രക്തപ്പുഴയിലൂടെ ഒരു യാത്ര.!
-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/04/blog-post_55.html?spref=tw വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ സ്വതന്ത്രമായപ്പോള്‍ നടന്ന സംഭവങ്ങള്‍ അറിയാവുന്ന മാന്യ അനുവാചകര്‍ക്ക് ഭാരതം സ്വതന്ത്രമാവുകയും ഇന്ത്യയിലും പാകിസ്ഥാനിലും സ്വതന്ത്രഭരണങ്ങള്‍ നിലവില്‍ വരുകയും ചെയ്തതിനോടനുബന്ധിച്ച് അരങ്ങേറിയ സംഭവങ്ങള്‍ ഓര്‍മ്മയുണ്ടായിരിക്കുമല്ലോ.? ഇരുരാജ്യങ്ങളിലും കലാപത്തിന്‍റെ അണക്കെട്ട് പോട്ടിപ്പുറപ്പെട്ടു. അവിടെ നിരപരാധികളായ ഹിന്ദുക്കളും സിക്കുകാരും ഇവിടെ നിര്‍ദ്ദോഷികളായ മുസ്ലിംകളും മൃഗീയമായി കൊല്ലപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്ത നാളുകള്‍ നിരവധി കഴിഞ്ഞിട്ടും ഇന്നും അക്കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ മനുഷ്യഹൃദയം നടുങ്ങിപ്പോകുന്നു. മനുഷ്യ മനസ്സുകളില്‍ നിന്നും മനുഷ്യാത്മാവ് നീങ്ങിപ്പോകുകയും മനുഷ്യക്കോലങ്ങളില്‍ ചെന്നായ, സര്‍പ്പം, തേള്‍ മുതലായ ക്ഷുദ്ര ജന്തുക്കളുടെ ആത്മാക്കള്‍ കടന്നുകൂടുകയും ചെയ്തുവെന്ന് തോന്നുന്ന വിധത്തിലായി സംഭവങ്ങളുടെ ഗതിവിഗതികള്‍. അബലകളായ സ്ത്രീകളും പിഞ്ചുപൈതങ്ങളും നിര്‍ദ്ദയം വെട്ടുംകുത്തുമേറ്റ് കൊല്ലപ്പെട്ടു. ചീറിപ്പായുന്ന ട്രെയിനുകളില്‍ നിന്നും മനുഷ്യര്‍ കല്ലുകളും മണ്‍കട്ടകളും പോലെ പുറത്തെറിയപ്പെട്ടു. ഉത്തരേന്ത്യയില്‍ നിരവധി സ്ഥലങ്ങളില്‍ മുസ്ലിംകള്‍ തീവണ്ടിയാത്ര മാറ്റിവെച്ചു. അതിനെതുടര്‍ന്നു എല്ലാ ട്രെയിനിലും ഒന്നു രണ്ടു കംപാര്‍ട്ടുമെന്‍റുകള്‍ മുസ്ലിംകള്‍ മാത്രം യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ സജ്ജീകരണം ചെയ്തു. അവയില്‍ സായുധ പോലീസിന്‍റെ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ സമയത്ത് നടന്ന ഒരു സംഭവമാണ് ചുവടെ ചേര്‍ക്കുന്നത്.
എനിക്ക് ലഖ്നൗവില്‍ നിന്നും സഹാറന്‍പൂര്‍ വഴി ദേവ്ബന്ദിലേക്കും, അവിടെ നിന്നും ഡല്‍ഹിയിലേക്കും പോകേണ്ട ഒരാവശ്യം നേരിട്ടു. അന്നത്തെ പതിവനുസരിച്ച് മുസ്ലിംകള്‍ക്ക് മാത്രമുള്ള കംപാര്‍ട്ടുമെന്‍റില്‍ ഞാന്‍ കയറി. മുസ്ലിംകള്‍ക്കായി ട്രെയിനില്‍ പ്രത്യേക സജ്ജീകരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നുള്ള വിവരം പത്രങ്ങളിലൂടെയും മറ്റും അറിഞ്ഞിരുന്നെങ്കിലും ഇത് നേരിട്ടുള്ള അനുഭവമായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ട്രെയിന്‍ പുറപ്പെട്ടു. മുസ്ലിം യാത്രക്കാര്‍ അതിലെ സ്ഥല-സൗകര്യത്തെക്കാള്‍ കൂടുതലായിരുന്നതിനാല്‍ കംപാര്‍ട്ടുമെന്‍റ് ആകെ തിങ്ങിനിറഞ്ഞിരുന്നു. ഞാന്‍ നിശബ്ദനായി ഇങ്ങനെ ചിന്തിക്കുകയായിരുന്നു; ഈ രാജ്യത്തിന്‍റെ സ്വാതന്ത്രത്തിനുവേണ്ടി അനുഷ്ഠിച്ച ത്യാഗ പരിശ്രമങ്ങളില്‍ നാം മുസ്ലിംകള്‍ വലിയ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ഇതിനുവേണ്ടി നമ്മുടെ മഹാന്‍മാര്‍ കണക്കറ്റ വേദനകള്‍ക്കും യാതനകള്‍ക്കും ഇരയായിട്ടുണ്ട്. എന്നാല്‍ ആ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഇന്ന് നമ്മുടെ അവസ്ഥ എന്താണ്.? ലഖ്നൗവില്‍ നിന്നും സഹാറന്‍പൂര്‍ വരെ പോകാന്‍ അടച്ചുപൂട്ടപ്പെട്ട കംപാര്‍ട്ടുമെന്‍റില്‍ സായുധ പോലീസിന്‍റെ ആവശ്യം നേരിടുക.! ഇതോര്‍ത്ത് എനിക്ക് വലിയ ദുഃഖമുണ്ടായി. കംപാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്യുന്ന മുസ്ലിംകള്‍ ഈ വിഷയത്തില്‍ നടത്തുന്ന ചര്‍വ്വിത ചര്‍വ്വണങ്ങള്‍ കേട്ടപ്പോള്‍ എന്‍റെ ദുഃഖത്തിന്‍റെ ആഴം കൂടുകയാണ് ചെയ്തത്. ഈ അവസ്ഥാ വിശേഷങ്ങളുടെ ഭൗതികവും ബാഹ്യവുമായ കാരണങ്ങളെക്കുറിച്ച്പോലും അവര്‍ക്ക് വിവരമില്ലെന്നും ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ച് ചിന്തയില്ലെന്നും അല്ലാഹുവുമായി തങ്ങളുടെ ബന്ധം ബലപ്പെടുത്തി അവന്‍റെ സഹായം നേടിയെടുക്കാനുള്ള ഒരു വിചാരവും ഇല്ലെന്നും ഞാന്‍ മനസിലാക്കി.
കുറച്ചുകഴിഞ്ഞപ്പോള്‍ വണ്ടി "ഹര്‍ദുയി" സ്റ്റേഷനിലെത്തി. ഞാന്‍ "അസര്‍" നമസ്കരിക്കാനായി താഴെ പ്ലാറ്റ്ഫോമിലേക്കിറങ്ങാന്‍ തയ്യാറായി. എന്നാല്‍ അതിലുണ്ടായിരുന്ന മുസ്ലിം സഹോദരങ്ങളെല്ലാം എന്നെ ശക്തമായി തടഞ്ഞു. ഞാന്‍ താഴെ ഇറങ്ങിയാലുടന്‍ കൊല്ലപ്പെടും എന്നായിരുന്നു അവരുടെ ഭയം. ഞാന്‍ അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ വളരെ ശ്രമിച്ചിട്ടും അവര്‍ കാര്യം മനസ്സിലാക്കാതിരിക്കുകയും ഞാന്‍ താഴെ ഇറങ്ങരുതെന്ന് ശഠിക്കുകയും ചെയ്തു. അവരില്‍ ചിലര്‍ എന്നോട് കോപി ക്കാനും തുടങ്ങി. അവരുടെ ഈ ഭീരുത്വം കണ്ടപ്പോള്‍ വണ്ടിയില്‍നിന്നും ഇറങ്ങി പ്ളാറ്റ്ഫോറത്തില്‍ നിന്ന് നമസ്കരിക്കല്‍ ആവശ്യം തന്നെയാണെന്ന് ഞാന്‍ മനസ്സിലാക്കി. അവസാനം ഞാന്‍ ഇറങ്ങി. പൈപ്പ് ദൂരത്തായിരുന്നു. ഞാന്‍ അവിടെ പോയി വെള്ളം കൊണ്ടുവന്നു. സമാധാനമായി വുളൂഅ് ചെയ്തു പ്ളാറ്റ്ഫോറത്തില്‍ മുസ്വല്ല വിരിച്ച് നമസ്കരിച്ചു തുടങ്ങി. നമസ്കാരം കഴിഞ്ഞയുടനെ വണ്ടി പുറപ്പെട്ടു. ഞാന്‍ ഉടനെ കംപാര്‍ട്ടുമെന്‍റില്‍ കയറി. തുടര്‍ന്ന് ഞാന്‍ അവരോട് പറഞ്ഞു: എനിക്ക് കംപാര്‍ട്ടുമെന്‍റിന് അകത്ത്വെച്ച് നമസ്കരിക്കാമായിരുന്നു. പക്ഷെ നിങ്ങളുടെ ഭയം ദൂരീകരിക്കാന്‍ വണ്ടിയില്‍ നിന്നിറങ്ങി നമസ്കരിക്കല്‍ വളരെ ആവശ്യമായി ഞാന്‍ കരുതി. ഞാന്‍ പ്ളാറ്റ്ഫോറത്തില്‍ ഇറങ്ങി നമസ്കരിച്ചതും, ദൂരെപ്പോയി വെള്ളം എടുത്തുകൊണ്ടുവന്നതും നിങ്ങള്‍ കണ്ടുകഴിഞ്ഞല്ലോ.? നിങ്ങള്‍ക്ക് ഈ രാജ്യത്ത് ജീവിക്കാനാഗ്രഹമുണ്ടെങ്കില്‍ ഇത്തരം ഭയം നിങ്ങളുടെ മനസ്സില്‍ നിന്നും മാറ്റിവയ്ക്കുക. അല്ലെങ്കില്‍ മരണത്തിന് ഒരിക്കലും നിങ്ങളെ പിടികൂടാന്‍ കഴിയാത്ത ഒരു ലോകത്ത് പോയി താമസിക്കുക. ഇതിനുശേഷം ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദാസന്‍മാരെ, ഈ ലോകത്ത് ഓരോ സമൂഹത്തിനും ഭീഷണികള്‍ നിറഞ്ഞ കടുത്ത അവസ്ഥകള്‍ ഉണ്ടാകുക സാധാരണമാണ്. പക്ഷെ ഇത്തരം ഘട്ടങ്ങളില്‍ ഉറച്ച് നില്‍ക്കുകയും ഭീഷണികള്‍ക്കെതിരില്‍ ചിന്തിച്ചാലോചിച്ച് ശരിയായ പാത തിരഞ്ഞെടുക്കുകയും ചെയ്താല്‍ അവസ്ഥകള്‍ മാറിമറിയുന്നതാണ്. നിങ്ങള്‍ നിങ്ങളുടെ ചുറ്റുമുള്ള അവസ്ഥകളും കഴിഞ്ഞനാളുകളില്‍ നിങ്ങള്‍ കാട്ടിക്കൂട്ടിയതും പരിണിതഫലം ചിന്തിക്കാതെ നേതാക്കള്‍ നിങ്ങളെ ക്കൊണ്ട് ചെയ്യിപ്പിച്ചതുമായ വിഡ്ഡിത്തങ്ങളും തെറ്റുകുറ്റങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുക. ഇനിമുതല്‍ ശരിയായ പാത തെരഞ്ഞെടുക്കുകയും ചെയ്യുക. ഇതോടൊപ്പം, എന്നല്ല ഏറ്റവും ആദ്യമായിട്ട് യഥാര്‍ത്ഥ മുസ്ലിമായി തീരുകയും അല്ലാഹുവുമായിട്ടുള്ള ബന്ധം ഉറപ്പിക്കുകയും ചെയ്യുക. കാരണം ഇതുകൂടാതെ അല്ലാഹുവിന്‍റെ സഹായം തേടുക സാദ്ധ്യമല്ല. ചുരുക്കത്തില്‍, ആ സമയത്ത് അല്ലാഹു എന്‍റെ മനസ്സില്‍ തോന്നിപ്പിച്ച കാര്യങ്ങള്‍ ഞാന്‍ അവരോട് പറഞ്ഞു. എന്‍റെ വാക്ക് അവരില്‍ എന്ത് പ്രതികരണമാണുണ്ടാക്കിയതെന്ന് മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
ഇതിനുശേഷം അടുത്ത സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ താഴെയിറങ്ങിത്തന്നെ മഗ്രിബ് നമസ്കരിക്കുമെന്നും ഞാന്‍ തീരുമാനിച്ചു. തോക്കുകളുമേന്തി നില്‍ക്കുന്ന സുരക്ഷാ ഭടന്‍മാരുമായി ഇങ്ങനെ അടച്ചു പൂട്ടപ്പെട്ട കംപാര്‍ട്ടുമെന്‍റില്‍ യാത്രചെയ്യുന്നത് നിന്ദ്യമാണെന്ന് എനിക്ക് തോന്നി. അഥവാ ഇക്കാര്യം ഇങ്ങനെതന്നെ തുടരുകയാണെങ്കില്‍ മുസ്ലിംകള്‍ ഈ നാട്ടില്‍ എന്നും ഭീരുക്കളായി ജീവിക്കേണ്ടിവരും. എന്തായാലും ഞാന്‍ അതിനുതന്നെ തീരുമാനമെടുത്തു. അങ്ങനെ ട്രെയിന്‍ "ഷാജഹാന്‍പൂര്‍" സ്റ്റേഷനില്‍ നിര്‍ത്തി. മഗ്രിബിന്‍റെ സമയമായി ക്കഴിഞ്ഞിരുന്നു. ഞാന്‍ എന്‍റെ തീരുമാനമനുസരിച്ച് താഴെയിറങ്ങി. മുസ്വല്ല വിരിച്ച് നമസ്കാരമാരംഭിച്ചു. വോറൊരു കംപാര്‍ട്ടുമെന്‍റില്‍ പോയിരിക്കാന്‍ സായുധപോലീസ് എന്നെ അനുവദിക്കുകയില്ലെന്ന് ഞാന്‍ അനുമാനിച്ചു. അതുകൊണ്ട് ട്രെയിന്‍ വിടുന്നതുവരെയും നമസ്കരിച്ചു കൊണ്ടേയിരിക്കാനും ട്രെയിന്‍ വിട്ടുകഴിഞ്ഞാലുടന്‍ ഓടിപ്പോയി വേറൊരു കംപാര്‍ട്ടുമെന്‍റില്‍ ഇരിക്കാനും തീരുമാനിച്ചു. അങ്ങനെ ട്രെയിന്‍ വിടുന്നതുവരെ ഞാന്‍ നമസ്ക്കാരം നിര്‍ത്തിയില്ല. ട്രെയിന്‍ വിട്ടപ്പോള്‍ ഞാന്‍ വേഗത്തില്‍ ഓടിപ്പോയി വേറൊരു കംപാര്‍ട്ടുമെന്‍റില്‍ കയറി. പാവം പോലീസുകാര്‍ ശബ്ദവും ബഹളവും ഉണ്ടാക്കിയെങ്കിലും ഞാന്‍ കേള്‍ക്കാത്തതുപോലെ നടിച്ചു.
ഒരു മുസ്ലിം അതും മൗലവിവേഷം ധരിച്ചു താടിവെച്ച ഒരു മുസ്ലിം ഇങ്ങനെ പൊതു കംപാര്‍ട്ടുമെന്‍റില്‍ കയറുന്നതുകണ്ട് അതിലുള്ള യാത്രക്കാരെല്ലാം അത്ഭുതപ്പെട്ടു. എല്ലാവരും എന്നെത്തന്നെ നോക്കാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ നല്ലവരും മാന്യരുമായ ചില ഹിന്ദുക്കള്‍ എന്നെ അനുകമ്പയോടുകൂടി നോക്കുന്നതായി ഞാന്‍ കണ്ടു. ഇതു കണ്ട ഞാന്‍ ഉടനെ തന്നെ അവരോട് പറഞ്ഞു; നിങ്ങള്‍ സമാധാനമായി ഇരിക്കുക. ഞാന്‍ മറന്നോ തെറ്റിയോ ഇവിടെവന്ന് കയറിയതല്ല. ഞാന്‍ ഇത്രനേരം മുസ്ലിംകളുടെ കംപാര്‍ട്ടുമെന്‍റില്‍ തന്നെയായിരുന്നു യാത്ര ചെയ്തിരുന്നത്. എന്‍റെ സാധന സാമഗ്രികള്‍ ഇപ്പോഴും അവിടെത്തന്നെയുണ്ട്. പക്ഷെ ഇങ്ങനെ യാത്ര ചെയ്യല്‍ തികച്ചും തെറ്റാണെന്ന് എന്‍റെ മനസ്സ് വിളിച്ചുപറഞ്ഞു. നാം ഇങ്ങനെ യാത്ര ചെയ്തു കഴിഞ്ഞാല്‍ ഈ വണ്ടിയില്‍ മനുഷ്യരല്ല ക്ഷുദ്ര ജന്തുക്കളാണ് യാത്രചെയ്യുന്നതെന്ന് പറയേണ്ടിവരും. എന്‍റെ മനസ്സ് അതനുവദിച്ചില്ല. ഇക്കാര്യം തെറ്റാണെന്ന് നിങ്ങളെ അറിയിക്കാനാണ് ഞാന്‍ വന്നത്. മാന്യന്‍മാരായ നിങ്ങള്‍ എന്‍റെ അഭിപ്രായത്തോട് യോജിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മറ്റൊരു കാര്യം ഇതാണ്; എനിക്കൊരു വിശ്വാസം ഉണ്ട്. അതായത് എന്നെ പടച്ചവന്‍ ഞാന്‍ ഈ ലോകത്ത് ജീവിക്കുവാന്‍ വിധിച്ചിട്ടുള്ള സമയം കഴിയുന്നതിനുമുമ്പ് എന്‍റെ ജീവിതം ആര്‍ക്കും അവസാനിപ്പിക്കുവാന്‍ സാധ്യമല്ല. എന്‍റെ മരണത്തിന്‍റെ സമയമായിക്കഴിഞ്ഞാല്‍ എന്നെ മരണത്തില്‍ നിന്നും രക്ഷിക്കാനും ആര്‍ക്കും കഴിയുകയില്ല. അതുകൊണ്ട് ഞാന്‍ ശരിക്കും ചിന്തിച്ച് മനസ്സിലാക്കി ജീവന്‍ പണയം വെച്ചിട്ടാണ് ഇങ്ങോട്ട് വന്നത്. ഞാന്‍ ഇക്കാര്യങ്ങള്‍ ട്രെയിനില്‍ കയറിയ ഉടനെ നിന്നുകൊണ്ടാണ് പറഞ്ഞത്. ഇരിയ്ക്കാന്‍ ഒഴിഞ്ഞ സ്ഥലമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ എന്‍റെ ഈ വാക്കുകള്‍ അസാധാരണമായ പ്രതികരണമുളവാക്കി. ഏതാണ്ട് എല്ലാവരും തങ്ങളുടെ അരികില്‍ സ്ഥലം ശരിപ്പെടുത്തി ഇരിയ്ക്കാനപേക്ഷിച്ചു. ഞാന്‍ അക്കൂട്ടത്തില്‍ മുതിര്‍ന്ന ഒരാളുടെ അരികില്‍ പോയി ഇരുന്നു. തുടര്‍ന്ന് അവരില്‍ ഓരോരുത്തരും അന്ന് കത്തിക്കയറിക്കൊണ്ടിരുന്ന കലാപകലുഷിതമായ അന്തരീക്ഷത്തെയും മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തനങ്ങളെയും കുറിച്ച് അവരവരുടെ ശൈലിയില്‍ എതിര്‍പ്പും വെറുപ്പും പ്രകടിപ്പിക്കാന്‍ തുടങ്ങി. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വണ്ടി ബലേരി സ്റ്റേഷനില്‍ എത്തി. ഷാജഹാന്‍പൂര്‍ സ്റ്റേഷനില്‍വച്ച് ഞാന്‍ ഓടിക്കയറിയ കംപാര്‍ട്ട്മെന്‍റ് പോലീസുകാര്‍ കണ്ടുവച്ചിരുന്നു. ബലേരി സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയ ഉടനെ ഒരു പോലീസുകാരന്‍ പരിഭ്രമവും കോപവും നിറഞ്ഞ നിലയില്‍ ഓടിവന്നു. അദ്ദേഹം പറഞ്ഞു നിങ്ങള്‍ ഞങ്ങളെ പരിഭ്രമിപ്പിച്ചു കളഞ്ഞു. നിങ്ങളുടെ സംരക്ഷണം ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു; ഞാന്‍ സന്തോഷത്തോടെ സമാധാനത്തോടെ ഇവിടെയിരിക്കുന്നത് നിങ്ങള്‍ കണ്ടില്ലേ.? നിങ്ങള്‍ സമാധാനപ്പെടുക. ഞാന്‍ സുഖമായി ഇവിടെത്തന്നെ ഇരുന്നുകൊള്ളാം. എങ്കിലും ഞാന്‍ അവിടെനിന്നും എഴുന്നേറ്റ് പഴയ കംപാര്‍ട്ടുമെന്‍റില്‍ പോയി ഇരിയ്ക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. എന്നാല്‍ ഈ കംപാര്‍ട്ടുമെന്‍റില്‍ ഉണ്ടായിരുന്ന ഹൈന്ദവരും സിക്കുകാരുമായ യാത്രക്കാര്‍ ഒന്നടങ്കം എന്നെ വിടാന്‍ പറ്റുകയില്ലെന്ന് പറയുകയുണ്ടായി. മാത്രമല്ല അവരില്‍ ഒരാള്‍ പോലീസുകാരനോടൊപ്പം പോയി എന്‍റെ സാധനങ്ങള്‍ അവിടെനിന്നും എടുത്തുകൊണ്ടു വരുകയും ചെയ്തു. ഈ അനുഭവത്തിനുശേഷം ഓരോ സ്റ്റേഷനിലും ഇങ്ങനെ കംപാര്‍ട്ടുമെന്‍റ് മാറിമാറിയിരിയ്ക്കണമെന്ന് എനിക്കാഗ്രഹമുണ്ടായി. പക്ഷെ അവിടെയുണ്ടായിരുന്നവരുടെ നിഷ്കളങ്കതയും സ്നേഹവും കണക്കിലെടുത്തുകൊണ്ടും കൂടാതെ രാത്രി യാത്രക്കാര്‍ക്ക് ഉറങ്ങാനുള്ള സമയമായതിനാലും ഞാന്‍ ആ തീരുമാനം മാറ്റിവച്ചു. രാത്രി ഏകദേശം 3 മണിക്ക് വണ്ടി സഹാറന്‍പൂരില്‍ എത്തിച്ചേര്‍ന്നു. ഞാന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി.
സ്റ്റേഷനില്‍ ഇറങ്ങിയ ഞാന്‍ നേരെ വെയിറ്റിംഗ് റൂമിലേക്കുപോയി. പഞ്ചാബില്‍ നിന്നും സഹാറന്‍പൂര്‍ വഴി ഡല്‍ഹിയിലേക്ക് പോകുന്ന വണ്ടിയിലായിരുന്നു എനിക്ക് ദേവ്ബന്ദിലേക്ക് പോകേണ്ടിയിരുന്നത്. പ്രസ്തുത വണ്ടി രാവിലെ കൃത്യസമയത്തുതന്നെ എത്തിച്ചേര്‍ന്നു. അക്കാലത്ത് പഞ്ചാബ് ഭാഗത്തുനിന്നും വരുന്ന ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന യാത്രികരില്‍ ബഹുഭൂരിഭാഗവും പടിഞ്ഞാറന്‍ പാകിസ്ഥാനിലെ പ്രദേശങ്ങളായ ഫ്രണ്ടിയര്‍, സിന്ധ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും പാലായനം ചെയ്തുവരുന്ന ഹൈന്ദവരും സിക്കുകാരുമായിരുന്നു. സ്വന്തം ബന്ധുമിത്രാദികള്‍ വധിക്കപ്പെടുന്ന കാഴ്ച നേരില്‍ കണ്ടവരും മര്‍ദ്ദന-പീഢനങ്ങള്‍ അനുഭവിച്ചവരും വെട്ടുകളും മുറിവുകളും ഏറ്റവരുമായിരുന്നു അവരില്‍ കൂടുതലും. ഇക്കാരണത്താല്‍ മുസ്ലിംകള്‍ക്കെതിരില്‍ അവരുടെ അകതാരില്‍ ആളിക്കത്തിയിരുന്ന വെറുപ്പും വിദ്വേഷവും അനുമാനിക്കാവുന്നതേയുള്ളു. ഇതുകൊണ്ടുതന്നെ ആ ട്രെയിനുകളില്‍ മുസ്ലിംകള്‍ക്കുള്ള സുരക്ഷാ ഏര്‍പ്പാടുകള്‍ കൂടുതല്‍ ശക്തമാക്കിയിരുന്നു. എനിക്ക് ഈ വിവരം അറിവുണ്ടായിട്ടും ആ വണ്ടിയിലും പൊതുബോഗിയില്‍ തന്നെ കയറണമെന്ന് ഞാന്‍ തീരുമാനിച്ചു. ഈ തീരുമാനത്തിനായി എന്‍റെ മനസ്സിനെ വളരെയധികം പിടിച്ചുകെട്ടുകയും പരിശുദ്ധ ഖുര്‍ആനിന്‍റെ നിരവധി ആയത്തുകള്‍കൊണ്ട് മനസ്സിന്‍റെ ഉള്ളറകള്‍ നിറക്കുകയും ചെയ്തു. ചുരുക്കത്തില്‍ ട്രെയിന്‍ പുറപ്പെടുമ്പോള്‍ ഇവിടെനിന്നും ഓടിച്ചെന്ന് ഒരു പൊതു കംപാര്‍ട്ടുമെന്‍റില്‍ തന്നെ കയറാന്‍ തീരുമാനിച്ചുറച്ചു.
അങ്ങിനെ ഞാന്‍ വെയിറ്റിംഗ്റൂമില്‍ ട്രെയിന്‍ പുറപ്പെടുന്നത് പ്രതീക്ഷിക്കാന്‍ തുടങ്ങി. അവസാന വിസിലുമടിച്ച് ട്രെയിന്‍ നീങ്ങി ത്തുടങ്ങിയപ്പോള്‍ ഞാന്‍ ഓടിച്ചെന്ന് ഒരു കംപാര്‍ട്ടുമെന്‍റില്‍ കയറി. ആ കംപാര്‍ട്ടുമെന്‍റില്‍ നല്ല തിരക്കുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് നില്‍ക്കേണ്ടിവന്നു. ചില യാത്രക്കാരുടെ കണ്ണില്‍ അത്ഭുതവും മറ്റു ചിലരില്‍ കത്തിജ്വലിക്കുന്ന രോഷവും ഞാന്‍ കണ്ടു. പാകിസ്ഥാനില്‍ നിന്നും വരുന്ന ഹിന്ദുക്കളും സിക്കുകാരുമായിരുന്നു ആ കംപാര്‍ട്ടുമെന്‍റില്‍ ഉണ്ടായിരുന്നത്. അവരില്‍ കൂടുതലും ഹിന്ദുക്കളായിരുന്നു. സിക്കുകാര്‍ നാലഞ്ച് പേര്‍ മാത്രം. രണ്ട് മൂന്ന് മിനിറ്റ് കഴിഞ്ഞ് കാണും മുകളില്‍ ഒരു സീറ്റില്‍ കിടന്നിരുന്ന ഒരാള്‍ എന്നെ നോക്കി അലറാന്‍തുടങ്ങി. ഈ മുസ്ലിംകള്‍ ഇവിടെ ഇങ്ങനെ സ്വതന്ത്രമായി വിരാജിച്ച് കൊണ്ടിരിക്കുകയാണ്. പാകിസ്ഥാനിലാകട്ടെ നമ്മുടെ മേല്‍ ഭയങ്കരമായ കൊള്ളയും കൊലയും നടന്നു കൊണ്ടിരിക്കുന്നു. എനിക്ക് അദ്ദേഹത്തിന്‍റെ വാക്കുകള്‍ ശരിക്കോര്‍മ്മയില്ല. പക്ഷെ ആശയം മുകളില്‍ പറഞ്ഞതുതന്നെയാണ്. പകുതി പഞ്ചാബിയും പകുതി ഉറുദുവും കലര്‍ന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഭാഷ. ഞാന്‍ തലയുയര്‍ത്തി അദ്ദേഹത്തിന്‍റെ നേരെനോക്കി. മുറിവുകളേറ്റ ഒരു ഹിന്ദുവായിരുന്നു അദ്ദേഹം. പല സ്ഥലങ്ങളിലും മുറിവുവെച്ചുകെട്ടി യിരുന്നു. അദ്ദേഹത്തിന്‍റെ പരാതി നിറഞ്ഞ വാക്കുകള്‍ ഭൂരിഭാഗം യാത്രക്കാരെയും എനിയ്ക്കെതിരില്‍ ഇളക്കിവിട്ടു. അന്തരീക്ഷം കലുഷിതമായി. എന്‍റെ അവസാന സമയം അടുത്തെന്ന് എനിക്കുതോന്നി. അന്തരീക്ഷം ആകെ ഇളകിമറിഞ്ഞതോടെ ചിലര്‍ എന്‍റെ അടുക്കലേക്ക് നീങ്ങിത്തുടങ്ങി. ഞാന്‍ നിന്നിരുന്ന സ്ഥലത്തിനരുകില്‍ മധ്യവയസ്ക്കരായ രണ്ട് സിക്കുകാര്‍ ഇരുന്നിരുന്നു. അവര്‍ എന്‍റെ കൈ പിടിച്ചുവലിച്ച് അവരുടെ ഇടയില്‍ ഇരുത്തി. അവരുടെ കൃപാണുകളില്‍ കൈവച്ചുകൊണ്ട് ശബ്ദത്തില്‍ അവര്‍ ഇങ്ങിനെമുന്നറിയിപ്പു നല്‍കി. ആരെങ്കിലും ഇദ്ദേഹത്തെ ഉപദ്രവിക്കുകയാണെങ്കില്‍ ഞങ്ങള്‍ തിരിച്ചടിക്കും. ഞങ്ങളുടെ ജീവന്‍ പോയാലും ശരി നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ നിങ്ങളെ ഉപദ്രവിച്ചവരോട് പോയി നിങ്ങള്‍ പകരം വീട്ടുക. ഇദ്ദേഹം നിങ്ങളെ എന്താണ് ചെയ്തത്.? അല്ലാഹു തആലായുടെ അപാരമായ കഴിവും ശേഷിയും മാത്രമാണിത്. കാരണം മുസ്ലിംകള്‍ക്കെതിരില്‍ അവര്‍ നടത്തിയ കൊള്ളയ്ക്കും കൊലയ്ക്കും യാതൊരു കണക്കുമില്ലായിരുന്നു. എന്തായാലും ഈ രണ്ട് സിക്ക് സഹോദരങ്ങള്‍ ഗര്‍ജ്ജിച്ചുകൊണ്ട് ഇക്കാര്യം പറയുകയും എന്നെ അവരുടെ ഇടയില്‍ പിടിച്ചിരുത്തുകയും ചെയ്തിരുന്നതിനാല്‍ എന്‍റെ അരികിലേക്ക് നടന്നു നീങ്ങിയവര്‍ക്ക് എന്നിലേക്ക് എത്താന്‍ കഴിഞ്ഞില്ല. കുറേ നേരത്തേക്ക് കമ്പാര്‍ട്ടുമെന്‍റില്‍ നിശബ്ദത നിറഞ്ഞുനിന്നു. അവസരം മുതലെടുത്തുകൊണ്ട് മുകള്‍ സീറ്റില്‍ കിടന്നിരുന്ന ആ യാത്രികനെ നോക്കി ഞാന്‍ പറഞ്ഞു. എന്‍റെ സഹോദരാ, നിരപരാധിയായ നിങ്ങള്‍ പീഢിപ്പിക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. നിങ്ങളുടെ കോപം തികച്ചും സ്വാഭാവികമാണ്. പക്ഷെ ഒരു കാര്യം നിങ്ങള്‍ ചിന്തിക്കുക. ഇവിടെ നടക്കുന്ന അക്രമങ്ങള്‍ക്ക് അവിടെയുള്ള ഹൈന്ദവരോടും അവിടെ നടക്കുന്ന അക്രമങ്ങള്‍ക്ക് ഇവിടുത്തെ മുസ്ലിംകളോടും പ്രതികാരം ചെയ്യാന്‍ തുടങ്ങുകയും ഈ പൈശാചിക പ്രവര്‍ത്തി ഇതേ നിലയില്‍ തുടരുകയും ചെയ്താല്‍ എന്‍റെയും നിങ്ങളുടെയും അന്ത്യം എങ്ങനെയായിരിക്കും. നമ്മെ പിടികൂടിയിരിക്കുന്ന ഭ്രാന്ത് ഇരുഭാഗത്തുമുള്ള ലക്ഷോപലക്ഷം കുടുംബങ്ങളെ തകര്‍ത്ത് തരിപ്പണമാക്കിക്കഴിഞ്ഞു. നമുക്കിനിയെങ്കിലും വിവേകം ഉദിക്കേണ്ടിയിരിക്കുന്നു. ഇതിനുശേഷം ഞാന്‍ പൊതു യാത്രികരെ സംബോധന ചെയ്തുകൊണ്ട് പറഞ്ഞു: എന്തെങ്കിലും മറവിയോ തെറ്റോ സംഭവിച്ചതുകൊണ്ടല്ല ഞാന്‍ ഈ കമ്പാര്‍ട്ട്മെന്‍റില്‍ കയറിയത്. മറിച്ച് ഞാന്‍ എന്‍റെ ജീവനെ പണയം വെച്ചിട്ടാണ് ഇങ്ങോട്ട് വന്നത്. എന്നെ ആരാണോ പടച്ചത് അവന്‍ എനിക്ക് മരണത്തിന് ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്. അതിനുമുമ്പ് ആര്‍ക്കും എന്നെ മരിപ്പിക്കാന്‍ കഴിയുകയില്ല. എന്‍റെ മരണസമയം സമാഗതമായിക്കഴിഞ്ഞാല്‍ ആര്‍ക്കും എന്നെ മരണത്തില്‍ നിന്നും രക്ഷിക്കാനും കഴിയുകയില്ല. ഇതെന്‍റെ ഉറച്ച വിശ്വാസമാണ്. നിങ്ങളുടെ വിശ്വാസവും ഇങ്ങനെ തന്നെ ആയിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. തുടര്‍ന്ന് ഞാന്‍ ആ രണ്ട് സിക്ക് സഹോദരങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. എനിക്ക് ഇവരെ അറിയില്ല. ഇവര്‍ക്ക് എന്നെക്കുറിച്ചും അറിവ് ഉണ്ടായിരിക്കുകയില്ല. പക്ഷെ എന്‍റെ മരണസമയം സമാഗതമാകാത്തതുകൊണ്ട് അല്ലാഹുതആല ഇവരെ എന്നെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും കാരണക്കാരാക്കി. പ്രസ്തുത കമ്പാര്‍ട്ട്മെന്‍റില്‍ ഖദര്‍ജൂബ്ബയും ഗാന്ധിത്തൊപ്പിയും അണിഞ്ഞിരുന്ന ഒരു വയോധികന്‍ ഒരു ഭാഗത്തിരിപ്പുണ്ടായിരുന്നു. എന്‍റെ ഈ സംസാരത്തിനു ശേഷം അദ്ദേഹം എഴുന്നേറ്റ് നിന്ന് പ്രതികാരദാഹം നിറഞ്ഞുതുളുമ്പുന്ന ഈ പൈശാചിക പരമ്പരകള്‍ക്കെതിരെ നല്ല ശൈലിയില്‍ കുറച്ച് കാര്യങ്ങള്‍ പറഞ്ഞു. പ്രഥമദൃഷ്ടിയാ ഏതോ നേതാവിന്‍റെ രീതിയും ശൈലിയുമുള്ള അദ്ദേഹം പ്രസംഗിച്ച് ശീലമുള്ള ആളാണെന്ന് തോന്നുന്നു. എങ്കിലും കംപാര്‍ട്ടുമെന്‍റിലെ കലുഷിത അന്തരീക്ഷം കെട്ടടങ്ങിയതിനുശേഷമാണ് ആ മനുഷ്യന്‍ ഇത്തരം ഒരു ഉപദേശത്തിന് ധൈര്യം കാട്ടിയത്. സഹാറന്‍പൂരിനും ദേവ്ബന്ദിനും ഇടയില്‍ സ്റ്റോപ്പുകളൊന്നും ഇല്ലാത്ത ഈ വണ്ടി അരമണിക്കൂറിനകം ദേവ്ബന്ദില്‍ എത്തിച്ചേര്‍ന്നു. ഞാനവിടെ ഇറങ്ങി.
ഡല്‍ഹിയിലേക്ക്.!
രണ്ടുമൂന്ന് ദിവസം ദേവ്ബന്ദില്‍ നിന്നതിനുശേഷം ഡല്‍ഹിയിലേക്ക് പോകാനായിരുന്നു പരിപാടി. ദേവ്ബന്ദില്‍നിന്ന് ഡല്‍ഹിവരെയും ഏതുതരം കമ്പാര്‍ട്ടുമെന്‍റിലാണ് ഞാന്‍ യാത്രചെയ്തതെന്ന് എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. എങ്ങനെയായാലും ഞാന്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു. ഒന്നുരണ്ട് പ്രത്യേക പ്രദേശങ്ങള്‍ ഒഴികെ മറ്റെവിടെയും മുസ്ലിംകള്‍ക്ക് സ്വതന്ത്രമായി നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു അന്ന് ഡല്‍ഹിയില്‍ നിലനിന്നിരുന്നത്. എനിക്ക് ഖാസിംജാന്‍ സ്ട്രീറ്റിലൂടെ ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ ഓഫീസിലേക്കാണ് പോകേണ്ടിയിരുന്നത്. സ്റ്റേഷനില്‍നിന്നും ചാന്ദ്നിചൗക്ക് ബില്ലിമാരാന്‍ വഴി ഖാസിംജാന്‍ സ്ട്രീറ്റിലേക്ക് നടന്നുപോകാന്‍ ഞാന്‍ തീരുമാനിച്ചു. മുസ്ലിംകള്‍ ഇങ്ങനെഭ ീതിയോടുകൂടി കഴിയുന്നതിന് പകരം പരസ്യമായി കമ്പോളങ്ങളിലും മറ്റും നടക്കാന്‍ സമയമായിരിക്കുന്നു എന്നായിരുന്നു എന്‍റെ വിചാരം. എന്‍റെ ഈ നടത്തം ചില സഹോദരങ്ങള്‍ക്ക് പ്രേരണ പകരുമെന്നും അവര്‍ അല്ലാഹുവിങ്കല്‍ ഭരമേല്‍പ്പിച്ച് സധൈര്യം സഞ്ചരിക്കാന്‍ സന്നദ്ധരാകുമെന്നും ഞാന്‍ കരുതി. ഞാന്‍ സ്റ്റേഷനില്‍നിന്ന് പുറത്തുവന്നു. എന്‍റെ സാധനങ്ങള്‍ ഖാസിംജാന്‍ വരേയും കൊണ്ടു പോകുന്നതിന് ഒരു കൂലിക്കാരനുമായി സംസാരിക്കുകയും സാധനം അദ്ദേഹത്തിന്‍റെ ചുമലില്‍ എടുത്ത് വെയ്ക്കുകയും നടക്കുകയും ചെയ്തു. കുതിരവണ്ടിക്കാരായ ചില മുസ്ലിംകള്‍ അവരുടെ വണ്ടികളുമായി തദവസരം അവിടെയുണ്ടായിരുന്നു. അവര്‍ പറഞ്ഞു നിങ്ങള്‍ വണ്ടിയില്‍ കയറിയിരിക്കുക. ഞങ്ങള്‍ നിങ്ങളെ കൊണ്ടാക്കിത്തരാം. ഞാന്‍ പറഞ്ഞു. ഞാന്‍ നടന്നുപോകാനാണ് ആഗ്രഹിക്കുന്നത്. എനിക്ക് അവിടുത്തെ അവസ്ഥകള്‍ അജ്ഞാതമാണെന്ന് ധരിച്ച അവര്‍ എന്നോട് സ്നേഹപൂര്‍വ്വം പറഞ്ഞു. വഴി അപകടം നിറഞ്ഞതാണ്. ഒരു മുസ്ലിം ഒറ്റയ്ക്ക് നടന്നു പോകല്‍ ഒട്ടും അനുയോജ്യമല്ല. ഞാന്‍ അവരുടെ സ്നേഹത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു, എനിക്ക് അവസ്ഥ അറിയാം. പക്ഷെ, ഞാന്‍ നടന്നു പോകാനാണ് ആഗ്രഹിക്കുന്നത്. ഇന്‍ഷാഅല്ലാഹ് ഒരപകടവും പറ്റുകയില്ല. എന്‍റെയടുക്കല്‍ പൈസയില്ലാത്തതുകൊണ്ടോ ചിലവഴിക്കാന്‍ മടിയുള്ളതുകൊണ്ടോ ആണ് ഞാന്‍ ഇങ്ങനെപറയുന്നതെന്ന് ധരിച്ചതായ അവരില്‍ ഒരാള്‍ എന്നോട് പറഞ്ഞു നിങ്ങള്‍ പൈസയെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ഇഷ്ടമുളളത് തന്നാല്‍ മതി. എങ്കിലും അല്ലാഹുവിനെ ഓര്‍ത്ത് വണ്ടിയില്‍ കയറി ഇരിക്കുക. ഞാന്‍ പറഞ്ഞു. എന്‍റെ സഹോദരാ, പൈസ ചിലവഴിക്കാന്‍ യാതൊരു മടിയുമില്ല. അല്ലാഹു തആല പൈസ തന്നിട്ടുമുണ്ട്. അത് ചിലവഴിക്കുന്നുമുണ്ട്. പക്ഷെ എനിക്കിപ്പോള്‍ നടന്നാണ് പോകേണ്ടത്. അക്കൂട്ടത്തില്‍ എന്നോട് വളരെയധികം സ്നേഹം കാണിച്ച ഒരു വൃദ്ധന്‍ ദേഷ്യപ്പെട്ടുകൊണ്ടു പറഞ്ഞു ഹേ, മുല്ലാക്കാ, നിങ്ങള്‍ വലിയ പിശുക്കന്‍മാരാണെന്നറിയാം. നിങ്ങള്‍ ഒരു പൈസയും തരേണ്ടതില്ല. പക്ഷെ നിങ്ങള്‍ എന്‍റെ വണ്ടിയില്‍ കയറിയിരിക്കൂ, ഞാന്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാം. ഞാന്‍ ആ പാവത്തിന്‍റെ വാക്കിന് മറുപടിയൊന്നും കൊടുക്കാതെ നീങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ മരണ സമയമായിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ എന്ത് ചെയ്യാനാണ്. ഞാന്‍ ആ നല്ലവരുടെ സ്നേഹത്തിന് ഒരിക്കല്‍ക്കൂടി നന്ദിപറഞ്ഞുകൊണ്ട് നടന്നുനീങ്ങി. അന്ന് ആ സമയത്ത് എന്‍റെ മനസ്സില്‍ നിറഞ്ഞുനിന്ന അവസ്ഥ ജീവിതത്തില്‍ മറ്റൊരിക്കലും ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്‍റെ ഈ നടത്തം ജനങ്ങളെല്ലാം ആശ്ചര്യപൂര്‍വ്വം വീക്ഷിയ്ക്കുന്നത് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. പക്ഷെ അശുഭകരമായ ഒരു വാക്കുപോലും കേള്‍ക്കേണ്ടിവന്നില്ല. ചുരുക്കത്തില്‍ ചാന്ദ്നി ചൗക്ക്, ബില്ലീമാരാന്‍ വഴി ഖാസിംജാന്‍ സ്ട്രീറ്റിലുള്ള ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ ഓഫീസില്‍ ഞാന്‍ എത്തിച്ചേര്‍ന്നു.
ഡല്‍ഹിയില്‍ ഞാന്‍ ഒന്നു രണ്ടു ദിവസം താമസിച്ചു. അതിരാവിലെ ഡല്‍ഹിയില്‍നിന്നും പുറപ്പെടുന്ന ട്രെയിനില്‍ യാത്രതിരിക്കാനായിരുന്നു എന്‍റെ ഉദ്ദേശം. മടക്കത്തില്‍ സ്റ്റേഷന്‍വരെ നടന്നുതന്നെ പോകുവാന്‍ ഞാന്‍ തീരുമാനിച്ചു. സുബഹ് നമസ്കാരാനന്തരം ഒരു കൂലിക്കാരനെ അന്വേഷിച്ച് ഞാന്‍ പുറത്തേക്കിറങ്ങി. അവിടെ അടുത്തെങ്ങും ആരേയും കാണാത്തതിനാല്‍ ചാന്ദ്നി ചൗക്ക് വരേയും പോകേണ്ടിവന്നു. അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്ന പഠാണികളുടെ വേഷമായ സല്‍വാറും ഖമീസും പഠാണി തലപ്പാവും അണിഞ്ഞ രണ്ടു ചെറുപ്പക്കാരെ കണ്ടുമുട്ടി. മുസ്ലിംകളുടെ അരികില്‍ വരാന്‍പോലും മടികാണിക്കുന്ന ഡല്‍ഹിയിലെ ഈ പ്രദേശങ്ങളില്‍ അവര്‍ ഇങ്ങനെ നില്‍ക്കുന്നത് കണ്ട് എനിക്ക് ആശ്ചര്യം തോന്നി. പക്ഷെ അവരുമായി സംസാരിച്ചപ്പോള്‍ പെഷവര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന ഹിന്ദുക്കളാണ് അവരെന്ന് മനസ്സിലായി. കൊള്ളയും കൊലയും നിമിത്തം നാടുവിട്ട് ഓടിവന്ന അഭയാര്‍ത്ഥികളായിരുന്നു അവര്‍. അഭയാര്‍ത്ഥി ക്യാമ്പില്‍ അവര്‍ക്ക് റേഷന്‍ കിട്ടിയിരുന്നെങ്കിലും അത് ഒരു നേരത്തെ വയര്‍ നിറയ്ക്കാന്‍ പോലും തികഞ്ഞിരുന്നില്ല. ഞാന്‍ അവരോട് എനിക്ക് സ്റ്റേഷന്‍വരെ പോകാന്‍ ഒരു കൂലിക്കാരനെ ആവശ്യമുണ്ടെന്നറിയിച്ചു. ഞങ്ങള്‍ വരാന്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അവരോട് കൂലി തിരക്കിയപ്പോള്‍ താങ്കള്‍ക്ക് ഇഷ്ടമുള്ളത് തന്നാല്‍ മതിയെന്നവര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു: എന്‍റെ സാധനങ്ങള്‍ വളരെ കുറച്ചേയുള്ളു. നിങ്ങളിലൊരാള്‍ എന്‍റെ കൂട്ടത്തില്‍ വന്നാല്‍മതി. അവര്‍ പറഞ്ഞു: ഞങ്ങള്‍ ഇരുവരും ഒരുമിച്ചുതന്നെ വരുവാനാണ് ആഗ്രഹിക്കുന്നത്. ഞാന്‍ അവരെയും കൂട്ടി ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ ഓഫീസില്‍ എത്തുകയും സാധനങ്ങള്‍ എടുത്ത് സ്റ്റേഷനിലേക്ക് പുറപ്പെടുകയും ചെയ്തു. വഴിമദ്ധ്യേ അവരോട് അനുഭാവം പ്രകടിപ്പി ച്ചുകൊണ്ട് അവരുടെ വിശേഷ-വിവരങ്ങള്‍ ആരാഞ്ഞു. എന്‍റെ സാധനങ്ങള്‍ തലയില്‍ ചുമന്നിരുന്ന അവരിലൊരാള്‍ പറഞ്ഞു; "ഞങ്ങള്‍ രണ്ടുപേരും ഒരു നാട്ടുകാരാണ്. ഞാന്‍ ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമാണ്. പക്ഷെ ഇദ്ദേഹം വലിയ സമ്പന്നന്‍റെ മകനാണ്. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒരേ അവസ്ഥയില്‍ തന്നെയാണ്. ഇദ്ദേഹത്തിന് ജോലി ഒന്നും ചെയ്യാന്‍ കഴിയില്ല ഞാന്‍ ഏതെങ്കിലും കൂലിവേല ചെയ്യും. കിട്ടുന്നതുകൊണ്ട് ഞങ്ങള്‍ രണ്ടുപേരും കഴിഞ്ഞുകൂടും. അദ്ദേഹം പറഞ്ഞു; എനിക്ക് എന്‍റെ വിഷയത്തില്‍ യാതൊരു പ്രയാസവുമില്ല. പക്ഷെ ഇവന്‍റെ പ്രയാസം എന്നെക്കൊണ്ട് സഹിക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹം തുടര്‍ന്നു പറഞ്ഞു: ഞങ്ങളുടെ നാട്ടിലെ മുസ്ലിംകള്‍ക്ക് ഞങ്ങളോട് വലിയ അനുകമ്പയായിരുന്നു. പോലീസുകാര്‍ ഞങ്ങളെ ഞങ്ങളുടെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ വന്നപ്പോള്‍ അവര്‍ അതിനെ ശക്തമായി എതിര്‍ക്കുകയും ഈ വിഷയത്തില്‍ സംഘട്ടനത്തിന് മുതിരുകയും ചെയ്തു. അങ്ങിനെ അവര്‍ മടങ്ങിപ്പോയെങ്കിലും ഒരു രാത്രി സൈനിക വാഹനങ്ങളുമായി പട്ടാളക്കാര്‍ വന്നപ്പോള്‍ ഞങ്ങള്‍ നാടുവിട്ട് ഓടുവാന്‍ നിര്‍ബന്ധിതരായി. ഞങ്ങള്‍ നാടുവിട്ടപ്പോള്‍ മുസ്ലിംകള്‍ എല്ലാവരും പ്രസ്തുത രംഗം കണ്ട് കരയുകയായിരുന്നു. ഈ കുട്ടിയുടെ പിതാവ് വഴിയില്‍വച്ച് വധിക്കപ്പെട്ടു. അപ്പോള്‍ മുതല്‍ അവന്‍ എന്നെയും ഞാന്‍ അവനേയും സഹോദരനായി തിരഞ്ഞെടുത്തു". ആ കുട്ടിയുടെ ഈ വാക്കുകള്‍ കേട്ട് എന്‍റെ മനസ്സ് തേങ്ങിപ്പോയി. എന്‍റെ കണ്ണുകളില്‍ ബാഷ്പകണങ്ങള്‍ ഉതിര്‍ന്നുവീണു. അവരെ സഹായിക്കാന്‍ എന്‍റെയടുക്കല്‍ അത്ര വലിയ തുകയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും യാത്രച്ചിലവ് കഴിച്ച് ബാക്കിയുള്ളതെല്ലാം അവരുടെ മുമ്പില്‍ സമര്‍പ്പിച്ചു.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
Group -2
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
https://www.facebook.com/swahabaislamicfoundation
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
http://wa.me/9961955826
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
Group -2
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
https://www.facebook.com/swahabaislamicfoundation
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
http://wa.me/9961955826
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment