Thursday, May 7, 2020

3. ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ (റഹ്)


ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ (റഹ്). 
- കാഞ്ഞാര്‍ പി.പി. ഇസ്ഹാഖ് ഖാസിമി  
https://swahabainfo.blogspot.com/2020/05/3_7.html?spref=tw 
സത്യവിശ്വാസികളില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ട് പോകാത്തതെന്തുകൊണ്ട്. (പുറപ്പെട്ട് പോകണം) ആ സംഘങ്ങള്‍ ദീന്‍ പഠിക്കുകയും അവര്‍ അവരുടെ ജനതയില്‍ മടങ്ങി എത്തുമ്പോള്‍ അവരെ ദീനിയായി ബോധവാന്മാരാക്കിത്തീര്‍ക്കുകയം ചെയ്യണം. എങ്കില്‍ അവരെല്ലാവരും (ദീന്‍ പഠിച്ചവരും, ജനതയും) ദീനിയായ സൂക്ഷ്മതയുള്ളവരായിത്തീരുന്നതാണ്. (സൂറത് തൗബ: 122)
വിശുദ്ധ ഖുര്‍ആനിലെ ഉപരിസൂചിത ആയത്ത് ജീവിത യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാന്‍ അവസരം ലഭിച്ച സൗഭാഗ്യവാനായ പണ്ഡിത കേസരിയാണ് അല്‍ഹാജ് കാഞ്ഞാര്‍ മൂസാ മൗലാനാ (റ). 
ഇടുക്കി ജില്ലയിലെ കാഞ്ഞാറില്‍ മുഹമ്മദ്-ഫാത്വിമ ദമ്പതികളുടെ മകനായി 1930-ലാണ് മൗലാനാ അവര്‍ക ളുടെ ജനനം. പിതാവ് തഖ് വയുള്ള ആലിമും തികഞ്ഞ ത്യാഗ മനഃസ്ഥിതിയോടെ ദീനീ സേവനരംഗത്ത് നിലയുറപ്പിച്ച മഹാനുമായിരുന്നു. കാഞ്ഞാറിലെ മുസ്ലിംകളില്‍ ദീനീബോധം നിലനില്‍ക്കാന്‍ മഹാനവര്‍കളുടെ ത്യാഗപരിശ്രമങ്ങള്‍ വലിയ പങ്ക് വഹിച്ചിരുന്നു. തന്‍റെ മകനും തന്‍റെ പാത തന്നെ തെരഞ്ഞെടുക്കണമെന്ന നിര്‍ബന്ധബുദ്ധി സൗഭാഗ്യവാനായ ആ പിതാവിനുണ്ടായിരുന്നു. പിതാവിന്‍റെ ഈ നിര്‍ബന്ധ ബുദ്ധിയാണ് പില്‍ക്കാലത്ത് വലിയ സൗഭാഗ്യ-സന്തോഷങ്ങള്‍ക്ക് അര്‍ഹനായിത്തീര്‍ന്ന മൗലാനാ അവര്‍കളുടെ ഭാഗ്യനക്ഷതം തെളിയുന്നതിന് ഇദംപ്രഥമമായ കാരണം. 
ദക്ഷിണകേരളത്തിലെ ദീനീ വിജ്ഞാന കേന്ദ്രമായിരുന്ന ഈരാറ്റുപേട്ടയിലാണ് മൗലാനാ അവര്‍കള്‍ ദീനീ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. കേരളത്തിലെ ആദ്യത്തെ ദേവ്ബന്ദീ ആലിം മൗലാനാ മുസ്തഫാ ആലിം സാഹിബ് (റഹ്) അവര്‍കളായിരുന്നു പ്രധാന ഗുരുവര്യന്‍. തുടര്‍ന്ന് തമിഴ്നാട്ടിലെ നീടൂരിലെത്തി പഠനം തുടര്‍ന്നു. അവിടെ നിന്ന് ലാല്‍പേട്ട മമ്പഉല്‍ അന്‍വാറിലെത്തി. തെന്നിന്ത്യയിലെ പ്രധാനപ്പെട്ട ആലിമും സൂഫിവര്യനുമായിരുന്ന അമാനി ഹസ്രത്ത് (ന:മ) അവര്‍കളുടെ ശിഷ്യത്വം സ്വീകരിച്ചു. ലാല്‍പേട്ടയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കുന്നത് വരെ അമാനി ഹസ്രത്തവര്‍കളുടെ പ്രധാന സേവകന്‍ (ഖാദിം) കൂടിയായിരുന്നു മൗലാനാ അവര്‍കള്‍. തന്‍റെ ഉസ്താദുമാരായ മുസ്ത്വഫാ ഹസ്രത് (റ), അമാനി ഹസ്രത് (റ) ഈരാറ്റുപേട്ടയിലെ ദര്‍സ് മുതവല്ലി, ഈരാറ്റുപേട്ടയില്‍ തനിക്കാഹാരം നല്‍കിയ വീട്ടുകാര്‍ എന്നിവരെ സംബന്ധിച്ചെല്ലാം നല്ലത് മാത്രം പറയുകയെന്നത് മൗലാനാ അവര്‍കളുടെ പതിവായിരുന്നു. 
ലാല്‍പേട്ട മമ്പഉല്‍ അന്‍വാറില്‍ ബിരുദപഠനം നടത്തുന്ന കാലയളവില്‍ ഡല്‍ഹി നിസാമുദ്ദീന്‍ ബംഗ്ലാവാലി മസ്ജിദില്‍ നിന്ന് തബ് ലീഗ് പ്രവര്‍ത്തനത്തിന്‍റെ പേരില്‍ തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ ജമാഅത്തുകള്‍ എത്തിയിരുന്നു. തെന്നിന്ത്യയില്‍ തബ് ലീഗ് പ്രവര്‍ത്തനത്തിന്‍റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഇദംപ്രഥമമായി രംഗത്ത് വന്ന ഉലമാ പ്രമുഖരില്‍ പ്രധാനിയായിരുന്നു മഹാനായ അമാനി ഹസ്രത്ത് (റ) അവര്‍കള്‍. ദീനിന്‍റെ പേരില്‍ എത്തുന്ന ഈ ജമാഅത്തുകള്‍ ലാല്‍പേട്ട മമ്പഉല്‍ അന്‍വാറില്‍ വരുന്നതും തന്‍റെ ഗുരുവര്യന്‍ അവരെ സ്വീകരിക്കുന്നതുമെല്ലാം മൗലാനാ അവര്‍കളുടെ ഹൃദയത്തെ ഹഠാദാകര്‍ഷിച്ചിരുന്നതായി പില്‍ക്കാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. ലാല്‍പേട്ടയില്‍ നിന്ന് 'മമ്പഈ' ബിരുദം നേടി മൗലാനാ അവര്‍കള്‍ കാഞ്ഞാറിലെത്തി. ബിരുദം നേടി നാട്ടില്‍ തിരിച്ചെത്തിയ തനിക്ക് തന്‍റെ നാട്ടുകാരായ മുസ്ലിംകള്‍ നല്‍കിയ ഉയര്‍ന്ന സ്വീകരണമായിരുന്നു മൗലാനയെക്കൊണ്ട് മഹല്ലിലെ മസ്ജിദില്‍ ദര്‍സ് തുടങ്ങാനുള്ള അവരുടെ തീരുമാനം. ദര്‍സ് തുടങ്ങി അതിന്‍റെ പ്രവര്‍ത്തനം മുമ്പോട്ട് നീങ്ങുന്നതിനിടയിലാണ് മൗലാനാ റഹ് മതുല്ലാഹ് സാഹിബ് (റ), മിയാന്‍ജി ഈസാ സാഹിബ് തുടങ്ങി ഡല്‍ഹി മര്‍ക്കസിലെ പ്രധാന പ്രവര്‍ത്തകരുടെ ഒരു ജമാഅത്ത് തൊടുപുഴയിലെത്തുന്നത്. ദീനീരംഗത്ത് ഉയരങ്ങളിലേക്ക് പറന്നുയരാന്‍ റബ്ബ് നല്‍കിയ സൗഭാഗ്യത്തിന്‍റെ ഒരു സന്ദര്‍ഭമായിരുന്നു അത്. 
തൊടുപുഴ നിവാസികള്‍ക്ക് സുസമ്മതനായിരുന്നു ശൈഖ് മുഹമ്മദ് കൂത്താരി (തൊടുപുഴ ഹസ്രത്ത്) അവര്‍കളുടെ ഇമാറത്തില്‍ തൊടുപുഴ കേന്ദ്രമായി തബ്ലീഗ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. ദാരിദ്രത്തിന്‍റെ നെല്ലിപ്പലകയിലെത്തി നില്‍ക്കുന്ന മൗലാനാ തന്‍റെ ജീവിത സാഹചര്യങ്ങളെ സംബന്ധിച്ച് ചിന്തിക്കാതെ മുസ്ലിം ഉമ്മത്തിന്‍റെ അധ:പതനത്തിന് സിദ്ധൗഷധമെന്ന് മഹാന്മാര്‍ വിശേഷിപ്പിച്ച അമലിന്‍റെ മുഖ്യധാരയില്‍ ഒരു ഇളകാത്ത കണ്ണിയായി തന്നെ വിളക്കിച്ചേര്‍ത്തു. പ്രവര്‍ത്തനരംഗത്ത് മുന്‍നിരയില്‍ മൗലാനാ അവര്‍കളായിരുന്നു. നാലുമാസത്തെ ജമാഅത്തുമായി ഡല്‍ഹി നിസാമുദ്ദീനിലേക്ക് പുറപ്പെടാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലായിരുന്നു വിവാഹാലോചന. കാഞ്ഞാറിലെ പ്രധാന കുടുംബക്കാരനായ അഹ് മദ് സാഹിബിന്‍റെ മകള്‍ ആഇശ ബീവിയായിരുന്നു വധു. തൊടുപുഴ കാരിക്കോട് നൈനാര്‍ മസ്ജിദില്‍ തബ് ലീഗിന്‍റെ പേരില്‍ ഒരു സമ്മേളനം നടന്നു. സമ്മേളനത്തില്‍ വെച്ച് തൊടുപുഴ ഹസ്രത്ത് അവര്‍കള്‍ നികാഹ് നടത്തിക്കൊടുത്തു. നിക്കാഹ് നടന്ന് സമ്മേളനവും കഴിഞ്ഞ് ഭാര്യാപിതാവിനെയും കൂട്ടി മൗലാനാ അവര്‍കള്‍ നാലുമാസ ജമാഅത്തിന് പുറപ്പെട്ടു. തന്‍റെ പ്രിയതമന്‍റെ ഇല്ലായ്മകളും വല്ലായ്മകളും കേട്ടറിഞ്ഞ് സഹധര്‍മ്മിണി യാത്രയില്‍ ഉപകരിക്കുന്നതിന് ചെറുതെങ്കിലും തന്‍റെ കൈവശമുണ്ടായിരുന്ന സമ്പത്തും നല്‍കിയാണ് പ്രിയതമനെ യാത്രയാക്കിയത്. അവരുടെ ആ ത്യാഗം റബ്ബ് പാഴാക്കിയില്ല. ദീനിയായ, ദുന്‍യവിയായ വലിയ സന്തോഷങ്ങള്‍ക്ക് പില്‍ക്കാലത്ത് നാഥന്‍ അവസരം നല്‍കി അവരെ അനുഗ്രഹിച്ചു. നാലുമാസം പൂര്‍ത്തിയാക്കി മൗലാനാ അവര്‍കള്‍ നാട്ടില്‍ മടങ്ങിയെത്തി. താന്‍ എത്തുന്നതിന് ഒരാഴ്ച മുമ്പ് തന്‍റെ ബഹുമാന്യനായ പിതാവ് റബ്ബിന്‍റെ നിശ്ചയമനുസരിച്ച് വഫാത്തായി കഴിഞ്ഞിരുന്നു. ആ മഹാനുഭാവന്‍റെ ഖബറിനെ റബ്ബ് എന്നെന്നും വെളിച്ചമുള്ള താക്കിത്തീര്‍ക്കട്ടെ.! ആമീന്‍.
- നാലുമാസത്തെ ജമാഅത്ത് പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങിയെത്തിയ മൗലാനാ അവര്‍കള്‍ തബ് ലീഗ് പ്രവര്‍ത്തനത്തില്‍ പരിപൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനിടയില്‍ ഔപചാരികമായി തുടങ്ങിയ ദര്‍സ് താല്‍ക്കാ ലികമായി മുടങ്ങിയെങ്കിലും തബ് ലീഗ് പ്രവര്‍ത്തനം കാഞ്ഞാറില്‍ ദീനിയായ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. പില്‍ക്കാലത്ത് മൗലാനാ അവര്‍കളുടെ മേല്‍നോട്ടത്തില്‍ തന്നെ ഫത്ഹുദ്ദീന്‍ തങ്ങള്‍ അല്‍ ഖാസിമി അസ്ഹരി, മര്‍ഹൂം പാടൂര്‍ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയ പ്രഗത്ഭമതികളെക്കൊണ്ട് ഏറെക്കാലം ആ ദര്‍സ് നടക്കുകയുണ്ടായി. സ്ത്രീകളിലും പുരുഷന്മാരിലും നമസ്കാരത്തിന്‍റെ ശതമാനം നൂറിനോടടുത്തു. വയോവൃദ്ധന്മാര്‍ വരെ മസ്ജിദില്‍ വന്ന് ദീനിയായ ഉലൂമുകള്‍ പഠിക്കുന്ന സ്ഥിതി സംജാതമായി. തൊടുപുഴ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പട്ടംകോളനി, കുമളി ഭാഗങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചു. ഹസ്രത്ജി മൗലാനാ മുഹമ്മദ് യൂസുഫ് (റഹ്) അവര്‍കളുടെ നിര്‍ദ്ദേശാനുസരണം മൗലാനാ റഹ് മത്തുല്ലാഹ് സാഹിബ് (റഹ്) അവര്‍കളും മൗലാനാ അവര്‍കളോടൊപ്പം എത്തിയിരുന്നു. പ്രവര്‍ത്തനത്തില്‍ ആവേശം അലതല്ലുന്ന സമയം. മഹാനവര്‍കള്‍ മൗലാനാ അവര്‍കളെ ഉപദേശിച്ചു. ആവേശപ്രകടനങ്ങള്‍ താല്‍ക്കാലികമാണ്. ഉമ്മത്തിന് സിദ്ധൗഷധമായ ഈ "അമല്‍' മഹാന്മാരുമായുള്ള സുഹ്ബത്ത്-സുലൂക്കിലൂടെ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. നാലു മാസത്തെ ജമാഅത്ത് തയ്യാറാക്കി നിസാമുദ്ദീനിലെത്തി. ഹസ്രത്ജി (റഹ്) യുടെ തര്‍ബിയത്തില്‍ ദാഇയുടെ സിഫാത്തുകള്‍ ഉണ്ടാക്കിയെടുക്കണം. പട്ടിണിയും പരിവട്ടവുമായി ഇഴഞ്ഞു നീങ്ങുന്ന കുടുംബ സാഹചര്യം നാലുമാസ ഡല്‍ഹി യാത്രയെ സംബന്ധിച്ച് ചിന്തിക്കാവുന്നതായിരുന്നില്ല. ആ സന്ദര്‍ഭം ക്ഷമയുടെ പര്യായമായിരുന്ന തന്‍റെ സഹധര്‍മ്മിണി, പ്രവര്‍ത്തനരംഗത്ത് തനിക്ക് പിന്‍ബലമായി മാറിയ വിരലിലെണ്ണാവുന്ന (അവരില്‍ അധികവും അറിയപ്പെടാത്തവര്‍) സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ പ്രചോദനം തന്‍റെ സൗഭാഗ്യനക്ഷത്രം തെളിയാന്‍ തുടങ്ങുന്ന ഈ സമയത്തെ മൗലാനാ അവര്‍കള്‍ക്ക് പിടിവള്ളിയായി. തന്നെയും തന്‍റെ കുടുംബത്തെയും അല്ലാഹുവില്‍ അര്‍പ്പിച്ച് നാലു മാസ നിയ്യത്തില്‍ മൗലാനാ അവര്‍കള്‍ നിസാമുദ്ദീനിലെത്തി. ഹസ്രത്ജി മൗലാനാ മുഹമ്മദ് യൂസുഫ് (റഹ്) അവര്‍കളുടെ സുഹ്ബത്തില്‍ ദിവസങ്ങള്‍ നീങ്ങി. മൗലാനാ അവര്‍കളുടെ ഇല്‍മിയായ യോഗ്യത, ദഅ്വത്തിന്‍റെ വഴിയില്‍ അത്യാവശ്യമായ ത്യാഗസന്നദ്ധത, ഇസ്തിഗ്നാഅ് (ആരോടും ഒന്നും ചോദിക്കാത്ത സ്വഭാവം), ഉയര്‍ന്ന ഹിമ്മത്ത് (ആത്മധൈര്യം) തുടങ്ങിയ മഹല്‍ ഗുണങ്ങള്‍ ഹസ്രത്ജി (റഹ്) അവര്‍കള്‍ക്ക് ബോദ്ധ്യപ്പെട്ടു. പ്രവര്‍ത്തനത്തില്‍ തഴക്കം ചെന്ന പ്രധാനികളോടൊപ്പം 'മേവാത്' ഭാഗത്തേക്ക് മൗലാനാ അവര്‍കളെ ഹസ്രത്ജി (റഹ്) അവര്‍കള്‍ നാലുമാസത്തേക്ക് യാത്രയാക്കി. മൗലാനാ തന്‍റെ ഇല്ലായ്മ ആരുമറിയാതെ, ആരെയുമറിയിക്കാതെ നാലുമാസം പൂര്‍ത്തിയാക്കി നിസാമുദ്ദീനില്‍ മടങ്ങി എത്തി. ജമാഅത്ത് പൂര്‍ത്തിയാക്കിയവര്‍ മടങ്ങിപ്പോകാം എന്ന് വിചാരിക്കുക സ്വാഭാവികം മാത്രം. 
ജമാഅത്ത് മടങ്ങി എത്തിയതിനടുത്ത ദിവസം ഹസ്രത്ജി (റഹ്) അവര്‍കള്‍ ബയാനിന് ശേഷം തഷ്കീലിന്‍റെ സമയത്ത് ഇപ്രകാരം ചോദിച്ചു: അല്ലാഹുവാണ് കാര്യങ്ങള്‍ നടത്തുന്നവന്‍. സബബില്ലാതെയും കാര്യങ്ങള്‍ നടത്താന്‍ അല്ലാഹു കഴിവുള്ളവനാണ്, ഒരു പൈസ പോലും കൈവശമില്ലാതെയും അല്ലാഹു കാര്യങ്ങള്‍ നടത്തുമെന്നും അല്ലാഹു സഹായിക്കുമെന്നുമുള്ള ഉറച്ച യഖീനോടെ ദീനിന്‍റെ മാര്‍ഗ്ഗത്തില്‍ അടുത്ത നാലുമാസത്തേക്ക് ഉടനെ പുറപ്പെട്ട് പോകാന്‍ നിങ്ങളില്‍ ആരെല്ലാം സന്നദ്ധരാണ്.? മൗലാനായുടെ സൗഭാഗ്യത്തിന്‍റെ സമയമായിരുന്നു. നയാ പൈസ പോലും കൈവശമില്ലാതെ മൗലാനാ അവര്‍കള്‍ അടുത്ത നാലുമാസത്തേക്ക് പേര് കൊടുത്തു. സൗഭാഗ്യവാന്മാരുടെ ജമാഅത്ത് ഉടനെ തയ്യാറായി. ഹസ്രത്ജി അവര്‍കള്‍ ദുആ ചെയ്ത് അവരെ യാത്രയയച്ചു. ഇത് തര്‍ബിയത്ത്, സുലൂക്കിന്‍റെ വഴിയിലുള്ള ഉയര്‍ന്ന പദവിയാണെന്നാണ് മഹാന്മാരുടെ അഭിപ്രായം. സൗഭാഗ്യവാന്മാരായ അവര്‍ അല്ലാഹുവിന്‍റെ അദ്യശ്യമായ സഹായങ്ങള്‍ നേരില്‍ കണ്ട് നാലുമാസം പൂര്‍ത്തിയാക്കി നിസാമുദ്ദീനില്‍ മടങ്ങിയെത്തി. ഹസ്രത്ജി (റഹ്) അവര്‍കള്‍ വലിയ സന്തോഷത്തോടെ ജമാഅത്തിനെ സ്വീകരിച്ചു. അവരില്‍ ഓരോരുത്തരെയും ഓരോ പ്രദേശങ്ങളില്‍ പ്രവര്‍ത്തനം ഹയാത്താക്കുന്ന ചുമതല നല്‍കി യാത്രയാക്കി. കേരളത്തിന്‍റെ പ്രത്യേക ചുമതല നല്‍കി പ്രത്യേകം ദുആ ചെയ്ത് മൗലാനാ അവര്‍കളെ ഹസ്രത്ജി അവര്‍കള്‍ യാത്രയാക്കി. 
മൗലാനാ നാട്ടില്‍ മടങ്ങിയെത്തി. കാഞ്ഞാര്‍ ഉള്‍പ്പെടെ പ്രവര്‍ത്തനം നടന്നിരുന്ന എല്ലാ സ്ഥലങ്ങളിലും പ്രവര്‍ത്തനം മന്ദീഭവിച്ചിരുന്നു. ആത്മധൈര്യം കൈവെടിയാതെ മൗലാനാ കര്‍മ്മ നിരതനായി. ഹസ്രത്ജി (റഹ്) അവര്‍കളുടെ ദുആയുടെ ബര്‍ക്കത്ത്, ചുരുങ്ങിയ സമയത്തിനുള്ളില്‍ പഴയ സ്ഥലങ്ങളിലെല്ലാം പ്രവര്‍ത്തനം സജീവമായി. മാത്രവുമല്ല ഇടുക്കി, കോട്ടയം ജില്ലകളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന പ്രവര്‍ത്തനം തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലേക്കും വ്യാപിച്ചു. തമിഴ്നാട്ടിലെ ദിണ്ടുക്കല്‍ മര്‍ക്കസുമായി ബന്ധപ്പെട്ടാണ് അന്ന് മുഷാവറകള്‍ നടന്നിരുന്നത്. തെക്കന്‍ കേരളത്തില്‍ എല്ലാ ഭാഗത്തും പ്രവര്‍ത്തനം ഹയാത്തായപ്പോള്‍ മലബാറിനെ സംബന്ധിച്ചായി മൗലാനായുടെ ചിന്ത. തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തില്‍ നിന്ന് മൗലാനാ അവര്‍കളോടൊപ്പം ഒരു 'പൈതല്‍ ജമാഅത്ത്' (കാല്‍ നടയായി പ്രവര്‍ത്തിക്കുന്നത്) മലബാറിലേക്ക് പുറപ്പെട്ടു. ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, പെരിന്തല്‍മണ്ണ, മഞ്ചേരി, കോഴിക്കോട് വഴി കണ്ണൂര്‍, തളിപ്പറമ്പ് ഭാഗത്തേക്ക് പുറപ്പെട്ട് വലിയ ത്യാഗത്തില്‍ നാലുമാസം പ്രവര്‍ത്തിച്ച ജമാഅത്തായിരുന്നു അത്. മഞ്ചേരിയില്‍ ജമാഅത്ത് എത്തി. മഞ്ചേരി സെന്‍ട്രല്‍ മസ്ജിദ് മുദര്‍രിസ് മര്‍ഹൂം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ മൗലാനാ അവര്‍കളെ വ്യക്തിപരമായി അറിയുന്നതിന്‍റെ പേരില്‍ മസ്ജിദിന്‍റെ വരാന്തയില്‍ ജമാഅത്തിന് സ്ഥലം അനുവദിച്ചു. മസ്ജിദിന്‍റെ സമീപത്ത് ഒരു കഞ്ഞി ഹോട്ടല്‍ ഉണ്ടായിരുന്നു. ആ ഹോട്ടലില്‍ നിന്ന് കഞ്ഞി വാങ്ങിക്കൊണ്ട് വന്ന് മസ്ജിദിന്‍റെ വരാന്തയിലിരുന്നു കുടിച്ച് ജമാഅത്ത് മഞ്ചേരിയില്‍ പ്രവര്‍ത്തിച്ചു. മുദര്‍രിസ് അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ അവര്‍കളുടെ ഖബ്റിനെ അല്ലാഹു വെളിച്ചമാക്കിക്കൊടുക്കട്ടെ.! മഹാന്‍റെ നല്ല സമീപനത്തിന്‍റെ പേരില്‍ മഞ്ചേരിയില്‍ പ്രവര്‍ത്തനത്തിന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നില്ല. മഞ്ചേരിയില്‍ നിന്ന് ജമാഅത്ത് കോഴിക്കോടെത്തി. ഇഷാഅ് നമസ്കാരം കഴിഞ്ഞു. ജമാഅത്തിന് മസ്ജിദില്‍ 'ഖിയാമി' (താമസം) ന് അനുമതി ലഭിച്ചില്ല. അടുത്ത മസ്ജിദിലെത്തി. അവിടെയും അനുമയില്ല. അടുത്തടുത്ത് മസ്ജിദുകളുള്ള കോഴിക്കോട് പട്ടണത്തിലെ ഓരോ മസ്ജിദുകളുടെ വാതിലുകളില്‍ മാറിമാറി മുട്ടിയെങ്കിലും ഒരു വാതിലും തുറന്നില്ല. തഹജ്ജുദിന്‍റെ സമയമായി. ഒരു മസ്ജിദ് തുറന്നിരുന്നു. ജമാഅത്ത് മസ്ജിദില്‍ പ്രവേശിച്ച് തഹജ്ജുദ് നമസ്കരിച്ചു. സുബ്ഹി ബാങ്ക് വരെ തല ചായ്ക്കാമെന്ന് എല്ലാവരും ആശിച്ചു. ഉടനെ അവിടെ നിന്നിറങ്ങണമെന്ന് കല്‍പ്പന വന്നു. ജമാഅത്ത് അവിടെ നിന്നിറങ്ങി അടുത്ത മസ്ജിദിലെത്തിയപ്പോള്‍ സുബ്ഹ് ബാങ്ക് കൊടുത്തു കഴിഞ്ഞിരുന്നു. വിവിധ ആശയക്കാര്‍ വസിക്കുന്ന കോഴിക്കോട് നഗരത്തിലെ എതിര്‍പ്പിന്‍റെ അവസ്ഥ ഇതായിരുന്നെങ്കില്‍ ഗ്രാമപ്രദേശങ്ങളിലെ എതിര്‍പ്പിന്‍റെ തീവ്രത നമുക്ക് ഊഹിക്കാമല്ലോ. കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും ജമാഅത്ത് നാലുമാസം പൂര്‍ത്തിയാക്കി മടങ്ങി. ദഅ്വത്തിന്‍റെ വിത്ത് പാകിയാണ് ആ ജമാഅത്ത് മലബാറില്‍ നിന്ന് മടങ്ങിയതെന്ന് ദഅ്വത്തിന്‍റെ വഴിയില്‍ പില്‍ക്കാലത്തുണ്ടായ മാറ്റങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു. 
സുമാര്‍ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ തുടങ്ങിയ ത്യാഗം എഴുപത്തിരണ്ടാമത്തെ വയസില്‍ രോഗബാധി തനാകുന്നത് വരെ മൗലാനാ അഭംഗുരം തുടര്‍ന്നു. 'ത്യാഗനിരതമായ അരനൂറ്റാണ്ട് എന്നാണ് ഈ കാലയളവിനെ നമുക്ക് വിശേഷിപ്പിക്കാന്‍ സാധിക്കുന്നത്. രാത്രിയും പകലും നോക്കാതെ, വെയിലും മഴയും പരിഗണിക്കാതെ കേരളത്തിന്‍റെ മുക്കിലും മൂലയിലും ദീനിന്‍റെ പുണ്യമായ പരിശ്രമത്തിന്‍റെ പേരില്‍ മൗലാനാ അവര്‍കളെത്തി. അല്ലാഹുവിന്‍റെ പ്രത്യേകമായ സഹായം ഓരോ സന്ദര്‍ഭങ്ങളിലും മഹാനവര്‍കള്‍ക്ക് തുണയായിരുന്നു. ത്യാഗത്തെ അല്ലാഹു പാഴാക്കിയില്ല. കേരളം ഒന്നടങ്കം ഈ പ്രവര്‍ത്തനത്തെ സ്വാഗതം ചെയ്തു. കായംകുളം എം.എസ്.എം. കോളേജ് ഗ്രൗണ്ടില്‍ ഹസ്രത്ജി ഇന്‍ആമുല്‍ ഹസന്‍ (റഹ്) അവര്‍കള്‍ പങ്കെടുത്ത മഹാസമ്മേളനം നടക്കുന്ന സന്ദര്‍ഭം. സമ്മേളനത്തിന്‍റെ രണ്ടാം ദിവസം, സമ്മേളനനഗരിയും കായംകുളത്തെ മസ്ജിദുകളും തെരുവീഥികളുമെല്ലാം ജനനിബിഡം, മൗലാനാ അവര്‍കള്‍ അല്‍ ജാമിഅത്തുല്‍ ഹസനിയ്യയില്‍ നിന്ന് വാഹനത്തില്‍ സമ്മേളന നഗരിയിലേക്ക് വന്നു കൊണ്ടിരിക്കുന്നു. വാഹനത്തില്‍ പ്രവര്‍ത്തനരംഗത്തെ തന്‍റെ വലംകൈയായിരുന്ന മര്‍ഹൂം അബ്ദുല്‍ ഖാദിര്‍ മൗലാനാ അവര്‍കളും വിനീത ലേഖകനുമുണ്ട്. ഒഴുകിനടക്കുന്ന ദീനീപ്രവര്‍ത്തകരെ കണ്ട് സന്തോഷത്തോടെ മൗലാനാ അവര്‍കള്‍ പറഞ്ഞു. അല്‍ഹംദുലില്ലാഹ്. നമ്മുടെ സഹോദരങ്ങള്‍ എല്ലാ ഭാഗത്ത് നിന്നും എത്തിച്ചേര്‍ന്നിട്ടുണ്ട്. നമ്മുടെ പരിശ്രമങ്ങള്‍ റബ്ബ് പാഴാക്കിയില്ല. ഇവരെല്ലാവരെയും നമ്മളെയും റബ്ബ് ഖബൂല്‍ ചെയ്യട്ടെ.! തന്‍റെ കഴിഞ്ഞകാല ത്യാഗ-പരിശ്രമങ്ങള്‍ റബ്ബ് പാഴാക്കിയില്ല എന്നതില്‍ സന്തോഷം പങ്കിടുകയായിരുന്നു മൗലാനാ (റഹ്) അവര്‍കള്‍. 
ഹസ്രത് ഹാരിസുബ്നു മാലിക് (റ) നിവേദനം ചെയ്യുന്നു. റസൂലുല്ലാഹി (സ്വ) എന്നോട് ചോദിച്ചു. ഹാരിസേ, എന്താണ് നിന്‍റെ അവസ്ഥ.? ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ തിരുദൂതരേ, അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഞാന്‍ യഥാര്‍ത്ഥ മുഅ്മിനാണ്. തങ്ങള്‍ ചോദിച്ചു: ഈമാനിന്‍റെ യാഥാര്‍ത്ഥ്യമെന്താണ്? ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ അര്‍ശ് എന്‍റെ കണ്‍മുമ്പില്‍ കാണുന്നതു പോലെ എനിക്ക് എപ്പോഴും അനുഭവപ്പെടുന്നു. സ്വര്‍ഗ്ഗത്തിലെ മധുര-മനോഹരമായ കാഴ്ചകള്‍ എന്‍റെ കണ്‍മുമ്പില്‍ ഞാന്‍ കാണുന്നു. നരകത്തിലെ ദീനരോ ദനങ്ങള്‍ എന്‍റെ കര്‍ണ്ണപുടങ്ങളില്‍ അലയടിച്ചുകൊണ്ടുമിരിക്കുന്നു. (കിതാബുസ്സുഹ്ദ്, 1-106, മുസന്നഫ് അബ്ദു റസ്സാഖ്, 11-129, മുഅ്ജമെ കബീര്‍, ത്വബ്റാനി, 3-266)  സ്വഹാബാക്കളുടെ ഈമാനിയായ അവസ്ഥയാണ് ഹസ്രത് ഹാരിസ് (റ) ന്‍റെ സംഭവത്തില്‍ നിഴലിച്ചുകാണുന്നത്. ജമാഅത്തുകളിലും സമ്മേളന സദസ്സുകളിലും മൗലാനാ അവര്‍കള്‍ ചെയ്തിരുന്ന ബയാനുകള്‍ ഓരോന്നും ഉപരിസൂചിത സംഭവത്തില്‍ സൂചിപ്പിച്ച ഈമാനിയായ യാഥാര്‍ത്ഥ്യത്തിലേക്ക് ക്ഷണിക്കുന്നവയായിരുന്നു. സ്വര്‍ഗ്ഗ-നരകങ്ങള്‍ കണ്‍മുമ്പില്‍ തെളിഞ്ഞ് വരുന്ന പ്രതീതിയായിരുന്നു ആ സന്ദര്‍ഭങ്ങളില്‍. സ്വഹാബത്തുല്‍ കിറാമിന്‍റെ ത്യാഗത്തിന്‍റെ ഇതിഹാസങ്ങളും കൂടി ബയാനുകളില്‍ ഒഴുകി എത്തുമ്പോള്‍, സൗഭാഗ്യവാന്മാര്‍ സന്നദ്ധരായി നാലുമാസത്തേക്കും നാല്‍പ്പത് ദിവസങ്ങള്‍ക്കും ദീനിന്‍റെ മാര്‍ഗ്ഗത്തില്‍ പുറപ്പെട്ട് പോകുമായിരുന്നു. നസ്വൂഹായ തൗബയുടെ ഗുണമുള്‍ക്കൊ ണ്ടിരുന്ന മഹാനവര്‍കളുടെ ഭക്തിനിര്‍ഭരമായ ദുആകളും നമ്മുടെ മുമ്പില്‍ ഓര്‍മ്മകള്‍ മാത്രം.! മഹാനവര്‍കളുടെ ബയാനുകള്‍ കടലാസുകളിലേക്കോ, കാസറ്റുകളിലേക്കോ പൂര്‍ണ്ണമായി പകര്‍ത്താന്‍ നമുക്ക് കഴിയാതെ പോയി. 
തബ്ലീഗ് പ്രവര്‍ത്തനം (കേരളത്തിന്‍റെ ഓരോ മുക്കിലും മൂലയിലും വേരുറപ്പിച്ചു എന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ മഹാനായ ആ ത്യാഗിവര്യന്‍ തബ്ലീഗ് രംഗത്ത് ത്യാഗ പരിശ്രമങ്ങളോടൊപ്പം ദാഇകളായ ഹാഫിസുകളെയും ആലിമുകളെയും വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തില്‍ ദീനീ കലാലയങ്ങള്‍ സ്ഥാപിക്കുന്നതിലേക്ക് തന്‍റെ ശ്രദ്ധ തിരിച്ചു. ഈ രംഗത്ത് തികച്ചും നൂതനമായൊരു ശൈലിയാണ് മഹാനവര്‍കള്‍ സ്വീകരിച്ചത്. സമുദായത്തിലെ സമ്പന്നരില്‍ നിന്ന് അവരുടെ സമ്പത്ത് വാങ്ങി സ്ഥാപനങ്ങള്‍ നടത്തുക ഇതായിരുന്നല്ലോ നമുക്ക് സുപരിചിതമായിരുന്ന ശൈലി. ഇതില്‍ ആക്ഷേപിക്കപ്പെടേണ്ടതായി ഒന്നും തന്നെയില്ല. പക്ഷേ, സമ്പന്നരോട് അവരുടെ സമ്പത്ത് കൊണ്ട് സ്ഥാപനങ്ങള്‍ സ്വയം സ്ഥാപിക്കാനും അവരോട് തന്നെ അതിന്‍റെ നടത്തിപ്പ് ഏറ്റെടുക്കാനും നടത്തിപ്പിന്‍റെ ചെലവുകള്‍ സ്വയം തന്നെ വഹിച്ച് റബ്ബിന്‍റെ തൃപ്തി നേടാനും ഉപദേശിച്ച് കൊണ്ട് ഈ രംഗത്ത് അതീവ സൂക്ഷ്മതയുടെ മാര്‍ഗ്ഗമാണ് മൗലാനാ അവലംബിച്ചത്.
മൗലാനാ അവര്‍കളുടെ ഉപദേശ-നിര്‍ദ്ദേശാനുസരണം ഈ രംഗത്തേക്ക് ഇദംപ്രഥമമായി കടന്ന് വരാന്‍ സൗഭാഗ്യം സിദ്ധിച്ചത് തന്‍റെ ഇണപിരിയാത്ത കൂട്ടുകാരന്‍ മര്‍ഹൂം സുബൈര്‍ ഹാജി അവര്‍കള്‍ക്കായിരുന്നു. തന്‍റെ സമ്പത്തിന്‍റെ നല്ലൊരു ഭാഗം അദ്ദേഹം സ്ഥാപനത്തിന് വേണ്ടി മാറ്റിവെച്ചു. സ്ഥാപനത്തിന്‍റെ എല്ലാ കാര്യ ങ്ങളും മാതൃകാപരമായിരിക്കണമെന്ന നിര്‍ബന്ധത്തോടൊപ്പം തന്‍റെ സ്ഥാപനത്തില്‍ ചെലവിടപ്പെടുന്ന സമ്പത്ത് തന്‍റെ വിയര്‍പ്പിന്‍റെ മണമുള്ളത് മാത്രമായിരിക്കണമെന്ന കണിശതയും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം തന്‍റെ 'ഉസ്താദ്' എന്ന് വിശേഷിപ്പിച്ചിരുന്ന മൗലാനാ അവര്‍കളുടെ നിര്‍ദ്ദേശമായിരിക്കാം മരണം വരെ തന്‍റെ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
മൗലാനായുടെ നിര്‍ദ്ദേശം സ്വീകരിച്ച് ആലുവ എടത്തല'യില്‍ "അല്‍ ജാമിഅത്തുല്‍ കൗസരിയ്യ:' സ്ഥാപി ക്കുമ്പോള്‍ അത് വിജനമായൊരു പ്രദേശമായിരുന്നു. സുബൈര്‍ ഹാജിയുടെ തന്നെ എം.എഫ്.ആര്‍ കമ്പനി മാത്രമായിരുന്നു അതിനൊരു അപവാദം. ഇന്ന് ആ പ്രദേശത്തെയാകെ വികസനം തേടിയെത്തിയിരിക്കുന്നു. കമ്പനികളുടെയും കലാലയങ്ങളുടെയും നാടായി എടത്തല മാറിയിരിക്കുന്നു. കൗസരിയ്യാ കാമ്പസ്-കേരളാ മര്‍ക്കസ് -അല്‍കൗസര്‍ ഉലമാ കൗണ്‍സില്‍-അല്‍ ബലാഗ് - അല്‍ മആരിഫ് സമുച്ചയങ്ങള്‍ എല്ലാം കൂടി ചേര്‍ന്ന് കൗസര്‍ നഗറായി ആ പ്രദേശം മാറിയിരിക്കുന്നു. കേരളത്തിന് അകത്തും പുറത്തും ഗള്‍ഫ് രാജ്യങ്ങളിലും വിവിധ ദീനീസേവനങ്ങളില്‍ ഏര്‍പ്പെട്ട് കഴിയുന്ന കൗസരി ഫുസലാഅ് മുസ്ലിം കൈരളിക്ക് വലിയൊരു മുതല്‍ക്കൂട്ടാണെന്നതില്‍ പക്ഷാന്തരമില്ല. കരുണയുള്ള നാഥന്‍ കൗസരിയ്യ'യെ നാള്‍ക്ക് നാള്‍ ഉയര്‍ത്തുമാറാകട്ടെ. ആമീന്‍.! 
മര്‍ഹൂം സുബൈര്‍ ഹാജിയെ അനുകരിച്ചും മൗലാനാ അവര്‍കളുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും ഈ രംഗത്തേക്ക് കടന്ന് വന്ന സൗഭാഗ്യവാന്മാരില്‍ പ്രധാനികളാണ് എം.കെ. കമാലുദ്ദീന്‍ ഹാജി മര്‍ഹൂം (തിരുവനന്തപുരം), പി.എ. ഇബ്റാഹീം ഹാജി (പള്ളിക്കര കാസര്‍ഗോഡ്), പന്തളം ഹസ്സന്‍ യഅ്ഖൂബ് എഞ്ചിനീ യര്‍ തുടങ്ങിയവര്‍.
കൊല്ലം പട്ടണത്തിന്‍റെ ഹൃദയഭാഗത്ത് ചാമക്കടയില്‍ കമാലുദ്ദീന്‍ ഹാജി വളരെ വിലപിടിപ്പുള്ളൊരു സ്ഥലം വാങ്ങി. ഷോപ്പിംഗ് കോംപ്ലക്സ്, ഓഫീസ് സമുച്ചയം, ആശുപത്രി എന്തും സ്ഥാപിക്കുന്നതിന് മതിയായ സ്ഥലം. 1994-ല്‍ മഹാനായ മൗലാനാ ഇന്‍ആമുല്‍ ഹസന്‍ ഹസ്രത്ജി (റ) അവര്‍കള്‍ പങ്കെടുക്കുന്ന അഖിലേന്ത്യാ സമ്മേളനം കൊല്ലത്ത് നടക്കുന്നതിന് മാസങ്ങള്‍ മാത്രം ശേഷിക്കുന്ന സന്ദര്‍ഭം. ദുന്‍യാവിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ മതിയായ ഈ സ്ഥലത്ത് മസ്ജിദും മദ്റസയും സ്ഥാപിച്ച് തനിക്കും തന്‍റെ കുടുംബാദികള്‍ക്കും ആഖിറത്തിലേക്കുള്ള നിധിയാക്കി ഈ സ്ഥലം മാറ്റിയെടുക്കാന്‍ കമാലുദ്ദീന്‍ ഹാജിയോട് മൗലാനാ അവര്‍കള്‍ ഉപദേശിച്ചു. മൗലാനായുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കാതോര്‍ക്കുകയും അവ കണ്ണടച്ച് നടപ്പില്‍ വരുത്തുകയും ചെയ്തിരുന്ന ഹാജി സാഹിബ് മറ്റൊന്നും ചിന്തിക്കാതെ മാസങ്ങള്‍ക്കകം മനാറുല്‍ ഇസ്ലാം മദ്റസയും മര്‍ക്കസ് മസ്ജിദും സ്ഥാപിച്ച് ആ സ്ഥലത്ത് തന്‍റെ ആഖിറത്തിലേക്കുള്ള നിധിയാക്കി മാറ്റി. 1994 മാര്‍ച്ച് 27-ാം തീയതി അസര്‍ നമസ്കാരാനന്തരം മൗലാനാ അവര്‍കളുടെ മേല്‍ നോട്ടത്തില്‍ മഹാനായ ഹസ്രത്ജി (റഹ്) അവര്‍കള്‍ മസ്ജിദിന്‍റെയും മദ്റസയുടെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കൊല്ലം പട്ടണത്തില്‍ ദഅ്വത്തിന്‍റെ അമലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ദഅ്വത്തിന്‍റെ അമലുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ട് തങ്ങളുടെ സന്തതികളെ ഹാഫിസും, ആലിമുമാക്കിത്തീര്‍ക്കാന്‍ ആഗ്രഹിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്ക് ഈ മസ്ജിദും മദ്റസയും വലിയൊരു മുതല്‍ക്കൂ ട്ടാണ്. നാഥന്‍ ഇതിന്‍റെ യശസ്സ് നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിക്കുമാറാകട്ടെ. ആമീന്‍.! 
മഹാനായ ഹസ്രത്ജിയുടെ മഷൂറയനുസരിച്ച് 1980-കളില്‍ ഗള്‍ഫ് മലയാളികളില്‍ ദീനിന്‍റെ പരിശ്രമം ചെയ്യുന്നതിന് യു.എ.ഇ യില്‍ മൗലാനാ അവര്‍കളുടെ ജമാഅത്ത് എത്തി. സുബൈര്‍ ഹാജിയടക്കം കേരളത്തിലെ പ്രധാന പ്രവര്‍ത്തകര്‍ പലരും ജമാഅത്തിലുണ്ട്. ദീനിന്‍റെ പരിശ്രമത്തിന്‍റെ ആവശ്യകതകള്‍ ഗള്‍ഫിലെ സഹോദരങ്ങള്‍ക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നതിന് വലിയ ത്യാഗപരിശ്രമം ചെയ്ത ജമാഅത്തായിരുന്നു അത്. ഗള്‍ഫ് സഹോദരങ്ങളില്‍ ദഅ്വത്തിന്‍റെ വിത്ത് പാകിയതും ഈ ജമാഅത്ത് തന്നെ. ഗള്‍ഫിലെ കണ്ണഞ്ചിപ്പിക്കുന്ന ആഢംബരങ്ങളില്‍ ആകൃഷ്ടരാകാതെ യാത്രാ ചെലവുകളും ഭക്ഷണചെലവുകളും സ്വയം വഹിച്ച് ദീനിന്‍റെ പരിശ്രമം ചെയ്യുന്ന ഈ ജമാഅത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫില്‍ തികച്ചും പുതിയൊരു അനുഭവം തന്നെയായിരുന്നു. ദുബൈയിലെ പ്രമുഖ വ്യാപാരിയും തികഞ്ഞ സമുദായ സ്നേഹിയും മലബാറില്‍ നിന്ന് ദുബൈയിലെത്തുന്ന ഉലമാ പ്രമുഖരുടെ ആശാകേന്ദ്രവുമായിരുന്ന പി.എ. ഇബ്റാഹീം ഹാജിയെയും ജമാഅത്ത് സന്ദര്‍ശിച്ചു. ഹാജി സാഹിബിന്‍റെ സൗഭാഗ്യത്തിന്‍റെ സമയമായിരുന്നു അത്. തഷ്കീലില്‍ ഹാജി സാഹിബ് മൂന്ന് ദിവസം മൗലാനാ അവര്‍കളോടൊപ്പം ജമാഅത്തില്‍ പുറപ്പെടാന്‍ സന്നദ്ധനാവുകയും അടുത്ത ദിവസം തന്നെ പുറപ്പെടുകയും ചെയ്തു. ദഅ്വത്തിന്‍റെ വഴി മുഅ്മിനിന്‍റെ ഈമാനിയായ കണ്ണാടിയാണെന്നാണ് മഹാന്മാരുടെ അഭിപ്രായം. മൗലാനാ അവര്‍കളോടൊപ്പം പ്രവര്‍ത്തിച്ച മൂന്ന് ദിവസങ്ങള്‍ ഹാജിസാഹിബിന്‍റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവിന് കാരണമായി. ദഅ്വത്തിന്‍റെ വഴി ജീവിതത്തിന്‍റെ വഴിയായി സ്വീകരിച്ച് ഹാജിസാഹിബിന് മലബാറിന്‍റെ മടിത്തട്ടായ മഞ്ചേരിയില്‍ നജ്മുല്‍ ഹുദാ മദ്റസയും തന്‍റെ സ്വന്തം നാടായ പള്ളിക്കരയില്‍ സിറാജുല്‍ഹുദാ മദ്റസയും സ്ഥാപിച്ച് വളരെയധികം ഹാഫിസുകളെയും ആലിമുകളെയും വാര്‍ത്തെടുക്കുന്നതിനുള്ള തൗഫീഖ് നല്‍കി നാഥന്‍ അനുഗ്രഹിച്ചു. എല്ലാറ്റിനും പിന്നിലെ ചാലകശക്തി മഹാനായ മൗലാനാ മര്‍ഹൂമായിരുന്നു. റബ്ബ് ഖബൂലിയത്ത് നസീബാക്കുമാറാകട്ടെ. ആമീന്‍.! 
തബ്ലീഗ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മൗലാനായുടെ കുടുംബ സുഹൃത്തുക്കളായി മാറിയ അപൂര്‍വ്വം ചിലരില്‍ ഒരാളാണ് പന്തളം ഹാജി യഅ്ഖൂബ് എഞ്ചിനീയര്‍. റിയാദില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനും തബ്ലീഗ്  പ്രവര്‍ത്തനത്തിന്‍റെ അമീറുമായിരുന്നു അദ്ദേഹം. തിരുവനന്തപുരത്താണ് അദ്ദേഹം താമസിക്കുന്നത്. അദ്ദേഹത്തിന്‍റെ മകന്‍ മുഹമ്മദ് ഇല്‍യാസ്' ബാംഗ്ലൂരിലെ കലാലയ ജീവിതത്തിനിടയില്‍ അപ്രതീക്ഷിതമായി മരണപ്പെട്ടു. എഞ്ചിനീയര്‍ സാഹിബിനും സഹധര്‍മ്മിണിക്കും മകന്‍റെ വേര്‍പാട് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. അദ്ദേഹം മാനസികമായും ശാരീരികമായും തളര്‍ന്ന് രോഗബാധിതനായി പത്തനാപുരത്ത് ചികിത്സയിലും വിശ്രമത്തിലും കഴിയുന്ന സന്ദര്‍ഭം. കേരളത്തിലങ്ങോളമിങ്ങോളമുള്ള ദീനീ സുഹൃത്തുക്കളുടെ സുഖദുഃഖത്തില്‍ തന്‍റെ ആരോഗ്യം മറന്നും പങ്കു ചേരുക മൗലാനാ അവര്‍കളുടെ ഒരു പ്രത്യേകതയായിരുന്നു. പുണ്യഹജ്ജ് കര്‍മ്മം കഴിഞ്ഞ് മടങ്ങി എത്തിയ ഉടനെ എഞ്ചിനീയര്‍ സാഹിബിന്‍റെ രോഗസന്ദര്‍ശനാര്‍ത്ഥം മൗലാനാ പത്തനാപുരത്തെത്തി. അദ്ദേഹം തന്‍റെ വലിയൊരു ആഗ്രഹം മൗലാനായുടെ മുമ്പില്‍ സമര്‍പ്പിച്ചു. ചെറുപ്രായത്തില്‍ മരണപ്പെട്ട തന്‍റെ ഓമനമകന്‍ മര്‍ഹൂം മുഹമ്മദ് ഇല്‍യാസിന്‍റെ പേരില്‍ ജാരിയായ സ്വദഖയായി ഒരു സ്ഥാപനം തുടങ്ങാന്‍ ആഗ്രഹിക്കുന്നു. മൗലാനാ നിര്‍ദ്ദേശിക്കുന്ന പ്രദേശത്ത് സ്വന്തമായി സ്ഥലം വാങ്ങി, കെട്ടിട നിര്‍മ്മാണവും സ്വന്തമായി നടത്തി അതിന്‍റെ നടത്തിപ്പ് ചെലവുകളും സ്വന്തമായിത്തന്നെ വഹിക്കുന്നതിന് ഞാന്‍ സന്നദ്ധനാണ്. മൗലാനായുടെ ജന്മദേശമായ കാഞ്ഞാറില്‍ ബാഖിയാത്തുസ്സാലിഹാത്ത് മദ്റസയുടെ തുടക്കം ഈ നിലയിലായിരുന്നു. റിയാദില്‍ ഉയര്‍ന്ന ഉദ്യോഗ സ്ഥനായി കഴിയുമ്പോഴാണ് അദ്ദേഹം ഈ അഭിലാഷം പ്രകടിപ്പിച്ചതും സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിച്ച് ബാഖി യാത്ത് തുടങ്ങിയതും. റിയാദില്‍ നിന്ന് മടങ്ങിയെങ്കിലും ത്യാഗത്തോടെ ഇപ്പോഴും അദ്ദേഹം ബാഖിയാത്ത് മദ്റസ നടത്തി വരുന്നു. കരുണയുള്ള നാഥന്‍ ബാഖിയാത്തിനെ, മര്‍ഹൂം മുഹമ്മദ് ഇല്‍യാസിന്‍റെയും മൗലാനായുടെയും എഞ്ചിനീയര്‍ സാഹിബിന്‍റെയും സഹധര്‍മ്മിണിയുടെയും ഹഖ്ഖില്‍ ജാരിയായ സ്വദഖയായി ഖബൂല്‍ ചെയ്യുമാറാകട്ടെ. ആമീന്‍.! 
ധനം അല്ലാഹു നല്‍കിയ അമാനത്താണ്. സ്വര്‍ഗ്ഗത്തിന് പകരമായി സത്യവിശ്വാസിയില്‍ നിന്ന് അവന്‍ അതിനെ വിലയ്ക്കെടുത്തിരിക്കുന്നു എന്ന സന്ദേശമുള്‍ക്കൊണ്ട് മൗലാനാ അവര്‍കളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കാതോര്‍ത്ത് തങ്ങളുടെ ധനത്തിന്‍റെ വലിയൊരു ഭാഗം മസ്ജിദ്-മദ്റസകള്‍ സ്ഥാപിക്കുന്നതിനും അവയുടെ നടത്തിപ്പിനും മാറ്റിവെച്ച ആയിരങ്ങള്‍ കേരളത്തിന്‍റെ നാനാ ഭാഗത്തും, ഗള്‍ഫ് രാജ്യങ്ങളിലുമുണ്ട്. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ അവരുടെ സമ്പത്തിന്‍റെ സ്മാരകങ്ങള്‍ മസ്ജിദ്-മദ്റസയുടെ രൂപത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നു. അവരില്‍ അറിയപ്പെടുന്നവര്‍ വിരളവും അറിയപ്പെടാത്തവര്‍ അധികവുമാണ്. ജാഢകളില്ലാത്ത സ്തുതിപാഠകരുടെ പിന്നാലെ പോകാത്ത മൗലാനായാണ് ഇതിന്‍റെയെല്ലാം പിന്നിലെ അണിയറശില്പി എന്നറിയുന്നവരും വിരളമാണ്. നാഥന്‍ എല്ലാവര്‍ക്കും നന്മ ചെയ്യുമാറാകട്ടെ.! തുടക്കത്തില്‍ മഹാനവര്‍കള്‍ പ്രകടി പ്പിച്ച സൂക്ഷ്മത അവസാനം വരെ മുറുകെ പിടിക്കാന്‍ സാധിച്ചു എന്നുള്ളത് സമകാലീനരില്‍ ഒരു പക്ഷെ മൗലാനയ്ക്ക് മാത്രം അര്‍ഹതപ്പെട്ട പ്രത്യേകതയാണ്. അല്ലാഹുവിന്‍റെ പൊരുത്തം മാത്രം ലക്ഷ്യമാക്കി മഹാനവര്‍കള്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച എല്ലാ സ്ഥാപനങ്ങളിലും നടന്ന് വരുന്ന അമലുകളുടെ 'സവാബ്' കൗസരിയ്യാ പൂന്തോപ്പിലെ ആ ഖബറിലേക്ക് എത്തിക്കൊണ്ടിരിക്കുമെന്നതില്‍ സംശയമില്ല. നാഥന്‍ ആ ഖബറില്‍ സ്വര്‍ഗ്ഗീയ സുഖങ്ങള്‍ വര്‍ദ്ധിപ്പിക്കട്ടെ. 
കേരളത്തിലെ ആദ്യത്തെ ദേവ്ബന്ദി പണ്ഡിതന്‍ മഹാനായ മൗലാനാ മുസ്തഫാ ആലിം സാഹിബ് (ന:മ) അവര്‍കളാണ്. ദേവ്ബന്ദ് ഉലമാക്കളുമായി ആത്മീയ ബന്ധം സ്ഥാപിച്ച തെന്നിന്ത്യയിലെ ഉലമാപ്രമുഖരില്‍ പ്രധാനിയായിരുന്നു തമിഴ്നാട് ലാല്‍പേട്ടയിലെ സിയാഉദ്ദീന്‍ അമാനി ഹസ്രത്ത് (ന:മ). ഈ രണ്ട് മശാഇഖന്മാരും മൗലാനാ (റ) അവര്‍കളുടെ പ്രധാന ഗുരുക്കന്മാരായിരുന്നു. വിദ്യാര്‍ത്ഥി ജീവിതകാലത്ത് മഹാന്മാരായ മശാഇഖന്മാരില്‍ നിന്ന് ദേവ്ബന്ദ് ഉലമാക്കളെ സംബന്ധിച്ച് കേട്ടറിഞ്ഞ മൗലാനാ (റ) അവര്‍കള്‍ ദഅ്വത്തിന്‍റെ അമലുമായി ബന്ധപ്പെട്ട് നിസാമുദ്ദീനിലെത്തി. മഹാനായ ഹസ്രത്ജി മൗലാനാ മുഹമ്മദ് യൂസുഫ് (റ) അവര്‍കളുടെ ഖിദ്മത്തില്‍ കഴിയുന്നതിനിടയില്‍ ദേവ്ബന്ദ് ഉലമാക്കളുടെ സിരാകേന്ദ്രങ്ങളായ ദേവ്ബന്ദ്, സഹാറന്‍പൂര്‍, ത്ഥാനാഭവന്‍, ജലാലാബാദ് തുടങ്ങിയ എല്ലാ പ്രദേശങ്ങളിലുമെത്തി. അവിടങ്ങളിലെ ദീനീ സ്ഥാപനങ്ങളെ പരി ചയപ്പെടുന്നതിനും മഹാന്മാരായ ഉലമാ മഹത്തുക്കളുമായി ആത്മീയബന്ധം സ്ഥാപിക്കുന്നതിനുമുള്ള സൗഭാഗ്യം മൗലാനാ (റ) അവര്‍കള്‍ക്ക് കരഗതമായി. ഹിജ്റയുടെ പതിനാലാം നൂറ്റാണ്ടില്‍ മുസ്ലിം ലോകം കണ്ട മഹാനായ മുഹദ്ദിസ് ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റ) അവര്‍കളുടെ കേരളത്തിലെ പ്രധാന ഖലീഫയായിരുന്നു മൗലാനാ (റ). ശൈഖുല്‍ ഹദീസുമായുള്ള മൗലാനാ അവര്‍കളുടെ ഈ ആത്മീയബന്ധം ഉലമാക്കളുടെ ഇടയില്‍ പോലും അറിയപ്പെടാത്താരു വിഷയമായിരുന്നു. അര നൂറ്റാണ് കാലത്തെ തിരക്കേറിയ ജീവിതത്തിനിടയില്‍ ശൈഖില്‍ നിന്ന് ലഭിച്ച ഈ ബന്ധം മറ്റുള്ളവരിലേക്ക് പകരപ്പെടാന്‍ സാധിക്കാതെ പോയി എന്നുള്ളത് പിന്‍ഗാമികളായ നമ്മെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടമായിപ്പോയി. അല്ലാഹു എല്ലാത്തിനും മതിയായവനാണ്. 
മൗലാനാ അവര്‍കള്‍ മലബാറില്‍ ദഅ്വത്തിന്‍റെ പരിശ്രമവുമായി ഇദംപ്രഥമമായി കടന്ന് ചെന്നപ്പോഴു ണ്ടായ അനുഭവങ്ങള്‍ അനുവാചകര്‍ ഗ്രഹിച്ചിരിക്കുമല്ലോ. അത് മലബാറിലെ പ്രവര്‍ത്തനത്തിന്‍റെ ഒന്നാം ഘട്ടമാ യിക്കരുതാം. അതെ, മലബാറില്‍ പ്രവര്‍ത്തനം രണ്ടാം ഘട്ടത്തിലെത്തി. പ്രവര്‍ത്തനത്തിന്‍റെ സല്‍ഫലങ്ങള്‍ മുസ്ലിം ബഹു ജനങ്ങളില്‍ വലിയ മാറ്റം വരുത്തി. മുസ്ലിം പുരാതന കേന്ദ്രങ്ങളായിരുന്ന പൊന്നാനി, കണ്ണൂര്‍, തളിപ്പറമ്പ് ഭാഗങ്ങളില്‍ മൗലാനാ (റ) അവര്‍കള്‍ക്കും, സാത്തി (സഹപ്രവര്‍ത്തകര്‍) കള്‍ക്കും ആവേശകരമായ സ്വീകരണങ്ങള്‍ ലഭിച്ചു. പൊന്നാനി മഖ്ദൂം പള്ളിയുടെ മിമ്പറിലിരുന്ന് മൗലാനാ (റ) അവര്‍കള്‍ നസ്വീഹത്ത് ചെയ്യുന്ന സ്ഥിതിയോളം പ്രവര്‍ത്തനം വളര്‍ന്നു. ദീനീരംഗത്തെ സമസ്ത മേഖലകള്‍ക്കും വളമായിത്തീരാവുന്ന ഈ പ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ തടയിടപ്പെടേണ്ടതല്ല. പക്ഷേ ഉലമാക്കളില്‍ ഒരു വിഭാഗം അവരുടെ ചില സ്ഥാപിത താല്‍പ്പര്യങ്ങളുടെ പേരില്‍ ഈ പ്രവര്‍ത്തനത്തിന് തടയിടണമെന്ന തീരുമാനമെടുത്തു. അതിനുള്ള പദ്ധതികള്‍ അവര്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. 
മുസ്ലിം ബഹുജനങ്ങളില്‍ ദീനിയ്യായ താല്‍പര്യം ഉണ്ടാക്കിയെടുത്ത്, ഇബാദത്തിലും ദഅ്വത്തിലും അവരെ തല്‍പ്പരരാക്കിത്തീര്‍ത്ത്, ഉലമാക്കളുമായി അവരെ ബന്ധിപ്പിക്കുന്ന ഈ പ്രവര്‍ത്തനത്തെ ഒരു പ്രവര്‍ത്തനം എന്ന നിലയില്‍ എതിര്‍ക്കാതെ, ദേവ്ബന്ദിലെ ഉലമാക്കള്‍ 'അഖീദ'യില്‍ പിഴച്ചവരാണെന്ന് ദുഷ്പ്രചരണം നടത്തി, ഇതിന്‍റെ കടയ്ക്കല്‍ കത്തി വെയ്ക്കലാണ് ഇതിനെ തടയിടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമെന്നവര്‍ തീരുമാനിച്ചു. തുടര്‍ന്ന് മുഫസ്സിരീങ്ങളും മുഹദ്ദിസീങ്ങളും ഔലിയാക്കളുമായ ദേവ്ബന്ദ് ഉലമാക്കളെ മുബ്തദിഉകളായി പ്രഖ്യാപിച്ച് സമുദായ മദ്ധ്യത്തില്‍ അവരെ താറടിച്ച് കാണിക്കുന്നതിനും തദ്വാരാ തബ്ലീഗ് പ്രവര്‍ത്തനത്തിന് തടയിടുന്നതിനുമുള്ള ഹീനശ്രമങ്ങള്‍ അവര്‍ ചെയ്തു.
ത്യാഗത്തിന്‍റെ ഇതിഹാസങ്ങള്‍ തീര്‍ത്ത്, ദഅ്വത്തിന്‍റെ വഴിയിലെ കല്‍പടവുകള്‍ താണ്ടിക്കടന്നു കൊണ്ടിരുന്ന ദാഇയെ മില്ലത്ത് മൂസാ മൗലാനാ (റ) അവര്‍കള്‍ പതറിയില്ല. ദഅ്വത്തിന്‍റെ വഴിയിലെ തന്‍റെ വഴികാട്ടിയായ ഹസ്രത്ജി മൗലാനാ മുഹമ്മദ് യൂസുഫ് (റ) അവര്‍കളുടെ മുമ്പില്‍ ഈ വിഷയം സമര്‍പ്പിച്ചു. ഹസ്രത്ജി(റ) അവര്‍കള്‍ പറഞ്ഞു. "വിമര്‍ശനത്തെ വിമര്‍ശനം കൊണ്ട് നേരിടുക സലഫുസ്സാലിഹീങ്ങളുടെ വഴിയല്ല. അത് ആധുനിക രാഷ്ട്രീയ ശൈലിയാണ്. ഹഖ്ഖില്‍ അടിയുറച്ചു നിന്നു കൊണ്ട്, ആ ഹഖ്ഖിലേക്ക് ജനങ്ങളെ ക്ഷണിച്ചു കൊണ്ട്, റബ്ബിനോട് സഹായം തേടിക്കൊണ്ടിരിക്കുക. റബ്ബിന്‍റെ സഹായം ഉറപ്പാണ്. " 
ദേവ്ബന്ദ് ഉലമാക്കളുടെ വക്താവ് ഹസ്രത്ത് മൗലാനാ ഖാരി ത്വയ്യിബ് സാഹിബ് (റ) അവര്‍കള്‍ 'ഉലമാ-എ-ദേവ്ബന്ദ് കാ മസ്മക്' എന്ന പേരില്‍ രചിച്ച ഉറുദു ഗ്രന്ഥം ദേവ്ബന്ദ് ഉലമാക്കളുടെ പന്ഥാവ് എന്ന പേരില്‍ വിനീത വിവര്‍ത്തകന്‍ വിവര്‍ത്തനം ചെയ്തതിന് മൗലാനാ അവര്‍കള്‍ എഴുതിയ അവതാരികയില്‍ നിന്ന് ഈ വിഷയത്തില്‍ മൗലാനാ അവര്‍കളുടെ നിലയും നിലപാടും നമുക്ക് ഗ്രഹിക്കാം. അതിലെ പ്രസക്തഭാഗങ്ങള്‍ താഴെ ഉദ്ധരിക്കുന്നു: 
അല്ലാഹു പറയുന്നു. "സത്യവിശ്വാസികളേ! നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുവീന്‍. നിങ്ങള്‍ സത്യവാന്മാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യുവീന്‍". (തൗബ) 
നബി (സ) അരുളി: എന്‍റെ സമുദായത്തില്‍ ഒരു വിഭാഗം ഹഖ്ഖിന്‍റെ മാര്‍ഗ്ഗത്തില്‍ വിജയികളായി നിലകൊളളും, അവരെ എതിര്‍ക്കുന്നവരാലും അവരെ സഹായിക്കാതെ കയ്യൊഴിയുന്നവരാലും അവര്‍ക്ക് യാതൊരു ദോഷവും വന്നു ചേരുകയില്ല. ഹഖ്ഖില്‍ ഉറച്ചു നില്‍ക്കുന്നവര്‍ക്ക് അല്ലാഹുവിന്‍റെ സഹായം വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു. ഹഖ്ഖ് ഉയരും. അതിനെ ഒരിക്കലും താഴ്ത്താന്‍ കഴിയുകയില്ല." (ഹദീസ്). 
അതുകൊണ്ട് സത്യമാര്‍ഗ്ഗത്തില്‍ പരിശ്രമിക്കുന്നവര്‍ ഒരിക്കലും നിരാശപ്പെടേണ്ടതില്ല. സാഹചര്യങ്ങളെയും, തന്‍റെ ലൗകികമായ താല്‍പര്യങ്ങളെയും പ്രധാനമായി കരുതുന്നവര്‍ക്ക് ഹഖ്ഖില്‍ ഉറച്ച് നിലകൊള്ളുവാന്‍ സാധ്യമായി എന്ന് വരില്ല. അക്രമിയായ രാജാവിന്‍റെ മുമ്പില്‍ സത്യം തുറന്നു പറയുന്നത് ഏറ്റവും ശ്രേഷ്ടമായ ജിഹാദാണ്.
സാഹചര്യത്തിന് കീഴടങ്ങാതെ, സ്വന്തം താല്‍പര്യങ്ങളുടെ പിടിയില്‍ പെടാതെ അല്ലാഹുവിന്‍റെ തൃപ്തിയെ സര്‍വോപരി വലുതായി കരുതുന്നവര്‍ക്ക് മാത്രമേ ഹഖ്ഖിനെ ഏത് സ്ഥലത്തും ഏതവസ്ഥയിലും തുറന്ന് പറയാന്‍ സാധിക്കുകയുള്ളൂ. 
ഹഖ്ഖിനെ തുറന്ന് പറയുന്നവര്‍ പലരുടെയും വിരോധങ്ങള്‍ക്കും അസൂയയ്ക്കും വിധേയരായേക്കാം. ആ സന്ദര്‍ഭത്തില്‍ ഉറച്ച് നില്‍ക്കുന്നവരാണ് വിശ്വാസത്തില്‍ ഉറച്ചവര്‍. ഇന്ത്യയില്‍ ഹഖ്ഖിന്‍റെ മാര്‍ഗ്ഗത്തില്‍ ഉറച്ചു നിന്ന മഹാന്മാരായ ഉലമാക്കളുടെ ഒരു പരമ്പരയാണ് ദേവബന്ദ് ഉലമാക്കളുടേത്. മൗലാനാ ശാഹ് വലിയുല്ലാഹ് ദഹ്ലവി, ശൈഖ് അഹ്മദ് സര്‍ഹിന്ദി, മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി, മൗലാനാ റഷീദ് ഗന്‍ഗോഹി, ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസന്‍ ദേവ്ബന്ദി, ശൈഖുല്‍ ഇസ്ലാം മൗലാനാ ഹുസൈന്‍ അഹ്മദ് മദനി(റ) എന്നീ മഹാന്മാരെല്ലാം അവരുടെ കാലങ്ങളില്‍ പരിശുദ്ധ ദീനിനെ അതിന്‍റെ തനി രൂപത്തില്‍ നിലനിര്‍ത്തുവാന്‍ വേണ്ടി എല്ലാ തുറകളിലും ത്യാഗനിര്‍ഭരമായ പരിശ്രമത്തിലേര്‍പ്പെട്ടവരാണ്. (അവതാരിക: ദേവ്ബന്ദ് ഉലമാക്കളുടെ പന്ഥാവ്). 
മഹാന്മാരായ ഉലമാക്കളെ താറടിച്ച് കാണിച്ചവര്‍ക്ക് പ്രവര്‍ത്തനത്തിന്‍റെ പുരോഗതിയില്‍ തലയിടാന്‍ (താല്‍ക്കാലികമായി സാധിച്ചുവെങ്കിലും ഹസ്രത്ജി (റ) യുടെ നിര്‍ദ്ദേശമനുസരിച്ച് മഹാനായ മൗലാനാ അവര്‍കള്‍ ത്യാഗനിരതനായി മുന്നോട്ട് നീങ്ങിയപ്പോള്‍ ഹഖ്ഖിന്‍റെ വഴിയിലെ പ്രതിബന്ധങ്ങള്‍ ഓരോന്നായി മാറി വന്നു. മലബാറിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിച്ചു. ഫഖീഹുല്‍ മില്ലത്ത് ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ (ന:മ) അവര്‍കളുടെ സന്നിധിയിലും മൗലാനാ (റ) അവര്‍കള്‍ ഉത്തര്‍പ്രദേശില്‍ നിന്നും വന്ന ഒരു ജമാഅത്തുമായി എത്തി. ഉലമാക്കളുടെ സന്നിധിയില്‍ ജമാഅത്ത് എത്തിയാല്‍ അവരോട് വലിയ ആദരവോട് കൂടി പെരുമാറണമെന്നും അവരുടെ ദുആ തേടി മടങ്ങണമെന്നുമായിരുന്നു ഹസ്രത്ജി(റ) അവര്‍കളുടെ നിര്‍ദ്ദേശം. മര്‍ഹൂം ഖുതുബിയുടെ മജ്ലിസിലെ വിശേഷങ്ങള്‍ മൗലാനാ (റ) അവര്‍കള്‍ തന്നെ പറയട്ടെ. "ജമാഅത്തുമായി ഞാന്‍ ഖുതുബി അവര്‍കളുടെ വീട്ടിലെത്തി. ജമാഅത്തിനെ പരിചയപ്പെടുത്തി. ഞാന്‍ ഓതിയ ദീനിയ്യായ കിതാബുകളെക്കുറിച്ചെല്ലാം മഹാനവര്‍കള്‍ ചോദിച്ചറിഞ്ഞു. ഇഖ്ലാസിന്‍റെ പ്രാധാന്യത്തെ എടുത്ത് പറഞ്ഞ് ദുആ ചെയ്ത് മഹാനവര്‍കള്‍ ഞങ്ങളെ യാത്രയാക്കി." 
കേരളം കണ്ട മുഹദ്ദിസ് മൗലാനാ ശൈഖ് ഹസന്‍ ഹസ്രത്ത് (ന:മ), കോഴിക്കോട് വലിയ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ (ന:മ), സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങള്‍ (ന:മ) തുടങ്ങിയ പഴയ തലമുറയിലെ പ്രധാന ഉലമാക്കളും ഉമറാക്കളും മൗലാനാ അവര്‍കളുമായി നല്ല ബന്ധത്തിലായിരുന്നു. ഹഖ്ഖിന്‍റെ വക്താക്കളായിരുന്ന ഉപരിസൂചിത ഉലമാക്കളെ മുസ്ലിം കേരളത്തിന് വേണ്ട നിലയില്‍ പരിചയപ്പെടുത്തിയത് മൗലാനാ (റ) അവര്‍കളുടെ ബയാനു (പ്രസംഗം) കളായിരുന്നു. ഇന്ത്യയില്‍ ദീനിന്‍റെ നിലനില്‍പ്പിനു കാരണക്കാരായ ആ മഹാത്മാക്കളുടെ പേരുകള്‍ ഒന്നിനു പുറകെ ഒന്നായി ആ വാക്ധോരണിയില്‍ ഒഴുകി ഓടിയെത്തുന്നത് ബയാനുകള്‍ക്ക് വലിയ അലങ്കാരം തന്നെയായിരുന്നു. ശൈഖ് അഹ്മദ് സര്‍ഹിന്ദി, മുജദ്ദിദ് അല്‍ഫ് ഥാനി (റ), ഹസ്രത്ത് സയ്യിദ് ഇസ്മാഈല്‍ ശഹീദ് തുടങ്ങിയ മഹാത്മാക്കളുടെ ത്യാഗത്തിന്‍റെ ഇതിഹാസങ്ങള്‍ ആ വാക്ധോരണിയിലൂടെ ഒഴുകി വരുമ്പോള്‍ ഇളകാത്ത ഖല്‍ബുകള്‍ കുറവായിരുന്നു. 
മൗലാനാ അവര്‍കള്‍ തന്‍റെ ഏക മകനും ചെറുമക്കള്‍ക്കും നല്‍കിയ നാമങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയിലധികവും ആ മഹാന്മാരുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ ഉതകുന്ന പേരുകളായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. മൗലാനാ ശാഹ് മുഹമ്മദ് ഇല്‍യാസ് (റ), മൗലാനാ അഷ്റഫ് അലി ത്ഥാനവി (റ) മൗലാനാ ഖലീല്‍ അഹ്മദ് സഹാറന്‍പൂരി (റ), മൗലാനാ ഇംദാദുല്ലാഹ് മുഹാജിര്‍ മക്കിയ്യ് (റ), ഹസ്രത്ജി മൗലാനാ മുഹമ്മദ് യൂസുഫ് (റ), മൗലാനാ റഷീദ് അഹ്മദ് ഗന്‍ഗോഹി( റ), ശൈഖ് ഫരീദുദ്ദീന്‍ അത്താര്‍, മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി (റ), മൗലാനാ റഹ്മതുല്ലാഹ് സാഹിബ് (റ), മൗലാനാ സിയാവുദ്ദീന്‍ അമാനി (റ), മൗലാനാ ഉബൈദുല്ലാ ബല്‍യാവി (റ) ഈ മഹാന്മാരുടെ പേരുകളെല്ലാം നമുക്ക് അവരില്‍ കണ്ടെത്താന്‍ കഴിയുന്നു. മൗലാനായുടെ ബര്‍ക്കത്തുകൊണ്ട് ഓരോരുത്തരിലും നാഥന്‍ ഈ മഹാന്മാരുടെ ഉയര്‍ന്ന ഗുണങ്ങള്‍ പ്രകടമാക്കട്ടെ. ആമീന്‍.! 
മൗലാനാ (റ) അവര്‍കളുടെ ഏഴ് പെണ്‍മക്കള്‍ ഹാജറ, ഹലീമ, സാബിറ, ബഷീറ, താഹിറ, സഈദ, ശാക്കിറ ഇവര്‍ക്ക് വരന്മാരായി മൗലാനാ (റ) അവര്‍കള്‍ തെരഞ്ഞെടുത്തത് ദേവ്ബന്ദീ മസ്ലക്കില്‍ അടിയുറച്ച ഉലമാക്കളെയായിരുന്നു. ജനാബുമാര്‍ സിദ്ദീഖ് മൗലവി അല്‍ഖാസിമി, ഹാഫിസ് അബ്ദുല്‍ കരീം മൗലവി അല്‍ഖാസിമി, മുഹമ്മദ് ഇസ്ഹാഖ് മൗലവി അല്‍ഖാസിമി, മുഹമ്മദ് ബഷീര്‍ മൗലവി അല്‍ഖാസിമി, മുഹമ്മദ് ഇബ്റാഹീം മൗലവി അല്‍ഖാസിമി, മുഹമ്മദ് സുബൈര്‍ മൗലവി അല്‍ഖാസിമി, മുഹമ്മദ് ഹാശിം മൗലവി അല്‍കാശിഫി എല്ലാവരും മൗലാനാ അവര്‍കളുമായി തങ്ങള്‍ക്കു ലഭ്യമായ കുടുംബബന്ധത്തെ സൗഭാഗ്യമായി കരുതുന്നവരാണ്. തന്‍റെ ഏക മകന്‍ മൗലവി മുഹമ്മദ് ഇല്‍യാസ് അല്‍കൗസരിക്ക് വധുവായി തെരഞ്ഞെടുത്തത് ദഅ്വത്തിന്‍റെ വഴിയില്‍ താനുമായി ബന്ധപ്പെട്ട് തന്‍റെ ആത്മമിത്രമായി മാറിയ പത്തനാപുരം പുന്നല മര്‍ഹൂം അബ്ദുല്‍ അസീസ് ഹാജിയുടെ മകള്‍ ഫാത്വിമയെയായിരുന്നു. കരുണയുള്ള നാഥന്‍ എല്ലാവരെയും എല്ലാ നിലയിലും അനുഗ്രഹിക്കുമാറാകട്ടെ.! 
1950-കളില്‍ മൗലാനാ (റ) അവര്‍കള്‍ തുടങ്ങിയ ത്യാഗനിര്‍ഭരമായ പരിശ്രമം 2000-ലെത്തിയപ്പോള്‍ പതിനായിരങ്ങള്‍ ദീനിന്‍റെ ദാഇകളായി മാറി. ഉലമാകളില്‍ വലിയൊരു വിഭാഗം ദഅ്വത്തിന്‍റെ അമലിനെ സ്നേഹിക്കുന്നവരായി മാറി. ആയിരങ്ങള്‍ അവരുടെ മക്കളെ ദീനീ സ്ഥാപനങ്ങളിലയച്ച് ഹാഫിസുകളും ആലിമുകളുമാക്കി. 'എന്‍റെ ഉമ്മത്തികളില്‍ ഒരു വിഭാഗം ഹഖ്ഖിന്‍റെ മാര്‍ഗ്ഗത്തില്‍ വിജയികളായി നിലകൊള്ളും' എന്ന പ്രവാചകപ്രഭു (സ്വ) യുടെ പരിശുദ്ധ വചനം യാഥാര്‍ത്ഥ്യമായി പുലരുന്നത് കാണാന്‍ മൗലാനാ (റ) അവര്‍കള്‍ക്ക് നാഥന്‍ തൗഫീഖ് നല്‍കി. 
പതിനായിരങ്ങള്‍ കേരളത്തിന്‍റെ മുക്കിലും മൂലയിലും തമിഴ്നാട്, സിലോണ്‍, ഇന്തോനേഷ്യ, മലേഷ്യ, അറേബ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലുമായി വ്യാപിച്ച് കിടക്കുന്നു. അവരില്‍ ആയിരങ്ങള്‍ മൗലാനാ അവര്‍കളെ അവരുടെ ജീവിതത്തിന്‍റെ വഴികാട്ടിയായി സ്വീകരിച്ചവരായിരുന്നു. കാലാവസ്ഥയുടെ അനുകൂല പ്രതികൂല അവസ്ഥകള്‍ പരിഗണിക്കാതെ, ശാരീരിക അസുഖങ്ങള്‍ക്കും പരിഗണന നല്‍കാതെ, തന്‍റെ ദീനീ സുഹൃത്തുക്കളുടടുക്കല്‍ ഓടിയെത്തി തഖ്വയുടെയും ഇബാദത്തിന്‍റെയും ദഅ്വത്തിന്‍റെയും വഴിയില്‍ അവരെ മുമ്പോട്ട് നയിക്കാന്‍ മൗലാനാ അവര്‍കള്‍ ചെയ്ത ത്യാഗം മുസ്ലിം കൈരളിയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെടേണ്ടതാണ്. ത്യാഗത്തിന്‍റെ ഇതിഹാസങ്ങള്‍ രചിച്ച ആ മഹാന്‍ ഒരു പ്രദേശത്താകമാനം ഈമാനിയ്യായ നവചൈതന്യം പരത്തിയിരുന്നു. ഒരു ചരിത്രവിദ്യാര്‍ത്ഥിയുടെ മുന്‍പില്‍ ഹസ്രത്ത് ഹസന്‍ ബസ്വരി (റ) യുടെ വചനങ്ങള്‍ ഓടിയെത്തുന്ന നിലയിലായിരുന്നു മഹാനവര്‍കളുടെ ഉപദേശങ്ങള്‍. ഉലമാക്കളുടെ ഉപദേശം ഹൃദയങ്ങള്‍ക്ക് ഈമാനിയായ മഴയ്ക്ക് തുല്യമാണെന്ന വാക്യം അന്വര്‍ത്ഥമാക്കുന്നവയായിരുന്നു മൗലാനയുടെ വചനങ്ങള്‍. അവരില്‍ ദീനിയായ വീഴ്ചകള്‍ കാണപ്പെട്ടാല്‍ കടുത്ത ഭാഷയില്‍ അവരെ ശാസിക്കുന്നതിനും മഹാനവര്‍കള്‍ മടി കാണിച്ചിരുന്നില്ല. അവരിലെ മുഖ്ലിസുകള്‍ ആ ശാസനകള്‍ സസന്തോഷം സ്വീകരിച്ച് ദീനിയായ വീഴ്ചകള്‍ തിരുത്താന്‍ ശ്രമിച്ചിരുന്നു. അല്ലാഹു ആ മഹാനുഭാവന് എല്ലാവരില്‍ നിന്നും ഏറ്റവും ഉയര്‍ന്ന പ്രതിഫലം നസീബാക്കുമാറാകട്ടെ. ആമീന്‍.! 
മൗലാനാ (റ) അവര്‍കളുടെ ദീനീ സുഹൃത്തുക്കള്‍ കേവലം കേരളത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരുന്നി ല്ല. കേരളത്തില്‍ തന്‍റെ കഠിന പ്രയത്നത്താല്‍ ദീനിയായ തര്‍ബിയത്ത് (പരിശീലനം) കരസ്ഥമാക്കിയ വലിയൊരു വിഭാഗം പുണ്യ മക്ക, മദീന, റിയാദ്, ദമാം, അല്‍ കോബാര്‍, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ ഗള്‍ഫ് മേഖലകളില്‍ വിവിധ ജോലികളിലായി നിയമിതരായിരുന്നു. നിശ്ചിത ജോലി സമയം കഴിഞ്ഞാല്‍ ശേഷിക്കുന്ന സമയങ്ങളില്‍ അധികവും ഫ്രീ ആയിക്കഴിയുന്ന ഇവര്‍ മുഖാന്തിരം ഗള്‍ഫ് മലയാളികളില്‍ മൗലാനാ (റ) അവര്‍കള്‍ ദഅ്വത്തിന്‍റെ പരിശ്രമത്തിന് തുടക്കം കുറിച്ചു. പല പ്രാവശ്യം ജമാഅത്തുകള്‍ തയ്യാറാക്കി അവിടങ്ങളിലെത്തി മൗലാനാ (റ) അവര്‍കള്‍ പ്രവര്‍ത്തനത്തിന് രൂപം നല്‍കി. എപ്പോഴും എത്തിപ്പെടാന്‍ സാധിക്കുന്ന മേഖലകളല്ലാ ത്തതിനാല്‍ കത്ത് മുഖാന്തിരം അവരുമായി സമ്പര്‍ക്കം പുലര്‍ത്തി അവര്‍ക്ക് വേണ്ട ഉപദേശ-നിര്‍ദ്ദേശങ്ങള്‍ നല്‍കാനും മഹാനവര്‍കള്‍ ശ്രമിച്ചിരുന്നു. നിരന്തരമായ തന്‍റെ ദീനീ യാത്രക്കിടയില്‍ വീട്ടിലെത്തി വിശ്രമിക്കാന്‍ വീണ് കിട്ടുന്ന ഇടവേളകളായിരുന്നു മഹാനവര്‍കള്‍ ഇതിന് വേണ്ടി പ്രയോജനപ്പെടുത്തിയിരുന്നത്. തന്‍റെ പെണ്‍മക്കളില്‍ ചിലരെക്കൊണ്ടാണ് മഹാനവര്‍കള്‍ വിശദമായ കത്തുകള്‍ എഴുതിച്ചിരുന്നത്. കത്തുകള്‍ അധികവുമെഴുതാന്‍ ഭാഗ്യം സിദ്ധിച്ച മകള്‍ ബീവി സാബിറയെക്കാണ്ട്. 1999-ല്‍ എഴുതിച്ച ഒരു കത്ത് മാതൃകയ്ക്കായി ഇവിടെ പകര്‍ത്തുന്നു.
എടത്തല, 1999 ഒക്ടോബര്‍ 10 
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ പ്രിയമുള്ള സാലിഹ് സാര്‍, ഷാജഹാനും മറ്റും ജിദ്ദയിലുള്ള ദീനീ പ്രവര്‍ത്തകരായ എല്ലാ സഹോദരന്മാരും റിയാദിലും മറ്റുമുള്ള എല്ലാ പ്രവര്‍ത്തകരും അറിയുന്നതിന് മൂസാ മൗലവി സലാം. അസ്സലാമു അലൈക്കും.
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ നിങ്ങളെല്ലാവരും ഈമാനിയായ മഹബ്ബത്തിലും സന്തോഷത്തിലും കഴിഞ്ഞുകൂടുന്നു എന്നും ദീനിന്‍റെ പ്രവര്‍ത്തനത്തില്‍ എല്ലാവരും ഒരേ ഹൃദയമായി പ്രവര്‍ത്തിച്ചു കൊണ്ട് ഒരു ശരീരവും ഒരു ഹൃദയവും പോലെ എല്ലാവരും ഒത്തിണങ്ങിക്കഴിയുന്നു എന്നും വിശ്വസിക്കുന്നു. കലഹത്തിലും കലാപത്തിലും പരസ്പര വിരോധത്തിലും കഴിഞ്ഞ് കൂടിയിരുന്നവര്‍ ഒത്തിണങ്ങി ഹൃദയം ഒന്നായി ശരീരം ഒന്നായി ഏകനായ അല്ലാഹുവിന്‍റെ അടിമകളായി ലോകാനുഗ്രഹിയായ നബി (സ്വ) തങ്ങളുടെ റഹ്മത്തിന്‍റെ തണലില്‍ ചിരിച്ച മുഖവും മാധുര്യമേറിയ മുഖവുമായി കഴിഞ്ഞ് കൂടാന്‍ ഭാഗ്യം സിദ്ധിച്ച നിങ്ങളുടെ ഭാഗ്യമേ ഭാഗ്യം. അതിനെ പൊന്നു പോലെ കാത്ത് സൂക്ഷിച്ച് പോറലേല്‍ക്കാതെ മുത്ത് നബി (സ്വ) തങ്ങള്‍ക്ക് ചുറ്റും അല്ലാഹുവിന്‍റെ അനുഗ്രഹത്തിന്‍റെ തണലില്‍ ഒത്ത് ചേര്‍ന്ന് കഴിയാന്‍ അല്ലാഹു ഭാഗ്യം തരുമാറാകട്ടെ. ആമീന്‍.! 
"അദുവുന്‍ മുബീന്‍' 
ശൈത്വാന്‍ ഈ മുത്ത് മാലയെ ചിതറി ചിന്നഭിന്നമാക്കാന്‍ രാപകല്‍ ശ്രമിക്കും. അവന്‍റെ ശ്രമം സാരമില്ല. അവനോടൊത്തിണങ്ങി തുള്ളുന്ന നമ്മളുടെ ശത്രുവായ ഒരുവന്‍ നമ്മളുടെ എല്ലാവരുടെയും കൂട്ടത്തില്‍ ഉണ്ട്. അവന് വിശ്രമമില്ല. അവന്‍ നമ്മെ അകറ്റി വേര്‍പെടുത്തി തമ്മിലടുപ്പിക്കാതെ ഹൃദയങ്ങളില്‍ മുള്ളുകള്‍ നിറയ്ക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ബദ്ധവൈരിയും ജന്മവിരോധിയുമായ "ശൈതാന്‍" നമ്മളില്‍ എല്ലാവരുടെയും ഹൃദയത്തില്‍ ഇരുപ്പുറപ്പിച്ച് നാം ഒന്നായിരിക്കുന്നവര്‍ പലതാകാന്‍, ഇണങ്ങിക്കഴിയുന്നവര്‍ മാധുര്യം ചൊരിയുന്ന മുഹിബ്ബീങ്ങളാകാതെ കൈപ്പും വെറുപ്പും നിറഞ്ഞവരാകാന്‍ കണ്ണിലെണ്ണയൊഴിച്ച് പരിശ്രമിച്ച് കഴിയുന്നു. അവന്‍ എല്ലാ സമയത്തും എല്ലാ സ്ഥലത്തും കുത്തിയിരുന്ന് ശ്രമിക്കും. നമ്മെ അല്ലാഹുവിനോട് നന്ദിയുള്ളവരാകാതെ പരസ്പരം നിന്ദി കെട്ടവരാക്കാന്‍ നിരന്തരം ശ്രമിക്കും. അല്ലാഹു നമ്മെ ഈമാന്‍ തന്നനുഗ്രഹിച്ചത് പോലെ ഈമാനിന്‍റെ ഇണക്കവും കലര്‍പ്പില്ലാത്ത മാധുര്യവും തുളുമ്പുന്നവരായി ലോകമൊട്ടുക്കുള്ള നമ്മളെല്ലാവരേയും ആക്കിത്തീര്‍ക്കുകയും സന്തോഷം മാത്രമുള്ള സ്വര്‍ഗ്ഗത്തില്‍, എപ്പോഴും "സലാമന്‍ സലാമന്‍" എന്ന ശബ്ദം മാത്രം കേള്‍ക്കുന്ന വീടായ സ്വര്‍ഗ്ഗത്തില്‍ അല്ലാഹു നമ്മളെ ഒരുമിച്ച് കൂട്ടട്ടെ. നമ്മളുടെ കൂട്ട് ചിതറിപ്പിക്കാന്‍ ശ്രമിക്കുന്ന ശൈതാനില്‍ നിന്ന് എപ്പോഴും നമ്മളെ അല്ലാഹു കാക്കുമാറാകട്ടെ.! നമ്മുടെ ഇടയില്‍ കഴിയുന്ന അവനേയും അവന്‍റെ അനുയായികളേയും തിരിച്ചറിയാന്‍, എപ്പോഴും അകറ്റി നിര്‍ത്താന്‍ അല്ലാഹു നമുക്കെല്ലാവര്‍ക്കും തൗഫീഖ് തരുമാറാകട്ടെ.! പുണ്യ കഅ്ബയുടെ പരിസരത്ത് പോലും പരസ്പര വൈരാഗ്യത്തിലും ശത്രുതയിലും വൈരാഗ്യ ത്തിലും കൊമ്പ് കോര്‍ത്ത് സ്നേഹത്തിന്‍റെ മാധുര്യനീര്, വിഷത്തിന്‍റെ വൈരാഗ്യത്തിന്‍റെ വിഷബീജമാക്കാന്‍ നമ്മുടെ ജന്മശതു എവിടെയും എപ്പോഴും ശ്രമിക്കും. അവന്‍റെ നീക്കങ്ങളെ എപ്പോഴും കണ്ടറിയാന്‍ തിരിച്ചറി യാന്‍ കരുണയുള്ളവനായ അല്ലാഹു പുന്നാര നബിയുടെ ബര്‍ക്കത്ത് കൊണ്ട് എപ്പോഴും തൗഫീഖ് തരട്ടെ.! നിങ്ങളെ പറ്റിയുള്ള സന്തോഷകരവും ഹൃദയത്തെ കുളിര്‍പ്പിക്കുകയും ചെയ്യുന്ന സന്തോഷവിവരങ്ങളടങ്ങുന്ന കത്തുകള്‍ വളരെ ആശയോടുകൂടെ കാത്തിരിക്കുന്നു. പുണ്യമായ ഹജ്ജിന്‍റെ പ്രകാശപൂരിതമായ സമയങ്ങളില്‍ പരിശുദ്ധ സ്ഥലങ്ങളില്‍ ഒന്നായി കൂടാനും തെളിഞ്ഞുപ്രകാശിക്കുന്ന സന്തോഷങ്ങള്‍ പരസ്പരം പങ്കിടാനും അല്ലാഹു തൗഫീഖ് നല്‍കട്ടെ.! നിങ്ങളുടെ സന്തോഷമേറിയ മാധുര്യവചനങ്ങള്‍ അടങ്ങുന്ന കത്തുകള്‍ കാത്ത് ഞങ്ങള്‍ ഇവിടെ കഴിയുന്നു. 13-ാം തീയതി ഞങ്ങള്‍ ഡല്‍ഹിക്കു പോകുന്നു. എല്ലാ നിലയിലുള്ള ആഫിയത്തോടെ ആരോഗ്യത്തോടെ നിസാമുദ്ദീനില്‍ പോയി അവിടെയുള്ള അകാബിരീങ്ങള്‍ മഹാന്‍മാരെ കണ്ടു മടങ്ങി നാട്ടിലെത്താന്‍ ദുആ ചെയ്യണം. എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ സലാം അറിയിക്കണം. നിങ്ങളെല്ലാവരേയും കാണാന്‍ കൊതിച്ചുകഴിയുന്നു. എനിക്ക് കണ്ണിന് സുഖമില്ലാത്തത് കൊണ്ട് പ്രത്യേകം പ്രത്യേകം കത്തുകളെഴുതാന്‍ നിവൃത്തിയില്ല. ഈ കത്ത് എല്ലാവര്‍ക്കുമായി കരുതണം. അല്ലാഹു നമ്മുടെ എല്ലാവരുടെയും എല്ലാ ആഗ്രഹങ്ങളും സഫലമാക്കട്ടെ.! അമീന്‍. 
ഭാര്യയും മക്കളും എല്ലാവരുടെയും സലാം എല്ലാവര്‍ക്കും.
-എന്ന് മുഹമ്മദ് മൂസായും കൂട്ടരും.
അവിടങ്ങളിലെ പ്രധാന പ്രവര്‍ത്തകര്‍ കത്തുകള്‍ മഖാന്തിരം മൗലാനാ അവര്‍കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അവരുടെ കത്തുകളുടെ വലിയൊരു ശേഖരം മൗലാനാ (റ) അവര്‍കള്‍ സൂക്ഷിച്ചിരുന്നു. റിയാദില്‍ നിന്ന് പന്തളം ഹാജി യഅ്കൂബ് ഹസന്‍ എഞ്ചിനീയര്‍, പത്തനാപുരം സാലിഹ് സാര്‍, ബഹ്റൈനില്‍ നിന്ന് തൊളിക്കോട് അബ്ദുല്‍ മജീദ് ഹാജി, ജിദ്ദയില്‍ നിന്ന് പത്തനാപുരം ഷാജഹാന്‍ ഹാജി പോലുള്ളവരുടെ കത്തുകള്‍ അവയില്‍ കൂടുതലായി കാണപ്പെട്ടിരുന്നു. 
ഹിജാസ് മുഖദ്ദസ്, മക്ക-മദീനയോടുള്ള 'മഹബ്ബത്ത്' (സ്നേഹം) മൗലാനാ (റ) അവര്‍കളുടെ മജ്ജയിലും മാംസത്തിലും അലിഞ്ഞ് ചേര്‍ന്നതായിരുന്നു. സമകാലീനരില്‍ വിശ്വ മഹാകവി മര്‍ഹൂം അല്ലാമാ ഇഖ്ബാലിന്‍റെ കവിതകളിലും ശൈഖുല്‍ ഇസ്ലാം മൗലാനാ സയ്യിദ് ഹുസൈന്‍ അഹ്മദ് മദനി (റ) യുടെ ജീവചരിത്രത്തിലും വിവരിക്കപ്പെടുന്ന 'മഹബ്ബത്ത്' മൗലാനാ (റ) അവര്‍കളുടെ ജീവിതത്തില്‍ നിഴലിച്ച് കാണാന്‍ കഴിഞ്ഞിരുന്നു. തിരുനബി (സ) തങ്ങളോടുള്ള മഹബ്ബത്ത് (സ്നേഹം), ഇഷ്ഖാ (പ്രേമം) യി മാറിയിരുന്നു മഹാനുഭാവനില്‍. തിരുസുന്നത്തിനെതിരായതൊന്നും മഹാനുഭാവന്‍റെ വാക്കിലോ, പ്രവര്‍ത്തിയിലോ കാണപ്പെട്ടിരുന്നില്ല. പ്രഭാഷണങ്ങള്‍ ഓരോന്നും സുന്നത്തിന്‍റെ ശക്തി വിളിച്ചോതുന്നവയായിരുന്നു. പതിനായിരങ്ങളുടെ വേഷവിധാനങ്ങളുള്‍പ്പെടെ ജീവിതം സുന്നത്തിന്‍റെ മൂശയില്‍ വാര്‍ത്തെടുക്കപ്പെടാന്‍ ആ ധന്യജീവിതം ഹേതുവായി ത്തീര്‍ന്നു. പുണ്യമക്കയിലെത്തി ഉംറ, ഹജ്ജ് നിര്‍വ്വഹിക്കലും പുണ്യ മദീനയിലെത്തി തിരുനബി (സ) തങ്ങളുടെ 'റൗളാശരീഫ്' സിയാറത്ത് ചെയ്യലും വലിയൊരു ഹരം തന്നെയായിരുന്നു മഹാനുഭാവന്. ജന്മനാടായ കാഞ്ഞാറില്‍ ത്യാഗത്തിന്‍റെ തീച്ചൂളയിലൂടെ ജീവിതയാത്ര തുടരുമ്പോഴും പന്ത്രണ്ട് പ്രാവശ്യം പുണ്യ ഹജ്ജ്, ഉംറ, സിയാറത്തിന് മഹാനുഭാവന്‍ അവസരം കണ്ടെത്തി. ആലുവയിലെ കൗസരിയ്യ മന്‍സിലിലെത്തിയതിന് ശേഷം പതിനാറ് പ്രാവശ്യം തുടര്‍ച്ചയായി അതിനുള്ള സൗഭാഗ്യം ലഭിച്ചു. ഹജ്ജ്, ഉംറ, സിയാറത്തിന്‍റെ അമലുകള്‍, സുന്നത്തിനെ പരി പൂര്‍ണ്ണമായി പിന്‍പറ്റി നിര്‍വ്വഹിച്ചിരുന്ന മഹാനവര്‍കളാല്‍ മലയാള ഭാഷയില്‍ വിരചിതമായ 'ഇര്‍ഷാദുല്‍ ഹജ്ജ്' എന്ന ഉത്തമഗ്രന്ഥം മലയാളികളായ ഹാജിമാരുടെ ഏറ്റവും ഉയര്‍ന്ന ഹജ്ജ് ഗൈഡാണ്. മഹാനവര്‍കളുടെ വഫാത്തിന് ശേഷം അല്‍കൗസര്‍ ഉലമാകൗണ്‍സില്‍ അതിമനോഹരമായി ഈ ഗ്രന്ഥം പ്രസിദ്ധം ചെയ്തിരിക്കുന്നു.
ആരോഗ്യനില മറന്ന്, പ്രായം മറന്ന് അവസാനമായി മൂന്ന് വര്‍ഷം മഹാനവര്‍കള്‍ പുണ്യ ഹജ്ജിനെത്തി. മുന്‍ വര്‍ഷങ്ങളില്‍ മഹാനവര്‍കളുടെ ദീനിയായ സദസ്സുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഹാജിമാര്‍ക്ക് ഈമാനിയായ ആവേശമായിരുന്നു. പക്ഷേ, ഈ മൂന്ന് വര്‍ഷവും, പുണ്യമക്കയിലും മദീനയിലും ആ മഹാനുഭാവന്‍ പലനിലയിലുള്ള രോഗങ്ങളില്‍ അകപ്പെട്ട് പോയി. അവസാന ഹജ്ജ് കഴിഞ്ഞ് മടങ്ങി എത്തുമ്പോള്‍ മഹാനവര്‍കളുടെ ത്യാഗനിരതമായ അരനൂറ്റാണ്ടിന് പരിസമാപ്തി കുറിക്കുകയായിരുന്നു. തന്‍റെ ഇരുപത്തിരണ്ടാ മത്തെ വയസ്സിലാണ് ത്യാഗനിരതമായ ദഅ്വത്തിന്‍റെ മെതാനത്തില്‍ മഹാനവര്‍കള്‍ ചുവടുറപ്പിച്ചത്. ഇപ്പോള്‍ എഴുപത്തിരണ്ട് വയസ്സ് പൂര്‍ത്തിയായിരുന്നു. വര്‍ഷങ്ങളായി പല നിലയിലുള്ള രോഗങ്ങള്‍ അലട്ടിയിരുന്ന മൗലാനാ (റ) അവര്‍കള്‍ വിശ്രമജീവിതത്തിന് സന്നദ്ധനായിരുന്നില്ല. ആരോഗ്യനില പരിഗണിച്ച് യാത്രകള്‍ കുറച്ച് വിശ്രമജീവിതം നയിക്കാന്‍ ആത്മാര്‍ത്ഥതയുള്ള ജീവിതകാല സുഹൃത്തുക്കള്‍ പലരും ഉപദേശിച്ചിട്ടും തന്‍റെ മുറബ്ബി ഹസ്രത്ജി മൗലാനാ മുഹമ്മദ് യൂസുഫ് (റ) അവര്‍കളെപ്പോലെ ദീനിന്‍റെ മാര്‍ഗ്ഗത്തിലെ "ശഹാദത്ത്' ആശിച്ച ആ മഹാന്‍ രോഗത്തിന്‍റെ പേരിലുള്ള വിഷമതകള്‍ക്ക് യാതൊരു നിലയിലുള്ള പരിഗണനയും നല്‍കാതെ ദീനിന്‍റെ മാര്‍ഗ്ഗത്തിലെ മുന്നണിപ്പോരാളിയായിത്തന്നെ നിലയുറപ്പിച്ചു. യാത്രക്കിടയില്‍ ഒരു ദിവസം വീട്ടിലെത്തിയ സന്ദര്‍ഭം. വയറിന് ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടു. കോഴിക്കോട് അമീര്‍ ഡോക്ടര്‍ എ.കെ. അബ്ദുല്‍ ഖാദിര്‍ഷാ അവര്‍കളുടെ മരുന്നുകളാണ് മൗലാനാ (റ) അവര്‍കള്‍ ഉപയോഗിച്ച് വന്നിരുന്നത്. ആലുവയില്‍ ഡോക്ടര്‍ അബ്ബാസ്, ഡോക്ടര്‍ ശൈഖ് ഫരീദ് ഇരുവരുടെയും ചികിത്സ തേടാറുണ്ടായിരുന്നു. ഡോക്ടര്‍ ശൈഖ് ഫരീദിന്‍റെ നിര്‍ദ്ദേശാനുസരണം ആലുവയിലെ ഹോസ്പിറ്റലില്‍ മൗലാനാ (റ) അവര്‍കളെ അഡ്മിറ്റ് ചെയ്യപ്പെട്ടു. ഒരുദിവസം കൊണ്ട് ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടില്‍ മടങ്ങിയെത്തി. ഒറ്റദിവസം കൊണ്ട് മൗലാനാ (റ) അവര്‍കളില്‍ വലിയ മാറ്റം കാണപ്പെട്ടു. ശാരീരിക ബലഹീനത ഒരു ഭാഗത്ത്, ഓര്‍മ്മക്കുറവ് മറുഭാഗത്ത്. രണ്ടും ചേര്‍ന്ന് മൗലാനാ(റ) അവര്‍കളെ ശയ്യാവലംബിയാക്കി മാറ്റി. 
മൗലാനാ (റ) അവര്‍കളുടെ ജീവിതത്തിലെ ഇണപിരിയാത്ത കൂട്ടുകാരന്‍ മര്‍ഹൂം സുബൈര്‍ ഹാജിയുടെ സൗഭാഗ്യവാനായ മകന്‍ ഹാഫിസ് ഉവൈസ് ഹാജിയുടെ ഇമാറത്തില്‍ മഷ്വറ ചെയ്ത് വിദഗ്ദമായ ചികിത്സകള്‍ക്ക് തര്‍ത്തീബ് ചെയ്യപ്പെട്ടു. ആലുവയിലെ ഡോക്ടര്‍ ശൈഖ് ഫരീദിന്‍റെ നിര്‍ദ്ദേശാനുസരണം എറണാകുളത്തെ പ്രഗത്ഭനായ ന്യൂറോളജിസ്റ്റ് ഡോക്ടര്‍ ജി.ജി. കുരുട്ടുകുളവുമായി ബന്ധപ്പെട്ടു. എറണാകുളം ലിസി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത് അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ മൗലാനാ (റ) അവര്‍കളെ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി. ചികിത്സയിലുപരി ഉയര്‍ന്ന പരിചരണമാണ് മൗലാനാ (റ) അവര്‍കള്‍ക്കാവശ്യമെന്ന് വിവരിച്ച് തന്ന് അത്യാവശ്യ മരുന്നുകളും നിര്‍ദ്ദേശിച്ച് അദ്ദേഹം വീട്ടിലേക്കയച്ചു. തുടര്‍ന്ന് ഒന്നേകാല്‍ വര്‍ഷത്തോളം രോഗശയ്യയിലായിത്തന്നെ മഹാനുഭാവന്‍ ദിനരാത്രങ്ങളെ യാത്രയാക്കി. ഓര്‍മ്മക്കുറവിന്‍റെ അവസ്ഥയില്‍ തന്‍റെ വാക്കും പ്രവര്‍ത്തിയും ആ മഹാനുഭാവന് മനസ്സിലാകുമായിരുന്നില്ല. സഹധര്‍മ്മിണി, മക്കള്‍, ചെറുമക്കള്‍, മരുമക്കള്‍ എല്ലാവരും ഈ സന്ദര്‍ഭത്തില്‍ പരമാവധി ശുശ്രൂഷകള്‍ ചെയ്തിരുന്നു. ശരിയായ ഓര്‍മ്മശക്തി ലഭിക്കുമ്പോള്‍ താന്‍ നട്ട് വളര്‍ത്തിയ ദഅ്വത്തിന്‍റെ സുന്ദര കുസുമത്തെ സംബന്ധിച്ച്, അതിന്‍റെ സൗരഭ്യത്തെ സംബന്ധിച്ച്, കഴിഞ്ഞകാല യാത്രകളെ സംബന്ധിച്ച്, സമ്മേളനങ്ങളെ സംബന്ധിച്ചെല്ലാം രസകരമായി പറഞ്ഞ് ഇന്നലെകളിലെ സ്മരണകള്‍ അയവിറക്കുകയും ആരോഗ്യനില മറന്ന് ദീനിന്‍റെ മാര്‍ഗ്ഗത്തില്‍ പുറപ്പെട്ട് പോകാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ചിലപ്പോള്‍ കണ്ണുനീര്‍ ചാലുകള്‍ തീര്‍ത്ത് തൗബ-ഇസ്തിഗ്ഫാറിന്‍റെ നിലയില്‍ മണിക്കൂറുകളോളം മഹാനുഭാവന്‍ ലയിക്കുമായിരുന്നു. അരനൂറ്റാണ്ട് കാലം വിശ്രമമെന്തെന്നറിയാതെ ത്യാഗത്തിന്‍റെ ഇതിഹാസങ്ങള്‍ രചിച്ച മഹാനുഭാവന് നാഥന്‍ കനിഞ്ഞരുളിയ നിര്‍ബന്ധ വിശ്രമവേളയായിരുന്നിരിക്കാം ഈ ഒന്നേകാല്‍ വര്‍ഷക്കാലം. തിരുനബി (സ) തങ്ങളുടെ ഹദീസുകളുടെ വെളിച്ചത്തില്‍ മാസങ്ങള്‍ നീണ്ടുനിന്ന ഈ രോഗം മഹാനുഭാവന്‍റെ ദറജകള്‍ ഉയരാന്‍ നാഥന്‍ നല്‍കിയതുമായിരിക്കാം.! 
മാസങ്ങള്‍ നീണ്ട് നിന്ന രോഗകാലയളവില്‍ മഹാനവര്‍കളുടെ ചിന്ത ഉപരിസൂചിത വിഷയങ്ങളോടൊപ്പം രണ്ട് കാര്യങ്ങളില്‍ ലയിച്ചതായിരുന്നു. അവ രണ്ടും തന്നെയായിരുന്നു മഹാനവര്‍കളുടെ ജീവിതാഭിലാഷവും. മറ്റൊന്നിലേക്കും ആ ഖല്‍ബ് തിരിഞ്ഞില്ല. മറ്റൊന്നിലും ആ ഖല്‍ബ് രസം കണ്ടെത്തിയില്ല. അവ രണ്ടും പരസ്പരം ബന്ധപ്പെട്ടവയുമാണ്. ഒന്ന്, മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ അന്ത്യവിശ്രമം. രണ്ട്, സ്വര്‍ഗ്ഗീയ പരിമളം ആസ്വദിച്ച് സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയും സ്വര്‍ഗ്ഗ പ്രവേശനവും. 
ശയ്യാവലംബിയായ മഹാന്‍ ഒരു ദിവസം പറഞ്ഞു: ഞാന്‍ അവസാനം നിര്‍വ്വഹിച്ച മൂന്ന് ഹജ്ജ് കര്‍മ്മങ്ങളും വലിയ ത്യാഗത്തിലാണ് നിര്‍വ്വഹിച്ചത്. ആത്മാര്‍ത്ഥതയുള്ള സ്നേഹിതന്മാരില്‍  പലരും എന്‍റെ യാത്രയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു. ഈ മൂന്ന് യാത്രകളിലും ഞാന്‍ വളരെയധികം ബുദ്ധിമുട്ടി. എന്‍റെ യാത്രയില്‍ പലരും നീരസം പ്രകടിപ്പിച്ചു. ഇതെല്ലാം ശരിയാണെങ്കിലും കഷ്ടപ്പാടുകള്‍ സഹിക്കുമ്പോഴും ആക്ഷേപങ്ങള്‍ കേള്‍ക്കുമ്പോഴും മൂന്ന് വര്‍ഷത്തെ യാത്രയിലും എന്‍റെ ഹൃത്തടത്തില്‍ വലിയൊരു ലക്ഷ്യമുണ്ടായിരുന്നു. അത് എന്‍റെ ജീവിതാഭിലാഷവുമായിരുന്നു. പുണ്യമദീനയില്‍ വഫാത്തായി, ജന്നത്തുല്‍ ബഖീഇല്‍ ദഫന്‍ ചെയ്യപ്പെടണം ഇതായിരുന്നു എന്‍റെ ആ അഭിലാഷം. ഇതിന്‍റെ മുന്‍പില്‍ എല്ലാ പ്രയാസങ്ങളെയും ഞാന്‍ നിസ്സാരമായി കണ്ടു. എനിക്കാ സൗഭാഗ്യം നഷ്ടമായിപ്പോയല്ലോ... ഇത്രയും പറഞ്ഞ് തീര്‍ന്നപ്പോള്‍ മഹാനവര്‍കളുടെ കണ്ണുകള്‍ നീര്‍ച്ചാലുകള്‍ തീര്‍ക്കുന്നത് കാണാമായിരുന്നു. 
മദീനയോടുള്ള പ്രേമത്തില്‍ പാതിരാസമയത്ത് ആ മഹാന്‍ ഇപ്രകാരം പാടുന്നത് കേള്‍ക്കാമായിരുന്നു.
മേരേ മൗലാ, ബുലാലോ മദീനാ മുജേ 
ഖാഫില വാലേ ഗുദര്‍ ഗയേ, മൈ ഹാഥ് മല്‍താ റഹ്ഗയാ, 
എന്‍റെ നാഥാ, എന്നെ നീ മദീനയിലേക്ക് ക്ഷണിച്ചാലും.! 
യാത്രാ സംഘം കടന്ന് പോയല്ലോ.! ഞാന്‍ (പെരുവഴിയില്‍) കൈയും തിരുമ്മി ഇരുന്ന് പോയല്ലോ... 
മദീനയോടുള്ള പ്രേമം ആ ഹൃദയത്തില്‍ എത്രത്തോളം അലിഞ്ഞ് ചേര്‍ന്നിരുന്നുവെന്ന് ഉപരിസൂചിത വിശകലനത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി പതിനായിരങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിന്‍റെ പാത കാണിച്ചുകൊടുത്ത മഹാനുഭാവന്‍ മാസങ്ങള്‍ നീണ്ടുനിന്ന തന്‍റെ രോഗത്തില്‍ സ്വര്‍ഗ്ഗീയ ചിന്തയില്‍ ലയിച്ച്, സ്വര്‍ഗ്ഗത്തെ ആശിച്ച്, സ്വര്‍ഗ്ഗ പ്രവേശനത്തിന് വേണ്ടി ഇരു കരങ്ങള്‍ ഉയര്‍ത്തി ദുആ ചെയ്യുകയെന്നതും മഹാനവര്‍കളുടെ രോഗശയ്യയിലെ പതിവായിരുന്നു. മഹാനവര്‍കള്‍ പോകാം, പോകാം, എന്ന് സാധാരണ പറയുമായിരുന്നു. ഒരു ദിവസം ഇളയ മകള്‍ ബീവി ശാക്കിറ ചോദിച്ചു; എങ്ങോട്ടാണത്താ പോകുന്നത്. മറുപടി അറബിയിലായിരുന്നു. ഇലല്‍ ജന്ന...(സ്വര്‍ഗ്ഗത്തിലേക്ക്) സ്വര്‍ഗ്ഗത്തിന്‍റെ താഴ്വരകള്‍ ഞാന്‍ കാണുന്നു. എനിക്ക് പോകാന്‍ ധൃതിയാകുന്നു. മക്കള്‍ പറഞ്ഞു. അത്ത ഒറ്റക്ക് പോകരുത്. ഞങ്ങളെയും കൂട്ടിക്കൊണ്ട് പോകണം. മൗലാനാ (റ) അവര്‍കള്‍ അരുളി. ഞാന്‍ പറന്നങ്ങ് പോകും. നിങ്ങളും കൂടെപ്പറന്നാല്‍ നിങ്ങളെയും കൂട്ടിക്കൊണ്ട് പോകും. ഇടയില്‍ തടസ്സങ്ങള്‍ വന്നാല്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പിന്തുന്നതല്ല. ഞാന്‍ ഒറ്റപ്പറക്കലിന് നേരെ സ്വര്‍ഗ്ഗത്തിലെത്തും. 
ഒരു ദിവസം മൗലാനാ (റ) അവര്‍കള്‍ പറഞ്ഞു: സ്വര്‍ഗ്ഗത്തിന്‍റെ പരിമളം എന്നിലേക്ക് കടന്ന് വന്ന് കൊണ്ടിരി ക്കുന്നു. മക്കള്‍ ചോദിച്ചു. എവിടെ നിന്നാണ് കടന്ന് വരുന്നത്? മൗലാനാ (റ) അരുളി. വാതിലിലൂടെ കടന്ന് വന്ന് കൊണ്ടിരിക്കുന്നു. പക്ഷേ അത് വരുകയും പോകുകയും ചെയ്ത് കൊണ്ടിരിക്കുന്നു. അത് തങ്ങുന്നില്ല. വഫാത്തിന്‍റെ ലക്ഷണങ്ങള്‍ മഹാനവര്‍കള്‍ കണ്ട് തുടങ്ങിയ സമയമായിരുന്നു അതെന്ന് തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നു.
2002 ഒക്ടോബര്‍ 29 (1423 ശഅ്ബാന്‍ 22) ചൊവ്വാഴ്ച വിനീത ലേഖകന്‍ സഹധര്‍മ്മിണി ബീവി സാബിറയെയും മക്കളെയും കൂട്ടി എടത്തലയിലെ മൗലാനാ (റ) അവര്‍കളുടെ വസതിയായ 'കൗസരിയ്യ' മന്‍സിലിലെത്തി. പുണ്യ റമദാന്‍ വരെ മൗലാനാ (റ) അവര്‍കളുടെ ഖിദ്മത്തിലായി കഴിയാം ഇതായിരുന്നു ലക്ഷ്യം. മൗനമായ നിലയിലാണ് മൗലാനാ (റ) അവര്‍കളെ കാണാന്‍ കഴിഞ്ഞത്. പതിവിലും നേരത്തെ അന്ന് കിടന്നുറങ്ങു കയും പതിവ് പോലെ തന്നെ ഉണരുകയും ചെയ്തു. 30-ാം തീയതി ബുധനാഴ്ച നല്ല അവസ്ഥയായിരുന്നു. നല്ല ഓര്‍മ്മയോട് കൂടിയുള്ള സംസാരം. കുടുംബ കാര്യങ്ങളുള്‍പ്പെടെ പല കാര്യങ്ങളും ദീര്‍ഘനേരം മൗലാനാ അവര്‍കള്‍ വീടിന്‍റെ പൂമുഖത്തിരുന്ന് വിനീതനുമായി സംസാരിച്ചു. അന്നത്തെ പകല്‍ സമയം നല്ലൊരവസ്ഥയായിരുന്നു. മഗ്രിബോടടുത്ത് അവസ്ഥകള്‍ മാറി, മകള്‍ ബീവി താഹിറയും മരുമകന്‍ ഇബ്റാഹീം മൗലവിയുമെത്തി. കട്ടിലില്‍ ഇരുത്തപ്പെട്ട മൗലാനാ (റ) അവര്‍കള്‍ നേരെ ഇരിക്കാന്‍ കഴിയാതെ ഒരു ഭാഗത്തേക്ക് ചരിയുന്നതായി തോന്നി. മൗലാനാ (റ) അവര്‍കളുടെ ഖിദ്മത്തില്‍ മടികാണിക്കാത്ത മരുമകന്‍ ഇബ്റാഹീം മൗലവി തന്‍റെ മടിയില്‍ മൗലാനാ അവര്‍കളെ ചാരിക്കിടത്തി. മകള്‍ ത്വാഹിറ ചോദിച്ചു. അത്താ, അത്താക്കെന്ത് പറ്റി.? എന്‍റെ ആഖിറത്തിലേക്കുള്ള യാത്രയുടെ സമയം അടുത്തിരിക്കുന്നു മോളേ, മൗലാനാ (റ) അവര്‍കളുടെ ആ മറുപടി വരാനിരിക്കുന്ന പതിനഞ്ചാമത്തെ രാത്രി യാഥാര്‍ത്ഥ്യമായി പുലരുമെന്ന യാഥാര്‍ത്ഥ്യം നമുക്കാര്‍ക്കും അന്ന് ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. 
ഒക്ടോബര്‍ 31 വ്യാഴം (അല്‍ജാമിഅത്തുല്‍ കൗസരിയ്യയില്‍ സനദ് (ബിരുദ) ദാന സമ്മേളനമായിരുന്നു. മൗനമായിരുന്നു അന്നത്തെയും അവസ്ഥ. കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തെ ആത്മാര്‍ത്ഥത നിറഞ്ഞ സ്നേഹിതന്മാര്‍ കുമളി കനിഹാജി, കാഞ്ഞിരപ്പള്ളി ഇബ്റാഹീം കുട്ടിഹാജി, ഫരീദ് ബാവാ ഹാജിയുടെ മകന്‍ അബ്ദുല്‍ ജബ്ബാര്‍ ഇവരെല്ലാം കടന്ന് വന്നപ്പോള്‍ മൗനം ചെറിയ സന്തോഷമായി മാറി. അസ്റിന് ശേഷം അല്‍പ്പസമയം സനദ് ദാന സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിവന്നപ്പോഴും ചെറിയ സന്തോഷം പ്രകടിപ്പിച്ചു. എങ്കിലും മൗനം വര്‍ദ്ധിക്കുകയായിരുന്നു. ഡോക്ടര്‍ ശൈഖ് ഫരീദ് വീട്ടില്‍ വന്ന് പരിശോധിച്ചു. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. 
നവംബര്‍ രണ്ടാം തീയതി ശനിയാഴ്ച്ച ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ശനിയാഴ്ച സുബ്ഹിക്ക് ശേഷം ആശുപത്രിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങളായി. മൗലാനാ (റ) അവര്‍കള്‍ക്ക് ഒന്നും ഉരിയാടാന്‍ കഴിയുന്നില്ല. ഒരു ഗ്ലാസ്സ് പാല്‍ പോലും കുടിച്ചിറക്കാന്‍ കഴിയുന്നില്ല. മൗലാനാ (റ) അവര്‍കളുടെ ഭാര്യ, മക്കള്‍, മരുമക്കള്‍, ചെറുമക്കള്‍ എല്ലാവരും കട്ടിലിനരികില്‍ തന്നെയുണ്ട്. ഒന്നും ഉരിയാടാന്‍ കഴിയാത്ത മൗലാനാ (റ) അവര്‍കള്‍ എല്ലാവരെയും സസൂക്ഷ്മം വീക്ഷിക്കുന്നു. ദുന്‍യാവിലെ താല്‍ക്കാലിക വസതിയില്‍ നിന്ന് സുഖലോക സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയുടെ തുടക്കം കുറിക്കപ്പെടുകയാണെന്ന് മൗലാനാ (റ) അവര്‍കള്‍ മനസ്സിലാക്കി, എല്ലാവരോടും യാത്ര പറയുകയായിരുന്നു. കൂടി നിന്നവരില്‍ എല്ലാവര്‍ക്കും ആ നോട്ടത്തിന്‍റെ പൊരുള്‍ മനസ്സിലാക്കാന്‍ പന്ത്രണ്ട് ദിവസം വേണ്ടി വന്നു എന്ന് മാത്രം. 
മുബാറക്കായ നയനങ്ങള്‍ കൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞ മൗലാനാ അവര്‍കളെ, ഉവൈസ് ഹാജിയുടെ കാറില്‍ കയറ്റി മകന്‍ ഇല്‍യാസ് മൗലവി, മരുമകന്‍ അബ്ദുല്‍ കരീം മൗലവി, ഉവൈസ് ഹാജിയും മകന്‍ ഹാഫിസ് ഇബ്റാഹീം തുടങ്ങിയവ് ചേര്‍ന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഡോക്ടര്‍ ഹൈദരാലിയുടെ ആശുപത്രിയില്‍ ഡോക്ടര്‍ ശൈഖ് ഫരീദിന്‍റെ മേല്‍ നോട്ടത്തില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. ആശുപ്രതിയുടെ എല്ലാ തര്‍ത്തീബുകളും ഹാഫിസ് ഉവൈസ് ഹാജി ഏറ്റവും ഭംഗിയായ നിലയില്‍ ക്രമീകരിച്ചിരുന്നു. അഡ്മിറ്റ് ചെയ്ത അന്ന് രാത്രി തന്നെ രോഗം കലശലായി. ഡോക്ടര്‍ പ്രതീക്ഷ കൈവിട്ടു. പതിനായിരങ്ങള്‍ നാടിന്‍റെ നാനാഭാഗങ്ങളിലും ദിക്റിലും ദുആയിലും. ഉലമാക്കളില്‍ പലരും പറഞ്ഞു: മൗലാനാ (റ) യുടെ വഫാത്ത് പുണ്യ റമദാനെത്താതെ സംഭവിക്കുന്നതല്ല. മണിക്കൂറുകള്‍ക്കുള്ളില്‍ അവസ്ഥകള്‍ക്ക് മാറ്റം വന്നു. 
നവംബര്‍ 3 മുതല്‍ 13 വരെ അവസ്ഥകള്‍ മാറി മാറി വന്നു. അന്നമോ, വെള്ളമോ ആമാശയം സ്വീകരിക്കാ തെയായി. വൈദ്യശാസ്ത്രത്തിന്‍റെ മുന്‍പില്‍ പ്രതിവിധികള്‍ ഒന്നും തന്നെ ശേഷിച്ചിരുന്നില്ല. ഡോക്ടര്‍ ഹൈദരലി തന്നെ മൗലാനാ അവര്‍കളെ വിശേഷിപ്പിച്ചത് "അത്ഭുത മനുഷ്യന്‍' എന്നായിരുന്നു. ദിവസങ്ങളായി അന്നമോ, വെള്ളമോ സ്വീകരിക്കാത്ത ആമാശയം, ദിവസങ്ങളായി ഒന്നും ഉരിയാടാത്ത നാവ്, ചുണ്ടുകള്‍ അനങ്ങുമ്പോള്‍ ആ ചുണ്ടുകള്‍ക്ക് ചെവിയോര്‍ത്താല്‍ "അല്ലാഹു' എന്ന നേര്‍ത്ത ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. ഓരോ ദിവസവും ആയിരങ്ങള്‍ സന്ദര്‍ശകരായി ഒഴുകിയെത്തി. നിശയുടെ നിശബ്ദതയിലും സന്ദര്‍ശക പ്രവാഹം നിലച്ചിരുന്നില്ല. പുണ്യ റമദാനിലേക്ക് ഹയാത്ത് നീട്ടിക്കൊടുത്ത റബ്ബ് ഏതോ പുണ്യ നിമിഷത്തിന് വേണ്ടി ഹയാത്ത് നീട്ടിക്കൊടുത്തിരിക്കാമെന്ന് പ്രതീക്ഷയായിരുന്നു. പുണ്യ റമദാന്‍ പത്താമത്തെ രാത്രി (വ്യാഴാഴ്ച അസ്തമിച്ച വെള്ളിയാഴ്ച രാത്രി) വിട്ടുകടക്കുമെന്ന പ്രതീക്ഷ, രോഗനില അറിയുന്നവരില്‍ പൊതുവെ കുറവായിരുന്നു. പക്ഷേ അല്ലാഹുവിന്‍റെ തഖ്ദീര്‍' (വിധി) മുന്‍കടക്കുന്ന സ്ഥലത്ത് മനുഷ്യന്‍റെ തദ്ബീര്‍ (പ്ലാനിംഗ്) പരാജയപ്പെടുമല്ലൊ. റമദാനിലെ ആദ്യ പത്തിലെ അവസാനത്തെ ഒറ്റപ്പെട്ട രാത്രിയാണല്ലോ ഒന്‍പതാമത്തെ രാത്രി. നാഥന്‍റെ തീരുമാനം ആ രാത്രി ത്യാഗിവര്യനായ തന്‍റെ ഈ ദാസനെ തന്‍റെ തിരുസന്നിധിയിലേക്കാനയിക്കണം എന്നതായിരുന്നു. ആശുപ്രതി മുറിയില്‍ സ്ത്രീകളും നേഴ്സുമാരുമില്ലാത്ത പാതിരാസമയം, നാഥന്‍ അതിനായി നിശ്ചയിച്ചു. ഭാര്യയും മക്കളും മരുമക്കളും ചെറുമക്കളുമെല്ലാം ആശുപ്രതി മുറികളിലും വിളിപ്പാടകലെയുള്ള കൗസരിയ്യ മന്‍സിലിലുമായി കഴിയുന്നു. മുറിയില്‍ മരുമക്കള്‍ അബ്ദുല്‍ കരീം മൗലവിയും വേയ്ക്കല്‍ മുഹമ്മദ് ബഷീര്‍ മൗലവിയും മാത്രം. മൗലാനാ (റ) അവര്‍കളുടെ ശരീരമാസകലം വിയര്‍പ്പ് കണങ്ങള്‍ പൊടിയുന്ന കാഴ്ചയാണ് അബ്ദുല്‍ കരീം മൗലവിയുടെ ശ്രദ്ധയില്‍പ്പെട്ടത്. മൗലവി അവര്‍കള്‍ക്ക്, അവസ്ഥ മാറുകയാണെന്ന് മനസ്സിലായി. അതിവേഗം ബഷീര്‍ മൗലവിയെ അടുത്ത മുറികളിലുള്ള എല്ലാവരെയും വിളിക്കാനയച്ച്, വിയര്‍പ്പ് കണങ്ങള്‍ പരിപൂര്‍ണ്ണമായി തുടച്ച് കൊടുത്തു. ശരീരത്തിന്‍റെ കറുപ്പ് നിറം ക്രമേണ മാറി വരുന്ന കാഴ്ചയാണ് കണ്ടത്. ഒപ്പം പാല്‍മണം മാറാത്ത കുട്ടികളുടെ സുഗന്ധവും. അതാണല്ലോ സ്വര്‍ഗ്ഗത്തിലെ സുഗന്ധം. ബഷീര്‍ മൗലവി ഓടി മടങ്ങി എത്തിയെങ്കിലും അതിന് മുന്‍പ് മഹാനായ ദാഇയെ മില്ലത്ത് നാഥന്‍റെ തിരുസന്നിധിയിലേക്ക് യാത്രയായിക്കഴിഞ്ഞിരുന്നു. സമയം 12.50. റഹിമഹുല്ലാഹ്!... ദാഇയെ മില്ലത്തി (റ)ന്‍റെ മരണവാര്‍ത്ത അല്‍പ്പസമയത്തിനകം കേരളത്തിന്‍റെ സീമകള്‍ കടന്ന് ലോകത്തിന്‍റെ നാനാഭാഗത്തുമെത്തി. നാട്ടിന്‍റെ നാനാഭാഗത്ത് നിന്നും മഹാനവര്‍കളെ ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. 14-ാം തീയതി (റമദാന്‍ 09) വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പതിനയ്യായിരത്തോളം വരുന്ന വലിയ ജനാവലി ജനാസ നമസ്കാരത്തില്‍ പങ്കെടുത്തു. മഹാനവര്‍കളുടെ ഏകമകന്‍ മുഹമ്മദ് ഇല്‍യാസ് മൗലവി നമസ്കാരത്തിനും മരുമകന്‍ അബ്ദുല്‍ കരീം മൗലവി ദുആയ്ക്കും നേതൃത്വം നല്‍കി. 
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അസ്ഹരി തങ്ങള്‍ മഹാനവര്‍കളെ ഒരു പ്രാവശ്യം ഇപ്രകാരം പരിചയപ്പെടുത്തി: ജാമിഅ ഹസനിയ്യ (സൗത്ത് വാഴക്കുളം, ആലുവ) യുടെ സനദ് ദാന സമ്മേളന സ്റ്റേജ്, അസ്ഹരി തങ്ങള്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു, സ്റ്റേജിന്‍റെ ഒരു ഭാഗത്ത് ജാഡകളില്ലാതെ മൗലാനാ അവര്‍കള്‍. തങ്ങള്‍, മൗലാനാ അവര്‍കളുടെ ഭാഗത്തേക്ക് ശ്രദ്ധതിരിച്ചു കൊണ്ട് പറഞ്ഞു: ഈ ഇരിക്കുന്ന മൂസാ മൗലാനാ 'മുസ്തജാബുദ്ദഅ്വാത്' (ദുആ സ്വീകരിക്കപ്പെടുന്ന ആള്‍) ആയ മഹാനാണ്. 
കരുണയുള്ള റബ്ബ് ത്യാഗനിരതമായ അരനൂറ്റാണ്ടിനെ ഖബൂല്‍ ചെയ്ത്, മഹാനായ ദാഇയെ മില്ലത്തി (റഹ്) ന്‍റെ ഖബ്റിനെ സ്വര്‍ഗ്ഗപ്പൂന്തോപ്പാക്കിത്തീര്‍ക്കുമാറാകട്ടെ.! മഹാനവര്‍കളുടെ ഉലൂമ്, അസാര്‍ കൊണ്ട് നാഥന്‍ നാമേവരെയും അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.! ആമീന്‍. യാറബ്ബല്‍ ആലമീന്‍!... 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 


No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...