Sunday, November 26, 2017

പ്രിയപ്പെട്ട നബി മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) -ഃ കവിത ഃ- -മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി (റഹ്)

പ്രിയപ്പെട്ട നബി 
മുഹമ്മദുര്‍ റസൂലുല്ലാഹ് 
(സ്വല്ലല്ലാഹു അലൈഹിവസല്ലം) 
-ഃ കവിത ഃ-
-മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി (റഹ്) 

http://swahabainfo.blogspot.com/2017/11/blog-post_26.html?spref=tw 

കഴിയില്ലൊരാള്‍ക്കുമീ നിന്‍പ്രിയദാസര്‍തന്‍
കണക്കറ്റ കീര്‍ത്തനം പാടിടാനെ, 
അന്ത്യ പ്രവാചകര്‍ തന്‍ തിരുനൂറിനെ
അംറിനാല്‍ തീര്‍ത്ത പരംപുരാനെ.!

പുണ്യ പ്രകാശമീ ലോകത്ത് വന്നതേ
പ്രപഞ്ചമഖിലം പ്രകാശമായി,
ഇല്ലൊരു ബന്ധമേ എന്‍റെ മുരടിച്ച
ഇത്തിരി ബുദ്ധിക്കും നായകനും.!

ഇല്ലൊരു ബന്ധവും റബ്ബിന്‍ പ്രകാശമായ്
ഇരുളിലായ് തിമിരം നിറഞ്ഞ കണ്ണും, 
റൂഹുല്‍ ഖുദ്സെന്നെ തെല്ലുപുണരുകില്‍
റബ്ബിന്‍റെ മുത്തിനെ ഞാന്‍ സ്തുതിക്കും.!

ജിബ് രീലിന്‍ പിന്തുണ കിട്ടുകില്‍ ഞാന്‍ ചൊല്ലും 
ജഗത്തിന്‍റെ നായകാ യാ റസൂലെ...
ലോകത്തിന്നന്തസ്സും കാലത്തിന്‍ സത്തയും
ലോകൈക നേതാവുമങ്ങുമാത്രം.!

സര്‍വ്വ റസൂലൊരു പൂക്കളായ് മാറുകില്‍
സുമങ്ങളില്‍ വീശുന്ന മണമാണങ്ങ്
അഖില പ്രവാചകര്‍ ആദിത്യനാകുകില്‍
ആലമില്‍ തെളിയുന്ന പ്രഭയാണങ്ങ്.!

നിഖില പ്രവാചകര്‍ ആത്മാവായ് മാറുകില്‍
നിശ്ചയം ആത്മാവിന്‍ ജീവനങ്ങ്
ആ പുണ്യ പുരുഷാരം നയനങ്ങളാകുകില്‍
ആ കണ്ണിനുള്ളിലെ കാഴ്ചയങ്ങ്.!

തമ്പുരാന്‍ തന്നുടെ വിധിയാലെ ലോകത്തെ
തനതായ് പടച്ചിടാന്‍ ഹേതുവങ്ങ്
അര്‍ഷിന്‍റെ ഭാഗത്തില്‍ സര്‍വ്വര്‍ക്കും മുന്നിലായ്
അല്ലാഹു സൃഷ്ടിച്ച നൂറുമങ്ങ്.!

സല്‍ഗുണ സമ്പൂര്‍ണ്ണ ഭാവനാം അങ്ങയോ
സര്‍വ്വ ലോകത്തിന്‍റെ സമ്മിശ്രമാം
അവിടുത്തെ നൂറിന്‍റെ സര്‍വ്വ ഗുണങ്ങളും
ആരിലും കാണില്ല സത്യം.! സത്യം.!

മുന്‍കാല ദൂതരാം സര്‍വ്വ പ്രവാചകര്‍
മോഹിച്ചു അങ്ങ് തന്‍ പിന്‍തുടര്‍ച്ച.!

മൂസാ കലീമുല്ല നാഥനെക്കാണുവാന്‍
മോഹിച്ചു പ്രാര്‍ത്ഥിച്ചു ലക്ഷ്യം നേടി,
തന്‍റെ ഹബീബിനെക്കാണുവാന്‍ റബ്ബേഹോ
തന്‍ പ്രിയ ദാസനെ ആനയിച്ചു.!

സീനാ മലക്കില്ല സ്ഥാനവും ബന്ധവും 
ശ്രേഷ്ഠമാം മിഅ്റാജ് നോക്കിടുകില്‍,
വിണ്ണിന്‍റെ വണ്ണവും പദവിയും സ്ഥാനവും
മണ്ണിന്‍റെ നിമ്നവും തുല്യമാമോ.!

നബി യൂസുഫ് തന്നുടെ സൗന്ദര്യ സൗരഭ്യം
നലമാല്‍ വിളങ്ങില്ല അങ്ങ് മുന്നില്‍,
സലീഖ അല്ലല്ല അങ്ങ് തന്‍ ഭാജനം
സര്‍വ്വേശ്വരനായ റബ്ബല്ലയോ.!

അങ്ങ് തന്‍ ബന്ധമീ പാപിക്ക് കിട്ടുകില്‍
അല്ലാഹുവിന്‍റെ തൗഫീഖ് മാത്രം,
നന്മ നിറഞ്ഞു വിളങ്ങുന്നു അങ്ങഹോ
തിന്മയില്‍ മുങ്ങിയീ പാപി ഞാനേ.!

ക്ലിപ്തമാക്കില്ലാരും അങ്ങ് തന്‍ ഗുണഗണം
കൃത്യത ഇല്ലഹോ എന്‍ തിന്മയും,
ആശ്ചര്യമില്ലയീ ഉമ്മത്തിന്‍ പാപങ്ങള്‍
അങ്ങ് തന്‍ ഹേതുവായ് നീക്കിടുകില്‍.!

നന്മ ലവലേശം ചെയ്യുകില്‍ ഈ ഖാസിം
നല്ലതായ് അങ്ങയിലാശ്രയിപ്പൂ,
പാപത്തിന്‍ ഭീതിയെന്‍ കോപത്തിന്‍ പേടിയാം
പുണ്യ ശുപാര്‍ശാ പ്രതീക്ഷ മാത്രം.!

പാപികള്‍ക്കാശ്രയം അങ്ങാണ് നിശ്ചയം
പാപിയാം ഞാനും നിനച്ചിടുന്നു,
അങ്ങ് തന്‍ തൃപ്തി ലഭിച്ചവര്‍ക്കൊക്കെയും
അഖിലം മലക്കുകള്‍ പ്രാര്‍ത്ഥിച്ചിടും.!

എന്‍ നാമം ചൊല്ലുകില്‍ ശുനകനും കുറവല്ലോ
എന്‍റന്തസ്സത്തയില്‍ അന്തസങ്ങ്,
അങ്ങ് തന്‍ മുന്നിലായ് വന്നെന്‍റവസ്ഥകള്‍
അറിയിക്കാനെന്ത് വഴിയതുണ്ട്.!

സര്‍വ്വ സമുന്നത സ്ഥാനീയനങ്ങ്, ഞാന്‍
സര്‍വ്വത്തിന്‍ നിന്ദ്യനാം, സേവകനാം,
അല്ലാഹു അങ്ങ് തന്‍ മാന്യമഹത്വങ്ങള്‍
അര്‍ഹമാം നിലയിലായ് ഏകിയല്ലോ.!

നായകനങ്ങാണ് ചെറുതില്ല വലുതില്ല
നാഥന്‍റെ സൃഷ്ടികള്‍ക്കെല്ലാറ്റിനും,
നമ്മുടെ ഖിന്നത കണ്ടൊന്നു ദുഃഖിക്കാന്‍
നബി തങ്ങളല്ലാതെയാരുമില്ല.!

കാര്യങ്ങള്‍ നമ്മുടേതന്വേഷിച്ചിടുവാന്‍
കാരുണ്യ നബിയേ മറ്റാരതുണ്ട്,
ചതിയനാം ഇബ് ലീസ് എന്നെ വലം വെപ്പൂ
ചുറ്റിപ്പിണയുന്നു മോഹസര്‍പ്പം.!

ഭയവും പ്രതീക്ഷയും ചേര്‍ന്നുള്ള മധ്യത്തില്‍
ദയയാശിച്ചിടുന്നു പാപി ഞാനും,
മദീന മണ്ണിലെ ശ്വാനനായെങ്കിലും
മാറ്റണം ഈയുള്ള സാധുവിനെ.!

ജീവിത കാലത്തില്‍ മദീന തന്നിലെ
ജീവിക്കും ശ്വാനര്‍തന്‍ കൂട്ടത്തിലായ്,
മൃത്യുവിന്‍ കരങ്ങളില്‍ അമരുമ്പോള്‍ എന്നെയാ
മദീനാ മൃഗങ്ങള്‍ ഭുജിച്ചിടേണം.!

തെന്നലിനോട് ഞാന്‍ ഖിന്നനായ് ചൊല്ലുന്നു
എന്‍ ഖബ്ര്‍ മണ്ണിനെ റൗദയിലെത്തിക്കാന്‍,
ഹാ.! പുണ്യ മണ്ണിലെ പൊടിയായി മാറിടാന്‍
ഹന്ത ഈ ഖാസിമിന്നെന്തര്‍ഹത.!?

കിട്ടില്ലതെങ്കിലീ പാപിക്ക് റബ്ബതാം
കാരുണ്യ നബി തന്‍റെ പ്രേമം വേണം,
അങ്ങ് തന്‍ അനുരാഗ ദുഃഖത്തിലായിട്ട്
എന്‍ മനശ്ശാരിക പാടിടേണം.!

ആ പുണ്യ പ്രേമവും ശോണവും ചേര്‍ന്നഹോ
അകതാരിനുള്ളില്‍ തിരതല്ലണം,
ആ അനുരാഗത്തില്‍ അഗ്നിതന്‍ ജ്വാലകള്‍
അഖില സിരകളില്‍ കത്തിടേണം.!

ആധിക്യ പ്രേമത്തിന്‍ അല്ലലായ് അലമുറ-
ആയിട്ട് എന്‍ കാഴ്ച മാഞ്ഞുപോയി,
തെല്ലില്ലൊരാഗ്രഹം ഈ നിമിഷ ലോകത്തില്‍
വലിയവനായി ചമഞ്ഞിടാനും.!

ചന്ദ്രാര്‍ക്ക ബിംബം പിളര്‍ത്തിയൊരാംഗ്യമീ
ചിത്തത്തെ രണ്ടായ് മുറിച്ചിടേണം,
ചൊല്ലുന്നു ശാരികേ നീയൊന്നടങ്ങുക
ചേലല്ല നിന്‍റെയീ നിബന്ധനകള്‍.!

തിരുനബി തന്നിലും ആലിന്നഖിലവും
തമ്പുരാന്‍ തന്‍റെ സ്വലാത്തോതുക,
തന്മൂലം തങ്ങളും തങ്ങള്‍ കുടുംബവും
തൃപ്തരായ് മാറട്ടെ നിന്‍റെ മേലില്‍.!

റബ്ബേ ചൊരിയണം സലാം-സ്വലാത്തുകള്‍
റസൂലിന്‍ മേലിലും ആലതിലും,
വര്‍ഷകാലത്തിന്‍റെ തുള്ളിക്കുതുല്യമായ്
വര്‍ണ്ണമാം അനുഗ്രഹമാരി ചൊരിയൂ...!

വരൂ.. ചൊല്ലാം...
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍...!

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും രാവിലെയും വൈകുന്നേരവും പത്ത് പ്രാവശ്യം വീതം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍, അവന് ഖിയാമത്ത് നാളില്‍ എന്‍റെ ശഫാഅത്ത് ലഭിക്കുന്നതാണ്ڈ. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഖിയാമത്ത് നാളില്‍ എന്നിലേക്ക് ഏറ്റവും അടുത്തവന്‍ എന്‍റെമേല്‍ അധികമായി സ്വലാത്ത് ചൊല്ലിയവനായിരിക്കും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും എന്‍റെമേല്‍ ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍, അവന്‍റെ മേല്‍ അല്ലാഹു പത്ത് കാരുണ്യങ്ങള്‍ ചൊരിയുന്നതും, അവന്‍റെ പത്ത് പാപങ്ങള്‍ പൊറുക്കപ്പെടുന്നതും, പത്ത് സ്ഥാനങ്ങള്‍ ഉയര്‍ത്തപ്പെടുന്നതും, പത്ത് നന്മകള്‍ എഴുതപ്പെടുന്നതുമാണ്.


മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...