Tuesday, May 26, 2020

കായംകുളം അല്‍ജാമിഅത്തുല്‍ ഹസനിയ്യയുടെ സ്ഥാപകന്‍ ഹാജി ഹസന്‍ യഅ്ഖൂബ് സേഠ് മര്‍ഹൂം അവര്‍കളുടെ മൂത്ത മകള്‍ ഫാത്വിമാ ബീവി (81)


📣 മുഹ്സിനുല്‍ ഉമ്മ: അല്‍ ഹാജ് സേഠ് സാഹിബ് മര്‍ഹൂമിന്‍റെ മൂത്തമകള്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക്...

◼ കായംകുളം അല്‍ജാമിഅത്തുല്‍ ഹസനിയ്യയുടെ സ്ഥാപകന്‍ ഹാജി ഹസന്‍ യഅ്ഖൂബ് സേഠ് മര്‍ഹൂം അവര്‍കളുടെ മൂത്ത മകള്‍ ജീജാ ഭായി എന്ന് വിളിക്കപ്പെടുന്ന ഫാത്വിമാ ബീവി (81) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. (1441 ശവ്വാല്‍ 03 - 2020 മെയ് 26). 
മഹതിയുടെ ജനനവുമായി ബന്ധപ്പെട്ടാണ് ബഹുമാന്യ ബാനി അവര്‍കള്‍ ദീനിയായ ഇല്‍മിന് വേണ്ടി സമ്പത്തിന്‍റെ ഒരു ഭാഗം വഖ്ഫ് ചെയ്യാന്‍ പരിശുദ്ധമായ ഹജ്ജിന്‍റെ സന്ദര്‍ഭത്തില്‍ നിയ്യത്ത് ചെയ്തത്. തുടര്‍ന്ന് സേഠ് സാഹിബ് മര്‍ഹൂമിന് അല്ലാഹു ഇവരിലൂടെ സന്താനങ്ങള്‍ക്ക് തുടക്കമിട്ടു. സേഠ് സാഹിബ് മര്‍ഹൂം സമ്പത്തിലെ വലിയൊരു ഭാഗം നല്ല മനസ്സോടെ ദീനിന്‍റെ മാര്‍ഗ്ഗത്തില്‍ ചെലവഴിച്ചു. മറുഭാഗത്ത് അല്ലാഹു ഉന്നത മക്കളെ നല്‍കുകയും അവരെല്ലാവരും ഈ സ്ഥാപനത്തിനോട് വലിയ കൂറും ആദരവും പുലര്‍ത്തുകയും ചെയ്തു. പിതാവിന്‍റെ വിയോഗ ശേഷം ജനാബ് അല്‍ഹാജ് അബ്ദുസ്സത്താര്‍ സേഠ് സാഹിബ് അവര്‍കളാണ് മദ്റസയുടെ മേല്‍ നോട്ടങ്ങള്‍ വഹിച്ചതെങ്കിലും ഇതര സഹോദരീ-സഹോദരന്മാരും മദ്റസയുടെ കാര്യങ്ങളില്‍ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അവരില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു മര്‍ഹൂമ അവര്‍കള്‍. ആദ്യ സമയങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും ഹജ്ജ് യാത്ര ചെയ്തിരുന്നത് ബോംബൈ വഴിയായിരുന്നു. ബോംബൈയിലെത്തുന്ന ഹാജിമാര്‍ക്ക് പ്രിയപ്പെട്ട മര്‍ഹൂമയും ഭര്‍ത്താവും വലിയ സേവനങ്ങള്‍ ചെയ്തിരുന്നു. ധാരാളം ഹജ്ജിനും പല റമദാനുകള്‍ ഹറമില്‍ കഴിച്ചുകൂട്ടാനുള്ള തൗഫീഖും പടച്ചവര്‍ മര്‍ഹൂമയ്ക്ക് നല്‍കിയിരുന്നു. തസ്വവ്വുഫുമായി വലിയ ബന്ധമായിരുന്നു. വലിയ ധര്‍മ്മിഷ്ഠയായിരുന്നു. ഹസനിയ്യ മസ്ജിദിന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് മര്‍ഹൂമയാണ്. തദ്ഫലമായി പഴയ മസ്ജിദിന്‍റെ നാലിരട്ടി വലുപ്പമുള്ള മസ്ജിദ് നിലവില്‍ വരികയുണ്ടായി. പടച്ചവന്‍ മര്‍ഹൂമയെ അനുഗ്രഹിക്കട്ടെ.! 
പിതാവിനെ പോലെ തന്നെ ഇല്‍മിനോടും ഉലമാക്കളോടും വലിയ സ്നേഹവും ആദരവുമായിരുന്നു. മക്കളും ചെറുമക്കളും കുടുംബത്തിലെ കുഞ്ഞുങ്ങളും ഇല്‍മുമായി ബന്ധപ്പെടുന്നതില്‍ വലിയ സന്തോഷം പ്രകടിപ്പിക്കുകയും അവരുടെ ദീനിയായ അവസ്ഥകള്‍ കണ്ട് സന്തോഷത്തോടെ കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുമായിരുന്നു. കുടുംബത്തിലുള്ള എല്ലാ മക്കളെയും ചെറുമക്കളെയും സ്വന്തം മക്കളെ പോലെ തന്നെയായിരുന്നു കണ്ടിരുന്നത്. പ്രത്യേകിച്ചും കായംകുളം ഹസനിയ്യ മദ്റസയുടെ സേവനങ്ങളില്‍ മുഴുകിയ പ്രിയപ്പെട്ട അനുജന്‍റെ മക്കളോട് വലിയ വാത്സല്യവും പ്രിയവുമായിരുന്നു. മദ്റസയുടെ കാര്യങ്ങള്‍ അവരോട് ചോദിച്ചറിയുകയും അതിലെല്ലാം വലിയ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സ്വന്തം മക്കളെ ദീനിന്‍റെ പരിശ്രമവുമായും മഹാന്മാരുടെ സഹവാസവുമായി ബന്ധിപ്പിക്കുന്നതിലും വളരെ ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ചും മൂത്തമകന്‍ അല്‍ ഹാജ് മുഹമ്മദ് സ്വാദിഖിന്‍റെ മഹാന്മാരുമായിട്ടുള്ള ബന്ധത്തിന് ഏറ്റവും കൂടുതല്‍ പ്രേരകമായി നിന്നത് അല്ലാഹുവിന്‍റെ ഈ ദാസിയാണ്. സാധുക്കളെ കണ്ടെത്തി സഹായിക്കുമായിരുന്നു. പ്രത്യേകിച്ച് യാത്രകള്‍ക്കിടയില്‍ ഓരോ സ്ഥലങ്ങളിലുമുള്ള സാധുക്കളെ അവര്‍ സഹായിച്ചിരുന്നു. ഇല്‍മിനോടും ഉലമാഇനോടും ബഹുമാനം പുലര്‍ത്തിയിരുന്ന, സാധുക്കളോട് സഹാനുഭൂതി കാട്ടിയിരുന്ന അല്ലാഹുവിന്‍റെ ഈ മഹതി ബോംബൈയില്‍ വെച്ചാണ് അല്ലാഹുവിന്‍റെ റഹ് മത്തിലേക്ക് യാത്രയായത്. മഹതിയുടെ ത്യാഗങ്ങള്‍ക്കും മഹല്‍ ഗുണങ്ങള്‍ക്കും അല്ലാഹു ഉന്നത ദറജകള്‍ നല്‍കട്ടെ.! 
മഹതിയുടെ വിയോഗത്തെ തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഉലമാക്കളും മുതഅല്ലിംകളും വിശിഷ്യാ, ഹസനിയ്യ മദ്റസയുമായി ബന്ധപ്പെട്ട അസാതിദ-ത്വലബ എല്ലാവരും ഈസാല്‍ സ്വവാബിലും ദുആയിലും മുഴുകുകയുണ്ടായി. അതിന്‍റെയെല്ലാം പ്രതിഫലം അവര്‍ക്ക് അല്ലാഹു എത്തിച്ചുകൊടുക്കട്ടെ.! 
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം ഓച്ചിറ) 
https://swahabainfo.blogspot.com/2020/05/81.html?spref=tw 
ഇവിടെ മഹതിയെ നന്നായി അറിയുന്ന ആദരണീയ പണ്ഡിതന്‍ മൗലാനാ മുഫ്തി സബീല്‍ അഹ് മദ് ഖാസിമി (വൈസ് പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് തമിഴ്നാട്) പ്രത്യകം അയച്ച് തന്ന അനുശോചന വാക്യങ്ങള്‍ ഉദ്ധരിക്കുന്നു: 
പ്രിയപ്പെട്ട സഹോദരന്‍ അല്‍ ഹാജ് മുഹമ്മദ് സ്വാദിഖ് സേഠിന്‍റെ ആദരണീയ മാതാവ് ബോംബൈയില്‍ വെച്ച് അല്ലാഹുവിന്‍റെ റഹ് മത്തിലേക്ക് യാത്രയായ വിവരം ലഭിക്കുകയുണ്ടായി. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍... 

പണ്ഡിതന്മാരോടും മഹാന്മാരോടും വലിയ സ്നേഹം പുലര്‍ത്തിയിരുന്ന ഹാജി ഹസന്‍ സേഠ് മര്‍ഹൂമിന്‍റെ മൂത്ത മകളും അദ്ദേഹത്തിന്‍റെ ഉത്തമ പിന്‍ഗാമിയായ അല്‍ ഹാജ് അബ്ദുസ്സത്താര്‍ സേഠ് സാഹിബിന്‍റെ സഹോദരിയുമാണ് മര്‍ഹൂമ അവര്‍കള്‍. അല്ലാഹു മര്‍ഹൂമയ്ക്ക് പരിപൂര്‍ണ്ണ മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ നല്‍കുകയും ജന്നത്തുല്‍ ഫിര്‍ദൗസില്‍ സമുന്നത സ്ഥാനം കനിയുകയും ചെയ്യട്ടെ.! അല്ലാഹു അവരുടെ ദറജകള്‍ ഉയര്‍ത്തട്ടെ.! അവരുടെ മുഴുവന്‍ ബന്ധുക്കള്‍ക്കും വിശിഷ്യാ, മക്കള്‍ക്കും ചെറുമക്കള്‍ക്കും പ്രത്യേകിച്ചും അല്‍ഹാജ് അബ്ദുസ്സത്താര്‍ സേഠ് സാഹിബിനും എല്ലാ ബന്ധുക്കള്‍ക്കും ഉന്നത പ്രതിഫലം നല്‍കട്ടെ.! മര്‍ഹൂമ വളരെ ഉത്തമ സ്ത്രീയും ഇബാദത്തില്‍ മുഴുകിയവരും ഭൗതിക വിരക്തി പുലര്‍ത്തിയവരുമായിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിങ്ങള്‍ ജീവിക്കുന്നത് പോലെ മരിക്കുന്നതാണ്. മരിക്കുന്നത് പോലെ നാളെ എഴുന്നേല്‍പ്പിക്കപ്പെടുന്നതാണ്. ഈ ഹദീസിന്‍റെ വെളിച്ചത്തില്‍ അവര്‍ ഈ ലോകത്ത് ജീവിച്ചത് പോലെ വളരെ നല്ല അവസ്ഥയില്‍ നാളെ ആഖിറത്തിലെ വിവിധ ഘട്ടങ്ങള്‍ കടന്ന് ഉന്നത സ്വര്‍ഗ്ഗത്തിലെത്തുമെന്ന് നാം പ്രതീക്ഷിക്കുന്നു. അവര്‍ ജീവിച്ച് കാട്ടിത്തരികയും ആഗ്രഹിക്കുകയും ചെയ്തത് പോലെ അവര്‍ക്ക് ശേഷവും അവരുടെ നന്മകള്‍ പഠിക്കാനും പകര്‍ത്താനും കുടുംബാംഗങ്ങളെല്ലാവരും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ക്ക് വേണ്ടി നിരന്തരം ദുആ ഇരക്കാനും ജാരിയായ സ്വദഖകള്‍ ചെയ്യാനും അവര്‍ കാണിച്ച് തന്ന വഴിയിലൂടെ നീങ്ങാനും നമുക്കെല്ലാവര്‍ക്കും തൗഫീഖ് നല്‍കട്ടെ.! വിനീതന്‍റെ ഭാഗത്ത് നിന്നും ബന്ധപ്പെട്ട എല്ലാ മഹാന്മാരുടെയും സഹോദരങ്ങളുടെയും ഭാഗത്ത് നിന്നും കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. എല്ലാ സഹോദരങ്ങളും സാധിക്കുന്നത്ര ഖുര്‍ആന്‍ ശരീഫ് പാരായണം ചെയ്ത് അതിന്‍റെ മിസ്ല സവാബ് എത്തിച്ചുകൊടുക്കണമെന്നും പ്രത്യേകം ദുആ ഇരക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.! ഓതി അവര്‍ക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

🌱അല്ലാഹു മഗ്ഫിറത്തും മർഹമത്തും ഉന്നതമായ സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ, അവരുടെ വേർപാടിൽ വേദനിക്കുന്ന എല്ലാവർക്കും ക്ഷമയും മനസ്സമാധാനവും നൽകി അനുഗ്രഹിക്കട്ടെ...

മര്‍ഹൂമയുടെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമയ്ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമയുടെ ആഗമനം നീ ആദരിക്കേണമേ.! മര്‍ഹൂമയുടെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! 

🔹🔹🔹Ⓜ🔹🔹🔹 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 *മയ്യിത്ത് സംസ്കരണം.!*  
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 *ഈസ്വാല്‍ സ്വവാബ്:* 
*മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹 *മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!* 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹 *ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!* 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...