Tuesday, November 28, 2017

പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍ -അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


പലിശയെകുറിച്ച് നാല്‍പ്പത് ഹദീസുകള്‍
-അല്ലാമാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2017/11/blog-post_28.html?spref=tw

ഈ രചനയ്ക്കിടയില്‍ ഒരു സത്യം വിനീതന്‍ കാണാതിരുന്നിട്ടില്ല. ഇസ് ലാമിക നിയമങ്ങളോട് പൊതുവായ അവഗണന പടര്‍ന്നുപിടിച്ചിരിക്കുന്ന ഇക്കാലഘട്ടത്തില്‍ പലിശയുടെ വിഷയത്തില്‍ വല്ലതും എഴുതുന്നത് വനരോദനം മാത്രമായേക്കാം. പലിശ ഇടപാടുകള്‍ നിറഞ്ഞ നമ്മുടെ കമ്പോളങ്ങളില്‍ ഇതുകൊണ്ട് പ്രത്യേക മാറ്റമൊന്നും ഉണ്ടായേക്കില്ല.  പ്രത്യുത, ഇത്തരമൊരു രചന കാണുമ്പോള്‍ ഇന്നത്തെ മിടുക്കന്മാരുടെ നാവില്‍ നിന്നും എന്നെക്കുറിച്ച് ഒന്നുമറിയാത്ത സാധു എന്ന ഉപഹാരം കൂടുതലായി ലഭിക്കാനും സാധ്യതയുണ്ട്. ഇത്തരം ചിന്തകള്‍ പലപ്പോഴും എന്‍റെ തൂലികയെ പിടിച്ചുനിറുത്തുകയും മനഃക്കരുത്ത് ചോര്‍ത്തുകയും ചെയ്തുവെങ്കിലും ഏതാനും സുന്ദര പ്രതീക്ഷകള്‍ എന്‍റെ മനസ്സിന് പ്രതീക്ഷയും ധൈര്യവും പകര്‍ന്നു.
ഒന്ന്: ഹറാമായ ഒരു കാര്യത്തെ ഹറാമും ഇരുലോകത്തും നാശം വിതയ്ക്കുന്നതുമായി മുസ്ലിംകള്‍ മനസ്സിലാക്കുകയെങ്കിലും ചെയ്യും. രോഗിക്ക് രോഗത്തെക്കുറിച്ച് ബോധമുണ്ടാകുന്നത് പോലെ, പാപിക്ക് പാപത്തെക്കുറിച്ച് വിചാരമെങ്കിലും ഉണ്ടായാല്‍ ചിലവേള തൗബക്ക് തൗഫീഖ് ലഭിക്കുന്നതാണ്.
രണ്ട്: പലിശ ഇരുലോകവും നശിപ്പിക്കുന്നതാണെന്ന ചിന്ത വന്നാല്‍, ഈ നാശത്തെ എന്നെങ്കിലും വലിച്ചെറിയണമെന്ന ആഗ്രഹം ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ഈ ആഗ്രഹം ചിലപ്പോള്‍ ഉറച്ച തീരുമാനമായി രൂപാന്തരപ്പെടും. എന്നാല്‍ പ്രയാസ-പ്രശ്നങ്ങളുടെ പാറക്കല്ലുകളെ പാതയില്‍ നിന്നും തട്ടിമാറ്റുന്നതില്‍ മനുഷ്യന്‍ വിജയിക്കുന്നതാണ്.
മൂന്ന്: ഇസ് ലാം ലോകാവസാനം വരെ നിലനില്‍ക്കുന്ന സത്യസന്ദേശമാണ്. ഭൂമുഖത്ത് എത്ര വലിയ അജ്ഞതയും വഴികേടും വ്യാപകമായാലും എല്ലാവിധ അവസ്ഥകളെയും തൃണവല്‍ഗണിച്ച് സത്യദീനില്‍ ഉറച്ച് നില്‍ക്കാന്‍ തീരുമാനിച്ചുറപ്പിച്ച നല്ല ദാസന്മാര്‍ എങ്ങും എന്നും കാണും. അവര്‍ക്ക് എന്തായാലും ഈ രചന പ്രയോജനപ്പെടുന്നതാണ്. ആയതിനാല്‍ നാം ഈ രചന പഠിക്കുക. പകര്‍ത്തുക. പ്രചരിപ്പിക്കുക. നമ്മുടെ വിരലൊന്ന് അനക്കിയാല്‍ ഈ സന്ദേശം ധാരാളം ആളുകള്‍ക്ക് എത്തിച്ച് കൊടുക്കാന്‍ സാധിക്കുന്ന ഒരു സാഹചര്യമാണ് പടച്ചവന്‍ നമുക്ക് നല്‍കിയിരിക്കുന്നത്.! ഇനി പലിശയെക്കുറിച്ചുള്ള നാല്‍പത് ഹദീസുകള്‍ പാരായണം ചെയ്യാം.!

ഹദീസ്-1.
അബൂഹുറയ്റ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
നശിപ്പിക്കുന്ന ഏഴ് കാര്യങ്ങള്‍ വര്‍ജ്ജിക്കുക.
സ്വഹാബികള്‍ ചോദിച്ചു:
അല്ലാഹുവിന്‍റെ റസൂലേ, അവകള്‍ ഏതാണ്.?
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
1. അല്ലാഹുവിനോട് പങ്കുചേര്‍ക്കല്‍.
2. സിഹ്ര്‍ (മാരണം).
3. അല്ലാഹു വധിക്കരുതെന്ന് പറഞ്ഞവരെ അന്യായമായി വധിക്കല്‍. 4. പലിശ ഉപയോഗിക്കല്‍.
5. അനാഥരുടെ സമ്പത്ത് ഉപയോഗിക്കല്‍.
6. യുദ്ധാവസരങ്ങളില്‍ പിന്തിരിഞ്ഞ് ഓടല്‍.
7. അശ്രദ്ധരും പതിവൃതകളുമായ മുസ് ലിം സ്ത്രീകളെ കുറിച്ച് വ്യഭിചാരം ആരോപിക്കല്‍ (ബുഖാരി, മുസ്ലിം)

ഹദീസ്-2.
സമുറതുബ്നു ജുന്‍ദുബ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
കഴിഞ്ഞരാത്രി ഞാനൊരു സ്വപ്നം കണ്ടു. രണ്ടാളുകള്‍ എന്‍റെ അരികിലെത്തി: ഒരു വിശുദ്ധഭൂമിയിലേക്ക് എന്നെയുംകൊണ്ട് യാത്രയായി. യാത്രയ്ക്കിടയില്‍ രക്തത്താലുള്ള ഒരു നദി കണ്ടു. അതിന് നടുവില്‍ ഒരാളും നദിക്കരയില്‍ മറ്റൊരാളും നില്‍ക്കുന്നു. അയാളുടെ മുന്നില്‍ ധാരാളം കല്ലുകള്‍ കിടക്കുന്നുണ്ട്. നദിയിലുള്ളയാള്‍ കരയിലേക്ക് വരും. അയാള്‍ കരയിലേക്ക് അടുക്കാനടുക്കുമ്പോള്‍ കരയില്‍ നില്‍ക്കുന്നയാള്‍ ഒരു കല്ലെടുത്ത് ശക്തിയായി എറിയും. ഏറിന്‍റെ കാഠിന്യം കാരണം നദിയിലുള്ളയാള്‍ പഴയ സ്ഥലത്ത് തിരിച്ചെത്തും. ഇപ്രകാരം ശ്രമിക്കുമ്പോഴെല്ലാം ഏറ് കൊണ്ട് പഴയ സ്ഥലത്തെത്തുന്നു. ഞാന്‍ ചോദിച്ചു: ആ നദിയില്‍ കിടക്കുന്ന വ്യക്തി ആരാണ്? കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: പലിശ ഉപയോഗിച്ചവനാണ് (ബുഖാരി)

ഹദീസ്-3.
അബ്ദുല്ലാഹ് ഇബ്നുമസ്ഊദ് (റ) പ്രസ്താവിക്കുന്നു:
പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശപിച്ചിരിക്കുന്നു. (മുസ്ലിം)

ഹദീസ്-4.
ജാബിര്‍ (റ) പ്രസ്താവിക്കുന്നു.
പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും ഇടപാട് എഴുതുന്നവനെയും അതിന്‍റെ സാക്ഷികളെയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശപിച്ചിരിക്കുന്നു.
തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
അടിസ്ഥാനപരമായ പാപത്തില്‍ അവരെല്ലാം സമമാണ്. (മുസ്ലിം)

ഹദീസ്-5.
അബൂഹുറയ്റ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
നാല് പേരെ സ്വര്‍ഗ്ഗത്തില്‍
അല്ലാഹു കടത്തുകയോ അതിന്‍റെ സുഖ-രസങ്ങള്‍
രുചിപ്പിക്കുകയോ ചെയ്യുന്നതല്ല.
1. മദ്യപാനം പതിവാക്കിയവന്‍.
2. പലിശ ഉപയോഗിക്കുന്നവന്‍.
3. അനാഥരുടെ സ്വത്ത് അന്യായമായി ഉപയോഗിക്കുന്നവന്‍.
4. മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നവന്‍ (ഹാകിം)


ഹദീസ്-6.
അബ്ദുല്ലാഹ് ഇബ്നുമസ്ഊദ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പലിശ എഴുപത്തിമൂന്ന് വിഭാഗമുണ്ട്.
അതിലേറ്റവും ലഘുവായതിന്‍റെ പാപം
സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിന് തുല്ല്യമാണ്. (ഹാകിം)

ഹദീസ്-7.
ഉഹ്ദ് യുദ്ധത്തില്‍ ശഹാദത്ത് വരിക്കുകയും മലക്കുകള്‍ കുളിപ്പിക്കുകയും ചെയ്ത ഹന്‍ളല (റ) യുടെ മകന്‍ അബ്ദുല്ലാഹ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പലിശയാണെന്ന് അറിവുള്ളതിനോട് കൂടി ഉപയോഗിക്കുന്ന ഒരു ദിര്‍ഹം, മുപ്പത്തി ആറ് വ്യഭിചാരത്തെക്കാള്‍ കഠിനമാണ്. (അഹ്മദ്)

ഹദീസ്-8.
ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
വ്യഭിചാരവും പലിശയും ഒരു നാട്ടില്‍ വ്യാപകമായാല്‍ അല്ലാഹുവിന്‍റെ ശിക്ഷയെ അവര്‍ ക്ഷണിച്ച് വരുത്തിയിരിക്കുന്നു. (ഹാകിം)

ഹദീസ്-9.
അബൂഹുറയ്റ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
വന്‍പാപങ്ങള്‍ ഏഴാണ്.
അല്ലാഹുവിനോട് പങ്ക് ചേര്‍ക്കലാണ് അതിലൊന്ന്.
അന്യായമായി ഒരാളെ വധിക്കല്‍,
പലിശ ഉപയോഗിക്കല്‍,
അനാഥരുടെ സമ്പത്ത് ദുരുപയോഗം ചെയ്യല്‍,
ജിഹാദില്‍ നിന്നും പിന്തിരിഞ്ഞോടല്‍,
പതിവൃതകളെ കുറിച്ച് അപരാധം പറയല്‍,
ഹിജ്റ (പാലായനം) ചെയ്തശേഷം സ്വദേശത്തേക്ക് മടങ്ങല്‍
എന്നിവയാണ് മറ്റ് പാപങ്ങള്‍ (ബസ്സാര്‍)

ഹദീസ്-10.
ഔന്‍ (റ) തന്‍റെ പിതാവില്‍ നിന്നും നിവേദനം ചെയ്യുന്നു:
പച്ചകുത്തുന്ന സ്ത്രീയെയും
പച്ചകുത്തിക്കുന്ന സ്ത്രീയെയും
പലിശ വാങ്ങുന്നവനെയും
പലിശ നല്‍കുന്നവനെയും
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം)
ശപിക്കുകയുണ്ടായി.
പട്ടിയുടെ വിലയെയും
വേശ്യയുടെ സമ്പാദ്യത്തെയും തങ്ങള്‍ തടഞ്ഞിരിക്കുന്നു.
ചിത്രപ്പണി നടത്തുന്നവരെയും
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശപിച്ചിട്ടുണ്ട്.
(ബുഖാരി, അബൂദാവൂദ്)

ഹദീസ്-11.
ഇബ്നുമസ്ഊദ് (റ) വിവരിക്കുന്നു:
പലിശ വാങ്ങുന്നവന്‍,
പലിശ കൊടുക്കുന്നവന്‍,
അതിന് സാക്ഷി നില്‍ക്കുന്നവന്‍,
അറിഞ്ഞ് കൊണ്ട് അത് എഴുതുന്നവന്‍,
പച്ചകുത്തുന്ന സ്ത്രീ, സൗന്ദര്യത്തിന് വേണ്ടി പച്ചകുത്തിക്കുന്ന സ്ത്രീ,
ദാന-ധര്‍മ്മങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുന്നവന്‍,
പലായനത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങുന്നവന്‍ എന്നിവര്‍,
മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ
തിരുനാവ് കൊണ്ട് ശപിക്കപ്പെട്ടിരിക്കുന്നു (അഹ്മദ്)
ഇബ്നുഖുസൈമയുടെയും ഇബ്നുഹിബ്ബാനിന്‍റെയും           നിവേദനത്തില്‍, ഇവരെ നാളെ ഖിയാമത്ത് നാളില്‍
തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശപിക്കുന്നതാണ് എന്ന് വന്നിരിക്കുന്നു.

ഹദീസ്-12.
ഇബ്നുമസ്ഊദ് (റ) നിവേദനം ചെയ്യുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പലിശ കൊണ്ടുണ്ടാകുന്ന നാശങ്ങള്‍ എഴുപതില്‍പരമാണ്. ശിര്‍ക്കും ഇപ്രകാരം തന്നെ (ബസ്സാര്‍)

ഹദീസ്-13.
അബൂഹുറയ്റ (റ) നിവേദനം ചെയ്യുന്നു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പലിശയുടെ നാശങ്ങള്‍ എഴുപതില്‍പരമാണ്. ഏറ്റവും താഴ്ന്ന പലിശയുടെ കടുപ്പം, സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിന്       തുല്ല്യമാണ്. (ബൈഹഖി)

ഹദീസ്-14.
അബ്ദുല്ലാഹിബ്നു സലാം (റ) വിവരിക്കുന്നു:
പലിശയിലൂടെ സമ്പാദിക്കുന്ന ഒരു ദിര്‍ഹമിന്‍റെ ഗൗരവം,       മുസ്ലിമായതിന് ശേഷം മുപ്പത്തിമൂന്ന് പ്രാവശ്യം വ്യഭിചരിക്കുന്നതിന് തുല്ല്യമാണ് (ത്വബ്റാനി)

ഹദീസ്-15.
അനസ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു ഖുതുബ      നടത്തി. അതില്‍ പലിശയെ കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചു.         തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
മുപ്പത്തിആറ് വ്യഭിചാരത്തെക്കാള്‍ കഠിനമാണ്  ഒരു ദിര്‍ഹം പലിശ. ഒരു  മുസ്ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തലാണ് ഏറ്റവും         നിന്ദ്യമായ പലിശ. (ഇബ്നു അബിദ്ദുന്‍യാ, ബൈഹഖീ)

ഹദീസ്-16.
ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
യഥാര്‍ത്ഥ അവകാശിയുടെ അവകാശം നഷ്ടപ്പെടുത്താന്‍ വേണ്ടി ഒരു അക്രമിയെ ആരെങ്കിലും സഹായിച്ചാല്‍ അല്ലാഹുവും റസൂലും അയാളില്‍ നിന്നും ഒഴിവായിരിക്കുന്നു.
പലിശയുടെ ഒരു ദിര്‍ഹം ഉപയോഗിക്കുന്നത്,
മുപ്പത്തി മൂന്ന് വ്യഭിചാരത്തിന് തുല്ല്യമാണ്.
ഒരുവന്‍റെ മാംസം നിഷിദ്ധ സമ്പത്ത് കൊണ്ട് വളര്‍ന്നാല്‍ അവന്‍ നരകത്തിന് ഏറ്റവും അര്‍ഹതപ്പെട്ടവനാണ്. (തബ്റാനീ, ബൈഹഖീ)

ഹദീസ്-17.
ബറാഇബ്നു ആസിബ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പലിശയ്ക്ക് എഴുപത്തി രണ്ട് വാതിലുകളുണ്ട്. അതില്‍ ഏറ്റവും താഴ്ന്നതിന്‍റെ ഗൗരവം സ്വന്തം മാതാവുമായി വ്യഭിചരിക്കുന്നതിന് തുല്ല്യമാണ്. സഹോദരന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തലാണ് ഏറ്റവും നിന്ദ്യമായ പലിശ (ത്വബ്റാനീ)

ഹദീസ്-18.
അബൂഹുറയ്റ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പലിശയ്ക്ക് എഴുപത് ഭാഗങ്ങളുണ്ട്. അതിലേറ്റം താഴ്ന്നത് ഉമ്മയുമായി വ്യഭിചരിക്കുന്നതിന് തുല്ല്യമാണ്. (ഇബ്നുമാജ:)

ഹദീസ്-19.
ഇബ്നുമസ്ഊദ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം)അരുളി:
വ്യഭിചാരവും പലിശയും ഒരു സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ അവര്‍ അല്ലാഹുവിന്‍റെ ശിക്ഷയെ ക്ഷണിച്ച് വരുത്തിയിരിക്കുന്നു. (അബൂയഅ്ലാ)

ഹദീസ്-20.
അംറുബ്നുല്‍ ആസ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പലിശ വ്യാപകമാകുന്ന സമൂഹം
തീര്‍ച്ചയായും ക്ഷാമത്തില്‍ കുടുങ്ങും.
കൈക്കൂലി പ്രചരിച്ച സമുദായം
തീര്‍ച്ചയായും ഭയാശങ്കകളില്‍ അകപ്പെടും. (അഹ്മദ്)

ഹദീസ്-21.
അബൂഹുറയ്റ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
മിഅ്റാജ് രാത്രിയില്‍ ഒരു സമൂഹത്തിന്‍റെ അരികിലൂടെ ഞാന്‍ കടന്നുപോയി. വീട് പോലെ വലുതായിരുന്നു അവരുടെ വയറുകള്‍. പുറത്തുനിന്നും കാണത്തക്ക നിലയില്‍ അതിലാകെ പാമ്പുകള്‍ നിറഞ്ഞ് കിടക്കുന്നു. ജിബ്രീലിനോട് ഞാന്‍ ചോദിച്ചു. ഇവരാരാണ്? ജിബ്രീല്‍ പറഞ്ഞു പലിശ ഉപയോഗിക്കുന്നവരാണ്. (അഹ്മദ്)
അബൂസഈദ് (റ) വഴി ഇസ്ബഹാനി (റ) ഉദ്ധരിച്ച ഹദീസില്‍ ഇതുകൂടിയുണ്ട്. അവരുടെ ആ വലിയ വയറുകള്‍ ചരിഞ്ഞിരിക്കുന്നു. ഒരാളുടെ മുകളില്‍ മറ്റൊരാളെന്ന നിലയില്‍ അവര്‍ കുമിഞ്ഞ് കൂടി കിടക്കുന്നു. പ്രഭാത-പ്രദോഷങ്ങളില്‍ നരകത്തിനരികില്‍ ഹാജരാക്കപ്പെടുന്ന ഫിര്‍ഔനും കൂട്ടരും അവരെ ചവിട്ടിക്കടന്നുപോകുന്നതാണ്. ഖിയാമത്തായാല്‍ നരകത്തില്‍ കടക്കേണ്ടി വരും എന്ന ഭയത്താല്‍, ഖിയാമത്തിനെ ഒരിക്കലും നീ ഉണ്ടാക്കരുതേ എന്ന് അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു: ഇവരാരാണ്? ജിബ്രീല്‍ പറഞ്ഞു: താങ്കളുടെ സമുദായത്തിലെ പലിശ തീറ്റക്കാരാണ്!

ഹദീസ്-22.
ഇബ്നു മസ്ഊദ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
ഖിയാമത്തിനോടടുക്കുമ്പോള്‍ പലിശയും വ്യഭിചാരവും മദ്യപാനവും വര്‍ദ്ധിക്കുന്നതാണ്. (ത്വബ്റാനീ)

ഹദീസ്-23.
അബൂ ഔഫാ (റ) സ്വര്‍ണ്ണ വെള്ളികളുടെ വ്യാപാരികള്‍ക്കരികില്‍ ചെന്ന് നിങ്ങള്‍ ഒരു സന്തോഷവാര്‍ത്ത കേട്ട് കൊള്ളുക എന്ന് പറഞ്ഞു. അവര്‍ ചോദിച്ചു: എന്ത് സന്തോഷ വാര്‍ത്തയാണ് താങ്കള്‍ കേള്‍പ്പിക്കുന്നത്.? അദ്ദേഹം പ്രതിവചിച്ചു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിങ്ങള്‍ നരകം കൊണ്ടുള്ള സന്തോഷ വാര്‍ത്തകേട്ട് കൊള്‍ക എന്ന് അരുളിയിട്ടുണ്ട്. (ത്വബ്റാനീ)
സ്വര്‍ണ്ണ-വെള്ളികളുടെ വ്യാപാരത്തില്‍ കടമിടപാട് പാടില്ല. പല വ്യാപാരികളും അതു നടത്താറുള്ളതിനാലാണ് തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം)അവര്‍ക്ക് നരകം കൊണ്ട് മുന്നറിയിപ്പ് നല്‍കിയത്.

ഹദീസ്-24.
ഔഫുബ്നു മാലിക് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പൊറുക്കപ്പെടാത്ത പാപങ്ങള്‍ നീ സൂക്ഷിച്ചു കൊള്ളുക. ഗനീമത്ത് (സമരാര്‍ജിത) സ്വത്തില്‍ വഞ്ചന നടത്തലാണ് അതിലൊന്ന്.
 ആരെങ്കിലും അതില്‍ വഞ്ചന നടത്തിയാല്‍ ആ വസ്തുവുമായി ഖിയാമത്ത് നാളില്‍ അവന്‍ വരുന്നതാണ്.
പലിശ തീറ്റയാണ് മറ്റൊന്ന്.
പലിശ തിന്നുന്നവന്‍ ഭ്രാന്തനും ബോധക്കേടുള്ളവനായും നാളെ ഖിയാമത്തില്‍ യാത്രയാക്കപ്പെടുന്നതാണ്. (തബ്റാനീ)
ഇസ്ബഹാനി(റ)യുടെ നിവേദനത്തില്‍, ചുണ്ട് വലിച്ചിഴച്ച് ഭ്രാന്തന്‍ കോലത്തില്‍ യാത്രയാക്കപ്പെടുന്നതാണ് എന്ന് വന്നിരിക്കുന്നു.

ഹദീസ്-25.
ഇബ്നുമസ്ഊദ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
പലിശയിലൂടെ ധാരാളമായി സമ്പാദിച്ചവന്‍റെ സമ്പത്തില്‍ തീര്‍ച്ചയായും അവസാനം കുറവുണ്ടാകുന്നതാണ്. (ഇബ്നുമാജ: ഹാകിം)

ഹദീസ്-26.
അബൂഹുറയ്റ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
ഒരു കാലഘട്ടം തീര്‍ച്ചയായും വരും അന്ന്, ആരെങ്കിലും പലിശയില്‍ നിന്ന് രക്ഷപെട്ടാല്‍ തന്നെ, അതിന്‍റെ പുകയെങ്കിലും അവന് ഏല്‍ക്കുന്നതാണ്. (അബൂദാവൂദ്)

ഹദീസ്-27.
ഉബാദ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
അല്ലാഹുവില്‍ സത്യമായി, എന്‍റെ സമൂഹത്തില്‍ ഒരു കൂട്ടം ആളുകള്‍ അഹങ്കാരത്തിലും കളി തമാശകളിലും രാത്രി കഴിച്ചുകൂട്ടുന്നതാണ്. പ്രഭാതമാകുമ്പോള്‍ അവര്‍ കുരങ്ങുകളും പന്നികളുമായി കോലം മാറിയിരിക്കും. കാരണം, ഹറാമിനെ ഹലാലാക്കുകയും നര്‍ത്തകികളെ ഒരുമിച്ച് കൂട്ടുകയും മദ്യം കുടിക്കുകയും പലിശ തിന്നുകയും പട്ട് ധരിക്കുകയും ചെയ്തവരാണവര്‍. (സവാഇദ്, അഹ്മദ്)

ഹദീസ്-28.
അബൂഉമാമ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
ഈ സമുദായത്തിലെ ഒരു കൂട്ടം ആളുകള്‍ ഉയര്‍ന്നതരം ആഹാര-പാനീയങ്ങള്‍ ഉപയോഗിച്ച് കളി തമാശകളിലായി രാത്രി കഴിച്ചു കൂട്ടും. പ്രഭാതത്തിലാകുമ്പോള്‍ കുരങ്ങുകളും പന്നികളുമായി അവര്‍ രൂപാന്തരപ്പെടുത്തപ്പെടും. ഈ സമൂഹത്തില്‍ ചിലര്‍ ഭൂമിയില്‍ ആഴ്ത്തപ്പെടും. ചിലരുടെ മേല്‍ ആകാശത്തുനിന്നും കല്ല്മഴ പെയ്യും. ഇന്നലെ രാത്രി -ഇന്നയാള്‍, ഇന്ന വീട്, ഇന്ന കുടുംബം ഭൂമിയില്‍ ആഴ്ത്തപ്പെട്ടു- എന്ന് ജനങ്ങള്‍ പരസ്പരം പറയുന്നതാണ്. ലൂത്വ് നബി (അ) യുടെ സമൂഹത്തിന്‍റെ മേല്‍ ആകാശത്തു നിന്നും കല്ല്മഴ പെയ്തതുപോലെ, ആദ് സമൂഹത്തിന്‍റെ മേല്‍ കൊടുങ്കാറ്റ് അടിച്ചത് പോലെ, അവരുടെ മേലും സംഭവിക്കുന്നതാണ്. കാരണം അവര്‍ കള്ള് കുടിക്കുകയും പട്ട് ധരിക്കുകയും, ഗായികമാരെ സ്വീകരിക്കുകയും, പലിശ തിന്നുകയും കുടുംബബന്ധം മുറിക്കുകയും, ചെയ്തിരുന്നു. മറ്റൊരു കാര്യം കൂടി തിരുനബി അരുളിയിരുന്നു. അത് നിവേദകനായ ജഅ്ഫര്‍ (റ) മറന്നുപോയി. (അഹ്മദ്, ബൈഹഖീ)

ഹദീസ്-29.
അലിയ്യ് (റ) വിവരിക്കുന്നു:
പലിശ ഉപയോഗിക്കുന്നവനെയും കൊടുക്കുന്നവനെയും എഴുതുന്നവനെയും സകാത്ത് നല്‍കാത്തവനെയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശപിച്ചു. മരണ വീട്ടില്‍ അലമുറയിട്ട് കരയുന്നതിനെ തടയുകയും ചെയ്തു. (നസാഈ)

ഹദീസ്-30.
അലിയ്യ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
അല്ലാഹു ഒരു സമൂഹത്തെ നശിപ്പിക്കാനുദ്ദേശിച്ചാല്‍ പലിശയെ അവര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതാണ്. (കന്‍സുല്‍ ഉമ്മാല്‍)

ഹദീസ്-31.
അബൂ സഈദുല്‍ ഖുദ്രി(റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
സ്വര്‍ണ്ണത്തിന് പകരം സ്വര്‍ണ്ണവും വെള്ളിക്ക് പകരം വെളളിയും ഗോതമ്പിന് പകരം ഗോതമ്പും കാരക്കക്ക് പകരം കാരക്കയും ഉപ്പിന് പകരം ഉപ്പും തുല്യമായും രൊക്കമായും മാത്രമേ കച്ചവടം നടത്താന്‍ പാടുള്ളൂ. ആരെങ്കിലും കൂടുതല്‍ കൊടുക്കുകയോ കൂടുതല്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ അവന്‍ പലിശയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതില്‍ വാങ്ങുന്നവനും കൊടുക്കുന്നവനും സമമാണ്. (മുസ്ലിം)

ഹദീസ്-32.
ഇമാം ശഅ്ബീ (റ) വിവരിക്കുന്നു:
നജ്റാനിലുള്ള ക്രൈസ്തവര്‍ക്ക് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു വിജ്ഞാപനം അയച്ചു. നിങ്ങളിലാരെങ്കിലും പലിശയുമായി ബന്ധപ്പെട്ടാല്‍ അവന് നമ്മുടെ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല എന്ന് അതിലുണ്ടായിരുന്നു. (കന്‍സുല്‍ ഉമ്മാല്‍)

ഹദീസ്-33.
അബൂസുഫ്യാന്‍ (റ) വിന്‍റെ ഭാര്യ വിവരിക്കുന്നു: ആഇശ (റ) യോട് ഞാന്‍ ഒരു കാര്യം ചോദിച്ചു. എന്‍റെ ഒരു അടിമ സ്ത്രീയെ, എണ്ണൂറ് രൂപയ്ക്ക് കടത്തിന് ഞാന്‍ സൈദുബ്നു അര്‍ഖമിന് വിറ്റു. തുടര്‍ന്ന് ആ അടിമ സ്ത്രീയെ തന്നെ അറുന്നൂറ് രൂപയ്ക്ക് രൊക്കമായി ഞാന്‍ തിരികെ വാങ്ങി. (കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം എണ്ണൂറ് രൂപ എനിക്ക് തരും. ചുരുക്കത്തില്‍ ഇരുന്നൂറ് രൂപ ഞാനിതില്‍ ലാഭിച്ചിട്ടുണ്ട്) ആഇശ (റ) പ്രസ്താവിച്ചു: അല്ലാഹുവില്‍ സത്യം.! വളരെ മോശമായ ഇടപാടാണ് നിങ്ങള്‍ നടത്തിയത്. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടൊപ്പം താങ്കള്‍ നടത്തിയ ജിഹാദുകള്‍ ഈ ഇടപാടിലൂടെ നശിപ്പിച്ചിരിക്കുകയാണെന്ന് സൈദുബ്നു അര്‍ഖമിനോട് എന്‍റെ ഭാഗത്ത് നിന്നും എത്തിച്ചുകൊടുക്കുക. അബൂസുഫ്യാന്‍റെ ഭാര്യ പറഞ്ഞു. എന്‍റെ മൂലധനമായ അറുന്നൂറ് രൂപമാത്രം എടുത്ത് ബാക്കി അദ്ദേഹത്തിന് ഞാന്‍ തിരിച്ച് കൊടുക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു? ഞാന്‍ പാപത്തില്‍ നിന്നും രക്ഷപ്പെടുമോ? ആഇശ (റ) പ്രസ്താവിച്ചു: കുഴപ്പമില്ല. (കന്‍സുല്‍ ഉമ്മാല്‍)

ഹദീസ്-34.
ഇബ്നുഉമര്‍ (റ)വിനോട് ഒരാള്‍ പറഞ്ഞു. ഒരു വ്യക്തിക്ക് ഞാന്‍ കടംകൊടുത്തു. അദ്ദേഹം എനിക്ക് ഒരു സംഭാവന നല്‍കാനാഗ്രഹിക്കുന്നു. അത് സ്വീകരിക്കാമോ.? ഇബ്നു ഉമര്‍ (റ) പ്രസ്താവിച്ചു: ഒന്നുകില്‍ അതിന് പകരം താങ്കളും ഒരു സംഭാവന നല്‍കണം. അല്ലെങ്കില്‍, അതിന്‍റെ വില കടത്തില്‍ നിന്നും കുറയ്ക്കുക. (കന്‍സുല്‍ ഉമ്മാല്‍)

ഹദീസ്-35. അനസ് (റ) പ്രസ്താവിക്കുന്നു: നിങ്ങള്‍ ഒരു സഹോദരന് വല്ല കടവും കൊടുത്തശേഷം അയാള്‍ ഒരു പാത്രം ആഹാരം നിങ്ങള്‍ക്ക് നല്‍കിയാല്‍ അത് സ്വീകരിക്കരുത്. തന്‍റെ വാഹനത്തില്‍ കയറ്റിയാല്‍ നിങ്ങള്‍ കയറുകയുമരുത്. കടമിടപാടിന് മുന്‍പ് ഇപ്രകാരം ആഹാരം നല്‍കലും വാഹനത്തില്‍ കയറ്റലും ഇരുവര്‍ക്കുമിടയില്‍ നടന്നിട്ടുണ്ടെങ്കില്‍ കുഴപ്പമില്ല. (ഇബ്നുമാജ:)

ഹദീസ്-36.
മുഹമ്മദ്ബ്നുസീരീന്‍ (റ) വിവരിക്കുന്നു:
ഉമറുല്‍ ഫാറൂഖ് (റ)വിന് ഉബയ്യ് (റ) തന്‍റെ തോട്ടത്തില്‍ നിന്നുള്ള കുറെ പഴങ്ങള്‍ സംഭാവനയായി നല്‍കി. ഉമര്‍ (റ) അത് സ്വീകരിച്ചില്ല. കാരണം, ഉബയ്യ് (റ) വിന് ഉമര്‍ (റ) പതിനായിരം രൂപ കടം കൊടുത്തിരുന്നു. (കന്‍സ്)

ഹദീസ്-37.
ഉബയ്യ് (റ) പ്രസ്താവിക്കുന്നു: നീ ഒരാള്‍ക്ക് കടം കൊടുത്തശേഷം അയാള്‍ നിനക്ക് വല്ല സംഭാവനയും നല്‍കിയാല്‍ നീ നിന്‍റെ കടം മാത്രം തിരിച്ച് വാങ്ങുക. സംഭാവന മടക്കി കൊടുക്കേണ്ടതാണ്. (കന്‍സ്)

ഹദീസ്-38.
ഇബ്നു അബ്ബാസ് (റ) പ്രസ്താവിക്കുന്നു: നീ ആര്‍ക്കെങ്കിലും വല്ല കടവും കൊടുത്തശേഷം സംഭാവനയായി അയാളുടെ ഇറച്ചി സ്വീകരിക്കുകയോ വാഹനം ഇരക്കുകയോ ചെയ്യരുത്. (കന്‍സ്)

ഹദീസ്-39.
അലി (റ) പ്രസ്താവിക്കുന്നു:
എന്തെങ്കിലും പ്രയോജനം ഉണ്ടാക്കുന്ന കടമെല്ലാം പലിശയാണ്. (കന്‍സ്)

ഹദീസ്-40.
ഉമര്‍ (റ) വിവരിക്കുന്നു:
പലിശയെ ഭയന്ന് തൊണ്ണൂറ് ശതമാനം ഹലാലിനെ പോലും ഞങ്ങള്‍ ഉപേക്ഷിച്ചിരുന്നു. (കന്‍സ്)
പരിശുദ്ധ ഖുര്‍ആനിന്‍റെ പ്രധാന വ്യാഖ്യാനമാണ് പുണ്യഹദീസുകള്‍. ഉപരിസൂചിത ഹദീസുകളില്‍, നിഷ്പക്ഷമായി വിചിന്തനം നടത്തിയാല്‍, ഇക്കാലത്ത് പലിശയുടെ വിഷയത്തില്‍ ചിലര്‍ ഉന്നയിക്കാറുള്ള സംശയങ്ങള്‍ക്ക് മറുപടികളും കണ്ടെത്താന്‍ കഴിയുന്നതാണ്. അല്ലാഹു നമ്മെ ഈ നാശത്തില്‍ നിന്നും കാത്ത് രക്ഷിക്കട്ടെ! ആമീന്‍.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...