Tuesday, May 19, 2020

തലമുറകളുടെ ഗുരുവര്യന്‍, റഹ് മത്തുല്ലാഹില്‍ വാസിഅയിലേക്ക്...


തലമുറകളുടെ ഗുരുവര്യന്‍, 
റഹ് മത്തുല്ലാഹില്‍ വാസിഅയിലേക്ക്...

അന്താരാഷ്ട്ര ഇസ് ലാമിക കേന്ദ്രം ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെ സദ്റുല്‍ മുദര്‍രിസീന്‍ ശൈഖുല്‍ ഹദീസ്, മഹാനായ മുഫസ്സിര്‍, സമുന്നത മുഹദ്ദിസ്, വലിയുല്ലാഹീ-ഖാസിമീ തത്വജ്ഞാനങ്ങളുടെ വാഹകന്‍ ഉത്കൃഷ്ട രചയിതാവ്, സുന്ദര പ്രഭാഷക-പ്രബോധകന്‍, അല്ലാമാ സഈദ് അഹ് മദ് പാലന്‍പൂരി അല്ലാഹുവിന്‍റെ വിശാലമായ കാരുണ്യത്തിലേക്ക് യാത്രയായിരിക്കുന്നു. 
 ... إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ اللهُمَّ أْجُرْنَا فِي مُصِيبَتِنَا، وَأَخْلِفْ لنا خَيْرًا مِنْهَا
അല്ലാഹു നമുക്ക് നല്‍കിയതെല്ലാം അല്ലാഹുവിന്‍റെ സ്വത്താണ്. അല്ലാഹു എടുത്തതും അല്ലാഹുവിന്‍റേത് തന്നെ. എല്ലാത്തിനും ഓരോ സമയമുണ്ട്. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. മനസ്സുകള്‍ പിടയ്ക്കുന്നു. പക്ഷെ, പടച്ചവന് പൊരുത്തമായത് മാത്രമേ ഞങ്ങള്‍ പറയുകയുള്ളൂ. പ്രിയപ്പെട്ട ഗുരുവര്യനേ, അങ്ങയുടെ വേര്‍പാടില്‍ ഞങ്ങളെല്ലാം ദുഃഖിതരാണ്. 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/05/blog-post_84.html?spref=tw 
കായംകുളം ഹസനിയ്യയില്‍ പഠിക്കുന്ന സമയം. ദാറുല്‍ ഉലൂമിന്‍റെ സമുന്നത സന്തതി മൗലാനാ ഇബ്റാഹീം മദ്രാസി (റഹ്) തമിഴ്നാട്ടില്‍ ദഅ് വത്തിന്‍റെ വഴിയില്‍ വന്നിരുന്ന മൗലാനയെ കേരളത്തിനും ആവശ്യമുണ്ടെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് കൊണ്ടുവന്നു. അത് ഒരു ജുമുഅ ദിവസമായിരുന്നു. വിവിധ സമയങ്ങളിലായി അല്ലാമയുടെ പ്രഭാഷണങ്ങള്‍ നടന്നു. ആദ്യ കാഴ്ചയില്‍ തന്നെ വലിയ ആകര്‍ഷണീയത അനുഭവപ്പെട്ടു. അടുത്ത് തന്നെ മറ്റൊരിക്കല്‍ ഇബ്റാഹീം മൗലാനയോടൊപ്പം തമിഴ്നാട്ടില്‍ പോയപ്പോള്‍ വാനമ്പാടി മമ്പഉല്‍ ഉലൂം മദ്റസയില്‍ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ കീഴില്‍ ദിവസങ്ങള്‍ നീണ്ട തഫ്സീറുല്‍ ഖുര്‍ആനിന്‍റെ പരിപാടി നടക്കുകയായിരുന്നു. അവിടെ അല്ലാമാ നടത്തിയ ദര്‍സ് അതിന്‍റെ സമാഹാരത്തില്‍ പ്രത്യേകം കൊടുത്തിട്ടുണ്ട്. 
പിന്നീട് അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് ഞങ്ങളെ ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെ മടിത്തട്ടിലെത്തിച്ചു. മാതൃത്വം നിറഞ്ഞ ഉസ്താദുമാര്‍ ഓരോരുത്തരും ഒന്നിനൊന്ന് മെച്ചമായിരുന്നു. എന്നാല്‍ പാണ്ഡിത്വത്തിന്‍റെയും അവതരണ ശൈലിയുടെയും പെരുമാറ്റ രീതിയുടെയും ഗാംഭീര്യവും കൂടിച്ചേര്‍ന്ന അല്ലാമാ ഞങ്ങളുടെ ആകര്‍ഷണ കേന്ദ്രമായി. രാവിലെയും മഗ്രിബിന് ശേഷവും നടന്ന പാഠങ്ങള്‍ ഓരോന്നും കഴിയുമ്പോള്‍ ഞങ്ങളെല്ലാവരും ദീര്‍ഘശ്വാസം വിടുമായിരുന്നു. കണ്ട് തന്നെ മനസ്സിലാക്കേണ്ട പാഠത്തിന്‍റെ സൗന്ദര്യം ചിത്രീകരിക്കാന്‍ കഴിവില്ല. സത്യത്തിന്‍റെ സമര്‍ത്ഥനം, അസത്യത്തിന്‍റെ ഖണ്ഡനം, വായനയുടെ സൂക്ഷ്മത, പാഠത്തിന്‍റെ ഗാംഭീര്യം, വാചകങ്ങളുടെ അടുക്കും ചിട്ടയും, തമാശകളുടെ പുഞ്ചിരികള്‍, ഉപദേശങ്ങളിലെ കണ്ണീര്‍കണങ്ങള്‍ എല്ലാം സമ്മിശ്രമായ അനുഗ്രഹീത ദര്‍സുകള്‍ അപാരമായ ഒരു അനുഭവം തന്നെയായിരുന്നു. ഓരോ വാചകങ്ങളും തുളച്ച് കയറുകയും പിടിച്ചുകുലുക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ പറഞ്ഞു: മക്കളേ, ഇന്ന് നിങ്ങള്‍ യുവാക്കളാണ്. ജീവിതം കണ്ടിട്ടില്ല. അനാരോഗ്യം എന്താണെന്നറിയില്ല. ഇതെല്ലാം മനസ്സിലാക്കിയ ഒരാള്‍ എന്ന നിലയില്‍ പറയുകയാണ്. ജീവിതത്തില്‍ സൂക്ഷ്മത വേണം. സമയത്തെ ഗൗനിക്കണം... ഇത് കേട്ടപ്പോള്‍ എല്ലാവരും പൊട്ടിക്കരഞ്ഞത് ഓര്‍മ്മയുണ്ട്. അന്നും എന്നും ജീവിതം കര്‍മ്മ നിരതമായിരുന്നു. അസ്ര്‍ കഴിഞ്ഞ് പലപ്പോഴും ഞങ്ങള്‍ വീട്ടില്‍ പോകും. ഇളയ മകന് നൂറാനീ ഖാഇദ പഠിപ്പിക്കുന്നതും ഒരു അറബി സഹോദരന് ഹദീസിന്‍റെ ദര്‍സ് എടുക്കുന്നതും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ദാറുല്‍ ഉലൂമിലെ പഠനം കഴിഞ്ഞ് നാല് മാസം ജമാഅത്തില്‍ പുറപ്പെട്ടു. അവസാനത്തെ മാസം ദേവ്ബന്ദിലും പരിസരത്തുമായിരുന്നു. ജമാഅത്തിലുള്ള കൂട്ടുകാരെയെല്ലാം പ്രേരിപ്പിച്ചപ്പോള്‍ എല്ലാവരും നീളക്കുപ്പായം ധരിക്കാന്‍ തയ്യാറായി. ഒരു വൈകുന്നേരം അല്ലാമയെ കാണാന്‍ അടുത്തുള്ള മസ്ജിദില്‍ അസ്ര്‍ നമസ്കരിക്കാന്‍ എത്തി. ജമാഅത്തിനെ കണ്ട ഒരു പ്രവര്‍ത്തകന്‍ നമസ്കാരം കഴിഞ്ഞ് ഇഅ്ലാന്‍ നടത്തി. ഇവര്‍ ഇവിടെ ബയാന്‍ ചെയ്യാന്‍ വന്നതല്ല, എന്‍റെ സംസാരം കേള്‍ക്കാന്‍ വന്നതാണെന്ന് പറഞ്ഞ് അല്ലാമാ ചിരിച്ചുകൊണ്ട് നസ്വീഹത്ത് നടത്തി. 
ദാറുല്‍ ഉലൂമില്‍ നിന്നും മടങ്ങിയപ്പോഴുള്ള വലിയൊരു ആഗ്രഹം അല്ലാമയെ കേരളത്തിലേക്ക് കൊണ്ടുവരണം എന്നതായിരുന്നു. അല്ലാഹു മഹാനായ ഉസ്താദ് ശൈഖുനാ മുഹമ്മദ് ഈസാ മമ്പഈയെ അനുഗ്രഹിക്കട്ടെ.! ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ 40-)ം വാര്‍ഷികത്തിന് ഉസ്താദ് മുന്‍കൈ എടുത്ത് മൗലാനയെ  കേരളത്തിലേക്ക് കൊണ്ടുവന്നു. എറണാകുളത്തെ പഴയ എയര്‍പോര്‍ട്ടില്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനിയോടൊപ്പം വന്നിറങ്ങിയ അല്ലാമയെ ദാഇയെ മില്ലത്ത് മൂസാ മൗലാനാ (റഹ്) യുടെ നേതൃത്വത്തില്‍ മഹാന്മാരായ പണ്ഡിത മഹത്തുക്കള്‍ സ്വീകരിച്ചു. ആലുവ ജാമിഅ ഹസനിയ്യയില്‍ ഖത്മുന്നുബുവ്വത്തിനെ കുറിച്ച് വളരെ ഉജ്ജ്വലമായ പ്രഭാഷണം നടത്തി. ശേഷം കാഞ്ഞാറില്‍ ദാഇയെ മില്ലത്തിന്‍റെ മേല്‍നോട്ടത്തില്‍ സ്ഥാപിക്കപ്പെട്ട ബാഖിയാത്ത് മദ്റസയില്‍ ദൗറത്തുല്‍ ഹദീസിന്‍റെ ഉദ്ഘാടനത്തിനും അല്ലാമാ വന്നു. പിന്നീട് മദ്ഹബിന്‍റെ ആവശ്യകത സമര്‍ത്ഥിക്കാന്‍ അല്ലാമാ ദക്ഷിണേന്ത്യയില്‍ ഒരു യാത്ര നടത്തി. തദവസരം ഒരു ദിവസം കേരളത്തിലേക്ക് വന്നു. ഹസനിയ്യയില്‍ ഒരു പരിപാടി സംഘടിപ്പിക്കപ്പെട്ടു. ട്രെയിനില്‍ സാധാരണ ബര്‍ത്തിലാണ് വന്നത്. ട്രെയിന്‍ വളരെ വൈകിയാണെത്തിയത്. വന്നയുടനെ മൂന്ന് മണിക്കും അസ്ര്‍ കഴിഞ്ഞും മഗ്രിബ് കഴിഞ്ഞും പ്രഭാഷണങ്ങള്‍ നടത്തി. പിറ്റേന്ന് വെള്ളിയാഴ്ച എറണാകുളത്ത് നിന്നും മടങ്ങി. കായംകുളത്ത് നിന്നും യാത്രയായ ഉടനെ യാത്ര വെറുതെ ചെയ്യേണ്ട എന്ന് പറഞ്ഞ് സംസാരമാരംഭിച്ചു. ഹൈന്ദവ വേദ ഗ്രന്ഥങ്ങളില്‍ അല്ലാഹുവിനെയും റസൂലിനെയും ഇതര ദീനീ കാര്യങ്ങളെയും കുറിച്ച് വന്നിട്ടുള്ള ഉദ്ധരണികള്‍ എറണാകുളം വരെയും വിവരിച്ചുകൊണ്ടിരുന്നു. ജുമുഅയ്ക്ക് മുമ്പ് അങ്കമാലി മസ്ജിദില്‍ നടത്തിയ ഹൃസ്വമായ പ്രഭാഷണത്തില്‍ കാഫിറൂന്‍-ഇഖ്ലാസ് സൂറത്തുകള്‍ ഓതുകയും കാഫിറൂന്‍ സൂറത്തിന്‍റെ സാരാംശം അല്ലാഹുവല്ലാത്ത ആരെയും ഒന്നിനെയും ആരാധിക്കുകയില്ലെന്നും ഇഖ്ലാസ് സൂറത്തിന്‍റെ രത്നച്ചുരുക്കം അല്ലാഹുവിനെ മാത്രം, അല്ലാഹുവിന് വേണ്ടി മാത്രം ആരാധിക്കുമെന്നതും ആണ് എന്ന് പ്രസ്താവിച്ചത് മനസ്സില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഇതിന് ശേഷം ഒരിക്കല്‍ കൂടി കേരളത്തില്‍ വന്നു. ആലുവ എടത്തല ജാമിഅത്തുല്‍ കൗസരിയ്യയില്‍ ഒരു പരിപാടി നടന്നു. അന്നത്തെ സന്ദേശം അനുഗ്രഹീതമായ ഖത്മുന്നുബുവ്വത്തിന്‍റെ സംരക്ഷണത്തിന് വേണ്ടി എല്ലാവരും പരിശ്രമിക്കണം എന്നതായിരുന്നു. 
അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് ഇടയ്ക്കിടെ ദാറുല്‍ ഉലൂമില്‍ പോകുമ്പോഴെല്ലാം അല്ലാമയെ കാണുകയും എല്ലാവരെയും സ്വീകരിക്കുന്നത് പോലെ വളരെ സ്നേഹത്തോടെ സ്വീകരിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ മസ്ജിദുല്‍ ഹറാമില്‍ ളുഹ്ര്‍ കഴിഞ്ഞ് ഒരാള്‍ക്കൂട്ടം കണ്ടു. എത്തി നോക്കിയപ്പോള്‍ അല്ലാമാ നടുക്ക് ഇരിക്കുന്നു. അവിടെയും ആളുകളോട് ദീനിന്‍റെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. തിരക്ക് കൂടിയപ്പോള്‍ പതുക്കെ എഴുന്നേറ്റു. ദീനീ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് തന്നെ നടന്ന് നീങ്ങി. ഇതിനിടയില്‍ അല്ലാഹു അല്ലാമയെ ഉയര്‍ത്തിക്കൊണ്ടിരുന്നു. ഉസ്താദുല്‍ ഹദീസായിരുന്ന അല്ലാമാ ശൈഖുല്‍ ഹദീസും സ്വദ്റുല്‍ മുദര്‍രിസീനുമായി. നിരന്തരം രചനകള്‍ തയ്യാറാക്കിക്കൊണ്ടിരുന്നു. ആദ്യം ജാമിഉത്തിര്‍മിദിയുടെയും ശേഷം സ്വഹീഹുല്‍ ബുഖാരിയുടെയും വിവരണങ്ങള്‍ തയ്യാറാക്കി. ഇതിനിടയില്‍ ഹിദായത്തുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ തഫ്സീര്‍ പൂര്‍ത്തീകരിക്കുകയും ഹുജ്ജത്തുല്ലാഹില്‍ ബാലിഗയുടെ വ്യാഖ്യാനം റഹ്മത്തുല്ലാഹില്‍ വാസിഅ രചിക്കുകയും ചെയ്തു. ഏതാനും വര്‍ഷങ്ങളായി കിതാബിന്‍റെ പാരായണവും വിവരണവും അല്ലാമ തന്നെയാണ് നടത്തിയിരുന്നത്. അക്ഷരങ്ങള്‍ പെറുക്കി വെച്ചുകൊണ്ടുള്ള പാരായണം വളരെ മനോഹരമാണ്. 
രോഗങ്ങള്‍ വരുന്നതും പോകുന്നതും പതിവായിരുന്നു. ചികിത്സിക്കുമെങ്കിലും ശേഷം പൂര്‍ണ്ണ ഉന്മേഷത്തോടെ കര്‍മ്മങ്ങളില്‍ മുഴുകുമായിരുന്നു. കഴിഞ്ഞ വര്‍ഷം വിവിധ രോഗങ്ങളുടെ പ്രയാസങ്ങള്‍ക്കിടയിലും അതൊന്നും അല്‍പ്പം പോലും പ്രകടമാക്കാതെ പാഠം തുടര്‍ന്നു. എന്നാല്‍ അവസാനം പ്രഭാഷണങ്ങള്‍ വളരെ കുറഞ്ഞു. പാഠം തീരുന്ന അന്ന് ഭാവി കാര്യങ്ങളെ കുറിച്ച് വളരെ ഉജ്ജ്വലമായ ഒരു പ്രഭാഷണം നടത്താറുണ്ട്. ഇപ്രാവശ്യം അത് നടത്തിയില്ല. അല്ലാമാ കരയുന്നത് കണ്ട് മുതഅല്ലിംകള്‍ കൂട്ടക്കരച്ചിലായി. അല്ലാഹു തീരുമാനിക്കുന്നത് നടക്കും എന്ന് പറഞ്ഞുകൊണ്ട് അല്ലാഹുവിന്‍റെ ദാസന്‍ ദാറുല്‍ ഉലൂമില്‍ നിന്നും യാത്രയായി. തുടര്‍ന്ന് ബോംബൈയില്‍ ചികിത്സ നടത്തി. ഉമ്മത്തിന്‍റെ ഈ അമൂല്യ നിധിയുടെ ആഫിയത്തിനായി ശിഷ്യരും സ്നേഹിതരും ദുആ ചെയ്തു. ഇതിനിടയില്‍ അനുഗ്രഹീത റമദാന്‍ അടുത്തു. റമദാനിലെ രാത്രികളില്‍ അല്ലാമയുടെ പ്രഭാഷണമുണ്ടായിരിക്കും എന്ന് അല്ലാമയുടെ പ്രിയശിഷ്യനായ മുഫ്തി മുഹ്സിന്‍ ഖാസിമി അറിയിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി. തുടര്‍ന്ന് ഓരോ ദിവസവും രാത്രി 10-30 മുതല്‍ 12 മണി വരെ പ്രഭാഷണം ആരംഭിച്ചു. മുഫ്തി തഹജ്ജുദിന് മുമ്പ് ഞങ്ങള്‍ക്കെല്ലാം അത് എത്തിച്ചുതരുമായിരുന്നു. റഹ്മാനേ, നിന്‍റെ കഴിവും കാരുണ്യവും അപാരം തന്നെ.! അല്ലാമാ വളരെ സ്ഫുടമായി പ്രഭാഷണം നടത്തുന്നു. സൂറത്തുല്‍ ഫാതിഹയില്‍ പ്രവേശിച്ചു. ഒരു മണിക്കൂര്‍ പ്രഭാഷണവും അര മണിക്കൂര്‍ ചോദ്യോത്തരവുമാണ്. പ്രഭാഷണത്തിനിടയിലെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ എന്ന പ്രയോഗം മനസ്സിനെ വല്ലാതെ ആകര്‍ഷിക്കുകയും എന്നും കേള്‍ക്കണമെന്ന ആഗ്രഹം ശക്തമാക്കുകയും ചെയ്തു. ഫാതിഹ അവസാനിച്ച് അല്‍ ബഖറയില്‍ പ്രവേശിച്ചു. 14-)മത്തെ തറാവീഹിന് ശേഷം 20 മിനിറ്റേ സംസാരിച്ചുള്ളൂ. സുഖമില്ല, ദുആ ചെയ്യണം. എന്ന് മാത്രം അവസാനം പറഞ്ഞു. 15-)മത്തെ തറാവീഹിന് ശേഷം സൂറത്തുല്‍ ബഖറയുടെ ആദ്യ ആയത്തുകള്‍ മനോഹരമായി പാരായണം ചെയ്ത് 40 മിനിറ്റ് സംസാരിച്ചു. ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയായി. പക്ഷെ, പിന്നീട് രോഗം കൂടി. മൗലാനായുടെ മകന്‍ ദുആയ്ക്ക് വേണ്ടി അപേക്ഷിച്ചപ്പോള്‍ വലിയ ദുഃഖം വന്നു. പക്ഷെ അല്ലാഹുവിന്‍റെ പ്രിയപ്പെട്ട ദാസന്‍ പടച്ചവന്‍റെ കാരുണ്യത്തിലേക്ക് തന്നെ നീങ്ങുകയായിരുന്നു. എല്ലാവരും നിരന്തരം ദുആ ചെയ്തുകൊണ്ടിരുന്നു. പക്ഷെ അല്ലാഹുവിന്‍റെ തീരുമാന പ്രകാരം 1441 റമദാനുല്‍ മുബാറക് 26 (2020 മെയ് 19 ചൊവ്വ) ഇഷ്റാഖിന്‍റെ സമയത്ത് വിവിധങ്ങളായ നന്മകള്‍ കൊണ്ട് ജീവിതം സമ്പന്നമാക്കിയ സൗഭാഗ്യവാന്‍, തലമുറകളുടെ ഗുരുവര്യന്‍, അടിയുറച്ച വിശ്വാസത്തിന്‍റെയും നിരന്തര കര്‍മ്മങ്ങളുടെയും നിഷ്കളങ്ക സ്നേഹത്തിന്‍റെയും വക്താവായ സ്നേഹനിധി, റഹ്മത്തുല്ലാഹില്‍ വാസിഅയിലേക്ക് യാത്രയായി. അല്ലാഹു പരിപൂര്‍ണ്ണ മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ കനിഞ്ഞരുളട്ടെ.! അഅ്ലാ ഇല്ലിയ്യീനില്‍ സ്വീകരിക്കട്ടെ.! ജന്നത്തുല്‍ ഫിര്‍ദൗസില്‍ പ്രവേശിപ്പിക്കട്ടെ.! അല്ലാഹു കുടുംബത്തിനും സേവകര്‍ക്കും പാപികളായ നാം ശിഷ്യര്‍ക്കും ഉന്നത പ്രതിഫലം നല്‍കട്ടെ, റഹ്മാനായ റബ്ബ് ഏറ്റവും നല്ല പകരക്കാരനാകട്ടെ.! ദാറുല്‍ ഉലൂം ദേവ്ബന്ദിനെ സഹായിക്കുകയും ഉയര്‍ത്തുകയും ചെയ്യട്ടെ.! 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 

🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 *മയ്യിത്ത് സംസ്കരണം.!*  
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 *ഈസ്വാല്‍ സ്വവാബ്:* 
*മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹 *മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!* 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹 *ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!* 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...