Thursday, April 2, 2020

അക്രമങ്ങള്‍ വെടിയുക, മാനവികതയിലേക്ക് മടങ്ങുക.! -അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി



അക്രമങ്ങള്‍ വെടിയുക, 
മാനവികതയിലേക്ക് മടങ്ങുക.! 
-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
ബഹുമാന്യരെ, വിശ്വപണ്ഡിതന്‍ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി ആരംഭിച്ച മഹത്തരമായ പ്രവര്‍ത്തനമാണ് പയാമെ ഇന്‍സാനിയത്ത്. മാനവികതയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കലും കഴിയുന്നത്ര സേവന-സഹായങ്ങള്‍ നടത്തലുമാണ് ഇതിന്‍റെ ലക്ഷ്യം. ഈ വിഷയത്തില്‍ മൗലാന നടത്തിയ ഉജ്ജ്വല പ്രഭാഷണങ്ങളിലൂടെയാണ് ഇതിന്‍റെ സന്ദേശങ്ങള്‍ പ്രധാനമായും പ്രചരിപ്പിക്കുന്നത്. ഇക്കൂട്ടത്തിലെ ശ്രദ്ധേയമായ ഒരു പ്രഭാഷണമാണിത്. മാന്യ അനുവാചകര്‍ ഇത് വായിക്കുകയും ജാതി-മത വ്യത്യാസമില്ലാതെ സര്‍വ്വ ജനങ്ങള്‍ക്കും എത്തിച്ച് കൊടുക്കുകയും ഇതിനെ കുറിച്ചുള്ള നിര്‍മ്മാണാത്മക അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്ക് എത്തിച്ച് തരികയും ചെയ്യുക. കൂട്ടത്തില്‍ കഴിവിന്‍റെ പരമാവധി സേവന-സഹായങ്ങള്‍ സജീവമാക്കുകയും അതിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 
-പയാമെ ഇന്‍സാനിയത്ത് (മെസ്സേജ് ഓഫ് ഹുമാനിറ്റി) 
ദാറുല്‍ ഉലൂം ഓച്ചിറ ഘടകം. 
+91 9961955826 
https://swahabainfo.blogspot.com/2020/04/blog-post_1.html?spref=tw
അക്രമങ്ങള്‍ വെടിയുക, 
മാനവികതയിലേക്ക് മടങ്ങുക.!
നമ്മുടെ നാട് പൂന്തോട്ടങ്ങളുടെ നാടാണ്. ഗവണ്‍മെന്‍റ് ധാരാളം തോട്ടങ്ങള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്. സമ്പന്നരായ ആളുകള്‍ തോട്ടങ്ങളുണ്ടാക്കാറുണ്ട്. സാധുക്കള്‍ക്ക് വലിയ തോട്ടങ്ങള്‍ സ്ഥാപിക്കാന്‍ കഴിവില്ലെങ്കിലും വീട്ടിലും മുറ്റത്തും സാധിക്കുന്ന സ്ഥലങ്ങളില്‍ ചെടികള്‍ നട്ടിപിടിക്കുന്നവരാണ്. കാരണം, എല്ലാവരും പുഷ്പങ്ങളെ സ്നേഹിക്കുന്നു. പുഷ്പങ്ങള്‍ വിടര്‍ന്ന് നില്‍ക്കുന്നത് കാണുന്നത് തന്നെ മനസ്സിന് വലിയ സമാധാനവും പ്രതീക്ഷയും പകരുന്നു. എന്നാല്‍ ഇത്തരം തോട്ടങ്ങളെക്കാളെല്ലാം വളരെ ഹൃദ്യവും മനോഹരവുമാണ് ഈ സദസ്സാകുന്ന തോട്ടം. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട നിങ്ങള്‍ ഓരോരുത്തരെയും കാണുമ്പോള്‍ പൂന്തോട്ടത്തെക്കാളും വലിയ സന്തോഷവും ആഹ്ലാദവും അനുഭവപ്പെടുന്നു. നിങ്ങളുടെ മഹത്വം വസ്ത്രത്തിന്‍റെ നിറങ്ങളോ മറ്റിതര ഭംഗിയോ അല്ല. മറിച്ച് വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട നിങ്ങള്‍ ഓരോരുത്തരും മാനവികതയുടെ മഹത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്നത്. ഇത് കാണുമ്പോള്‍ സന്തോഷത്തോടൊപ്പം എന്‍റെ മനസ്സിന് വലിയ കരുത്തും വന്നുകൊണ്ടിരിക്കുന്നു. നിങ്ങളില്‍ പലര്‍ക്കും യാതൊരു പരിചയവുമില്ലാത്ത, ഭൗതിക രാഷ്ട്രീയ മേഖലകളില്‍ വലിയ സ്വാധീനമൊന്നുമില്ലാത്ത, പാവപ്പെട്ട അറബി മദ്റസയുമായി മാത്രം ബന്ധമുള്ള ഒരു അതിഥിയുടെ ക്ഷണം സ്വീകരിച്ചാണ് നിങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. തീര്‍ച്ചയായും മാനവികതയുടെ പേരിലുള്ള നിങ്ങളുടെ ഈ വരവ് ഈ രാജ്യത്തിന് തന്നെ മുതല്‍ക്കൂട്ടാണെന്നും നിങ്ങളെപ്പോലുള്ളവര്‍ ഈ രാജ്യത്ത് ഉണ്ടായിരിക്കുന്ന കാലത്തോളം ഈ രാജ്യം നശിക്കുന്നതല്ലായെന്നും ഞാന്‍ ആദ്യമായി പറഞ്ഞുകൊള്ളട്ടെ.! 
രണ്ട് വഴികള്‍.! 
ഈ ലോകത്ത് നമുക്ക് ജീവിക്കാന്‍ രണ്ട് വഴികളുണ്ട്. ഒരു വഴി, സ്നേഹത്തിന്‍റെയും ആത്മാര്‍ത്ഥതയുടെയും പരസ്പര വിശ്വാസത്തിന്‍റെയും സഹാനുഭൂതിയുടെയും സദ്ഭാവനയുടെയും മാര്‍ഗ്ഗമാണ്. മറ്റൊരു വഴി, വെറുപ്പിന്‍റെയും ദുരുദ്ദേശത്തിന്‍റെയും തെറ്റിദ്ധാരണയുടെയും പ്രതികാര ദാഹത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും പാതയാണ്. ലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഈ ലോകം നിലനില്‍ക്കുകയും ഈ രണ്ട് വഴികള്‍ പരീക്ഷിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ രണ്ട് മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിച്ചവരുടെ വിവരങ്ങളും ഇരുകൂട്ടരുടെയും പരിണിത ഫലങ്ങളും ചരിത്രത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, രണ്ടാമത്തെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചവരുടെ കഥാകഥനങ്ങളാണ് കൂടുതലുമുള്ളത്. ഒന്നാമത്തെ വഴിയിലൂടെ സഞ്ചരിച്ച മഹത്തുക്കള്‍ ചരിത്രത്തില്‍ അല്പം മാത്രമേ സ്മരിക്കപ്പെട്ടിട്ടുള്ളൂ എന്നത് ചരിത്രത്തിന്‍റെ ഒരു നഗ്ന സത്യമാണ്. 
മാനവ ചരിത്രം രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും ശക്തന്മാരുടെയും ചരിത്രങ്ങള്‍ വിവരിക്കുന്നുണ്ട്. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റും ഇളകി വരുന്ന തിരമാലയും പോലെ ലോകം മുഴുവനും പരക്കുകയും പല പ്രദേശങ്ങളും തകര്‍ക്കുകയും ചെയ്ത ധാരാളം ആളുകളുണ്ട്. അവര്‍ നിന്നതും ഇരുന്നതും തിന്നതും കുടിച്ചതും എല്ലാം വിവരിക്കപ്പെട്ടിട്ടുണ്ട്.    എന്നാല്‍ നിഷ്കളങ്കതയുടെയും മാനവ സ്നേഹത്തിന്‍റെയും പരോപകാരത്തിന്‍റെയും മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച മഹത്തുക്കളെ കുറിച്ചുള്ള അനുസ്മരണം ചരിത്രത്തില്‍ തുലോം കുറവാണ്. എങ്കിലും ചരിത്രം നല്ലനിലയില്‍ പഠിക്കുന്നവര്‍ക്ക് അവരെയും ധാരാളമായി കാണാന്‍ കഴിയുന്നതാണ്. 
ആകയാല്‍ ഈ രണ്ട് മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിച്ചവരെ കുറിച്ച് അവരുടെ പരിണിത ഫലങ്ങളെ സംബന്ധിച്ചും നിങ്ങള്‍ നന്നായി പഠിക്കണമെന്നാണ് എനിക്ക് ആദ്യമായി അപേക്ഷിക്കാനുള്ളത്. ദുരുദ്ദേശത്തോടെ തെറ്റായ വഴിയില്‍ സഞ്ചരിച്ചവര്‍, ലോകത്തിന് ഗൂഢാലോചന നടത്താനും കാപട്യം കാട്ടാനും അസഭ്യങ്ങള്‍ പറയാനും നിലയ്ക്കാത്ത വഴക്കുകളും യുദ്ധങ്ങളും ആരംഭിക്കാനും പഠിപ്പിച്ചു. എന്‍റെ ഇഷ്ടം മാത്രം നടക്കണം, ഞാന്‍ പറയുന്നത് എല്ലാവരും കേള്‍ക്കണം, എന്നെക്കാളും ശക്തിയുള്ള ആരും ഉണ്ടാകരുതെന്നും നിര്‍ബന്ധം പിടിച്ചു. അവരുടെ പക്കല്‍ ആയുധങ്ങളുടെയും സൈന്യങ്ങളുടെയും സമ്പത്തിന്‍റെയും സ്ഥാന-മാനങ്ങളുടെയും പലതരം ശക്തികള്‍ അവരുടെ പക്കലുണ്ടായിരുന്നു. പക്ഷെ, അവരുടെ ആളുകളുടെ കാര്യമിരിക്കട്ടെ, അവര്‍ക്ക് പോലും രാത്രിയില്‍ സമാധാനത്തോടെ ഉറങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല. ചരിത്രങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ പറയട്ടെ, അവരില്‍ പലരും കാല് നീട്ടിവെച്ച് ഉറങ്ങിയിട്ടുപോലുമില്ല. അവര്‍ക്ക് സ്വന്തം ഇണകളെയും മക്കളെയും കുടുംബത്തെയും മന്ത്രിമാരെയും നേതാക്കളെയും പാവപ്പെട്ടവരെയും പണക്കാരെയും പേടിയായിരുന്നു. ഓരോരുത്തരെയും അവര്‍ സംശയത്തോടെ നോക്കുകയും തെറ്റിദ്ധരിച്ച് കഴിയുകയും ചെയ്തിരുന്നു. ഇത് തന്നെ വലിയൊരു ശിക്ഷയല്ലേ.? നാം കൂടിയിരിക്കുമ്പോള്‍ നിങ്ങള്‍ എന്നെയും, ഞാന്‍ നിങ്ങളെയും സംശയത്തോടെ വീക്ഷിക്കുന്നത് എന്തൊരു നാശമാണ്.? പിതാവിന് മകനെയും, മകന് പിതാവിനെയും വിശ്വാസമില്ലാതിരിക്കുന്നത് എത്ര വലിയ ശാപമാണ്. ഇത്തരമൊരു ജീവിതത്തിന് വല്ല രസവുമുണ്ടോ.? 
ഇതാണോ ജീവിതം.? 
വിനീതന്‍ രാജ്യങ്ങളുടെയും സ്ഥലങ്ങളുടെയും പേര് പറയുന്നില്ല. എനിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. ആരെയും വിശ്വസിക്കാത്ത ധാരാളം നാടുകളും നേതാക്കളും വ്യക്തികളും മുമ്പുമുണ്ടായിരുന്നു. എന്നാല്‍ അത് ഇന്ന് വളരെയധികം അധികരിച്ചിരിക്കുന്നു എന്ന് പറയുന്നതില്‍ വലിയ ദുഃഖമുണ്ട്. സദാസമയവും ചെവി ഭിത്തിയോട് ചേര്‍ത്ത് പിടിക്കുന്നവര്‍ എന്നൊരു പഴമൊഴി ഫാരിസ് ഭാഷയിലുണ്ട്. അതിന്‍റെ ചിത്രം മുമ്പ് കണ്ടിട്ടില്ലെങ്കിലും ഇന്ന് ധാരാളമായി കാണുന്നുണ്ട്. ഇത്തരം ആളുകള്‍ സ്വന്തം സഹോദരനോട് മനസ്സിനുള്ളിലെ കാര്യങ്ങള്‍ തുറന്ന് സംസാരിക്കാറില്ല. എന്തെങ്കിലും പറയുമ്പോള്‍ ആരെങ്കിലും കേള്‍ക്കുന്നോ എന്ന് നാല് ഭാഗത്തേക്കും നോക്കിക്കൊണ്ടിരിക്കും. കുട്ടികള്‍ പോലും കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കും. എന്നിട്ടും രഹസ്യങ്ങള്‍ പരസ്യമാകുന്നു എന്നത് വേറെ കാര്യം. അതീവ രഹസ്യമായി നടത്തുന്ന കാര്യങ്ങള്‍ ആളുകള്‍ റിക്കാര്‍ഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. 
ലോകം മുഴുവന്‍ പ്രശ്നങ്ങളാണ്. ഏത് സമയത്തും വിപ്ലവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. രാത്രി എഴുന്നേല്‍ക്കുമ്പോള്‍ ഒരു അവസ്ഥ, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മറ്റരവസ്ഥ.! ഇന്ന ഭരണം അധികാരമേറ്റെടുത്തു, അവര്‍ രാജി വെച്ചു എന്ന വാര്‍ത്തകള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പുകളിലും പലതരം കളികള്‍ നടക്കുന്നു. ആരും ആരെയും സഹിക്കാന്‍ തയ്യാറല്ല. സംഘടനകളും പാര്‍ട്ടികളും നിരന്തരം പോരാട്ടത്തിലാണ്. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നില പടര്‍ന്നിരിക്കുന്നു. ഇതാണോ ജീവിതം.? ജീവിതമെന്നാല്‍ ഗുസ്തിയുടെയും പിടിവലിയുടെയും പേരാണോ.? 
ഏതാനും വര്‍ഷം മുന്‍പ് അമേരിക്കയില്‍ പോകാന്‍ കഴിഞ്ഞു. വാഷിംഗ്ടണ്ണിലെ ഇസ്ലാമിക് സെന്‍ററില്‍ ഒരു പരിപാടിയുണ്ടായിരുന്നു. സത്യം പറയട്ടെ, അമേരിക്കയില്‍ പോയി ചില കാര്യങ്ങള്‍ പറയണമെന്ന് എനിക്ക് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. പടച്ചവന്‍ എന്നെ അവിടെ എത്തിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് എന്‍റെ കാര്യം കേള്‍ക്കില്ലെന്ന് എനിക്കറിയാം. അദ്ദേഹം ഉയര്‍ന്ന ഒരു സ്ഥാനത്താണല്ലോ.? എങ്കിലും എന്‍റെ മനസ്സിലുണ്ടായിരുന്ന കാര്യം അവിടെ പറയാന്‍ സാധിച്ചു. അത് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവിടെ വൈറ്റ് ഹൗസിന്‍റെ ഭിത്തിയുടെ കീഴിലിരുന്ന് പറഞ്ഞ ചില കാര്യങ്ങള്‍ ഇവിടെയും ഉദ്ധരിക്കട്ടെ: 
സദുദ്ദേശം സ്വീകരിക്കുക, സ്വാര്‍ത്ഥത വെടിയുക.! 
ഈ രാജ്യം ധാരാളം രാജ്യങ്ങള്‍ക്ക് ആഹാരം കൊടുക്കുകയും ആയുധം നല്‍കുകയും ശത്രുക്കളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്ന രാജ്യമാണ്. പക്ഷെ, ഈ രാജ്യത്തിന് ഒരു ആത്മാര്‍ത്ഥ സുഹൃത്തും ഇല്ല എന്നത് ഒരു നഗ്ന സത്യമാണ്. കാരണം ഉദ്ദേശ ശുദ്ധി നഷ്ടപ്പെട്ടു. പടച്ചവനെ സ്നേഹിച്ചുകൊണ്ടും മര്‍ദ്ദിതരെ സഹായിക്കാനും മര്‍ദ്ദകരെ പിടിച്ചുകെട്ടാനും വേണ്ടിയല്ല കാര്യങ്ങള്‍ ചെയ്യുന്നത്. ധാര്‍മ്മിക ബോധമോ ശക്തിയുടെയും സമ്പത്തിന്‍റെയും ബാധ്യത നിര്‍വ്വഹിക്കണമെന്ന ചിന്തയോ ഇതിന് പിന്നിലില്ല. മറിച്ച് ഐക്യരാഷ്ട്ര സഭയില്‍ വോട്ട് പിടിക്കണം, എതിരാളികളെ തോല്‍പ്പിക്കണം, ലോകത്തെ വന്‍ശക്തിയായി നിലനില്‍ക്കണം എന്നായിരിന്നു ആഗ്രഹം. തദ്ഫലമായി ഈ രാജ്യത്തിന് ആത്മാര്‍ത്ഥ സ്നേഹിതര്‍ ആരുമില്ല. അറേബ്യന്‍ രാഷ്ട്രങ്ങളും മദ്ധ്യപൂര്‍വ്വ ഏഷ്യയിലെ രാജ്യങ്ങളും പൗരസ്ത്യ ദേശങ്ങളും ബാഹ്യമായി സ്നേഹാദരങ്ങള്‍ പ്രകടിപ്പിച്ച് ഈ രാജ്യത്തെ വഞ്ചിക്കുകയാണ്. ഇതിന്‍റെ കുറ്റം അവരുടെത് മാത്രമല്ല, ഈ രാജ്യത്തിന്‍റെത് കൂടിയാണ്. ഇവിടെ സദുദ്ദേശം നഷ്ടപ്പെടുകയും സ്വാര്‍ത്ഥത വളരുകയും ചെയ്തിരിക്കുന്നു. ആകയാല്‍ സദുദ്ദേശം സ്വീകരിക്കുകയും സ്വര്‍ത്ഥത വെടിയുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ പരിഹാരം. 
സ്വാര്‍ത്ഥത: പല വിഭാഗങ്ങള്‍. 
സ്വാര്‍ത്ഥത പല തരത്തിലുണ്ട്. വിവരം കുറഞ്ഞ സാധാരണക്കാരന്‍റെ സ്വാര്‍ത്ഥത അദ്ദേഹത്തിന്‍റെ അവസ്ഥയ്ക്കനുസരിച്ചുള്ളതാണ്. രാഷ്ട്രീയക്കാരന്‍റെയും രാഷ്ട്രീയ പാര്‍ട്ടിയുടെയും ജനാധിപത്യത്തിന്‍റെയും വന്‍ശക്തികളുടെയും സ്വാര്‍ത്ഥതകള്‍ അതിനനുസരിച്ചുള്ളതായിരിക്കും. ഈ സ്വാര്‍ത്ഥതകളെല്ലാം നാം വെടിയാന്‍ തയ്യാറാകുക. 
ആത്മാര്‍ത്ഥതയുടെ ചക്രം കറങ്ങുന്നു. 
എന്നാല്‍ ആത്മാര്‍ത്ഥതയുടെ നിറവും മണവും എന്നും ഒന്ന് തന്നെയാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈസാ നബി (അ) യുടെ ഉദ്ദേശ ശുദ്ധി തന്നെയാണ് ഇന്നും ഉദ്ദേശശുദ്ധി മുറുകെ പിടിച്ചവരുടെ അവസ്ഥ. കൂടാതെ സദുദ്ദേശത്തിന്‍റെ സുഗന്ധം കാലാകാലം നില നില്‍ക്കുന്നതുമാണ്. അതെ,സദുദ്ദേശം നിലയ്ക്കാതെ കറങ്ങുന്ന അനുഗ്രഹീത ചക്രമാണ്. ആദം നബി മുതലുള്ള പ്രവാചകന്മാര്‍ നൂഹ് നബി, ഇബ്റാഹീം നബി തുടങ്ങി മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വ) വരെയുള്ള എല്ലാ പ്രവാചകന്മാരും സദുദ്ദേശം നിലനിര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്തവരാണ്. അവര്‍ ലോകത്തെ നിഷ്കളങ്കമായി സേവിച്ചു. മുഴുവന്‍ ജനങ്ങള്‍ക്കും സ്നേഹത്തിന്‍റെ സന്ദേശം പകര്‍ന്നു. അവര്‍ ലോകത്തിന് കൊടുത്തതേയുള്ളൂ. ഒന്നും എടുത്തില്ല. തദ്ഫലമായി സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും അവരുടെ നാമവും ജീവിതവും സന്ദേശവും നിലനില്‍ക്കുന്നു. അവരെ ജനങ്ങള്‍ സ്നേഹിച്ചാദരിക്കുന്നു. അവരുടെ മാര്‍ഗ്ഗം പൂര്‍ണ്ണമായി സ്വീകരിക്കാത്തവര്‍ പോലും അവരെ ആദരിക്കുന്നു. കാരണം അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്കളങ്കവും സദുദ്ദേശത്തോട് കൂടിയതുമായിരുന്നു. 
ചുരുക്കത്തില്‍, നമ്മുടെ മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്ന്, സ്വാര്‍ത്ഥതയുടെയും ദുരുദ്ദേശങ്ങളുടെയും മാര്‍ഗ്ഗം. അക്രമികളായ ഭരണാധികാരികള്‍ രാഷ്ട്രീയ നേതാക്കന്മാരും ശക്തിയും ശേഷിയുമുള്ളവരും ഈ മാര്‍ഗ്ഗത്തിലൂടെയാണ് സഞ്ചരിച്ചിട്ടുള്ളത്. രണ്ട്, സ്നേഹത്തിന്‍റെയും മാപ്പിന്‍റെയും നിസ്വാര്‍ത്ഥതയുടെയും ഉദ്ദേശ ശുദ്ധിയുടെയും മാര്‍ഗ്ഗം. ഇത് മഹാത്മാക്കളുടെ മാര്‍ഗ്ഗമാണ്. ഇന്നും സൂര്യനെ പോലെ അവരുടെ സ്മരണ ജ്വലിച്ച് നില്‍ക്കുന്നു. കാലഘട്ടം ധാരാളം മാറുകയും വിപ്ലവങ്ങള്‍ നടക്കുകയും വലിയ പുരോഗതികള്‍ സംഭവിക്കുകയും ചെയ്തിട്ടും അവരുടെ നക്ഷത്രം ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. അവരുടെ അന്തസ്സിനും പ്രസിദ്ധിക്കും സ്വീകാര്യതയ്ക്കും യാതൊരു കോട്ടവും വന്നിട്ടില്ല. ഒന്നാമത്തെ മാര്‍ഗ്ഗം, അക്രമത്തെ അക്രമം കൊണ്ടും അന്ധമായ വെറുപ്പിനെ അന്ധമായ വെറുപ്പ് കൊണ്ടും നേരിടുന്നതാണ്. രണ്ടാമത്തെ മാര്‍ഗ്ഗം, വെറുപ്പിനെ സ്നേഹം കൊണ്ടും വര്‍ഗ്ഗീയതയെ മാനവികത കൊണ്ടും തിരുത്തുന്നതാണ്. ഒന്നാമത്തെത്, ഭൗതിക വാദികളായ നേതാക്കളുടെയും അനുയായികളുടെയും വഴിയും രണ്ടാമത്തെത്, പടച്ചവന്‍റെ പ്രവാചകന്മാരുടെയും അവരുടെ പിന്‍ഗാമികളുടെയും വഴിയുമാണ്. 
ശത്രുത പുലര്‍ത്തുന്നവരോട് സുഹൃദ് ബന്ധം സ്ഥാപിക്കുക.! 
ഇത്തരം കാര്യങ്ങളെ കുറിച്ച് പറയുമ്പോള്‍ ഇത് ലോകത്ത് നടന്നിട്ടില്ലാത്തതും നമ്മുടെ നാട്ടില്‍ നടക്കാത്തതുമായ കാര്യമാണെന്ന് ചിലര്‍ക്കെങ്കിലും ചിന്തയുണ്ടായേക്കാം. എന്നാല്‍ എല്ലാ കാലത്തും ഈ രണ്ടാമത്തെ മാര്‍ഗ്ഗത്തില്‍ മഹത്തുക്കള്‍ സഞ്ചരിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യാ മഹാരാജ്യം ഇത്തരം മഹാത്മാക്കളെ കൊണ്ട് സമ്പന്നമായ നാടാണെന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. അവര്‍ ഓരോരുത്തരുടെയും ജീവിതവും സന്ദേശവും നമുക്ക് ഇന്നും ആവേശദായകവും മാര്‍ഗ്ഗ ദര്‍ശനവുമാണ്. ഉദാഹരണത്തിന്, ഇന്ത്യ കണ്ട ഒരു മഹാ പുരുഷനാണ് ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ. മഹാനരുടെ ജീവിത സന്ദേശം തന്നെ ശത്രുത പുലര്‍ത്തുന്നവരോട് സുഹൃദ് ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു. ഒരിക്കല്‍ പറഞ്ഞു: നേരെ നടക്കുന്നവരോട് നേരെയും, വളഞ്ഞ് നടക്കുന്നവരോടും വളഞ്ഞും നടക്കുക എന്നാണ് ലോകം പറയുന്നത്. പക്ഷെ, ഞാന്‍ ഉറക്കെ പറയുന്നു: നേരെ നടക്കുന്നവരോടും വളഞ്ഞ് നടക്കുന്നവരോടും നേരെ തന്നെ നടക്കുക.! മഹാനവര്‍കള്‍ ഒരു ഉദാഹരണം പറയുന്നു: ഒരിടത്ത് കുറച്ച് മുള്ളുകള്‍ കിടക്കുന്നു. നിങ്ങളും അതിന്‍റെ മുകളിലേക്ക് കുറെ മുള്ളുകള്‍ എടുത്തിട്ടാല്‍ അവിടെ മുള്ളുകളുടെ കൂമ്പാരമാകും. എന്നാല്‍ നിങ്ങള്‍ അവിടെ ധാരാളമായി പുഷ്പങ്ങള്‍ കൊണ്ടിടുക. അത് സുഗന്ധം പരത്തുന്നതും അവിടെ പൂങ്കാവനം നിലവില്‍ വരുന്നതുമാണ്.! 
ഇത്തരം മഹത്തുക്കളോട് പലരും മോശമായി വര്‍ത്തിച്ചിരുന്നു. അവര്‍ ഉപദ്രവിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്തിരുന്നു. ചിലര്‍ അവരെ ദ്രോഹിക്കാന്‍ മാത്രം സദാ ശ്രമിച്ചിരുന്നു. പക്ഷെ, ഈ മഹത്തുക്കള്‍ ശത്രുക്കളോടും സഹാനുഭൂതി പുലര്‍ത്തുകയും അവരെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, അവരുടെ അടുത്തവരെക്കാള്‍ കൂടുതല്‍ അവര്‍ ശത്രുക്കളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നു. തദ്ഫലമായി ചില ബുദ്ധിയും വിശ്വാസവും കുറഞ്ഞവര്‍, ഈ മഹാന്മാരെ സ്നേഹിക്കുന്നത് കൊണ്ട് ലാഭം കുറവാണെന്നും ഇവരോട് ശത്രുത കാണിച്ചാല്‍ ഇവരുടെ സ്നേഹാദരങ്ങള്‍ കൂടുതല്‍ ലഭിക്കുമെന്നും തെറ്റിദ്ധരിച്ച് അവരെ ദ്രോഹിച്ചിരുന്നു.! 
ഈ മഹാന്മാര്‍ അവര്‍ക്കും അവരുടെ ആളുകള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ശത്രുക്കള്‍ക്ക് വേണ്ടിയും പടച്ചവനോട് പ്രാര്‍ത്ഥിച്ചിരുന്നു. ഒരു മഹാന്‍ പുലര്‍ക്കാലത്ത് നടത്തിയിരുന്ന പ്രാര്‍ത്ഥനാ വചനങ്ങള്‍ ഇപ്രകാരമാണ്. പടച്ചവനേ, എന്‍റെ വഴിയില്‍ മുള്ളുകള്‍ വിതറുന്നവരുടെ ജീവിതത്തിന്‍റെ പൂന്തോട്ടത്തില്‍ പുഷ്പങ്ങള്‍ വിടര്‍ത്തേണമേ.! അവരുടെ ആയുസ്സിന്‍റെ പൂവനത്തില്‍ പുഷ്പിക്കുന്ന പുഷ്പങ്ങളെ സദാ നിലനിര്‍ത്തേണമേ.! പടച്ചവനേ, ഞങ്ങളോട് ശത്രുത കാണിക്കുന്നവരെ നീ നന്നാക്കുകയും നിന്‍റെ ഇഷ്ട ദാസന്മാരാക്കുകയും ചെയ്യേണമേ.! ഇതെന്തൊരു സ്വഭാവമാണ്.? പാതിരാവിന്‍റെ കൂരിരുട്ടില്‍ പടച്ചവനോട് സ്വകാര്യം പറയുമ്പോള്‍ ശത്രുക്കളെ സ്നേഹത്തോടെ സ്മരിക്കുന്നത് എത്ര വലിയ മനുഷ്യത്വമാണ്.! അതെ, ഇതിലൂടെ മനുഷ്യത്വം പരക്കുകയും ജനങ്ങളെല്ലാം ഇവരെ സ്നേഹിക്കുകയും ഇവരുടെ മുന്നില്‍ മനസ്സുകള്‍ താഴ്ത്തുകയും അനുസരിക്കുകയും ചെയ്തു. 
തലയെയല്ല, മനസ്സിനെയാണ് കീഴടക്കേണ്ടത്.! 
ഭൗതിക ഭരണാധികാരികള്‍ പല രാജ്യങ്ങളും പിടിച്ചടക്കി. ധാരാളം ജനങ്ങളെ കീഴടക്കി. അവരുടെ മുന്നില്‍ ജനങ്ങള്‍ തല കുനിച്ചു. പക്ഷെ, ജന മനസ്സുകളെ കീഴടക്കുന്നതില്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. പഴയ കാലഘട്ടം രാജാക്കന്മാരുടേതായിരുന്നു. അക്രമികളായ ഒരു രാജാവിനെയും ആത്മാര്‍ത്ഥമായി ആരും സ്നേഹിച്ചിരുന്നില്ല. ഇന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും കാലഘട്ടമാണ്. പാര്‍ട്ടികളും നേതാക്കളും കൂടിക്കൊണ്ടിരിക്കുന്നു. പക്ഷെ, എല്ലാം കച്ചവടമായി മാറി. ഇങ്ങോട്ട് സഹായിക്കുന്നവരെ അങ്ങോട്ടും സഹായിക്കും എന്ന് മുദ്രാവാക്യമായി മാറി. ഞങ്ങള്‍ക്ക് വോട്ട് തന്നാല്‍ നിങ്ങളുടെ എന്ത് കാര്യവും നടത്തിത്തരാമെന്ന് പരസ്യമായ പ്രഖ്യാപനങ്ങള്‍ നടക്കുന്നു. തദ്ഫലമായി രാജ്യവും ഭരണവും കൂടുതല്‍ അപകടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും ആരെയും യാതൊരു വിശ്വാസവുമില്ല. ആത്മാര്‍ത്ഥ സ്നേഹം നഷ്ടപ്പെട്ടു. നിസ്സാര കാരണങ്ങള്‍ക്ക് ബന്ധം ചേര്‍ക്കുകയും മുറിക്കുകയും ചെയ്യുന്നു. 
എന്നാല്‍ മാനവിക ഗുണം നിറഞ്ഞ മഹത്തുക്കളിലേക്ക് നോക്കുക. അവര്‍ ജനങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും സേവിക്കുകയും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്തു. ജനങ്ങളും അവരെ അതിയായി സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. മഹാന്മാരുടെ സംഭവങ്ങള്‍ വായിച്ച് നോക്കിയാല്‍ ഈ വിഷയത്തില്‍ അത്ഭുതകരമായ ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. 
ആത്മാര്‍ത്ഥതയുടെ സ്ഥാനം മസ്തിഷ്കമല്ല, മനസ്സാണ്.! 
ഇന്ന് മനുഷ്യന്‍ മസ്തിഷ്കത്തിന് കൂടുതല്‍ സ്ഥാനം കൊടുത്തു. മനസ്സിനെ അലങ്കരിക്കാന്‍ മറന്നുപോയി. സ്വാര്‍ത്ഥതയും ദുരുദ്ദേശങ്ങളും പെരുകി. ജീവിതം കച്ചവടമാക്കി മാറ്റി. ഞങ്ങള്‍ക്ക് അത് തന്നാല്‍ നിങ്ങള്‍ക്ക് ഇത് തരാം എന്നതാണ് എല്ലാവരുടെയും ഏക മന്ത്രം. നിഷ്കളങ്കതയും ഉദ്ദേശ ശുദ്ധിയും ഇല്ലാതായി. ഉദ്ദേശ ശുദ്ധി മനസ്സുമായി ബന്ധപ്പെട്ടതാണ്. മനസ്സിനെ കുറിച്ച് നമുക്ക് ചിന്തയേയില്ല. എല്ലാ കാര്യങ്ങളും തലയില്‍ മാത്രം ഉരുണ്ടുകൊണ്ടിരിക്കുന്നു. അറിയുക, ആത്മാര്‍ത്ഥതയുടെ സ്ഥാനം മസ്തിഷ്കമല്ല, മനസ്സും ആത്മാവുമാണ് ആത്മാര്‍ത്ഥതയുടെ സ്ഥാനം. സ്വാര്‍ത്ഥതയുടെ കൊടുങ്കാറ്റില്‍ മനസ്സ് അണഞ്ഞ് പോയി. അതിനെ ഊതിക്കത്തിക്കുന്ന മഹാന്മാരും യാത്രയായി. കവി പറഞ്ഞത് പോലെ: മനസ്സിന്‍റെ മരുന്ന് നല്‍കിയിരുന്ന മഹാത്മാക്കള്‍ കടയടച്ച് യാത്രയായി.! മാനവ സ്നേഹികളായ മഹത്തുക്കള്‍ ആരുടെയും ഉപകാരവും സഹായവും ആഗ്രഹിക്കാതെ ജനങ്ങളെ സേവിച്ചിരുന്നു. അവരുടെ അരികില്‍ വരുന്ന ഓരോരുത്തരെയും നല്ലൊരു അവസരമായി കണ്ട് അവരുടെ മനസ്സുകള്‍ മനുഷ്യത്വത്തിന്‍റെ വിളക്ക് കത്തിയ്ക്കുമായിരുന്നു. അവരുടെ സഞ്ചി നിറയെ മാനവികതയുടെ ചരക്കുകളായിരുന്നു. വരുന്നവര്‍ക്കും കാണുന്നവര്‍ക്കും അവര്‍ അത് പെറുക്കിക്കൊടുത്തിരുന്നു. 
മാനവികതയാണ് യഥാര്‍ത്ഥ മഹത്വം.! 
നമ്മുടെ ഈ മഹാ രാജ്യം വളരെ വിശാലമായ ഒരു ഭൂമിയാണ്. ഇവിടെ കോടിക്കണക്കിന് ജനങ്ങള്‍ അതിവസിക്കുന്നു. നമുക്ക് ആവശ്യമുള്ളതെല്ലാം ഇവിടെ തന്നെയുണ്ട്. മാത്രമല്ല, പുറത്തുള്ളവര്‍ക്കും അന്നം കൊടുക്കാനുള്ള ശേഷി പടച്ചവന്‍ ഈ മണ്ണില്‍ നിക്ഷേപിച്ചിട്ടുണ്ട്. ലോകത്തെ തന്നെ നയിക്കാന്‍ സാധ്യതയുള്ള ഒരു രാജ്യമാണിത്. പക്ഷെ, ഇതിനെല്ലാം മാനവികത അടിസ്ഥാന നിബന്ധനയാണ്. നാം പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും സാഹോദര്യത്തോടെ വര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ ഇത് സാധിക്കുകയുള്ളൂ. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഈ ഗുണം ഇന്ന് വ്യക്തികളിലും ചെറിയ കൂട്ടങ്ങളിലും പ്രദേശങ്ങളിലുമുണ്ടെങ്കിലും രാജ്യത്ത് പൊതുവിലില്ല എന്നത് ഒരു ദുഃഖ സത്യമാണ്. ഓഫീസുകളില്‍ ഇരിക്കുന്നവരിലേക്ക് നോക്കൂ, അവര്‍ക്കിടയില്‍ മാനവികതയുടെ ഗുണമുള്ളവര്‍ ഉണ്ടെങ്കിലും പലരില്‍ നിന്നും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഒരു കാലത്ത് നമ്മുടെ കടയിലേക്കും സ്ഥാപനത്തിലേക്കും ഓഫീസിലേക്കും വരുന്നവരെ കാണുമ്പോള്‍ എഴുന്നേറ്റ് പോയി സ്വീകരിച്ച് ഇപ്രകാരം ആത്മാര്‍ത്ഥമായി പറഞ്ഞിരുന്നു: നിങ്ങള്‍ കാരുണ്യത്തിന്‍റെ മാലാഖയാണ്, എന്നിലേക്ക് പടച്ചവന്‍ നിങ്ങളെ അയച്ചതാണ്, ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു, നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ശമ്പളം വാങ്ങിക്കുന്നത്, നിങ്ങളെന്നെ പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് ഞാന്‍ പാഠശാലകളില്‍ പഠിച്ച് ഇവിടെ വരെയെത്തിയത്, ആകയാല്‍ താങ്കളുടെ ആവശ്യം പറയുക, ഞാന്‍ ചെയ്ത് തരാം.! 
ഇന്ന് പണസ്നേഹവും വര്‍ഗ്ഗീയതയും മാത്രം.! 
എന്നാല്‍ ഇന്നത്തെ അവസ്ഥ എന്താണ്.? ഓഫീസിലേക്ക് ആരെങ്കിലും വന്നാല്‍ അവരെ ഒരു ഇരയെ പോലെയാണ് കാണുന്നത്. തടിച്ചുകൊഴുത്ത ഇരയെ കിട്ടി എന്ന ഭാവനയോടെയാണ് പലരും ഉപഭോക്താക്കളോട് വര്‍ത്തിക്കുന്നത്. സത്യം പറയട്ടെ, ഇന്ന് മാനവികതയുടെ ഗുണങ്ങള്‍ കുറഞ്ഞുപോയി. എന്നാല്‍ രണ്ട് കാര്യങ്ങള്‍ സജീവമായിക്കൊണ്ടിരിക്കുന്നു. ഒന്ന്, പണത്തോടുള്ള സ്നേഹവും ആരാധനയും. രണ്ട്, വര്‍ഗ്ഗീയ വാദവും പരസ്പര വിദ്വേഷവും. സല്‍സ്വഭാവം, മാന്യത, സേവന താല്‍പര്യം, സഹാനുഭൂതി ഇതെല്ലാം മരിച്ചുകൊണ്ടിരിക്കുന്നു. ഇത് ഈ രാജ്യത്തിന് ഗുണകരമായ ചിത്രമല്ല. 
മാനവികത മുറുകെ പിടിക്കുക, അക്രമം വര്‍ജ്ജിക്കുക.! 
സഹോദരങ്ങളേ, നിങ്ങളോട് മനസ്സ് തുറന്ന് ചില കാര്യങ്ങള്‍ പറഞ്ഞതാണ്. ഇത് ആരെയും കുറ്റപ്പെടുത്താനോ നിരാശപ്പെടുത്താനോ അല്ല. നമ്മുടെയും നമ്മുടെ രാജ്യത്തിന്‍റെയും നന്മയെ കരുതി മാത്രമാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആകയാല്‍ നമ്മുടെയും നമ്മുടെ രാജ്യത്തിന്‍റെയും നന്മയെ ലക്ഷ്യമിട്ട് മുന്‍ഗാമികളുടെ ഉത്തമ മാര്‍ഗ്ഗത്തിലേക്ക് നാം മടങ്ങുക. മാനവികതയുടെ മഹല്‍ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കുക. മനുഷ്യത്വ രഹിതമായ മുഴുവന്‍ ദുര്‍ഗുണങ്ങളും വര്‍ജ്ജിക്കുക. പ്രത്യേകിച്ചും പണത്തിന് വേണ്ടിയും വര്‍ഗ്ഗീയതയുടെ പേരിലും അക്രമങ്ങള്‍ കാട്ടാതിരിക്കുക. അക്രമം ആരോട് ചെയ്താലും അക്രമം തന്നെയാണ്. അക്രമത്തിലൂടെ അക്രമിയും അയാളെ അനുകൂലിക്കുന്നവരും ഒരിക്കലും വളരുന്നതല്ല. മറിച്ച് താഴുകയും തകരുകയും ചെയ്യുന്നതാണ്. 
അക്രമങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുകയും അക്രമികളുടെ കൈയ്യില്‍ പിടിക്കുകയും ചെയ്യുക. നാമെല്ലാവരും ഒത്തൊരുമിച്ച് യാത്ര ചെയ്യുന്ന മഹത്തായ കപ്പലാണ് ഈ മഹാ രാജ്യം. അക്രമത്തിലൂടെ ഈ കപ്പലിന് ദ്വാരം വീഴുന്നതാണ്. കപ്പല്‍ മുങ്ങിയാല്‍ നാമെല്ലാവരും മുങ്ങുമെന്നോര്‍ക്കുക. നമ്മുടെ പള്ളികളും പള്ളിക്കൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പരസ്പര മത്സരങ്ങളും എല്ലാം ഒരു പോലെ മുങ്ങി നശിക്കുന്നതാണ്. ലോക ചരിത്രത്തിലേക്ക് നോക്കുക. അക്രമങ്ങള്‍ കാരണം, ധാരാളം രാജ്യങ്ങള്‍ തകര്‍ന്നു. അവരുടെ കപ്പലുകള്‍ സമുദ്രത്തിന്‍റെ അടിത്തട്ടില്‍ കിടക്കുകയാണ്. അവരെ ആരാണ് മുക്കിക്കൊന്നത് എന്ന് ശാന്തമായി ചിന്തിക്കുക. സത്യം പറയട്ടെ, ഒരു ശത്രുവും അവരെ മുക്കിയിട്ടില്ല. അവരുടെ ദുഷ്കര്‍മ്മങ്ങളും പാപങ്ങളും വിശിഷ്യാ, അക്രമങ്ങളും ദ്രോഹങ്ങളുമാണ് അവരെ മുക്കിക്കൊന്നത്. എല്ലാ മതങ്ങളും പറയുന്നു: പടച്ചവന് അല്പവും ഇഷ്ടമില്ലാത്ത പാപമാണ് അക്രമം. ആകയാല്‍ സകല വിധ അക്രമങ്ങളും വര്‍ജ്ജിക്കുകയും മറ്റുള്ളവരെ അതില്‍ നിന്നും തടയുകയും ചെയ്യുക. മഹത്തുക്കളുടെ മാര്‍ഗ്ഗമായ മാനവികതയിലേക്കും പരസ്പര സ്നേഹാദര - വിശ്വാസ - സഹകരണ - സഹാനുഭൂതികളിലേക്കും മടങ്ങുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
Group -2 
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3 
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമി യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്, 
💊 സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക:  http://wa.me/9961955826 
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...