Saturday, April 18, 2020

06. ദഅ് വത്തിന്‍റെയും തബ് ലീഗിന്‍റെയും ഉദാത്ത മാതൃകകള്‍.! -അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


ദഅ് വത്തിന്‍റെയും 
തബ് ലീഗിന്‍റെയും 
ഉദാത്ത മാതൃകകള്‍.! 
-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
അദ്ധ്യായം 06 
സ്വഫാ മലയുടെ മുകളില്‍ അന്ത്യപ്രവാചകന്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം).! 
സയ്യിദുല്‍ മുര്‍സലീന്‍ ഖാതിമുന്നബിയ്യീന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സമുജ്ജ്വലമായ പ്രബോധന ജീവിതത്തിലെ ഓരോ കാര്യങ്ങളും അമാനുഷികതയാണെങ്കിലും അതില്‍ നിന്നും മാതൃകയ്ക്ക് വേണ്ടി രണ്ട് സംഭവങ്ങള്‍ മാത്രമാണ് ഇവിടെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒന്നാമത്തെ സംഭവം, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ദഅ്വത്ത് പരമ്പരയിലെ പ്രഥമ പരിശ്രമമായ സ്വഫാ മലയിലെ പ്രഭാഷണമാണ്. സംഭവം പറയുന്നതിന് മുമ്പ് ആമുഖമായി ഒരു കാര്യം മനസ്സിലാക്കുക: 
ദൃശ്യ ലോകത്തിന്‍റെയും അദൃശ്യ ലോകത്തിന്‍റെയും ഇടയിലുള്ള പാലം നുബുവ്വത്ത് ആണ്.! 
സത്യവിശ്വാസവും, തൗഹീദും, പരലോക വിശ്വാസവും, പ്രവാചകത്വവും ആ നാടും നാട്ടുകാരും ഒരുപോലെ മറന്നിരുന്നു. ഇവരുടെ ഇടയിലേക്കാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വിശ്വസ്തനായ മുന്നറിയിപ്പുകാരനും സുവിശേഷകനുമായി പ്രത്യക്ഷപ്പെട്ടത്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ആദ്യം ഇവരോടാണ് കാര്യം പറഞ്ഞതെങ്കിലും മുഴുവന്‍ ലോകത്തേയും അറിയിക്കാനുള്ള കാര്യം കൂടിയായിരുന്നു ഇത്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവര്‍ക്ക് രണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കാന്‍ പരിശ്രമിച്ചു. ഒന്ന്, നാം പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് മനസ്സിലാക്കിയിട്ടുള്ള ഭൗതിക വസ്തുക്കള്‍ക്കപ്പുറത്ത് അദൃശ്യമായ ധാരാളം കാര്യങ്ങളുണ്ട്. രണ്ട്, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രബോധനം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യണമെങ്കില്‍ നുബുവ്വത്ത് (പ്രവാചകത്വം) എന്താണെന്ന് മനസ്സിലാക്കിയിരിക്കണം. നുബുവ്വത്ത് കാണപ്പെടുന്ന ലോകത്തിന്‍റെയും അദൃശ്യ ലോകത്തിന്‍റെയും ഇടയിലുള്ള ഒരു പാലമാണ്. നുബുവ്വത്തിലൂടെയല്ലാതെ ആ ലോകത്തെ ശരിയായി മനസ്സിലാക്കാന്‍ മറ്റൊരു വഴിയുമില്ല. നുബുവ്വത്ത് അല്ലാത്ത മുഴുവന്‍ പാലങ്ങളും കപ്പലുകളും ഈ വിഷയത്തില്‍ നടുക്ക് വെച്ച് തകര്‍ന്നിരിക്കുകയാണ്. 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
ബുദ്ധിയുടെ അടിസ്ഥാനം പഞ്ചേന്ദ്രിയങ്ങളാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ മനസ്സിലാക്കിയ കാര്യങ്ങളില്‍ ഗവേഷണം നടത്തി ബുദ്ധി ഒരു ഫലം പുറപ്പെടുവിക്കുന്നു. പഞ്ചേന്ദ്രിയങ്ങളിലൂടെ മനസ്സിലാകാത്ത കാര്യങ്ങളുമായി ബുദ്ധിയ്ക്ക് യാതൊരു ബന്ധവുമില്ല. ബുദ്ധി സ്വതന്ത്രമായ ഒരു വസ്തുവാണെന്ന് ചിലര്‍ ധരിച്ചുവെച്ചിട്ടുള്ളത് വലിയൊരു തെറ്റാണ്. പഞ്ചേന്ദ്രിയങ്ങള്‍ കണ്ട് പിടിച്ച കാര്യങ്ങളില്‍ മാത്രമേ ബുദ്ധി പ്രവര്‍ത്തിക്കുകയുള്ളൂ. ഇവിടെയാണ് പ്രവാചകന്മാരുടെ പ്രസക്തി വ്യക്തമാകുന്നത്. 
പ്രവാചകന്മാരില്‍ നിന്നും അറബികളുടെ അകല്‍ച്ച.! 
അറബികള്‍ മൊത്തത്തിലും മക്കക്കാര്‍ പ്രത്യേകിച്ചും പ്രവാചകന്മാരുടെ അദ്ധ്യാപനങ്ങളില്‍ നിന്നും വിദൂരരത്തായിരുന്നു. വര്‍ഷങ്ങളായി അവര്‍ പ്രവാചകന്മാരുടെ പ്രബോധനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ അദൃശ്യ കാര്യങ്ങളെ കുറിച്ച് അവര്‍ക്ക് യാതൊരു സങ്കല്‍പ്പവുമില്ലായിരുന്നു. അത് കൊണ്ടാണ് ഖുര്‍ആന്‍ ഇപ്രകാരം പറഞ്ഞത്: മുന്‍ഗാമികളായ പിതാക്കന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടിട്ടില്ലാത്തത് കാരണം അശ്രദ്ധയില്‍ കഴിയുന്ന ഒരു വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടിയാണ് താങ്കളെ നിയോഗിക്കപ്പെട്ടത്. (യാസീന്‍ 06). അതെ, പരലോകത്തിന്‍റെ വിഷയത്തില്‍ അവരുടെ അറിവ് അവസാനിച്ചിരിക്കുന്നു. എന്നല്ല, അവര്‍ അതില്‍ വലിയ സംശയത്തിലും അന്ധതയിലുമാണ്. (നംല് 66). അവര്‍ക്ക് അറിയാന്‍ കഴിയാത്തതും യാഥാര്‍ത്ഥ്യം വ്യക്തമാകാത്തതുമായ കാര്യത്തെ അവര്‍ നിഷേധിച്ചിരിക്കുന്നു. (യൂനുസ് 39). 
ധര്‍മ്മത്തിന്‍റെ ആദ്യാക്ഷരം പോലും അറിയാത്തവര്‍.! 
ചുരുക്കത്തില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു അത്ഭുത സമൂഹത്തിനിടയിലാണ് ദഅ്വത്ത് ആരംഭിച്ചത്. അവര്‍ക്ക് മതത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും അടിസ്ഥാന കാര്യങ്ങള്‍ പോലും അറിയില്ലായിരുന്നു. അതിനെ കുറിച്ച് ചെറിയ ഒരു സങ്കല്‍പ്പം പോലും അവര്‍ക്കില്ലായിരുന്നു. ശരിയായ വിജ്ഞാനത്തിന്‍റെ കവാടം തുറക്കാനുള്ള ഒരു താക്കോലും അവര്‍ക്ക് ലഭിച്ചിരുന്നില്ല. 
വലിയ ശാസ്ത്രജ്ഞനും ബുദ്ധിരാക്ഷസനുമായ ഒരു വ്യക്തിയ്ക്ക് അല്‍പ്പവും പരിചയമില്ലാത്ത ഒരു ഭാഷയില്‍ എഴുതപ്പെട്ട പുസ്തകം കൊടുത്ത് നോക്കുക: പാശ്ചാത്യ യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയും അവിടെ തന്നെ പഠിപ്പിക്കുകയും ചെയ്യുന്ന അറബി അറിയാത്ത ഒരു പ്രഫസറിന് ഒരു അറബി പുസ്തകം കൊടുത്ത് രണ്ട് ദിവസം കൊണ്ട് ഇതിന്‍റെ ഒരു പേജിന്‍റെ ആശയം പറയുക എന്ന് നിര്‍ദ്ദേശിക്കുക. ഈ ഭാഷ അറിയാവുന്ന ഒരു സഹായിയെ കിട്ടിയില്ലെങ്കില്‍ രണ്ട് ദിവസമല്ല, പല ദിവസങ്ങള്‍ കഴിഞ്ഞാലും അദ്ദേഹത്തിന് ആശയമൊന്നും പറയാന്‍ സാധിക്കുകയില്ല. കാരണം, ഈ ഭാഷയുടെ ആദ്യാക്ഷരം പോലും അദ്ദേഹത്തിന് അറിയില്ല. ഇതേ അവസ്ഥ തന്നെയാണ് പഞ്ചേന്ദ്രിയങ്ങളുടെ അറിവുകള്‍ ഉണ്ടെങ്കിലും പ്രവാചകന്മാരുടെ വിജ്ഞാനവുമായി ബന്ധപ്പെടാത്തവരുടെ അവസ്ഥ.! ഇത്തരം ഒരു അവസ്ഥയില്‍ കഴിഞ്ഞ ജനതയെയാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ആദ്യമായി സംബോധന ചെയ്തത്. അത് കൊണ്ട് അവര്‍ക്ക് കാര്യം പറഞ്ഞുകൊടുക്കുന്നതിനോടൊപ്പം കാര്യം ഗ്രഹിക്കാനുള്ള അവസ്ഥയിലേക്കും അവരെ എടുത്തുയര്‍ത്തലും വലിയൊരു ആവശ്യമായിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇക്കാര്യം വളരെ തന്ത്രജ്ഞതയോടെ നിര്‍വ്വഹിക്കുകയും ചെയ്തു. 
നബിമാര്‍ ചെറിയ കാര്യങ്ങളിലും വലിയ അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നു.! 
മക്കാ മുകര്‍റമയുടെ മലഞ്ചെരുവില്‍ കഴിഞ്ഞിരുന്ന ജനങ്ങള്‍ പ്രവാചകന്മാരുടെ സന്ദേശങ്ങളില്‍ നിന്നും വളരെ അകന്നവരായിരുന്നെങ്കിലും ഒരു കാര്യത്തിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാല്‍ അത് അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും അവര്‍ സന്നദ്ധമാകുമായിരുന്നു. ഇത്തരുണത്തില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവര്‍ക്ക് ലളിതമായ നിലയില്‍ കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കാന്‍ ഉദ്ദേശിച്ചു. ആദ്യമായി അവര്‍ക്ക് നുബുവ്വത്തിന്‍റെയും പ്രവാചകന്മാരുടെയും മഹത്വവും ഇത് അംഗീകരിക്കാതിരുന്നാലുള്ള നാശ-നഷ്ടങ്ങളും പ്രവര്‍ത്തനത്തിലൂടെ തന്നെ കാട്ടിക്കൊടുത്തു. ഈ പ്രബോധന ശൈലി ആയിരക്കണക്കിന് തെളിവുകളെക്കാള്‍ ശക്തവും വ്യക്തവുമായിരുന്നു. എല്ലാ നബിമാരും ഇപ്രകാരം തന്നെയാണ്. നബിമാര്‍ സാങ്കല്‍പികവും മനസ്സിലാക്കാന്‍ പ്രയാസകരവും അനാവശ്യവും തത്വശാസ്ത്രപരവുമായ വാചകങ്ങള്‍ പറയുകയോ ശൈലികള്‍ സ്വീകരിക്കുകയോ ചെയ്യുന്നതല്ല. 
ജനങ്ങളുടെ അവസ്ഥയ്ക്കനുസരിച്ച് വര്‍ത്തിക്കുക.! 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പ്രഥമ പ്രബോധനത്തിന് കഅ്ബാ ശരീഫയുടെ അടുത്തുള്ള സ്വഫാ മലയിലേക്ക് വന്നു. ജനങ്ങള്‍ അവരുടെ ജോലികളിലും തിരക്കുകളിലുമായിരുന്നു. ഇവിടെ അവരെ ഒരുമിച്ച് കൂട്ടാന്‍ അവര്‍ക്ക് പരിചയമുള്ള ഒരു ശൈലി തന്നെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) സ്വീകരിച്ചു. അവര്‍ എന്തെങ്കിലും അപകടങ്ങളും പ്രശ്നങ്ങളുമുണ്ടായാല്‍ മലയിലോ കുന്നിലോ കയറി യാ സ്വബാഹാ എന്ന് വിളിക്കുകയും ജനങ്ങള്‍ അത് കേള്‍ക്കുന്നപാടെ ജോലികളെല്ലാം ഉപേക്ഷിച്ച് ഓടിക്കൂടുകയും ചെയ്യുമായിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇതേ നിലയില്‍ വിളിക്കുകയും അവരെല്ലാവരും ഓടിക്കൂടുകയും ചെയ്തു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവരോട് ചോദിച്ചു: ഈ മലയുടെ മറുഭാഗത്ത് നിന്നും ശത്രുക്കളുടെ ഒരു സൈന്യം നിങ്ങളെ അക്രമിക്കാന്‍ വരുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ അത് അംഗീകരിക്കുമോ.? അവര്‍ പറഞ്ഞു: തീര്‍ച്ചയായും, കാരണം താങ്ങളെ കുറിച്ച് സത്യമല്ലാതെ മറ്റൊന്നും ഞങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടില്ല. അപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: പടച്ചവന്‍റെ കഠിനമായ ശിക്ഷ നിങ്ങളിലേക്ക് വരുന്നതിന് മുമ്പ് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ വന്നവനാണ്.! ബാഹ്യമായി വളരെ ചെറിയ ഒരു സംഭവവും ഹൃസ്വമായ ഒരു വാചകവുമാണെങ്കിലും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സമ്പൂര്‍ണ്ണമായ ദഅ്വത്താണിത്. ഇതില്‍ ദഅ്വത്തിന്‍റെ ലക്ഷ്യം, മാര്‍ഗ്ഗം, രീതി, ശൈലി, വിഷയം ഇതെല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു. അതില്‍ ചില കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞു. മറ്റ് ചിലത് ശ്രദ്ധിക്കുക. 
യഥാ സമയത്തുള്ള ശരിയായ ശബ്ദം.! 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ജനങ്ങളുടെ അരികിലേക്ക് വന്നു. ശരിയായ സ്ഥലത്തും സമയത്തും നിന്ന് അവരെ വിളിക്കേണ്ടത് പോലെ വിളിച്ചു. ഇന്ന് ചിലര്‍ ചെയ്യുന്നത് പോലെ അസമയത്തോ അല്ലെങ്കില്‍ സമയത്ത് തന്നെ അനാവശ്യ കാര്യങ്ങള്‍ക്കോ വിളിക്കലല്ല. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മക്കക്കാര്‍ക്കെല്ലാം പ്രിയങ്കരനും വിശ്വസ്തനുമായിരുന്നു. ഇന്ന് വരെയും അവര്‍ക്കുള്ള അനുഭവം വളരെ ഉത്തമമായിരുന്നു. അത് കൊണ്ട് അവരെല്ലാവരും ഒരുമിച്ച് കൂടി. 
നിഷ്കളങ്കരോട് കാര്യം പറയുക.! 
അവരെല്ലാവരും ഒരുമിച്ച് കൂടിയപ്പോള്‍ അവരോട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഉണര്‍ത്തി. അവരോട് ചോദിച്ചു: ഈ മലയുടെ മറുഭാഗത്ത് നിന്നും ഒരു ശത്രുക്കളുടെ പട നിങ്ങളിലേക്ക് വരുന്നു എന്ന് ഞാന്‍ അറിയിച്ചാല്‍ നിങ്ങള്‍ അംഗീകരിക്കുമോ.? മുമ്പില്‍ നില്‍ക്കുന്ന ജനങ്ങള്‍ സാധാരണക്കാരായിരുന്നു. അവര്‍ക്ക് വലിയ വിജ്ഞാനങ്ങളോ തത്വശാസ്ത്രങ്ങളോ അറിവില്ലായിരുന്നു. പക്ഷെ, നിഷ്കളങ്കരും യാഥാര്‍ത്ഥ്യ ബോധവും സല്‍ബുദ്ധിയുമുള്ളവരായിരുന്നു. ഇത് പടച്ചവന്‍റെ വലിയ അനുഗ്രഹങ്ങളാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇപ്രകാരം പറഞ്ഞപ്പോള്‍ അവര്‍ അവസ്ഥകളെ നിരൂപണം ചെയ്തു. ഇന്ന് വരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) സത്യസന്ധനും വിശ്വസ്തനും ഗുണകാംക്ഷിയുമാണ്. നില്‍ക്കുന്നതാകട്ടെ മലയുടെ മുകളിലാണ്. ഒരു ഭാഗത്ത് ജനങ്ങള്‍ നില്‍ക്കുന്നു. ആ ഭാഗം ജനങ്ങള്‍ കാണുന്നുണ്ട്. മറുഭാഗത്ത് ആരുമില്ലെങ്കിലും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അത് കാണുന്നുണ്ടെങ്കിലും അവര്‍ അത് കാണുന്നില്ല. ഇത്തരുണത്തില്‍ അവര്‍ ഉടനെ തന്നെ മറുപടി പറഞ്ഞു: താങ്കള്‍ പറയുന്നത് ഞങ്ങള്‍ അംഗീകരിക്കും. കാരണം താങ്കളെ കുറിച്ച് ഞങ്ങള്‍ സത്യമല്ലാത്ത ഒന്നും അനുഭവിച്ചറിഞ്ഞിട്ടില്ല. 
നിഷേധികള്‍ അറിവുള്ളവരായാലും ദുര്‍വാശിക്കാരായിരിക്കും.! 
നബിമാരുടെ സന്ദേശം അതി ലളിതവും അങ്ങേയറ്റം ബലവത്തുമാണ്. അവക്രമായ ചിന്തയും ബോധവുമുള്ള ആര്‍ക്കും അതിനെ നിഷേധിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ നിഷേധികള്‍ എത്ര വലിയ തത്വജ്ഞാനികളും വിവരമുള്ളവരുമായിരുന്നാലും അവര്‍ വിവരം കെട്ട ദുര്‍വാശിയില്‍ കുടുങ്ങിത്തന്നെ കിടക്കുന്നതാണ്. അത് കൊണ്ടുതന്നെ പ്രവാചകന്മാര്‍ നിഷേധികള്‍ ഉന്നയിക്കുന്ന തര്‍ക്കങ്ങള്‍ക്ക് നല്‍കുന്ന മറുപടി ഇപ്രകാരമാണ്: അല്ലാഹു എനിക്ക് സന്മാര്‍ഗ്ഗം കാട്ടിത്തന്നിരിക്കുന്നു. അങ്ങനെയുള്ള അല്ലാഹുവിന്‍റെ വിഷയത്തില്‍ നിങ്ങള്‍ എന്നോട് തര്‍ക്കങ്ങള്‍ നടത്തുകയാണോ.? (അന്‍ആം: 81). ആകാശ-ഭൂമികളെ മുന്‍മാതൃകയില്ലാതെ പടച്ച അല്ലാഹുവിന് വല്ല സംശയവുമുണ്ടോ.? (ഇബ്റാഹീം). 
എന്നാല്‍ നിരക്ഷകരായ അറബികള്‍ വിവരമുള്ള നിഷേധികളെക്കാള്‍ യാഥാര്‍ത്ഥ്യ ബോധമുള്ളവരും കാര്യഗ്രാഹികളുമായിരുന്നു. പ്രവാചകന്മാര്‍ അറിയിച്ച കാര്യങ്ങള്‍ അവര്‍ ഇത് വരെയും കാണുകയോ അറിയുകയോ ചെയ്തിട്ടില്ല എന്നത് മാത്രമായിരുന്നു അവരുടെ സംശയത്തിന്‍റെ അടിസ്ഥാനം. അല്ലാഹു പറയുന്നു: അവര്‍ക്ക് പരിപൂര്‍ണ്ണമായി അറിവില്ലാത്തതും ഇത് വരെയും യാഥാര്‍ത്ഥ്യം വ്യക്തമാകാത്തതുമായ കാര്യങ്ങളെ ഇവര്‍ നിഷേധിക്കുകയാണ്. (യൂനുസ് 39). ചുരുക്കത്തില്‍, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇന്നുവരെയുമുള്ള വിശ്വസ്തത നിറഞ്ഞ ജീവിതത്തിലൂടെ അവരുടെ മനസ്സില്‍ വിശ്വാസമുണ്ടാക്കിയെടുക്കുകയും പറയാന്‍ പോകുന്ന കാര്യം ശരിയാണെന്ന് അവരെ കൊണ്ട് ആദ്യം സമ്മതിപ്പിക്കുകയും ചെയ്തു. 
കണ്ടിട്ടില്ലാത്ത ലോകത്തില്‍ വിശ്വസിക്കുക.! 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലുള്ള വിശ്വാസത്തിന്‍റെ ഘട്ടം കഴിഞ്ഞപ്പോള്‍ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചുകൊണ്ട് അരുളി: വരാനിരിക്കുന്ന അതി ഭയങ്കര ശിക്ഷയില്‍ നിന്നും ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നവനാണ്. (അല്‍ബിദായ വന്നിഹായ). ഇത് ദഅ്വത്തിന്‍റെ മര്‍മ്മ ഭാഗമായിരുന്നു. ഇന്നുവരെയും കണ്ടിട്ടില്ലാത്ത ഒരു മഹാലോകമായ പരലോകത്തിന്‍റെ വിശ്വാസമാണ് ദഅ്വത്തിന്‍റെ പ്രധാനപ്പെട്ട ഒരു അടിസ്ഥാനം. 
ഈ ശിക്ഷ എവിടെയാണുള്ളതെന്നും താങ്കള്‍ കണ്ടിട്ടുണ്ടോ എന്നും ഇവിടെ അവര്‍ ചോദിക്കാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മലമുകളില്‍ നില്‍ക്കുന്നത് അവര്‍ കണ്ടു. ഞങ്ങള്‍ മലയുടെ താഴ്ഭാഗത്താണ് നില്‍ക്കുന്നതെന്നും ഞങ്ങള്‍ കാണാത്ത പലതും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) കാണുന്നുണ്ടെന്നും അവര്‍ മനസ്സിലാക്കി. അതെ, അവര്‍ സത്ബുദ്ധിയുള്ളവരും നിഷ്പക്ഷമതികളും ധീരതയുള്ളവരുമായിരുന്നു. അതുകൊണ്ട് അവര്‍ അത് അംഗീകരിക്കുകയും മനസ്സ് കൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു: മലയുടെ മറുഭാഗത്ത് നിന്നും ഒരു സൈന്യം അക്രമിക്കാന്‍ വരുന്നു എന്ന് പറഞ്ഞാല്‍ അത് സാധ്യതയുള്ളതും താങ്കള്‍ വിശ്വസ്തനായതിനാല്‍ ഞങ്ങള്‍ അത് വിശ്വസിക്കും. ഇപ്രകാരം ഞങ്ങളുടെ പാപങ്ങള്‍ കാരണം പടച്ചവന്‍റെ ശിക്ഷ ഞങ്ങളിലേക്ക് വരുന്നു എന്ന് പറഞ്ഞാലും ഞങ്ങള്‍ അംഗീകരിക്കും. 
നബിമാര്‍ അല്ലാഹുവിന്‍റെ സന്ദേശങ്ങളുടെ മലമുകളില്‍ നിലയുറപ്പിച്ചവരാണ്.! 
നബിമാരില്‍ ഏറ്റവും ഉന്നത വ്യക്തിത്വമായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് നാവിന്‍റെയും ബുദ്ധിയുടെയും സമുന്നത ശേഷി നല്‍കിയിരുന്നു. ഇവിടെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അതിസുന്ദരമായ നിലയില്‍ നുബുവ്വത്തിന്‍റെ സ്ഥാനവും നബിമാരുടെ മഹത്വവും വ്യക്തമാക്കി കൊടുക്കുകയായിരുന്നു. മഹാന്മാരായ നബിമാര്‍ അല്ലാഹുവിന്‍റെ സന്ദേശങ്ങളുടെ ഗിരിശൃംഗത്തില്‍ നിലയുറപ്പിച്ചവരാണ്. അവിടെ നിന്നും അവര്‍ കാണപ്പെടുന്ന ലോകത്തെയും അദൃശ്യ ലോകത്തെയും രണ്ടും കാണുന്നുണ്ട്. അവരുടെ സ്ഥാനം വളരെ സൂക്ഷ്മവും ഉത്കൃഷ്ടവുമാണ്. ഒരു ഭാഗത്ത് അവര്‍ ഒരു സമ്പൂര്‍ണ്ണ മനുഷ്യനായതിനാല്‍ ലോകത്തെ കുറിച്ച് മനുഷ്യര്‍ കാണുന്ന എല്ലാ കാര്യങ്ങളും അവരും കാണുന്നതാണ്. മറുഭാഗത്ത് അവര്‍ അല്ലാഹുവിന്‍റെ ദൂതന്മാരായതിനാല്‍ സാധാരണ മനുഷ്യര്‍ കാണാത്ത പലതും കാണുന്നതാണ്. ഇതിന് ഗൈബ് എന്ന് പറയുന്നു. ഗൈബില്‍ നിന്നും അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്. ഇതില്‍ അവരോട് മറ്റൊരു മനുഷ്യനും പങ്കാളികളാകുന്നതല്ല. അല്ലാഹു പറയുന്നു: അല്ലാഹു ഗൈബ് (അദൃശ്യങ്ങള്‍) അറിയുന്നവനാണ്. അല്ലാഹു ആര്‍ക്കും അത് തുറന്ന് കാണിച്ചു കൊടുക്കുന്നതല്ല. എന്നാല്‍ അല്ലാഹു തൃപ്തിപ്പെട്ട പ്രവാചകന്മാര്‍ക്ക് അത് കാണിച്ചുകൊടുക്കുന്നതാണ്. (അല്‍ജിന്ന് 26, 27). ഒരു മനുഷ്യന്‍ എത്ര വലിയ വ്യക്തിയാണെങ്കിലും നബിമാരുടെ ഈ അറിവില്‍ പങ്കാളികളാകുന്നതല്ല. 
ഒരു ഉദാഹരണത്തില്‍ ചിന്തിക്കുക: ഒരു സദസ്സിന് മുന്നില്‍ ഒരാള്‍ നിന്ന് പ്രഭാഷണം നടത്തുകയാണ്. അദ്ദേഹത്തിലേക്ക് സദസ്യര്‍ തിരിഞ്ഞിരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ നേരെ മുന്നില്‍ ഒരു വാതില്‍ തുറന്ന് കിടക്കുന്നു. അദ്ദേഹം അതിലൂടെ പുറത്തുള്ള കാര്യങ്ങളെല്ലാം കാണുന്നു. സദസ്യര്‍ ഒന്നും കാണുന്നില്ല. ഇവിടെ പ്രഭാഷകന്‍ വാതിലിനപ്പുറത്ത് കുറെ ആളുകള്‍ നില്‍ക്കുന്നു എന്ന് പറഞ്ഞാല്‍ സദസ്യര്‍ക്ക് നിഷേധിക്കാന്‍ സാധ്യമല്ല. കാരണം അവര്‍ കാണാത്ത പല കാര്യങ്ങളും പ്രഭാഷകന്‍ കാണുന്നുണ്ട്. ഇത് തന്നെയാണ് നബിമാരുടെയും അവസ്ഥ. സാധാരണ മനുഷ്യര്‍ കാണാത്ത പല കാര്യങ്ങളും അവര്‍ കാണുന്നു. ഈയൊരു കാര്യം മനസ്സിലാക്കിയാല്‍ നബിമാര്‍ അറിയിക്കുന്ന എല്ലാ യാഥാര്‍ത്ഥ്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. 
യഥാര്‍ത്ഥ അപകടം ഉണരുക.! 
തുടര്‍ന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മക്കക്കാരും അക്കാലത്തുണ്ടായിരുന്ന മുഴുവന്‍ ജനങ്ങളും മറന്നിരുന്ന യഥാര്‍ത്ഥ അപകടത്തെ ഉണര്‍ത്തിക്കൊണ്ട് പറഞ്ഞു: നിങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു ഭയങ്കര ശിക്ഷയിലേക്ക് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു.! അതെ, അവര്‍ നടത്തിക്കൊണ്ടിരുന്ന വിഗ്രഹാരാധന പോലുള്ള മഹാപാപങ്ങളുടെയും ജാഹിലീ ദുഃസ്വഭാവങ്ങളായ അക്രമങ്ങളുടെയും പരിണിത ഫലമായി ഉണ്ടാകാനിരിക്കുന്ന ശിക്ഷയെ കുറിച്ചാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവരെ ഉണര്‍ത്തിയത്. അവര്‍ സത്യവിശ്വാസം സ്വീകരിക്കുകയോ വിശുദ്ധ വിജ്ഞാനം പഠിക്കുകയോ ചെയ്തിരുന്നില്ല. അവര്‍ക്കിടയില്‍ നീതിയും ഭയഭക്തിയും ഇല്ലാതായിപ്പോയിരുന്നു. അവരുടെ പ്രകൃതി തന്നെ നാശകരമാകുകയും സമൂഹം മുഴുവന്‍ പാപങ്ങളില്‍ മുഴുകുകയും ചെയ്തിരുന്നു. തദ്ഫലമായി പലവിധ പ്രശ്നങ്ങളും നാശങ്ങളും ഉണ്ടായിത്തീര്‍ന്നിരുന്നു. അല്ലാഹു അറിയിക്കുന്നു. കടലിലും കരയിലും ജനങ്ങളുടെ പ്രവർത്തനങ്ങൾ കാരണം നാശങ്ങൾ പരന്നിരിക്കുന്നു. ജനങ്ങൾ തിന്മയിൽ നിന്നും മടങ്ങുന്നതിന് പടച്ചവൻ അവരുടെ പ്രവർത്തന ഫലങ്ങളിൽ ചിലതിന്റെ പരിണിത ഫലം രുചിപ്പിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. (റൂം 41) വലിയ ശിക്ഷയ്ക്ക് മുമ്പ് ഇഹലോകത്ത് ചെറിയ ശിക്ഷയും നാം അവരെ രുചിപ്പിക്കുന്നതാണ്; അവർ (തിന്മയിൽ നിന്നും) മടങ്ങുന്നവരായേക്കാം (സജദ 21) 
വിശ്വാസം, കര്‍മ്മം, സ്വഭാവം ഇവ നന്നാക്കുക.! 
നബിമാരുടെ പ്രധാന സന്ദേശം വിശ്വാസങ്ങളും കര്‍മ്മങ്ങളും സ്വഭാവങ്ങളും നന്നാക്കുക എന്നതാണ്. സാമ്പത്തിക-രാഷ്ട്രീയ-ഭരണ പരമായ കാര്യങ്ങള്‍ അവരുടെയും വിശുദ്ധ ഗ്രന്ഥങ്ങളുടെയും അടിസ്ഥാന വിഷയങ്ങളല്ല. നബിമാര്‍ക്ക് പ്രാധാന്യം യാഥാര്‍ത്ഥ്യവും നരന്തരവുമായ പരലോക ജീവിതമായിരുന്നു. അവിടുത്തെ രക്ഷാ-ശിക്ഷകള്‍ ഭൗതിക ലോകത്തെ സര്‍വ്വ വസ്തുക്കളെക്കാളും മുഖ്യമായതാണ്. മഹാന്മാരായ നബിമാരും വിശുദ്ധ വേദങ്ങളും നിരന്തരം ഉണര്‍ത്തിയ സന്ദേശമിതാണ്: അവർക്ക് ഇഹലോക ജീവിതത്തിൽ ശിക്ഷയുണ്ട്. പരലോക ശിക്ഷ അതികഠിനമാണ്. അല്ലാഹുവിൽ നിന്നും രക്ഷിക്കാൻ അവർക്ക് ആരുമുണ്ടായിരിക്കുന്നതല്ല. (റഅദ് 34) പരിധി ലംഘിക്കുകയും രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവർക്കെല്ലാം ഇപ്രകാരം നാം പ്രതിഫലം നൽകുന്നതാണ്. പരലോകശിക്ഷ കഠിനവും ശാശ്വതവുമാണ്. (ത്വാഹ 127) അപ്പോൾ ശകുനം പിടിച്ച ദിനങ്ങളിൽ നിന്ദ്യമായ ശിക്ഷ അവരെ രുചിപ്പിക്കുന്നതിന് വേണ്ടി അവരുടെ മേൽ ശക്തമായ കൊടുങ്കാറ്റ് നാം അയച്ചു. പരലോക ശിക്ഷ ഇതിനേക്കാൾ നിന്ദ്യമായിരിക്കും. അവർ സഹായിക്കപ്പെടുന്നതുമല്ല. (ഹാമീം സജദ 16). 
നബിമാരുടെയും ശാസ്ത്രജ്ഞരുടെയും വഴികള്‍.! 
വൈദ്യശാസ്ത്രം പോലുള്ള ഗവേഷണ പഠനങ്ങളുടെ പ്രാധാന്യവും മഹത്വവും നാം നിഷേധിക്കുന്നില്ല. പക്ഷെ, അവരുടെ മാര്‍ഗ്ഗവും നബിമാരുടെ മാര്‍ഗ്ഗവും വ്യത്യസ്ഥമാണ് എന്ന കാര്യം ഉണരുകയും വേണം. വൈദ്യ ശാസ്ത്രം കൈകാര്യം ചെയ്യുന്നവര്‍ മരുന്നുകളുടെ പ്രത്യേകതകള്‍ കണ്ടെത്തുന്നു. പ്രപഞ്ചത്തിലെ നിരവധി വസ്തുക്കളുടെ രഹസ്യങ്ങളും ഗുണങ്ങളും ഗ്രഹിക്കുകയും ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ നിലയില്‍ അവ സജ്ജീകരിക്കുകയും ചെയ്യുന്നു. അന്നും ഇന്നും എല്ലാ കാലഘട്ടത്തിലുമുള്ള ജനങ്ങള്‍ക്ക് പ്രയോജനകരമായിട്ടുണ്ട്. അവരുടെ സേവനങ്ങള്‍ വിലമതിക്കപ്പെടേണ്ടതും സ്തുത്യര്‍ഹവും തന്നെയാണ്. 
എന്നാല്‍ നബിമാരുടെ പ്രബോധനത്തിന്‍റെയും ദൗത്യത്തിന്‍റെയും അടിസ്ഥാന വിഷയം അല്ലാഹുവിന്‍റെ അസ്തിത്വവും തിരുഗുണങ്ങളും അറിയിക്കലും പടച്ചവന്‍റെ ഇഷ്ടാനിഷ്ടങ്ങളെ ഉണര്‍ത്തലുമാണ്. അവര്‍ ശരിയും തെറ്റുമായ വിശ്വാസ-സ്വഭാവ-കര്‍മ്മങ്ങളെ വ്യക്തമാക്കുകയും അവയുടെ രക്ഷാ-ശിക്ഷകളെയും ഉപകാര-ഉപദ്രവങ്ങളെയും വേര്‍തിരിച്ച് കാണിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും ഇഹലോകത്തെ സമാധാനവും പരലോകത്തെ വിജയവും നേടിത്തരുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ്, ഇരുലോകത്തെയും നാശ-നഷ്ടങ്ങള്‍ക്ക് കാരണമാകുന്ന കാര്യങ്ങള്‍ ഏതൊക്കെയാണ്, പരലോകത്തെ വിവിധ ഘട്ടങ്ങളായ പുനര്‍ജ്ജീവിതവും വിചാരണയും സ്വര്‍ഗ്ഗ-നരകങ്ങളിലെ രക്ഷാ-ശിക്ഷകളും എങ്ങനെയായിരിക്കും എന്നീ കാര്യങ്ങളാണ് നബിമാരും വിശുദ്ധ വേദങ്ങളും പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. അല്ലാഹു ഗൈബ് (അദൃശ്യങ്ങള്‍) അറിയുന്നവനാണ്. അല്ലാഹു ആര്‍ക്കും അത് തുറന്ന് കാണിച്ചു കൊടുക്കുന്നതല്ല. എന്നാല്‍ അല്ലാഹു തൃപ്തിപ്പെട്ട പ്രവാചകന്മാര്‍ക്ക് അത് കാണിച്ചുകൊടുക്കുന്നതാണ്. (അല്‍ജിന്ന് 26, 27). 
നബിമാരുടെ അവസാന വാക്യം.! 
പ്രവാചകത്വത്തിന്‍റെ സമുന്നതിയില്‍ നിലയുറപ്പിച്ച നബിമാര്‍ അല്ലാഹു തൃപ്തിപ്പെട്ട് കാണിച്ചുകൊടുക്കുന്ന ദൃശ്യവും അദൃശ്യവും നന്നായി കാണുന്നു. അടുത്തതും വിദൂരവുമായ ഭാവികാലങ്ങളില്‍ എന്തെല്ലാം സംഭവിക്കുമെന്നും ഏതെല്ലാം അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അവര്‍ മനസ്സിലാക്കുകയും സ്വന്തം സമുദായങ്ങള്‍ക്ക് വലിയ സ്നേഹ-കാരുണ്യങ്ങളോടെയും ഗുണകാംക്ഷയോടെയും മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു. പ്രകൃതിയ്ക്കും ബുദ്ധിക്കും തീര്‍ത്തും അനുയോജ്യമായ ഈ സ്ഥാനത്തിലും സന്ദേശത്തിലും എന്നിട്ടും ആരെങ്കിലും സംശയിക്കുകയാണെങ്കില്‍ അവര്‍ അവസാനമായി അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയോടെ ഇപ്രകാരം ഉണര്‍ത്തുന്നതാണ്: പറയുക: ഞാൻ നിങ്ങൾക്ക് ഒരു ഉപദേശം നൽകുന്നു. അല്ലാഹുവിനു വേണ്ടി നിങ്ങൾ ഈരണ്ടുപേർ വീതമോ ഓരോരുത്തരായോ എഴുന്നേറ്റ് നിൽക്കുക. എന്നിട്ട് ചിന്തിച്ചുനോക്കുക. നിങ്ങളുടെ കൂട്ടുകാരന് യാതൊരു ഭ്രാന്തുമില്ല. ഇദ്ദേഹം കഠിനശിക്ഷയ്ക്ക് മുമ്പ് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന വ്യക്തി മാത്രമാണ്.4(46) പറയുക: ഞാൻ നിങ്ങളോട് കൂലിയൊന്നും ചോദിക്കുന്നില്ല. നിങ്ങളുടെ പണം നിങ്ങൾക്കുള്ളത് തന്നെയാണ്. എന്റെ പ്രതിഫലം അല്ലാഹുവിന്റെമേലാണ്. അല്ലാഹു എല്ലാത്തിന്റെ മേലും സാക്ഷിയാണ്. (സബഅ് 46, 47). കൂടാതെ സത്യവിശ്വാസം മറച്ച് വെച്ചുകൊണ്ട് ഫിര്‍ഔനിന്‍റെ മുമ്പില്‍ സത്യം തുറന്ന് പറഞ്ഞ അടിമ പറഞ്ഞ വാചകവും അവര്‍ ആവര്‍ത്തിക്കുന്നതാണ്. ഞാൻ നിങ്ങളോട് പറഞ്ഞകാര്യങ്ങൾ നിങ്ങൾ പിന്നീട് ഓർക്കുന്നതാണ്. എന്റെ കാര്യങ്ങൾ ഞാൻ അല്ലാഹുവിനെ ഏൽപ്പിക്കുന്നു. തീർച്ചയായും അല്ലാഹു ദാസന്മാരെ നന്നായി കാണുന്നവനാണ്. (മുഅ്മിന്‍ 44). 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...