Sunday, May 17, 2020

വിദ്യാസമ്പന്നര്‍ക്ക് ബോധക്കേട് പിടികൂടുന്നത് മഹാനാശം തന്നെ.!


വിദ്യാസമ്പന്നര്‍ക്ക് 
ബോധക്കേട് പിടികൂടുന്നത് 
മഹാനാശം തന്നെ.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/05/blog-post_57.html?spref=tw  

കാലിക പ്രസക്തമായ സുപ്രധാന സന്ദേശം.! 
വിശ്വ പണ്ഡിതന്‍ മൗലാനാ അലീ മിയാന്‍ മനസ്സ് തുറന്ന് നടത്തിയ പ്രഭാഷണം.!! 
മുഴുവന്‍ രാജ്യ സ്നേഹികള്‍ക്കും ശക്തമായ ഉദ്ബോധനം.!!! 
രാജ്യ നിര്‍മ്മാണത്തേക്കാന്‍ കൂടുതലായി മാനവ നിര്‍മ്മാണം നടത്തുക.!!!!  
എല്ലാവരും വായിക്കുകയും ജാതിമത ഭേദമന്യേ മുഴുവന്‍ സഹോദരങ്ങള്‍ക്കും എത്തിച്ചുകൊടുക്കുകയും പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും പ്രേരിപ്പിക്കുകയും ചെയ്യുക. 

വിവര്‍ത്തകന് പറയാനുള്ളത്,  
മുന്‍ഗാമികളായ മഹത്തുക്കളുടെ അതുല്യമായ ത്യാഗപരിശ്രമങ്ങളിലൂടെ ഈ രാജ്യം സ്വതന്ത്രമായി. ശേഷം ഈ രാജ്യത്ത് പലതരത്തിലുള്ള നിര്‍മ്മിതികളും നടന്നുവെങ്കിലും അടിസ്ഥാനപരമായ മാനവ നിര്‍മ്മാണം മാത്രം വേണ്ടത് പോലെ നടന്നില്ല. തദ്ഫലമായി രാജ്യത്ത് മനുഷ്യത്വ വിരുദ്ധമായ വര്‍ഗ്ഗീയതയും പരമത വിദ്വേഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. നാമെല്ലാവരും അല്‍പം പിമ്പോട്ട് പോയാല്‍ ഒരു പിതാവിന്‍റെയും മാതാവിന്‍റെയും മക്കളാണ്. എല്ലാവരും ഈ രാജ്യത്തിന്‍റെ സന്താനങ്ങളും പരസ്പരം സഹോദരങ്ങളുമാണ്. പക്ഷെ, സാധാരണക്കാര്‍ മാത്രമല്ല, മുതിര്‍ന്നവരും പ്രധാനികളും പോലും ഇക്കാര്യം ഉണരുന്നില്ല. ഇത് ഏറ്റവും കൂടുതല്‍ ഉണരുകയും ഉണര്‍ത്തുകയും ചെയ്യേണ്ട ആളുകളാണ് വിദ്യാസമ്പന്നരായ സഹോദരങ്ങള്‍. വിശിഷ്യാ, രാജ്യത്തിന്‍റെ നന്മ-തിന്മകളുടെ ചാലകശക്തിയായ മാധ്യമ-മീഡിയകളുമായി ബന്ധപ്പെട്ട പലരും ഇക്കാര്യം മറക്കുക മാത്രമല്ല അവഗണിക്കുകയും ഇതിനെതിരായി നീങ്ങുകയും ചെയ്യുന്നത് അങ്ങേയറ്റം അപകടകരമാണ്. 
രാജ്യത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥയും ആവശ്യങ്ങളും വിസ്മരിക്കുകയും വര്‍ഗ്ഗീയത മാത്രം ലക്ഷ്യം വെച്ച് ഓരോ വാക്കുകളും എഴുതുകയും പറയുകയും ചെയ്യുന്ന ഒരു അവസ്ഥാവിശേഷം വ്യാപകമായിരിക്കുന്നു. സ്വന്തം ആളുകളുടെ മാത്രമല്ല പൊതുജനങ്ങളുടെ കാര്യങ്ങള്‍ കൂടി മറക്കുകയും മറച്ച് വെയ്ക്കുകയും ചെയ്യുന്ന ഇവര്‍, എതിരാളികളുടെ നന്മകളെയും നിര്‍ബന്ധിതാവസ്ഥകളെയും പോലും വലിയ വിഷയമാക്കുകയും വിഷമയമാക്കുകയും എരിവും പുളിയും ചേര്‍ത്ത് അസത്യങ്ങളെയും അര്‍ധ സത്യങ്ങളെയും വലിയ സത്യം പോലെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ജനങ്ങളെ മുഴുവന്‍ നിരപരാധികള്‍ക്കെതിരില്‍ തിരിച്ച് വിടുന്നു. അങ്ങനെ വര്‍ഗ്ഗീയതയുള്ളവര്‍ മാത്രമല്ല, വര്‍ഗ്ഗീയത ഇല്ലാത്തവരും ഈ വിഷബാധയേറ്റ് അക്രമങ്ങള്‍ കാണിക്കുന്നു. രാജ്യത്ത് ഇത്തരം അവസ്ഥ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കലും ഇത് രാജ്യത്തിന്‍റെ നന്മയല്ല. മറിച്ച് മഹാനാശത്തിലേക്കുള്ള മരണപ്പാച്ചില്‍ മാത്രമാണ്. 
പ്രചണ്ഡമായ പ്രചാരണങ്ങളുടെ പേരില്‍ ധാരാളം സാധുക്കള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ദിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈയൊരു അവസ്ഥ ഏതെങ്കിലും ഒരു സംഘടനയ്ക്കോ സമുദായത്തിനോ മാത്രമല്ല, രാജ്യത്തിന് മുഴുവനും അത്യന്തം അപകടകരമാണെന്നും എല്ലാവരും ഉണരേണ്ടിയിരിക്കുന്നു. അറിയുക, അക്രമങ്ങളും അപരാധനങ്ങളും അപവാദങ്ങളും നുണക്കഥകളും കൊണ്ട് ഒരു പത്രവും ചാനലും സംഘടനയും പാര്‍ട്ടിയും സമുദായവും വ്യക്തിയും ഒന്നും യഥാര്‍ത്ഥത്തില്‍ വളരുന്നതല്ല. അക്രമങ്ങളിലൂടെ അക്രമങ്ങള്‍ വളരുകയും അവസാനം സര്‍വ്വനാശമായി പരിണമിക്കുകയും ചെയ്യുന്നതാണ്. 
രാജ്യത്തിന്‍റെ അപകടകരമായ ഈ ദുഃസ്ഥിതിയാണ് വിശ്വപണ്ഡിതന്‍ കൂടിയായ മൗലാനാ അലീ മിയാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൗഢമായ ഈ പ്രഭാഷണത്തിലൂടെ തുറന്ന് കാട്ടുന്നത്. എഴുത്തും വായനയും പഠിച്ചവര്‍ക്ക് വര്‍ഗ്ഗീയതയുടെയും സങ്കുചിതത്വത്തിന്‍റെയും ഭ്രാന്തിളകിയാല്‍ രാജ്യം മുഴുവന്‍ മഹാ നാശമായിരിക്കുമെന്ന് മൗലാനാ ഉണര്‍ത്തുന്നു. ഇന്ന് തൂലികയ്ക്കും പ്രഭാഷണത്തിനും പോലും വര്‍ഗ്ഗീയതയുടെ മഹാമാരി പിടികൂടിയിരിക്കുന്നുവെന്ന് മൗലാനാ സൂചിപ്പിക്കുന്നു. മനുഷ്യത്വം വളരാതെയും സഹോദരങ്ങളെ സഹോദരങ്ങളായി കാണാതെയും രാജ്യം ബാഹ്യമായി എത്ര പുരോഗതി പ്രാപിച്ചാലും അത് അധോഗതി മാത്രമായിരിക്കുമെന്ന് പ്രസ്താവിക്കുന്നു. ഇത് എല്ലാവരും വായിക്കേണ്ട ഒരു പ്രഭാഷണമാണ്. എല്ലാ മാധ്യമ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ വക്താക്കളും മനസ്സിരുത്തി പഠിക്കേണ്ടത് തന്നെയാണ്. ഇതിലെ ഓരോ വാചകങ്ങളും വലിയ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. 
ഇവിടെ മറ്റ് ചില കാര്യങ്ങള്‍ കൂടി ഉണര്‍ത്തുകയാണ്. ആരെങ്കിലും വര്‍ഗ്ഗീയത പുലര്‍ത്തുന്നത് വലിയ പാപമാണ്. എന്നാല്‍ വര്‍ഗ്ഗീയത ഇളക്കി വിടുന്നതും പ്രേരിപ്പിക്കുന്നതും ഇതിനെക്കാളെല്ലാം കടുത്ത അക്രമമാണ്. വര്‍ഗ്ഗീയത കലര്‍ന്ന പ്രഭാഷണങ്ങളും റിപ്പോര്‍ട്ടുകളും മീഡിയാ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പോരാട്ടങ്ങളും നടത്തുന്നവര്‍ ഈ കടുത്ത അക്രമം കൂടിയാണ് നടത്തുന്നത്. മറ്റൊരു കാര്യം, അക്രമം പാതകമായത് പോലെ അക്രമത്തെ മനസ്സിലാക്കിയിട്ടും എതിര്‍ക്കാതിരിക്കുന്നതും തടയാതിരിക്കുന്നതും വലിയ അക്രമം തന്നെയാണ്. അരുത് എന്നും മാനിഷാദ എന്നും ആത്മാര്‍ത്ഥതയോടെ പറയുന്നതിന് വലിയ ശക്തിയുണ്ട്. ആകയാല്‍ വര്‍ഗ്ഗീയതയുടെ അക്രമം തിരുത്താനുള്ള വഴി ജനങ്ങള്‍ അതിനെതിരില്‍ തിരിയലാണ്. വേറൊരു കാര്യം, വര്‍ഗ്ഗീയതയുടെ അക്രമങ്ങള്‍ കാണുമ്പോള്‍ മറുപക്ഷവും വര്‍ഗ്ഗീയതയുടെ അക്രമങ്ങള്‍ കാട്ടാന്‍ സാധ്യതയുണ്ട്. വിശിഷ്യാ, സോഷ്യല്‍ മീഡിയകളിലും ചാനലുകളുടെ പ്രതികരണങ്ങളിലും ഇത് കാണപ്പെടുന്നു. ഇതും ശക്തിയുക്തം എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. വര്‍ഗ്ഗീയതയുടെ മറുപടി വര്‍ഗ്ഗീയതയിലൂടെയല്ല, മാനവികതയിലൂടെയാണ്. വര്‍ഗ്ഗീയതയുടെ തീക്കനലുകള്‍ മാനവികതയുടെ തീര്‍ത്ഥജലം കൊണ്ട് മാത്രമേ അണയ്ക്കാന്‍ സാധിക്കുകയുള്ളൂ. എന്താണെങ്കിലും നടന്നതെല്ലാം നടന്നു. നാമെല്ലാവരും തെറ്റുകള്‍ തിരുത്തി മാനവികതയിലേക്ക് മടങ്ങുകയാണെങ്കില്‍ അത് പഴയ വീഴ്ച്ചകള്‍ക്ക് പരിഹാരമാകും. നന്മയുടെ ഭൗതികവും ബാഹ്യവുമായ ഒരു പരിശ്രമങ്ങളെയും നാം നിസ്സാരപ്പെടുത്തുന്നില്ല. എന്നാല്‍ മാനവികത ഉണ്ടാക്കുന്നതിന് പരിശ്രമിക്കേണ്ടത് നമ്മുടെയും രാജ്യത്തിന്‍റെയും പ്രഥമവും പ്രധാനവുമായ ഒരു ആവശ്യമാണ്. ഇതിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി ആരംഭിച്ച മഹത്തരമായ പ്രവര്‍ത്തനമാണ് പയാമെ ഇന്‍സാനിയത്ത്. മാനവികതയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കലും കഴിയുന്നത്ര സേവന-സഹായങ്ങള്‍ നടത്തലുമാണ് ഇതിന്‍റെ ലക്ഷ്യം. ഈ വിഷയത്തില്‍ മൗലാനാ നടത്തിയ ഈ ഉജ്ജ്വല പ്രഭാഷണത്തിലൂടെ ഇതിന്‍റെ സന്ദേശങ്ങള്‍ നമുക്ക് പറഞ്ഞ് തരികയാണ്. മാന്യ അനുവാചകര്‍ ഇത് വായിക്കുകയും ജാതി-മത വ്യത്യാസമില്ലാതെ സര്‍വ്വ ജനങ്ങള്‍ക്കും എത്തിച്ച് കൊടുക്കുകയും ഇതിനെ കുറിച്ചുള്ള നിര്‍മ്മാണാത്മക അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്ക് എത്തിച്ച് തരികയും ചെയ്യുക. കൂട്ടത്തില്‍ കഴിവിന്‍റെ പരമാവധി സേവന-സഹായങ്ങള്‍ സജീവമാക്കുകയും അതിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങളും സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട്, 
- അബ്ദുശ്ശകൂര്‍ ഖാസിമി +919847502729 
പയാമെ ഇന്‍സാനിയത്ത് (മെസ്സേജ് ഓഫ് ഹുമാനിറ്റി) 
ദാറുല്‍ ഉലൂം. ഓച്ചിറ, കൊല്ലം. 

വിദ്യാസമ്പന്നര്‍ക്ക് 
ബോധക്കേട് പിടികൂടുന്നത് 
മഹാനാശം തന്നെ.! 
ജീവിതം സുഖ-ദുഃഖങ്ങളുടെ മിശ്രിതം. 
മനുഷ്യ ജീവിതത്തില്‍ അത്യന്തം സന്തോഷകരമായ കാര്യങ്ങളും ദുഃഖപൂര്‍ണ്ണമായ സംഭവങ്ങളും അരങ്ങേറാറുണ്ട്. ജീവിതം തന്നെ സുഖ-ദുഃഖങ്ങളുടെ സമ്മിശ്രരൂപമാണ്. സന്തോഷകരവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കുന്നതിനിടയില്‍ ഹൃദയം പിളര്‍ത്തുന്ന സംഭവങ്ങള്‍ കടന്നുവരികയും പളുങ്ക് പാത്രം പോലെ മനസ്സ് പല കഷ്ണങ്ങളായി തകരുകയും ചെയ്യാറുണ്ട്. ചിതറിത്തെറിച്ച് കിടക്കുന്ന കഷ്ണങ്ങളെല്ലാം ഒന്നായിത്തീരുകയും മരുഭൂമിയില്‍ പൂന്തോട്ടം വിരിയുകയും ചെയ്യുന്ന സംഭവങ്ങളും നടക്കാറുണ്ട്. ഈ രണ്ട് അവസ്ഥകളും മാറിമാറി വരുന്നതിലൂടെയാണ് ജീവിതം തന്നെ മുന്നോട്ട് നീങ്ങുന്നത്. 
മനസ്സിനെ ഏറ്റവും കൂടുതല്‍ തകര്‍ക്കുന്ന പ്രശ്നം.! 
ദുഃഖങ്ങള്‍ സാധാരണയാണെങ്കിലും ആ ദുഃഖങ്ങള്‍ കാണുകയും കേള്‍ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ആളുകളിലൂടെ എത്ര വലിയ ദുഃഖത്തിനും ആശ്വാസം ലഭിക്കുന്നതാണ്. എന്നാല്‍ ഒരു ദുഃഖമുണ്ടായിട്ടും അത് കാണാനോ കേള്‍ക്കാനോ മനസ്സിലാക്കാനോ ആരും മുന്നോട്ട് വരാത്തത് ദുഃഖത്തിന്‍റെ വേദന ഇരട്ടിയാക്കുന്നതും ഇത് കാരണം ദുഃഖിതന്‍ ആകെ തളര്‍ന്ന് പോകുന്നതുമാണ്. തന്‍റെ അവസ്ഥ കാണാനും കേള്‍ക്കാനും ആശ്വസിപ്പിക്കാനും സുഖ-ദുഃഖങ്ങള്‍ പങ്ക് വെയ്ക്കാനും ആരുമില്ലാത്ത നിലയില്‍ മനുഷ്യന്‍ ഒരു വനാന്തരത്തില്‍ അകപ്പെടുന്നതും മലമുകളില്‍ ഒറ്റപ്പെടുന്നതുമാണ്, ഒരു മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷ. മനുഷ്യന്‍ എല്ലാം സഹിക്കും. പക്ഷെ, ആശ്വസിപ്പിക്കാന്‍ ആരുമില്ലെങ്കില്‍ തകര്‍ന്ന് പോകും. എത്ര വലിയ ദുഃഖത്തിലാണെങ്കിലും ആശ്വസിപ്പിക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ മനുഷ്യന് വലിയ സമാധാനം ലഭിക്കുകയും സമ്പന്നത അനുഭവപ്പെടുകയും ചെയ്യുന്നതാണ്. 
നമുക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന കവിയരങ്ങുകളുടെയും രചനാ പ്രവര്‍ത്തനങ്ങളുടെയും ശാസ്ത്രത്തിന്‍റെ കുതിപ്പുകളുടെയും വിവര സാങ്കേതിക വിദ്യകളുടെ ബഹളങ്ങളുടെയും അടിസ്ഥാനം ഇവ കാണാനും കേള്‍ക്കാനും പ്രോത്സാഹിപ്പിക്കാനും അനുഭവിക്കാനും ആരെങ്കിലും ഉണ്ട് എന്നതാണ്. ആരെല്ലാം നിരുല്‍സാഹപ്പെടുത്തിയാലും ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ ഈ വഴിയില്‍ ഉറച്ച് നില്‍ക്കുന്നത് എന്‍റെ ഈ കര്‍മ്മങ്ങളെ പ്രയോജനപ്പെടുത്തുന്ന ചിലരെങ്കിലും ഉണ്ട് എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്. ഞാന്‍ എഴുതുന്നത് വായിക്കാനും പ്രസംഗിക്കുന്നത് കേള്‍ക്കാനും ആരുമില്ലായെന്ന ചിന്തയുണ്ടായാല്‍ മനുഷ്യന്‍റെ നാവും തൂലികയും നിശ്ചലമാകുന്നതും ബുദ്ധി പ്രവര്‍ത്തിക്കാതിരിക്കുന്നതും അകത്തുള്ള ശേഷി ചലനമറ്റ് മരിച്ച് പോകുന്നതുമാണ്. 
നമ്മുടെ ചുറ്റുഭാഗത്തേക്ക് നോക്കുക: വിജ്ഞാന സാഹിത്യങ്ങളുടെ വലിയ കേന്ദ്രങ്ങളും രചനകള്‍ നിറഞ്ഞ് തുളുമ്പിയ ഗ്രന്ഥാലയങ്ങളും കാണാന്‍ സാധിക്കും. ഇതെല്ലാം ഉണ്ടായതും നിലനില്‍ക്കുന്നതും ഇതിനെ വിലമതിക്കുന്ന ആളുകള്‍ ഉള്ളത് കൊണ്ട് മാത്രമാണ്. വിനീതന്‍ ചില കാര്യങ്ങള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഓരോരുത്തരും അപ്രകാരം തന്നെയാണെന്ന് വിചാരിക്കുകയാണ്. പ്രഭാഷണങ്ങള്‍ കേള്‍ക്കാനും രചനകള്‍ വായിക്കാനും ആരുമില്ലെങ്കില്‍ നമ്മുടെ തൂലികയും നാവും അല്പം പോലും ചലിക്കുന്നതല്ല. ചുരുക്കത്തില്‍ ഞാന്‍ ഒറ്റയ്ക്കല്ല എന്ന വിശ്വാസത്തില്‍ നിന്നാണ് വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ ഉദയം ചെയ്യുന്നത്. 
മനുഷ്യന്‍റെ ഏറ്റവും വലിയ ശിക്ഷ.! 
ഞാന്‍ ഒറ്റയ്ക്കാണ് എന്ന വിചാരം മനുഷ്യന് ഉണ്ടാകുന്ന ഏറ്റവും വലിയ ശിക്ഷയാണ്. ഈ വിചാരം ഉണ്ടാകുന്ന മാത്രയില്‍ മനുഷ്യന്‍ ശ്വാസം മുട്ടാന്‍ തുടങ്ങും. അത് കൊണ്ടാണ് പടച്ചവന്‍ മനുഷ്യനെ ഒറ്റയ്ക്ക് പടയ്ക്കാതിരുന്നത്. ഒറ്റയ്ക്കുള്ള ജീവിതം പടച്ചവന്‍റെ ലക്ഷ്യവുമല്ല. ഒറ്റയ്ക്ക് ജീവിക്കുന്നത് ഉത്തമമായിരുന്നുവെങ്കില്‍ പടച്ചവന്‍ മനുഷ്യനെ പര്‍വ്വതമോ കല്ലോ ആക്കുമായിരുന്നു. മനുഷ്യനെ ഇണക്കമുള്ളവനായിട്ടാണ് പടയ്ക്കപ്പെട്ടിരിക്കുന്നത്. മനുഷ്യര്‍ക്കിടയില്‍ മാത്രമേ മനുഷ്യന്‍ ജീവിക്കുകയുള്ളൂ. വീട്ടില്‍ ഒറ്റയ്ക്കായാല്‍ ജയിലില്‍ അകപ്പെട്ട അനുഭവം മനുഷ്യന് ഉണ്ടാകുന്നതാണ്. 
നാം ജയില്‍ കണ്ടിട്ടുണ്ടായിരിക്കും. ജയിലില്‍ എന്തിന്‍റെ കുറവാണുള്ളത്.? പ്രത്യേകിച്ചും ഇന്നത്തെ ജയിലില്‍ ആഹാര-പാനീയങ്ങളുടെയും മറ്റും വിശാല സൗകര്യമാണുള്ളത്. പല സാധുക്കളുടെയും വീട്ടില്‍ പോലും ഇല്ലാത്ത സൗകര്യങ്ങള്‍ ജയിലുകളില്‍ ലഭ്യമാണ്. എന്നിട്ടും തടവറയെ മനുഷ്യന്‍ ഭയക്കുന്നു. കാരണം അവിടെ സംസാരിക്കാനും സഹാനുഭൂതി കാട്ടാനും ആരുമില്ല എന്നത് തന്നെ. ഒരു കവി ജയിലിനെ കുറിച്ച് പറയുന്നു: ഇവിടെ എന്‍റെ നാവ് ആരെങ്കിലുമായി സംസാരിക്കാന്‍ കൊതിച്ചുകൊണ്ടിരിക്കുന്നു.! 
വിനീതന്‍ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായിട്ടുണ്ട്. നീ ഇവിടെ ഇരിക്കുക, എഴുന്നേറ്റ് പോകരുത്, പുറത്തേക്ക് നോക്കാനും പാടില്ല എന്ന് അദ്ധ്യാപകന്‍ പറയുന്നതാണ് ഒരു വിദ്യാര്‍ത്ഥിക്കുള്ള ഏറ്റവും വലിയ ശിക്ഷ. വിദ്യാര്‍ത്ഥിക്ക് ഒന്നോ രണ്ടോ അടി കൊടുത്താല്‍ കുറച്ച് കഴിയുമ്പോള്‍ അവന്‍ സന്തോഷിച്ച് കളിക്കുന്നത് കാണാന്‍ കഴിയും. എന്നാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഇവിടെ ഇരിക്കുക എന്ന് പറയപ്പെട്ട വിദ്യാര്‍ത്ഥിയെ ശ്വാസം മുട്ടുന്നതായും വേദനിക്കുന്നതായും കാണാന്‍ കഴിയും. ഇതെന്ത് കൊണ്ടാണ്.? മനുഷ്യന്‍ ഇണക്കവും ചലനവും ആഗ്രഹിക്കുന്നു. ഏകാന്തനായി കഴിയുന്ന മനുഷ്യന് വലിയ അസ്വസ്ഥത അനുഭവപ്പെടും. ജലത്തില്‍ നിന്നും പുറത്തേക്ക് ഇട്ട മത്സ്യം പിടയ്ക്കുന്നത് പോലെ ജനങ്ങള്‍ക്കിടയില്‍ നിന്നും ഒറ്റപ്പെട്ട് ഏകനായി കഴിയുന്നവന് മനസ്സാ പിടച്ച് കൊണ്ടിരിക്കുന്നതാണ്. വിനീതന്‍ തുറന്ന് പറയട്ടെ, വ്യത്യസ്ത മതസ്ഥരായ നിങ്ങള്‍ക്കിടയില്‍ ഇരിക്കുകയും നിങ്ങളുടെ മുഖങ്ങള്‍ കാണുകയും ചെയ്യുന്നത് കൊണ്ട് മാത്രം എനിക്ക് വലിയ ഊര്‍ജ്ജം ലഭിക്കുകയും രക്തം വര്‍ദ്ധിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു. 
പ്രകൃതി വിശുദ്ധമാണ്, പക്ഷെ അക്രമങ്ങള്‍ മലീമസമാക്കുന്നു.! 
ഈ നാടും രാജ്യവും മാത്രമല്ല, മുഴുവന്‍ ലോകവും പരസ്പര വിശ്വാസത്തിന്‍റെയും സഹകരണത്തിന്‍റെയും അടിസ്ഥാനത്തില്‍ മാത്രമാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന്‍റെ പ്രകൃതി വിശുദ്ധമാണെന്നും നാശമായിട്ടില്ലെന്നും നമ്മുടെ കൂട്ടായ ജീവിതം വിളിച്ചറിയിക്കുന്നു. എന്നാല്‍ നമ്മില്‍ ചിലരുടെ നാവും അതിലുപരി മനസ്സും മസ്തിഷ്കവും നാശമാകുകയും അക്രമപരമാകുകയും ചെയ്യുന്നു എന്നതാണ് ഇന്നത്തെ എല്ലാവിധ അസ്വസ്ഥതകളുടെയും അടിസ്ഥാനം. നമ്മില്‍ പലരും സ്വന്തം സഹോദരങ്ങളെ തെറ്റിദ്ധരിക്കുകയും പരസ്പരം തെറ്റിദ്ധരിക്കുകയും ചെയ്യുന്നതിലൂടെ അന്തരീക്ഷം മുഴുവനും മലീമസമാകുന്നു. എന്നാല്‍ പരസ്പരം സദ്ഭാവന പുലര്‍ത്തുകയും സ്നേഹാദരങ്ങളെ തട്ടിയുണര്‍ത്തുകയും ചെയ്താല്‍ മനുഷ്യത്വം ഉണരുകയും ചെയ്യുന്നതാണ്. 
വിനീതന്‍ അടുത്ത സമയത്ത് ഇന്ത്യയിലെ നാല് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. പടച്ചവന്‍ നമുക്ക് നല്‍കിയ ഈ മഹാരാജ്യത്തിന്‍റെ ചെറിയൊരു ഭാഗം കണ്ടപ്പോള്‍ തന്നെ അത്ഭുതപ്പെട്ട് പോയി. അങ്ങേയറ്റം സസ്യശ്യാമളവും സുന്ദര സുമോഹനവുമായ ഒരു ഭൂമിയാണ് നമ്മുടെ രാജ്യം. മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍, തലയുയര്‍ത്തി നില്‍ക്കുന്ന പര്‍വ്വതങ്ങള്‍, രാജ്യത്തിന്‍റെ നെഞ്ചിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികള്‍ ഇതിലെല്ലാം ഉപരി രാജ്യം മുഴുവനും നിറഞ്ഞ് നില്‍ക്കുന്ന സഹോദരീ-സഹോദരന്മാര്‍... അതെ, ഈ രാജ്യം അതി സുന്ദരമാണ്. 
സ്നേഹ-വിശ്വാസങ്ങള്‍ കുറയുന്നു.! 
നമ്മുടെ രാജ്യത്ത് ഒന്നിനും യാതൊരു കുറവുമില്ല. സര്‍വ്വ വിധ അനുഗ്രഹങ്ങളെയും കൊണ്ട് സമ്പല്‍മൃദ്ധമാണ് നമ്മുടെ രാജ്യം. പക്ഷെ, നമ്മുടെ ഉത്തരവാദിത്വ ചിന്ത കുറയുന്നുണ്ടോ എന്ന് ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു. നാം മനുഷ്യത്വമുള്ള പൗരന്മാരാണ് എന്ന പൗരത്വ ബോധം കുറയുന്നില്ലേ.? നമുക്കിടയില്‍ സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും അന്തരീക്ഷം എത്രമാത്രമുണ്ട്.? എല്ലാവരും വലിയ ഭീതിയിലാണ്. ആര്‍ക്കും ഒരു സമാധാനവുമില്ല. ഏത് സമയത്തും എന്തും നടക്കാം എന്നൊരു സാഹചര്യം ഇവിടെ സംജാതമായിരിക്കുന്നു. ഒരു കാര്യം ക്ഷമാപണത്തോടെ തുറന്ന് പറയുകയാണ്: ഇത്തരം ദുഃഖകരമായ ഒരു സാഹചര്യം ഉണ്ടാക്കിയത് രാജ്യനന്മയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പരിശ്രമിക്കേണ്ട ആളുകള്‍ തന്നെയാണ്. വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും ഭരണ കര്‍ത്താക്കളും ഇതില്‍ വലിയ പങ്ക് വഹിക്കുകയുണ്ടായി. 
രാജ്യത്ത് ഇന്ന് കാണപ്പെടുന്ന കുഴപ്പങ്ങളുടെ കാരണക്കാര്‍ നാം തന്നെയാണ്. പടച്ചവന്‍ യാതൊരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല. ആകാശത്ത് നിന്നും മഴ പെയ്യുന്നതിനും ഭൂമിയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകുന്നതിനും ഒരു കുറവും സംഭവിച്ചിട്ടില്ല. കുറവ് നമ്മുടേത് തന്നെയാണ്. ഒരു ചരിത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ പറയട്ടെ: ബുദ്ധി ശക്തി, സ്വാശ്രയത്വം, കര്‍മ്മ വൈഭവം, പ്രകൃതി പരമായ മാന്യത, ഉന്നത ചിന്താശേഷി എന്നീ കാര്യങ്ങളില്‍ ലോകത്തെ ഇതര രാജ്യങ്ങളെക്കാള്‍ ഇന്ത്യാ മഹാരാജ്യം പിന്നിലല്ല എന്ന് മാത്രമല്ല മുന്നിലാണ്. പക്ഷെ, വേണ്ടത് പോലെ പ്രയോജനപ്പെടുത്തപ്പെട്ടിട്ടില്ല. 
ഒരു മനുഷ്യന് സമ്പത്തോ, ബുദ്ധിയോ, വീടോ ഇല്ല. ഇതൊന്നും ഇല്ലായെന്ന ഒരു സമാധാനമെങ്കിലും അദ്ദേഹത്തിനുണ്ടായിരിക്കും. എന്നാല്‍ ഒരു വ്യക്തിയ്ക്ക് സമ്പത്തും ബുദ്ധിയും വീടും എല്ലാമുണ്ട്. പക്ഷെ, അദ്ദേഹം അത് പ്രയോജനപ്പെടുത്തുന്നില്ലായെങ്കില്‍ അദ്ദേഹത്തിന് ഒരു സമാധാനവും ഉണ്ടാകുന്നതല്ല. മറിച്ച് അദ്ദേഹം നിന്ദ്യനാകുന്നതാണ്. എനിക്ക് ഇതെല്ലാമുണ്ടായിട്ടും ഒരു ഗുണവുമില്ലല്ലോ എന്ന ചിന്ത അദ്ദേഹത്തില്‍ കുറ്റബോധം നിറയ്ക്കുന്നതാണ്. സത്യം പറയട്ടെ, വിനീതനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു കുറ്റബോധം നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഒന്നാം തരം രാജ്യവും സമൃദ്ധമായ വിഭവങ്ങളും എല്ലാമുണ്ടായിട്ടും രാജ്യത്തിന്‍റെ അവസ്ഥ വളരെ ദുഃഖകരം തന്നെയാണ്. 
വര്‍ഗ്ഗീയത, സമുന്നത രാജ്യത്തിന് മഹാ മോശം തന്നെ.! 
ഇവിടെ ഇടയ്ക്കിടെ വര്‍ഗ്ഗീയ കലാപങ്ങള്‍ നടക്കുകയും പെരുകുകയും ചെയ്തുകൊണ്ടിരിക്കുന്നു. സ്വന്തം സഹോദരങ്ങളെ കടുത്ത ശത്രുക്കളായിട്ടാണ് പലരും കാണുന്നത്. ഒരുത്തന് ഭ്രാന്തുണ്ടാകുകയും അത് മറ്റുള്ളവരിലേക്ക് അതിവേഗതയില്‍ പടരുകയും ചെയ്യുന്നു. ഒരുത്തന്‍ മോശമായ ഒരു മുദ്രാവാക്യം മുഴക്കുകയോ നിന്ദ്യമായ പ്രസ്താവന ഇറക്കുകയോ ചെയ്യുന്നു, ഉടനെ മറ്റുള്ളവര്‍ മുഴുവനും അത് ഏറ്റ് പിടിക്കുന്നു. പ്രത്യേകിച്ചും വിദ്യാസമ്പന്നരായ ആളുകള്‍ക്ക് വര്‍ഗ്ഗീയതയുടെ ഹിസ്റ്റീരിയ ബാധിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ സ്വന്തം സഹപാഠികളെ അടിച്ചടിച്ച് കൊല്ലുന്നു. പ്രൊഫസര്‍ സ്വന്തം സഹപ്രവര്‍ത്തകനെ കഴുത്തറുത്ത് വധിക്കുന്നു. രാജ്യത്തിന്‍റെ ചില പട്ടണങ്ങളില്‍ അരങ്ങേറിയ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ശേഷം വിനീതന്‍ അവിടെ പോകുകയുണ്ടായി. പല കാഴ്ചകളും കണ്ട് നില്‍ക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. അവിടെയുള്ള മനുഷ്യര്‍ക്ക് എന്ത് പറ്റി എന്നോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം വരുന്നു. ഇത്ര പെട്ടെന്ന് മനുഷ്യന് മൃഗമാകാന്‍ പറ്റുമോ.? മൃഗങ്ങള്‍ക്ക് എത്ര പരിശ്രമിച്ചിട്ടും മനുഷ്യനാകാന്‍ പറ്റുന്നില്ല. പക്ഷെ മനുഷ്യന്‍ വളരെ വേഗത്തില്‍ വന്യമൃഗമായി അധഃപതിക്കുന്നു. യഥാര്‍ത്ഥത്തില്‍ നമ്മുടെ മനുഷ്യത്വം കണ്ട് മൃഗങ്ങളില്‍ പോലും മാറ്റമുണ്ടാകേണ്ടതായിരുന്നു. എന്നാല്‍ വന്യമൃഗങ്ങളെ പോലും നാണിപ്പിച്ച് നാം അധഃപതിക്കുന്നത് വളരെ മോശമാണ്. 
മനുഷ്യന്‍ മാതൃഗര്‍ഭത്തില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ മാതാപിതാക്കള്‍ അവനെ നല്ല നിലയില്‍ വളര്‍ത്തുന്നു. ഉത്തമ ആഹാരങ്ങള്‍ നല്‍കുന്നു. കുറച്ച് കഴിഞ്ഞ് വിദ്യാലയത്തിലേക്ക് കൊണ്ടുവരുന്നു. ഉത്തമ പാഠങ്ങള്‍ പഠിക്കാനും കൂടുതല്‍ വളരാനും ഉയരാനുമാണ് മാതാപിതാക്കള്‍ വിദ്യാലയത്തിലാക്കുന്നത്. വിദ്യാഭ്യാസം കുറഞ്ഞ മാതാപിതാക്കള്‍ പോലും മകന്‍ കൂടുതല്‍ നന്നാകണമെന്ന ആഗ്രഹത്തില്‍ കൂടുതല്‍ പഠിപ്പിക്കുന്നു. എന്‍റെ മകനും മകളും എല്ലാവരെക്കാളും ഉയരണമെന്നും ഉന്നതി പ്രാപിക്കണമെന്നും ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നു. ഇത് മനുഷ്യന്‍റെ പൊതുവായ ഒരു പ്രകൃതിയാണ്. അത് കൊണ്ട് തന്നെ ഓരോ തലമുറയും കഴിഞ്ഞ തലമുറയെക്കാള്‍ മെച്ചമായിരിക്കും. ഈ നിലയില്‍ ധാരാളം പാഠശാലകള്‍ സ്ഥാപിക്കപ്പെടുകയും ഗ്രന്ഥാലയങ്ങള്‍ നിലവില്‍ വരികയും ചെയ്തു. മനുഷ്യന്‍റെ ജീവിതം മുഴുവനും മുന്നോട്ടുള്ള കുതിപ്പാണെന്നും മുന്നോട്ട് നീങ്ങുന്തോറും മനുഷ്യന്‍ കൂടുതല്‍ പുരോഗതി പ്രാപിക്കുകയും ചെയ്യുന്നതാണെന്നും ഇത് അറിയിക്കുന്നു. ഇതനുസരിച്ച് നോക്കുമ്പോള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം കൂടുതല്‍ ഉന്നതമായ അവസ്ഥയായിരുന്നു ഓരോ പഴയ വിദ്യാര്‍ത്ഥികളും കാഴ്ച വെയ്ക്കേണ്ടിയിരുന്നത്. 
പക്ഷെ, ദുഃഖകരമെന്ന് പറയട്ടെ, വിദ്യാഭ്യാസമില്ലാത്തവരെക്കാള്‍ തരംതാഴ്ന്ന അവസ്ഥകളാണ് പല വി
ദ്യാസമ്പന്നരിലും ഇന്ന് കാണപ്പെടുന്നത്. വലിയ അറിവൊന്നുമില്ലാത്ത ഗ്രാമീണരെപ്പോലും അമ്പരപ്പിക്കുന്ന അക്രമങ്ങളാണ് സംസ്കാര സമ്പന്നരെന്ന് വാദിക്കുന്ന പട്ടണവാസികള്‍ കാട്ടിക്കൂട്ടുന്നത്. ചെറിയ ഒരു പ്രശ്നമുണ്ടായാല്‍ പട്ടണത്തിലുള്ള മുഴുവന്‍ ആളുകളും മൃഗങ്ങളല്ല, ഭ്രാന്തന്മാരായി മാറുന്ന കാഴ്ച എത്രയോ ദുഃഖകരമാണ്.! 
വലിയ കാര്യങ്ങളെല്ലാം അറിയാമെന്ന് വാദിക്കുന്ന മനുഷ്യര്‍ ഒറ്റയടിക്ക് രക്തദാഹികളായി മാറുന്നതെങ്ങിനെയാണ്.? സ്വന്തം അയല്‍വാസിയെയും നാട്ടുകാരനെയും തെറ്റിദ്ധരിക്കുകയും അവരിലേക്ക് അക്രമം അഴിച്ച് വിടുകയും ചെയ്യുന്ന ഒരു അവസ്ഥാന്തരീക്ഷത്തില്‍ നമ്മുടെ വിദ്യാഭ്യാസങ്ങള്‍ക്ക് എന്ത് പ്രസക്തിയാണ് ഉള്ളത്.? 
മൃഗങ്ങള്‍ക്കും ബോധമുണ്ട്.! 
വിനീതന്‍ ന്യൂയോര്‍ക്കിന് അടുത്ത് ഒരു നാട്ടിലായിരിക്കവേ ന്യൂയോര്‍ക്കിലെ പവര്‍ ഹൗസില്‍ മിന്നലേറ്റ് പവര്‍ ഹൗസിന് കേടുപാടുകള്‍ സംഭവിച്ചതായി വാര്‍ത്ത വന്നു. ഈ വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വലിയ അത്ഭുതമുണ്ടായില്ല. കാരണം, മിന്നലിനും പവര്‍ ഹൗസിനും ബുദ്ധിയില്ല. ബുദ്ധിയില്ലാത്ത ഒന്ന് ബുദ്ധിയില്ലാത്ത മറ്റൊന്നിന്‍റെ മേല്‍ പതിക്കുകയുണ്ടായി. എന്നാല്‍ ബുദ്ധിയുള്ള മനുഷ്യന്‍ ബുദ്ധിയുള്ള സ്വന്തം സഹോദരന്‍റെ മേല്‍ ചാടി വീഴുന്നത് കാണുമ്പോള്‍ എനിക്ക് വല്ലാത്ത അത്ഭുതമുണ്ട്.! മൃഗങ്ങള്‍ക്കും അല്പസ്വല്പം ബോധമുണ്ട്. നാം ഒരു പട്ടിയെ കല്ലെടുത്തെറിഞ്ഞാല്‍ അത് കല്ലിനെ നോക്കി കുരയ്ക്കുകയില്ല. നമ്മെ നോക്കി കുരയ്ക്കുന്നതാണ്. കാരണം കല്ല് ഉരുണ്ട് വന്നതല്ലെന്നും നാമാണ് അതിനെ എറിഞ്ഞതെന്നും അതിന് നന്നായിട്ടറിയാം. നടക്കുമ്പോള്‍ നാം ഒരു പട്ടിയെ ചവുട്ടിയാല്‍ അത് കടിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അതിന് മുകളില്‍ ഒരു മരക്കഷ്ണം വീണാല്‍ മരക്കഷ്ണത്തോട് അത് ദേഷ്യപ്പെടുകയില്ല. ചുരുക്കത്തില്‍ മൃഗത്തിന് പോലും അല്പം ബോധമുണ്ട്. പക്ഷെ, പരസ്പരം ക്രൂരമായ അക്രമങ്ങള്‍ കാട്ടിക്കൂട്ടുന്ന നമുക്ക് സഹോദരങ്ങളെ മനസ്സിലാകാത്തതും അവരുടെ വേദന തിരിച്ചറിയാത്തതും വളരെ അത്ഭുതകരം തന്നെ.! 
പര്‍വ്വതങ്ങള്‍ മനുഷ്യന്‍റെ മേല്‍ മറിഞ്ഞ് വീണാല്‍ പര്‍വ്വതങ്ങള്‍ക്ക് മാപ്പ് കൊടുക്കാം. ഭിത്തി ഇടിഞ്ഞ് വീണാല്‍ അതിനും മാപ്പ് നല്‍കാം. കാരണം അവയ്ക്ക് ബുദ്ധിയില്ല. പക്ഷെ മനുഷ്യന്‍റെ മേല്‍ ചാടി വീഴുന്നതിന് മാപ്പില്ല. കാരണം പടച്ചവന്‍ മനുഷ്യന് ബുദ്ധിയും ബോധവും മനസ്സും മനസ്സാക്ഷിയും നല്‍കിയിട്ടുണ്ട്. മനുഷ്യന്‍റെ അക്രമങ്ങള്‍ അറിഞ്ഞുകൊണ്ടുള്ളതാണ്. പടച്ചവന്‍ എല്ലാം മാപ്പാക്കുന്നതാണ്. പക്ഷെ, അക്രമത്തെ മാപ്പാക്കുന്നതല്ല. പക്ഷെ, നമ്മുടെ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ധാരാളമായി നടന്ന് കൊണ്ടിരിക്കുന്നു. ഒരു മാതാവ് മരണത്തോട് മല്ലടിച്ചുകൊണ്ട് കിടക്കുകയാണ്. വിദൂര ദേശത്തുള്ള മകന്‍ വന്ന് ഒന്ന് കാണണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. മാതാവിന്‍റെ ആഗ്രഹം അറിഞ്ഞ് മകന്‍ പുറപ്പെടുന്നു. ഒരു ഭാഗത്ത് ഏതാനും ദിവസങ്ങള്‍ക്കകം മാതാവിനെ കാണാമല്ലോ എന്ന് ചിന്തിച്ച് മകനും, അടുത്ത് തന്നെ മകനെ കാണാമല്ലോ എന്നി വിചാരിച്ച് മാതാവും വളരെയധികം സന്തോഷിക്കുന്നു. എന്നാല്‍ പ്രതീക്ഷകളുടെ കൂമ്പാരവുമായി നാട്ടിലേക്ക് വരുന്ന മകനെ വര്‍ഗ്ഗീയത ബാധിച്ച ഒരാള്‍ വധിക്കുന്നു. മാതാവിനെ കാണാന്‍ കഴിയാത്ത ദുഃഖത്തോടെ പാവപ്പെട്ട ഈ മകന്‍ ചോര വാര്‍ന്ന് മരിക്കുമ്പോള്‍ മകന്‍റെ ദുഃഖ വാര്‍ത്ത കേട്ട് കഠിനമായ ദുഃഖം താങ്ങാന്‍ കഴിയാതെ സാധുവായ മാതാവും മരണത്തിലേക്ക് നീങ്ങുന്നു.! ഇത് പോലുള്ള സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നില്ലേ.? ഇത്തരമൊരു സാഹചര്യത്തില്‍ പടച്ചവന്‍റെ കാരുണ്യം ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയുമോ.? ഇത്തരം സംഭവങ്ങള്‍ നടക്കുന്ന  ഏതെങ്കിലും രാജ്യം ഇതര കാര്യങ്ങളില്‍ എത്ര വളര്‍ന്നാലും ഉയര്‍ന്നാലും വല്ല അന്തസ്സും മഹത്വവും ലഭിക്കുമോ.? 
കാട്ടിലേക്ക് പോയി നോക്കുക, ചെന്നായ ചെന്നായയെ അക്രമിക്കാറില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ മനുഷ്യന്‍ സ്വന്തം സഹോദരങ്ങളുടെ മേല്‍ ചാടി വീഴുന്നു. നാട്ടുകാരെ ദ്രോഹിക്കുകയും ശാരീരികമായും മാനസികമായും പീഢിപ്പിക്കുകയും ചെയ്യുന്നു. ഇത് മഹാത്ഭുതം തന്നെ.! മാതാപിതാക്കള്‍ പരിശീലിപ്പിക്കുകയും അദ്ധ്യാപകന്മാര്‍ പഠിപ്പിക്കുകയും ഗ്രന്ഥങ്ങള്‍ ഉണര്‍ത്തുകയും ചെയ്ത സകല കാര്യങ്ങളും മനുഷ്യന്‍ മറക്കുന്നതെങ്ങിനെയാണ്.? സത്യം പറയട്ടെ, ഇന്ന് അക്രമങ്ങള്‍ തന്നെ എഴുത്തും വായനയും പഠിച്ചവനായി മാറിയിരിക്കുന്നു. 
മനുഷ്യനാകാന്‍ പഠിക്കുക.! 
ഈ വാക്കുകള്‍ കൊണ്ടുള്ള ഉദ്ദേശം വിദ്യാഭ്യാസത്തെയോ വിജ്ഞാനത്തെയോ നിന്ദിക്കലും നിസ്സാരപ്പെടുത്തലുമല്ല. പക്ഷെ, വിദ്യാഭ്യാസം വെറും വിദ്യാഭ്യാസം മാത്രമാണെന്ന് നാം മനസ്സിലാക്കേണ്ടതാണ്. പടച്ചവനോടുള്ള ഭയഭക്തിയും പടപ്പുകളോടുള്ള സ്നേഹാദരങ്ങളും ഉണ്ടാകുമ്പോഴാണ് വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാകുന്നത്. ഇത്തരം വിദ്യാഭ്യാസത്തിലൂടെ മനുഷ്യന്‍ സംസ്കാര സമ്പന്നരാകുന്നതും ജനങ്ങളെ സേവിക്കാന്‍ ഹൃദയംഗമായി ആഗ്രഹിക്കുന്നതുമാണ്. അത് കൊണ്ട് തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസം പടച്ചവനോടുള്ള ഭയവും മാനവ സ്നേഹവും ഉണ്ടാക്കലാണ്. ഇവരണ്ടും ഇല്ലാതെയുള്ള വിദ്യാഭ്യാസത്തെക്കാളും വിദ്യാഭ്യാസമില്ലായ്മയാണ് മെച്ചം. ആകയാല്‍ പ്രഥമവും പ്രധാനവുമായി പടച്ചവനോടുള്ള ഭയവും പടപ്പുകളോടുള്ള സ്നേഹവും ഉണ്ടാക്കിയെടുക്കുക. ഓരോ മനുഷ്യന്‍റെയും ജീവനും സ്വത്തും അഭിമാനവും ആദരണീയമാണെന്നും നാം ഓരോരുത്തരും അവയുടെ സേവകരും സംരക്ഷകരുമാണെന്നുമുള്ള ബോധം നമുക്കിടയില്‍ ശക്തമാകണം. മുന്‍കാലങ്ങളില്‍ മനുഷ്യന്‍ മറ്റുള്ളവര്‍ക്ക് കാവല്‍ നില്‍ക്കുമായിരുന്നു. മറ്റുള്ളവര്‍ ഉറങ്ങുമ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാന്‍ ഉണര്‍ന്ന് കഴിയുമായിരുന്നു. വിദ്യാസമ്പന്നമായ ഇന്നത്തെ അവസ്ഥയെക്കാളും അന്നത്തെ അവസ്ഥ വളരെ മെച്ചമായിരുന്നു. അന്ന് എല്ലാവരും വിദ്യാസമ്പന്നരല്ലായിരുന്നു. ഇന്ന് മുഴുവന്‍ ഭവനങ്ങളും മാത്രമല്ല, നൂറ് ശതമാനം ജനങ്ങളും വിദ്യാസമ്പന്നരാണ്. പക്ഷെ ഇത് കൊണ്ട് എന്ത് ഫലം.? ഏതെങ്കിലും ഭ്രാന്തനോ അക്രമിയോ വര്‍ഗ്ഗീയ വാദിയോ എന്തെങ്കിലും മുദ്രവാക്യം മുഴക്കിയാല്‍ വിദ്യാസമ്പന്നര്‍ പോലും അതിന്‍റെ പിന്നില്‍ ചാടുകയാണ്. വിദ്യാഭ്യാസവും അന്ധതയും, സംസ്കാരവും അക്രമവും ഒരിക്കലും ഒരുമിച്ച് കൂടുന്നതല്ല. മനുഷ്യനെ വേട്ടയാടുകയും മനുഷ്യ രക്തം കൊണ്ട് വിശപ്പും ദാഹവും ശമിപ്പിക്കുന്നവന്‍ മനുഷ്യനല്ല. അത്തരം മനുഷ്യരുടെ മേല്‍ ശാപമുണ്ടാകട്ടെ.! അത്തരം ആളുകളെക്കാള്‍ ഉത്തമം മൃഗങ്ങളും വന്യജീവികളുമാണ്. 
അകത്ത് നിന്നുമാണ് നന്നാകേണ്ടത്.! 
മനുഷ്യന്‍ പുറത്ത് നിന്നുമല്ല, അകത്ത് നിന്നുമാണ് നന്നാകേണ്ടത്. എന്നാല്‍ നാം അകത്തെ മറന്ന് കളഞ്ഞു. അകത്തുള്ള മനുഷ്യത്വം ഉണര്‍ത്താന്‍ നാം പരിശ്രമിച്ചില്ല. നാം ഓരോരുത്തരുടെയും ഈ ശരീരത്തിന്‍റെ ഉള്ളില്‍ ഒരു മനുഷ്യന്‍ മറഞ്ഞിരിപ്പുണ്ട്. അതാണ് യഥാര്‍ത്ഥ മനുഷ്യന്‍. അത് മനുഷ്യന്‍റെ മനസ്സും മനസ്സാക്ഷിയുമാണ്. അത് ഉണര്‍ന്നാല്‍ മാനവികതയുടെ മഹനീയ മാതൃകകള്‍ പ്രകടമാകുന്നതാണ്. വലിയ ഭരണാധികാരികളും ചക്രവര്‍ത്തികളുമായിരുന്നിട്ടും ജനങ്ങളുടെ സമ്പത്തിനെയും രാജ്യത്തിന്‍റെ സ്വത്തിനെയും പടച്ചവന്‍ വിശ്വസിച്ചേല്‍പ്പിച്ച കാര്യങ്ങളാണെന്ന് ഇത്തരം ആളുകള്‍ മനസ്സിലാക്കുന്നതാണ്. ജനങ്ങളെല്ലാം സേവിക്കപ്പെടേണ്ടവരാണെന്നും ഞാന്‍ മുഴുവന്‍ ജനങ്ങളുടെയും സേവകനാണെന്നും അവര്‍ വിശ്വസിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു: 
മുസ്ലിംകളുടെ നായകന്‍ റസൂലുല്ലാഹി (സ്വ) നാട് നീങ്ങിയപ്പോള്‍ അബൂബക്ര്‍ സിദ്ദീഖ് (റ) ഒന്നാം ഖലീഫയായി. തദവസരം അദ്ദേഹം അങ്ങേയറ്റം ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്. ആദ്യം ശമ്പളമൊന്നും വാങ്ങിയില്ല. ശേഷം മറ്റുള്ളവര്‍ നിര്‍ബന്ധിച്ചപ്പോള്‍ സാധാരണക്കാര്‍ക്ക് നല്‍കപ്പെടുന്ന ശമ്പളം വാങ്ങിക്കുകയും ഇത് ഞാന്‍ നിങ്ങള്‍ക്ക് സേവനം ചെയ്യുന്നതിന്‍റെ പേരില്‍ വാങ്ങുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. അന്ന് മുസ്ലിംകളുടെ പക്കല്‍ പണത്തിന്‍റെ കുറവ് കൊണ്ടല്ല അദ്ദേഹം ഇപ്രകാരം പറഞ്ഞത്. സ്വന്തം താല്പര്യ പ്രകാരം മാത്രമാണ് ഇങ്ങനെ ചെയ്തത്. കാരണം അന്ന് വലിയ അക്രമങ്ങള്‍ നടത്തുകയും നാട്ടിലുള്ള ജനങ്ങളെ അടിമകളാക്കി പീഢിപ്പിക്കുകയും ചെയ്തിരുന്ന റോമന്‍, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ തിരുത്താനും നേരിടാനും മുസ്ലിംകളാണ് ഇറങ്ങിത്തിരിച്ചത്. ഈ സമയത്ത് ഒരിക്കല്‍ അദ്ദേഹത്തിന്‍റെ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു: താങ്കള്‍ ഖലീഫയായതിലൂടെ ജനങ്ങള്‍ക്ക് ലഭിച്ച പ്രയോജനങ്ങള്‍ ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ താങ്കളുടെ ഈ നിലപാട് കുടുംബത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുന്നു. താങ്കള്‍ക്ക് ലഭിക്കുന്ന ശമ്പളം കൊണ്ട് വളരെ കഷ്ടിച്ചാണ് ഞാനും മക്കളും കഴിയുന്നത്. ഞങ്ങള്‍ക്ക് മധുര പലഹാരങ്ങള്‍ വല്ലതും കഴിക്കാന്‍ ആഗ്രഹമുണ്ട്. ഇതിന് മുമ്പ് താങ്കള്‍ വസ്ത്രവ്യാപാരം നടത്തിയിരുന്നു. അന്ന് ഞങ്ങള്‍ മധുരപലഹാരം കഴിച്ചിരുന്നു. എന്നാല്‍ ഇന്ന് അതിന് സാധിക്കുന്നില്ല.! അപ്പോള്‍ അബൂബക്ര്‍ സിദ്ദീഖ് (റ) പറഞ്ഞു: ഇതിന് ഞാന്‍ എന്ത് ചെയ്യാനാണ്.? പൊതുജനങ്ങളുടെ സമ്പത്തില്‍ നിന്നും ശമ്പളത്തെക്കാള്‍ കൂടുതലായി ഒന്നും എടുക്കാന്‍ എനിക്ക് അനുവാദമില്ല. ഭാര്യ പറഞ്ഞു: ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പളത്തില്‍ നിന്നും അല്പം പിടിച്ച് വെച്ച് പലഹാരം ഉണ്ടാക്കിക്കൊള്ളട്ടെ.? അദ്ദേഹം പറഞ്ഞു: യാതൊരു കുഴപ്പവുമില്ല. ആ മഹതി ഏതാനും ദിവസത്തെ ശമ്പളത്തില്‍ നിന്നും അല്പാല്പം പിടിച്ച് വെക്കുകയും കുറഞ്ഞ സമ്പത്ത് ശേഖരിച്ച് അബൂബക്ര്‍ സിദ്ദീഖ് (റ) നെ ഏല്‍പ്പിക്കുകയും ഇത് കൊണ്ട് പലഹാരത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൊണ്ട് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ അബൂബക്ര്‍ സിദ്ദീഖ് (റ) ഭാര്യയോട് പറഞ്ഞു: ഇപ്പോള്‍ ബൈത്തുല്‍ മാലില്‍ (പൊതു ഖജനാവ്) വലിയ ഒരു ആവശ്യം വന്നിരിക്കുകയാണ്. സമ്മതിക്കുകയാണെങ്കില്‍ ഇത് ബൈത്തുല്‍ മാലില്‍ നിക്ഷേപിക്കാം. കൂട്ടത്തില്‍ നമുക്ക് കിട്ടുന്ന ശമ്പളം കൂടുതലാണെന്നും ഇതിലൂടെ സ്ഥിരപ്പെട്ടിരിക്കുന്നു. അത് കൊണ്ട് അത്രയും അളവ് ശമ്പളത്തില്‍ നിന്നും കുറയ്ക്കാനും ആവശ്യപ്പെടാം. ഭാര്യയും കുടുംബവും ഇക്കാര്യം സസന്തോഷം സമ്മതിക്കുകയും സംതൃപ്തരായി കഴിയുകയും ചെയ്തു.! ഇത് ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്‍റെ മഹനീയ സംഭവമല്ല. മുഴുവന്‍ മനുഷ്യരുടെയും അന്തസ്സ് ഉയര്‍ത്തുന്ന സംഭവമാണ്. നാമെല്ലാവരും ഈ സംഭവം പറഞ്ഞ് അഭിമാനിക്കുകയും നമ്മളില്‍ ഇത്തരം ആളുകള്‍ മുമ്പ് ഉണ്ടായിരുന്നു. ഇനിയും ഉണ്ടാകേണ്ടതാണെന്ന് പരസ്പരം പ്രേരിപ്പിക്കേണ്ടതുമാണ്. അത് കൊണ്ടാണ് കോണ്‍ഗ്രസ്സിന്‍റെ പ്രഥമ ഗവണ്‍മെന്‍റ് നിലവില്‍ വന്നപ്പോള്‍ ഗാന്ധിജി ഇപ്രകാരം പറഞ്ഞത്: നമ്മുടെ മന്ത്രിമാര്‍ ഹസ്രത്ത് അബൂബക്റിന്‍റെയും ഹസ്രത്ത് ഉമറിന്‍റെയും ജീവിതങ്ങള്‍ പഠിക്കുകയും പകര്‍ത്തുകയും ചെയ്യേണ്ടതാണ്.! 
മറ്റൊരു സംഭവം കൂടി ശ്രദ്ധിക്കുക: ഉമര്‍ രണ്ടാമന്‍ എന്ന പേരില്‍ പ്രസിദ്ധനായ ഉമറുബ്നു അബ്ദില്‍ അസീസിന്‍റെ കാലത്ത് ഇസ്ലാമിക ഭരണകൂടം സിറിയ, ഈജിപ്റ്റ്, ഇറാഖ്, സ്പെയിന്‍, ഉത്തര ആഫ്രിക്ക ഇവിടെയെല്ലാം പടര്‍ന്ന് പന്തലിച്ചിരുന്നു. ഇതിന്‍റെ നായകനായ ഉമറുബ്നു അബ്ദില്‍ അസീസ് ഒരു രാത്രിയില്‍ വിളക്ക് കത്തിച്ച് വെച്ച് ജോലിയിലായിരുന്നു. ഫയലുകളും മറ്റും നോക്കിക്കൊണ്ടിരുന്ന അദ്ദേഹത്തിന്‍റെ അരികിലേക്ക് ദൂരെ നിന്നും ഒരു സുഹൃത്ത് കടന്നുവന്നു. അദ്ദേഹം സ്വീകരിക്കുകയും നാടിന്‍റെയും ജനങ്ങളുടെയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്തു. ജനങ്ങളും രാജ്യവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും ചോദിച്ചറിയുകയും നല്ല കാര്യങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കുകയും കൂട്ടത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ശേഷം ആഗതന്‍ അദ്ദേഹത്തിന്‍റെ വിശേഷങ്ങള്‍ തിരക്കുകയും കുടുംബത്തിന്‍റെയും മക്കളുടെയും കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ചോദിക്കുകയും ചെയ്തു. ഇത് കേട്ടയുടനെ അദ്ദേഹം വിളക്ക് അണച്ചുകളഞ്ഞു. ആഗതന്‍ അത്ഭുതത്തോടെ കാരണം തിരക്കി. പൊതു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ വിളക്ക് കത്തിച്ച് വെയ്ക്കുകയും സാധാരണ എല്ലാവരും താല്പര്യപ്പെടുന്ന സ്വന്തം വിഷയങ്ങള്‍ ചോദിച്ചപ്പോള്‍ വിളക്ക് അണച്ച് കളയുകയും ചെയ്തത് എന്തിനാണ്.? ഖലീഫ പറഞ്ഞു: ആദ്യം നമ്മള്‍ സംസാരിച്ചത് പൊതുജനങ്ങളുടെ കാര്യമാണ്. ഈ വിളക്ക് പൊതുജനാവശ്യാര്‍ത്ഥമുള്ളതാണ്. എന്‍റെ വീടിന്‍റെ കാര്യം എന്‍റെ സ്വകാര്യമാണ്. ഈ വിളക്ക് അതിനുള്ളതല്ല. തുടര്‍ന്ന് വീട്ടില്‍ നിന്നും ഒരു വിളക്ക് വരുത്തിച്ച് അത് കത്തിച്ച് സംസാരം ആരംഭിച്ചു. അദ്ദേഹം പറഞ്ഞു: ഞാന്‍ ആദ്യത്തെ വിളക്ക് ഉപയോഗിച്ച് രാജ്യത്തിന്‍റെ കാര്യങ്ങള്‍ നോക്കുകയായിരുന്നു. ഇടയ്ക്ക് നിങ്ങള്‍ വന്നു. ആദ്യം രാജ്യത്തിന്‍റെ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷത്തോട് കൂടി കേള്‍ക്കുകയും പ്രതികരിക്കുകയും ചെയ്തു. ഇപ്പോള്‍ നിങ്ങള്‍ എന്‍റെ വീടിന്‍റെ കഥയും കാര്യവും പറയാന്‍ ആരംഭിച്ചിരിക്കുന്നു. ഇതിന് വേണ്ടി പൊതുസ്വത്തില്‍ നിന്നും അല്പം പോലും ചെലവഴിക്കുന്നത് ശരിയല്ല.! 
ആധുനിക ലോകത്ത് ഇതിന് മാതൃകയായി വല്ല സംഭവങ്ങളും കാണാന്‍ കഴിയുമോ.? അമേരിക്ക, റഷ്യ തുടങ്ങിയ വലിയ രാജ്യങ്ങളിലെ പ്രസിഡന്‍റുമാരും അറേബ്യന്‍ രാജ്യങ്ങളിലെ രാജാക്കന്മാരും ഇത് പോലെ വരുകയില്ലെന്ന് മാത്രമല്ല, പലര്‍ക്കും ഇതിന്‍റെ മണം പോലും അടിച്ചിട്ടില്ല. ഇവരാരെയും നിന്ദിക്കാന്‍ വേണ്ടിയല്ല വിനീതന്‍ ഇത് പറയുന്നത്. ഇവരില്‍ പലരെയും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കൂട്ടത്തില്‍ ഇത് പോലുള്ള കാര്യങ്ങള്‍ അവരെ വ്യക്തമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാന കാരണം മുന്‍ഗാമികളായ മഹത്തുക്കള്‍ പ്രവാചക ജീവിതം പഠിക്കുകയും മനുഷ്യത്വത്തിന്‍റെ ഗുണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു. ഇന്ന് നല്ലവരെ കുറിച്ചുള്ള പഠനങ്ങളും പ്രചാരണങ്ങളും പ്രേരണകളും വളരെ കുറഞ്ഞ് പോയിരിക്കുന്നു. ഇന്നത്തെ പ്രശ്നങ്ങളുടെ ഒരു പ്രധാന കാരണവും ഇത് തന്നെയാണ്. 
നമ്മുടെ അകം നന്നാക്കാന്‍ പരിശ്രമിക്കുക.! 
ആകയാല്‍ നാം നമ്മെക്കുറിച്ചും രാജ്യത്തെ കുറിച്ചും ചിന്തിക്കുക. നാം ഓരോരുത്തരും മനുഷ്യനാകാനും മറ്റുള്ളവരില്‍ മനുഷ്യത്വം ഉണര്‍ത്താനും പരിശ്രമിക്കുക. വിശിഷ്യാ, അടുത്തവരിലും സന്താനങ്ങളിലും മാനവിക ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കുക. നമ്മുടെ അകത്ത് വലിയ ശൂന്യത സംഭവിച്ചിരിക്കുകയാണ്. പക്ഷെ, അകത്ത് നഷ്ടപ്പെട്ട സമ്പത്ത് നാം അന്വേഷിക്കുന്നത് പുറത്താണ്. ചെറുപ്പത്തില്‍ ഒരു സംഭവം കേട്ടിട്ടുണ്ട്: ഒരാള്‍ വീടിന് വെളിയില്‍ എന്തോ തേടി നടക്കുന്നത് കണ്ട് അപരന്‍ ചോദിച്ചു: താങ്കള്‍ എന്താണ് തേടുന്നത്.? അയാള്‍ പറഞ്ഞു: ഒരു രൂപ കാണാനില്ല. അങ്ങനെ ഇരുവരും ഒരുമിച്ച് തേട്ടം തുടര്‍ന്നു. കുറേ തേടി മടുത്തപ്പോള്‍ അപരന്‍ ചോദിച്ചു: എവിടെയാണ് വീണതെന്ന് അറിയാമോ.? അയാള്‍ പറഞ്ഞു: സത്യം പറഞ്ഞാല്‍ വീടിനുള്ളിലാണ് വീണത്. പക്ഷെ, അവിടെ ഇരുട്ടാണ്. ഇവിടെ അന്വേഷിക്കാന്‍ വലിയ സുഖമാണ്. ഇരുട്ടുള്ള സ്ഥലത്ത് തപ്പാന്‍ വലിയ പ്രയാസമുണ്ട്.! യഥാര്‍ത്ഥത്തില്‍ ഇത് നമ്മുടെ അവസ്ഥയല്ലേ.? നഷ്ടം സംഭവിച്ചത് മനസ്സിലാണ്. നാം നന്നാക്കിക്കൊണ്ടിരിക്കുന്നത് മനസ്സിന് വെളിയിലുള്ള കാര്യങ്ങളെയുമാണ്. 
ഒരു സാധനം അത് നഷ്ടപ്പെട്ട സ്ഥലത്ത് നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ.! 
മുമ്പ് നമ്മുടെ മനസ്സിലുണ്ടായിരുന്ന വലിയൊരു നിധി നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. കോളേജുകള്‍, ലൈബ്രറികള്‍, അമേരിക്കന്‍-യൂറോപ്യന്‍-പാശ്ചാത്യ രാജ്യങ്ങള്‍ തെരഞ്ഞെടുപ്പിലും മാത്രം കണ്ണ് നട്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, പാര്‍ലമെന്‍റ്-അസംബ്ലി മന്ദിരങ്ങള്‍ ഇവയിലെല്ലാമാണ് നാം അത് തേടിക്കൊണ്ടിരിക്കുന്നത്. പക്ഷെ, പടച്ചവന്‍റെ പ്രകൃതി നിയമത്തിന് മാറ്റമില്ലായെന്ന് മനസ്സിലാക്കുക. ഒരു സാധനം അത് നഷ്ടപ്പെട്ട സ്ഥലത്ത് നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ എന്നത് പടച്ചവന്‍റെ പ്രകൃതി നിയമമാണ്. അന്നും ഇന്നും എന്നും ഇത് തന്നെയാണ് നിയമം. സാധനം ഇരുളില്‍ വീണാല്‍ അവിടെ അന്വേഷിക്കുക. അത് വെളിച്ചത്തില്‍ എത്ര അന്വേഷിച്ചാലും ഒരിക്കലും അത് ലഭിക്കുകയില്ല. മനസ്സിന്‍റെ ആളുകള്‍ പാവപ്പെട്ട മഹാന്മാരായിരുന്നത് കൊണ്ട് അവരെ നാം അവഗണിക്കുകയും നാം സൂട്ടിന്‍റെയും കോട്ടിന്‍റെയും ആളുകളായത് കൊണ്ട് അവരില്‍ നിന്ന് മാത്രമേ എന്തും പഠിക്കുകയുള്ളൂ എന്ന് വാശി പിടിക്കുകയും ചെയ്താല്‍ നമ്മുടെ പ്രശ്നം പരിഹരിക്കപ്പെടുന്നതല്ല. 
മനുഷ്യത്വം മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.! 
നിധി നഷ്ടപ്പെട്ടിട്ടേയുള്ളൂ, അവസാനിച്ചിട്ടില്ല. നഷ്ടപ്പെട്ട വസ്തു പരിശ്രമിച്ചാല്‍ തിരിച്ചെടുക്കാം. മരിച്ച് പോയ ജീവിതം തിരിച്ചെടുക്കാന്‍ പറ്റില്ല. മനുഷ്യത്വം മരിച്ചിട്ടില്ല, പക്ഷെ ഉറങ്ങിക്കിടക്കുകയാണ്. ഇപ്രകാരം പലപ്പോഴും അത് ഉറങ്ങിയിട്ടുണ്ട്. മഹാന്മാരായ പ്രവാചകന്മാരും പണ്ഡിതവര്യന്മാരും പടച്ചവനോട് ഭയഭക്തിയുള്ളവരും ഓരോ കാലങ്ങളിലും സ്ഥലങ്ങളിലും അതിനെ ഉണര്‍ത്താന്‍ പരിശ്രമിക്കുകയും അത് ഉണരുകയും ചെയ്യുകയുണ്ടായി. മരിച്ച് പോയിരുന്നെങ്കില്‍ ഒരിക്കലും ഉണരുകയില്ലായിരുന്നു. 
ഇന്നും മാനവികത മരിച്ചിട്ടില്ല. ഉറങ്ങുകയാണ്. വരൂ, നമുക്കെല്ലാവര്‍ക്കും ഒത്തുചേര്‍ന്ന് ഉറങ്ങിക്കിടക്കുന്ന മാനവികതയെ തട്ടിയുണര്‍ത്താം. ആദ്യമായി നമ്മുടെ ഉള്ളില്‍ ഉണര്‍ത്താം. ശേഷം മറ്റുള്ളവരെയും ഉണര്‍ത്താം. നാം ഉണര്‍ന്നില്ലെങ്കില്‍ മറ്റുള്ളവരെ ഉണര്‍ത്താന്‍ സാധിക്കുന്നതല്ല. ഒരാള്‍ ഉണര്‍ന്നാല്‍ നൂറ് കണക്കിന് ആളുകളെ ഉണര്‍ത്താന്‍ കഴിയും. എന്നാല്‍ ഉറങ്ങുന്ന നൂറ് പേരുണ്ടായിരുന്നാല്‍ ഒരാളെ പോലും ഉണര്‍ത്താന്‍ കഴിയുന്നതല്ല. നാമെല്ലാവരും ഉറങ്ങിപ്പോയി. ഇനി ഉറക്കം തുടര്‍ന്നാല്‍ പരസ്പരം ഉണര്‍ത്താന്‍ കഴിയുന്നതല്ല. നമ്മില്‍ ഒരാളെങ്കിലും ഉണര്‍ന്നാല്‍ ആയിരങ്ങളെയും ലക്ഷങ്ങളെയും ഉണര്‍ത്താന്‍ സാധിക്കുന്നതാണ്. 
ഈയൊരു ആഗ്രഹത്തിലും പ്രതീക്ഷയിലും സാധുക്കളായ ഞങ്ങള്‍ നിങ്ങളുടെ അരികിലേക്ക് വന്നിരിക്കുകയാണ്. ഈ രാജ്യം തകരുന്നത് നോക്കി നില്‍ക്കാന്‍ നമുക്ക് സാധിക്കുന്നില്ല. നാം ജീവിക്കേണ്ടതും മുന്നോട്ട് നീങ്ങേണ്ടതും വിദ്യാഭ്യാസ-സാംസ്കാരിക-സാമൂഹ്യ മേഖലകളില്‍ ഉയരേണ്ടതും ഇവിടെ തന്നെയാണ്. നിങ്ങളില്‍ ഭൂരിഭാഗം പേരും വിദ്യാഭ്യാസമുള്ളവരാണ്. നിങ്ങളുടെ ചുറ്റുവട്ടം സമാധാനപൂര്‍വ്വവും സന്തുലിതവുമായിരുന്നത് കൊണ്ട് മാത്രമാണ് നിങ്ങള്‍ പഠിച്ച് പഠനം പൂര്‍ത്തീകരിച്ചത്. നിരന്തരം ഇടിയും മിന്നലും നടന്നുകൊണ്ടിരുന്നാല്‍ ഒന്നും നടക്കുന്നതല്ല. ഈ സദസ്സില്‍ വിനീതന്‍ വല്ലതും പറയുന്നതും നിങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുന്നതും ഈ സന്തുലിതത്വത്തിന്‍റെ (നോര്‍മാലിറ്റി) പരിണിതഫലം മാത്രമാണ്. ഈ സദസ്സിലേക്ക് ഒരു പാമ്പ് കയറി വരികയോ നിങ്ങളിലാരെങ്കിലും ഭ്രാന്ത് പിടിച്ച് ഇവിടെ ബഹളമുണ്ടാക്കുകയോ ചെയ്താല്‍ ഈ സദസ്സ് ചിന്നിച്ചിതറി പോകുന്നതാണ്. അറിയുക: സമാധാന പൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ മാത്രമേ ഈ രാജ്യം ഉയരുകയുള്ളൂ. സമാധാനപൂര്‍ണ്ണമായ അന്തരീക്ഷമില്ലെങ്കില്‍ ഇവിടെ ഒരു വിദ്യാഭ്യാസവും പുരോഗതിയും നടക്കുന്നതല്ല. ബാഹ്യമായി നടന്നാല്‍ തന്നെ അത് അക്രമങ്ങളും അധോഗതിയുമായി പരിണമിക്കുന്നതാണ്. 
നിരാശപ്പെടേണ്ട യാതൊരു ആവശ്യവുമില്ല.! 
പടച്ചവന്‍റെ അനുഗ്രഹത്താല്‍ നിങ്ങളെ പോലുള്ള ഈ സദസ്സ് കാണുമ്പോള്‍ ഞങ്ങളില്‍ വലിയ പ്രതീക്ഷ വളരുന്നു. ഓരോ നാട്ടിലും ഇത് പോലെ കുറഞ്ഞ ആളുകളാണെങ്കിലും മാനവികതയുടെ പരിശ്രമങ്ങള്‍ക്ക് മുന്നോട്ട് വന്നാല്‍ പ്രദേശം മുഴുവനും സജീവമാകും. പക്ഷെ, കുറഞ്ഞ പരിശ്രമങ്ങള്‍ക്ക് നാം തയ്യാറാകണം. ആദ്യമായും ഇവിടെ പറയപ്പെട്ട കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുകയും മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുക. രണ്ടാമതായി, പരസ്പരം വിശ്വാസ-ആദരവുകള്‍ വര്‍ദ്ധിക്കണമെന്ന ലക്ഷ്യത്തില്‍ കഴിയുന്നത്ര സേവന-സഹായങ്ങള്‍ ചെയ്യുക. ഒരു നന്മയെയും നിസ്സാരമായി കാണരുത്. പരസ്പരം ഉപഹാരങ്ങള്‍ നല്‍കുന്നതിലൂടെ വിശ്വാസ-ആദരവുകള്‍ വര്‍ദ്ധിക്കുന്നതാണ്. 
നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളും നേതാക്കളും രാജ്യത്തെ സ്വതന്ത്രമാക്കുകയും നിര്‍മ്മിക്കുകയും ചെയ്തു. പക്ഷെ അവര്‍ക്ക് സമയവും അവസരവും ലഭിക്കാതിരുന്നത് കൊണ്ട് രാജ്യനിവാസികളുടെ നിര്‍മ്മാണം നടത്തിയില്ല. ശേഷം വന്നവര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കുടുങ്ങിപ്പോയി. നാം ആരുടെയും ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ മാനവനിര്‍മ്മാണം രാജ്യത്ത് നടന്നിട്ടില്ല എന്നത് ഒരു സത്യമാണ്. ഇപ്പോള്‍ ഈ ജോലി നാമെല്ലാവരുടെയും കര്‍ത്തവ്യമാണ്. ഇത് ഏറ്റെടുത്ത് രാജ്യം മുഴുവനും ഇതിന്‍റെ ശബ്ദമുയര്‍ത്തുക. നാം രാജ്യത്തോട് ഇപ്രകാരം വിളിച്ച് പറയുക: 
അല്ലയോ മനുഷ്യരേ, നിങ്ങള്‍ മനുഷ്യരാകുക. പരസ്പരം ആദരിക്കാന്‍ പഠിക്കുക. മറ്റുള്ളവരുടെ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കുക. ഇതില്‍ നിന്നും നിങ്ങളെ ഇളക്കാനും ഭ്രാന്തന്മാരാക്കാനും ദുരുപയോഗപ്പെടുത്താനും പലരും പരിശ്രമിക്കും. പക്ഷെ, നിങ്ങള്‍ അതിനൊന്നും വശംവദരാകുകയില്ലെന്ന് ഉറച്ച തീരുമാനം എടുക്കുക. എല്ലാവരും ന്യായമായ വഴികളിലൂടെ വളരാനും ഉയരാനും മത്സരിച്ച് പരിശ്രമിക്കുക. എല്ലാവരുടെയും ഉയര്‍ച്ച മറ്റുള്ളവരുടെയും ഉയര്‍ച്ചയാണെന്ന് മനസ്സിലാക്കുക. വര്‍ഗ്ഗീയതയും അക്രമങ്ങളും ദുഃസ്വഭാവങ്ങളും എന്നെന്നേക്കുമായി വര്‍ജ്ജിക്കുക. ഓരോ മനുഷ്യനെയും പടച്ചവന്‍റെ അനുഗ്രഹവും സ്വന്തം സഹോദരനുമായി കാണുക. സഹോദരന് സന്തോഷമില്ലെങ്കില്‍ എനിക്കും ഒരു സന്തോഷവുമുണ്ടാകില്ലെന്നും മറ്റുള്ളവരുടെ ദുഃഖത്തില്‍ ഞാന്‍ ഒരിക്കലും സന്തോഷിക്കുകയില്ലെന്നും ഉറച്ച തീരുമാനമെടുക്കുക. ഈയൊരു മഹദ് ഗുണം നാം പഠിക്കുകയും പകര്‍ത്തുകയും ചെയ്താല്‍ നാം എല്ലാം പഠിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കുക.! 


👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 


No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...