ദഅ് വത്തിന്‍റെയും
തബ് ലീഗിന്‍റെയും
ഉദാത്ത മാതൃകകള്‍.!
-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
https://swahabainfo.blogspot.com/2020/04/blog-post0.html?spref=tw
അധ്യായം 03
കലീമുല്ലാഹി മൂസാ നബി (അലൈഹിസ്സലാം).
പരിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും കൂടുതലായി പരാമര്‍ശിക്കപ്പെട്ട പ്രവാചകനാണ് കലീമുല്ലാഹി മൂസാ നബി (അ). അല്ലാഹു ഫിര്‍ഔനിലേക്കും കൂട്ടരിലേക്കും നിയോഗിച്ച മൂസാ നബി (അ) യുടെ സംഭവം പ്രബോധനത്തിന്‍റെ പ്രകൃതിയും പ്രബോധകന്‍റെ നിലവാരവും പ്രബോധിതരുടെ അവസ്ഥകളും നമുക്ക് മനസ്സിലാക്കി തരുന്നു. അല്ലാഹുവിന്‍റെ ഏകത്വത്തിലേക്കും ആരാധനയിലേക്കും പരലോക വിശ്വാസത്തിലേക്കും തയ്യാറെടുപ്പുകളിലേക്കും ദഅ്വത്ത് നടത്താന്‍ വേണ്ടിയാണ് അടിസ്ഥാനപരമായി മൂസാ നബി (അ) യെ അയയ്ക്കപ്പെട്ടത്. എന്നാല്‍ ഇവയോടൊപ്പം ഈ വിശ്വാസ-കര്‍മ്മങ്ങളുടെ പേരില്‍ മര്‍ദ്ദന-പീഢനങ്ങള്‍ക്ക് ഇരയായ ബനൂഇസ്റാഈലിനെ ഫിര്‍ഔനില്‍ നിന്നും മോചിപ്പിക്കലും മൂസാ നബി (അ) യുടെ ദൗത്യമായിരുന്നു.
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
മൂസാ നബി (അ) യുടെ സാഹചര്യങ്ങള്‍.!
ബനൂ ഇസ്റാഈല്‍ മതപരമായും ധാര്‍മ്മികമായും വളരെ അധഃപതിച്ചിരുന്നെങ്കിലും സത്യവിശ്വാസത്തിന്‍റെ അന്നത്തെ യഥാര്‍ത്ഥ അവകാശികള്‍ അവര്‍ മാത്രമായിരുന്നു. തുടര്‍ന്നുള്ള കാലഘട്ടങ്ങളിലും അവര്‍ പലതരം കുഴപ്പങ്ങളും അക്രമങ്ങളും കാണിച്ചിരുന്നെങ്കിലും തൗഹീദ് വിശ്വാസത്തില്‍ അവര്‍ നിലനിന്നിരുന്നു. മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വ) യുടെ കാലഘട്ടം വരെയുള്ള ജനങ്ങള്‍ക്കിടയില്‍ ബനൂഇസ്റാഈലിന് മഹത്വം നല്‍കപ്പെടാനുള്ള പ്രധാന കാരണമായി പണ്ഡിതര്‍ പറഞ്ഞിട്ടുള്ളത് അവരുടെ തൗഹീദ് വിശ്വാസമാണ്.
എന്നാല്‍ ഇങ്ങനെയുള്ള ബനൂഇസ്റാഈലിനെ ഫിര്‍ഔനും കൂട്ടരും ചവിട്ടി മെതിച്ചു. കഠിനമായ മര്‍ദ്ദന-പീഢനങ്ങള്‍ക്കിരയാക്കി. ഇവര്‍ ഈ അക്രമങ്ങളെല്ലാം കാട്ടിയത് ബനൂഇസ്റാഈലിന്‍റെ വിശുദ്ധ വിശ്വാസത്തിന്‍റെ പേരില്‍ കൂടിയാണ്.
മൂസാ നബി (അ) യുടെ ഇരട്ട ദൗത്യങ്ങള്‍.!
ഇവിടെ മൂസാ നബി (അ) യ്ക്ക് രണ്ട് ദൗത്യങ്ങളുണ്ടായി. ഒന്ന്, ഫിര്‍ഔനിനും കൂട്ടര്‍ക്കും സത്യത്തിന്‍റെ സന്ദേശം എത്തിച്ച് കൊടുക്കണം. ഏകനും അടക്കി വാഴുന്നവനും പങ്കുകാരാരുമില്ലാത്തവനും സമ്പൂര്‍ണ്ണ അധികാരിയുമായ അല്ലാഹുവിലേക്ക് ക്ഷണിക്കണം. രണ്ട്, ബനൂ ഇസ്റാഈലിനോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ അല്ലെങ്കില്‍ അവരെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാന്‍ ആവശ്യപ്പെടണം. അല്ലാഹു പറയുന്നു: നിങ്ങൾ അവന്റെ അരികിലേക്ക് പോയി ഇപ്രകാരം പറയുക. ഞങ്ങൾ നിങ്ങളുടെ രക്ഷിതാവിന്റെ ദൂതന്മാരാണ്. ഞങ്ങളോടൊപ്പം ബനൂഇസ്‌റാഈലിനെ വിട്ടയയ്ക്കുക. അവരെ ദ്രോഹിക്കരുത്. നിങ്ങളുടെ നാഥന്റെ പക്കൽ നിന്നും ദൃഷ്ടാന്തവുമായിട്ടാണ് ഞങ്ങൾ വന്നിട്ടുള്ളത്. സന്മാർഗം പിൻപറ്റുന്നവന്റെ മേൽ രക്ഷയുണ്ടാകട്ടെ! കളവാക്കുകയും മുഖം തിരിക്കുകയും ചെയ്തവന്റെ മേൽ ശിക്ഷയുണ്ടാകുന്നതാണെന്ന് ഞങ്ങളിലേക്ക് ബോധനം നൽകപ്പെട്ടിരിക്കുന്നു. (ത്വാഹ 47-48). ചുരുക്കത്തില്‍ മൂസാ നബി (അ) യുടെ ജീവിതവും സന്ദേശവും അതി സൂക്ഷ്മവും കയറ്റിറക്കങ്ങള്‍ നിറഞ്ഞതുമാണ്.
ഫിര്‍ഔനീ പദ്ധതിയുടെ പരാജയം.!
മൂസാ നബി (അ) അങ്ങേയറ്റം ഇരുളടഞ്ഞതും പ്രശ്ന സങ്കീര്‍ണ്ണവുമായ ഒരു സ്ഥലത്തും സമയത്തുമാണ് ജനിച്ചത്. വെറും പ്രശ്നങ്ങള്‍ക്കിടയിലല്ല, കൊലക്കത്തികള്‍ക്കിടയിലാണ് മൂസാ നബി (അ) പിറന്നത്. ബനൂഇസ്റീഈലില്‍ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളെയും ജീവനോടെ വിടാതെ കൊന്നുകളയണമെന്ന് ഫിര്‍ഔന്‍ അന്നത്തെ ഇന്‍റലിജന്‍സ് ബ്യൂറോയ്ക്കും പോലീസ് വിഭാഗത്തിനും നിര്‍ദ്ദേശം കൊടുത്തിരുന്നു. പരിശുദ്ധ ഖുര്‍ആനില്‍ മൂസാ നബി (അ) യുടെ ജനനവും വളര്‍ച്ചയും വളരെ വിശദമായി വിവരിക്കുന്ന സൂറത്തുല്‍ ഖസ്വസിന്‍റെ ആദ്യ ആയത്തുകള്‍ ഇപ്രകാരമാണ്: ഇത് വ്യക്തമായ ഗ്രന്ഥത്തിന്റെ വചനങ്ങളാകുന്നു. വിശ്വസിക്കുന്നവർക്കു വേണ്ടി മൂസാ നബിയുടെയും ഫിർഔനിന്റെയും ചില വൃത്താന്തങ്ങൾ ശരിയായ നിലയിൽ താങ്കളെ ഓതിക്കേൾപ്പിക്കുകയാണ്. തീർച്ചയായും ഫിർഔൻ ഭൂമിയിൽ അഹങ്കാരം കാട്ടി. ജനങ്ങളെ പല വിഭാഗങ്ങളാക്കി അതിൽ ഒരു കൂട്ടത്തെ മർദ്ദിച്ചു. അവരുടെ ആൺകുട്ടികളെ കൊല്ലുകയും സ്ത്രീകളെ ജീവനോടെ നിലനിർത്തുകയും ചെയ്തു. അവൻ നാശകാരികളിൽ പെട്ടവൻ തന്നെയായിരുന്നു. (ഖസസ് 1-4)
പുരോഗതി പ്രാപിച്ച സര്‍വ്വ സജ്ജരായ ഭരണകൂടങ്ങളെ പോലെ ഫിര്‍ഔന്‍ പദ്ധതി തയ്യാറാക്കി. ജനിക്കുന്ന ആണ്‍ കുഞ്ഞുങ്ങളെയെല്ലാം കൊന്നാല്‍ ഭാവി കാലത്ത് യാതൊരു പ്രശ്നവും ഉണ്ടാകുന്നതല്ലല്ലോ.? സ്ത്രീകള്‍ ജീവിച്ചിരിക്കുന്നത് കൊണ്ട് വലിയ കുഴപ്പമൊന്നുമില്ലല്ലോ.? ഏകാധിപതിയായ ഫിര്‍ഔനിന്‍റെ നിര്‍ദ്ദേശം എതിരഭിപ്രായങ്ങളൊന്നുമില്ലാതെ സ്വീകരിക്കപ്പെട്ടു. ബനൂഇസ്റാഈലില്‍ ഒരു ആണ്‍തരിയും ജീവിക്കാതിരിക്കാന്‍ കിങ്കരന്മാര്‍ വളരെയധികം ശ്രദ്ധിച്ചു. പക്ഷെ, അവര്‍ക്കിടയില്‍ ഒരു സമുന്നത വ്യക്തിത്വം ജനിക്കുകയും അദ്ദേഹത്തിലൂടെ അവര്‍ക്ക് മോചനം ലഭിക്കുകയും അക്രമികളുടെ അഹങ്കാരവും അധികാരവും അവസാനിക്കുകയും ചെയ്യണമെന്നായിരുന്നു അല്ലാഹുവിന്‍റെ തീരുമാനം. അവരുടെ മുഴുവന്‍ പദ്ധതികളുടെയും ഇടയില്‍ മൂസാ നബി (അ) ജനിക്കുകയും വളരുകയും ഉയരുകയും ചെയ്തു. ഈ കുഞ്ഞ് ജനിക്കാതിരിക്കുന്നതിനും വളരാതിരിക്കുന്നതിനുമാണ് ഫിര്‍ഔനും കൂട്ടരും പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ധാരാളം സാധുക്കളായ കുഞ്ഞുങ്ങളെ അറുകൊല നടത്തുകയും ചെയ്തത്. അതെ, ഈ കുട്ടി ജനിച്ചതും വളര്‍ന്നതും രക്ഷപ്പെട്ടതും എല്ലാം മാനവ ചരിത്രത്തിലെ തന്നെ അത്ഭുതവും പടച്ചവന്‍റെ അപാരമായ കഴിവിന്‍റെ പ്രകടനവുമാണ്.
പടച്ചവന്‍റെ ശക്തിവൈഭവത്തിന്‍റെ ചിത്രങ്ങള്‍.!
പരിശുദ്ധ ഖുര്‍ആന്‍ വളരെ ശക്തമായും വ്യക്തമായും ഈ സംഭവങ്ങള്‍ വിവരിക്കുന്നത് ശ്രദ്ധിക്കുക: ഭൂമിയിൽ മർദ്ദിതരുടെ മേൽ ഔദാര്യം ചെയ്യാനും അവരെ നായകരും അനന്തരാവകാശികളുമാക്കാനും നാം ഉദ്ദേശിക്കുന്നു. അവർക്ക് ഭൂമിയിൽ അധികാരം നൽകാനും ഫിർഔനും ഹാമാനും അവരുടെ സൈന്യവും ഭയപ്പെട്ടിരുന്ന കാര്യത്തെ അവർക്ക് കാണിച്ചുകൊടുക്കാനും നാം ആഗ്രഹിക്കുന്നു. മൂസാ നബിയുടെ ഉമ്മയുടെ മനസ്സിൽ നാം ഇപ്രകാരം വ്യക്തമായി തോന്നിപ്പിച്ചു: കുട്ടിക്ക് മുലയൂട്ടുക. കുട്ടിയുടെ മേൽ ഭയമുണ്ടായാൽ കുട്ടിയെ നദിയിൽ ഇട്ടേക്കുക. ഭയക്കുകയും വ്യസനിക്കുകയും വേണ്ട. നാം കുട്ടിയെ നിന്നിലേക്ക് മടക്കിത്തരുകയും പ്രവാചകന്മാരിൽ പെടുത്തുകയും ചെയ്യുന്നതാണ്. ആ കുട്ടി ഫിർഔൻ കുടുംബത്തിന് ശത്രുവും ദുഃഖത്തിന് കാരണവും ആകുന്നതിനു വേണ്ടി ആ കുട്ടിയെ ഫിർഔനിന്റെ കുടുബം കണ്ടെടുത്തു. ഫിർഔനും ഹാമാനും സൈന്യവും തെറ്റ് പിണഞ്ഞവരായിരുന്നു. ഫിർഔനിന്റെ ഭാര്യ പറഞ്ഞു: 'ഈ കുട്ടി എന്റെയും താങ്കളുടെയും കണ്ണിന് കുളിർമയാണ്. ഈ കുട്ടിയെ കൊല്ലരുത്; ഈ കുട്ടി നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കിൽ ദത്തുപുത്രനായി സ്വീകരിക്കാം.' അവരാരും കാര്യം അറിഞ്ഞില്ല. മൂസായുടെ മാതാവിന്റെ മനസ്സ് അസ്വസ്ഥമായി. അവരുടെ മനസ്സ് നാം നിയന്ത്രിക്കാതിരുന്നുവെങ്കിൽ അവർ കാര്യം പരസ്യപ്പെടുത്തുമായിരുന്നു. അവർ സത്യവിശ്വാസിയാകുന്നതിനു വേണ്ടി(യാണ് നാം അങ്ങനെ ചെയ്തത്). മൂസാനബിയുടെ സഹോദരിയോട് അവന്റെ പിന്നാലെ അന്വേഷിച്ച് നോക്കി നടക്കുക എന്ന് മാതാവ് പറഞ്ഞു. സഹോദരി അന്യത നടിച്ചുകൊണ്ട് നോക്കിക്കൊണ്ടിരുന്നു. ഫിർഔൻ കൂട്ടർ ഇതറിഞ്ഞതുമില്ല. പാൽ കൊടുക്കുന്ന സ്ത്രീകളെ മുമ്പേ തന്നെ മൂസാ നബിയിൽ നിന്നും നാം തടഞ്ഞുനിർത്തിയിരുന്നു. അപ്പോൾ അവൾ (മൂസായുടെ സഹോദരി) ചോദിച്ചു: നിങ്ങൾക്ക് വേണ്ടി ഈ കുട്ടിയുടെ കാര്യം ഏറ്റെടുക്കുന്ന ഒരാളെ ഞാൻ പറഞ്ഞ് തരട്ടെയോ? അവർ ഈ കുട്ടിയോട് ഗുണകാംക്ഷ പുലർത്തുന്നവരുമാണ്. അങ്ങനെ മൂസാ നബിയെ നാം മാതാവിലേക്ക് മടക്കി. അവരുടെ കണ്ണ് കുളിർപ്പിക്കാനും അവർ വ്യവസനിക്കാതിരിക്കാനും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് മനസ്സിലാക്കാനുമാണ് ഇപ്രകാരം ചെയ്തത്. പക്ഷേ, അധികം ജനങ്ങളും കാര്യം അറിയുന്നില്ല. (ഖസ്വസ് 5-13).
ചുരുക്കത്തില്‍ മൂസാ നബി (അ) ഫിര്‍ഔനിന്‍റെ വീട്ടില്‍ അല്ല, മടിത്തട്ടില്‍ വളര്‍ന്നുയര്‍ന്നു. പക്ഷെ, നന്മകളിലേക്കുള്ള താല്പര്യം എന്നും നിലനിര്‍ത്തിയതിനാല്‍ പടച്ചവന്‍ ആ സാഹചര്യത്തിലും വിശുദ്ധ വിജ്ഞാനവും സംസ്കാരവും മൂസാ നബി (അ) ക്ക് കനിഞ്ഞരുളി. ഖുര്‍ആന്‍ പറയുന്നു: മൂസാ നബി യുവത്വത്തിലെത്തുകയും പൂർണത പ്രാപിക്കുകയും ചെയ്തപ്പോൾ അദ്ദേഹത്തിന് നാം ജ്ഞാനവും തന്ത്രജ്ഞതയും നൽകി. നന്മ നിറഞ്ഞവർക്ക് നാം ഇപ്രകാരം പ്രതിഫലം നൽകുന്നതാണ്. (ഖസ്വസ് 14).
ഇതിനിടയില്‍ അത്ഭുതകരമായ ഒരു സംഭവം നടന്നു. ഖുര്‍ആന്‍ അത് ഇപ്രകാരം വിവരിക്കുന്നു: പട്ടണവാസികൾ അശ്രദ്ധയിലായിരിക്കവേ അദ്ദേഹം പട്ടണത്തിൽ പ്രവേശിച്ചു. അപ്പോൾ അവിടെ രണ്ടാളുകൾ വഴക്കിടുന്നതായി കണ്ടു. ഒരാൾ മൂസാ നബിയുടെ വംശത്തിലും അപരൻ ശത്രുപക്ഷത്തും പെട്ടവരാണ്. മൂസാ നബിയുടെ വംശത്തിൽപ്പെട്ടയാൾ എതിർകക്ഷിക്കെതിരിൽ മൂസാ നബിയോട് സഹായം തേടി. മൂസാ നബി അദ്ദേഹത്തിന് ഒരു ഇടികൊടുത്തു. അത് അദ്ദേഹത്തിന്റെ കഥകഴിച്ചു. മൂസാ നബി പറഞ്ഞു: ഇത് പൈശാചിക പ്രവർത്തനമാണ്. തീർച്ചയായും പിശാച് വ്യക്തമായും വഴികെടുത്തുന്ന ശത്രുവാണ്. മൂസാ നബി പറഞ്ഞു: എന്റെ രക്ഷിതാവേ! ഞാൻ എന്നോട് അതിക്രമം ചെയ്തുപോയി. എനിക്ക് പൊറുത്തു തരേണമേ. അപ്പോൾ അവൻ അദ്ദേഹത്തിന് പൊറുത്തു കൊടുത്തു. തീർച്ചയായും അല്ലാഹു പൊറുത്തുകൊടുക്കുന്നവനും വലിയ കാരുണ്യവാനുമാണ്. മൂസാ നബി പറഞ്ഞു: രക്ഷിതാവേ നീ എന്റെമേൽ ഔദാര്യം ചെയ്തിട്ടുള്ളതു കൊണ്ട് ഞാൻ ഇനി ഒരിക്കലും പാപികൾക്ക് സഹായിയാകുന്നതല്ല. (ഖസ്വസ് 15-17)
വിശ്വാസ-മാനസിക ശേഷികളുടെ ആവശ്യകത.!
ഉപര്യുക്ത സംഭവത്തെ തുടര്‍ന്ന് മൂസാ നബി (അ) നാട് വിട്ട് മദ്യനിലേക്ക് പോയതും, അവിടെ ഏതാനും വര്‍ഷം താമസിച്ചതും മടക്ക യാത്രയില്‍ പ്രവാചകത്വം ലഭിച്ചതുമായ സംഭവങ്ങള്‍ സൂറത്തുല്‍ ഖസ്വസിലും ഇതര സൂറത്തുകളിലും വിശദമായും ഹൃസ്വമായും വിവരിക്കപ്പെട്ടിട്ടുണ്ട്. അവ വിവരിക്കുന്നതിന് പകരം ഇവിടെ പ്രധാനപ്പെട്ട ഒരു വിഷയം ഉണര്‍ത്തുകയാണ്. അല്ലാഹുവിലേക്കുള്ള ക്ഷണവും ബനൂഇസ്റാഈലിന്‍റെ മോചനത്തിനുള്ള പരിശ്രമവും വളരെ കാഠിന്യവും സങ്കീര്‍ണ്ണവുമായ കാര്യങ്ങളായിരുന്നു. അടിയുറച്ച വിശ്വാസം, ആത്മനിയന്ത്രണം, സഹന ശേഷി, പടച്ചവനില്‍ ഭരമേല്‍പ്പിക്കുക തുടങ്ങിയ ഗുണങ്ങള്‍ ഇതിന് ആവശ്യമാണ്. കൂടാതെ ന്യായമായ കാരണത്തിന്‍റെ പേരിലും അവിചാരിതമായ നിലയിലുമാണെങ്കിലും ഉപരിസൂചിത കൊലയെപ്പറ്റിയുള്ള ചിന്ത മൂസാ നബി (അ) ക്ക് ഓര്‍മ്മയുണ്ടായിരുന്നു. അല്ലാഹു പ്രവാചകത്വം നല്‍കിയപ്പോള്‍ ഇക്കാര്യം മൂസാ നബി (അ) പറയുകയും ചെയ്തു. എന്നാല്‍ അല്ലാഹു മൂസാ നബി (അ) ക്ക് സത്യവിശ്വാസത്തിന്‍റെയും മാനസിക മഹല്‍ ഗുണങ്ങളുടെയും ഇരട്ടി ശക്തി നല്‍കിയിരുന്നു. അത് കൊണ്ട് മൂസാ നബി (അ) ക്ക് വഴികളെല്ലാം എളുപ്പമായി. ഏല്‍പ്പിക്കപ്പെട്ട ദൗത്യങ്ങള്‍ പരിപൂര്‍ണ്ണമായ നിലയില്‍ നിര്‍വ്വഹിക്കുകയും ചെയ്തു. ആകയാല്‍ ദഅ്വത്തിന്‍റെയും തബ്ലീഗിന്‍റെയും ഉത്തരവാദിത്വം വലിയ ഭാരമുള്ളതും സങ്കീര്‍ണ്ണത നിറഞ്ഞതുമാണ്. അത് യഥാവിധി നിര്‍വ്വഹിക്കാന്‍ ഈമാനിന്‍റെയും മനസ്സിന്‍റെയും ശക്തി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യം മുതല്‍ അവസാനം വരെയും സര്‍വ്വ സംസാരങ്ങളിലും പ്രവര്‍ത്തനങ്ങളിലും ശൈലികളിലും രീതികളിലും ഈ രണ്ട് ശേഷികള്‍ പ്രകടമാകേണ്ടതാണ്. ഇവര്‍ ജനങ്ങളോട് വളരെ വിനയവും താഴ്മയും പുലര്‍ത്തുമെങ്കിലും പ്രബോധന വിഷയങ്ങളില്‍ വിട്ട് വീഴ്ചയോ അഴകൊഴമ്പന്‍ സമീപനമോ ഒരിക്കലും സ്വീകരിക്കുന്നതല്ല.
പ്രിയങ്കര ദാസന്‍ ശപിക്കപ്പെട്ട അക്രമിയുടെ മുന്നില്‍.!
ചുരുക്കത്തില്‍, അല്ലാഹുവിന്‍റെ പ്രിയങ്കര ദാസനും സത്യദൂതനുമായ മൂസാ നബി (അ) പടച്ചവന്‍റെ കഠിന ശത്രുവും മഹാ അക്രമിയുമായ ഫിര്‍ഔനിലേക്ക് അയയ്ക്കപ്പെട്ടു. ഇരുവരും പരസ്പര വിരുദ്ധമായ രണ്ട് ചേരികളുടെ രണ്ടറ്റങ്ങളിലാണ് നിലയുറപ്പിച്ചിരുന്നത്. പടച്ചവനെയും പടച്ചവന്‍റെ ശക്തിയെയും സ്ഥാനത്തെയും വെല്ലുവിളിയ്ക്കുക മാത്രമല്ല ഞാനാണ് ഏറ്റവും വലിയ രക്ഷിതാവ് എന്ന് വാദിച്ചവനിലേക്കാണ് കാലഘട്ടത്തിലെ സമുന്നത നബിയെ അയച്ചത്. പക്ഷെ, ഈ സന്ദര്‍ഭത്തിലും അല്ലാഹു മൂസാ നബി (അ) യോടും ഹാറൂന്‍ നബി (അ) യോടും നടത്തിയ ഉപദേശം ഓരോ പ്രബോധകന്മാര്‍ക്കും വളരെ വലിയ ചിന്താ വിഷയമാണ്. അല്ലാഹു ഉപദേശിച്ചു: നിങ്ങളിരുവരും അവനോട് മയമായ വാചകങ്ങള്‍ സംസാരിക്കണം. അവന്‍ ചിന്തിക്കുകയോ ഭയക്കുകയോ ചെയ്തേക്കാം. (ത്വാഹ -44)
പടച്ചവന്‍റെ അതീവ ഗൗരവമായ ഈ നിര്‍ദ്ദേശത്തിന് ശേഷം ദഅ്വത്തിന്‍റെ വഴിയില്‍ കടുത്ത വാക്കും തരം താണ ശൈലിയും ഉപയോഗിക്കാന്‍ ഒരു പ്രബോധകനും അനുവാദമില്ല. ഫിര്‍ഔനിനേക്കാളും വലിയ ധിക്കാരവും അഹങ്കാരവും സങ്കല്‍പ്പിക്കുക പോലും സാധ്യമല്ല. എന്നിട്ടും അവനോട് പോലും മയമായി സംസാരിക്കണമെന്നാണ് അല്ലാഹു കല്‍പിച്ചത്.
തദവസരം ഇരു മഹാത്മാക്കളും അല്ലാഹുവിനോട് പരാതി പറഞ്ഞു: അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! അവൻ ഞങ്ങളുടെ മേൽ അതിക്രമം കാട്ടുമെന്നോ പരിധി ലംഘിക്കുമെന്നോ ഞങ്ങൾ ഭയക്കുന്നു. (ത്വാഹ 45). ഉടനെ അല്ലാഹു അവരെ സമാശ്വസിപ്പിക്കുകയും അവരിരുവരും ഉന്നത മനക്കരുത്തും ഉത്തമ മര്യാദകളും മുറുകെ പിടിച്ച് യാത്രയാകുകയും ചെയ്തു. അല്ലാഹു പറഞ്ഞു: നിങ്ങൾ ഭയക്കേണ്ടതില്ല. എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്ന നിലയിൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ അവന്റെ അരികിലേക്ക് പോയി ഇപ്രകാരം പറയുക. ഞങ്ങൾ നിങ്ങളുടെ രക്ഷിതാവിന്റെ ദൂതന്മാരാണ്. ഞങ്ങളോടൊപ്പം ബനൂഇസ്‌റാഈലിനെ വിട്ടയയ്ക്കുക. അവരെ ദ്രോഹിക്കരുത്. നിങ്ങളുടെ നാഥന്റെ പക്കൽ നിന്നും ദൃഷ്ടാന്തവുമായിട്ടാണ് ഞങ്ങൾ വന്നിട്ടുള്ളത്. സന്മാർഗം പിൻപറ്റുന്നവന്റെ മേൽ രക്ഷയുണ്ടാകട്ടെ! കളവാക്കുകയും മുഖം തിരിക്കുകയും ചെയ്തവന്റെ മേൽ ശിക്ഷയുണ്ടാകുന്നതാണെന്ന് ഞങ്ങളിലേക്ക് ബോധനം നൽകപ്പെട്ടിരിക്കുന്നു. ഫിർഔൻ ചോദിച്ചു: അല്ലയോ മൂസാ, നിങ്ങളുടെ രക്ഷിതാവ് ആരാണ്? മൂസാ നബി പറഞ്ഞു: എല്ലാ സൃഷ്ടികൾക്കും അതിന്റെ രൂപം നൽകുകയും വഴികാട്ടുകയും ചെയ്യുന്നവനാണ് ഞങ്ങളുടെ രക്ഷിതാവ്. (ത്വാഹ 46-50).
ഫിര്‍ഔനിന്‍റെ വിഷലിപ്തമായ അസ്ത്രം.!
അല്ലാഹുവിന്‍റെ കല്പന പ്രകാരം മൂസാ നബി (അ) ഫിര്‍ഔനിന്‍റെ മുന്നിലെത്തി, അല്ലാഹുവിനെ പരിചയപ്പെടുത്തി. പടച്ചവനെ വിശ്വസിച്ച് ആരാധിക്കാനും അക്രമങ്ങള്‍ വര്‍ജ്ജിക്കാനും ഉപദേശിച്ചു. അങ്ങേയറ്റം പ്രകൃതി പരമായ ഈ ഉപദേശത്തെ തകര്‍ക്കാന്‍ ഫിര്‍ഔനിന്‍റെ പൈശാചിക മസ്തിഷ്കം അതി വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഉടനെ അവന്‍ അവന്‍റെ ആവനാഴിയില്‍ നിന്നും ഒരിക്കലും ഉന്നം തെറ്റാത്ത വിഷലിപ്തമായ ഒരു അസ്ത്രം പുറത്തെടുത്തു. ഈ അസ്ത്രം ഒന്നാംതരം അറിവും ബുദ്ധിയുമുള്ള പ്രബോധകനിലേക്ക് എയ്താലും അദ്ദേഹവും മറിഞ്ഞ് വീഴും. മതം, ശാസ്ത്രം, സാമൂഹ്യപാഠം, സംവാദ മേഖല ഇതിനെല്ലാം മികച്ച് നില്‍ക്കുന്ന ആളുകളെ പോലും ഇത് വീഴ്ത്തിക്കളയും. അതെ, ഫിര്‍ഔന്‍ ചോദിച്ചു: മുന്‍കഴിഞ്ഞ ആളുകളെ കുറിച്ച് നിങ്ങളെന്ത് പറയുന്നു.? (ത്വാഹ 51). വലിയ കുരുക്കും അങ്ങേയറ്റം കുഴപ്പവും നിറഞ്ഞ ഒരു ചോദ്യമായിരുന്നു ഇത്. വിശിഷ്യാ, ദര്‍ബാറിലുണ്ടായിരുന്ന ജനങ്ങളെ മുഴുവന്‍ മൂസാ നബി (അ) ക്ക് എതിരില്‍ ശക്തമായി ഇളക്കി വിടാന്‍ പര്യാപ്തമായ ഒരു ചോദ്യമായിരുന്നു ഇത്. ഈയൊരു ആവനാഴിയിലൂടെ രണ്ട് ഇരകളെ കരസ്ഥമാക്കാമെന്ന് ഫിര്‍ഔന്‍ വിചാരിച്ചു. ഒന്ന്, തൗഹീദിന്‍റെ ദഅ്വത്തില്‍ നിന്നും വിഷയം മാറ്റി വിടാം. കാരണം, ഈ ദഅ്വത്ത് അങ്ങേയറ്റം ശക്തമായ ഒരു ആയുധമാണ്. മനസ്സിന്‍റെ വലകളെ തുടച്ചുമാറ്റുന്നതും മനുഷ്യപ്രകൃതിയില്‍ ഒളിഞ്ഞിരിക്കുന്ന സത്യവിശ്വാസത്തെ പുറത്തെടുക്കുന്നതുമാണ്. ഫിര്‍ഔനിന്‍റെ ചുറ്റും ഇരുന്നവര്‍ മനുഷ്യര്‍ തന്നെയായിരുന്നു. അവരില്‍ പലരുടെയും മനസ്സുകള്‍ സജീവവുമായിരുന്നു. മൂസാ നബി (അ) യുടെ തൗഹീദീ ദഅ്വത്ത് അവരുടെ അകതാരിലുള്ള അവബോധത്തെ പുറത്തേക്ക് ഇളക്കി വിടാന്‍ സാധ്യതയുണ്ടായി. അത് കൊണ്ട് ഫിര്‍ഔന്‍ ഇതില്‍ നിന്നും എങ്ങനെയെങ്കിലും വിഷയം മാറ്റണമെന്ന് ആഗ്രഹിച്ചു. കൂടാതെ മുന്‍ഗാമികളെ കുറിച്ച് ചോദിച്ച് മൂസാ നബി (അ) യെ കുടുക്കാമെന്നും ഫിര്‍ഔന്‍ വിചാരിച്ചു. അവര്‍ നല്ലവരായിരുന്നുവെന്ന് മൂസാ നബി (അ) പറഞ്ഞാല്‍ അവരുടെ മാര്‍ഗ്ഗം ബഹുദൈവാരാധനയായിരുന്നു, അത് തന്നെയാണ് ഞങ്ങള്‍ പിന്‍പറ്റുന്നതെന്ന് പറയുന്നതാണ്. അവര്‍ മോശപ്പെട്ടവരും വഴികെട്ടവരുമായിരുന്നു എന്ന് പറഞ്ഞാല്‍ അവരെ ആക്ഷേപിക്കുന്നു എന്ന് പറഞ്ഞ് മൂസാ നബി (അ) ക്കെതിരില്‍ ജനങ്ങളെ ഇളക്കി വിടാമെന്നും കരുതി.
പ്രവാചകീയ തന്ത്രജ്ഞത, സമ്പൂര്‍ണ്ണ അമാനുഷികത.!
മൂസാ നബി (അ) യിലേക്ക് ഫിര്‍ഔന്‍ വിഷലിപ്തമായ ചോദ്യം ഉന്നയിച്ചു. ഇവിടെ അതി സങ്കീര്‍ണ്ണമായ ഒരു അവസ്ഥാവിശേഷം സംജാതമായി. അവര്‍ വഴികെട്ടവരാണെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ മുഴുവനും ഇളകി മറിയുകയും ബഹളമുണ്ടാവുകയും ചെയ്യും. നിശബ്ദത പാലിക്കാനും രാഷ്ട്രീയ ശൈലിയില്‍ ഉരുണ്ടുകളിക്കാനും സാധിക്കുകയുമില്ല. മുന്‍ഗാമികളായ ആളുകളെ നാം ആദരിക്കുന്നു, അവരെല്ലാവരും വലിയ മഹാത്മാക്കളായിരുന്നു എന്ന് പറഞ്ഞാല്‍ ഫിര്‍ഔന്‍ അത് മുതലെടുത്ത് ഇത് തന്നെയാണ് ഞങ്ങളുടെ മാര്‍ഗ്ഗമെന്ന് പറയുകയും വിജയഭേരി മുഴക്കുകയും ചെയ്യും. എന്നാല്‍ മൂസാ നബി (അ) യുടെ സമ്പൂര്‍ണ്ണ അമാനുഷികതയും പ്രവാചകീയ തന്ത്രജ്ഞതയും ഇവിടെ പ്രകാശിച്ചു. മഹാനവര്‍കള്‍ പറഞ്ഞു: മുന്‍ഗാമികളെ കുറിച്ചുള്ള അറിവ് എന്‍റെ രക്ഷിതാവിന്‍റെ അരുകില്‍ കര്‍മ്മ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. എന്‍റെ രക്ഷിതാവിന് തെറ്റ് സംഭവിക്കുകയോ മറവി ഉണ്ടാകുകയോ ചെയ്യുന്നതല്ല. (ത്വാഹ - 51)
അതെ, ഫിര്‍ഔന്‍ വിഷയം മാറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ ഉദ്ദേശിച്ചപ്പോള്‍ മൂസാ നബി (അ) അതേ വിഷയത്തിലേക്ക് തന്നെ മടക്കിക്കൊണ്ടുവന്നു. മുന്‍ഗാമികളുടെ കാര്യം ചരിത്രത്തിലുണ്ട് എന്ന് പറഞ്ഞിരുന്നുവെങ്കില്‍ അവസ്ഥ മാറിപ്പോകുമായിരുന്നു. ഫിര്‍ഔന്‍ അവരെക്കുറിച്ചുള്ള കള്ളക്കഥകള്‍ ഉദ്ദരിച്ചുകൊണ്ട് നീണ്ട് പ്രഭാഷണം തന്നെ നടത്തുമായിരുന്നു. ഓരോ കാലഘട്ടത്തിലെയും ഭരണ കൂടങ്ങള്‍ പടച്ചുണ്ടാക്കുന്ന ചരിത്രങ്ങളെയാണല്ലോ ചരിത്ര വസ്തുതകള്‍ എന്ന പേരില്‍ പ്രചരിക്കപ്പെടുന്നത്. എന്നാന്‍ മൂസാ നബി (അ) അതിനൊന്നും അവസരം കൊടുക്കാതെ പറഞ്ഞു: അതിനെ കുറിച്ചുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ കര്‍മ്മ പുസ്തകത്തിലുണ്ട്.!
ഈ വചനങ്ങളുടെ ലാളിത്യവും ആഴവും പരപ്പും നാമൊന്ന് ചിന്തിക്കുക. എത്രമാത്രം അളന്ന് മുറിച്ചുകൊണ്ടുള്ള വാക്കുകളാണ്. ഇതാണ് നബിമാരുടെ തന്ത്രജ്ഞതയും ദഅ്വത്തിന്‍റെ അത്ഭുതവും.! ഇത്തരം ഘട്ടത്തില്‍ നാമാരെങ്കിലും അകപ്പെട്ടിരുന്നെങ്കില്‍ ഇതേ കാര്യം പറയാന്‍ വേണ്ടി എത്ര നീട്ടുകയും പരത്തുകയും ചെയ്യേണ്ടി വരുമായിരുന്നു.? ഉദാഹരണത്തിന് നാം പറയും: ആ വിഷയം വിട്ടേയ്ക്കുക, അത് വേറെ കാര്യമാണ്. കഴിഞ്ഞ കാലഘട്ടക്കാരുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്‍റെ വിഷയം ഇന്നത്തെ കുറിച്ചാണ്. ഇത്തരം നീണ്ട വാചകങ്ങളെയും നബിമാരുടെ ചെറിയ വാചകങ്ങളെയും നാം തുലനം ചെയ്ത് നോക്കുക. നബിമാരുടെ മഹത്വം മനസ്സിലാക്കാന്‍ കഴിയും.
ഒരു അവസ്ഥയിലും ലക്ഷ്യം മറക്കാതിരിക്കുക.!
മൂസാ നബി (അ) ദഅ്വത്തിന്‍റെ വഴിയില്‍ ഉറച്ച് നിന്നു. ഒരു നിലയ്ക്കും ലക്ഷ്യം മറന്നില്ല. തന്‍റെ കയ്യിലുള്ള സംസാരത്തിന്‍റെ കടിഞ്ഞാണ്‍ അല്‍പം പോലും വിട്ട് കൊടുക്കാതെ അതി വേഗതയില്‍ അടിസ്ഥാന വിഷയത്തിലേക്ക് മടങ്ങി വന്നു. ഇതിനേക്കാളും വലിയ വേഗതയും തന്ത്രജ്ഞതയും സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നതല്ല. മുന്‍ഗാമികളെ കുറിച്ചുള്ള അറിവ് രക്ഷിതാവിന്‍റെ പക്കലുണ്ട് എന്ന് പറഞ്ഞതിന് ശേഷം രക്ഷിതാവിനെ വളരെ മധുരമായി പരിചയപ്പെടുത്തി. അതെ, ഫിര്‍ഔന്‍ തെന്നി മാറാനും പിടിച്ച് മാറ്റാനും ഉദ്ദേശിച്ച വിഷയത്തെ വളരെ ശക്തമായും വ്യക്തമായും മൂസാ നബി (അ) വീണ്ടും അവതരിപ്പിച്ചു. ഈ വചനങ്ങള്‍ പരിശുദ്ധ ഖുര്‍ആനിലൂടെ ഇന്നും പാരായണം ചെയ്യുമ്പോള്‍ വലിയ രസാനുഭൂതി അനുഭവപ്പെടുകയും സാഹിത്യത്തിന്‍റെ സുഗന്ധം പരക്കുകയും ആത്മാവ് വിടര്‍ന്ന് ആടുകയും മനസ്സും മസ്തിഷ്കവും വികാരഭരിതമാകുകയും ചെയ്യാറുണ്ട്. നാമും ഓതുക: മൂസാ നബി പറഞ്ഞു: അവരുടെ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് എന്റെ നാഥന്റെ അരികിൽ ഒരു ഗ്രന്ഥത്തിലുണ്ട്. എന്റെ രക്ഷിതാവിന് തെറ്റ് സംഭവിക്കില്ല. മറക്കുകയുമില്ല. എന്റെ രക്ഷിതാവ് ഭൂമി വിരിപ്പാക്കിയവനാണ്. നിങ്ങൾക്ക് വേണ്ടി അതിൽ വഴികളുണ്ടാക്കി. ആകാശത്ത് നിന്നും ജലമിറക്കി. അതിലൂടെ വിവിധതരം ചെടികൾ മുളപ്പിച്ചു. നിങ്ങൾ ഭക്ഷിക്കുകയും മൃഗങ്ങളെ മേയ്ക്കുകയും ചെയ്യുക. തീർച്ചയായും അതിൽ സൽബുദ്ധിയുള്ളവർക്ക് വലിയ ദൃഷ്ടാന്തങ്ങളുണ്ട്. (ത്വാഹ 52-54).
ഫിര്‍ഔനിന്‍റെ മാറിക്കളികള്‍ക്ക് മുന്നില്‍ മൂസാ നബിയുടെ അടിയുറപ്പ്.!
സൂറത്ത് ശുഅറാഇല്‍ മറ്റൊരിക്കല്‍ മൂസാ നബി (അ) ഫിര്‍ഔനുമായി നടത്തിയ മറ്റ് ചില ചോദ്യോത്തരങ്ങളും വന്നിട്ടുണ്ട്. അല്ലാഹു വിവരിക്കുന്നു: ഫിർഔൻ ചോദിച്ചു: സർവ്വലോകപരിപാലകൻ എന്നാൽ എന്താണ്? മൂസാ നബി പറഞ്ഞു: ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളതിന്റെയും പരിപാലകൻ. നിങ്ങൾ അത് വിശ്വസിക്കുന്നവരാണെങ്കിൽ. ഫിർഔൻ ചുറ്റുഭാഗത്തുള്ളവരോട് ചോദിച്ചു: നിങ്ങൾ ഇത് കേൾക്കുന്നില്ലേ! മൂസാ നബി പറഞ്ഞു: നിങ്ങളുടെയും നിങ്ങളുടെ പൂർവ്വപിതാക്കളുടെയും പരിപാലകനാണ്. ഫിർഔൻ പറഞ്ഞു: നിങ്ങളിലേക്ക് അയയ്ക്കപ്പെട്ട നിങ്ങളുടെ ദൂതൻ ഒരു ഭ്രാന്തൻ തന്നെ. (ശുഅറാഅ് 23-27).
ഇവിടെയും ഫിര്‍ഔനിന്‍റെ ഭയങ്കര ബുദ്ധിയും വിഷയം മാറ്റാനുള്ള കുതന്ത്രവും കാണാന്‍ കഴിയും. മൂസാ നബി (അ) പറയുന്ന സര്‍വ്വ ലോക പരിപാലകന്‍റെ വിഷയത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനും തന്‍റെ സംസാര വൈഭവവും രാഷ്ട്രീയ സാമര്‍ത്ഥ്യവും കൊണ്ട് ഈ വിഷയത്തെ തള്ളിക്കളയാനും ഫിര്‍ഔന്‍ ആഗ്രഹിച്ചു. എന്നാല്‍ മൂസാ നബി (അ) ഫിര്‍ഔനിന്‍റെ മുഴുവന്‍ മാറിക്കളികളെയും തള്ളി മാറ്റുകയും യഥാര്‍ത്ഥ വിഷയത്തില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്തു. സര്‍വ്വ ലോക പരിപാലകന്‍ ആരാണ് എന്ന് ചോദിക്കുന്നതിന് പകരം, എന്താണ് എന്ന് അര്‍ത്ഥമുള്ള അറബിയിലെ മാ ആണ് അയാള്‍ ഉപയോഗിച്ചത്. പടച്ചവന്‍റെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് മൂസാ നബി (അ) വല്ലതും പറയുമെന്നും അതില്‍ കടിച്ച് തൂങ്ങി വിഷയം വലിച്ച് നീട്ടാമെന്നും ഫിര്‍ഔന്‍ ആഗ്രഹിച്ചു. പക്ഷെ, മൂസാ നബി (അ) പിടയ്ക്കുന്ന ഞരമ്പില്‍ പിടിക്കുകയും ആകാശ-ഭൂമികളുടെയും അവയ്ക്കിടയിലുള്ള സര്‍വ്വ വസ്തുക്കളുടെയും പരിപാലകനാണെന്ന് മറുപടി നല്‍കുകയും ചെയ്തു. ഈ വസ്തുക്കളില്‍ ഫിര്‍ഔനിന്‍റെ അധികാരവും വരുന്നതാണ്. എന്നാല്‍ അത് വ്യക്തമാക്കാതെ നിങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നവരാണെങ്കില്‍ ഇതെല്ലാം മനസ്സിലാക്കാനും വിശ്വസിക്കാനും കഴിയുമെന്ന് ഉണര്‍ത്തുകയുണ്ടായി.
ഇത് കേട്ടപ്പോള്‍ ഫിര്‍ഔനിന്‍റെ വാ അടഞ്ഞു. എന്നിട്ടും പരാജയം സമ്മതിക്കാതെ പരിഹാസത്തിന്‍റെയും സദസ്സിനെ ഇളക്കി വിടലിന്‍റെയും അസ്ത്രം എടുത്ത് എയ്തുകൊണ്ട് സദസ്യരോട് പറഞ്ഞു: ഇയാള്‍ എന്താണ് പറയുന്നതെന്ന് നിങ്ങള്‍ കേള്‍ക്കുന്നില്ലേ.? നിങ്ങളുടെ രോഷം എവിടെ പോയി.? പക്ഷെ, ഈ ചോദ്യത്തിന് ജനങ്ങള്‍ വല്ലതും ഉത്തരം പറയുന്നതിന് മുമ്പ് മൂസാ നബി (അ) വിഷയം വീണ്ടും തുടര്‍ന്ന് കൊണ്ട് പറഞ്ഞു: സര്‍വ്വ ലോക പരിപാലകന്‍ നിങ്ങളുടെയും പൂര്‍വ്വ പിതാക്കളുടെയും പരിപാലകനാണ്.! ഫിര്‍ഔന്‍ ഒരിക്കല്‍ കൂടി ഈ വാചകത്തെ അവഗണിക്കുകയും നിന്ദിക്കുകയും കളിയാക്കുകയും ചെയ്യുന്ന നിലയില്‍ പറഞ്ഞു: ജനങ്ങളെ, നിങ്ങളിലേക്ക് അയയ്ക്കപ്പെട്ട ഈ ദൂതന്‍ തീര്‍ച്ചയായും ഒരു ഭ്രാന്തന്‍ തന്നെയാണ്. മൂസാ നബി (അ) താന്‍ ഭ്രാന്തനല്ല എന്ന് പറയുമെന്നും അവിടെ നിന്നും വിഷയം തിരിച്ച് വിടാമെന്നും ഫിര്‍ഔന്‍ കരുതി. കാരണം, ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ അക്രമിച്ചാല്‍ അദ്ദേഹം പൊട്ടിത്തെറിക്കുന്നതാണെന്നും സ്വയം നിന്ദ്യനാകാന്‍ ആരും തയ്യാറാകില്ലെന്നും ഫിര്‍ഔനിന് അറിയാമായിരുന്നു. ഞാന്‍ ഭ്രാന്തനാണെന്ന് ആര് പറഞ്ഞു, വൈദ്യനെ വിളിച്ച് കൊണ്ട് വന്ന് പരിശോധിച്ച് നോക്കുക എന്ന് മൂസാ നബി (അ) പറയുമെന്നാണ് അയാള്‍ വിചാരിച്ചത്.
പക്ഷെ, മൂസാ നബി (അ) ഈ കടുത്ത ആരോപണം കേള്‍ക്കാത്തത് പോലെ സ്വന്തം വിഷയത്തില്‍ ഉറച്ച് നിന്നുകൊണ്ട് പറഞ്ഞു: സര്‍വ്വ ലോക പരിപാലകന്‍ കിഴക്ക് - പടിഞ്ഞാറുകളുടെയും അവയ്ക്ക് ഇടയിലുള്ള വസ്തുക്കളുടെയും പരിപാലകനാണ്.! നാമൊന്ന് ചിന്തിക്കുക: തന്നെക്കുറിച്ചുള്ള കടുത്ത ആരോപണം കേട്ടിട്ട് മൂസാ നബി (അ) അതിനെ പ്രതിരോധിക്കാന്‍ ഒരു അക്ഷരം പോലും മിണ്ടിയില്ല. അതെ, മൂസാ നബി (അ) അല്ലാഹു നിയോഗിച്ച സത്യദൂതനായിരുന്നു. ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കലാണ് നബിമാരുടെ ദൗത്യം. ഇതിനിടയില്‍ ഭ്രാന്തന്‍ പോലുള്ള വിളികളും ഇതര ആക്ഷേപങ്ങളും അവരെ ഇളക്കുകയോ തിരിച്ചുവിടുകയോ ചെയ്യുന്നതല്ല. മറിച്ച് ഇത്തരം സാഹചര്യത്തില്‍ അവര്‍ ഇപ്രകാരം ചിന്തിക്കുന്നതാണ്: സത്യത്തിന്‍റെ പ്രബോധനത്തിന് മുന്നില്‍ ആക്ഷേപങ്ങളൊന്നും അല്പവും പരിഗണിക്കരുത്. വിഗ്രഹാരാധന പരക്കുകയും പാപങ്ങള്‍ പെരുകുകയും അക്രമങ്ങള്‍ വര്‍ദ്ധിക്കുകയും പിഞ്ചുപൈതങ്ങളെ പോലും അറുകൊല നടത്തുകയും ചെയ്യുന്ന ഒരു സമൂഹത്തിന്‍റെ ഭാഗത്ത് നിന്നും ഭ്രാന്തന്‍ വിളികള്‍ വലിയ കാര്യമൊന്നുമല്ല. അത് കൊണ്ട് മൂസാ നബി (അ) അതിനെ കേള്‍ക്കാത്തത് പോലെ കാണിച്ചുകൊണ്ട് ഉദയാസ്തമന സ്ഥാനങ്ങളുടെയും അവയുടെ ഇടയിലുള്ള സര്‍വ്വ വസ്തുക്കളുടെയും പരിപാലകനായ പടച്ചവനിലേക്ക് വീണ്ടും ക്ഷണിക്കുകയും അവസാനം നിങ്ങള്‍ക്ക് ബുദ്ധിയുണ്ടെങ്കില്‍ എന്ന് പറഞ്ഞ് വെയ്ക്കുകയും ചെയ്തു.!
ഇത് ഫിര്‍ഔനിന്‍റെ കരള് പിളര്‍ക്കുന്ന പ്രയോഗമായിരുന്നു. ഈജിപ്റ്റിന്‍റെ പരിപാലകന്‍ ഞാനാണെന്ന് വാദിക്കുകയും ലോകം മുഴുവന്‍ ഈജിപ്റ്റിന്‍റെ കീഴിലാണെന്ന് കാണുകയും ചെയ്തിരുന്ന ഫിര്‍ഔനിനോട് ഇക്കാര്യം പറഞ്ഞ് കൊണ്ട് അവന്‍റെ അഹങ്കാരത്തെ ആഞ്ഞടിക്കുകയും വ്യാജവാദത്തിന്‍റെ മേല്‍ പണിതുയര്‍ത്തിയിരുന്ന ധിക്കാരത്തിന്‍റെ കൊട്ടാരം പൊളിക്കുകയും ചെയ്തു.
മൂസാ നബി (അ) യുടെ ദഅ്വത്തും അതില്‍ പുലര്‍ത്തിയ തന്ത്രജ്ഞതയും ഒരു മഹത്തായ മാതൃകയാണ്. ദഅ്വത്തിന്‍റെ പ്രവര്‍ത്തനം വളരെ ലളിതമായതിനോട് കൂടി അങ്ങേയറ്റം സൂക്ഷ്മത ആവശ്യമാണെന്ന് ഇത് അറിയിക്കുന്നു. കൂടാതെ ഈ സംഭവങ്ങള്‍ ദഅ്വത്തിന്‍റെ നിയമ-മര്യാദകളും കാര്‍മ്മിക രൂപങ്ങളും വരച്ച് കാട്ടുന്നു.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment