ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ
ജീവ ചരിത്രം.!
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/05/11.html?spref=tw
പ്രഥമ ഹജ്ജ്:
ഹി.1338-ല്‍ മൗലാനാ ഖലീല്‍ അഹ് മദ് സഹാന്‍പൂരി വീണ്ടും ഹജ്ജിനായി തീരുമാനമെടുത്തു. ബൈതുല്ലാഹിയില്‍ ചെന്നണയാനുള്ള ആവേശവും, മുര്‍ശിദിനോടൊപ്പം സഹവസിക്കാനുള്ള ആശയം ശൈഖിനെയും യാത്രയ്ക്കു പ്രേരിപ്പിച്ചു. ഇതായിരുന്നു ശൈഖവര്‍കളുടെ പ്രഥമ ഹജ്ജ് ഹി: 1338 ശഅ്ബാനിലെ ഒരു ദിവസം യാത്രയാരംഭിച്ചു. അവരവര്‍ക്ക് യോജിച്ചവരോട് ആഹാരത്തില്‍ പങ്കാളിയായിക്കൊള്ളാന്‍ ബോംബെയിലെത്തിയപ്പോള്‍ ഹസ്രത്ത് നിര്‍ദ്ദേശിച്ചു. ശൈഖവര്‍കള്‍ ഹസ്രത്തിന്‍റെ കാര്യദര്‍ശിയായിരുന്ന മൗലവി മഖ്ബൂല്‍ സാഹിബിന്‍റെ അനുവാദപ്രകാരം ഹസ്രത്തിന്‍റെ സേവനവും കൂട്ടത്തില്‍ ഭക്ഷണവും തിരഞ്ഞെടുത്തു. ഹസ്രത്തും ഇത് സസന്തോഷം സ്വീകരിച്ചു. ശൈഖവര്‍കള്‍ ചിലവിനായി തന്‍റെ പൈസ മുഴുവന്‍ കണക്കൊന്നും കൂടാതെ മൗലവി മഖ്ബൂലിനെ ഏല്‍പ്പിച്ചു. കപ്പലിലായിരിക്കവെ തന്നെ റമദാന്‍ ആരംഭിച്ചു. തറാവീഹിനുള്ള ഒരുക്കങ്ങള്‍ ചെയ്തു. മക്കത്തുല്‍ മുകര്‍റമയില്‍ ചെന്നെത്തിയപ്പോള്‍ ഉടനടി ഇന്ത്യയിലേക്ക് മടങ്ങാനഭിപ്രായപ്പെട്ട മൗലാനാ മുഹിബ്ബുദ്ദീന്‍ ഇവിടെ ഒരു സംഭവം അരങ്ങേറാന്‍ പോകുകയാണെന്ന് അറിയിച്ചു. ഹസ്രത്ത് ഹാജി ഇംദാദുല്ലാഹ് മുജാഹിര്‍ മക്കിയുടെ ഉന്നത ഖലീഫയും കറാമത്തുകളുടയ മഹാനുമായിരുന്നു അദ്ദേഹം. ശരീഫ് ഹുസൈന്‍റെ സാമൂഹിക വഞ്ചനയും നജ്ദികളുടെ അക്രമത്തിലേക്കുമായിരുന്നു സൂചന.
തറാവീഹില്‍ നിന്നു വിരമിച്ച ശേഷം ദിനംപ്രതി ഇഹ്റാമിന്‍റെ വസ്ത്രങ്ങളുമെടുത്ത് കാല്‍നടയായി തന്‍റെ ചില യുവ സുഹൃത്തുക്കളോടൊപ്പം തന്‍ഈമില്‍ പോയി ഉംറ നിര്‍വ്വഹിക്കല്‍ റമദാനില്‍ ശൈഖിന്‍റെ പതിവായിരുന്നു. ഹിജാസില്‍ കടുത്ത അസ്വസ്ഥത നിറഞ്ഞ കാലമായിരുന്നു അന്ന്. യാത്രാസംഘങ്ങള്‍ കൊള്ളയടിക്കപ്പെട്ടിരുന്നു. കടുത്ത അപകട-നാശങ്ങള്‍ കടന്നായിരുന്നു ഹാജിമാര്‍ മദീനത്തുല്‍ മുനവ്വറയിലെത്തിയിരുന്നത്. ശവ്വാല്‍ മാസം ആരംഭിച്ചപ്പോള്‍ ഹസ്രത്ത് പറഞ്ഞു: ഞാന്‍ മദീന ത്വയ്യിബയില്‍ പലപ്രാവശ്യം ഹാജരായിട്ടുണ്ട്. നിങ്ങള്‍ക്കിനി മറ്റൊരിക്കല്‍ ഹാജരാവാന്‍ കഴിയുമോ എന്നറിയില്ല. അതു കൊണ്ട് നിങ്ങള്‍ മദീനാ മുനവ്വറ സിയാറത്ത് ചെയ്തു വരിക. അല്‍ അഇമ്മതു-മിന്‍ -ഖുറൈശ് എന്നു പറഞ്ഞുകൊണ്ട് ശൈഖിനെ സംഘത്തിന്‍റെ അമീറാക്കുകയും ചെയ്തു. മദീനത്തുല്‍ മുനവ്വറയില്‍ മൂന്ന് ദിവസം നില്‍ക്കാന്‍ മാത്രമായിരുന്നു ഉദ്ദേശ്യം. പക്ഷേ പല കാരണങ്ങളാല്‍ ഒരു മാസമെങ്കിലും താമസിക്കേണ്ടി വന്നു. നിശ്ചിത കാലത്തില്‍ കൂടുതല്‍ താമസിക്കുന്നത് പ്രതിദിനം ഒരു ഗിന്നി നല്‍കേണ്ടിയിരുന്നെങ്കിലും ഈ കാലമത്രയും സൗജന്യമായി മാത്രമല്ല മദീനാ അമീറിന്‍റെ ക്ഷമാപണത്തോടെയാണ് കഴിച്ചുകൂട്ടിയത്. ഈ യാത്രയയില്‍ വേറെയും പല അദൃശ്യ സഹായങ്ങളും അനുഭവപ്പെടുകയുണ്ടായി. ആ സംഭവങ്ങള്‍ ശൈഖവര്‍കള്‍ ആത്മകഥയില്‍ വളരെ സുന്ദരമായി വിവരിക്കുന്നുണ്ട്. ഹി:1339 മുഹര്‍റമില്‍ സഹാറന്‍പൂരില്‍ മടങ്ങിയെത്തി.
ചില സങ്കീര്‍ണ്ണ പരീക്ഷണങ്ങള്‍:
മേല്‍ സൂചിപ്പിച്ചതുപോലെ ഇത് ശൈഖിന്‍റെ തദ്രീസിന്‍റെ ആദ്യകാലമായിരുന്നു. ഇക്കാലത്ത് ചില പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നു. ഇവയിലെല്ലാം അല്ലാഹു ശൈഖിന് ദൃഢചിത്തതയും ഉറച്ച മനസ്സും നല്‍കി. അലീഗഡിലെ മദ്റസത്തുല്‍ ഉലൂമുമായി (ഇതാണ് പിന്നീട് അലീഗഡ് മുസ്ലിം സര്‍വ്വകലാശാലയെന്ന പേരില്‍ പ്രശസ്തി നേടിയത്) ശൈഖിന്‍റെ കുടുംബത്തിനുള്ള ബന്ധം പഴക്കം ചെന്നതും ആഴത്തിലുള്ളതുമായിരുന്നു. അലീഗഡ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്‍ മൗലാനാ നൂറുല്‍ ഹസന്‍ കാന്ദലവിയുടെ ശിഷ്യനായിരുന്നു. അദ്ദേഹം ഈ ശിഷ്യത്വബന്ധത്തിനു വലിയ ആദരവ് കല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ ഫലമായി ഈ കുടുംബത്തിലെ സാമാര്‍ഥ്യവും നിലവാരവുമുള്ള യുവാക്കള്‍ വിവിധ ഘട്ടങ്ങളിലായി അലീഗഡ് കോളേജില്‍ പഠിച്ചിരുന്നു. സബ് ജഡ്ജിയുടെ സ്ഥാനത്ത് നിന്നും റിട്ടയര്‍ ചെയ്തിരുന്ന മൗലവി ബദ്റുല്‍ഹസന്‍, ഡെപ്യൂട്ടി കലക്ടര്‍ സ്ഥാനം വഹിച്ചിരുന്ന മൗലവി അലാഉല്‍ ഹസന്‍ എന്നീ സഹോദരന്‍മാര്‍ ഇക്കൂട്ടത്തില്‍ പ്രത്യേക സ്ഥാനം നേടിയവരായിരുന്നു. ശൈഖിന്‍റെ മിക്ക സമകാലികരും അടുത്ത കുടുംബക്കാരും പഠിച്ചിരുന്നതും അലീഗഡിലായിരുന്നു. മൗലവി ബദ്റുല്‍ ഹസന്‍ അലീഗഡിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി മാത്രമായിരുന്നില്ല. കോളേജിന്‍റെ ട്രസ്റ്റിയും അതിന്‍റെ പ്രധാന അംഗവും കൂടിയായിരുന്നു. മളാഹിര്‍ ഉലൂമില്‍ 15 രൂപയായിരുന്നു ശൈഖിന്‍റെ മാസശമ്പളം. ശമ്പള വര്‍ദ്ധനവിന്‍റെ അവസ്ഥ അവ്യക്തമായിരുന്നു. പിതാവിന്‍റെ മരണം നടന്നുകഴിഞ്ഞിരുന്നു. ജന്‍മിത്വവും ഉന്നത സര്‍ക്കാര്‍ ഉദ്യോഗങ്ങളും കാരണമായി വളരെ ഉയര്‍ന്നതായിരുന്നു കുടുംബത്തിലെ ജീവിതനിലവാരം. ഇത്തരുണത്തില്‍ മൗലവി ബദ്ര്‍ ഹസന്‍ കരുണയുടെ പേരില്‍ ഒരു പദ്ധതി ആവിഷ്കരിച്ചു. ബുദ്ധി സാമര്‍ത്ഥ്യവും പരിശ്രമശീലവും കുടുംബത്തില്‍ പ്രസിദ്ധമായിരുന്ന ശൈഖ് പ്രൈവറ്റായി പാശ്ചാത്യ വിജ്ഞാനങ്ങളുടെ രണ്ട് പരീക്ഷകള്‍ എഴുതി പാസാകണം. എന്നാല്‍ കോളേജില്‍ മുന്നൂറ് രൂപയുടെ ഉദ്യോഗം ഉറപ്പാണ്. കുടുംബ കാരണവന്മാര്‍ ഈ അഭിപ്രായത്തെ പിന്താങ്ങുകയും നിര്‍ബന്ധവും പ്രേരണയും ചെലുത്തുകയും ചെയതു. പക്ഷേ ശൈഖവര്‍കള്‍ സാദരം പ്രത്യുത കാര്യം ശക്തമായി നിരാകരിച്ചുകൊണ്ട് പറഞ്ഞു: അന്നം അല്ലാഹുവിന്‍റെ അധികാരത്തില്‍ പെട്ടതാണ്. അതിലുള്ള ഏറ്റകുറച്ചിലുകളുടെ ബന്ധം അവന്‍റെ വിധിയുമാണ്. രിസ്ഖില്‍ വിശാലതയാണ് അല്ലാഹുവിന്‍റെ തീരുമാനമെങ്കില്‍ ഇവിടെ ഇരിക്കവെതന്നെ അതു ലഭിക്കുന്നതാണ്. അല്ലെങ്കില്‍ ആയിരമായിരം ഉപായങ്ങള്‍ നടത്തിയാലും യാതൊരു ഉറപ്പുമില്ല. ശൈഖിന്‍റെ ഈ മറുപടി കേട്ട് കുടുംബത്തിലെ ഒരു കാരണവര്‍ (മൗലവി ശംസുല്‍ ഹസന്‍- ശൈഖിന് കാര്യം പറഞ്ഞു മനസിലാക്കി കൊടുക്കാനാണ് ഇദ്ദേഹം വന്നത്) വലിയ സന്തോഷം പ്രകടിപ്പിക്കുകയും പ്രശംസ ചൊരികയും ചെയ്തു.
കുറച്ച് നാളുകള്‍ക്ക് ശേഷം ശൈഖ് നേരിട്ടത് ഇതിനെക്കാള്‍ വലിയ പരീക്ഷണമായിരുന്നു. നവാബ് അസ്മത്ത് അലി ഖാന്‍റെ പ്രശസ്തമായ വഖ്ഫ് സ്വത്തില്‍ നിന്നും കര്‍നാലില്‍ ഒരു ഉന്നത പ്രബോധനസ്ഥാപനം സ്ഥാപിച്ചു. ഇസ്ലാമിന്‍റെ പ്രബോധനം വ്യാപിക്കുന്നതിനും, അക്കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്ന ഇസ്ലാം വിരുദ്ധരുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനും വേണ്ടി അറബിയും ഇംഗ്ലീഷുമറിയുന്നവരും പൗരാണിക-ആധുനിക വിജ്ഞാനങ്ങള്‍ ഉള്‍കൊണ്ടവരുമായ പണ്ഡിത പ്രമുഖരെ സജ്ജമാക്കലായിരുന്നു ഇതിന്‍റെ സുപ്രധാന ഉദ്ദേശലക്ഷ്യം. ആധികാരിക അറബി മദ്റസകളില്‍ പഠനം പൂര്‍ത്തിയാക്കിവര്‍ക്ക് ഇംഗ്ലീഷും, കോളേജ് യൂണിവേഴ്സിറ്റികളില്‍ പഠിച്ചവര്‍ക്ക് അറബിയും പഠിപ്പിക്കാന്‍ തീരുമാനിക്കപ്പെട്ടു. ഇതിനായി ഉയര്‍ന്ന ശമ്പളങ്ങള്‍ നല്‍കി പ്രഗത്ഭരെ നിയമിക്കാനും തീരുമാനിച്ചു. റായ്പൂര്‍, സഹാറന്‍പൂര്‍ എന്നിവിടങ്ങളിലെ മഹാന്‍മാരുമായി നിഷ്കളങ്കത നിറഞ്ഞ ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കൂടാതെ മളാഹിര്‍ ഉലൂമിന്‍റെ ഉന്നതാധികാരികളില്‍ ഒരാളുമായിരുന്നു അദ്ദേഹം. അദ്ദേഹം ഹദീസിന്‍റെ പ്രഥമ മുദര്‍രിസ് എന്ന നിലയില്‍ ശൈഖിനെ തിരഞ്ഞെടുത്തു. ഇതിനായി സഹാറന്‍പൂരിലേക്ക് പ്രത്യേകം പോകുകയും ചെയ്തു. റമദാന്‍ അവധിയില്‍ ശമ്പളം കുറക്കില്ല. ഹസ്രത്തിനോടൊപ്പം താമസിക്കാനായി വര്‍ഷാവര്‍ഷം മൂന്നു മാസം അവധിയും ലഭിക്കും. എന്നാല്‍ ഇതൊക്കെ താനാണ് ചെയ്ത് തരുന്നതെന്ന് ഹസ്രത്ത് സഹാറന്‍പൂരി അറിയരുത് എന്ന ഒരു നിബന്ധനയും വെച്ചു. കാരണം മളാഹിര്‍ ഉലൂമിലെ ഒരു മുദര്‍രിസിനെ മറ്റൊരിടത്ത് ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് അവിടത്തെ ഉത്തരവാദികളില്‍പ്പെട്ട ആളെന്ന നിലയില്‍ അദ്ദേഹത്തിനു യോജിച്ചതല്ലായിരുന്നു. രണ്ട് വര്‍ഷത്തെ അവധി ചോദിക്കാനും കടഭാരവും കുടുംബ ജീവിതവും മദ്റസാ ശമ്പളത്തിനു വഹിക്കാന്‍ പറ്റുന്നില്ലെന്ന് കാരണം പറയാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ശൈഖിന്‍റെ ശമ്പളം ഇരുപത് രൂപ വരെ എത്തിയിരുന്ന കാലമായിരുന്നു അത്. മൗലാനാ അബ്ദുര്‍റഹീം ബഖ്ശുമായുള്ള ദീര്‍ഘകാല ബന്ധങ്ങള്‍, അദ്ദേഹത്തിന്‍റെ ഉന്നത പദവി, നിഷ്കളങ്കത നിറഞ്ഞ നിര്‍ബന്ധം, കടഭാരം, ശമ്പളത്തിന്‍റെ കുറവ്, ശമ്പളം ഉയരാനുള്ള സാധ്യതക്കുറവ് മുതലായവ ഈ നിര്‍ദ്ദേശം സ്വീകരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ബുദ്ധിസാമര്‍ഥ്യം കൊണ്ട് അനുഗ്രഹീതനും, ഹദീസിലും അറബി സാഹിത്യത്തിലും പ്രശസ്തനുമായ ഒരു യുവപണ്ഡിതനെ സംബന്ധിച്ചിടത്തോളം മഹാ പരീക്ഷണം തന്നെയായിരുന്നു ഇത്. യഥാര്‍ത്ഥത്തില്‍ രണ്ടു വഴികള്‍ വിട്ടുപിരിയുന്ന ഒരിടത്തായിരുന്നു ശൈഖ് അന്നു നിന്നിരുന്നത്. അദ്ദേഹം സമ്മതത്തിന്‍റെ തീരുമാനമെടുത്തിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ ജീവിത്തിന്‍റെ ചിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. ഈ വരികള്‍ കുറിക്കേണ്ടിയും വരില്ലായിരുന്നു. അതെ ആ മദ്രസയുടെ പേരും അടയാളവും ഇന്ന് അജ്ഞാതമാണ്. അതിന്‍റെ ഉന്നത മുദര്‍രിസുമാരില്‍ ചിലര്‍ മരണം വരിച്ചെങ്കില്‍ മറ്റു ചിലര്‍ വിസ്മൃതിയിലായി. പക്ഷേ, അല്ലാഹു ശൈഖിനെ തുണച്ചു. ശൈഖുല്‍ ഹദീസ് എന്ന അപരനാമത്തില്‍ പ്രശസ്തി പ്രാപിക്കാന്‍ അല്ലാഹു തീരുമാനിച്ചിരുന്ന ശൈഖിന് ഈ വിഷയത്തില്‍ ശരിയായ തീരുമാനമെടുക്കാന്‍ അവന്‍ തൗഫീഖരുളി.
ശൈഖിന്‍റെ വാക്കുകളില്‍തന്നെ കേള്‍ക്കുക: ഈ അനര്‍ഹന്‍ മൗലാനാ മര്‍ഹൂമിനോട് പറഞ്ഞു. താങ്കളെനിക്കു ചെയ്തിട്ടുള്ള ഉപകാരങ്ങള്‍ അനവധിയാണ്. ആ ഉപകാരങ്ങളോര്‍ക്കുമ്പോള്‍ താങ്കളുടെ ഈ അപേക്ഷ നിരസിക്കുന്നത് അത്യന്തം അനുചിതമാണ്. എങ്കിലും ഹിതമനുസരിച്ച് ഹസ്രത്തിനോട് എന്നോട് വരാന്‍ നിര്‍ദേശിച്ചാലും അതു സ്വീകരിക്കുന്നത് എനിക്ക് ഏറെ പ്രയാസമുള്ളതാണെന്ന് ഞാന്‍ ഹസ്രത്തിനോട് പറയന്നതാണ്.
ദൃഢചിത്തതയുള്ള ഈ മറുപടി കേട്ട് കാര്യഗ്രാഹിയായിരുന്ന മൗലാനാ റഹീം ബഖ്ഷ് അസന്തുഷ്ടനായില്ല. മറിച്ച് കൂടുതല്‍ ആദരവ് കല്‍പ്പിച്ചുകൊണ്ടദ്ദേഹം പറഞ്ഞു: ഞാന്‍ പണ്ടുമുതല്‍ക്കെ നിങ്ങളെ ആദരിച്ചിരുന്നു. എന്നാല്‍ ഈ മറുപടി കേട്ട് എന്‍റെ വിശ്വാസവും ആദരവും വര്‍ദ്ധിച്ചിരിക്കുകയാണ്. ശൈഖവര്‍കള്‍ തന്‍റെ ആത്മകഥയില്‍ ഇതേക്കാള്‍ കടുപ്പമേറിയ മറ്റ് രണ്ട് സാഹചര്യങ്ങള്‍കൂടി വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഒരു ശിഷ്യന്‍ മൗലവി മുഹമ്മദ് ആദില്‍ ഗന്‍ഗോഹിക്ക് ഹൈദരാബാദിലെ ദാഇറതുല്‍ മആരിഫുമായി ബന്ധമുണ്ടായിരുന്നു. അവിടെ ഭാരവാഹികളുടെ പ്രത്യേക വിശ്വാസ്യത പിടിച്ചുപറ്റിയിരുന്ന അദ്ദേഹത്തിന്‍റെ ദീര്‍ഘമേറിയ ഒരു കത്ത് ഒരു ദിവസം വന്നു. ഇതായിരുന്നു അതിലെ ഉള്ളടക്കം. ഇവിടെ ദാഇറതുല്‍ മആരിഫിലെ ഭാരവാഹികള്‍ ബൈഹഖിയുടെ രിജാലുകളെക്കുറിച്ച് ഗവേഷണം നടത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനായി രണ്ടുപേര്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഹസ്രത്ത് മൗലാനാ മുഹമ്മദ് അന്‍വര്‍ ഷായും താങ്കളും. ജോലിയുടെ ദൈര്‍ഘ്യതയും അന്‍വര്‍ഷായുടെ വാര്‍ധക്യവും കാരണം അദ്ദേഹത്തെ കൊണ്ട് ഇതു പൂര്‍ത്തിയാക്കുന്നത് സംശയകരമാണ്. അതിനാല്‍ പ്രാമുഖ്യം താങ്കള്‍ക്കാണ്. എണ്ണൂറു രൂപ മാസ ശമ്പളം, താമസത്തിന് വീട്, യാത്രയ്ക്ക് വാഹനം, ഇവയുടെ ചിലവുകളെല്ലാം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുമായിരിക്കും. ഇതു കൂടാതെ ശൈഖിനെ ആകര്‍ഷിക്കാന്‍ കാരണമായേക്കാവുന്ന ഇല്‍മ്- മുത്വാലഅകളുടെ നിരവധി സൗകര്യങ്ങളും കത്തില്‍ എഴുതിയിരുന്നു. ശൈഖ് പറയുന്നു: മറുപടിയായി ഈ അനര്‍ഹന്‍ ഒരു കാര്‍ഡില്‍ ഈ അരവരി പദ്യം മാത്രമാണെഴുതിയത്. ഉപകാരത്തിന് അടിമായി എനിക്കു ജീവിക്കുകയേ വേണ്ട.!
ഇവ്വിഷയത്തിലുള്ള അവസാന സംഭവം ശൈഖ് വിവരിക്കുന്നു. രാജ്യം വിഭജിക്കുന്നതിനു രണ്ടു മൂന്നുവര്‍ഷം മുമ്പ് പൂര്‍വ്വ ബംഗാളിലെ ഒരുന്നത മദ്റസയില്‍ നിന്ന് ഒരു ദിവസം ഒരു കമ്പിസന്ദേശം കിട്ടി. നിങ്ങളുടെ മറുപടിക്കായി വലിയ പ്രതീക്ഷയിലാണ് ഞങ്ങള്‍. അവര്‍ എനിക്ക് ഏതോ കത്തയച്ചിട്ടുണ്ടെന്നും അതിതുവരെ എനിക്ക് കിട്ടിയിട്ടില്ലെന്നും എനിക്ക് മനസ്സിലായി. പിന്നീട് കിട്ടിയ കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു. സ്വദ്റുല്‍ മുദര്‍രിസും ശൈഖുല്‍ ഹദീസുമായി ആയിരത്തി ഇരുന്നുറു രൂപ ശമ്പളത്തില്‍ താങ്കളെ നിയമിക്കാന്‍ തീരുമാനമായിരിക്കുന്നു. താങ്കള്‍ എത്രയും പെട്ടെന്ന് സമ്മതം അറിയിക്കുക. കത്ത് വളരെ ദീര്‍ഘിച്ചതായിരുന്നു. തീരുമാനം സ്വീകരിക്കാന്‍ അതില്‍ വളരെ നിര്‍ബന്ധിച്ചിരുന്നു. കമ്പിക്ക് മറുപടിയായി അസൗകര്യമുണ്ട് എന്നു മാത്രം അറിയിച്ചു. തുടര്‍ന്ന് കത്തില്‍ ഞാനെഴുതി. എന്‍റെ പേര് നിങ്ങള്‍ക്കു പറഞ്ഞുതന്നിരിക്കുന്ന സുഹൃത്തുക്കള്‍ നല്ലതുദ്ദേശിച്ചതാണെങ്കിലും തെറ്റായ കാര്യങ്ങളാണ് നിങ്ങള്‍ക്കെത്തിച്ചു തന്നിരിക്കുന്നത്. ഈ വിനീതന്‍ അതിനര്‍ഹനുമല്ല.
അതിനുശേഷം പിന്നെ ഇത്തരം പരീക്ഷണങ്ങള്‍ നേരിട്ടിട്ടില്ല. പ്രത്യുത അതിന് അവസരവുമില്ലായിരുന്നു. കാരണം ഇത്തരം അഭിപ്രായങ്ങളോ അഭ്യര്‍ത്ഥനകളോ നടത്താന്‍ അവിടെ അവസരം കിട്ടിയില്ല. എന്നാല്‍ ഇവയ്ക്കൊക്കെ ശേഷം അല്ലാഹു ധാരാളം അനുഗ്രഹ-സഹായങ്ങള്‍ ചൊരിഞ്ഞു. സമുന്നത സ്ഥാനമാനങ്ങള്‍ നല്‍കി അനുഗ്രഹിച്ചു. തന്‍റെ സ്നേഹവും തൃപ്തിയും കനിഞ്ഞ് കടാക്ഷിക്കുകയും ചെയ്തു.
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment