Tuesday, November 21, 2017

5. അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) ജീവിതവും സന്ദേശവും.!

5. അന്ത്യ പ്രവാചകന്‍ 
മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) 
ജീവിതവും സന്ദേശവും.! 
-മൗലാനാ സയ്യിദ് വാദിഹ് റഷീദ് നദ് വി 

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
        സമുന്നത സ്വഭാവം, ഹൃദയ കാരുണ്യം, ഔദാര്യ മനസ്ഥിതി, കരുണാ വാത്സല്യം മുതലായ മഹല്‍ ഗുണങ്ങളില്‍ മുഴുവന്‍ മാനവരാശിയുടെയും മാര്‍ഗ്ഗ ദര്‍ശകനും നായകനും ആണ് മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം).
ഇക്കാര്യം പരിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. (ഖലം: 4)
സഹന ശക്തി, ഹൃദയ വിശാലത, മാപ്പ് എന്നീ വിഷയങ്ങളില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിലകൊണ്ട സ്ഥാനം സങ്കല്‍പ്പത്തിന് തന്നെ അധീതമാണ് . കഠിന ശത്രുക്കളോടുപോലും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പുലര്‍ത്തിയ വിട്ടു വീഴ്ചയുടെയും ഔദാര്യത്തിന്‍റെയും നൂറ് കണക്കിന് ഉദാഹരണങ്ങള്‍ നബി ചരിത്രത്തില്‍ കാണാന്‍ കഴിയും.
സാമുദായിക -മതങ്ങളുടെ പക്ഷപാതത്തില്‍ നിന്നും മാറിനിന്ന് സംശുദ്ധവും നിഷ്പക്ഷവുമായ മനസ്സോടെ നബി ചരിത്രം പഠിക്കുന്നവരെല്ലാം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഏറ്റം മഹത്തരമായ ഗുണം കാരുണ്യമാണെന്ന് സമ്മതിക്കാതിരിക്കില്ല.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ജീവിതം മുഴുവന്‍ കാരുണ്യങ്ങളുടെ ദര്‍പ്പണമായിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ശിക്ഷണങ്ങളിലും ബന്ധങ്ങളിലും എല്ലാം ഈ കാരുണ്യം ദര്‍ശിക്കാന്‍ കഴിയും. കാരുണ്യം സ്വന്തം സമുദായത്തോട് മാത്രം അല്ല, മുഴുവന്‍ മനുഷ്യരെയും സര്‍വ്വ സൃഷ്ടികളെയും പൊതിഞ്ഞിരുന്നു. അല്ലാഹു അറിയിക്കുന്നു: സര്‍വ്വ ലോകങ്ങള്‍ക്കും കാരുണ്യമായിട്ട് മാത്രമാണ് താങ്കളെ നാം നിയോഗിച്ചിട്ടുള്ളത്.  (അമ്പിയാഅ്.107)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കാരുണ്യം തങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും പോരാട്ടങ്ങളിലും പ്രകടമായിരുന്നു.
പ്രയാസ-പരീക്ഷണങ്ങളുടെ നിരവധി കഠിന ഘട്ടങ്ങളെ അഭിമുഖീകരിച്ചെങ്കിലും കാരുണ്യത്തിന്‍റെ തുണിത്തുമ്പ് ഒരിക്കലും കൈ വിട്ടില്ല.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രബോധനത്തിന് പ്രാരംഭം കുറിച്ചപ്പോള്‍ സ്വന്തം കുടുംബക്കാര്‍ കടുത്ത ആക്ഷേപങ്ങളും അധിക്ഷേപങ്ങളും നടത്തി തങ്ങളെ ബഹിഷ്കരിച്ചു. സത്യ സരണിയില്‍ വലിയ തടസങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഈ ഘട്ടങ്ങളിലെല്ലാം തങ്ങളുടെ കാരുണ്യം മികച്ചു നിന്നു. നിഷേധികളുടെ കാഠിന്യം കാരണം അവസാനം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നാടുവിട്ടു. എന്നിട്ടും ഉപദ്രവങ്ങള്‍ തുടര്‍ന്നു. ഇതിനിടയില്‍ ബദ്റില്‍ വെച്ച് വിശ്വാസികളും നിഷേധികളും ഏറ്റുമുട്ടി എഴുപത് നിഷേധികള്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ തടവില്‍ പിടിക്കപ്പെട്ടു. എന്നാല്‍ തടവുകാരോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിര്‍ദേശിച്ചു സ്വഹാബികള്‍ ഇത് പാലിക്കുകയും ചെയ്തു.
അബൂ ആസിബ് വിവരിക്കുന്നു:
അന്നത്തെ തടവുകാരില്‍ ഞാനും ഉണ്ടായിരുന്നു. അന്‍സ്വാരികള്‍ക്കിടയിലാണ് ഞാന്‍ തടവുകാരനായി കഴിഞ്ഞത്. അവര്‍ രണ്ട് നേരവും എനിക്ക് റൊട്ടി നല്‍കുകയും സ്വയം ഈത്തപ്പഴം കഴിച്ച് മതിയാക്കുകയും ചെയ്തിരുന്നു .
പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വിജയ ശ്രീലാളിതനായി പിറന്ന മണ്ണില്‍ മക്കത്തുല്‍ മുകര്‍റമയില്‍ പ്രവേശിച്ചു. എന്നാല്‍ അഭിമാനങ്ങളുടെയും ഒരുവേള, അഹങ്കാരങ്ങളുടെയും ആരവങ്ങള്‍ ഉയരേണ്ട ഈ നിമിഷങ്ങളില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കാരുണ്യത്തിന്‍റെ പ്രവാഹം ശക്തി പ്രാപിക്കുകയാണുണ്ടായത്.
വിശ്വ പണ്ഡിതന്‍ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ നദ്വി ഈ അവസരത്തിലെ ഏതാനും രംഗങ്ങള്‍ സുന്ദരമായി വിവരിക്കുന്നത് കാണുക :
ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സമുന്നത സ്വഭാവത്തിന്‍റെ മേഖലകള്‍ വ്യത്യസ്തവും വിശാലവുമാണ്. അല്ലാഹു അരുളുന്നു. മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്‍റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജ്ജിച്ചു.
അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്‍റെ കാണ്ഡത്തിന്‍ മേല്‍ നിവര്‍ന്നു നിന്നു. ( സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത് ) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.
      റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഈ സമുന്നത സ്വഭാവങ്ങള്‍ തങ്ങളില്‍ മാത്രം പരിമിതമല്ലായിരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്. പ്രത്യുത റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ശിക്ഷണ ശീലനങ്ങള്‍- ഉന്നത സ്വഭാവ ഗുണങ്ങള്‍ സ്വഹാബാ കിറാമിലും പ്രതിഫലിക്കുകയുണ്ടായി. ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെയും സ്വഹാബാ കിറാമിനെയും കുറിച്ചുള്ള സാക്ഷ്യം പരിശുദ്ധ ഖുര്‍ആനിലും സൂചിപ്പിക്കുന്നുണ്ട്. (ഫതഹ്29. ഫുര്‍ഖാന്‍63-68, മുഅ്മിനൂന്‍ 1-11)

വരൂ.. ചൊല്ലാം...
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍...!

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
ആരെങ്കിലും എന്‍റെമേല്‍ ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍, അവന്‍റെ മേല്‍ അല്ലാഹു പത്ത് കാരുണ്യങ്ങള്‍ ചൊരിയുന്നതും, അവന്‍റെ പത്ത് പാപങ്ങള്‍ പൊറുക്കപ്പെടുന്നതും, പത്ത് സ്ഥാനങ്ങള്‍ ഉയര്‍ത്തപ്പെടുന്നതും, പത്ത് നന്മകള്‍ എഴുതപ്പെടുന്നതുമാണ്.
മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...