Saturday, November 25, 2017

അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് : (സ്വല്ലല്ലാഹു അലൈഹിവസല്ലം) -ഃ മഹല്‍ ഗുണങ്ങള്‍ ഃ- -ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

അന്ത്യ പ്രവാചകന്‍ 
മുഹമ്മദുര്‍ റസൂലുല്ലാഹ് : 
(സ്വല്ലല്ലാഹു അലൈഹിവസല്ലം) 
-ഃ മഹല്‍ ഗുണങ്ങള്‍ ഃ- 

-ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

അറബിയും ഹാശിമിയും മക്കിയ്യും മദനിയ്യും വിശ്വനായകനും വിശ്വസ്തനും സത്യം പറഞ്ഞവരും പറയപ്പെട്ടവരുമായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ ഞങ്ങളിലേക്കയച്ച അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ പ്രത്യേകമായി സ്നേഹിച്ചാദരിച്ച തിരുകുടുംബത്തിലും ആത്മ മിത്രങ്ങളിലും അല്ലാഹുവിന്‍റെ കരുണാ കടാക്ഷങ്ങള്‍ വര്‍ഷിക്കട്ടെ.!
ഈയുള്ളവന്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ സ്നേഹിക്കുന്നവനാണ്. പക്ഷേ തങ്ങളുമായുള്ള ബന്ധം കുറഞ്ഞു പോയിരിക്കുന്നു. തങ്ങളെ കാണാന്‍ കഴിഞ്ഞിട്ടുമില്ല. ഇത്തരുണത്തില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുശരീരത്തെയും രൂപലാവണ്യങ്ങളെയും തിരുഗുണങ്ങളെയും വീടിനെയും നാടിനെയും കുറിച്ച് കുറേ കാര്യങ്ങള്‍ അനുസ്മരിക്കാന്‍ ആഗ്രഹിക്കുന്നു. ഇതിലൂടെ എന്‍റെ ബന്ധം സുദൃഢമാകുകയും മനസ്സിന് ആശ്വാസവും ഉന്നത പ്രതിഫലവും നരക ശിക്ഷയില്‍ നിന്നും രക്ഷയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ശഫാഅത്തും അനുവാചകരുടെ ദുആയും ലഭിക്കുമെന്ന് കരുതുകയും ചെയ്യുന്നു. നന്മകളുടെ വലിയ മാധ്യമങ്ങളൊന്നും എന്‍റെ പക്കലില്ല. പാപത്തിന്‍റെ വലിയ ഭാരം ഉണ്ട് താനും. ആകയാല്‍, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുഗുണങ്ങള്‍ അനുസ്മരിക്കുന്നതിന് ആഗ്രഹിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുരൂപം:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുരൂപവും ഗുണങ്ങളും അധികമായി അനുസ്മരിച്ചിരുന്ന ഹിന്ദുബ്നു അബീഹാല (റ) യോട് ഹസന്‍ (റ) റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ കുറിച്ച് ഓര്‍മ്മ വെക്കാന്‍ ചില കാര്യങ്ങള്‍ വിവരിക്കണമെന്ന് അപേക്ഷിച്ചു. അദ്ദേഹം വിവരിച്ചു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) സ്വയം മഹത്തമുള്ളവരും മറ്റുള്ളവരുടെ ദൃഷ്ടിയില്‍ മഹോന്നതനുമായിരുന്നു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുവദനം പതിനാലാം രാവിലെ പൂര്‍ണ്ണ ചന്ദ്രനെ പോലെ തിളങ്ങിയിരുന്നു.
മധ്യമായ ഉയരത്തില്‍ നിന്നും അല്‍പം ഉയരവും ഉയരമുള്ളവരേക്കാള്‍ അല്‍പം ഉയരക്കുറവുമുണ്ടായിരുന്നു.
തിരുശിരസ്സ് മധ്യമായ നിലയില്‍ വലുതായിരുന്നു.
ശിരസ്സിലെ രോമങ്ങള്‍ നീളമുള്ളതിനോടൊപ്പം ചെറുതായി വളഞ്ഞിരുന്നു. കേശം നന്നായി വളര്‍ന്നിരിക്കുമ്പോള്‍ ചെവിച്ചോണയേക്കാളും മുന്നിട്ടിരുന്നു. നിറം തിളക്കമുള്ളതായിരുന്നു.
നെറ്റിത്തടം വിശാലമായിരുന്നു.
മൂക്ക് അല്‍പം ഉയര്‍ന്നതായിരുന്നു. അതില്‍ ഒരു പ്രകാശം തിളങ്ങിയിരുന്നു. ആദ്യം കാണുന്നവര്‍ മൂക്ക് നീണ്ടതായി ധരിച്ചിരുന്നു. എന്നാല്‍ ശ്രദ്ധിച്ചു നോക്കിയാല്‍ അത് നീളമല്ല, പ്രകാശമാണെന്ന് വ്യക്തമാകുമായിരുന്നു.
താടി ഇടതൂര്‍ന്നതായിരുന്നു.
കവിള്‍തടങ്ങള്‍ മൃദുവായതായിരുന്നു.
വായ ചെറുതോ വളരെ വലുതോ ആയിരുന്നില്ല.
തിരുദന്തങ്ങള്‍ നേര്‍ത്തതും വെളുത്ത് പ്രകാശിക്കുന്നതും ആയിരുന്നു. മുന്‍പല്ലുകള്‍ക്കിടയില്‍ ചെറിയ വിടവുണ്ടായിരുന്നു.
അനുഗ്രഹീത കഴുത്ത് സുന്ദരവും നേര്‍ത്തതും വൃത്തിയുള്ളതും വെള്ളിപോലെ സുന്ദരവുമായിരുന്നു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ എല്ലാ അവയവങ്ങളും മധ്യമവും മാംസനിബിഡവുമായിരുന്നു. ശരീരം ഉറച്ചതും ശക്തവുമായിരുന്നു. വയറും നെഞ്ചും തുല്യമായിരുന്നു. നെഞ്ച് വീതിയേറിയതായിരുന്നു.
സന്ധികളുടെ എല്ലുകള്‍ ശക്തവും വലുതുമായിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ശരീരത്തിന് വെളിയില്‍ കാണപ്പെട്ടിരുന്ന അവയവങ്ങള്‍ തന്നെ പ്രകാശഭൂരിതമായിരുന്നു. അപ്പോള്‍ ശരീരത്തിന് അകത്തുള്ള ഭാഗവും എത്രമാത്രം പ്രഭാപൂര്‍ണ്ണമായിരിക്കും. നെഞ്ചു മുതല്‍ പൊക്കിള്‍ വരെ രോമത്തിന്‍റെ ഒരു വരയുണ്ടായിരുന്നു. അതല്ലാതെ നെഞ്ചിലും വയറ്റിലും രോമങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ രണ്ട് തോളുകളിലും നെഞ്ചിന്‍റെ മുകളിലും അല്‍പം രോമം ഉണ്ടായിരുന്നു.
രണ്ട് കൈപ്പത്തികളും പാദങ്ങളും മാംസം നിറഞ്ഞതും മയമുള്ളതുമായിരുന്നു. കൈകാലുകളിലെ വിരലുകള്‍ ഒത്ത നീളമുള്ളതായിരുന്നു.
ഉള്ളം കാല്‍ ഉയര്‍ന്നതായിരുന്നു. അതായത് നടക്കുമ്പോള്‍ ഭൂമിയില്‍ തട്ടിയിരുന്നില്ല. തൃപ്പാദങ്ങള്‍ തുല്യമായതും പരിശുദ്ധവുമായിരുന്നു. ജലാംശം അതില്‍ തട്ടി നില്‍ക്കുമായിരുന്നില്ല.
ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) രൂപത്തിലും സ്വഭാവത്തിലും എല്ലാം മറ്റു നബിമാരേക്കാള്‍ ഉന്നതനായിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വിജ്ഞാനത്തിലും സഹനതയിലും ആരും തുല്യരല്ല.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നടക്കുമ്പോള്‍ പാദങ്ങള്‍ ശക്തിയോടെ ഉയര്‍ത്തുകയും മുന്നിലേക്ക് ചെറുതായി കുനിയുകയും പാദങ്ങള്‍ പതുക്കെ വെക്കുകയും പാദങ്ങള്‍ അടുപ്പിക്കാതെ വിശാലമായി നടക്കുകയും ചെയ്തിരുന്നു.
എവിടേക്കെങ്കിലും തിരിയുമ്പോള്‍ ശരീരം മുഴുവന്‍ തിരിച്ചിരുന്നു. ദൃഷ്ടി, മുകള്‍ ഭാഗത്തേക്കാള്‍ കൂടുതലായി താഴ്ഭാഗത്തേക്ക് തിരിച്ചിരുന്നു. ലജ്ജയുടെ ആധിക്യം കാരണമായി ആരിലേക്കും ശിരസ്സ് പൂര്‍ണ്ണമായി ഉയര്‍ത്തി തുറിച്ച് നോക്കുകയില്ലായിരുന്നു. കൂട്ടുകാരെ മുന്നില്‍ നടത്തിയിരുന്നു. ആരെയെങ്കിലും കണ്ടുമുട്ടുമ്പോള്‍ സലാം പറയുന്നതില്‍ മുന്‍കടന്നിരുന്നു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) സദാ സമയവും സമുദായത്തിന്‍റെ ചിന്തയില്‍ മുഴുകിയിരുന്നു. നിരന്തരം ദു:ഖിതനായി കാണപ്പെട്ടിരുന്നു. ഒരിക്കലും സമാധാനിക്കുന്നതായി കാണപ്പെട്ടിട്ടില്ല. ആവശ്യമില്ലാതെ സംസാരിക്കുകയില്ലായിരുന്നു. അധിക നേരവും നിശബ്ദമായി കഴിഞ്ഞിരുന്നു. സംസാരത്തിന്‍റെ ആദ്യന്തം വായ് തുറന്ന് സുവ്യക്തമായ നിലയിലായിരുന്നു. വാചകം കുറഞ്ഞതും ആശയം കൂടിയതുമായ വചനങ്ങള്‍ അരുളിയിരുന്നു. എല്ലാ വിഷയത്തിലും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വാചകം അന്തിമമായിരുന്നു. വാക്കുകള്‍ ആവശ്യത്തേക്കാള്‍ കൂടുകയോ മനസ്സിലാകാത്ത നിലയില്‍ കുറയ്ക്കുകയോ ചെയ്തിരുന്നില്ല.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സ്വഭാവം വളരെ മയമായിരുന്നു. ആരെയും നിന്ദിച്ചിരുന്നില്ല. ചെറിയ അനുഗ്രഹത്തെയും വലുതായി കണ്ടിരുന്നു. ആഹാരത്തെ കുറ്റം പറയുകയോ ആഗ്രഹം പ്രകടിപ്പിക്കുന്ന നിലയില്‍ വാഴ്ത്തുകയോ ചെയ്തിരുന്നില്ല.
സ്വന്തം കാര്യത്തിന് ഒരിക്കലും ദേഷ്യപ്പെടുകയോ പ്രതികാരം ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാല്‍ സത്യസന്ദേശത്തെ ആരെങ്കിലും നിന്ദിച്ചാല്‍ തങ്ങളുടെ കോപം ആര്‍ക്കും തടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് പൂര്‍ണ്ണമായി നിര്‍വ്വഹിക്കപ്പെടുന്നതുവരെ തങ്ങള്‍ അടങ്ങിയിരിക്കുകയും ചെയ്തിരുന്നില്ല.
സംസാരത്തിനിടയില്‍ ആംഗ്യം കാണിക്കുമ്പോള്‍ കൈ മുഴുവനും കൊണ്ട് ആംഗ്യം കാണിച്ചിരുന്നു. വിരലുകള്‍ കൊണ്ട് ആംഗ്യം കാണിച്ചിരുന്നില്ല. കാരണം വിരലുകള്‍ കൊണ്ടുള്ള ആംഗ്യം വിനയത്തിന് എതിരാണ്. അല്ലെങ്കില്‍ തൗഹീദ് (അല്ലാഹുവിന്‍റെ ഏകത്വം) സൂചിപ്പിക്കാന്‍ മാത്രമുള്ളതു കൊണ്ടായിരിക്കാം. ഏതെങ്കിലും കാര്യത്തില്‍ അത്ഭുതം പ്രകടിപ്പിക്കുമ്പോള്‍ കൈ മലര്‍ത്തുമായിരുന്നു. സംസാരത്തിനിടയില്‍ ചിലപ്പോള്‍ കൈ ചലിപ്പിച്ചിരുന്നു. ചിലപ്പോള്‍ ഇടതുകൈയുടെ തള്ള വിരല്‍ വലതു കൈപ്പത്തിയില്‍ അമര്‍ത്തിയിരുന്നു. ആരോടെങ്കിലും ദേഷ്യം വരുമ്പോള്‍ മുഖം തിരിക്കുകയും അവഗണിക്കുകയും ചെയ്യുമായിരുന്നു. നിശബ്ദത പാലിക്കുമ്പോള്‍ ലജ്ജ കാരണം ദൃഷ്ടി താഴ്ത്തിയിരുന്നു. ചിരിയില്‍ അധികവും പുഞ്ചിരിയായിരുന്നു. പുഞ്ചിരി തൂകുമ്പോള്‍ അനുഗ്രഹീത ദന്തങ്ങള്‍ ആലിപ്പഴങ്ങള്‍ പോലെ വെളുത്തു പ്രകാശിച്ചിരുന്നു.
ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വിവരമില്ലാത്തവര്‍ക്കിടയില്‍ ജ്ഞാനിയായും അനാഥത്വത്തിന്‍റെ അവസ്ഥയില്‍ സംസ്കാര സമ്പന്നനായും വളരുകയും ഉയരുകയും ചെയ്തു എന്നതു തന്നെ തങ്ങളുടെ അമാനുഷികതയ്ക്ക് മതിയായ തെളിവാണ്.

വരൂ.. ചൊല്ലാം...
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍...!
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
ആരെങ്കിലും രാവിലെയും വൈകുന്നേരവും പത്ത് പ്രാവശ്യം വീതം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍, അവന് ഖിയാമത്ത് നാളില്‍ എന്‍റെ ശഫാഅത്ത് ലഭിക്കുന്നതാണ്. 
മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 

🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?* 

http://swahabainfo.blogspot.com/2017/11/blog-post_74.html?spref=tw

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...