പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ
-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/05/25_7.html?spref=tw
25. മുഹമ്മദീ വസ്തുക്കള്‍.
റസൂലുല്ലാഹി ﷺ ഇഷ്ടപ്പെട്ട ആഹാര-പാനീയങ്ങളും ഇതര വസ്തുക്കളും രണ്ട് വിഭാഗമാണ്. 1. റസൂലുല്ലാഹി ﷺ സ്വയം ഉപയോഗിച്ചത്. 2. റസൂലുല്ലാഹി ﷺ പ്രത്യേകതകളും മഹത്വങ്ങളും വിവരിച്ചത്. ഈ രണ്ട് വിഭാഗങ്ങളും പ്രത്യേക ക്രമത്തില്‍ ഇവിടെ കൊടുക്കുന്നു.
1. ഇസ്മിദ് (ഇസ്ഫഹാനിലെ കറുത്ത സുറുമ): റസൂലുല്ലാഹി ﷺ അരുളി: നിങ്ങള്‍ ഇസ്മിദ് ഉപയോഗിക്കുക. അത് കാഴ്ച വര്‍ദ്ധിപ്പിക്കുന്നതും ഇമകള്‍ വളര്‍ത്തുന്നതുമാണ്. (ഇബ്നു മാജ:) റസൂലുല്ലാഹി ﷺ ഇരു നയനങ്ങളിലും മൂന്ന് പ്രാവശ്യം വീതം സുറുമ ഇടുമായിരുന്നു.
2. തുറുഞ്ചിപ്പഴം: റസൂലുല്ലാഹി ﷺ അരുളി: ഖുര്‍ആന്‍ ഓതുന്ന വിശ്വാസിയുടെ ഉദാഹരണം തുറുഞ്ചിപ്പഴം പോലെയാണ്. അതിന്‍റെ രുചിയും മണവും പരിശുദ്ധമാണ്. (ബുഖാരി)
3. ബിത്തീഖ്: റസൂലുല്ലാഹി ﷺ ഈത്തപ്പഴത്തോടൊപ്പം വത്തയ്ക്ക കഴിച്ചിരുന്നു. റസൂലുല്ലാഹി ﷺ അരുളി: ഈത്തപ്പഴത്തിന്‍റെ ചൂട് അത് ഇല്ലാതാക്കുന്നതാണ്.
4. പഴയ കാരയ്ക്കകള്‍: റസൂലുല്ലാഹി ﷺ അരുളി: പുതിയ കാരയ്ക്കയോടൊപ്പം പഴയ കാരയ്ക്കയും ഭക്ഷിക്കുക. അത് പിശാചിനെ ദുഃഖിപ്പിക്കുന്നതാണ്. (നസാഈ)
5. പാകമാകാത്ത കാരയ്ക്കകള്‍: ഒരിക്കല്‍ റസൂലുല്ലാഹി ﷺ സ്വിദ്ദീഖ് (റ), ഫാറൂഖ് (റ) ഇരുവരോടുമൊപ്പം അബുല്‍ ഹൈസം (റ) ന്‍റെ വീട്ടില്‍ പോയി. അദ്ദേഹം ഒരു കുല ഈത്തപ്പഴം കൊണ്ടുവെച്ചു. റസൂലുല്ലാഹി ﷺ ചോദിച്ചു: പഴുത്തത് മാത്രം കൊണ്ടുവന്നാല്‍ മതിയായിരുന്നല്ലോ.? അദ്ദേഹം പറഞ്ഞു: അങ്ങയുടെ ഇഷ്ടപ്രകാരം രണ്ടും ഭക്ഷിക്കുന്നതിനാണ് ഞാന്‍ കൊണ്ട് വന്നത്.
6. ഉള്ളി. ആഇഷ (റ) പറയുന്നു: റസൂലുല്ലാഹി ﷺ അവസാനമായി ഭക്ഷിച്ച ആഹാരത്തില്‍ ഉള്ളിയുണ്ടായിരുന്നു. (അബൂദാവൂദ്). ഉള്ളി കഴിച്ചവര്‍ മസ്ജിദില്‍ വരുന്നതിനെ റസൂലുല്ലാഹി ﷺ തടഞ്ഞിട്ടുണ്ട്. അത് കൊണ്ടുള്ള ഉദ്ദേശം പാചകം ചെയ്യപ്പെടാത്ത ഉള്ളിയാണ്.
7. കാരയ്ക്ക. റസൂലുല്ലാഹി ﷺ അരുളി: പ്രഭാതത്തില്‍ 7 കാരയ്ക്ക കഴിക്കുന്നവര്‍ക്ക് അന്നേ ദിവസം മാരണമോ വിഷമോ ഏല്‍ക്കുന്നതല്ല. കാരയ്ക്ക ഇല്ലാത്ത വീട് വിശന്നവരുടെ വീടാണ്. റസൂലുല്ലാഹി ﷺ കാരയ്ക്ക മാത്രമായും മറ്റ് ആഹാരങ്ങളോടൊപ്പവും ഭക്ഷിച്ചിട്ടുണ്ട്.
8. ആലിപ്പഴം. റസൂലുല്ലാഹി ﷺ ദുആ ചെയ്തു. അല്ലാഹുവേ, എന്‍റെ പാപങ്ങളെ ആലിപ്പഴവും ശുദ്ധജലവും കൊണ്ട് കഴുകേണമേ.!
9. വെളുത്തുള്ളി. ഉള്ളിയെ കുറിച്ച് പറഞ്ഞുകഴിഞ്ഞു.
10. സരീദ്: ഇറച്ചിക്കറിയുടെ ചാറില്‍ ഇടുകയോ വേവിക്കുകയോ ചെയ്ത റൊട്ടിക്കഷ്ണങ്ങള്‍. റസൂലുല്ലാഹി ﷺ അരുളി: ഇതര ആഹാരങ്ങളെക്കാള്‍ സരീദിനുള്ള മഹത്വമാണ് ആഇശ ബീവിയ്ക്ക് ഇതര സ്ത്രീകളെക്കാള്‍ ഉള്ളത്.
11. പനീര്‍. തബൂക്ക് യാത്രയില്‍ റസൂലുല്ലാഹി ﷺ യുടെ അരികില്‍ പനീര്‍ കൊണ്ടുവരപ്പെട്ടു. റസൂലുല്ലാഹി ﷺ അതില്‍ നിന്നും മുറിച്ച് ഭക്ഷിച്ചു.
12. മൈലാഞ്ചി. റസൂലുല്ലാഹി ﷺ മുറിവിലും കുരുവിലും മൈലാഞ്ചി പുരട്ടിയിരുന്നു. (തിര്‍മിദി)
13. കരിഞ്ചീരകം. റസൂലുല്ലാഹി ﷺ അരുളി: കരിഞ്ചീരകം ഉപയോഗിക്കുക. അതില്‍ മരണമല്ലാത്ത സര്‍വ്വ രോഗങ്ങള്‍ക്കും ശിഫയുണ്ട്. (ബുഖാരി)
14. ഹിര്‍ഫ്, ഹബ്ബുര്‍റഷാദ്: ഇതിനും ധാരാളം ശിഫയുണ്ട് എന്ന് ഹദീസില്‍ വന്നിരിക്കുന്നു. (അബൂദാവൂദ്)
15. ഹലബ. റസൂലുല്ലാഹി ﷺ അരുളി: ഇത് കൊണ്ട് രോഗ ശമനം കരസ്ഥമാക്കുക.
16. റൊട്ടി. കറിയില്‍ മുക്കിയ റൊട്ടി റസൂലുല്ലാഹി ﷺ യ്ക്ക് ഇഷ്ടമായിരുന്നു. നെയ് പുരട്ടിയ റൊട്ടി കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഒരിക്കല്‍ റസൂലുല്ലാഹി ﷺ അരുളി. (അബൂദാവൂദ്)
17. സുര്‍ഖ. (വിനാഗിരി). റസൂലുല്ലാഹി ﷺ ഇത് ഉപയോഗിച്ചിട്ടുണ്ട്. റസൂലുല്ലാഹി ﷺ അരുളി: ഇത് നല്ല കറിയാണ്. (മുസ്ലിം)
18. എണ്ണ. റസൂലുല്ലാഹി ﷺ അധികമായി തലയില്‍ എണ്ണ പുരട്ടിയിരുന്നു. (തിര്‍മിദി)
19. ദരീറ: പല സുഗന്ധങ്ങള്‍ ചേര്‍ത്ത അത്തര്‍. ആഇശ (റ) വിവരിക്കുന്നു. റസൂലുല്ലാഹി ﷺ ക്ക്, ഇഹ്റാമില്‍ പ്രവേശിക്കുന്നതിന് മുമ്പും ഇഹ്റാമില്‍ നിന്നും വിരമിച്ച ശേഷവും എന്‍റെ കൈ കൊണ്ട് ദരീറ പുരട്ടിക്കൊടുത്തു.
(ബുഖാരി)
20. ഈത്തപ്പഴം. അബ്ദുല്ലാഹിബ്നു ജഅ്ഫര്‍ (റ) പറയുന്നു. റസൂലുല്ലാഹി ﷺ ഈത്തപ്പഴവും കക്കരിയും ചേര്‍ത്ത് കഴിക്കുന്നത് ഞാന്‍ കണ്ടു. (ബുഖാരി). റസൂലുല്ലാഹി ﷺ ഈത്തപ്പഴം അതില്ലെങ്കില്‍ കാരയ്ക്ക, അതില്ലെങ്കില്‍ വെള്ളം ഇവ കൊണ്ട് നോമ്പ് തുറന്നിരുന്നു. (അബൂദാവൂദ്)
21. റയ്ഹാന്‍. (സുഗന്ധപുഷ്പം) റസൂലുല്ലാഹി ﷺ അരുളി: ആര്‍ക്കെങ്കിലും റയ്ഹാന്‍ നല്‍കപ്പെട്ടാല്‍ നിരസിക്കരുത്. അതിന് വലിയ ഭാരമില്ല. പരിശുദ്ധ സുഗന്ധവുമാണ്. (മുസ്ലിം)
22. ഒലിവ് എണ്ണ. എണ്ണ ഇഷ്ടമാണ് എന്ന കാര്യം പറഞ്ഞുകഴിഞ്ഞു.
23. ചുക്ക്. (ഉണങ്ങിയ ഇഞ്ചി). റോമന്‍ രാജാവ് റസൂലുല്ലാഹി ﷺ ക്ക് ഒരു കെട്ട് ചുക്ക് ഹദ്യയായി നല്‍കി. റസൂലുല്ലാഹി ﷺ എല്ലാവര്‍ക്കും അതില്‍ നിന്നും ഓരോ കഷ്ണം കൊടുത്തു. (അബൂനുഐം)
24. സനാ. (ചുന്നാമക്കി). ദഹനത്തിന് റസൂലുല്ലാഹി ﷺ ഇത് നിര്‍ദ്ദേശിക്കുകയുണ്ടായി. റസൂലുല്ലാഹി ﷺ അരുളി: മരണത്തിന് വല്ല മരുന്നും ഉണ്ടായിരുന്നെങ്കില്‍ അത് ഇതാകുമായിരുന്നു. (തിര്‍മിദി)
25. സനൂത്ത്. ഇതിന്‍റെ അര്‍ത്ഥത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. നെയ്യിന്‍റെ പാത്രത്തില്‍ സൂക്ഷിക്കപ്പെടുന്ന തേന്‍ എന്നതാണ് പ്രധാന അഭിപ്രായം. റസൂലുല്ലാഹി ﷺ അരുളി: ഇതില്‍ മരണമല്ലാത്ത എല്ലാ രോഗത്തിനും ശമനമുണ്ട്. (ഇബ്നുമാജ)
26. സഫര്‍ജല്‍. അബൂ ദര്‍റ് (റ) ന് റസൂലുല്ലാഹി ﷺ ഇത് നല്‍കിക്കൊണ്ട് അരുളി: ഇത് ഹൃദയത്തിന് ശക്തി നല്‍കുകയും മനസ്സിന് സന്തോഷം പകരുകയും നെഞ്ച് വേദന മാറ്റുകയും ചെയ്യുന്നതാണ്. (നസാഈ)
27. നെയ്യ്. ഇത് ഇഷ്ടമായിരുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞു.
28. മത്സ്യം. സ്വഹാബികള്‍ കൊണ്ടുവന്ന മത്സ്യത്തിന്‍റെ കഷ്ണം റസൂലുല്ലാഹി ﷺ ഭക്ഷിക്കുകയുണ്ടായി. (സാദുല്‍ മആദ്)
29. സില്‍ഖ്: ചഖന്ദര്‍. (ബീറ്റ്റൂട്ട്) അലിയ്യ് (റ) ന് ക്ഷീണമുണ്ടായപ്പോള്‍ ഇതും ചോളവും ചേര്‍ത്ത് കഴിക്കാന്‍ റസൂലുല്ലാഹി ﷺ നിര്‍ദ്ദേശിച്ചു. (തിര്‍മിദി)
30. കരിഞ്ചീരക എണ്ണ. കരിഞ്ചീരകം ഇഷ്ടമായിരുന്നുവെന്ന് പറഞ്ഞുകഴിഞ്ഞു.
31. ബാര്‍ലി. റസൂലുല്ലാഹി ﷺ വീട്ടുകാര്‍ക്ക് പനിയുടെ സമയത്ത് ബാര്‍ലി ഗോതമ്പ് കലക്കി കുടിപ്പിക്കുമായിരുന്നു. റസൂലുല്ലാഹി ﷺ അരുളി: ഇത് ദുഃഖിതന്‍റെ മനസ്സിന് ശക്തി പകരുന്നതും രോഗിയുടെ നെഞ്ച് വേദന ദൂരീകരിക്കുന്നതുമാണ്. (ഇബ്നുമാജ:)
32. ശവായി. ചുട്ട മാംസം റസൂലുല്ലാഹി ﷺ ഭക്ഷിച്ചു. (തിര്‍മിദി)
33. നെയ്യ്. ഒരു യഹൂദി റസൂലുല്ലാഹി ﷺ യെ ക്ഷണിച്ച് റൊട്ടിയും കൊഴുപ്പും നല്‍കി.
34. സുഗന്ധം. റസൂലുല്ലാഹി ﷺ അരുളി: ഈ ലോകത്ത് എനിക്ക് ഭാര്യമാരും സുഗന്ധവും പ്രിയപ്പെട്ടതാണ്.
35. തേന്‍. റസൂലുല്ലാഹി ﷺ അരുളി: ആരെങ്കിലും ഓരോ മാസവും മൂന്ന് പ്രഭാതങ്ങളില്‍ തേന്‍ കുടിച്ചാല്‍ അവന് വലിയ രോഗങ്ങളൊന്നും ഉണ്ടാകുന്നതല്ല.
37. അജ്വ. ഇത് മദീനാ മുനവ്വറയിലെ ഒരു പ്രത്യേകതരം കാരയ്ക്കയാണ്. റസൂലുല്ലാഹി ﷺ അരുളി: അജ്വ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളതാണ്. അത് എല്ലാ വിഷങ്ങള്‍ക്കും ഔഷധമാണ്. (നസാഈ)
38. ഊദ്. ഇത് രണ്ട് വിഭാഗമുണ്ട്. 1. മരുന്നില്‍ ചേര്‍ക്കുന്നത്. റസൂലുല്ലാഹി ﷺ അരുളി: ഇത് ഏറ്റവും ഉത്തമ മരുന്നാണ്. (ബുഖാരി). 2. സുഗന്ധത്തിന് ഉപയോഗിക്കുന്നത്. റസൂലുല്ലാഹി ﷺ ഇത് കത്തിച്ച് മണത്തുമായിരുന്നു. (മുസ്ലിം)
39. ഖിസ്സാഅ്. കക്കരി. റസൂലുല്ലാഹി ﷺ ഇതും ഈത്തപ്പഴവും ചേര്‍ത്ത് കഴിക്കുമായിരുന്നു.
40. കൂണ്‍. റസൂലുല്ലാഹി ﷺ അരുളി: കൂണ്‍ ബനൂഇസ്റാഈലില്‍ ഇറക്കപ്പെട്ട മന്ന് പോലെയാണ്. (വില കുറഞ്ഞതും പ്രയോജനം കൂടിയതുമാണ്.) അതിന്‍റെ നീര് കണ്ണിന് ഔഷധമാണ്. (ബുഖാരി)
41. കബ്ബാസ്. (അറാക്ക്). ഒരിക്കല്‍ സ്വഹാബത്ത് ഇത് പറിക്കാന്‍ കാട്ടിലേക്ക് പോയപ്പോള്‍ കറുത്തത് പറിക്കുക, അത് ഉത്തമമാണ് എന്ന് കല്‍പ്പിച്ചു.
42. മാംസം. റസൂലുല്ലാഹി ﷺ അരുളി: സ്വര്‍ഗ്ഗ വാസികളുടെ ഉന്നത ആഹാരം മാംസമാണ്. റസൂലുല്ലാഹി ﷺ മാംസം ഉണക്കുകയും ഉണങ്ങിയ മാംസം ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കോഴിയിറച്ചി ഭക്ഷിച്ചിട്ടുണ്ട്.
43. പാല്‍. റസൂലുല്ലാഹി ﷺ അരുളി: പാല് പോലെ ആഹാരവും പാനീയവും ഒത്ത് ചേര്‍ന്ന ഒന്നും എനിക്ക് അറിയില്ല. റസൂലുല്ലാഹി ﷺ പാല് കുടിക്കുകയും വെള്ളം കൊണ്ട് വായ കഴുകുകയും ചെയ്തു.
44. ജലം. ശുദ്ധ ജലം റസൂലുല്ലാഹി ﷺ ക്ക് വളരെ ഇഷ്ടമായിരുന്നു. സയ്ഹാന്‍, ജയ്ഹാന്‍, നയ്ല്, ഫുറാത്ത് എന്നീ നദികളെ വാഴ്ത്തി പറഞ്ഞിട്ടുണ്ട്. പണ്ഡിതര്‍ പറയുന്നു: ഇവയുടെ ജലം ശുദ്ധവും സുന്ദരവുമാണ്. സംസം ജലത്തെ കുറിച്ച് പറഞ്ഞു: സംസം എന്ത് ഉദ്ദേശത്തില്‍ പാനം ചെയ്യുമോ അത് ലഭിക്കുന്നതാണ്. (ഇബ്നുമാജ:)
45. കസ്തൂരി. റസൂലുല്ലാഹി ﷺ അരുളി: കസ്തൂരി ഏറ്റവും നല്ല സുഗന്ധമാണ്. (മുസ്ലിം)
46. ഉപ്പ്. റസൂലുല്ലാഹി ﷺ അരുളി: ഉപ്പ് ആഹാരങ്ങളുടെ നേതാവാണ്. (ഇബ്നുമാജ:)
47. ചുണ്ടാമ്പ്. റസൂലുല്ലാഹി ﷺ രോമം ദൂരീകരിക്കാന്‍ ഇത് ഉപയോഗിച്ചിട്ടുണ്ട്. (ഇബ്നുമാജ:)
48. ബനഖ്. (പ്ലം). റസൂലുല്ലാഹി ﷺ അരുളി: ആദം നബി (അ) ഭൂമിയിലേക്ക് വന്നപ്പോള്‍ ആദ്യമായി ഭക്ഷിച്ചത് ഇതാണ്. (അബൂ നുഐം.)
49. വര്‍സ്. തളര്‍വാദത്തിന് ഇതും ഒലിവെണ്ണയും ചേര്‍ത്ത് ഉപയോഗിക്കാന്‍ റസൂലുല്ലാഹി ﷺ നിര്‍ദ്ദേശിച്ചു.
50. ചുരയ്ക്ക. റസൂലുല്ലാഹി ﷺ പാത്രത്തില്‍ നിന്നും ചുരയ്ക്ക പ്രത്യേകം എടുത്ത് കഴിക്കുമായിരുന്നു. (ബുഖാരി.) ഇവകള്‍ റസൂലുല്ലാഹി ﷺ യുടെ ആഹാരങ്ങളാണ്. റസൂലുല്ലാഹി ﷺ മൂന്ന് വിരലുകള്‍ കൊണ്ടാണ് ഭക്ഷിച്ചിരുന്നത്. ആഹാരം കഴിച്ചതിന് ശേഷം വിരലുകള്‍ വൃത്തിയാക്കുമായിരുന്നു. ശുദ്ധ ജലവും തണുത്ത വെള്ളവും പാനം ചെയ്തിരുന്നു. മൂന്ന് മടക്കായും ഇരുന്നുമാണ് പാനം നടത്തിയിരുന്നത്.
51. വസ്ത്രങ്ങള്‍. റസൂലുല്ലാഹി ﷺ യുടെ സാധാരണ വസ്ത്രം മുണ്ടും നീളക്കുപ്പായവും തലപ്പാവുമായിരുന്നു. വെളുത്ത വസ്ത്രം വളരെ ഇഷ്ടമായിരുന്നു. കറുത്ത വസ്ത്രവും ധരിച്ചിട്ടുണ്ട്. ലളിതമായ വസ്ത്രമാണ് ധരിച്ചിരുന്നത്. ഇടയ്ക്ക് കൂടിയ വസ്ത്രവും ധരിച്ചിട്ടുണ്ട്. തൊപ്പി ധരിച്ച് മുകളില്‍ തലപ്പാവ് ധരിച്ചിരുന്നു. ചിലപ്പോള്‍ തൊപ്പി മാത്രവും, ചിലപ്പോള്‍ തലപ്പാവ് മാത്രവും ധരിച്ചിരുന്നു. റസൂലുല്ലാഹി ﷺ പൈജാമ വാങ്ങുകയുണ്ടായി. ഒരു രിവായത്തില്‍ ധരിച്ചു എന്നും വന്നിരിക്കുന്നു. വരയുള്ള പുതപ്പ് ഇഷ്ടമായിരുന്നു. പച്ചയും കറുപ്പും ചുമപ്പുമായ വരകളുള്ള വസ്ത്രം ധരിച്ചിട്ടുണ്ട്. തലയിണ തോല് കൊണ്ടുള്ളതായിരുന്നു. അതിനുള്ളില്‍ ഈന്തപ്പനയുടെ നാരുകള്‍ നിറയ്ക്കപ്പെട്ടിരുന്നു. തോല്‍വിരി, കട്ടില്‍, കമ്പിളി വിരി എന്നിവയില്‍ വിശ്രമിച്ചിരുന്നു. ചിലപ്പോള്‍ തറയില്‍ കിടക്കുമായിരുന്നു. തോല് കൊണ്ടുള്ള ഒരു മെത്തയുണ്ടായിരുന്നു. അതില്‍ ഈന്തപ്പന നാരുകള്‍ നിറയ്ക്കപ്പെട്ടിരുന്നു. റസൂലുല്ലാഹി ﷺ പുതപ്പ് പുതച്ചിരുന്നു. ചെരുപ്പും ഖുഫ്ഫും ധരിക്കുമായിരുന്നു.
52. റസൂലുല്ലാഹി ﷺ ക്ക് ഏഴ് കുതിരകള്‍ ഉണ്ടായിരുന്നു. അവയുടെ പേരുകള്‍: സക്കബ്, മുര്‍ജിസ്, ലഹീഫ്, ലസാസ്, ളര്‍ബ്, സബ്ഹ, വര്‍ദ്. അഞ്ച് കോവര്‍ കഴുതകളുണ്ടായിരുന്നു. ദുല്‍ദുല്‍, ഫിള്ള, ഒരു വെളുത്ത കോവര്‍ കഴുത, ദൗമത്തുല്‍ ജന്തല്‍ രാജാവ് കൊടുത്ത മറ്റൊന്ന്, നജ്ജാശി രാജാവ് കൊടുത്ത വേറൊന്ന്. യാത്രയ്ക്ക് മൂന്ന് ഒട്ടകങ്ങളുണ്ടായിരുന്നു. ഖസ്വാഅ്, അള്ബാഅ്, ജദ്ആഅ്. പാല് കറക്കാന്‍ നാല്‍പ്പത്തി അഞ്ച് ഒട്ടകങ്ങളും നൂറ് ആടുകളും ഉപയോഗിച്ചിട്ടുണ്ട്. (സാദുല്‍ മആദ്)
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment