Monday, April 13, 2020

ദഅ് വത്തിന്‍റെയും തബ് ലീഗിന്‍റെയും ഉദാത്ത മാതൃകകള്‍.! -അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


ദഅ് വത്തിന്‍റെയും 
തബ് ലീഗിന്‍റെയും 
ഉദാത്ത മാതൃകകള്‍.! 
-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
https://swahabainfo.blogspot.com/2020/04/blog-post_13.html?spref=tw 
അദ്ധ്യായം 04. 
മൂസാ നബി (അ) 
സ്വന്തം സമുദായത്തിനിടയില്‍.! 
സമുദായത്തിന്‍റെ കുത്തഴിഞ്ഞ അവസ്ഥ ശത്രുക്കളെക്കാള്‍ അപകടകരം.! 
മൂസാ നബി (അ) അന്നത്തെ കാലഘട്ടത്തിലെ അക്രമിയും സ്വേച്ഛാധിപതിയുമായ ഭരണാധികാരിയോട് നടത്തിയ പ്രബോധനമാണ് കഴിഞ്ഞ അദ്ധ്യായത്തില്‍ വിവരിക്കപ്പെട്ടത്. എന്നാല്‍ മൂസാ നബി (അ) യുടെ പ്രവര്‍ത്തനത്തിന് മറ്റൊരു ഭാഗം കൂടിയുണ്ട്. സ്വന്തം സമുദായമായ ബനൂ ഇസ്റാഈലിന്‍റെ ശിക്ഷണത്തിനും സംസ്കരണത്തിനും വേണ്ടി മൂസാ നബി (അ) നടത്തിയ പ്രവര്‍ത്തനങ്ങളാണിത്. വളരെയധികം പഠനാര്‍ഹവും മാതൃകാപരവുമായ വിവിധ ചിത്രങ്ങളും പാഠങ്ങളും ഇതില്‍ നമുക്ക് ലഭിക്കുന്നതാണ്. 
സമുദായത്തിന്‍റെ അകത്തുള്ള പ്രശ്നങ്ങളും സമുദായത്തിന്‍റെ ധാര്‍മ്മിക അധഃപതനവും പലപ്പോഴും വലിയ ഒരു പരീക്ഷണമായി മാറുന്നതാണ്. പ്രത്യേകിച്ചും പരസ്പര വഴക്കുകളും ശത്രുതയും പുറത്ത് നിന്നുള്ള ശത്രുക്കളുടെ അക്രമങ്ങളെക്കാള്‍ അപകടകരമായിരിക്കും. വിശിഷ്യാ, ഒരു ഗോത്രത്തിലും കുടുംബത്തിലും പെട്ട ആളുകള്‍ പരസ്പരം പിടിയും വലിയും നടത്തുന്ന സാഹചര്യം അങ്ങേയറ്റം സഹനതയും സൂക്ഷ്മതയും ആവശ്യമുള്ള ഘട്ടമാണ്. 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*

മൂസാ നബി (അ) യുടെ നാല് കര്‍മ്മമണ്ഡലങ്ങള്‍.! 
മൂസാ നബി (അ) യുടെ കര്‍മ്മ മണ്ഡലങ്ങള്‍ നാലെണ്ണമായിരുന്നു. ഒന്ന്,  പൊതുജനങ്ങള്‍. രണ്ട്, സ്വന്തം കുടുംബാംഗങ്ങള്‍. മൂന്ന്, മിത്രങ്ങള്‍. നാല്, ശത്രുക്കള്‍. ഈ നാല് വിഭാഗത്തോടും മൂസാ നബി (അ) സ്വീകരിച്ച പൊതു സമീപനം ദഅ്വത്താണ്. ഒരു പ്രബോധകന്‍ ശത്രുവിനോടും പൊതുജനങ്ങളോടും ബന്ധുമിത്രങ്ങളോടും ദഅ് വത്തിന്‍റെ നിലയില്‍ മാത്രമേ ബന്ധപ്പെടുകയുള്ളൂ. ഏത് സാഹചര്യത്തിലും ദഅ് വത്തിന്‍റെ ഗുണവും നിറവും മണവും അദ്ദേഹത്തില്‍ നിന്നും പ്രത്യക്ഷപ്പെടുന്നതാണ്. എന്തവസ്ഥയിലും ആരോടും ദഅ് വത്തിന്‍റെ ഭാഷയില്‍ മാത്രമേ അദ്ദേഹം സംസാരിക്കുകയുള്ളൂ. അദ്ദേഹത്തിന്‍റെ ലക്ഷ്യം ദഅ് വത്ത് മാത്രമായിരിക്കും. ശൈലികള്‍ വ്യത്യസ്തമാകാമെങ്കിലും അദ്ദേഹത്തിന്‍റെ ഏകജോലി ദഅ് വത്തിന്‍റെ ഗീതമായിരിക്കും. ദഅ് വത്തിന്‍റെ കാര്യം ഇദ്ദേഹത്തിന്‍റെ മനസ്സില്‍ എങ്ങനെ ഇറങ്ങും, ഇദ്ദേഹം ഇതെങ്ങനെയായിരിക്കും സ്വീകരിക്കുക എന്ന് ആരെ കണ്ടാലും അദ്ദേഹം ചിന്തിക്കുന്നതാണ്. ദഅ് വത്തിന് എതിരായ സകല കാര്യങ്ങളില്‍ നിന്നും അദ്ദേഹം അകന്ന് മാറുന്നതാണ്. 
നബിമാരുടെയും രാഷ്ട്രീയക്കാരുടെയും ഇടയിലുള്ള വ്യത്യാസം.! 
മര്‍ദ്ദന-പീഢനങ്ങളില്‍ അകപ്പെട്ടിരുന്ന സമുദായത്തിന്‍റെ മോചനത്തിന് കൂടിയാണ് മൂസാ നബി (അ) നിയോഗിക്കപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ നമുക്കിടയില്‍ വലിയൊരു തെറ്റിദ്ധാരണ കാണപ്പെടുന്നുണ്ട്. മൂസാ നബി (അ) ബനീ ഇസ്റാഈലിനെ മോചിപ്പിക്കാന്‍ നടത്തിയ പരിശ്രമത്തെ അവതരിപ്പിക്കുമ്പോള്‍ പലരും അതിന് രാഷ്ട്രീയ നിറവും ശൈലിയും നല്‍കാറുണ്ട്. സാമുദായിക ആവേശം തിളയ്ക്കുക, അവകാശങ്ങളുടെയും ന്യായങ്ങളുടെയും തെളിവുകള്‍ നിരത്തുക മുതലായ രീതികളിലാണ് ഈ സംഭവത്തെ ചിത്രീകരിക്കുന്നത്. മറുഭാഗത്ത് ഫിര്‍ഔനും കൂട്ടരും നടത്തിയിരുന്ന അക്രമങ്ങള്‍ അതി ഭയാനകവുമായിരുന്നു. ഖുര്‍ആന്‍ തന്നെ വിവരിക്കുന്നു. നിങ്ങളെ ഫിർഔൻ കൂട്ടരിൽ നിന്നും നാം മോചിപ്പിച്ച സന്ദർഭം നിങ്ങൾ ഓർക്കുക. അവർ നിങ്ങൾക്ക് മഹാ മോശമായ ശിക്ഷ നൽകിയിരുന്നു. നിങ്ങളുടെ ആൺമക്കളുടെ കഴുത്ത് അറുത്തിരുന്നു. നിങ്ങളുടെ പെൺമക്കളെ ജീവനോടെ വിട്ടിരുന്നു. ഇതിൽ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നും കടുത്ത പരീക്ഷണമാണ് ഉണ്ടായിരുന്നത്. (ബഖറ 49). 
തീർച്ചയായും ഫിർഔൻ ഭൂമിയിൽ അഹങ്കാരം കാട്ടി. ജനങ്ങളെ പല വിഭാഗങ്ങളാക്കി അതിൽ ഒരു കൂട്ടത്തെ മർദ്ദിച്ചു. അവരുടെ ആൺകുട്ടികളെ കൊല്ലുകയും സ്ത്രീകളെ ജീവനോടെ നിലനിർത്തുകയും ചെയ്തു. അവൻ നാശകാരികളിൽ പെട്ടവൻ തന്നെയായിരുന്നു. (ഖസ്വസ് 04) 
ഇത്തരം അക്രമങ്ങളില്‍ നിന്നും സമുദായത്തെ മോചിപ്പിക്കാന്‍ പരിശ്രമിക്കുന്നവര്‍ സാമുദായിക സ്നേഹമുള്ളവരും അവകാശങ്ങളുടെയും ആവശ്യങ്ങളുടെയും ശൈലിയില്‍ സംസാരിക്കുന്നവരുമാകുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്: മൂസാ നബി (അ) ഒരു സാധാരണ രാഷ്ട്രീയ നേതാവല്ലായിരുന്നു. ഇതര നബിമാരെ പോലെ പടച്ചവന്‍റെ ഭാഗത്ത് നിന്നും നിയോഗിക്കപ്പെട്ട ഒരു നബിയാണ്. അല്ലാഹുവുമായി സംസാരിക്കാന്‍ സൗഭാഗ്യം നല്‍കപ്പെട്ടവരുമാണ്. അദ്ദേഹം പ്രഥമവും പ്രധാനവുമായി സത്യസന്ദേശത്തിന്‍റെയും വിശുദ്ധ വിശ്വാസത്തിന്‍റെയും പ്രബോധകനായിരുന്നു. ആകയാല്‍ മൂസാ നബി (അ) ദഅ് വത്തിന് മുന്‍ഗണന കൊടുത്തു. പ്രതിഷേധത്തിന്‍റെയും ആവശ്യങ്ങളുടെയും സാമുദായിക ആവേശങ്ങളുടെയും അവസ്ഥയില്‍ നിന്നും ഒഴിഞ്ഞുമാറി. അന്യായമായ ജാഹിലീ പക്ഷപാതം അലയടിച്ചുയരാനും ദേശീയ-സാമുദായിക വീക്ഷണങ്ങള്‍ ശക്തി പ്രാപിക്കാനും സാധ്യതയുള്ള ഒരു സ്ഥലമായിരുന്നിട്ടു കൂടി മൂസാ നബി (അ) അതിനെക്കാളെല്ലാം സത്യവിശ്വാസത്തിന്‍റെ ഭാഗത്തിന് മുന്‍ഗണന കൊടുത്തു. ഫിര്‍ഔനും കൂട്ടരും തെറ്റായ ശൈലികളിലേക്ക് അദ്ദേഹത്തെ പിടിച്ചുവലിയ്ക്കാന്‍ ശ്രമിക്കുകയും ചിലവേള സ്വന്തം സമുദായവും ആടിക്കളിക്കുകയും ചെയ്തപ്പോള്‍ മൂസാ നബി (അ) ശരിയായ മാര്‍ഗ്ഗത്തില്‍ അടിയുറച്ച് നിന്നു. ഇതുമായി ബന്ധപ്പെട്ട ആയത്തുകള്‍ അതീവ ശ്രദ്ധയോടെ പാരായണം ചെയ്യുക. 
മന്ത്രിമാര്‍ ഒരു വെടിയ്ക്ക് രണ്ട് പക്ഷികളെ വീഴ്ത്താന്‍ ആഗ്രഹിക്കുന്നു.! 
ഫിർഔൻ സമൂഹത്തിൽപ്പെട്ട നേതാക്കൾ പറഞ്ഞു: മൂസായും സമൂഹവും ഈ നാട്ടിൽ നാശമുണ്ടാക്കുന്നതിനും താങ്കളെയും താങ്കളുടെ ദൈവങ്ങളെയും ഉപേക്ഷിക്കുന്നതിനുമായി താങ്കൾ അവരെ (വിഹരിക്കാൻ) വിടുകയാണോ? ഫിർഔൻ പറഞ്ഞു: അവരുടെ ആൺകുട്ടികളെ നാം കൊല്ലുന്നതും സ്ത്രീകളെ ജീവനോടെ വിടുന്നതുമാണ്. തീർച്ചയായും നാം അവരുടെ മേൽ പരിപൂർണമായി അടക്കിവാഴുന്നവനാണ്. (അഅ്റാഫ് 127). 
ഇവിടെ ഫിര്‍ഔനിന്‍റെ മന്ത്രിമാര്‍ ഒരു വെടിയ്ക്ക് രണ്ട് പക്ഷികളെ വീഴ്ത്താന്‍ പരിശ്രമിക്കുകയായിരുന്നു. ഒന്ന്, ഫിര്‍ഔനിനെയും. രണ്ട്, പൊതുജനങ്ങളെയും. അതിന് വേണ്ടി ഇരുകൂട്ടരെയും ഇളക്കുകയും കോപിപ്പിക്കുകയും ചെയ്യുന്ന കാര്യം അവര്‍ പറഞ്ഞു: മൂസയും കൂട്ടരും രാജ്യത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്ന വാചകത്തിലും, താങ്കളെയും താങ്കളുടെ ദൈവങ്ങളെയും ഉപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന വാചകത്തിലും ഇത് വ്യക്തമാകുന്നുണ്ട്. 
പ്രവാചകീയ ആത്മാവ് പ്രകാശിക്കുന്നു.! 
വീരവാദവും സാമുദായിക ആവേശവും ആളിക്കത്താന്‍ സാധ്യതയുള്ള ഈ സങ്കീര്‍ണ്ണ സമയത്ത് മൂസാ നബി (അ) സ്വന്തം ലക്ഷ്യവും മാര്‍ഗ്ഗവും വിസ്മരിച്ചില്ല. അദ്ദേഹം അതില്‍ തന്നെ അടിയുറച്ച് നിന്നു. ഇവിടെ ഏതെങ്കിലും രാഷ്ട്രീയ നേതാവോ ഭൗതിക പണ്ഡിതനോ ആയിരുന്നെങ്കില്‍ അവര്‍ പറഞ്ഞതിന് ഉരുളയ്ക്കുപ്പേരിയായി മറുപടി നല്‍കുകയും ചിലപ്പോള്‍ അവരോട് പോരാട്ടത്തിന് ചാടിയിറങ്ങുകയും ചെയ്യുമായിരുന്നു. പക്ഷെ, മൂസാ നബി (അ) അതിലേക്കൊന്നും തിരിയാതെ സ്വന്തം മാര്‍ഗ്ഗമായ ദഅ് വത്തില്‍ മാത്രം ഒതുങ്ങി നിന്നു. 
എന്നാല്‍ മന്ത്രിമാരുടെ ഈ പ്രസ്താവനയ്ക്ക് ശേഷം ഫിര്‍ഔനും കൂട്ടരും ബനൂ ഇസ്റാഈലിനെ കൂടുതല്‍ ദ്രോഹിക്കാന്‍ തുടങ്ങി. അതില്‍ പൊറുതി മുട്ടിയ സമുദായം മൂസാ നബി (അ) യോട് അതിനെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ മൂസാ നബി (അ) ലക്ഷ്യവും മാര്‍ഗ്ഗവും നന്നായി തിരിച്ചറിയുകയും അതില്‍ ഉറച്ച് നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്ത ഒരു പ്രബോധകനെ പോലെ അവരോട് ഇപ്രകാരം മറുപടി നല്‍കി: മൂസാ നബി സമുദായത്തോട് പറഞ്ഞു: നിങ്ങൾ അല്ലാഹുവിനോട് സഹായം ചോദിക്കുകയും സഹനത മുറുകെപ്പിടിക്കുകയും ചെയ്യുക. ഭൂമി അല്ലാഹുവിന്റേതാണ്. അല്ലാഹുവിന്റെ ദാസന്മാരിൽ നിന്നും അവർ ഉദ്ദേശിക്കുന്നവർക്ക് അതിന്റെ അവകാശം നൽകുന്നു. അന്തിമവിജയം ഭയഭക്തർക്കാണ്. (അഅ്റാഫ് 128) 
അതെ മൂസാ നബി (അ) അല്ലാഹുവിനോട് സഹായം തേടുക എന്ന് അവരെ ഉപദേശിച്ചു. നിങ്ങള്‍ വലിയ എണ്ണമുള്ളവരാണ്. അതിനെ അവലംബിക്കുകയെന്നോ നിങ്ങള്‍ക്ക് പടച്ചവന്‍ കനിഞ്ഞരുളിയ ബുദ്ധിയും ബോധവും മുന്നില്‍ വെച്ച് രംഗത്തിറങ്ങുക എന്നോ മൂസാ നബി (അ) അവരോട് പറഞ്ഞില്ല. ബനൂ ഇസ്റാഈല്‍ ധാരാളം എണ്ണമുള്ളവരും ബുദ്ധിയും മിടുക്കും കൂടിയവരുമായിരുന്നു. പക്ഷെ, സാമുദായിക അഹങ്കാരം അവരെ പിടികൂടുന്ന ഒന്നും മൂസാ നബി (അ) പറഞ്ഞില്ല. അവരുടെ ഉന്നത ശേഷികളെ കുറിച്ച് മൂസാ നബി (അ) ക്ക് നല്ല അറിവുണ്ടായിരുന്നു. പക്ഷെ, അവര്‍ ഒന്നിലേക്കും സൂചിപ്പിക്കുക പോലും ചെയ്യാതെ ഒരു മസ്ജിദിന്‍റെ മിമ്പറില്‍ നിന്ന് പ്രഭാഷണം നടത്തുന്നത് പോലൈ മൂസാ നബി (അ) അവരോട് പറഞ്ഞു: നിങ്ങള്‍ പടച്ചവനോട് സഹായം തേടുക. സത്യത്തില്‍ അടിയുറച്ച് നില്‍ക്കുക. ഭൂമി പടച്ചവന്‍റെതാണ്. അവന്‍ ഉദ്ദേശിക്കുന്ന ദാസന്മാര്‍ക്ക് ഇത് നല്‍കുന്നു. അന്തിമ വിജയം ഭയഭക്തരായ ആളുകള്‍ക്കാണ്.! 
ഇതാണ് പടച്ചവന്‍റെ സന്ദേശം വഹിക്കുകയും സത്യസരണിയിലൂടെ സഞ്ചരിക്കുകയും കാര്യബോധം നിലനിര്‍ത്തുകയും സമുന്നതമായ ഒരു ലക്ഷ്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന ഒരു പ്രബോധകന്‍. ഇദ്ദേഹം അല്ലാഹുവിലേക്ക് മാത്രമേ ക്ഷണിക്കുകയുള്ളൂ. പടച്ചവനെ മാത്രമേ അവലംബിക്കുകയുള്ളൂ. സകല കാര്യങ്ങളും പടച്ചവനെ മാത്രം ഏല്പിക്കുന്നതാണ്. ആണ്‍ മക്കളെ കൊന്നൊടുക്കുകയും സ്ത്രീകളെ ജീവിക്കാന്‍ വിടുകയും അവരെ അടിച്ചൊതുക്കുകയും ചെയ്യും എന്ന് പറഞ്ഞ ഒരു സ്വേച്ഛാധിപതിക്ക് മറുപടിയായിട്ടാണ് മൂസാ നബി (അ) ഇത് പറഞ്ഞതെന്നോര്‍ക്കുക. അതെ, അക്രമവും അഹന്തയും ഫിര്‍ഔന്‍ മാര്‍ഗ്ഗമാക്കിയപ്പോള്‍ മൂസാ നബി (അ) പടച്ചവനോടും സഹായം ചോദിക്കാനും സത്യത്തില്‍ അടിയുറച്ച് നില്‍ക്കാനും ഉപദേശിക്കുകയും ഭൂമി അല്ലാഹുവിനുള്ളതാണ് എന്ന് പ്രസ്താവിക്കുകയും ചെയ്തുകൊണ്ട്, യഥാര്‍ത്ഥത്തില്‍ ഫിര്‍ഔനിന്‍റെ മനസ്സിലും മസ്തിഷ്കത്തിലും കനത്ത പ്രഹരമാണ് നല്‍കിയിരിക്കുന്നത്. മൂസാ നബി (അ) യുടെ സ്ഥാനത്ത് ഏതെങ്കിലും രാഷ്ട്രീയ സാമുദായിക നേതാവായിരുന്നുവെങ്കില്‍ ഈ ഭൂമി ഞങ്ങളുടേതാണെന്നും ഞങ്ങളാണ് ഇതിന്‍റെ ഉടമസ്ഥര്‍ എന്നും പറഞ്ഞ് തിരിച്ചടിക്കുമായിരുന്നു. ഇന്ത്യ ഇന്ത്യക്കാരുടേതാണ്, അമേരിക്ക അമേരിക്കക്കാരുടേതാണ് എന്ന് മുദ്രാവാക്യം മുഴക്കുന്ന ദേശീയനേതാക്കളുടെ ഒരു ശബ്ദമാണിത്. മറിച്ച് മൂസാ നബി (അ) പറഞ്ഞു: ഭൂമി അല്ലാഹുവിന്‍റേതാണ്.! ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടേത് ആണ് എന്ന് പോലും പറഞ്ഞില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അത് സത്യമാകുമായിരുന്നു. നൂറ്റാണ്ടുകളായി അവരാണ് ഈജിപ്റ്റില്‍ താമസിച്ചിരുന്നത്. ഫിര്‍ഔനിന്‍റെ ആളുകള്‍ക്ക് ഈജിപ്റ്റിലുണ്ടായിരുന്ന പൂര്‍ണ്ണ അവകാശം ബനൂഇസ്റാഈലിനും ഉണ്ടായിരുന്നു. പക്ഷെ, പ്രബോധനത്തിന് മുന്‍ഗണന കൊടുത്ത മൂസാ നബി (അ) ഭൂമി അല്ലാഹുവിന്‍റേതാണ് എന്ന് പറഞ്ഞുകൊണ്ട് സ്വന്തം സമുദായത്തെ ഒരു കാര്യം ഉണര്‍ത്തുകയാണ്: ഫിര്‍ഔന്‍ ഇവിടെ നിന്നും മാറിപ്പോകുകയും നിങ്ങള്‍ക്ക് അധികാരം ലഭിക്കുകയും ചെയ്താലും നിങ്ങളുടെ അധികാരം കാലാകാലം നിലനില്‍ക്കുന്നതല്ലെന്ന് ഓര്‍ക്കുക. കാരണം, അധികാരം ആര്‍ക്കും കാലാകാലം നല്‍കുകയില്ല എന്നതാണ് അല്ലാഹുവിന്‍റെ രീതിയും നടപടി ക്രമവും. ഈ ഭൂമി ഏതെങ്കിലും കുടുംബത്തിന്‍റെയോ സമുദായത്തിന്‍റെയോ ശാശ്വത സ്വത്തല്ല. എന്നാല്‍ അന്തിമ വിജയം, പടച്ചവനെ സ്നേഹിക്കുകയും ഭയക്കുകയും ചെയ്യുന്നവര്‍ക്കാണ്. 
മനസ്സ് തകര്‍ക്കുന്ന വാചകം.! 
മൂസാ നബി (അ) യുടെ സുദീര്‍ഘമായ പ്രബോധന ജീവിതത്തില്‍ അതിന്‍റെ വ്യത്യസ്ഥ ഘട്ടങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പ്രയാസമുണ്ടാക്കിയ വാചകം ബനൂ ഇസ്റാഈലിന്‍റെ ഈ വാക്കാണ്: നിങ്ങള്‍ ഞങ്ങളുടെ അരികില്‍ വരുന്നതിന് മുമ്പും വന്നതിന് ശേഷവും ഞങ്ങള്‍ ദ്രോഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. (അഅ്റാഫ് 129) 
ബനൂ ഇസ്റാഈലിലെ ആണ്‍ കുട്ടികളെ കൊല്ലുമെന്ന് ഫിര്‍ഔന്‍ പറഞ്ഞപ്പോള്‍ മൂസാ നബി (അ) ക്ക് ഇത്ര ദുഃഖം ഉണ്ടായിരിക്കുകയില്ല. കാരണം, ബനൂഇസ്റാഈലിന്‍റെ മോചനത്തിന് വേണ്ടിയാണ് മൂസാ നബി (അ) അയയ്ക്കപ്പെട്ടത്. എന്നാല്‍ അതിന് വേണ്ടിയുള്ള ശരിയായ പരിശ്രമത്തിന്‍റെ ഇടയില്‍ നിങ്ങളെ കൊണ്ട് ഒരു ഗുണവുമില്ല എന്ന ഈ വാചകം തീര്‍ത്തും മനസ്സ് തകര്‍ക്കുന്നത് തന്നെയാണ്. സൂറത്ത് യാസീനില്‍ ഒരു നാട്ടിലേക്ക് പ്രവാചകന്മാര്‍ പോയത് തിന്മകള്‍ കാരണം നാട്ടുകാര്‍ക്ക് ക്ഷാമമുണ്ടായപ്പോള്‍ ഞങ്ങള്‍ നിങ്ങളെ ശകുനമായി കാണുന്നു എന്ന് അവര്‍ പ്രവാചകന്മാരോട് പറഞ്ഞതും വിവരിക്കപ്പെട്ടിട്ടുണ്ട്. (യാസീന്‍ 18). ഇപ്രകാരം ബനൂ ഇസ്റാഈലും അവരുടെ വലിയ ഉപകാരിയായ മൂസാ നബി (അ) യോട് ഈ വാചകത്തിലൂടെ പറയുകയാണ്: നിങ്ങള്‍ വലിയൊരു ശകുനം ആണെന്ന് തോന്നുന്നു. നിങ്ങള്‍ കാരണം ഞങ്ങളുടെ നൂറ് കണക്കിന് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു. വീണ്ടും കൊല്ലപ്പെടുകയാണ്.! 
ഇത് എത്രയോ ഹൃദയ ഭേദകമാണ്.? ഒരു വ്യക്തി ഒരു സമുദായത്തിന്‍റെ നന്മയ്ക്ക് വേണ്ടി ജീവന്മരണ പോരാട്ടവും കഠിനമായ ത്യാഗപരിശ്രമങ്ങളും നടത്തുന്നു. അവര്‍ ഇതിന് നന്ദി രേഖപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല, വിലമതിക്കുക പോലും ചെയ്യാതെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. അതെ, അവര്‍ മൂസാ നബി (അ) യുടെ ആഗമനത്തെ ഒരു ശകുനമായി കാണുകയാണ്. ഞങ്ങളുടെ സര്‍വ്വ വിധ പ്രയാസ-പ്രശ്നങ്ങളുടെയും കാരണം നിങ്ങളാണെന്ന് ആരോപിക്കുകയാണ്. 
ദാഈ ഏതവസ്ഥയിലും ദാഈ തന്നെയായിരിക്കും.! 
മൂസാ നബി (അ) അവരുടെ ഈ ആരോപണത്തിന് ഒരു യഥാര്‍ത്ഥ നബിയെയും ഉറച്ച ദാഇയെയും പോലെ മറുപടി നല്‍കി. മനസ്സ് തകര്‍ക്കുന്ന സമുദായത്തിന്‍റെ വാചകത്തെ അദ്ദേഹം ചോദ്യം ചെയ്തില്ല. അതിന്‍റെ പേരില്‍ ദേഷ്യപ്പെട്ടതുമില്ല. മറിച്ച് നിന്ദ്യമായ ഈ വാചകത്തെ കേട്ടതായി പോലും ഭാവിച്ചില്ല. എന്നാല്‍ പ്രവാചകീയമായ ഗാംഭീര്യവും സമുന്നതമായ സഹനതയും പ്രകടിപ്പിച്ചുകൊണ്ട് അരുളി: അല്ലാഹു അടുത്ത് തന്നെ നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും അവര്‍ക്ക് പകരം ഈ ഭൂമിയില്‍ നിങ്ങളെ അധികാരികളാക്കുകയും അപ്പോള്‍ നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കുകയും ചെയ്യുന്നതാണ്. (അഅ്റാഫ് 129). 
ഒരു ദാഇയുടെ അവസ്ഥ തന്നെ വ്യത്യസ്ഥമാണ്. അദ്ദേഹം എങ്ങും എന്നും ദാഇ തന്നെയായിരിക്കും. ആഹാരം കഴിക്കുമ്പോഴും വീട്ടില്‍ കുടുംബത്തോടൊപ്പം കഴിയുമ്പോഴും ഭാര്യാ-മക്കളോടൊപ്പം കളിക്കുമ്പോഴും ദുഃഖ ഘട്ടങ്ങളില്‍ അകപ്പെടുമ്പോഴും ദാഇയുടെ ഗുണം അദ്ദേഹത്തില്‍ നിന്നും വേര്‍പിരിയുന്നതല്ല. റസൂലുല്ലാഹി (സ്വ) യുടെ അനുഗ്രഹീത ജീവിതത്തിലേക്ക് നോക്കൂ, എല്ലാ അവസ്ഥയിലും ദാഇയായിരുന്നുവെന്ന് കാണാന്‍ കഴിയും. ഇത് തന്നെയാണ് മൂസാ നബി (അ) യുടെ സംഭവത്തിലും പ്രകടമാകുന്നത്. സമുദായം അദ്ദേഹത്തെ വിലമതിക്കാതിരിക്കുകയും നിന്ദിക്കുകയും ചെയ്തതിനെ അദ്ദേഹം അവഗണിക്കുകയും പറയേണ്ട കാര്യം പറയുകയും ചെയ്തു. കൂടാതെ നിങ്ങളെങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അല്ലാഹു നോക്കും എന്ന് പറഞ്ഞതിലൂടെ മൂസാ നബി (അ) അവര്‍ക്ക് ഒരു കാര്യം മനസ്സിലാക്കി കൊടുക്കുന്നു: നിങ്ങള്‍ ഒരു കാര്യം നന്നായി ഗ്രഹിക്കുക, നിങ്ങളുടെ മനസ്സ് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.! നിങ്ങളില്‍ നിന്നും മുമ്പ് സംഭവിച്ച തെറ്റ് വീണ്ടും സംഭവിക്കാതിരിക്കട്ടെ.! അതെ, നിങ്ങള്‍ പൂര്‍വ്വികരുടെ ദൗത്യമായ സ്വയം നന്നാകലും മറ്റുള്ളവരെ നന്നാക്കലും അവഗണിച്ചത് കൊണ്ടാണ് നിങ്ങള്‍ അധഃപതിച്ചത്. ഇന്ന് ആ തെറ്റ് ഫിര്‍ഔനും കൂട്ടരും കാണിക്കുകയാണ്. നാളെ നിങ്ങള്‍ക്ക് വീണ്ടും അധികാരം ലഭിക്കുമ്പോള്‍ നിങ്ങള്‍ ഭൗതിക കാര്യങ്ങളില്‍ മുഴുകി ലക്ഷ്യവും മാര്‍ഗ്ഗവും മറന്ന് പോകരുത്. ഇത് തന്നെയാണ് മുന്‍കഴിഞ്ഞ ആയത്തിലും മഹാനവര്‍കള്‍ ഉണര്‍ത്തിയത്. മൂസാ നബി സമുദായത്തോട് പറഞ്ഞു: നിങ്ങൾ അല്ലാഹുവിനോട് സഹായം ചോദിക്കുകയും സഹനത മുറുകെപ്പിടിക്കുകയും ചെയ്യുക. ഭൂമി അല്ലാഹുവിന്റേതാണ്. അല്ലാഹുവിന്റെ ദാസന്മാരിൽ നിന്നും അവർ ഉദ്ദേശിക്കുന്നവർക്ക് അതിന്റെ അവകാശം നൽകുന്നു. അന്തിമവിജയം ഭയഭക്തർക്കാണ്. (അഅ്റാഫ് 128). അല്ലാഹുവിന്‍റെ ഇതര ഗ്രന്ഥങ്ങളിലും ഇക്കാര്യം അറിയിക്കപ്പെട്ടിരിക്കുന്നു. സബൂർ വേദത്തിൽ ഉപദേശത്തിന് ശേഷം നാം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: സുകൃതവാന്മാരായ ദാസന്മാർ ഈ ഭൂമിയുടെ അവകാശികളാകുന്നതാണ്. (അന്‍ബിയാഅ് 105). 
ചുരുക്കത്തില്‍ അല്ലാഹുവിലേക്കുള്ള ദാഇയുടെ മനസ്സിലും മസ്തിഷ്കത്തിലും മജ്ജയിലും മാംസത്തിലും ദഅ്വത്തിന്‍റെ ആത്മാവ് മികച്ച് നില്‍ക്കുന്നതാണ്. അദ്ദേഹത്തിന്‍റെ മുഴുവന്‍ വാചകങ്ങളിലും സര്‍വ്വ കര്‍മ്മങ്ങളിലും ദഅ്വത്തിന്‍റെ ശബ്ദം ഉയരുന്നതാണ്. 
മൂസാ നബി (അ) ആഗ്രഹിച്ചതൊന്ന്, അല്ലാഹു ചെയ്തത് മറ്റൊന്ന്.! 
ഇത് പോലുള്ള എന്നല്ല, ഇതിനേക്കാളും സങ്കീര്‍ണ്ണമായ ഒരു അവസ്ഥയാണ് പിന്നീട് നടന്നത്. നീണ്ട സംഭവങ്ങള്‍ക്കൊടുവില്‍ അല്ലാഹുവിന്‍റെ കല്പന പ്രകാരം മൂസാ നബി (അ) ജനതയെയും കൂട്ടി ഈജിപ്റ്റില്‍ നിന്നും യാത്രയായി. നിഷേധ-അക്രമങ്ങള്‍ കൊടികുത്തി വാഴുന്ന നാഗരികതയെക്കാള്‍ സൗകര്യങ്ങള്‍ കുറഞ്ഞ മരുഭൂമിയും ഗ്രാമവുമാണെന്ന് മനസ്സിലാക്കി മൂസാ നബി (അ) സീനായ് മരുഭൂമിയിലേക്ക് തിരിച്ചു. രാത്രിയുടെ ഇരുട്ടിലാണ് യാത്ര ആരംഭിച്ചത്. അറേബ്യന്‍ ഉപദ്വീപിന്‍റെയും ആഫ്രിക്കന്‍ വന്‍കരയുടെയും ചെറിയൊരു മണല്‍ തിട്ടയുണ്ടായിരുന്നു. ആഫ്രിക്കയെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഈ മണല്‍തിട്ട ഈജിപ്റ്റിന്‍റെ കിഴക്ക്-വടക്കായി സ്ഥിതി ചെയ്യുന്നു. മൂസാ നബി (അ) മദ്യനിലേക്ക് പോകുകയും വരികയും ചെയ്തത് ഈ വഴിയിലൂടെയാണ്. എന്നാല്‍ രാത്രിയുടെ ഇരുട്ടില്‍ മൂസാ നബി (അ) വഴി മറന്നുപോയി. ഇത് ഒരു യാദൃശ്ചിക സംഭവമല്ലായിരുന്നു. പടച്ചവന്‍റെ പ്രത്യേക തീരുമാനമായിരുന്നു. അല്ലാഹു മുന്‍കൂട്ടി തീരുമാനിച്ച പദ്ധതി പ്രകാരം മൂസാ നബി (അ) ഈ വഴിയില്‍ നിന്നും തെറ്റി സമുദ്രത്തിന്‍റെ ഭാഗത്തേക്ക് നീങ്ങി. പ്രഭാതം പൊട്ടിവിടര്‍ന്നപ്പോള്‍ മുന്നില്‍ തിരയടിക്കുന്ന സമുദ്രത്തെയാണ് കണ്ടത്. വിവരമറിഞ്ഞ് പുറപ്പെട്ട ഫിര്‍ഔനും സൈന്യവും അവരുടെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു. ഇവിടെ സമുദായം വീണ്ടും നിയന്ത്രണം വിട്ട് അലറിക്കരഞ്ഞു. അവര്‍ മൂസാ നബി (അ) യെ തെറ്റിദ്ധരിച്ചു. പഴയ സംഭവം പോലെ ഇതും വളരെ വേദനാജനകമായിരുന്നു. അവര്‍ പറഞ്ഞു: ഫിര്‍ഔനിന്‍റെ കുരുക്കില്‍ കുരുങ്ങാന്‍ വേണ്ടിയാണ് നിങ്ങള്‍ ഞങ്ങളെ ഇവിടെ കൊണ്ടുവന്നത്. നോക്കൂ, മുമ്പില്‍ സമദ്രം, പിന്നില്‍ ശത്രുസൈന്യം.! പക്ഷെ മൂസാ നബി (അ) ഇവിടെ ചിത്തം ചിതറിയില്ല. പാദം പതറിയതുമില്ല. പ്രവാചകത്വത്തിന്‍റെയും പ്രബോധനത്തിന്‍റെയും പ്രകാശം അവിടെ മിന്നിത്തിളങ്ങി. സൂറത്ത് ശുഅറാഅ് സംഭവം വിവരിക്കുന്നത് കാണുക: അങ്ങനെ ഫിർഔൻ കൂട്ടർ സൂര്യൻ ഉദിച്ചുയരുന്ന സമയത്ത് ബനൂഇസ്‌റാഈലരെ പിന്തുടർന്നു. തുടർന്ന് ഇരുസംഘവും മുഖാമുഖം കണ്ടുമുട്ടിയപ്പോൾ  മൂസാ നബിയുടെ കൂട്ടുകാർ പറഞ്ഞു: ഞങ്ങൾ പിടിക്കപ്പെട്ടു. (ശുഅറാഅ് 60, 61) 
ഒരിക്കലുമില്ല, എന്‍റെ രക്ഷിതാവ് എന്നോടൊപ്പമുണ്ട്.! 
ഈ സമയത്ത് ഒരു രാഷ്ട്രീയ നേതാവോ ഭൗതിക ഭരണാധികാരിയോ ആണെങ്കില്‍ ഇപ്രകാരം പറയുമായിരുന്നോ.? നാം വളരെ ചിന്തിച്ചാലോചിച്ച് അതി സൂക്ഷ്മമായ പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നമ്മുടെ പദ്ധതി അനുസരിച്ച് നാം നീങ്ങിക്കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും നാം ഇതില്‍ വിജയിക്കുമെന്ന് പരിപൂര്‍ണ്ണ ഉറപ്പുണ്ട്.! പക്ഷെ, വിശ്വാസവും വിവരവും വിശ്വസ്തതയുമുള്ള പ്രവാചകനായ മൂസാ നബി (അ) ചെറുതെങ്കിലും അതി ശക്തമായ ഒരു വാചകം പറഞ്ഞു: മൂസാ നബി പറഞ്ഞു: ഒരിക്കലുമില്ല.  തീർച്ചയായും എന്റെ നാഥൻ എന്നോടൊപ്പമുണ്ട്. അവൻ എനിക്ക് വഴികാണിച്ചുതരും. (ശുഅറാഅ് 62). ഈ വാചകം അങ്ങേയറ്റത്തെ വിശ്വാസവും അടിയുറപ്പും മനസ്സമാധാനവും മുറുകെ പിടിച്ച് കൊണ്ടാണ് മൂസാ നബി (അ) പറഞ്ഞത്. മൂസാ നബി (അ) ക്ക് അല്ലാഹുവില്‍ എത്ര വലിയ വിശ്വാസവും അവലംബവും ഉണ്ടായിരുന്നു, അല്ലാഹുവിന്‍റെ അജയ്യമായി കഴിവിലും അപാരമായ മഹത്വത്തിലും എത്ര വലിയ പ്രതീക്ഷയും പ്രത്യാഷയും ഉണ്ടായിരുന്നു എന്ന് ഈ വചനം അറിയിക്കുന്നുണ്ട്. രായ്ക്ക് രാമാനമുള്ള ഈ യാത്ര അല്ലാഹുവിന്‍റെ കല്പന പ്രകാരം മാത്രമാണെന്നും ഔദാര്യവാനായ അല്ലാഹു അടിമകളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ലെന്നും അല്ലാഹുവിന്‍റെ വാഗ്ദാനം ഒരിക്കലും തെറ്റുകയില്ലെന്നും മൂസാ നബി (അ) ഉറച്ച് വിശ്വസിച്ചിരുന്നു. ഇത്തരുണത്തില്‍ അലയടിച്ചുയരുന്ന സമുദ്രത്തെയും ഇളകി മറിഞ്ഞുവരുന്ന സൈന്യത്തെയും അദ്ദേഹം എങ്ങനെ ഭയക്കാനാണ്.? 
സത്യവിശ്വാസികളായ അടിമകളെ അല്ലാഹു ശത്രുക്കളുടെ ഉരുളയാക്കുന്നതല്ല. അല്ലാഹു വലിയ കരുണയും കൃപയുമുള്ളവനാണ്. അല്ലാഹു നല്ലവരായ മുഴുവന്‍ അധികാരികളെയും കൃപയുള്ള പിതാവിനെയും മാന്യതയുള്ള മനുഷ്യനെയും കാള്‍ സമുന്നതനാണ്. ആകയാല്‍ അവസ്ഥ വളരെ ഭയാനകമാകുകയും അപകടങ്ങള്‍ വലയം ചെയ്തതായി ബാഹ്യമായ കണ്ണുകള്‍ കൊണ്ട് കാണുകയും ചെയ്താലും അല്ലാഹുവിന്‍റെ കാരുണ്യത്തിലും മൂസാ നബി (അ) യുടെ സത്യസന്ധതയിലും യാതൊരു സംശയവുമില്ല. മൂസാ നബി (അ) അല്ലാഹുവിന്‍റെ സമുന്നത നബിയാണ്. അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ജനതയെയും കൂട്ടി പുറപ്പെട്ടത്. ഇത്തരുണത്തില്‍ ചെറിയ ഭയത്തിന്‍റെ പോലും ആവശ്യമില്ല. മൂസാ നബി (അ) പരിപൂര്‍ണ്ണ ഉറപ്പോടെയും ആവേശത്തോടെയും പറഞ്ഞു: ഒരിക്കലുമില്ല. അല്ലാഹു എന്നോടൊപ്പമുണ്ട്. അല്ലാഹു എനിക്ക് വഴി കാണിക്കുന്നതാണ്. 
പരിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്ന ഈ സംഭവത്തെ ഖുര്‍ആന്‍ തന്നെ വിവരിച്ച മറ്റൊരു സംഭവവുമായി ചേര്‍ത്ത് വായിക്കുക. അത് അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വ) യുടെ പലായനമാണ്. അല്ലാഹു അതിനെ കുറിച്ച് പറയുന്നു: നിങ്ങൾ നബിയെ സഹായിച്ചില്ലെങ്കിൽ (അറിയുക:) അല്ലാഹു നബിയെ സഹായിച്ചിട്ടുണ്ട്. അഥവാ നബിയെ നിഷേധികൾ പുറത്താക്കുകയും, അവരിരുവരും ഗുഹയിൽ ആയിരിക്കുകയും ചെയ്തപ്പോൾ. അങ്ങനെ നബി രണ്ടുപേരിൽ ഒരാളാവുകയും ചെയ്തപ്പോൾ 'താങ്കൾ ദുഃഖിക്കേണ്ട. അല്ലാഹു നമ്മോടൊപ്പമുണ്ട്' എന്ന് നബി തന്റെ കൂട്ടുകാരനോട് പറഞ്ഞ സന്ദർഭം. അപ്പോൾ അല്ലാഹു നബിയുടെ മേൽ സമാധാനത്തെ ഇറക്കി. നിങ്ങൾ കാണാത്ത സൈന്യത്തെ കൊണ്ട് സഹായിച്ചു. നിഷേധികളുടെ വാക്യം താഴ്ന്നതാക്കി. അല്ലാഹുവിന്റെ വാക്യം ഉന്നതം തന്നെയാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ്. (തൗബ 40). ഈ സംഭവത്തിന്‍റെ വിവരണം സ്വഹീഹുല്‍ ബുഖാരിയില്‍ ഇപ്രകാരം വന്നിരിക്കുന്നു: റസൂലുല്ലാഹി (സ്വ) ഹിജ്റയ്ക്ക് പുറപ്പെട്ടപ്പോള്‍ സഹയാത്രികനായ അബൂബക്ര്‍ സിദ്ദീഖ് (റ) നോടൊപ്പം സൗര്‍ ഗുഹയിലായിരുന്നു. തദവസരം ശത്രുക്കളുടെ കാല്‍പെരുമാറ്റം കേട്ട സിദ്ദീഖ് (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ, അവരാരെങ്കിലും അവരുടെ പാദത്തിലേക്ക് നോക്കിയാല്‍ നമ്മെ കാണുന്നതാണ്. ഉടനെ റസൂലുല്ലാഹി (സ്വ) അരുളി: മൂന്നാമന്‍ അല്ലാഹുവായ, രണ്ട് പേരെ കുറിച്ച് താങ്കള്‍ എന്ത് വിചാരിക്കുന്നു.? 
സമുന്നതരായ ഈ രണ്ട് നബിമാരുടെയും സംഭവങ്ങള്‍ക്കിടയില്‍ എത്ര വലിയ സാദൃശ്യതയാണ് ഉള്ളത്.! ഇരുവരും പ്രവാചകന്മാരും പ്രബോധകന്മാരുമാണ്. അവരുടെ അന്നത്തെ അടിയുറച്ച വിശ്വാസം ഇന്നും ജനകോടികള്‍ക്ക് ഈമാനും യഖീനും പകരുന്നു. സത്യത്തിലുള്ള അടിയുറച്ച വിശ്വാസവും അല്ലാഹുവിന്‍റെ കഴിവില്‍ പരിപൂര്‍ണ്ണമായ അവലംബവും പടച്ചവന്‍റെ കാരുണ്യത്തില്‍ തികഞ്ഞ പ്രതീക്ഷയും അവര്‍ പുലര്‍ത്തിയിരുന്നു. കാലഘട്ടത്തിലെ വലിയ തത്വജ്ഞാനിക്കും ബുദ്ധിരാക്ഷസനും അവരുടെ അടുത്ത് പോലും എത്താന്‍ കഴിയുന്നതല്ല. തീര്‍ച്ചയായും ഇത് അല്ലാഹുവിന്‍റെ ദാനമാണ്. അവന് ഇഷ്ടമുള്ളവര്‍ക്ക് അത് കനിഞ്ഞരുളുന്നു. 
പിന്നെന്ത് സംഭവിച്ചു.? 
തുടര്‍ന്ന് നടന്ന കാര്യങ്ങള്‍ അല്ലാഹു വിവരിക്കുന്നു. അപ്പോൾ മൂസാ നബിക്ക് നാം ബോധനം നൽകി. താങ്കളുടെ വടികൊണ്ട് സമുദ്രത്തെ അടിക്കുക. അപ്പോൾ അത് പിളർന്നു. എല്ലാ ഓരോ വിഭാഗവും കൂറ്റൻ പർവതംപോലെയായി. മറ്റുള്ളവരെ അവിടെവെച്ച് അതിന്റെ അരികിലേക്ക് നാം കൊണ്ടുവന്നു. മൂസാ നബിയെയും അദ്ദേഹത്തോടൊപ്പമുള്ള എല്ലാവരെയും നാം രക്ഷിച്ചു. ശേഷം മറുവിഭാഗത്തെ നാം മുക്കിക്കൊന്നു. തീർച്ചയായും അതിൽ വലിയ ദൃഷ്ടാന്തമുണ്ട്. എന്നാൽ അവരിൽ അധികം പേരും വിശ്വസിച്ചില്ല. തീർച്ചയായും താങ്കളുടെ രക്ഷിതാവ് പ്രതാപശാലിയും ഏറ്റവും വലിയ കാരുണ്യവാനുമാണ്. (ശുഅറാഅ് 63-68) 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...