Saturday, April 18, 2020

ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ജീവ ചരിത്രം.! -മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ 
ജീവ ചരിത്രം.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/04/blog-post_66.html?spref=tw 

വിവര്‍ത്തകക്കുറിപ്പ്
കാരുണ്യവാനായ അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹത്താല്‍ ധാരാളം വ്യക്തിത്വങ്ങളെ പോലെ വിനീതനും ഏറ്റവും കൂടുതല്‍ ഉപകാരങ്ങള്‍ക്ക് കാരണക്കാരനായ ഒരു മഹാപുരുഷനാണ് ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ കാന്ദലവി മുഹാജിര്‍ മദനി (റഹ്). ശൈഖുല്‍ ഹദീസിന്‍റെ വിശ്വപ്രസിദ്ധമായ ഫളാഇലിന്‍റെ കിതാബുകള്‍ ചെറുപ്പം മുതലേ കേള്‍ക്കാനും വായിക്കാനും തുടങ്ങി. ആദരണീയ മാമ മര്‍ഹൂം മുഹമ്മദ് ഹാജ് അവര്‍കള്‍ ശൈഖിനെ കണ്ട അവസ്ഥകള്‍ വിവരിക്കുന്നതും ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട്. ആദരണീയ ജേഷ്ഠ സഹോദരന്‍ മര്‍ഹൂം ഹാഫിസ് യഹ് യ ഹാജിന്‍റെ സംസാരങ്ങളിലെ പ്രധാന വിഷയം ശൈഖിന്‍റെ ഉദ്ധരണികളായിരുന്നു. ശൈഖിന്‍റെ അവസാന കാലത്ത് ആദരണീയ പിതാവ് മര്‍ഹൂമും ശൈഖിനെ കാണുകയും വീട്ടില്‍ വന്ന് ആ കാഴ്ചയെ വൈകാരികമായി അവതരിപ്പിക്കുകയും ചെയ്തു. പടച്ചവന്‍റെ കൃപ കൊണ്ട് ശൈഖുമായി ബന്ധമുള്ള കായംകുളം ഹസനിയ്യ മദ്റസയില്‍ പഠനം ആരംഭിച്ചത് മുതല്‍ ശൈഖിനെ കുറിച്ച് കേട്ടിരുന്നു. അവിടെ ഉറുദു പഠിപ്പിക്കപ്പെട്ടിരുന്നെങ്കിലും ശൈഖിന്‍റെ ശൈലിയുടെ പ്രത്യേകതയോ വിനീതന്‍റെ ബുദ്ധിക്കുറവോ കാരണം, വായന മുമ്പോട്ട് കൊണ്ട് പോകാന്‍ വലിയ പ്രയാസമായിരുന്നു. ഇടയ്ക്ക് മിക്കവാറും എല്ലാ മുതഅല്ലിംകള്‍ക്കും ഉണ്ടാകാറുള്ളത് പോലെ ഇല്‍മിന്‍റെ മഹത്തായ വഴിയില്‍ നിന്നും പിടിച്ച് മാറ്റാനും പിന്നോട്ട് മാറാനും പല ശ്രമങ്ങളും നടന്നു. ഈ സമയത്ത് അല്ലാഹുവിന്‍റെ ഒരു ദാസി മഹാന്മാരുടെ ചരിത്രം വായിക്കാനും അതിന് ശൈഖിന്‍റെ രചനകള്‍ മുഖ്യമായും അവലംബിക്കാനും ഉപദേശിച്ചു. ഈ വിഷയത്തില്‍ വായന ആരംഭിക്കുകയും തദ്ഫലമായി ഇല്‍മീ സരണിയില്‍ ഉറയ്ക്കുകയും ചെയ്തെങ്കിലും ശൈഖിന്‍റെ രചനകള്‍ വീണ്ടും കടുപ്പമായി തന്നെ അനുഭവപ്പെട്ടു. ഒരു വൈകുന്നേരം ദാഇയെ മില്ലത്ത് മൗലാനാ മുഹമ്മദ് മൂസാ മമ്പഈ ഹസനിയ്യയില്‍ എത്തി. മഗ്രിബിന്‍റെ സുന്നത്തുകള്‍ കഴിഞ്ഞ് ഇഷാ ബാങ്ക് വരെയും നീണ്ട ഒരു പ്രഭാഷണം നടത്തി. സമുദായത്തിന്‍റെ ദുരവസ്ഥകളും രക്ഷാമാര്‍ഗ്ഗങ്ങളും അതി വൈകാരികമായി അവതരിപ്പിച്ച മൗലാനാ മര്‍ഹൂം ഇന്ത്യാ വിഭജനത്തെ പരാമര്‍ശിക്കുകയും അതിന്‍റെ ദാരുണ ചിത്രങ്ങള്‍ ശൈഖുല്‍ ഹദീസിന്‍റെ ആത്മകഥയില്‍ കാണാന്‍ കഴിയുമെന്ന് ഉണര്‍ത്തുകയും ചെയ്തു. അന്ന് തന്നെ ഹസനിയ്യ ലൈബ്രറിയില്‍ നിന്നും ആത്മകഥ സംഘടിപ്പിച്ച് വായന ആരംഭിച്ചു. അല്‍ഹംദുലില്ലാഹ്.. മനസ്സിലായി എന്ന് മാത്രമല്ല, വല്ലാത്ത സ്നേഹമുണ്ടാകുകയും പാഠത്തിന്‍റെ സമയമല്ലാത്ത മുഴുവന്‍ സമയങ്ങളും അതില്‍ കഴിച്ച് കൂട്ടുകയും ശേഷം ഉമ്മയോട് അതിന്‍റെ ആശയങ്ങള്‍ പറയുകയും അതിലുള്ള മഹാന്മാരുടെയും മഹതികളുടെയും മരണ വൃത്താന്തങ്ങള്‍ കേട്ട് മര്‍ഹൂമത്തായ ഉമ്മ വല്ലാതെ കരയുകയും ഞെരുക്കത്തിനിടയിലും ഏഴ് ഭാഗങ്ങളുള്ള ആത്മകഥ മുഴുവനും മേടിക്കാന്‍ പൈസ തരുകയും ചെയ്തു. 
തുടര്‍ന്ന് ശൈഖ് അവര്‍കളുടെ ഇതര രചനകളും വായിച്ചു. ഇതിനിടയില്‍ മഹാന്മാരെ കുറിച്ചുള്ള വായനയുമായി ബന്ധപ്പെട്ട് ഹസ്രത്ജി മൗലാനാ മുഹമ്മദ് യൂസുഫ് (റഹ്) യുടെ ബ്രഹത്തായ ജീവചരിത്രം വായിക്കാന്‍ കഴിഞ്ഞു. അതിലെ ഒരു അദ്ധ്യായം മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി ശൈഖ് അവര്‍കളെ കുറിച്ച് എഴുതിയതാണ്. വളരെ ഹൃസ്വമായും എന്നാല്‍ അങ്ങേയറ്റം സമഗ്രവും ആഴം നിറഞ്ഞതുമായതിനാല്‍ അത് വിവര്‍ത്തനം ചെയ്യണമെന്ന ആഗ്രഹം വന്നു. ഗ്രന്ഥകര്‍ത്താവ് ആമുഖത്തില്‍ പറയുന്നത് പോലെ ഈ ഗ്രന്ഥത്തിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള അദ്ധ്യായങ്ങള്‍ പ്രസ്തുത അദ്ധ്യായമാണ്. അത് എഴുതിക്കഴിഞ്ഞപ്പോഴാണ് അല്ലാമാ നദ് വി (റഹ്) യുടെ ഈ ഗ്രന്ഥം ലഭിക്കുന്നത്. ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ദൗറത്തുല്‍ ഹദീസിന്‍റെ വര്‍ഷമായിരുന്നു അത്. നീണ്ട പാഠങ്ങളായിരുന്നതിനാല്‍ അവിടെ അല്പം മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളൂ. അവധിക്ക് വീട്ടില്‍ വന്നപ്പോള്‍ എവിടെയും പോകാതെ ഉമ്മായുടെ അടുത്ത് തന്നെ ഇരുന്ന് എഴുതുമായിരുന്നു. എന്‍റെ ധൃതി പിടിച്ചതും പല കൂട്ടുകാര്‍ക്കും മനസ്സിലാകാത്തതുമായ അക്ഷരങ്ങള്‍ പാവപ്പെട്ട ഉമ്മ നന്നായി മനസ്സിലാക്കുകയും കണ്ണീര്‍ വാര്‍ത്ത് കൊണ്ട് ശബ്ദത്തില്‍ വായിച്ചതും മരിക്കാത്ത ഓര്‍മ്മയായി മനസ്സില്‍ പ്രകാശിക്കുന്നു. ദാറുല്‍ ഉലൂമിലെ വെള്ളിയാഴ്ച രാവുകളില്‍ സഹാറന്‍പൂരിലേക്ക് പോകുകയും ശൈഖുല്‍ ഹദീസിന്‍റെ വീട്ടില്‍ താമസിക്കുകയും ഇത് അവിടെ വെച്ച് എഴുതി പൂര്‍ത്തീകരിക്കുകയും ചെയ്തു. മഹാനായ മകന്‍ മൗലാനാ മുഹമ്മദ് ത്വല്‍ഹ കാന്ദലവി (റഹ്) വളരെ സ്നേഹത്തോടെ സൗകര്യങ്ങള്‍ ചെയ്ത് തന്നു. അവതാരിക വേണമെന്ന് പറഞ്ഞപ്പോള്‍, അവതാരിക എഴുതാറില്ല, പ്രസിദ്ധീകരിക്കാന്‍ നേരത്ത് അറിയിക്കുക, ഒരു കത്ത് എഴുതിത്തരാമെന്ന് പറയുകയും ധാരാളം ദുആ നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. ഇതാണ് ഈ മഹത്തായ രചനയുടെ വിവര്‍ത്തനവുമായി ബന്ധപ്പെട്ട ചെറിയ വിവരണം. 
ചരിത്ര പുരുഷനെ കുറിച്ച് ഈ ഗ്രന്ഥത്തിലൂടെ തന്നെ മനസ്സിലാക്കുക. വിശ്വ പണ്ഡിതനായ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി ചരിത്ര രേഖകളും നേരിട്ടുള്ള അനുഭവങ്ങളും മുന്നില്‍ വെച്ച് കൊണ്ട് നടത്തിയ ഈ രചന ആദരണീയ ഉലമാഇനും മുതഅല്ലിം സഹോദരങ്ങള്‍ക്കും ലക്ഷ്യവും മാര്‍ഗ്ഗവും വളരെ ശക്തവും വ്യക്തവുമായ നിലയില്‍ വരച്ച് കാട്ടുന്നു. ഗ്രന്ഥ കര്‍ത്താവിന്‍റെ ആമുഖം തന്നെ ആശയഗംഭീരമാണ്. കൂടാതെ ഉലമാ-മുതഅല്ലിംകളല്ലാത്ത മുഴുവന്‍ സഹോദരീ-സഹോദരന്മാരെയും ഈ രചന ഇല്‍മിന്‍റെയും ദിക്റിന്‍റെയും മഹത്വം ഉണര്‍ത്തുകയും കഴിവിന്‍റെ പരമാവധി അവരും ഈ വഴിയിലേക്ക് കടന്നുവരണമെന്നും ഈ വഴി അമൂല്യമാണെങ്കിലും ആഗ്രഹിക്കുന്നവര്‍ക്കെല്ലാം തുറന്ന് കിട്ടുന്ന മാര്‍ഗ്ഗമാണെന്നും ഇത് വിളിച്ചറിയിക്കുകയും ചെയ്യുന്നു. അല്ലാഹു ഇതിനെ സ്വീകരിക്കുകയും കണ്ണുകള്‍ തുറക്കാനും ഉള്‍ക്കാഴ്ച വര്‍ദ്ധിക്കാനും കാരണമാക്കുകയും ചെയ്യട്ടെ.! മഹാനായ ശൈഖിനെയും പ്രിയങ്കരനായ അല്ലാമയെയും അല്ലാഹു ഉന്നത ദറജാത്തുകള്‍ നല്‍കി അനുഗ്രഹിക്കട്ടെ.! എല്ലാ മഹാത്മാക്കള്‍ക്കും റഹ്മാനായ റബ്ബ് ഉത്തമ പ്രതിഫലങ്ങള്‍ കനിഞ്ഞരുളട്ടെ.! വിശിഷ്യാ ഇതില്‍ അനുസ്മരിക്കപ്പെട്ട എല്ലാ മഹത്തുക്കള്‍ക്കും എളിയ കുറിപ്പില്‍ ഇതിന് കാരണക്കാരെന്ന് വിവരിച്ചവര്‍ക്കും കരുണയുള്ള രക്ഷിതാവ് മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ നല്‍കട്ടെ.! വിവര്‍ത്തകനെയും പ്രസിദ്ധീകരിച്ചവരെയും മുഴുവന്‍ സഹായികളെയും സഹായിക്കുകയും സ്വീകരിക്കുകയും ചെയ്യട്ടെ.! വിശിഷ്യാ അല്ലാമാ നദ്വിയുടെ മഹത്തായ രചനകള്‍ വളരെ നല്ല നിലയില്‍ പ്രസിദ്ധീകരിക്കുകയും മുഴുവന്‍ കേരളീയരിലും എത്തിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്യുന്ന മുഫക്കിറുല്‍ ഇസ്ലാം ഫൗണ്ടേഷനെയും ഭാരവാഹികളെയും സഹായികളെയും സര്‍വ്വശക്തനായ അല്ലാഹു അനുഗ്രഹിക്കുകയും കൂടുതല്‍ സേവനങ്ങള്‍ക്ക് ഉതവി നല്‍കുകയും ചെയ്യട്ടെ.! ഈ പരിശ്രമങ്ങളില്‍ മാന്യ അനുവാചകരും പങ്കാളികളാകണമെന്ന് പ്രത്യേകം അപേക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.! 
അബ്ദുശ്ശകൂര്‍ ഖാസിമി 
ദാറുല്‍ ഖുര്‍ആന്‍ സയ്യിദ മര്‍ഹൂമ, ഓച്ചിറ. 
1441 ശഅ്ബാന്‍ 23 
(2020 ഏപ്രില്‍ 17) 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...