Sunday, April 26, 2020

21. ചില സ്വഭാവ ഗുണങ്ങള്‍: പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!


പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് 

-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) 
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

https://swahabainfo.blogspot.com/2020/04/21_26.html?spref=tw 
ചില സ്വഭാവ ഗുണങ്ങള്‍: 
ധീരത, ധര്‍മ്മിഷ്ഠത, ഗാംഭീര്യത, വിനയം, വിട്ടുവീഴ്ച, സഹാനുഭൂതി എന്നിങ്ങനെ ധാരാളം സമുന്നത സ്വഭാവങ്ങള്‍ റസൂലുല്ലാഹി (സ്വ) യില്‍ സമ്മേളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില നിവേദനങ്ങള്‍ ശ്രദ്ധിക്കുക: 
റസൂലുല്ലാഹി  യുടെ മകള്‍ സൈനബ് (റ)ന്‍റെ ഒരു മകന് മരണരോഗം ബാധിച്ചു. തങ്ങളെ വിളിച്ചുകൊണ്ടുവരാന്‍ അവര്‍ ആളെ അയച്ചു. റസൂലുല്ലാഹി  ആഗതനായി. കൂട്ടത്തില്‍ ചില സ്വഹാബികളുമുണ്ടായിരുന്നു. കുഞ്ഞിന്‍റെ അസ്വസ്ഥത കണ്ട പിതാമഹന്‍റെ നയനങ്ങള്‍ നിറഞ്ഞൊഴുകി. സഅദ് (റ) ചോദിച്ചു: അങ്ങ് ഇപ്രകാരം കണ്ണീര്‍ വാര്‍ക്കുകയാണോ? റസൂലുല്ലാഹി  അരുളി: "ഞാന്‍  ഒരു മനുഷ്യനാണ്. എന്‍റെ മനസ്സിലും സ്നേഹത്തിന്‍റെ അംശമുണ്ട്. സ്നേഹമില്ലാത്തവന്‍ എന്ത് മനുഷ്യന്‍! ഇത് അല്ലാഹുവിന്‍റെ കാരുണ്യമാണ്. അല്ലാഹു ഉദ്ദേശിക്കുന്നവരുടെ മനസ്സുകളില്‍ അവന്‍ അത് നിക്ഷേപിക്കുന്നു. മനുഷ്യനോട് കരുണ കാണിക്കുന്നവരോട് അല്ലാഹുവും കരുണ കാണിക്കുന്നു." (ബുഖാരി). ഇപ്രകാരം റസൂലുല്ലാഹി ﷺ യുടെ മകന്‍ ഇബ്റാഹീം പാല്‍കുടി പ്രായത്തില്‍ മരണപ്പെട്ടു. മകന്‍റെ അരികിലെത്തിയ റസൂലുല്ലാഹി  മൊഴിഞ്ഞു: "എന്‍റെ നയനങ്ങള്‍ കണ്ണീര്‍ പൊഴിക്കുന്നു. മനസ്സില്‍ ദുഃഖം നിറയുന്നു. പക്ഷെ, എന്‍റെ രക്ഷിതാവ് തൃപ്തിപ്പെടുന്ന കാര്യം മാത്രമേ ഞാന്‍ പറയൂ. മോനേ! ഇബ്റാഹീമേ! നിന്‍റെ വേര്‍പാടില്‍ ഞങ്ങളെല്ലാവരും ദുഃഖിതരാണ്." (ബുഖാരി 1303). അന്നേ ദിവസം സൂര്യഗ്രഹണം ഉണ്ടായി. നബി  യുടെ മകന്‍റെ വേര്‍പാട് കാരണമായിരിക്കാം ഇത് സംഭവിച്ചതെന്ന് ചിലര്‍ക്ക് തോന്നലുണ്ടായി. ഇത് മനസ്സിലാക്കിയ റസൂലുല്ലാഹി  പ്രസ്താവിച്ചു. "അറിയുക! സൂര്യനും ചന്ദ്രനും അല്ലാഹുവിന്‍റെ തീരുമാനപ്രകാരം സഞ്ചരിക്കുന്നതാകുന്നു. ആരുടെയെങ്കിലും ജനനവും മരണവും കൊണ്ട് അതിന് ഗ്രഹണം ബാധിക്കുന്നില്ല." (ബുഖാരി 1043).
 റസൂലുല്ലാഹി ﷺ യുടെ പ്രിയപ്പെട്ട പിതൃവ്യ പുത്രന്‍ ജഅ്ഫര്‍ (റ) എത്യോപ്യയില്‍ നിന്ന് ഹിജ്റ കഴിഞ്ഞ് മദീനയില്‍ മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തെ കണ്ട് തങ്ങള്‍ക്ക് വലിയ സന്തോഷമുണ്ടായി. ഇതിനിടയില്‍ മുസ്ലിംകള്‍ ഖൈബര്‍ യുദ്ധത്തില്‍ വിജയം വരിക്കുകയും ചെയ്തു. ഒരു ഭാഗത്ത് മുസ്ലിംകളുടെ സന്തോഷവും മറുഭാഗത്ത് തന്‍റെ പ്രിയങ്കരനും അല്ലാഹുവിന് വേണ്ടി ത്യാഗം ചെയ്ത ഈമാനിക സഹോദരനുമായ ജഅ്ഫര്‍ (റ) ന്‍റെ വരവിന്‍റെ സന്തോഷവും. തദവസരം റസൂലുല്ലാഹി  അരുളി: "ഈ രണ്ട് സന്തോഷങ്ങളില്‍ ഏത് സന്തോഷമാണ് കൂടുതല്‍ എന്നെനിക്ക് അറിയില്ല." (ഇബ്നുഹിശാം 3/359). 
ജാബിര്‍ (റ) വിവരിക്കുന്നു. റസൂലുല്ലാഹി  അരുളി: "സമുത്തമ സ്വഭാവങ്ങളും സുന്ദരകര്‍മ്മങ്ങളും പരിപൂര്‍ണ്ണമായി പഠിച്ച് പകര്‍ത്തി പ്രചരിപ്പിക്കുന്നതിനാണ് അല്ലാഹു എന്നെ നിയോഗിച്ചിരിക്കുന്നത്."
ആഇശ (റ) യോട് റസൂലുല്ലാഹി  യുടെ സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പ്രസ്താവിച്ചു. "തങ്ങളുടെ സ്വഭാവം പരിശുദ്ധ ഖുര്‍ആന്‍ ആയിരുന്നു." റസൂലുല്ലാഹി ﷺ യുടെ സഹനത, വിനയം, വിട്ടുവീഴ്ച, ഹൃദയ വിശാലത മുതലായ ഗുണങ്ങളുടെ സ്ഥാനത്തെ സങ്കല്‍പ്പിക്കാന്‍ പോലും ബുദ്ധിമാന്മാരുടെ ബുദ്ധിക്കും കവികളുടെ സങ്കല്‍പ്പത്തിനും സാധ്യമല്ലെന്നതാണ് വാസ്തവം. ഇവിടെ ചില ഉദാഹരണങ്ങള്‍ സമര്‍പ്പിക്കുന്നു. മുനാഫികളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യിബ്നു സലാലിനോട് റസൂലുല്ലാഹി ﷺ  അനുവര്‍ത്തിച്ച നയം വലിയ ശത്രുക്കളോട് തങ്ങള്‍ പുലര്‍ത്തിയ ഹൃദയ വിശാലതയ്ക്കും പരോപകാരത്തിനും ഒരു മാതൃകയാണ്. റസൂലുല്ലാഹി ﷺ യ്ക്കെതിരില്‍ പരസ്യമായി ശത്രുതയുടെ വാക്കുകള്‍ ഉപയോഗിക്കുകയും ഗൂഢാലോചനകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന അദ്ദേഹത്തെ മരണാനന്തരം ഖബ്റിലേക്ക് വെക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മകനും സമ്പൂര്‍ണ്ണ വിശ്വാസിയും പ്രവാചക പ്രേമിയുമായിരുന്ന അബ്ദുല്ലാഹിബ്നു അബ്ദുല്ലാഹ് വാപ്പയോട് കരുണകാട്ടണമെന്ന് റസൂലുല്ലാഹി  യോട് അപേക്ഷിച്ചു. മകന്‍റെ വിശ്വാസത്തേയും സ്നേഹത്തേയും പരിഗണിച്ച് റസൂലുല്ലാഹി ﷺ വലിയ കരുണകാട്ടി. തങ്ങള്‍ ഖബ്റിന്‍റെ അരികില്‍ ചെന്ന് മയ്യിത്തിനെ പുറത്തേക്കെടുക്കാന്‍ കല്‍പ്പിക്കുകയും തങ്ങളുടെ ഉമിനീര്‍ അദ്ദേഹത്തിന്‍റെ മേല്‍ ഇടുകയും അനുഗ്രഹീത വസ്ത്രം ധരിപ്പിക്കുകയും ചെയ്തു. 
അനസുബ്നു മാലിക് (റ) പറയുന്നു: ഞാന്‍ റസൂലുല്ലാഹി  യോടൊപ്പം നടക്കുകയായിരുന്നു. കട്ടികൂടിയ വക്കുള്ള ഒരു നജ്റാനി പുതപ്പ് തിരുമേനി ധരിച്ചിരുന്നു. ഒരു കാട്ടറബി ആ പുതപ്പില്‍ പിടിച്ച് ശക്തിയായി വലിച്ചു. വലിയുടെ ശക്തി കാരണം തിരുദൂതരുടെ തോളില്‍ പാടു വീണു. ശേഷം കാട്ടറബി പറഞ്ഞു: "മുഹമ്മദേ, താങ്കളുടെ കൈവശമുള്ള അല്ലാഹുവിന്‍റെ സമ്പത്തില്‍ നിന്ന് എന്തെങ്കിലും എനിക്ക് തരാന്‍ കല്പിക്കുക." റസൂലുല്ലാഹി അദ്ദേഹത്തെ നോക്കി ചിരിച്ചു. പിന്നീട് അദ്ദേഹത്തിന് എന്തെങ്കിലും നല്‍കാന്‍ കല്പിക്കുകയും ചെയ്തു. 
സൈദുബ്നു സഅ്ന ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പ് റസൂലിനടുത്തെത്തി. വാങ്ങിയ കടം തിരിച്ചു ചോദിക്കുകയും റസൂലിന്‍റെ തോളില്‍ കിടന്ന വസ്ത്രത്തില്‍ പിടിച്ചു ശക്തിയായി വലിക്കുകയും ഉലക്കുകയും പരുഷമായി പെരുമാറുകയും ചെയ്തു. എന്നിട്ടദ്ദേഹം പറഞ്ഞു: "നിങ്ങള്‍ അബ്ദുല്‍ മുത്തലിബിന്‍റെ സന്തതികള്‍ കടം കൊടുത്തു വീട്ടാതെ താമസിപ്പിക്കുന്നവരാണ്." അപ്പോള്‍ ഉമര്‍ (റ) അദ്ദേഹത്തെ വിരട്ടുകയും കഠിനമായി ശകാരിക്കുകയും ചെയ്തു. ഈ സമയമെല്ലാം തിരുമേനി പുഞ്ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ശേഷം ഉമര്‍ (റ) നോട് അവിടുന്നരുളി: "എന്നോടും അദ്ദേഹത്തോടും നിങ്ങള്‍ വെവ്വേറെ ശൈലിയിലായിരുന്നു പെരുമാറേണ്ടിയിരുന്നത്. നല്ല രീതിയില്‍ കടം കൊടുത്ത് വീട്ടാന്‍ എന്നോടും നല്ല രീതിയില്‍ ആവശ്യപ്പെടാന്‍ അദ്ദേഹത്തോടും കല്പിക്കണമായിരുന്നു". അദ്ദേഹത്തിന്‍റെ മുതല്‍ കൊടുത്തുവീട്ടാനും ഭയപ്പെടുത്തിയതിനു പകരമായി ഇരുപത് സ്വാഅ് കൂടുതല്‍ കൊടുക്കാനും ഉമര്‍(റ)നോട് അവിടുന്ന് കല്പിച്ചു. ഇത് അദ്ദേഹത്തിന്‍റെ ഇസ്ലാമികാശ്ലേഷത്തിനു കാരണമായിത്തീര്‍ന്നു. 
ആദരവായ റസൂലുല്ലാഹി  മൂകരായ ജന്തുക്കളോടും മയം കാണിക്കാന്‍ കല്‍പ്പിച്ചിരുന്നു. ശദ്ദാദുബ്നു ഔസ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി ﷺ അരുളി: "അല്ലാഹുതആലാ എല്ലാ വസ്തുക്കളോടും നല്ല നിലയില്‍ വര്‍ത്തിക്കാനും മയത്തോടെ പെരുമാറാനും കല്‍പ്പിച്ചിരിക്കുന്നു. ഇനി നിങ്ങള്‍ മൃഗത്തെ അറുക്കുന്നുവെങ്കില്‍ നല്ലനിലയില്‍ അറുക്കുക. അതിന്‍റെ മുമ്പിലല്ലാത്ത സ്ഥലത്ത വെച്ച് കത്തി നല്ലനിലയില്‍ മൂര്‍ച്ചകൂട്ടുകയും ശേഷം അറുക്കുകയും അങ്ങനെ ആ മൃഗത്തിന് ആശ്വസം നല്‍കുകയും ചെയ്യുക." 
ഇബ്നു അബ്ബാസ് (റ) പ്രസ്താവിക്കുന്നു: "ഒരു വ്യക്തി ആടിനെ അറുക്കാന്‍ കിടത്തിയതിനു ശേഷം കത്തിക്ക് മൂര്‍ച്ചകൂട്ടാന്‍തുടങ്ങി. ഇതു കണ്ടപ്പോള്‍ റസൂലുല്ലാഹി ﷺ അരുളി: നിങ്ങള്‍ ഇതിനെ രണ്ടു പ്രാവശ്യം കൊല്ലുകയാണോ? ഇതിനെ കിടത്തുന്നതിനു മുമ്പ് എന്തുകൊണ്ട് കത്തിക്ക് മൂര്‍ച്ച കൂട്ടിയില്ല?"
ഇബ്നുമസ്ഊദ് (റ) വിവരിക്കുന്നു: "ഞങ്ങള്‍ റസൂലുല്ലാഹി ﷺ യോടൊപ്പം ഒരു യാത്രയിലായിരുന്നു. തിരുമേനി ഒരാവശ്യത്തിനായി അല്പം ദൂരേയ്ക്കു പോയി. ഞങ്ങളൊരു ചെറിയ പക്ഷിയെ കണ്ടു. അതിനോടൊപ്പമുള്ള രണ്ട് കുഞ്ഞുങ്ങളെയും ഞങ്ങളെടുത്തു. ഇതുകണ്ട തള്ളപ്പക്ഷി ചിറകടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. റസൂല്‍ തിരിച്ചുവന്നപ്പോള്‍ ചോദിച്ചു. "ഇതിന്‍റെ കുഞ്ഞുങ്ങളെ എടുത്തുമാറ്റി ഇതിനെ പ്രയാസപ്പെടുത്തുന്നത് ആരാണ്? ഇതിന്‍റെ കുഞ്ഞുങ്ങളെ മടക്കിക്കൊടുക്കുക." ഞങ്ങള്‍ അവിടെ കുറേ ഉറുമ്പുകളെ കണ്ടതിനാല്‍ തീവച്ചു. അവിടുന്ന് ചോദിച്ചു: "ആരാണ് അവിടെ തീ വെച്ചത്?" ഞങ്ങള്‍ പറഞ്ഞു: "ഞങ്ങളാണ്." റസൂലുല്ലാഹി  പറഞ്ഞു: "തീ കൊണ്ട് ശിക്ഷിക്കാനുള്ള അവകാശം തീയുടെ നാഥനു മാത്രമേയുള്ളൂ.
മൃഗങ്ങള്‍ക്കു വെള്ളവും തീറ്റയും കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. അവയെ പ്രയാസപ്പെടുത്തരുതെന്നും കൂടുതല്‍ ഭാരം ചുമപ്പിക്കരുതെന്നും കല്പിച്ചു. അവയ്ക്കു ഗുണം ചെയ്യുന്നതു പ്രതിഫലാര്‍ഹവും ഇലാഹീ സാമീപ്യത്തിന് നിമിത്തവുമാണെന്ന് ഉണര്‍ത്തുകയും അതിന്‍റെ മഹത്വങ്ങള്‍ വിവരിക്കുകയും ചെയ്തു. അബൂ ഹുറയ്റ (റ) നിവേദനം- റസൂലുല്ലാഹി  അരുളി: "ഒരു വ്യക്തി യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍ കഠിന ദാഹമുണ്ടായി. മുമ്പില്‍ ഒരു കിണര്‍ കണ്ടപ്പോള്‍ അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തേക്കു വന്നപ്പോള്‍ ഒരു നായ ദാഹത്തിന്‍റെ കാഠിന്യം കൊണ്ട് മാലിന്യം നക്കുന്നതു കണ്ടു. അദ്ദേഹം മനസ്സില്‍ പറഞ്ഞു: "ഞാന്‍ ദാഹിച്ചു വലഞ്ഞപ്പോഴുണ്ടായ അതേ അവസ്ഥ തന്നെയാണല്ലോ ഇതിനും! അയാള്‍ കിണറ്റിലിറങ്ങി തോല്‍ചെരിപ്പില്‍ വെള്ളം നിറച്ച് പല്ലു കൊണ്ട് അത് കടിച്ചുപിടിച്ചു പുറത്തു വന്ന് നായയെ കുടിപ്പിച്ചു." അല്ലാഹു ഈ കര്‍മ്മം സ്വീകരിച്ചു. അദ്ദേഹത്തിന് പൊറുത്തു കൊടുത്തു. ജനങ്ങള്‍ ചോദിച്ചു: "അല്ലാഹുവിന്‍റെ ദൂതരേ, ജന്തുക്കളുടെ വിഷയത്തിലും പ്രതിഫലമുണ്ടോ?" "പച്ചക്കരളുള്ള എല്ലാ ജീവികളിലും നന്മയുണ്ട്." 
റസൂലുല്ലാഹി  ചെറുതും വലുതുമായ സര്‍വ്വവിധ പാപങ്ങളില്‍ നിന്നും പരിശുദ്ധരായിരുന്നു. ചെറുപ്പത്തില്‍ പോലും ജാഹിലീ കാര്യങ്ങളില്‍ നിന്നും വിഗ്രഹങ്ങളില്‍ നിന്നും അകന്ന് കഴിഞ്ഞിരുന്നു. ഒരിക്കലും കവിതകളുമായി ബന്ധപ്പെട്ടിട്ടില്ല. 
റസൂലുല്ലാഹി  ഇതെല്ലാം ഉള്ളതിനോട് കൂടി അല്ലാഹുവിനെ അധികമായി ഭയക്കുകയും ചെയ്തിരുന്നു. ദിവസവും ധാരാളം പ്രാവശ്യം പാപമോചനം തേടിയിരുന്നു. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...