ദഅ് വത്തിന്‍റെയും
തബ് ലീഗിന്‍റെയും
ഉദാത്ത മാതൃകകള്‍.!
-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
https://swahabainfo.blogspot.com/2020/04/07_21.html?spref=tw
അദ്ധ്യായം 07.
പ്രവാചകീയ തന്ത്രജ്ഞത.!
അടുത്തതായി ആദരവായ റസൂലുല്ലാഹി ﷺ യുടെ ഉജ്ജ്വലവും അപൂര്‍വ്വവുമായ പ്രബോധനത്തിന്‍റെ ഒരു ചിത്രം കൂടി സമര്‍പ്പിക്കുകയാണ്. ഇതര മാതൃകകളെക്കാള്‍ വേറിട്ട് നില്‍ക്കുന്നതും പ്രത്യേകതകളും അവസ്ഥാ-സാഹചര്യങ്ങളും വെച്ച് നോക്കുമ്പോള്‍ അപൂര്‍വ്വവുമായ ഒരു പ്രബോധനമാണിത്. പ്രവാചകീയ തന്ത്രജ്ഞതയും ബുദ്ധിസാമര്‍ത്ഥ്യവും വിവരണ വൈഭവവും ഇതില്‍ പാരമ്യം പ്രാപിച്ചിരിക്കുന്നു. ഇതിന്‍റെ വചന സൗന്ദര്യത്തിലേക്ക് മാത്രമല്ല, വിവേക ചിന്തകളിലേക്ക് നാം പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. തന്ത്രജ്ഞത നിറഞ്ഞ നേതൃത്വം, മനസ്സുകളെ കീഴടക്കുന്ന മാസ്മരികത, പ്രശ്നങ്ങളുടെ കുരുക്കഴിക്കാനുള്ള സാമര്‍ത്ഥ്യം എന്നിവ നിറഞ്ഞ് തുളുമ്പുന്ന ഈ സംഭവം, മനഃശാസ്ത്ര വിശാരദരുടെയും പണ്ഡിത പടുക്കളുടെയും പ്രധാന പഠന വിഷയമാകേണ്ട ഒരു സംഭവം തന്നെയാണ്.
റസൂലുല്ലാഹി ﷺ മക്കാ വിജയത്തിന് ശേഷം ഹുനൈനിലേക്ക് പോകുകയും അവിടെ നിന്നും മടങ്ങുന്ന വഴി ജിഇര്‍റാനയില്‍ താമസിക്കുകയും ചെയ്തു. അവിടെ വെച്ച് റസൂലുല്ലാഹി ﷺ ഗനീമത്ത് സ്വത്തുക്കള്‍ വീതിക്കുകയും ചെയ്തു. തദവസരം റസൂലുല്ലാഹി ﷺ പുതുതായി ഇസ്ലാമില്‍ പ്രവേശിച്ച ഖുറൈശി നേതാക്കള്‍ക്ക് പ്രബോധനത്തിന്‍റെയും മനഃശാസ്ത്രത്തിന്‍റെയും പരിഗണന വെച്ചുകൊണ്ട് കൂടുതല്‍ സമ്പത്ത് നല്‍കി. റസൂലുല്ലാഹി ﷺ ക്ക് അന്‍സ്വാറുകളുടെ സത്യവിശ്വാസത്തിലും ആത്മാര്‍ത്ഥതയിലും വലിയ ഉറപ്പായിരുന്നു. ഇസ്ലാമിനോട് അവര്‍ക്കുള്ള സ്നേഹം എല്ലാ വസ്തുക്കളെക്കാളും ഉന്നതമാണെന്നും റസൂലുല്ലാഹി ﷺ അവര്‍ക്ക് ഏറ്റവും പ്രിയങ്കരനാണെന്നും മനസ്സിലാക്കിയതിനാല്‍ അവര്‍ക്ക് കൂടുതലായി സമ്പത്ത് നല്‍കിയില്ല. പക്ഷെ, ചില അന്‍സ്വാരി യുവാക്കള്‍ ഇതിനെ തെറ്റിദ്ധരിച്ചുകൊണ്ട് പരസ്പരം ഇപ്രകാരം പറഞ്ഞു: റസൂലുല്ലാഹി ﷺ സ്വന്തം സമൂഹത്തിലെ ആളുകള്‍ക്ക് കൂടുതല്‍ കൊടുത്തിരിക്കുന്നു.! ഇത് ബാഹ്യമായി ചെറിയൊരു വിമര്‍ശനം മാത്രമായിരുന്നു. പക്ഷെ, റസൂലുല്ലാഹി ﷺ സമുദായത്തിന്‍റെ അദ്ധ്യാപകനും ചികിത്സകനും ശിക്ഷകനുമായ പ്രവാചകനായത് കൊണ്ട് ഈ കാര്യത്തെ നിസ്സാരമായി കണ്ട് അവഗണിക്കാതെ അന്‍സ്വാറുകളെയെല്ലാം ഒരു പ്രത്യേക കെട്ടില്‍ ഒരുമിച്ച് കൂട്ടി. ഇവിടെ അന്‍സ്വാറുകള്‍ മാത്രമേ ഉണ്ടാകാവൂ എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഉപകാരി അല്ലാഹുവും റസൂലും മാത്രം.!
ശേഷം ചോദിച്ചു: നിങ്ങളെ കുറിച്ച് ഞാന്‍ എന്താണ് കേട്ടത്. നിങ്ങളുടെ മനസ്സില്‍ എന്നെ കുറിച്ച് വല്ല പരാതിയുമുണ്ടോ.? അവരെല്ലാവരും ലജ്ജ പ്രകടിപ്പിച്ചു തലകുനിച്ചുകൊണ്ട് പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ, ഞങ്ങള്‍ക്കൊന്നുമില്ല, ഞങ്ങളില്‍ വിവരം കുറഞ്ഞ യുവാക്കളുടെ മനസ്സില്‍ പിശാച് ചിലത് ഇട്ട് കൊടുക്കുകയും അവര്‍ എന്തോ പറയുകയും ചെയ്തതാണ്.!
റസൂലുല്ലാഹി ﷺ അരുളി: ഞാന്‍ നിങ്ങളിലേക്ക് വന്നപ്പോള്‍ നിങ്ങളെല്ലാവരും വഴികേടിലായിരുന്നു. അല്ലാഹു നിങ്ങള്‍ക്ക് സന്മാര്‍ഗ്ഗം നല്‍കിയത് എന്നിലൂടെയല്ലേ.? നിങ്ങള്‍ പട്ടിണിയിലും ദാരിദ്രത്തിലുമായിരുന്നു. അല്ലാഹു നിങ്ങള്‍ക്ക് സമ്പല്‍ സമൃദ്ധി നല്‍കിയത് എന്നിലൂടെയല്ലേ.? നിങ്ങള്‍ പരസ്പരം ശത്രുക്കളായിരുന്നു. അല്ലാഹു നിങ്ങള്‍ക്കിടയില്‍ യോജിപ്പും ഐക്യവും ഉണ്ടാക്കിയത് എന്നിലൂടെയല്ലേ.? അവര്‍ പറഞ്ഞു: ഇതെല്ലാം തീര്‍ത്തും സത്യമാണ്. അല്ലാഹുവും റസൂലും തന്നെയാണ് തങ്ങളുടെ മേല്‍ ഏറ്റവും വലിയ ഉപകാരങ്ങള്‍ ചെയ്തത്.
സ്നേഹവും വിശ്വാസവും ഇളക്കി വിടുന്നു.!
റസൂലുല്ലാഹി ﷺ സംസാരം കൂടുതല്‍ നീട്ടിയില്ല. പക്ഷെ, അവരില്‍ നിന്നും ആഗ്രഹിച്ച മറുപടി ലഭിച്ചെങ്കിലും അവരുടെ മനസ്സുകളുടെ അടിവാരങ്ങളില്‍ അടിഞ്ഞുകിടന്ന അടിയുറച്ച വിശ്വാസത്തെയും നിഷ്കളങ്ക സ്നേഹത്തെയും ഇളക്കി വിട്ടുകൊണ്ട് ചോദിച്ചു: അന്‍സ്വാരികളേ, നിങ്ങള്‍ മറുപടിയൊന്നും പറയാത്തതെന്താണ്.? അവര്‍ തലകുനിച്ചുകൊണ്ട് വീണ്ടും പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, ഇതല്ലാതെ ഞങ്ങളെന്ത് മറുപടി പറയാനാണ്.? അല്ലാഹുവും റസൂലും ഞങ്ങളുടെ മേല്‍ ചെയ്തിരിക്കുന്ന സമുന്നതമായ അനുഗ്രഹങ്ങള്‍ക്ക് ഞങ്ങളുടെ ഓരോ രോമവും നന്ദി രേഖപ്പെടുത്തുകയാണ്.
റസൂലുല്ലാഹി ﷺ അരുളി: ഇതിന് പകരം നിങ്ങള്‍ക്ക് ഇപ്രകാരം പറയാമായിരുന്നു: താങ്കള്‍ ഓര്‍ക്കുക, എല്ലാവരാലും നിഷേധിക്കപ്പെട്ട സമയത്ത് താങ്കള്‍ ഞങ്ങളിലേക്ക് വരികയും ഞങ്ങള്‍ മാത്രം താങ്കളെ അംഗീകരിക്കുകയും ചെയ്തു. എല്ലാവരാലും തള്ളപ്പെട്ട നിലയില്‍ താങ്കള്‍ ഞങ്ങളിലേക്ക് വരികയും ഞങ്ങള്‍ മാത്രം താങ്കളെ സഹായിക്കുകയും ചെയ്തു. എല്ലാവരാലും പുറത്താക്കപ്പെട്ട നിലയില്‍ താങ്കള്‍ ഞങ്ങളിലേക്ക് വരികയും ഞങ്ങള്‍ മാത്രം താങ്കള്‍ക്ക് അഭയം നല്‍കുകയും ചെയ്തു. ശൂന്യമായ കൈകളുമായി താങ്കള്‍ ഞങ്ങളിലേക്ക് വരികയും ഞങ്ങള്‍ മാത്രം താങ്കളെ സഹായിക്കുകയും ചെയ്തു. ഇപ്രകാരം നിങ്ങള്‍ പറഞ്ഞിരുന്നുവെങ്കില്‍ അത് ശരിയുമായിരുന്നു.!
തന്‍റെ സമുദായത്തിന് തനിക്കെതിരില്‍ ഇത്തരം ന്യായങ്ങള്‍ പറഞ്ഞുകൊടുക്കുന്ന ഏതെങ്കിലും സമൂഹ നായകനെയോ കുടുംബ നാഥനെയോ നാം കണ്ടിട്ടുണ്ടോ.? ഇമാം ബുഖാരിയെ പോലുള്ള മഹാത്മാക്കള്‍ ഈ ഹദീസ് നിവേദനം ചെയ്തില്ലായിരുന്നുവെങ്കില്‍ ഈ വചനം കേള്‍ക്കുന്ന ഓരോ മുസ്ലിമും പൊട്ടിത്തെറിച്ച് പോകുമായിരുന്നു: എല്ലാവരും അങ്ങയെ കളവാക്കി, ഞങ്ങള്‍ മാത്രം അംഗീകരിച്ചു.! എല്ലാവരും തള്ളിപ്പറഞ്ഞു, ഞങ്ങള്‍ മാത്രം സഹായിച്ചു.!! എല്ലാവരും പുറംതള്ളി, ഞങ്ങള്‍ മാത്രം അഭയം നല്‍കി.!!!
ഇത്ര ചെറിയ കാര്യത്തിനാണോ നിങ്ങള്‍ ദേഷ്യപ്പെട്ടത്.?
അവരില്‍ ഉറങ്ങിക്കിടന്നിരുന്ന സ്നേഹത്തിന്‍റെയും ആത്മാര്‍ത്ഥതയുടെയും വികാരത്തെ റസൂലുല്ലാഹി ﷺ ഇളക്കി വിട്ടപ്പോള്‍ അവരുടെ നയനങ്ങളില്‍ നിന്നും സ്നേഹ ബാഷ്പങ്ങള്‍ ഒഴുകാന്‍ തുടങ്ങി. മനസ്സുകള്‍ തുറന്നു. അതൊരു പ്രവാഹമായി മാറി. റസൂലുല്ലാഹി ﷺ ഇതുകൊണ്ടും നിര്‍ത്താതെ വീണ്ടും അരുളി: അന്‍സ്വാര്‍ സഹോദരങ്ങളേ, ചിലയാളുകളുടെ മനസ്സുകള്‍ ഇളക്കുന്നതിന് ഞാന്‍ അവര്‍ക്ക് നിസ്സാരമായ ചില വസ്തുക്കള്‍ കൊടുക്കുകയും മുമ്പ് തന്നെ ശക്തമായി ഉറച്ചിട്ടുള്ള നിങ്ങളുടെ ഇസ്ലാമിക ബന്ധത്തില്‍ ഞാന്‍ സമാധാനിക്കുകയും ചെയ്തപ്പോള്‍ അതിന്‍റെ പേരില്‍ നിങ്ങള്‍ക്ക് ദേഷ്യമുണ്ടായിരിക്കുകയാണോ.?
നോക്കുക, ഇവിടെ റസൂലുല്ലാഹി ﷺ ഇസ്ലാമിനോടും നബവീ വ്യക്തിത്വത്തോടും അവര്‍ക്കുള്ള ബന്ധത്തിന് പുതിയ ആത്മാവും പുത്തന്‍ ഉണര്‍വ്വും നല്‍കുകയാണ്. ഇതിലൂടെ സ്നേഹത്തിന്‍റെ പ്രവാഹം ശക്തമാകുകയും അതിനിടയില്‍ അവരില്‍ ആരുടെയെങ്കിലും മനസ്സിലുണ്ടായിപ്പോയ ചപ്പുചവറുകളെ അത് ഒഴുക്കിക്കൊണ്ട് പോകുകയും ചെയ്തു.
റസൂലുല്ലാഹി ﷺ ഈ വചനത്തില്‍ ഭൗതിക വസ്തുക്കള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന ലമ്മാഅത്ത് എന്ന വാക്കിന്‍റെ ആശയം ഭൂമുഖത്ത് തനിയെ മുളച്ച് പൊന്തുന്ന പുല്ലും മറ്റുമാണ്. അതെ, ഇന്നല്ലെങ്കില്‍ നാളെ നീങ്ങിപ്പോകുന്ന ഭൗതിക വസ്തുക്കള്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ബന്ധത്തിന് മുന്നില്‍ വളരെ നിസ്സാരമായ വസ്തുക്കള്‍ തന്നെയാണ്.
അന്‍സ്വാരികള്‍ എന്‍റേതും ഞാന്‍ അവരുടേതുമാണ്.!
ശേഷം റസൂലുല്ലാഹി ﷺ അവരോട് ഒരു വാക്ക് പറഞ്ഞു. പര്‍വ്വതങ്ങളുടെ നെഞ്ച് പിളര്‍ത്തുകയും ഭൂമിയില്‍ നിന്നും ഉറവ പ്രവഹിപ്പിക്കുകയും അത്ഭുതങ്ങള്‍ പ്രകടമാക്കുകയും ചെയ്യുന്ന ഒരു വാക്ക് തന്നെയായിരുന്നു അത്. റസൂലുല്ലാഹി ﷺ അരുളി: അന്‍സ്വാരികളേ, ജനങ്ങള്‍ അവരുടെ കൂടാരങ്ങളിലേക്ക് ആട്-മാട്-ഒട്ടകങ്ങളെ കൊണ്ടു പോകുന്നതും നിങ്ങള്‍ നിങ്ങളുടെ വീടുകളിലേക്ക് അല്ലാഹുവിനെയും റസൂലിനെയും കൊണ്ട് പോകുന്നതും നിങ്ങള്‍ക്ക് ഇഷ്ടമല്ലേ.! അല്ലാഹുവില്‍ സത്യം, ഹിജ്റത്ത് ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ അന്‍സ്വാറുകളില്‍ പെട്ട ഒരാളാകുമായിരുന്നു. ജനങ്ങള്‍ ഒരു മലഞ്ചെരുവിലും അന്‍സ്വാറുകള്‍ വേറൊരു മലഞ്ചെരുവിലും പ്രവേശിച്ചാല്‍ ഞാന്‍ അന്‍സ്വാറുകളുടെ മലഞ്ചെരുവില്‍ പ്രവേശിക്കുന്നതാണ്. അന്‍സ്വാര്‍ അകത്തെ വസ്ത്രവും ജനങ്ങള്‍ പുറത്തുള്ള വസ്ത്രവുമാണ്.! അല്ലാഹുവേ, അന്‍സ്വാറുകളെയും അവരുടെ മക്കളെയും മക്കളുടെ മക്കളെയും പരമ്പരയെയും നീ അനുഗ്രഹിക്കേണമേ.!
പിന്നെന്താണ് നടന്നത്, പ്രതീക്ഷിച്ചത് പോലെ കണ്ണീര്‍ കണങ്ങള്‍ കൊണ്ട് അവരുടെ താടികള്‍ കുതിര്‍ന്നു. അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു: റസൂലുല്ലാഹി ﷺ ഞങ്ങള്‍ക്ക് നല്‍കുന്ന സര്‍വ്വ ഓഹരിയിലും ഞങ്ങള്‍ പരിപൂര്‍ണ്ണമായി സംതൃപ്തരാണ്.!
സാഹിത്യത്തിന്‍റെ സമുന്നത മാതൃക.!
പടച്ചവനെ സത്യം ചെയ്തുകൊണ്ട് പറയട്ടെ, ലോകത്ത് ഒരു ഭാഷയിലും ഒരു മത ചരിത്രത്തിലും ഇത്ര വൈകാരിക സന്ദര്‍ഭത്തില്‍ സാഹിത്യ സമ്പുഷ്ടവും ആഴവും പരപ്പും നിറഞ്ഞതും മനുഷ്യ മനസ്സുകളെ ഇളക്കി മറിക്കുന്നതുമായ മറ്റൊരു വാചകം എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഇത് നബവീ ദഅ്വത്തിന്‍റെ തന്ത്രജ്ഞത നിറഞ്ഞ തിരുവചനങ്ങളും മാനവ സാഹിത്യത്തില്‍ തിളങ്ങി നില്‍ക്കുന്ന ഉത്തമ മാതൃകയുമാണ്.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment