Tuesday, April 7, 2020

തബ് ലീഗ് വഴിയിലുള്ള ഒരു യാത്രയുടെ ഓര്‍മ്മകള്‍.! കടുത്ത ശത്രു, ഉറ്റ മിത്രമാകുന്നതെങ്ങനെ.?



തബ് ലീഗ് വഴിയിലുള്ള ഒരു യാത്രയുടെ ഓര്‍മ്മകള്‍.!
കടുത്ത ശത്രു, ഉറ്റ മിത്രമാകുന്നതെങ്ങനെ. ? 
-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/04/blog-post_70.html?spref=tw

അല്ലാഹു തആലാ പരിശുദ്ധ ഖുര്‍ആനില്‍ നിര്‍ദ്ദേശിക്കുന്നു. "നിങ്ങളോട് ആരെങ്കിലും മോശമായ ശൈലിയില്‍ പെരുമാറുകയാണെങ്കില്‍ നിങ്ങള്‍ അവരോട് നല്ല സമീപനം കൈക്കൊള്ളുക. സുന്ദരമായ ശൈലിയില്‍ പ്രതികരിക്കുക. നിങ്ങള്‍ അങ്ങനെചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ശത്രു ഉറ്റ മിത്രമായിത്തീരുന്നത് കാണാന്‍ സാധിക്കും. തുടര്‍ന്ന് അല്ലാഹു പറയുന്നു (ഇത് എല്ലാവരെയുംകൊണ്ട് കഴിയുന്ന കാര്യമല്ല) തന്‍റെ ശരീരത്തിന്‍റെ ഇച്ഛകളെ അടക്കി നിര്‍ത്താന്‍ കഴിവുള്ള സൗഭാഗ്യശാലികള്‍ക്ക് മാത്രമാണ് ഇക്കാര്യം സിദ്ധിക്കുന്നത്. (സൂറത്തുഫുസ്സിലത്). 
അല്ലാഹുവിന്‍റെ ഏതെങ്കിലും ഒരടിമ ഈ സൂക്തം അനുസരിച്ച് ജീവിക്കാന്‍ തയ്യാറായാല്‍ ഇതില്‍ സൂചിപ്പിച്ചിട്ടുള്ള സന്തോഷവാര്‍ത്ത അനുഭവത്തില്‍ക്കൂടി മനസ്സിലാക്കാന്‍ കഴിയും എന്ന കാര്യം തീര്‍ച്ചയാണ്. പ്രകൃതിപരമായി കോപക്കാരനായ ഈ പാപിയ്ക്ക് പരിശുദ്ധ ഖുര്‍ആനിലെ ഈ ആയത്തനുസരിച്ച് നീങ്ങുവാന്‍ വളരെ കുറച്ചുമാത്രമേ ഭാഗ്യം കിട്ടിയിട്ടുള്ളൂ. എന്നാല്‍ എപ്പോഴെങ്കിലും അല്ലാഹുവിന്‍റെ കരുണ ഒന്നുകൊണ്ടുമാത്രം ഇതനുസരിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ പരിണിത ഫലവും സ്പഷ്ടമായി കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ ഒരു സംഭവം അനുവാചകര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുകയാണ്.
ക്രി: 1947 ആഗസ്റ്റ് മാസം ആദ്യവാരത്തില്‍ നടന്ന ഒരു സംഭവമാണിത്. റമദാന്‍ മാസം 17-ാം തീയതിയായിരുന്നു അന്ന് എന്ന കാര്യം ഓര്‍മ്മയുണ്ട്. തദവസരം വിനീതന് 14-15 പേരടങ്ങുന്ന ഒരു സംഘത്തോടൊപ്പം ലഖ്നോവില്‍ നിന്നും ഡല്‍ഹിവരെ പോകേണ്ടിവന്നു. മഹത്തായ തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ സിരാകേന്ദ്രമായ ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള ഒരു ജമാഅത്തായിരുന്നു അത്. ഇവിടെ ഒരു കാര്യം ഓര്‍ക്കുക, ഇന്ത്യയില്‍ ആകമാനം ഹിന്ദു-മുസ്ലിം വര്‍ഗ്ഗീയ ലഹളകള്‍ പടര്‍ന്നുപന്തലിച്ചു നാടാകെ കത്തിനില്‍ക്കുന്ന സന്ദര്‍ഭമായിരുന്നു അത്. കല്‍ക്കത്ത, നവഖാലി, ബീഹാര്‍ മുതലായ സ്ഥലങ്ങളില്‍ ബീഭത്സമായ കലാപങ്ങള്‍ താണ്ഡവമാടി. ഒരാഴ്ച കഴിഞ്ഞാല്‍ ആഗസ്റ്റ് 15ന് ഇന്‍ഡ്യ-പാകിസ്ഥാന്‍ വിഭജനവും നടക്കേണ്ടിയിരുന്നു. 
ഡല്‍ഹിക്കും ലക്നോവിനും ഇടയ്ക്ക് ഇന്ന് നിരവധി ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. അന്ന് ലഖ്നോവില്‍നിന്നും ഡല്‍ഹിയിലേക്ക് നേരിട്ട് വണ്ടിയൊന്നും ഇല്ലായിരുന്നു. കാണ്‍പൂരില്‍ അല്ലെങ്കില്‍ മുറാദാബാദില്‍ ഇറങ്ങി മാറി കയറേണ്ട സ്ഥിതിവിശേഷമായിരുന്നു. ഞങ്ങള്‍ മുറാദാബാദുവഴി പോകുവാന്‍ ഉദ്ദേശിച്ചു. ലഖ്നോവില്‍നിന്നും വൈകുന്നേരം 7 മണിയ്ക്കായിരുന്നു മുറാദാബാദിലേക്കുള്ള വണ്ടി. അനുഭവങ്ങളുടെ വെളിച്ചത്തില്‍ മുമ്പിലുള്ള ബോഗിയില്‍ ഇരിയ്ക്കാന്‍ ഇടം കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഞങ്ങള്‍ ആ ബോഗിവന്നു നില്‍ക്കുന്ന സ്ഥലത്ത് പ്രതീക്ഷിച്ചുനിന്നു. ട്രെയിന്‍ വന്ന് നിന്നാലുടന്‍ വണ്ടിയില്‍ കയറി ഒഴിഞ്ഞ സ്ഥലത്ത് സീറ്റ് പിടിക്കാന്‍ ഒന്നുരണ്ട് കൂട്ടുകാരെ ചുമതലപ്പെടുത്തിയിരുന്നു. ആരെയും ഉപദ്രവിക്കരുതെന്നും ആരോടും വഴക്കുണ്ടാക്കരുതെന്നും പ്രത്യേകം നിഷ്കര്‍ഷിക്കുകയും ചെയ്തു. അങ്ങിനെ ട്രെയിന്‍ വന്നു നിന്നു. നിരവധി യാത്രക്കാര്‍ ലഖ്നൗവില്‍ ഇറങ്ങി. ബോഗി ആകെ കാലിയായി. നിശ്ചയിക്കപ്പെട്ടിരുന്ന ഞങ്ങളുടെ കൂട്ടുകാര്‍ അതില്‍ കയറി ഒഴിഞ്ഞ സ്ഥലങ്ങളില്‍ തുണി വിരിക്കുകയുണ്ടായി. ഞങ്ങള്‍ ബാക്കിയുള്ളവര്‍ പതുക്കെ അകത്തേക്ക് കയറി. കൂട്ടുകാര്‍ തുണി വിരിച്ചിരുന്ന സ്ഥലങ്ങളില്‍ ഒരു സ്ഥലത്ത് ഇരുന്നു. കുറച്ചുകഴിഞ്ഞ് ഒരു പണ്ഡിറ്റ്ജി അവിടേയ്ക്കു വന്നു. ബീഹാറില്‍ നിന്നും യാത്ര തിരിച്ചിരുന്ന അദ്ദേഹം എന്തോ ആവശ്യത്തിനായി താഴെ ഇറങ്ങിയതായിരുന്നു.. അകത്ത് കടന്ന ഉടനെ എന്തെങ്കിലും സംസാരിക്കുന്നതിന് പകരം പ്രകോപനപരമായി ഒരു കൈകൊണ്ട് എന്‍റെ ഭുജത്തിലും മറു കൈകൊണ്ട് എന്‍റെ അടുത്തിരുന്ന കൂട്ടുകാരെയും പിടിച്ച് അവിടെ നിന്നും വലിച്ചുമാറ്റാന്‍ ഉദ്യമിച്ചു. ഞങ്ങള്‍ 14-15 പേരുള്ള കാര്യം അദ്ദേഹം മനസ്സിലാക്കിക്കാണില്ല. അദ്ദേഹം ഇപ്രകാരം ചെയ്ത ഉടനെ തന്നെ എന്‍റെ ചില കൂട്ടുകാര്‍ ചാടിവീണ് അദ്ദേഹത്തെ പിടിച്ചുമാറ്റാന്‍ ഉദ്ദേശിച്ചു. ഞാന്‍ എന്‍റെ കൂട്ടുകാരെ വിരട്ടിക്കൊണ്ട് പറഞ്ഞു. എല്ലാവരും അവരവരുടെ സ്ഥാനത്തുതന്നെയിരിക്കുക. ആരും മിണ്ടാന്‍ പാടില്ല. എന്തെങ്കിലും സംസാരിക്കേണ്ടി വന്നാല്‍ ഞാന്‍ സംസാരിച്ചുകൊള്ളാം. അവരെയെല്ലാം അടക്കിയിരുത്തിയ ശേഷം ഞാന്‍ ആ പണ്ഡിറ്റ്ജിയോട് വളരെ മയമായിട്ട് പറഞ്ഞു; നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് നാക്കുകൊണ്ട് പറയുവീന്‍. അദ്ദേഹം വളരെ കോപത്തോടുകൂടി പറഞ്ഞു; നിങ്ങള്‍ എന്തിനാണ് ഇവിടെ ഇരിക്കുന്നത്.? ഇത് എന്‍റെ സ്ഥലമാണ്. ഞാന്‍ പറഞ്ഞു: സഹോദരാ, ഇക്കാര്യം നിങ്ങള്‍ക്ക് വിനയപൂര്‍വ്വം മൃദുലമായി പറയാമായിരുന്നല്ലോ.? താങ്കള്‍ താഴെ ഇറങ്ങിയപ്പോള്‍ ഈ സ്ഥലം ഒഴിഞ്ഞ് കിടക്കുന്നത് കണ്ടതിനാലാണ് ഞങ്ങള്‍ ഇവിടെയിരുന്നത്. ഇത് താങ്കളുടെ സീറ്റാണെന്ന് താങ്കള്‍ പറഞ്ഞാല്‍ ഒരു മടിയും കൂടാതെ ഞങ്ങള്‍ ഒഴിഞ്ഞ് തരുമായിരുന്നു. ശരി, ഇത് താങ്കളുടെ സീറ്റാണെങ്കില്‍ താങ്കള്‍ ഇവിടെത്തന്നെയിരിക്കുക. ഇത്രയും പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുകൊടുത്തു. പണ്ഡിറ്റ്ജിയോടുള്ള എന്‍റെ സമീപനം കൂട്ടുകാരില്‍ ചിലരെ വീണ്ടും പ്രകോപിപ്പിച്ചു. നിങ്ങള്‍ക്കാര്‍ക്കും ഒന്നും സംസാരിക്കാന്‍ അനുവാദമില്ല എന്ന് പറഞ്ഞുകൊണ്ട് അവരെ അടക്കിയിരുത്തുകയും പണ്ഡിറ്റ്ജിയുടെ കൈപിടിച്ച് അദ്ദേഹത്തെ അവിടെ ഇരുത്തുകയും ചെയ്തു. സംഘത്തിന്‍റെ നേതാവ് എന്ന നിലയില്‍ ഞാന്‍ അവരുടെ ശ്രദ്ധ വേറൊരു ഭാഗത്തേക്ക് തിരിച്ചുകൊണ്ട് യാത്രയുടെ മര്യാദകളും മറ്റ് കാര്യങ്ങളും വിവരിക്കുവാന്‍ തുടങ്ങി.
ഞങ്ങളെല്ലാവരും നോമ്പുകാരായിരുന്നു. ട്രെയിന്‍ വിട്ട് രണ്ടുമൂന്ന് മിനിറ്റ് കഴിഞ്ഞാലുടന്‍ നോമ്പ് തുറക്കാന്‍ സമയമാകുമായിരുന്നു. അതുകൊണ്ട് ഞങ്ങളെ യാത്ര അയയ്ക്കാന്‍ വന്ന ഒരു സുഹൃത്തിനോട് സ്റ്റേഷനില്‍ ഐസ് കിട്ടുമെങ്കില്‍ ഒരു സേര്‍ വാങ്ങിക്കൊണ്ട് വരാന്‍ പറഞ്ഞു. അദ്ദേഹം അതന്വേഷിച്ചുപോയി. കുറച്ച് കഴിഞ്ഞപ്പോള്‍ പ്രസ്തുത പണ്ഡിറ്റ്ജിയും ഒന്നും മിണ്ടാതെ ബോഗിയില്‍ നിന്നും ഇറങ്ങി. ഐസ് വാങ്ങാന്‍ പോയ ഞങ്ങളുടെ സുഹൃത്ത് എത്തുന്നതിനു മുമ്പുതന്നെ അഞ്ചുസേര്‍ ഐസും വാങ്ങി പണ്ഡിറ്റ്ജി വരുകയും ഒന്നും മിണ്ടാതെ അതെന്‍റെ മുന്നില്‍ക്കൊണ്ടുവയ്ക്കുകയും ചെയ്തു. ഞാന്‍ അദ്ദേഹത്തിന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ മാന്യത മിന്നിത്തിളങ്ങുന്നതായും ദുഃഖം പ്രവഹിക്കുന്നതായും കാണാന്‍ സാധിച്ചു. അദ്ദേഹം പറഞ്ഞു; താങ്കള്‍ ഇത് സ്വീകരിക്കണം. ഞാന്‍ പറഞ്ഞു; തീര്‍ച്ചയായും, സസന്തോഷം സ്വീകരിക്കുന്നു. പക്ഷേ ഇത് വളരെ കൂടുതലുണ്ട്. താങ്കള്‍ ഇതിന്‍റെ വില സ്വീകരിക്കണം. അദ്ദേഹം ഒരു നിലയ്ക്കും അതിന് തയ്യാറായില്ല. അവസാനം ഞങ്ങള്‍ അത് സ്വീകരിച്ചു. അല്‍പം കഴിഞ്ഞ് ട്രെയിന്‍ പുറപ്പെട്ടു. ഞാന്‍ പണ്ഡിറ്റ്ജിയില്‍ നിന്നും അല്‍പം അകലെയായി മറ്റൊരു സീറ്റില്‍ കൂട്ടുകാരോടൊപ്പം ഇരിക്കുകയായിരുന്നു അദ്ദേഹം അവിടെ നിന്നും എഴുന്നേറ്റ് എന്‍റെ അടുക്കല്‍ വന്നിട്ട് പറഞ്ഞു; ഞാന്‍ ചെയ്തത് വലിയ തെറ്റായിപ്പോയി. താങ്കള്‍ അവിടെ പോയി ഇരിക്കണം. ഞാന്‍ പറഞ്ഞു; ഞാന്‍ വളരെ സുഖമായിട്ട് ഇവിടെ ഇരിക്കുകയാണ്. താങ്കള്‍ ഒട്ടും വിഷമിക്കാതെ അവിടെത്തന്നെ പോയി ഇരിക്കൂ. അദ്ദേഹം അതിന് തയ്യാറാകാതെ പറഞ്ഞു. താങ്കള്‍ അവിടെത്തന്നെയിരിക്കണം. അല്ലെങ്കില്‍ ഞാന്‍ ഇരിക്കുകയില്ല. ഇവിടെത്തന്നെ നില്‍ക്കും. അവസാനം ഞാന്‍ അവിടെത്തന്നെ പോയിരുന്നു. സൂര്യന്‍ അസ്തമിച്ചെന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍ നോമ്പ് തുറക്കുകയും മഗ് രിബ് നമസ്കാരം ട്രെയിനില്‍ത്തന്നെ ജമാഅത്തായി നമസ്കരിക്കുകയും ചെയ്തു. ഞങ്ങള്‍ നമസ്കരിച്ച് തീരുന്നതുവരെ അദ്ദേഹം ആദരപൂര്‍വ്വം എഴുന്നേറ്റു നിന്നു. ഇരുന്നതേയില്ല. സലാം വീട്ടിയതിനു ശേഷം ഞങ്ങള്‍ അദ്ദേഹത്തെ ഈ അവസ്ഥയില്‍ കണ്ടപ്പോള്‍ അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിരുത്തി. എങ്കിലും ഞങ്ങള്‍ സുന്നത്തുകളില്‍ നിന്നും മറ്റും വിരമിക്കുന്നതുവരെ അദ്ദേഹം വളരെ ഭക്തിയാദരവുകളോടെയാണ് ഇരുന്നത്. തുടര്‍ന്ന് ഞങ്ങള്‍ ആഹാരം കഴിച്ചു. കുറച്ചുകഴിഞ്ഞ് ഇഷായ്ക്ക് സമയം സമാഗതമായി. ഞങ്ങള്‍ ഇഷായും തുടര്‍ന്ന് 20 റക്അത്ത് തറാവീഹും ജമാഅത്തായിത്തന്നെ നമസ്കരിച്ചു. ഈ സമയമെല്ലാം മാന്യ പണ്ഡിറ്റ്ജി അങ്ങേയറ്റം ആദരവോടുകൂടി മനസ്സുകൊണ്ട് ഞങ്ങളുടെ കൂട്ടത്തില്‍ നമസ്കരിക്കുന്നതു പോലെ കഴിഞ്ഞുകൂടി. 
ഞങ്ങള്‍ക്കാര്‍ക്കെങ്കിലും കിടന്നുറങ്ങുവാന്‍ ബോഗിയില്‍ സ്ഥലം ഉണ്ടായിരുന്നില്ല. ദൂരെനിന്നും യാത്രചെയ്തു വരുന്നവര്‍ മുകളിലത്തെ സീറ്റില്‍ തങ്ങളുടെ വിരിപ്പ് വിരിച്ചിരുന്നു. വിരിപ്പ് വിരിച്ചിരുന്നവരില്‍ പണ്ഡിറ്റ്ജി ഒഴികെ മറ്റെല്ലാവരും തങ്ങളുടെ വിരിപ്പുകളില്‍ കിടന്നു. തന്‍റെ വിരിപ്പിലേക്ക് ആംഗ്യം കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: അതെന്‍റെ വിരിപ്പാണ്. താങ്കള്‍ അതില്‍ കിടക്കുക. ഞാന്‍ പറഞ്ഞു; ഇതൊരിക്കലും പറ്റില്ല. താങ്കളുടെ വിരിപ്പില്‍ താങ്കള്‍ തന്നെ കിടക്കുക. അദ്ദേഹം പറഞ്ഞു; ഒന്നുകില്‍ താങ്കള്‍ അതില്‍ കിടക്കുക. ഞാന്‍ ഇതില്‍ കിടക്കുകയില്ല. അദ്ദഹത്തിന്‍റെ ഈ നിര്‍ബന്ധം കേട്ടപ്പോള്‍ അദ്ദേഹം അങ്ങിനെ തന്നെ ചെയ്യുമെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: എന്‍റെ ഏതെങ്കിലും കൂട്ടുകാരെ കിടത്താന്‍ താങ്കള്‍ എനിക്ക് അനുവാദം തരണം. അദ്ദേഹം അതിന് സമ്മതിച്ചു. ഞങ്ങളുടെ കൂട്ടത്തില്‍ നസീറുദ്ദീന്‍ എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു. ഒരപകടത്തില്‍ അകപ്പെട്ടതുകാരണം അദ്ദേഹം നിത്യരോഗിയായിരുന്നു. ഞാന്‍ അദ്ദേഹത്തോട് കിടക്കാന്‍ പറഞ്ഞു. അദ്ദേഹം അതിന് വിസമ്മതിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു; "സംഘത്തിന്‍റെ അമീര്‍ എന്ന നിലയില്‍ ഞാന്‍ താങ്കളോട് കിടക്കാന്‍ കല്പിക്കുന്നു". അങ്ങിനെഅദ്ദേഹം അവിടെ കിടന്നു. മുറാദാബാദില്‍ വെച്ച് ഞങ്ങള്‍ക്ക് ട്രെയിന്‍ മാറണമായിരുന്നു. രാത്രി ഏതാണ്ട് രണ്ട് മണിക്ക് വണ്ടി മുറാദാബാദില്‍ എത്തി. ഞങ്ങള്‍ പണ്ഡിറ്റ്ജിയോട് യാത്ര പറഞ്ഞു പിരിഞ്ഞപ്പോള്‍ തന്‍റെ ഏറ്റവും അടുത്ത ബന്ധുക്കളെയോ സുഹൃത്തുക്കളേയോ യാത്ര അയക്കുന്നതുപോലെയാണ് അദ്ദേഹം ഞങ്ങളെ യാത്രയാക്കിയത്. പണ്ഡിറ്റ്ജിയുടെ ആ സമീപനം ഇന്നും എന്‍റെ മനസ്സില്‍ മായാതെ കിടക്കുന്നു.
ഉപരിസൂചിത ഖുര്‍ആനിക നിര്‍ദ്ദേശം അനുസരിച്ച് ജീവിക്കാനുള്ള സൗഭാഗ്യം ഖുര്‍ആനിന്‍റെ വക്താക്കളായ നമുക്ക് സിദ്ധിക്കുകയാണെങ്കില്‍ പ്രതിദിനം ഇത്തരം അനുഭവങ്ങള്‍ നമുക്കുണ്ടാകുന്നതും ദീനിന്‍റെയും ദുന്‍യാവിന്‍റെയും അടച്ചുപൂട്ടപ്പെട്ട അനവധി വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെടുകയും ചെയ്യുന്നതാണ്. വൈജ്ഞാനിക മണ്ഡലങ്ങളിലും ശാസ്ത്രീയ മേഖലകളിലും സ്വഹാബികള്‍ അത്ര മികച്ചവരൊന്നും ആയിരുന്നില്ല. എന്നാല്‍ തിരുനബി  യുടെ പരിശുദ്ധ സഹവാസവും ശിക്ഷണ ശീലങ്ങളും കാരണമായി പരിശുദ്ധ ഖുര്‍ആനിനെ അവര്‍ അകത്തും പുറത്തും ഉള്‍ക്കൊണ്ടിരുന്നു. ഇതാണ് അല്ലാഹു തആലാ അവര്‍ക്ക് കനിഞ്ഞരുളിയ സമുന്നത സൗഭാഗ്യം.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
1️⃣ https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
2️⃣ https://chat.whatsapp.com/359zl3SYCWcEKgdCwqWUO0 
3️⃣ https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK 
4️⃣ https://chat.whatsapp.com/F11F6oe1A44AFwGbAONL1B 
5️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
6️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...