പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ
-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/04/12.html?spref=tw
12. ഇസ്റാഉം മിഅ്റാജും
റസൂലുല്ലാഹി ﷺ യെ ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും അല്ലാഹു കനിഞ്ഞരുളിയ മഹത്തായ ഒരു ഉപഹാരമാണ് ഇസ്റാഅ്-മിഅ്റാജ് യാത്ര. ഉമര്‍ (റ), അലി (റ), ഇബ്നു മസ്ഊദ് (റ), ഇബ്നു അബ്ബാസ് (റ), ഇബ്നു ഉമര്‍ (റ), ഇബ്നു അംറ് (റ), ഉബയ്യ് (റ), അബൂ ഹുറയ്റ, അനസ് (റ) ജാബിര്‍ (റ), ബുറയ്ദ (റ),സമുറത്ത് (റ), ഹുദൈഫ (റ), ശദ്ദാദ് (റ), ശുഹൈബ് (റ), മാലിക് (റ), അബൂ ഉമാമ (റ) അബൂ അയ്യൂബ് (റ), അബൂ ഹബ്ബ (റ), അബൂദര്‍റ് (റ), അബൂ സഈദ് (റ), അബൂ സുഫ്യാന്‍ (റ), ആഇശ (റ),അസ്മാഅ് (റ), ഉമ്മു ഹാനിഅ് (റ), ഉമ്മുസലമ (റ) മുതലായ നിരവധി സ്വഹാബികള്‍ ഈ സംഭവം നിവേദനം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഏതാനും ഹദീസുകള്‍ ശ്രദ്ധിക്കുക.
അനസ് (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: എന്‍റെ പക്കല്‍ ബുറാഖ് കൊണ്ടുവരപ്പെട്ടു. നീളവും ചുവന്ന നിറവുമുള്ള ഒരു മൃഗമാണത്. കഴുതയേക്കാള്‍ വലുപ്പമുള്ളതും കോവര്‍ കഴുതയുടെ അത്ര വലുപ്പമില്ലാത്ത ഒരു മൃഗമാണത്. ദൃഷ്ടിപതിക്കുന്ന സ്ഥലത്താണ് അതിന്‍റെ പാദം പതിയുന്നത്. ഞാന്‍ അതില്‍ കയറി യാത്ര ചെയ്ത് ബൈത്തുല്‍ മുഖദ്ദസിലെത്തി. നബിമാര്‍ (അ) അവരുടെ മൃഗങ്ങളെ കെട്ടിയിട്ട വളയത്തില്‍ ഞാന്‍ അതിനെ ബന്ധിച്ചു. മസ്ജിദില്‍ കയറി രണ്ട് റക്അത്ത് നമസ്കരിച്ചു. പുറത്തിറങ്ങിയപ്പോള്‍ ജിബ് രീല്‍ (അ) ഒരു പാത്രത്തില്‍ പാലും മറ്റൊരു പാത്രത്തില്‍ മദ്യവും കൊണ്ടു വന്നു. ഞാന്‍ പാല്‍ തിരഞ്ഞെടുത്തു. അപ്പോള്‍ ജിബ് രീല്‍ (അ) പറഞ്ഞു: താങ്കള്‍ പ്രകൃതിദത്തമായതിനെ തിരഞ്ഞെടുത്തിരിക്കുന്നു. ശേഷം ആകാശത്തേക്ക് യാത്ര പുറപ്പെട്ടു. ഒന്നാം ആകാശത്തില്‍ ആദം(അ) രണ്ടില്‍ ഈസാ(അ), മൂന്നില്‍ യൂസുഫ് (അ) നാലില്‍ ഇദ് രീസ്(അ), അഞ്ചില്‍ ഹാറൂന്‍ (അ), ആറില്‍ മൂസാ(അ), എന്നീ നബിമാരെ കണ്ടു. അവരെല്ലാം സ്വാഗതം പറഞ്ഞു. ഏഴാം ആകാശത്തില്‍ ഇബ്റാഹീം (അ) ബൈത്തുല്‍ മഅ്മൂറില്‍ ചാരിയിരിക്കുന്നതായി കണ്ടു. ബൈത്തുല്‍ മഅ്മൂറില്‍ പ്രതിദിനം മലക്കുകള്‍ കടക്കുന്നുണ്ട്. അവര്‍ പിന്നെ മടങ്ങി വരുന്നതല്ല. ശേഷം സിദ്റത്തുല്‍ മുന്‍തഹയിലേക്ക് എന്നെ കൊണ്ടുപോയി. അതിന്‍റെ ഇലകള്‍ ആനയുടെ ചെവിപോലെയും അതിന്‍റെ പഴങ്ങള്‍ വലിയ കലം പോലെയുമാണ്. അല്ലാഹുവിന്‍റെ തീരുമാന പ്രകാരം എന്തോ ഒന്ന് മൂടിയപ്പോള്‍ അതിന്‍റെ അവസ്ഥ മാറി. (ഇബ്നു മസ്ഊദ്(റ) വിന്‍റെ നിവേദനത്തില്‍ ഇത് വര്‍ണക്കിളികളാണെന്ന് വന്നിരിക്കുന്നു.) തദവസരം അല്ലാഹു ചില കാര്യങ്ങള്‍ എനിക്ക് വഹ്യ് നല്‍കി. ഒരു ദിവസത്തില്‍ അമ്പത് നേരത്തെ നമസ്കാരങ്ങള്‍ നിര്‍ബന്ധമാക്കി. ഉടനെ നേരെ മൂസാ നബി(അ)യുടെ അരികിലെത്തി. അപ്പോള്‍ നമസ്കാരം നിര്‍ബന്ധമാക്കിയതിനെ കുറിച്ച് പറഞ്ഞു. മടങ്ങിപ്പോയി അതിനെ ചുരുക്കാന്‍ അപേക്ഷിക്കുക. നിങ്ങളുടെ സമുദായത്തിന് അതിനുള്ള ശേഷിയില്ല. ഞാന്‍ ബനൂ ഇസ്റാഈലിനെ പരീക്ഷിച്ചു കഴിഞ്ഞതാണ് എന്ന് അദ്ദേഹം പ്രതികരിച്ചു. റസൂലുല്ലാഹി ﷺ വിവരിക്കുന്നു: ഞാന്‍ രക്ഷിതാവിലേക്ക് മടങ്ങി. ലഘൂകരിക്കുന്നതിനായി അപേക്ഷിച്ചു. അല്ലാഹു അഞ്ചുനേരത്തെ നമസ്കാരം കുറച്ചു തന്നു. മടങ്ങിപ്പോയി മൂസാ നബി (അ)യെ കാണുകയും പഴയപോലെ പ്രതികരിക്കുകയും ചെയ്തു. ഞാന്‍ രക്ഷിതാവിലേക്ക് വീണ്ടും മടങ്ങി അപേക്ഷിച്ചു. അവസാനം അഞ്ചു നേരത്തെ നമസ്കാരം നിര്‍ബന്ധമാക്കപ്പെട്ടു. തുടര്‍ന്ന് അല്ലാഹു അറിയിച്ചു. ഇത് അഞ്ച് നേരത്തെ നമസ്കാരമാണെങ്കിലും ഓരോ നമസ്കാരവും പത്തു നമസ്കാരങ്ങളുടെ സ്ഥാനത്താണ്. അതുകൊണ്ട് പ്രതിഫലം അമ്പത് നമസ്കാരങ്ങളുടേത് തന്നെയാണ്. ഏതൊരുവന്‍ നന്‍മ ചെയ്യാന്‍ ഉദ്ദേശിക്കുകയും ചെയ്യാന്‍ കഴിയാതെ വരുകയും ചെയ്താല്‍ അവന് ഒരു നന്‍മ എഴുതപ്പെടുന്നതാണ്. തീരുമാനത്തിന് ശേഷം പ്രവര്‍ത്തിക്കുന്നവന് പത്ത് നന്‍മകള്‍ എഴുതപ്പെടുന്നതാണ്. ഒരാള്‍ പാപം ഉദ്ദേശിക്കുകയും ചെയ്യാതിരിക്കുകുയും ചെയ്താല്‍ ഒന്നും എഴുതപ്പെടുന്നതല്ല. പാപം പ്രവര്‍ത്തിച്ചാല്‍ ഒരു തിന്‍മ മാത്രം എഴുതപ്പെടുന്നതാണ്. ഇതുമായി മടങ്ങിയപ്പോള്‍ വീണ്ടും അപേക്ഷിക്കാന്‍ മൂസാനബി(അ) നിര്‍ദേശിച്ചു. ഞാന്‍ പറഞ്ഞു പലപ്രാവശ്യം മടങ്ങിപ്പോയി ചോദിച്ച് എനിക്ക് ലജ്ജയുണ്ടായിരിക്കുന്നു. (സ്വഹീഹ് മുസ്ലിം 1/91)
അബൂഹുറൈറ (റ) വിന്‍റെ നിവേദനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു. മസ്ജിദുല്‍ അഖ്സയില്‍ വെച്ച് നബിമാരുടെ ഒരു സംഘത്തെ കണ്ടുമുട്ടി. ഇതിനിടയില്‍ നമസ്കാരത്തിന് സമയമായി. ഞാന്‍ അവര്‍ക്ക് ഇമാമത്ത് നിര്‍വഹിച്ചു. നമസ്കാരത്തില്‍ നിന്നും വിരമിച്ചപ്പോള്‍ ആരോ പറഞ്ഞു. ഇതാ നരകത്തിന്‍റെ കാവല്‍ക്കാരനായ മലക്ക് ഇദ്ദേഹത്തിന് സലാം പറയൂ. ഞാന്‍ അദ്ദേഹത്തിലേക്ക് തിരിഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങോട്ട് സലാം പറഞ്ഞു. (മുസ്ലിം 1/96)
അനസ്ബ്നു മാലിക്ക്(റ) ന്‍റെ നിവേദനം ഇപ്രകാരമാണ്. റസൂലുല്ലാഹി ﷺ അരുളി: ഞാന്‍ ബൈത്തുല്‍ മുഖദ്ദസിലായിരിക്കെ ധാരാളം നബിമാര്‍ അവിടെയെത്തി. ഇതിനിടയില്‍ ആരോ ഇഖാമത്ത് കൊടുത്തു. ഞങ്ങള്‍ അണിയായി നിന്നു. ഉടനെ ജിബ്രീല്‍(അ) എന്‍റെ കൈക്ക് പിടിച്ച് ഇമാമാക്കി. നമസ്കാരാനന്തരം ജിബ്രീല്‍(അ) ചോദിച്ചു: താങ്കളുടെ പിന്നില്‍ നമസ്കരിച്ചവര്‍ ആരെല്ലാമാണെന്ന് താങ്കള്‍ക്ക് അറിയാമോ? മുന്‍പ് പരിചയമുള്ള നബിമാര്‍ ധാരാളം പേര്‍ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ പറഞ്ഞു. എനിക്ക് എല്ലാവരെയും അറിയില്ല. ജിബ്രീല്‍ (അ) പ്രസ്താവിച്ചു: അല്ലാഹു നബിയാക്കി നിയോഗിച്ച എല്ലാവരും താങ്കളുടെ പിന്നില്‍ നമസ്കരിച്ചിരിക്കുന്നു. (ഇബ്നു കസീര്‍)
മിഅ്റാജ് സംഭവം സ്വഹീഹ് ബുഖാരിയില്‍
പുണ്യ ഹദീസിന്‍റെ ഏറ്റവും വലിയ പ്രാമാണിക ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയില്‍ വിവിധ സ്വഹാബാക്കളില്‍ നിന്നും ധാരാളം സ്ഥലങ്ങളില്‍ വിവരിച്ചിട്ടുണ്ട്. അനസ്(റ) ന്‍റെ നിവേദനം ഇപ്രകാരമാണ്. റസൂലുല്ലാഹി ﷺ അരുളി: കഅ്ബാ ശരീഫിന്‍റെ അരികില്‍ ഞാന്‍ ചെറുതായ ഉറക്കത്തിലായിരുന്നു. ഇതിനിടയില്‍ മൂന്ന് ആളുകള്‍ വിശ്വാസവും വിജ്ഞാനവും നിറഞ്ഞ സുവര്‍ണ തളികയുമായി വന്നു. തുടര്‍ന്ന് എന്‍റെ നെഞ്ച് കീറപ്പെടുകയും സംസം കൊണ്ട് കഴുകപ്പെടുകയും വിശ്വാസവും വിജ്ഞാനവും നിറക്കപ്പെടുകയും മുറിവ് നന്നാക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് കഴുതയേക്കാള്‍ വലുതും കോവര്‍ കഴുതയേക്കാള്‍ ചെറുതുമായ ഒരു മൃഗത്തെ കൊണ്ടു വരപ്പെട്ടു. അത് ബുറാഖായിരുന്നു.
ആകാശ യാത്ര
ജിബ് രീല്‍ (അ) മിനോടൊപ്പം ഞാന്‍ യാത്രയായ് ഒന്നാം ആകാശത്തിനടുത്തെത്തി. ജിബ് രീല്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. കാവല്‍ക്കാരന്‍ കൂട്ടത്തില്‍ ആരാണുള്ളതെന്ന് ചോദിച്ചു. മുഹമ്മദ്(സ) ആണെന്ന് ജിബ്രീല്‍ മറുപടി പറഞ്ഞപ്പോള്‍ റസൂലുല്ലാഹി ﷺ യെ വിളിക്കപ്പെട്ടോ എന്ന് ചോദിച്ചു. അതെ എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം സ്വര്‍ഗത്തിന്‍റെ വാതില്‍ തുറന്നുകൊണ്ട് പറഞ്ഞു. നല്ലവരാണ് വന്നിരിക്കുന്നത്. ഒന്നാം ആകാശത്തേക്ക് എത്തിയപ്പോള്‍ ആദം (അ) നെ കണ്ടു. ഞാന്‍ സലാം പറഞ്ഞു. മകനും നബിയുമായ വ്യക്തിത്വത്തിന് സ്വാഗതം എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ശേഷം രണ്ടാം ആകാശത്തെത്തി. അവിടെ ആദ്യത്തേതു പോലെയുള്ള ചോദ്യവും ഉത്തരവും ഉണ്ടായി. അവിടെ ഈസാ (അ), യഹ്യാ (അ) എന്നിവരെ കണ്ടു. സഹോദരനും നബിയുമായ വ്യക്തിത്വത്തിന് സ്വാഗതം എന്ന് അവര്‍ അറിയിച്ചു. മൂന്നാം ആകാശത്തിലും ചോദ്യോത്തരങ്ങള്‍ ആവര്‍ത്തിച്ചു. അവിടെ യൂസുഫ് (അ) സ്വാഗതം ചെയ്തു. നാലാം ആകാശത്തില്‍ ഇദ്രീസ് (അ), അഞ്ചില്‍ ഹാറൂന്‍(അ), ആറില്‍ മൂസാ(അ) എന്നീ നബിമാരും ഇതുപോലെ കണ്ടു. മൂസാ നബി (അ) യെ വിട്ടു കടന്നപ്പോള്‍ അദ്ദേഹം കരഞ്ഞു. കാരണം ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: എനിക്കു ശേഷം നിയോഗിക്കപ്പെട്ട നബിയിലൂടെ എന്‍റെ സമുദായത്തില്‍ നിന്നും സ്വര്‍ഗത്തില്‍ കടക്കുന്നവരെക്കാള്‍ ഉത്തമരായ സമുദായം സ്വര്‍ഗത്തില്‍ കടക്കുന്നതാണ്. (എന്‍റെ സമുദായത്തെക്കാള്‍ അധികരിച്ചവര്‍ എന്നാണ് ഒരു നിവേദനത്തിലുള്ളത്) ഏഴാം ആകാശത്തില്‍ ഇബ്രാഹിം (അ)നെ കണ്ടു. മകനും നബിയുമായവര്‍ക്ക് സ്വാഗതം എന്ന് അദ്ദേഹം പ്രസ്താവിച്ചു.
ബൈത്തുല്‍ മഅ്മൂര്‍, സിദ്റത്തുല്‍ മുന്‍തഹാ
ശേഷം ഞാന്‍ ബൈത്തുല്‍ മഅ്മൂറിന്‍റെ അടുത്തെത്തി. ഞാന്‍ ചോദിച്ചപ്പോള്‍ ജിബ്രീല്‍(അ) പറഞ്ഞു. ഇത് ബൈത്തുല്‍ മഅ്മൂറാണ്. ഇതില്‍ പ്രതിദിനം എഴുപതിനായിരം മലക്കുകള്‍ നമസ്കരിക്കുന്നു. ഇതില്‍ കടന്നവരാരും മടങ്ങി വരില്ല. തുടര്‍ന്ന് സിദ്റത്തുല്‍ മുന്‍തഹാ കണ്ടു. അതിലെ പഴങ്ങള്‍ ഹിജ്റ് നാട്ടിലെ വലിയ കൂടകള്‍ പോലെയും അതിലെ ഇലകള്‍ ആനകളുടെ ചെവികള്‍ പോലെയുമുണ്ട്. സിദ്റത്തിന്‍റെ താഴ്ഭാഗത്ത് നാല് നദികള്‍ ഒഴുകുന്നു. രണ്ടെണ്ണം അകത്തും രണ്ടെണ്ണം പുറത്തും. അകത്തുള്ള രണ്ട് നദികള്‍ സ്വര്‍ഗീയ നദികളും പുറത്തുള്ളത് (ഇറാഖിലെ) ഫുതാതും, (ഈജിപ്തിലെ) നൈലുമാണ്.
നമസ്കാരം ഫര്‍ളാക്കപ്പെടുന്നു
സ്വഹീഹ് ബുഖാരിയുടെ നിവേദനം തുടരുന്നു. റസൂലുല്ലാഹി ﷺ അരുളി: തുടര്‍ന്ന് എനിക്ക് അഞ്ചു നേരത്തെ നമസ്കാരം നിര്‍ബന്ധമാക്കപ്പെട്ടു. മടങ്ങിയപ്പോള്‍ മൂസാ നബി(അ) സമൂദായത്തിന് എന്ത് (സമ്മാനം) ആണ് കൊണ്ട് പോകുന്നതെന്ന് ചോദിച്ചു. അമ്പത് നേരത്തെ നമസ്കാരങ്ങള്‍ എന്ന് പറഞ്ഞപ്പോള്‍ പ്രസ്താവിച്ചു: എനിക്ക് ജനങ്ങളെ നന്നായി അറിയാം. ബനൂ ഇസ്റാഈലില്‍ ഞാന്‍ നന്നായി പരിശ്രമിച്ചു. അവര്‍ക്ക് നിര്‍ബന്ധമാക്കിയ നമസ്കാരങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടില്ല. തീര്‍ച്ചയായും താങ്കളുടെ സമുദായത്തിന് അമ്പത് നേരത്തെ നമസ്കാരങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയില്ല. പോകുക, രക്ഷിതാവിനോട് ലഘൂകരണം ചോദിക്കുക. ഞാന്‍ മടങ്ങി അല്ലാഹുവിനോട് ലഘൂകരണത്തിന് അപേക്ഷിച്ചു. അല്ലാഹു ലഘൂകരിച്ച് നാല്‍പത് നമസ്കാരങ്ങളാക്കി. വീണ്ടും മൂസാ നബി(അ) യുടെ അഭിപ്രായപ്രകാരം വന്ന് ലഘൂകരിച്ച് കൊണ്ടിരുന്നു. അവസാനം അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ അവശേഷിച്ചു. ഇതിലും കുറക്കാന്‍ മൂസാ നബി (അ) അഭിപ്രായപ്പെട്ടപ്പോള്‍ ഞാന്‍ പറഞ്ഞു: ഞാന്‍ ഇത് അംഗീകരിച്ചിരിക്കുന്നു. ഇനി കുറക്കാന്‍ അപേക്ഷിക്കുന്നതല്ല. തദവസരം അല്ലാഹുവിങ്കല്‍ നിന്നും അറിയിപ്പുണ്ടായി: ഞാന്‍ നിര്‍ബന്ധതയുടെ നിയമം നിലനിര്‍ത്തി. ദാസന്‍മാര്‍ക്ക് ലഘൂകരണവും നല്‍കി. അവരുടെ ഒരു നന്‍മയ്ക്ക് പത്തിരട്ടി പ്രതിഫലം നല്‍കുന്നതാണ്. അവര്‍ നിര്‍വഹിക്കുന്നത് അഞ്ച് നമസ്കാരങ്ങളാണ്. പ്രതിഫലത്തില്‍ അത് അമ്പത് നമസ്കാരങ്ങളുമാണ്. (ബുഖാരി)
അനസ് (റ) ന്‍റെ നിവേദനത്തില്‍ ഇപ്രകാരവുമുണ്ട്: ഇബ്രാഹിമി(അ)ന്‍റെ സ്വാഗതാശംസകള്‍ക്ക് ശേഷം ജിബ്രീല്‍ എന്നെ വീണ്ടും മുകളിലേക്ക് കൊണ്ടുപോയി. അവസാനം തൂലികകള്‍ കൊണ്ട് എഴുതുന്ന ഒരു ശബ്ദം കേള്‍ക്കാനാകുന്ന ഒരു സ്ഥലത്തെത്തി. (അല്ലാഹുവിന്‍റെ തീരുമാനങ്ങളെ ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും പകര്‍ത്തിയെഴുതുന്ന മലക്കുകളായിരിക്കാം ഇത് കൊണ്ടുള്ള വിവക്ഷ എന്ന് ഇമാം നവവി(റ) പ്രസ്താവിക്കുന്നു) ശേഷം അമ്പത് നമസ്കാരങ്ങള്‍ അഞ്ചായി കുറച്ചുകൊണ്ടുള്ള തീരുമാനത്തെ പരാമര്‍ശിച്ചുകൊണ്ട് അരുളി: എന്‍റെ വാക്കിന് മാറ്റമില്ല. (അമ്പത് നമസ്കാരം നിര്‍ബന്ധമാക്കിയതിനാല്‍ അമ്പതിന്‍റെ പ്രതിഫലം തന്നെ നല്‍കപ്പെടുന്നതാണ്) എന്ന് അല്ലാഹു അറിയിച്ചു. സിദ്റത്തുല്‍ മുന്‍തഹായെ പരാമര്‍ശിച്ചുകൊണ്ട് അരുളി: എനിക്ക് അറിവില്ലാത്ത ചില നിറങ്ങള്‍ അതിനെ പൊതിഞ്ഞു. തുടര്‍ന്ന് ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. അതിന്‍റെ താഴികക്കുടങ്ങള്‍ മുത്തുകൊണ്ടുള്ളതും മണ്ണ് കസ്തൂരിയുമാണ്. (ബുഖാരി)
മറ്റു ചില സമ്മാനങ്ങള്‍
മിഅ്റാജ് യാത്രയിലൂടെ സമുന്നതമായ നമസ്കാരവും അതിമഹത്തായ പ്രതിഫലവും കൂടാതെ സൂറത്തുല്‍ ബഖറയുടെ അവസാന ആയത്തുകള്‍ (ആമനര്‍ റസൂലു) നല്‍കപ്പെട്ടു. ശിര്‍ക്ക് ചെയ്യാത്ത വിശ്വാസികള്‍ക്ക് വന്‍പാപങ്ങള്‍ പൊറുത്തു കൊടുക്കപ്പെടുന്നതാണെന്ന പ്രഖ്യാപനവും ഉണ്ടായി. (മുസ്ലിം 1/97) അതായത് വന്‍പാപം ചെയ്ത വിശ്വാസികള്‍ പശ്ചാത്തപിക്കുന്ന പക്ഷം മാപ്പ് നല്‍കപ്പെടുന്നതാണ്. അല്ലെങ്കില്‍ ശിക്ഷക്ക് ശേഷം സ്വര്‍ഗത്തില്‍ കടക്കാവുന്നതാണ്. (നവവി) നിഷേധിയും ബഹുദൈവാരാധകനും കാലാകാലം നരകത്തില്‍ കിടക്കുന്നതാണ്.
ഇലാഹീദര്‍ശനം
റസൂലുല്ലാഹി ﷺ മിഅ്റാജ് യാത്രയില്‍ അല്ലാഹുവിനെ ദര്‍ശിച്ചോ ദര്‍ശിച്ചെങ്കില്‍ കണ്ണ് കൊണ്ടാണോ ഹൃദയം കൊണ്ടാണോ എന്ന വിഷയത്തില്‍ ഭൂരിപക്ഷം സ്വഹാബത്തിന്‍റെയും താബിഉകളുടേയും വിക്ഷണം റസൂലുല്ലാഹി ﷺ നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ അല്ലാഹുവിനെ ദര്‍ശിച്ചുവെന്നതാണ്. ഇമാം നവവി(റ) സ്വഹീഹ് മുസ്ലിമിന്‍റെ വ്യാഖ്യാനത്തില്‍ ഇക്കാര്യം വിവരിച്ചിട്ടുണ്ട്.
നിഷേധികളുടെ മേല്‍ പ്രമാണം
മക്കാ മുകര്‍റമയില്‍ നിന്ന് ബൈത്തുല്‍ മുഖദ്ദസിലേക്കും അവിടെ നിന്നും ആകാശങ്ങളിലേക്കും പോയി തിരിച്ച് മക്കാ മുകര്‍റമയില്‍ തന്നെ മടങ്ങിയെത്തിയത് ഒരു രാത്രിയില്‍ തന്നെ ആയിരുന്നു. അടുത്ത ദിവസം രാവിലെ റസൂലുല്ലാഹി ﷺ ജനങ്ങളോട് ഈ സംഭവം അനുസ്മരിച്ചു. നിഷേധികള്‍ അത്ഭുതപ്പെടുകയും നിഷേധിക്കുകയും ചെയ്തു. അവര്‍ അബൂബക്കര്‍(റ) വിന്‍റെ അരികില്‍ എത്തി സംഭവത്തെ കുറിച്ച് വിവരിച്ചു. അബൂബക്കര്‍(റ) ആദ്യം റസൂലുല്ലാഹി(സ) ഇങ്ങനെ പറഞ്ഞിട്ടില്ല എന്ന് പ്രതികരിച്ചു. അവര്‍ സത്യം ചെയ്ത് പറഞ്ഞപ്പോള്‍ റസൂലുല്ലാഹി ﷺ അരുളിയെങ്കില്‍ അത് തീര്‍ത്തും സത്യം മാത്രമാണ് എന്ന് പ്രസ്താവിച്ചു. അവര്‍ ചോദിച്ചു നിങ്ങള്‍ ഇതും ശരിവെക്കുകയാണോ? സിദ്ദീഖ്(റ) പറഞ്ഞു ഇതിലും അത്ഭുതമായത് ശരിവെച്ചുകൊണ്ടിരിക്കുകയാണ്. ആകാശത്ത് നിന്നും റസൂലുല്ലാഹി ﷺ യ്ക്ക് സന്ദേശങ്ങള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അന്നു മുതല്‍ മഹാനവര്‍കള്‍ക്ക് സിദ്ദീഖ് എന്ന അപരാഭിധാനം ലഭിച്ചു. (അല്‍ബിദായ)
ബൈത്തുല്‍ മുഖദ്ദസിനെ വീണ്ടും കാണുന്നു
മക്കയിലെ ഖുറൈശികള്‍ കച്ചവടത്തിന് സിറിയയില്‍ പോകാറുണ്ടായിരുന്നു. കൂട്ടത്തില്‍ അവര്‍ ബൈത്തുല്‍ മുഖദ്ദസ് കയറി കാണുമായിരുന്നു. അടുത്ത് തന്നെ സിറിയയില്‍ നിന്നും വന്ന ഒരു സംഘം അന്ന് അവിടെ ഉണ്ടായിരുന്നു. റസൂലുല്ലാഹി ﷺ യെ പരിശോധിക്കാനും പരിഹസിക്കാനും അവര്‍ ബ്ത്തൈുല്‍ മുഖദ്ദസിന്‍റെ വാതിലുകളെയും തൂണുകളെയും മറ്റും കുറിച്ച് ചോദിക്കാന്‍ തുടങ്ങി. റസൂലുല്ലാഹി ﷺ കഅ്ബാ ശരീഫിന്‍റെ അരികിലുള്ള ഹതീമിലായിരുന്നു. റസൂലുല്ലാഹി ﷺ വിവരിക്കുന്നു: അവരുടെ ചോദ്യങ്ങള്‍ കേട്ട് മുമ്പ് ഒരിക്കലും ഉണ്ടാകാത്ത തരത്തില്‍ ഞാന്‍ പ്രയാസപ്പെട്ടു. ഞാന്‍ ബൈത്തുല്‍ മുഖദ്ദസില്‍ പോയിരുന്നുവെങ്കിലും അവര്‍ ചോദിക്കുന്ന വിഷയങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. ഇതിനിടയില്‍ അല്ലാഹു എനിക്ക് ബൈത്തുല്‍ മുഖദ്ദസ് വ്യക്തമായി കാണിച്ചു തന്നു. അവര്‍ ചോദിക്കുന്ന ഓരോ ചോദ്യങ്ങള്‍ക്കും അതിലേക്ക് നോക്കി ഞാന്‍ മറുപടി പറഞ്ഞു. (ബുഖാരി, മുസ്ലിം) ബൈത്തുല്‍ മുഖദ്ദസിന്‍റെ അടയാളങ്ങള്‍ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ മുമ്പ് സംശയിച്ച നിഷേധികള്‍ പറഞ്ഞു: ഈ പറഞ്ഞതെല്ലാം സത്യമാണ്. (ഇബ്നു കസീര്‍)
റസൂലുല്ലാഹി ﷺ അവരോട് വിവരിച്ചു: ഈ യാത്രക്കിടയില്‍ ഒരിടത്ത് വെച്ച് ഒരു ഗോത്രക്കാരെ കണ്ടു. അവരുടെ ഒരു ഒട്ടകം ഓടിപ്പോയിരുന്നു. ഞാന്‍ അവരോട് ഒട്ടകം ഇന്ന സ്ഥലത്താണെന്ന് പറഞ്ഞു കൊടുത്തു. മടങ്ങി വരുമ്പോള്‍ ദജ്നാന്‍ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ആ ഗോത്രക്കാര്‍ കിടന്ന് ഉറങ്ങുന്നതായി കണ്ടു. അവരുടെ അരികില്‍ ഒരു പാത്രത്തില്‍ ജലമുണ്ടായിരുന്നു. ഞാന്‍ അതില്‍ നിന്ന് കുറച്ച് ജലം പാനം ചെയ്തു. ശേഷം ഇരുന്നത് പോലെ മൂടിവെച്ച് യാത്രയായി. (അറബികള്‍ ജലം പോലുള്ളവ അനുവാദം ചോദിക്കാതെ ഉപയോഗിച്ചാല്‍ വിമര്‍ശിക്കാറില്ല. ഇതിന് പൊതു അനുവാദം ഉണ്ട്.) റസൂലുല്ലാഹി ﷺ തുടര്‍ന്ന് അരുളി: ആ ഗോത്രത്തിലെ യാത്രാ സംഘം ഇപ്പോള്‍ തന്‍ഈമില്‍ എത്താറായി. അവരുടെ മുന്നില്‍ ഭാരം ചുമക്കുന്ന ഒരു ഒട്ടകമുണ്ട്. ഇത് കേട്ട് ചിലര്‍ തന്‍ഈമിലേക്ക് ഓടി. ആ യാത്രാ സംഘത്തെയും ഒട്ടകത്തെയും അതേ രീതിയില്‍ അവര്‍ കണ്ടു. യാത്രികരോട് അവര്‍ ചോദിച്ചു: നിങ്ങള്‍ ഏത് പാത്രത്തിലാണ് ജലം സൂക്ഷിച്ചിരുന്നത്? യാത്രികര്‍ പറഞ്ഞു: ഈ പാത്രത്തില്‍ ഞങ്ങള്‍ കുടിച്ചിരുന്നു. ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഇതില്‍ ജലമില്ല. അവര്‍ ചോദിച്ചു: നിങ്ങളുടെ ഒട്ടകം ഓടിപ്പോയിരുന്നോ? അവര്‍ പറഞ്ഞു: ഓടിപ്പോയിരുന്നു. ഇതിനിടയില്‍ നിങ്ങളുടെ ഒട്ടകം ഇന്ന സ്ഥലത്താണെന്ന് ഒരാള്‍ വിളിച്ച് പറയുന്നത് കേട്ടു. അവിടെ വെച്ച് ഞങ്ങള്‍ക്ക് ഒട്ടകത്തെ തിരികെ ലഭിച്ചു. ഒരു നിവേദനം ഇപ്രകാരമാണ്. റസൂലുല്ലാഹി ﷺ യുടെ സലാമും ശബ്ദവും കേട്ടപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞു: ഇത് മുഹമ്മദ് നബിയുടെ ശബ്ദമാണ്. (ഇബ്നു കസീര്‍)
ഈ ഹദീസുകളിലെ ഏതാനും പാഠങ്ങള്‍ ഇവിടെ കൊടുക്കുന്നു.
1. റസൂലുല്ലാഹി ﷺ യുടെ നെഞ്ച് കീറപ്പെട്ട സംഭവത്തില്‍ നിന്നും പുരുഷന്മാര്‍ പുരുഷന്മാരുടെ നെഞ്ചിലേക്ക് നോക്കാവുന്നതാണെന്ന് മനസ്സിലാകുന്നു. 2. ബുറാഖിനെ കെട്ടിയതില്‍ നിന്നും ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്തതിന് ശേഷമാണ് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കേണ്ടത് എന്നും മനസ്സിലാകുന്നു. 3. ആകാശത്തേക്ക് പോകുമ്പോള്‍ ആരാണെന്ന് ചോദിച്ചതിന് മറുപടിയായി ജിബ്രീല്‍ (അ) ഞാന്‍ എന്ന് പറയുന്നതിന് പകരം ജിബ്രീല്‍ എന്ന് പറഞ്ഞു. ഇത്തരം ചോദ്യങ്ങള്‍ക്ക് ഇപ്രകാരം സ്വന്തം പേര് തന്നെയാണ് പറയേണ്ടത്. 4. എവിടെയെങ്കിലും പ്രവേശിക്കുമ്പോള്‍ അവിടെയുള്ളത് പുരുഷന്മാരാണെങ്കിലും അനുമതി ചോദിക്കേണ്ടതാണ്. 5. ഇബ്റാഹീം (അ) ബൈത്തുല്‍ മഅ്മൂറിലേക്ക് ചാരിയിരുന്നു. ഇപ്രകാരം അത്യാവശ്യ സമയത്ത് വെളിയിലേക്ക് മുതുക് തിരിഞ്ഞ് ചാരിയിരിക്കാവുന്നതാണ്. അത്യാവശ്യമില്ലെങ്കില്‍ അപ്രകാരം ചെയ്യാതിരിക്കുന്നതാണ് മര്യാദ. 6. ആദം (അ) നരകവാസികളെ കണ്ട് ദുഃഖിക്കുകയും സ്വര്‍ഗ്ഗ വാസികളെ കണ്ട് സന്തോഷിക്കുകയും ചെയ്തു. ഇപ്രകാരം മക്കളുടെ നല്ല അവസ്ഥകള്‍ കണ്ട് സന്തോഷിക്കുകയും മോശം അവസ്ഥകള്‍ കണ്ട് ദുഃഖിക്കുകയും ചെയ്യേണ്ടതാണ്. 7. സ്വന്തം സമുദായത്തിന്‍റെ എണ്ണം കുറഞ്ഞ് പോയതില്‍ മൂസാ (അ) സങ്കടപ്പെട്ട് കരഞ്ഞു. മറ്റുള്ളവരുടെ നന്മകള്‍ കണ്ട് അത് പോലെ ആകണമെന്ന് ആഗ്രഹിക്കുന്നത് നല്ലതാണ്. ഇതിന് ഗിബ്തത്ത് എന്ന് പറയപ്പെടുന്നു. മറ്റുള്ളവരുടെ നല്ല അവസ്ഥകള്‍ ഇല്ലാതാകണമെന്ന് മോഹിക്കുന്നത് അസൂയയാണ്. ഇത് ഹറാമാണ്. (ഇമാം നവവി, ശറഹ് മുസ്ലിം) 8. ജിബ്രീല്‍ (അ) വാഹനത്തിന്‍റെ മുന്നിലും മീക്കാഈല്‍ (അ) പിന്നിലും നടന്നു. ന്യായമായ ഇത്തരം സ്നേഹ-ബഹുമാനങ്ങള്‍ സ്വീകരിക്കാവുന്നതാണ്. അഹങ്കാരത്തോടെ ആകാന്‍ പാടില്ല. 9. റസൂലുല്ലാഹി (സ്വ) അനുഗ്രഹീതമായ ചില സ്ഥലങ്ങളില്‍ നമസ്കരിച്ചു. ഇപ്രകാരം അനുഗ്രഹീതമായ സ്ഥലങ്ങളില്‍ നമസ്കരിക്കുന്നത് ഐശ്വര്യത്തിന് കാരണമാണ്. എന്നാല്‍ ഇത് കൊണ്ട് ഏതെങ്കിലും സൃഷ്ടിയെ ആദരിക്കുന്നതിനെ ലക്ഷ്യം വെക്കാന്‍ പാടില്ല. 10. ഇബ്റാഹീം (അ), മൂസാ (അ), ഈസാ (അ) ഇവര്‍ സലാം പറഞ്ഞു. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സലാം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ യാത്ര ചെയ്യാത്തവര്‍ സലാം പറയേണ്ടതാണ്. എന്നാല്‍ ഉത്തമം യാത്ര ചെയ്യുന്നവര്‍ യാത്ര ചെയ്യാത്തവര്‍ക്ക് സലാം പറയലാണ്. 11. ചില സത്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് പ്രതിഫലവും ചില ദുഷ്കര്‍മ്മങ്ങള്‍ക്ക് ശിക്ഷയും നല്‍കപ്പെടുന്നതായി റസൂലുല്ലാഹി ﷺ കണ്ടു. ഈ നന്മകള്‍ ചെയ്യാനും തിന്മകള്‍ വര്‍ജ്ജിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 12. മസ്ജിദില്‍ കയറിയാല്‍ തഹിയ്യത്ത് നമസ്കാരം സുന്നത്താണ്. 13. ഏറ്റവും ഉത്തമന്‍ ഇമാമത്ത് നില്‍ക്കേണ്ടതാണ്. 14. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ അനുസ്മരിക്കാനും നന്ദി രേഖപ്പെടുത്താനും അനുഗ്രഹങ്ങളെ കുറിച്ച് പറയാവുന്നതാണ്. 15. അതിഥികള്‍ക്ക് ഉത്തമ ആഹാര-പാനീയങ്ങള്‍ നല്‍കേണ്ടതാണ്. 16. പരീക്ഷ നടത്താന്‍ അനുവാദമുണ്ട്. 17. ആദരവിന് വേണ്ടി സേവകര്‍ ആദരിക്കപ്പെടുന്നവരുടെ ചുറ്റും നില്‍ക്കാവുന്നതാണ്. 18. അതിഥികളെ ആദരിക്കുകയും സ്വാഗതം ചെയ്യുകയും അവരോട് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യേണ്ടതാണ്. 19. വരുന്നവര്‍ ഉന്നതരാണെങ്കിലും വീട്ടിലുള്ളവരോട് സലാം പറയേണ്ടതാണ്. 20. ദുആ, ഉന്നതരായ നബിമാര്‍ പോലും ചെയ്ത മഹത്തായ കര്‍മ്മമാണ്. 21. മുതിര്‍ന്നവരോടാണെങ്കിലും സദുദ്ദേശത്തോടെ നല്ല അഭിപ്രായങ്ങള്‍ പറയാവുന്നതാണ്. 22. നല്ല അഭിപ്രായങ്ങള്‍ സ്വീകരിക്കേണ്ടതാണ്. 23. ഏതെങ്കിലും വിഷയം പറയുന്നത് കൊണ്ട് വല്ല കുഴപ്പവുമുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ അത് പറയാതിരിക്കുന്നതാണ് നല്ലത്. 24. എന്നാല്‍ പറയല്‍ അത്യാവശ്യമായ കാര്യങ്ങള്‍ പ്രശ്നത്തെ ഭയന്ന് പറയാതിരിക്കാനും പാടില്ല.
ഇസ്റാഅ് സംഭവം പരിശുദ്ധ ഖുര്‍ആനിലും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. സൂറത്തുല്‍ ഇസ്റാഇന്‍റെ പ്രഥമ ആയത്ത് ഇപ്രകാരമാണ്.
سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ
وَآتَيْنَا مُوسَى الْكِتَابَ وَجَعَلْنَاهُ هُدًى لِّبَنِي إِسْرَائِيلَ أَلَّا تَتَّخِذُوا مِن دُونِي وَكِيلًا
അല്ലാഹു പരമ പരിശുദ്ധനാണ്. തന്‍റെ ദാസനെ ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറമില്‍ നിന്നും മസ്ജിദുല്‍ അഖ്സായിലേക്ക് പ്രയാണം നടത്തി. അതിന്‍റെ ചുറ്റുഭാഗത്തും നാം ഐശ്വര്യം ചൊരിഞ്ഞിരിക്കുന്നു. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുക്കുന്നതിനാണ്. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു. (സൂറത്തുല്‍ ഇസ്റാഅ്)
ഈ ആയത്തില്‍ നിന്നും ചില കാര്യങ്ങള്‍ മനസ്സിലാക്കുക. 1. سُبْحَانَ എന്ന വചനം കൊണ്ടാണ് ഈ ആയത്ത് ആരംഭിച്ചിരിക്കുന്നത്. സുബ്ഹാന എന്നത് അല്ലാഹുവിന്‍റെ പരിശുദ്ധി പ്രഖ്യാപിക്കാനും അത്ഭുതം പ്രകടിപ്പിക്കാനുമാണ് ഉപയോഗിക്കാറുള്ളത്. അതെ, റസൂലുല്ലാഹി ﷺ യുടെ ഈ യാത്ര മഹാത്ഭുതം ആയതിനോട് കൂടി അല്ലാഹുവിന്‍റെ അപാരമായ കഴിവ് വിളിച്ചറിയിക്കുന്നതുമായിരുന്നു. 2. മസ്ജിദുല്‍ ഹറാമില്‍ നിന്നും മസ്ജിദുല്‍ അഖ്സ വരെയുമുള്ള യാത്രയ്ക്ക് ഇസ്റാഅ് എന്നും ആകാശ യാത്രയ്ക്ക് മിഅ്റാജ് എന്നും പറയുന്നു. 3. അല്ലാഹുവിന്‍റെ ദാസന്‍ എന്ന പ്രയോഗത്തില്‍ നിന്നും റസൂലുല്ലാഹി ﷺ അല്ലാഹുവുമായി വളരെ അടുത്തവനും സ്വീകാര്യനുമാണ് എന്നും കൂട്ടത്തില്‍ ദൈവമല്ലെന്നും വ്യക്തമാകുന്നു. 4. മസ്ജിദുല്‍ ഹറാം എന്നത് കൊണ്ട് അനുഗ്രഹീത മസ്ജിദും മക്കാ മുകര്‍റമയും ഉദ്ദേശിക്കപ്പെടാവുന്നതാണ്. 5. മസ്ജിദുല്‍ അഖ്സയ്ക്ക് ഈ പേര് വന്നത് വളരെ വിദൂരത്തായത് കൊണ്ടാണ്. അഖ്സ എന്നാല്‍ വിദൂരം എന്നാണ് ആശയം. 6. റസൂലുല്ലാഹി (സ്വ) യെ യാത്ര ചെയ്യിക്കാതെയും ഈ അത്ഭുതങ്ങള്‍ കാട്ടിക്കൊടുക്കാമായിരുന്നു. പക്ഷെ, യാത്ര ചെയ്യിക്കുന്നതില്‍ കൂടുതല്‍ ആദരവിനെ പ്രകടിപ്പിക്കലുണ്ട്. 7. രാത്രിയില്‍ കൊണ്ട് പോയത്, ഏകാന്തതയുടെ സമയം ആയതിനാലാണ്. 8. അന്ന് മസ്ജിദുല്‍ അഖ്സയുടെ സ്ഥാനത്ത് മസ്ജിദ് ഇല്ലായിരുന്നു എന്ന് പറയപ്പെടുന്നു. ഇത് ശരിയാണെങ്കില്‍ മസ്ജിദ് കൊണ്ടുള്ള ഉദ്ദേശം കെട്ടിടമല്ല. അത് നിലനിന്ന സ്ഥലമാണ് എന്ന് പറയേണ്ടി വരും. 9. മസ്ജിദിന്‍റെ ചുറ്റുഭാഗം ഐശ്വര്യമാണ് എന്നതില്‍ നിന്നും മസ്ജിദ് വളരെ കൂടുതല്‍ ഐശ്വര്യമുള്ളതാണ് എന്ന് വ്യക്തമാകുന്നു. 10. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നും ചിലത് കാണിക്കാന്‍ വേണ്ടി എന്ന് പറഞ്ഞതില്‍ നിന്നും റസൂലുല്ലാഹി ﷺ യെ മസ്ജിദുല്‍ അഖ്സ കഴിഞ്ഞും കുറേ സ്ഥലങ്ങളിലേക്ക് കൊണ്ട് പോയി എന്ന് വ്യക്തമാകുന്നു. 11. അല്ലാഹു എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നവനാണ് എന്നത് നിഷേധികള്‍ക്ക് മുന്നറിയിപ്പാണ്. അതെ, നിങ്ങളുടെ നിഷേധവും വെറുപ്പും നന്നായി അറിയുന്ന അല്ലാഹു നിങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതാണ്. 12. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് കാണിക്കാന്‍ വേണ്ടി എന്ന് പറഞ്ഞതില്‍ നിന്നും റസൂലുല്ലാഹി ﷺ യുടെ അറിവ് വളരെ വിശാലമായതാണെങ്കിലും അല്ലാഹുവിന്‍റെ അറിവിന് തുല്ല്യമല്ല എന്ന് വ്യക്തമാകുന്നു. 13. മസ്ജിദുല്‍ അഖ്സ വരെ പോയി എന്നാണ് ആയത്തുള്ളത്. അതിനുള്ളില്‍ കയറിയതും നമസ്കരിച്ചതുമായ കാര്യങ്ങള്‍ ഹദീസുകളില്‍ വന്നിരിക്കുന്നു. 14. ഈ ആയത്തില്‍ മിഅ്റാജിനെ കുറിച്ച് സൂചനയുണ്ടെങ്കിലും സ്പഷ്ടമായി ഒന്നും വന്നിട്ടില്ല. എന്നാല്‍ റസൂലുല്ലാഹി ﷺ സിദ്റത്തുല്‍ മുന്‍തഹയുടെ അടുത്ത് വെച്ച് ജിബ്രീലിനെ രണ്ടാമതൊരിക്കല്‍ കണ്ടുവെന്ന സൂറത്ത് നജ്മിലെ ആയത്തുകള്‍ റസൂലുല്ലാഹി ﷺ ആകാശ ലോകത്തെ സിദ്റത്തുല്‍ മുന്‍തഹ വരെ പോയി എന്ന് വ്യക്തമായി. 15. അല്ലാഹു വളരെ പ്രാധാന്യത്തോടെ ഈ സംഭവം പറഞ്ഞതില്‍ നിന്നും ഇത് ഒരു മഹാസംഭവമാണെന്നും സ്വപ്നത്തില്‍ ഉണ്ടായതല്ലെന്നും മനസ്സിലാകുന്നു. സ്വപ്നത്തില്‍ ഇത്തരം ധാരാളം കാര്യങ്ങള്‍ കാണാറുള്ളതാണല്ലോ. 16. അല്ലാഹു അവന്‍റെ ദാസനെ യാത്ര ചെയ്യിപ്പിച്ചു എന്ന പ്രയോഗവും ഇത് ഉണര്‍വ്വിലാണെന്ന് വ്യക്തമാക്കുന്നു. 17. ഈ സംഭവം സ്വപ്നത്തിലോ ആത്മീയമോ ആയിരുന്നെങ്കില്‍ നിഷേധികള്‍ ഇതിനെ നിഷേധിച്ചപ്പോള്‍ ഇത് സ്വപ്നമാണെന്ന് പറഞ്ഞ് റസൂലുല്ലാഹി ﷺ ഒഴിവാകുമായിരുന്നു. മറിച്ച് നിഷേധികള്‍ മസ്ജിദിന്‍റെ വിവരണങ്ങള്‍ ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ്വ) വളരെ അസ്വസ്ഥമാകുകയും അല്ലാഹു ഉടനടി മസ്ജിദുല്‍ അഖ്സയെ കാണിച്ചുകൊടുക്കുകയും അതിലേക്ക് നോക്കിക്കൊണ്ട് റസൂലുല്ലാഹി (സ്വ) മറുപടി പറയുകയും ചെയ്തു. (മുസ്ലിം). 18. ഈ യാത്രയില്‍ റസൂലുല്ലാഹി (സ്വ) അല്ലാഹുവിനെ ദര്‍ശിച്ചോ എന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ ഭിന്നതയുണ്ട്. എന്നാല്‍ കണ്ടു എന്നും കണ്ടില്ല എന്നും രണ്ട് നിവേദനങ്ങള്‍ വന്നിരിക്കുന്നു. കണ്ടു എന്ന നിവേദനത്തിന്‍റെ ആശയം, ഒരു കൂട്ടര്‍ നേരില്‍ കണ്ടു എന്നും മറ്റൊരു കൂട്ടര്‍ മനസ്സ് കൊണ്ട് കണ്ടു എന്നും പറയുന്നു. കണ്ടില്ല എന്നതിന്‍റെ ആശയം, ഒരു കൂട്ടര്‍ സമ്പൂര്‍ണ്ണമായ കാഴ്ച കണ്ടില്ല എന്നും മറ്റൊരു കൂട്ടര്‍ കണ്ണ് കൊണ്ട് കണ്ടില്ല എന്നും പറയുന്നു. 19. ഈ ആയത്തില്‍ റസൂലുല്ലാഹി ﷺ ക്ക് ചില ദൃഷ്ടിന്തങ്ങള്‍ കാണിക്കാന്‍ എന്നും സൂറത്തുല്‍ അന്‍ആമിലെ ആയത്തില്‍ ഇബ്റാഹീം (അ) ന് ആകാശ-ഭൂമികളുടെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചു എന്നും വന്നിരിക്കുന്നു. അതെ, ആകാശ-ഭൂമികളുടെ ദൃഷ്ടാന്തം എന്നതില്‍ സര്‍വ്വ ദൃഷ്ടാന്തങ്ങളും വരുന്നതല്ല. അതല്ലാത്ത വേറെയും ദൃഷ്ടാന്തങ്ങളുണ്ട്. റസൂലുല്ലാഹി ﷺ കണ്ട ചില ദൃഷ്ടാന്തങ്ങളില്‍ ഇബ്റാഹീം (അ) കണ്ട ദൃഷ്ടാന്തങ്ങളും കാണാത്ത ദൃഷ്ടാന്തങ്ങളുമുണ്ട്. 20. ഇത്ര വേഗത്തില്‍ ഈ യാത്ര സാധ്യമാണോ എന്ന് ചിലര്‍ ചോദിക്കുന്നു. ചില നക്ഷത്രങ്ങള്‍ വളരെ വലുതാണെങ്കിലും വേഗത അങ്ങേയറ്റം വര്‍ദ്ധിച്ചതാണ്. അതെ, വേഗതയ്ക്ക് ഒരു അറ്റവുമില്ല. 21. ആകാശത്തിന്‍റെ താഴ്ഭാഗത്ത് കടുത്ത ചൂടുള്ളതിനാല്‍ ശരീരം കരിഞ്ഞുപോകുന്നതാണ് എന്ന് ചിലര്‍ പറയുന്നു. തീയുടെ ഉള്ളിലൂടെ ചില വസ്തുക്കള്‍ വേഗതയില്‍ പോകുമ്പോള്‍ തീ അതിനെ സ്പര്‍ശിക്കാത്തത് ഈ ലോകത്ത് തന്നെ നാം കാണുന്നുണ്ടല്ലോ.? 22. ആകാശം എന്ന ഒരു വസ്തു ഇല്ലെന്ന് ചിലര്‍ വാദിക്കുന്നു. അവരുടെ ഈ വാദത്തിന് ഒരു തെളിവുമില്ല.
سَرَيْتَ مِنْ حَرَمٍ لَيْلًا إِلَا حَرَمِ
كَمَا سَرَي الْبَدْرُ فِي دَاجٍ مِنَ الظُّلَمِ
وَبتَّ تَرْقَي إِلَي أَنْ نِلْتَ مَنْزِلَةً
مِنْ قَابَ قَوْسَيْنِ لَمْ تُدْرَكْ وَلَمْ تَرَمِ
وَقَدَّمَتْكَ جَمِيعُ الْأَنْبِيَاءِ بِهَا
وَالرُّسُلِ تَقْدِيمَ مَخْدُومٍ عَلَي خَدَمِ
وَأَنْتَ تَخْتَرِقُ السَّبْعَ الطِّبَاقَ بِهِمْ
فِي مَوْكَبٍ كُنْتَ فِيهِ صَاحِبَ الْعَلَمِ
حَتَي إِذَا لَمْ تَدَعْ شَاوًا لِمُسْتَبِقٍ
مِنَ الدُّنُوِّ وَلَا مَرْقًا لِمُسْتَنِمِ
خَفَضْتَ كُلَّ مَكَانٍ بِالْإِضَافَةِ إِذْ
نُودِيتَ بِالرَّفْعِ مِثْلَ الْمُفْرِدِ الْعَلَمِ
كَيْمَا تَفُوزَ بِوَصْلٍ أَيَّ مُسْتَتَرٍ
عَنِ الْعُيُونِ وَسِرٍّ أَيَّ مُكْتَتَم
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا
عَلَي حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمْ
وَالْنَخْتِمِ الْكَلَامَ عَلَي وَقْعَةِ الْإِسْرَاءِ
وَبِالصَّلَوةِ عَلَي سَيِّدِ أَهْلِ الْاصْطِفَاءِ
وَآلِهِ وَأَصْحَابِهِ أَهْلِ الْإِجْتِبَاءِ
وَمَا دَامَتِ الْأَرْضُ وَالسَّمَاءُ
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
Group -2
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
https://www.facebook.com/swahabaislamicfoundation
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
http://wa.me/9961955826
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
Group -2
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
https://www.facebook.com/swahabaislamicfoundation
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
http://wa.me/9961955826
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment