Friday, May 15, 2020

ഏതാനും ദിനങ്ങള്‍, ഏകാന്തതയുടെ തണലില്‍.!


ഏതാനും ദിനങ്ങള്‍, 
ഏകാന്തതയുടെ തണലില്‍.! 
-അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി 
(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) 
താഷ്ഖന്ദിലേക്കുള്ള വൈജ്ഞാനിക യാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ന്യൂഡല്‍ഹിയില്‍ വെച്ച് കോറന്‍റൈനിന് വിധേയമാക്കപ്പെട്ട അന്താരാഷ്ട്ര പണ്ഡിതന്‍ അല്ലാമാ റഹ് മാനി സ്വന്തം അനുഭവങ്ങളും പ്രധാന പാഠങ്ങളും പങ്കുവെയ്ക്കുന്ന സുപ്രധാന ലേഖനം.!
https://swahabainfo.blogspot.com/2020/05/blog-post_15.html?spref=tw 
2020 മാര്‍ച്ച് മാസം ഞങ്ങള്‍ ചില സഹോദരങ്ങള്‍ താഷ്ഖന്ദിലായിരുന്നു. മാര്‍ച്ച് 21-)ം തിയതി സുബ്ഹി നമസ്കാരം കഴിഞ്ഞയുടനെ ഞങ്ങള്‍ എയര്‍പോര്‍ട്ടിലേക്ക് യാത്രയായി. ഞങ്ങള്‍ വലിയ സന്തോഷത്തിലായിരുന്നു. മാതൃ രാജ്യത്തേക്ക് മടങ്ങുന്ന സന്തോഷത്തോടൊപ്പം മറ്റൊരു സന്തോഷം കൂടിയുണ്ടായിരുന്നു. ഇതിന് ശേഷം അനിശ്ചിത കാലത്തേക്ക് ഇന്ത്യയിലേക്ക് വിമാനങ്ങള്‍ ഉണ്ടാകുകയില്ലെന്ന് ഉസ്ബക്ക് എയര്‍ലൈന്‍സ് പ്രഖ്യാപനം വന്നത് ഞങ്ങള്‍ ടിക്കറ്റ് എടുത്തതിന് ശേഷമാണ്. ഇന്നത്തെ വിമാനത്തില്‍ പുറപ്പെട്ടില്ലെങ്കില്‍ വളരെയധികം പ്രയാസപ്പെടേണ്ടി വരുമായിരുന്നു. പടച്ചവന്‍ വലിയൊരു പരീക്ഷണത്തില്‍ നിന്നും രക്ഷിച്ചു. ആരോഗ്യം തരക്കേടില്ലായിരുന്നു. തുമ്മലോ ചുമയോ പനിയോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് യാത്രയ്ക്ക് അനുമതി ലഭിക്കുമെന്ന് സമാധാനം ഉണ്ടായിരുന്നെങ്കിലും അലര്‍ജിയുടെ രോഗിയായതിനാല്‍ പിടിക്കപ്പെടുമോ എന്ന ഭയവും എന്നെ അലട്ടിയിരുന്നു. അല്‍ഹംദുലില്ലാഹ്, ഞങ്ങള്‍ വിമാനത്തില്‍ കയറി യാത്രയായി. പകല്‍ 11-30ന് ന്യൂഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇറങ്ങി. 
ഡല്‍ഹി വിമാനത്താവളത്തില്‍ ഖിയാമത്ത് പോലുള്ള രംഗമായിരുന്നു. ആയിരക്കണക്കിന് യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ നിറഞ്ഞ് നില്‍ക്കുന്നു. പലരും തറയില്‍ ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു. ഡല്‍ഹിക്കാരായ എന്‍റെ സഹയാത്രികരെ അല്ലാഹു അനുഗ്രഹിക്കട്ടെ.! അവര്‍ ഇരിപ്പിടം തയ്യാറാക്കി തന്നു. യാത്രക്കാരെ പരിശോധിക്കാന്‍ പോലീസ് സംഘം എല്ലാവരുടെയും പാസ്സ്പോര്‍ട്ട് വാങ്ങുകയുണ്ടായി. മെഡിക്കല്‍ ടെസ്റ്റ് കഴിഞ്ഞപ്പോള്‍ രാത്രി 11 മണിയായി. ഇതിനിടയില്‍ രണ്ട് കാര്യം ചെയ്തു. ഒന്ന്, കൂട്ടുകാരോടൊപ്പം ജമാഅത്തായി നമസ്കരിച്ചു. രണ്ട്, അത്യാവശ്യ സാധനങ്ങള്‍ ഒരു പെട്ടിയിലാക്കി. കോറന്‍റൈനില്‍ പോകേണ്ടി വന്നാല്‍ ഈ പെട്ടി കൂട്ടത്തില്‍ എടുക്കാമല്ലോ.! യാത്രക്കാരില്‍ രോഗമൊന്നുമില്ലാത്ത യുവാക്കളെ വീടുകളിലേക്ക് അയച്ചു. പനി, ചുമ പോലുള്ള രോഗങ്ങളുള്ളവരെയും 60 വയസ്സിന് മുകളിലുള്ളവരെയും കോറന്‍റൈനില്‍ പോകാന്‍ കല്‍പ്പിക്കപ്പെട്ടു. വിനീതനും ഈ വിഭാഗത്തിലുണ്ടായിരുന്നു. എന്നാല്‍ എനിക്ക് എന്നെക്കാളും വിഷമമുണ്ടായത് പ്രായം കൂടിയ സ്ത്രീകളോടും ഭാര്യ-ഭര്‍ത്താക്കന്മാരോടും വേറെ വേറെ സ്ഥലത്ത് താമസിക്കേണ്ടി വരും എന്ന് പറഞ്ഞതിലാണ്. എന്‍റെ സഹയാത്രികരായ യുവ പണ്ഡിതര്‍ എന്നോടൊപ്പം താമസിക്കാന്‍ തീരുമാനിച്ചെങ്കിലും അവരോട് വിനീതന്‍ പറഞ്ഞു: നിങ്ങള്‍ താമസിച്ചാലും വേറെ സ്ഥലത്തായിരിക്കും താമസം. അത് കൊണ്ട് എന്‍റെ പ്രയാസത്തിന് ശമനമുണ്ടാകുന്നതുമല്ല.! ചുരുക്കത്തില്‍ അവര്‍ വളരെ ദുഃഖത്തോടെ വീട്ടിലേക്ക് യാത്രയായി. ഇസ്ലാമിക് ഫിഖ്ഹ് അക്കാദമിയുടെ പ്രവര്‍ത്തകന്‍ മൗലാനാ ഇംതിയാസ് ഖാസിമി എയര്‍പോര്‍ട്ടില്‍ വന്നിരുന്നു. അധികം സാധനങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. 
ഇതിനിടയില്‍ രാഷ്ട്രീയ സ്വാധീനമുള്ള പലരും എന്നെ കോറന്‍റൈനില്‍ നിന്നും ഒഴിവാക്കാന്‍ പരിശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. എല്ലാം നന്മയാകാന്‍ വിനീതന്‍ നിരന്തരം ദുആ ചെയ്തുകൊണ്ടിരുന്നു. ഇതില്‍ യാത്രക്കാരായ ധാരാളം സഹോദരങ്ങള്‍ കൂട്ടത്തിലുണ്ട് എന്ന കാര്യം ഓര്‍ത്ത് ചിന്ത ലഘൂകരിച്ചു. കോറന്‍റൈനിന് ഗവണ്‍മെന്‍റ് സൗകര്യവും സ്വന്തം ചെലവില്‍ ഹോട്ടല്‍ സൗകര്യവും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഹോട്ടല്‍ സൗകര്യം തെരഞ്ഞെടുക്കാന്‍ സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ഇത്തരം ആളുകളെയെല്ലാം എയര്‍ പോര്‍ട്ടിനടുത്തുള്ള ലെമണ്‍ട്രി എന്ന ഹോട്ടലിലേക്ക് കൊണ്ടുവന്നു. ഇവിടെ ഓരോരുത്തരെയും ഓരോ മുറിയിലാക്കി. മുറി സൗകര്യമുള്ളതായിരുന്നുവെങ്കിലും ഏകാന്തത വല്ലാത്തൊരു ദുഃഖമായിരുന്നു. മുറിയുടെ നാല് ഭിത്തിയല്ലാതെ മുമ്പില്‍ മറ്റൊന്നും കാണപ്പെട്ടില്ല. ആഹാരം കൃത്യ സമയത്ത് ലഭിച്ചിരുന്നു. നാല് നിലകളിലും കോറന്‍റൈന്‍ സഹോദരങ്ങളായിരുന്നെങ്കിലും ആര്‍ക്കും ആരെയും കാണാന്‍ കഴിഞ്ഞിരുന്നില്ല. 
ഹോട്ടലിലെത്തിയപ്പോള്‍ രാത്രി ഒന്നര മണിയായിരുന്നു. പകല്‍ മുഴുവനും ആഹാരവും വിശ്രമവും ഇല്ലാതെയാണ് കഴിച്ചുകൂട്ടിയത്. ചെന്നപ്പോള്‍ ഹോട്ടലിലും ആഹാരമൊന്നുമില്ലായിരുന്നു. അത് കിട്ടിയില്ലെങ്കിലും ഒന്ന് കിടന്ന് ഉറങ്ങിയാല്‍ മതി എന്ന ചിന്തയായിരുന്നു. മുറിയില്‍ സാധനങ്ങള്‍ വെച്ച് വുളൂ എടുത്ത് നമസ്കരിക്കുകയും അല്ലാഹുവേ, ഈ വിധിയില്‍ നന്മ നല്‍കുകയും സഹിക്കാന്‍ ശേഷി കനിയുകയും ചെയ്യേണമേ എന്ന് താണുകേണ് ദുആ ഇരക്കുകയും ചെയ്തു. ഉറങ്ങാന്‍ കിടന്നപാടെ ഉറങ്ങിപ്പോയി. അലാറം ശബ്ദിച്ചപ്പോള്‍ സുബ്ഹിക്ക് ഒരുവിധം എഴുന്നേറ്റ് നമസ്കരിച്ചു. വീണ്ടും ഉറക്കമായി. പത്ത് മണിക്ക് കണ്ണ് തുറന്നു. നാശ്ത വന്നിരുന്നു. അത് കഴിച്ച ശേഷം ഇരുന്ന് ഒരു ദിവസത്തെ ടൈംടേബിള്‍ തയ്യാറാക്കി. നമസ്കാരം, ഖുര്‍ആന്‍പാരായണം, ദിക്ര്‍-ദുആകള്‍ കൂടാതെ എഴുത്തും വായനയ്ക്കും സമയങ്ങള്‍ നിശ്ചയിച്ചു. ഏകാന്തതയുടെ ചിന്ത വരാതിരിക്കുന്നതിന് ടൈംടേബിള്‍ കടുപ്പമുള്ളതാക്കി. അത്യാവശ്യമില്ലാതെ ഫോണ്‍ ഒഴിവാക്കാനും തീരുമാനിച്ചു. ഓരോരുത്തരും ഓരോ തലത്തില്‍ അന്വേഷിക്കുകയും ദുഃഖം പ്രകടിപ്പിക്കുകയും പദ്ധതികള്‍ പറയുകയും ചെയ്യുന്നത് കൊണ്ട് ചിന്താഭാരം കൂടുകയല്ലാതെ കുറയുകയില്ല. അങ്ങനെ ഈ സമയക്രമത്തിലായി 18 ദിവസം ഈ മുറിയില്‍ കഴിച്ചുകൂട്ടി. ഇതിനിടയില്‍ കൊറോണ വൈറസിനെ കുറിച്ച് സുദീര്‍ഘമായ ലേഖനം തയ്യാറാക്കി. (സ്വഹാബാ ഫൗണ്ടേഷന്‍ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക : 
കൊറോണ വൈറസ്: 
ചില ആത്മ വിമര്‍ശനങ്ങള്‍.! 
https://swahabainfo.blogspot.com/2020/04/blog-post_12.html?spref=tw 
പകര്‍ച്ചവ്യാധി: 
ചില ഇസ് ലാമിക വിധിവിലക്കുകള്‍.!  
https://swahabainfo.blogspot.com/2020/04/blog-post_73.html?spref=tw 
കടമായി അവശേഷിച്ചിരുന്ന ഏതാനും രചനകളുടെ അവതാരിക എഴുതി. കൊറോണയുമായി ബന്ധപ്പെട്ട് വന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ഒരു സഹോദരന്‍റെ ആഗ്രഹ പ്രകാരം അദ്ദേഹത്തിന്‍റെ രചന എഡിറ്റ് ചെയ്തു. 
രസകരമായ ഒരു കാര്യം, മുറിയില്‍ ചെന്നപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ ചിന്താകുലനാക്കിയത് എന്‍റെ കയ്യിലുള്ള പേനയുടെ മഷി തീരാറായതും കടലാസുകളുടെ കുറവുമാണ്. ഹോട്ടലുകളില്‍ സാധാരണ പേനയും പേപ്പറും വെയ്ക്കാറുണ്ട്. ഇവിടെ അതുമില്ലായിരുന്നു. അവരോട് ചോദിച്ചപ്പോള്‍ ക്ഷമിക്കണമെന്ന് പറഞ്ഞു. മൗലാനാ ഇംതിയാസിനോട് കുറച്ച് മരുന്നുകളും ബിസ്കറ്റും പേനയും പേപ്പറും എത്തിക്കാന്‍ അപേക്ഷിച്ചു. അദ്ദേഹം വളരെ കഷ്ടപ്പെട്ട് അവ ഹോട്ടലില്‍ കൊണ്ടുവന്നപ്പോള്‍ മരുന്ന് മാത്രം കൊടുക്കാമെന്ന് പറഞ്ഞ് ബാക്കിയുള്ളതെല്ലാം തിരിച്ചയച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങളെ നോക്കാന്‍ മാനസിക രോഗ വിദഗ്ധനായ ഒരു ഡോക്ടര്‍ വന്നു. വിനീതന്‍ അദ്ദേഹത്തോട് പറഞ്ഞു: എനിക്ക് ഒരു പേന തന്നാല്‍ എന്‍റെ ഏകാന്തതയുടെ ദുഃഖം കുറയ്ക്കാന്‍ വലിയ സഹായമാകും.! അദ്ദേഹം അനുകമ്പയോടെ കേട്ടു. പിന്നീട് പറഞ്ഞു: ഹോട്ടലില്‍ പേനയില്ല. എന്‍റെ കയ്യിലുള്ള ഈ പേന എല്ലാവരുടെയും റിപ്പോര്‍ട്ടുകള്‍ എഴുതിയ ശേഷം ഞാന്‍ താങ്കള്‍ക്ക് എത്തിച്ച് തരാം. പക്ഷെ, വാഗ്ദാനം പോലെ പേന എത്തിയില്ല. എന്‍റെ അസ്വസ്ഥത കൂടിയപ്പോള്‍ സുഹൃത്തുക്കള്‍ പുതിയ ഒരു അഭിപ്രായം വെച്ചു: എഴുത്തിന് പകരം വാട്സ്അപ്പില്‍ വോയ്സ് മെസ്സേജുകളായി അയച്ചുകൊണ്ടിരിക്കുക.! ഈ അഭിപ്രായം വളരെ പ്രയോജനകരമായി. ദിവസവും അസ്ര്‍ മുതല്‍ ഇഷാഅ് വരെ മൊബൈല്‍ വഴി ഞങ്ങളുടെ സ്ഥാപനം അല്‍ മഅ്ഹദുല്‍ ആലി ഹൈദരാബാദിലേക് വോയ്സ് മെസ്സേജുകള്‍ അയച്ചുകൊണ്ടിരുന്നു. പ്രിയപ്പെട്ട മൗലാനാ മുഹമ്മദ് നദ്വി അത് കുറിച്ചെടുത്തു. മൗലാനാ മഹ്ബൂബ് ഖാസിമി അതിന്‍റെ ഡി.റ്റി.പി. എടുത്ത് എനിക്ക് വാട്സ്അപ്പില്‍ അയച്ച്തരും. ഇപ്രകാരം അറുപത് പേജ് ഡി.റ്റി.പി എടുക്കുകയുണ്ടായി. കൂടാതെ കിതാബുല്‍ ഫതാവയുടെ ഏതാനും പേജുകള്‍ എഡിറ്റ് ചെയ്തു. എട്ട് ദിവസത്തേക്കായിരുന്നു കോറന്‍റൈന്‍. പക്ഷെ, ടെസ്റ്റിന്‍റെ കാലതാമസം കാരണം അത് 18 ദിവസമാക്കി. അവസാനം 18-)ം ദിവസം ന്യൂഡല്‍ഹിയിലുള്ള ഇസ്ലാമിക് ഫിഖ്ഹ് അക്കാദമിയുടെ ഓഫീസിലെത്തി. ഈ ഏകാന്തത പഠിപ്പിച്ച ധാരാളം പാഠങ്ങളില്‍ ചിലത് അനുവാചകരോട് പങ്ക് വെയ്ക്കുകയാണ്: 
ഒന്ന്, ബാഹ്യമായ സര്‍വ്വ അവലംബങ്ങളും അവസാനിച്ചാലും മുസ്ലിമിന് ഏറ്റവും നല്ലൊരു വഴിയുണ്ട്. അല്ലാഹുവിലേക്ക് അധികമായി തിരിയുക. ഇതിലൂടെ സാധാരണയെക്കാള്‍ കൂടുതലായി ഇബാദത്തുകള്‍ക്കും ദിക്ര്‍-ദുആകള്‍ക്കും ഭാഗ്യമുണ്ടാകുന്നതാണ്. പഴയ കാലത്ത് തസ്വവ്വുഫുമായി ബന്ധപ്പെട്ടവര്‍ ഏകാന്തതയില്‍ നാല്പത് ദിവസം കഴിച്ചുകൂട്ടുമായിരുന്നു. എനിക്ക് ഇത്തരം അവസ്ഥ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഏകാന്തതയില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. അതില്‍ ഏറ്റവും വലുതിയിരുന്നു ഈ ഏകാന്തത. പക്ഷെ, ഇബാദത്തുകള്‍ കാരണം ഇതില്‍ വലിയ ഉന്മേശം അനുഭവപ്പെട്ടു. ആകയാല്‍ ദിവസവും അല്‍പ്പനേരമെങ്കിലും എല്ലാവരില്‍ നിന്നും ഒഴിവാകുകയും സര്‍വ്വ കാര്യങ്ങളും മാറ്റി വെച്ച് അല്ലാഹുവിന്‍റെ കൂട്ടത്തില്‍ മാത്രം കഴിയാനും ദിക്ര്‍-ദുആകളില്‍ മുഴുകാനും ശ്രമിക്കണം. അല്ലാഹു നമുക്ക് തൗഫീഖ് തരട്ടെ.! 
രണ്ട്, ദീനീ-വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ പരലോകത്ത് പ്രയോജനപ്പെടുന്നത് പോലെ ഇഹലോകത്തും മനസ്സമാധാനത്തിന് കാരണമാണ്. അല്ലാഹു പറയുന്നു: അറിയുക, അല്ലാഹുവിന്‍റെ ധ്യാനം കൊണ്ടാണ് മനസ്സുകള്‍ക്ക് സമാധാനം ഉണ്ടാകുന്നത്. (റഅദ് 28). ഹോട്ടലില്‍ എത്തിച്ചേരുമ്പോള്‍ മനസ്സ് ഭയവിഹ്വലവും അസ്വസ്ഥവുമായിരുന്നു. എന്നാല്‍ നമസ്കരിച്ച് ദുആ ചെയ്യുകയും ഇരുപത്ത് നാല് മണിക്കൂര്‍ നേരത്തെ സമയ ക്രമം തയ്യാറാക്കുകയും ഉറക്കമൊഴിച്ചുള്ള മുഴുവന്‍ സമയവും ആരാധനകളിലോ വിജ്ഞാന പ്രവര്‍ത്തനങ്ങളിലോ മുഴുകുകയും ചെയ്തപ്പോള്‍ അസ്വസ്ഥത മാറിക്കൊണ്ടിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് എന്തായിരിക്കും എന്ന ചിന്ത എപ്പോഴും അലട്ടിയിരുന്നെങ്കിലും ഏകാന്തതയുടെ ദുഃഖം അല്‍പ്പം പോലും ഇല്ലാത്തത് പോലെയായി. മാത്രമല്ല, ബന്ധുമിത്രങ്ങള്‍ ഫോണിലൂടെ ആശ്വാസ വാക്കുകള്‍ പറയുമ്പോള്‍ വിനീതന്‍ വളരെ സമാധാനത്തിലാണെന്നും എല്ലാവരും ഒഴിവ് സമയത്തെ നന്നായി പ്രയോജനപ്പെടുത്തുക എന്നും സൂക്ഷിക്കേണ്ട കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുആ-ഇസ്തിഗ്ഫാറുകള്‍ അധികരിപ്പിക്കണമെന്നും അവരോട് പറഞ്ഞിരുന്നു. 
മൂന്ന്, പരീക്ഷണത്തിന്‍റെ ഈ ഇടവേളയിലൂടെ ലഭിച്ച മറ്റൊരു പാഠം മനുഷ്യന്‍ ഒരു കാര്യം ചെയ്യുന്നതിന് ആത്മാര്‍ത്ഥതയോടെ ആഗ്രഹിക്കുകയും ഉറപ്പിക്കുകയും ചെയ്താല്‍ ഏതവസ്ഥയിലും അത് ചെയ്യാന്‍ കഴിയുമെന്നതാണ്. പടച്ചവന്‍ അതിന് വേണ്ടി അത്ഭുതകരമായ വഴികള്‍ തുറന്ന് തരുന്നതാണ്. ഇന്നത്തെ യുവ പണ്ഡിതര്‍ സാധാരണ പറയുന്ന ഒരു പരാതിയുണ്ട്: ഏകാഗ്രതയില്ല, സമയമില്ല, ഗ്രന്ഥം മുന്നിലില്ല.! ഇതെല്ലാം വെറും ന്യായങ്ങള്‍ മാത്രമാണ്. മുന്‍ഗാമികള്‍ ഇതിനെക്കാളും വലിയ തിരക്കുകള്‍ക്കും പ്രയാസങ്ങള്‍ക്കുമിടയില്‍ ദീനീ സേവനങ്ങള്‍ ചെയ്തവരാണ്. ഇരുളടഞ്ഞ കിണറ്റിന്‍റെ കുഴിയില്‍ തടവില്‍ കിടന്നുകൊണ്ടാണ് അല്ലാമാ സര്‍ഖസീ മബ്സൂത്വ് പോലുള്ള ബ്രഹത്തും മഹത്തരവുമായ ഗ്രന്ഥം പറഞ്ഞുകൊടുത്ത് എഴുതിച്ചത്. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ കാലങ്ങളെക്കാളും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ ഇന്ന് വളരെ എളുപ്പമായിരിക്കുകയാണ്. നമ്മുടെ ചെറിയ മൊബൈലില്‍ ഒരു വലിയ ലൈബ്രറി തന്നെ സൂക്ഷിക്കാന്‍ കഴിയും. യാത്രയ്ക്കിടയില്‍ പേനയും പേപ്പറും ഇല്ലാതിരിക്കുകയോ എഴുതാന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ വേഗതയില്‍ ടൈപ്പ് ചെയ്യാനറിയുന്നവര്‍ മൊബൈലില്‍ തന്നെ ടൈപ്പ് ചെയ്യാന്‍ സാധിക്കും. എന്നെ പോലെ അതിന് കഴിവില്ലാത്തവര്‍ ശബ്ദരേഖ അയച്ചുകൊടുത്ത് മനസ്സിലുള്ളത് വരികളിലാക്കാവുന്നതാണ്. 
ചുരുക്കത്തില്‍, ഏപ്രില്‍ 18 വൈകുന്നേരം അഞ്ച് മണിക്ക് എനിക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഹോട്ടലിലെ വാഹനത്തില്‍ തന്നെ ഇസ്ലാമിക് ഫിഖ്ഹ് അക്കാദമിയുടെ ന്യൂഡല്‍ഹിയിലുള്ള ഓഫീസിലെത്തി. മഗ്രിബ് നമസ്കരിച്ചപ്പോള്‍ വലിയ സന്തോഷവും സമാധാനവുമുണ്ടായി. അക്കാദമിയുടെ വിജ്ഞാന വിഭാഗം സെക്രട്ടറി മൗലാനാ ഇംതിയാസും ഒരു സേവകനുമുണ്ടായിരുന്നു. സ്വന്തം വീട്ടിലെത്തിയ പ്രതീതി ഉണ്ടായി. ഹൈദരാബാദിലെ വീട്ടിലുള്ളവര്‍ക്കും സമാധാനമായി. ബന്ധുമിത്രങ്ങളുടെ ഫോണുകള്‍ ഒഴുകുകയും ആശംസകള്‍ പ്രവഹിക്കുകയും ചെയ്തു. ഡല്‍ഹിയിലുള്ള ചില ബന്ധുക്കളും സുഹൃത്തുക്കളും ശിഷ്യരും കാണാന്‍ ആഗ്രഹിച്ചെങ്കിലും ലോക്ഡൗണിന്‍റെ നിയമം കാരണം ശക്തമായി തടയുകയും ഫോണ്‍ വഴി മാത്രം ബന്ധപ്പെടാനും ദിക്ര്‍-ദുആകള്‍ വര്‍ദ്ധിപ്പിക്കാനും പറഞ്ഞുകൊണ്ടിരുന്നു. 
ലാളിത്യം, സത്സ്വഭാവം മുതലായ കാര്യങ്ങളില്‍ നമ്മുടെ മഹാന്മാരില്‍ സ്വഹാബത്തിനോട് വലിയ സാദൃശ്യത പുലര്‍ത്തിയ ഒരു മഹാനാണ് മൗലാനാ ഖാരി സിദ്ദീഖ് അഹ്മദ് ബാന്ദവി. തുടക്കക്കാരായ മദ്റസാ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന വിഷയങ്ങള്‍ ലളിതമായി അദ്ദേഹം ക്രോഡീകരിച്ചിട്ടുണ്ട്. ഒരിക്കല്‍ ഹൈദരാബാദില്‍ വന്നപ്പോള്‍ ഇല്‍മുല്‍ കലാം (വചന വൈജ്ഞാനിക ശാസ്ത്രം) വിഷയത്തില്‍ ഒരു ലളിതമായ ഗ്രന്ഥം രചിക്കണമെന്ന് വിനീതന്‍ മൗലാനായോട് അപേക്ഷിച്ചു. കാരണം ഈ വിഷയത്തിന്‍റെ അലിഫ്-ബാ പോലും അറിയാത്തവര്‍ നേരെ ശറഹുല്‍ അഖാഇദ് പഠിക്കുമ്പോള്‍ വളരെ പ്രയാസപ്പെടാറുണ്ട്. ഉടനെ മൗലാനാ പറഞ്ഞു: എനിക്ക് പ്രായം വളരെ കൂടിയതിനാല്‍ അത് പ്രയാസമാണ്. എന്നാല്‍ താങ്കളുടെ ശൈലി വളരെ ലളിതമാണ്. ആകയാല്‍ താങ്കള്‍ തന്നെ ഇത് ചെയ്യുക. ഞാന്‍ പ്രത്യേകം ദുആ ചെയ്യാം.! അന്ന് മുതല്‍ ഈയൊരാഗ്രഹം മനസ്സിന്‍റെ മൂലയില്‍ കിടക്കുന്നുണ്ടായിരുന്നു. അല്ലാഹു ഈ സേവനത്തിന് സൗഭാഗ്യം തരണമെന്ന് ദുആയും ചെയ്യുമായിരുന്നു. 
വിനീതന്‍ റമദാന്‍ മാസത്തില്‍ അതിന്‍റെ ഐശ്വര്യം കൂടി ലഭിക്കുന്നതിന് ഏതെങ്കിലും രചനാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രദ്ധിക്കാറുണ്ട്. ഇപ്രാവശ്യം ഉസ്ബക്കിസ്ഥാനിലേക്ക് പോകുന്നതിന് മുമ്പ് റമദാനില്‍ ഈ ഗ്രന്ഥ രചന നടത്താമെന്ന് തീരുമാനിക്കുകയും ഉപശീര്‍ഷകങ്ങള്‍ തയ്യാറാക്കുകയും വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ഉദ്ദരണികള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ലോക്ഡൗണ്‍ അടുത്ത് തന്നെ അവസാനിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നതിനാല്‍ അക്കാദമിയില്‍ വന്നതിന് ശേഷം ഇതര ചില രചനകളില്‍ മുഴുകി. എന്നാല്‍ ലോക്ക്ഡൗണ്‍ നീളുകയാണെന്ന് അറിഞ്ഞപ്പോള്‍ കൂടുതല്‍ താമസിക്കേണ്ടി വരുമെന്ന ആശങ്കയുണ്ടായി. ഇതിനിടയില്‍ ഈ ഗ്രന്ഥരചനയെ കുറിച്ച് മൗലവി ജുനൈദ് ഫലാഹി ഉണര്‍ത്തി. അക്കാദമിയില്‍ ആവശ്യത്തിന് ഗ്രന്ഥങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് അല്ലാഹുവിന്‍റെ നാമത്തില്‍ ഏപ്രില്‍ 14-)ം തീയതി ഈ രചനയുടെ പ്രവര്‍ത്തനം ആരംഭിച്ചു. റമദാന്‍ മാസം അടുത്തപ്പോള്‍ വീട്ടിലേക്ക് പോകാനുള്ള ചിന്തയും ശക്തമായിരുന്നു. പക്ഷെ, മെയ് മൂന്നിന് ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ സാധ്യതയില്ലെന്ന് അറിഞ്ഞു. അതുകൊണ്ട് റോഡ് മാര്‍ഗ്ഗം നാട്ടിലേക്ക് പോകാന്‍ ആഗ്രഹമായി. എന്നാല്‍ ഡല്‍ഹി മുതല്‍ ഹൈദരാബാദ് വരെയുള്ള നീണ്ട ദൂരം കാറില്‍ യാത്ര ചെയ്യുന്നതില്‍ ആരോഗ്യപരമായി വലിയൊരു പ്രശ്നമായിരുന്നു. കൂടാതെ അടുത്ത കാലത്ത് മീഡിയകള്‍ പ്രചരിപ്പിച്ച വിഷം കാരണം തൊപ്പിയും താടിയും ഉള്ളവരുടെ യാത്ര അപകടകരവുമായിരുന്നു. പക്ഷെ, യു.പി.യില്‍ വിവിധ സ്ഥലങ്ങളില്‍ എന്നെ കൊണ്ടുപോയിട്ടുള്ള ഷാഹ്നവാസ് എന്ന ടാക്സി ഡ്രൈവര്‍ എനിക്ക് ധൈര്യം പകര്‍ന്നു. സുഹൃത്തുക്കളും സമ്മതിച്ചു. അങ്ങനെ തയ്യാറായപ്പോള്‍ പാസ്സ് കിട്ടാന്‍ വലിയ പ്രയാസമായി. ഡല്‍ഹിയിലും ഹൈദരാബാദിലും ഒരാഴ്ച പരിശ്രമിച്ചു. വിവിധ ഉദ്വോഗസ്ഥന്മാരെ മാറി മാറി വിളിച്ചു. പല അമുസ്ലിം ഉദ്വോഗസ്ഥരും വളരെ ആദരവോടെ സംസാരിച്ചത് കണ്ട് വലിയ ആശ്വാസമുണ്ടായി. മീഡിയകളുടെ പ്രചണ്ഡ പ്രചാരണങ്ങളുണ്ടായിട്ടും അമുസ്ലിം സഹോദരങ്ങളില്‍ വലിയൊരു വിഭാഗം മനുഷ്യത്വത്തെയും നീതിയെയും സ്നേഹിക്കുന്നത് വളരെ സന്തോഷകരമാണ്. അവസാനം പാസ്സ് ലഭിച്ചു. അങ്ങനെ ഏപ്രില്‍ 25 തറാവീഹ് നമസ്കാരത്തിന് ശേഷം ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടു. ഏപ്രില്‍ 27 രാവിലെ ഏഴ് മണിക്ക് വീട്ടിലെത്തി. വഴിനീളെ ചെക്കിംഗുകളുണ്ടായിരുന്നു. എന്നാല്‍ ആഭ്യന്തര വകുപ്പിന്‍റെ അനുമതി കാണുമ്പോള്‍ പോലീസ് ഉദ്വോഗസ്ഥര്‍ അന്വേഷണത്തിന് പകരം സ്വീകരണത്തിന് വേണ്ടി നില്‍ക്കുന്നത് പോലെ അനുഭവപ്പെട്ടു. 
അക്കാദമിയിലെ 21 ദിവസത്തെ താമസത്തിനിടയില്‍ ആസാന്‍ ഇല്‍മുല്‍ കലാം എന്ന ഗ്രന്ഥം ഏതാണ്ട് പൂര്‍ത്തിയായി. ഹൈദരാബാദിലെത്തിയപ്പോള്‍ പല സന്തോഷങ്ങള്‍ സംഗമിച്ചു. ഒന്ന്, വിദൂരത്തായിരുന്നിട്ടും സമയമൊന്നും പാഴായില്ല എന്ന സന്തോഷം. രണ്ട്, അല്ലാഹുവിന്‍റെ ഒരു ഉന്നത ദാസന്‍ മൗലാനാ ബാന്ദവിയുടെ ആഗ്രഹസാഫല്യം. മൂന്ന്, ഒരു അത്യാവശ്യ രചനയുടെ പൂര്‍ത്തീകരണം. ഈ പ്രയാസ-പ്രശ്നങ്ങളില്‍ നിന്നും ലഭിച്ച വലിയൊരു പാഠം ഇതാണ്: നാട്ടില്‍ നിന്നും അകന്ന് ഒറ്റയ്ക്ക് കഴിയുന്നത് വലിയൊരു പ്രയാസമാണ്. പക്ഷെ, അല്ലാഹു തിന്മയില്‍ നന്മയുടെയും പ്രയാസത്തില്‍ സന്തോഷത്തിന്‍റെയും അവസ്ഥകള്‍ വെച്ചിട്ടുണ്ട്. ഓരോ കാര്യത്തിലും മറഞ്ഞിരിക്കുന്ന നന്മയെ തേടുകയും പ്രാപിക്കുകയും ചെയ്യുന്നതിലാണ് അടിമയുടെ വിജയമുള്ളത്. അല്ലാഹു അനുഗ്രഹിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...