുള്ളൂ. ഞാന്‍ അവനെ നാളെ കൊണ്ടുവരും. നിങ്ങള്‍ അവന്‍റെ തല തടവുകയും അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം.
പ്രസ്തുത ഓഫീസറുടെ വാക്കുകളുടെ ചുരുക്കം മാത്രമാണിത്. ആവേശം നിമിത്തം അദ്ദേഹം കുറെ കാര്യങ്ങള്‍ പറഞ്ഞു, ഉടനെ ഞങ്ങളുടെ അരികിലുണ്ടായിരുന്ന അമീര്‍ സാഹിബിന്‍റെ അടുക്കല്‍ ഒരാള്‍ ഒരു കുറിപ്പ് കൊണ്ടുക്കൊടുത്തു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലഖ്നൗവിലേക്ക് വരുകയായിരുന്ന ഒരു ജമാഅത്തിനെ ലഖ്നൗവിന് അടുത്തുവച്ച് പോലീസുകാര്‍ അറസ്റ്റ് ചെയ്തു എന്നും അവരിപ്പോള്‍ തടവിലാണെന്നും അതില്‍ എഴുതിയിരുന്നു. അമീര്‍ സാഹിബ് ആ കുറിപ്പ് എനിക്ക് നല്‍കി. ഞാന്‍ അതു വായിച്ചശേഷം ഓഫീസര്‍ക്ക് നല്‍കി. ശേഷം പറഞ്ഞു: നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന സേവനത്തിന് അല്ലാഹു അവസരം നല്‍കിയിരിക്കുന്നു. ഞങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് വിശ്വാസം ഉണ്ടായെങ്കില്‍ ഈ ജമാഅത്തിനെ അവിടെ നിന്നും ഇവിടെ എത്തിക്കുന്നതിന് ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ അഭിപ്രായം പറയുക. ഉടനെ അദ്ദേഹം പറഞ്ഞു; ഈ വിഷയത്തില്‍ നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. അവരെ ഇവിടെ എത്തിക്കല്‍ നമ്മുടെ ബാദ്ധ്യതയാണ്. നിങ്ങള്‍ ദുആ ചെയ്യുക, ഞങ്ങള്‍ കഴിവിന്‍റെ പരമാവധി വേഗത്തില്‍ അവരെ ഇവിടെ എത്തിക്കാം. അങ്ങനെ അവര്‍ മടങ്ങിപ്പോയി (അല്ലാഹുവിന്‍റെ) അനുഗ്രഹ-കൃപയാല്‍ ചില മണിക്കൂറുകള്‍ക്കുശേഷം ആ ജമാഅത്ത് സസുഖം എത്തിച്ചേര്‍ന്നു) അങ്ങനെ കുറച്ച് ആളുകള്‍ക്ക് ഒരിടത്തും കൂടി നില്‍ക്കാന്‍ സാധിക്കാത്ത സ്ഥലത്തും സമയത്തും ആയിരമായിരം ആളുകള്‍ ഒരുമിച്ചുകൂടുകയും തികച്ചും സമാധാനപരമായി പരിപാടികളില്‍ പങ്കെടുക്കുകയും സമ്മേളനാനന്തരം പതിവനുസരിച്ച് നിരവധി ജമാഅത്തുകള്‍ നാടിന്‍റെ നാനാഭാഗത്തേക്ക് യാത്ര തിരിക്കുകയും ചെയ്തു. "സര്‍വ്വ സ്തുതിയും അല്ലാഹുവിന് മാത്രമാണ്. അവനാണ് നമുക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയത്. അവന്‍ ഞങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയിരുന്നില്ലായെങ്കില്‍ ഞങ്ങള്‍ ഒരിക്കലും സന്‍മാര്‍ഗ്ഗം പ്രാപിച്ചവര്‍ ആകില്ലായിരുന്നു!!".
ഇത് ഒറ്റപ്പെട്ടതും പതിവിന് വിരുദ്ധവുമായ ഒരു സംഭവമല്ല. അല്ലാഹുതആലാ, കാരണങ്ങളും അതിലൂടെ ഉണ്ടാകുന്ന കാര്യങ്ങളെയും കൊണ്ട് സ്ഥാപിച്ചിരിക്കുന്ന അവന്‍റെ സമുന്നത വ്യവസ്ഥിതിയുടെ ഒരു പ്രകടനം മാത്രമാണ് ഇത്. പരിപൂര്‍ണ്ണ വിവേകവും ക്ഷമയും സഹനതയും ദുആയും മുറുകെ പിടിച്ചുകൊണ്ട് അല്ലാഹുവിനോട് സഹായം അഭ്യര്‍ത്ഥിച്ചാല്‍ ശരിയായ ഫലം ഉണ്ടാകുമെന്നതില്‍ യാതൊരു സംശയവും ഇല്ല. അഹങ്കാരവും നിഷേധവും നിറഞ്ഞ വാദകോലാഹലങ്ങളുടെ പരിണിതഫലം പരാജയം നിറഞ്ഞതായിരിക്കും. പ്രതിദിനം നടന്നു കൊണ്ടിരിക്കുന്ന നിരവധി സംഭവങ്ങള്‍ ഇതിന് സാക്ഷ്യമാണ്. അതിലൊന്ന് മാത്രമാണ് മേല്‍പറഞ്ഞ സംഭവം.
ഞങ്ങള്‍ ഇതില്‍ നിന്നും വലിയ ഗുണപാഠം ഉള്‍ക്കൊണ്ടു. അല്ലാഹുവിന്‍റെ അജയ്യമായ ശക്തി വൈഭവത്തേയും ഭേദഗതിയില്ലാത്ത നടപടി ക്രമത്തെയും അനുഭവിച്ചറിഞ്ഞു. മുഴുവന്‍ സൃഷ്ടികളുടെയും മനസ്സുകള്‍ അല്ലാഹു ഒരുവന്‍റെ അധീനതയിലാണെന്ന വിശ്വാസത്തിന് ആക്കം കൂടി. മനസ്സില്‍ പ്രതീക്ഷയുടെ പ്രകാശം പൊട്ടിമുളച്ചു. ദഅ്വത്ത് (അല്ലാഹുവിന്‍റെ അടിമകളെ അവനിലേക്ക് അടുപ്പിക്കുവാനുള്ള നിഷ്കളങ്കമായ ആഗ്രഹവും പരിശ്രമവും) പ്രകൃതി ഗുണമാക്കി മാറ്റുന്നതില്‍ വിജയം മാത്രമാണ് എന്ന് ഉറപ്പുവന്നു.
ഒരു കാര്യം യാതൊരു പര്‍വ്വതീകരണവും ഇല്ലാതെ പറയാന്‍ ആഗ്രഹിക്കുന്നു. കാലഘട്ടത്തിന്‍റെ പൊതുശൈലികളില്‍ നിന്നും തെന്നിമാറി "നബവീ" ശൈലിയെ മുറുകെ പിടിച്ച് ദീനീ സേവനത്തില്‍ നിരതരായിരിക്കുന്ന ആയിരക്കണക്കിന് സഹോദരന്‍മാര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. വേറൊരു പ്രസ്ഥാനത്തിന്‍റെയും ശബ്ദവും ശക്തിയും ശ്രദ്ധിക്കാന്‍ പോലും അവരെ അനുവദിക്കാത്തത് ഇത്തരം അനുഭവങ്ങളില്‍ക്കൂടി ഉണ്ടായിത്തീര്‍ന്ന അടിയുറച്ച വിശ്വാസമാണ്. ഭാരതത്തിലാകമാനം ആളുകള്‍ പരസ്പരം രക്തം കൊണ്ട് ഹോളി ആഘോഷിക്കുകയും വ്യാപകമായ തോതില്‍ കൊള്ളയും, കൊലയും, കൊള്ളിവെയ്പും നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു വേളയിലാണ് വിനീതന്‍ ഈ വരികള്‍ കുറിക്കുന്നത്. ഹാ ! കഷ്ടം, പ്രതികൂല സാഹചര്യങ്ങള്‍ നേരിടാന്‍ പരിശുദ്ധ ഖൂര്‍ആനും തിരുസുന്നത്തും എന്താണ് പഠിപ്പിക്കുന്നത് എന്ന കാര്യം നാം, മുസ്ലിംകള്‍ ഇപ്പോഴെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍.! നാം മിത്രങ്ങളെയും ശത്രുക്കളെയും തിരിച്ചറിഞ്ഞിരുന്നെങ്കില്‍.! ഹാ കഷ്ടം, നാം കേവലം മര്‍ദ്ദിതര്‍ മാത്രമല്ല. മര്‍ദ്ദകര്‍ കൂടിയാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിരുന്നെങ്കില്‍.! മാനവരാശിയെക്കുറിച്ച് മൊത്തത്തില്‍ പ്രവാചക പ്രവീണര്‍ (സ്വ) വച്ചുപുലര്‍ത്തിയ സ്നേഹ-ദയാ വായ്പുകളും സഹാനുഭൂതിയും സത്വിചാരങ്ങളും, ത്യാഗ പരിശ്രമങ്ങളും, ക്ഷമയും, സഹനതയും, നീതിയും ധൈര്യവും പുലര്‍ത്താന്‍ ഖത്മുന്നുബുവ്വത്തിന്‍റെ (പ്രവാചകത്വ പരിസമാപ്തി) അടിസ്ഥാനത്തില്‍ നാമും ബാദ്ധ്യസ്ഥരാണ്. പക്ഷെ ഖേദപൂര്‍വ്വം പറയട്ടെ, ഇത്രമാത്രം സമുന്നത സമാദരണീയ സ്ഥാനം നല്‍കി അനുഗ്രഹിക്കപ്പെട്ട നമ്മുടെ സമൂഹത്തിലെ സാമാന്യജനത്തിന് മാത്രമല്ല പ്രധാനികള്‍ക്കുകൂടി ഈ ബോധം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ നാം ഒന്നാമതായി മര്‍ദ്ദകരാണ്. രണ്ടാമതായി മാത്രമാണ് നാം മര്‍ദ്ദിതര്‍.! "രക്ഷിതാവായ അല്ലാഹുവേ! ഞങ്ങള്‍ ഞങ്ങളുടെ മേല്‍ വലിയ അക്രമം കാണിച്ചുപോയി. നീ ഞങ്ങള്‍ക്ക് പൊറുത്ത് തരുകയും ഞങ്ങളുടെ മേല്‍ കരുണ കാട്ടുകയും ചെയ്തില്ലായെങ്കില്‍ തീര്‍ച്ഛയായും ഞങ്ങള്‍ നഷ്ടവാളികളില്‍പ്പെട്ടവരായിപ്പോകും".
വിനീതന്‍ വാക്കുകള്‍ അവസാനിപ്പിയ്ക്കുകയാണ്, "ഹാ" വിളികൊണ്ടും "കഷ്ടം" പറച്ചില്‍ കൊണ്ടും ഒന്നും നടക്കില്ല. മാത്രമല്ല അല്പംകൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍ "മുഖപ്രസംഗങ്ങള്‍" കൊണ്ടും "പത്രാഭിപ്രായങ്ങള്‍"കൊണ്ടും നടക്കുന്ന കാര്യമല്ലായിത്. അത്യന്തം ശ്രമകരവും സഹനശക്തിയും ദൃഢനിശ്ചയവും ആവശ്യമായ ഒരു കാര്യവുമാണ് മുസ്ലിം ഉമ്മത്തിന്‍റെ മാനസിക ശിക്ഷണ ശീലനത്തിന്‍റെ മേഖല. ദൃഢചിത്തരായ നിരവധി ആളുകള്‍ സര്‍വ്വ സജ്ജരായി ഇറങ്ങിയെങ്കിലും അവര്‍ക്ക് ഉറച്ചു നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.
രക്ഷിതാവായ അല്ലാഹുവേ, നീ ഞങ്ങളുടെ മനസ്സിന്‍റെ സംരക്ഷകനാണ്. ആരെയും ആശ്രയിക്കാത്തവനും സ്തുത്യര്‍ഹനുമായ നീ ഞങ്ങള്‍ക്ക് സത്യമാര്‍ഗ്ഗം കാണിച്ചുതരികയും മരണംവരെ അതില്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യേണമേ.! പാവപ്പെട്ട ഉമ്മത്തിന്‍റെ മോശമായ അവസ്ഥയ്ക്ക് നീ മാറ്റമുണ്ടാക്കുകയും അവരുടെ മേല്‍ കരുണയുടെ ദൃഷ്ടിപതിപ്പിക്കുകയും ചെയ്യേണമേ.! നിന്നെയും നിന്‍റെ ദീനിനേയും അവഗണിച്ചതിന്‍റെ പേരില്‍ ഞങ്ങളുടെ മേല്‍ ഇറക്കിയ ശിക്ഷയെ നീ ഉയര്‍ത്തേണമേ.! അല്ലാഹുവേ, നിന്‍റെ പിടുത്തത്തില്‍ നിന്നും രക്ഷപെടാന്‍ നിന്നിലേക്കുതന്നെ മടങ്ങലല്ലാതെ വേറെ ഒരു വഴിയുമില്ല.! അവസാനമായി ഒരു ദുആ കൂടി: കരുണാവാരിധിയായ അല്ലാഹുവേ, ഈ മഹാപാപി മേല്‍ വരികളില്‍ എഴുതിയതും എന്നാല്‍ എഴുതാന്‍ ആഗ്രഹിച്ചിട്ടും കഴിവില്ലായ്മകൊണ്ടും സ്ഥലക്കുറവുകൊണ്ടും എഴുതാന്‍ കഴിയാതിരുന്നതുമായ കാര്യങ്ങള്‍ ഇതിന്‍റെ അനുവാചകര്‍ക്കെല്ലാം നീ മനസ്സിലാക്കി കൊടുക്കേണമേ.! തീര്‍ച്ചയായും എന്‍റെ വേദനയും വ്യസനവും അല്ലാഹുവേ, നിന്‍റെ സന്നിധാനത്തില്‍ ഞാന്‍ അര്‍പ്പിക്കുന്നു, പരിഹാരത്തിനായി...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
1️⃣ https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
2️⃣ https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
3️⃣ https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
4️⃣ https://chat.whatsapp.com/F11F6oe1A44AFwGbAONL1B
5️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5
6️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
https://www.facebook.com/swahabaislamicfoundation
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
http://wa.me/9961955826
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
1️⃣ https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
2️⃣ https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
3️⃣ https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
4️⃣ https://chat.whatsapp.com/F11F6oe1A44AFwGbAONL1B
5️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5
6️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
https://www.facebook.com/swahabaislamicfoundation
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
http://wa.me/9961955826
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment