ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ
ജീവ ചരിത്രം.!
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/05/15.html?spref=tw
മൂന്നാം ഹജ്ജ്:
മുമ്പ് സൂചിപ്പിച്ചതുപോലെ യാത്രയോട് പ്രകൃതിപരമായി ഒരുതരം അനിഷ്ടമാണ് ശൈഖിനുണ്ടായിരുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഡല്‍ഹിയെന്നല്ല റായ്പൂര്‍-ദേവ്ബന്ദ് തുടങ്ങിയ അടുത്ത സ്ഥലങ്ങളില്‍വരെ പോകുന്നതും മഹാകഷ്ടപ്പാടായിരുന്നു. യാത്രയെക്കുറിച്ച് ഓര്‍ത്ത് പലപ്പോഴും പനി പിടിച്ചിട്ടുണ്ട്. യാത്ര ചെയ്തു മടങ്ങിയാല്‍തന്നെ ദിവസങ്ങളോളം അസുഖവും ശരീരവേദനയും നിലനില്‍ക്കുമായിരുന്നു. ഈയവസ്ഥയില്‍ ഹജ്ജ് യാത്ര -അതെത്ര സൗകര്യങ്ങളോടു കൂടിയാണെങ്കിലും ശരി- അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മഹാപരീക്ഷണം തന്നെയായിരുന്നു. ഹി: 1344-ലെ ഹജ്ജ് അവസാന ഹജ്ജായിരിക്കുമെന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ, കാര്യകാരണങ്ങള്‍ ഒത്തു ചേര്‍ന്നത് പെട്ടെന്നാണ്. ഹസ്രത്ജി മൗലാനാ മുഹമ്മദ് യൂസഫ് (റ) ഹിജ്റ 1383-ല്‍ സഹപ്രവര്‍ത്തകരുടെ ഒരു വലിയ ജമാഅത്തോടൊപ്പം ഹജ്ജിന് തീരുമാനമെടുക്കുകയും ശൈഖ് കൂട്ടത്തില്‍ വരാന്‍ അപേക്ഷിക്കുകയും ചെയ്തതിനാല്‍ നിരസിക്കാനായില്ല. പ്രിയപ്പെട്ട ഹബീബിന്‍റെ നാടും വീടും സന്ദര്‍ശിക്കാനും ഹജ്ജും സിയാറത്തും നിര്‍വ്വഹിക്കാനുള്ള ആഗ്രഹാഭിലാഷം മനസ്സില്‍ തിളച്ചുമറിയുമ്പോള്‍ വിശേഷിച്ചും.
ശൈഖ് സഹയാത്ര സ്വീകരിച്ചു. മിന്നല്‍പ്പിണര്‍പോലെ ഇന്ത്യയിലും പാകിസ്ഥാനിലും മൗലാനാ മുഹമ്മദ് യൂസുഫ്, ശൈഖിനോടൊപ്പം ഹജ്ജിന് പുറപ്പെടുന്നുവെന്ന വാര്‍ത്ത പരന്നു. എല്ലാ ഭാഗത്തു നിന്നും ആളുകള്‍ തിങ്ങിനിറഞ്ഞെത്തി. ശൈഖുമായി ആത്മീയ ബന്ധമുള്ളവരും തബ്ലീഗുപ്രവര്‍ത്തനവുമായ സ്നേഹ-കര്‍മ്മ ബന്ധമുള്ളവരുമടങ്ങിയ ഒരു വലിയ സംഘം ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തുവാന്‍ സന്നദ്ധരായി. ഇതൊരു ചരിത്ര യാത്രയായിരുന്നു. (വിശദ വിവരണത്തിന്, സവാനിഹ് മൗലാനാ മുഹമ്മദ് യൂസുഫ്)
ഹി :1383 ദുല്‍ഖഅദ് 6-ന് സഹാറന്‍പൂരില്‍ നിന്നും യാത്രയായി. നാലു മാസത്തിനുള്ളില്‍ പാകിസ്ഥാന്‍ വഴി റബീഉല്‍ അവ്വല്‍ മധ്യത്തില്‍ സഹാറന്‍പൂരില്‍ തിരിച്ചെത്തി. മടക്കയാത്രയില്‍ കറാച്ചി-ലാഹോര്‍ -സര്‍ഗോദാ -ഡടിയാന്‍ എന്നിവിടങ്ങളില്‍ ഒന്നും രണ്ടും ദിവസം തങ്ങി. വര്‍ഷങ്ങളായി ശൈഖിനെ കാണാന്‍ കൊതിച്ച് കഴിഞ്ഞുകൂടിയിരുന്ന പാകിസ്ഥാനിലെ സ്നേഹസമ്പന്നര്‍ ഈ അവസരത്തെ ഇലാഹീ കടാക്ഷമായി കണ്ടു. ശൈഖ് പാകിസ്ഥാനിലേക്കു മാത്രം ലക്ഷ്യം വച്ചു യാത്രചെയ്യുമെന്നത് അനുമാനിക്കാന്‍ പറ്റാത്തതായിരുന്നു.
ഹജ്ജ് യാത്രയുടെ ബറകത്തിനാല്‍ ദൂരെ കൊതിച്ചു കഴിയുന്ന സേവക-ശിഷ്യരുടെ ഭാഗ്യത്തിന്‍റെ തീനാളം കത്തിയുയര്‍ന്നു. അവര്‍ പറവകളെപോലെ പാറിപ്പറന്ന് വന്നു. ഒരു ഭാഗത്ത് മൗലാനാ യൂസുഫ് (റ) യുടെ ആകര്‍ഷണീയതയും മറുഭാഗത്ത് ശൈഖിന്‍റെ അപ്രതീക്ഷിതമായ അനുഗ്രഹം പ്രയോജനപ്പെടുത്താനുള്ള ആഗ്രഹാവേശവും അലതല്ലി.
എയര്‍കണ്ടീഷന്‍ ബോഗിയായിരുന്നിട്ടും രാത്രി മുഴുവന്‍ ഉറക്കമുണര്‍ന്നിരുന്നു കൊണ്ടുതന്നെ സ്നേഹത്താല്‍ അടിമുടി മുങ്ങിയ ആ പാവങ്ങള്‍ക്ക് കാണാനും മുസ്വാഫഹ ചെയ്യാനുമുള്ള അവസരം നല്‍കിയിരുന്നു. കടുത്ത ചൂടും തീകാറ്റും വകവെച്ചിരുന്നില്ല. ഢടിയാനില്‍ ഹസ്രത്ത് മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരിയുടെ ഖബറിടത്തില്‍പോയി ഫാതിഹ ഓതാനും കുറച്ചു സമയം ചിലവഴിക്കാനും ശൈഖിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ചില പ്രത്യേക മജ്ലിസുകളില്‍ പറഞ്ഞിട്ടുള്ളതുപോലെ പാകിസ്ഥാന്‍ യാത്രതന്നെ ഈ ആഗ്രഹത്തെ മുന്‍ നിര്‍ത്തിക്കൊണ്ടായിരുന്നു. സര്‍ഗോദയിലെത്തിയപ്പോള്‍ കടുത്ത ചൂടായിരുന്നു. രണ്ടു ഭാഗത്തും ഐസിന്‍റെ കട്ടകള്‍ വെയ്ക്കുകയും വിശറി വീശുകയും ചെയ്തിട്ടും ചൂട് ശമിച്ചിരുന്നില്ല. ഡഠിയാന്‍ ഗ്രാമമായതിനാല്‍ അവിടുത്തെ അവസ്ഥ ഇതിനേക്കാള്‍ മോശമായിരിക്കുമെന്നും അതുകൊണ്ട് അവിടേക്കുള്ള യാത്ര മാറ്റി വെയ്ക്കണമെന്നും ചില ശിഷ്യന്മാര്‍ അപേക്ഷിച്ചു. പക്ഷെ ശൈഖ് അത് അംഗീകരിച്ചില്ല. എന്നാല്‍ അല്ലാഹുവിന്‍റെ ഖുദ്റത്ത് കൊണ്ട് അവിടെ എത്തിയപ്പോള്‍ കാലാവസ്ഥ ആകെ മാറുകയും തണുപ്പ് ആരംഭിക്കുകയും ചെയ്തു. ശൈഖ് പറഞ്ഞു: മൗലാനാ റായ്പൂരിയ്ക്ക് എന്‍റെ ഖുര്‍ആന്‍ പാരായണം ആദ്യന്തം കേള്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അതിന് അവസരമുണ്ടായില്ല. എന്നാല്‍ ഇവിടെ മൗലാനായുടെ ഖബ്റിന്‍റെ അരികില്‍ ഖുര്‍ആന്‍ ഒരു പ്രാവശ്യം മുഴുവന്‍ ഓതാന്‍ ഭാഗ്യമുണ്ടായി. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ എന്‍റെ കത്തുകളുടെ ശേഖരത്തില്‍ ഈ യാത്രയ്ക്കിടയില്‍ ശൈഖ് എഴുതിയ ഒരു കത്ത് ലഭിച്ചു. അതില്‍ ശൈഖിന്‍റെ വികാരങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവിടെ ഉദ്ധരിക്കുന്നു:
മുകര്‍റം മുഹ്തറം, മൗലാനാ അലീ മിയാന്‍: കറാച്ചിയില്‍ നിന്നും അയച്ച ചെറിയൊരു കത്ത് താങ്കള്‍ക്ക് ലഭിച്ച് കാണും. ഇന്ന് മക്കാ മുകര്‍റമയില്‍ നിന്നും വന്ന കത്തുകള്‍ അടങ്ങിയ പാര്‍സലില്‍ താങ്കള്‍ മുഹര്‍റം മാസം അയച്ച സുദീര്‍ഘമായ കത്ത് ലഭിച്ചു. താങ്കളുടെ സ്നേഹ-ബഹുമാനങ്ങള്‍ നാം ഇരുകൂട്ടര്‍ക്കും നന്മകള്‍ക്ക് കാരണമാക്കട്ടെ.! മൂന്ന് ദിവസം കറാച്ചിയില്‍ താമസിച്ച ശേഷം ട്രൈയിന്‍ വഴി ലാഇല്‍പൂരിലെത്തി. സഹോദരങ്ങള്‍ വലിയ സൗകര്യമാണ് ചെയ്തിരിക്കുന്നത്. എയര്‍ കണ്ടീഷന്‍ ബോഗിയായിരുന്നു. പക്ഷെ എല്ലാ സ്റ്റേഷനുകളിലും മൂവായിരത്തിനും അയ്യായിരത്തിനും ഇടയിലുള്ള ആളുകള്‍ തടിച്ചുകൂടിയിരുന്നു. അതുകൊണ്ട് ഞാനും മൗലാനാ മുഹമ്മദ് യൂസുഫും ഓരോ സ്റ്റേഷനില്‍ എത്തുമ്പോഴും ട്രൈയിനിന്‍റെ വാതിലില്‍ വന്ന് നില്‍ക്കുമായിരുന്നു. ഹറമൈന്‍ ശരീഫൈനില്‍ ഈ പാപി ഹദീസ് പണ്ഡിതനാണെന്ന് പ്രചരിപ്പിക്കപ്പെട്ടതിനാല്‍ ഹദീസിന്‍റെ ഇജാസത്തും സനദും വാങ്ങുന്നതിന് ധാരാളം ആളുകള്‍ വന്നു. അര്‍ഹതയില്ലായ്മ കൊണ്ട് വിനീതന്‍ ഒഴിഞ്ഞ് മാറാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ പാകിസ്ഥാനിലെത്തിയപ്പോള്‍ എന്നെക്കുറിച്ച് തസ്വവ്വുഫിന്‍റെ ശൈഖ് എന്നും പ്രചരിപ്പിക്കപ്പെട്ടതിനാല്‍ നാല് ഭാഗത്ത് നിന്നും ജനങ്ങള്‍ വന്ന് കൂടുകയാണ്. ലാഇല്‍പൂരില്‍ നിന്നും സര്‍ഗോദയിലേക്കും അവിടെ നിന്നും ഡഠ്യാനിലേക്കും വന്നു. സര്‍ഗോദയില്‍ കടുത്ത ചൂടായിരുന്നു. നാല് ഭാഗത്തും ഐസ് വെച്ചിട്ടും ശമനമില്ലായിരുന്നു. അതുകൊണ്ട് ഡഠ്യാനിലേക്ക് പോകേണ്ടെന്ന് പലരും പറഞ്ഞു. എന്നാല്‍ ജീവിത കാലം മുഴുവനും ഈ പാപിക്ക് ഉപകാരങ്ങള്‍ ചെയ്ത ഹസ്രത്ത് റായ്പൂരിയുടെ അരികില്‍ പോകാതെ മടങ്ങുന്നത് ശരിയായി തോന്നിയില്ല. അങ്ങനെ ഡഠ്യാനില്‍ വന്നപ്പോള്‍ കാലാവസ്ഥ മാറുകയും ഉച്ചയ്ക്ക് രസകരമായ തണുത്ത കാറ്റ് അടിക്കുകയും രാത്രി പുതപ്പ് പുതയ്ക്കേണ്ടി വരികയും ചെയ്തു. ഡഠ്യാനില്‍ മൂന്ന് ദിവസം ദിക്റിലും പാരായണത്തിലും കഴിഞ്ഞു. വന്ന മുഴുവന്‍ ആളുകളോടും ദിക്റില്‍ കഴിഞ്ഞുകൂടാന്‍ നിര്‍ദ്ദേശിച്ചു. അവിടെ നിന്നും റായ്വിണ്ടിലേക്ക് വന്ന് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു. ഈ സമ്മേളനത്തില്‍ വെച്ചാണ് ഈ കത്തെഴുതുന്നത്. ഇവിടെ നിന്നും ലാഹോര്‍ വഴി ഡല്‍ഹിയിലെത്തുന്നതാണ്. ഡല്‍ഹിയില്‍ എന്നെ സ്വീകരിക്കാന്‍ താങ്കള്‍ വരുന്നതായി അറിയാന്‍ സാധിച്ചു. ഒരിക്കലും വരാന്‍ പാടില്ല. ദേവ്ബന്ദില്‍ വരുമ്പോള്‍ കാണാന്‍ വന്നാല്‍ മതി. മൗലാനാ മന്‍സൂര്‍ നുഅ്മാനിക്ക് സലാം അറിയിക്കുകയും ഇതേ കാര്യങ്ങള്‍ പറയുകയും ചെയ്യുക. -സകരിയ്യ
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment