Thursday, May 21, 2020

സുന്നത്തിന്‍റെ പ്രാധാന്യവും, ബിദ്അത്തിന്‍റെ അപകടങ്ങളും.!


സുന്നത്തിന്‍റെ പ്രാധാന്യവും,
ബിദ്അത്തിന്‍റെ അപകടങ്ങളും.! 

മുഫ്തി സഈദ് അഹ് മദ് പാലന്‍പൂരി 
വിവ : മുഹമ്മദ് ഇസ്ഹാഖ് ഹസനി ഖാസിമി 
https://swahabainfo.blogspot.com/2020/05/blog-post_19.html?spref=tw 
ബിസ്മില്ലാഹ്...
അല്ലാഹു മുഴുവന്‍ മനുഷ്യരുടെയും ഇഹപര ജീവിത വിജയത്തിന് നിദാനമാക്കുന്നത് പരിശുദ്ധ ദീനനുസരിച്ചുളള ജീവിതമാണ്. ഇത് മനസ്സാ വാചാ കര്‍മ്മണാ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ മുസ്ലിംകള്‍. പരിശുദ്ധ ഖുര്‍ആനും നബി മുഹമ്മദ് മുസ്തഫ (സ) യും മുഴുവന്‍ ജനതയിലേക്കുമായിട്ടാണ് അല്ലാഹു അയച്ചത്. ഇസ്ലാം ദീന്‍ പൂര്‍ത്തിയായി. ഇനി പുതുതായി ഒരു ദീനുമില്ല. നബിയുമില്ല. വരാനുള്ള നബി ഈസ (അ) വന്നു കഴിഞ്ഞാല്‍ മുഹമ്മദ് നബി (സ) യുടെ മാര്‍ഗ്ഗമായിരിക്കും സ്വീകരിക്കുക. ഖുര്‍ആനിന്‍റെ അവതരണത്തോടെ മറ്റ് വേദഗ്രന്ഥങ്ങളെല്ലാം അസ്ഥിരപ്പെട്ടു. ഇനി യാതൊന്നും ദീനില്‍ കൂട്ടാനുമില്ല, കുറക്കാനുമില്ല. ഇതിനെല്ലാം ഖുര്‍ആനും ഹദീസുകളും സാക്ഷിയാണ്.
റസൂലുല്ലാഹി (സ) യുടെ ജീവിതം പഠിച്ച്, പകര്‍ത്തി, പ്രചരിപ്പിച്ചു ജീവിക്കുന്നതില്‍ മാത്രമാണ് വിജയവും, രക്ഷയും, സമാധാനവും, സര്‍വ്വ ഐശ്വര്യങ്ങളും മറ്റുമെല്ലാം നിലകൊള്ളുന്നത്. ഇതല്ലാത്ത മറ്റ് വഴികളെല്ലാം പരാജയത്തിന്‍റെ വഴികളാണ്. വലിയ അന്തരം കാണാമെങ്കിലും, നമ്മുടെ ജീവിതം എപ്പോഴും സ്വഹാബാക്കളുടെ ജീവിതവുമായി മാറ്റുരച്ച് നോക്കണം. ജീവിതത്തില്‍ ഇസ്ലാം പൂര്‍ത്തിയാക്കുന്നതില്‍ നമ്മള്‍ എങ്ങനെയാണ്.? അവര്‍ എങ്ങനെ ആയിരുന്നു.?
ലളിതമായ ഭാഷയില്‍ അനാചാരങ്ങളാണ് 'ബിദ്അത്തുകള്‍'. ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് ഇവകള്‍ കൊണ്ട് സ്ഥിരപ്പെടാത്ത കാര്യം ദീനാണെന്ന് കരുതി ചെയ്യുന്നതിനാണ് ബിദ്അത്ത് എന്ന് പറയുന്നത്. സുന്നത്ത് പ്രകാശവും ബിദ്അത്ത് ഇരുളുമാണ്. ബിദ്അത്തിനോട് നമ്മുടെ നഫ്സിന് എപ്പോഴും ഇഷ്ടമുണ്ടാകും. സുന്നത്ത് അനുസരിക്കാന്‍ നഫ്സ് സമ്മതിക്കില്ല. എന്നാല്‍ സുന്നത്ത് അനുസരിക്കുമ്പോഴാണ് അല്ലാഹുവിന്‍റെ തൃപ്തി ലഭിക്കുക. ബിദ്അത്ത്, ശിര്‍ക്കിലേക്കും അതുവഴി നരകത്തിലേക്കും കൊണ്ടു ചെന്നെത്തിക്കുന്ന ഗോവണിയാണെന്ന കാര്യം ഒരിക്കലും മറക്കരുത്.!
നബി (സ) അരുളി: മത കാര്യങ്ങളില്‍ വെച്ച് ഏറ്റവും തിന്മയായത് പുതുനിര്‍മ്മിതികളാണ്. (അതായത് ബിദ്അത്തുകളാണ്) എല്ലാ ബിദ്അത്തുകളും വഴികേടുമാണ്. എല്ലാവഴികേടും നരകത്തിലാണ് (മുസ്ലിം). റസൂലുല്ലാഹി (സ) അരുളിയതായി ഇബ്നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നു: ഹേ ജനങ്ങളെ, നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തില്‍ നിന്ന് അകറ്റുന്നതുമായ ഒരു കാര്യവും ഞാന്‍ നിങ്ങളോടു കല്പിക്കാതെ വിട്ടുകളഞ്ഞിട്ടില്ല. അതുപോലെ നിങ്ങളെ നരകത്തിലേക്ക് അടുപ്പിക്കുന്നതും സ്വര്‍ഗ്ഗത്തില്‍ നിന്ന് അകറ്റുന്നതുമായ ഒരു സംഗതിയും നിങ്ങളോടു വിരോധിക്കാതേയും വിട്ടു കളഞ്ഞിട്ടില്ല (മിശ്കാത്ത്). റസൂലുല്ലാഹി (സ) അരുളി: നമ്മുടെ നിര്‍ദേശമില്ലാതെ ആരെങ്കിലും ഒരു കാര്യം ദീനായി പ്രവര്‍ത്തിച്ചാല്‍ അത് തള്ളിക്കളയേണ്ടതാണ് (മുസ്ലിം). 
തുമ്മിയപ്പോള്‍ അല്‍ഹംദുലില്ലാഹ് എന്നതിന്‍റെ കൂടെ സ്വലാത്തും സലാമും ചൊല്ലിയ ആളോട് ഇബ്നു ഉമര്‍ (റ) അങ്ങിനെ പറയാന്‍ പാടില്ല എന്നു വിലക്കി. ഇവിടെ സ്വലാത്ത് ചീത്ത ആയത് കൊണ്ടല്ല. മറിച്ച്, ആ സമയത്ത് അങ്ങിനെ ചൊല്ലാന്‍ നബി (സ) കല്‍പ്പിച്ചിട്ടില്ല. ബാങ്കിന്‍റെ മുമ്പ് സ്വലാത്ത് ചൊല്ലുന്നത് ബിദ്അത്താണെന്ന് പ്രമുഖ ഷാഫിഈ പണ്ഡിതന്‍ ഇബ്നു ഹജറുല്‍ ഹൈതമി (റഹ്) തന്‍റെ ഫതാവയില്‍ പറഞ്ഞതും ഇതേ കാരണം കൊണ്ടു തന്നെ. മറിച്ച്, സ്വലാത്ത് തിന്മ ആയത് കൊണ്ടല്ല. ശിയാക്കള്‍ ബാങ്കിന്‍റെ ഇടയില്‍ 'അഷ്ഹദു അന്ന അലി വലിയ്യുല്ലാഹ്" എന്ന് പറയുന്നത് ബിദ്അത്താണെന്ന് ഉലമാ മഹത്തുക്കള്‍ പറയുന്നത് അലിയ്യ് (റ) അല്ലാഹുവിന്‍റെ വലിയ്യ് ആണെന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടായിട്ടല്ല. മറിച്ച്, റസൂല്‍ (സ) നമുക്ക് പഠിപ്പിച്ച് തന്ന ബാങ്കില്‍ അങ്ങനെ ഒരു പദം ഇല്ലാഞ്ഞിട്ടാണ്.
കാലങ്ങളായി നമ്മുടെ സമൂഹത്തില്‍ ധാരാളം ബിദ്അത്തുകള്‍ നടന്നുവരുന്നുണ്ട്. ഓരോ നാട്ടിലും ബിദ്അത്തുകള്‍ക്ക് വ്യത്യാസം വരാം. സ്വാഭാവികം. ബിദ്അത്തിന്‍റെ അപകടങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവാന്‍മ്മാരാക്കി സുന്നത്തിന്‍റെ മഹത്വം പറഞ്ഞ് അത് നടപ്പിലാക്കാന്‍ പരിശ്രമിക്കുന്നവരെ പുത്തന്‍വാദികളായാണ് നമ്മുടെ സമൂഹം കാണാറുളളത്. എന്നാല്‍ നബി (സ) യുടെ സുന്നത്തിനെതിരായി ബിദ്അത്തുകള്‍ പ്രവര്‍ത്തിക്കുകയും അതിനെ പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് സത്യത്തില്‍ പുത്തന്‍വാദികള്‍. ബിദ്അത്തുകള്‍ നടപ്പിലാക്കാന്‍ ചില ഉലമാക്കളും ഉമറാക്കളും മത്സരിക്കുന്നത് അങ്ങേയറ്റം ഖേദകരം തന്നെ.!
മസ്ജിദില്‍ നടക്കുന്നതും അല്ലാത്തതുമായ നമസ്കാരം, നോമ്പ്, ദിക്ര്‍, സ്വലാത്ത് തുടങ്ങി വിവിധ തരം ഇബാദത്തുകളിലും, ജനനം, മരണം, സിയാറത്ത്, വിവാഹം, ഗൃഹാരംഭം മുതലായവയുമായി ബന്ധപ്പെട്ട ആഘോഷങ്ങളിലും മറ്റുമാണ് ബിദ്അത്തുകള്‍ കൂടുതലായും കണ്ടുവരുന്നത്. വിവിധ നാടുകളില്‍ അതാത് കാലത്ത് ജീവിച്ചിരുന്ന മുഹദ്ദിസ്-മുഫസ്സിര്‍-ഫുഖഹാഅ് ഉലമാ മഹത്തുക്കള്‍ സുന്നത്തുകളുടെ പ്രാധാന്യത്തെക്കുറിച്ചും ബിദ്അത്തുകളുടെ അപകടത്തെക്കുറിച്ചും ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോകപ്രശസ്ത പണ്ഡിതനും ദേവ്ബന്ദ് ദാറുല്‍ ഉലൂമിലെ സ്വദ്റുല്‍ മുദര്‍രിസീനും ശൈഖുല്‍ ഹദീസും തലമുറകളുടെ ഉസ്താദുമായ  മൗലാനാ മുഫ്തി സഈദ് അഹ് മദ് പാലന്‍പൂരി അവര്‍കള്‍ക്ക് ബിദ്അത്തിനെ സംബന്ധിച്ച്  ലഭിച്ച ചോദ്യവും അതിനദ്ദേഹം നല്‍കിയ ഉത്തരവുമാണ് ബഹുമാന്യ സഹോദരന്‍ മുഹമ്മദ് ഇസ്ഹാഖ് ഹസനി ഭംഗിയായി മൊഴിമാറ്റം നടത്തിയിരിക്കുന്നത്. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബലാഗ് മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട പരമ്പരയാണ്. ഇത് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനുള്ള പരിശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് ഈ അനുഗ്രഹീത റമദാന്‍ 25-)ം പ്രഭാതത്തില്‍ ഇന്ത്യയില്‍ പ്രത്യേകിച്ചും ലോകം മുഴുവന്‍ പൊതുവിലും ശരിയായ വിജ്ഞാനത്തിന്‍റെയും ചിന്തയുടെയും പ്രകാശം പരത്തിയ ആദരണീയ ഗുരുവര്യന്‍ മൗലാനാ പാലന്‍പൂരി ശിഷ്യഗണങ്ങളെയും ദാറുല്‍ ഉലൂം ബന്ധുക്കളെയും അങ്ങേയറ്റത്തെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ഈ ലോകത്തോട് വിടപറയുന്നത്. തീര്‍ച്ചയായും മൗലാനാ മര്‍ഹൂമിന്‍റെ വിയോഗം വലിയൊരു നഷ്ടം തന്നെയാണ്. മൗലാനാ മര്‍ഹൂമിന്‍റെ സമുദ്ര സമാനമായ വിജ്ഞാനങ്ങള്‍ നല്ല നിലയില്‍ പ്രചരിപ്പിക്കുക എന്നതാണ് ഇതിനുള്ള ചെറിയൊരു പരിഹാരം. ദാറുല്‍ ഉലൂം സ്നേഹികള്‍ ഈ ഭാഗത്തേക്ക് ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു മൗലാനായെ അനുഗ്രഹിക്കട്ടെ.! അഅ്ലാ ഇല്ലിയ്യീനില്‍ ഉന്നത സ്ഥാനം നല്‍കട്ടെ.! ജന്നത്തുല്‍ ഫിര്‍ദൗസില്‍ പ്രവേശിപ്പിക്കട്ടെ.! അല്ലാഹു ഇതിനെ സ്വീകരിക്കട്ടെ.! പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും ഉതവി നല്‍കട്ടെ.! അല്ലാഹു ഇതിനെ സ്വീകരിക്കട്ടെ.! പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും ഉതവി നല്‍കട്ടെ.!  
-മുഹമ്മദ് മുസ്സമ്മില്‍ കൗസരി

സുന്നത്തിന്‍റെ പ്രാധാന്യവും,
ബിദ്അത്തിന്‍റെ അപകടങ്ങളും.! 
മുഫ്തി സഈദ് അഹ് മദ് പാലന്‍പൂരി 
ചോദ്യം: വലിയ പാപങ്ങളില്‍ ശിര്‍ക്കിനു ശേഷം ബിദ്അത്ത് വരാനുളള കാരണം എന്ത്.? 
ബിദ്അത്തിന്‍റെ നിര്‍വ്വചനം എന്ത്.? 
ബിദ്അത്തില്‍ എന്ത് അപകടമാണ് ഉള്ളത്.? 
വിശദമായ തെളിവുകളോടെ മറുപടി പ്രതീക്ഷിക്കുന്നു.?
ഉത്തരം: ശിര്‍ക്ക് എപ്രകാരം തൗഹീദിന് വിപരീതമാണോ അപ്രകാരം തന്നെ ബിദ്അത്ത്  സുന്നത്തിന് വിപരീതമാണ്. ബിദ്അത്തുകള്‍ സുന്നത്തിനെ പൊളിച്ചുകളയുകയും സുന്നത്തിന്‍റെ സ്ഥാനം കൈയ്യടക്കുന്നതുമാണ്.
ബിദ്അത്തിന്‍റെ നിര്‍വ്വചനം: 
ഖുര്‍ആനിലോ സുന്നത്തിലോ സഹാബത്തിന്‍റെയോ താബിഉകളുടെയോ അനുഗ്രഹീത കാലഘട്ടത്തിലോ ഇല്ലാത്തതും പിന്നീട് പുതുതായി ഉണ്ടായതും പ്രതിഫലം കിട്ടുന്ന കാര്യമായി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതുമായ കാര്യങ്ങളാണ് ബിദ്അത്ത്.
 അല്ലാമാ ഇബ്നു ഹജറുല്‍ അസ്ഖലാനി (റഹ്) ഫത്ഹുല്‍ ബാരിയില്‍ എഴുതുന്നു. മുന്‍മാതൃക കൂടാതെ പുതുതായി ഉണ്ടാകുന്ന കാര്യങ്ങളെയാണ് ബിദ്അത്ത് എന്നു പറയുന്നത്. അതുകൊണ്ടു തന്നെ അത് ആക്ഷേപാര്‍ഹമാണ് (4219). മറ്റൊരു സ്ഥലത്ത് അദ്ദേഹം പറയുന്നു. നബി(സ) തങ്ങളുടെ വാക്ക്, പ്രവൃത്തി, അവസ്ഥകള്‍ തുടങ്ങിയവയിലൂടെ സ്ഥിരപ്പെട്ട കാര്യങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മ്മിച്ചുണ്ടാക്കി ദീനാണെന്ന് ഗണിക്കുന്ന കാര്യങ്ങള്‍. വീണ്ടും ഇബ്നു ഹജര്‍ (റഹ്) പറയുന്നു. 'ബിദ്അ്' എന്നത് ബിദ്അത്തിന്‍റെ ബഹുവചനമാണ്. മുന്‍ മാതൃക ഇല്ലാത്ത എല്ലാ കാര്യങ്ങള്‍ക്കും ബിദ്അത്ത് എന്നു പറയും. ഭാഷാപരമായി എല്ലാ മോശമായതും നല്ലതുമായ കാര്യങ്ങളെ ഈ വാക്കുള്‍കൊളളും. എന്നാല്‍ ശരീഅത്തിലെ ആക്ഷേപാര്‍ഹമായ കാര്യങ്ങള്‍ക്കാണ് ഇതുപയോഗിക്കുന്നത്. ഇനി ഏതെങ്കിലും സ്ഥലത്ത് സ്തുത്യര്‍ഹമായ കാര്യങ്ങള്‍ക്കു വേണ്ടി ഈ വാക്ക് പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അവിടെ ഭാഷ മാത്രമാണ് പരിഗണിച്ചിട്ടുള്ളത്. ശറഇനെ പരിഗണിച്ചല്ല (ഫത്ഹുല്‍ബാരി 13-335).
കിതാബുല്‍ ശാമിയില്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു. നബി(സ) തങ്ങളുടെ വാക്കിലോ പ്രവൃത്തിയിലോ അവസ്ഥകളിലോ സ്ഥിരപ്പെടാത്ത ഒരു കാര്യം നല്ലതായി ഗണിച്ചും ദീനാണെന്ന് മനസ്സിലാക്കിയും ചെയ്യുന്നതിനാണ് ബിദ്അത്ത് എന്നു പറയുന്നത് (1525).
പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ശബീര്‍ അഹ്മദ് ഉസ്മാനി എഴുതുന്നു. ഖുര്‍ആനിലോ,  സുന്നത്തിലോ, ഉത്തമ കാലഘട്ടത്തിലോ അടിത്തറ കണ്ടെത്താന്‍ കഴിയാത്ത ഒരു കാര്യം ദീനും പ്രതിഫലം ലഭിക്കുന്ന കാര്യവുമായി ചെയ്യുന്നതിന് ബിദ്അത്ത് എന്നു പറയുന്നു. (തഫ്സീര്‍ ഉസ്മാനി 27).
ഉംദത്തുല്‍ ഫിഖ്ഹില്‍ രേഖപ്പെടുത്തുന്നു. ഖുര്‍ആനിലോ ഹദീസിലോ നബി(സ) തങ്ങളുടെ കാലഘട്ടത്തിലോ ഇല്ലാതിരുന്നതും ഖുര്‍ആന്‍, ഹദീസ്, ഉമ്മത്തിന്‍റെ ഇജ്മാഅ്, മുജ്തഹിദുകളുടെ ഖിയാസ് തുടങ്ങിയവയിലൂടെ സ്ഥിരപ്പെടാത്തതുമായ കാര്യങ്ങള്‍ക്ക് ബിദ്അത്ത് എന്നു പറയുന്നു (127).
ചുരുക്കത്തില്‍ നബി(സ) തങ്ങള്‍ പ്രവര്‍ത്തിക്കുകയോ സഹാബാക്കള്‍ തങ്ങളുടെ സന്നിധിയില്‍ വച്ച് പ്രവര്‍ത്തിക്കുകയും തങ്ങള്‍ തടയാതിരിക്കുകയും ചെയ്ത കാര്യങ്ങള്‍ക്ക് ഐക്യകണ്ഠേന സുന്നത്ത് എന്നു പറയുന്നു. ഏതൊന്ന് നബി(സ) തങ്ങളുടെ കാലഘട്ടത്തില്‍ ഇല്ലാതിരുന്നോ അതിനെ നിരുപാധികം ബിദ്അത്ത് എന്നു പറയുകയില്ല. സഹാബത്തിന്‍റെയോ താബിഈങ്ങളുടെയോ കാലഘട്ടത്തില്‍ ഏതെങ്കിലും പുതുതായ നടപടിക്രമങ്ങള്‍ തുടങ്ങുകയും അവര്‍  അതിനെ നിരോധിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് ബിദ്അത്തില്‍ പെടുന്നതാണ്.
ഉദാഹരണമായി പെരുന്നാള്‍ നമസ്കാരത്തിനു മുമ്പുള്ള ഖുതുബ മര്‍വാന്‍ നടത്തുകയുണ്ടായി. അബൂസഈദില്‍ ഖുദ്രി(റ) അത് തടയുകയും തെറ്റാണെന്നു പറയുകയും ചെയ്തു. അക്കാരണത്താല്‍ തന്നെ ഈ നടപടി ബിദ്അത്താണ്. ഈ സംഭവം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. അപ്രകാരം സഹാബാക്കള്‍, താബിഈങ്ങള്‍ ഇവരുടെ കാലഘട്ടത്തില്‍ ഒരു കാര്യം ഉണ്ടാവുകയും അവര്‍ അതിനെ തടയാതിരിക്കുകയും ചെയ്താല്‍ അത് ബിദ്അത്തില്‍ പെടുന്നതുമല്ല. കാരണം നബി(സ) പറയുകയുണ്ടായി. ഏറ്റവും ഉത്തമമായ കാലഘട്ടം എന്‍റെ നൂറ്റാണ്ടാണ്. പിന്നീട് അടുത്ത നൂറ്റാണ്ടും, പിന്നീട് അടുത്ത നൂറ്റാണ്ടുമാണ്. (ബഖാരി, മുസ്ലിം) അഥവാ നബിതങ്ങളുടെയും സഹാബത്തിന്‍റെയും താബിഈങ്ങളുടെയും കാലഘട്ടമാണ് ഉത്തമമായത്. ഹദീസില്‍ വരുന്നു. ഇതിനു ശേഷം അമാനത്തില്‍ വഞ്ചന കാണിക്കുകയും സ്വയം ഞാന്‍ നല്ലവനാണെന്ന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന ആളുകള്‍ രംഗത്ത് വരുന്നതാണ്. അപ്പോള്‍ ഈ മൂന്ന് നൂറ്റാണ്ടിനു ശേഷം സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ജനങ്ങളുടെ അവസ്ഥക്ക് വ്യത്യാസം സംഭവിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ മൂന്ന് നൂറ്റാണ്ടിനു ശേഷം പുതുതായി ഉണ്ടാകുന്ന കാര്യങ്ങള്‍ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് (മുജ്തഹിദുകളുടെ ഐക്യകണ്ഠേനയുളള തീരുമാനം), ഗവേഷണ യോഗ്യരായ പണ്ഡിതന്‍മ്മാരുടെ ഇജ്തിഹാദ് അഥവാ ഗവേഷണം ഇവകളോട് യോജിച്ചതാണെങ്കില്‍ ചെയ്യാവുന്നതാണ്. എന്നാല്‍ അതിനോട് യോജിക്കാത്ത ഒരു കാര്യം ആര് പുതുതായി കൊണ്ടു വന്നാലും അത് നിര്‍മ്മാതാവ്, പണ്ഡിതന്‍, ശൈഖ്, സൂഫി, മക്കക്കാരന്‍, മദീന നിവാസി, സയ്യിദ് തുടങ്ങി ആരാണെങ്കിലും ശരി. (അഖാഇദുല്‍ ഇസ്ലാം 133,134)
ബിദ്അത്ത് വലിയ പാപമാണ്. ധാരാളം ഹദീസുകള്‍ ഇതിനെ സംബന്ധിച്ച് താക്കീത് ചെയ്യുന്നുണ്ട്. അല്ലാഹുവിന്‍റെയും റസൂലിന്‍റെയും മുഴുവന്‍ സത്യവിശ്വാസികളുടെയും ശാപത്തിനു കാരണമാകുന്ന കാര്യമാണ് ബിദ്അത്ത്. ബിദ്അത്തിനെ മഹത്വവല്‍ക്കരിക്കുന്നവര്‍ ശാപത്തിന് അര്‍ഹരാണ്. ഒരു ബിദ്അത്തുകാരന്‍റെ നോമ്പ്, നമസ്കാരം, ഹജ്ജ്, ഉംറ, സദഖ, ജിഹാദ് ഇവകളൊന്നും സ്വീകരിക്കപ്പെടുന്നതല്ല. നിരന്തരമായി ബിദ്അത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പശ്ചാത്താപത്തിനുള്ള അവസരം ലഭിക്കുന്നതല്ല. സുന്നത്തിനെ നശിപ്പിക്കുകയും അതിന്‍റെ പ്രകാശത്തില്‍ നിന്നും വിശ്വാസികളെ തടയുകയും ചെയ്യുന്നവനാണ് ബിദ്അത്തുകാരന്‍. നബി(സ) അരുളി: ഏതെങ്കിലും ഒരു സമൂഹം പുതുതായി ഒരു നടപടിക്രമം ദീനില്‍ ഉണ്ടാക്കിയാല്‍ തല്‍സ്ഥാനത്തു നിന്നും ഒരു സുന്നത്ത് ഉയര്‍ന്നുപോകുന്നതാണ്. അതുകൊണ്ട് പുതുതായി നടപടിക്രമം ഉണ്ടാകാതെ സുന്നത്തിനെ മുറുകെ പിടിക്കലാണ് കരണീയം. (അഹ്മദ്, മിശ്കാത്ത്)
മറ്റൊരു രിവായത്തില്‍ വരുന്നു. ഏതൊരു സുന്നത്തിനെ ഒരു സമൂഹത്തില്‍ നിന്നും ഉയര്‍ത്തപ്പെട്ടോ, പിന്നീട് ആ സമൂഹത്തിലേക്ക് അന്ത്യനാള്‍ വരെയും ആ സുന്നത്ത് മടക്കപ്പെടുന്നതല്ല. (മിശ്കാത്ത് 31)
ഹദീസിന്‍റെ താല്‍പര്യം ഇതാണ്. ബിദ്അത്ത് കാരണമായി സുന്നത്തിന് കോട്ടം സംഭവിക്കുന്നു. സുന്നത്തിന്‍റെ സ്ഥാനം ബിദ്അത്ത് കരസ്ഥമാക്കുകയും സുന്നത്തിനെ തീരെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിന്‍റെ ഉപമ; ഗോതമ്പ്, അരി, ചോളം ഇതുപോലുള്ള കൃഷികള്‍ക്കിടയില്‍ പുല്ലുകള്‍ മുളക്കാറുണ്ട്. ഈ പുല്ല് എത്രത്തോളം ദൃഢതയുള്ളതാണോ അത്രയും കൃഷികള്‍ക്ക് ന്യൂനതയും സംഭവിക്കുന്നു. കൃഷിയുടമ ഈ പുല്ലുകളെ നീക്കം ചെയ്താല്‍ ആ കൃഷി ദൃഢതയുള്ളതാവുകയും പൂര്‍ണ്ണഫലം കിട്ടുന്നതാവുകയും ചെയ്യും. അല്ലാത്തിടത്തോളം ആ കൃഷിക്ക് ഒരുപാട് ന്യൂനതകളും കുറവുകളും സംഭവിക്കും. പ്രകാരം ബിദ്അത്തുകള്‍ സുന്നത്തിന്‍റെ ഫലത്തെ നശിപ്പിക്കുന്നു. അത് പടര്‍ന്നു പന്തലിക്കുകയും സുന്നത്തിന്‍റെ സ്ഥാനത്ത് നിലയുറപ്പിക്കുകയും ചെയ്യും. അങ്ങനെ സുന്നത്ത് സമൂഹത്തില്‍ നിന്നും ഇല്ലാതായി തീരുകയും ചെയ്യും. ജാബിര്‍(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്‍റെ റസൂല്‍(സ) ഒരിക്കല്‍ ഖുതുബ നടത്തി. തങ്ങളുടെ രണ്ടു കണ്ണുകളും ചുവന്നു. ശബ്ദം ഉയര്‍ന്നു. കോപത്തിന്‍റെ ലക്ഷണം മുഖത്ത് പ്രകടമായിരുന്നു. എന്നിട്ട് ഒരു സൈന്യത്തിന് മുന്നറിയിപ്പ് നല്‍കുന്നതു പോലുള്ള ചില വചനങ്ങള്‍ അവിടുന്ന് പറഞ്ഞു. പിന്നീട് ചൂണ്ടുവിരലും മധ്യവിരലും ചേര്‍ത്തുപിടിച്ചുകൊണ്ട് അവിടുന്ന് അരുളി. ഞാനും അന്ത്യനാളും ഈ രണ്ടു വിരലുകള്‍ പോലെയാണ്. എന്നിട്ട് പറഞ്ഞു, സംസാരത്തില്‍ ഏറ്റവും ഉത്തമമായത് അല്ലാഹുവിന്‍റെ കിതാബാകുന്നു. ഏറ്റവും ഉയര്‍ന്ന മാര്‍ഗ്ഗദര്‍ശനം മുഹമ്മദ്(സ) കാണിച്ചുതന്ന മാര്‍ഗ്ഗദര്‍ശനമാകുന്നു. കാര്യങ്ങളില്‍ ഏറ്റവും അപകടം നിറഞ്ഞത് ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു. (മിശ്കാത്ത് 27)
വേറൊരു രിവായത്തില്‍ വരുന്നു. ഇര്‍ബാളിബ്നുബ് സാരിയ(റ)ല്‍ നിന്നും നിവേദനം. ഒരിക്കല്‍ നബി(സ) തങ്ങള്‍ ഞങ്ങള്‍ക്ക് ഇമാമായി നമസ്കരിച്ചു. നമസ്കാരാനന്തരം തങ്ങള്‍ ഞങ്ങളിലേക്ക് തിരിഞ്ഞു. സാരസമ്പൂര്‍ണ്ണമായ ഒരു ഉപദേശം അവിടുന്ന് നല്‍കി.  സദസ്യരുടെ കണ്ണ് നിറഞ്ഞാഴുകി. ഹൃദയം കിടുകിടാ വിറച്ചു. ഒരാള്‍ ചോദിച്ചു. അല്ലാഹുവിന്‍റെ റസൂലേ, ഇതു വിടവാങ്ങുന്നയാളിന്‍റെ ഉപദേശം പോലുണ്ടല്ലോ. ഞങ്ങള്‍ക്ക് എന്തെങ്കിലും വസിയ്യത്ത് ചെയ്താലും. അപ്പോള്‍ തങ്ങള്‍ പറഞ്ഞു. അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നതിനെക്കുറിച്ച് നിങ്ങളോട് ഞാന്‍ ഗൗരവമായി ഉപദേശിക്കുന്നു. നിങ്ങളുടെ നേതാവ് നീഗ്രോ അടിമയാണെങ്കിലും ശരി, അദ്ദേഹത്തെ അനുസരിക്കുക. കാരണം എനിക്കു ശേഷം നിങ്ങളില്‍ ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കും. അപ്പോള്‍ നിങ്ങള്‍ എന്‍റെയും ഖുലഫാഉറാശിദീങ്ങളുടെയും ചര്യ മുറുകെ പിടിക്കുക. അണപ്പല്ല് കൊണ്ട് അതിനെ കടിച്ചു പിടിക്കുക. (ദീനില്‍) പുതുതായി ഉണ്ടാകുന്ന കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക. നിശ്ചയം എല്ലാ പുതുതായ നടപടികളും ബിദ്അത്ത് ആകുന്നു. എല്ലാ ബിദ്അത്തും വഴി കെട്ടതാകുന്നു. (അഹ്മദ്, അബൂദാവൂദ്, തിര്‍മിദി, ഇബ്നുമാജ, മിശ്കാത്ത്)
റസൂലുല്ലാഹി (സ) അരുളിയിരിക്കുന്നു: ഏതെങ്കിലും ഒരുവന്‍ നമ്മുടെ ഈ ദീനില്‍ ഇല്ലാത്ത കാര്യത്തെ ഉണ്ടാക്കിയാല്‍ അതിനെ തളളപ്പെടേണ്ടതാണ്. (ബുഖാരി 1-137, മുസ്ലിം 1-77, മിശ്കാത്ത് 27) മറ്റൊരു ഹദീസില്‍ വരുന്നു. നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തി ആരെങ്കിലും കൊണ്ടുവന്നാല്‍ അവനിലേക്ക് തന്നെ മടക്കപ്പെടേണ്ടതാണ്. (മുസ്ലിം 27) നമ്മുടെ കല്‍പ്പനക്ക് വിപരീതമായ ഒരു കാര്യം ദീനില്‍ ഉണ്ടാക്കിയാല്‍ അത് തളളപ്പെടേണ്ടതാണ്. (അബൂദാവൂദ് 2-57)
വേറൊരു ഹദീസില്‍ വരുന്നു. ആരെങ്കിലും ഇവിടെ (മദീന മുനവ്വറ) എന്തെങ്കിലും ഒരു പുതിയ കാര്യം ദീനില്‍ ഉണ്ടാക്കിയാല്‍ അല്ലെങ്കില്‍ പുതുതായി ഉണ്ടാക്കിയവന് അഭയം നല്‍കിയാല്‍ അല്ലാഹുവിന്‍റെയും, മലക്കുകളുടേയും, മുഴുവന്‍ മനുഷ്യരുടേയും ശാപം അവന്‍റെ മേല്‍ ഉണ്ടാകുന്നതാണ്. അവനില്‍ നിന്ന് സുന്നത്തോ ഫര്‍ളോ ആയ ഒരു പ്രവര്‍ത്തിയും സ്വീകരിക്കപ്പെടുന്നതല്ല. (മിശ്കാത്ത് 238)
ബിദ്അത്തിനെതിരായ താക്കീതുകള്‍: 
ഹദീസില്‍ വരുന്നു. ആര് ഒരു ബിദ്അത്ത്കാരനെ ബഹുമാനിക്കുന്നുവോ അവന്‍ ഇസ്ലാമിനെ പൊളിക്കുന്നതില്‍ സഹായിക്കുന്നവനായി. (മിശ്കാത്ത് 31)
നബി (സ) പറഞ്ഞു: എല്ലാ നബിമാരുടെ കൂട്ടത്തിലും അവരെ പിന്‍പറ്റുന്ന സഹായികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ശേഷം ആ പ്രവാചകന്മാരുടെ രീതികളെ വെടിയുകയും എതിരുചെയ്യുകയും ചെയ്യുന്നവര്‍ ഉണ്ടാകും. അവര്‍ പ്രവര്‍ത്തിക്കാത്തത് പറയും. കല്‍പ്പിക്കപ്പെടാത്തത് പ്രവര്‍ത്തിക്കും. അവരോട് കെ കൊണ്ട് ജിഹാദ് ചെയ്യുന്നവന്‍ മുഅ്മിനാണ്. നാവു കൊണ്ട് ജിഹാദ് ചെയ്യുന്നവനും ഹൃദയം കൊണ്ട് അവരെ വെറുത്തവരും മുഅ്മിനാണ്. ഇതിനു താഴെ ഈമാനില്‍ ഒരു അണുഅളവ് സ്ഥാനം പോലുമില്ല. (മിശ്കാത്-29)
ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി(റഹ്) പറയുന്നു. തീര്‍ച്ചയായും സ്രഷ്ടാവിന്‍റെ തൃപ്തിയില്‍ നിന്നും വിദൂരമായവന്‍, കല്‍പ്പിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും   എന്നിട്ട് കല്‍പ്പിക്കാത്ത കാര്യങ്ങളില്‍ വ്യാപൃതനാവുകയും ചെയ്യുന്നവനാണ്. അതു തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഭാഗ്യക്കേട്. അതു തന്നെയാണ് യഥാര്‍ത്ഥ മരണം. അതുതന്നെയാണ് യഥാര്‍ത്ഥ നഷ്ടം. (അല്‍ ഫത്ഹുല്‍ റബ്ബാനി 440)
അനസ്(റ) നിന്നും നിവേദനം. അദ്ദേഹം പറയുന്നു. മൂന്ന് ആളുകള്‍ നബി(സ) യുടെ ഭാര്യമാരുടെ അടുക്കല്‍ വന്ന് തങ്ങളുടെ ഇബാദത്തിനെക്കുറിച്ച് ചോദിക്കുകയുണ്ടായി. ഇബാദത്തിനെ കുറിച്ച് അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞു. തങ്ങള്‍ ഉയര്‍ന്ന ദറജയിലാണ്. അല്ലാഹു മുന്‍പിന്‍ പാപങ്ങളെ പൊറുത്തകൊടുത്തിരിക്കുന്നു. അവരില്‍ ഒരാള്‍ പറഞ്ഞു.  അതുകൊണ്ട് ഞാന്‍ ഇനി എല്ലാ രാത്രിയിലും നമസ്കാരത്തിലായി കഴിയുന്നതാണ്. മറ്റെയാള്‍ പറഞ്ഞു. ഞാനിനി ദിവസവും നോമ്പ് അനുഷ്ഠിക്കുന്നതാണ്. നോമ്പില്ലാത്ത അവസ്ഥ ഉണ്ടാകുന്നതല്ല. അടുത്തയാള്‍ പറഞ്ഞു. ഞാന്‍ സ്ത്രീകളില്‍ നിന്നും ഒഴിഞ്ഞ് കഴിഞ്ഞു കൂടും. വിവാഹം ചെയ്യുകയില്ല. നബി(സ)ക്ക് ഈ വിവരം കിട്ടി. തങ്ങള്‍ അവരോട് ഈ കാര്യത്തെക്കുറിച്ച് ചോദിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. അറിയണം, നിങ്ങളില്‍ ഏറ്റവും അല്ലാഹുവിനെ അറിയുകയും ഭയക്കുകയും ചെയ്യുന്നവന്‍ ഞാനാണ്. പക്ഷേ ഞാന്‍ നോമ്പ് നോക്കുന്നു, നോമ്പ് ഉപേക്ഷിക്കുന്നു. ഞാന്‍ നമസ്കരിക്കുന്നു, ഉറങ്ങുന്നു, വിവാഹം ചെയ്യുന്നു. എന്‍റെ ചര്യയെ ആര് വെറുക്കുന്നുവോ, അവന്‍ എന്നില്‍ പെട്ടവനല്ല. (മിശ്കാത് 27)
ചിന്തിക്കുക. ഒരു സഹാബി നമസ്കാരവുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത് ഞാന്‍ രാത്രി മുഴുവന്‍ നമസ്കാരത്തിലായി കഴിഞ്ഞുകൂടുന്നതാണ്. രണ്ടാമത്തെയാള്‍ കരാറെടുത്തത് ഞാന്‍ ജീവിതകാലം മുഴുവന്‍ നോമ്പിലായി കഴിഞ്ഞു കൂടുന്നതാണ്. മൂന്നാമത്തെയാളുടെ കരാര്‍, ഭാര്യയില്‍ നിന്നും വിട്ട് രാത്രി മുഴുവന്‍ ഇബാദത്തില്‍  കഴിയുന്നതാണ്. ഈ കാര്യങ്ങളില്‍ എന്തെങ്കിലും ന്യൂനതയോ മോശമോ ഉണ്ടോ. എന്നാല്‍ നബി(സ) ഇതിനെ ഇഷ്ടപ്പെട്ടില്ല. തങ്ങള്‍ കാണിച്ചുതന്ന നേരായ മാര്‍ഗ്ഗത്തിന് വിപരീതമാണിത്. അക്കാരണത്താല്‍ നബി(സ) സഹാബാക്കളെ പിന്തിരിപ്പിക്കുകയുണ്ടായി.
തൗബക്കുള്ള അവസരവും നഷ്ടമാകുന്നു.
അമീറുല്‍ മുഅ്മിനീന്‍ അബൂബക്കര്‍(റ)വില്‍ നിന്നും നിവേദനം. നബി(സ) പറഞ്ഞു. ഇബ്ലീസ് പറയുകയാണ്. ഞാന്‍ ജനങ്ങളെ പാപങ്ങള്‍ ചെയ്യിപ്പിച്ചുകൊണ്ട് നശിപ്പിക്കുന്നതാണ്. അതുകാരണം അവര്‍ നരകത്തിന് അര്‍ഹരായിത്തീരും. ജനങ്ങള്‍ എന്നെ പശ്ചാത്താപം കൊണ്ടും പൊറുക്കലിനെ തേടല്‍ കൊണ്ടും നശിപ്പിക്കുന്നു. ഞാന്‍ ഈ അവസ്ഥ കണ്ടപ്പോള്‍ അവരെ ഞാന്‍ അവരുടെ നഫ്സ് ഇഷ്ടപ്പെടുന്ന കാര്യം കൊണ്ട് പരീക്ഷിച്ച് നശിപ്പിക്കുന്നു. (അഥവാ സുന്നത്തിനെതിരായി സ്വയം ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ഉണ്ടാക്കുക). ചുരുക്കത്തില്‍ അവര്‍ സന്മാര്‍ഗ്ഗത്തിലാണെന്ന് വാദിക്കുന്നു. അതിനാല്‍ പശ്ചാത്തപിക്കുകയുമില്ല. (തര്‍ഗീബ് 1-65)
ഹള്റത് സുഫ്യാനുസ്സൗരി(റഹ്) പറയുന്നു. എല്ലാ പാപങ്ങളെക്കാളും ഇബ്ലീസിന് ഏറ്റവും പ്രിയങ്കരം ബിദ്അത്താണ്. മനുഷ്യന്‍ പശ്ചാത്തപിക്കുന്നത് പാപത്തിന്‍റെ പേരിലാണ്. ബിദ്അത്ത് ചെയ്തതിന്‍റെ പേരില്‍ അവന്‍ തൗബ ചെയ്യുകയില്ല. പാപം ചെയ്താല്‍ താന്‍ പാപം ചെയ്തു എന്നു മനസ്സിലാക്കുന്നു. അതിനാല്‍ അവനെ സംബന്ധിച്ച് തൗബയും പാപം പൊറുക്കലും പ്രതീക്ഷിക്കപ്പെടാം. എന്നാല്‍ ബിദ്അത്ത് ചെയ്യുന്നവന്‍റെ വിശ്വാസം നിശ്ചയം താന്‍ അല്ലാഹുവിനെ വഴിപ്പെടുകയും ഇബാദത് ചെയ്യുകയുമാണ് ചെയ്യുന്നത്. അതുകാരണം അവന്‍ തൗബയും ഇസ്തിഗ്ഫാറും ചെയ്യുകയില്ല. ഇബ്ലീസ് പറയുന്നു. ഞാന്‍ ആദമിന്‍റെ മക്കളുടെ മുതുകിന്മേല്‍ വലുതും ചെറുതുമായ പാപങ്ങള്‍ ചുമത്തുകയുണ്ടായി. അവര്‍ പശ്ചാത്താപം കൊണ്ട് എന്‍റെ മുതുകിനെ ഒടിക്കുന്നു. അതു കാരണത്താല്‍ ഞാന്‍ അവര്‍ക്ക് പുതുതായ പാപം ഉണ്ടാക്കിക്കൊടുത്തു. അവര്‍ അതില്‍ നിന്നും തൗബ ചെയ്യുകയോ പൊറുക്കലിനെ തേടുകയോ ചെയ്യുകയില്ല. അവകള്‍ ഇബാദത്തുകളുടെ രൂപത്തിലുള്ള ബിദ്അത്തുകളാകുന്നു. (മജാലിസുല്‍ ഇബ്റാസ് 130)
ഈമാനിന്‍റെ പ്രകാശം വിദൂരമാക്കും: 
ഹസ്രത് ഫുളൈല്‍ ഇബ്നു ഇയാള് (റഹ്) പറയുന്നു. ആരെങ്കിലും ഒരു ബിദ്അത്ത്കാരനെ സ്നേഹിച്ചാല്‍ അല്ലാഹു അവന്‍റെ അമലുകളെ പൊളിച്ചുകളയുന്നതാണ്. ഇസ്ലാമിന്‍റെ പ്രകാശം അവന്‍റെ ഹൃദയത്തില്‍ നിന്നും നീക്കിക്കളയുന്നതാണ്.
അന്ത്യനാളില്‍ ഹൗളുല്‍ കൗസറില്‍ നിന്നും തടയുന്നു: 
ഹസ്രത് സഹ്ല്‍ ഇബ്നു സഅദ് (റ) നിവേദനം. അദ്ദേഹം പറയുന്നു. നബി (സ) പറഞ്ഞു: നിശ്ചയം ഞാന്‍ ഹൗളുല്‍ കൗസറിന്‍റെ അരികില്‍ നിങ്ങളേക്കാള്‍ മുമ്പ് എത്തുന്നതാണ്. ആര് എന്‍റെ അടുക്കല്‍ വരുന്നുവോ അവര്‍ക്ക് കുടിപ്പിക്കപ്പെടുന്നതാണ്. ആരെങ്കിലും അതില്‍ നിന്നും കുടിച്ചാല്‍ അവന് ഒരിക്കലും ദാഹിക്കുന്നതല്ല. കുറച്ചാളുകള്‍ എന്‍റെ അടുക്കല്‍ വരും. ഞാന്‍ അവരെയും അവര്‍ എന്നെയും അറിയുന്നതാണ്. എന്നാല്‍ അവരെ മടക്കി അയക്കപ്പെടും. എന്‍റെയും അവരുടെയും ഇടയില്‍ മറ ഇടപ്പെടുകയും ചെയ്യുന്നതാണ്. ഞാന്‍ പറയും. അവര്‍ എന്‍റെ അനുയായികളാണ്. അപ്പോള്‍ പറയപ്പെടും. താങ്കള്‍ക്ക് ശേഷം അവര്‍ (ദീനില്‍) ഉണ്ടാക്കിത്തീര്‍ത്ത കാര്യങ്ങള്‍ എന്തെന്ന് താങ്കള്‍ അറിയുന്നില്ല. ഇതു കേട്ടയുടന്‍, എനിക്ക് ശേഷം (ദീനില്‍) വ്യത്യാസം ഉണ്ടാക്കിയവര്‍ വിദൂരമാകട്ടെ എന്നു പറഞ്ഞ് തങ്ങള്‍ ആട്ടിയോടിക്കുന്നതാണ്. (ബുഖാരി, മുസ്ലിം)
ഈ ഹദീസില്‍ നിന്നും മനസ്സിലാകുന്നത് ഏതൊരു ജനങ്ങള്‍ നബിതങ്ങളുടെ സുന്നത്തുകള്‍ വിട്ട് ദീനില്‍ പുതിയ പുതിയ ബിദ്അത്തുകള്‍ ഉണ്ടാക്കിത്തീര്‍ക്കുന്നുവോ അവര്‍ ഖിയാമതു നാളില്‍ നബി തങ്ങളുടെ ഹൗളുല്‍ കൗസറില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്നവരാണ്. ഇവര്‍ക്ക് ഇതിനേക്കാള്‍ വലിയ ഭാഗ്യക്കേട് എന്താണ് വരാനുള്ളത്.
ചുരുക്കത്തില്‍ നബിതങ്ങളില്‍ നിന്നും ഏതൊരു പ്രവൃത്തി ഏതൊരു രീതിയില്‍ സ്ഥിരപ്പെട്ടിരിക്കുന്നുവോ, ആ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാണ് ഇത്തിബാഅ് എന്നു പറയുന്നത്. ഇതിനെതിരെ തിരഞ്ഞെടുത്ത വഴി ബാഹ്യമായ നോട്ടത്തില്‍ എത്ര ഉയര്‍ന്നതായി തോന്നിയാലും ശരീഅത്തില്‍ അത് തടയപ്പെട്ടതാകുന്നു. ഒരിക്കല്‍ നബി (സ) ബറാഇബ്നു ആസിബ്(റ)ന് ഒരു ദുആ പഠിപ്പിച്ചു. അതിലെ വാചകങ്ങള്‍ 'തങ്ങളുടെ മേല്‍ ഇറക്കപ്പെട്ട കിത്താബിനെ കൊണ്ടും താങ്കളെ നബിയായും ഞാന്‍ വിശ്വസിക്കുന്നു'. അദ്ദേഹം നബി(സ)യുടെ മേല്‍ ഒന്നു കൂടി മഹത്വം ഉണ്ടാകുന്നതിനു വേണ്ടി ഈ വാചകത്തില്‍ നബി എന്ന സ്ഥലത്ത് റസൂല്‍ എന്ന് പറയുകയുണ്ടായി. അഥവാ 'നബിയിക്കല്ലതീ അര്‍സല്‍ത' എന്നതിനു പകരം 'റസൂലുക്കല്ലതീ അര്‍സല്‍ത' എന്ന് പറഞ്ഞു. ഇത് കേട്ടയുടനെ നബി(സ) തടുക്കുകയും അദ്ദേഹത്തിന്‍റെ നെഞ്ചില്‍ അടിച്ചു കൊണ്ട് പറഞ്ഞു. 'നബിയിക്കല്ലതീ അര്‍സല്‍ത' എന്ന് പറയൂ. ഞാന്‍ ഏതൊരു വാചകമാണോ പറഞ്ഞത് അത് തന്നെ പറയൂ. അദ്ദേഹം പറയുകയാണ്, ഉടനെ ഞാന്‍ പറഞ്ഞു. 'വനബിയിക്കല്ലതീ അര്‍സല്‍ത' (തിര്‍മിദി 2-175)
ബിദ്അത്തിനോടുളള സഹാബത്തിന്‍റെ വെറുപ്പ്: 
നബി (സ) യുടെ സഹവാസത്തിനു വേണ്ടി അല്ലാഹു തിരഞ്ഞെടുത്തവരാണ് സ്വഹാബത്തുല്‍ കിറാം. സമ്പൂര്‍ണ്ണ ദീനിന്‍റെ സംരക്ഷണത്തിനും ദഅ്വത്തിനും വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരാണ് അവര്‍. നബി(സ)യുടെ ചര്യ പിന്‍പറ്റുന്നതില്‍ നിഷ്ഠയുളള സഹാബാക്കളെപ്പോലെ മറ്റൊരു വിഭാഗവും ഇല്ല തന്നെ. സുന്നത്തിന് വിപരീതമായ ബിദ്അത്തുകള്‍ ഇവര്‍ വെറുത്തതു പോലെ വെറുപ്പ് പ്രകടിപ്പിച്ച മറ്റാരും തന്നെയില്ല. സഹാബത്തിന്‍റെ സംഘത്തില്‍ പെട്ട അബ്ദുല്ലാഹിബ്നു മുഹ്ഫല്‍ (റ) സഹാബത്തിനെപ്പറ്റി പറയുന്നു. നബി(സ)യുടെ സഹാബത്ത് ബിദ്അത്തുകളോട് കോപം പ്രകടിപ്പിച്ചതു പോലെ മറ്റൊരു കാര്യത്തിനും കോപിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. (തിര്‍മിദി 1-33)
നാം നിസ്സാരമായി കാണുന്ന പല കാര്യങ്ങളും സഹാബാക്കളുടെ മുന്നില്‍ വളരെ ഗൗരവമുളളതായിരുന്നു. അതിനെതിരെ ശക്തമായ താക്കീത് നല്‍കുകയും ചെയ്തിരുന്നു. സഹാബത്തിന്‍റെ കാലഘട്ടത്തില്‍ കുറച്ചാളുകള്‍ സുബ്ഹി നമസ്കാരത്തിന് ഒരുമിച്ചു കൂടിയിട്ട് പ്രത്യേകമായ രീതിയില്‍ 100 പ്രാവശ്യം വീതം 'അല്ലാഹു അക്ബര്‍', 'ലാ ഇലാഹ ഇല്ലല്ലാഹ്', 'സുബ്ഹാനല്ലാഹ്' എന്നിങ്ങനെ ചൊല്ലുവാനാരംഭിച്ചു. ഈ വിവരം ഹല്റത്ത് അബൂമൂസല്‍ അശ്അരി(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)ന്‍റെ സന്നിധിയില്‍ വന്ന് അറിയിച്ചു. ഉടനെ ഇബ്നു മസ്ഊദ്(റ) ആ ആളുകളുടെ അടുക്കല്‍ ചെന്ന് അവരോട് ചോദിച്ചു. നിങ്ങള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്.? അവര്‍ മറുപടി പറഞ്ഞു. ഞങ്ങള്‍ ഈ ചെറിയ കല്ലുകള്‍ കൊണ്ട് തക്ബീര്‍, തഹ്ലീല്‍, തസ്ബീഹ് എണ്ണിക്കൊണ്ടിരിക്കുന്നു. ഇബ്നു മസ്ഊദ്(റ) പറഞ്ഞു: നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളെയാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. തുടര്‍ന്ന് പറഞ്ഞു. നിങ്ങളുടെ ഇടയില്‍ നബിതങ്ങളുടെ ധാരാളം സഹാബാക്കള്‍ ജീവിച്ചിരിക്കുന്നു. ആ നബിതങ്ങളുടെ വസ്ത്രം നുരുമ്പിയിട്ടില്ല, പാത്രങ്ങള്‍ നശിച്ചിട്ടില്ല, നിങ്ങളുടെ നാശം ഇത്രയും പെട്ടെന്ന് വന്നോ.? (അഥവാ നിങ്ങള്‍ ബിദ്അത്ത് കൊണ്ട് ജോലിയാകുന്നു) നിങ്ങളുടെ കാര്യം വളരെ ഖേദകരം തന്നെ. അവര്‍ മറുപടി പറഞ്ഞു. ഹോ, അബൂ അബ്ദുല്‍ റഹ്മാന്‍, അല്ലാഹുവില്‍ സത്യം. ഞങ്ങള്‍ ഇതുകൊണ്ട് നന്മയല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ല. ഇബ്നു മസ്ഊദ്(റ) പറഞ്ഞു. നന്മ ഉദ്ദേശിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ധാരാളം അമലുകള്‍ ഇപ്രകാരമുണ്ട്. പക്ഷേ അതുകൊണ്ട് അവര്‍ നന്മ കരസ്ഥമാക്കുന്നവരല്ല. കാരണം റസൂലുല്ലാഹി (സ) നമ്മളോട് പറഞ്ഞു. ഖുര്‍ആന്‍ ഓതുന്ന ധാരാളം ആളുകള്‍ ഉണ്ട്. പക്ഷേ ഖുര്‍ആന്‍ അവരുടെ തൊണ്ടക്കുഴി വിട്ട് കടക്കുന്നതല്ല. അല്ലാഹുവില്‍ സത്യം എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അവരില്‍ അധികം ആളുകളും നിങ്ങളിലുണ്ടെന്ന്. ഇതു പറഞ്ഞുകൊണ്ട് ഇബ്നുമസദ്(റ) പോയി കളഞ്ഞു. അംറ്ബ്ന് സല്‍മ പറയുന്നു. ഈ ബിദഇകളുടെ പരിണിതഫലം നാം കാണുകയുണ്ടായി. നഹ്റുവാന്‍ യുദ്ധത്തില്‍ ഹവാരിജുകളോട് ചേര്‍ന്ന് ഈ കൂട്ടര്‍ യുദ്ധം ചെയ്യുകയുണ്ടായി. (ഇസാലതുല്‍ഹഫാ 1-279)
മജ്ലിസുല്‍ അബ്റാന്‍ എന്ന ഗ്രന്ഥത്തില്‍ വരുന്നു. ഒരു സംഘം ആളുകള്‍ മഗ്രിബിന് ശേഷം ഒരുമിച്ചു കൂടിയിരിക്കും. എന്നിട്ട് ഒരാള്‍ പറയും. ഇത്ര പ്രാവശ്യം അല്ലാഹുഅക്ബര്‍ പറയൂ. ഇത്ര പ്രാവശ്യം സുബ്ഹാനല്ലായും, അല്‍ഹംദുലില്ലായും പറയൂ. ജനങ്ങള്‍ ഒന്നിച്ച് ഇപ്രകാരം പറയാന്‍ തുടങ്ങി. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ഈ വിവരം ലഭിച്ചപ്പോള്‍ അവരുടെ അടുക്കല്‍ ചെല്ലുകയും അവരുടെ ഈ പ്രവര്‍ത്തിയെ നോക്കിക്കൊണ്ട് പറഞ്ഞു. ഒരു ദാതില്‍ (അസ്തിത്വത്തില്‍) സത്യം. അവനല്ലാതെ മറ്റൊരു ആരാധ്യനുമില്ല. നിസ്സംശയം ഒന്നുകില്‍ നിങ്ങള്‍ ഇരുളടഞ്ഞ ബിദ്അത്തില്‍ അകപ്പെട്ടിരിക്കുന്നു. നബി(സ)യുടെ സഹാബത്തില്‍ നിന്നുള്ള ഇല്‍മ് നിങ്ങളില്‍ നിന്ന് നഷ്ടപ്പെട്ടുപോയിരിക്കുന്നു. അഥവാ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അങ്ങേ അറ്റത്തെ  ഇരുണ്ട ബിദ്അത്താകുന്നു. അല്ലെങ്കില്‍ നിങ്ങള്‍ ഏതൊരു കാര്യം ചെയ്തുകൊണ്ടിരിക്കുന്നോ അത് സഹാബത്തില്‍ നിന്ന് ഒരു രീതിയിലും വന്നിട്ടുമില്ല. ഇബാദത്തിന്‍റെ വിഷയത്തിലുള്ള ഇല്‍മില്‍ നിങ്ങള്‍ സഹാബാക്കളേക്കാള്‍ മുന്‍കടക്കാന്‍ ശ്രമിക്കുകയാണോ.? അതൊരിക്കലും സാധ്യമായ കാര്യമല്ല. എങ്കില്‍ നിങ്ങള്‍ ഒന്നാമത്തതിലാണ് അഥവാ ഇരുളടഞ്ഞ ബിദ്അത്തിലാകുന്നു. ചുരുക്കത്തില്‍ ഇതു ബിദ്അത്തെ സയ്യിഅ(മോശമായ ബിദ്അത്ത്) ആകുന്നു. ചിന്തിക്കൂ, തസ്ബീഹ് ചൊല്ലുന്നതിനെ ആര്‍ക്കാണ് വിമര്‍ശിക്കാന്‍ സാധിക്കുക. പക്ഷെ, തസ്ബീഹ് ചെയ്യാന്‍ സ്വീകരിച്ച മാര്‍ഗ്ഗം സുന്നത്തിനോട് യോജിക്കാത്ത രീതിയിലായതിനാല്‍ അഗ്രഗണ്യരായ സഹാബാക്കളില്‍പ്പെട്ട അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ഇതു ബിദ്അത്താണെന്ന് ഫത്വ  നല്‍കുകയുണ്ടായി.
മജാലിസുല്‍ അബ്റാര്‍ എന്ന ഗ്രന്ഥത്തില്‍ വരുന്നു. അമീറുല്‍ മുഅ്മിനീന്‍ അലി(റ)ന്‍റെ കാലത്ത് പെരുന്നാള്‍ ദിവസം ഒരു മനുഷ്യന്‍ പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് ഈദ്ഗാഹില്‍ സുന്നത്ത് നമസ്കരിക്കുന്നതായി കണ്ടപ്പോള്‍ അലി (റ) തടയുകയുണ്ടായി. ആ മനുഷ്യന്‍ പറഞ്ഞു. അല്ലയോ അമീറുല്‍ മുഅ്മിനീന്‍ അവറുകളേ, എന്‍റെ ഈ നമസ്കാരം കൊണ്ട് അല്ലാഹുവിന്‍റെ ശിക്ഷ എന്‍റെ മേല്‍ ഉണ്ടാകുകയില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അലി (റ) പറഞ്ഞു. നബി(സ) ഏതുകാര്യം ചെയ്തില്ലയോ അല്ലെങ്കില്‍ ചെയ്യാന്‍ പ്രേരിപ്പിച്ചില്ലയോ അതില്‍ അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം കിട്ടുകയില്ല എന്നുള്ളത് എനിക്ക് ഉറപ്പായ കാര്യമാണ്. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം ഏതൊരു കാര്യത്തിലില്ലയോ ആ കാര്യം പാഴാകുന്നു. പാഴായ കാര്യം അനാവശ്യവും പ്രയോജനരഹിതവുമാണ്. ചുരുക്കത്തില്‍ ഭയപ്പെട്ടുകൊള്‍ക. നബി (സ) യുടെ മാര്‍ഗ്ഗത്തിന് എതിരായ കാരണത്താല്‍ അല്ലാഹുവിന്‍റെ ശിക്ഷ ഉണ്ടാകുന്നതാണ്. (മജാലിസുല്‍ അബ്റാര്‍ 129)
ഒരു വ്യക്തി അസര്‍ നമസ്കാരത്തിനു ശേഷം രണ്ട് റക്അത്ത് നമസ്ക്കരിക്കുകയുണ്ടായി. അദ്ദേഹത്തെ അതില്‍ നിന്നും തടഞ്ഞപ്പോള്‍ സഈദ്ബ്നു മുസയ്യിബ്(റ)നോട് പറഞ്ഞു. (ഇബാദത്ത് ശിക്ഷയെ നിര്‍ബന്ധമാക്കുകയില്ല) അപ്പോള്‍ അദ്ദേഹം പറഞ്ഞു. പക്ഷെ സുന്നത്തിന് എതിരുകാണിച്ചതിന്‍റെ പേരില്‍ നിന്നെ ശിക്ഷിക്കുന്നതാണ് (മുസ്നദ് ദാരിമി)
മനസ്സിലാക്കുക. ഇബാദത്തില്‍ ഏറ്റവും ശ്രേഷ്ഠമായത് നമസ്കാരമാണ്. നബി (സ) യുടെ കണ്‍കുളിര്‍മ നമസ്കാരത്തിലായിരുന്നു. അല്ലാഹുവിന്‍റെ സാമീപ്യം കരസ്ഥമാകുന്നത് നമസ്കാരത്തിലാണ്. പക്ഷെ ഈ ദീനില്‍ (ഈദ്ഗാഹില്‍) പെരുന്നാള്‍ നമസ്കാരത്തിന് മുമ്പും അസര്‍ നമസ്കാരത്തിന് ശേഷവും നമസ്കരിക്കല്‍ സുന്നത്തിന് എതിരാകുന്നു. ഇതിനാല്‍ ഇതു ശിക്ഷയെ നിര്‍ബന്ധമാക്കുന്നു.
പരിശുദ്ധ മക്കയില്‍ ബാങ്കിന് ശേഷം നമസ്കാരത്തിന് തയ്യാറാകുന്നതിനു വേണ്ടി മുഅദ്ദിന്‍ പ്രത്യേക അറിയിപ്പ് കൊടുക്കുന്നത് ഉമര്‍(റ) കണ്ടപ്പോള്‍ അയാളെ വിരട്ടുകയുണ്ടായി. എന്നിട്ട് ഉമര്‍ (റ) പറഞ്ഞു. എന്താ നിങ്ങളുടെ ബാങ്കിലുളള അറിയിപ്പ് ഞങ്ങള്‍ക്ക് മതിയായതല്ലേ.? (അഥവാ ഹയ്യ അലസ്വലാത്) (ഇഖാമത്തുല്‍ ഹുജ്ജത്ത് 7, അല്‍ സഹ്റു റാഇക് 261)
ഇമാം നാഫിഅ്(റ) പറയുന്നു. ഇബ്നു ഉമര്‍(റ)ന്‍റെ മുമ്പില്‍ ഒരാള്‍ തുമ്മിയപ്പോല്‍ അല്‍ഹംദുലില്ലാഹി വസ്സലാമു അലാ റസൂലുല്ലാഹ് എന്ന് പറഞ്ഞു. അതായത് വസ്സലാമു അലാ റസൂലുല്ലാഹ് എന്നതിനെ അധികരിപ്പിച്ചു. അദ്ദേഹത്തിന്‍റെ നോട്ടത്തില്‍ ഇതു ശരിയാണ്. എന്നാല്‍ നബി(സ) പഠിപ്പിച്ചതില്‍ അദ്ദേഹം അധികം ചേര്‍ത്തു. ഇതിനെ തങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ഇബ്നു ഉമര്‍(റ) ഈ സന്ദര്‍ഭത്തില്‍ പറഞ്ഞു. തങ്ങള്‍ ഈ രീതിയില്‍ പഠിപ്പിച്ചിട്ടില്ല. തങ്ങള്‍ പഠിപ്പിച്ചത് അല്‍ഹംദുലില്ലാഹി അലാ കുല്ലി ഹാല്‍ എന്നാകുന്നു. (തിര്‍മിദി, മിശ്കാത്ത്)
ഹല്റത്ത് സഅ്ദിബിനു മാലക്(റ) ഒരു ഹാജി തര്‍ബിയ്യത്തില്‍ ലബ്ബൈക്ക ദുല്‍മആരിജ് എന്ന് പറയുന്നതായി കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. നബി(സ)യുടെ മുബാറക്കായ കാലഘട്ടത്തില്‍ തങ്ങള്‍ ഇങ്ങനെ പറയുന്നതായി കേട്ടിട്ടില്ല. (തല്‍ബീസ് ഇബ്ലീസ് 17)
ബിശ്റ്ബ്നു മര്‍വാന്‍ ഖുതുബയുടെ ദുആയില്‍ ഇരു കൈകളും ഉയര്‍ത്തുന്നത് കണ്ടപ്പോള്‍ അമ്മാറിബ്നു റൂബി പറഞ്ഞു. ഈ രണ്ടു കൈകളും അല്ലാഹു നശിപ്പിക്കട്ടെ. തങ്ങള്‍ (സ) ഖുതുബയില്‍ ഈ രീതിയില്‍ കൈ ഉയര്‍ത്തുന്നതായി ഞങ്ങള്‍ കണ്ടിട്ടില്ല. (തിര്‍മിദി) മനസ്സിലാക്കുക. ദുആയില്‍ കൈ ഉയര്‍ത്തല്‍ മര്യാദയില്‍ പെട്ടതാണ്. എന്നാല്‍ ഖുതുബയുടെ ദുആയില്‍ കൈ ഉയര്‍ത്തല്‍ സ്ഥിരപ്പെട്ടിട്ടില്ല. ഇക്കാരണത്താല്‍ അമ്മാര്‍(റ) ശക്തമായി എതിര്‍ക്കുകയുണ്ടായി.
ഉസ്മാനിബ്നു അബുല്‍ ആസ്(റ)നെ ഒരാള്‍ തന്‍റെ മകന്‍റെ ചേലാകര്‍മ്മത്തിനു ക്ഷണിച്ചപ്പോള്‍ ആ ക്ഷണം സ്വീകരിച്ചില്ല. അദ്ദേഹം പറഞ്ഞു. നബി(സ)യുടെ പരിശുദ്ധ കാലഘട്ടത്തില്‍ ചേലാകര്‍മ്മ പരിപാടിക്ക് പോകുമായിരുന്നില്ല. അതിനു ക്ഷണവും നല്‍കിയിരുന്നില്ല. (മുസ്നദ് ഇമാം അഹ്മദ് 4-217)
ഇബ്നു അബ്ബാസ്(റ), മുആവിയ(റ) കഅ്ബയില്‍ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. മുആവിയ (റ) കഅ്ബയുടെ മുഴുവന്‍ മൂലകളിലും കൈ കൊണ്ട് തൊടുകയുണ്ടായി. ഇബ്നു അബ്ബാസ് (റ) പറഞ്ഞു. നബി (സ) രണ്ട് മൂലകളിലല്ലാതെ ഒരു സ്ഥലവും ഒരു മൂലയും കൈ കൊണ്ട് തൊടുകയുണ്ടായില്ല. (അതായത് റുക്നി യമാനി, ഹജറുല്‍ അസ്വദ്). അമീര്‍ മുആവിയ (റ) പറഞ്ഞു. ഈ പരിശുദ്ധ കഅ്ബയുടെ ഒരു സ്ഥലവും എങ്ങനെ ഉപേക്ഷിക്കാന്‍ കഴിയും. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. നിങ്ങള്‍ക്ക് നബി(സ)യില്‍ ഉത്തമ മാതൃകയുണ്ട്. അഥവാ പരിശുദ്ധ കഅ്ബയുടെ മുഴുവന്‍ ഭാഗവും ബര്‍കത്തുളളതാണ്. എന്നാലും നബി(സ)യില്‍ നിന്നും സ്ഥിരപ്പെട്ടതിനെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. (മുസ്നദ് അഹ്മദ് 1-372)
ബൈത്തുല്ലാഹിയുടെ ഓരോ ഭാഗവും ബര്‍ക്കത്താണെന്നുളള കാര്യം ഉറപ്പാണ്. എന്നാല്‍ മുഴുവന്‍ മൂലകളിലും കൈ കൊണ്ട് തൊടുന്നതിനെ നബി(സ)യില്‍ നിന്നും സ്ഥിരപ്പെട്ടിട്ടില്ല. ഇക്കാരണത്താല്‍ ഇബ്നു അബ്ബാസ് (റ) അതിനെ ഇഷ്ടപ്പെട്ടില്ല. കണ്ടപ്പോള്‍ ഉടന്‍തന്നെ ഉണര്‍ത്തുകയുണ്ടായി.
മര്‍വാനിബ്നു ഹകം ഈദ് നമസ്കാരത്തിന് മുമ്പ് ഖുതുബ നിര്‍വ്വഹിക്കുന്നതിനായി അബൂ സഈദില്‍ ഖുദ്രി(റ) കണ്ടപ്പോള്‍ അതിനെ തടുക്കുകയും ഇത് സുന്നത്തിന് വിരുദ്ധമാണെന്ന് പറയുകയുമുണ്ടായി. (ഇഖാമത്തുല്‍ ഹുജ്ജ 5). സുന്നത്തും ബിദ്അത്തും വേര്‍തിരിച്ചു യഥാവിധി മനസ്സിലാക്കാനും സുന്നത്തുകള്‍ ജീവിതത്തില്‍ പകര്‍ത്താനും ബിദ്അത്തുകളില്‍ നിന്നും അകന്ന് നില്‍ക്കാനും നമുക്കും ലോക മുസ്ലിംകള്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ.! ആമീന്‍

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...