തബ് ലീഗ് പ്രവര്‍ത്തനത്തിന്‍റെ മേലുള്ള കൊറോണ ആരോപണം, ഒരു കടുത്ത ഗൂഢാലോചന.!
-അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി
(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
https://swahabainfo.blogspot.com/2020/05/blog-post_2.html?spref=tw
ഡല്‍ഹിയുടെ ദക്ഷിണ ഭാഗത്തുള്ള മേവാത്തില്‍ ധാരാളം മുസ്ലിംകള്‍ താമസിച്ചിരുന്നു. ഈ പ്രദേശത്തുള്ളവരില്‍ ധീരതയും ശൂരതയും പരമ്പരാഗതമായി കാണപ്പെട്ടിരുന്നു. മുസ്ലിം ഭരണകാലത്ത് ഇവര്‍ ഇടയ്ക്കിടെ ഡല്‍ഹിയില്‍ വന്ന് കൊള്ളകള്‍ നടത്തിയിരുന്നു. ഭരണകൂടങ്ങളും അവരെ ഒതുക്കാന്‍ സൈനിക നീക്കങ്ങള്‍ നടത്തിയിരുന്നു. ഈ അന്യതയും വിവരക്കേടും കാരണം അവരെ പണ്ഡിതരും പ്രബോധകരും പൊതുവില്‍ അവഗണിച്ചു. അങ്ങനെ അവര്‍ ഈമാനിനും നിഷേധത്തിനുമിടയില്‍ ജീവിച്ചുകൊണ്ടിരുന്നു. മുസ്ലിംകളുടെയും ഹൈന്ദവരുടെയും ആഘോഷങ്ങള്‍ അവര്‍ ആവേശത്തോടെ കൊണ്ടാടിയിരുന്നു. പണ്ഡിറ്റുകളില്‍ നിന്നാണ് വിവാഹ നിശ്ചയം നടത്തിയിരുന്നത്. വിവാഹത്തില്‍ പണ്ഡിതനും പണ്ഡിറ്റും കാര്‍മ്മികത്വം വഹിച്ചിരുന്നു. മസ്ജിദുകള്‍ ഉണ്ടായിരുന്നെങ്കിലും പൊതുവില്‍ ശൂന്യമായിരുന്നു.
അല്ലാഹു ഈ വിഭാഗത്തെ നന്നാക്കാന്‍ അദൃശ്യമായ ഒരു വഴി സ്വീകരിച്ചു. മേവാത്തിന്‍റെ അതൃത്തിയിലുള്ള ഡല്‍ഹിയിലെ ബസ്തി നിസാമുദ്ദീനില്‍ താമസിച്ചിരുന്ന ഒരു മഹാന്‍ മൗലാനാ മുഹമ്മദ് ഇസ്മാഈല്‍ കാന്ദലവിയുടെ മനസ്സില്‍ ഈ അവഗണിക്കപ്പെട്ട പ്രദേശത്തെ കുറിച്ച് ചിന്ത ഇട്ടുകൊടുക്കുകയും അവര്‍ക്ക് വേണ്ടി കാഷിഫുല്‍ ഉലൂം എന്ന പേരില്‍ ഒരു മദ്റസ ആരംഭിക്കുകയും അതിലേക്ക് കുട്ടികളെ വിട്ടുതരാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ പ്രദേശനിവാസികളുമായി ബന്ധവും പോക്കുവരവും ആരംഭിച്ചു. മേവാത്തുകാരുടെ മനസ്സില്‍ മൗലാനായെ കുറിച്ച് സ്നേഹം വളര്‍ന്നു. എല്ലാവരും അവഗണിച്ച ഞങ്ങളെ ചേര്‍ത്തുപിടിക്കാന്‍ ഇദ്ദേഹം വന്നല്ലോ എന്ന് ചിന്തിച്ച് അവര്‍ അദ്ദേഹത്തിലേക്ക് വളരെ കൂടുതല്‍ അടുത്തു. മൗലാനാ മുഹമ്മദ് ഇസ്മാഈലിന്‍റെ മരണത്തിന് ശേഷം മൂത്ത മകന്‍ മൗലാനാ മുഹമ്മദ് പിതാവിന്‍റെ പ്രവര്‍ത്തനം മുന്നോട്ട് നീക്കി. പിതാവ് പാകിയ വിത്തിന് വെള്ളവും വളവും നല്‍കി.
മൗലാനാ മുഹമ്മദിന് ശേഷം അനുജന്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് ഈ പ്രവര്‍ത്തനം ഏറ്റെടുത്തു. മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ മജ്ജയിലും മാംസത്തിലും ജനങ്ങളോടുള്ള സ്നേഹം അലിഞ്ഞ് ചേര്‍ന്നിരുന്നു. അദ്ദേഹത്തിന്‍റെ വേദന നിറഞ്ഞ ഹൃദയം സദാസമയവും ഉമ്മത്തിന് വേണ്ടി പിടയ്ക്കുകയും മാനവികതയോടുള്ള ദുഃഖം കാരണം അദ്ദേഹത്തിന്‍റെ കണ്ണുകള്‍ രാവും പകലും കണ്ണീര്‍വാര്‍ത്തിരുന്നു. നാവിന് കുറച്ച് വിക്കുണ്ടായിരുന്നെങ്കിലും ഈമാനിന്‍റെയും ഇഖ്ലാസിന്‍റെയും ചൂടും മനസ്സിന്‍റെ പിടപ്പും ആവേശവും ഇരുമ്പിനെ മെഴുകും തീജ്വാലയെ പൂങ്കാവനവും ആക്കാന്‍ ശക്തിയുള്ളതായിരുന്നു.
മൗലാനാ മുഹമ്മദ് ഇല്‍യാസ് ഇവിടെ വരുന്നതിന് മുമ്പ് സഹാറന്‍പൂരിലെ മസാഹിര്‍ ഉലൂമിലെ സമര്‍ത്ഥനും സ്വീകാര്യനുമായ ഉസ്താദ് ആയിരുന്നു. സര്‍വ്വ വിധ ചിന്തകളില്‍ നിന്നും ഒഴിവായി അദ്ദേഹം ദര്‍സില്‍ ഒതുങ്ങി കഴിയുകയായിരുന്നു. എന്നാല്‍ അല്ലാഹു അദ്ദേഹത്തെ സൃഷ്ടിച്ചിരുന്നത് വല്ലാത്തൊരു ചിന്തയ്ക്കും വേദനയ്ക്കും പരിശ്രമത്തിനുമായിരുന്നു. അങ്ങനെ അദ്ദേഹം ജേഷ്ഠന്‍റെ വിയോഗാനന്തരം നിസാമുദ്ദീനില്‍ നിന്നും മേവാത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. അദ്ദേഹത്തിന്‍റെ പക്കല്‍ പണമോ പണ്ടമോ ഒന്നുമില്ലായിരുന്നു. എന്നാല്‍ ഏറ്റവും വലിയ സമ്പത്തായ അല്ലാഹുവിലുള്ള തവക്കുല്‍ (അവലംബം) നന്നായിട്ടുണ്ടായിരുന്നു. പലപ്പോഴും മുഴു പട്ടിണിയായിരുന്നു. പക്ഷെ പട്ടിണിയെ ആനന്ദത്തോടെ സഹിച്ചിരുന്നു. മേവാത്തില്‍ നിന്നും മദ്റസയ്ക്ക് സാമ്പത്തിക സഹായം കിട്ടുന്നത് പോകട്ടെ, കുട്ടികളെ നല്‍കാന്‍ പോലും ജനങ്ങള്‍ മടിച്ചിരുന്നു. ഇത്തരുണത്തില്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് ആദ്യമായി അവിടെ മക്തബകള്‍ (ബാലപാഠ ശാലകള്‍) ധാരാളമായി ആരംഭിച്ചു. പക്ഷെ, മേവാത്തില്‍ നിറഞ്ഞ് നിന്നിരുന്ന ദീനില്ലായ്മയുടെയും വിവരക്കേടിന്‍റെയും ശക്തമായ പ്രളയത്തെ മക്തബകള്‍ കൊണ്ട് പ്രതിരോധിക്കാന്‍ സാധിച്ചില്ല. കൂട്ടത്തില്‍ മക്തബകളില്‍ പഠിപ്പിച്ചിരുന്നവര്‍ക്ക് പോലും ദീനീ അവസ്ഥ കുറവായത് അദ്ദേഹത്തെ വല്ലാതെ ദുഃഖിപ്പിച്ചു. ഒന്നാം തരം മക്തബ എന്ന പേരില്‍ ചൂണ്ടിക്കാണിക്ക്പപെട്ട മക്തബയില്‍ പഠിപ്പിച്ചിരുന്നവര്‍ താടി വടിച്ചവരും അനിസ്ലാമിക വേഷം ധരിച്ചവരുമായിരുന്നു. പക്ഷെ മൗലാനാ മുഹമ്മദ് ഇല്‍യാസ് തളര്‍ന്ന് പിന്മാറാതെ ചിന്താവിചിന്തനങ്ങള്‍ തുടര്‍ന്നു. ഇതിനിടയില്‍ ഹിജ്രി 1324-ല്‍ രണ്ടാമത്തെ ഹജ്ജിന് പുറപ്പെട്ടു. മദീനാ മുനവ്വറയില്‍ നിന്നും മടങ്ങുന്ന സമയം അദ്ദേഹത്തില്‍ വല്ലാത്ത അത്ഭുതകരമായ അസ്വസ്ഥത കാണപ്പെട്ടു. ലക്ഷ്യം നേടാതെ ഉടമയുടെ പടിവാതിലില്‍ നിന്നും പോകുകയില്ലായെന്ന് നിര്‍ബന്ധം പിടിച്ച അടിമയുടെ അവസ്ഥയിലായി. ഇവിടെ അല്ലാഹു തആലാ അദ്ദേഹത്തിന്‍റെ മനസ്സില്‍ ദഅ്വത്ത്-ഇസ്ലാഹുകളുടെ ഒരു മാര്‍ഗ്ഗം ഇട്ടുകൊടുത്തു. അതാണ് പില്‍ക്കാലത്ത് തബ്ലീഗ് പ്രവര്‍ത്തനം എന്ന പേരില്‍ അറിയപ്പെട്ടത്. മദീനാ ത്വയ്യിബയില്‍ വെച്ച് ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ സ്വപ്നത്തില്‍ ദര്‍ശിക്കുകയും നിങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങുക, നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് അരുളുന്നതായി കേള്‍ക്കുകയും ചെയ്തു.
ഇന്ത്യയില്‍ മടങ്ങിയെത്തിയ മൗലാനാ മുഹമ്മദ് ഇല്‍യാസ് പലരുമായി കൂടിയാലോചന നടത്തുകയും ഹിജ്രി 1348 ദുല്‍ഖഅദ 29-ന് സഹാറന്‍പൂരിലെ ജാമിഅ് മസ്ജിദില്‍ വെച്ച് ഒരു പ്രഭാഷണം നടത്തുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. തുടക്കത്തില്‍ ദഅ്വത്ത് ചെയ്യുന്നതിന് വേണ്ടി അറുപതോളം വിഷയങ്ങള്‍ അദ്ദേഹം തയ്യാറാക്കിയിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനം സമുദായത്തിലെ എല്ലാ വിഭാഗത്തെയും മുന്നില്‍ വെച്ച് കൊണ്ടായിരുന്നതിനാല്‍ ഇത്ര നീണ്ട വിഷയങ്ങള്‍ പ്രയാസകരമായിരുന്നു. അങ്ങനെ അതെല്ലാം ആറ്റിക്കുറുക്കി കലിമ, നമസ്കാരം, ഇല്‍മ്-ദിക്റുകള്‍, ആദരവ്, ആത്മാര്‍ത്ഥത, നന്മയിലേക്കുള്ള ക്ഷണം എന്നീ ആറ് കാര്യങ്ങളില്‍ ഒതുക്കി. ഇത് സമുദായത്തിലെ എല്ലാ വിഭാഗവും ഏകോപിച്ചതും എല്ലാവര്‍ക്കും ആവശ്യമുള്ളതുമാണ്.
സര്‍വ്വലോക പരിപാലകനായ അല്ലാഹു മനുഷ്യന്‍റെ അടിസ്ഥാനമായ ജലം കരസ്ഥമാക്കുന്നതിന് രണ്ട് വഴികളാണ് വെച്ചിട്ടുള്ളത്. ഒന്ന്, കിണറ്റിലേക്കും അരുവിയിലേക്കും ദാഹിച്ചവര്‍ എത്തിച്ചേരുന്നു. രണ്ട്, ജലത്തിന്‍റെ സമൃദ്ധമായ ശേഖരവും വഹിച്ച് മേഘങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചേരുന്നു. മദാരിസുകളും ഖാന്‍ഖാഹുകളും ഇല്‍മിന്‍റെയും ഇസ്ലാഹിന്‍റെയും ഉറവകള്‍ മാത്രമല്ല, സമുദ്രങ്ങളാണ്. ഇതോടൊപ്പം ഇല്‍മിന്‍റെയും ഇസ്ലാഹിന്‍റെയും ഒരു കാര്‍മേഘവും ജനങ്ങളില്‍ പരക്കണമെന്നും ആഗ്രഹമില്ലാത്തവര്‍ക്ക് കൂടി നിഷ്കളങ്കമായ നിലയില്‍ ജീവജലം എത്തിച്ചുകൊടുക്കണമെന്നും മൗലാനാ മുഹമ്മദ് ഇല്‍യാസ് ആഗ്രഹിച്ചു. നബിമാരുടെ ജീവിതത്തില്‍ ദീനീ പ്രചാരണത്തിന്‍റെ ഈ രണ്ട് മാര്‍ഗ്ഗങ്ങളും കാണാന്‍ കഴിയും. ഒരു ഭാഗത്ത് റസൂലുല്ലാഹി (സ്വ) മക്കാ മുകര്‍റമയിലെ ദാറുല്‍ അര്‍ഖമിലും മദീനാ മുനവ്വറയിലെ സുഫ്ഫയിലും വന്നണഞ്ഞ സൗഭാഗ്യവാന്മാരുടെ നെഞ്ചുകളില്‍ നുബുവ്വത്തിന്‍റെ പ്രകാശരശ്മികള്‍ നിറച്ചുകൊടുത്തു. മറുഭാഗത്ത് മക്കയുടെ വീഥികളിലും ത്വാഇഫിന്‍റെ കമ്പോളത്തിലും അറബികളുടെ വിവിധ ഗോത്രങ്ങളിലും നുബുവ്വത്തിന്‍റെ പൂര്‍ണ്ണസൂര്യന്‍ എത്തിച്ചേര്‍ന്ന് പ്രകാശത്തെ ആഗ്രഹിക്കുകയും അറിയാതിരിക്കുകയും ചെയ്തവരില്‍ ആഗ്രഹമുണ്ടാക്കിയെടുത്തു.
ദഅ്വത്ത്-ഇസ്ലാഹിന്‍റെ മാര്‍ഗ്ഗങ്ങളില്‍ റസൂലുല്ലാഹി (സ്വ) തെരഞ്ഞെടുത്ത ലളിതമായ മാര്‍ഗ്ഗം തന്നെയാണ് കൂടുതല്‍ പ്രയോജനപ്രദമെന്ന് മൗലാനാ മുഹമ്മദ് ഇല്‍യാസ് കണ്ടിരുന്നു. ആകയാല്‍ പ്രകടനങ്ങളില്‍ നിന്നും ഒഴിവായി നില്‍ക്കാനും അങ്ങേയറ്റം ലളിതമായി കഴിയാനും നിര്‍ദ്ദേശിച്ചു. കൂട്ടത്തില്‍ അല്ലാഹുവിന് മുമ്പാകെ വിറയ്ക്കാനും ഇരക്കാനും കരയാനും വിശിഷ്യാ രാത്രിയുടെ ഏകാന്തതയിലും പുലര്‍ക്കാലങ്ങളിലും കണ്ണീര്‍വാര്‍ക്കാനും പ്രേരിപ്പിക്കുകയും ഇത് ഈ പ്രവര്‍ത്തനത്തിന് ശക്തി പകരുമെന്ന് ഉണര്‍ത്തുകയും ചെയ്തു. മൗലാനാ മുഹമ്മദ് ഇല്‍യാസ് ജീവിതത്തിന്‍റെ അന്ത്യനിമിഷം വരെ ഇതേ ശൈലിയില്‍ പ്രവര്‍ത്തിച്ചു. സദാസമയവും ദുഃഖിക്കുകയും ഈ പ്രവര്‍ത്തനം നല്ല നിലയില്‍ നടക്കണമെന്ന് ചിന്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവസാനം പരിശ്രമത്തിന്‍റെ സദ്ഫലങ്ങള്‍ കണ്ടുകൊണ്ട് 1363 റജബ് 21-ന് സുബ്ഹി ബാങ്ക് ഉയര്‍ന്ന സമയത്ത് ഉമ്മത്തിന്‍റെ ഇസ്ലാഹിന്‍റെ ചിന്തയില്‍ സ്വന്തം നെഞ്ച് കത്തിച്ച ഈ അനുഗ്രഹീത വിളക്ക് അസ്തമിച്ചു. റഹ്മത്തുല്ലാഹി അലൈഹി റഹ്മത്തല്‍ അബ്രാര്‍.
തുടര്‍ന്ന് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മഹാന്മാര്‍ കൂടിയാലോചിച്ച് ഹദീസ് പണ്ഡിതന്‍ കൂടിയായ അനുഗ്രഹീത മകന്‍ ദാഈ ഇലല്ലാഹ് മൗലാനാ മുഹമ്മദ് യൂസുഫ് കാന്ദലവിയെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു. പിതാവിന്‍റെ തലപ്പാവ് മഹാന്മാരുടെ കരങ്ങള്‍ കൊണ്ട് മൗലാനാ മുഹമ്മദ് യൂസുഫിന്‍റെ ശിരസ്സില്‍ വെച്ചു. മൗലാനാ മുഹമ്മദ് യൂസുഫ് ആരംഭ കാലത്ത് ദഅ്വത്തുമായി കൂടുതല്‍ ബന്ധപ്പെടാതെ ദര്‍സ്-തദ്രീസുകളില്‍ മുഴുകി കഴിഞ്ഞിരുന്നു. എന്നാല്‍ ആദരണീയ പിതാവിന്‍റെ അവസാന കാലത്ത് ഇതിലേക്ക് ശ്രദ്ധിക്കാന്‍ തുടങ്ങി. പിതാവിന്‍റെ വിയോഗാനന്തരം വലിയൊരു താരമായി തിളങ്ങാന്‍ തുടങ്ങി. കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെ ഈ പ്രവര്‍ത്തനം പ്രകാശിച്ചു. ഹിജ്രി 1384 ദുല്‍ ഖഅദ് 29-ന് ഒരു ദഅ്വത്ത് യാത്രയ്ക്കിടയില്‍ മൗലാനായുടെ വിയോഗം സംഭവിച്ചു. മൗലാനാ മുഹമ്മദ് യൂസുഫിന് ഉമ്മത്തിനെ കുറിച്ചുള്ള വേദനയും ചിന്തയും പിതാവിന്‍റെ അനന്തരാവകാശമെന്നോണം സമൃദ്ധമായി ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ കുറഞ്ഞ കാലത്തിനുള്ളില്‍ അദ്ദേഹം ലഹരി പിടിച്ച് ആവേശത്തോടെ പ്രവര്‍ത്തിച്ചു. പിതാവ് സംസാരത്തില്‍ വളരെ പിന്നിലായിരുന്നെങ്കില്‍ മകന്‍ അത്യധികം ശക്തമായും സുദീര്‍ഘമായും ഉജ്ജ്വല പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ അവസാന പ്രഭാഷണം തന്നെ അങ്ങേയറ്റം ചിന്തനീയമാണ്. അതുകൊണ്ട് തന്നെ അതില്‍ നിന്നും ഏതാനും വരികള്‍ ഉദ്ധരിക്കാന്‍ മനസ്സ് കൊതിക്കുന്നു. മൗലാനാ മുഹമ്മദ് യൂസുഫ് അവസാന പ്രഭാഷണത്തില്‍ പറഞ്ഞു: ഉമ്മത്ത് എന്നാല്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തിനോ നാട്ടില്‍ താമസിക്കുന്നവര്‍ക്കോ പറയുന്ന പേരല്ല, ആയിരക്കണക്കിന് സമൂഹങ്ങളും പ്രദേശങ്ങളും ചേര്‍ന്നതാണ് ഉമ്മത്ത് എന്ന് പറയുന്നത്. അതുകൊണ്ട് ആരെങ്കിലും ഏതെങ്കിലും ഒരു സമൂഹത്തെയോ നാടിനെയോ മാത്രം സ്വന്തമായി കാണുകയും മറ്റുള്ളവരെ അന്യമായി ഗണിക്കുകയും ചെയ്താല്‍ അയാള്‍ ഉമ്മത്തിനെ അറുക്കുകയും കഷ്ണമാക്കുകയും ആദരവായ റസൂലുല്ലാഹി (സ്വ) യുടെയും സ്വഹാബത്തിന്‍റെയും പരിശ്രമങ്ങളെ നശിപ്പിക്കുകയും ചെയ്തവനാണ്. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന അവസ്ഥ നമുക്കിടയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. യഹൂദ-ക്രൈസ്തവര്‍ മുമ്പ് ഈ കുഴപ്പം കാട്ടിയിരുന്നു. ആകയാല്‍ നാമെല്ലാവരും ഒരൊറ്റ ഉമ്മത്തായി മാറുക. നാം ഒറ്റ ഉമ്മത്ത് ആയാല്‍ ലോകത്തുള്ള സര്‍വ്വ ശക്തികളും സംഘടിച്ചാലും ഉമ്മത്തിന്‍റെ ഒരു രോമം പോലും
നനയ്ക്കുന്നതല്ല. റോക്കറ്റുകളും ആറ്റം ബോംബുകളും ഉമ്മത്തിനെ ഇല്ലാതാക്കുന്നതുമല്ല. എന്നാല്‍ പ്രാദേശിക സാമൂദായിക പക്ഷപാതിത്വം കാരണം നാം കഷ്ണങ്ങളായാല്‍ അല്ലാഹുവില്‍ സത്യം, ഒരു ആയുധവും സൈന്യവും നമ്മെ രക്ഷിക്കുന്നതല്ല. വെറും കലിമയും തസ്ബീഹും കൊണ്ട് മാത്രം ഉമ്മത്ത് നിലവില്‍ വരുന്നതല്ല. പരസ്പരം സഹകരിക്കുകയും ബന്ധങ്ങള്‍ നന്നാക്കുകയും എല്ലാവരോടുമുള്ള കടമകള്‍ നിര്‍വ്വഹിക്കുകയും എല്ലാവരെയും ആദരിക്കുകയും സ്വന്തം അവകാശങ്ങള്‍ ത്വജിക്കുകയും ചെയ്യുന്നതിലൂടെയാണ് ഉമ്മത്ത് നിലവില്‍ വരുന്നത്. ആദരവായ റസൂലുല്ലാഹി (സ്വ) യും അബൂബക്ര്‍ സിദ്ദീഖ് (റ), ഉമറുല്‍ ഫാറൂഖ് (റ) തുടങ്ങിയവരും എല്ലാം അര്‍പ്പണം ചെയ്യുകയും ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്തുകൊണ്ടാണ് ഈ ഉമ്മത്തിനെ യഥാര്‍ത്ഥ ഉമ്മത്താക്കിയത്. (സവാനിഹ് മൗലാനാ ഇന്‍ആമുല്‍ ഹസന്‍ 1-150). ഈ വാചകത്തിന്‍റെ ഉള്ളറകളിലേക്ക് നാം കണ്ണുനട്ട് നോക്കുക: ഇതിലെ ഓരോ അക്ഷരങ്ങളില്‍ നിന്നും ഉമ്മത്തിനോടുള്ള അതിയായ സ്നേഹം പ്രവഹിക്കുന്നതായി വ്യക്തമാകും. ചുരുക്കത്തില്‍ വലിയ ത്യാഗങ്ങള്‍ ചെയ്ത ശേഷം ത്യാഗത്തിന്‍റെ വഴിയില്‍ തന്നെ മൗലാനാ മുഹമ്മദ് യൂസുഫ് അല്ലാഹുവിലേക്ക് യാത്രയായി.
ശേഷം മൗലാനാ മുഹമ്മദ് ഇന്‍ആമുല്‍ ഹസന്‍ കാന്ദലവി ഈ പ്രവര്‍ത്തനത്തിന്‍റെ മൂന്നാമത്തെ അമീറായി തെരഞ്ഞെടുക്കപ്പെട്ടു. മൗലാനാ ഈ സംഘത്തിലെ പ്രധാന അംഗം മാത്രമല്ലായിരുന്നു, മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ കാലം മുതല്‍ ഈ പ്രവര്‍ത്തനത്തിന്‍റെ മസ്തിഷ്കമായിരുന്നു. മൗലാനാ ഉബൈദുല്ലാഹ് ബല്‍യാവി, മൗലാനാ മുഹമ്മദ് ഉമര്‍ പാലന്‍പൂരി തുടങ്ങിയ മഹാത്മാക്കളോടൊപ്പം മൗലാനാ മുഹമ്മദ് ഇന്‍ആമുല്‍ ഹസന്‍ ഈ പ്രവര്‍ത്തനത്തെ ലോകത്തിന്‍റെ ഓരോ മൂലകളിലുമെത്തിച്ചു. മൗലാനായുടെ കാലത്ത് ഈ പ്രവര്‍ത്തനം ലോകത്തെ ഏറ്റവും വിശാലവും ശക്തിയുമുള്ള ഒരു പ്രവര്‍ത്തനമായി മാറി. ഈ പ്രവര്‍ത്തനം ശക്തി പ്രാപിക്കാത്ത ഒരു രാജ്യവും ഇല്ലാതായി. 1416 മുഹര്‍റം 10-ന് മൗലാനാ അല്ലാഹുവിലേക്ക് യാത്രയായി. തുടര്‍ന്ന് അനുഭവ സമ്പന്നരായ പ്രധാനപ്പെട്ട മൂന്ന് വ്യക്തിത്വങ്ങളെ പ്രവര്‍ത്തനത്തിന്‍റെ നേതൃത്വത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. മൗലാനാ ഇള്ഹാറുല്‍ ഹസന്‍, മൗലാനാ സുബൈറുല്‍ ഹസന്‍, മൗലാനാ മുഹമ്മദ് സഅദ്. ആദ്യത്തെ രണ്ട് മഹത്തുക്കളും അല്ലാഹുവിലേക്ക് യാത്രയായി. മൗലാനാ മുഹമ്മദ് സഅദ് കാന്ദലവി അവശേഷിച്ചു. അല്ലാഹു അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഐശ്വര്യം നല്‍കട്ടെ.! പക്ഷെ, ഖേദകരമെന്ന് പറയട്ടെ, ഇതിന് ശേഷം പ്രവര്‍ത്തനത്തില്‍ പിളര്‍പ്പുണ്ടായി. അമീറിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗത്തെ മൗലാനാ മുഹമ്മദ് സഅദ് നയിച്ചു. ശൂറയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വലിയ പണ്ഡിതനായ മൗലാനാ ഇബ്റാഹീമും മൗലാനാ അഹ്മദ് ലാട്ടും നയിച്ചു. തുടക്കത്തില്‍ വളരെ ദുഃഖകരമായ അവസ്ഥകള്‍ ഉണ്ടായിത്തീര്‍ന്നു. എന്നെപ്പോലെ ഈ പ്രവര്‍ത്തനത്തെ സ്നേഹിക്കുന്നവര്‍ക്ക് വലിയ അസ്വസ്ഥതയും ദുഃഖവുമുണ്ടായി. പക്ഷെ, പതുക്കെ പതുക്കെ ഈ മുറിവ് ഉണങ്ങുകയും ഇരുവിഭാഗവും അവരുടെ ശൈലിയില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു.
തബ്ലീഗ് പ്രവര്‍ത്തനത്തിന് പണ്ടുമുതലേ ഒരു നിലപാടുണ്ട്. രാഷ്ട്രീയത്തില്‍ നിന്നും അകന്ന് കഴിഞ്ഞ് മുസ്ലിംകള്‍ക്കുള്ളില്‍ മാത്രമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാഹുവിന്‍റെ അടിമകളെ ചെന്നുകണ്ട് അല്ലാഹുവിന്‍റെ വീടുകളിലേക്ക് ക്ഷണിക്കുകയും, അല്ലാഹുവിനെയും റസൂലിനെയും ആഖിറത്തിനെയും കുറിച്ച് ഉണര്‍ത്തി നന്മകള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ശൈലി. ഇവര്‍ ആകാശത്തിന് മുകളിലുള്ളതും ഭൂമിക്കടിയിലുള്ളതുമായ കാര്യങ്ങള്‍ മാത്രമേ പറയുകയുള്ളൂ എന്ന് ഇവരെ കുറിച്ച് പ്രസിദ്ധമാണ്. എന്നാല്‍ രാഷ്ട്രീയ ബഹളങ്ങളില്‍ നിന്നും അകന്ന് മതത്തിന്‍റെ ഉള്ളില്‍ ഒതുങ്ങി നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ പ്രവര്‍ത്തനത്തിലും ഇന്ത്യയിലെ വര്‍ഗ്ഗീയവാദികള്‍ക്ക് രാഷ്ട്ര വിരോധത്തിന്‍റെ മണം അനുഭവപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. നിസാമുദ്ദീനിലെ മര്‍ക്കസില്‍ രാജ്യത്തിന്‍റെ നാനാ ഭാഗത്ത് നിന്നും മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വരുന്നതും ഇവിടെ സാധാരണ നടക്കുന്ന ലളിതമായ പരിപാടികളില്‍ പങ്കെടുക്കുന്നതും തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലേക്ക് ജമാഅത്തായി പോകുന്നതും ഇവിടെ പണ്ടുമുതല്‍ക്കേ പതിവുള്ളതാണ്. എന്നാല്‍ ആദരണീയ പ്രധാനമന്ത്രി പൊടുന്നനെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ ധാരാളം ആളുകള്‍ കുടുങ്ങിപ്പോയി. ഇതുപോലെ നിസാമുദ്ദീന്‍ മര്‍ക്കസിലും കുറച്ച് ആളുകള്‍ വന്നുചേര്‍ന്നു. അവര്‍ ഉള്ള സ്ഥലങ്ങളില്‍ തന്നെ താമസിക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയുമായിരുന്നുള്ളൂ. 48/72 മണിക്കൂര്‍ ഇളവ് കൊടുത്തിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് എത്തേണ്ട സ്ഥലങ്ങളില്‍ എത്താമായിരുന്നു. ഇസ്ലാമിന്‍റെ നിയമങ്ങളോടൊപ്പം രാജ്യ നിയമങ്ങളും പാലിക്കണമെന്നത് തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ നിയമമാണ്. അതുകൊണ്ട് തന്നെ ജനങ്ങളെ അവിടെ നിന്നും അവരുടെ സ്ഥലങ്ങളിലേക്ക് അയയ്ക്കാന്‍ നിയമപരമായി പരിശ്രമിച്ചെങ്കിലും അത് നടന്നില്ല. അപ്പോള്‍ അവിടെയുള്ളവരെ അവിടെ തന്നെ താമസിപ്പിക്കാനേ വഴിയുണ്ടായിരുന്നുള്ളൂ. പക്ഷെ, വര്‍ഗ്ഗീയ മീഡിയകള്‍ ഈ പ്രശ്നത്തെ വളരെ പര്‍വ്വതീകരിക്കുകയും വ്യാജ വാര്‍ത്തകള്‍ അടിസ്ഥാനമാക്കി ധാരാളമായി തീ കത്തിക്കുകയും ചെയ്തു. തബ്ലീഗ് പ്രവര്‍ത്തകര്‍ മാംസാഹാരം ആവശ്യപ്പെട്ടു, നഴ്സുമാര്‍ക്കിടയില്‍ നഗ്നരായി നടന്നു, പോലീസിനെ തുപ്പി എന്നിങ്ങനെയുള്ള അസംബന്ധങ്ങള്‍ ഇളക്കി വിട്ടു. തബ്ലീഗ് പ്രവര്‍ത്തകരെ കുറിച്ച് അറിയുന്നവര്‍ അല്പം പോലും സംശയിക്കാതെ ഈ വാര്‍ത്തകളെ തള്ളിക്കളയും എന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും പോലീസ് ഇവയെകുറിച്ച് അന്വേഷിക്കുകയും ഇതെല്ലാം വ്യാജമാണെന്ന് സ്ഥിരപ്പെടുകയും ചെയ്തു. ഖേദകരമെന്ന് പറയട്ടെ, ഈ അന്വേഷണങ്ങള്‍ ഉണ്ടായിട്ടും മാധ്യമങ്ങള്‍ ഗുരുതരമായ തെറ്റ് സമ്മതിക്കാനോ ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വ്യാജമായിരുന്നുവെന്ന് അറിയിക്കാനോ ഈ പ്രവര്‍ത്തകരോട് മാപ്പ് ചോദിക്കാനോ തയ്യാറായില്ല.
ഇത് തബ്ലീഗ് പ്രവര്‍ത്തകരോട് മാത്രമുള്ള അക്രമമല്ല, ഇതിന്‍റെ പേരില്‍ മുസ്ലിംകളോടും ഇസ്ലാമിനോടും പല മാധ്യമങ്ങളും ആളുകളും വലിയ അക്രമങ്ങള്‍ കാണിക്കുകയുണ്ടായി. സത്യത്തെ അറിയാനും പ്രചരിപ്പിക്കാനും ആഗ്രഹിക്കാത്തവരും സത്യത്തോട് ശത്രുത പുലര്‍ത്തുന്നവരുമായ പത്രക്കാരുടെ തൂലികാ വാളിലൂടെ സത്യത്തിന്‍റെ രക്തം ധാരാളമായി വാര്‍ന്നൊഴുകി. കള്ളത്തരങ്ങള്‍ കൊണ്ട് ഒഴുക്കിയ ഈ രക്തത്തിലൂടെ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും കൃഷിക്കളത്തിന് ധാരാളം വെള്ളവും വളവും നല്‍കി. ഇത് അങ്ങേയറ്റം ദുഃഖകരവും അടിയന്തിരമായി തിരുത്തേണ്ട കൊടുംപാതകവുമാണ്. സര്‍വ്വോപരി തബ്ലീഗ് പ്രവര്‍ത്തനത്തോട് മാത്രമല്ല, രാജ്യത്തിനെതിരില്‍ തന്നെ നടത്തപ്പെട്ട ഒരു ഗൂഢാലോചന കൂടിയാണ്. തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ യാഥാര്‍ത്ഥ്യം പട്ടണങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും കാടുകളില്‍ പോലും പരസ്യമായ കാര്യമാണ്. മുസ്ലിംകള്‍ക്കിടയില്‍ മതബോധം ഉണ്ടാക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. ഇത് എല്ലാവര്‍ക്കും അനുഭവത്തിലൂടെ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നതുമാണ്. ദീനിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഹൃദയംഗമായി തന്നെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. വ്യത്യസ്ത പ്രവര്‍ത്തനങ്ങളും പ്രസ്ഥാനങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ, പ്രവര്‍ത്തനങ്ങളുടെ ഭിന്നതയായി കാണുന്നതിന് പകരം പ്രവര്‍ത്തനങ്ങള്‍ വീതിച്ച് ഓരോരുത്തരും ഓരോ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതായിട്ടാണ് മനസ്സിലാകുന്നത്. പക്ഷെ, തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ ദൂരവ്യാപകമായ ഫലവും അതിലൂടെ ഉണ്ടാകുന്ന വിപ്ലവകരമായ മാറ്റങ്ങളും പ്രവര്‍ത്തനത്തിന്‍റെ ലാളിത്യവും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മഹത്തായ ഒരു മാതൃക തന്നെയാണ്. ആകയാല്‍ ഈ സമയത്ത് ഭിന്നിക്കാതിരിക്കാനും, ഈ പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നന്മകള്‍ക്ക് തടസ്സം നില്‍ക്കാതിരിക്കാനും ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സമുദായത്തിലെ ഒരു വിഭാഗം സത്യസന്ദേശത്തിന്‍റെ കാരുണ്യമേഘമായി ആഗ്രഹമില്ലാത്തവരുടെയും അരികിലെത്തുകയും അവരിലും ആഗ്രഹം ഉണ്ടാക്കിയെടുക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്‍റെ വലിയൊരു ആവശ്യമാണ്. ഈ പ്രവര്‍ത്തനം കാര്‍മ്മികമായി ഈ കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment