Wednesday, April 15, 2020

5. ഇസ് ലാമിക ചരിത്രം: ഉത്ഥാന-പതനങ്ങള്‍.! -മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


ഇസ് ലാമിക ചരിത്രം: ഉത്ഥാന-പതനങ്ങള്‍.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
https://swahabainfo.blogspot.com/2020/04/5.html?spref=tw 
ഈ കൂട്ടത്തില്‍ നിന്നും ചില സംഭവങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു: 
അബൂബക്ര്‍ (റ) - ഉമര്‍ (റ) 
മുസ്ലിം സേനാനായകര്‍ യര്‍മൂഖില്‍ നിന്നും അബൂബക്ര്‍-ഉമര്‍ (റ) എന്നീ മഹാന്മാര്‍ക്ക് കത്തെഴുതി:  ശത്രു സമൂഹത്തിന്‍റെ വലുപ്പവും കനത്ത പരാജയത്തിന്‍റെ സാധ്യതകളും അതില്‍ വിവരിച്ചിരുന്നു. ഇതിന് മറുപടിയായി അവര്‍ എഴുതി: 
"നിങ്ങള്‍ സംഘടിച്ച് നില്‍ക്കുക. ഒറ്റക്കെട്ടായി ബഹുദൈവാരാധകരെ നേരിടുക. നിങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാണ്. അല്ലാഹുവിനെ സഹായിക്കുന്നവനെ അവന്‍ സഹായിക്കും. നിഷേധിക്കുന്നവരെ അവന്‍ നിന്ദ്യരാക്കും. നിങ്ങളുടെ എണ്ണത്തിന്‍റെ കുറവ് നിമിത്തം നിങ്ങള്‍ക്ക് പരാജയം ഉണ്ടാവില്ല. പക്ഷെ, പാപങ്ങള്‍ കാരണം പരാജയം ഉണ്ടാവുക തന്നെ ചെയ്യും . അതുകൊണ്ട് അതിനെ സൂക്ഷിക്കുക". (അല്‍ ബിദായ വന്നിഹായ: 7-5) 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
അലിയ്യ് (റ) 
ഇറാഖിലേക്കുള്ള യാത്രാമദ്ധ്യേ നഹാവന്ദ് യുദ്ധത്തെക്കുറിച്ച് ഉമര്‍ (റ) സ്വഹാബാക്കളോട് അഭിപ്രായമാരാഞ്ഞപ്പോള്‍ അലിയ്യ് (റ) പറഞ്ഞു: 
"അമീറുല്‍ മുഅമിനീന്‍, മുസ്ലിംകളുടെ വിജയ-പരാജയങ്ങള്‍ എണ്ണത്തിന്‍റെ കൂടുതലിലും കുറവിലുമല്ല നില നില്‍ക്കുന്നത്. ഇസ്ലാ അല്ലാഹുവിന്‍റെ മതമാണ്. അവനാണതിനെ പ്രചരിപ്പിക്കുന്നത്. മുസ്ലിംകള്‍ അല്ലാഹുവിന്‍റെ സൈന്യമാണ്. അവനാണ് അവരെ മലക്കുകളിറക്കി ആദരിക്കുകയും സഹായിക്കുകയും ചെയ്തത്. അങ്ങനെ, അത് ഇന്ന് എത്തിയ ഇടങ്ങളിലൊക്കെ എത്തി: അല്ലാഹു നമുക്ക് സഹായ-വിജയങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവന്‍ അവന്‍റെ വാഗ്ദാനം പാലിക്കും. സൈന്യത്തെ സഹായിക്കും. (അല്‍ ബിദായ വന്നിഹായ: 7-107) 
സഅദ് (റ) -സല്‍മാന്‍ (റ) 
ഈ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ വിപല്‍ഘട്ടങ്ങളെ തൃണവല്‍ഗണിച്ച്കൊണ്ട് അത്ഭുതങ്ങള്‍ കാണിച്ചിരുന്നു. അതെ, പരസ്പരം സംസാരിച്ച് സമാധാനപൂര്‍വ്വം കരയില്‍ നടക്കുന്നത് പോലെയാണ്, അവര്‍ കുതിരകളിലിരുന്ന് ദിജ്ല (ടൈഗ്രീസ്) മുറിച്ച് കടന്നത്. അത്ഭുതകരമായ ഒരു രംഗം തന്നെയായിരുന്നു അത്. പേര്‍ഷ്യക്കാര്‍ ഇത് കണ്ട് വിളിച്ച് പറഞ്ഞു: "ദീവാന്‍-ദീവാന അമദന്‍ദ്" (ജിന്നുകള്‍-ഭ്രാന്തന്മാര്‍ ഇതാ വരുന്നു!) തദവസരം ആ സംഘത്തിലുണ്ടായിരുന്ന രണ്ട് സ്വഹാബികളാണ് സഅദ്ബ്നു അബീ വഖാസ് (റ), സല്‍മാനുല്‍ ഫാരിസി (റ) എന്നിവര്‍. സഅദ് (റ) പറഞ്ഞു: "അല്ലാഹു നമുക്ക് മതി. കാര്യസ്ഥരില്‍ അത്യുത്തമനാണവന്‍. നിശ്ചയം അല്ലാഹുവിന്‍റെ ഇഷ്ടദാസരെ അവന്‍ സഹായിക്കും. അവന്‍റെ ദീനിനെ വിജയിപ്പിക്കും. അവന്‍റെ ശത്രുക്കളെ പരാജയപ്പെടുത്തും. അതെ മുസ്ലിം സൈന്യത്തില്‍ അക്രമമോ നന്‍മകളെ മറികടക്കുന്ന പാപങ്ങളോ ഉണ്ടായില്ലെങ്കില്‍.!" ഇതുകേട്ട് സല്‍മാന്‍ (റ) പറഞ്ഞു: 'ഇസ്ലാം നവ നൂതനമാണ്. അല്ലാഹുവില്‍ സത്യം.! മുസ്ലിംകള്‍ക്ക് കര കീഴടങ്ങിയത് പോലെ കടലും കീഴടങ്ങിയിരിക്കുന്നു. സല്‍മാന്‍ പറഞ്ഞതുതന്നെ സംഭവിച്ചു. അവരാരും അതില്‍ മുങ്ങിയില്ല. അവരുടെ ഒരു സാധനവും നഷ്ടപ്പെട്ടതുമില്ല". (അല്‍ബിദായ വന്നിഹായ: 1ബ65) 
അബ്ദുല്ലാഹിബ്നു റവാഹ (റ) 
ഹൃദയാടിവാരത്തില്‍ അടിയുറച്ച ഈ വിശ്വാസം അവരില്‍ സ്വസ്ഥതയും സമാധാനവും പതിവുകളെ മാറ്റി മറിക്കുന്ന ധൈര്യവും പ്രദാനം ചെയ്തു. അവര്‍ എണ്ണത്തെയും വണ്ണത്തെയും നിസ്സാരമായി കണ്ടു. ഭൗതികതയെ അവര്‍ ആരാധിച്ചില്ല. സൃഷ്ടികളെ അവര്‍ സ്രഷ്ടാവായി കണ്ടില്ല. ദീനീ ശക്തി കൊണ്ടാണ് അവര്‍ പോരാടിയത്. ഇസ്ലാമായിരുന്നു അവരുടെ വിജയ നിദാനം. അബ്ദുല്ലാഹിബ്നു റവാഹ (റ) യുടെ വാചകം ഇതിന് തെളിവാണ്. 
ഇബ്നു ഇസ്ഹാഖില്‍ നിന്നും യൂനുസ് നിവേദനം ചെയ്യുന്നു. ഒരു ലക്ഷം റോമക്കാരും ഒരു ലക്ഷം ക്രൈസ്തവരുമായി ഹിര്‍ഖല്‍ വരുന്ന വിവരം മൂവായിരം പേര്‍ മാത്രമുള്ള മുസ്ലിം സൈന്യം അറിഞ്ഞു. അപ്പോള്‍ ഇത്രയും വലിയ സൈന്യത്തോട് എതിരിടണമോ അതല്ല, നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ വിവരം ധരിപ്പിക്കണമോ എന്ന ആശങ്ക നേരിട്ടു. ഇതുകണ്ട അബ്ദുല്ലാഹിബ്നു റവാഹ (റ) സ്വഹാബത്തിനെ നോക്കി ഇപ്രകാരം പറഞ്ഞു: "അല്ലയോ സ്നേഹിതരെ, നിങ്ങള്‍ എന്തുകാര്യത്തെ കുറിച്ചാണ് ഭയപ്പെടുന്നത്.? എന്ത് ഉദ്ദേശത്തിന്‍റെ പേരിലാണ് നിങ്ങള്‍ പുറപ്പെട്ടു വന്നിരിക്കുന്നത്.? നമ്മുടെ ലക്ഷ്യം ശഹാദത്താണല്ലോ. മുസ്ലിംകളായ നാം ഒരിക്കലും കായിക ബലത്തെയും സൈനിക പെരുപ്പത്തെയും കണ്ടു കൊണ്ട് യുദ്ധം ചെയ്തിട്ടില്ല. അല്ലാഹു നമ്മെ ബഹുമാനിച്ച സത്യദീനിന്‍റെ പേരില്‍ മാത്രമാണ് നാം സമരം ചെയ്ത് കൊണ്ടിരിക്കുന്നത്. മുന്നോട്ടു ഗമിക്കുക. ഒന്നുകില്‍ ശഹാദത്ത്. അല്ലെങ്കില്‍ വിജയം. രണ്ടിലൊരു ഭാഗ്യം നമുക്ക് ലഭിക്കുക തന്നെ ചെയ്യും". ഇതുകേട്ട് മുസ്ലിംകളെല്ലാം ധീരതയോടെ മുന്നേറുകയും മൂത്തത് എന്ന സ്ഥലത്ത് എത്തി യുദ്ധം ആരംഭിക്കുകയും ചെയ്തു. (അല്‍ബിദായ: 4-248) 
അബൂ ഉബൈദ (റ) 
അവരുടെ നായകനായ തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവരോട് പ്രവചനം നടത്തിയ വിജയ-മുന്നേറ്റങ്ങളെ കുറിച്ച് അവര്‍ക്ക് പൂര്‍ണ്ണ ഉറപ്പുണ്ടായിരുന്നു. ഇവയില്‍ നിന്നും വല്ലതും അവര്‍ കണ്ടാല്‍ അവര്‍ ഇങ്ങനെ പറഞ്ഞിരുന്നു: 'അല്ലാഹുവും അവന്‍റെ റസൂലും ഞങ്ങളോട് വാഗ്ദാനം ചെയ്ത കാര്യമാണിത്. അല്ലാഹുവും അവന്‍റെ റസൂലും സത്യം പറഞ്ഞു". അത് അവര്‍ക്ക് വിശ്വാസവും ആത്മാര്‍പ്പണവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്തു". (അഹ്സാബ്: 22)
യര്‍മൂക് യുദ്ധദിവസം ഒരു വ്യക്തി അബൂ ഉബൈദ (റ) യുടെ അരികില്‍ വന്ന് പറഞ്ഞു: ഞാന്‍ മദീനയിലേക്ക് പോവുകയാണ്. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് പറയാന്‍ വല്ല സന്ദേശവുമുണ്ടോ.? അദ്ദേഹം പറഞ്ഞു: ഉണ്ട്. തങ്ങള്‍ക്ക് എന്‍റെ സലാം പറഞ്ഞശേഷം പറയുക. തിരുമേനീ, ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് ചെയ്ത വാഗ്ദാനം ശരിയായ നിലയില്‍ ഞങ്ങള്‍ എത്തിച്ചിരിക്കുന്നു". (അല്‍ ബിദായ: 7-12) 
ഘാലിദ് (റ) 
തങ്ങളുടെ എണ്ണക്കുറവും ബലഹീനതയും ശത്രുക്കളുടെ പണപ്പെരുപ്പവും ശക്തിയും അവരെ കുലുക്കിയിരുന്നില്ല. ഉടയ്ക്കാന്‍ കഴിയുന്ന കളിമണ്‍ കട്ടകളും കൊയ്യാന്‍ പാകമായ കൃഷിയിടങ്ങളുമായാണ് അവര്‍ ശത്രുക്കളെ കണ്ടിരുന്നത്. 
ഘാലിദ് (റ) ഇറാഖില്‍ നിന്നും റോമിനെ ലക്ഷ്യമിട്ടപ്പോള്‍ അറേബ്യന്‍ ക്രൈസ്തവരിലൊരാള്‍ പറഞ്ഞു. റോമക്കാരുടെ എണ്ണം വളരെ കൂടുതലാണ്. മുസ്ലിംകളുടെ എണ്ണം വളരെ കുറവുമാണ്. ഘാലിദ് (റ) പറഞ്ഞു: 'നിനക്ക് നാശം.! റോമക്കാരെക്കൊണ്ട് നീ എന്നെ ഭയപ്പെടുത്തുകയാണോ.? സഹായമാണ് സൈന്യത്തിന്‍റെ ആധിക്യം. പരാജയമാണ് അതിന്‍റെ എണ്ണക്കുറവ്. അല്ലാതെ ആളുകളുടെ എണ്ണമല്ല. അല്ലാഹുവില്‍ സത്യം.! എന്‍റെ കുതിര അശ്ഖറിന്‍റെ കുളമ്പ് രോഗം ഭേദപ്പെട്ടിരുന്നെങ്കില്‍ എന്ന് ഞാനാശിക്കുന്നു. (ഇറാഖില്‍നിന്നും വരുന്നതിനിടയില്‍ ആ കുതിരയുടെ കുളമ്പില്‍ ഒരു രോഗം ബാധിച്ചിരുന്നു.) 
രിബ്ഇയ്യുബ്നു ആമിര്‍ (റ) 
ദീനും, ദീനുമായി ബന്ധപ്പെട്ടവയുമായിരുന്നു അവര്‍ക്കേറ്റം പ്രിയങ്കരവും വലുതും. ദുന്‍യാവും അതിന്‍റെ അലങ്കാര-ആര്‍ഭാടങ്ങളും അവരുടെ മുമ്പില്‍ കേവലമായിരുന്നു. അതിന്‍റെ അടിമകളെ അവര്‍ക്ക് നിസ്സാരമാ യിരുന്നു. രാജാക്കന്മാരുടെ ജാഡകളേയും നേതാക്കന്മാരുടെ പൊങ്ങച്ചങ്ങളേയും സമ്പന്നരുടെ സുഖാഢംബരങ്ങളേയും അവര്‍ നോക്കിയത് കുട്ടികളുടെ കളി-വിനോദങ്ങളെയും ചപ്പുചവറുകള്‍ കുത്തിനിറച്ച പാവകളെയും പോലെയാണ്. 
ഖാദിസിയ്യ യുദ്ധത്തിന്‍റെ നായകന്‍ സഅദ് (റ) പേര്‍ഷ്യന്‍ പടയുടെ തേരാളിയായ റുസ്തമിന്‍റെ അരികിലേക്ക് രിബ്ഇയ്യുബ്നു ആമിറിനെ ദൂതനായി അയച്ചു. സ്വര്‍ണ്ണം പൂശിയ പരവതാനികള്‍ വിരിച്ച, ഉയര്‍ന്ന തരം തലയിണകള്‍ നിരത്തിയ, വില പിടിച്ച മുത്തുകള്‍ മിന്നിത്തിളങ്ങുന്ന കൊട്ടാരത്തിലേക്ക്, താഴ്ന്നതരം വസ്ത്രമണിഞ്ഞ്, വില കുറഞ്ഞ വാളും പരിചയും കുതിരയുമായി അദ്ദേഹം കടന്നു ചെന്നു. സുവര്‍ണ്ണ വിരിയുടെ അരികില്‍ കുതിര ചവുട്ടിയശേഷം അദ്ദേഹം കുതിരപ്പുറത്തു നിന്നും ഇറങ്ങി. ഒരു തൂണില്‍ അതിനെ ബന്ധിച്ചു. വാളും പരിചയും പിടിച്ച് പടത്തൊപ്പി അണിഞ്ഞ നിലയില്‍ മുന്നോട്ടു നീങ്ങി. പരിചാരകന്‍ വിളിച്ചു പറഞ്ഞു. "ആയുധങ്ങള്‍ താഴെ വെക്കുക." അദ്ദേഹം പറഞ്ഞു. "ഞാന്‍ സ്വയം വന്നതല്ല. നിങ്ങള്‍ വിളിച്ചിട്ട് വന്നതാണ്. ഒന്നുകില്‍ എന്നെ ഈ നിലയില്‍ വിടുക. അല്ലെങ്കില്‍ ഞാന്‍ മടങ്ങുകയാണ്." സ്വര്‍ണ്ണക്കട്ടിലില്‍ ഇരുന്ന റുസ്തം പറഞ്ഞു. അദ്ദേഹത്തെ വിടുക. പരവതാനിയില്‍ വാള്‍ കുത്തിക്കീറിക്കൊണ്ട് അദ്ദേഹം മുന്നോട്ട് ചെന്നു. അവര്‍ ചോദിച്ചു: "നിങ്ങള്‍ എന്തിനാണ് വന്നത്.?" അദ്ദേഹം പറഞ്ഞു: 
അല്ലാഹുവിന്‍റെ അടിമകളെ ആരാധിക്കുന്നതില്‍ നിന്നും അല്ലാഹുവിന്‍റെ അടിമത്വത്തിലേക്ക്, ദുന്‍യാ വിന്‍റെ ഞെരുക്കത്തില്‍ നിന്നും അതിന്‍റെ വിശാലതയിലേക്ക്, മതങ്ങളുടെ അക്രമത്തില്‍നിന്നും ഇസ്ലാമിന്‍റെ നീതിയിലേക്ക്, അല്ലാഹു ഉദ്ദേശിച്ചവരെ നയിക്കാന്‍ അല്ലാഹു ഞങ്ങളെ നിയോഗിച്ചിരിക്കുന്നു. അവന്‍റെ ദീനിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതിന് അതുമായി ഞങ്ങളെ അയച്ചിരിക്കുന്നു. ആരെങ്കിലും അതിനെ സ്വീകരിച്ചാല്‍ നാം അത് അംഗീകരിച്ച് അവരില്‍നിന്നും പിന്‍വാങ്ങും. ആരെങ്കിലും അതിനെ നിരാകരിച്ചാല്‍ അല്ലാഹുവിന്‍റെ വാഗ്ദാനം കണ്ടെത്തുന്നതുവരെ ഞങ്ങള്‍ അവരോട് അടരാടും." അവര്‍ ആരാഞ്ഞു: അല്ലാഹുവിന്‍റെ വാഗ്ദാനം എന്താണ്.? അദ്ദേഹം പറഞ്ഞു. ' 'നിഷേധികളോട് പോരാടി മരണം വരിച്ചവര്‍ക്ക് സ്വര്‍ഗ്ഗാരാമം. മരിക്കാത്തവര്‍ക്ക് വിജയ വൈജയന്തി." 
റുസ്തം പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് ഞാന്‍ കേട്ടു. നിങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് ഞങ്ങള്‍ക്കല്‍പ്പം സാവകാശം നല്‍കാമോ.? രിബ്ഇയ്യ്: എത്രദിവസം വേണം.? ഒന്നോ രണ്ടോ.? റുസ്തം: അല്ല, ഞങ്ങളുടെ നേതാക്കള്‍ക്ക് കത്തെഴുതി മറുപടി കിട്ടുന്നത് വരെ. രിബ്ഇയ്യ്: ശത്രുക്കളുമായി കണ്ടുമുട്ടിയാല്‍ മൂന്ന് ദിവസത്തിലധികം പിന്തിക്കാന്‍ ഞങ്ങളുടെ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ മൂന്നാലൊരു കാര്യം തിരഞ്ഞെടുത്തു കൊള്ളുക. റുസ്തം: താങ്കള്‍ അവരുടെ നായകനാണോ.? രിബ്ഇയ്യ്: 'അല്ല പക്ഷെ, മുസ്ലിംകള്‍ ഒറ്റ ശരീരം പോലെയാണ്. അവര്‍ പരസ്പരം സഹായികളാണ്". റുസ്തം തന്‍റെ സമൂഹ നായകരെ വിളിച്ചുകൂട്ടി ചോദിച്ചു. ഇദ്ദേഹത്തിന്‍റെ സംസാരത്തെക്കാള്‍ അന്തസ്സും അഭിമാനവും നിറഞ്ഞ മറ്റൊരു വാക്ക് നിങ്ങള്‍ കേട്ടിട്ടുണ്ടോ.? അവര്‍: അല്ലാഹു കാക്കട്ടെ, നിങ്ങള്‍ അങ്ങോട്ട് ചായുകയാണോ.? നിങ്ങളുടെ പൂര്‍വ്വമതത്തെ വിട്ട് ഈ പട്ടിയുടെ മതത്തിലേക്ക് പോവുകയാണോ.? അയാളുടെ വേഷം കണ്ടില്ലേ.? റുസ്തം: നിങ്ങള്‍ക്ക് നാശം.! വസ്ത്രത്തിലേക്കല്ല നോക്കേണ്ടത്. സംസാരത്തിലേക്കും ജീവിതത്തിലേക്കുമാണ് നോക്കേണ്ടത്. അറബികള്‍ വസ്ത്രങ്ങളിലും അന്നപാനീയങ്ങളിലും ലാളിത്യം കാട്ടുന്നവരാണ്. (അല്‍ ബിദായ വന്നിഹായ: 7: 39-40) 
മുഗീറതുബ്നു ശുഅ്ബ (റ) 
മറ്റൊരിക്കല്‍ മുഗീറതുബ്നു ശുഅ്ബ (റ) റുസ്തമിനെ കാണാന്‍ പോയപ്പോള്‍ റുസ്തമിന്‍റെ കട്ടിലില്‍ കയറി ഇരുന്നു. ഇതുകണ്ട് ദൂതര്‍ ഒച്ചപ്പാടുണ്ടാക്കിയപ്പോള്‍ മുഗീറ (റ) പറഞ്ഞു: "ഇവിടെ ഇരുന്നത് കൊണ്ട് എനിക്ക് ഒരു മഹത്വവും കൂടിയിട്ടില്ല. നിങ്ങളുടെ നേതാവിന്‍റെ മഹത്വമൊന്നും കുറഞ്ഞിട്ടുമില്ല". റുസ്തം പറഞ്ഞു: 'ഇദ്ദേഹം പറഞ്ഞത് ശരിയാണ്" (അല്‍ ബിദായ വന്നിഹായ : 7: 40) 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...