Friday, May 15, 2020

02. പ്രവാചകത്വ പരിസമാപ്തി -അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


പ്രവാചകത്വ പരിസമാപ്തി 
ഭാഗം 02
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/05/02.html?spref=tw 
ഖത്മുന്നുബുവ്വത്ത്: മാനവരാശിക്ക് അന്തസ്സും കാരുണ്യവും. 
ചരിത്രത്തിന്‍റെ വിവിധ ദിശാസന്ധികളില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വന്ന് പ്രവാചത്വ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രവചാകവര്യന്മാരുടെ ത്യാഗപരിശ്രമങ്ങളിലൂടെ മാനവരാശി പൂര്‍ണ്ണതയുടെ ഘട്ടത്തില്‍ എത്തിച്ചേര്‍ന്നു. ചരിത്രപരമായ നിരവധി കാരണങ്ങളുടെ പേരില്‍ നൂറ്റാണ്ടുകളായി മനുഷ്യന്‍ ഒതുങ്ങിക്കൂടിയ ഇടുങ്ങിയ വൃത്തത്തില്‍ നിന്നും മനുഷ്യന്‍ പുറത്തുകടന്നു. വിജ്ഞാനം, നാഗരികത, പരസ്പരം തിരിച്ചറിവ്, ആഗോള ഏകത്വം, പ്രാപഞ്ചിക വസ്തുക്കളെ കീഴ്പ്പെടുത്തുക, എന്നീ ഘട്ടങ്ങളിലേക്ക് മനുഷ്യന്‍ പ്രവേശിച്ചു. ഭൂമി ശാസ്ത്രപരമായ വിഭജനവും രാഷ്ട്രീയ ഭിന്നതകളും നിയന്ത്രണവിധേയമാകാനുള്ള അവസ്ഥ സംജാതമായി. ഗോത്രം, കുടുംബം, ദേശം, ഭാഷ എന്നിവയേക്കാള്‍ ഉയര്‍ന്ന വിശാലമായ മാനവിക ഐക്യത്തിനും ആഗോള മാര്‍ഗ്ഗദര്‍ശനത്തിനും സമയം സമാഗതമായി. ഇത്തരുണത്തില്‍ അല്ലാഹു അന്ത്യപ്രവാചകനായ മുഹമ്മദുര്‍റസൂലുല്ലാഹി (സ) യെ നിയോഗിച്ചു. ഇനി മനുഷ്യജീവിത വിജയം അന്തിമ ഗ്രന്ഥവും മുന്‍കഴിഞ്ഞ വേദങ്ങളുടെയും സത്യസാക്ഷ്യവുമായ ഖുര്‍ആനും റസൂലുല്ലാഹി (സ) യുടെ ജീവിതവും അനുസരിച്ചുകൊണ്ട് നീങ്ങുന്നതിലാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. പ്രകൃതിപരമായ ശേഷികളും വിശ്വാസം നിറഞ്ഞ മസ്തിഷ്കവും അവക്രമമായ മനസ്സും ലക്ഷ്യമുള്ള പരിശ്രമവും പരസ്പരം കൂട്ടിയിണക്കാന്‍ ആഹ്വാനം ചെയ്യപ്പെട്ടു. 
കഴിഞ്ഞ കാലഘട്ടങ്ങളിലെ വലിയൊരു പ്രശ്നം കള്ളപ്രവാചത്വ വാദികള്‍ ഉയര്‍ത്തിവിട്ട ഊഹാപോഹങ്ങളും വ്യാജവാദങ്ങളും സ്വപ്ന ദര്‍ശനങ്ങളുമായിരുന്നു. ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വിവിധ ആളുകള്‍ പ്രവാചകത്വം വാദിക്കുകയും അനുസരിക്കാനും അനുകരിക്കാനും ജനങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇത് വലിയ പ്രശ്നങ്ങള്‍ക്കും ശൈഥില്യങ്ങള്‍ക്കും ഇവരുടെ കള്ളത്തരങ്ങള്‍ തുറന്ന് കാണിക്കുന്നതും സത്യത്തിന്‍റെ വാക്താക്കളുടെ ധാരാളം സമയവും ശേഷിയും ചിലവഴിക്കപ്പെട്ടു. എന്നാല്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) യുടെ ആഗമനത്തോടെ ഈ ഒരു പ്രശ്നത്തിന് ശ്വാശ്വതപരിഹാരമായി. ഇനി ഒരു പുതിയ സന്ദേശത്തെ പ്രതീക്ഷിച്ച് ആകാശത്തേക്ക് നോക്കേണ്ട ഒരു ആവശ്യവും ഇല്ല. റസൂലുല്ലാഹി (സ) യുടെ സന്ദേശങ്ങളുടെ വെളിച്ചത്തില്‍ ഭൂമിലോകത്തിന്‍റെ അവസ്ഥകള്‍ നന്നാക്കാന്‍ പരിശ്രമിക്കുക എന്നത് മാത്രമാണ് ഇനിയുള്ള കര്‍ത്തവ്യം. 
ഇവിടെ ഒരു കാര്യം നന്നായി മനസ്സിലാക്കുക: ദൂതന്‍മാരുടെ ആഗമനം ഒരു സാധാരണ സംഭവമല്ല. പ്രവാചകന്മാരുടെ നിയോഗവും പ്രബോധനവും ഒരു രാഷ്ട്രീയ നേതാവിന്‍റെയോ സാമുദായിക നായകന്‍റെയോ ഭരണകൂട സ്ഥാപകന്‍റെയോ സാമൂഹ്യ പരിഷ്കര്‍ത്താവിന്‍റെയോ ആഗമനം പോലെയല്ല. ഇവരെയൊന്നും അംഗീകരിക്കാതിരിക്കുന്നതിലൂടെ ഗുരുതരമായ പ്രത്യേഘാതങ്ങളോ പടച്ചവന്‍റെ ശാപകോപ ശിക്ഷകളോ ഉണ്ടാകുന്നതല്ല. ഈ ലോകത്ത് ധാരാളം പരിഷ്കര്‍ത്താക്കളെ ജനങ്ങള്‍ അംഗീകരിക്കാതിരിന്നിട്ടുണ്ട്. പക്ഷേ പടച്ചവന്‍റെ ശിക്ഷയൊന്നും ഇറങ്ങുകയുണ്ടായില്ല. എന്നാല്‍ പ്രവാചകന്‍മാരുടെ കാര്യം ഇപ്രകാരമല്ല. അവരെ നിഷേധിക്കലും ധിക്കരിക്കലും പടച്ചവന്‍റെ ശാപവും കോപവും ശിക്ഷയും വിളിച്ചുവരുത്തുന്ന കാര്യങ്ങളാണ്. ഖുര്‍ആനിന്‍റെ വെളിച്ചത്തില്‍ അന്വേഷിച്ചാല്‍ ഗതകാല സമുദായങ്ങളുടെ നാശത്തിന്‍റെ കാരണം വിശ്വാസ കര്‍മ്മങ്ങളിലെ തിന്മകള്‍ മാത്രമല്ല പ്രവാചകന്മാരെ പരിഹസിക്കലും നിന്ദിക്കലും നിഷേധിക്കലുമാണ്. ഈ വിഷയം ഗ്രഹിക്കാന്‍ ഏതാനും ആയത്തുകള്‍ പാരായണം ചെയ്യുക. (മുഅ്മിന്‍ 5) (മുഅ്മിനൂന്‍ 44) (മുഅ്മിനൂന്‍ 39, 41) (അന്‍ആം 10) (അമ്പിയാഅ് 41) (റഅദ് 32) (സ്വാദ് 14) (ശുഅറാഅ് 208). 
പ്രവാചത്വ പരമ്പരയുടെ പരിസമാപ്തിയിലൂടെ മനുഷ്യശേഷികള്‍ ഉപര്യുക്ത അപകടത്തില്‍ നിന്നും സുരക്ഷിതരായി. അതെ, ഇടയ്ക്കിടെ ഓരോരുത്തര്‍ പ്രവാചത്വം വാദിക്കുമ്പോള്‍ മറ്റ് അത്യാവശ്യ ജോലികളെല്ലാം മാറ്റിവെച്ച് അതിന്‍റെ ശരിയും തെറ്റും കണ്ടുപിടിക്കാന്‍ പരിശ്രമിക്കുക എന്നുള്ളത് പരിമിതമായ മനുഷ്യശേഷികള്‍ക്കിടയില്‍ വലിയ ഒരു പരീക്ഷണം തന്നെയാണ്. പ്രവാചത്വത്തിന് പരിസമാപ്തി കുറിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഇടയ്ക്കിടെ പ്രവാചകന്മാര്‍ വരുന്നതും കുറേ ആളുകള്‍ അവരെ നിഷേധിക്കുന്നതും വലിയ പോരാട്ടങ്ങള്‍ നടക്കുന്നതുമാണ്. കൂടാതെ ചില പ്രവാചകത്വ വാദികള്‍ വ്യാജന്മാരും മാനസിക രോഗികളും പ്രവാചത്വ വ്യാപാരികളും അധികാര മോഹികളും ആകാനും സാധ്യതയുണ്ട്. ചിലരാകട്ടെ വിവരം കുറഞ്ഞവരും എന്നാല്‍ ആരാധനകള്‍ അധികരിപ്പിച്ചവരും ആയതിനാല്‍ പിശാചിന്‍റെ കണിയിലും മനോഛയുടെ വലയത്തിലും കുടുങ്ങിയതിനാല്‍ വലിയ ആളും പ്രവാചകനും ആണന്നും സ്വയം ധരിച്ച് വശാകുകയും ചെയ്യും. ഇത് വെറും സങ്കല്‍പ്പമല്ല. കഴിഞ്ഞ കാലങ്ങളില്‍ പ്രകടമായിട്ടുള്ള യാഥാര്‍ത്ഥ്യങ്ങളാണ്. ഇന്നും ഇത്തരം ആളുകള്‍ പ്രത്യക്ഷപ്പെടാനും പ്രവാചത്വ വാദം ഉയര്‍ത്താനും സാധ്യതയുണ്ട്. പക്ഷേ പ്രവാചകത്വ പരിസമാപ്തിയിലൂടെ ഇവരുടെ കള്ളത്തരങ്ങളില്‍ നിന്നും മാനവകുലം സുരക്ഷിതമായി. 
പ്രവാചത്വ വാദികളുടെ ആധിക്യം, വിശ്വാസ സുരക്ഷിതത്വത്തിനും ദീനീ ഏകതയ്ക്കും വന്‍ഭീഷണി 
യഹൂദികള്‍ക്കിടയില്‍ ഇത്തരം പ്രവാചകന്മാരുടെ പേമാരി തന്നെ ഉണ്ടായതായി പഴയെ നിയമത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും. ധാരാളം ഭാഗ്യ അന്വേഷകരും സ്ഥാനമോഹികളും പ്രവാചത്വവും അദൃശ്യ ജ്ഞാനവും വാദിക്കുകയും വ്യാജ സ്വപ്നങ്ങള്‍ വിവരിക്കുകയു ചെയ്തു. ഇതുകാരണം യഹൂദ സമൂഹം കഠിന ശൈഥില്യങ്ങള്‍ക്ക് ഇരയായി. അതുകൊണ്ടുതന്നെ ഇത്തരം വ്യാജന്മാരെ കരുതിയിരിക്കണമെന്ന് പഴയെ നിയമത്തില്‍ പലസ്ഥലങ്ങളിലായി ആവര്‍ത്തിച്ചിരിക്കുന്നു. (അര്‍മിയ്യ 23/32, 27/9, നഖ്മിയ്യ 6/12, ഹിസ്ഖീല്‍ 12/13, അര്‍മിയ്യ 5/30, 29/8)
ഈ മുന്നറിയിപ്പുകള്‍ക്ക് ശേഷവും കള്ളപ്രവാചത്വ വാദികള്‍ യഹൂദികള്‍ക്കിടയില്‍ വിലസി വാണതായി ചരിത്രങ്ങള്‍ വിവരിക്കുന്നു. വിശിഷ്യാ യഹൂദര്‍ കഠിനമായ മര്‍ദ്ദിത പീഠനങ്ങള്‍ക്ക് ഇരയാവുകയും വിമോചകരെ പ്രതീക്ഷിച്ച് കഴിയുകയും ചെയ്ത സന്ദര്‍ഭങ്ങളിലെല്ലാം അവര്‍ക്ക് വിമോചന വിജയങ്ങള്‍ നേടിക്കൊടുക്കും എന്ന് പറഞ്ഞ് ധാരാളം വ്യാജന്മാര്‍ കടന്നുവന്നു. അവര്‍ അത്ഭുത സ്വപ്നങ്ങളും അദൃശ്യവൃത്താന്തങ്ങളും വിവരിച്ചു. പ്രയാസ പ്രശ്നങ്ങളില്‍ കുടിങ്ങിയിരുന്ന യഹൂദികളില്‍  ഇത് മാസ്മരിക ഫലങ്ങള്‍ ഉളവാക്കി. ഇങ്ങനെ രംഗത്ത് വരുന്നവരെയെല്ലാം സ്വീകരിച്ച് ആനയിക്കുന്ന വിഭാഗങ്ങള്‍ സജീവമായി. ഇതിലൂടെ വിശ്വാസ കര്‍മ്മങ്ങളില്‍ വലിയ ഭിന്നതകളും അന്ധവിശ്വാസ അനാചാരങ്ങളില്‍ വലിയ വര്‍ദ്ധനവും സംഭവിച്ചു. പുതുപുത്തന്‍ പ്രസ്ഥാനങ്ങള്‍ തല പൊക്കി. ഈ അവസ്ഥ ആത്മാര്‍ത്ഥയുള്ള യഹൂദികളെ വേദനിപ്പിക്കുകയും യഹൂദ മതത്തിന്‍റെ യാഥാര്‍ത്ഥ്യം തന്നെ ഇല്ലാതായി പോകുമെന്ന് അവര്‍ ഭയക്കുകയും ചെയ്തു. അമേരിക്കന്‍-ബ്രിട്ടന്‍ ജൂതചരിത്ര സമിതിയിലെ അംഗം ആല്‍ബര്‍ട്ട് എം ഹൈസണ്‍ ഈ കാര്യം വിവരിച്ചിട്ടുണ്ട്. (എന്‍സൈക്ലോപീഡിയ ഓഫ് റിലീജിയന്‍ ആന്‍ഡ് എറിക്സ് 8/588)
വ്യക്തിപരവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മേല്‍ക്കോയ്മകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള കള്ളപ്രവാചകത്വ വാദങ്ങള്‍ ക്രൈസ്തവ ലോകത്ത് വളരെയധികം വ്യാപിച്ചു. ബൈബിള്‍ തന്നെ ഇക്കാര്യം പലയിടത്തും ഉണര്‍ത്തിയിട്ടുണ്ട്. (അഅ്മാല്‍ 11/27,, 21/10, മത്തായി 7/15, ഗ്രന്ഥികള്‍ക്കുള്ള രണ്ടാമത്തെ കത്ത് 11/12, യോഹന്നാന്‍ 4, അഅ്മാല്‍ 8/9, 13/6, മത്തായി 24/4 മത്തായി 7/16). എന്നിട്ടും അന്നത്തെ ക്രൈസ്തവ ലോകത്ത് കള്ളപ്രവാചകന്മാര്‍ നിരന്തരം വിളയാട്ടങ്ങള്‍ നടത്തി. ജോത്സ്യന്മാരും സന്യാസിമാരും പ്രവാചകത്വം വാദിച്ച് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കി. സത്യസന്ധരായ ക്രൈസ്തവരെ ഇക്കാര്യം വലിയ ചിന്തയില്‍ ആഴ്ത്തി. ഹാര്‍ട്ട്ഫോര്‍ഡിലെ മതവകുപ്പ് മേധാവി എഡ്വിന്‍ നാക്ക് ഇക്കാര്യം വിവരിച്ചിട്ടുണ്ട്. (എന്‍സൈക്ലോപീഡിയ ഓഫ് റിലീജിയന്‍ ആന്‍ഡ് എറിക്സ് 303-304 )
പ്രവാചകത്വ പരിസമാപ്തി സമ്പൂര്‍ണ്ണ ദീനിലെ അനിവാര്യ ഫലം
മുഹമ്മദുര്‍റസൂലുല്ലാഹി (സ) കൊണ്ടുവന്ന സമ്പൂര്‍ണ്ണ ദീനിന്‍റെയും മതതത്വ സംഹിതയുടെയും അനിവാര്യ ഫലമാണ് ഖത്മുന്നുബുവ്വത്ത്, പ്രവാചകത്വ പരിസമാപ്തി. അതെ, റസൂലുല്ലാഹി (സ) പ്രബോധനം ചെയ്ത വിശ്വാസ കര്‍മ്മങ്ങളും വിധിവിലക്കുകളും സ്വഭാവ സാമൂഹിക അദ്ധ്യാപനങ്ങളും എല്ലാ നിലയിലും സമ്പൂര്‍ണ്ണവും നീതി യുക്തവും സര്‍വ്വ സ്ഥല-കാലങ്ങളിലും പ്രയോജനപ്രദവുമാണ്. ഇതിലൂടെ ഏത് കാലത്തും ഏത് സ്ഥലത്തുമുള്ള ഏതൊരാള്‍ക്കും പുരോഗതിയുടെ പാരമ്യം പ്രാപിക്കാന്‍ കഴിയുന്നതാണ്. ഇസ്ലാമിന്‍റെ പ്രകൃതിപരമായ പ്രയാണത്തില്‍ യാതൊരുവിധ കൂട്ടിക്കുറക്കലുകളും നടത്താതെ തന്നെ സമ്പൂര്‍ണ്ണ മനുഷ്യനും ഇഹരപര വിജയിയുമായി തീരാന്‍ ഏവര്‍ക്കും സാധിക്കുന്നതാണ്. കൂട്ടത്തില്‍ മനുഷ്യരുടെ ന്യായമായ ആഗ്രഹ ആവശ്യങ്ങള്‍ ഒന്നും തന്നെ ഇസ്ലാം ഹനിക്കുകയും ചെയ്യുന്നില്ല. മാത്രമല്ല ഇസ്ലാം എല്ലാ കാലത്തും ഏറ്റവും മുന്നില്‍ സഞ്ചരിക്കുന്ന ദര്‍ശനമാണ്. ഇസ്ലാമിന്‍റെ മുഴുവന്‍ വിഷയങ്ങളിലും അത്ഭുതപ്പെട്ടുപോകുന്ന നിലയില്‍ തത്വങ്ങള്‍ നിറഞ്ഞുകിടക്കുന്നു. 
പ്രവിശ്യാലമായ പ്രപഞ്ചലോകത്ത് അല്ലാഹുവിന്‍റെ നിര്‍മ്മാണങ്ങളിലേക്കും നടപടി ക്രമങ്ങളിലേക്കും കണ്ണോടിച്ച് നോക്കുക. ഒരു വസ്തുവിലും യാതൊരുവിധ ഏറ്റക്കുറച്ചിലുകള്‍ കാണാന്‍ കഴിയുന്നതല്ല. എവിടെയെങ്കിലും ഏറ്റക്കുറവുകള്‍ കാണാന്‍ സാധിച്ചാല്‍ അത് മനുഷ്യന്‍റെ വീക്ഷണത്തിലും അറിവിന്‍റെയും ന്യൂനതയാണ്. പടച്ചവന്‍റെ പ്രകൃതിലോകത്തെ കാര്യം ഇതാണെങ്കില്‍ നിയമലോകത്തിന്‍റെ കാര്യം ഇതിനേക്കാള്‍ സന്തുലിതവും സൂക്ഷ്മവുമായിരിക്കും എന്നത് വ്യക്തമാണ്. കാരണം പ്രപഞ്ച സൃഷ്ടിപ്പിന്‍റെ ലക്ഷ്യം തന്നെ ആരാധനയാണ്. പ്രാപഞ്ചിക വസ്തുക്കള്‍ മുഴുവനും അതിനുള്ള മാധ്യമങ്ങളാണ്. മുഹമ്മദുര്‍റസൂലുല്ലാഹി (സ) യുടെ അന്ത്യപ്രവാചകത്വത്തിന് രേഖാപരമായ തെളിവുകള്‍ ഒന്നും ഇല്ലെന്ന് സങ്കല്‍പ്പിച്ചാല്‍ തന്നെ ഇസ്ലാമിന്‍റെ സമ്പൂര്‍ണ്ണത തന്നെ അതിനുള്ള മഹാത്തായ തെളിവാണ്. 
ഇസ്ലാം ജീവസുറ്റതും ജീവന്‍ നല്‍കുന്നതുമായ മഹാശക്തി. 
ഇസ്ലാം ജീവസുറ്റതും സര്‍വ്വതാ ഓജസ്സും തേജസ്സും നിറഞ്ഞതും ഭൗതിക പാരത്രിക വിജയങ്ങളെല്ലാം ഉള്‍ക്കൊണ്ടതുമായ ഒരു ദര്‍ശനമാണ്. ഇസ്ലാം അന്നും ഇന്നും എന്നും അല്ലാഹുവിനോടുള്ള അടിയുറച്ച വിശ്വസവും സാമിപ്യവും പ്രീതിയും സ്വീകാര്യതയും ആത്മ സംസ്കരണവും സ്വഭാവ വിശുദ്ധിയും ഉണ്ടാക്കിയെടുക്കാനുള്ള മാര്‍ഗ്ഗമാണ്. ഇസ്ലാമിലൂടെ ഇവകളുടെ ഔന്നത്യം പ്രാപിക്കാന്‍ സാധിക്കുമെന്ന് ആഗ്രഹവും പരിശ്രമവും ഉള്ള എല്ലാവര്‍ക്കും അനുഭവത്തിലൂടെ വ്യക്തമാകുന്നതാണ്. ആഗ്രഹം ഇല്ലായ്മ, മനക്കരുത്തിന്‍റെ കുറവ്, ആത്മാര്‍ത്ഥയുടെ അഭാവം, വിവരക്കേട് മുതലായവ തടസ്സങ്ങള്‍ ഉള്ളവര്‍ മാത്രമേ ഇതില്‍ നിന്നും തടയപ്പെടുകയുള്ളൂ. 
ഉദാഹരണത്തിന് ഇസ്ലാമിന്‍റെ രണ്ട് ഉപഹാരങ്ങളായ ഖുര്‍ആനും നിസ്ക്കാരവും മാത്രം എടുക്കുക. പരിശുദ്ധഖുര്‍ആന്‍ അല്ലാഹുവിന്‍റെ അന്ത്യമ ഗ്രന്ഥമാണ്. ശക്തിയും ജീവനും നിറഞ്ഞ് നില്‍ക്കുന്ന ഖുര്‍ആന്‍ അല്ലാഹുവിന്‍റെ അമാനുഷികവും ശാശ്വതവുമായ ഗ്രന്ഥമാണ്. അതിന്‍റെ അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. നിസ്ക്കാരം അതിശക്തിയും വന്‍പ്രതിഫലനവും നിറഞ്ഞ ആരാധനയാണ്. അല്ലാഹുവിന്‍റെ സാമിപ്യത്തിന്‍റെ ഉന്നതങ്ങളിലേക്ക് നിസ്ക്കാരം ദാസന്മാരെ എടുത്തുയര്‍ത്തുന്നതാണ്. ഈ രണ്ട് കാര്യങ്ങളിലൂടെ എല്ലാ കാലത്തും നിഷ്കളങ്ക വിശ്വാസികള്‍ വിശ്വാസത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും ആത്മീയതയുടെയും മഹത്വങ്ങള്‍ കരസ്ഥമാക്കുകയുണ്ടായി. അതെ, അവരുടെ മഹത്വങ്ങള്‍ ഇതര ബുദ്ധിരാക്ഷസന്മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടില്ല. ദീനിന്‍റെ ഈ രണ്ട് ഉപഹാരത്തിലൂടെ ഉമ്മത്തിലെ വിവിധ വ്യക്തികള്‍ ഉയരുക മാത്രമല്ല പരിസരത്തും തലമുറകളിലും വിജ്ഞാനകര്‍മ്മങ്ങളുടെയും സ്വഭാവസംസ്കരണങ്ങളുടെയും ജലസേചനം നടത്തുകയുണ്ടായി. അതുകൊണ്ട് തന്നെ ഈ ഉമ്മത്തിന് പുതിയ ഒരു പ്രവാചകന്‍റെ ആവശ്യം സുദീര്‍ഘമായ ചരിത്രത്തില്‍ ഒരിടത്തും നേരിട്ടിട്ടില്ല. അല്ലാഹു അറിയിക്കുന്നു: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യേണ്ടതുപോലെ ജിഹാദ് ചെയ്യുക. അല്ലാഹു നിങ്ങളെ തിരഞ്ഞെടുത്തു. ദീനില്‍ ഞെരുക്കമൊന്നും വെച്ചിട്ടില്ല. നിങ്ങളുടെ പിതാവ് ഇബ്റാഹീം നബിയുടെ സരണി മുറുകെ പിടിക്കുക. അല്ലാഹുവാണ് ഇതിന് മുമ്പും ഈ ഗ്രന്ഥത്തിലും നിങ്ങള്‍ക്ക് മുസ്ലിം എന്ന് പേരുവെച്ചത്. പ്രവാചകന്‍ നിങ്ങളുടെമേല്‍ സാക്ഷിയാകുന്നതിനും നിങ്ങള്‍ ജനങ്ങളുടെമേല്‍ സാക്ഷിയാകുന്നതിനുമാണ് ഈ നാമകരണം. ആകയാല്‍ നിസ്കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെ മുറുകെ പിടിക്കുകയും ചെയ്യുക. അല്ലാഹുവാണ് നിങ്ങളുടെ രക്ഷാധികാരി. വളരെ നല്ല രക്ഷാധികാരി. വളരെ നല്ല സഹായി. (ഹജ്ജ് 78). നന്മകളുടെ സംസ്ഥാപനത്തിനും തിന്മകളുടെ വിപാടനത്തിനും പരിശ്രമിക്കാന്‍ ഈ ആയത്ത് പ്രേരിപ്പിക്കുന്നതിനോടൊപ്പം നമസ്ക്കാരത്തിലൂടെ ഈ പോരാട്ടത്തിന് യോഗ്യതയുണ്ടായിത്തീരുന്നതാണെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു. അതെ, മാനവ ന്മകളെ ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്ന സര്‍വ്വശക്തികളെയും നേരിടുക. അസത്യത്തിന്‍റെ വക്താക്കള്‍ക്ക് മറുപടി നല്‍കുക. നിരീശ്വര വാദികളെ നേരിടുക. സ്വഭാവ മഹിമകള്‍ നിലനിര്‍ത്തുക. അക്രമികള്‍ക്ക് മുന്നില്‍ സത്യത്തിന്‍റെ ശബ്ദം ഉയര്‍ത്തുക. പാപങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വഴികേടുകള്‍ക്കും എതിരില്‍ പരിശ്രമിക്കുക. നീതിയുടെ വിഷയത്തില്‍ സ്വന്തം വ്യക്തിത്വവും മാതാപിതാക്കള്‍ ബന്ധുക്കള്‍ ആരെയും പരിഗണിക്കരുത്. നന്മയിലും പാപ വിരക്തിയിലും എല്ലാവരോടും സഹകരിക്കുക. തിന്മയിലും അക്രമത്തിലും സഹകരിക്കരുത്. അല്ലാഹുവിന്‍റെ വചനത്തിന്‍റെ ഉയര്‍ച്ചക്ക് പോരാടുമ്പോള്‍ ആരുടെയും ആക്ഷേപം വകവെക്കരുത്. നന്മ ഉപദേശിക്കുകയും തിന്മ തടയുകയും ചെയ്യുക. അല്ലാഹുവിനെയും അല്ലാഹുമായി അടുത്തവരെയും സ്നേഹിക്കുക. പിശാചിനെയും പൈശാചിക നേതാക്കളെയും എതിരിടുക. ദുന്‍യാവിന് പകരം ദീനിനെ കൈ ഒഴിയരുത്. ഇഹലോകത്തേക്കാള്‍ പരലോകത്തിന് മുന്‍ഗണന നല്‍കുക. കൂടാതെ, പരിശുദ്ധഖുര്‍ആനിന്‍റെ സമ്പൂര്‍ണ്ണ വ്യാഖ്യാനമായ ഹദീസുകള്‍ ആഹ്വാനം ചെയ്യുന്നു: നന്മ ഉപദേശിക്കാനും തിന്മ തടയാനും മനസ്സാ വാചാ കര്‍മ്മണാ കഴിയുന്നത്രയും പരിശ്രമിക്കുക. ഇത് ചെയ്യാത്തവരും പടച്ചവന്‍റെ ശത്രുക്കളോട് ദീനില്‍ തിരിമറി നടത്തുന്നവരോടും സന്ധിയാകുന്നവരും കടുത്ത കുറ്റവാളികളാണ്. ഈ ആഹ്വാനങ്ങളുടെ വെളിച്ചത്തില്‍ ചരിത്രത്തിന്‍റെ വിത്യസ്ഥ ഘട്ടങ്ങളില്‍ ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ ഉന്നത വ്യക്തിത്വങ്ങള്‍ ഉദയം ചെയ്തു. ഇവര്‍ നന്മയുടെ സംസ്ഥാപനത്തിനും തിന്മയുടെ വിപാടനത്തിനും അതിമഹത്തായ ഗവേഷണങ്ങളും കഠിനമായ ത്യാഗപരിശ്രമങ്ങളും നടത്തി. പ്രബോധനത്തിന്‍റെയും സംസ്കരണത്തിന്‍റെയും നേതൃത്വം വഹിച്ചു. സാഹചര്യങ്ങളിലേക്ക് നോക്കാതെ പോരാട്ടഗോദയിലേക്ക് എടുത്തുചാടി. സത്യവിശ്വാസികളില്‍ അല്ലാഹുവിനോട് ചെയ്ത കരാറിനെ സത്യസന്ധമായി പുലര്‍ത്തിയ കുറേ ഉന്നതവ്യക്തികളുണ്ട്. അവരില്‍ ചിലര്‍ അവരുടെ ഊഴം നിര്‍വഹിച്ചു. ചിലര്‍ പ്രതീക്ഷിച്ച് കഴിയുകയാണ്. അവര്‍ ഒരു ഭേദഗതിയും വരുത്തിയിട്ടില്ല. (അഹ്സാബ് 23). ഈ വചനത്തെ അവര്‍ അന്വര്‍ത്ഥമാക്കി.   
നവോത്ഥാന പരിശ്രമങ്ങളുടെ തുടര്‍ച്ചയുടെ രഹസ്യം. 
ഇസ്ലാമിന്‍റെ സുദീര്‍ഘവും സങ്കീര്‍ണ്ണവുമായ ചരിത്രത്തിലേക്ക് നാം കണ്ണോടിക്കുക. ഇസ്ലാമിന്‍റെ യാഥാര്‍ത്ഥ്യവും ശരിയായ പ്രബോധനവും ഒരിക്കലും എവിടെയും അസ്തമിച്ചിട്ടില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എവിടെയെങ്കിലും വല്ല പ്രശ്നങ്ങളും തല പൊക്കിയാല്‍, ദീനിനെ മാറ്റിമറിക്കാന്‍ വല്ല പരിശ്രമവും നടത്തപ്പെട്ടാല്‍, ദീനിനെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടാല്‍ ഭൗതികമായ കടുത്ത വല്ല അക്രമണങ്ങളും ഉണ്ടായാല്‍ ഉടനടി അനുയോജ്യരായ വ്യക്തിത്വം രംഗത്തിറങ്ങും. പ്രശ്നത്തെ ശക്തിയുക്തം നേരിടും. മൈതാനത്ത് നിന്നും വെല്ലുവിളികളെ ആട്ടിപ്പായിക്കും. ഇസ്ലാമിക ചരിത്ര യാത്രക്കിടയില്‍ ഉണ്ടായ എത്രയോ വന്‍ ഭീഷണികളെയാണ് ഇവര്‍ കാരണമായി ചരിത്രത്തിന്‍റെ ചവിറ്റുകൊട്ടയിലേക്ക് തള്ളപ്പെട്ടത്! അവയുടെ യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ പോലും പറ്റാത്ത നിലയില്‍  അവ പരാജയപ്പെട്ടു. ഖദ്രിയ്യത്ത്, ജഹമിയ്യത്ത്, ഇഅ്തിസാല്‍, ഖല്‍ഖുല്‍ ഖുര്‍ആന്‍, വഹ്ദത്തുല്‍ വുജൂദ്, ദീനെ ഇലാഹി എന്നിവയുടെ വിവരണങ്ങള്‍ ഇന്ന് എത്രപേര്‍ക്ക് അറിയാം? എന്നാല്‍ ഇവ ഓരോന്നും ഓരോ കാലഘട്ടത്തിലെ മഹാപ്രസ്ഥാനങ്ങളായിരുന്നു. ഇതില്‍ ചിലതിന്‍റെ പിന്നില്‍ വലിയ അധികാര ശക്തികളും ബുദ്ധികൂര്‍മ്മതയുള്ളവരും നിലയുറപ്പിച്ചിരുന്നു. പക്ഷേ പ്രവാചക പിന്‍ഗാമികള്‍ പ്രവാചകന്‍ പഠിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ ശരിയായ നിലയില്‍ ചെയ്തപ്പോള്‍ ഇവകള്‍ വെറും ചരിത്രപുസ്തകങ്ങളിലെ ചിലന്തി വലകളായി മാറി. അതെ, ദീനിന്‍റെ സംരക്ഷണത്തിനും നവോത്ഥാനത്തിനും വേണ്ടിയുള്ള പരിശ്രമങ്ങള്‍ ഇസ്ലാമിന്‍റെ ചരിത്രത്തോടൊപ്പം ഒഴുകി സഞ്ചരിക്കുന്ന കാര്യമാണ്. (വിവരണത്തിന് ലേഖകന്‍റെ ഇസ്ലാമിലെ നവോത്ഥാന നായകര്‍ എന്ന ഗ്രന്ഥ പരമ്പര പാരായണം ചെയ്യുക). 
ഉത്തരവാദിത്വ ബോധവും പോരാട്ടവീര്യവും റസൂലുല്ലാഹി (സ) യിലുള്ള വിശ്വാസത്തിന്‍റെ ദാനം.
ഇസ്ലാമിക ചരിത്രം ഗവേഷണപോരാട്ടങ്ങളാല്‍ സമ്പന്നമാണ്. നവോത്ഥാന പരിശ്രമങ്ങള്‍ സമൂഹത്തെയും ഭരണകൂടത്തെയും നേരെയാക്കാനുള്ള ത്യാഗങ്ങളും എങ്ങും എന്നും നടന്നിട്ടുണ്ട്. അക്രമികളെ നിലക്ക് നിര്‍ത്തലും മര്‍ദ്ദിതരെ സഹായിക്കലും മുഹമ്മദീ സമുദായത്തിന്‍റെ പണ്ടുമുതലേയുള്ള പാരമ്പര്യമാണ്. വിശിഷ്യാ ഉമ്മത്തിലെ പണ്ഡിത മഹത്തുക്കള്‍ നീതിയുടെ വാക്താക്കളായും നന്മയുടെ പ്രയോക്താക്കളായും തിന്മയുടെ വിപാടകരായും സര്‍വ്വകാലത്തും നിലനിന്നിട്ടുണ്ട്. ഈ വിഷയങ്ങളില്‍ പുതിയ ഒരു പ്രവാചകനിലേക്കോ അദ്യശ്യലോകവുമായി ബന്ധമുള്ള അപൂര്‍വ്വ വ്യക്തിയിലേക്കോ ബുദ്ധിക്ക് വിരുദ്ധമായ രഹസ്യവാഹകന്‍റെ ആഗമനത്തിലേക്കോ ഒരിക്കലും മുസ്ലിം സമുദായത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മുഹമ്മദുര്‍റസൂലുല്ലാഹി  (സ) അന്ത്യപ്രവാചകനാണ്, മുഹമ്മദീ നുബുവ്വത്ത് ലോകാവസാനം വരെയും നിലനില്‍ക്കുന്നതാണ് എന്ന വിശ്വാസത്തിന്‍റെ പരിണിത ഫലങ്ങളാണ്. 
മറുഭാഗത്ത് ഈ വിശ്വാസം ഇല്ലാത്ത അമുസ്ലിം പ്രസ്ഥാനങ്ങളും ഈ വിശ്വാസം ശരിയായ നിലയില്‍ ഉള്‍ക്കൊള്ളാത്ത മുസ്ലിം നാമം മാത്രമുള്ളവരും ഉപര്യുക്ത കാര്യങ്ങള്‍ ഒരു ബാധിതയായി കണ്ടിട്ടേയില്ല. നൂറ്റാണ്ടുകള്‍ ഊഹാപോഹങ്ങളുടെ ഉറക്കറയില്‍ കിടന്നുകൊണ്ട് അവര്‍ അസത്യവുമായി സന്ധി നടത്തുകയും അലസതയിലും അവഗണനയിലും കഴിയുകയും ചെയ്തു. അവരുടെ പരിശ്രമത്തില്‍ ഒന്നുങ്കില്‍ നവോത്ഥാനം ഇല്ല. അല്ലെങ്കില്‍ ഇസ്ലാമിക സമ്മര്‍ദ്ധം കാരണം അവര്‍ നവോത്ഥാനത്തിന് നിര്‍ബന്ധമായെങ്കിലും അത് വളരെ ബലഹീനമാണ്. ഉദാഹരണത്തിന് വിശുദ്ധ വ്യക്തിത്വങ്ങള്‍ എന്ന പേരില്‍ ഇമാമുകള്‍ക്ക് അമിത സ്ഥാനം നല്‍കുന്ന ഇസ്നാ അശരി ശിയകളുടെ കാര്യം എടുക്കുക. സത്യത്തിന്‍റെയും നീതിയുടെയും സംസ്ഥാപനത്തിന് മുഹമ്മദുല്‍ മഹദി എന്ന ഒരു വ്യക്തി ഹജ്രി 255 ല്‍ ബാഗ്ദാദില്‍ ജനിക്കുകയും ഒരു ഗുഹയില്‍ മറഞ്ഞുകഴിയുകയും ചെയ്യുകയാണെന്നും അവസാന കാലത്ത് അദ്ദേഹം ഇറങ്ങിവന്ന് കാര്യങ്ങള്‍ എല്ലാം ശരിയാക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. തല്‍ഫലമായി അപകടകരമായ ധാരാളം വിശ്വാസ കര്‍മ്മങ്ങളുടെ കേന്ദ്രമായി ശീഇസം അധ:പതിച്ചു. അതെ, പുതിയ ഒരു പ്രവാചകത്വത്തിലോ രഹസ്യ ദൂതരിലോ പടച്ചവനുമായി നേര്‍ക്കുനേരെ ബന്ധമുള്ള ഒരു വ്യക്തിത്തോടുള്ള വിശ്വാസം ഇസ്ലാമിന്‍റെ ശാശ്വതത്വത്തിനും സര്‍വ്വകാല യോഗ്യതക്കും എതിരാണ്. കൂടാതെ ധര്‍മ്മ സംസ്ഥാപനത്തിന്‍റെ ഉത്തരവാദിത്വ ബോധവും അസത്യവിപാടനത്തിനുള്ള ആവേശവും ഇല്ലാതാക്കുന്നതും  സര്‍വ്വോപരി സമുദായത്തിന് ഇടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ആളുകള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം തുറന്ന് കൊടുക്കുന്നതുമാണ്. 
ഖത്മുന്നുബുവ്വത്ത്, അല്ലാഹുവിന്‍റെ മഹാ ഔദാര്യം. 
മുഹമ്മദുര്‍റസൂലുല്ലാഹി (സ) യിലൂടെ പ്രവാചകത്വത്തിന് പരിസമാപ്തി കുറിക്കപ്പെട്ടതും അല്ലാഹുവന്‍റെ അനുഗ്രഹം പൂര്‍ത്തീകരിക്കപ്പെട്ടതും അല്ലാഹുവിന്‍റെ അതിമഹത്തായ ഒരു അനുഗ്രഹം തന്നെയാണ്. മുഹമ്മദുര്‍റസൂലുല്ലാഹി (സ) അവസാന ദൂതരും മുസ്ലിംകള്‍ അന്ത്യമ സമുദായവുമാണ് എന്ന പ്രഖ്യാപനം ഇതര സമുദായങ്ങള്‍ അസൂയയോടെ നോക്കിക്കണ്ട കാര്യമാണ്. കാരണം ഇത്തരം ഒരു പ്രഖ്യാപനം അവരില്‍ നടത്തപ്പെടാത്തതിനാല്‍ കള്ള പ്രവാചത്വ വാദികളുടെ പേമാരി തന്നെ അവര്‍ക്കിടയില്‍ പെയ്തുകൊണ്ടിരുന്നു. അത് അവരെ വല്ലാത്ത ആശയക്കുഴപ്പങ്ങളില്‍ അകപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടാണ് ഉമറുല്‍ ഫാറൂഖ് (റ) നോട് ഒരു യഹൂദ പണ്ഡിതന്‍ പ്രസ്താവിച്ചത്: ഇന്നേ ദിവസം നിങ്ങളുടെ ദീന്‍ നിങ്ങളുടെ മേല്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു എന്ന ഖുര്‍ആനിക സൂക്തം ഞങ്ങള്‍ യഹൂദികളുടെ മേല്‍ അവതരിച്ചിരുന്നെങ്കില്‍ അതിന്‍റെ അവതരണ ദിവസത്തെ ഞങ്ങള്‍ പെരുന്നാളായി കൊണ്ടാടുമായിരുന്നു. (ബുഖാരി). 
അതെ, ഇതര സമുദായങ്ങള്‍ക്ക് ലഭിക്കാതിരുന്ന ഒരു അനുഗ്രഹമാണ് പ്രവാചത്വ പരിസമാപ്തിയിലൂടെ മുസ്ലിം സമുദായത്തിന് ലഭിച്ചിരിക്കുന്നത്. കാരണം ഇതര നബിമാരുടെ കാലഘട്ടം മാനവനിര്‍മ്മാണം വിവിധ ഘട്ടങ്ങളിലൂടെ കടന്ന് മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് ഇത്തരം ഒരു പ്രഖ്യാപനം അവരില്‍ അല്ലാഹു നടത്തിയില്ല. എന്നാല്‍ സത്യദൂതന്മാരെയും കള്ളപ്രവാചകന്മാരെയും തിരിച്ചറിയാന്‍ ധാരാളം വിവേചന രേഖകള്‍ അല്ലാഹു അവര്‍ക്ക് നല്‍കിയിരുന്നു. അത് അവര്‍ ഉപയോഗിച്ചില്ലാ എന്നുള്ളത് വേറെ കാര്യം. അവസാനം മുഹമ്മദുര്‍റസൂലുല്ലാഹി (സ) യിലൂടെ സത്യസന്ദേശം പൂര്‍ത്തീകരിക്കപ്പെട്ടപ്പോള്‍ അല്ലാഹു ഈ പ്രഖ്യാപനം നടത്തുകയും വലിയ ഒരു ഔദാര്യം കനിയുകയും ചെയ്തു.
ഖത്മുന്നുബുവ്വത്ത്, ചിന്താശൈഥില്യത്തില്‍ നിന്നും സുരക്ഷിതത്വം. 
പ്രവാചക പരിസമാപ്തിയിലുള്ള വിശ്വാസം. കള്ളപ്രവാചകന്മാരില്‍ നിന്നും മാത്രമല്ല പുത്തന്‍ വാദികളുടെയും അനാചാര പ്രചാരകരുടെയും തീവ്രവാദ ചിന്താഗതിക്കാരുടെയും കുഴപ്പങ്ങളില്‍ നിന്ന് ഉമ്മത്തിനുള്ള രക്ഷ കൂടിയാണ്. ഇതര സമുദായങ്ങള്‍ പുത്തന്‍വാദികളുടെ കൃത്യമങ്ങള്‍ക്ക് പലപ്പോഴും ഇരയായപ്പോള്‍ മുസ്ലിം ഉമ്മത്ത് ഈ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ എല്ലാ കാലത്തും കള്ളന്മാരെ തിരിച്ചറിയുകയും ഗൂഢാലോചനകളെയും കുതന്ത്രങ്ങളെയും നേരിടുകയും ചെയ്തു. ഈ വിശ്വാസത്തിലൂടെ ഈ സമുദായത്തില്‍ എങ്ങും എന്നും മഹത്തായ ഒരു ഏകത ദര്‍ശിക്കാന്‍ സാധിക്കുന്നതാണ്. അതിശക്തവും വെക്തവുമായ ഈ വിശ്വാസം ഇല്ലായിരുന്നെങ്കില്‍ ഈ സമുദായം വൈജ്ഞാനിക ചിന്താ സാംസ്കാരിക വീക്ഷണ മേഖലകളില്‍ എല്ലാം ചിതറിത്തെറിച്ച് പല കഷണങ്ങളായി മാറിപ്പോകുമായിരുന്നു.
പ്രവാചകത്വ പരിസമാപ്തി: നാഗരികതയുടെ മേലുള്ള അനുഗ്രഹം
പ്രവാചകത്വ പരിസമാപ്തി ഒരു ഭാഗത്ത് മാനവരാശിക്ക് പൂര്‍ണ്ണത പ്രാപിച്ചുവെന്ന ബോധം പ്രധാനം ചെയ്തു. പ്രവാചകന്മാരിലൂടെ ലഭിച്ച വിജ്ഞാനത്തിന്‍റെ വെളിച്ചത്തില്‍ നാഗരികതയെ മുന്നോട്ട് നീക്കാന്‍ പഠിപ്പിച്ചു. ഇനി ആകാശത്തുനിന്നും പുതിയ ഒരു ബോധനം ഇറങ്ങുമെന്ന് പ്രതീക്ഷിച്ച് ആകാശത്തേക്ക് നോട്ടം പതിപ്പിക്കേണ്ട അവസരവും ആവശ്യവും ഇല്ല. പടച്ചവന്‍ സൃഷ്ടിച്ച പ്രാപഞ്ചിക സൗകര്യങ്ങളെ പ്രയോജനപ്പെടുത്തലും ധര്‍മ്മത്തിന് അനുസരിച്ച ഒരു മാനവജീവിതം പടുത്തുയര്‍ത്താന്‍ പരിശ്രമിക്കലുമാണ് ഇന്നത്തെ ആവശ്യം. അതെ, പ്രവാചകത്വ പരിസമാപ്തി വിശ്വാസം മനുഷ്യര്‍ക്ക് മുന്നോട്ട് നീങ്ങാനും പുരോഗതി പ്രാപിക്കാനും ആവേശം പകരുന്നു. സ്വന്തം ശേഷികളെ പ്രയോജനപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നതിനോടൊപ്പം അതിന്‍റെ മാര്‍ഗ്ഗവും മേഖലയും വരച്ചുകാട്ടുകയും ചെയ്യുന്നു. 
ഈ വിശ്വാസം ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യര്‍ക്ക് സ്വാശ്രത്വം ലഭിക്കുകയില്ലായിരുന്നു. എപ്പോഴും സംശയത്തില്‍ കുടുങ്ങിക്കിടക്കേണ്ടിവരുമായിരുന്നു. ഭൂമിയിലേക്ക് നോക്കുന്നതിന് പകരം ആകാശത്തേക്ക് ഭാഗത്തേക്ക് ദൃഷ്ടിപതിപ്പിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്‍ ഭാവിയെക്കുറിച്ച് നിരന്തരം ആശങ്കകളില്‍ കഴിയുകയും കള്ളപ്രവാചകത്വ വാദികളുടെ കുടുക്കുകളില്‍ കുടുങ്ങുകയും ചെയ്യുമായിരുന്നു. കള്ളപ്രവാചകത്വം വാദിച്ച മിര്‍സാഗുലാം അഹ്മദ് പാടിയതുപോലെ, മാനവികതയുടെ പൂങ്കാവനം ഇന്നുവരെയും അപൂര്‍ണ്ണമായിരുന്നു: അതിനെ പൂര്‍ത്തീകരിക്കുന്നവര്‍ ഞാന്‍ തന്നെയാണ് എന്ന് വാദിച്ചാല്‍ അയാളിലൂടെയും പൂങ്കാവനം പൂര്‍ണ്ണമാകുന്നുവെന്ന് യാതൊരു ഉറപ്പും ഇല്ല. ചുരുക്കത്തില്‍ ഒരു ഭാഗത്ത് വ്യാജന്മാരുടെ വാദങ്ങള്‍ ഉയരുകയും മറുഭാഗത്ത് ജനങ്ങളില്‍ വിശ്വാസമില്ലായ്മ പരക്കുകയും ചെയ്യുക എന്ന ഭയാനക പ്രശ്നത്തില്‍ നിന്നും ഖത്മുന്നബുവ്വത്ത് വിശ്വാസം നമ്മെ മോചിപ്പിച്ചിരിക്കുകയാണ്. (വിവരണത്തിന് അല്ലാമാ ഡോ: ഇഖ്ബാലിന്‍റെ മദ്രാസ് പ്രഭാഷണം നോക്കുക). 
കള്ളപ്രവാചകത്വവാദം അതീവ ഗുരുതരമായ പ്രശ്നം. 
ഇസ്ലാമിക ചരിത്രത്തില്‍ പൊന്തിവന്ന പ്രശ്നങ്ങളില്‍ ഏറ്റവും സങ്കീര്‍ണ്ണവും ശക്തവുമായ പ്രശ്നം കള്ളപ്രവാചകത്വവാദികളുടേതാണ്. ഇതിനെക്കുറിച്ച് റസൂലുല്ലാഹി (സ) മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അതിന്‍റെ അടിസ്ഥാനത്തില്‍ ധാരാളം കള്ളപ്രവാചകന്മാര്‍ രംഗത്തുവന്നെങ്കിലും ആര്‍ക്കും പ്രസ്താവ്യമായ വിജയം കരസ്ഥമാക്കാന്‍ സാധിച്ചില്ല. എന്നാല്‍ ചിലര്‍ വലിയ പ്രശ്നം സൃഷ്ടിച്ചു. അതില്‍ ഒന്നാണ് 19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പ്രവാചകത്വ വാദം ഉയര്‍ത്തിയ മിര്‍സാഗുലാം അഹ്മദ് ഖാദിയാനി. (1840-1908). പലകാരണങ്ങളാല്‍ ഇയാള്‍ ഉയര്‍ത്തിയ വാദം വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കി. (വിവരണത്തിന് ലേഖകന്‍റെ ഖാദിയാനിസം വായിക്കുക). അതില്‍ പ്രധാനപ്പെട്ട ഒരു കാരണം മുഹമ്മദുര്‍റസൂലുല്ലാഹി (സ) യില്‍ അല്ലാഹു അവതരിപ്പിക്കുകയും സമ്പൂര്‍ണ്ണമാക്കുകയും ചെയ്ത വഹ്യ്, ബോധനത്തെക്കുറിച്ചുള്ള വിശ്വാസത്തിന്‍റെ കുറവാണ്. അതെ, ഈ വിശ്വാസം തന്നെയാണ് ഇത്തരം പ്രശ്നങ്ങളില്‍ നിന്നും സുരക്ഷിതമാകാനുള്ള പ്രധാന മാധ്യമം. 
ദൈവവുമായി കാണുകയും സംസാരിക്കുകയും ചെയ്തുവെന്ന വാദം അത്യന്തം അപകടകരം.
കുറേ പരിശീലനങ്ങളും ത്യാഗങ്ങളും ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന അത്ഭുതകരമായ അവസ്ഥകള്‍ക്കും  അശരീരികള്‍ക്കും അമിതമായ സ്ഥാനം നല്‍കുന്നതും അവയുടെ അടിസ്ഥാനത്തില്‍ പുതുപുത്തന്‍ വാദങ്ങള്‍ ഉയര്‍ത്തുന്നതും എല്ലാ കാലത്തും വലിയ തെറ്റദ്ധാരണകള്‍ക്കും പ്രശ്നങ്ങള്‍ക്കും കാരണമായിട്ടുള്ള കാരണമാണ്. അമുസ്ലിം മേഖലകകളില്‍ സന്യാസിമാരും ഇസ്ലാമിക ലോകത്ത് വ്യാജ സൂഫിമാരും ഈ വഴിയിലൂടെ വലിയ വഴികേടുകള്‍ തന്നെ പ്രചരിപ്പിക്കുകയുണ്ടായി. ഇതിന്‍റെ പേരും പറഞ്ഞ് ഇവര്‍ പലപ്പോഴും സ്വന്തം വീക്ഷണങ്ങളും താല്‍പ്പര്യങ്ങളും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയുണ്ടായി. ഇവരില്‍ വിശ്വാസം അര്‍പ്പിച്ച ജനങ്ങള്‍ ഇവയെ വാരിപ്പുണരുകയും ചെയ്തു. ഗുലാം അഹ്മദ് ഖാദിയാനി ഇത്തരം ഒരു സാഹചര്യത്തില്‍ നിന്നുമാണ് തല ഉയര്‍ത്തിയതെന്ന് ഡോ: ഇഖ്ബാല്‍ ഉണര്‍ത്തുന്നു. (ഹര്‍ഫെ ഇഖ്ബാല്‍ 157). ഈ കാര്യം ആഴമേറിയ ഒരു ഈരടിയിലൂടെ അദ്ദേഹം ഇപ്രകാരം ഉണര്‍ത്തുന്നു: ഭരണാധികാരികളുടെ തണല്‍ പറ്റിക്കൊണ്ട് ഇല്‍ഹാം, അത്ഭുതജ്ഞാനങ്ങള്‍ വാദിക്കുന്നവരില്‍ നിന്നും അല്ലാഹു കാക്കട്ടെ. താര്‍ത്താരീ നേതാവ് ചെങ്കിസ്ഖാനെക്കാളും ഇവര്‍ അപകടകാരികളാണ്. ഇതേകാര്യം ഇതിന് മുമ്പ് ഇത്തരം ഒരു സാഹചര്യത്തില്‍ ശൈഖ് അഹ്മദ് സര്‍ഹിന്ദി മുജദ്ദിദ് അല്‍ഫ്ത്ഥാനി (1034) വിവിധ ലിഖിതങ്ങളിലൂടെ സമുദായത്തെ ഉണര്‍ത്തുകയുണ്ടായി. വെറും ബുദ്ധിയും ഇല്‍ഹാം, മാനസിക വിചാരങ്ങളും മാത്രം മുന്നില്‍ വെച്ചുകൊണ്ട് നീങ്ങുന്നത് അത്യന്തം അപകടകരമാണെന്നും അല്ലാഹുവിന്‍റെ വഹ്യ്, ബോധനം മാത്രമാണ് സത്യാസത്യങ്ങളുടെ ഏക അടിസ്ഥാനമെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. (വിവരണത്തിന് ലേഖകന്‍റെ ഇസ്ലാമിലെ നവോത്ഥാന നായകര്‍ എന്ന ഗ്രന്ഥപരമ്പരയിലെ മുജദ്ദിദിനെപ്പറ്റിയുള്ള ഭാഗം പാരായണം ചെയ്യുക). മുജദ്ദിന്‍റെ കാലത്തിന് ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം സുപ്രസിദ്ധ ജര്‍മ്മന്‍ ഫിലോസഫറായ അംയൂണല്‍ ക്യാന്‍റും വെറും ബുദ്ധിയിലൂടെ മാത്രം കാര്യങ്ങള്‍ വിധിക്കുന്നത് തീര്‍ത്തും സംശയാസ്പദമാണെന്ന് പ്രഖ്യാപിച്ചു. 
അതെ, സത്യവിശ്വാസം സ്വീകരിക്കാന്‍ പടച്ചവനുമായി നേരിട്ട് സംസാരിക്കലും പടച്ചവനെ നേരിട്ട് കാണലും നിബന്ധനയാണ് എന്ന് വാദിച്ചവരും ഇത്തരം വാദങ്ങളെ പിന്‍പറ്റിയവരും മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സമ്പൂര്‍ണ്ണ ദര്‍ശനമായ ഇസ്ലാമിന്‍റെ മേല്‍ കഠിനമായ അക്രമം അഴിച്ചുവിട്ടവരും ഇസ്ലാമിന്‍റെ സരളമായ ദര്‍ശനങ്ങള്‍ക്ക് മുറിവ് ഏല്‍പ്പിച്ചവരും നാശനഷ്ടങ്ങളുടെയും ചിന്താശൈഥില്യങ്ങളുടെയും വാതിലുകള്‍ തള്ളിത്തുറന്നവരുമാണ്. മിര്‍സാഗുലാം അഹ്മദ് ഖാദിയാനിയും കൂട്ടരും നടത്തിയതും ഇതുതന്നെയാണ്. മിര്‍സ പറഞ്ഞു: പടച്ചവനുമായി നേരിട്ടുള്ള സംസാരം നിലനില്‍ക്കാത്ത മതം അസത്യവും പൈശാചികവും നരകത്തിലേക്ക് നയിക്കുന്നതുമാണ്. (ബറാഹീനെ അഹ്മദിയ്യ 5/183).
വൈജ്ഞാനികമായും ബുദ്ധിപരമായും വളരെ ബലഹീനവും അടിസ്ഥാനരഹിതവുമായ ഈ വാദത്തിന്‍റെ അസത്യം മനസ്സിലാക്കാന്‍ നീണ്ട ഉപന്യാസങ്ങള്‍ ഒന്നും ആവശ്യമില്ല. നിക്ഷ്പക്ഷമതികള്‍ക്ക് ഒരൊറ്റ കാര്യം മാത്രം മതിയാകുന്നതാണ്: മുഹമ്മദീ നുബുവ്വത്തിന്‍റെ പ്രഥമ ഉപഹാരവും ഖുര്‍ആനിക ശിക്ഷണങ്ങളുടെ പ്രധാന ഉദാഹരണവും മാനവചരിത്രത്തിലെ മാതൃകാ വ്യക്തിത്വങ്ങളും ലോകം മുഴുവന്‍ ഇസ്ലാമിക സന്ദേശങ്ങള്‍ എത്തിച്ച് തന്നവരുമായ സഹാബാ കിറാമില്‍ ആരും തന്നെ ഇത്തരം ഒരു വാദം ഉയര്‍ത്തുകയോ ഇതുപോലുള്ള വാദങ്ങളെ അവലംബിക്കുകയും ചെയ്തിട്ടില്ല. അതെ, അവരുടെ അവലംബം മുഹമ്മദീ വഹ്യ് ഒന്നുമാത്രമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അവര്‍ നന്മ നിറഞ്ഞ മനസ്സിന്‍റെയും ആഴമേറിയ അറിവിന്‍റെയും പ്രകടന രാഹിത്യത്തിന്‍റെയും ഉജ്ജലമാതൃകകള്‍ ആയി. 
മഹാന്മാരായ സഹാബത്തിന്‍റെ സരണിയില്‍ നിന്നും മാറി സഞ്ചരിക്കുന്നതാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാര്യം. തീവ്രചിന്താഗതിക്കാരായ ആളുകള്‍ അത്ഭുത സംസാര ദൃശ്യങ്ങളുടെ വാദം ഉയര്‍ത്തുകയും അവരുടെ ചുറ്റുവട്ടത്തുള്ള ആകൃഷ്ടരായ ആളുകള്‍ അതിന്‍റെ വക്താക്കളായി മാറുകയും ചെയ്യുമ്പോള്‍ സഹാബത്തിന്‍റെ സരണിയില്‍ നിന്നും അകലുകയും ഇതര മുസ്ലിംകളെ വഴികെട്ടവരും നിഷേധികളുമായി മുദ്ര കുത്തുകയും ചെയ്യുന്നതാണ്. അവസാനം അവര്‍ പുതിയ ഒരു മതമായി രൂപാന്തരപ്പെട്ട് പ്രശ്നങ്ങളുടെ പരമ്പര ആരംഭിക്കും. ഇതാണ് ഖാദിയാനികളിലൂടെ മുസ്ലിം ലോകത്തിന് അനുഭവപ്പെട്ടത്. അത്ഭുത സംസാര ദൃശ്യങ്ങളുടെ വാദവുമായി മിര്‍സ രംഗത്ത് ഇറങ്ങി. പടിപടിയായി മുന്നോട്ട് നീങ്ങി മഹ്ദിയും മസീഹുമാണെന്ന് സ്വയം പ്രഖ്യാപിക്കുകയും അവസാനം പ്രവാചകനാണെന്നും പ്രവാചകരില്‍ ശ്രേഷ്ടനാണെന്നും വരെ വാദിച്ചു. ഇതിനെ ഏറ്റുപിടിച്ച് പുതിയ ഒരു മതം തന്നെ രൂപാന്തരപ്പെട്ടു. മുസ്ലിം വിരുദ്ധ ശക്തികള്‍ ഇതിന് വെള്ളവും വളവും നല്‍കി. എന്നാല്‍ അല്ലാഹു അപാരമായ കര്‍മ്മശേഷി നല്‍കി അനുഗ്രഹിച്ച ഇസ്ലാമിക പണ്ഡിതരും ചിന്തകരും ഇതിനെ തുടക്കം മുതല്‍ നേരിട്ടു. വളരെ ത്യാഗങ്ങള്‍ സഹിച്ച് അവര്‍ പ്രമാണങ്ങള്‍ പൂര്‍ത്തീകരിച്ചെങ്കിലും ഈ വിഷയത്തില്‍ നിരന്തര ജാഗ്രതയും പരിശ്രമവും അത്യാവശ്യമാണ്. വിനീതന്‍ മദീന മുനവ്വറയിലെ ജാമിഅ ഇസ്ലാമിയ്യയില്‍ ഈ പ്രഭാഷണം നടത്തുമ്പോള്‍ മുസ്ലിം നാമത്തില്‍ സ്ഥാപിക്കപ്പെട്ട പാക്കിസ്ഥാനില്‍ ഇവര്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ വലിയ ത്യാഗങ്ങള്‍ സഹിച്ചിട്ടാണെങ്കിലും   ഖാദിയാനികള്‍ അമുസ്ലിം ഭൂരിപക്ഷമായി അടുത്തദിവസം പാക്കിസ്ഥാന്‍ ഗവര്‍മെന്‍റ് പ്രഖ്യാപിച്ചത് വളരെ സന്തോഷകരമാണ്. 
മുസ്ലിം സുരക്ഷക്ക് ഇസ്ലാമിക ഐക്യവും കൂടിയാലോചനയും 
ചുരുക്കത്തില്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും ഏതെങ്കിലും വ്യക്തികളുടെ അത്ഭുത ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും യാതൊരു ആവശ്യവും ഇല്ല.  ലോകാവസാനം വരെയുള്ള സര്‍വ്വപ്രശ്നങ്ങളും പരിഹരിക്കാനും ഇരുലോകത്തും വിജയം വരിക്കാനും മുഹമ്മദുര്‍റസൂലുല്ലാഹി (സ) യുടെ സുന്ദരവും സമ്പൂണ്ണവും സരളവുമായ സന്ദേശങ്ങള്‍ മാത്രം മതിയായതാണ്. ഇതിന്‍റെ വെളിച്ചത്തില്‍ മുസ്ലിംകള്‍ പരസ്പരം ഐക്യപ്പെട്ട് കൂടിയാലോചിച്ചാല്‍ പടച്ചവന്‍ കാലികമായ സര്‍വ്വപ്രശ്നങ്ങളും പരിഹരിച്ച് തരുന്നതാണ്. അല്ലാഹു ഈ സമുദായത്തിന്‍റെ ഐക്യത്തിനും കൂടിയാലോചനക്കും വലിയ സ്ഥാനം നല്‍കിയിരിക്കുന്നു. എല്ലാവിധ അപകടങ്ങളില്‍ നിന്നും കുഴപ്പങ്ങളില്‍ നിന്നും വ്യക്തിപരമായ ബലഹീനത തെറ്റിദ്ധാരണകളില്‍ നിന്നും ഇത് പരിശുദ്ധവും സുരക്ഷിതവുമാണ്. ആകയാല്‍ ഈ മാര്‍ഗ്ഗത്തെ നന്നായി മനസ്സിലാക്കുകയും ശരിയായി ഉള്‍ക്കൊള്ളുകയും ചെയ്യുക. അതായത് ഇസ്ലാമിനോ മുസ്ലിംകള്‍ക്കോ മുന്നില്‍ പുതിയ വല്ല പ്രശ്നങ്ങളും ഉണ്ടായാല്‍ അറിവും ചിന്തയും ഹൃദയ വിശുദ്ധിയുമുള്ള ഒരു കൂട്ടം പണ്ഡിതരുടെ മനസ്സില്‍ ഇവരെക്കുറിച്ചുള്ള ചിന്ത പകര്‍ന്ന് നല്‍കുന്നതാണ്. അവര്‍ ഈ വിഷയത്തില്‍ കൂടിയാലോചനകളും പടച്ചവനോട് പ്രാര്‍ത്ഥനകളും നടത്തുമ്പോള്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ പടച്ചവന്‍ ശരിയായ പരിഹാരത്തിലേക്ക് അവരെ നയിക്കുന്നതാണ്. ഇസ്ലാമിക ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ നിറഞ്ഞുകിടക്കുന്നതായി കാണാന്‍ കഴിയും. 
ഉദാഹരണത്തിന് നമസ്ക്കാര സമയത്ത് ജനങ്ങളെ ഒരുമിച്ച് കൂട്ടുന്നതിന് എന്തെങ്കിലും ചെയ്യണം എന്ന പ്രശ്നം വന്നു. സഹാബികള്‍ ഒരുമിച്ച് കൂടിയാലോചിച്ചു. പലരും പല അഭിപ്രായങ്ങളും പറഞ്ഞു. അവര്‍ അല്ലാഹുവിലേക്ക് തിരിഞ്ഞ് പ്രാര്‍ത്ഥനകളില്‍ മുഴുകി. രാത്രിയില്‍ അബ്ദുല്ലാഹിബ്ന് സൈദ് (റ), ഉമറുബ്ന് ഖത്താബ് (റ) ഇരുവരും ബാങ്കിനെക്കുറിച്ച് ഒരേ നിലയിലുള്ള സ്വപ്നം കണ്ടു. അവര്‍ റസൂലുല്ലാഹി (സ) യോട് സംഭവം വിവരിച്ചു. റസൂലുല്ലാഹി (സ) ഇതിനെ ശരിവെച്ചു. (തിര്‍മിദി, ഇബ്നുമാജ). ഈ ബാങ്കാണ് ഇസ്ലാമിക ലോകത്ത് ഇന്ന് പ്രചരിച്ചിട്ടുള്ളത്. * ലൈലത്തുല്‍ ഖദ്ര്‍ എന്നാണ് എന്ന വിഷയത്തില്‍ സഹാബികള്‍ക്ക് ചിന്തയുണ്ടായി. അത് റമളാനിന്‍റെ അവസാനത്തെ ഏഴ് രാത്രികളിലാണെന്ന് ഏതാനും സഹാബികള്‍ സ്വപ്നത്തില്‍ ദര്‍ശിച്ചു. റസൂലുല്ലാഹി (സ) ഇതിനെ ശരിവെച്ചുകൊണ്ട് അരുളി: അവസാനത്തെ ഏഴ്  രാത്രികളുടെ വിഷയത്തില്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ ഏകോപിച്ചതായി ഞാന്‍ കാണുന്നു. ആകയാല്‍ ആ രാത്രികളില്‍ ലൈലത്തുല്‍ ഖദ്റിനെ അന്വേഷിക്കുക. * റമളാന്‍ മാസത്തിലെ രാത്രികളില്‍ നമസ്ക്കരിക്കാന്‍ റസൂലുല്ലാഹി (സ) പ്രേരിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസം റസൂലുല്ലാഹി (സ) അത് നിസ്ക്കരിക്കുകയും ചെയ്തു. എന്നാല്‍ സമുദായത്തിന്‍റെ ആവേശം കാരണം അത് ഫര്‍ളാക്കപ്പെടുമോ എന്ന് ഭയന്ന് ജമാഅത്തായിട്ടുള്ള നമസ്ക്കാരം റസൂലുല്ലാഹി (സ) നിര്‍ത്തുകയുണ്ടായി. തുടര്‍ന്ന് മുസ്ലിംകള്‍ ഒറ്റക്ക് അത് നിസ്ക്കരിച്ചുകൊണ്ട് ഇരുന്നു. റസൂലുല്ലാഹി (സ) യുടെ വിയോഗാനന്തരം ഇത് നിര്‍ബന്ധമാകാനുള്ള സാധ്യത ഇല്ലാതായപ്പോള്‍ ഉമര്‍ (റ) സഹാബികളുമായി കൂടിയാലോചിച്ച് തറാവീഹ് നമസ്ക്കാരം ജമാഅത്തായി നടപ്പിലാക്കി. ഇതിലൂടെ അല്ലാഹു ധാരാളം ഗുണങ്ങള്‍ ഉണ്ടാക്കി. വിശിഷ്യാ പരിശുദ്ധഖുര്‍ആന്‍ ഇതില്‍ ആദ്യന്തം ഓതുകയും ഖുര്‍ആന്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന മഹത്തായ പരമ്പര നടപ്പിലായി. എന്തിനേറെ തറാവീഹ് നമസ്ക്കാരം അഹ്ലുസ്സുന്നത്തിന്‍റെ ചിഹ്നമായി മാറിപ്പോവുകയുണ്ടായി. പരിശുദ്ധഖുര്‍ആന്‍ മുസ്ഹഫുകളില്‍ ഒരുമിച്ച് കൂട്ടിയതും ഹദീസിന്‍റെ ക്രോഡീകരണവും ഫിഖ്ഹ് പണ്ഡിതന്മാരുടെ ഫിഖ്ഹീ സംഭാവനകളും ഉസൂലുല്‍ ഫിഖ്ഹിന്‍റെയും പരിശുദ്ധഖുര്‍ആന്‍ ഖിറാഅത്തുകളുടെയും ഇതര വിജ്ഞാനങ്ങളുടെയും പ്രവര്‍ത്തനങ്ങളും വൈജ്ഞാനിക സ്ഥാപനങ്ങളുടെയും രചനകളുടെയും സുവര്‍ണ്ണ ശൃംഖലകളും സംയുക്തമായ കൂടിയാലോചനയുടെയും അഭിപ്രായങ്ങളുടെയും ഉത്തമ ഉദാഹരണങ്ങളാണ്. ഇവകളിലൂടെ ഉണ്ടായ വമ്പിച്ച ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും വെക്തമാണ്. 
ഇതേ പരമ്പരയില്‍ പെട്ട മഹത്തായ ഒരു കാര്യമാണ് ആത്മ സംസ്കരണത്തിനും മനസ്സിന്‍റെയും പിശാചിന്‍റെയും കുതന്ത്രങ്ങളില്‍ നിന്നുള്ള സുരക്ഷിതത്വത്തിനും സ്വഭാവ ശുദ്ധീകരണത്തിനും സര്‍വ്വോപരി പടച്ചവനുമായിട്ടുള്ള അഗാത ബന്ധത്തിനും മഹാന്മാര്‍ കാഴ്ചവെച്ച തസവ്വുഫിന്‍റെ പ്രവര്‍ത്തനങ്ങള്‍. തസ്കിയത്ത്, ഇഹ്സാന്‍ എന്നീ പേരുകളില്‍ ഇത് തുടക്കം മുതലേ ഉണ്ടായിരുന്നുവെങ്കിലും പില്‍ക്കാലത്ത് തസവ്വുഫ് എന്ന പേരില്‍ ഇത് അറിയപ്പെട്ടു. അല്ലാഹു ഇതിലൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ മാനസിക രോഗങ്ങള്‍ ഭേദമാക്കി പലരെയും സംസ്കരിച്ച് ഉന്നതങ്ങളിലേക്ക് ഉയര്‍ത്തി. ഇന്ത്യ, ഇന്ത്യേനേഷ്യാ, ആഫ്രിക്ക തുടങ്ങിയ വിശാല പ്രദേശങ്ങളില്‍ ഇസ്ലാമിക പ്രചാരണം നടന്നത് ഈ സരണികളിലൂടെയാണ്. കണ്ണുകളില്‍ പക്ഷപാതത്തിന്‍റെ മൂടിയില്ലാത്ത എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമാണിത്. 
സംയുക്തമായ അഭിപ്രായത്തിന്‍റെ മറ്റൊരു ഉദാഹരണമാണ് ഓരോ കാലഘട്ടത്തിലും പണ്ഡിതമഹത്തുക്കള്‍ ഇസ്ലാമിക സന്ദേശങ്ങളുടെ സംരക്ഷണത്തിനുവേണ്ടി നടത്തിയ പരിശ്രമങ്ങള്‍. വഴിപിഴച്ച പ്രസ്ഥാനങ്ങളെയും നിരീശ്വരവാദികളെയും സംശയങ്ങള്‍ ഉണ്ടാക്കുന്നവരെയും തീവ്രവാദികളെയും ജീര്‍ണ്ണതയുടെ വക്താക്കളെയും അഗാതമായ പാണ്ഡിത്യത്തിന്‍റെയും ഉജ്ജല സാമര്‍ത്ഥ്യത്തിന്‍റെയും വെളിച്ചത്തില്‍ മഹത്തുക്കള്‍ പരാജയപ്പെടുത്തി. എങ്ങും എന്നും നിലനില്‍ക്കുന്ന ഈ മഹത്തുക്കളുടെ പരമ്പര അല്ലാഹുവിന്‍റെ ഉന്നതസഹായത്തിന്‍റെയും മുഹമ്മദുര്‍റസൂലുല്ലാഹി (സ) യുടെ മഹത്വത്തിന്‍റെയും പ്രകടമായ ദൃഷ്ടാന്തങ്ങളാണ്. ഇതര സമുദായങ്ങളില്‍ ഒന്നും കാണാത്ത ഒരു കാര്യം വിളിച്ചുപറയുന്നു: മുഹമ്മദുര്‍റസൂലുല്ലാഹി (സ) യിലൂടെ പ്രവാചകത്വത്തിന് പരിസമാപ്തി കുറിക്കപ്പെട്ടു. പക്ഷേ പ്രവാചക പ്രവര്‍ത്തനങ്ങളായ പ്രബോധന-ആത്മസംസ്കരണ-വൈജ്ഞനിക പ്രവര്‍ത്തനങ്ങള്‍ എന്നുമെന്നും നിലനില്‍ക്കുന്നതാണ്. 
പുത്തന്‍ പ്രവാചകത്വവാദം മഹാനാശനഷ്ടങ്ങള്‍ക്ക് കാരണം.
പുത്തന്‍ പ്രവാചകത്വവാദം മുസ്ലിംകള്‍ക്കിടയില്‍ വലിയ അസ്വസ്ഥതയും ചിന്താ ശൈഥില്യവും മഹാഭിന്നതയും ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പുത്തന്‍ പ്രവാചകത്വ വാദികള്‍ക്കെതിരില്‍ മുസ്ലിംകള്‍ അസ്വസ്ഥമാകുന്നത് സ്വാഭാവികമാണ്. മാത്രമല്ല ഇതര പ്രശ്നങ്ങളേക്കാളെല്ലാം ഇത് അതീവ ഗുരുതരവുമാണ്. കാരണം മുസ്ലിം ഉമ്മത്തിന് വര്‍ഗ്ഗവര്‍ണ്ണ-ദേശഭാ ഭിന്നതകളില്‍ നിന്നെല്ലാം രക്ഷിച്ച് ഏകതയുടെ ചരടില്‍ ബന്ധിപ്പിക്കുന്ന സമുന്നത കാര്യമാണ് മുഹമ്മദുര്‍റസൂലുല്ലാഹി (സ) യുടെ അന്ത്യപ്രവാചകത്വം. നാമൊന്ന് സങ്കല്‍പ്പിക്കുക: ഗുലാം അഹ്മദ് ഖാദിയാനി ഇന്ത്യയില്‍ പ്രവാചകത്വം വാദിക്കുകയും അതിന് ചിലര്‍ വെള്ളവും വളവും ചെയ്തതുപോലെ വിവിധ പ്രദേശങ്ങളില്‍ ഓരോ പ്രവാചകന്മാര്‍ തല പൊക്കുകയും താന്‍ അല്ലാത്തത് എല്ലാം തെറ്റാണ് എന്ന് വാദം ഉയര്‍ത്തുകയും ചെയ്താല്‍ എത്രവലിയ ശൈഥില്യവും ഭിന്നതയും നാശങ്ങളും ഉണ്ടായിത്തീരും. അല്ലാമാ ഡോ: ഇഖ്ബാല്‍ ഈ വിഷയം നന്നായി ഗ്രഹിച്ചിരുന്നു. ഖാദിയാനികളുടെ വിഷയത്തില്‍ മുസ്ലിംകള്‍ ഇത്ര കടുപ്പം കാണിക്കുന്നത് എന്തിനാണെന്ന് ചോദിച്ച ജവഹര്‍ലാല്‍ നെഹ്റുവിനോട് അല്ലാമാ പറഞ്ഞത് ഇപ്രകാരമാണ്: ഇസ്ലാമിന്‍റെ അടിസ്ഥാനം അല്ലാഹുവിന്‍റെ ബോധനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പക്ഷേ  ഒരു സമുദായം എന്ന നിലയില്‍ ഇസ്ലാം നിലനില്‍ക്കുന്നത് മുഹമ്മദുര്‍റസൂലുല്ലാഹി (സ) അന്ത്യപ്രവാചകനാണ് എന്ന വിശ്വാസത്തിന്‍റെമേലാണ്! 
ആകെ ചുരുക്കത്തില്‍ മനുഷ്യര്‍ക്ക് വഹ്യ് മുഖാന്തരം വിശ്വാസ കര്‍മ്മങ്ങള്‍ പഠിപ്പിക്കുന്ന പരമ്പരക്ക് മുഹമ്മദുര്‍റസൂലുല്ലാഹി (സ) യിലൂടെ പരിസമാപ്തി കുറിക്കപ്പെട്ടിരിക്കുന്നു. റസൂലുല്ലാഹി (സ) അവസാനത്തെ ദൂതനും ഏക വഴികാട്ടിയും എല്ലാവരുടെയും നായകനുമാണെന്ന് മുസ്ലിംകള്‍ ഉറച്ച് വിശ്വസിക്കുന്നു. ഈ വിശ്വാസം അല്ലാഹുവിന്‍റെ വലിയ അനുഗ്രഹവും കാരുണ്യവുമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇതിലൂടെ ഈ സമുദായം പലവിഭാഗങ്ങളായി തിരിയുന്നതില്‍ നിന്നും സുരക്ഷിതരായി. സമുദായത്തിന്‍റെ സമയവും സമ്പത്തും അനാവശ്യ കാര്യങ്ങളില്‍ ചിലവഴിക്കപ്പെടാതെ പടച്ചവന്‍റെ അന്ത്യമ സന്ദേശം പഠിക്കുന്നതിനും പകര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും ചിലവഴിക്കപ്പെടാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടി.
ഇത്തരുണത്തില്‍ അതിമഹത്തായ ഈ വിശ്വാസത്തിന് വിരുദ്ധമായി ഏതെങ്കിലും നിലയില്‍ പുതിയ ഒരു പ്രവാചകനെയോ പ്രവാചകത്വത്തെയോ വാദിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവര്‍ ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും കടുത്ത ശത്രുക്കളും പിശാചിന്‍റെ ഏറ്റവും വലിയ പാദസേവകരുമാണ്. ഇസ്ലാമിക ചരിത്രം ഇവര്‍ക്ക് ഒരു കാലത്തും മാപ്പ് കൊടുത്തിട്ടില്ല, മാപ്പ് കൊടുക്കുകയും ഇല്ല. പടച്ചവന്‍റെ പ്രഖ്യാപനം പൂര്‍ണ്ണമായും സത്യതന്നെ: അല്ലാഹുവിന്‍റെമേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവന്‍, അല്ലെങ്കില്‍ തന്നിലേക്ക് ഒന്നും ബോധനം നല്‍കപ്പെടാതെ തന്നെ തന്നിലേക്ക് ദിവ്യബോധനം നല്‍കപ്പെട്ടുവെന്ന് പറയുന്നവന്‍, അല്ലാഹു ഇറക്കിയത് പോലുള്ളത് ഞാനും ഇറക്കുന്നതാണെന്ന് വാദിക്കുന്നവന്‍ ഇവരേക്കാളും വലിയ അക്രമി ആരാണ്? അക്രമികള്‍ മരണത്തിന്‍റെ പ്രയാസങ്ങളില്‍ വീണുകിടക്കുന്നത് താങ്കള്‍ കണ്ടിരുന്നെങ്കില്‍! മലക്കുകള്‍ (റൂഹ് പിടിക്കാന്‍ അവരിലേക്ക്) കൈനീട്ടിയിട്ടുണ്ടാകും. (മലക്കുകള്‍ പറയും:) ആത്മാവിനെ പുറത്തേക്ക് വിടുക. അല്ലാഹുവിന്‍റെ മേല്‍ അസത്യം പറയുകയും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്നും അഹങ്കരിക്കുകയും ചെയ്ത കാരണത്താല്‍ ഇന്നേദിവസം നിങ്ങള്‍ക്ക് നിന്ദ്യമായ ശിക്ഷ നല്‍കപ്പെടുന്നതാണ്. (93)  നിങ്ങളെ നാം ആദ്യം പടച്ചതുപോലെ നമ്മുടെ അരികില്‍ ഒറ്റയ്ക്ക് നിങ്ങള്‍ വന്നിരിക്കുകയാണ്. നാം നിങ്ങള്‍ക്ക് നല്‍കിയതെല്ലാം നിങ്ങളുടെ പിന്നില്‍ നിങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നു. നിങ്ങളുടെ വിഷയത്തില്‍ പങ്കുകാരാണെന്ന് നിങ്ങള്‍ വാദിച്ചിരുന്ന നിങ്ങളുടെ ശുപാര്‍ശകരെ നിങ്ങളോടൊപ്പം നാം കാണുന്നില്ലല്ലോ? നിങ്ങള്‍ക്കിടയിലുള്ള ബന്ധം മുറിയുകയും നിങ്ങള്‍ വാദിച്ചിരുന്നത് നിങ്ങളില്‍ നിന്നും മറഞ്ഞുപോകുകയും ചെയ്തിരിക്കുന്നു. (അന്‍ആം 93-94) 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...