Thursday, April 16, 2020

6. ഇസ് ലാമിക ചരിത്രം: ഉത്ഥാന-പതനങ്ങള്‍.! -മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


ഇസ് ലാമിക ചരിത്രം: ഉത്ഥാന-പതനങ്ങള്‍.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
https://swahabainfo.blogspot.com/2020/04/6.html?spref=tw 

സ്വഹാബത്തിന്‍റെ സ്വഭാവ ശുദ്ധി 
സ്വഹാബികളുടെ സ്വഭാവ സമുന്നതിയും സമുല്‍കൃഷ്ട രീതികളും അവരുടെ വിജയ-മുന്നേറ്റത്തിന്‍റെ ഒരു പ്രധാന ഘടകമായിരുന്നു. അവര്‍ എങ്ങും എന്നും സ്വഭാവ രീതികളില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു. ഇതിലൂടെ ഇതരര്‍ അവരുമായി ഇണങ്ങിച്ചേര്‍ന്നു. വാളും വടിയും അമ്പും കുന്തവും പ്രയോഗിക്കുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് കീഴ്പ്പെട്ടിരുന്നു. അവര്‍ ലോകമഖിലം ജയിച്ച് മുന്നേറുമെന്നും മലക്കുകള്‍ക്കും മൃഗങ്ങള്‍ക്കുമിടയിലുള്ളത് പോലെ ഇവര്‍ക്കും അപരര്‍ക്കും ഇടയില്‍ വ്യത്യാസമുണ്ടെന്നും അവരെ അടുത്തറിഞ്ഞവരെല്ലാം സാക്ഷ്യം വഹിച്ചിരുന്നു. അബൂ ഇസ്ഹാഖ് പറയുന്നു: 
ഒരൊട്ടകത്തെ കറക്കുന്ന സമയത്തിനുള്ളില്‍ സ്വഹാബികള്‍ ശത്രുക്കളെ പരാജയപ്പെടുത്തിയിരുന്നു. പരാജിതരായി മടങ്ങി വന്ന റോമന്‍ സൈന്യത്തോട് ഹിര്‍ഖല്‍ ചോദിച്ചു: നിങ്ങള്‍ക്കെന്തു പറ്റി.? നിങ്ങള്‍ നേരിട്ടവര്‍ നിങ്ങളെ പോലുള്ള മനുഷ്യരല്ലേ.? അവര്‍: അതെ. ഹിര്‍ഖല്‍: എണ്ണത്തില്‍ നിങ്ങളാണോ അവരാണോ കൂടുതല്‍.? അവര്‍: 'എല്ലാ സ്ഥാനങ്ങളിലും ഞങ്ങളായിരുന്നു എണ്ണത്തില്‍ മുന്നില്‍". ഹിര്‍ഖല്‍: എങ്കില്‍ നിങ്ങളെന്തിനാണ് പിന്തിരിഞ്ഞോടിയത്.? പ്രധാനികളില്‍പ്പെട്ട ഒരു വയോധികന്‍ പറഞ്ഞു: 'അവര്‍ (സ്വഹാബികള്‍) ഇരവുകളില്‍ വിനയ-വണക്കങ്ങള്‍ നടത്തുന്നു. പകലുകളില്‍ നോമ്പനുഷ്ടിക്കുന്നു. കരാറുകള്‍ പാലിക്കുന്നു. നന്മ കല്പിക്കുന്നു. തിന്മ നിരോധിക്കുന്നു. അവര്‍ക്കിടയില്‍ നീതിയും ന്യായവും പുലര്‍ത്തുന്നു. നാമാകട്ടെ, മദ്യപാനം നടത്തുന്നു. വ്യഭിചരിക്കുന്നു. നിഷിദ്ധ കാര്യങ്ങള്‍ കാട്ടിക്കൂട്ടുന്നു. കരാര്‍ ലംഘിക്കുന്നു. കോപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നു. തിന്മ കല്‍പിക്കുന്നു. നന്മ തടയുന്നു. ഭൂമിയില്‍ നാശമുണ്ടാക്കുന്നു. ഇതാണ് അവരുടെ വിജയത്തിന്‍റെയും നമ്മുടെ പരാജയത്തിന്‍റെയും കാരണം". ഹിര്‍ഖല്‍ പറഞ്ഞു: 'താങ്കള്‍ പറഞ്ഞത് സത്യം തന്നെ". (അല്‍ബിദായ: 7: 15) 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
മുസ്ലിംകളുടെ കൂട്ടത്തില്‍ തടവു പുള്ളിയായി കഴിഞ്ഞ ഒരാളോട്, മുസ്ലിംകളെ കുറിച്ച് ഹിര്‍ഖല്‍ ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: "അവര്‍ പകലില്‍ പടക്കുതിരകളും ഇരവില്‍ വിനയ-വണക്കങ്ങള്‍ നടത്തുന്നവരും, ആഹാരം പൈസ മുടക്കി കഴിക്കുന്നവരുമാണ്. സലാം പറയാതെ അവര്‍ എവിടെയും പ്രവേശിക്കാറില്ല. എതിരാളികള്‍ യുദ്ധം തുടങ്ങാതെ അവര്‍ യുദ്ധം തുടങ്ങാറില്ല". ഹിര്‍ഖല്‍ പറഞ്ഞു: 'നീ പറയുന്നത് സത്യമാണെങ്കില്‍ അവര്‍ ഞാനീ നില്‍ക്കുന്ന സ്ഥലം പിടിച്ചടക്കുക തന്നെ ചെയ്യും". 
റോമന്‍ സൈന്യത്തില്‍ പെട്ട ഒരാള്‍ ഒരു റോമന്‍ നേതാവിന് മുമ്പാകെ മുസ്ലിംകളെ വര്‍ണ്ണിച്ചതിങ്ങനെയാണ്. '...... അവരുടെ ഖുര്‍ആന്‍ പാരായണത്തിന്‍റെയും ദിക്റന്‍റെയും ശബ്ദം നിമിത്തം നിങ്ങള്‍ അടുത്തുള്ളയാളോട് എന്തെങ്കിലും പറഞ്ഞാല്‍ അയാള്‍ ഒന്നും മനസ്സിലാക്കുകയില്ല". റോമന്‍ നേതാവ് കൂട്ടുകാരോടായി പറഞ്ഞു: 'നിങ്ങള്‍ക്ക് നേരിടാന്‍ കഴിയാത്ത ഒരു ശക്തിയാണവര്‍". (അല്‍ ബിദായ: 7: 16) 
സ്വഹാബികളുടെ സ്വഭാവ രീതികള്‍ ശത്രുക്കളെ അവരുടെ മിത്രങ്ങളാക്കി. എന്തിനേറെ, തങ്ങളുടെ കൂട്ടത്തിലുള്ളവരെക്കാള്‍ അവര്‍ മുസ്ലിംകള്‍ക്ക് സ്ഥാനം നല്‍കുകയും അവരുടെ വിജയം ആഗ്രഹിക്കുകയും ശത്രുക്കളെ നേരിടുകയും ചെയ്തിരുന്നു. ഫുതൂഹുല്‍ ബുല്‍ദാനില്‍ ബലാദുരി ഉദ്ധരിക്കുന്നു: 
'മുസ്ലിംകളെ നേരിടാന്‍ ഹിര്‍ഖല്‍ വന്‍ സൈന്യവുമായി യര്‍മൂഖിലേക്ക് വരുന്നുണ്ടെന്ന വിവരം മുസ്ലിംകള്‍ അറിഞ്ഞപ്പോള്‍ അവര്‍ ഹിമ്മസ്വ് കാരില്‍ നിന്നും വാങ്ങിയിരുന്ന കപ്പം തിരികെ നല്‍കിക്കൊണ്ട് പറഞ്ഞു: 'നിങ്ങളില്‍ നിന്നും ഞങ്ങള്‍ വാങ്ങിയിരുന്ന കപ്പം ഞങ്ങളിതാ തിരികെ നല്‍കുന്നു. ഇനി നിങ്ങളുടെ കാര്യം നിങ്ങള്‍ തന്നെ നോക്കുക". ഹിമ്മസ്വ് നിവാസികള്‍ പറഞ്ഞു: "നിങ്ങളുടെ ഭരണവും നീതി നിഷ്ഠയുമാണ് ഞങ്ങള്‍ക്കേറ്റം പ്രിയങ്കരം. ഹിര്‍ഖലിന്‍റെ സൈന്യത്തെ നിങ്ങളോടൊപ്പം ഞങ്ങളും നേരിടാം. യഹൂദ-ക്രൈസ്തവരായ അന്നാട്ടുകാര്‍ അങ്ങനെ തന്നെ ചെയ്തു. അവര്‍ നഗര കവാടങ്ങള്‍ അടച്ച് അതിന് കാവല്‍ നിന്നു. അവര്‍ പറഞ്ഞു: "മുസ്ലിംകള്‍ക്ക് മുമ്പ് ഞങ്ങള്‍ വലിയ മര്‍ദ്ദന-പീഢനങ്ങളിലായിരുന്നു. റോമക്കാര്‍ ഇപ്പോള്‍ മുസ്ലിംകളെ പരാജയപ്പെടുത്തിയാല്‍ നമ്മുടെ പഴയ അവസ്ഥ മടങ്ങി വരും" അങ്ങനെ, അല്ലാഹു അവിശ്വാസികളെ പരാജയപ്പെടുത്തുകയും മുസ്ലിംകളെ വിജയിപ്പിക്കുകയും ചെയ്തപ്പോള്‍ അവര്‍ നഗര കവാടങ്ങള്‍ തുറന്ന് ആഹ്ളാദപൂര്‍വ്വം മുസ്ലിംകളെ എതിരേല്‍ക്കുകയും മുസ്ലിംകള്‍ക്ക് കപ്പം കൊടുത്തു കഴിഞ്ഞ് കൂടുകയും ചെയ്തു". 
മുസ്ലിംകള്‍, ഇസ്ലാമിനെ അവഗണിച്ചപ്പോള്‍... 
കാലഘട്ടം മുന്നോട്ട് കുതിച്ചു. മുസ്ലിംകളുടെ മനസ്സുകള്‍ മരവിച്ചു. "നന്മ ഉപദേശിക്കുകയും തിന്മ നിരോധിക്കുകയും ചെയ്യുന്നതിലൂടെ മാനവരാശിക്ക് നന്മ പകരാന്‍ നിയോഗിക്കപ്പെട്ട സമുന്നത സമുദായമാണ് നിങ്ങള്‍.!' എന്ന വിശുദ്ധ വാക്യം അവര്‍ മറന്നു. സൃഷ്ടികളെ ആരാധിക്കുന്നതില്‍ നിന്നും സ്രഷ്ടാവിനെ ആരാധിക്കുന്നതിലേക്ക് മാനവരാശിയെ നയിക്കാന്‍ വേണ്ടിയാണ് മുന്‍ഗാമികള്‍ തങ്ങളുടെ നാടും വീടും വിട്ടിറങ്ങിയതെന്ന് അവര്‍ ഓര്‍ത്തില്ല. അവര്‍ മനുഷ്യര്‍ പടച്ചുണ്ടാക്കിയ രീതിയില്‍ ജനങ്ങളെ ഭരിക്കാന്‍ തുടങ്ങി. നബിയെ അംഗീകരിക്കാത്ത, ഇലാഹീ സന്ദേശത്തില്‍ വിശ്വാസമില്ലാത്ത, പരലോകത്തെക്കുറിച്ച് ഭയവും വിചാരണ യെക്കുറിച്ച് വിചാരവും ഇല്ലാത്ത, സര്‍വ്വ തന്ത്ര സ്വതന്ത്രമായ ജീവിതം അവര്‍ തെരഞ്ഞെടുത്തു. ഇന്നലെ അവര്‍ നേരിട്ട ജാഹിലിയ്യാ സന്തതികളുടെ നാഗരിക-സാമൂഹ്യ-രാഷ്ട്രീയ-സ്വഭാവ-ജീവിത രീതികള്‍ അവര്‍ അനുകരിച്ചു. തീറ്റിയും, കുടിയും സുഖഭോഗവുമല്ലാതെ മറ്റൊരു ചിന്തയും അവര്‍ക്കില്ലാതായി. അവരുടെ രാജാക്കന്മാരും നേതാക്കന്മാരും ഫിര്‍ഔന്മാരോടും, സമ്പന്നര്‍ സുഖലോലുപന്മാരോടും സദൃശ്യരായി. അധികാരങ്ങള്‍ക്ക് വേണ്ടിയുള്ള അസൂയ, വൈരാഗ്യം, മാത്സര്യം, ഭൗതിക വിഭാഗങ്ങളിലുള്ള ആശ-ആര്‍ത്തി, സുഖഭോഗങ്ങളില്‍ ആണ്ടിറങ്ങല്‍, ആഘിറത്തെ അവഗണിക്കല്‍, പരസ്പരം രക്തം ചിന്തല്‍, അഭിമാനത്തിന് ക്ഷതമുണ്ടാക്കല്‍, അവകാശ ധ്വംസനം, വാഗ്ദാന ലംഘനം, അല്ലാഹുവിന്‍റെ നിയമങ്ങള്‍ തിരസ്കരിക്കല്‍, അക്രമത്തെ അനുകൂലിക്കല്‍, അല്ലാഹു നല്‍കിയ ധനം ധൂര്‍ത്തടിക്കല്‍, നികൃഷ്ടതകള്‍ പരത്തല്‍, പുത്തന്‍ കുറ്റങ്ങള്‍ ഉണ്ടാക്കല്‍... ഇങ്ങിനെ മഹാ പാപങ്ങളും തിന്മകളും അവര്‍ക്കിടയില്‍ തഴച്ച് വളര്‍ന്നു. 
ഇത്തരുണത്തില്‍ പ്രവിശാലമായ ഭരണകൂടവും സര്‍വ്വസജ്ജരായ സൈന്യവും നിറഞ്ഞ് കവിഞ്ഞ ഖജനാവും ഉണ്ടായിരുന്നിട്ടും ജനങ്ങള്‍ക്ക് മുസ്ലിംകളോടുള്ള ആദരവും ഭയവും കുറഞ്ഞു. യസീദുബ്നു അബ്ദുല്‍ മലികിന്‍റെ ദൂതന്മാര്‍ കപ്പം പിരിക്കാനായി സിജിസ്ഥാനില്‍ വന്നപ്പോള്‍ അവിടുത്തെ രാജാവ് റത്ബീല്‍ ചോദിച്ചു:നമസ്കാരത്തിന്‍റെ കാരണത്താല്‍ മുഖം കറുത്ത, വയറൊട്ടിയ, താഴ്ന്ന ചെരുപ്പുകള്‍ ധരിച്ച കുറെ ആളുകളാണ് മുമ്പ് വന്നിരുന്നത്. അവര്‍ക്കെന്ത് പറ്റി.? ദൂതന്മാര്‍ പറഞ്ഞു: "അവര്‍ മരിച്ചു പോയി." രാജാവ് പറഞ്ഞു: 'മുഖസൗന്ദര്യത്തില്‍ നിങ്ങള്‍ അവരെക്കാളും സുമുഖരാണെങ്കിലും അവര്‍ നിങ്ങളെക്കാള്‍ വാഗ്ദത്ത പാലകരും അചഞ്ചല മാനസരുമായിരുന്നു". (ഫുതുഹുല്‍ ബുല്‍ദാന്‍: 401) 
ഹിജ്റ രണ്ടാം ശതകത്തിലെ അവസ്ഥ ഇതാണെങ്കില്‍ തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലെ അവസ്ഥയെന്തായി രിക്കും.? അതെ, മേല്‍പറഞ്ഞ അപകട കാര്യങ്ങള്‍ അധികരിച്ച് കൊണ്ടിരുന്നു. ഭൂമിയില്‍ നന്മ വളര്‍ത്തിയ ശേഷം മുസ്ലിംകള്‍ അതിനെ നശിപ്പിച്ചു. അല്ലാഹുവിന്‍റെ താപ-കോപങ്ങള്‍ അവര്‍ വിളിച്ചു വരുത്തി. 
അങ്ങനെ അല്ലാഹു കോപിച്ചു. മുസ്ലിംകള്‍ ഇസ്ലാമിക നാമം വഹിക്കുകയും അങ്ങിങ്ങായി സജ്ജനങ്ങള്‍ സുകൃതങ്ങളില്‍ മുഴുകുകയും ചില ദീനീ ചിഹ്നങ്ങളും ആരാധനാ കാര്യങ്ങളും നില നില്‍ക്കുകയും ചെയ്തിരുന്നെങ്കിലും അല്ലാഹു കടുത്ത മാനസരായ ഒരു കൂട്ടം മനുഷ്യരെ മുസ്ലിംകള്‍ക്കെതിരില്‍ അഴിച്ചു വിട്ടു. മംഗോളിയര്‍, താര്‍ത്താരികള്‍. വിവരവും വിവേകവും തൊട്ടു തീണ്ടിയിട്ടില്ലാത്ത അവര്‍ മുസ്ലിംകളിലേക്ക് വാളോങ്ങി. അവരുടെ രക്തപ്പുഴകള്‍ ഒഴുക്കി. തലയോട്ടികള്‍ കൂട്ടിയിട്ടുരസി. ഒരു ക്രൂരതയും അവര്‍ ബാക്കി വെച്ചില്ല. മുസ്ലിംകളുടെ മനസ്സുകളില്‍ ഭയവും ഭീരുത്വവും ഇരച്ചുകയറി. താര്‍ത്താരികള്‍ പരാജയപ്പെട്ടു എന്ന വാക്ക് തന്നെ അവര്‍ക്ക് അവിശ്വസനീയമായി. 
അല്ലാമാ ഇബ്നുല്‍ അസീര്‍ പറയുന്നു. "താര്‍ത്താരികള്‍ തോറ്റു എന്നാരെങ്കിലും പറഞ്ഞാല്‍ നീ വിശ്വസിക്കരുത്' എന്ന് ചില പ്രധാനികള്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ജനങ്ങളുടെ മനസ്സില്‍ ഭീരുത്വം പടര്‍ന്നു പിടിച്ചു. താര്‍ത്താരികളിലെ ഒരാള്‍ ഒരു സംഘം മുസ്ലിംകളെ ഒറ്റക്ക് കൊല ചെയ്തിരുന്നു. ഒരു താര്‍ത്താരി സ്ത്രീ ഒരു വീട്ടില്‍ കയറി അതിലെ മുഴുവന്‍ അംഗങ്ങളേയും വക വരുത്തി. ഒരു താര്‍ത്താരി നൂറുകണക്കിന് മുസ്ലിംകളുള്ള ഒരു പ്രദേശത്ത് കയറി. അതിലൊരാളെ പോലും അയാള്‍ ബാക്കി വെച്ചില്ല. ഒരു താര്‍ത്താരി ഒരു മുസ്ലിമിനെ പിടികൂടി. കൊല്ലാന്‍ സാധനമൊന്നും കയ്യില്‍ ഇല്ലാത്തതിനാല്‍ അയാള്‍ പറഞ്ഞു. "നീ നിന്‍റെ തല ഈ പാറയില്‍ താഴ്ത്തി വെക്കുക. അനങ്ങിപ്പോകരുത്." താര്‍ത്താരി ദൂരെപ്പോയി വാള്‍ എടുത്ത് കൊണ്ട് വന്ന് കൊലപ്പെടുത്തുന്നത് വരെ ആ മുസ്ലിം തല ഉയര്‍ത്തിയില്ല"... ഇബ്നു അസീര്‍ പറയുന്നു: "ഇത്തരം ഉദാഹരണങ്ങള്‍ അനവധിയാണ്" 
ഈ മഹാ ദുരന്തത്തിന്‍റെ വിവരണം നടത്തുന്നതിന് മുമ്പ് അല്ലാമാ ഇബ്നു അസീര്‍ (റ) കുറിച്ച വാചകങ്ങള്‍ ശ്രദ്ധിക്കുക: "കുറെ വര്‍ഷങ്ങളോളം ഈ സംഭവങ്ങള്‍ വിവരിക്കുന്നതില്‍ നിന്നും ഞാന്‍ മടിച്ചു നിന്നു. അവയുടെ വ്യാപകത്വവും അവയോട് എനിക്കുള്ള വെറുപ്പമായിരുന്നു കാരണം. ഇപ്പോഴും അതിന് മുതിരാന്‍ എനിക്ക് മടിയുണ്ട്. ഇസ്ലാമിന്‍റെയും മുസ്ലിമിന്‍റെയും ചരമഗാനമാലപിക്കാന്‍ ആര്‍ക്കാണ് കഴിയുക.? ആ കഥ പറയല്‍ എളുപ്പമായി തോന്നുന്നത് ആര്‍ക്കാണ്".? ഹാ കഷ്ടം, എന്‍റെ മാതാവ് എനിക്ക് ജന്മം തന്നില്ലായിരുന്നുവെങ്കില്‍.! ഞാന്‍ വിസ്മൃതനായിരുന്നുവെങ്കില്‍.! പല സുഹൃത്തുക്കളും ഇതിനുമുമ്പ് എന്നെ ഇതിന് നിര്‍ബന്ധിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അതിന് തയ്യാറാകാതെ ഞാന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍, അതുകൊണ്ട് യാതൊരു ഗുണവുമില്ലെന്ന് എനിക്ക് തോന്നുന്നു. ഗതകാലത്ത് ഒരിക്കലും സംഭവിക്കാത്ത അതിഭീകരവും അത്യത്ഭുതകരവുമായ സംഭവങ്ങള്‍ ഞാന്‍ വിവരിക്കേണ്ടിയിരിക്കുന്നു. മുഴുവന്‍ മനുഷ്യരുടെ മേലും വിശിഷ്യാ, മുസ്ലിംകളുടെ മേല്‍ വന്നു പതിച്ച ഒരു അത്യാഹിതമാണ്. ആദം (അ)യുടെ സൃഷ്ടിപ്പിന് ശേഷം അത്തരമൊരു അത്യാഹിതം സംഭവിച്ചിട്ടില്ല. ബുഘ്തുനസ്ര്‍, ബനൂ ഇസ്റാഈലികളെ വധിച്ചതും ജൂത ദേവാലയം നശിപ്പിച്ചതുമാണ് ഏറ്റം വലിയ അത്യാഹിതങ്ങളിലൊന്ന്. പക്ഷെ, ഈ ശപിക്കപ്പെട്ടവര്‍ നശിപ്പിച്ച രാജ്യങ്ങളെവിടെ.? ജറൂസലം എവിടെ.? ഇവര്‍ നശിപ്പിച്ച ഓരോ രാജ്യങ്ങളും ജറൂസലമിനെക്കാള്‍ വലുതാണ്. താര്‍ത്താരികള്‍ നശിപ്പിച്ച ഒരൊറ്റ നഗരത്തില്‍ തന്നെ ബനൂ ഇസ്റാഈലികളെക്കാള്‍ അധികം ജനങ്ങള്‍ വസിച്ചിരുന്നു. ഇനിയൊരിക്കലും ലോകം ഇത്തരമൊരു അത്യാഹിതം കാണുകയില്ലെന്നു നാം പ്രത്യാശിക്കുക." (അല്‍ കാമില്‍ : 12-147,148) 
എന്നാല്‍ ഇത്തരം മഹാദുരന്തങ്ങളും മുസ്ലിംകളെ ഉണര്‍ത്താന്‍ പര്യാപ്തമായില്ല. അവര്‍ ലഹരിയില്‍നിന്നും തല ഉയര്‍ത്തിയില്ല. തെറ്റുകള്‍ തിരുത്തിയില്ല. അല്ലാഹുവിന്‍റെ വാചകങ്ങള്‍ അവരില്‍ പുലര്‍ന്നു; നബിയേ, താങ്കളുടെ ജീവനാണേ സത്യം.! അവരുടെ ലഹരിയില്‍ അവര്‍ അന്ധമായി ഉഴലുകയാണ്. (ഹിജ്ര്‍ 72) 
'നമ്മുടെ ശിക്ഷ അവരില്‍ എത്തിച്ചേര്‍ന്നപ്പോള്‍ എന്തുകൊണ്ട് അവര്‍ എളിമയുള്ളവരായില്ല.?' പക്ഷെ, അവരുടെ ഹൃദയങ്ങള്‍ കടുത്തു. അവരുടെ ദുഷ്കര്‍മ്മങ്ങള്‍ പിശാച് അവര്‍ക്ക് ആകര്‍ഷകമാക്കിക്കാട്ടി. (അന്‍ആം: 43)" ശിക്ഷകൊണ്ട് അവരെ നാം പിടികൂടിയിട്ടുണ്ട്. എന്നാല്‍ അവരുടെ നാഥനോട് അവര്‍ എളിമ കാട്ടുന്നില്ല. വിളിച്ചു കേഴുന്നുമില്ല." (മുഅ്മിനൂന്‍: 76) മുസ്ലിംകള്‍ അശ്രദ്ധയിലും അവഗണനയിലും കളി-തമാശകളിലും മുഴുകിക്കൊണ്ടിരുന്നു. ഇബ്നു അസീര്‍ തന്നെ പറയട്ടെ: 
"മുസ്ലിം രാജാക്കന്മാരിലാരിലും ദീനീ ജിഹാദിലും സേവന-സഹായങ്ങളിലും ആഗ്രഹാവേശം ഉള്ളതാ യി കാണാന്‍ കഴിയില്ല. എല്ലാവരും കളി-തമാശകളിലും ഭരണീയരെ പീഢിപ്പിക്കുന്നതിലും വ്യാപൃതരാണ്. എന്‍റെയടുക്കല്‍ ശത്രുഭീഷണിയെക്കാള്‍ അപകടം നിറഞ്ഞതാണ് ഈ അവസ്ഥാവിശേഷം. അല്ലാഹു അറിയിക്കുന്നു: "നിങ്ങള്‍ പരീക്ഷണത്തെ സൂക്ഷിക്കുക. അത് നിങ്ങളിലുള്ള അക്രമിയെ മാത്രം പിടികൂടുകയില്ല." (അന്‍ഫാല്‍: 25) 
ഇവിടെ ഒരു വസ്തുത അനുവാചകര്‍ ഗ്രഹിക്കുകയും ഗുണപാഠം ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. ഈ ഭയാനകമായ അവസ്ഥാന്തരീക്ഷത്തിനിടയില്‍ മുസ്ലിംകള്‍ ലഹരിയുടെ മയക്കത്തില്‍നിന്നും ഉണര്‍ന്നെഴുന്നേല്‍ക്കുകയും, കാര്യങ്ങള്‍ നേരെയാക്കുകയും, രോഗം ചികില്‍സിക്കുകയും, ശത്രുവിനെതിരില്‍ അണി നിരക്കുകയും ഇലാഹീ സഹായങ്ങള്‍ വഹിക്കാനുപയുക്തമായ വഴികളിലൂടെ നീങ്ങുകയും ചെയ്തപ്പോഴെല്ലാം താര്‍ത്താരികള്‍ തോറ്റ് മുട്ട് മടക്കുകയുണ്ടായി. ജലാലുദ്ദീന്‍ ഘവാറസം രാജാവ് മൂന്നു പ്രാവശ്യവും, ളാഹിര്‍ രാജാവ് പല പ്രാവശ്യവും, ഈജിപ്തിലെ നാസിര്‍ രാജാവ് ഒരു പ്രാവശ്യവും അവരെ പരാജയപ്പെടുത്തി. ഐന്‍ ജാലൂത്ത് എന്ന സ്ഥലത്ത് നടന്ന പോരാട്ടത്തെക്കുറിച്ച് അല്ലാമാ സുയൂഥി രേഖപ്പെടുത്തുന്നു. "ഇവിടെ താര്‍ത്താരികള്‍ നാശകരമായ പരാജയം ഏറ്റുവാങ്ങി. മുസ്ലിംകള്‍ ജയിച്ചുയര്‍ന്നു. അല്‍ഹംദുലില്ലാഹ്... താര്‍ത്താരികളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ പിന്തിരിഞ്ഞോടി. മുസ്ലിംകള്‍ അവരെ പിന്തുടര്‍ന്ന് പ്രഥനങ്ങള്‍ കരസ്ഥമാക്കി." (താരീഘുല്‍ ഘുലഫാഅ്) 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...