Sunday, May 17, 2020

വിവര്‍ത്തകന് പറയാനുള്ളത്, -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


വിവര്‍ത്തകന് പറയാനുള്ളത്, 
https://swahabainfo.blogspot.com/2020/05/blog-post_28.html?spref=tw 

കാലിക പ്രസക്തമായ സുപ്രധാന സന്ദേശം.! 
വിശ്വ പണ്ഡിതന്‍ മൗലാനാ അലീ മിയാന്‍ മനസ്സ് തുറന്ന് നടത്തിയ പ്രഭാഷണം.!! 
മുഴുവന്‍ രാജ്യ സ്നേഹികള്‍ക്കും ശക്തമായ ഉദ്ബോധനം.!!! 
രാജ്യ നിര്‍മ്മാണത്തേക്കാന്‍ കൂടുതലായി മാനവ നിര്‍മ്മാണം നടത്തുക.!!!!  
എല്ലാവരും വായിക്കുകയും ജാതിമത ഭേദമന്യേ മുഴുവന്‍ സഹോദരങ്ങള്‍ക്കും എത്തിച്ചുകൊടുക്കുകയും പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും പ്രേരിപ്പിക്കുകയും ചെയ്യുക. 
വിദ്യാസമ്പന്നര്‍ക്ക് 
ബോധക്കേട് പിടികൂടുന്നത് 
മഹാനാശം തന്നെ.! 
-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/05/blog-post_57.html?spref=tw  

മുന്‍ഗാമികളായ മഹത്തുക്കളുടെ അതുല്യമായ ത്യാഗപരിശ്രമങ്ങളിലൂടെ ഈ രാജ്യം സ്വതന്ത്രമായി. ശേഷം ഈ രാജ്യത്ത് പലതരത്തിലുള്ള നിര്‍മ്മിതികളും നടന്നുവെങ്കിലും അടിസ്ഥാനപരമായ മാനവ നിര്‍മ്മാണം മാത്രം വേണ്ടത് പോലെ നടന്നില്ല. തദ്ഫലമായി രാജ്യത്ത് മനുഷ്യത്വ വിരുദ്ധമായ വര്‍ഗ്ഗീയതയും പരമത വിദ്വേഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. നാമെല്ലാവരും അല്‍പം പിമ്പോട്ട് പോയാല്‍ ഒരു പിതാവിന്‍റെയും മാതാവിന്‍റെയും മക്കളാണ്. എല്ലാവരും ഈ രാജ്യത്തിന്‍റെ സന്താനങ്ങളും പരസ്പരം സഹോദരങ്ങളുമാണ്. പക്ഷെ, സാധാരണക്കാര്‍ മാത്രമല്ല, മുതിര്‍ന്നവരും പ്രധാനികളും പോലും ഇക്കാര്യം ഉണരുന്നില്ല. ഇത് ഏറ്റവും കൂടുതല്‍ ഉണരുകയും ഉണര്‍ത്തുകയും ചെയ്യേണ്ട ആളുകളാണ് വിദ്യാസമ്പന്നരായ സഹോദരങ്ങള്‍. വിശിഷ്യാ, രാജ്യത്തിന്‍റെ നന്മ-തിന്മകളുടെ ചാലകശക്തിയായ മാധ്യമ-മീഡിയകളുമായി ബന്ധപ്പെട്ട പലരും ഇക്കാര്യം മറക്കുക മാത്രമല്ല അവഗണിക്കുകയും ഇതിനെതിരായി നീങ്ങുകയും ചെയ്യുന്നത് അങ്ങേയറ്റം അപകടകരമാണ്. 
രാജ്യത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥയും ആവശ്യങ്ങളും വിസ്മരിക്കുകയും വര്‍ഗ്ഗീയത മാത്രം ലക്ഷ്യം വെച്ച് ഓരോ വാക്കുകളും എഴുതുകയും പറയുകയും ചെയ്യുന്ന ഒരു അവസ്ഥാവിശേഷം വ്യാപകമായിരിക്കുന്നു. സ്വന്തം ആളുകളുടെ മാത്രമല്ല പൊതുജനങ്ങളുടെ കാര്യങ്ങള്‍ കൂടി മറക്കുകയും മറച്ച് വെയ്ക്കുകയും ചെയ്യുന്ന ഇവര്‍, എതിരാളികളുടെ നന്മകളെയും നിര്‍ബന്ധിതാവസ്ഥകളെയും പോലും വലിയ വിഷയമാക്കുകയും വിഷമയമാക്കുകയും എരിവും പുളിയും ചേര്‍ത്ത് അസത്യങ്ങളെയും അര്‍ധ സത്യങ്ങളെയും വലിയ സത്യം പോലെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ജനങ്ങളെ മുഴുവന്‍ നിരപരാധികള്‍ക്കെതിരില്‍ തിരിച്ച് വിടുന്നു. അങ്ങനെ വര്‍ഗ്ഗീയതയുള്ളവര്‍ മാത്രമല്ല, വര്‍ഗ്ഗീയത ഇല്ലാത്തവരും ഈ വിഷബാധയേറ്റ് അക്രമങ്ങള്‍ കാണിക്കുന്നു. രാജ്യത്ത് ഇത്തരം അവസ്ഥ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കലും ഇത് രാജ്യത്തിന്‍റെ നന്മയല്ല. മറിച്ച് മഹാനാശത്തിലേക്കുള്ള മരണപ്പാച്ചില്‍ മാത്രമാണ്. 
പ്രചണ്ഡമായ പ്രചാരണങ്ങളുടെ പേരില്‍ ധാരാളം സാധുക്കള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ദിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈയൊരു അവസ്ഥ ഏതെങ്കിലും ഒരു സംഘടനയ്ക്കോ സമുദായത്തിനോ മാത്രമല്ല, രാജ്യത്തിന് മുഴുവനും അത്യന്തം അപകടകരമാണെന്നും എല്ലാവരും ഉണരേണ്ടിയിരിക്കുന്നു. അറിയുക, അക്രമങ്ങളും അപരാധനങ്ങളും അപവാദങ്ങളും നുണക്കഥകളും കൊണ്ട് ഒരു പത്രവും ചാനലും സംഘടനയും പാര്‍ട്ടിയും സമുദായവും വ്യക്തിയും ഒന്നും യഥാര്‍ത്ഥത്തില്‍ വളരുന്നതല്ല. അക്രമങ്ങളിലൂടെ അക്രമങ്ങള്‍ വളരുകയും അവസാനം സര്‍വ്വനാശമായി പരിണമിക്കുകയും ചെയ്യുന്നതാണ്. 
രാജ്യത്തിന്‍റെ അപകടകരമായ ഈ ദുഃസ്ഥിതിയാണ് വിശ്വപണ്ഡിതന്‍ കൂടിയായ മൗലാനാ അലീ മിയാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൗഢമായ ഈ പ്രഭാഷണത്തിലൂടെ തുറന്ന് കാട്ടുന്നത്. എഴുത്തും വായനയും പഠിച്ചവര്‍ക്ക് വര്‍ഗ്ഗീയതയുടെയും സങ്കുചിതത്വത്തിന്‍റെയും ഭ്രാന്തിളകിയാല്‍ രാജ്യം മുഴുവന്‍ മഹാ നാശമായിരിക്കുമെന്ന് മൗലാനാ ഉണര്‍ത്തുന്നു. ഇന്ന് തൂലികയ്ക്കും പ്രഭാഷണത്തിനും പോലും വര്‍ഗ്ഗീയതയുടെ മഹാമാരി പിടികൂടിയിരിക്കുന്നുവെന്ന് മൗലാനാ സൂചിപ്പിക്കുന്നു. മനുഷ്യത്വം വളരാതെയും സഹോദരങ്ങളെ സഹോദരങ്ങളായി കാണാതെയും രാജ്യം ബാഹ്യമായി എത്ര പുരോഗതി പ്രാപിച്ചാലും അത് അധോഗതി മാത്രമായിരിക്കുമെന്ന് പ്രസ്താവിക്കുന്നു. ഇത് എല്ലാവരും വായിക്കേണ്ട ഒരു പ്രഭാഷണമാണ്. എല്ലാ മാധ്യമ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ വക്താക്കളും മനസ്സിരുത്തി പഠിക്കേണ്ടത് തന്നെയാണ്. ഇതിലെ ഓരോ വാചകങ്ങളും വലിയ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. 
ഇവിടെ മറ്റ് ചില കാര്യങ്ങള്‍ കൂടി ഉണര്‍ത്തുകയാണ്. ആരെങ്കിലും വര്‍ഗ്ഗീയത പുലര്‍ത്തുന്നത് വലിയ പാപമാണ്. എന്നാല്‍ വര്‍ഗ്ഗീയത ഇളക്കി വിടുന്നതും പ്രേരിപ്പിക്കുന്നതും ഇതിനെക്കാളെല്ലാം കടുത്ത അക്രമമാണ്. വര്‍ഗ്ഗീയത കലര്‍ന്ന പ്രഭാഷണങ്ങളും റിപ്പോര്‍ട്ടുകളും മീഡിയാ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പോരാട്ടങ്ങളും നടത്തുന്നവര്‍ ഈ കടുത്ത അക്രമം കൂടിയാണ് നടത്തുന്നത്. മറ്റൊരു കാര്യം, അക്രമം പാതകമായത് പോലെ അക്രമത്തെ മനസ്സിലാക്കിയിട്ടും എതിര്‍ക്കാതിരിക്കുന്നതും തടയാതിരിക്കുന്നതും വലിയ അക്രമം തന്നെയാണ്. അരുത് എന്നും മാനിഷാദ എന്നും ആത്മാര്‍ത്ഥതയോടെ പറയുന്നതിന് വലിയ ശക്തിയുണ്ട്. ആകയാല്‍ വര്‍ഗ്ഗീയതയുടെ അക്രമം തിരുത്താനുള്ള വഴി ജനങ്ങള്‍ അതിനെതിരില്‍ തിരിയലാണ്. വേറൊരു കാര്യം, വര്‍ഗ്ഗീയതയുടെ അക്രമങ്ങള്‍ കാണുമ്പോള്‍ മറുപക്ഷവും വര്‍ഗ്ഗീയതയുടെ അക്രമങ്ങള്‍ കാട്ടാന്‍ സാധ്യതയുണ്ട്. വിശിഷ്യാ, സോഷ്യല്‍ മീഡിയകളിലും ചാനലുകളുടെ പ്രതികരണങ്ങളിലും ഇത് കാണപ്പെടുന്നു. ഇതും ശക്തിയുക്തം എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. വര്‍ഗ്ഗീയതയുടെ മറുപടി വര്‍ഗ്ഗീയതയിലൂടെയല്ല, മാനവികതയിലൂടെയാണ്. വര്‍ഗ്ഗീയതയുടെ തീക്കനലുകള്‍ മാനവികതയുടെ തീര്‍ത്ഥജലം കൊണ്ട് മാത്രമേ അണയ്ക്കാന്‍ സാധിക്കുകയുള്ളൂ. 
എന്താണെങ്കിലും നടന്നതെല്ലാം നടന്നു. നാമെല്ലാവരും തെറ്റുകള്‍ തിരുത്തി മാനവികതയിലേക്ക് മടങ്ങുകയാണെങ്കില്‍ അത് പഴയ വീഴ്ച്ചകള്‍ക്ക് പരിഹാരമാകും. നന്മയുടെ ഭൗതികവും ബാഹ്യവുമായ ഒരു പരിശ്രമങ്ങളെയും നാം നിസ്സാരപ്പെടുത്തുന്നില്ല. എന്നാല്‍ മാനവികത ഉണ്ടാക്കുന്നതിന് പരിശ്രമിക്കേണ്ടത് നമ്മുടെയും രാജ്യത്തിന്‍റെയും പ്രഥമവും പ്രധാനവുമായ ഒരു ആവശ്യമാണ്. ഇതിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി ആരംഭിച്ച മഹത്തരമായ പ്രവര്‍ത്തനമാണ് പയാമെ ഇന്‍സാനിയത്ത്. മാനവികതയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കലും കഴിയുന്നത്ര സേവന-സഹായങ്ങള്‍ നടത്തലുമാണ് ഇതിന്‍റെ ലക്ഷ്യം. ഈ വിഷയത്തില്‍ മൗലാനാ നടത്തിയ ഈ ഉജ്ജ്വല പ്രഭാഷണത്തിലൂടെ ഇതിന്‍റെ സന്ദേശങ്ങള്‍ നമുക്ക് പറഞ്ഞ് തരികയാണ്. മാന്യ അനുവാചകര്‍ ഇത് വായിക്കുകയും ജാതി-മത വ്യത്യാസമില്ലാതെ സര്‍വ്വ ജനങ്ങള്‍ക്കും എത്തിച്ച് കൊടുക്കുകയും ഇതിനെ കുറിച്ചുള്ള നിര്‍മ്മാണാത്മക അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്ക് എത്തിച്ച് തരികയും ചെയ്യുക. കൂട്ടത്തില്‍ കഴിവിന്‍റെ പരമാവധി സേവന-സഹായങ്ങള്‍ സജീവമാക്കുകയും അതിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങളും സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട്, 
- അബ്ദുശ്ശകൂര്‍ ഖാസിമി +919847502729 
പയാമെ ഇന്‍സാനിയത്ത് (മെസ്സേജ് ഓഫ് ഹുമാനിറ്റി) 
ദാറുല്‍ ഉലൂം. ഓച്ചിറ, കൊല്ലം. 

വിദ്യാസമ്പന്നര്‍ക്ക് ബോധക്കേട് പിടികൂടുന്നത് 
മഹാനാശം തന്നെ.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
https://swahabainfo.blogspot.com/2020/05/blog-post_57.html?spref=tw  

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...